- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പള്ളികൾപൂട്ടുക, ഖുറാൻ നിരോധിക്കുക, എന്നിവ പരസ്യ മുദ്രാവാക്യം; നെതർലൻഡ്‌സിൽ അധികാരത്തിലെത്തുന്നത് 'ഡച്ച് ഡൊണാൾഡ് ട്രംപ്'; ജർമനിയിലും, ഹംഗറിയിലും, ഫിൻലെൻഡിലും, ഗ്രീസിലും, ഇറ്റലിയിലുമെല്ലാം വലതന്മാർ സാധീനമുറപ്പിക്കുന്നു; യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
ആദ്യം, അത് ഇറ്റലി ആയിരുന്നു. പിന്നീട് ഫിൻലൻഡും ഗ്രീസും വന്നു. സ്പെയിനിൽ അവർ നിർണ്ണായക ശക്തിയായി. ഏറ്റവും ഒടുവിലിതാ നെതർലൻഡിസലും വലതുപക്ഷം അധികാരത്തിലെത്തുകയാണ്. യൂറോപ്പിലുടനീളം, സർക്കാരുകൾ വലത്തേക്ക് മാറുന്നത് ഒരു ട്രെൻഡ് ആവുകയാണോ എന്നാണ്, ബിബിസി അടക്കമുള്ള ആഗോളമാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
യൂറോപ്പിൽ ചിലയിടങ്ങളിൽ തീവ്ര വലതുപക്ഷ നേതാക്കൾ അധികാരം പിടിക്കുന്നുണ്ട്. മറ്റുള്ളവയിൽ കൂടുതൽ പരമ്പരാഗത മധ്യ-വലതു കക്ഷികൾ, ഒരിക്കൽ തൊട്ടുകൂടായ്മയായി കണക്കാക്കപ്പെട്ടിരുന്ന വലതുപക്ഷ മുന്നണികളുമായി സഖ്യമുണ്ടാക്കുന്നു. തീവ്ര വലതുപക്ഷ തീവ്രവാദത്തിന്റെ പേരിൽ നിരീക്ഷണത്തിലുള്ള ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഫ്ഡി) പാർട്ടി, ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റുകളെ മറികടന്ന് ഈയിടെ പ്രാദേശിക തെരഞ്ഞെടുപ്പുകൾ ജയിച്ചതും യുറോപ്പിനെ ഞെട്ടിച്ചിരുന്നു. നാസി ഭൂതകാലത്തെക്കുറിച്ച് ബോധമുള്ള ഒരു രാജ്യത്തിന് ഭയാനകമായ നിമിഷം എന്നാണ് ഇതേക്കുറിച്ച് മാധ്യമങ്ങൾ എഴുതിയത്.
ഈ പ്രവണത ഇറ്റലിയിലെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണിയിൽ തുടങ്ങിയതാണ്. പിന്നീടത് സമീപരാജ്യങ്ങളിലേക്ക് പടർന്നു. ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ഫിൻലൻഡിലും ജയിച്ചത് വലതുപക്ഷമാണ്. നാല് വർഷത്തെ ഇടതുപക്ഷ ചായ്വുള്ള, അഞ്ച് പാർട്ടികളുടെ സഖ്യസർക്കാരിന് ശേഷം, വോട്ടർമാർ സോഷ്യൽ ഡെമോക്രാറ്റ് സന്ന മാരിനെ ഉപേക്ഷിച്ചു. ഇത് ഫിന്നിഷ് ചരിത്രത്തിലെ ആദ്യ വലതുപക്ഷ സർക്കാർ സ്ഥാപിക്കുന്നതിലേക്ക് നയിച്ചിരിക്കയാണ്. ഗീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോറ്റാകിസും തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ്്. 55 കാരനായ മധ്യ-വലത് നേതാവ് വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ഇത് കഴിഞ്ഞ കുറേക്കാലമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണെന്ന് യൂറോപ്യൻ പോളിസി സ്റ്റഡീസ് സെന്റർ മേധാവി കരേൽ ലന്നൂ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസ് തൊട്ട്, സ്വിറ്റ്സർലൻഡിൽവരെ വലതുപക്ഷ പാർട്ടികൾക്ക് വേരുണ്ടാവുകയാണ്. ഇത് യൂറോപ്യൻ യൂണിയന്റെ ഘടനയിലും കാര്യമായ മാറ്റം ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാതാപിതാക്കളുടെ അവകാശങ്ങൾ, ഗർഭഛിദ്രം, കുടിയേറ്റം, ട്രാൻസ് ജെൻഡറുകളോടുള്ള നിലപാടുകൾ തുടങ്ങിയവ അടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇടതുവലതു സമീപനം തീർത്തും വ്യത്യസ്തമാണ്. അതിനാൽ തന്നെ ഇനിയുള്ള യൂറോപ്പിന്റെ കാലം കടുത്ത കുടിയേറ്റ വിരുദ്ധതയുടേത് ആയിരിക്കുമെന്നാണ് ഭീതി. ഇന്ത്യാക്കാർ അടക്കമുള്ളവർക്ക് കടുത്ത പ്രതികൂലാവസ്ഥയാണ് ഇനി യൂറോപ്പിൽ വരാൻ പോവുന്നത് എന്നാണ്, പല വിലയിരുത്തലുകളും പറയുന്നത്.
' ഇപ്പോൾ യൂറോപ്യൻ യൂണിയനിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഏറ്റവും വലിയ നേട്ടം മധ്യ-വലതുപക്ഷ പാർട്ടികൾക്കായിരിക്കാം,'- ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റുകളെപ്പോലുള്ള മധ്യ-വലതുപക്ഷ വാദികൾ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യൂറോപ്യൻ പോളിസി സ്റ്റഡീസ് സെന്റർ മേധാവി കരേൽ ലന്നൂ എഴുതുന്നു. ഇറ്റലിയിലെ മലോണിയും, പോളണ്ടിലെ നാഷണലിസ്റ്റ് ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയും ഉൾപ്പെടുന്ന തീവ്ര വലതുപക്ഷ കൺസർവേറ്റീവ്സ് കിങ് മേക്കർമാരാക്കി മാറ്റിയേക്കാമെന്നും കരേൽ ലന്നൂ ചൂണ്ടിക്കാട്ടുന്നു.
അടുത്ത വർഷം യൂറോപ്യൻ യൂണിയൻ ഒരു പുതിയ യൂറോപ്യൻ പാർലമെന്റിനെ തിരഞ്ഞെടുക്കാനിരിക്കെ, വലതുപക്ഷ വ്യതിയാനം ആശങ്കപ്പെടുത്തുന്നുണ്ട്. യൂറോപ്യൻ യൂണിയൻ കിഴക്കോട്ട് വിപുലീകരിക്കുക, ചൈനയുമായി വ്യാപാരം നടത്തുക, അംഗ രാജ്യങ്ങളിലെ നിയമവാഴ്ച, പൊലീസിങ്, തുടങ്ങിയ കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത് യൂറോപ്യൻ യൂണിയൻ പാർലിമെന്റാണ്. വലതുപക്ഷം എന്നും ശക്തമായ പൊലീസിങ്ങിനും, സൈനികവത്ക്കരണത്തിനും ലക്ഷ്യമിടുമ്പോൾ, ലിബറലകളും സോഷ്യൽ ഡെമോക്രാറ്റുകളും, എന്നും വിലക്കുകളില്ലാത്ത ഒരു തുറന്ന സമൂഹത്തെയാണ് ലക്ഷ്യമിടാറുള്ളത്. ഇപ്പോഴുള്ള വലതുപക്ഷവത്ക്കരണം ഈ രീതിയിൽപോയാൽ അത് യൂറോപ്യൻ യൂണിയന്റെ നയ സമീപനങ്ങളിൽ ഗുരുതരമായ മാറ്റം ഉണ്ടാക്കുമെന്നാണ് പൊതുവിലയിരുത്തലുകൾ.
നെതർലൻഡ്സിലെ ഞെട്ടിക്കുന്ന മാറ്റം
ഏറ്റവും അവസാനം പ്രകടമായ രാഷ്ട്രീയ മാറ്റം ഉണ്ടായത് നെതർലൻഡ്സിലാണ്. ഹംഗറിയിലും, ഇറ്റലിയിലും, ജർമനിയിലുമെല്ലാം വലതുപക്ഷ പാർട്ടികൾ സ്വാധീനം വർധിപ്പിക്കുന്ന സമയത്ത് തന്നെയാണ് നെതർലൻസും ആ പാതയിലേക്ക് എത്തുന്നത്. ഹംഗറിയിലെ വിക്ടർ ഓർബന്റെ ഫിഡെസ്, ഇറ്റലിയിലെ ജോർജിയ മെലോണിയുടെ ബ്രദേഴ്‌സ്, ഫിൻലെൻഡിലെ ഫിൻസ് പാർട്ടി എന്നിങ്ങനെ യൂറോപ്പിലുടനീളം സ്വാധീനം വളരുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെയും പാർട്ടികളുടെയും വഴിയേതന്നെയാണ് നെതർലൻഡ്‌സും നീങ്ങുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ- ഇസ്ലാം വിരുദ്ധനായ ഗീർട്ട് വൈൽഡേഴ്സിന്റെ വിജയം നെതർലൻഡ്‌സിനെ ഒരു വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ്. പ്രാഥമിക ഫലങ്ങൾ അനുസരിച്ച്, 150 അംഗ അധോസഭയിൽ 37 സീറ്റുകളുമായി വൈൽഡേഴ്‌സിന്റെ പാർട്ടി ഫോർ ഫ്രീഡം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ലേബർ-ഗ്രീൻ സഖ്യം 25 സീറ്റുകൾ നേടിയപ്പോൾ, നിലവിലെ ഭരണപക്ഷമായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വി.വി.ഡി.) 24 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്തിയത്. ഭരണംപിടിക്കാനാവശ്യമായ 76 സീറ്റുകൾക്ക് ഏറെ അകലെയാണെങ്കിലും പി.വി.വിയുടെ മികച്ച പ്രകടനം സഖ്യചർച്ചകൾ ആരംഭിക്കാനും രാജ്യത്തിന്റെ ആദ്യത്തെ തീവ്രവലതുപക്ഷ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾ ഗീർട്ട് വൈൽഡേഴ്‌സിന് മുന്നിൽ തുറന്നിടുന്നതുമാണ്. നെതർലൻഡ്‌സിനെ ഇസ്ലാമികവിമുക്തമാക്കുക, പള്ളികൾ അടച്ചുപൂട്ടുക, ഖുറാൻ നിരോധിക്കുക, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി അതിർത്തികൾ അടയ്ക്കുക എന്നിവയെല്ലാം പ്രഖ്യാപിത ലക്ഷ്യങ്ങളാക്കിയ യൂറോപ്പിലെ ഏറ്റവും തീവ്രവലതുപക്ഷ നേതാക്കളിലൊരാളായ ഗീർട്ട് വൈൽഡേഴ്‌സ് ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മേൽകൈ നേടുന്നത്. പ്രചാരണവേളയിൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെ അദ്ദേഹം ശക്തമായ രാഷ്ട്രീയ വിഷയമാക്കി. ഇത് കുറച്ചൊന്നുമല്ല അദ്ദേഹത്തിന് ഗുണം ചെയ്തത്.
ഡച്ച് പാർലമെന്റിൽ ഏറ്റവും കൂടുതൽകാലം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച വരിലൊരാളാണ് അറുപതുകാരനായ ഗീർട്ട് വൈൽഡേഴ്‌സ്. 1998 മുതൽ ജനപ്രതിനിധി സഭയിൽ അംഗമായ വൈൽഡേഴ്സ് 2004-ലാണ് യാഥാസ്ഥിതിക പാർട്ടിയായ വി.വി.ഡിയിൽ നിന്ന് പിരിഞ്ഞ് പി.വി.വി. രൂപീകരിക്കുന്നത്. അതിനുശേഷം സാവധാനം ഡച്ച് രാഷ്ട്രീയത്തിൽ ജനകീയത വർധിപ്പിച്ചുകൊണ്ടുവരികയായിരുന്നു. അവസാനം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഡച്ച് രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്കും വൈൽഡേഴ്സ് എത്തി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും വൈൽഡേഴ്‌സിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഒരു പക്ഷേ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടേക്കാമെങ്കിലും പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്ന നിലയിൽ അദ്ദേഹത്തെ അവഗണിക്കാനാവില്ല. യൂറോപ്പിലുടനീളം തീവ്രവലതുപക്ഷ പാർട്ടികൾ കളംപിടിക്കുന്നതിനിടയിലാണ് വൈൽഡേഴ്‌സും നെതർലൻഡ്‌സിൽ ശ്രദ്ധാകേന്ദ്രത്തിലേക്ക് എത്തുന്നത്.
ഇസ്ലാമിനെതിരായ നിരന്തരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ വധഭീഷണികൾ ഉയർന്നതോടെ പൊലീസ് സംരക്ഷണത്തിലാണ് വർഷങ്ങളായി ഗീർട്ട് ജീവിക്കുന്നത്. നെതർലൻഡ്‌സിൽ പള്ളികളും ഖുറാനും നിരോധിക്കണമെന്നാണ് ഗീർട്ടിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. പ്രവാചകനും ഇസ്ലാം മതത്തിനുമെതിരായ ഗീർട്ടിന്റെ പ്രസ്താവനകൾ മുസ്ലിം രാജ്യങ്ങളിൽ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. പാക്കിസ്ഥാനിൽ ഒരു മത നേതാവ് അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു. 2014-ൽ ഒരു പ്രചാരണ റാലിയിൽ മൊറോക്കൻ വംശജരോട് വിവേചനം കാണിച്ചു എന്ന കുറ്റത്തിന് ഗീർട്ട് ശിക്ഷിക്കപ്പെട്ടിരുന്നു. ഡച്ച് സുപ്രീം കോടതി ശിക്ഷ ശരിവച്ചപ്പോൾ തകർന്ന നിയമവ്യവസ്ഥയുടെയും ഇരയാണെന്ന് താനെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
'ഡച്ച് ഡൊണാൾഡ് ട്രംപ്'
എന്നും വിവാദങ്ങളുടെ സഹയാത്രികനായതിനാൽ മൂൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ്, ഗീർട്ട് വൈൽഡേഴ്സിനെ ചേർത്തുപറയാറുള്ളത്. ഡച്ച് ഡൊണാൾഡ് ട്രംപ് എന്നും ഇയാൾ അറിയപ്പെടുന്നു. നെതർലൻഡ്‌സിലെ വെൻലോ എന്ന ചെറിയ നഗരത്തിൽ 1963 സെപ്റ്റംബർ ആറിനായിരുന്നു ഗീർട്ട് വൈൽഡേഴ്‌സിന്റെ ജനനം. ജോഹന്നാസ് ഹെന്റിക്കസ് ആൻഡ്രിയാസ് വൈൽഡേഴ്‌സിന്റെയും ആൻ മരിയ വൈൽഡേഴ്‌സിന്റെയും നാല് മക്കളിൽ ഇളയവനായിരുന്നു ഗീർട്ട്. ഗീർട്ടിന്റെ പിതാവ് ഡച്ചുകാരനായിരുന്നുവെങ്കിലും ഡച്ച്- ഇൻഡോനീഷ്യൻ പശ്ചാത്തലമാണ് മാതാവിനുണ്ടായിരുന്നത്. ഒരു ഇടത്തരം കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
ജർമ്മൻ അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ നെതർലൻഡ്‌സിലാണ് ഗീർട്ട് വളർന്നത്. വെൻലോയിലെ സെക്കൻഡറി സ്‌കൂളിൽ പഠിച്ച അദ്ദേഹം നെതർലാൻഡ്‌സിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമം പഠിച്ചു. വിദ്യാഭ്യാസത്തിന് ശേഷം ലോകം ചുറ്റണമെന്നതായിരുന്നു ഗീർട്ട് വൈൽഡേഴ്‌സിന്റെ ആഗ്രഹങ്ങളിലൊന്ന്. 1981 മുതൽ 1983 വരെ ഇസ്രയേലിൽ താമസിക്കുകയും മിഡിൽ ഈസ്റ്റിലുടനീളം യാത്ര ചെയ്യുകയും ചെയ്തു. മേഖലയിലെ മുസ്ലിം രാജ്യങ്ങളിലെ സന്ദർശന വേളയിൽ, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷതയായ ഇസ്ലാമിക വിരുദ്ധ കാഴ്ചപ്പാടുകൾ വൈൽഡേഴ്സ് രൂപപ്പെടുത്താൻ തുടങ്ങിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
നെതർലൻഡ്‌സിൽ തിരിച്ചെത്തിയ ഗീർട്ട് വൈൽഡേഴ്സ് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ കുറച്ചുനാൾ ജോലി ചെയ്തു. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം നെതർലൻഡ്സിലെ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (ഢഢഉ)യുടെ പ്രാസംഗികനായി അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചു. പാർട്ടി നേതാവ് ഫ്രിറ്റ്‌സ് ബോൾകെസ്റ്റീന്റെ പാർലമെന്ററി അസിസ്റ്റന്റായി അദ്ദേഹം തന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ചു. മുസ്ലിം കുടിയേറ്റക്കാരെ നിശിതമായി വിമർശിക്കുന്നതുൾപ്പെടെ, ഡച്ച് സമൂഹത്തിലേക്കുള്ള കൂട്ട കുടിയേറ്റത്തിന്റെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്ത ആദ്യത്തെ ഡച്ച് രാഷ്ട്രീയക്കാരിലൊരാളാണ് ബോൾക്കെസ്റ്റീൻ. 1997-ൽ വൈൽഡേഴ്സ് വി.വി.ഡി. അംഗമായി ഉട്രെക്റ്റ് നഗര കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലറായിരിക്കെ, വൈൽഡേഴ്സിനെ താമസസ്ഥലത്തിന് അടുത്ത് വെച്ച് ചിലർ തട്ടിക്കൊണ്ടുപോയി. ഈ സംഭവവും പിൽക്കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിവർത്തനത്തിന് കാരണമായെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
1998-ലാണ് ഗീർട്ട് വൈൽഡേഴ്സ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷേ പാർലമെന്റിലെ അദ്ദേഹത്തിന്റെ ആദ്യത്തെ നാല് വർഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല. 2002-ൽ വി.വി.ഡിയുടെ വക്താവായി അദ്ദേഹം നിയമിതനായി. ഇസ്ലാമിക തീവ്രവാദത്തിനെതിരായ തന്റെ തുറന്ന വിമർശനത്തിന് വൈൽഡേഴ്‌സിനെ കൂടുതൽ പ്രശസ്തനാക്കി. പക്ഷേ, പാർട്ടിക്കുള്ളിൽ പിരിമുറുക്കങ്ങൾ ഉടലെടുത്തു. വൈൽഡേഴ്‌സ് സ്വയം വലതുപക്ഷേത്ത് കൂടുതൽ ചാഞ്ഞതോടെ വൈൽഡേഴ്സിനെതിരേ പാർട്ടി അംഗങ്ങൾ രംഗത്ത് എത്തുകയും അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകൾ പാർട്ടിക്ക് വെല്ലുവിളിയാകുകയും ചെയ്തു. 2004-ൽ വിവിഡി പാർലമെന്ററി പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകൾ തുർക്കിയുമായി ആരംഭിക്കണമെന്ന പാർട്ടിയുടെ നിലപാട് അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ ആ വർഷം സെപ്റ്റംബറിൽ വി.വി.ഡി. വിട്ട് വൈൽഡേഴ്സ് ഗ്രോപ്പ് വൈൽഡേഴ്സ് പാർട്ടി രൂപീകരിച്ചു. പിന്നീട് പാർട്ടി ഫോർ ഫ്രീഡം (പി.വി.വി) എന്ന് പുനർനാമകരണം ചെയ്തു.
്
ഒരു ജനപ്രതിനിധിയെന്ന നിലയിൽ, വൈൽഡേഴ്സ് തുടക്കത്തിൽ കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല. പക്ഷേ, 2000-കളുടെ തുടക്കത്തിൽ, നെതർലൻഡ്സ് സമൂഹത്തിൽ തലപൊക്കിയ കുടിയേറ്റ വിരുദ്ധ- ഇസ്ലാമിക വിരുദ്ധ വികാരം അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വേദി തുറന്നു നൽകി. നെതർലൻഡ്‌സിൽ വലതുപക്ഷ ജനകീയ തരംഗത്തിന് തുടക്കമിടാൻ വൈൽഡേഴ്സിന്റെ പാർട്ടി ഫോർ ഫ്രീഡം ശ്രമം തുടങ്ങി. അവർ ഉയർത്തിയ പ്രധാന വിഷയം ഇസ്ലാമിനോടുള്ള എതിർപ്പായിരുന്നു. മുസ്ലിം പള്ളികളും ഖുറാനും നിരോധിക്കുന്നതും മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതിന് നികുതി ചുമത്തുന്നതും ഭരണഘടനാപരമാണെന്നും വൈൽഡേഴ്സ് വാദിച്ചു. ഇതിനിടെ മുസ്ലിം സമൂഹത്തിലെ സ്ത്രീകളെക്കുറിച്ചുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്ത ഡച്ച് ചലച്ചിത്രകാരൻ തിയോ വാൻഗോഗ് 2004-ൽ കൊല്ലപ്പെട്ടു. കൊലപാതകത്തെത്തുടർന്നുണ്ടായ ജനരോഷം നെതർലൻഡ്സിലേക്കുള്ള മുസ്ലിം കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച വൈൽഡേഴ്സിന് ഗുണകരമായി. പതിയ വലതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖ ശബ്ദമായി അദ്ദേഹം മാറി. കുടിയേറ്റ നിരോധനം പോലുള്ള വിഷയങ്ങൾ ശക്തമായി ഉയർത്തി രാഷ്ട്രീയ മൈലേജ് നേടാൻ അദ്ദേഹം ശ്രമിച്ചു. 2005-ലെ യൂറോപ്യൻ ഭരണഘടനയ്ക്കെതിരായ പ്രചാരണത്തിലെ നേതാക്കളിൽ ഒരാളായിരുന്നു വൈൽഡേഴ്സ്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചപ്പോൾ യുക്രൈന് ആയുധങ്ങൾ നൽകുന്നത് നെതർലൻഡ്‌സ് അവസാനിപ്പിക്കണമെന്ന് വൈൽഡേഴ്സ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ ആയുധങ്ങൾ ആവശ്യമാണെന്നാണ് അന്ന് അദ്ദേഹം കാരണം പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനെ അദ്ദേഹം പ്രശംസിച്ചുവെങ്കിലും റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ചിരുന്നു. തീവ്രവലതുപക്ഷക്കാരനായ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെയും മുൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്വയം പ്രഖ്യാപിത ആരാധകനായ വൈൽഡേഴ്സ് യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശകനാണ്.
മാത്രമല്ല നെതർലൻഡ്‌സിന്റെ അതിർത്തികളുടെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്നും യൂണിയനിലേക്കുള്ള പണമടയ്ക്കൽ ഗണ്യമായി കുറയ്ക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിൽ ശക്തമായ യൂറോപ്യൻ യൂണിയൻ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം സ്വരം മയപ്പെടുത്തിയിരുന്നു. പക്ഷേ അപ്പോഴും കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. രാജ്യത്തിന് ഇത് സഹിക്കാൻ കഴിയില്ലെന്നും നമ്മൾ ആദ്യം സ്വന്തം ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ഇതിനായി അതിർത്തികൾ അടക്കണമെന്നും തിരഞ്ഞെടുപ്പിന് തലേദിവസവും അദ്ദേഹം പറഞ്ഞിരുന്നു.
സ്പെയിനിൽ സംഭവിച്ചത്
സ്പെയിനിൽ നേരത്ത തന്നെ തീവ്ര വലതുകക്ഷികൾക്ക് നല്ല വേരുണ്ട്. പക്ഷേ ഇത്തവണ അവർ കുറേക്കൂടി ശക്തരായിരുന്നു. ഏറെ പണിപ്പെട്ടാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അധികാരത്തിൽ വീണ്ടുമെത്തിയത്. വിഘടനവാദികളുമായി സന്ധിചെയ്യില്ല എന്ന തന്റെ പ്രഖ്യാപിത നിലപാടുപോലും അധികാരത്തിനായി സാഞ്ചസിന് ബലിയർപ്പിക്കേണ്ടി വന്നു. വിശ്വാസവോട്ടെടുപ്പിലെ നിർണായക പിന്തുണക്ക് പകരമായി കാറ്റലൻ വിഘടനവാദികൾക്ക് പൊതുമാപ്പ് നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെച്ചൊല്ലി രാജ്യത്ത് വലിയ ഭിന്നത നിലനിൽക്കയാണ്.
ജൂലൈയിൽ നടന്ന അനിശ്ചിതത്വ പൊതുതെരഞ്ഞെടുപ്പിൽ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്ഒഇ) രണ്ടാം സ്ഥാനത്തെത്താണ് എത്തിയത്. കൺസർവേറ്റീവ് പോപ്പുലർ പാർട്ടി (പിപി) നേതാവ് ആൽബെർട്ടോ നുനെസ് ഫീജൂവാണ് ഒന്നാമത് എത്തിയത്. പക്ഷേ പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് വേണ്ടത്ര പിന്തുണ നേടുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. വോട്ട് തീവ്ര വലതുപക്ഷത്തിനും കൺസർവേറ്റീവുകൾക്കും സോഷ്യലിസ്റ്റുകൾക്കും ഇടയിൽ ഭിന്നിക്കയായിരുന്നു.
എന്നാൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഈ അവസ്ഥ സാഞ്ചസിന് തുണയായി.
179 പേരുടെ പിന്തുണ ഉറപ്പാക്കാൻ ആറ് ചെറിയ പാർട്ടികളുമായി അദ്ദേഹം കരാറിലെത്തി. അങ്ങനെയാണ് ആവശ്യമായ കേവലഭൂരിപക്ഷത്തേക്കാൾ മൂന്ന് സീറ്റ കുടുതൽ നേടി സാഞ്ചസ് പ്രധാനമന്ത്രിയായത്. സാഞ്ചസിന് പിന്തുണ നൽകിയ ചെറിയ പാർട്ടികളിൽ രണ്ട് പ്രധാന കറ്റാലൻ വിഘടനവാദി പാർട്ടികളുണ്ട്.പകരമായി, കഴിഞ്ഞ ദശകത്തിൽ കാറ്റലോണിയയുടെ വിഘടനവാദ പ്രസ്ഥാനത്തിൽ പങ്കുവഹിച്ചതിന് നിയമനടപടി നേരിടുന്ന നൂറുകണക്കിന് ആളുകൾക്ക് പൊതുമാപ്പ് നൽകാൻ സാഞ്ചസ് സമ്മതിച്ചു.
2017-ൽ വിഘടനവാദം പരാജയപ്പെട്ടപ്പോൾ, കാറ്റലോണിയയിലെ പ്രാദേശിക ഗവൺമെന്റിന്റെ നേതാവായിരുന്ന കാർലെസ് പ്യൂഗ്‌ഡെമോണ്ട് അടക്കമുള്ളവർ പ്രോസിക്യൂഷൻ ഒഴിവാക്കാൻ ബെൽജിയത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇവരൊക്കെ രാജ്യത്തേക്ക് തിരിച്ചുവരുന്ന സാഹചര്യവും ഇതോടെ ഉണ്ടായിരിക്കയാണ്. രാജ്യത്തിന് ഉണ്ടായ 'മുറിവുകൾ ഉണക്കാൻ' ഇത്തരം പൊതുമാപ്പുകൾ ആവശ്യമാണ് എന്നാണ് സാഞ്ചസ് ഇപ്പോൾ പറയുന്നത്. വിഘടനവാദം ചർച്ചയിലുടെ പരിഹരിക്കുമെന്നും, 51 കാരനായ അദ്ദേഹം ഉറപ്പ്പറയുന്നു. ''കാറ്റലോണിയയിലും മറ്റ് പ്രദേശങ്ങളിലും തങ്ങൾ സ്വന്തം വഴിക്ക് പോകുന്നതാണ് നല്ലത് എന്ന് വിശ്വസിക്കുന്ന പൗരന്മാരുണ്ട്. പക്ഷേ എീകൃത സ്പെയിൻ മികച്ച സ്പെയിൻ ആണെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.''- സാഞ്ചസ് പറഞ്ഞു.
എന്നാൽ സാഞ്ചസ് നിയമവാഴ്ചയെ ചവിട്ടിമെതിക്കുകയും രാജ്യത്തെ വിൽക്കുകയും ചെയ്തുവെന്ന് വിമർശകർ ആരോപിച്ചു.''വ്യക്തിപരമായ നേട്ടങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നത് രാഷ്ട്രീയ അഴിമതിയാണ്,'' കൺസർവേറ്റീവ് പോപ്പുലർ പാർട്ടി (പിപി) നേതാവ് ആൽബെർട്ടോ നുനെസ് ഫീജൂ പാർലമെന്റിലെ ചർച്ചയിൽ പറഞ്ഞു. തീവ്ര വലതുപക്ഷ വോക്‌സ് പാർട്ടിയുടെ നേതാവ് സാന്റിയാഗോ അബാസ്‌കൽ കൂടുതൽ മുന്നോട്ട് പോയി, പൊതുമാപ്പിനെ 'അട്ടിമറി' എന്ന് വിളിച്ചു. സ്പെയിൻകാരിൽ പകുതിയിലധികം പേരും പൊതുമാപ്പിനെ എതിർക്കുന്നവരാണ്.
ഇതിന്റെ പേരിൽ രാജ്യം കൂടുതൽ സംഘർഷഭരിതമാവുകയാണ്. വിഘടനവാദികൾക്കും തീവ്ര വലതുപക്ഷത്തിനും സ്പെയിനിലും പിന്തുണ വർധിക്കയാണ്. തീവ്ര വലതുപക്ഷ വോക്‌സ് പാർട്ടിയും കടുത്ത കുടിയേറ്റ വിരുദ്ധതയയും മുസ്ലിം വിരുദ്ധതയുമാണ് ആയുധമാക്കുന്നത്.
സമാധാനം നഷ്ടമായ സന്തോഷ രാഷ്ട്രങ്ങൾ
ലോകത്തിലെ ഏറ്റവും സന്തോഷ രാഷ്ട്രങ്ങൾ എന്ന് അറിയപ്പെടുന്ന സ്‌കാനഡനേവിയൻ രാജ്യങ്ങളിലും അശാന്തി പരത്തിയത് രണ്ടു സാധനങ്ങളാണ്. ഒന്ന് തീവ്ര ഇസ്ലാമിസ്റ്റുകളും, രണ്ട് ഖുർആൻ കത്തിക്കൽ അടക്കം നടത്തുന്ന തീവ്ര വലതുപക്ഷവും. ലോകത്തിലെ ഹാപ്പിനസ് ഇൻഡക്സിൽ എല്ലായിപ്പോഴും ആദ്യത്തെ പത്തിൽ സ്ഥാനം പിടിക്കുന്നു രാജ്യങ്ങളാണ് സ്‌കാൻഡനേവിയൻ രാജ്യങ്ങൾ. വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ മേഖലയിലെ മികവ്, ഉയർന്ന ജീവിത നിലവാരം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, സാമൂഹിക സുരക്ഷാപദ്ധതികൾ തുടങ്ങിയവയുമായി ശ്രദ്ധേയമായ രാജ്യങ്ങൾ. നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളെ ശാന്തമായി ഒഴുകുന്ന ഒരു പുഴയോടാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുള്ളത്.
ഈ ശാന്തതക്കും സമാധാനത്തിനുമെല്ലാം പ്രധാനകാരണമായി അവിടെ നടന്ന പഠനങ്ങളിൽ എടുത്തുപറയുന്ന കാര്യം ആ നാട് ഒരു മതരഹിത സമൂഹം ആണെന്നാണ്. അതായത് മതങ്ങൾ ഇല്ല എന്നല്ല, പൊതുസമൂഹത്തിൽ മതം പ്രബലമല്ല എന്നതാണ ഉദ്ദേശിക്കുന്നുത്. നോർഡിക്ക് രാജ്യങ്ങളിൽ 2018ൽ നടന്ന സർവേയിൽ അവിടുത്തെ 58 ശതമാനം ആളുകളും മതാനുഷ്ഠാനങ്ങൾ പിന്തുടരുന്നവർ അല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കാൻഡനേവിയൻ രാജ്യങ്ങളെ മുൻ നിർത്തി മതരഹിത സമൂഹം എന്ന ചർച്ച പ്രൊഫസർ ഫിൽ സുക്കർമാനെപോലുള്ളവർ ഉയർത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവിടെയും മതത്തിന്റെ പേരിലാണ് പ്രശ്നം വരുന്നത്.
സിറിയൻ- അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇസ്ലാമിക രാജ്യങ്ങൾപോലും മടിച്ചുനിന്നപ്പോൾ, അവരെ സ്വീകരിച്ച നാടാണിത്. ഇപ്പോൾ അതേ 'കുറ്റത്തിന്റെ' പേരിൽ ഈ രാജ്യങ്ങൾ അനുഭവിക്കയാണ്. അഭയാർഥികൾ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്ലീം ജനസംഖ്യ വർധിച്ചതോടെയാണ് ഈ രാജ്യങ്ങളിൽ പ്രശ്നവും തുടങ്ങിയത്. ഇതോടെ ശാന്തമായി ഒഴുകുന്ന ഈ നാടിന്റെ അവസ്ഥ തെറ്റി. വർഗീയതയും വംശീയതയും പ്രതി വർഗീയതക്ക് വഴിവെക്കുന്നു. അവിടെ ക്രിസ്ത്യൻ വർഗീയവാദത്തിന് വേരുണ്ടാകുന്നു. പള്ളികൾ ഉയർത്തെഴുനേൽക്കുന്നു. തീവ്ര വലതുപക്ഷ സംഘടകൾ ഉണ്ടാവുന്നു. അവർ ഖുർആൻ കത്തിക്കുന്നു. അതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകൾ നാടിന് തീയിടുന്നു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ സ്വീഡൻ നിന്ന് കത്തിയതൊന്നും ആർക്കും മറക്കാൻ കഴിയില്ല.
സ്വീഡനിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയത് റാസ്മസ് പലൂദാൻ എന്ന തീവ്രവലതുപക്ഷ നേതാവിന്റെ ഖുർആൻ കത്തിക്കൽ കാമ്പയിനിലൂടെയാണ്. അടിമുടി അമാനവികതയും മറ്റു മതസ്ഥർക്ക് ഭീഷണിയുമായ ഗ്രന്ഥമാണ് ഖുറാനെന്ന് ആരോപിച്ചാണ് പലുദാൻ ഈ കാമ്പയിൻ നടത്തുന്നത്. ഇയാളുടെ നിടപടി പലപ്പോഴും കാലാപത്തിന് കാരണമായി.
ഈസ്റ്റർ ദിനം കലാപത്തിന്റെ ദിവസമായിരുന്നു. ഇസ്ലാമിക വിശ്വാസികളിലെ ഒരു വിഭാഗം കൂട്ടമായി രംഗത്തിറങ്ങിയതോടെ സ്വീഡനിലെ നഗരങ്ങൾ കത്താൻ തുടങ്ങി. ഈ പ്രശ്നം 2015ലും 18ലും 19ലും സ്വീഡനിൽ ഉണ്ടായിരുന്നു. ഇത്തരം കലാപങ്ങൾ ഒരിക്കലും സ്വീഡനിൽ ഒതുങ്ങിയിരുന്നില്ല. നോർവേ, ഡെന്മാർക്ക് എന്ന തൊട്ടടുത്ത രാജ്യങ്ങളിലും കലാപം പടർന്നിരുന്നു. അതിന്റെ ലാഞ്ചനകൾ ഇപ്പോഴേ കാണാറുണ്ട്. ഡെന്മാർക്ക് സ്വദേശിയായ റാസ്മസ് പലൂദാൻ എന്ന വലതുപക്ഷ രാഷ്ട്രീയക്കാരന് ഇപ്പോൾ ചെറുതല്ലാത്ത പിന്തുണ സ്‌കാൻഡനേവിയൻ രാജ്യങ്ങളിലും കിട്ടുന്നുണ്ട്. 'എന്റെ ശത്രു ഇസ്ലാമും മുസ്ലിങ്ങളുമാണ്. ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും ഏറ്റവും മികച്ച കാര്യം. എങ്കിൽ നമ്മൾ അന്തിമലക്ഷ്യത്തിലെത്തി'- പലൂദാൻ പറഞ്ഞ വാക്കുകളാണിത്. തെരഞ്ഞെടുപ്പിൽ ഇയാളുടെ പാർട്ടിക്ക് കാര്യമായി ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, തീവ്രമല്ലാത്ത മറ്റ് വലതുപക്ഷ പാർട്ടികൾക്ക് കാര്യമായി വോട്ട് കിട്ടാറുണ്ട്. ഫിൻലൻഡിന്റെത് തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവിടെ ഇപ്പോൾ അധികാരത്തിലേറിയിരിക്കുന്നത് വലതുപക്ഷ പാർട്ടിയാണ്.
കടുത്ത ആശങ്കയിൽ മുസ്ലിം സമൂഹം
ഈ രീതിയിൽ വലതുപക്ഷം യൂറോപ്പിലാകെ കയറിവരുന്നത് ശരിക്കും ആശങ്കയിലയാഴ്്ത്തുന്നത് യുറോപ്പിലെ മുസ്ലിം സമൂഹത്തെ തന്നെയാണ്. ഏറ്റവും ഒടുവിയായി നെതർലാൻഡ്സിൽ വൈൽഡേഴ്‌സിന്റെ വിജയം മുസ്ലിം സമൂഹത്തിനെ ഞെട്ടിച്ചിരിക്കയാണ്. ഏകദേശം 18 ദശലക്ഷം ജനസംഖ്യയുള്ള ഡച്ച് ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം മുസ്ലീങ്ങളാണ്. ഇസ്ലാമിക്, മൊറോക്കൻ സംഘടനകൾ വൈൽഡേഴ്‌സിന്റെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ദുരിതവും ഭയവും വളരെ വലുതാണെന്ന് ഡച്ച് മൊറോക്കക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവനായ ഹബീബ് എൽ കഡൂറി ഡച്ച് വാർത്താ ഏജൻസിയായ എഎൻപിയോട് പറഞ്ഞു.
വൈൽഡേഴ്‌സ് ഞങ്ങളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നതായും ഹബീബ് കൂട്ടിച്ചേർത്തു. 'നെതർലാൻഡ്സ് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുകടക്കണമെന്ന് വൈൽഡേഴ്‌സ് ആഗ്രഹിക്കുന്നു. ബ്രക്‌സിറ്റിന് സമാനമായി നെക്‌സിറ്റ് റഫറണ്ടം അദ്ദേഹത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. ഡച്ച് അതിർത്തി നിയന്ത്രണം പുനഃസ്ഥാപിക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തൽ, 'നെതർലാൻഡ്സ് ഫസ്റ്റ്' വിദേശ നയം, യുക്രൈനിലേക്കുള്ള അയുധ വിതരണം അവസാനിപ്പിക്കുക എന്നിവയെല്ലാം അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളാണ്. അതിനാൽ വൈൽഡേഴ്സ് അടുത്ത ഡച്ച് പ്രധാനമന്ത്രിയാകാനുള്ള സാധ്യത യൂറോപ്യൻ യൂണിയനെ ആശങ്കപ്പെടുത്തുന്നതാണ്.'- ഹബീബ് പറയുന്നു.
തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം വൈൽഡേഴ്‌സ് മറച്ചുവെക്കുന്നില്ല. പക്ഷേ ഡച്ച് രാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ ഇത് എളുപ്പമല്ല. നിലവിൽ ആർക്കും ഇവിടെ ഭൂരിപക്ഷമില്ല. നിലവിലെ പ്രധാനമന്ത്രി റൂട്ടെയുടെ പിൻഗാമിയുമായ ദിലൻ യെസിൽഗോസ് വൈൽഡേഴ്സ് സർക്കാരിനുള്ള പിന്തുണ നൽകില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ലേബർ-ഗ്രീൻ സഖ്യവും പിന്തുണ നൽകിയേക്കില്ല. തിരഞ്ഞെടുപ്പിൽ 11 പാർട്ടികൾക്കാണ് പത്തിൽ താഴെ സീറ്റുകൾ ലഭിച്ചിരിക്കുന്നത്. അതിൽ തന്നെ ഏഴ് പാർട്ടികൾക്ക് നാല് സീറ്റിൽ താഴെയാണ് ലഭിച്ചത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ചർച്ചകൾ കഠിനമാണ്. സമവായത്തിലെത്താൻ ചിലപ്പോൾ മാസങ്ങൾ എടുത്തേക്കാമെന്നാണ് പറയുന്നത്.
നെതർലൻൻഡിസിലെ മാത്രമല്ല യൂറോപ്പിൽ മൊത്തത്തിൽ എടുത്താലും മുസ്ലിം സമൂഹത്തിന് ഈ പേടിയുണ്ട്. മൊത്തം കുടിയേറ്റക്കാരിലും ഈ വലതുപക്ഷവത്ക്കരണത്തിൽ ആശങ്കയുണ്ട്. പക്ഷേ ഇതിന് പ്രതിവിധിയായി ന്യൂനപക്ഷ തീവ്രവാദമായി സംഘടിക്കാതെ, പൊതുരാഷ്ട്ര ശരീരത്തിൽ ലയിച്ചുചേരുകയാണ് വേണ്ടത് എന്ന് പല സാമൂഹിക നിരീക്ഷികരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പലപ്പോഴും ഇസ്ലാം വേറിട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിനെ ചൂണ്ടിക്കാട്ടിയാണ്, വലതുപാർട്ടികൾ പലപ്പോഴും വളരുന്നത്. അതിനാൽ ഇസ്ലാം അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് അനുസരിച്ച് കൂടുതൽ ജനാധിപത്യവത്ക്കരിക്കകൂടിയാണ്, വലതുപക്ഷ വളർച്ചക്കുള്ള പ്രതിവിധിയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വാൽക്കഷ്ണം: 'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യുണിസം എന്ന ഭുതം' എന്ന് പറഞ്ഞുകൊണ്ടാണ് മാർക്സ് കമ്യുണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത്. എന്നാൽ വലതുപക്ഷം വളരുന്ന യൂറോപ്പിൽ ഇപ്പോൾ കമ്യൂണിസ്റ്റുകളുടെ പൊടിപോലുമില്ല. അവശേഷിക്കുന്നവർ ലിബറലുകളും സോഷ്യൽ ഡേമോക്രാറ്റുകളുമായി മാറിയിരിക്കയാണ്.