സ്രിയയെ കെട്ടിയ മൊട്ടത്തലയൻ മാപ്പിള! നടി നസ്രിയയുമായുള്ള വിവാഹം നടക്കുമ്പോൾ, തമിഴക ഇൻഡസ്ട്രിയിൽ ഫഹദ് ഫാസിൽ എന്ന മലയാള നടൻ അത്രയെന്നും അറിയപ്പെടുന്ന താരമായിരുന്നില്ല. അതിനാൽ അയാൾക്ക് ഈ രീതിയിലുള്ള ബോഡിഷെയിമിങ്ങും സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവന്നു. എന്നാൽ ഇന്ന് കാറ്റാകെ മാറിവീശുകയാണ്. തമിഴക സോഷ്യൽ മീഡിയയിൽ ഫഹദ് തരംഗം ആഞ്ഞടിക്കയാണ്. വിജയ്, സൂര്യ, ധനുഷ്, അജിത്ത് തുടങ്ങിയ തമിഴ്‌നാട്ടിലെ മുൻനിര താരങ്ങൾക്കൊന്നും, കിട്ടാത്ത ജനപ്രീതിയാണ്, ഈ മലയാള നടന് കിട്ടുന്നത്. അതും അയാൾ ചെയ്ത വില്ലൻ കഥാപാത്രത്തിന്റെ പേരിൽ!

മാരി സെൽവരാജ് ഒരുക്കിയ 'മാമന്നനിൽ' ഫഹദ് അവതരിപ്പിച്ച രത്നവേലു എന്ന വില്ലനെയാണ് തമിഴ് സിനിമാ പ്രേമികൾ ആഘോഷമാക്കുന്നത്. രത്നവേലു ഒരു ജാതി വെറിയൻ ആണെങ്കിലും ഫഹദിന്റെ മാസ്മരിക പ്രകടനത്തോടെ അയാൾ ഹീറോയായി. ചിത്രത്തിലെ യഥാർത്ഥ നായകനായ ഉദയാനിധി സ്റ്റാനിനെ ഫഹദ് അഭിനയിച്ചു അസ്തമിപ്പിച്ചു കളഞ്ഞെന്നാണ് തമിഴ് മാധ്യമങ്ങൾ എഴുതുന്നത്. ടൈറ്റിൽ കഥാപാത്രയായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച നടൻ വടിവേലു മാത്രമാണ് ഫഹദിന് മുന്നിൽ പിടിച്ചു നിന്നത്.

എന്തായാലും ഒരിക്കൽ തന്നെ പുച്ഛിച്ച തമിഴന്മാരെ ക്കൊണ്ട്, തന്റെ ക്യാരക്ടറിനെ ബിജിഎം കയറ്റി സ്റ്റാറ്റസ് ഇടീച്ചുകൊണ്ട് ഫഹദ് മനോഹര പ്രതികാരം വീട്ടുകയാണ്. ഇതോടെ മറ്റൊരു വിവാദവും ഉയരുന്നുണ്ട്. തമിഴ്‌നാട്ടിലെ ജാതിമേധാവിത്വത്തിനെതിരെ എടുത്ത പടമാണിത്. പക്ഷേ ഫഹദിന്റെ വില്ലനായ രത്നവേലു എന്ന തേവർ കയറി ഹിറ്റായതോടെ, റിസൾട്ട് നെഗറ്റീവായി. ശക്തമായ ജാതിവാദം ഇന്നും നിലനിൽക്കുന്ന തമിഴകത്ത്, കൗണ്ടർമാരുടേയും, തേവർമ്മാരുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ രത്നവേലുവിന്റെ നടത്തവും, ഡയലോഗും, മരണമാസ് ബിജിഎമ്മോടെ നിറയുകയാണ്. ഫലത്തിൽ ജാതിക്കെതിരെ ഇറക്കിയ പടം, ഫഹദിന്റെ ഒറ്റ കഥാപാത്രം കൊണ്ട് ജാതിപോഷണമായി ഉൾട്ടയിടിച്ചു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വാചകം ഇങ്ങനെയാണ്. പ്രേക്ഷകർ വെറുക്കാനാഗ്രഹിക്കുന്ന കഥാപാത്രത്തെ ഒരിക്കലും ഫഹദിന് കൊടുക്കരുത്. അയാൾ അതിനെ അഭിനയിപ്പിച്ച് നായകനാക്കും!

മാത്രമല്ല ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി ഫഹദ് വളർന്നിരിക്കയാണ്. കമൽഹാസന്റെ വിക്രത്തിന്റെ വൻ വിജയം,അതിൽ സഹ നടൻ ആയിരുന്നു ഫഹദിന്റെ ഇമേജ് ഏറെ ഉയർത്തി. പുഷ്പയിൽ അല്ലു അർജുനോട് എതിരിടുന്ന കൊലമാസ് വില്ലനും ഞെട്ടിച്ചു. ഇപ്പോഴിതാ മാമന്നനും. ഈ പടങ്ങളൊക്കെ ആറുഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട് ഇന്ത്യയാകെ ആഘോഷിക്കപ്പെട്ടയാണ്. മലയാളത്തിലെ ഒരു നടൻ ഭാഷയുടെ എല്ലാ അതിർ വരുമ്പുകളും തകർത്തുകൊണ്ട് വളരുകയാണ്. 

ആദ്യ പരീക്ഷണത്തിൽ പരാജയപ്പെട്ട നടൻ

ഇന്ന് ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെടുന്ന ഈ നടൻ ആദ്യ ചിത്രം തന്നെ പരാജയപ്പെട്ട് സിനിമ ഉപേക്ഷിച്ചയാളാണ്. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിലാണ് ഷാനു എന്ന വിളിപ്പേരുള്ള ഫഹദ് ജനിച്ചത്. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്. തൃപ്പൂണിത്തുറ ചോയ്സ് സ്‌ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്‌ക്കൂളിലുമായാണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു.

മലയാളത്തിന് മോഹൻലാൽ ഉൾപ്പെടെയുള്ള ഒരുപാട് പ്രതിഭകളെ സമ്മാനിച്ച നടനാണ് ഫാസിൽ. പക്ഷേ സ്വന്തം മകനെ നായകനാക്കിയിറക്കിയപ്പോൾ ഫാസിലിന് പിഴച്ചു. 2002-ൽ പുറത്തിറങ്ങിയ 'കൈയെത്തും ദൂരത്തിൽ' പ്രണയനായകൻ സച്ചിൻ മാധവനായി 19-ാം വയസ്സിലാണ് ഫഹദിന്റെ അരങ്ങേറ്റം. പക്ഷേ ചിത്രം ഒരു വമ്പൻ കൊമേഴ്‌സ്യൽ ഫ്ളോപ്പായി. ഫാസിൽ തന്റെ മകനെ ശരിയായി ലോഞ്ച് ചെയ്തില്ലെന്ന് സിനിമാ വാരികകൾ എഴൂതി. പക്ഷേ 'എന്റെ പരാജയങ്ങൾക്ക് എന്റെ പിതാവിനെ കുറ്റപ്പെടുത്തരുത്, കാരണം അത് എന്റെ തെറ്റാണ്, തയ്യാറെടുപ്പില്ലാതെയാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്'' എന്ന് പറഞ്ഞ് ഫഹദ് പിതാവിനെ പിന്നീട് ന്യായീകരിച്ചു.

ആദ്യ സിനിമ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം യുഎസിലേക്ക് മാറി. അവിടെ ഫ്ലോറിഡയിലെ മിയാമി സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടി. 7 വർഷത്തിനുശേഷം അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.

രണ്ടാംവരവിൽ തകർക്കുന്നു

ആദ്യ ചിത്രത്തിന്റെ പരാജയത്തോടെ സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഭയം ആയിരുന്നുന്നൊണ് ഫഹദ് പിന്നീട് ഒരു അഭിമുഖത്തിൽ പറയുന്നത്. സ്വന്തമായി ബിസിനസുകൾ ചെയ്യുകയും ഒപ്പം അഭിനയം അല്ലാതെ, മറ്റ് ടെക്കിനിക്കൽ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കയും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. പക്ഷേ അഭിനയലോകം ഫഹദിനെ മാടിവിളിച്ചു.

2009 ൽ അദ്ദേഹം സിനിമയിലേക്ക് മടങ്ങി. തന്റെ കേരള കഫേ എന്ന ചിത്രത്തിലേക്ക് ഫഹദിനെ കാസ്റ്റ് ചെയ്യാൻ സംവിധായകൻ രഞ്ജിത്ത് മനസ്സ് വെച്ചിരുന്നു, രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമാണ് സംവിധായകൻ ഉദയ് അനന്തൻ ചിത്രത്തിന്റെ 'മൃത്യുഞ്ജയം' എപ്പിസോഡിലേക്ക് ഫഹദിനെ കാസ്റ്റ് ചെയ്തത്. പഴയകാല പ്രേതസിനിമയായ മനയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ പത്രപ്രവർത്തകനായാണ് ഫഹദ് അഭിനയിച്ചത്. ആദ്യ ചിത്രം കണ്ടവരെയാക്കെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ പടം. ആദ്യ ചിത്രത്തിലെ ചോക്ക്ലേറ്റ് ബോയ് കെട്ടിലും മട്ടിലും മാറിയിരിക്കുന്നു. മുടി കൊഴിഞ്ഞ് തല വിഗ്ഗുവെക്കാതെ അഭിനച്ച ആ നടന്റെ ശരീര ഭാഷയും ഏറെ മാറിയുരുന്നു.

അതിനു ശേഷം പ്രമാണി എന്ന സിനിമയിൽ ചെറിയ പൊലീസ് വേഷം ചെയ്തു. 2010-ൽ പുറത്തിറങ്ങിയ കോക്ക്‌ടെയിൽ എന്ന ത്രില്ലർ സിനിമയിൽ ബിസിനസ് ഹെഡായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഒരു മികച്ച നടൻ പൊട്ടിവിടരുന്നതിനെ തുടക്കം ഈ പടത്തിൽ കാണാം. അടുത്ത ചിത്രമായ ലാൽ സംവിധാനം ചെയ്ത ടുർണമെന്റും സാമ്പത്തികമായി വിജയിച്ചില്ല. . സമീർ താഹിർ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശു എന്ന ചിത്രമാണ് ഫഹദിന് സത്യത്തിൽ ബ്രേക്കായത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ അർജുൻ എന്ന കഥാപാത്രം ഞെട്ടിച്ചു. ചിത്രം ഹിറ്റായി മാറിയതിന് പിന്നാലെ നിരൂപക പ്രശംസയും നേടി. പിന്നീടങ്ങോട്ട് ഫഹദിന് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഭരത്ഗോപിക്ക് തുല്യൻ

ഇന്ന് നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് ആയും അയാൾ ദക്ഷിണേന്ത്യയിൽ നിറഞ്ഞു നിൽക്കുന്നു. സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിന്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നത്. ഭരത്ഗോപിക്ക് തുല്യനായാണ് ഫഹദ് വിലയിരുത്തപ്പെടുന്നത്. അവർ ഇരുവരും തങ്ങളുടെ സ്വാഭവികമായ ശരീരത്തെ ഒട്ടും മേക്കപ്പിടാതെ ഉപയോഗിക്കയാണ്. ഫഹദിന്റെ മുഖത്ത് വരുന്ന ഭാവ പ്രകടനങ്ങൾ നമ്മെ ഞെട്ടിക്കും. കാർബൺ, ഇന്ത്യൻ പ്രണയ കഥ, കുമ്പളങ്ങി നൈറ്റ്, വരത്തൻ, ഇയ്യോബിന്റെ പുസ്തകം, 22 ഫീ മെയിൽ കോട്ടയം തുടങ്ങിയ എത്രയെത്ര ചിത്രങ്ങൾ. ഒറ്റ ഒന്നിലും യാതൊരു കൃത്രിമത്വവും തോന്നില്ല. ക്യാമറയെന്ന ഒരു സാധനം മുന്നിലുണ്ടെന്ന് ഓർക്കാതെ അയാൾ ജീവിച്ച് തീർക്കയാണ്.

പക്ഷേ ഒരുപാട് വിമർശനങ്ങും ഫഹദ് കേട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ എക്സെൻട്രിക്ക് സ്വാഭാവം ആയിരുന്നു. പലപ്പോഴും ഫോണിൽ ഫഹദിനെ കിട്ടാറില്ല. അതുപോലെ തന്നെ തന്റെ കംഫേർട്ട് സോണിൽ മാത്രമാണ്, പൊതുവേ അന്തർമുഖനായ ഈ താരം അക്റ്റീവ് ആവുക. ഇതെല്ലാം മൂലം ജാടയാണെന്നും, ലഹരിക്ക് അടിമയാണെന്നുമൊക്കെ ഏറെ പഴി അദ്ദേഹം കേട്ടു. സിനിമയിൽനിന്ന് ഇടക്ക് ബ്രേക്ക് എടുക്കുയും ഫഹദിന്റെ രീതിയാണ്.

' മഹേഷിന്റെ പ്രതികാരം' എന്ന ഹിറ്റ് പുറത്തിറങ്ങി ഏകദേശം ഒരുവർഷം പിന്നിട്ടിട്ടാണ് അടുത്ത ചിത്രവുമായി ഫഹദ് എത്തിയത്. ഇതേക്കുറിച്ച് മലയാള മനോരമ ഓൺലൈനി് നൽകിയ അഭിമുഖത്തിൽ ഫഹദ് ഇങ്ങനെ പറയുന്നു. ''ഞാനൊരു മടിയനാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വരെ മടി. വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് ബ്രേക്ക് എടുക്കണമെന്ന് തോന്നി. അങ്ങനെ സംഭവിച്ചതാണ്. ഒരിക്കലും സെലക്ടീവ് ആയതല്ല.പണ്ടൊക്കെ കളിപ്പാട്ടം വേണമെന്ന് പറഞ്ഞ് വാശിപിടിക്കും. അത് കിട്ടികഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോൾ അതിനോടുള്ള താൽപര്യം കുറയും. എല്ലാക്കാര്യങ്ങളും പെട്ടന്ന് ബോറടിക്കുന്ന ആളാണ് ഞാൻ. കാണാൻ പറ്റാതിരുന്ന സിനിമകൾ കാണുക, കുറച്ച് യാത്ര ചെയ്യുക അങ്ങനെ എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഈ ഇടവേള.''- ഫഹദ് പറഞ്ഞു.

ആദ്യസിനിമയുടെ പരാജയത്തെക്കുറിച്ചും ഫഹദ് ഇങ്ങനെ പറയുന്നു. ''ഞാനൊരിക്കലും എന്റെ ജീവിതത്തെ ചോദ്യം ചെയ്യാറില്ല. അഭിനയം പഠിക്കാൻ എവിടെയും പോയിട്ടില്ലായിരുന്നു. ആ സമയത്ത് 18 വയസ്സാണ് പ്രായം. ആ ഒരു അറിവിൽ മഹേഷിന്റെ പ്രതികാരം ചെയ്താലും വളരെ മോശമായി പോയേനെ. കൈ എത്തും ദൂരത്തു കഴിഞ്ഞ് പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പോയി. ആ യാത്രയായിരിക്കാം എന്നെ മാറ്റിമറിച്ചത്. എട്ടുവർഷം ഒറ്റയ്ക്ക് , വേറൊരു രാജ്യത്ത്. അതൊരു അനുഭവമായിരുന്നു. ചിലപ്പോൾ കൈ എത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിപ്പിച്ച ഞാൻ പിൽക്കാലത്ത് അത് വീണ്ടും ആവർത്തിച്ചേക്കാം. ഇതൊരു ജീവിതയാത്രയാണ്. ''- ഫഹദ് പറയുന്നു.

സിനിമാപാരമ്പര്യമുള്ളവർക്ക് മാത്രമാണോ അഭിനയം എന്ന വാദത്തെയും ഈ നടൻ ചോദ്യം ചെയ്യുന്നു. ''ഞാൻ മൂന്നുവർഷം കഷ്ടപ്പെട്ടിട്ടാണ് ചാപ്പാകുരിശ് ചെയ്തത്. ഇന്നുവരെയും അച്ഛന്റെ മേൽവിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല. സിനിമ അതിനെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. സത്യസന്ധമായി ഈ കലയെ സ്നേഹിക്കുന്ന ആർക്കും സിനിമയിലെത്താം. ''- ഇതാണ് ഫഹദിന്റെ പക്ഷം.


തമിഴിലും തെലുങ്കിലും തിളങ്ങുന്നു

കരിയറിന്റെ തുടക്കകാലത്ത് മലയാളത്തിന് പുറത്ത് അഭിനയിക്കാൻ താൽപര്യം കാണക്കാത്ത നടനായിരുന്നു ഫഹദ്. പക്ഷേ പിന്നീട് അദ്ദേഹം ആ തീരുമാനം മാറ്റി. തെലുങ്കിലും തമിഴിലും മികച്ച പ്രോജക്റ്റുകളാണ് ഈ യുവ നടനെ കാത്തിരുന്നത്. തമിഴിൽ സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ അടക്കമുള്ള ചിത്രങ്ങൾ. തെലുങ്കിൽ അല്ലു അർജുൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാർ ചിത്രം പുഷ്പയിലൂടെയുള്ള അരങ്ങേറ്റം. മറുഭാഷകളിലെ റോളുകളുടെ തെരഞ്ഞെടുപ്പിൽ ഫഹദ് കാണിച്ച മിടുക്കാണ് അവിടങ്ങളിൽ പൊടുന്നനെ അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.

തമിഴിൽ ആദ്യമഭിനയിച്ച വേലൈക്കാരനും സൂപ്പർ ഡീലക്സിലെയുമൊക്കെ ഫഹദിന്റെ കഥാപാത്രങ്ങളും പ്രകടനവുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് അവിടെ വ്യാപകമായ സ്വീകാര്യത നേടിക്കൊടുത്തത് കമലിനൊപ്പമെത്തിയ വിക്രം ആയിരുന്നു. കമൽഹാസന്റെയും തിരിച്ചുവരവ് ചിത്രമായി മാറിയ ലോകേഷ് കനകരാജ് ചിത്രം നേടിയ വൻ വിജയത്തിൽ കമൽ ഹാസൻ- വിജയ് സേതുപതി- ഫഹദ് ഫാസിൽ കോമ്പോയ്ക്ക് വലിയ പങ്കുണ്ട്. ഇതിനു ശേഷമാണ് മാരി സെൽവരാജിന്റെ മാമന്നനിൽ പ്രതിനായകനായി ഫഹദ് എത്തുന്നത്.

തിയറ്റർ റിലീസിൽ മോശമില്ലാത്ത പ്രേക്ഷകപ്രതികരണങ്ങളും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രം, പക്ഷേ അതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ള അഭിപ്രായമാണ് നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിനു ശേഷം നേടിയത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിനും, ലഭിക്കാത്ത തരത്തിലുള്ള കൈയടിയാണ് ഫഹദിന് ലഭിക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസായതിനുപിന്നാലെയാണ് ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായത്. ട്വിറ്ററിൽ മീമുകളായും മാമന്നനിലെ രംഗങ്ങളുടെ സ്‌ക്രീൻഷോട്ടുകളായുമെല്ലാം ആരാധകർ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ വാഴ്‌ത്തുന്നു. അടുത്തകാലത്തൊന്നും ഇത്രയും നായകപരിവേഷം ലഭിച്ച മറ്റൊരു വില്ലൻ കഥാപാത്രമില്ല. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും ഫഹദ് ഫാസിലിന്റെ ഫ്ളക്സുകൾ ഉയർന്നുകഴിഞ്ഞു. തുടർച്ചയായ മൂന്നു ദിവസം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട് ഫഹദ് ഫാസിൽ എന്ന ഹാഷ്ടാഗ്. പുഷ്പയ്ക്കും വിക്രമിനും, പിന്നാലെ മാമന്നനും ഫഹദ് ഫാസിലിന്റെ പാൻ ഇന്ത്യൻ താരപദവി ഊട്ടിയുറപ്പിക്കുകയാണെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.

തേവർമകന് ബദൽ

മാമന്നൻ എന്ന ചിത്രം സത്യത്തിൽ ഉണ്ടായത് തന്നെ തമിഴ്‌നാട്ടിലെ ഹീനമായ ജാതി വ്യവസ്ഥക്ക് എതിരായാണ്. കമൽഹാസൻ നായകനായ തേവർ മകൻ എന്ന സിനിമയെക്കുറിച്ച് മാമന്നന്റെ സംവിധായകൻ മാരി സെൽവരാജ് നടത്തിയ പരാമർശം ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തേവർ മകൻ ധർമ്മസങ്കടത്തിലാക്കിയെന്നും ചിത്രം ശരിയോ തെറ്റോ എന്ന് മനസിലായില്ലെന്നുമാണ് മാരി സെൽവരാജ് 'മാമന്നന്റെ' ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. കമൽ ഹാസനും പങ്കെടുത്ത ചടങ്ങിൽ സംവിധായകൻ പറഞ്ഞ വാക്കുകൾ ഏറെ വിവാദമായി.

മാരി സെൽവരാജ് 13 വർഷങ്ങൾക്ക് മുൻപ് കമൽ ഹാസന് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതും വിവാദത്തിന്റെ ആക്കം കൂട്ടി. തേവർ മകൻ ജാതീയത നിറഞ്ഞതും ഒരു പ്രത്യേക ജാതിയെ മഹത്വവൽക്കരിക്കുന്നതും ആണെന്നും കമൽ ഒരു ബ്രാഹ്മണ വരേണ്യവാദിയാണെന്നുമാണ് മാരി സെൽവരാജ് കത്തിൽ പറഞ്ഞത്. കമലിന്റെ മനുഷ്യത്വം വ്യാജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സംവിധായകന് നേരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നു.

എന്നാൽ ഓഡിയോ ലോഞ്ച് സമയത്ത് എത്രത്തോളം വൈകാരികമായാണ് സംസാരിച്ചത് എന്ന് കമൽ ഹാസന് മാത്രമേ അറിയുകയുള്ളൂ എന്ന് മാരി സെൽവരാജ് പറഞ്ഞു. ആ കത്ത് തീർത്തും അപക്വമായ ഒന്നാണെന്ന് വർഷങ്ങൾക്കിപ്പുറം തിരിച്ചറിയുന്നുവെന്നും മാരി സെൽവരാജ് പറഞ്ഞു. 'കമൽ സാറിനെ പോലൊരു ഇതിഹാസം മാമന്നൻ കണ്ടു. അത് എനിക്ക് എത്രത്തോളം വൈകാരികമായ നിമിഷമാണെന്ന് അദ്ദേഹത്തിന് അറിയാം. അതുപോലെ, അന്ന് എഴുതിയ കത്ത്... ആ സമയം എനിക്ക് അധികം വായനാശീലമൊന്നും ഉണ്ടായിരുന്നില്ല. ഏറെ വൈകാരികമായാണ് ആ കത്ത് ഞാൻ എഴുതിയത്. അതിന് ശേഷം സിനിമയുടെ ക്രാഫ്റ്റ് എന്തെന്ന് പഠിക്കാൻ ഞാൻ ശ്രമിച്ചു. കമൽ സാർ പരിയേറും പെരുമാൾ കണ്ടതിന് ശേഷം എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. മാമന്നൻ കണ്ടകമൽ സാർ കൈ തന്നു അഭിനന്ദിച്ചപ്പോൾ എന്റെ കൈകൾ എത്രത്തോളം വിറച്ചെന്ന് അദ്ദേഹത്തിന് അറിയാം. മാമന്നൻ എന്നത് മാരി സെൽവരാജിന്റെ മാത്രം രാഷ്ട്രീയമല്ല, തന്റേത് കൂടിയാണ് എന്നും കമൽ സാർ പറഞ്ഞു. ഈ ചിത്രം തമിഴ് പ്രേക്ഷകരുടെ അഭിരുചി പരീക്ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതല്ലാതെ മറ്റെന്താണ് എനിക്ക് വേണ്ടത്''- മാരി സെൽവരാജ് ചോദിക്കുന്നു.

സത്യത്തിൽ തേവർമകൻ അടക്കമുള്ള സിനിമകൾക്ക് ബദൽ രാഷ്ട്രീയം ഉയർത്തുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് മാരി ശെൽവരാജ് പടം എടുത്തത്. തേവർ മകനിലെ ശിവാജി ഗണേശന്റെ അതേ കോസ്റ്റിയുമും മീശയുമെല്ലാമാണ് ഫഹദിനും നൽകിയത്. പക്ഷേ ഫഹദ് വില്ലനായതോടെ അത് അട്ടിമറിഞ്ഞു! അയാൾ
കേറി ഹീറോയായി മേഞ്ഞു.

ആരാണ് രത്നവേലു

മാമന്നനിൽ ഫഹദ് ചെയ്ത രത്നവേലു എന്ന കഥാപാത്രത്തെക്കുറിച്ചും, ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. മേലാളർ, കീഴാളർ ജാതിചിന്ത വെച്ചുപുലർത്തുന്നയാളാണ് ഈ നേതാവ്. സ്വന്തം അച്ഛൻ നടത്തിയ കരുനീക്കങ്ങൾ കണ്ടുപഠിച്ച് രാഷ്ട്രീയത്തിൽ എത്തിയയാളാണ് ഇയാൾ. പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരിൽ സമത്വ സമൂഹം എന്ന വാക്കുണ്ടെങ്കിലും അത് മറ്റുള്ളവരോട് കാണിക്കുന്നതിൽ താത്പര്യമില്ലാത്തയാളാണ് രത്നവേലു. അതുകൊണ്ട് ജാതിയിൽ താഴ്ന്ന, സ്വന്തം പാർട്ടി എംഎ‍ൽഎയെ ഇരുന്ന് സംസാരിക്കാൻപോലും സമ്മതിക്കാറില്ല ഇദ്ദേഹം. ഒരവസരത്തിൽ അതിവീരൻ തന്റെ പിതാവായ മാമന്നനോട് ഇരുന്ന് സംസാരിക്കണമെന്ന് പറയുമ്പോൾ അത് തന്റെ അന്തസ്സിനേറ്റ തിരിച്ചടിയായാണ് രത്നവേലു കാണുന്നത്.

എതിർക്കുന്നവരെ വേട്ടപ്പട്ടിയെ ഉപയോഗിച്ച് ആക്രമിക്കുമ്പോൾ സ്വയം വേട്ടപ്പട്ടിയായി മാറുകയാണ് രത്നവേലു. എങ്കിലും താൻ അടിമയാക്കി വെച്ചിരുന്ന വേട്ടനായ്ക്കൾ പോലും തന്നെ ഒരിക്കൽ അവഗണിക്കുമെന്ന തിരിച്ചറിവിലേക്ക് അയാളെത്തുന്നുണ്ട്.
സവർണ്ണരായ രാഷ്ട്രീയക്കാർ എങ്ങനെയാണ് ദളിതരെ അധികാരക്കെണിയിൽ പെടുത്തുന്നതെന്ന് പന്നി- നായ ദ്വന്ദ്വത്തിലൂടെപോലും ചിത്രം കാണിച്ചുതരുന്നു.

മാമന്നൻ എന്ന ഉറച്ച പാർട്ടി കേഡർ അയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ നിർണ്ണായക സന്ദർഭങ്ങളിലെല്ലാം നിസ്സഹായനും നിരായുധനുമായി പോയ ആളാണ്. തന്റെ ജനതക്ക് ഒരാവശ്യം വന്നപ്പോൾ തന്റെ രാഷ്ട്രീയകക്ഷി തന്നെ കയ്യൊഴിയുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം മാമന്നനിൽ ഞൊടിയിടയിൽ വരുന്ന ഒരു ഭാവ പരിണാമമുണ്ട് . തേനി ഈശ്വർ എന്ന ഛായാഗ്രാഹകൻ വൈഡ് ആംഗിളിൽ പ്രതീക്ഷയറ്റുനിൽക്കുന്ന മാമന്നനെ പകർത്തുന്നുണ്ട് . അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതാബോധം അയാളുടെ രാഷ്ട്രീയ ശരീരത്തെയാകെ മൂടിനിൽക്കുന്നുണ്ട്. ജീവിതത്തിലെ സിസഹായതകളുടെ കുറ്റബോധം അയാളെ ഒരു ദുസ്വപ്നം പോലെ പിൻതുടരുന്നുണ്ട് . എന്നാലും അയാളുടെ ജീവിതഗതിയിൽ പിന്നീട് മാറ്റമുണ്ടായി. അച്ഛനോട് രത്നവേലിന് മുന്നിൽ ഇരിക്കാൻ മകൻ പറയുമ്പോഴാണ് അയാളുടെ എല്ലാ ചങ്ങലകളും കയ്യാമങ്ങളും പൊട്ടിച്ചിതറിയ വേലിയേറ്റമുണ്ടായത് . മാമന്നൻ സിനിമയിലെ ന്യൂക്ലിയസ്സായ സന്ദർഭമാണത്. ഇവിടെയെക്കെ ഫഹദും വടിവേലുവും മത്സരിച്ച് അഭിനയിക്കുന്നതുപോലെയാണ് തോന്നുക. തമിഴകത്തിന്റെ കൃത്യമായ ജാതി രാഷ്ട്രീയം മനസ്സിലാക്കിയാണ് താൻ ഈ വേഷം ചെയ്തത് എന്ന് ഫഹദും പിന്നീട് പ്രതികരിച്ചിരുന്നു.

സൈക്കോ ഷമ്മിയെപ്പോലെ

പ്രതിനായകൻ, നായകനാവുന്നത് സിനിമാ ചരിത്രത്തിൽ അപൂർവമൊന്നുമല്ല. കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയെ കേരളത്തിൽ ചിലർ ഏറ്റെടുത്തതു പോലെ രത്നവേലുവിനെ ഒരുവിഭാഗം ആഘോഷിക്കുയാണ്. മാമന്നൻ എന്ന സിനിമ സംസാരിക്കുന്നത് ജാതി ചിന്തകൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ കുറിച്ചാണ്. എന്നാൽ ജാതീയത ഗ്ലോറിഫൈ ചെയ്യപ്പെടുന്ന രീതിയിലാണ് ഇപ്പോൾ വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നത്.

രത്നവേലു എന്ന കഥാപാത്രത്തെ ഏറ്റെടുത്ത ജാതി സംഘടനകളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജാതീയമായ വേർതിരിവുകൾ ശക്തമായ തമിഴകത്തെ മുന്നോക്ക ജാതിവാദികളാണ് ഇത്തരം വീഡിയോകൾക്ക് പിന്നിൽ. ജാതിയെ വാഴ്‌ത്തുന്ന പാട്ടുകളിൽ മാമന്നനിലെ ഫഹദിന്റെ രംഗങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത വീഡിയോകളാണ് ഏറെയും. ഫലത്തിൽ സിനിമയുടെ ഉദ്ദേശ ശുദ്ധിക്ക് നേർ വിപരീതമായിപ്പോയി അതുണ്ടാക്കിയ റിസൾട്ട്.

പക്ഷേ ഹഹദിന്റെ അഭിനയമികവിന്റെ പേരിലും ധാരാളം ആളുകൾ ഇത്തരം വീഡിയോകൾ ഇടുന്നുണ്ട്. ഫഹദിന്റെ പ്രകടനം കൈയടി നേടുമ്പോൾത്തന്നെ സംവിധായകൻ നെഗറ്റീവ് ആയി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥാപാത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത മറ്റ് തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. .ജാതിചിന്തയ്ക്കെതിരായ ഒരുചിത്രത്തിൽ ജാതിചിന്ത തലയ്ക്കുപിടിച്ച ഒരു വില്ലൻ കഥാപാത്രത്തെ ആഘോഷിക്കുന്നത് തേവർമകൻ എന്ന ചിത്രത്തിൽ കമൽഹാസനു പകരം നാസറിനെ ആഘോഷിക്കുന്നതുപോലെയാണെന്നാണ് ചിലരുടെ അഭിപ്രായം. ഓപ്പൻഹൈമർ പോലൊരു യുദ്ധവിരുദ്ധ സിനിമയിലെ ആറ്റം ബോംബ് സ്ഫോടനരംഗത്തിന് കയ്യടിക്കുന്നതു പോലെയാണിതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. എല്ലാറ്റിനും ഗുണപാഠമായി സോഷ്യൽ മീഡിയ കണ്ടെത്തിയ പോംവഴി ഇതാണ്. പ്രക്ഷകർ വെറുക്കാനാഗ്രഹിക്കുന്ന കഥാപാത്രത്തെ ഒരിക്കലും ഫഹദിന് കൊടുക്കരുത്!

വാൽക്കഷ്ണം: ഇത്രയും കാലിബറുള്ള ഈ നടൻ ചെയ്യുന്ന മലയാള ചിത്രങ്ങൾ പലപ്പോഴും നിരാശാ ജനകമാണ്. 'പാച്ചുവും അത്ഭുതവിളക്കും' പോലെ ഒരു ചിത്രത്തിൽ ഫഹദിന് എന്താണ് ചെയ്യാനുള്ളത്. തമിഴർ രത്വേലുവെന്ന കിടിലൻ റോൾ ആഘോഷിക്കുമ്പോഴാണ് ഇവിടെ ഇത്തരം ഡ്യൂക്കിലി വേഷങ്ങളിൽ ഫഹദ് എത്തുന്നത്.