- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാം ഭീതിയിൽ യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടം മാറുന്നോ?
'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യൂണിസം എന്ന ഭൂതം' എന്ന് പറഞ്ഞുകൊണ്ടാണ് മാർക്സും ഏംഗൽസും, കമ്യുണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത്. എന്നാൽ 175 വർഷങ്ങൾ കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യൂറോപ്പിൽ ഇപ്പോൾ കമ്യൂണിസ്റ്റുകളുടെ പൊടി പോലുമില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും, മാനവികതയുടെയും കേന്ദ്രമായി അറിയപ്പെട്ടുകൊണ്ടിരുന്ന യൂറോപ്പ് ഇന്ന്, അതിതീവ്ര വലതുപക്ഷത്തിന്റെ പിടിയിലാവുന്നതിന്റെ കാഴ്ചകളാണ് ലോകം കാണുന്നത്.
ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു, ഇന്ത്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന, യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്കുള്ള ഇലക്ഷനിൽ കണ്ടത്. യാഥാസ്ഥിതിക ശക്തികളും, തീവ്ര വലതുപക്ഷ ശക്തികളും ഈ ഇലക്ഷനിൽ വമ്പൻ നേട്ടമുണ്ടാക്കിയത് ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ഇറ്റലി, ആസ്ട്രിയ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം തീവ്ര വലതുപക്ഷം വൻ നേട്ടമുണ്ടാക്കി. എന്നാൽ ഹംഗറിയിൽ 14 വർഷമായി ഭരിക്കുന്ന പ്രധാനമന്ത്രി വിക്ടർ ഒബാന്റെ തീവ്ര വലതുപക്ഷ കക്ഷിയായ, 'ഫിഡ്സ്' തോറ്റതാണ്, ലിബറൽ ചിന്തയുള്ളവരെ സംബന്ധിച്ച ഏക ആശ്വാസം. അതേസമയം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്, ഉർസുല വോൺ ഡെർ ലെയന്റെ, സെൻട്രൽ റൈറ്റ് എന്ന് വിളിക്കാവുന്ന, ഇപിപി എന്ന യൂറോപ്യൻ പീപ്പിൾസ് പാർട്ടിയാണ്, 720 അംഗ പാർലന്റെിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇപിപിക്ക് 189 സീറ്റുണ്ട്. അതിനാൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി ഉർസുല തന്നെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഇതും ജനാധിപത്യവാദികൾക്ക് ആശ്വാസമുള്ള വാർത്തയാണ്. തീവ്ര കക്ഷികൾക്കെതിരെ നാം കോട്ട തീർത്തുവെന്നാണ് ഉർസുലയുടെ ആദ്യ പ്രതികരണം.
പക്ഷേ, തീവ്രലതുപക്ഷ കക്ഷികൾ നിർണ്ണായക മുന്നേറ്റം നടത്തിയതിനാൽ ഇനി യൂറോപ്യൻ യൂണിയന്റെ നയങ്ങൾ മാറുമെന്നും ആശങ്കയുണ്ട്. യൂറോപ്പിലെ മുസ്ലീങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ ആശങ്ക വിതച്ചത്. ഈ രാജ്യങ്ങളിലൊക്കെയുള്ള തീവ്രവലതുപക്ഷ പാർട്ടികളുടെ പ്രധാന കാമ്പയിൻ, മണ്ണിന്റെ മക്കൾ വാദവും, കുടിയേറ്റ വിരുദ്ധതയും, ഇസ്ലാം വിരുദ്ധതയുമാണ്. മുസ്ലീങ്ങളും ഇന്ത്യാക്കാർ ഉൾപ്പെടുന്ന കുടിയേറ്റ ജനതയും മാത്രമല്ല, ലൈംഗിക ന്യൂനപക്ഷങ്ങൾ, പരിസ്ഥിതി സ്നേഹികൾ, ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർ എന്നിവർക്കെല്ലാം ഭീഷണിയാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം. പക്ഷേ ഇത് ഒരു പരിധിവരെ പ്രവചിക്കപ്പെട്ടതു തന്നെയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കാരണം, വലതും ചെറുതുമായ നിരവധി തീവ്രവാദ ആക്രമണങ്ങളിലുടെ, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ തന്നെയാണ് തീവ്ര വലതുപക്ഷത്തിന് വിവിധ രാജ്യങ്ങളിൽ വിത്തിട്ടത്. അമേരിക്കയിൽ ട്രംപും, ഇന്ത്യയിൽ നരേന്ദ്ര മോദിയുമൊക്കെ പയറ്റിയ, അതേ അപരവത്ക്കരണ തന്ത്രങ്ങൾ തന്നെയാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷം നേതാക്കളും പയറ്റിയത്.
എന്താണ് യൂറോപ്യൻ പാർലമെന്റ്?
പൊതുവായ സാമ്പത്തിക, സാമൂഹിക, സുരക്ഷാ നയങ്ങൾ നിയന്ത്രിക്കുന്ന, 27 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന സംവിധാനമാണ് യൂറോപ്യൻ യൂണിയൻ. 1957-ൽ ആറ് രാജ്യങ്ങളുമായി തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് വിപുലീകരിച്ച് 27 രാജ്യങ്ങളടങ്ങിയ സംഘടനയായി മാറിയിരിക്കുന്നത്. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രോഷിയ, സിപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐർലൻഡ്, ഇറ്റലി, ലാറ്റ്‌വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്സ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്കിയ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ എന്നിവയാണ് നിലവിലെ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ. യൂറോപ്യൻ യൂണിയന്റെ സ്ഥാപക അംഗമായ ബ്രിട്ടൻ 2020-ൽ യൂറോപ്യൻ യൂണിയൻ വിട്ട് പോയിരുന്നു. ബ്രക്‌സിറ്റ് എന്നറിയപ്പെടുന്ന ജനഹിത പരിശോധനയും ചരിത്രമായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കും എടുക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ യൂണിയൻ നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും മറ്റ് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾ ജനാധിപത്യപരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ അംഗരാജ്യങ്ങളിലെയും വോട്ടർമാർ യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുന്നു.
യൂറോപ്യൻ യൂണിയന്റെ നിയമനിർമ്മാണ സ്ഥാപനങ്ങളിലൊന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ്. നിലവിൽ 720 അംഗങ്ങൾ അടങ്ങിയതാണ് ഇത്. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. മാൾട്ട, ലക്സംബർഗ്, സിപ്രസ് എന്നീ രാജ്യങ്ങളിൽ നിന്നും ആറ് അംഗങ്ങളും, ജർമനിയിൽ നിന്ന് 96 അംഗങ്ങളുമാണ് പാർലമെന്റിലുണ്ടാകുക. അഞ്ച് വർഷമാണ് പാർലമെന്റിന്റെ കാലാവധി. എന്നാൽ പാർലമെന്റ് അംഗങ്ങൾ അവരുടെ അധ്യക്ഷനെ രണ്ടര വർഷത്തെ കാലാവധിയിലേക്കാണ് തിരഞ്ഞെടുക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ, നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ഏക സ്ഥാപനം കൂടിയാണിത്. യൂറോപ്യൻ കൗൺസിലിനെ പ്രതിനിധീകരിക്കുന്ന അംഗ രാജ്യങ്ങളിലെ സർക്കാരുകളുമായി ഇയു നിയമങ്ങൾ ചർച്ച ചെയ്യുകയെന്നതാണ് ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ. ഇ യു ബഡ്ജറ്റും അന്താരാഷ്ട്ര കരാറുകളും യൂറോപ്യൻ യൂണിയന്റെ വിപുലീകരണവും യൂറോപ്യൻ പാർലമെന്റാണ് അംഗീകരിക്കേണ്ടത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനെ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോയുള്ള അധികാരം യൂറോപ്യൻ പാർലമെന്റിനുണ്ട്. എന്നാൽ ദേശീയ പാർലമെന്റുകളിൽ നിന്നും വ്യത്യസ്തമായി പാർലമെന്റിന് നിയമങ്ങൾ നിർദ്ദേശിക്കാനുള്ള അധികാരമില്ല.
ബെൽജിയം, ജർമനി, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ 16 വയസിന് മുകളിലുള്ളവർക്കും, ഗ്രീസിൽ 17 വയസുള്ളവർക്കും, മറ്റുള്ള 21 അംഗ രാജ്യങ്ങളിൽ 18 വയസായവർക്കും വോട്ട് ചെയ്യാം. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് അവരുടെ രാജ്യത്ത് നിന്നോ വിദേശത്ത് നിന്നോ വോട്ട് ചെയ്യാൻ സാധിക്കും. മറ്റൊരു ഇയു രാജ്യത്ത് നിന്ന് താമസിക്കുന്ന പൗരന്മാർക്ക് അവരുടെ സ്വന്തം രാജ്യത്തെയോ അല്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെയോ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാം. എന്നാൽ രണ്ട് സ്ഥാനാർത്ഥികൾക്കും ഒരേ സമയം വോട്ട് ചെയ്യാൻ അനുവാദമില്ല. ജൂൺ ആറ് മുതൽ ഒമ്പത് വരെയായിരുന്നു ഇത്തവണത്തെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ്. 1979ന് ശേഷമുള്ള പത്താം പാർലമെന്റ് തിരഞ്ഞെടുപ്പും ബ്രെക്സിറ്റിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുമാണ് ഈ വർഷം നടക്കുന്നത്. 40 കോടിയോളം വരുന്ന വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതിയത്. ഇന്ത്യയിലേതു കഴിഞ്ഞാൽ ഇത് ലോക റെക്കാർഡാണ്.
ഫ്രാൻസിൽ ഗുരുതര പ്രശ്നങ്ങൾ
ഇ യു തിരഞ്ഞെടുപ്പിനുശേഷം ബ്രക്‌സിറ്റിന് സമാനപ്രശ്നങ്ങളിലൂടെയാണ്, ഫ്രാൻസ് കടന്നുപോയത്. യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ, എതിരാളിയും തീവ്ര വലതുപക്ഷ പാർട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി വൻ വിജയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയിരിക്കയാണ്. മാക്രോണിന്റെ പാർട്ടിയായ റിനൈസെൻസിനേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ, നാഷണൽ റാലി നേടിയത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. നാഷണൽ റാലിക്ക് 31.5 ശതമാനം വോട്ട് കിട്ടിയപ്പോൾ, മാക്രോണിന്റെ പാർട്ടിക്ക് വെറും 15 ശതമാനമാണ് കിട്ടിയത്. ഇതോടെ തിരഞ്ഞെടുപ്പിന് രണ്ടു വർഷം അവശേഷിക്കേ മാക്രാൺ പാർലമെന്റ് പിരിച്ചുവിട്ടു. പാരീസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാൻസിൽ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂൺ 30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാർലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോൺ പറഞ്ഞു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. അവിടുന്ന് ഇങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫ്രാൻസിലെ മുസ്ലിം ജനസംഖ്യ ഉയർത്തിയത്. പ്രശസ്ത ഫുട്ബോളർ സിൻഡൈൻ സിദാന്റെ കുടുംബം വരെ അൾജീരിയയിൽ നിന്ന് വന്നവരാണ്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ തിരിച്ചയക്കാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു. എന്തിന്, സിറിയയിൽ നിന്നും അഫ്ഗാനിൽ നിന്നും വന്ന മുസ്ലിം അഭയാർത്ഥികളെ സ്വീകരിക്കാൻ ഒറ്റ ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും മുന്നോട്ടുവന്നില്ല. അന്നും ഫ്രാൻസും, ജർമ്മനിയും, സ്‌കാൻഡനേവിയൻ രാജ്യങ്ങളും അടങ്ങുന്ന യൂറോപ്പാണ്, മുസ്ലിം അഭയാർത്ഥികളെ സ്വകീരിച്ചത്.
എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. അപ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്. ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.
ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാൽ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങൾ ഭീമമായ ഫീസ് നൽകിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989-ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ ഹിജാബ് ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. ഹിജാബ്, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദകളുടെ ശത്രുപട്ടികയിൽ ഫ്രാൻസ് വന്നു. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.
ഫ്രാൻസ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാർജറ്റ് ആയി. ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ സെന്റ് എറ്റിയൻ ഡുറുവ്ര് പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരർ പള്ളിക്കകത്തു കയറി 86 വയസ്സുകാരൻ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടർത്തി. അവർ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുർബാനയിൽ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില വിശ്വാസികൾക്കും ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു. പാരീസിൽ മുഹമ്മദ് നബിയുടെ പേരിൽ കാർട്ടൂൺ ഇറക്കിയ ഷാർളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങൾ ഇതിനകം ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി. അതിനുശേഷമാണ് സാവുമൽ പാറ്റിയെന്ന അദ്ധ്യാപകന്റെ കഴുത്തറത്ത് ഇസ്ലാമിസ്റ്റുകൾ കൊന്നത്. തുടർന്നും ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങൾ ഫ്രാൻസിൽ ഉണ്ടായി.
അതോടെ പൊളിറ്റിക്കൽ ഇസ്ലാമിന് തടയിടാൻ കടുത്ത നടപടികൾ മാക്രാൺ സ്വീകരിച്ചു. രാജ്യത്തിന്് പുറമെനിന്നുള്ള മതപ്രബോധകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മദ്രസകളിലെ കരിക്കുലം സർക്കാർ അറിയണമെന്ന് നിയമം വന്നു. ഹേറ്റ് സ്പീച്ച് നടത്തിയ ഇമാമുമാരെ നാടുകടത്തി. അതോടെ തുർക്കിയും, ഇറാനും അടക്കമുള്ള ഫ്രാൻസിൽ ഇസ്ലാമോഫോബിയ ആരോപിച്ച് രംഗത്ത് എത്തി. ഒരുഘട്ടത്തിൽ ഇസ്ലാം വേഴ്സസ് ഫ്രാൻസ് എന്ന രീതിയിൽ കാര്യങ്ങൾ മാറുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ അപ്പേഴേക്കും മാക്രോണിനെയും കടത്തിവെട്ടി തീവ്ര വലതുപക്ഷ പാർട്ടിയായ, നാഷണൽ റാലി ഏറെ മുന്നോട്ട്പോയിരുന്നു. കടുത്ത മുസ്ലിം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. ഇസ്ലാമിക തീവ്രവാദ ആക്രമണം കടുത്തതോടെ ലിബറലായ ജനങ്ങൾ പോലും വലതുപക്ഷത്ത് എത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രാണിന് അധികാരം കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.
ജർമ്മനിയിൽ സംഭവിച്ചത്
യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയിൽ, യൂറോപ്യൻ പാർലമെന്റിലേക്കും, യാഥാസ്ഥിതിക കക്ഷികൾക്ക് തന്നെയാണ് കൂടുതൽ വോട്ട് നേടിയത്. ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ 30 ശതമാനവും, നിയോ നാസികൾ എന്ന് പോലും ആരോപണം ഉയർന്ന തീവ്ര വലതുപക്ഷത്തെ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി) പാർട്ടി 15.9 ശതമാനം വോട്ടുനേടി. അതിനും പിന്നിലായി വെറും 13.9 ശതമാനം വോട്ട് മാത്രമാണ്, ജർമ്മൻ ചാൻസലറായ ഒലാഫ് ഷോൾസിന്റെ എസ്‌പിഡി നേടിയത്. 2019-ൽ 11ശതമാനം നേടി തീവ്ര വലതുപക്ഷം ഇത്തവണ അഞ്ചു ശതമാനത്തോളം വോട്ട് വർധിപ്പിച്ചു.
കുടിയേറ്റ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ നയങ്ങളാണ് എ എഫ് ഡിയും ഉയർത്തിപ്പിടിക്കുന്നത്. 2017- ൽ പാർട്ടിയുടെ സ്ഥാപകനായ അലക്സാണ്ടർ ഗാവ്ലാൻഡ്, വിദേശികൾ രാജ്യത്ത് എത്തുന്നത് ഏതുവിധത്തിലും തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാസി പാർട്ടിയുമായുള്ള ബന്ധം എ എഫ് ഡി തുടർച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും, രണ്ടുവർഷംമുമ്പ് ഒരു എ എഫ് ഡി ജനപ്രതിനിധിയെ നാസി അടയാളങ്ങൾ സൂക്ഷിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു.
കടുത്ത മുസ്ലിം വിരുദ്ധതയിലാണ് ഈ പാർട്ടി വളരുന്നത്. ജർമ്മനിയിൽ അടിക്കടി ഉണ്ടാവുന്ന ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങൾ പാർട്ടിയുടെ സാധ്യത വർധിപ്പിച്ചു. ഇക്കഴിഞ്ഞ ആഴ്ചയും തെക്കുപടിഞ്ഞാറൻ ജർമ്മൻ നഗരമായ മാൻഹൈമിലെ സെൻട്രൽ സ്‌ക്വയറിൽ ജിഹാദി കത്തിയാക്രമണം നടന്നു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർധിച്ചുവരുന്ന വ്യാപനവും സ്വാധീനവും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്ന സംഘടനയായ പാക്‌സ് യൂറോപ്പ എന്ന പരിപാടിക്കിടെയാണ് ആക്രമണം. അഫ്ഗാനിൽ നിന്ന് ജർമ്മനിയിലെത്തിയ കുടിയേറ്റക്കാരനായ മുസ്ലിം യുവാവാണ് ആക്രമണം നടത്തിയത്. ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ സാധ്യമായ ഇസ്ലാമിക ആക്രമണങ്ങൾക്കായി ജർമ്മനി അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു ഡസനിലേറെ ചെറുതും വലുതുമായ ജിഹാദി ആക്രമണങ്ങൾക്കാണ്, ജർമ്മനി സാക്ഷിയായത്. 2021 ജൂൺ 6ന്
ജർമ്മനിയിൽ നടന്ന ജിഹാദി ആക്രമണത്തിൽ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തുകയും അഞ്ചുപേരെ പരിക്കേൽപിക്കുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ജർമ്മനിയിലെ വ്യുയേഴ്‌സ്‌ബെർഗിൽ 2015-ൽ കുടിയേറിയ 24കാരനായ ഒരു സൊമാലി ചെറുപ്പക്കാരനാണ് കൊല നടത്തിയത്. സിറ്റി സെന്ററിൽ വൈകുന്നേരമായിരുന്നു ആക്രമണം. പിന്നീട് പൊലീസ് അക്രമിയെ തുടയിൽ വെടിവെച്ച ശേഷം കീഴ്‌പ്പെടുത്തി.
അന്നത്തെ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി ഈ അക്രമത്തെ ഇസ്ലാമിനെതിരായ കാമ്പയിനായി മാറ്റി. കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന എഎഫ്ഡിയുടെ നേതാവ് ജ്യോർഗ് മ്യുതെൻ ഇത് ജിഹാദി ആക്രമണമാണെന്ന് തുറന്നടിച്ചിരുന്നു. യുവാവ് ഉറക്കെ അല്ലാഹു അക്‌ബർ വിളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.
ഈ ആക്രമണത്തിന് തൊട്ടുമുമ്പാണ് ജർമ്മനിയിൽ ബുർഖ നിരോധിച്ചത്. കൂടിവരുന്ന ജിഹാദി ആക്രമണങ്ങളാണ് ജർമ്മൻ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിച്ചത്. ജർമ്മനിയിൽ മുഖം മറയ്ക്കുന്ന വസ്ത്രം വേണ്ടെന്ന് അന്നത്തെ ചാൻസലർ ആഞ്ചല മെർക്കെൽ തന്നെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 5വർഷത്തിനുള്ളിൽ 9 ലക്ഷം മുസ്ലിം കുടിയേറ്റക്കാർക്ക് ജർമ്മനിയിലേക്ക് വരാൻ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെർക്കെൽ. എന്നാൽ അതോടെ ഇസ്ലാമിക തീവ്രവാദം ജർമ്മനിയിൽ വർധിക്കുകയായിരുന്നു. ഇത് തീവ്രവലതുപക്ഷം പ്രചാരണവിഷമാക്കിയതോടെയാണ് ആഞ്ചല മെർക്കെലിന്റെ ജനപ്രീതി ഇടിയുകയും തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തത്.
കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യമാണ് ജർമ്മനി. ഇസ്ലാമിക രാജ്യങ്ങൾ പോലും മടിച്ചു നിൽക്കുമ്പോൾ, സിറിയയിൽ നിന്നും, അഫ്ഗാനിൽ നിന്നും വരുന്ന അഭയാർത്ഥികളെ ആ രാജ്യം സ്വീകരിച്ചു. പക്ഷേ അതിന്റെ അനന്തരഫലങ്ങളും ഇപ്പോൾ ആ രാജ്യം അനുഭവിക്കയാണെന്നാണ് വലതുപക്ഷ പാർട്ടികൾ പറയുന്നത്. ആ ഭീതി ഉയർത്തിക്കാട്ടിയാണ് അവർ വോട്ടുയർത്തുന്നതും.
ഇറ്റലിയിലും ഓസ്ട്രിയയിലും സമാനം
യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ, ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'ബ്രദേഴ്സ് ഓഫ് ഇറ്റലി'യും മൂന്നിലൊന്നിനരികെ വോട്ടു നേടി. ഇവിടെ മെലോണിയുടെ കക്ഷി 28.8 ശതമാനവുമായി മുന്നിലെത്തിയപ്പോൾ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ ഡൊമോക്രാറ്റിക്കോ 24 ശതമാനവും സ്വന്തമാക്കി. ലോകമഹായുദ്ധത്തിന് ശേഷം യുറോപ്പിൽ അധികാരത്തിൽ വരുന്ന ആദ്യ തീവ്ര വലതുപക്ഷ സർക്കാരാണ് മെലാണിയുടെത്. മെലാണിയുടെ പാർട്ടി ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഒരു നിയോ ഫാസിസ്റ്റ് പാർട്ടിയായാണ് അറിയപ്പെടുന്നത്. കോവിഡ്കാലത്തൊക്കെ മെലോണി നടത്തിയ അശാസ്ത്രീയ പ്രചാരണങ്ങൾക്ക് കണക്കില്ല. പരിസ്ഥിതി വിരുദ്ധത, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള എതിർപ്പ് തുടങ്ങിയ കാര്യങ്ങളും മെലോണിയെ കുപ്രസിദ്ധനാക്കുന്നു.
ആസ്ട്രിയയിൽ തീവ്രവലതു കക്ഷിയായ ഫ്രീഡം പാർട്ടി 25.7 ശതമാനം വോട്ടുനേടി. ഇവിടെ യാഥാസ്ഥിതിക പീപിൾസ് പാർട്ടിക്ക് 24.7 ശതമാനവും സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 23.3 ശതമാനവും വോട്ടാണുള്ളത്. ആസ്ട്രിയയിലും ഫ്രീഡം പാർട്ടിയും അതിന്റെ നേതാവ് ഹെർബെർട്ട് കിക്കിയും ജനപ്രീതി വർദ്ധിപ്പിച്ചതും കുടിയേറ്റ വിരുദ്ധതയിൽ ഊന്നിയാണ്. പുറമെ പ്രാചീന ആസ്ട്രിയൻ സംസ്‌കാരത്തിൽ ഊന്നിയുള്ള ഒരു സാമൂഹിക കാഴ്‌ച്ചപ്പാടും ഇവർക്കുണ്ട്.
ആസ്ട്രിയൻ പരമ്പരാഗത ഭക്ഷണങ്ങൾ മാത്രം വിളമ്പുന്ന റെസ്റ്റോറന്റുകൾക്ക് സബ്സിഡി നൽകുമെന്നതായിരുന്ന ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. അതുപോലെ കളിസ്ഥലങ്ങളിൽ കുട്ടികൾ ജർമ്മൻ ഭാഷ മാത്രമെ സംസാരിക്കാവൂ എന്നും ഇവർ നിർബന്ധം പിടിക്കുന്നു. മുസ്ലിം ജനസംഖ്യ കൂടുന്നതോടെ യൂറോപ്പിൽ വെള്ളക്കാരെക്കാൾ കൂടുതൽ മറ്റുള്ള വംശജരാകും ഉണ്ടാവുക എന്ന സിദ്ധാന്തത്തെയും ഇവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. റഷ്യയുമായും ഇവർ അടുത്ത ബന്ധം പുലർത്തുന്നതായി എതിരാളികൾ ആരോപിക്കുന്നു. ഇങ്ങനെയുള്ള വാദങ്ങൾ പ്രചരിപ്പിച്ചാണ് അവർ ആസ്ട്രിയയിൽ അധികാരത്തിലെത്തിയത്. ഇപ്പോൾ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലും അവർ അപ്രമാദിത്വം ഉറപ്പിക്കയാണ്.
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ, അയർലൻഡിൽ ഭരണകക്ഷിയായ ഫൈൻ ഗെയൽ തന്നെയാണ് മുന്നിൽ. ഹങ്കറിയിൽ തീവ്ര വലതുപക്ഷത്തിന് പക്ഷേ തിരിച്ചടിയേറ്റു. ഹംഗറിയിലെ വിക്ടർ ഒർബാന്റെ നേതൃത്വത്തിലുള്ള സർക്കാർ സമകാലിക ലോകത്ത് ഏറ്റവും കൂടുതൽ പരമാർശിക്കപ്പെടുന്ന തീവ്ര വലതുപക്ഷ സർക്കാരാണ്.
വലത്തോട്ട് ചായുന്ന യൂറോപ്പ്
കഴിഞ്ഞ ഒരു അഞ്ചുവർഷം മുമ്പത്തെ അവസ്ഥ നോക്കിയാൽ യൂറോപ്പിൽ സെൻട്രൽ റൈറ്റ് എന്ന പാർട്ടികൾ മാത്രമേ പ്രധാന്യം ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴത് എക്സ്ട്രീം റൈറ്റ് എന്ന നിലയിലേക്കുമാറി. ഭൂമിയിലെ സ്വർഗം എന്ന് അറിയപ്പെട്ടിരുന്ന സമാധാനമുള്ള രാജ്യങ്ങളാണ് സ്‌കാനഡനേവിയൻ രാജ്യങ്ങളിൽ പോലും തീവ്ര വലതുപക്ഷം പിടിമുറുക്കിക്കഴിഞ്ഞു. ഇത് കാരണമാവട്ടെ വർധിച്ചുവരുന്ന ഇസ്ലാമിക അക്രമങ്ങളുമാണ്. കഴിഞ്ഞ വർഷം നെതർലൻഡ്‌സിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇസ്ലാം വിരുദ്ധ പാർട്ടിയായ ഫ്രീഡം പാർട്ടി മുന്നിലെത്തിയിരിക്കുന്നു. ആ പാർട്ടിയുടെ അടിസ്ഥാന നയം ഇസ്ലാം വിരുദ്ധതയാണ്. മുസ്ലിം പള്ളികൾ ഇല്ലാതാക്കുക, ഖുറാൻ നിരോധിക്കുക തുടങ്ങിയവാണ് ഫ്രീഡം പാർട്ടിയുടെ പ്രധാനപ്പെട്ട ആശയങ്ങളിൽ ചിലത്.
ഫിൻലൻഡിൽ ദ ഫിൻസ് എന്ന തീവ്ര വലതുപക്ഷ പാർട്ടി കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമാണ്. സ്വീഡനിലെ സർക്കാരിലും വലതുപക്ഷത്തിനാണ് സ്വാധീനം. കഴിഞ്ഞ തവണത്തെ ഗ്രീക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ആകെയുള്ള 200 സീറ്റുകളിൽ ഇതാദ്യമായാണ് വലതുപക്ഷ പാർട്ടികൾക്ക് അംഗങ്ങൾ ഉണ്ടാകുന്നത്. സ്പാർടൻസ് പാർട്ടിക്കും, നിക്കി എന്നറിയപ്പെടുന്ന വിക്ടറി പാർട്ടിക്കും കൂടി 21 സീറ്റുകളാണ് ഗ്രീക്ക് പാർലമെന്റിൽ ലഭിച്ചത്. നിയോ നാസി ബന്ധമുള്ള ഗോൾഡൻ ഡോൺ എന്ന സംഘടനയിൽ അംഗത്വമെടുത്തതിന് 13 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇലിയാസ് കാസിഡിയാരിസ് ആണ് സ്പാർട്ടൻസ് പാർട്ടിയെ നയിക്കുന്നത്. അതേസമയം, തികഞ്ഞ യാഥാസ്ഥിതിക നിലാപാട് സ്വീകരിക്കുന്ന നിക്കി, ഗ്രീക് ഭാഷ, ചരിത്രം, പൈതൃകം എന്നിവ പ്രചരിപ്പിച്ച് ഗ്രീക് സ്വത്വബോധം വളർത്താൻ ശ്രമിക്കുകയാണ്. എൽ ജി ബി ടി ക്യൂ സമൂഹത്തിനു നേരെയുള്ള അനിഷ്ടം തുറന്ന് പ്രഖ്യാപിക്കുന്ന ഇവർക്ക് സ്വവർഗ്ഗ ലൈംഗികതയോടും കടുത്ത എതിർപ്പാണ്.
പൊതുവെ, യൂറോപ്യൻ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് ബെൽജിയത്തെ കാണുന്നത്. അതു തന്നെയാണ് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആസ്ഥാനം ബെൽജിയത്തിൽ തന്നെ ആക്കിയത്. അവിടെയും തീവ്ര വലതുപക്ഷ നിലപാടുള്ള വ്ളാംസ് ബെലാംഗ് പാർട്ടിക്ക് വലിയ വേരുണ്ട്. ഫ്ളാൻഡേഴ്സ് ജനതയുടെ താത്പര്യം സംരക്ഷിക്കുന്നവർ എന്നർത്ഥം വരുന്ന പേരുള്ള പാർട്ടി ബഹുസ്വരതക്ക് എതിരാണ്. ഏകീകൃത സംസ്‌കാരം, ഏക ഭാഷ എന്നതൊക്കെയാണ് അവരുടെ അജണ്ട. കടുത്ത ഇസ്ലാം വിരോധികളായ ഇവർ പറയുന്നത് ഹിജാബ് ധരിക്കുക വഴി സ്ത്രീകൾ നാടുകടത്തപ്പെടാൻ സമ്മതം നൽകുകയാണെന്നാണ്.
താരതമ്യേന മിതവാദികളായി കണക്കാക്കപ്പെടുന്ന സ്വീഡനിലും വലതുപക്ഷ വ്യതിയാനം വ്യക്തമാവുകയാണ്. 2022-ലെ തെരഞ്ഞെടുപ്പിൽ മോഡറേറ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയ സ്വീഡൻ ഡെമോക്രാറ്റുകൾ സർക്കാരിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയാണ്. അതിന്റെ ഫലമായി, കർശനമായ കുടിയേറ്റ നിയന്ത്രണ നിയമം, പൊലീസിന് കൂടുതൽ അധികാരം, കൂടുതൽ ആണവോർജ്ജ പ്ലാന്റുകൾ എന്നിവ നിലവിൽ വന്നു കഴിഞ്ഞു. കുടിയേറ്റക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒരു ക്ലേശകരമായ പ്രക്രിയയാക്കി മാറ്റിയ സർക്കാർ ജി ഡി പി യുടെ 1 ശതമാനം വിദേശ സഹായമായി നൽകണമെന്നത് മാറ്റി ഒരു നിശ്ചിത തുകയാക്കി കുറച്ചു.
യൂറോപ്പിലെ തീവ്ര വലതുപക്ഷ ഉയർത്തെഴുന്നേൽപിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വിറ്റ്സർലൻഡിലെ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയത് 27.9 ശതമാനം വോട്ടുകളാണ്. കുടിയേറ്റത്തിനെതിരെയായിരുന്നു ഇവർ പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്. നിലവിൽ 8.7 മില്യൻ ജനങ്ങളുള്ള സ്വിറ്റ്സർലൻഡിലെ ജനസംഖ്യ 10 മില്യന് താഴെയാക്കി നിർത്തുമെന്നും ഇവർ വാഗ്ദാനം നൽകിയിരുന്നു.
വ്യവസ്ഥാപിത പാർട്ടികളോടും സർക്കാരുകളോടുമുള്ള എതിർപ്പിനെയാണ് വലതുപാർട്ടികൾ വൈകാരികമായി മുതലെടുക്കുന്നത്. ഇതിൽ പ്രധാനമായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. എല്ലാ തീവ്ര വലതുപക്ഷ പാർട്ടികളുടെയും പ്രധാന അജണ്ട എന്നത് കുടിയേറ്റ നിരോധനമാണ്. സാമ്പത്തികത്തകർച്ചയും അതിദേശീയ സമീപനങ്ങളും ഇവർക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തു. 2001 സെപ്റ്റംബർ 11ന്റെ ഭീകരാക്രമണത്തിനുശേഷമാണ് മുസ്ലിങ്ങളെ അപരവൽക്കരിച്ചുകൊണ്ടുള്ള വംശീയ സമീപനങ്ങൾ വലതുപാർട്ടികൾ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയത്. യൂറോപ്യൻ സംസ്‌കാരവുമായി ഇസ്ലാം ചേർന്നു നിൽക്കുന്നതല്ലെന്നത് അടക്കമുള്ള പ്രചാരണങ്ങളാണ് പരസ്യമായി തന്നെ അവർ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാരണം അപരരും ന്യൂനപക്ഷവുമായ ഒരു വിഭാഗമാണെന്ന പ്രചാരണവും ഇവർ നടത്തുന്നു.
എന്നാൽ ഈ പ്രചാരണം സാധൂകരിക്കുന്ന രീതിയിലാണ് യൂറോപ്പിലെ ഇസ്ലാമിക സംഘടനകളുടെയും, ഒരു പരിധി വരെ ഇസ്്ലാമിക സമൂഹത്തിന്റെയും പ്രവർത്തനം. മറ്റ് രാജ്യങ്ങളിൽനിന്ന് അഭയാർത്ഥികളായി വന്ന് പൗരത്വം കിട്ടിക്കഴിഞ്ഞ്, ജനസംഖ്യയിലെ ഒരു നിർണ്ണായക വിഭാഗമായാൽ അവർ ആ രാജ്യത്തിന്റെ നിയമങ്ങളല്ല ശരിയ്യ നിയമങ്ങളാണ് ആഗ്രഹിക്കുന്നത്. അടിക്കടിയുണ്ടാവുന്ന തീവ്രവാദ ആക്രമണങ്ങൾ മതേതരമായി ചിന്തിക്കുന്നവരെപ്പോലും മനസ്സ് മടുപ്പിക്കയാണ്. മതരഹിതസമൂഹം എന്ന് അറിയപ്പെടുന്ന സ്‌കാൻഡനേവിയൻ രാജ്യങ്ങൾ കഴിഞ്ഞ വർഷം നിന്ന് കത്തിയത്, ഇസ്ലാം മൂലമാണ്. ബ്രിട്ടനിലും, ഫ്രാൻസിലുമെല്ലാം മറ്റുള്ളവർക്ക് കടന്ന് ചെല്ലാൻ പോലും കഴിയാത്ത മുസ്ലിം ഗെറ്റോകൾ ഉണ്ട്. ഇതെല്ലാം ഒഴിവാക്കി, ഒരു പൊതു രാഷ്ട്ര ശരീരത്തിലേക്ക് ലയിച്ചുകയറാൻ യൂറോപ്പിലെ മുസ്ലീങ്ങൾ തയ്യാറല്ല എന്ന വലതുപക്ഷ പ്രചാരത്തിൽ ഒരുപരിധിവരെ ശരിയുമുണ്ട്. അതിനാൽ തീവ്ര വലതുപക്ഷത്തെ തടയാൻ ആദ്യം ഇസ്ലാം സ്വയം നവീകരിക്കപ്പെടുകയാണ് വേണ്ടത് എന്നാണ്, റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള സ്വതന്ത്രചിന്തകർ പറയുന്നത്.
വാൽക്കഷ്ണം: ലോകമെമ്പാടും വലതുപക്ഷ 'വസന്തം' നടക്കുമ്പോൾ ഇടതുപക്ഷത്തെ കാണാനുള്ളത് 'ദേശാഭിമാനിയിൽ' മാത്രമാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഭരണമാറ്റം ഉണ്ടാകുന്നതോടെ അവർ അതിന് ഇടതുവസന്തമാക്കും. എന്നാൽ അതൊന്നും കമ്യുണിസ്റ്റ് പാർട്ടികളല്ല, ക്യാപിറ്റലിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികളാണ് എന്നതാണ് വാസ്തവം.