ആധുനികകാലത്തും ലോക ഇസ്ലാമിക പണ്ഡിതർക്കിടയിൽ രൂപപ്പെടുന്ന ഓരോരോ ചർച്ചകൾ കണ്ടാൽ നാം ചിരിച്ചുപോവും. ചെസ്സുകളി അനിസ്ലാമികമാണോ എന്ന ചർച്ചായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക ഇസ്ലാമിക പണ്ഡിത സദസ്സുകളി ൽ നിറഞ്ഞു നിന്നത്. ഇന്ത്യയിൽനിന്ന് നിരവധി ആരോപണങ്ങളുടെ പേരിൽ നാടുവിട്ട, ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായിക്കാണ് അതിന് തീരുമാനം ആക്കിയത്. വാതുവെപ്പ് ഉണ്ടാവരുത്, നിസ്‌ക്കാരം മുടക്കുന്ന രീതിയിൽ സമയം കളയരുത് എന്ന രണ്ട് ഡിമാന്റുകൾക്ക് ഒപ്പം മൂന്നാമത് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. അതായത്, ചെസ്സിലെ കുതിരയുടെ തല മാറ്റണം! ഇസ്ലാം സ്തൂപങ്ങൾക്കും പ്രതിമകൾക്കും എതിരാണ്്. ( അഫ്ഗാനിൽ കഴിഞ്ഞ തവണ താലിബാൻ അധികാരത്തിൽ ഏറിയപ്പോൾ തകർത്ത, ബാമിയൻ പ്രതിമകളുടെ കാര്യം ഓർക്കുക) അങ്ങനെ സ്തൂപം മോഡലിലുള്ള കുതിരയുടെ തല ഒഴിവാക്കി പകരം അവിടം ഒരു തൊപ്പിവെച്ച് കൊടുത്താൽ ചെസ്സ് ഹലാലായി!

എന്നാൽ എല്ലാ ഇസ്ലാമിക പണ്ഡിതരും ഇത് അംഗീകരിച്ചില്ല. രാജാവിന്റെ തലയിലെ കുരിശു രൂപം പലർക്കും പ്രശ്നമായി. (കുരിശിന്റെ പേരിൽ റെഡ്ക്രോസിനെപ്പോലും ആക്രമിച്ചവരാണ് ഇസ്ലാമിക തീവ്രവാദികൾ. നേരത്തെ സാൻഡ്വിച്ച്, ക്രിസ്റ്റിയാനിറ്റിയിലെ ത്രിത്വത്തെ ഓർമ്മിക്കുമെന്ന് ഒരു പണ്ഡിതൻ പറഞ്ഞതിന്റെ പേരിൽ നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികൾ സാൻഡ്വിച്ച് വേട്ടതന്നെ നടത്തിയിരുന്നു!) അതും ഒഴിവാക്കിയാണ് പല രാജ്യങ്ങളിലും കളി നടത്തുന്നത്. അതുപോലെ ചെസ്സിൽ നമ്മൾ മന്ത്രിയെന്ന് വിളിക്കുന്ന സാധനം വിദേശത്ത് ക്യൂൻ അഥവാ റാണിയാണ്. രാജാവ് താരതമ്യേന നിഷ്പ്രഭനായി നിൽക്കുകയും, രാജ്ഞി കളം നിറയുകയും ചെയ്യുന്ന കളി ശരിയല്ലെന്നും വരെ വിലയിരുത്തലുകൾ ഉണ്ടായി. മതം സമൂഹത്തിൽ കലർന്നാലുള്ള കോമഡികൾ നോക്കുക.

പക്ഷേ ഒരു ഗുണമുള്ളത്, ഇസ്ലാമിക ലോകത്തെ വിവരമുള്ള ഭരണാധികാരികൾ ഇപ്പോൾ 'പണ്ഡിതർക്ക്' വലിയ വില കൊടുക്കാറില്ല എന്നതാണ്്. 2018ൽ സൗദിയിലെ ഗ്രാൻഡ് മുഫ്തി, ഇപ്പറഞ്ഞ കാരണങ്ങളാൽ ചെസ്സ് അനിസ്ലാമികം ആണെന്ന് പറഞ്ഞപ്പോൾ, മുഹമ്മദ് ബിൻ സൽമാൻ അടക്കമുള്ള സൗദി ഭരണാധികാരികൾ അത് തള്ളിക്കളഞ്ഞു. ആ വർഷം തന്നെ സൗദി അന്താരാഷട്ര ചെസ്സ് മത്സരങ്ങൾക്ക് വേദിയാവുകയും ചെയ്തു. പക്ഷേ പുറമേനിന്ന് വന്ന വനിതാ കളിക്കാർ ഒരു മൂടുപടം ഇടേണ്ടി വന്നു എന്ന് മാത്രം.

ഇത് ചെസ്സിന്റെ കാര്യം മാത്രമല്ല, പാമ്പും കോണിയും, ലുഡോയും തൊട്ട് ക്രിക്കറ്റും, ബാസ്‌ക്കറ്റ്ബോളു അടക്കമുള്ള ഹലാലാണോ, ഹറാമാണോ എന്ന് അറിയാൻ, ലോകത്തിലെ ഇസ്ലാമിക പണ്ഡിതർ പലതവണ ചർച്ച നടത്തിയിട്ടുണ്ട്. പലർക്കും പല അഭിപ്രായങ്ങളാണ്. പക്ഷേ ഫുട്ബോളിലേക്ക് വന്നാൽ ഈ അവസ്ഥ ഏറെ ആഗോളതലത്തിൽ മാറിയിട്ടുണ്ട്. ഫുട്ബോളിനെതിരെ ഒരു ഫത്വ പറയാൻ അവിടെ ഒരു ഇസ്ലാമിക പണ്ഡിതനും ഇന്ന് ധൈര്യമില്ല. ഈയിടെ അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവിയായിരുന്നു ഇസ്ലാമിക ലോകത്ത് ഹറാമിന്റെയും ഹലാലിന്റെയും അവസാന വാക്ക്. ഈജിപ്തിൽ ജനിച്ച ഖറദാവി മരിക്കുന്നതുവരെ ഖത്തറിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് ഖത്തർ ലോകകപ്പിന് അവർ ഒരുങ്ങിയത്.

പക്ഷേ പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിലേക്ക് വരിക. ഇവിടെ മതപണ്ഡിതർ ഫുട്ബോളിനെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. സാക്കിർ നായിക്കുപോലും അംഗീകരിച്ചിട്ടും കേരളത്തിൽ കാൽപ്പന്തുകളിയുടെ പേരിൽ തർക്കം നടക്കുകയാണ്.
ഇസ്ലാമിക 'പണ്ഡിതർ' ഫുട്ബോളിനെ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്.


ഭാര്യയുമൊത്തുള്ള കളി ഇസ്ലാമികം!

ലോകത്ത് എന്ത് സംഭവിച്ചാലും ഇസ്ലാമിക വിധിപ്രകാരം അത് ഹറാമാണോ, ഹലാൽ ആണോ, എന്ന് വിലയിരുത്തുന്ന ഒരു വിഭാഗം പണ്ഡിതർ ഇപ്പോൾ കേരളത്തിലും ഉയർന്നുവന്നിരിക്കയാണ്്. നേരത്തെ ഉപജില്ലാ കലോത്സവത്തിലെ ഖുർആൻ പാരായണ മത്സരത്തിൽ വിജയിച്ച് പാർവതി എന്ന നാലാംക്ലാസുകാരിയെ വിമർശിച്ചുകൊണ്ട്, അന്യമതസ്ഥർ ഖുർആൻ പഠിക്കരുതെന്ന് പറഞ്ഞ് ഒരു ഇസ്ലാമിക പണ്ഡിതൻ രംഗത്ത് എത്തിയിരുന്നു. ഇയാൾ സോഷ്യൽ മീഡിയയുടെ നിശിത വിമർശനം ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അതുകൊണ്ടെന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

ചില മുജാഹിദ് പണ്ഡിതരുടെ അഭിപ്രായത്തിൽ മൂന്നേ മൂന്ന് കളികൾ മാത്രമേ ഇസ്ലാമികം ആയിട്ടുള്ളു. അമ്പെയ്ത്ത്, കുതിരയോട്ടം, ഭാര്യയുമൊത്തുള്ള കളികൾ എന്നിവ യാണിവ. ഇത് പരസ്യമായി പറഞ്ഞ് വീഡിയോ ചെയ്യുകയാണ്. എന്താണ് ഭാര്യയുമായുള്ള കളികൾ എന്നതിന് കൃത്യമായ ഉത്തരം ഇല്ല. ശാരീരിക ബന്ധം എന്നുതന്നെയാണ് നിഗമനം. അതിനായി ഒരു മത ഗ്രന്ഥത്തിൽനിന്ന് ഉദ്ധരിച്ച് 'പണ്ഡിതൻ' പറയുന്നത് ഇങ്ങനെയാണ്. '' മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങൾ മൂന്നെണ്ണം മാത്രമാണ്. പുരുഷൻ തന്റെ ഭാര്യയോടൊപ്പമുള്ള കളികൾ, കുതിരയോട്ട മത്സരം നടത്തുക, അമ്പെയ്തു മത്സരം നടത്തുക. ഇവമാത്രമാണ് ഇസ്ലാമിക വിധി പ്രകാരം അനുവദനീയമായ കളികൾ. നമ്മുടെ നാടുകളിൽ ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ് പോലുള്ള കളികൾ പ്രചാരമുള്ളതാണല്ലോ. ഇത്തരം കളികളുടെയെല്ലാം അടിസ്ഥാനവിധി അനുവദനീയം എന്നാണെങ്കിലും ഇന്നു നടക്കുന്ന കളികളിൽ നിഷിദ്ധം വരുന്നു. അതുകൊണ്ട് തന്നെ കുറ്റകരമായി മാറുന്നു. ഔറത്ത് ( ഇസ്ലാമിക വിധിപ്രകാരമുള്ള നഗ്നത) വെളിവാക്കികൊണ്ടാണ് ഇന്നു പലരും ഇത്തരം കളികളിൽ ഏർപ്പെടുന്നത്. കളിയിലും കാര്യത്തിലും ഔറത്തു വെളിവാക്കൽ നിഷിദ്ധമാണ്.

അനുവദനീയമായ ഏതു കളിയിലും നിഷിദ്ധമായ ഏതെങ്കിലും ഒന്നു വന്നുചേരുന്നുണ്ടെങ്കിൽ കുറ്റകരമായി മാറുന്നു. മനസ്സിനോ ശരീരത്തിനോ നേട്ടം ലഭിക്കുന്നതും നിരുപദ്രവകരവും നിർദോഷകരവുമായ വിനോദങ്ങൾ നിഷിദ്ധമാകുന്നില്ലെങ്കിലും ഉത്തരവാദിത്വങ്ങൾ, നിർബന്ധ ബാധ്യതകൾഎന്നിവയിൽ നിന്നു ശ്രദ്ധതിരിക്കുന്നിടംവരെ അനുവദനീയമായ വിനോദങ്ങളിലും സത്യവിശ്വാസി മുഴുകിക്കൂടാ.''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.

'തുട കാണുന്ന കളി വേണ്ട'

അതിനിടെയാണ് റഫീഖ് സലഫിയെന്ന മുജാഹിദ് പണ്ഡിതൻ, തുട മറയ്്ക്കാത്ത താരങ്ങളുടെ ഫ്‌ളക്‌സ് വെക്കുന്നവർ പരലോകത്ത് കണക്ക് പറയേണ്ടി വരുമെന്നും പറഞ്ഞാണ് രംഗത്ത് എത്തിയത്. സലഫിയുടെ വിവാദ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ''അവസാനിച്ചിട്ടില്ല, ഈ കളി നിങ്ങൾ നോക്കു. ഇസ്ലാം നിർബന്ധമായും മറയ്‌ക്കേണ്ട ഭാഗങ്ങൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന നിലയിലാണ് ഈ കളി നടക്കുന്നത്. ഔറത്ത് കൃത്യമായി മറയ്ക്കുന്നില്ല. പുരുഷന്റെ തുട ഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത് നമുക്ക് കാണാൻ പറ്റുമോ. സ്ത്രീകളും കുട്ടികളുമൊക്കെ ഒന്നടങ്കം ഈ നിലക്കുള്ള കളികൾ കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്. പുരുഷന്മാരും സത്രീകളുമൊക്കെ തുടഭാഗം കാണുന്നില്ലേ, അത്തരം ആളുകളുടെ കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്. അതിനുവേണ്ടിയല്ലേ, കാശ് ചിലവഴിക്കുന്നത്. കണക്കുപറയേണ്ടിവരും''- ഇങ്ങനെയുള്ള വീഡിയോ ക്ലിപ്പാണ് റഫീക്ക് സലഫിയുടെ പേരിൽ പ്രചരിക്കുന്നത്.

പക്ഷേ റഫീക്ക് സലഫിക്കെതിരെ സോഷ്യൽമീഡിയയിൽ മതേതര മനസ്സുള്ള ചെറുപ്പക്കാർ തന്നെ വലിയ വിമർശനം ഉയർത്തുന്നുണ്ട്. നേരത്തെ സാക്കിർ നായിക്കിന്റെയും മുജാഹിദ് ബാലുശ്ശേരിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ വലിയ വിമർശനം നേരിട്ടയാണളാണ് റഫീക്ക് സലഫി. ഫുട്ബോൾ വീഡിയോക്കെതിരെയുള്ള ഒരു കുറിപ്പ് ഇങ്ങനെയാണ്. ''ആ കൂപമണ്ഡൂകത്തിന്റെ നിലവിളി കേട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.തട്ടമിട്ട ഉസ്താദ് വിലപിക്കുന്നത് കുട്ടികളും സ്ത്രീകളും ഷോർട്‌സ് ധെരിച്ച കളിക്കാരുടെ ഔറത്ത് കാണും എന്ന് പറഞ്ഞാണ്.ഫ്‌ളകസിൽ പോലും പുരുഷന്റെ തുട സ്ത്രീകൾ കണ്ടാൽ ആകാശം ഇടിഞ്ഞ് വീഴും എന്നപോലെയാണ് വിലാപം. അവരുടെ തുട അവർ കാണിക്കുന്നു . കാണാൻ ഇഷ്ടമുള്ളവർ കാണുന്നു കാണാണ്ടാത്തവർ കാണണ്ട, അതിന് ഉസ്താദിന് എന്തിനാണ് വെപ്രാളം. മുൻപ് മറ്റൊരു തട്ടമിട്ട ഉസ്താദ് പറഞ്ഞു അദ്ദേഹം സുനിതാ ദേവദാസ് ന്റെ വീഡിയോ കാണാറുണ്ട് എന്ന്. അത് പറഞ്ഞ ഉടനെ അദ്ദേഹം തിരുത്തി. കാണാറില്ല കേൾക്കാറെ ഉള്ളൂ. അന്യ സ്ത്രീയെ നോക്കാൻ പാടില്ല എന്ന്.

അന്യ സ്ത്രീയെ നോക്കിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ? കപട സദാചാരം! ഇക്കാലത്തും ഇങ്ങനെ ചിലർ 1400 വർഷം മുൻപത്തെ അറേബ്യയിലാണ് ജീവിക്കുന്നത്.ഇന്നത്തെ അറേബ്യ മാറിയത് ഇക്കൂട്ടർ അറിഞ്ഞിട്ടില്ല.പണ്ട് ഫോട്ടോ ഹറാം ആയിരുന്നു ഗൾഫിൽ പോകാൻ ഫോട്ടോ വേണമെന്നായപ്പോൾ ഫോട്ടോ ഹലാൽ ആയി .. അത്രയേ ഉള്ളൂ !സൗദിയിൽ കുറേപ്പേരെങ്കിലും പതുക്കെ പതുക്കെ പൊട്ടക്കിണറ്റിന് പുറത്ത് വരാനുള്ള ശ്രമത്തിലാണ് പക്ഷെ കേരളത്തിൽ കിണറ്റിന്റെ ആഴത്തിലേക്കാണ് പോക്ക് ''. ഇങ്ങനെയാണ് ആ വിമർശനം അവസാനിക്കുന്നത്. ഇതുപോലെ നിരവധി പേർ അതിരൂക്ഷമായി ഉസ്താദിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.


നിസ്്ക്കാരം മുടക്കരുതെന്ന് സമസ്ത

അമ്പലത്തിന് പരിവ് കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്നപോലെ ആണെന്നും, ഓണവും ക്രിസ്മസും ഒന്നും ആഘോഷിക്കരുത് എന്നും പറയുന്ന, മുജാഹിദ് പണ്ഡിതരെ കേരളം നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ താരതമ്യേന മിതവാദികൾ എന്ന്ക രുതുന്ന സമസ്തയും ഇത്തവണ ഫുട്ബോളിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ആരാധകർ ഫുട്‌ബോൾ താരങ്ങളെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന വിവാദക്കൊടുങ്കാറ്റുയർത്തി.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇത്തരത്തിലുള്ള മാർഗ നിർദ്ദേശങ്ങൾ നൽകിയത്. ഫുട്‌ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.'

എന്നാൽ നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത,് വിനോദങ്ങളോടുള്ള വിശ്വാസികളുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ചുകൊണ്ട് സമസ്ത അറിയിച്ചു. ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നൽകിയതാണ്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി. നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.

രാത്രി സമയങ്ങളിൽ ലോകകപ്പ് കളി കാണുന്നവർ പകലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാതെ ശ്രദ്ധിക്കണം. ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

പോർച്ചുഗലിലെ ആരാധിക്കരുത്

സമസ്തയുടെ കുറിപ്പിൽ ഏറ്റവും അപലപനീയമായ കാര്യം പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ എടുത്തു പറഞ്ഞുള്ള പ്രചാരണം ആണ്. കുറിപ്പിൽ ഇങ്ങനെ പറയുന്നു. ''
ഫുട്‌ബോളിനോടുള്ള സ്‌നേഹവും ആരാധകരോടുള്ള താൽപര്യവുമാണ് പല സ്ഥലങ്ങളിലായുള്ള താരങ്ങളുടെ കൂറ്റൻ ഫ്‌ളക്‌സുകൾക്ക് പിന്നിലുള്ളത്. വിശ്വാസികൾ അതിര് വിട്ട് താരങ്ങളെ ആരാധിക്കുന്നത് അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല''. - ഇങ്ങനെയാണ് സമസ്തയുടെ കുറിപ്പ് അവസാനിക്കുന്നത്.

നോക്കുക, ക്രിസ്റ്റിയാനോ റോണാൾഡോയെപ്പോലുള്ള മഹാനായ ഒരു കളിക്കാരനുള്ള ഒരു ടീമിനെ, നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കാര്യങ്ങളുടെ പേരിൽ ക്രൂരന്മാരാക്കുന്നു. പണ്ട് എന്ത് ചെയ്തു എന്നതിന്റെ പേരിലല്ല, ഇന്ന് എന്ത് ചെയ്യുന്നവെന്നതിന്റെ പേരിലാണ് ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് എന്ന സമാന്യ ബുദ്ധിപോലും സമസ്ത നേതാക്കൾക്കില്ല. ഇന്ന് ലോകത്തില ഏറ്റവു കൂടുതൽ സമാധാന പ്രിയർ താമസിക്കുന്ന രാജ്യമാണ് പോർച്ചുഗൽ. എന്നാൽ നാസർ ഫൈസി കൂടത്തായിയുടെ പാത പിന്തുടർന്നുകൊണ്ട്, കോഴിക്കോട് കുറ്റിച്ചിറ പള്ളിക്ക് മുന്നിലൊക്കെ 'പറങ്കികളുടെ' പതാക കെട്ടിയതിനെ വിമർശിച്ചുകൊണ്ട് പല മൗലവിമാരും രംഗത്ത് എത്തുകയുണ്ടായി.

അധിനിവേശത്തിന്റെയും കൊളോണിയലിസത്തിന്റെ പേരിലും ഇന്ന് നാം ഒരു ടീമിനെ എതിർക്കയാണെങ്കിൽ അതിൽ, പോർച്ചുഗൽ മാത്രമല്ല വരിക. ഇംഗ്ലണ്ടും, സ്പെയിലും, നെതർലൻഡ്സും ഒക്കെ വരും. ഇവയൊക്കെ ഇന്ന് ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളാണ്. അടിമത്തം അടക്കമുള്ള പണ്ട് ചെയ്ത ക്രൂരതകളുടെ പേരിൽ ആണെങ്കിൽ അറേബ്യൻ രാഷ്ട്രങ്ങളും ഈ പട്ടികയിൽ പെടും എന്ന് ഉറപ്പാണ്. 'ക്ഷീരമുള്ളോരകിടിൽ ചുവട്ടിലും, ചോരതന്നെ കൊതികിന് കൗതുകം എന്ന് പറയുന്നതുപോലെ' ലോകകപ്പ് ആവേശത്തിനിടയിലും, മതം കൃത്യമായി കടത്തിവിടാൻ എന്തുചെയ്യാം എന്നതാണ് ഇവരുടെ ആലോചന.

മിണ്ടാതെ രാഷ്ട്രീയ പാർട്ടികൾ

അതേസമയം ഇത്തരമൊരു മൂന്നാംകിട മത കാമ്പയിൻ നടന്നിട്ടും, കേരളത്തിലെ സാംസ്കാരിക നായകരും, രാഷ്ട്രീയ പാർട്ടികളും പതിവുപോലെ മതത്തെ പേടിച്ച് മൗനത്തിലാണ്. ലോകകപ്പ് ഫുട്ബോൾ സംബന്ധിച്ച സമസ്തയുടെ പരാമർശങ്ങളോട് അകലം പാലിച്ച്, തികഞ്ഞ കരുതലോടെയാണ് മുസ്ലിം ലീഗ് പ്രതികരിച്ചത്. ലോകകപ്പ് നല്ലതല്ലേയെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം തിരിച്ച് ചോദിക്കുന്നത്. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ പാർട്ടിക്ക് പ്രത്യേക നിലപാടില്ല. നമ്മളെല്ലാം ഫുട്ബോൾ കാണുന്നവരാണ്. ഇക്കാര്യത്തിൽ പ്രവർത്തകർക്ക് അവരുടേതായ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 'ആരോ' നടത്തിയ പ്രസ്താവന സമുദായത്തിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്നായിരുന്നു സമസ്ത യുവജന വിഭാഗം നേതാവിന്റെ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ പറഞ്ഞത്. വിവാദ പ്രസ്താവനയിൽ ആ വ്യക്തി തന്നെയാണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും മുനീർ പറഞ്ഞു.

എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും വിഷയത്തോട് മുനീർ രൂക്ഷമായി പ്രതികരിച്ചു. കളി എന്നു പറഞ്ഞാൽ ഫുട്ബോൾ തന്നെയാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ചുകളയാനാവില്ല. എന്നാൽ അതേക്കുറിച്ചുള്ള ചില വർത്തമാനങ്ങൾ നിരാശയുണ്ടാക്കുന്നതാണ്. ഫുട്ബോൾ ട്രൗസറിട്ടേ കളിക്കാൻ പറ്റൂ, പാന്റ്സിട്ട് കളിക്കാനാവില്ല. ഫുട്ബോളിന്റെ കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായവും ഇഷ്ടവുമുണ്ട് മുനീർ പറഞ്ഞു.

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല. ജനങ്ങളെ പലതിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോൽസാഹിപ്പിക്കപ്പെടേണ്ടണ്ടതാണ്. ദേശ-ഭാഷാ-സംസ്‌കാര വ്യത്യാസമില്ലാതെ ലോകം കാൽപ്പന്തു കളിയിൽ ആരവം തീർക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്.- മുനീർ പറഞ്ഞു.

മുൻ മന്ത്രി കെ ടി ജലീലും ഫേസ്‌ബുക്കിലുടെ സമസ്തയെ വിമർശിച്ച് രംഗത്ത് എത്തി. '' സങ്കുചിത ദേശീയതയുടെ മതിൽകെട്ടുകളാണ് ഫുട്ബോൾ ആരാധകർ തകർത്തെറിഞ്ഞിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പഴങ്കഥകൾ പൊടിതട്ടിയെടുത്ത് ജനമനസ്സുകളിൽ അകൽച്ച പടർത്താനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്.

ധൂർത്തിന്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഡംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉൽസവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിന്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക? ഫുട്ബോളിന്റ പേരിൽ നടക്കുന്ന 'ധൂർത്ത്' അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന 'ധൂർത്ത്' ന്യായമാകുന്നതിലെ 'യുക്തി'ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല.

മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാൽപ്പന്തു കളിയിൽ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകൾ ഏറെ നിലനിൽക്കുന്ന ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഫുട്ബോളും സിനിമയും ജനങ്ങൾക്കേകുന്ന സന്തോഷം ചെറുതല്ല.ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവൻ സ്നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിർവൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവർ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ.''- ഇങ്ങനെയാണ് ജലീലിന്റെ പോസ്റ്റ് അവസാനിക്കുന്നത്. പക്ഷേ ഭൂരിഭാഗം നേതാക്കൾക്കും ഈ വിഷയത്തിൽ അഭിപ്രായം പറയാൻ പേടിയാണ്. വിഷയം വോട്ട് ബാങ്ക് തന്നെ.

സെക്കുലറൈസേഷനെ ഇസ്ലാമിന് പേടി

പക്ഷേ ഏറ്റവും ശ്രദ്ധേയമായ കാര്യം മുസ്ലിം സമൂഹത്തിലെ പുതുതലമുറ ഈ ജൽപ്പനങ്ങളെയോടെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നതാണ്. . കോഴിക്കോട് നടന്ന മറ്റൊരു സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഇങ്ങനെ- ''കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ വച്ച് പള്ളിയുടെ പരിസരങ്ങളിലും പള്ളിക്കു മുൻപിലെ റോഡിലും ഉയർന്നു വന്ന ഫുട്‌ബോൾ ആരാധകരുടെ വിവിധ രാജ്യങ്ങളിലെ കട്ടൗട്ടുകൾക്കെതിരെ പള്ളിയിൽ ഉസ്താദ് പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള ആരാധനകൾ സമയ നഷ്ടവും, മതവിരുദ്ധവും ആണെന്നും ഇസ്ലാം അതിനെ അനുകൂലിക്കുന്നില്ല എന്നുമൊക്കെ ജുമാ കൂടുന്ന വെള്ളിയാഴ്ച പ്രസംഗത്തിൽ പറഞ്ഞതിനെതിരെ ആണ്
'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന വാചകം ഉയർത്തി ആരാധകർ മറുപടി നൽകിയിരിക്കുന്നത്. ഫുട്‌ബോൾ എന്ന ഏകമതത്തെ, ലോകത്തിന്റെ വസന്തത്തെ പോലും മനസ്സിലാക്കാതെ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം കാണുന്ന പുരോഹിതർക്കുള്ള മറുപടി കൂടി ആയി ഈ ബോർഡ്''- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മലപ്പുറത്തും സമാനമായ രീതിയിൽ 'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന ബോർഡ് ഉയർന്നിരുന്നു.

ഇതുതന്നെയാണ് സത്യത്തിൽ കേരളത്തിലെ ഇസ്ലാമിക പണ്ഡിതരെ ഭയപ്പെടുത്തുന്നത്. അവർ തങ്ങൾക്ക് എവിടെയും ഒന്നാസ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവർ ആണ്. ഫുട്ബോൾ വന്നതോടെ യുവാക്കൾ നിസ്‌ക്കാരം മറന്നാൽ, പള്ളിയിലേക്ക് വരാതായാൽ അത് ആരെയാണ് ബാധിക്കുക എന്ന് അവർക്ക് നന്നായി അറിയാം. അതിലാണ് സ്വർഗം പറഞ്ഞ് കൊതിപ്പിച്ചും, നരകം പറഞ്ഞ് പേടിപ്പിച്ചും അവർ യുവാക്കളെ ലക്ഷ്യമിടുന്നത്. പക്ഷേ കേരളത്തിലെ യുവാക്കൾ വേറെ ലെവൽ ആണെന്ന കാര്യം അവർ മറന്നുപോയി.

പ്രശ്സത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായി സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' സെക്ക്യുലറൈസേഷനെ വല്ലാതെ ഭയക്കുന്ന ഒരു കൂട്ടരാണ് ഇസ്ലാം. ഫുട്ബോൾ ഭാഷയെയും, മതത്തെയും, ദേശീയതകളെയും അലിയിപ്പിക്കുന്നത് അവർക്ക് പിടിക്കില്ല. കാരണം, ലയിക്കുക എന്നല്ല വേറിട്ട് നിൽക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന രീതി. ''- ഫുട്ബോളും മതവും എന്ന തന്റെ പ്രഭാഷണത്തിൽ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

മതം കടത്തുന്ന ഖത്തർ

പക്ഷേ ഖത്തറിന്റെ ടെക്ക്നിക്ക് കേരളത്തിലെ മതപണ്ഡിതർക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നാണ്, സ്വതന്ത്രചിന്തകനും, പ്രഭാഷകനും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ആരിഫ് ഹുസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടുന്നത്. ''വിനോദവും ഇസ്ലാമും തമ്മിലുള്ള വൈരുധ്യം എല്ലാകാലത്തും ഉള്ളതാണ്. വിനോദം എന്ന സംഗതിയെ ഇസ്ലാം കാണുന്നത് മത ചിന്തയിൽനിന്ന് പുറത്ത് കടക്കുന്ന ഒരു സാധനം ആയിട്ടാണ്. അതിൽ സംഗീതവും കളികളും എല്ലാം പെടും. എന്നാൽ ചിലതൊക്കെ അനുവദിച്ചിട്ടുമുണ്ട്. ദഫ്മുട്ട് അനുവദിച്ചിട്ടുണ്ട്. അതുപോലെ അമ്പെയ്ത്തും, കുതിരയോട്ടവും അനുവദിഞ്ഞിട്ടുണ്ട്. അതിന് കാര്യവും ഉണ്ട്. നബിയുടെ കാലത്ത് ആളുകളെ യുദ്ധത്തിന് സജജ്ജരാക്കാൻ കഴിയുന്നവയാണിവ. വിനോദമാണെങ്കിൽ പോലും അതിന് ഒരു ഉദ്ദേശം, ഇസ്ലാമികമായി കൽപ്പിക്കപ്പെടുന്നത് യുദ്ധം ആണ്.

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പിന്നിൽ, കൃത്യമായി മതം പടർത്തുക എന്ന ഇസ്ലാമിക രാഷ്ട്രീയം ഉണ്ട്. മതത്തിന് ഒരു പുതിയ മാനം കൊടുക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. അത് നമ്മുടെ നാട്ടിലെ ഇസ്ലാമിക പണ്ഡിതർക്ക് കിട്ടിയിട്ടില്ല. അല്ലായിരുന്നെങ്കിൽ സാക്കിർ നായിക്ക് ഈ വേദിയിൽ പ്രത്യക്ഷപ്പെടുമായിരുന്നില്ല. തീവ്രവാദ ഫണ്ടിങ്ങിന്റെ പേരിൽ മുൻകാലത്ത് ആരോപണം നേരിട്ട രാഷ്ട്രമാണ് ഖത്തർ. അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട്. അത് വരും നാളുകളിൽ വ്യക്തമാവും. ''- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ഖുർആൻ സൂക്തങ്ങൾ വായിച്ചത് അടക്കമുള്ള നിരവധി ഉദാഹരണങ്ങൾ ഖത്തറിന്റെ ഹിഡൻ ഇസ്ലാമൈസേഷന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉദ്ഘാടനത്തിന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് പങ്കെടുത്തതും വിവാദമായിരുന്നു. എന്നാൽ ഇദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും, സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നമാണ് ഖത്തർ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയെ അറിയിച്ചത്. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെ മറ്റു രാജ്യങ്ങൾ ബോധപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അധികൃതർ പറയുന്നുത്. സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ 2016 അവസാനത്തോടെ ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും പ്രോൽസാഹിപ്പിക്കുന്ന ഇയാളെയും ഇയാളുടെ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സാക്കിറിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകൾ ആണ് ഇന്ത്യ കണ്ടുകെട്ടിയത്. ബംഗ്ലാദേശിലെ തീവ്രവാദി ആക്രമണം തൊട്ട് ഐസിസ് ബന്ധംവരെയുള്ള നിരവധി കേസുകളിലും അയാൾ ആരോപിതനാണ്. എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ തീവ്രാവാദം ഉണ്ട് എന്നാണ് ഒരു ചൊല്ല. എന്നിട്ടും ഈ മനുഷ്യനെ വരെ കൊണ്ടുവരുന്നതിന് ഇടയാക്കിയത് ഖത്തറിന്റെ കൃത്യമായ മത രാഷ്ട്രീയം തന്നെയാണ്.

ഖത്തർ ഫുട്ബോളിലുടെ ഇസ്ലാമിനെ വളർത്താൻ ശ്രമിക്കുന്നു. എന്നാൽ ഫുട്ബോൾ ഇസ്ലാമിനെ തകർക്കുമെന്ന് കരുതി നമ്മുടെ നാട്ടിലെ പണ്ഡിതർ അത് എതിർക്കുന്നു. വിചിത്രമാണ് കാര്യങ്ങൾ!

വാൽക്കഷ്ണം: ഇസ്ലാമിക വസ്ത്രധാരണ നിയമം അനുസരിച്ച് മുട്ട് മുതൽ പൊക്കിൾവരെയുള്ള ഭാഗങ്ങൾ നിർബന്ധമായി മറയ്‌ക്കേണ്ടതാണ്. അതുകൊണ്ടാണ് ഷോർട്‌സ് ധരിക്കുന്നതിനെ ഇസ്ലാമിക പണ്ഡിതർ പണ്ടേ എതിർക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഒരു ഫുട്‌ബോൾ മത്സരം നടത്തിയപ്പോൾ മുട്ടുമറയ്ക്കുന്ന വലിയ ട്രൗസർ നൽകി ഹലാലാക്കിയെന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോൾ ആകുന്നുണ്ട്! സംഭവം പക്ഷേ ശരിയാണോ എന്ന് അറിയില്ല.