- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മുത്തലാഖ് നിരോധനത്തെ മുസ്ലിം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രമാക്കി; പൗരത്വം കൊടുക്കാനുള്ള ബില്ലിനെ എടുത്തു കളയുന്നതാക്കി; യുസിസി വന്നാൽ ഖബറടക്കൽ പോലും നിരോധിക്കപ്പെടുമെന്നും കുപ്രചാരണം; മണിപ്പൂരിലെ ഗ്രോത്ര കലാപത്തെ വർഗീയമാക്കി; ഇപ്പോൾ ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
ഒഥല്ലോയുടെ മനസ്സിൽ നിരന്തരം, വിഷം കുത്തിവെപ്പിച്ചുകൊണ്ട് അയാളെ സ്വന്തം ഭാര്യയുടെ കൊലപാതികയാക്കുന്ന ഇയാഗോ എന്ന ഷേക്സ്പിയരിയൻ കഥാപാത്രത്തെക്കുറിച്ച് ഇന്നും ലോകമെമ്പാടം പഠനങ്ങൾ നടക്കുന്നുണ്ട്. ഇയോഗോവിന്റെ സങ്കീർണ്ണമായ കഥാപാത്രത്തെ പഠിച്ച് ഡോക്ടറേറ്റ് നേടുന്നവരും ഒട്ടനവധിയാണ്.
അതുപോലെ തന്നെ പഠിക്കേണ്ട ഒരു വിഷയമാണ് ഇയാഗോ പൊളിറ്റിക്സും. ഇല്ലാത്തകാര്യങ്ങളെ പെരുപ്പിച്ച് മസ്തിഷ്ക്ക പ്രക്ഷാളനം ചെയത് ഒരു ജനതയെ മൊത്തമായി വിദ്വേഷരാഷ്ട്രീയത്തിന് അനുകൂലമായി മാറ്റിയെടുക്കുന്ന ഇയാഗോ പൊളിറ്റിക്സാണ്, ഹിറ്റ്ലറൊക്കെ പയറ്റിയതിന് പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു ചെറിയ പതിപ്പ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കപ്പെടുകയാണ്.
ഏറ്റവും വിചിത്രം പുരോഗമനത്തിന്റെ അപ്പോസ്തലന്മാർ എന്ന് നമ്മൾ കരുതുന്ന, ഇടതുപക്ഷമാണ് ഇപ്പോൾ ഈ മൂപ്പിക്കലിന്റെയും പരികേറ്റലിന്റെയും ആളുകളായി പ്രവർത്തിക്കുന്നത്. ഈയിടെ 'മണിപ്പൂരിൽ കത്തുന്നത്' എന്ന വീഡിയോ അവതരിപ്പിച്ചുകൊണ്ട്, പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ, ഇടതുപക്ഷത്തിന്റെത് കൃത്യമായ ഇയാഗോ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.
അടുത്തകാലത്തായി സിപിഎം അടക്കം എടുക്കുന്ന നിലപാടുകൾ നോക്കിയാൽ നമുക്ക് ഈ കാര്യം വ്യക്തമായി മനസ്സിലാവും. മുത്തലാഖ് നിരോധനത്തെ മുസ്ലിം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രമാക്കിയാണ് സിപിഎം കണ്ടത്. പൗരത്വം കൊടുക്കാനുള്ള ബില്ലായിരുന്നു സിഎഎ. എന്നാൽ അത് ഈ നാട്ടിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയും എന്നാക്കി മാറ്റിയായിരുന്നു സിപിഎം പ്രചാരണം. ഇപ്പോൾ ഏക സിവിൽ കോഡിനെയം സിപിഎം എതിക്കുന്നത്് അത് മുസ്ലീങ്ങളെ മാത്രമാണ് ബാധിക്കുക എന്ന ഭീതി ഉയർത്തിയാണ്. മണിപ്പൂരിലെ ഗ്രോത്രകലാപത്തെ വർഗീയമാക്കി അത് സംഘപരിവാറിന്റെ സൃഷ്ടയാണെന്ന് വരുത്തി തീർക്കാൻ കിണഞ്ഞ് പണിയെടുക്കയാണ് ദേശാഭിമാനി. ഇപ്പോൾ ഗണപതി വിവാദത്തിൽ അവസാനം എവിടെ എത്തിയെന്ന് നോക്കുക. അങ്ങേയറ്റം അപകടരമായ കമ്യൂണൽ ബാറ്റിങ്ങ് തന്നെയാണ് കേരളത്തിൽ സിപിഎം ഇപ്പോൾ നടത്തുന്നത്. നമുക്ക് ചില ഉദാഹരണങ്ങൾ പരിശോധിക്കാം.
മുത്തലാഖിൽ സംഭവിച്ചത്
ഒന്നും ചെല്ലി രണ്ടും ചെല്ലി മൂന്നും ചെല്ലി എന്ന് വെറുവാക്കൽ പറഞ്ഞുകഴിഞ്ഞാൽ ഒരു ഭാര്യയുമായുള്ള ബന്ധം ഒഴിയാമെന്നത്, ആധുനിക മുല്യങ്ങളിൽ വിശ്വസിക്കുന്ന എത് സമൂഹത്തിനാണ് ഉൾക്കെള്ളാൻ കഴിയുക. മുത്തലാഖ് എന്ന ലോകത്തിലെ പല ഇസ്ലാമിക രാഷ്ട്രങ്ങളും നിരോധിച്ച ദുരാചരാരത്തിനെതിരെ മോദി സർക്കാർ ബിൽ കൊണ്ടുവന്നപ്പോൾ, കോൺഗ്രസും ഇടതുപക്ഷവും ഇവിടെ എന്താണ് പ്രചരിപ്പിച്ചത്.
മുസ്ലിം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള മോദിയുടെ തന്ത്രമായാണ് ഇത് പ്രചരിപ്പിക്കപ്പെട്ടു.നിരോധനം കഴിഞ്ഞ് നാലുവർഷം പിന്നിടുമ്പോൾ എത്ര മുസ്ലീങ്ങൾ അനധികൃതമായി ഈ വകുപ്പ് ചാർത്തപ്പെട്ട് ജയിലിൽ കിടക്കുന്നുണ്ട് എന്ന് നോക്കുക.
2018ൽ, സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിക്കയും, ആറുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്നും വലിയ ബഹളാണ് മുസ്ലിം സംഘടകൾക്കൊപ്പം ഇടതുപക്ഷവും ഉണ്ടാക്കിയത്. ആൾ ഇന്ത്യ മുസ്ലിം പേഴ്സൺൽ ലോ ബോർഡ് മുത്താലഖിന് ഏർപ്പെടുത്തുന്ന നിരോധനത്തെ എതിർത്തു. ഇത് മതപരമായ പ്രശ്നമാണെന്നും കോടതി ഇടപെടേണ്ടത് ഇല്ലെന്നുമായിരുന്നു ബോർഡിന്റെ നിലപാട്. വാട്സ്ആപ്പിലൂടെയും സ്കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.
15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാണ് കേന്ദ്രം തയ്യാറാക്കിയത്.
പതിവുപോലെ ബിജെപി കൊണ്ടുവരുന്ന എന്തിനെ എതിർത്ത് ഇടതുപക്ഷമടക്കം അപഹാസ്യർ ആവുകയും ചെയ്തു. പക്ഷേ ലോക രാഷ്ട്രങ്ങളും, വിവിധ മനുഷ്യാവകാശ സംഘടനകളും, ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളും മുത്തലാഖ് ബില്ലിനെ പ്രകീർത്തിക്കയാണ് ഉണ്ടായത്. അതിന്റെ അത്മവിശ്വാസം തന്നെയാണ് മോദി സർക്കാറിനെ ഇപ്പോഴും ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിലേക്ക് നയിച്ചത്.
കശ്മീർ ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുമോ?
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ അത് ഇന്ത്യൻ മുസ്ലിങ്ങൾക്ക് എതിതിരെയുള്ള നീക്കമായി പ്രചരിപ്പവരിൽ സിപിഎമ്മും ഉണ്ടായിരുനനു. കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായതുകൊണ്ട് മാത്രം ഇന്ത്യൻ മുസ്ലിങ്ങൾക്ക് എന്ത് ദ്രോഹമാണ് ഉണ്ടായതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പ്രത്യേകിച്ച് കേരളത്തിൽ ജീവിക്കുന്ന ഒരു മലയാളിക്ക് അതുകൊണ്ട് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇനി കാശ്മീർ മുസ്ലീങ്ങൾക്ക് തന്നെ തൊഴിലെടുക്കുന്നതിനോ, അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതിനോ, ഒന്നും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്നിട്ടും ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തോ വലിയ ദുരന്തം സംഭവിച്ചു എന്ന രീതിയിലായിരുന്നു, ഇടതുപക്ഷത്തിന്റെ പ്രൊപ്പഗൻഡ.
2019 ഓഗസ്റ്റ് 6-നാണ്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി അല്ലെങ്കിൽ സ്വയംഭരണം ഇന്ത്യ ഗവൺമെന്റ് റദ്ദാക്കിയ്. അതിനുള്ള പൂർണ്ണ അധികാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന് ഉണ്ട്. മാത്രമല്ല ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി വേണ്ടിവന്നത് എന്നതും വിമർശകർ ബോധപൂർവം മറച്ചു പിടിക്കയാണ്. കാശ്മീർ താഴ്വരെ തീവ്രവാദിത്തിന്റെ ഹബ്ബായി മാറുന്നതാണ് നാം യുപിഎ ഭരണത്തിൽ കണ്ടത്.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ തന്നെ ഇവിടെ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കേണ്ടി വന്നു. അഞ്ചു മാസത്തിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഏത് കലാപവും തടയാൻ ആയിരക്കണക്കിന് അധിക സുരക്ഷാ സേനയെ വിന്യസിച്ചു. മുൻ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ കശ്മീരി രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുത്തു. ഇങ്ങനെയൊക്കെയുള്ള നടപടികൾ വേണ്ടിവന്നത് അവിടെ സമാധാനം പുനഃസ്ഥാപിക്കാനാണ്. ഇത് കാരണം പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പം കാശ്മീരികളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ തീവ്രാവദികൾക്ക് പഴയപോലെ അത്ര സുഗമമായി പ്രവർത്തിക്കാനും കഴിയുന്നില്ല. ഇതാണ് യാഥാത്ഥ്യം എന്നിരിക്കെ 370ാം വകുപ്പ് റദ്ദായതിലൂടെ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തൊക്കെയോ സംഭവിക്കും എന്ന രീതിയിലാണ് ഇടതുപക്ഷം പ്രചാരണം നടത്തിയത്. കൃത്യമായ ഇയാഗോ രാഷ്ട്രീയമാണ് ഇവിടെ പ്രവർത്തിച്ചത്.
ആടിനെ പട്ടിയാക്കുന്ന സിഎഎ
സിഎഎ നിയമം കൊണ്ടുവന്ന സമയത്ത് 'ഇന്ത്യൻ മുസ്ലിങ്ങളെ' ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് നാടുകടത്താൻ പോകുന്നു എന്നും ഓരോ മുസ്ലിമും ഉപ്പ ഉപ്പൂപ്പമാരുടെ ജനന സർട്ടിഫിക്കറ്റും തേടി പരക്കം പായേണ്ടി വരുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ ഭീതിവ്യാപരത്തിനുപിന്നിൽ സിപിഎം നേതാക്കളും ഉണ്ടായിരുന്നു.
സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ എ നസീർ ഇങ്ങനെ എഴുതുന്നു. '' സിഎഎക്കാലത്ത് പെട്ടെന്നൊരു സുപ്രഭാതത്തിൽ പിറന്ന മണ്ണിൽ അഭയാർത്ഥികളായി മാറുന്ന ഭീതിതമായ അവസ്ഥയെക്കുറിച്ചുള്ള സാഹിത്യങ്ങൾ നിറഞ്ഞു കവിഞ്ഞു. 'പോകുന്നെങ്കിൽ നമ്മൾ ഒരുമിച്ചായിരിക്കും പാക്കിസ്ഥാനിലേക്ക് പോവുക' എന്ന് ഒരു അൾട്രാ പുരോഗമനിസ്റ്റ് പ്രസംഗിക്കുന്നതും ജനം അത് കേട്ട് ആർത്തലച്ച് കയ്യടിക്കുന്നതും നേരിട്ടു കണ്ടു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ജുമുഅക്ക് ശേഷമുള്ള വെള്ളിയാഴ്ച സമരങ്ങളായി മാറി. സമൂഹത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം അവിശ്വാസവും വിഭജനവും തലപൊക്കി തുടങ്ങി. ''- നസീർ ചൂണ്ടിക്കാട്ടുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയും പിണറായി സർക്കാർ അപഹസാസ്യരായി. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജി നൽകിയ പിണറായി സർക്കാർ, ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്നും മുസ്ലിം ജനവിഭാഗങ്ങളോട് വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹർജിയിൽ പറയുന്നു.
പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നാണ് വസ്തുതകൾ പഠിക്കുമ്പോൾ മനസ്സിലാവുക. ഒന്ന് പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് വേണ്ടി മാത്രമുള്ളതാണ്. നിലവിലുള്ള ഒരു പൗരനെയും അത് ബാധിക്കുകയില്ല. കേരളാ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം കേരളത്തിലെ പൗരന്മാരോട്. അല്ലാതെ കേരളത്തിലേക്ക് അനധികൃതമായി കുടിയേറിയവരോടല്ല. അതുകൊണ്ടുതന്നെ ഈ ഹർജിയുടെ സാംഗത്യം പടികിട്ടുന്നില്ല. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പലപ്പോഴും സ്യൂട്ട് ഹർജികൾ ഫയൽ ചെയ്യാറുള്ളത്. ഇവിടെ കേരളം ഒരു കക്ഷിയേ അല്ല. കാരണം പൗരത്വം എന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. മാത്രവുമല്ല, ഇതിൽ ആർട്ടിക്കിൾ 14ന്റെ ലംഘനം ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ കേസ് കൊടുത്തിട്ടുണ്ട്. പിന്നെ ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് എന്തിനാണ് കേരളവും കേസ് കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ഈ വിഷയത്തിൽ തുടർച്ചയായ കള്ളങ്ങളാണ് യുഡിഎഫും എൽഡിഎഫും സംയുക്തമായി പ്രചരിപ്പിക്കുന്നത്. അസമിൽ നടന്നത് സ്പെഷൽ എൻആർസിയാണെന്ന് മറച്ചുവെച്ചുകൊണ്ട് ദേശവ്യാപകമായി ഇതാണ് നടപ്പാക്കുകയയെന്നാണ് പറയുന്നത്. ഇത് തെറ്റാണ് അസമിന്റെതേ് പ്രത്യേക പദവിയാണ്. സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ വഴി എന്നതാണ് എഴുവർഷം പൂർത്തിയായവർക്ക് പൗരത്വം നേടാമെന്നുപോലും പലർക്കും അറിയില്ല.
ഇന്ത്യയിൽ ഒരോ പൗരനെയും രജിസ്റ്റർ ചെയ്ത് അവർക്ക് നാഷണൽ ഐഡന്റിറ്റി കാർഡ് കൊടുക്കുക എന്നതാണ് എൻആർസിയുടെ ലക്ഷ്യം. നിലവിൽ അത്തരം കാർഡില്ല. ഇന്ത്യയിൽ സിറ്റിസൻഷിപ്പ് കിട്ടുക എന്നതിന്റെ ഒരു മാർഗം മാത്രമാണ് ബൈ ബർത്ത് സിറ്റിസൺ ഷിപ്പ്. അതാണ് എൻആർസി. സിറ്റിസൺഷിപ്പ് ബൈ ബെർത്ത് കിട്ടാതെ എൻആർസിക്ക് പുറത്തുനിൽക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ബൈ ബർത്ത് സിറ്റിസൺഷിപ്പ്,ബൈ ഡിസൻസ് സിറ്റിസൺഷിപ്പ്, ബൈ നാച്യുറലൈസേഷൻ, ബൈ രജിസ്ട്രേഷൻ എന്നിവ വഴി പൗരത്വം ലഭിക്കും.
നിങ്ങൾ ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരൻ അല്ലാതിരിക്കയും, അയാൾ ഇന്ത്യയിൽ ഏഴു വർഷം താമസിച്ചിട്ടുണ്ടെങ്കിൽ, അയാൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ കിട്ടും. ഒരാൾ പോലും അങ്ങനെ പുറത്തുപോവില്ല. എൻആർസി ലിസ്റ്റും അന്തിമമല്ല. അവർക്ക് ട്രിബൂണലിൽ പരാതി നൽകാം. ഹൈക്കോടതിയിൽ പോവാം, സുപ്രീംകോടതിയിൽ പോവാം. എന്നാൽ ഇതൊക്കെ മറച്ചൂവെച്ചുകൊണ്ട് എല്ലാവരും ഇറങ്ങിപ്പോവണം എന്ന പ്രചാരണമാണ് കേരളത്തിൽ പൊടിപൊടിച്ചത്. ഇയാഗോ രാഷ്ട്രീയത്തിന്റെ കൃത്യമായ ഉദാഹരണമായിരുന്നു ഇതും.
ഖബറടക്കം തടയുന്ന യുസിസി!
യൂണിഫോം സിവിൽ കോഡിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. യുസിസി വന്നാൽ നിക്കാഹ് നടത്താൻ പറ്റില്ലെന്നും മൃതദേഹം മറവ് ചെയ്യാതെ ദഹിപ്പിക്കേണ്ടി വരുമെന്നും വരാൻ പോകുന്നത് ഹിന്ദു കോഡാണെന്നും മുസ്ലിങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ ഒന്നടങ്കം കീഴ്മേൽ മറിയുവാൻ പോവുകയാണെന്നും കരട് പോലും വരും മുമ്പേ പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം കുപ്രചാരങ്ങൾ മൂപ്പിച്ച് കൊടുക്കുന്നതിന് പിന്നിലും ഇടത് നേതാക്കളാണ്. ഇസ്ലാമിക പുരുഷനെ സംരക്ഷിക്കാനുള്ള മതപ്പണിയെടുക്കുന്ന ഒരു ഇടതുപക്ഷത്തെയാണ് ഇവിടെയും നമുക്ക് കാണാൻ കഴിഞ്ഞത്.
ഇത് ഒരു ഒറ്റപെപട്ട സംഭവം അല്ല. നമ്മുടെ ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത യൂണിഫോം സിവിൽ കോഡിനുള്ള ചർച്ചകൾ എപ്പോഴോക്കെ ഉയരുന്നവോ, അപ്പോഴൊക്കെ അതിനെ മുളയിലേ നുള്ളിക്കളയുന്ന പ്രവണതാണ്, പൊതുവെ കണ്ടുവരുന്നത്. ഭരണഘടന തുല്യാവസരങ്ങളെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണ് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവുകയെന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ ഉന്നയിച്ചത്. പൊതു സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിരിക്കെ ചിലയാളുകൾ ഇതിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണെന്ന് നരേന്ദ്ര മോദി പറയുകയുണ്ടായി.
ഭരണഘടനയുടെ മാർഗനിർദ്ദേശക തത്വങ്ങൾ, പൊതു സിവിൽ കോഡ് കൊണ്ടുവരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിലെല്ലായിടത്തും പൗരന്മാർക്ക് ബാധകമാവുന്ന പൊതു സിവിൽ കോഡ് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ആർട്ടിക്കിൾ 44ലും വ്യക്തമായി പറയുന്നത്. രാജ്യത്ത് ഇപ്പോൾ തന്നെ പൊതുവായ ക്രിമിനൽ നിയമമുണ്ട്. അതുപോലെ സിവിൽ നിയമവും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ പൊതു സിവിൽ കോഡ് നിലവിൽ വന്നാൽ കബറടക്കാൻ പോലും അനുവദിക്കില്ലെന്ന ശുദ്ധ നുണ മതമൗലികവാദികളുടക്കം പ്രചിരപ്പിക്കുന്നത്. ഇതെല്ലാം ശുദ്ധ നുണയാണ്. എല്ലാ പൗരന്മാരും ഒരേ മതവിശ്വാസം പുലർത്തണമെന്നതോ അനുഷ്ഠിക്കണമെന്നതോ പൊതു സിവിൽ കോഡിന്റെ ലക്ഷ്യമല്ല. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടുള്ള ഭീതിവ്യാപരമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്.
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളും സിവിൽ നിയമങ്ങളും ഉണ്ട്. ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെയാണ്. രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾക്ക് അടക്കം ക്രമിനൽ നിയമങ്ങൾ പിന്തുടരാൻ ഒരു വിഷമവും ഇല്ല. ശരിയ്യ നിയപ്രകാരം വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലുകയോ, കട്ടവന്റെ കൈ വെട്ടുകയോ അല്ല നാം ചെയ്യുന്നത്. അപ്പോൾ, രാജ്യത്തിന്റെ ക്രിമിനൽ നിയമങ്ങൾ പിന്തുടുമ്പോൾ ഇല്ലാത്ത എന്ത് മതവികാരമാണ് ഒരു പൊതു സിവിൽ നിയമത്തെ പിന്തുടരുമ്പോൾ വ്രണപ്പെടുയെന്ന് മനസ്സിലാവുന്നില്ല.
ഒരാൾ കൊലചെയ്യപ്പെട്ടാൽ, മരിച്ചവന്റെയോ കൊന്നവന്റെയോ ജാതിയോ മതമോ ഭാഷയോ ഒന്നും പരിഗണിക്കാതെ എല്ലാവരെയും ഒരേപോലെ വിചാരണ ചെയ്ത് ഒരേ നിയമം അനുശാസിക്കുന്ന ശിക്ഷ എല്ലാവർക്കും നൽകുന്നു. ഉദാഹരണത്തിന് നിങ്ങളുടെ പശു അയൽക്കാരന്റെ പുരയിടത്തിൽ കയറി അയാൾക്ക് കൃഷിനാശം വരുത്തിയാൽ ആ കേസ് പരിഗണിക്കുമ്പോൾ നിങ്ങളുടെ ജാതിയോ മതമോ ഭാഷയോ ഒന്നും പരിഗണിക്കാറില്ല. പരിഗണിക്കാൻ പാടുമില്ല.
അതുപോലെ ഇന്ത്യയിൽ 99 ശതമാനം സിവിൽ നിയമങ്ങളും എല്ലാവർക്കും തുല്യമാണ്. എന്നാൽ ഇന്ത്യയിൽ ആറു കാര്യങ്ങളിൽ സിവിൽ നിയമം നടപ്പാക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മതം പരിഗണിക്കേണ്ടി വരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ മാത്രമാണ് സിവിൽ നിയമത്തിൽ ഐക്യരൂപം ഇല്ലാത്തത്.
അതായത് ഇന്ത്യയിൽ എല്ലാവർക്കും ഒരു സമയം ഒരു വിവാഹബന്ധം മാത്രമേ പാടുള്ളൂ എന്ന് നിയമം അനുശാസിക്കുമ്പോൾ, ഇസ്ലാം മത വിശ്വാസികൾക്ക് പുരുഷന് ഒന്നിൽ കൂടുതൽ വിവാഹബന്ധം ആവാം. ഇന്ത്യയിൽ എല്ലാവരും വിവാഹമോചനം നിയമപരമായ മാർഗത്തിലൂടെ മതിയായ ജീവനാംശം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ നടപ്പാക്കാവൂ എന്നു പറയുമ്പോൾ ഇസ്ലാം വിശ്വാസിക്ക് അതൊന്നും ആവശ്യമില്ലാതെ ഭാര്യയെ ഒഴിവാക്കാൻ സാധിക്കും. മാതാപിതാക്കൾ മരണപ്പെട്ടാൽ അവരുടെ സ്വത്ത് അവരുടെ മക്കൾക്ക് പൂർണ്ണമായും ലഭിക്കുമ്പോൾ ഇസ്ലാമിലെ പെൺകുട്ടിക്ക് മാതാവിന്റെയോ പിതാവിന്റെയോ സ്വത്തിൽ അര അവകാശം മാത്രമേയുള്ളൂ. കാരണം ഇസ്ലാമിലെ സ്ത്രീ അര പുരുഷൻ മാത്രമാണ്.
ഇവിടെ നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരല്ല എന്ന് മാത്രമല്ല ഇവിടെ അനീതിക്ക് എന്നും അടിമപ്പെടേണ്ടിവരുന്നത് ആ സമുദായത്തിലെ സ്ത്രീകൾ മാത്രമാണ്. ലിംഗനീതിയാണ്് അടിസ്ഥാനപരമായി ഏക സിവിൽ കോഡ് മുന്നോട്ട് വെക്കുന്നത് എന്നുകാണാം. ഇതല്ലാതെ ഇപ്പോൾ പ്രചരിക്കുന്നതപോലെ കബറടക്കം നിരോധിക്കാനോ, പള്ളിയിൽ പോകുന്നത് തടയനോ, ഒന്നും ഏകസിവിൽ കോഡ് മൂലം കഴിയില്ല. ഒരു മതപരമായ ആചാരത്തെയോ അനുഷ്ഠാനത്തേയോ അത് ലക്ഷ്യം വെക്കുന്നില്ല. പക്ഷേ കേരളത്തിലടക്കം നടക്കുന്ന പ്രചാരണം എന്താണ്.
മണിപ്പൂരിലെ ഹേറ്റ് പൊളിറ്റിക്സ്
ഇപ്പോൾ മണിപ്പൂർ സംഘർഷത്തിന്റെ കാര്യത്തിലും കേരളത്തിൽ വിതച്ചു കൊയ്യാൻ ശ്രമിക്കുന്നതും ഇതേ കമ്യൂണൽ പൊളിറ്റിക്സാണ്. പതിറ്റാണ്ടുകൾ വേരുകളുള്ള ഗോത്രീയവും വംശീയവുമായ ഒരു സംഘർഷത്തെ മത കലാപമായി മാത്രം ചുരുക്കി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.അതിനായി സൃഷ്ടിക്കപ്പെട്ട 'നരേഷനു'കൾ ഉണ്ടാക്കിയ പൊതുബോധത്തിന്റെ തുടർച്ചയിൽ നിന്നാണ് കാസർകോട്ടെ കുപ്രസിദ്ധമായ 'യൂത്ത് ലീഗ് മുദ്രാവാക്യ'ങ്ങൾ പോലും ഉണ്ടായിട്ടുള്ളത്. ഇങ്ങനെ രക്തം തിളപ്പിക്കൽ പണി നടത്തിയിട്ട് എന്താണ് പ്രയോജനം.
ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും, ന്യു ഇന്ത്യൻ എക്പ്രസും, ടൈംസ് ഓഫ് ഇന്ത്യയും അടക്കമുള്ള ദേശീയ മാധ്യമങ്ങളുമെല്ലാം മണിപ്പൂരിലെ പ്രശ്നങ്ങളെ ഒരു ഗ്രോത്ര കലാപമായിട്ടാണ് കാണുന്നത്. മണിപ്പൂരിലെ വിഷയം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും അതിൽ വംശീയതയും, സാമ്പത്തികവും, ഗോത്രീയതയും അടക്കമുള്ള നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഊ വിഷയത്തെ സമൂലമായി പഠിച്ചവർക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കേരളത്തിലോ? ഇവിടെ ഇത് സംഘപരിവാർ ആസൂത്രണം ചെയ്യുന്ന ഗുജറാത്ത് മോഡൽ വംശഹത്യയാണ്. റിപ്പോർട്ടർ ടിവിമുതൽ മീഡിയാവൺ വരെ ആ രീതിയിൽ ചർച്ച നടത്തുന്നു. സംഘപരിവാറിന്റെ ക്രിസ്ത്യൻ വംശഹത്യ എന്ന നിലയിലാണ് സിപിഎം സർക്കിളുകളിലെ പ്രചാരണം.
യഥാർത്ഥത്തിൽ ബിജെപിയും ആർഎസ്എസുമൊക്കെ ഉണ്ടാകുന്നത് പതിറ്റാണ്ടുകൾ മുമ്പുള്ളതാണ് ഈ ഗോത്ര പ്രശ്നങ്ങൾ. പക്ഷേ ഇപ്പോഴുണ്ടായ കലാപത്തിൽ കൃത്യമായി ഇടപെട്ട് അത് ഒതുക്കാൻ ബിജെപി സർക്കാറിന് കഴിയുന്നില്ല. പകരം അവർ ഒരു വിഭാഗത്തിന്റെ പക്ഷം പിടിച്ച് കുളം കലക്കുന്നു.
ഇപ്പോഴത്തെ മണിപ്പൂരിലെ ഗോത്രസംഘർഷങ്ങളിൽ ഏറ്റവും കാതലായ വിഷയം, ഭൂമി പ്രശ്നം തന്നെയാണെന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മണിപ്പൂരിലെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷമാണ്. ഇതിൽ ഇവിടുത്തെ പ്രബല വിഭാഗമായ മെയ്ത്തി ജനത 53% ഉം, ബാക്കിയുള്ള വിവിധ പട്ടിക വർഗ വിഭാഗങ്ങൾ എല്ലാം കൂടി 47% ഉം ആണ് ഉള്ളത്. മണിപ്പൂരിന്റെ വെറും 10% മാത്രമാണ് സമതലമായുള്ളത്. ബാക്കിയുള്ള 90% ഉം മലമ്പ്രദേശങ്ങളാണ്. ഈ മലമ്പ്രദേശം 10% സമതലത്തെ ചുറ്റി നിൽക്കുന്നു. സമതലത്തിലാണ് തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളൊക്കെയും. മണിപ്പൂർ ജനതയുടെ 65% , ഈ 10% സമതലത്തിലാണ്. ബാക്കിയുള്ള 90% മലനിരകളിൽ വസിക്കുന്നത് വെറും 35% ജനങ്ങളുമാണ്.
മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്ത്തി പട്ടിക വിഭാഗമല്ല. എന്നാൽ മലനിരകളിൽ താമസിക്കുന്ന മറ്റ് വിഭാഗങ്ങളായ ആദിവാസി ഗോത്ര വിഭാഗങ്ങൾ എല്ലാം പട്ടിക വർഗക്കാരാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ട് പട്ടിക വർഗ വിഭാഗങ്ങളാണ് കുക്കിയും, നാഗയും. ഈ രണ്ട് വിഭാഗങ്ങളിലാണ് മേൽപ്പറഞ്ഞ 47% ത്തിൽ കൂടുതൽ പേരും ഉൾപ്പെട്ടിട്ടുള്ളത്. കാലങ്ങൾക്കു മുമ്പ് ബർമയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് മണിപ്പൂരിലെത്തിയ കുക്കിവംശജർ. അവരെ സ്വീകരിച്ചവരാണ് മണിപ്പൂരിലെ മെയ്ത്തികൾ. മലമടക്കുകളിൽ അതിജീവനം നടത്തിയിരുന്നവരാണ് നാഗാവംശജർ. മൂന്നു വിഭാഗത്തിലും ക്രിസ്താനികളുണ്ട്, ഹിന്ദുക്കളുണ്ട്. പക്ഷേ കുക്കികളും, നാഗകളും, ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗമാണ്. എന്നാൽ മെയ്തികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ബാക്കി മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിംകളുമാണ്. ഇവരൊക്കെ തമ്മിൽ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. മെയ്ത്തികളും കുക്കികളും തമ്മിൽ മാത്രമല്ല അവരുടെ ഉപവിഭാഗങ്ങളുമൊക്കെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിട്ടുണ്ട്.
നിലവിലുള്ള നിയമമനുസരിച്ച്, മലയോര മേഖലകളിൽ മെയ്ത്തികൾക്ക് താമസിക്കാൻ അനുവാദമില്ല. സംസ്ഥാനത്തെ ഭൂമിയിൽ ആകെ പത്ത് ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അവർക്ക് വനമേഖലയിൽ ഭുമി വാങ്ങിക്കാൻ കഴിയില്ല. പക്ഷേ ഗോത്രവിഭാഗങ്ങളായി കണക്കാക്കപ്പെടുന്ന കുക്കികൾക്കും നാഗകൾക്കും മെയ്ത്തികളുടെ സമതലങ്ങളിൽ ഭൂമി വാങ്ങിക്കാനും കഴിയും. എന്നാൽ, പട്ടിക വർഗ പദവി മെയ്ത്തികൾക്കും കിട്ടുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും. നിലവിൽ ഒബിസി സംവരം മെയ്ത്തികൾക്ക് ഉണ്ട്. പക്ഷേ അവർ പട്ടികവർഗ വിഭാഗം ആവുന്നതോടെ അവർക്ക് മലനിരകളിൽ ഭൂമി വാങ്ങിക്കാൻ കഴിയും. ജോലിക്കല്ല, ഭൂമിക്കായാണ് അവർ സംവരണത്തിനുവേണ്ടി നിന്നത്. അതിനുള്ള നിയമ നടപടികളും തുടങ്ങി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിമുമ്പ് തങ്ങൾ പട്ടിക വർഗത്തിൽ ആയിരുന്നു എന്ന വാദമാണ് അവർ ഉയർത്തിയത്. ഇതിന്റെ പേരിൽ തുടങ്ങിയ കലാപം അണിത്. അല്ലാതെ ഒരു ഗോത്ര പ്രശ്നമല്ല.
ഒടുവിൽ ഗണപതിയിൽ മലക്കം മറി
മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന രാഷ്ട്രീയക്കാർ കേരളത്തിന്റെ ശാപാമാവുകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്, ഇപ്പോൾ നിയമസഭാ സ്പീക്കർ എം എൻ ഷംസീറിന്റെ, വിവാദ ഗണപതി പ്രസ്താവനയെ തുടർന്ന പ്രതികരണങ്ങൾ. ശാസ്ത്രബോധം വളർത്തുക എന്ന ഭരണഘനാപരമായ കർത്തവ്യമുള്ള ആർക്കും അംഗീകരിക്കാവുന്ന ഒന്ന് തന്നെയാണ് ഷംസീർ നടത്തിയ പ്രസംഗം. പക്ഷേ ഇവിടെ മറ്റൊരു പ്രശ്നം കടുന്നുവരുന്നുണ്ട്. മിത്തുകളെക്കുറിച്ചും വിശ്വാസങ്ങളെയുമൊക്കെ കുറിച്ച് പറയുമ്പോൾ, ഷംസീർ അടക്കമുള്ളവർ വിമർശിക്കുന്നത് ഹിന്ദുമതത്തെ മാത്രമാണ്.
ഇസ്ലാം പ്രോഗസീവ് കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന മതമാണെന്നാണ് ഷംസീറിന്റെ വാദം. സ്ത്രീക്ക് ഇത്രയേറെ സുരക്ഷ കൊടുക്കുന്ന മതവും വേറെയില്ലെന്നാണ് അദ്ദേഹം മുമ്പ് പറഞ്ഞത്. ഖുർആനിലെ ചന്ദ്രനെ പിളർന്ന കഥയും, ബുറാക്കിറെ പുറത്തുള്ള ആകാശ സഞ്ചാരവും, മലക്കും, ജിന്നുമൊന്നും ഷംസീറിന് മിത്തോ, കഥയോ അല്ല. അങ്ങനെ പറയാനുള്ള ധൈര്യം, ദൈവനാമത്തിലല്ലാതെ ദൃഢ പ്രതിഞ്ജയെുടത്ത അദ്ദേഹത്തിന് ഇല്ല. ഒരു മൗലവിക്ക് സമാനമായി സ്വന്തം മതത്തെ ഷംസീർ വെളുപ്പിക്കുന്ന പ്രസംഗവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മതവിശ്വാസിയാണോ എന്ന ചോദ്യത്തിനുപോലും അദ്ദേഹം ബബ്ബബ അടിക്കയാണ്. ഇത് എന്തുതരത്തിലുള്ള സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത്.
ഗണപതിയും, പരശുരാമനുമൊക്കെ മിത്താണെന്ന് പറയുന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അള്ളാഹു മിത്താണോ എന്ന ചോദ്യം വന്നപ്പോൾ ബബ്ബബ അടിക്കയാണ് ചെയ്തത്. അള്ളാഹു മിത്താണോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. 'ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല. അങ്ങനെ എല്ലാ വിശ്വാസങ്ങളേയും മിത്തായി കാണണം എന്നല്ല ഞാൻ പറഞ്ഞത്. മിത്തായിട്ടുള്ള കാര്യങ്ങൾ വേറെയുണ്ട്, അതാണ് ഞാൻ ആദ്യം പറഞ്ഞത്. ദൈവീകമായി അവതരിപ്പിക്കപ്പെട്ടത് എന്ന് അവർ പറയുന്ന കാര്യം എന്തിനാണ് നമ്മൾ മിത്ത് ആണെന്ന് പറയുന്നത്? ഇത് അവരുടെ വിശ്വാസപ്രമാണങ്ങളിൽ ഉള്ള കാര്യമാണ്. വിശ്വാസത്തിന്റെ ഭാഗമായി അവര് കാണുന്നു എന്നു മാത്രം നമ്മൾ കണ്ടാൽ മതി. ഞങ്ങൾക്ക് അതിൽ ഒരു തർക്കവും ഇല്ല''- ഇങ്ങനെയായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ഇത് വലിയ വിവാദമായതോടെ ഗണപതിയും, അള്ളാഹും മിത്താണെന്ന് താൻ പറഞ്ഞിട്ടില്ല എന്ന് എം വി ഗോവിന്ദൻ മലക്കം മറിഞ്ഞു.
ഈ വിവാദം മൂലം ഫലത്തിൽ ആഹ്ലാദിക്കുന്നത് സംഘപരിവാർ തന്നെയാണ്. അവർ വർഷങ്ങളായി പറയുന്ന ന്യുനപക്ഷ പ്രീണനം എന്ന ആശയമാണ് ഇപ്പോൾ മറ നീക്കി പുറത്തുവരുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ഷംസീറിനെപ്പോലുള്ളവർ അറിയുന്നില്ല, തങ്ങൾ ബിജെപിക്കാണ് വളം ചെയ്യുന്നതെന്ന്. ഈ രീതിയിലുള്ള വൺസൈഡ് നവോത്ഥാനവാദവു ഇയാഗോ പൊളിറ്റിക്സും, ശരിക്കും കേരളത്തിന്റെ ശാപമായി മാറുകയാണ്.
വാൽക്കഷ്ണം: ഈ ഇയാഗോ രാഷ്ട്രീയത്തിനൊപ്പം നഗ്നമായ കമ്യൂണൽ പൊളിറ്റികിസും ഇവിടെ പിണറായി സർക്കാർ തന്നെ നടത്തുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോം ഇപ്പോൾ എവിടെപോയി. സമസ്ത എതിർത്താൽ സർക്കാർ മുട്ടിലിഴയും. 'എൽഡിഫ് വരും എല്ലാം ശരീഅത്താവും' എന്ന സോഷ്യൽ മീഡിയിലെ ട്രോൾ, വല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് വിലയിരുത്തുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ