സ്സയിലെ വഫ അബ്ദുൾ ഖാലിഖ് അൽ സ്വെയിർകി എന്ന സ്ത്രീക്കും ഭർത്താവിനും വിവാഹം കഴിഞ്ഞ് 16 വർഷം കുട്ടികൾ ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ മെയ് മാസത്തിൽ, ഒറ്റ പ്രസവത്തിൽ ഒന്നും രണ്ടുമല്ല നാലുമക്കളാണ് അവർക്കുണ്ടായത്. ലോകത്തിൽ അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവത്തെ ദൈവാനുഗ്രഹമായി കണ്ട് അവർ സന്തോഷിച്ചു. പക്ഷേ അത് അൽപ്പായുസ്സായിരുന്നു. അതിനിടെ ഹമാസ്- ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നാല് പിഞ്ചു മക്കൾക്കൊപ്പം ആ അമ്മയും കൊല്ലപ്പെട്ടു! വെള്ളത്തുണിയിൽ പൊതിഞ്ഞ് അടുത്തടുത്ത് അടക്കിയ ആ മൃതദേഹങ്ങൾ ഗസ്സയുടെ മാത്രമല്ല, ലോകത്തിന്റെയാകെ നൊമ്പരമായി.

അങ്ങനെ എത്രയെത്ര കുട്ടികൾ. ഓരോ പതിനഞ്ച് മിനുട്ടിലും ഗസ്സയിൽ ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ( ഇത് പെരുപ്പിച്ചതാണെന്ന് പറഞ്ഞ് ഇസ്രയേൽ നിഷേധിക്കുന്നുണ്ട്.) ഇപ്പോൾ ഒന്നരമാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഗസ്സയിൽ മാത്രം രണ്ടായിരത്തോളം കുട്ടികൾ കൊല്ലപ്പെട്ടെന്നാണ്, ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടനയുടെ കണക്കുകൾ. അത്രതന്നെ സ്ത്രീകളും കൊല്ലപ്പെട്ടു.

ഏത് യുദ്ധത്തിലും, ഇരകളാക്കപ്പെടുന്നവരിൽ നല്ലൊരു ശതമാനവും കുട്ടികളാണ്. സുഡാനിൽ ആഭ്യന്തകലാപത്തെ തുടർന്ന് ആയിരിക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു. പത്ത് ലക്ഷത്തിലേറെ കുട്ടികളാണ് അഭയാർഥികളായി മാറിയത്. സിറിയയിൽ 1.4 കോടി കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടുവെന്നാണ് യുണിസെഫ് പറയുന്നത്. അഫ്ഗാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യമൻ, തെക്കൻ സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഒരു തലമുറ വളർന്നുവരികയാണ്. 2017 മുതൽ ഓരോ വർഷവും യുദ്ധങ്ങളുടെ ഭാഗമായി ഒരു ലക്ഷം കുട്ടികൾ വരെ കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. ചികിത്സയുടെ അഭാവത്തിനൊപ്പം ഭക്ഷ്യക്ഷാമം കൂടിയാണ് മരണസംഖ്യ കൂട്ടുന്നതിലേക്ക് നയിക്കുന്നത്.

പക്ഷേ ഇതിനേക്കാൾ എല്ലാം ഭീകരമാണ്, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന് അറിയപ്പെടുന്ന ഗസ്സയിലെ കുട്ടികളുടെ അവസ്ഥ. ലോകത്തുള്ള സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല ഗസ്സയിലെ കുഞ്ഞുങ്ങൾ. കളിക്കാനും പഠിക്കാനും തുടങ്ങി വളരാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നവരാണ് അവർ. അടിക്കടിയുണ്ടാവുന്ന യുദ്ധവും സൈനിക നടപടികളും മൂലം, കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ പോവാൻ പറ്റില്ല. മുതിർന്നവർക്കാവട്ടെ തൊഴിലെടുക്കാൻ പറ്റില്ല. ദാരിദ്ര്യവും പട്ടിണിയും രോഗവും വൈകല്യങ്ങളും മൂലം ഒരു സമൂഹമാകെ തകർന്നുപോവുകയാണ്. 49 ശതമാനമാണ് ഗസ്സയിലെ തൊഴിലില്ലായ്മ നിരക്ക്. ഭക്ഷ്യക്ഷാമവും പോഷാകാഹാരക്കുറവിനും പുറമേ നിരന്തമുള്ള ആക്രമണ ശബ്ദങ്ങൾ അവരുടെ ഉറക്കത്തെ പോലും ഇല്ലാതാക്കും. വഴിയെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കൻ പറ്റാത്ത സ്ഥിതിയിലേക്കാണ് കുട്ടികളുൾപ്പെടെയുള്ളവർ എത്തിപ്പെടുന്നത്. കുട്ടികളെ സ്വഭാവവൈകല്യത്തിലേക്കും ഇത് നയിക്കുന്നുണ്ട്.

ആരാണ് ഇതിന് ഉത്തരവാദി. കേരളത്തിലടക്കം മാധ്യമങ്ങൾ ഇസ്രയേലിനെയാണ് വില്ലനാക്കുന്നത്. അവർ ഏകപക്ഷീയമായി ആശുപത്രികളും, സ്‌കൂളുകളും ആക്രമിക്കയാണെന്നാണ് മലയാള പത്രങ്ങൾ വായിച്ചാൽ തോന്നുക. പക്ഷേ യാഥാർത്ഥ്യം അങ്ങനെയല്ല. സ്തീകളെയും കുട്ടികളെയും, മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ് നേതാക്കൾ തന്നെയാണ് ഈ ശശുഹത്യയിലെ ഒന്നാം പ്രതി. കോടികളുടെ അന്താരാഷ്ട്ര സഹായം കിട്ടിയിട്ടും, ഹമാസ് നേതാക്കൾ കോടീശ്വരന്മാർ ആവുകയാണ് എന്നല്ലായെ ഗസ്സക്ക് കാര്യമായി ഒന്നും കിട്ടുന്നില്ല. ശരിക്കും ചെകുത്താനും കടലിനും നടുവിലാണ് ഗസ്സയിലെ കുട്ടികളും.

എന്തിനാണ് ആശുപത്രി ആക്രമണം?

ഇൻക്യുബേറ്ററിലെ കുഞ്ഞുങ്ങളോടും യുദ്ധം ചെയ്യുന്ന രാജ്യമാണ് ഇസ്രയേൽ എന്നാണ് കേരളത്തിലടക്കം വരുന്ന നരേറ്റീവുകൾ. ഒന്ന് ഓർത്തുനോക്കു, ഏതെങ്കിലും ഒരു രാജ്യത്തിന് സ്‌കുളുകളും, ആശുപത്രികളും ആക്രമിച്ച്, കുട്ടികളെ കൊല്ലാൻ ആഗ്രഹം ഉണ്ടാവുമോ. അതിൽ അവർക്ക് എന്ത് സൈനിക നേട്ടമാണ് കിട്ടുന്നത്. മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് തങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുമെന്നും അവർക്ക് നന്നായി അറിയാം. എന്നിട്ടും ഇസ്രയേൽ ആശുപത്രി ആക്രമിക്കുന്നത് അവിടെ ഹമാസിന്റെ ഒളിത്താവളം ആയതുകൊണ്ടാണ്. അല്ലാതെ ഗസ്സയിലെ കുട്ടികളെ കൊന്നൊടുക്കുക എന്ന അജണ്ടയൊന്നും ഇസ്രയേലിന് ഇല്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് യാതൊരു നേട്ടവും അവർക്കില്ല.

ശരിക്കും ഒരു അധോലോക യുദ്ധമാണ് ഗസ്സയിൽ ഹമാസും ഇസ്രയേലി സൈന്യവും തമ്മിൽ നടക്കുന്നത്. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവർത്തനം.

വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരങ്കമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സ മുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.

ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകൾ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകൾക്കുള്ളിൽ, ആശുപത്രികൾക്കുള്ളിൽ, മാർക്കറ്റുകളിൽ, വീടുകളിൽ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാർ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേൽ ഓട്ടോ സെൻസറുകൾ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളിൽ ആയിരിക്കും!

സാധാരണക്കാർ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല. ഈ വിഷയം ഉള്ളതുകൊണ്ട് ഇസ്രയേൽ ഇപ്പോൾ ഓട്ടോ സെൻസർ റോക്കറ്റ് നിർത്തലാക്കിയിരിക്കയാണ്. പകരം ടാർജറ്റഡ് ഇന്റർവെൻഷന് അവർ പരമാവധി ശ്രമിക്കുന്നു. പക്ഷേ നൂറുശതമാനം ലക്ഷ്യവേധിയായ ഒരു സംവിധാനവുമില്ല. ഒന്ന് രണ്ട് തവണ ഇസ്ര
യലി റോക്കറ്റുകൾ ലക്ഷ്യം തെറ്റിയും ആശുപത്രിക്ക് മുകളിൽ പതിച്ചിട്ടുണ്ട്.

അപ്പോൾ കേരളത്തിലടക്കം, പത്ര വാർത്ത വരിക ഇസ്രയേൽ സ്‌കുൾ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതൽ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു. ഹമാസിനെ സംബന്ധിച്ച് ഇത് മതത്തിന്റെ പേരിലുള്ള ജിഹാദാണ്. അവിടെ രക്തസാക്ഷിയാവുക എന്നാൽ സ്വർഗം കിട്ടുന്ന കാര്യമാണ്. അതിനാൽ സ്ത്രീകളും കുട്ടികളും മരിക്കുന്നത് ഒന്നും അവർക്ക് പ്രശ്നമല്ല. എന്നാൽ ഇസ്രയേലോ. ബന്ദിയാക്കിയ ഒരു പൗരനെ വിട്ടുകിട്ടാൻവേണ്ടി ആയിരത്തോളം ഹമാസ് ഭീകരരെ തടവറയിൽനിന്ന് വിട്ടുകൊടുത്ത അനുഭവം അവർക്കുണ്ട്. സ്വന്തം പൗരന്റെ ജീവനുവേണ്ടി അവർ ഏത് അറ്റംവരെയും പോവും. പക്ഷേ ഹമാസിന് അങ്ങനെ ഒരു വികാരമില്ല. അവർ മരണത്തെ ആഘോഷിക്കും.

തീർത്തും ഇസ്രയേലിന്റെ സർവൈവലൻസിൽ ജീവിക്കുന്ന ജനതയാണ് ഗസ്സക്കാർ. ഇത്രയധികം, നിരീക്ഷണ സംവിധാനങ്ങളും ചെക്ക് പോസ്റ്റുകളും ഉണ്ടായിട്ടും, ഒക്ടോബർ 7ന്റെതുപോലെ അതിശക്തമായ ആക്രമണം അവർ നേരിട്ടു. അപ്പോൾ ഗസ്സയിൽ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്താലുള്ള അവസ്ഥ എന്താവും. തങ്ങളുടെ സുര ക്ഷ മാത്രമാണ് ഇസ്രയോൽ ഇപ്പോൾ നോക്കുന്നത്. ഹോളോകോസ്റ്റിന്റെ വക്കത്തുകൂടെ കടന്നുപോയ ഒരു ജനതയാണ് അവർ. അതിന്റെ ഫിയർ സൈക്കോസ് ഓരോ യഹൂദനിലും ഉണ്ട്. അതിനാൽ അവർ പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന രീതിയിൽ തിരിച്ചടിക്കുന്നു. മതവൈരവഗ്യം മറന്ന് യഹൂദനെ ജീവിക്കാൻ വിട്ടാൽ ഈ പ്രശ്നം അവസാനിക്കും.

എംആർഐക്കുള്ളിൽ സൈനിക ഉപകരണങ്ങൾ

ഇപ്പോൾ ഗസ്സ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്രയേൽ സൈന്യത്തിന്റെ നടപടികൾ തുടരുകയാണ്. 22 ഏക്കറുള്ള ആശുപത്രി വളപ്പിൽ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്. ഡയാലിസിസ് രോഗികളുടെ വാർഡ്, എക്‌സറേ മുറി, ഫാർമസി എന്നിവയും സൈന്യം പിടിച്ചെടുത്ത്, പരിശോധനകൾ തുടരുകയാണ്.

അൽ ശിഫ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ സൈനിക നീക്കം ആഗോളവ്യാപകമായി അലപലപിക്കപ്പെടുകയാണ്. എന്നാൽ എന്തുകൊണ്ട് തങ്ങൾ ഈ സാഹചര്യത്തിലേക്ക് എത്തി എന്നതിന്റെ വിശദീകരണം നൽകുകയാണ് ഇസ്രയേൽ. ഈ ആശുപത്രിയിലാണ് 200ഓളം ഭീകരർ ഒളിച്ചിരുന്നതെന്നും, ഗസ്സയിലെ 500 കിലോമീറ്റർ വരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഈ ആശുപത്രിക്ക് അടിയിലാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ( ഐഡിഎഫ്) വക്താവ് പറയുന്നത്. ആശുപത്രിക്കടിയിൽ ഹമാസിന് കമാൻഡ് സെന്റർ ഉണ്ട്. അതും തകർക്കാനാണ് ഐഡിഎഫ് ശ്രമം.

ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസിനെ നേരിടേണ്ടിവന്നു. ഈ എറ്റുമുട്ടലിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും ഐഡിഎഫ് പറയുന്നു. രോഗികളുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമടക്കം എത്തിച്ചു. തങ്ങൾ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ആവശ്യമായ ഓക്‌സിജനും, വെള്ളവും അടക്കമുള്ള എല്ലാ സംവിധാനവും തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ഐഡിഎഫ് പറയുന്നത്.

18 മണിക്കൂറിലധികം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഹമാസിന്റെ ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ, രഹസ്യാന്വേഷണ സാങ്കേതികവിദ്യ എന്നിവയുടെ ദൃശ്യങ്ങൾ ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി ബുധനാഴ്ച രാത്രി പ്രദർശിപ്പിച്ചു. പക്ഷേ ഏതാനും ദിവസങ്ങൾക്ക് മുമ്പ് റാന്റിസി ഹോസ്പിറ്റലിൽ നിന്ന് കണ്ടെത്തിയ വിശാലമായ സ്‌ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടില്ല.

ഒക്ടോബർ 7ന്റെ ആക്രമണത്തിൽ പങ്കെടുത്ത 200 ഓളം ഹമാസ് ഭീകരർ ശിഫ ഹോസ്പിറ്റലിൽ ഒളിച്ചരിക്കയാണെന്നാണ് പറയുന്നത്. അതുപോലെ ബന്ദികളെ ഇവിടെ സൂക്ഷിച്ചിരുന്നയായും , ഐഡിഎഫ് ഇന്റലിജൻസ് സൂചിപ്പിച്ചതായി ഹഗാരി ചൂണ്ടിക്കാട്ടി.ശിഫ ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ച സൈനിക ഉപകരണങ്ങളുടെ വീഡിയോയും ഐഡിഎഫ് പുറത്തിറക്കി. എംആർഐ മെഷീന്റെ പിന്നിൽ ഒളിപ്പിച്ച സൈനിക ഉപകരണങ്ങൾ ഇതിലുണ്ട്. ആശുപത്രിയിലുടനീളം വീഡിയോ ക്യാമറകൾ ആസൂത്രിതമായി മറച്ചിരിക്കയാണ്. ഉപേക്ഷിക്കപ്പെട്ട ധാരാളം ഹമാസ് യൂണിഫോമുകൾ ഇവിടെനിന്ന് ലഭിച്ചു. പക്ഷേ ബന്ദികളെ സൂക്ഷിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല.

രോഗികളെ ഉപദ്രവിക്കുക എന്നത് ഹമാസിന്റെ തന്ത്രമാണെന്നും അതിനാണ് ആശുപത്രികൾ താവളമാക്കുന്നുതെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. ഇപ്പോഴും ശിഫ ആശുപത്രിയിൽ പരിശോധന തുടരുകയാണ്. കുട്ടികൾക്കുള്ള ഇൻകുബേറ്ററുകൾ, ഭക്ഷണം എന്നിവയും നിർണായക മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചതായും ഐഡിഎഫ് അറിയിച്ചു.

കുട്ടികളും ബന്ദികളാക്കപ്പെടുന്നു

ഗസ്സയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കുട്ടികളാണ്. കളിചിരി ബാല്യം അവർക്ക് നിഷേധിക്കപ്പെടുന്നു. ഫൈറ്റർ വിമാനങ്ങൾ ചീറിപ്പായുമ്പോഴും താഴേ കൂളായി ചിത്രം വരക്കുന്ന കുട്ടികളെ നിങ്ങൾക്ക് ഗസ്സയിൽ മാത്രമേ കാണാൻ കഴിയു. ഫലസ്തീൻ കുട്ടികളുടെ നിസ്സഹായതയുടെ പ്രതീകമാണ് ഹൻഡാല എന്ന കാർട്ടൂൺ ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്.

ഒരു പത്ത് വയസുള്ള കുഞ്ഞ്. ചിലപ്പോൾ നാലാം ക്ലാസിലെത്തിക്കാണും. ആ സമയത്തൊരു യുദ്ധമുണ്ടാകുന്നു. പ്രിയപ്പെട്ടവരിൽ പലരും നാട്ടിലെ പരിചയക്കാരിൽ ഒട്ടുമിക്കവരും മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാൻ മനസാന്നിധ്യമുള്ള ആരും എവിടെയുമില്ല. ഇതുവരെ വളർന്ന വീടും നാടും സ്വന്തമല്ലാതാകുന്നു. കയ്യിൽകിട്ടാവുന്നതൊക്കെ പെറുക്കിക്കെട്ടി തിക്കുംതിരക്കും അനുഭവിച്ച് സൗകര്യങ്ങളേതുമില്ലാത്ത ഒരു അഭയാർത്ഥി ക്യാമ്പിൽ പലയാളുകളോടൊപ്പം താമസിക്കേണ്ടി വരുന്നു. ഇനി ഇതാണ് നമ്മുടെ വീടെന്ന് അറിയേണ്ടി വരുന്നു. ഈ ഒരു മുറിവ് ഒരു പത്തുവയസുകാരന്റെ മനസിൽ നിന്ന് എത്ര കാലമെടുത്താലാണ് മാഞ്ഞുപോകുക? അങ്ങനെയൊരു പത്തുവയസുകാരന്റെ മുറിവാണ് ഫലസ്തീന്റെ ദേശീയപ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ഹാൻഡാല. വളർച്ചയില്ലാത്ത, മരണമില്ലാത്ത, മുഖമില്ലാത്ത, വീടില്ലാത്ത പത്തുവയസുകാരൻ ഹാൻഡാല ലോകപ്രസിദ്ധമായ ഒരു കാർട്ടൂണാണ്. ഫലസ്തീനിലെ ഏറ്റവും പ്രശസ്തനായ കാർണൂണിസ്റ്റ് നാജി അൽ അലി സൃഷ്ടിച്ച ഹാൻഡല ഫലസ്തീൻ കുഞ്ഞുങ്ങളുടെ മുഖമില്ലാത്ത ഒരു മുഖമായി പതിറ്റാണ്ടുകൾ നിലനിൽക്കുകയായിരുന്നു.

നാജി അൽ അലി തന്നെയാണ് പത്തുവയസുകാരനായ ഹാൻഡല. ഫലസ്തീനികൾക്ക് 1948ലെ നക്‌ബയിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറങ്ങേണ്ടി വന്നപ്പോൾ നാജി അൽ അലിക്ക് പത്ത് വയസായിരുന്നു പ്രായം. താൻ വേരുറപ്പിച്ച് പയ്യെ വളർന്നുവന്ന അൽ ഷാർജ ഗ്രാമത്തിൽ നിന്ന് ലെബനനിലെ അയ്ൻ അൽ ഹിൽവ അഭയാർത്ഥി ക്യാമ്പിലേക്ക് ബലമായി പറിച്ചുനടപ്പെട്ട ബാല്യത്തിന്റെ ട്രോമയാണ് ഹാൻഡല. 1963 മുതൽ 1987 ൽ കൊല്ലപ്പെടുന്നതുവരെ അൽ അലി ഹാൻഡാല കാർട്ടൂൺ വിവിധ പത്രങ്ങളിലായി വരച്ചു. ഇന്നും ബാല്യം നഷ്ടപ്പെട്ട ഗസ്സൻ കുട്ടികളുടെ പ്രതിനിധിയാണ് ഈ കാർട്ടുൺ.

ശരീരത്തിലേൽക്കുന്ന പരിക്കുകളും വൈകല്യങ്ങളും മാത്രമല്ല ഗസ്സയിലെ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നത്. യുദ്ധത്തിന്റെ ഭാഗമായി കുട്ടികൾക്കുണ്ടാവുന്ന മാനസികാഘാതം വളരെ വലുതും ഗുരുതരവുമാണ്. യുദ്ധം കെട്ടടങ്ങുമ്പോൾ പലരും വിഷാദത്തിലേക്കും പോസ്റ്റ് ട്രോമാറ്റിക് രോഗങ്ങളിലേക്കും കൂപ്പുകുത്തപ്പെടുന്നുവെന്ന് യു.എൻ റിലീഫ് എന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് അംഗം തമാറ അൽരിഫായ് പറഞ്ഞു. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർ മാത്രമല്ല, യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ബന്ദികളാക്കപ്പെടുന്നവരുമുണ്ട്. ഗസ്സയിൽ ഹമാസിന്റെ നിയന്ത്രണത്തിൽ 200ലേറെ അഭയാർഥികളുണ്ടെന്നാണ് അന്താരാഷ്ട്ര സോഷ്യൽ സർവീസ് നെറ്റ്‌വർക്കായ സി.എഫ്.എ.ബി പറയുന്നത്. ഇരുഭാഗത്തും ബന്ദികളാക്കപ്പെട്ട കുട്ടികളെ മോചിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഇവർ.

അഞ്ചിൽ നാല് കുട്ടികളും വിഷാദരോഗികൾ

ഗസ്സയിൽ കുട്ടികൾ അനുഭവിക്കുന്ന ആഘാതം വ്യക്തിപരം മാത്രമല്ല. ഗസ്സ്സയിലെ അഞ്ചിൽ നാല് കുട്ടികളും വിഷാദം, ഉത്കണ്ഠ, ഭയം എന്നിവയിലൂടെയാണ് കടന്നുപോവുന്നത് എന്നാണ് 2022ൽ സേവ് ദി ചിൽഡ്രൻ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആകെ കുട്ടികളുടെ 75 ശതമാനം പേരും മാനുഷിക സഹായത്തെ ആശ്രയിച്ചാണ് അതിജീവിക്കുന്നത്. ഇതുകൂടാതെ നാലിലൊന്ന് കുട്ടികളും മാനസിക പിന്തുണ വേണ്ടവരാണെന്ന് യുണിസെഫ് 2018-ൽ പുറത്തിറക്കിയ റിപ്പോർട്ടിലും വിശദീകരിക്കുന്നുണ്ട്.

കാലങ്ങളായി യുദ്ധ ഭീതിയിൽ ജീവിച്ച് വരുന്ന ഫലസ്തീൻ കുട്ടികൾ വലിയ രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് ഗസ്സയിലെ മനഃശാസ്ത്ര വിദഗ്ധയായ ഇമാൻ ഫറജല്ല പറയുന്നുണ്ട്. തന്റെ കുട്ടിക്കാലം മുഴുവൻ ഗസ്സയിൽ ജീവിച്ച ഫറജല്ലയ്ക്ക് ഗസ്സയിലെ കുട്ടികളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഗസ്സയിൽ അല്ല ജനിച്ചതെങ്കിൽ താനൊരു മനഃശാസ്ത്രജ്ഞ ആവില്ലെന്നാണ് ഫറജല്ല പലപ്പോഴും പറഞ്ഞിരുന്നത്. യുദ്ധകലൂഷിതമായ മേഖലയിൽ കഴിയുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് നിരന്തരം പഠിക്കുന്നയാളാണ് ഇമാൻ ഫറജല്ല. ഗസ്സയിൽ ജനിച്ചുവളർന്നെങ്കിലും അമേരിക്കയിലെ കാലിഫോർണിയയിലാണ് ഫറജല്ല ജോലി ചെയ്യുന്നത്. എന്നാൽ ഗസ്സയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് പഠിക്കാൻ അവർ വീണ്ടും ഗസ്സയിലേക്കെത്തി. തുടർന്ന് 2022-ലാണ് ഫറജല്ല തന്റെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ജനനം മുതൽ ദുരിതമനുഭവിക്കുന്നവരാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ. ലോകത്ത് ജീവിക്കാൻ ഏറ്റവും മോശപ്പെട്ട സാഹചര്യം എന്താണെന്ന് അവർക്ക് ഓരോരുത്തർക്കുമറിയാം. യുദ്ധം, സംഘർഷം, ഉപരോധം, ദാരിദ്രം, ക്ഷാമം, രോഗം.. ഇതിൽ ഏതെങ്കിലുമൊന്നോ മുഴുവനായോ അനുഭവിക്കാത്ത കുട്ടി ഉണ്ടാവില്ല. ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവേൽക്കുന്നവരാണ് അവർ. മാതാപിതാക്കളും കളിക്കൂട്ടുകാരും അയൽക്കാരും തുടങ്ങി ചുറ്റുമുള്ളവരെല്ലാം കൊല്ലപ്പെടുന്നതിന് അവർ സാക്ഷ്യം വഹിക്കുകയാണ്. അത് അവരിൽ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. നിരാശയും വിഷാദവും ചിലപ്പോൾ കൂടിയ വിദ്വേഷത്തിലേക്ക് പോലും അവരെ എത്തുക്കുന്നു. ആ സ്ഥിതി അവരെ ട്രോമാറ്റിക് സ്‌ട്രെസ് എന്ന സ്ഥിതിയിലേക്ക് എത്തുകയായാണ് ചെയ്യുക.

പഠനത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവവും അവർ പങ്കുവെച്ചു. ബോംബാക്രമണത്തിൽ അവരുടെ മാതാപിതാക്കൾ കൊല്ലപ്പെട്ട പതിനാല് വയസ്സുകാരിയായ ഒരു പെൺകുട്ടി തന്റെ നാല് വയസ്സുകാരിയായ അനിയത്തിയെ മടിയിൽ വെച്ചുകൊണ്ട് പറയുകയാണ്, ഇവളെ ഞാൻ ഇനി എങ്ങനെ വളർത്തും? താൻ സ്വയമൊരു കുട്ടിയാണെന്ന ചിന്ത പോലുമില്ലാതെയായിരുന്നു ആ പതിനാലുകാരിയുടെ ചോദ്യം...ഇവരെ പോലുള്ള നൂറുകണക്കിന് കുട്ടികൾ ഗസ്സയിലെങ്ങുമുണ്ട്. ഗസ്സയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ അടുത്തയുദ്ധം എപ്പോഴാണെന്ന് ആളുകൾ ചോദിക്കുമായിരുന്നു. എത്ര ദയനീയമാണ് ആ ചോദ്യം എന്ന് ആലോചിക്കണം. ഇമാൻ ഫറജല്ല പറയുന്നു.

കുട്ടികൾ ചാവേർ ആവുമ്പോൾ

ഇതിന്റെ മറ്റൊരു അപകടം കൂടി സന്നദ്ധ പ്രവർത്തകർ കാണുന്നുണ്ട്. ഗസ്സയിലെ കുട്ടികൾ വലിയ രീയിൽ ചാവേറുകളുടെ മാനസികാവസ്ഥ സൃഷടിക്കപ്പെടുന്നു. 2007 മുതൽ ഗസ്സ ഹമാസ് നിയന്ത്രണത്തിൽ ആയതോടെ അവിടുത്ത പഠന രീതിതന്നെ മാറി. മറ്റ് മതസ്ഥർക്കും മത രഹിതർക്കും ഹോമോസെക്ഷ്വൽസിനും സ്ത്രീകൾക്കും ഒക്കെ ഗസ്സയിൽ ജീവിതം ദുരിതമായി. ഹമാസിന്റെ ഇസ്ലാമൈസേഷൻ പീഡനങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടവർക്ക് ഏറെ പറയാനുണ്ട്. 'സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു. ശരിയാ കോടതികൾ നിലവിൽ വന്നു. ഹമാസ് സ്ഥാപക നേതാവ് ഷേക്ക് ഹസൻ യൂസഫിന്റെ മകനും പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിക്കുകയും, സൺ ഓഫ് ഹമാസ് എന്ന പുസ്തകം എഴുതുകം ചെയ്ത മൊസാബ് യൂസഫ് പറയുന്നത് ഗസ്സയിൽ കുട്ടികൾക്ക് അഞ്ചു വയസ്സാകുമ്പോൾ മുതൽ മതപഠനം തുടങ്ങുമെന്നാണ്. 'ഈ മത പഠനം ഒരു 'മോറൽ കോൺഷ്യസ്നെസ്' ഉണർത്തുന്ന പ്രക്രിയ ആണെങ്കിൽ അത് തീർച്ചയായും നല്ലതാണ്. അതിനു പകരം പിഞ്ചു കുട്ടികളായിരിക്കുമ്പോൾ തന്നെ അവരിൽ യഹൂദ വിരോധവും, ഇസ്രയേൽ വിരുദ്ധ വികാരവുമൊക്കെ കുത്തിവെക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇങ്ങനെ കുറച്ചുകാലം കഴിയുമ്പോൾ, മത പഠനം ഉൾക്കൊള്ളുന്ന യുവാക്കൾ 'ചാവേറുകളായി' പരിണമിക്കുകയാണ്. ''സ്യൂയിസൈഡ് സ്‌ക്വാഡ് മൈൻഡ്‌സെറ്റ് വളരെ വർഷങ്ങളായുള്ള 'ബ്രെയിൻ വാഷിങ്' മൂലം മാത്രം സംഭവിക്കുന്നതാണ്. ഹമാസിലുള്ളവർക്ക് ഇസ്രയേലുകാരോടോ, യഹൂദരോടോ മാത്രമല്ല, ഫലസ്തീൻകാരുടെ ജീവനോട് പോലും യാതൊരു മമതയുമില്ലാതെ ആവുകയാണ്. അവർക്ക് 'ശഹീദാവുക' എന്നത് മാത്രമാണ് ലക്ഷ്യം. ഗസ്സയിൽ നിന്ന് പുറത്തുകടന്നപ്പോൾ മാത്രമാണ് എനിക്കും ഇതിനെ കുറിച്ച് ബോധോദയം വന്നത്-''- മൊസാബ് പറയുന്നു.

ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയേലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓരോ മരണം നടക്കുമ്പോഴും കൂടുൽ ചാവേറുകൾ ഉണ്ടാവാനുള്ള മാനസികാവസ്ഥയും സൃഷ്ടിക്കപ്പെടുന്നു. 'നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നപോലെ ഞങ്ങൾ മരണത്തെ സ്നേഹിക്കുന്നുവെന്ന്' ഫലസ്്തീനികൾ പലപ്പോഴും പറയാറുണ്ട്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചുകുട്ടികളെ നഷ്ടപ്പെട്ട ഒരു അമ്മ, ഇനിയും പോരാടാനായി താൻ കുട്ടികളെ ഉണ്ടാക്കുമെന്നും, അവരും ശഹീദാവുമെന്നും പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഈ രീതിയിലുള്ള ഒരു പോപ്പുലേഷൻ വാറും ഗസ്സയിൽ നടക്കുന്നുണ്ട്.

വളരെ ചെറുപ്പത്തിലെ തന്നെ യഹൂദ വിരോധം അടിച്ചേൽപ്പിക്കുന്നതുകൊണ്ട്, കൗമാരത്തിതന്നെ കുട്ടികൾ ചവേർ ആവാൻ സ്വയം സന്നദ്ധരാവുകയാണ്. അവർക്ക് മറ്റൊരു ഓപ്ഷനുമില്ല. അവിടെനിന്ന് രക്ഷപ്പെടാൻ വേറെ വഴിയുമില്ല.

ഹമാസിന് കിട്ടുന്ന കോടികൾ എവിടെ?

ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലീങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ ഫണ്ട് കിടടുന്ന സംഘടനയാണ് ഹമാസ്. അവർ വെറുമൊരു തീവ്രവാദ സംഘടന മാത്രമല്ല, ഗസ്സയിലെ ഭരണകക്ഷി കൂടിയാണ്. അതുകൊണ്ടുതന്നെ ആ നാടിന്റെ അടിസ്ഥാന മേഖല വികസിപ്പിക്കേണ്ടതും അവരുടെ ആവശ്യമാണ്. എന്നാൽ ഹമാസ് അതൊന്നും ചെയ്യില്ല. ഇന്നും വൈദ്യുതിയും , വെള്ളവും വരെ ഗസ്സക്ക് കൊടുക്കുന്നത് ഇസ്രയേൽ ആണ്. എന്നാൽ ഇതിന് ഇസ്രയേൽ ഈടാക്കുന്ന പണം പോലും അവർ അടക്കില്ല. അങ്ങനെ ഇസ്രയേൽ വൈദ്യുതി ബദ്ധം വിഛേദിക്കുമ്പോൾ വാർത്ത വരിക, ഗസ്സ നിവാസികളെ ഇരുട്ടിലിട്ട് കൊല്ലാനുള്ള നീക്കം എന്നാണ്. അതുപോലെ ഇപ്പോൾ ഇസ്രയേൽ വൈദ്യുതി വിഛേദിച്ചതും ഗസ്സയിലെ തുരങ്കങ്ങളിലെ ജനറേറ്ററുകൾ ഹമാസ് വ്രർത്തിപ്പിക്കരുത് എന്ന് കണ്ടാണ്. പക്ഷേ അതിന്റെ പേരിൽ ദുരിതത്തിലാവുന്നതും ഗസ്സയിലെ സാധാരക്കാർ ആണ്.

ഗസ്സയിലെ ബാല്യകാല മരണങ്ങളിൽ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഹമാസ് ചെയ്യുന്നില്ല. കിണർ, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാൾ തുരങ്ക നിർമ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്. ഗസ്സയിൽ നടക്കുന്ന ഒരേ ഒരു വ്യവസായം, തുരങ്ക നിർമ്മാണം ആണെന്നാണ് പറയുക. ഈ ജോലിക്ക് മാത്രം നല്ല കൂലിയുമുണ്ട്.

ഹമാസ് നേതാക്കളുടെ ആസ്തിയുടെ റിപ്പോർട്ടുകൾ കേട്ടാലും ഞെട്ടിപ്പോകും. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർ അബു മർസൂക്കിന്റെ ആസ്തി 3 ബില്യൺ ഡോളറും, മുതിർന്ന നേതാക്കളായ ഖാലിദ് മഷാലിന്റെയും, ഇസ്മായിൽ ഹനിയുടെയും ആസ്തി 4 ബില്യൺ ഡോളറുമാണെന്നാണ്. ഇതെല്ലാം അവർ ഗസ്സക്കാരുടെ മൃതദേഹങ്ങൾ വെച്ച് അന്താരാഷ്ട്ര മുസ്ലിം സമുഹത്തിൽ നിന്ന് സംഭാവനകളിലുടെ ആർജിച്ചതാണ്. ഗസ്സക്കുവേണ്ടി കൊടുക്കുന്ന പണം പോകുന്നത്, നേതാക്കളുടെ പോക്കറ്റിലേക്കാണ്്. മക്കളെ വ്യാജപേരുകളിൽ ഇന്റനാഷണൽ സ്‌കൂളുകളിൽ വരെ ചേർത്ത് പഠിപ്പിക്കുന്ന ഇവർ ഖത്തറിൽ സുഖ ജീവിതം നയിക്കയാണ്

ഗസ്സയിൽ അടിസ്ഥാന വികസനം കൊണ്ടുവന്നില്ലെങ്കിലും ചാവേറുകളുടെ കുടുംബത്തിന് പെൻഷൻ കൊടുത്ത്, ഭീകരവാദത്തെ എപ്പോഴും ലൈവായി നിർത്താൻ ഹമാസ് ശ്രമിക്കുന്നുണ്ട്. ഹമാസിൽ മൂന്ന് വർഷം വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 400 ഡോളർ മുതൽ പെൻഷനുണ്ട്. 30 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 3,400 വരെ ഡോളർ വരെയും. ചവേറായി പൊട്ടിത്തെറിച്ചവരുടെ കുടുംബത്തിനും വലിയ തുക പെൻഷൻ കൊടുക്കുന്നുണ്ട. 60 ശതമാനം ഫലസ്തീനികൾ പ്രതിമാസം 60 ഡോളർ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്നോർക്കണം. അതിനാൽ തന്നെ ചാവേറാവുന്നതുമൂലം വ്യക്തിക്ക് മതസ്വർഗം കിട്ടുമെന്ന ആശ്വാസത്തിന് ഒപ്പം, കുടുംബത്തിന് ജീവിക്കാനുള്ള വരുമാനവും കിട്ടും.

അങ്ങോട്ട് ആക്രമിച്ച് പ്രകോപിപ്പിക്കുക. ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുക. എന്നിട്ട് കുട്ടികളുടെയും മറ്റും മൃതദേഹത്തിറെ പടം, ഉപയോഗിച്ച് ആഗോള വ്യാപകമായി പരിവ് നടത്തുക. അതിലെ ഒരു ചെറിയ ഭാഗം മാത്രം ഗസ്സക്കാർക്ക് കൊടുത്ത്, ബാക്കി സ്വകാര്യ സ്വത്താക്കി മാറ്റുക. ഇതുകൊണ്ടുതന്നെയാണ്, ഹമാസിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ പറയുന്നത് ഗസ്സയുടെ എറ്റവും വലിയ ശാപം ഹമാസ് തന്നെയാണെന്ന്. നടൻ ഷെയിൻ നിഗം പറഞ്ഞപോലെ മിഠായി കടലാസിലെന്നപോലെ പൊതിഞ്ഞുവെച്ച കുട്ടികളുടെ മൃതദേഹം കാണുമ്പോൾ നമുക്ക് വിഷമം വരും. ആ വിഷമം തന്നെയാണ് ഹമാസിന്റെ വരുമാന മാർഗം. ഗസ്സയിൽ സമാധാനം സ്ഥാപിക്കാനല്ല, ഗസ്സ എപ്പോഴും പകുഞ്ഞുകൊണ്ടിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ശരിക്കും ചെകുത്താനും കടലിനും നടുവിലാണ് ഗസ്സയിലെ കുട്ടികളും.

വാൽക്കഷ്ണം: ഇസ്രയേൽ ഒരിക്കലും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല. കുട്ടികളെ കൊന്നാൽ അന്താരാഷ്ട്ര സമൂഹം തങ്ങൾക്ക് എതിരാവുമെന്ന് അവർക്ക് നന്നായി അറിയാം. പക്ഷേ സ്‌കൂളുകൾക്ക് ഉള്ളിലും, ആശുപത്രിക്കുള്ളിലും തുരങ്കം സ്ഥാപിച്ച്, ജിഹാദികളെ ഒളിപ്പിച്ചാൽ അവർക്ക് എന്ത് ചെയ്യാൻ കഴിയും. അതുകൊണ്ടുതന്നെയാണ് ഈ ശിശുമരണങ്ങളിൽ പ്രധാന ഉത്തരവാദിയായി നിഷപക്ഷരായ മാധ്യമ പ്രവർത്തകരിൽ പലരും ഹമാസിനെ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ മലയാളത്തിലെ പത്രങ്ങൾ വായിച്ചാൽ തോന്നുക, ഇന്ന് ഇത്ര കുട്ടികളെ കൊല്ലണം എന്ന ഇസ്രയേലിന് എന്തോ ഒരു ക്വാട്ടയുണ്ടെന്നാണ്!