ന്ത്യയിലെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും അങ്ങനെയാണ്. ഒരു സർവേകൾക്കും എക്സിറ്റുപോളുകൾക്കും പിടികിട്ടാത്ത ഒരു നിഗുഢഭാവം എപ്പോഴും അത് ഒളിപ്പിച്ചുവെക്കും. ഇന്ദിരാഗാന്ധി തൊട്ടുള്ള വന്മരങ്ങളുടെ പതനം കണ്ട നാടാണിത്. 2024-ലെ ഈ ലോക്സഭാ ഇലക്ഷനിലും ഉണ്ടായി അത്തരത്തിലുള്ള ഒരുപാട് രാഷ്ട്രീയ അത്ഭുതങ്ങൾ. പത്തുലക്ഷം വോട്ടിന് ജയിക്കുമെന്ന് ബിജെപി കരുതിയ, വാരാണസിയിൽ പ്രധാനമന്തി നരേന്ദ്ര മോദി ആദ്യഘട്ടത്തിൽ പിന്നിൽപോവുമെന്ന് ആരും കരുതിയതല്ല. യുപിയിലും മഹാരാഷ്ട്രയിലും എൻഡിഎക്ക് ഉണ്ടായ വലിയ തിരിച്ചടിയും ആരും പ്രവചിച്ചതല്ല.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്്ട്രത്തിലെ തിരഞ്ഞെടുപ്പ് പുർത്തിയാവുമ്പോൾ, ഒരുപാട് പൊളിറ്റിക്കൽ ഹീറോകളെ നമുക്ക് കാണാൻ കഴിയും. 29 പാർട്ടികളുടെ സഖ്യത്തിന് നേതൃത്വം കൊടുത്ത രാഹുൽഗാന്ധി, യുപിയിൽ ബിജെപിയെ പിടിച്ചുകെട്ടിയ അഖിലേഷ് യാദവ്, ചിഹ്നം വരെ പോയിട്ടും ഉറ്റവർ പിന്നിൽനിന്ന് കുത്തിയിട്ടും മഹാരാഷ്ട്രയിൽ തിളക്കമാർത്ത പ്രകടനം കാഴ്ചവെച്ച ശരദ് പവാർ, പിളർന്ന പാർട്ടിയെ വെച്ചും കത്തിക്കയറിയ ഉദ്ധവ് താക്കറേ, യാതൊരു ഈഗോയുമില്ലായെ സഖ്യത്തിലേർപ്പെട്ട തമിഴ്‌നാടിന്റെ സ്റ്റാലിൻ തൊട്ട് സകല പ്രതികൂല സാഹചര്യങ്ങളും തകർക്കത്ത് തൃശൂർ എടുത്ത നമ്മുടെ സുരേഷ് ഗോപിതൊട്ട് എത്രയോ പേർ ഈ തിരഞ്ഞെടുപ്പിലെ ഹീറോകളാണ്. പക്ഷേ ആ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. 2024-ലെ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പിലെ ചില ജയന്റ് കില്ലേഴ്സിനെ അറിയാം.

മോദിയെ വിറപ്പിച്ച അജയ്റായി

'വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 6223 വോട്ടിന് പിന്നിൽ'- കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഓരോ ബിജെപിക്കാരന്റെയും നെഞ്ചിടിപ്പേറ്റിയ ഈ ഫ്ളാഷ് ന്യുസിന് കാരണക്കാരനായ വ്യക്തിയാണ്, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. അതാണ് കിഴക്കൻ ഉത്തർ പ്രദേശിലെ ബാഹുബലി എന്ന് അറിയപ്പെടുന്ന പിസിസി അധ്യക്ഷൻ അജയ്റായി.

സിറ്റിങ് മണ്ഡലമായ വാരാണസിയിൽ ന്രരേന്ദ്രമോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നിടത്ത് നിന്നും അത് 1,52,513 ആയി ചുരുങ്ങി. മൂന്നര ലക്ഷത്തിന്റെ കുറവ്. തനിച്ച് മത്സരിച്ച ബി.എസ്‌പി സ്ഥാനാർത്ഥി മൂന്നാമതെത്തി. 2014-ൽ 3.71 ലക്ഷം വോട്ടിന്റെയും 2019-ൽ 4.80 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷം നേടിയ മോദിക്ക് ഇത്തവണ 80 ശതമാനം വോട്ട് ലഭിച്ചിരിക്കണമെന്ന 'അന്ത്യശാസനം' മണ്ഡലത്തിന്റെ പ്രവർത്തകർക്ക് ബിജെപി നൽകിയിരുന്നു. പത്തു ലക്ഷത്തിലധികം വോട്ടും ഏഴു ലക്ഷത്തിന്റെ ഭൂരിപക്ഷവും എന്നതായിരുന്നു പാർട്ടി ടാർഗറ്റ്. പക്ഷേ അജയ്റായിക്കുമുന്നിൽ അതല്ലൊം നിഷ്പ്രഭമായി.

മണ്ഡലത്തിൽ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്ന് ആദ്യഘട്ട ഫലസൂചനകൾ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ഒമ്പതിനായിരം വോട്ടിന് മോദി പിന്നിൽ എന്ന വാർത്ത ബിജെപി ക്യാമ്പിന്് ഉണ്ടാക്കിയ ആശങ്ക ചെറുതായിരുന്നില്ല. യു.പി. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അജയ് റായ് വാരണാസിയിൽ 2009- മുതലിങ്ങോട്ട് ബിജെപി.യെ എതിർത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ്.

വാരാണസിയുടെ ഓരോ മുക്കും മുലയും നന്നായി അറിയാമെന്നതാണ് അജയ്റായിക്ക് കരുത്തായത്. "എത്ര തവണ ബനാറസിൽ വന്നിട്ടുണ്ടെന്ന് മോദിജിക്ക് കണക്കാക്കാം. ഞങ്ങൾ ഇവിടെയാണ് ജനിച്ചത്, ഇവിടെ ജീവിക്കും. നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിൽ വലിയ അന്തരമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ പറ്റില്ല"- എന്ന പ്രഖ്യാപനവുമായി വാരാണസിയിൽ കളം നിറഞ്ഞ നേതാവാണ് അജയ്റായ്.

മോദി കളിപഠിച്ച അതേ കളരിയിലാണ് അജയ്റായിയുടെയും തുടക്കം. ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ അംഗമായാണ് 'പൂർവാഞ്ചൽ ശക്തൻ' എന്നറിയപ്പെടുന്ന അജയ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കൊളസ്ലയിൽ നിന്നായിരുന്നു അജയ് റായ് ആദ്യമായി ബിജെപി ടിക്കറ്റിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1996- ലെ ആദ്യവിജയത്തിന് ശേഷം 2002, 2007 വർഷങ്ങളിൽ തുടർച്ചയായി അജയ്റായ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്ന അജയ് റായ് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നും ബിജെപിയുടെ മുരളി മനോഹർ ജോഷിയോട് പരാജയപ്പെട്ടു. 2012- ലാണ് അജയ് റായ് കോൺഗ്രസിൽ ചേരുന്നത്. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്ദ്ര മണ്ഡലത്തിൽ നിന്നും അജയ് റായ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. 2017ലെയും 2022ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അജയ് റായ്ക്ക് പക്ഷെ പിന്ദ്രയിൽ നിന്ന് വിജയിക്കാനായില്ല.

കിഴക്കൻ ഉത്തർപ്രദേശിലെ ചില പോക്കറ്റുകളിൽ സ്വാധീനമുള്ള ഭൂമിഹാർ സമുദായത്തിൽ നിന്നുള്ളയാളാണ് അജയ് റായ്. ബിജെപിയുടെ തട്ടകത്തിൽ നിന്നും രാഷ്ട്രീയ കരുനീക്കങ്ങൾ പഠിച്ച അജയ് റായ് യോഗി ആദിത്യനാഥിന്റെയും മോദിയുടെയും ഹിന്ദുത്വ ആശയങ്ങളോട് പിടിച്ച് നിൽക്കാനുള്ള സമവാക്യങ്ങൾ പിന്തുടരുന്ന നേതാവാണ്. മൃദുഹിന്ദുത്വ എന്ന വിമർശനമുണ്ടെങ്കിലും രാമക്ഷേത്ര വിഷയത്തിൽ അടക്കം പൊതുബോധങ്ങളെ ചേർത്ത് പിടിച്ച് കോൺഗ്രസിന് നിലമൊരുക്കുകയാണ് അജയ്റായ് തന്ത്രം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ തന്ത്രത്തേട് വിയോജിക്കാതെ ചേർന്നു നിൽക്കുന്നു എന്നതും പ്രധാനമാണ്. പക്ഷേ വാരാണസിയിൽപോലും ബിജെപിയുടെ വോട്ട്കുറച്ചത് ആ തന്ത്രം തന്നെയാണ്.


ജയിൽ നിന്ന് ജയിച്ച രണ്ടാം ഭിന്ദ്രൻവാല!

ജയിലിൽ കിടന്ന് ജയിക്കുന്ന എന്നൊക്കെപ്പറയുന്നത് സമകാലീന ഇന്ത്യ കണ്ട എറ്റവും വലിയ രാഷ്ട്രീയ അത്ഭുതമാണ്. അതും തീവ്രവാദക്കുറ്റമടക്കം ചുമത്തപ്പെട്ടിട്ടും. അതാണ് രണ്ടാം ഭ്രിന്ദൻവാല എന്ന് വിളിക്കുന്ന ഇപ്പോൾ അസമിലെ ജയിലിലുള്ള അമൃത്പാൽ സിങിന്റെ കാര്യത്തിൽ സംഭവിച്ചത്. 'ഭിന്ദ്രൻവാലയുടെ ആശയങ്ങൾ നടപ്പാക്കാനായി ഒരു വോട്ട്"- പഞ്ചാബിലെ ഖദൂർ സാഹിബ് എന്ന പാർലിമെന്റ് മണ്ഡലത്തിൽ മത്സരിച്ച ഈ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ബാനറുകളും അങ്ങനെയായിരുന്നു. സുവർണ്ണക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം തീർത്തുകളഞ്ഞ ഭിന്ദ്രൻവാലയെന്ന സിഖ് ഭീകരൻ ഇവിടെ ഹീറോയാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായി ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നതും, അതിനുശേഷമുള്ള സിഖ് കൂട്ടക്കൊലയൊക്കെ ഇന്നും രാജ്യത്തിന്റെ നടുക്കുന്ന ഓർമ്മകളാണ്. ഖലിസ്ഥാൻ വാദം ഉന്നയിക്കുകയും, പൊലീസിനെ ആക്രമിക്കുകയുമൊക്കെ ചെയ്തതിന്റെ പേരിൽ ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ്. കാരഗൃഹവാസത്തിനിടെയാണ് നോമിനേഷൻ നൽകിയതും, ജന്മനാട്ടിൽ മത്സരിച്ചതും ജയിച്ചതും.

രണ്ടുലക്ഷത്തോളം വോട്ടിനാണ് അമൃത്പാൽ ജയിച്ചുകയറിയത്. കോൺഗ്രസിന്റെ കുൽബീർ സിങ് സിറയും ആം ആദ്മി ലാൽജിത് സിങ് ഭുള്ളറുമായിരുന്നു മുഖ്യ എതിരാളികൾ. മണ്ഡലത്തിലെ യുവജനങ്ങളുടെ പിന്തുണ നേടിയെടുത്ത അമൃത്പാൽ സിങ് 4,04,430 വോട്ടുകളാണ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ കുൽബീറിന് 2,07,310 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. ഭൂരിപക്ഷം 1,97,120.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായോ, വോട്ട് രേഖപ്പെടുത്താനോ പോലും അമൃത്പാലിന് അനുമതിയില്ലായിരുന്നു. അമൃത്പാലിന്റെ പിതാവ് തർസേം സിങ്ങാണ് മണ്ഡലത്തിലുടനീളം പ്രചാരണം നയിച്ചത്. യുവാക്കളുടെ വൻസംഘം അടങ്ങുന്ന അമൃത്പാലിന്റെ അനുയായി വൃന്ദങ്ങളും പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തു. പഞ്ചാബിലെ ലഹരി മരുന്ന് മാഫിയയ്‌ക്കെതിരെ അമൃത്പാൽ നടത്തിയ പോരാട്ടം യുവാക്കെളെ ആകർഷിച്ചിരുന്നു. തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സിഖ് നേതാക്കളുടെ മോചനത്തിനായും രാജ്യത്ത് സിഖ് പൈതൃകം സംരക്ഷിക്കപ്പെടാനും തന്നെ വിജയിപ്പിക്കണമെന്നും അമൃത്പാൽ അഭ്യർത്ഥിച്ചിരുന്നു. വിവിധി സിഖ് സംഘടനകൾ അമൃത്പാൽ സിങിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ഇപ്പോൾ ഭീകരവാദ ആശയങ്ങൾക്ക് പിന്തുണയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന ഓർമ്മപ്പെടുത്തൽ കുടിയാണ് ഈ വിജയമെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

തിഹാറിൽനിന്ന് ജയിച്ച 'കശ്മീർ ഭീകരൻ'!

അമൃത്പാൽ സിങിന് സമാനമായ അനുഭവമാണ്, ജമ്മുകശ്മീരിലെ ബാരാമുള്ളയിൽനിന്ന് ജയിച്ച് റാഷിദ് എൻജിനീയറുടെയും അനുഭവം. തീവ്രാദക്കുറ്റം ചുമത്തി എൻഐഎ തിഹാർ, ജയിൽ അടച്ചിടുത്തുനിന്നാണ് ഇദ്ദേഹം രണ്ടുലക്ഷഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചു കയറിയത്.

രണ്ടു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുള്ള റാഷിദ,് ബാരാമുള്ള മണ്ഡലത്തിൽ അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെയാണ്. അതും 2,04,142 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിൽ. ബിഎസ്സി ബിരുദധാരിയും സിവിൽ എൻജിനീയറുമായി റാഷിദ് 2008-ലാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത്. കശ്മീരിലെ ലാങ്‌തെ മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച് എംഎൽഎയായ റാഷിദ് 2014-ലും അവിടെ ജയം ആവർത്തിച്ചു.

2005ലാണ് തീവ്രവാദ ഫണ്ടിങ്ങിന്റെ പേരിൽ റാഷിദ് ആദ്യം അറസ്റ്റിലാകുന്നത്. ലഷ്‌കർ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കായി ഫണ്ട് സമാഹരിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീർ പൊലീസിന്റെ സ്‌പെഷൽ ഓപ്പറേഷസ് ഗ്രൂപ്പാണ് അറസ്റ്റ് ചെയ്തത്. ആ കേസിൽ ദേശവിരുദ്ധ പ്രവർത്തനക്കുറ്റം ചുമത്തി മൂന്നു മാസവും 17 ദിവസവുമാണ് റാഷിദിനെ ജയിലിൽ അടച്ചത്. എന്നാൽ പൊലീസിന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് ശ്രീനഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പിന്നീട് ജമ്മു കശ്മീർ അവാമി ഇത്തിഹാദ് പാർട്ടി രൂപീകരിച്ചു റാഷിദ് 2014-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും ലാങ്‌തെയിൽനിന്നു ജയിച്ചു എംഎൽഎയായി.

ജമ്മു കശ്മീർ പൊലീസ് അന്വേഷിച്ച് തെളിവു കണ്ടെത്താനാകാതെ പോയ തീവ്രവാദ ഫണ്ടിങ് കേസ് എൻഐഎയ്ക്കു കൈമാറിയാണ് തെളിവ് വന്നത്. 2018 അവസാനം കേസന്വേഷണം ഏറ്റെടുത്ത എൻഐഎ 2019 മാർച്ചിൽ റാഷിദിനെ അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റങ്ങളാണ് റാഷിദിനു മേൽ എൻഐഎ ആരോപിച്ചത്.

കശ്മീരിൽ ഇന്ത്യൻ സൈനികർക്കു നേരെ കല്ലേറ് നടത്തിയതിനും ശ്രീനഗറിൽ ഉണ്ടായ സംഘർഷങ്ങൾക്കിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതിനും സ്‌കൂളുകൾ അഗ്നിക്കിരയാക്കിയതിനു പിന്നിലും റാഷിദിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചന നടന്നുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇതിനു പുറമെ ലഷ്‌കറുമായി ഇയാൾക്ക് അടുത്ത ബന്ധമാണെന്ന് രാജ്യത്തിനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ലഷ്‌കറിന് റാഷിദ് പണം സമാഹരിച്ചതായി കേസിലെ മറ്റൊരു പ്രതിയായ സഹൂർ വതാലി സമ്മതിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ വാദം കേട്ട ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി കേസിൽ റാഷിദിനെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തി 2019 ഓഗസ്റ്റ് ഒൻപതിന് തിഹാർ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. അഞ്ച് വർഷമായി തിഹാറിൽ ജയിലിലാണ് റാഷിദ്. അവിടെകിടന്ന് മത്സരിച്ചാണ് അയാൾ ഈ വൻ ഭൂരിപക്ഷത്തിന് ജയിച്ചത്.

പഞ്ചാബിലെപ്പോലെ കശ്മീരിലും തീവ്രവാദ രാഷ്ട്രീയത്തിന് മാർക്കറ്റുണ്ടെന്നും അതാണ് റാഷിദിന്റെ വിജയം സൂചിപ്പിക്കുന്നത് എന്നുമാണ് ബിജെപി പറയുന്നത്്. എന്നാൽ റാഷിദ് നിരപരാധിയായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മാത്രമാണെന്നും, ഭരണകൂട ഭീകരതക്കെതിരായ വിധിയാണ് ഇവിടെ ഉണ്ടായതെന്നുമാണ് ചില സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

തീയായി മഹുവ മൊയ്ത്ര

ഈ തിരഞ്ഞെടുപ്പിൽ ഫയർ എന്ന് വിളിക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് മാത്രമേയുള്ളു. അതാണ് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര. ബംഗാളിൽ മറ്റാരു ജയിച്ചാലും മഹുവ ജയിക്കരുതെന്ന വാശിയിലായിരുന്നു ബിജെപി. കാരണം മോദിയെയും അമിത്ഷായെയുമൊക്കെ പാർലിമെന്റിൽ നിർത്തിപ്പൊരിച്ചത് ഈ വനിതാ അംഗമാണ്. പക്ഷേ ബംഗാളിലെ കൃഷ്ണനഗറിലെ ജനങ്ങൾ മഹുവയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർത്ഥി കൃഷ്ണനഗർ കൊട്ടാരത്തിലെ രാജമാത അമൃത റോയിയെ 56,705 വോട്ടുകൾക്ക് പിന്നിലാക്കിയാണ് മഹുവ ജയിച്ചുകയറിയത്. ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ കൂടിയായിരുന്ന സിപിഎമ്മിന്റെ എസ്. എം. സാധി മൂന്നാമതെത്തി.

മഹുവയെ തോൽപ്പിക്കാൻ ബിജെപി പ്രത്യേക ഫണ്ട്പോലും രൂപീകരിച്ച് വൻ പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനഗറിലെത്തിയാണ് മഹുവയ്‌ക്കെതിരായ കാമ്പയിന് നേതൃത്വം നൽകിയത്. മഹുവ പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടതും നേരത്തെ വൻ വിവാദമായിരുന്നു. അതിനുശേഷവും അവരുടെ വീട്ടിലും ഓഫീസിലും നിരന്തരം റെയ്ഡ് ഉണ്ടായിരുന്നു. എന്നാൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട അന്നു മുതൽ അവർ മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ടു സംവദിച്ചുകൊണ്ടിരുന്നു.

ദീർഘകാലം സി പി എം സ്വാധീനത്തിലായിരുന്ന കൃഷ്ണനഗറിലേക്ക് 2000-ത്തിനുശേഷമാണ് മറ്റു പാർട്ടികൾ കടന്നുവന്നത്. 2009 മുതൽ തൃണമൂൽ കോൺഗ്രസാണ് ജയിക്കുന്നത്. 2019-ൽ 6,14,872 വോട്ട് നേടിയാണ് മഹുവാ മൊയ്ത്ര ജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കല്യാൺ ചൗബെക്കെതിരായ അവർ ജയിച്ചത് .

മണ്ഡലത്തിൽ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തെയിറക്കിയാൽ മഹുവയെ തോൽപ്പിക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. 18ാം നൂറ്റാണ്ടിൽ നാദിയ മേഖല ഭരിച്ചിരുന്ന രാജാ കൃഷ്ണചന്ദ്ര റോയുടെ പേരിലുള്ളതാണ് കൃഷ്ണനഗർ മണ്ഡലം. രാജകുടുംബത്തിലെ മുതിർന്ന അംഗമാണ് അമൃത റോയ്. തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ്, മാർച്ചിലാണ് അമൃത റോയിയും കുടുംബവും ബിജെപിയിൽ അംഗങ്ങളായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് അമൃതയെ സ്ഥാനാർത്ഥിയാക്കുന്നതിന് ചരടുവലി നടത്തിയത്. സുവേന്ദു അധികാരിയുടെ കാലുമാറ്റം മേഖലയിൽ തൃണമൂലിന് വൻതിരിച്ചടിയാകുമെന്ന ആശങ്കയുണ്ടായിരുന്നു.

മോദി- അദാനി ബന്ധത്തെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും നിരന്തരം ചോദ്യങ്ങൾ ഉയർത്തിയ എംപിയാണ് മഹുവ മൊയ്ത്ര. തുറമുഖങ്ങൾ, കൽക്കരി ഖനികൾ, വൈദ്യുതി വിതരണ കരാറുകൾ തുടങ്ങി നിരവധി മേഖലകളിൽ വഴിവിട്ട രീതിയിൽ അദാനി നേടിയെടുത്ത സൗജന്യങ്ങൾ തെളിവുകൾ സഹിതം മഹുവ മൊയ്ത്ര ചോദ്യങ്ങളായി ഉന്നയിച്ചു. അദാനി കമ്പനികളിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റ് പങ്കാളികളായ, 20,000 കോടി രൂപയുടെ നിഗൂഢ നിക്ഷേപം നടത്തിയ, ചൈനീസ് പൗരനുമായുള്ള അദാനി ബന്ധങ്ങൾ അടക്കം മഹുവയുടെ നിശിതമായ ചോദ്യങ്ങൾക്ക് വിധേയമായിട്ടുണ്ട്. 4.5 മില്യൺ ടൺ പാചകവാതക സംഭരണശേഷി മാത്രമുള്ള ഒഡീഷയിലെ ധാംമ്ര തുറമുഖ ടെർമിനൽ ഉപയോഗത്തിനായി 46,000 കോടിയുടെ കരാർ 2042 വരെയുള്ള കാലാവധിക്ക്, യാതൊരുവിധ ടെണ്ടർ നടപടികളും കൂടാതെ, അദാനിയുമായി ഒപ്പുവെച്ചത് തൊട്ട് നിരവധി വിഷയങ്ങൾ മഹുവ മൊയ്ത്ര പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. അത് തന്നെയായിരുന്നു മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.

ലണ്ടനിലെ ജെ പി മോർഗൻ ചേസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് 2009- ൽ മഹുവ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്നു, അവിടെ 'ആം അഡ്‌മി കാ സിപാഹി' എന്ന പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. 2010- ൽ അവർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു.

ഒറ്റക്ക് വഴിവെട്ടിവന്ന ആസാദ്

ജാതിയെ മതംവെച്ച് വെട്ടുക എന്ന ബിജെപിയുടെ തന്ത്രം പ്രതിരോധിച്ച് രാജ്യത്തിന്റെ ദലിത് ശബ്ദമായി മാറിയിരിക്കയാണ് ചന്ദ്രശേഖർ ആസാദ്. യുപിയിലെ നഗീന മണ്ഡലത്തിൽ നേടിയ തിളക്കമാർന്ന ജയം ബിജെപിയുടെയും ബിഎസ്‌പിയുടെയും ഉറക്കംകെടുത്തുമെന്ന് ഉറപ്പ്. സ്വന്തമായി സ്ഥാപിച്ച ആസാദ് സമാജ് പാർട്ടിയുടെ പേരിലാണ് നഗീനയിൽ ചന്ദ്രശേഖർ മത്സരിച്ചത്. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.

51.19% വോട്ടുകൾ നേടിയാണ് ആസാദ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ഓം കുമാർ, എസ് പിയുടെ മനോജ് കുമാർ, ബിഎസ്‌പിയുടെ സുരേന്ദ്ര പാൽ സിങ് എന്നിവരായിരുന്നു പ്രധാന എതിരാളികൾ. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി കുറഞ്ഞു. ബിഎസ്‌പിയുടെ സുരേന്ദ്ര പാൽ സിംഗിന് 1.33% വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019ൽ ബിഎസ്‌പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിഎസ്‌പിക്ക്. ലഭിച്ചത് ആകെ 13,272 വോട്ട് മാത്രം.

നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദലിതരാണ്. മുസ്ലീങ്ങൾ 40 ശതമാനമുണ്ട്. താക്കൂർ, ജാട്ട്, ചൗഹാൻ രജപുത്രർ, ത്യാഗികൾ, ബനിയകൾ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ എസ്‌പിയുമായി ചർച്ച ചെയ്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ആലോചിച്ചെങ്കിലും ചർച്ച വഴിമുട്ടി. തുടർന്ന് ആസാദ് ഒരു സഖ്യത്തിന്റെയും ഭാഗമാകാതെ മത്സരിക്കുകയായിരുന്നു. വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു. എസ്‌പിക്കും ബിഎസ്‌പിക്കും ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ ആസാദിന് ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പ്രചാരണത്തിന് പണമില്ലാത്തതിനാൽ കാൽ നടയായിട്ടായിരുന്നു പലപ്പോഴും ആസാദിന്റെ പ്രചാരണം. ഒരു എക്സിറ്റുപോളുകളും സർവേകളും അദ്ദേഹത്തിന്റെ വിജയം പ്രവചിച്ചിരുന്നില്ല. വോട്ട് ഭിന്നിക്കുന്നതിനാൽ ഇവിടെ ബിജെപി അനായാസം ജയിക്കുമെന്നായിരുന്നു പ്രവചനം.

36 വയസ്സുകാരനായ നിയമ ബിരുദധാരിയായ ചന്ദ്രശേഖർ ആസാദ് 2015 ലാണ് ഭീം ആർമി രൂപീകരിച്ചത്. ദലിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരും ഉന്നമനമായിരുന്നു ലക്ഷ്യം. 2017 ൽ സഹരൻപൂർ ജില്ലയിലെ താക്കൂർ സമുദായവുമായുള്ള സംഘർഷത്തിൽ ദലിതർക്കായി ശബ്ദമുയർത്തിയതോടെയാണ് ആസാദ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദിനെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി ജയിലിലടച്ചു. 2018 സെപ്റ്റംബറിലാണ് ജയിൽ മോചിതനായത്. സിഎഎക്കെതിരായ സമരത്തിന്റെ മുൻപന്തിയിലും ആസാദുണ്ടായിരുന്നു.

രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും ആസാദ് പ്രവർത്തനം വ്യാപിപ്പിച്ചു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിരുന്നു. സിഎഎ വിരുദ്ധ സമരത്തത്തോടെ ചന്ദ്രശേഖർ ആസാദ് സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. ചന്ദ്രശേഖർ ലോക്സഭയിലെത്തുമ്പോൾ പ്രതിപക്ഷ നിരയിൽ ശബ്ദത്തിനു കനം കൂടും. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്ന ചന്ദ്രശേഖർ ആസാദിനു കോൺഗ്രസുമായി അടുക്കാൻ വൈമുഖ്യമുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയോട് അടുപ്പമുണ്ട്.

രാജ്യത്തെ ദലിത് രാഷ്ട്രീയത്തിനും പുതിയ മുഖം നൽകാൻ ചന്ദ്രശേഖർ ആസാദിന് കഴിയുമെന്നാണ് പൊതുവിലയിരുത്തൽ. ഇത് ആശങ്ക നൽകുന്നത് ബിഎസ്‌പിക്കാണ്. ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനത്തിൽ ആസാദ് സമാജ് പാർട്ടി പ്രഖ്യാപിച്ച ചന്ദ്രശേഖർ, യുപിയിലെ പുതിയ മായാവതിയാകുമോയെന്നാണ് ഇനി അറിയേണ്ടത്.

കിങ്്മേക്കറായി പവർ സ്റ്റാർ

കത്തി സിനിമകളുടെ പേരിൽ മലയാളികൾ പലപ്പോഴും ട്രോളിക്കൊല്ലുന്ന നടനാണ് തെലുങ്കിലെ പവർ സ്റ്റാർ എന്ന് അറിയപ്പെടുന്ന പവൻ കല്യാൺ. പക്ഷേ 2024-ലെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം ആരു ഭരിക്കണം എന്നതിന് ഉത്തരം ഉണ്ടായത്, അയാൾ എടുത്ത ഒരു നിർണ്ണായക തീരുമാനമാണ്. തെലുങ്ക് സൂപ്പർ സ്റ്റാറും തന്റെ ഗുരുവും ജ്യേഷ്ഠനുമായ ചിരംഞ്ജീവിയുടെപോലും അപ്രീതി കണക്കിലെടുക്കാതെയാണ്, പവൻ തന്റെ പാർട്ടിയായ ജനസേനയെ ബിജെപിക്ക് ഒപ്പം സഖ്യത്തിലേക്ക് കൊണ്ടുപോയത്. മാത്രമല്ല, ചന്ദ്രബാബു നായിഡുവിനെ നേരിട്ട് കണ്ട് സംസാരിച്ചും, ഒരു പരിധിവരെ ബ്രയിൻ വാഷ് ചെയ്തുമാണ് അയാൾ സംഘപരിവാർ ലാവണത്തിലെത്തിച്ചത്. മോദിയുമായി ഉടക്കി എൻഡിഎ വിട്ട നായിഡുവിന് ബിജെപിയുമായി സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോൾ ഇടനിലക്കാരനായി നിന്നതും പവൻ കല്യാൺ ആണ്. ആന്ധ്രയിൽ ജഗമോഹൻ റെഡ്ഡിയുടെ കിരാത ഭരണം അവസാനിപ്പിക്കാൻ ശക്തമായ സഖ്യം വേണമെന്നായിരുന്നു പവർ സ്റ്റാറിന്റെ നിലപാട്.

അതിന്റെ ഭാഗമായി നായിഡുവും തെലുങ്കുദേശവും എൻഡിഎയിൽ എത്തി. ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. ആന്ധ്രയിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ടിഡിപിക്ക് കിട്ടിയപ്പോൾ, കേന്ദ്രത്തിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ല. അതോടെ 16 ലോക്സഭാ സീറ്റുകളുള്ള ചന്ദ്രബാബു നായിഡു കിങ്് മേക്കറായി. ഇപ്പോൾ കൂടുതൽ കേന്ദ്രമന്ത്രി സ്ഥാനവും, ആന്ധ്രാപ്രദേശിനുള്ള പ്രത്യേക പാക്കേജുമൊക്കെ മോദിയോട് ചോദിച്ച് വിലപേശുകയാണ് നായിഡു.

സത്യത്തിൽ ഇതിനെല്ലാം കാരണക്കാരൻ പവൻ കല്യാൺ ആണ്. പവനിന്റെ ജനസേന പാർട്ടിക്കും ലോക്സഭയിൽ നാല് സീറ്റുണ്ട്. ഇപ്പോഴത്തെ അംഗബലം വെച്ചുനോക്കുമ്പോൾ അതും നിർണ്ണായകമാണ്. കഴിഞ്ഞ തവണ ഇടതുപാർട്ടികളെ ഒപ്പം കൂട്ടിയാണ് പവൻ മത്സരിച്ചത്. അന്ന് നിയമസഭയിലേക്ക് പവൻ കല്യാൺ മാത്രമാണ് ജയിച്ചത്. പക്ഷേ ഇത്തവണ 21പേർ ജനസേനയിൽനിന്ന് ആന്ധ്ര നിയമസഭയിൽ എത്തി. സിനിമയിൽ 250പേരെ ഒറ്റക്ക് അടിച്ച് പറത്താൻ മാത്രമല്ല, പ്രായോഗിക രാഷ്ട്രീയത്തിലും രാജാവാണ് പവൻ എന്ന് തെളിഞ്ഞിരിക്കയാണ്.

രാജക്പുർ കുടുംബം കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമാ കുടുംബം എന്ന് അറിയപ്പെടുന്ന, കൊനിഡേല എന്ന വീട്ടുപേരുള്ള ചിരഞ്ജീവി കുടുംബത്തിൽനിന്നാണ് പവൻ കല്യാൺ വരുന്നത്്. ചിരഞ്ജീവിയും അനിയൻ പവൻ കല്യാണും മാത്രമല്ല, ചിരംഞ്ജീവിയുടെ മകൻ രാം ചരൺ തേജയും തൊട്ട് അല്ലുഅർജുൻവരെയുള്ള സൂപ്പർ താരങ്ങളിലേക്ക് ആ കുടുംബത്തിന്റെ വേരുകൾ നീളുന്നു. ചിരഞ്ജീവിയാണ് പവനെ സിനിമയിലേക്ക് കൊണ്ടുവന്നത്. കൗമാരകാലത്ത് വിഷാദംരോഗം പിടിപെട്ട് ആത്മഹത്യക്ക് ഒരുങ്ങിയ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ചേട്ടനായിരുന്നുവെന്ന് പവൻ പറയാറുണ്ട്.

പിൽക്കാലത്ത് ചിരഞ്ജീവിയുടെ താരപദവിക്ക് കോട്ടം തട്ടിയപ്പോഴും, പവൻ കല്യാണിന് വെച്ചടി കയറ്റമായിരുന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുണ്ടായിരുന്ന നടൻ തീപാറുന്ന ആക്ഷൻ രംഗങ്ങളിലൂടെ പവർ സ്റ്റാർ എന്ന പദവി നേടി. ഒരുഘട്ടത്തിൽ സീരിയൽ നടിമാർ ചെയ്യുന്നപോലെ ദിവസവേതനം വാങ്ങുകയായിരുന്നു പവൻ. ഒരു ദിവസം രണ്ടുകോടി രൂപയായിരുന്നു പ്രതിഫലം എന്നാണ്് താരം ഒരിക്കൽ പറഞ്ഞത്.

2008 ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ചിരഞ്ജീവി രാഷ്ട്രീയത്തിൽ കടന്നപ്പോൾ, വലംകൈയായി സഹോദരൻ പവനും ഉണ്ടായിരുന്നു. പാർട്ടിയുടെ യൂത്ത് വിങ്് പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ പിന്നീട് ചിരഞ്ജീവി പാർട്ടി പിരിച്ചുവിട്ടത് അനിയന് ഇഷ്ടപ്പെട്ടിട്ടില്ല. അതോടെയാണ് ചേട്ടനെ ധിക്കരിച്ച് പവൻ സ്വന്തമായി പാർട്ടിയുണ്ടാക്കിയത്. ആ പാർട്ടിയാണ് ഇന്ന് ഇന്ത്യ ആരു ഭരിക്കണമെന്ന നിർണ്ണായക തീരുമാനം എടുക്കുന്നത്!

വാൽക്കഷ്ണം: ഇതിൽ രാജ്യം ഉറ്റുനോക്കുന്നത് ജയിലിൽ കിടന്ന് ജയിച്ച രണ്ടുപേർക്കും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമോ എന്നാണ്. ഇരുവർക്കുമെതിരായ വിചാരണ നടപടികൾ പൂർത്തിയായിട്ടില്ല. കേസിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ഇവർക്ക് എംപി സ്ഥാനം നഷ്ടമാകുമായിരുന്നു. എന്നാൽ ശിക്ഷിക്കപ്പെടാത്തവരെ അയോഗ്യരാക്കാൻ സാധിക്കില്ലാത്തതിനാൽ ഇരുവരെയും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കേണ്ടി വരും. തങ്ങൾക്ക് അതിനുള്ള അനുവാദം ലഭിക്കുന്നില്ലെങ്കിൽ ഇരുവരും നിയമത്തിന്റെ വഴി തേടുമെന്നാണ് കരുതുന്നത്.