'എക്സെപ്ഷൻ പ്രൂവ്സ് ദ ലോ' എന്ന ഇംഗ്ലീഷ് പഴമൊഴി ഏത് തിരഞ്ഞെടുപ്പിലും ആപ്തവാക്യമായി എടുക്കേണ്ടതുണ്ട്. ഒരിക്കലും ഒരു സർവേയിലും എക്സിറ്റ്പോളിലും തോൽവി പ്രവചിക്കാത്തവർ പോലും അപ്രതീക്ഷിതമായി വീഴുന്ന ഒരു അങ്കത്തട്ട് കൂടിയാണ്, ഇന്ത്യൻ ഇലക്ഷനുകൾ. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യമുന്നണി മുഴുവൻ സീറ്റും നേടുമെന്ന് ആരും കരുതിയതല്ല. 2004-ൽ ഇന്ത്യ തിളങ്ങുന്നു എന്ന കാമ്പയിനുമായി എത്തിയ വാജ്പേയ് സർക്കാറിന്റെ തോൽവിയും അപ്രതീക്ഷിതമായിരുന്നു.

ഇത്തവണയും അതുപോലെ രാഷ്ട്രീയ അത്ഭുതങ്ങൾ ഉണ്ടായി. 400 സീറ്റെന്ന ലക്ഷ്യവുമായി പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ രംഗത്തിറങ്ങിയ ബിജെപിക്ക്, ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യ സഖ്യം മുന്നേറിയതോടെ തിരിച്ചടിയേറ്റു. സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം ഒറ്റക്ക് നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ മത്സര രംഗത്തിറക്കിയ പ്രമുഖ സ്ഥാനാർത്ഥികൾ പലരും പരാജയം രുചിച്ചു. സ്മൃതി ഇറാനി, അജയ് മിശ്ര, അർജുൻ മുണ്ട, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരുൾപ്പെടെ 15 കേന്ദ്രമന്ത്രിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. തോൽവി ബിജെപിയിൽ ഒതുങ്ങുന്നില്ല. പല പാർട്ടികളും ഇനി ഒരു തിരിച്ചുവരവില്ലാത്ത വിധം നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. ഈ ഇലക്ഷനിലെ ജയന്റ് ലൂസേഴ്സിനെ അറിയാം!

വട്ടപൂജ്യമായി യുപിയുടെ ബഹൻജി

ഒരു കാലത്ത് യുപിയിൽ 60 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന പാർട്ടി. ഇത്തവണ മത്സരിച്ച 80 സീറ്റിലും തോൽവി. അതിൽ ഭൂരിഭാഗം സീറ്റിലും കെട്ടിവെച്ചകാശുപോലും നഷ്ടമായി! ദലിത്- മുസ്ലിം രാഷ്ട്രീയത്തിലുടെ കിങ്മേക്കറാവാമെന്ന് കരുതിയ യുപിയുടെ ബഹൻജി മായാവതിയുടെ ബിഎസ്‌പിയാണ്, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തോൽവി! ഈ ദയനീയ തോൽവിയിൽ സഹതപിക്കാൻപോലും മായാവതിയുടെ കുടെ അളില്ല. ധാർഷ്യവും, അഹന്തയുമായി അവർ സ്വന്തം പാർട്ടിക്കാരെപ്പോലും അത്രമേൽ വെറുപ്പിച്ചുകഴിഞ്ഞു.

90കളിലൊന്നും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ലാത്ത ഇത്തരമൊരു പരാജയത്തോടെ, യുപിയുടെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നു തന്നെ മായാവതിയും ബിഎസ്‌പിയും മായുമോ എന്ന ചോദ്യമാണ് ഉയരുന്നു. ദലിത് രാഷ്ട്രീയത്തിലൂടെയാണ് മായാവതി യുപിയിൽ ചുവടുറപ്പിക്കുന്നത്. 'തിലക്, തരജ് ഔർ തൽവാർ' എന്ന മുദ്രാവാക്യത്തോടെ കാൻഷിറാമിനൊപ്പമായിരുന്നു മായാവതിയുടെ അരങ്ങേറ്റം. തുടർന്ന് 1995, 97, 2002, 2007 വർഷങ്ങളിൽ മുഖ്യമന്ത്രിയായി ജയിച്ചു കയറി.

2007-ലെ വിജയത്തിന് പിന്നാലെ യുപി തലസ്ഥാനമായ ലഖ്‌നൗവിലുൾപ്പടെ തന്റെ പ്രതിമകൾ സ്ഥാപിച്ചാണ് മായാവതി യുപിയിൽ തന്റെ ആധിപത്യമുറപ്പിച്ചത്. ഇതൊക്കെ വലിയ വിമർശനത്തിനടയാക്കി. മായാവതിക്കാലത്ത് യുപി അഴിമതിക്കരുടെയും ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായി. അതുകൊണ്ടുതന്നെ 2007നുശേഷം മായാവതിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2019-ൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയോട് സഖ്യം ചേർന്ന് പത്ത് സീറ്റുകൾ ബിഎസ്‌പി നേടി.

ഇത്തവണ ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനായിരുന്നു മായാവതിയുടെ തീരുമാനം. സഖ്യം ചേരാനുള്ള ഇന്ത്യാ മുന്നണിയുടെ ക്ഷണം നിരസിച്ചതോടെ, ബിജെപിയുടെ ബി ടീം എന്ന വിശേഷണങ്ങൾക്ക് ആക്കം കൂടി. ഇതിന്റെ പ്രത്യാഘാതങ്ങളും വളരെ വലുതായിരുന്നു. ദലിതരുടെ പാർട്ടി എന്നറിയപ്പെട്ട ബിഎസ്‌പിയിൽ നിന്ന് ദലിതരുടെ വോട്ട് മുഴുവൻ ഇന്ത്യാ മുന്നണിയിലേക്കൊഴുകി. 20 ശതമാനത്തിലധികം ദലിത് ജനസംഖ്യയുള്ള മണ്ഡലത്തിൽ, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി വിജയച്ചു. ഇപ്പോൾ ദലിത് ശാക്തീകരണത്തിന്റെ രാഷ്ട്രീയ രൂപമായി ചന്ദ്രശേഖർ ആസാദിനെയാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം മായാവതിയായി ആസാദ് മാറുമോ എന്നാണ് മാധ്യമങ്ങളിലെ ചർച്ച്.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ പത്തോളം എംപിമാർ ബിജെപിയിലേക്കും എസ്‌പിയിലേക്കും ചുവടുമാറിയതും ബിഎസ്‌പിക്ക് തിരിച്ചടിയായി. പാർട്ടിയിലെ ഐക്യമില്ലായ്മയും പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപിയിൽ ചേർന്ന ബിഎസ്‌പി എംപി റിതേഷ് പാണ്ഡെ തന്റെ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത് തന്നെ ഒരു മീറ്റിംഗിലേക്ക് പാർട്ടി വിളിച്ചിട്ട് നാളുകളായി എന്നായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായതിന് പിന്നാലെ മുസ്ലിംകൾക്കെതിരെ വിമർശനവുമായി മായാവതി രംഗത്തെത്തി. മുസ്ലിംകൾക്ക് സീറ്റ് നൽകുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കുമെന്ന് അവർ പറഞ്ഞു. മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 35 മുസ്ലിം സ്ഥാനാർത്ഥികളെയാണ് ബി.എസ്‌പി കളത്തിലിറക്കിയത്. ഇതിൽ 34 പേർക്കും കെട്ടിവച്ച കാശുപോലും കിട്ടിയില്ല.

1991ന് ശേഷം പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണയുണ്ടായത്. പാർലമെന്റിൽ ബി.എസ്‌പിക്ക് ഒരു സീറ്റ് പോലും ഇല്ലാതാവുന്നത് ഇത് രണ്ടാം തവണയാണ്. 2014വും ബി.എസ്‌പി ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. യു.പി രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന ബി.എസ്‌പി 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 206 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന നിയമസഭയിൽ ബി.എസ്‌പിക്ക് ഒരംഗം മാത്രമാണുള്ളത്. 60 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന പാർട്ടിക്ക് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച വോട്ട് 12.88 ശതമാനം മാത്രമാണ്. ഇപ്പോൾ വെറും 9.39 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം.

തോറ്റ് ഞെട്ടിയ സ്മൃതി ഇറാനി

15 കേന്ദ്രമന്ത്രിമാർ തോറ്റ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. പക്ഷേ അവരുടെ തോൽവിയിലൊന്നും ബിജെപി ഇതുപോലെ ഞെട്ടിയിട്ടില്ല. അതാണ് കാവിപ്പടയുടെ താരപ്രചാരകരിൽ ഒരാളായി, കേരളത്തിലടക്കം വന്ന് പ്രചാരണം നടത്തിയ ബിജെപിയുടെ തീപ്പൊരി സ്മൃതി ഇറാനി. 2019-ൽ അമേഠിയിൽ രാഹുൽഗാന്ധിയെ മുട്ടുകുത്തിക്കാമെങ്കിൽ, ഈ തിരഞ്ഞെടുപ്പിൽ രാഹുലില്ലാത്ത അമേഠിയിൽ ഈസി വാക്കോവറാണ്, സ്്മൃതിക്ക് ഉണ്ടാവുക എന്നാണ് കരുതിയത്. എന്നാൽ യുപിയിൽ മൊത്തത്തിൽ വീശിയ ഇന്ത്യാ സഖ്യക്കാറ്റ് ഈ യുവ കേന്ദ്രമന്ത്രിയെയും കടപുഴക്കി. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരിലാൽ ശർമക്ക് അനുകൂലമായ ജനവിധിയാണ് മണ്ഡലത്തിൽ ഉണ്ടായത്. 1,67,196 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് കിഷോരിലാൽ അമേഠിയിൽ ജയിച്ചത്.

ബി.എസ്‌പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്ത്. അമിത ആത്മവിശ്വാസമാണ് സ്മൃതി ഇറാനിക്ക് വിനയായത് എന്നാണ് ഇന്ത്യൻ എക്പ്രസ് വിലയിരുത്തുന്നത്. കോൺഗ്രസിലെ കിഷോരി ലാൽ ശർമയെ നെഹ്റു കുടുംബത്തിന്റെ മാനേജർ എന്ന് ആക്ഷേപിക്കുകയും, അദ്ദേഹത്തിന്റെ മണ്ഡലവുമായുള്ള ബന്ധങ്ങൾ ചെറുതായി കാണുകയും ചെയ്ത്, സ്മൃതിക്ക് വിനയായി. 2019- ലെ കണക്കുകൾ പ്രകാരം എസ് പി നേടിയ 35.2 ശതമാനം വോട്ടും, കോൺഗ്രസ് നേടിയ 14.3 ശതമാനം വോട്ടും ചേർന്നാൽ സ്മൃതിയെ തോൽപ്പിക്കാം എന്നായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ. അത് ശരിയാണെന്ന് വോട്ടെണ്ണിയപ്പോൾ തെളിഞ്ഞു.കോൺഗ്രസ് മുക്ത ഭാരതം എന്ന തങ്ങളുടെ കാമ്പയിന് എടുത്തകാണിക്കാനുള്ള ടൂൾ ആയിരുന്നു ബിജെപിക്ക് സ്മൃതി.

പക്ഷേ തോറ്റിട്ടും സ്മൃതി ഇറാനിയുടെ ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. അമേഠിയിലെ ജനങ്ങളെ സേവിക്കാൻ ഇനിയും ഉണ്ടാകുമെന്ന് സ്മൃതി ഇറാനി പറയുന്നു. പക്ഷേ സ്മൃതിയുടെ പരാജയത്തോടെ മണ്ഡലത്തിൽ ബിജെപിക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

ഉഡുപ്പി സിങ്കത്തിനും തിരിച്ചടി

സ്മൃതി ഇറാനിയെപ്പോലെ അമിതമായ ആത്മവിശ്വാസം വിനയായ മറ്റൊരു നേതാവാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഐപിഎസ് ഇട്ടെറിഞ്ഞ്, തമിഴകത്ത് താമരവിരയിക്കാൻ ഇറങ്ങിയ, ഉഡുപ്പി സിങ്കം എന്ന് അറിയപ്പെട്ടിരുന്ന മൂൻ 'സൂപ്പർ കോപ്പിനും' ഇത് തിരിച്ചടിക്കാലം. അഞ്ചുസീറ്റുവരെ പിടിക്കുമെന്ന് എക്സിറ്റ്പോളുകൾ പ്രവചിച്ചെങ്കിലും, തമിഴ്കത്ത് ബിജെപിയും വട്ടപൂജ്യത്തിൽ ഒതുങ്ങി. തമിഴ്‌നാട്ടിൽ മുഴുവനും തൂത്തുവാരിക്കൊണ്ടുള്ള ഇന്ത്യ മുന്നണിയുടെ വിജയത്തിനുശേഷം, എഐഎഡിഎംകെ പഴിക്കുന്നതും അണ്ണാമലെയെയാണ്.

തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് എഐഎഡിഎംകെയും- ബിജെപിയും തെറ്റിപ്പിരിഞ്ഞതാണ് സ്റ്റാലിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇതിന് ഇടയാക്കിയതാവട്ടെ അണ്ണാമലൈയുടെ ധാർഷ്ട്യമാണെന്നാണ് അണ്ണാ ഡിഎംകെ നേതാക്കൾ പയുന്നത്. കഴിഞ്ഞ തവണ 53.15 ശതമാനം വോട്ട് നേടിയ ഡിഎംകെ സഖ്യത്തിന് ഇത്തവണ 46.97 ശതമാനം വോട്ടാണ് കിട്ടിയത്. 6.18 ശതമാനത്തിന്റെ വൻ ഇടിവ്. പക്ഷേ ഇത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് ആയില്ല. അണ്ണാഡിഎംകെക്ക് ഒറ്റക്ക് 20.46 ശതമാനവും, സഖ്യകക്ഷിയായ ഡിഎംഡികെക്ക് 2.5 ശതമാനവുമായി മൊത്തം 22.96 ശതമാനം വോട്ടാണ് എഐഎഡിഎംകെ സഖ്യത്തിന് കിട്ടിയത്. എൻഡിഎക്ക് 18.28 ശതമാനം വോട്ട് ലഭിച്ചു. ഇവർ ഒന്നിച്ച് നിന്നിരുന്നെങ്കിൽ ചുരുങ്ങിയത് 13 സീറ്റുകൾവരെ തമിഴ്‌നാട്ടിൽ നേടാമായിരുന്നു. ഇതു നശിപ്പിച്ചത് അണ്ണാമലൈയുടെ ഒറ്റക്ക് എല്ലാം വിഴുങ്ങണം എന്ന നയമാണെന്നാണ് വിമർശനം ഉയരുന്നത്.

കോയമ്പത്തുരിൽ അണ്ണാമലെ 1.18 ലക്ഷം വോട്ടിന് തോൽക്കുമ്പോൾ, 2.36 ലക്ഷം വോട്ടാണ് ഇവിടെ എഐഡിഎംകെ നേടിയത്. വിരുദനഗറിൽ എഐഎഡിഎംകെ തോറ്റത് വെറും 4,379 വോട്ടിനാണ്. ഇവിടെ ബിജെപിയുടെ വോട്ട് 2.18 ലക്ഷമാണ്! ധർമ്മപുരി, കൃഷ്ണഗിരി, നാമക്കൽ, തിരുപ്പൂർ, ആരണി, വിഴുപുരം, കള്ളക്കുറുശ്ശി, കടലൂർ, തെങ്കാശി തുടങ്ങിയ മണ്ഡലങ്ങളിലും എഐഎഡിഎംകെ- ബിജെപി സംഖ്യം ഉണ്ടായിരുന്നെങ്കിൽ നിഷ്പ്രയാസം ജയിക്കാമായിരുന്നു. അണ്ണാമലൈക്കുവേണ്ടി നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ പ്രചാരണത്തിനെത്തി. ഫലത്തിൽ ഇത് മോദിയുടെ തോൽവികൂടിയാണെന്നാണ് ഡിഎംകെ പ്രചരിപ്പിക്കുന്നത്.

പക്ഷേ അണ്ണാമലൈ ഈ വിമർശനം കൊണ്ടെന്നും ഭയക്കുന്നില്ല. പന്ത്രണ്ടിടത്ത് എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയതും വോട്ട് വർധിച്ചതുമാണ് അദ്ദേഹം ചുണ്ടിക്കാട്ടുന്നത്. 2019-ൽ മൂന്ന് ശതമാനമായിരുന്നു തമിഴ്‌നാട്ടിൽ ബിജെപിയുടെ വോട്ടെങ്കിൽ 2024-ൽ അത് 11.5 ശതമാനമായി മാറി. ഈ മൂന്നിരട്ടി വളർച്ച ആഹ്ലാദകരമാണെന്നാണ് അണ്ണാമലൈ ഇപ്പോൾ പറയുന്നത്. തമിഴ്‌നാട്ടിലെ ഒമ്പത് ലോക് സഭാ മണ്ഡലങ്ങളിൽ ബിജെപി തനിയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. കോയമ്പത്തൂർ, സൗത്ത് ചെന്നൈ, സെൻട്രൽ ചെന്നൈ, കന്യാകുമാരി, മധുരൈ, നീൽഗിരീസ്, തിരുവള്ളൂർ, തിരുനെൽവേലി, വെല്ലൂർ എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം പിടിച്ചത്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇനി വീണ്ടും ബിജെപി- എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷേ അണ്ണാമലൈക്ക് അതിൽ താൽപ്പര്യമില്ല എന്നാണ് അറിയുന്നത്. അണ്ണാ ഡിഎംകെയുടെ സഹായമില്ലാതെ തന്നെ വളരാണ് അയാളുടെ താൽപ്പര്യം.

പൈജാമയിട്ട മോദിക്കും പരാജയം

മുണ്ടുടുത്ത മോദി എന്ന് പിണറായി വിജയനെ വിമർശിക്കാറുള്ളതുപോലെ, പൈജമായിട്ട മോദി എന്നായിരുന്നു ഒഡീഷയിൽ 2000മുതൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന നവീൻ പട്നായിക്കിനെ എതിരാളികൾ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. സ്വന്തം പാർട്ടിയിലെ അടക്കം എതിരാളികളെ നിർദാക്ഷിണ്യം ഒതുക്കുന്നതുകൊണ്ടാണ്, അദ്ദേഹത്തിന ഈ പേര് വന്നത്. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത ഭരണമായിരുന്നു നവീൻ പട്നായിക്കിന്റെത്. ഒരുകാലത്ത് മോദിയുടെ അടുത്ത സുഹൃത്തുമായിരുന്നു നവീൻ. ഭരണവിരുദ്ധ വികാരം ഏശാത്ത ഇന്ത്യയിലെ ഏക നേതാവ് എന്ന വിശേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ഇത്തവണ ലോക്സഭയിലേും സംസ്ഥാന നിയമസഭയിലും, ഒഡീഷക്കാരുടെ പ്രിയപ്പെട്ട നവീൻ ബാബുവിന് അടിതെറ്റി.

ആന്ധ്രയിലെപ്പോലെ, പാർലിമെന്റിലേക്കും നിയമസഭയിലേക്കും ഒരേപോലെ ഇലക്ഷൻ നടന്ന സംസ്ഥാനമാണ് ഒഡീഷ. ആകെയുള്ള 147 അംസബ്ലി സീറ്റുകളിൽ 78 സീറ്റും ബിജെപി നേടി. ഇവിടെ കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്. ഒറ്റക്ക് മത്സരിച്ച നവീൻ പട്നായിക്കിന്റെ ബിജെഡി 51 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും വിജയിച്ചു. സിപിഎമ്മിന് ഒരു സീറ്റും സ്വതന്ത്രർക്ക് മൂന്നു സീറ്റും ലഭിച്ചു. നവീൻ പട്നായിക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ ഒരിടത്തു തോറ്റു. ഒഡീഷയിൽ ആകെയുള്ള 21 ലോക്സഭാ സീറ്റിൽ 20 സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസുമാണ് ജയിച്ചത്. 2019-ൽ ബി.ജെ.ഡിക്ക് 12ഉം ബിജെപിക്ക് 8 ഉം സീറ്റുണ്ടായിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നു. 2014-ൽ ബി.ജെ.ഡി. 20ലും ജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല. ഒറ്റക്ക് മത്സരിക്കാതെ ഇന്ത്യാസഖ്യത്തിനൊപ്പം ചേർന്നിരുന്നെങ്കിൽ ബിജെഡിക്ക് ഇത്രയും മോശം അവസ്ഥ ഉണ്ടാവില്ലായിരുന്നു.

സംസ്ഥാനത്ത് നവീൻ മുഖ്യമന്ത്രിയായതിനുശേഷം മറ്റൊരു നേതാവിന്റെ പേരും സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുകേട്ടിരുന്നില്ല. 2019-ൽ 146 അംഗ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ ബിജു ജനതാദളിന്റെ സീറ്റുകളുടെ എണ്ണം 112. മുഖ്യപ്രതിപക്ഷമായ ബിജെപിക്കാകട്ടെ 23 സീറ്റ് മാത്രവും. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച ഒരു മോദിക്കാറ്റും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മത്സരത്തിൽ ഏശിയില്ല.

കോൺഗ്രസ് കുത്തകയായിരുന്നു ഒഡീഷയിൽ അട്ടിമറി ജയവുമായാണ് 2000-ൽ ബി.ജെ.ഡി ഒഡീഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അതിന് ശേഷം നവീൻ പട്നായിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നീണ്ട 24 വർഷക്കാലം നവീൻ പട്നായിക് എന്ന രാഷ്ട്രീയക്കാരൻ മുഖ്യമന്ത്രിസ്ഥാനത്തിരുന്നു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന രണ്ടാമത്തെ നേതാവ് കൂടിയാണ് പട്നായിക് (24 വർഷം 91 ദിവസം). 24 വർഷവും 166 ദിവസവും സിക്കിമിലെ മുഖ്യമന്ത്രി കസേരയിലിരുന്ന പവൻ കുമാർ ചാംലിങാണ് നവീൻ പട്‌നായിക്കിന് മുന്നിലുള്ളത്.

1977-ൽ പിതാവ് ബിജുപട്നായിക്കിന്റെ മരണത്തോടെയാണ് നവീൻ പട്നായിക് അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശം നടത്തുന്നത്. അതുവരെ യാതൊരു രാഷ്ട്രീയ ബന്ധവുമില്ലായെ എഴുത്തും, വായനയും, യാത്രയും, ബിസിനസുമായി അടിപൊളി ജീവിതം നയിക്കയായിരുന്നു അയാൾ. ആദ്യമായി മത്സരിക്കുമ്പോൾ അദ്ദേഹത്തിന് ഒഡിയ ഭാഷപോലും സംസാരിക്കാൻ അറിയില്ലായിരുന്നു.

പിതാവിന്റെ മരണത്തിന് പിന്നാലെ നടന്ന ലോക്സഭാ സീറ്റിലേക്കായുള്ള ഉപതിരഞ്ഞെടുപ്പിൽ നവീൻ പട്നായിക് ജയിച്ചു കയറി. 2000-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേർന്നാണ് ബി.ജെ.ഡി. സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്നത്. പിന്നീട് അദ്ദേഹം കാണ്ഡമാലിലെ ക്രിസ്ത്യൻ ആക്രമണങ്ങളിലൊക്കെ പ്രതിഷേധിച്ച് ബിജെപി സഖ്യം വിട്ടും. എന്നിട്ടും തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറി.

അവിവാഹിതായ നവീൻപട്നായിക്ക് അഴിമതി കാണിക്കില്ലെന്നുള്ള ഇമേജ് കാരണം സ്ത്രീ വോട്ടർമാർ അടക്കം അദ്ദേഹത്തിന്റെ ആരാധകർ ആയിരുന്നു. പക്ഷേ 76കാരനായ ഈ നേതാവിന്റെ അനാരോഗ്യം അടക്കം എടുത്തിട്ട് അലക്കിയാണ് ഇത്തവണ മോദിയും അമിത്ഷായും പ്രചാരണം നടത്തിയത്. നവീനിന് ശേഷം അദ്ദേഹത്തിന്റെ അടുത്ത അനുയായിയായിയും മുൻ തമിഴ്‌നാട് കേഡൻ ഐഎഎസ് ഓഫീസറും, ഇപ്പോൾ പാർട്ടിയിൽ രണ്ടാമനുമായ വി കെ പാണ്ഡ്യൻ എന്ന തമിഴൻ മുഖ്യമന്ത്രിയാവുമെന്നാണ് ബിജെപിയുടെ പ്രചാരണം. അങ്ങനെ ഒഡിയ പ്രൈഡ് ഉയർത്തിയാണ് അവർ വോട്ട് പിടിച്ചത്. ഒഡീഷക്കാർക്ക് രാമക്ഷേത്രത്തിന് സമാനമായ വികാരമുള്ള ക്ഷേത്രമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഇത്തവണ അവിടെ നടന്ന അഴിമതികളും നവീൻ പട്നായിക്ക് സർക്കാറിന് വലിയ വിമർശനം ഉണ്ടാക്കി. ഇതെല്ലാമാണ് നവീനിന്റെ പതനത്തിലേക്ക് നയിച്ചത്. അപകടം മനസ്സിലാക്കി സഖ്യമുണ്ടാക്കാനും നവീൻ മുൻകൈയടുത്തില്ല.

അടിതെറ്റിയ ആറാം തമ്പുരാൻ!

ആറാംതമ്പുരാൻ സിനിമയിൽ 'ദൃഷ്ടി പതിയുന്നിടമൊക്കെ സ്വന്തമാക്കുന്ന' മോഹൻലാലിന്റെ ജഗന്നാഥനെ ഓർമ്മയില്ലേ. എതാണ്ട് അതുപോലെയാണ് ആന്ധ്രാമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും. ദൃഷ്ടിപതിയുന്നിടം അദ്ദേഹത്തിന് സ്വന്തമാണ്. ഖനനവും, വനവും, ഭൂമി കുംഭകോണവുമടക്കം ജഗന്റെ ഭരണകാലത്ത് നടക്കാത്ത അഴിമതികളില്ല. എന്തിനും എതിനും ജഗനും കൂട്ടർക്കം കമ്മീഷൻ കൊടുക്കേണ്ടി വന്നു. പക്ഷേ വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മകൻ എന്ന സെന്റിമെൻസിൽ എക്കാലവും ജനം തന്നെ ചുമക്കുമെന്ന് കരുതിയ ജഗന്നാഥൻ, ചന്ദ്രബാബുനായിഡുവെന്ന 'കുളപ്പള്ളി അപ്പൻ' കുഴിച്ച വാരിക്കുഴിയിൽ വീണു.

ആന്ധ്രാ നിയമസഭയിലേക്ക് ആകെയുള്ള 175 സീറ്റിൽ 125 സീറ്റും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കാണ്. വെറും 20 സീറ്റിലാണ് ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ജയിക്കാനായത്. മന്ത്രിമാർ അടക്കം ഏറെയും തോറ്റിട്ടും, ജഗൻ പുലിവെണ്ടുല നിയമസഭാ മണ്ഡലത്തിൽ 61,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പവൻകല്യാണിന്റെ ജനസേനാ പാർട്ടി 17 സീറ്റും നേടി. ബിജെപിക്ക് ഏഴു സീറ്റുണ്ട്. ഇതിൽ നായുഡുവും പവൻ കല്യാണും ബിജെപിയും സഖ്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആന്ധ്രയിൽ വമ്പൻ ഭൂരിപക്ഷമാണ് എൻഡിഎ മുന്നണി നേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ ആന്ധ്രയിൽ നേട്ടമുണ്ടാക്കി. 16 സീറ്റിലും ടിഡിപി ജയിച്ചു. മൂന്നിടത്ത് ബിജെപിയും നാലിടത്ത് ജെ എൻ പിയും വിജയിച്ചു. കോൺഗ്രസിനും ജഗന്റെ പാർട്ടിക്കും ലോക്‌സഭയിലും സീറ്റൊന്നും കിട്ടിയില്ല.

2019ലെ തിരഞ്ഞെടുപ്പിൽ 151 നിയമസഭാ സീറ്റും 22 ലോക്സഭാ സീറ്റും നേടി വലിയ വിജയം വൈ.എസ്.ആർ. കോൺഗ്രസ് കൈവരിച്ചിരുന്നു. നോട്ടയേക്കാൾ കുറവ് വോട്ടുകളാണ് 2019ലെ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് ലഭിച്ചത്. ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം വൈ.എസ്.ആറിന്റെ മരണത്തേയും പിന്നാലെയുണ്ടായ വിഭജനത്തേയും തുടർന്ന് കോൺഗ്രസിന്റെ കൈയിൽനിന്ന് വഴുതിപ്പോവുകയായിരുന്നു.

സാമൂഹികക്ഷേമത്തിൽ ഊന്നിയ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അഴിമതിമൂലം വലിയ ഭരണവിരുദ്ധവികാരം ജഗന് എതിരായുണ്ടായി. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങളും ജഗന്റെ ഇമേജ് ഇടിച്ചു. അമ്മയും സഹോദരിയും പോലും മുഖ്യമന്ത്രിക്ക് എതിരായി. വൈ.എസ്.ആറിന്റെ പാരമ്പര്യം തിരികെ അവകാശപ്പെടാനൊരുങ്ങി, ജഗന്റെ ചേച്ചി വൈ.എസ്. ശർമിളയെ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തിച്ചിരുന്നു. പക്ഷേ അവരും തോറ്റുപോയി. പക്ഷേ മറ്റൊരു മുൻ മുഖ്യമന്ത്രിയെയും പോലെയല്ല ജഗന്റെ അവസ്ഥ. അധികാരം പോയാൽ അയാൾ ജയിലാവും എന്ന് ഉറപ്പാണ്. ചന്ദ്രബാബുനായിഡുവിനെ ജയിലിടച്ച ജഗനെ തീർക്കാൻ കാത്തിരിക്കയാണ്, സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാരും. നായിഡുവിനെ കേസിൽ കുരക്കി ജയിലാക്കിയതാണ്, ജഗനെതിരെ ഈ രീതിയിൽ ജനരോഷം ഉയരാനുള്ള കാരണവും. ഇ ഡി കേസുകൾ അടക്കം മുപ്പതോളം അഴിമതിക്കേസുകൾ ജഗന്റെ പേരിലുണ്ട്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ വൈകാതെ ജഗൻ ജയിലിലാവുമെന്ന വാർത്തയും നമുക്ക് കേൾക്കാം. തോൽവി അംഗീകരിക്കുന്നുവെന്നും, ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരുമെന്നും, ജഗൻ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഈനാംപേച്ചിയിലെത്തുന്ന സിപിഎം

ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സിപിഎം കേന്ദ്രകമ്മറ്റി അംഗമായ എ കെ ബാലൻ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മത്സരം കാഴ്ചവെച്ച് പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തെ സംരക്ഷിക്കണമെന്നും, സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി, എലിപ്പെട്ടി പോലുള്ള ചിഹ്നങ്ങളിൽ മത്സരിക്കേണ്ടിവരുന്ന ഗതികേടുണ്ടാകുമെന്നും ബാലൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയിലാണ് സിപിഎം നിൽക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതിരുന്നതോടെ ദേശീയ പാർട്ടി പദവി തുലാസിലാണ്. സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് മാത്രമാണ് അധികമായി ജയിക്കാനായത്. കേരളത്തിലെ ഒരു സീറ്റും, തമിഴ്‌നാട്ടിലെ രണ്ട് സീറ്റും കൂടാതെ രാജസ്ഥാനിലെ സികാറിലും വിജയിക്കാനായി. സികാറിൽ അംറാറാം 72,896 വോട്ടിനാണ് ബിജെപിയെ തകർത്തത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ആർ സച്ചിതാനന്ദം 4,43,821 വോട്ടിന് എഐഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ വമ്പൻ വിജയം നേടി . മധുരൈയിൽ ബിജെപിയെ സിപിഎമ്മിലെ എസ് വെങ്കിടേശൻ 2,09,409 വോട്ടിനാണ് തോൽപ്പിച്ചത്. ആകെ ഈ സീറ്റ് നാലിൽ ഒതുങ്ങുന്നു സിപിഎമ്മിന്റെ ഇന്ത്യയിലെ പോരാട്ടം. എന്നിട്ടും ഇടതില്ലാതെ ഇന്ത്യയില്ലെന്ന് അവർ പോസ്റ്റടിക്കുന്നു!

പക്ഷേ ഇതിൽ തമിഴ്‌നാട്ടിലെ രണ്ടുസീറ്റുകളും ഡിഎംകെയുടെ സഖ്യം വഴി കിട്ടിയതാണ്. രാജസ്ഥാനിലെ സികാറിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന്ലക്ഷത്തിലധികം വോട്ട് പിടിച്ച കോൺഗ്രസാണ് മുന്നണി ധാരണയുടെ പേരിൽ ആ സീറ്റ് വിട്ടുകൊടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആകെ ആലത്തൂരിലെ ഒരു കനൽത്തരിമാത്രമാണ്, അഖിലേന്ത്യതലത്തിൽനോക്കുമ്പോൾ സിപിഎമ്മിന്റെത് എന്ന് ശരിക്കും പറയാൻ കഴിയുക. ബംഗാളിലും സിപിഎം വീണ്ടും വട്ടപൂജ്യമായി. മുർഷിദാബാദിൽ ജയിക്കുമെന്ന് കരുതിയ, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തോറ്റതും പാർട്ടിക്ക് ആഘാതമായി. ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ് എന്ന് പറഞ്ഞവരൊക്കെ ഫലം വന്നപ്പോൾ ശശിയായി.

മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്സഭ സീറ്റോ, നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയോ വേണം ദേശീയ പാർട്ടി പദവി നിലനിർത്താൻ. എന്നാൽ ബംഗാളിൽ 8 ശതമാനം വോട്ടു നേടാൻ കഴിയാത്തതോടെ ദേശീയ പാർട്ടി പദവി വെല്ലുവിളിയാവും. നേരത്തെ തന്നെ ദേശീയ പാർട്ടി പദവി നഷ്്ടമായ സിപിഐക്ക് ഇത്തവണ നിലമെച്ചപ്പെടുത്താനായില്ല. കഴിഞ്ഞ തവണ ജയിച്ച നാഗപ്പട്ടണവും തിരിപ്പൂരും സിപിഐ നിലനിർത്തി. ബിഹാറിൽ സിപിഐ(എംഎൽ) രണ്ടു സീറ്റിൽ വിജയിച്ചു. ഇതോടെയാണ് ഇടതുപാർട്ടികളുടെ അംഗബലം അഞ്ചിൽ നിന്നും എട്ടായി ഉയർന്നുവെന്ന് പറയാം.

പക്ഷേ പഴയ പ്രതാപംവെച്ചുനോക്കുമ്പോൾ സിപിഎം അടക്കമുള്ള ഇന്ത്യൻ ഇടതുപക്ഷം തകർന്നടിഞ്ഞുവെന്ന് പറയാം. ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ടത്തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്മേക്കേഴ്സ്. പക്ഷേ സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് പക്ഷേ ഇന്ന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രം. അന്ന് മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്നു സിപിഎം. പശ്ചിമ ബംഗാളിലും ത്രിപുരയിലും രണ്ടാംസ്ഥാനത്ത് പോലുമില്ലെന്ന് മാത്രമല്ല കെട്ടിവെച്ച കാശുപോലും കിട്ടാത്ത സമ്പുർണ്ണ തോൽവിയാണ് പിന്നീടുണ്ടായത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ അടക്കുകയാണ്.

വാൽക്കഷ്ണം: അതുപോലെ ആന്ധ്രക്ക് തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാനയിൽ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവിന്റെ തെലങ്കാന രാഷ്ട്ര സമിതി എന്ന പാർട്ടിയുടെ അവസ്ഥയും കട്ടപ്പൊകയാണ്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പോയ റാവുവിന് ഇക്കുറിയും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 17 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും എട്ടു മണ്ഡലങ്ങളിൽ സീറ്റുകൾ നേടി. ഹൈദരാബാദിൽ എ.ഐ.എം.ഐ.എംയുടെ അസദുദ്ദീൻ ഉവൈസിയാണ് ജയിച്ചത്. ഇതോടെ തെലങ്കാനയിലെ റാവുയുഗവും ഏതാണ്ട് അവസാനിച്ച മട്ടാണ്. റാവുവിന്റെ കുടംബവാഴ്ച തന്നെയാണ് ജനത്തെ ഇത്രമേൽ വെറുപ്പിച്ചതും.