'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്നത് വെറുമൊരു പരസ്യവാചകം മാത്രമല്ല. ലോകത്തിലെ എല്ലാ ജനതയും സന്തോഷം ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. 2026 മാര്‍ച്ച് 20-ന് പുറത്തിറങ്ങിയ ഗ്ലോബല്‍ ഹാപ്പിനസ് ഇന്‍ഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആദ്യ 10 രാജ്യങ്ങളെക്കുറിച്ച് നാം ഏറെ എഴുതാറുണ്ട്. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനത്ത് എത്തിയത് സ്‌കാന്‍ഡനേവിയന്‍ രാജ്യമായ ഫിന്‍ലന്‍ഡാണ്. രണ്ടാം സ്ഥാനം ഐസ്ലന്‍ഡിനും. തുടര്‍ന്നുള്ള ആദ്യ പത്തുസ്ഥാനക്കാര്‍ ഇങ്ങനെയാണ്. ഡെന്മാര്‍ക്ക്, കോസ്റ്റാറിക്ക, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് ഇസ്രായേല്‍, ലക്സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്.

ഇതില്‍ കോസ്റ്റാറിക്ക, ആദ്യ പത്തില്‍ എത്തുന്ന ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളൊന്നും ആദ്യ പത്തില്‍ ഇടംപിടിച്ചില്ല. സമ്പത്തല്ല, സന്തോഷത്തിന്റെ മാനദണ്ഡമെന്ന് വ്യക്തം. ഈ പട്ടികയില്‍ ഇന്ത്യ 116-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ, 118ാം സ്ഥാനംവെച്ചുനോക്കുമ്പോള്‍, ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 147-ാം സ്ഥാനമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രാജ്യം. കേരളത്തിലെ ഇസ്ലാമോലെഫ്റ്റ് ചെകുത്താനായി ചിത്രീകരിക്കുന്ന ഇസ്രയേല്‍, ലോക സന്തോഷ പട്ടികയില്‍ 8-ാം സ്ഥാനത്താണ്!

ഇതോടൊപ്പം മറ്റൊരു ലിസ്റ്റുകൂടി ലോകം ചര്‍ച്ചചെയ്യുകയാണ്. അതാണ്, ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സ് 2026. ലോകത്തില്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമേതാണ്, ലോകത്തിലെ ഏറ്റവും മാരകമായ തീവ്രാവാദ സംഘടകള്‍ ഏതൊക്കെയാണ് എന്നാണ് ഈ ലിസ്റ്റ് പരിശോധിക്കുന്നത്. ഈ രണ്ട് സൂചികളും താരമത്യം ചെയ്താല്‍ അമ്പരിപ്പിക്കുന്ന ചില യഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടും. ഗ്ലോബല്‍ ഹാപ്പിനസ് ഇന്‍ഡക്സില്‍ സ്ഥാനം പിടിച്ച മിക്ക രാജ്യങ്ങളും മതേതരമോ, മതരഹിതാമോ ആണ്. എന്നാല്‍ ഗ്ലോബല്‍ ടെറിസിസം ഇന്‍ഡെക്സില്‍ ആദ്യ പത്തില്‍വരുന്ന രാജ്യങ്ങളൊക്കെയും മതം പുളയ്ക്കുന്നവയാണ്. ലോക സന്തോഷ സൂചികയിലെ ആദ്യപത്തില്‍ ഒറ്റ ഇസ്ലാമിക രാജ്യങ്ങളും പെട്ടിട്ടില്ലെങ്കിലും, ലോക ഭീകരവാദ ലിസ്റ്റിലും സംഘടനകളിലും ഒന്നാമത് ഇസ്ലാമാണ്! ഇസ്ലാമിക ഭീകരവാദം തന്നെയാണ്, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്, ഗ്ലോബല്‍ ടെറിസിസം ഇന്‍ഡെക്സ് 2026 അടിവരയിടുകയാണ്.

പാക്കിസ്ഥാന്‍: ഭീകരതയുടെ തലസ്ഥാനം!




ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സ് 2026 പ്രകാരം ഭീകരവാദം ഏറ്റവും ശക്തമായി ബാധിച്ച രാജ്യം പാക്കിസ്ഥാനാണ്. പാകിസ്ഥാന്‍, ബുര്‍ക്കിന ഫാസോ, നൈജര്‍, നൈജീരിയ, മാലി, സിറിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊളംബിയ, ഇസ്രായേല്‍ എന്നിവടങ്ങളാണ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച 10 രാജ്യങ്ങള്‍. ഈ പട്ടികയില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒന്നാമതെത്തിയിരിക്കുന്നത്. 2025-ലെ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി (2024, 2025) ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോ ആയിരുന്നു ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 2026-ലെ പുതിയ റിപ്പോര്‍ട്ടില്‍ ബുര്‍ക്കിന ഫാസോ രണ്ടാം സ്ഥാനത്തേക്ക് മാറി.

2025-ല്‍ പാകിസ്ഥാനില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 6 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആകെ 1,139 മരണങ്ങളും 1,045 ഭീകരാക്രമണ സംഭവങ്ങളുമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2013-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്നീ സംഘടനകളുടെ ആക്രമണങ്ങള്‍ ശക്തമായകാലമാണ് കടന്നുപോയത്. ഇതില്‍ ടിടിപി ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും മാരകമായ ഭീകരസംഘടനയായി മാറി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്ഥാനിലെ സുരക്ഷാ അന്തരീക്ഷം മോശമായി. അഫ്ഗാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ ആക്രമണുണ്ടായി. താലിബാന്‍ പാക്കിസ്ഥാനിലും ആക്രമണം നടത്തി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളിലാണ് രാജ്യത്തെ ആകെ ആക്രമണങ്ങളുടെ 74 ശതമാനവും നടന്നത്.

ഈ ലിസ്റ്റില്‍ സ്ഥാനം പിടിച്ച കൊളംബിയ ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളിലും പ്രശ്നമായിരിക്കുന്നത് ഇസ്ലാമിക തീവ്രവാദം തന്നെയാണ്. ആഫ്രിക്കയിലെ സഹേല്‍ മേഖല ഭീകരവാദത്തിന്റെ പുതിയ കേന്ദ്രമായി മാറിയതാണ് ബൂര്‍ക്കിനാ ഫാസോയും മാലിയും ഈ പട്ടികയില്‍ മുന്‍നിരയിലെത്താന്‍ കാരണം. ജെഎന്‍ഐഎം എന്ന അല്‍ഖായിദയുമായി ബന്ധമുള്ള ഈ സഖ്യമാണ് ബൂര്‍ക്കിനാ ഫാസോയിലെ ഏറ്റവും വലിയ ഭീഷണി. ഐസ്ജിഎസ് എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹേല്‍ മേഖലയിലെ വിഭാഗവും ഇവിടെ ദുരന്തം വിതക്കുന്നു. പ്രാദേശികമായും നിരവധി തീവ്രവാദ സംഘടകള്‍ വേറെയുമുണ്ട്. മാലിയിലും ഇസ്ലാമികക്ക് സ്റ്റേറ്റും അല്‍ഖായിദയും തന്നെയാണ് പ്രശ്നം. അതിന്റെ പല വകഭേദങ്ങളും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു.

ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച ആദ്യപത്തുരാജ്യങ്ങളില്‍, കൊളംബിയില്‍ മാത്രമാണ് ഇസ്ലാമിക ഭീകരതയുടെ പ്രശ്നമില്ലാത്തത്. ഗറില്ലാ ഗ്രൂപ്പുകളും ലഹരി മാഫിയകളും തമ്മിലുള്ള സായുധ പോരാട്ടമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഒപ്പം ഇടതുപക്ഷ തീവ്രവാദവുമുണ്ട്. ബാക്കിയെല്ലായിടത്തും ഇസ്ലാമിക ഭീകരതതന്നെയാണ് പ്രധാനം. തീവ്രവാദത്തിന് മതമില്ല എന്ന് പറയുന്നത് വെറും പൊള്ളയാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നിട്ടും ഇന്ത്യ 13-ാം സ്ഥാനത്ത്

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞ കാലമാണിത്. എന്നിട്ടും, ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സ് പ്രകാരം ഭീകരവാദം ഏറ്റവും ശക്തമായി ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്കില്‍ നേരിയ മാറ്റമുണ്ട്. 2025-ല്‍ ഇന്ത്യ 14-ാം സ്ഥാനത്തായിരുന്നു. പക്ഷേ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 43% കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ജിടിഐ സ്‌കോര്‍ 7.175 ആണ്.




ഇന്ത്യയിലും പ്രധാന പ്രശ്നം ഇസ്ലാമിക തീവ്രവാദം തന്നെയാണ്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പാകിസ്ഥാനില്‍ നിന്നുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് പ്രശ്നമായ എറ്റവും വലിയ സംഘടന ഹിസ്ബുല്‍ മുജാഹിദ്ദീനും, ലഷ്‌ക്കറേ ത്വയ്യിബയുമാണ്. ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പാകിസ്ഥാന്‍ കേന്ദ്രമായ ഈ സംഘടനകളാണ്. പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള വലിയ സ്‌ഫോടനങ്ങള്‍ക്കും ചാവേര്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദും ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ തുടങ്ങിയ ആഗോള സംഘടനകള്‍ ഇന്ത്യയിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയ മീമുകളും ഉപയോഗിക്കുന്നത് പുതിയ വെല്ലുവിളിയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കശ്മീരില്‍ അടുത്ത കാലത്തായി സജീവമായ, ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ രൂപമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഗ്രൂപ്പും ഇന്ത്യ നേരിടുന്ന പുതിയ ഭീഷണിയാണ്.

അതേസമയം മാവോയിസ്റ്റുകള്‍ അടക്കം ഉയര്‍ത്തിയ, ഇടത് തീവ്രവാദ ഭീഷണി ഇല്ലാതാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെ അടിച്ചൊതുക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. പക്ഷേ അവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. അതുപോലെ മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സജീവമായ ചില വിഘടനവാദി ഗ്രൂപ്പുകളും ഇന്ത്യ നേരിടുന്ന ഭീഷണിയാണ്. ഇതെല്ലാം ചേര്‍ത്തുള്ള പഠനത്തിലാണ് ഇന്ത്യക്ക് 13-ാം സ്ഥാനം കിട്ടിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ അത് അര്‍ഹിക്കുന്നില്ല എന്നത് സത്യമാണ്.

ആദ്യപത്തില്‍ ഒമ്പതും ഇസ്ലാമിക ഭീകരത

ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് (ജിടിഐ) 2026 റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മാരകമായ ആദ്യ 10 ഭീകരസംഘടനകളില്‍ ഒമ്പതും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ തന്നെയാണ്. ഓരോ സംഘടനയും നടത്തിയ ആക്രമണങ്ങളുടെ എണ്ണവും മരണസംഖ്യയും അടിസ്ഥാനമാക്കിയാണ് ഈ 'റാങ്ക്' നിശ്ചയിച്ചിരിക്കുന്നത്.

ലിസ്റ്റില്‍ ഒന്നാമത് എത്തിനില്‍ക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് ഐഎസ് തന്നെയാണ്. ഇന്നും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് ഉത്തരവാദികളായ സംഘടനയാണിത്. രണ്ടാമത് വരുന്നത് പശ്ചിമ ആഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ പ്രത്യേകിച്ച് മാലി, ബുര്‍ക്കിന ഫാസോ എന്നിവടങ്ങളില്‍ സജീവമായ അല്‍-ഖ്വയ്ദ വിഭാഗമായ ജമാഅത്ത് നുസ്‌റത്ത് അല്‍-ഇസ്ലാം വല്‍ മുസ്ലിമീന്‍ എന്ന ജെഎന്‍ഐഎം ആണ്. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്ന സംഘടനയായ, തഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ടിടിപിയാണ് മൂന്നാമത്. സൊമാലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഷബാബാണ് നാലാമത്. അഞ്ചാമത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന ബിഎല്‍എയാണ്. പാക്കിസ്ഥാനില്‍ വിന്ന് ബലൂച് മേഖലയുടെ വിമോചനം ആവശ്യപ്പെട്ടത് ഇവര്‍ തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സ് എന്നെ ജെഎസ്‌കെയാണ് അടുത്തത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമായ ഐഎസ് വിഭാഗത്തില്‍ നിന്ന് അടര്‍ന്നുണ്ടായ പുതിയ സംഘടനയാണ് അത്. 7ാം സ്ഥാനത്ത് ഫലസ്തീനിലെ ഹമാസാണ്. അതിനേക്കുറിച്ച് കൂടതല്‍ പറയേണ്ടകാര്യമില്ല. ഫിലിപ്പീന്‍സിലെ ആഭ്യന്തര ഭീഷണിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സാണ് അടുത്തത്. ആദ്യ പത്തിന്റെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഏക ഇസ്ലാമികേതര സംഘടന ഇതാണ്. ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത് നൈജീരിയയിലും ലേക്ക് ചാഡ് മേഖലയിലും സജീവമായ ബൊക്കോ ഹറാമാണ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന ഇസ്വാപ്പാണ് പത്താം സ്ഥാനത്ത്. നൈജീരിയയിലെ ഐ.എസ് ഘടകമണിത്.




ഈ റാങ്കിംഗില്‍ ഓരോ വര്‍ഷവും ആക്രമണങ്ങളുടെ തീവ്രത അനുസരിച്ച് മാറ്റങ്ങള്‍ വരാറുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന സംഘടനകള്‍ ആക്രമണങ്ങള്‍ കുറയുന്നതിനനുസരിച്ച് താഴേക്ക് പോകാറുണ്ട്. ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള, കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ പത്തില്‍ വന്നതാണ്. ഇപ്പോള്‍ അവയെ ഒരു സൈന്യമായി പരിഗണിക്കണം എന്ന ആവശ്യമുള്ളതുകൊണ്ടാണ് അവര്‍ ലിസ്റ്റില്‍ വരാത്തത്. അതുപോലെ യമനിലെ ഹൂത്തികളും, ആദ്യ പത്ത് സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, ഹൂതികളുടെ ആക്രമണങ്ങള്‍ കാരണം യമന്‍ എന്ന രാജ്യം ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ വരാറുണ്ട്. ജിടിഐ 2026 റിപ്പോര്‍ട്ട് പ്രകാരം യമന്‍ 21-ാം സ്ഥാനത്താണ്. ഹൂതികള്‍ ഔദ്യോഗികമായി ഒരു ഭരണകൂടം പോലെ പ്രവര്‍ത്തിക്കുന്നതിനാലും അവരുടെ സൈനിക നടപടികള്‍ 'സ്റ്റേറ്റ് ആക്റ്റര്‍' എന്ന നിലയില്‍ വരുന്നതിനാലും അവരെ പലപ്പോഴും ഈ ഇന്‍ഡക്സിന്റെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല എന്നാണ് പറയുന്നത്.

ആഫ്രിക്കയിലേക്ക് കൂടുമാറിയ ഐസിസ്

ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സില്‍ ഇപ്പോഴും ഒന്നാമത് നില്‍ക്കുന്നത് ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന ഐഎസ്ഐഎസ് തന്നെയാണ്്. ഇതും ഒരു അത്ഭുതമാണ്. ഐസിസിന്റെ പ്രതാപകാലം അസ്തമിച്ചു എന്ന് വിദേശ മാധ്യമങ്ങള്‍ എഴുതുന്ന സമയത്താണ് ഇതെന്ന് ഓര്‍ക്കണം. ഐസിസിന്റെ 'ഖിലാഫത്ത്' തകരുകയും അവര്‍ക്ക് സിറിയയിലും ഇറാഖിലും ഉണ്ടായിരുന്ന ഭരണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സത്യമാണ്്. എന്നാല്‍ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് 2024, 2025, 26 റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരാന്‍ ചില കാരണങ്ങളുണ്ട്.

മേഖലാപരമായ മാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനം. മിഡില്‍ ഈസ്റ്റില്‍ ശക്തി കുറഞ്ഞെങ്കിലും, ഐസിസ് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് സഹേല്‍ മേഖലയില്‍) അതിശക്തമായി പടര്‍ന്നിരിക്കുകയാണ്. നൈജീരിയ, മാലി, ബുര്‍ക്കിന ഫാസോ, കോംഗോ എന്നിവിടങ്ങളില്‍ ഇവര്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഒരു കേന്ദ്ര ഭരണത്തിന് പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളായി ഇവര്‍ മാറി. ഉദാഹരണത്തിന്, ഐഎസ്‌കെപി അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ആക്രമണങ്ങള്‍ നടത്തുന്നു. ഇസ്വാപ്പ്, ആഫ്രിക്കയില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നു. വിഘടിച്ച് വളരുകയാണ് സത്യത്തില്‍ ഐസിസ് ചെയ്യുന്നത്.

ഐസിസിന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ കുറഞ്ഞെങ്കിലും, അവര്‍ നടത്തുന്ന ഓരോ ആക്രമണത്തിന്റെയും മാരക സ്വഭാവം വര്‍ദ്ധിച്ചു. അതായത്, കുറഞ്ഞ ആക്രമണങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നു. 2023-ലെ കണക്കനുസരിച്ച് ഐസിസ് ഏകദേശം 1,570 മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റും അതിന്റെ വിവിധ ഘടകങ്ങളും ചേര്‍ന്ന് 2025-ല്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏകദേശം 1,800-ന് മുകളിലാണ്. ഐസിസ് തങ്ങളുടെ പ്രവര്‍ത്തനം 2025-ഓടെ 22 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളും നടന്നത് സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലാണ്. ആകെയുള്ള ഐസിസ് ആക്രമണങ്ങളുടെ 71% വരും ഇത്. നൈജീരിയയിലെ ഐസിസ് ഘടകമായ ഇസ്വാപ്പ്, ബോക്കോ ഹറാം എന്നിവ ചേര്‍ന്ന് 2025-ല്‍ ആ രാജ്യത്ത് മാത്രം 750-ഓളം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഐസിസിന്റെ തന്നെ ടെലിഗ്രാം ഗ്രുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,218 ആക്രമണങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. അതില്‍ 5,745 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും അവര്‍ അവകാശപ്പെടുന്നു.




ചുരുക്കത്തില്‍, ഒരു ഭരണകൂടം എന്ന നിലയിലുള്ള ഐസിസിന്റെ പ്രതാപം അവസാനിച്ചെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ഭീകരവാദ ശൃംഖല എന്ന നിലയില്‍ അവര്‍ ഇപ്പോഴും ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു. ലോകമെമ്പാടുമുള്ള ആകെ ഭീകരാക്രമണങ്ങളില്‍ ഏകദേശം 17 ശതമാനവും ഈ ഗ്രൂപ്പും അതിന്റെ അനുബന്ധ ഘടകങ്ങളും ചേര്‍ന്നാണ് നടത്തുന്നത്.

ഫലിപ്പീന്‍സിലെ കമ്മി ഭീകരത

ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സില്‍ ഇടം പിടിച്ച, ആദ്യ പത്തു ഭീകര സംഘടനകളില്‍ ഇസ്ലാമിക ബന്ധമില്ലാത്ത ഒന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീസാണ്. ഫിലിപ്പീന്‍സിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിപി), അതിന്റെ സായുധ വിഭാഗമായ ന്യൂ പീപ്പിള്‍സ് ആര്‍മി (എന്‍പിഎ) മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചത്. 2025-ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് ന്യൂ പീപ്പിള്‍സ് ആര്‍മിയാണ്.

1968-ല്‍ സ്ഥാപിതമായ ഈ സംഘടന ലോകത്തിലെ തന്നെ ഏറ്റവും പഴയ സായുധ വിപ്ലവ ഗ്രൂപ്പുകളില്‍ ഒന്നാണ്. 68 ഡിസംബര്‍ 26-ന് ജോസ് മരിയ സിസണാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് പുനഃസംഘടിപ്പിച്ചത്. ഇതിന്റെ സായുധ വിഭാഗമായ ന്യൂ പീപ്പിള്‍സ് ആര്‍മി 1969 മാര്‍ച്ച് 29-ന് നിലവില്‍ വന്നു. മാവോയിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ ഈ സംഘടന, ഗറില്ലാ യുദ്ധമുറകളിലൂടെ നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി ഇവര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇതുവരെ 40,000 മുതല്‍ 60,000 വരെ ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2013-നും 2016-നും ഇടയില്‍ മാത്രം ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,500-ലധികം ആക്രമണങ്ങളിലായി സുരക്ഷാ സേനാംഗങ്ങളും സിവിലിയന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സൈനികര്‍ക്കും പോലീസിനും നേരെ ഇവര്‍ പതിവായി ഗറില്ലാ ആക്രമണങ്ങള്‍ നടത്തുന്നു. രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വെച്ച് ഇവര്‍ കൊലപാതകങ്ങള്‍ നടത്താറുണ്ട്. 'വിപ്ലവ നികുതി' എന്ന പേരില്‍ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ഇവര്‍ നിര്‍ബന്ധിതമായി പണം പിരിച്ചെടുക്കുന്നു. പണം നല്‍കാന്‍ വിസമ്മതിക്കുന്ന സ്ഥാപനങ്ങളുടെ ഉപകരണങ്ങള്‍ ഇവര്‍ നശിപ്പിക്കുന്നു. മൊബൈല്‍ ടവറുകള്‍വരെ ഇങ്ങനെ നശിപ്പിച്ച ചരിത്രമുണ്ട്. പണത്തിനായും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന രീതിയും ഇവര്‍ക്കുണ്ട്. ഐഇഡി പോലുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേനയെ ലക്ഷ്യം വയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ സാധാരണമാണ്. ഫിലിപ്പീന്‍സിന് പുറമോ, അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ന്യൂ പീപ്പിള്‍സ് ആര്‍മിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.






1980-കളില്‍ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് സീനിയറിന്റെ ഭരണകാലത്താണ് ഈ സംഘടന ഏറ്റവും ശക്തമായത്. അന്ന് ഏകദേശം 25,000-ത്തോളം സായുധ അംഗങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. നിലവില്‍ ഇവരുടെ അംഗസംഖ്യ 1,500-ല്‍ താഴെയായി കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ എന്നിട്ടും ഇവര്‍ നിരന്തരം ഭീകരാക്രമണം നടത്തുന്നു. ഫലിപ്പീന്‍സ് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും ഭീകരത തുടരുകയാണ്.

വാല്‍ക്കഷ്ണം: ലോകത്തിലെ സന്തോഷ സൂചികയും, ഭീകരവാദ സൂചികയും ഒന്ന് മനസ്സിരുത്തി പഠിച്ചാല്‍ എന്തുകൊണ്ടാണ് ഇസ്ലാമിക തീവ്രവാദും, കമ്യുണിസ്റ്റ് തീവ്രവാദവും ലോകത്ത് ഭീഷണിയാവുന്നത് എന്ന് മനസ്സിലാവും. ഈ രണ്ടും നിലനില്‍ക്കുന്നിടത്ത് സന്തോഷവുമില്ല സമാധാനവുമില്ല. മതേതരത്വവും ജനാധിപത്യവും സന്തോഷത്തിന്റെ അടിസ്ഥാന ശിലകളാണെന്ന് ഈ റിപ്പോര്‍ട്ടുകളും അടിവരയിടുന്നു.