- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ബോക്കോഹറാം തീവ്രവാദികൾ വരെ പണമുണ്ടാക്കിയത് കടൽക്കൊള്ളയിൽ നിന്ന്; പാശ്ചാത്യരാജ്യങ്ങൾ സുരക്ഷ ശക്തമാക്കിയതോടെ നിലച്ചത് ശതകോടികൾ; വരുമാനം ഉണ്ടാക്കാൻ രാജ്യങ്ങൾ തന്നെ കൊള്ളയിലേക്കോ? നൈജീരിയയുടെയും ഗിനിയയുടെയും മാറ്റം ഞെട്ടിക്കുന്നത്; മലയാളികൾ അടക്കമുള്ള 26 അംഗ കപ്പൽ സംഘം ആഫ്രിക്കയിൽ കുടുങ്ങിയതിന്റെ യഥാർഥ കാരണമെന്ത്?
''നല്ല നാണയങ്ങളും കള്ള നാണയങ്ങളും ഒരുപോലെ ഒരു രാജ്യത്ത് പ്രചരിച്ചുവെന്നിരിക്കുക. ക്രമേണെ നല്ല നാണയങ്ങൾ അപ്രത്യക്ഷമാവുകയും കള്ളനാണയങ്ങൾ മാത്രം പ്രചരിക്കുകയും ചെയ്യും.''-സാമ്പത്തിക ശാസ്ത്രത്തിൽ ഗ്രാഷാംസ് ലോ എന്നൊരു പരികൽപ്പനയാണിത്്. നൈജീരിയ, ഗിനിയ, സിംബാബ്വേ, സോമാലിയ, തുടങ്ങിയ രാജ്യങ്ങളുടെ അനുഭവം നോക്കുമ്പോൾ അത് ശരിയാണെന്ന് കാണാം. മതതീവ്രവാദവും, ലഹരിമാഫിയയും, തൊട്ട് പ്രാദേശിക യുദ്ധ പ്രഭുക്കന്മാർവരെയാണ് ഈ രാജ്യങ്ങളെ നിയന്ത്രിക്കുന്നത്. ഇവിടുത്തെ കടൽക്കൊള്ളക്കാരായിരുന്നു അടുത്തകാലംവരെ സുമദ്രയാത്രികരുടെ ഏറ്റവും വലിയ പേടി സ്വപ്നം. 2012വരെയുള്ള്ള കാലഘട്ടത്തിൽ കോടിക്കണക്കിന് രൂപയുടെ മോചന ദ്രവ്യമാണ് ആഫ്രിക്കൻ- കരീബിയൻ കടൽക്കൊള്ളക്കാർ നേടിയത്. അതിന്റെ നല്ലൊരു പങ്കും ഈ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും എത്തിയെന്നത് പരസ്യമായ രഹസ്യമാണ്.
എന്നാൽ 2012നുശേഷം ലോക രാഷ്ട്രങ്ങൾ കപ്പലുകളുടെ സുരക്ഷയിൽ അങ്ങേയറ്റം ശ്രദ്ധിച്ചു. ലോകരാജ്യങ്ങളുടെ കബൈൻഡ് നേവി ഫോഴ്സും അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ചേർന്നതോടെ, കടൽക്കൊള്ളക്ക് എതാണ്ട് ശമനമായി. 2015നുശേഷം 85 ശതമാനമാണ് കടൽക്കൊള്ളയിൽ ഉണ്ടായ ഇടിവ് എന്നാണ്, ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
പക്ഷേ അപ്പോഴാണ് മറ്റൊരു മാറ്റം നടക്കുന്നത്. കടൽക്കൊള്ളക്കാരുടെയും മാഫിയകളുടെയും കോടികളുടെ പണത്തിന്റെ ഒരു ഭാഗം കിട്ടി സുഖിച്ച ഈ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ പതുക്കെ പരോക്ഷമായ കടൽക്കൊള്ളയിലേക്ക് ഇറങ്ങി. അതായത് കഷ്ടകാലത്തിന് സമുദ്രാതിർത്തി ലംഘിച്ചോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കഴുപ്പങ്ങൾ കാരണം പിടിക്കപ്പെട്ടുപോയ കപ്പലുകളോട് കൊള്ളക്കാർക്ക് സമാനമായി വിലപേശുക. ഔദ്യോഗിക കടൽക്കൊള്ള അഥവാ ഒഫീഷ്യൽ പൈറസി എന്നാണ്, ഇതിനെ ബിസിസി വിശേഷിപ്പിക്കുന്നത്.
ഈ ഒഫീഷ്യൽ പൈറസിയുടെ ഭാഗമായാണ് ഓഗസ്റ്റ് 8 തൊട്ട് നോർവേ ആസ്ഥാനമായ 'എംടി ഹീറോയിക് ഇഡുൻ' എന്ന കപ്പൽ ഇക്വിറ്റോയിയൽ ഗനിയ എന്ന കൊച്ചു രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്. ഒന്നുരണ്ടുമല്ല 20 ലക്ഷം ഡോളറാണ്, ഇവർ ഈ കപ്പൽ കമ്പനിയെക്കൊണ്ട് പിഴ അടപ്പിച്ചത്. എന്നിട്ടും മലയാളികൾ അടക്കമുള്ള 26 ജീവനക്കാരെ വിട്ടുകൊടുത്തിട്ടുമില്ല.
അവർ എണ്ണക്കൊള്ളക്കാരെന്ന്
്നൈജീരിയൻ നേവിയുടെ നിർദ്ദേശപ്രകാരമാണ് ഈ കപ്പൽ ഗിനിയൻ നേവി കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.
കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറക്കാൻ എത്തിയത്. ടെർമിനലിൽ ഊഴംകാത്ത് നിൽക്കുന്നതിനിടെ ഒരു ബോട്ട് കപ്പൽ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. അത് കടൽകൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ ഉടൻ തൽസ്ഥലത്തുനിന്ന് മാറ്റി. കപ്പൽ ലക്ഷ്യമാക്കിവന്നത് നൈജീരിൻ നേവിയാണെന്ന് കപ്പൽ ജീവനക്കാർ അറിയുന്നത് ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ്. ക്രൂഡ് ഓയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന രീതിയിലായിരുന്നു അന്വേഷണം. . പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും മോചന ദ്രവ്യം ആവശ്യപ്പെടുകയാണ് അവർ ചെയ്തത്. നോക്കണം, ഒരു കൊള്ളക്കാരല്ല, ഒരു രാജ്യമാണ് ഇങ്ങനെ ചെയ്യുന്നത്.
സമാധ്യബുന്ധിയുള്ളവർക്ക് പോലും വിശ്വസിക്കാൻ ആവുമോ, നൈജീരിയയും ഗിനിയയും പറയുന്ന കഥ. ഒരു വിദേശ കപ്പലിന് എങ്ങനെയാണ് ആ രാജ്യത്ത് വന്ന് ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ കഴിയുക. അവിടെയുള്ള സുരക്ഷാ സംവിധാനങ്ങളെ എങ്ങനെയാണ് അവർ മറികടക്കുക. ഇനി അത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. കപ്പൽ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. എന്നിട്ടും ഇത് ഒരു അവസരമാക്കി കടൽക്കൊള്ളക്കാരെപോലെ വിലപേശാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗിനി എന്ന സാമന്തരാഷ്ട്രം
മധ്യ ആഫ്രിക്കയിലെ ഒരു ദരിദ്ര രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. ഔദ്യോഗിക നാമം റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയൽ ഗിനിയെന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇത് മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്: റയോ മുനി എന്ന കര പ്രദേശവും പല തുരുത്തുകളും. ബിയോകോ എന്ന ദ്വീപിലാണ് ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ സ്ഥിതിചെയ്യുന്നത്. തെക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ അന്നോബോൺ എന്ന ദ്വീപ്. ഗിനിയുടെ അതിർത്തികൾ കാമറൂൺ (വടക്ക്), ഗാബൺ (തെക്കും കിഴക്കും), ഗിനി ഉൾക്കടൽ (പടിഞ്ഞാറ്), എന്നിവയാണ്. ഗിനി ഉൾക്കടലിലാണ് ദ്വീപുരാജ്യമായ സാഒ റ്റോമെ പ്രിൻസിപ്പെ സ്ഥിതിചെയ്യുന്നത്.
സ്പാനിഷ് കോളനി ആയിരുന്ന ഇക്വറ്റോറിയൽ ഗിനിയുടെ പേര് രാജ്യത്തിന്റെ ഭൂമധ്യരേഖയോടുള്ള സാമീപ്യവും, ഗിനി ഉൾക്കടലിലാണ് ആ രാജ്യം എന്നതും കാണിക്കുന്നു. ആഫ്രിക്കൻ വൻകരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറുതും. ആഫ്രിക്കൻ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇവർതന്നെ. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.
ഇവിടെയാണ് നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ നടക്കുന്നത്. ശരിക്കും നൈജീരിയയുടെ ഒരു സമാന്ത രാഷ്ട്രം എന്നാണ് ഗിനി അറിയപ്പെടുന്നത്. കാര്യമായ വ്യവസായങ്ങൾ ഒന്നുമില്ലാത്ത ഈ നാട് പിടിച്ചു നിൽക്കുന്നത് ടുറിസവും മത്സ്യബന്ധനവും കൊണ്ടാണ്. മത്സ്യബന്ധനത്തൊഴിലാളികളിൽ നല്ലൊരു ഭാഗവും മുമ്പ് കടൽക്കൊള്ളക്കാരുടെ വഴികാട്ടികൾ ആയിരുന്നു. അതിലുടെ നല്ലൊരു വരുമാനം രാഷ്ട്രീയക്കാർക്കും, വിലപേശാൻ പോവുന്ന ഒഫീഷ്യൽസിനും ഒക്കെ കിട്ടിയിരുന്നു. ഇപ്പോൾ അത് നിലച്ചു. അതിനാൽ കഷ്ടകാലത്തിന് കൈയിൽവന്ന് പെടുന്നവനെ കൊള്ളയടിക്കയാണ് ഇവർ ചെയ്യുന്നത്.
കടൽക്കൊള്ളയുടെ ചരിത്രം
സത്യത്തിൽ മനുഷ്യൻ കപ്പൽ യാത്ര തുടങ്ങിയ കാലം തൊട്ടുതന്നെ കടൽക്കൊള്ളക്കാരുമുണ്ട്. അത് ആഫ്രിക്കയുടേയോ കരീബിയയുടെയോ കുത്തക മാത്രം ആയിരുന്നില്ല. കേരള തീരത്തുപോലും ഒരു കാലത്ത് കടൽക്കൊള്ള ശക്തമായിരുന്നു.
1498ൽ ഗാമ കാപ്പാട് കപ്പൽ ഇറങ്ങിയതിനുശേഷമുള്ള ആ കാലം സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും കണ്ണിലൂടെ ഒന്ന് നോക്കിയാൽ നാം നടുങ്ങിപ്പോകും. സമാനതകൾ ഇല്ലാത്ത ക്രൂരതയും, അരാജകത്വവുമാണ് ഇവിടെ വാണിരുന്നത്.
ലോകത്തിലെ അക്കാലത്തെ എല്ലാ കടൽ സഞ്ചാരികൾക്കും ഒരുപോലെ ഭീഷണിയായിരുന്നു മലബാറിലെ കടൽകൊള്ളക്കാർ. അക്കാലത്ത് കടലിൽ ക്രമസമാധാന പാലനം എന്നൊരു കാര്യം ഇല്ലായിരുന്നുവെന്നാണ്, കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ ഒക്കെയും പറയുന്നത്.
റോഡുവഴിയും പുഴവഴിയും പോവുന്നവർക്ക് സാമൂതിരിയുടെ ഭടന്മാർ സംരക്ഷണം കൊടുക്കും. എന്നാൽ കടലിൽ ഇതില്ല. ആർക്കും ആരെയും കൊള്ളയടിക്കാം. ഇത് നല്ലൊരു വരുമാനം മാർഗം ആയതോടെ കൊള്ളയും കച്ചവടവും അല്ലാതെ ഒരു ജോലിയും ചെയ്യാത്ത ഒരു വിഭാഗം മലബാറിൽ വളർന്നുവന്നു. അവർ ഭൂരിഭാഗവും മുഹമ്മദീയർ എന്ന് വിളിക്കുന്ന അക്കാലത്തെ മാപ്പിളമാർ ആയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബ സമേതമാണ് ഇവർ കടൽകൊള്ള നടത്തിയിരുന്നതെന്നാണ് പല സഞ്ചാരികളും എഴുതിയിരുന്നത്. സാമൂതിരിയുടെ സമ്മതത്തോടെ ആയിരുന്നു ഈ കൊള്ളകൾ ഏറെയും. കിട്ടുന്ന തുകയിൽ ഒരു വിഭാഗം സാമൂതിരിക്കും, പ്രാദേശിക നായർ നാടുവാഴിക്കും തൊട്ട് പള്ളിക്കുവരെ കൊടുക്കേണ്ടിവന്നു. വില പിടിപ്പുള്ള രത്നങ്ങളും മറ്റും വിഴുങ്ങിയോ എന്ന് അറിയാൻ കടൽവെള്ളം കുടിപ്പിച്ച് ചർദിപ്പിച്ച് പരിശോധിക്കുന്ന രീതിയും അന്ന് ഉണ്ടായിരുന്നു.
പ്രശസ്ത ശാസ്ത്ര-ചരിത്ര ലേഖകനും എഴുത്തുകാരനുമായ ഡോ മനോജ്ബ്രൈറ്റ് വിദേശ സഞ്ചാരികളുടെ പുസ്തകങ്ങൾ തർജ്ജമചെയ്ത് ഇങ്ങനെ വിലയിരുത്തുന്നു. സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ അജ്ഞാതനായ കർത്താവ് മുതൽ പ്ലിനിയും, ടോളമിയും, മാർക്കോ പോളോയുമടക്കം പതിനെട്ടാം നൂറ്റാണ്ട് വരെ മലബാർ സന്ദർശിച്ച ഏതാണ്ട് എല്ലാവരും തന്നെ മലബാർ തീരത്തെ കപ്പൽ കൊള്ളക്കാരെക്കുറിച്ച് പറയുന്നുണ്ട്. മുസിരിസിനടുത്തുള്ള ഹൈഡ്രേ എന്ന സ്ഥലം കടൽ കൊള്ളക്കാരുടെ കേന്ദ്രമായി പ്ലിനി പറയുന്നുണ്ട്. കുടുംബമായി കടലിൽ സഞ്ചരിച്ച് കൊള്ളനടത്തുന്ന കടൽ കൊള്ളക്കാരെയും കുറിച്ച് മാർക്കോപോളോയും എഴുതിയിട്ടുണ്ട്.
ലോകത്തിന്റെ നനാഭാഗത്തും കടൽക്കൊള്ളക്കാർ ഉണ്ടായിരുന്നെങ്കിലും ആധുനിക കാലത്ത് ഇതിനെ ശക്തമായ ഒരു സംഘമാക്കിയത് സൊമാലിയൻ കൊള്ളക്കാരാണ്.
സൊമാലിയയിൽ സംഭവിക്കുന്നത്
രണ്ടു ദശകങ്ങൾ നീണ്ട ആഭ്യന്തരയുദ്ധമാണ് സത്യത്തിൽ സൊലിയയിലെ കടൽകൊള്ളക്കാരെ വളർത്തി വലുതാക്കിയത്. 1980ലെ ആഭ്യന്തര യുദ്ധംമൂലം നേവി പിരിച്ചുവിടേണ്ട സാഹചര്യം പോലുമുണ്ടായി. തുടർന്ന് സെമാലിയൻ തീരങ്ങൾ പാശ്്ചാത്യ ശക്തികൾക്ക് ആണവ മാലിന്യം വരെ തള്ളാനുള്ള കേന്ദ്രമായി. വലിയ വിദേശ ട്രോളറുകൾ വന്ന് മീൻ പിടിച്ച് പോവുന്ന അവസ്ഥയുമുണ്ടായി. ഇതിന്് തടയിടാനാണ്, തീര സംരക്ഷകർ എന്ന പേരിൽ ചിലർ ആയുധവുമായി ഇറങ്ങിയത്. ക്രമേണ അവർ കടൽക്കൊള്ളക്കാർ ആവുകയും, അത് ഒരു കുടിൽ വ്യവസായംപോലെ ആവുകയും ചെയ്തു.
2010വരെ സൊമാലിയിൽ സ്റ്റോക്ക് മാർക്കറ്റിനെവരെ നിയന്ത്രിച്ചിരുന്നത് കടൽക്കൊള്ളക്കാർ ആയിരുന്നെന്ന് തമാശ കലർന്ന ഒരു ഫലിതം ഉണ്ടായിരുന്നു. 2000 തൊട്ടുള്ള കാലയളവിൽ 250 ഓളം കപ്പലുകൾ തട്ടിക്കൊണ്ടുപോയി, കോടിക്കണക്കിന് ഡോളറിന്റെ മോചന ദ്രവ്യമാണ് അവർ സമ്പാദിച്ചത്. സൊമാലിയിലെ ഏറ്റവും അംഗീകാരമുള്ള തൊഴിലായി ഇത് മാറി. കടൽക്കൊള്ളക്കാർക്ക് വലിയ വീര ആരാധനയാണ് ആ നാട്ടിൽ കിട്ടിയിരുന്നത്. സുന്ദരികൾ ഇവരെ വിവാഹം കഴിക്കാൻ കാത്തുനിന്നു.
ഗോത്രയുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും മൂലം, സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിഞ്ഞ ഒരു രാജ്യത്തെ ഇവർ നിയന്ത്രിച്ചിരുന്നതിൽ അദ്ഭുദമില്ല. ഇത്തരം പണത്തിന്റെ നല്ലൊരു ഭാഗം ബോക്കോഹറാം പോലുള്ള സംഘടനകളുടെ തീവ്രവാദ പ്രവർത്തനത്തിനും പോയിരുന്നു. മോട്ടോർ ബോട്ടുകൾ, എകെ 47, ടോർപിഡോ തുടങ്ങിയ സംവിധാനങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. ഇതൊക്കെ വാങ്ങിക്കൊടുത്ത് അന്നത്തെ ഭരണകർത്താക്കൾ തന്നെ ആയിരുന്നു. യമനിൽനിന്നായിരുന്നു ആയുധങ്ങൾ കൂടുതലായി വന്നത്.
2008ൽ ബിബിസി നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ഇൻഫോർമാർമാരായി പ്രവർത്തിക്കുന്നത് എന്ന് പറയുന്നുണ്ട്. മൂൻ സൈനികർ, യുദ്ധ പ്രഭുക്കൾ, ജിപിഎസ് വിദഗ്ദ്ധർ തുടങ്ങിയവർ എല്ലാം ഈ ടീമിലുണ്ട്. പൊലീസിനും സൈന്യത്തിനും വലിയ തുക പാരിതോഷികം നൽകാറുണ്ടെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2012നുശേഷം കളിമാറി. 'കമ്പൈൻഡ് ടാസ്്ക്ക് ഫോഴ്സ് 150' എന്ന ബഹുരാഷ്ട്ര സഖ്യം ഉണ്ടാക്കി ലോകരാജ്യങ്ങൾ കടൽകൊള്ളക്കാരെ നേരിട്ടു. ഐഎൻസ് സുനേന ഇന്ത്യൻ പടക്കപ്പൽ ലക്ഷദ്വീപിന്റെ തീരത്തുനിന്ന് കടൽക്കൊള്ളക്കാരെ തുരത്തുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഓഷ്യൻ ഷീൽഡ് എന്നപേരിൽ യൂറോപ്യൻ രാജ്യങ്ങളും പ്രത്യേക കപ്പൽ സുരക്ഷ എർപ്പെടുത്തി. ഇതോടെ കടൽകൊള്ളയെന്ന ഹീനമായ പരിപാടിക്ക് അവസാനമായി.
പക്ഷേ അത് തകർത്ത് സൊമലിയയുടെ വിപണിയെകൂടിയായിരുന്നു. കറൻസിക്ക് കടലാസ് വിലപോലുമില്ലാത്ത ആ രാജ്യം ഇപ്പോൾ പതുക്കെ നീങ്ങുന്നത്, തീവ്രവാദത്തിലേക്കാണ്. അതുതന്നെയാണ് നൈജീരിയയിലും സംഭവിക്കുന്നത്.
ഇസ്ലാമിക തീവ്രവാദത്തിന്റെ ഹബ്ബ്
കടൽക്കൊള്ളയോടൊപ്പം അതിന്റെ പണം കൊണ്ട് വളർന്നുവന്ന സംഘടനയാണ് നൈജീരിയയിലെ ബോക്കോഹറാം എന്ന ഇസ്ലാമിക തീവ്രവാദ സംഘടന. ക്രൈസ്തവ വിശ്വാസികളെ കണ്ടാൽ കൊന്നുതള്ളുന്നത് ഹോബിയാക്കിയ ഈ സംഘടന പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരെയും കൊന്നുതള്ളുന്നുണ്ട്.
2014ൽ നൂറ് കണക്കിന് കുട്ടികളെ തട്ടിക്കൊണ്ട് പോയതിലൂടെയാണ് ബൊക്കോ ഹറാം ആഗോള ശ്രദ്ധനേടിയത്. ഇവരുടെ ആക്രമണത്തിൽ ഇതുവരെ 30,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നൈജീരിയയിലും ബുക്കിനഫുസോയിലുമായി ആയിരങ്ങളെ ഈ ഭീകര സംഘടന കൊന്നു തള്ളുന്നു. കുഞ്ഞുങ്ങളെ അടക്കം നിഷ്‌ക്കരുണം കൊന്നുതള്ളുന്ന ഇക്കൂട്ടർ ഇന്ന് ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയാണ്.
ബുക്കിന ഫുസോയിൽ രണ്ടുവർഷംമുമ്പ് ഒരു ഗ്രാമത്തിൽ അതിക്രമിച്ചെത്തിയ തീവ്രവാദികൾ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ് 130തോളം പേരാണ്. ഇത്തരം ആക്രമണങ്ങൾ ഇവിടെ നിത്യസംഭവമാണ്. ക്രൈസ്തവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നവരാണ് ഈ സംഘടന.
സ്ത്രീകളോടുള്ള ബൊക്കോ ഹറാമിന്റെ നിലപാട് വളരെ കുപ്രസിദ്ധമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണ് എന്ന കടുത്ത തീവ്രവാദ നയമാണ് അവർ പിന്തുടരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസവും വിലക്കപ്പെട്ട ഒന്നായി അവർ കണ്ടിരുന്നു. ഈ രണ്ടു കുറ്റങ്ങളിലും ഏർപ്പെട്ട ആ സ്‌കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ആ സംഘം തീരുമാനിച്ചു. ആവുന്നത്ര പേരെ തങ്ങളുടെ ട്രക്കുകളിൽ കുത്തി നിറച്ചും, ബാക്കിയുള്ളവരെ പൊരിവെയിലത്തും നടത്തിച്ചും അവർ തട്ടിക്കൊണ്ടുപോയി. അവരെ തടയാനുള്ള ധൈര്യം സ്ഥലത്തെ പൊലീസിനോ പട്ടാളത്തിനോ ഉണ്ടായില്ല. അത്രയ്ക്ക് കുഖ്യാതമായിരുന്നു ആ പ്രദേശത്ത് ബോക്കോഹറാം എന്ന തീവ്രവാദ സംഘടന.
ആ പെൺകുട്ടികളെ അവർ കൊണ്ടുപോയത് നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 2,258 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സാംബിസാ വനത്തിനുള്ളിലെ കൊണ്ടുംഗാ പ്രദേശത്തേക്കായിരുന്നു. ബൊക്കോ ഹറാമിന്റെ ശക്തികേന്ദ്രമായിരുന്ന ആ കാടുകൾക്കുള്ളിൽ അവരുടെ ക്യാംപുകൾ പ്രവർത്തിച്ചു പോന്നിരുന്നു. ആ പെൺകുട്ടികളെ തങ്ങളുടെ ഒളിപ്പോരാളികളുടെ ലൈംഗിക അടിമകളാക്കാനും ക്യാംപുകളിൽ പാചകമടക്കമുള്ള ജോലികൾ ചെയ്യിക്കാനുമായിട്ടാണ് അവർ തട്ടിക്കൊണ്ടുപോയത്. പോകും വഴി 57 പെൺകുട്ടികൾ ട്രക്കിൽ നിന്നും എടുത്തുചാടി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ നൈജീരിയൻ സർക്കാരും ബൊക്കോ ഹറാമും തമ്മിൽ നടന്ന പല ചർച്ചകൾക്കൊടുവിൽ പല വ്യവസ്ഥകളും പാലിച്ചുകൊണ്ട് 107 കുട്ടികളെ അവർ വിട്ടയച്ചു.
112 പെൺകുട്ടികൾ ഇന്നും തിരിച്ചെത്തിയിട്ടില്ല. തങ്ങളിൽ നിന്നും പറിച്ചെടുത്തുകൊണ്ടു പോയ തങ്ങളുടെ മക്കളെയും കാത്ത് കണ്ണുനീർ വാർത്തിരിക്കുകയാണ് അത്രയും തന്നെ കുടുംബങ്ങൾ. അഞ്ചു നീണ്ട വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ആ കുട്ടികളുടെ കൗമാരം നിർദ്ദയം അവരിൽ നിന്നും ഹനിക്കപ്പെട്ടുകാണും. അവരിൽ ഭൂരിഭാഗവും ഇപ്പോൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിക്കാണും. പലരും തങ്ങളെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചുപോലും കാണും. ആറ്റുനോറ്റുണ്ടായി തങ്ങൾ താലോലിച്ചു വളർത്തിയ പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട് അവരെ തിരിച്ചു പിടിക്കാൻ കാര്യമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരുകളോട് അവർക്ക് കടുത്ത അമർഷമുണ്ട്. പലവിധത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളും ക്യാമ്പെയ്നുകളും മറ്റും നടത്തപ്പെട്ടിട്ടും ഒന്നും ഇന്നുവരെ ഫലം കണ്ടിട്ടില്ല.
'ബോക്കോ ഹറാം' എന്ന പേരിന്റെ അർഥം തന്നെ 'പാശ്ചാത്യമായതെന്തും നിഷിദ്ധം' എന്നാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപനവും, വ്യാപനവുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അക്രമത്തിന്റെ മാർഗമാണ് അവർ അവലംബിച്ചിരിക്കുന്നത് എന്നുമാത്രം. 2009 ൽ നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോരുന്ന ഈ സംഘടന നിരവധി കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോവാളുകൾക്കും ഉത്തരവാദികളാണ്. ഇന്നുവരെ ഏകദേശം 27, 000 പേരോളം ഇന്നുവരെ ഇവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതു ലക്ഷത്തിൽപ്പരം പേർക്ക് വീടുവിട്ടോടേണ്ടി വന്നിട്ടുണ്ട്. ബുർഖയണിഞ്ഞ സ്ത്രീകളെ ചാവേർ ബോംബുകളാക്കി ഉപയോഗിക്കുന്ന പതിവും ബൊക്കോ ഹറാമിനുണ്ട്. ഇതിനൊക്കെയുള്ള പണം വന്നിരുന്നത് കടൽക്കൊള്ളയിൽനന്നായിരുന്നു. അത് നിലച്ചതോടെയാണ് രാഷ്ട്രം തന്നെ കപ്പലുകളെ കെണിവെച്ച് പിടിക്കുക എന്ന പരിപാടിയിലേക്ക് കടന്നത്.
നൈജീരിയയും ലക്ഷ്യമിടുന്നത് മോചനദ്രവ്യം
ഗിനി നാവികസേന തടഞ്ഞുവെച്ച ഇന്ത്യൻ കപ്പലും തടവുകാരെയും നൈജീരിയൻ സേന കസ്റ്റഡിയിലെടുക്കുന്നതിനു പിന്നിൽ വൻ മോചനദ്രവ്യം വാങ്ങിയെടുക്കുകയെന്ന ലക്ഷ്യമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗിനി സേന ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗിനിക്കു പുറമേ നൈജീരിയൻ സേനയും ഇതേ രീതിയിൽ പിഴ ആവശ്യപ്പെട്ടാൽ തടവിലാക്കപ്പെട്ടവരുടെ മോചനം വീണ്ടും വൈകും. മുമ്പ് നൈജീരിയൻ സേന ഇത്തരത്തിൽ പിടിച്ചെടുത്ത ഒരു വിദേശ കപ്പൽ മോചനദ്രവ്യം കിട്ടിയതിനെത്തുടർന്ന് ഒന്നര വർഷത്തിനു ശേഷമാണ് വിട്ടുനൽകിയത് എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരോട് ഗിനി സേന പറഞ്ഞത്. വിഷയം നൈജീരിയൻ ഫെഡറൽ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കപ്പൽകമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.
തടവിലാക്കപ്പെട്ടവർക്ക് ബന്ധുക്കളുമായി ബന്ധപ്പെടാൻ വാട്സ് ആപ് വഴിയുള്ള ശബ്ദസന്ദേശം മാത്രമാണുള്ളത്. സൈനികരുടെ കർശനമായ പരിശോധനയുള്ളതിനാൽ അവരെ ഒളിച്ചാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. മൊബൈൽ ചാർജ് ചെയ്യാനും ബുദ്ധിമുട്ടുണ്ട്. നേരത്തെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചിരുന്നു. ഇപ്പോൾ ഇവരെ നൈജീരിയിലേക്ക് കൊണ്ടുപോവുകയാണ്. ഓരോ നിമിഷവും ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്ന് സംഘത്തിലെ മലയാളികളിൽ ഒരാളായ വിജിത് വി.നായർ നേരത്തേ അറിയിച്ചിരുന്നു. കൊച്ചി സ്വദേശിയായ മിലൻ ആണ് സംഘത്തിലെ മൂന്നാമത്തെ മലയാളി. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും സമ്മർദവുംമൂലം സംഘത്തിൽ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.
''ഞങ്ങളെ തിരിച്ച് കപ്പലിലേക്ക് കൊണ്ടുപോകുകയാണ്. നൈജീരിയയ്ക്ക് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നറിയുന്നു. എന്താണ് അടുത്ത നടപടിയെന്നറിയില്ല. ഇന്ത്യൻ എംബസിയുടെ നടപടികളെക്കുറിച്ചും അറിയില്ല'' - മുളവുകാട് സ്വദേശി മിൽട്ടൺ ബന്ധുക്കൾക്കയച്ച സന്ദേശമാണിത്. ബുധനാഴ്ച സനു ജോസ് അയച്ച വീഡിയോയിലും ഇതേ കാര്യങ്ങളാണ് പറയുന്നത്. ''ജെട്ടി നിറയെ നൈജീരിയൻ പട്ടാളക്കാർ നിറഞ്ഞു. ഉയർന്ന സൈനിക ഓഫീസർമാർ വരെയുണ്ട്. നിയമം ലംഘിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. അന്താരാഷ്ട്ര നാവിക നിയമങ്ങൾ തെറ്റിച്ചാണ് നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്. വേണ്ടി വന്നാൽ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും അവർ കപ്പലിനടുത്ത് എത്തിച്ചു. നിങ്ങളുടെ സഹായം ഞങ്ങൾക്ക് വേണം. അല്ലാതെ ഒന്നും നടക്കില്ല - സനു ജോസ് പറയുന്നു.
അതേസമയം, മോചിപ്പിക്കാനുള്ള ഇടപെടൽ വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബാംഗങ്ങൾ. ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നു വിജിത്തിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.എല്ലാ നാവികരും സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നതായും ഇക്വറ്റോറിയൽ ഗിനിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഗിനിയിലേയും നൈജീരിയയിലെയും ഇന്ത്യൻ എംബസികൾ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
പക്ഷേ നൈജീരിയ പണം കിട്ടാതെ വഴങ്ങുമെന്ന് തോനുന്നില്ല. അനുമതിയില്ലാതെ എണ്ണ കടത്താനെത്തി സമുദ്രാതിർത്തി ലംഘിക്കുകയും ചോദ്യംചെയ്യാൻ ശ്രമിച്ചപ്പോൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന വിധം 'കടൽക്കൊള്ളക്കാർ ആക്രമിക്കാനെത്തി' എന്ന വ്യാജസന്ദേശം നൽകുകയും ചെയ്തുവെന്നാണ് നൈജീരിയൻ നാവികസേന വിശദീകരിക്കുന്നത്. നൈജീരിയയിൽ ഒരു വർഷത്തിലേറെയായി കടൽക്കൊള്ളകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നുമാണ് അവരുടെ ഔദ്യോഗിക നിലപാട്. പക്ഷേ യഥാർഥ പ്രശ്നം പണം തന്നെയാണെന്ന് എല്ലാവർക്കും അറിയാം. ഒരു വ്യക്തിക്ക് കൊള്ളക്കാരനാവാം, പക്ഷേ ഒരു രാഷ്ട്രം തന്നെ കൊള്ളക്കാർ ആയാൽ എന്തൊരു ദുരന്തമാവുമത്!
വാൽക്കഷ്ണം: നൈജീരിയയിലെ ബോക്കോഹറാമിനൊക്കെ ഫണ്ട് വന്നിരുന്നത് കടൽക്കൊള്ളയിൽനിന്നായിരുന്നു. അത് അടഞ്ഞപ്പോൾ മയക്കുമരുന്ന് കടത്തുക എന്ന അപകടകരമായ രീതിയിലേക്കാണ് അവർ കടന്നത്. അഫ്ഗാനിൽ താലിബാൻ കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന ഓപ്പിയം ഇന്ത്യയിലടക്കം എത്തുന്നത് നൈജീരിയ വഴിയാണ്. ഇതിനും ആ രാജ്യത്തിന്റെ അനൗദ്യോഗിക പിന്തുണയുണ്ടത്രേ!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ