- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹൈക്കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുക; അതിന്റെ പേരിൽ ഹർത്താൽ നടക്കുക; പിന്നീട് സുപ്രീംകോടതി വിവാഹം സാധുവാണെന്ന് പ്രഖ്യാപിക്കുക; അവസാനം ഡിവോഴ്സും പുനർവിവാഹം; മാതാപിതാക്കളുടെ കണ്ണീർ ഇപ്പോഴും ബാക്കി; ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
വ്യക്തി സ്വാതന്ത്ര്യം, മതസ്വതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലൊക്കെ, കേരളീയ സമൂഹത്തിൽ അതിഗുരുതരമായ ചർച്ചകൾ ഉയർത്തിയ, ഒരു വിഷയമായിരുന്നു അഖില ഹാദിയ കേസ്. ഹൈക്കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുക, അതിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ നടക്കുക, പിന്നീട് സുപ്രീംകോടതി വിവാഹം സാധുവാണെന്ന് പ്രഖ്യാപിക്കുക. ശരിക്കും ഒരു പുലിവാൽ കല്യാണം! അതായിരുന്നു ഡോ ഹാദിയയുടെ വിവാഹം. കേരളത്തിൽ ഇതുപോലെ ചർച്ചചെയ്യപ്പെട്ട ഒരു കല്യാണവും, മതം മാറ്റവും വേറയുണ്ടാവില്ല. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏക മകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടർ ട്രെയിനി, ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും തുടർന്ന് ഷിഫിൻ ജഹാൻ എന്നയാളെ വിവാഹം കഴിച്ചതും, കഴിഞ്ഞ 7 വർഷമായി കേരളീയ പൊതുസമൂഹത്തിൽ ഇടക്കിടെ ചർച്ചയാവാറുണ്ട്. കേരളത്തിൽ മാത്രമല്ല, രാജ്യവ്യാപകമായും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. പക്ഷേ ഒരു മാസം മുമ്പ് അതിന്റെ ഒരു ആന്റി ക്ലൈമാക്സ് കേട്ടും കേരളം ഞെട്ടി. ഇത്രയും ചർച്ചയായ ആ വിവാഹത്തിലെ നായകനായ ഷിഫിൻ ജഹാനും, ഹാദിയയും തമ്മിൽ പിരിഞ്ഞുവെന്നതായിരുന്നു അത്.
അതോടെ വീണ്ടും ഒരു കേസ് കൂടിയുണ്ടായി. ഹാദിയയുടെ അച്ഛൻ അശോകൻ മകളെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തൂ.ഇപ്പോഴിതാ ഈ ഹരജി ഹൈക്കോടതി തള്ളിയിരിക്കയാണ്. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണിത്. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ പൊലീസ് ഹാജരാക്കി.
മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറം ഒതുക്കങ്ങലിൽ ഹാദിയ നേരത്തെ ജോലി ചെയ്ത ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോർപ്പസ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹാദിയയും ജഹാനും തമ്മിലുള്ള വിവാഹം കടലാസിൽ മാത്രമാണെന്നും യഥാർത്ഥ വൈവാഹിക ബന്ധമില്ലെന്നും ഇപ്പോഴത്തെ ഹർജിയിലും അശോകൻ ആരോപിക്കുന്നുണ്ട്. ആരെയും അറിയിക്കാതെയുള്ള പുനർവിവാഹത്തിന്റെ കാര്യവും ഹരജിയിൽ പറയുന്നു. ഹാദിയ മാനസികമായും ശാരീരികമായും രോഗിയാണെന്നും പിതാവ് ആരോപിക്കുന്നു. എന്നാൽ ഹാദിയ സുരക്ഷിതയാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ഹരജി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ അനു ശിവരാമൻ, സി പ്രതീപ് കുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതോടെ കേരളം മാത്രമല്ല, ഇന്ത്യയൊട്ടാകെ ചർച്ചയായ ഒരു കേസിന്, സമാപനം കുറിച്ചിരിക്കയാണ്. ഇനി ഹാദിയയെ ജീവിക്കാൻ വിടുക എന്ന കാമ്പയിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇന്ത്യൻ ഭരണഘടന പറയുന്നു എല്ലാ അവകാശങ്ങളും ഹാദിയക്ക് ഉണ്ട്. ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചപോലെ, വിവാഹമോചനത്തിനുള്ള അവകാശവും അവർക്ക് ഉണ്ട്. കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ സ്വയം നിർണ്ണയിക്കാൻ കഴിയുന്ന സ്ത്രീ ശക്തിയുടെ പ്രതീകമായം ഹാദിയയെ വിലയിരുത്തുകയുണ്ടായി.
പക്ഷേ സംഘപരിവാർ അടക്കമുള്ള വലതുപക്ഷം മറ്റ് ചില ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഈ മതപരിവർത്തനത്തിന് പിന്നിലുണ്ടെന്ന് ഹാദിയയുടെ രക്ഷിതാക്കൾ പറയുന്ന ഗുഢാലോചന പൂർണ്ണമായും അന്വേഷിച്ചോ? ഇപ്പോൾ സിറിയയിൽ ഐസിസിന്റെ കൂടെയുണ്ടെന്ന് കരുതുന്ന നിമിഷ ഫാത്തിമ അടക്കമുള്ളവർക്ക് സംഭവിച്ചത് സമാനമായ കാര്യമല്ലേ? പഠിക്കാനായി പ്രൊഫഷണൽ കോളജുകളിൽ പോകുന്ന നമ്മുടെ കുട്ടികൾ എങ്ങനെയാണ് പ്രണയിച്ച് മതം മാറ്റപെട്ട് അഫ്ഗാനിലും സിറിയയിലും എത്തുന്നത്? ഇതിന് കാർമ്മികത്വം കൊടുത്തവരെ കുറിച്ച് അന്വേഷണം ഉണ്ടായോ. ഷിഫിൻ ജഹാൻ ഡമ്മി ഭർത്താവ് ആണെന്ന് അന്നുതന്നെ ആരോപണം ഉയർന്നത് ഇപ്പോൾ കാലം ശരിവെക്കുകയാണോ? ഈ രീതിയിലുള്ള സങ്കീർണ്ണമായ ചില ചോദ്യങ്ങൾ കൂടി ഈ കേസ് ഉയർത്തുന്നുണ്ട്.
അഖില ഹാദിയ ആയത് എങ്ങനെ?
കോട്ടയം ജില്ലയിലെ വൈക്കത്ത് ഹൈന്ദവപാരമ്പര്യം പിന്തുടരുന്ന മാതാപിതാക്കൾക്കു ജനിച്ച അഖില സേലത്തെ ഒരു കോളേജിൽ ഹോമിയോപ്പതി പഠിക്കുവാനായി ചേരുന്നു. 2016 ജനുവരി 6 ന് സേലത്തെ അവർ താമസിച്ചിരുന്ന വീട്ടിൽനിന്ന് അഖിലയെ കാണാതായി എന്നാണ് പിതാവ് അശോകൻ പറയുന്നത്. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു.
സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പം ചേർന്ന് മകളെ എവിടേയ്ക്കോ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് അബൂബക്കറിനെതിരേ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ജനുവരി 6 ന് ഹിജാബ് ധരിച്ച അഖില കോളേജിലെത്തിയെന്ന വിവരം ലഭിച്ചപ്പോഴാണ് അഖിലയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.
2016 ജനുവരി മുതൽ നടന്ന നിയമപോരാട്ടങ്ങൾ സുപ്രിംകോടതി വരെ നീണ്ടു. അഖില സ്വതന്ത്ര ഇച്ഛാശക്തിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ആരുേേടെയാ പ്രേരണയാൽ മതം മാറിയതാണെന്നും കോടതിയിൽ മാതാപിതാക്കൾ ബോധിപ്പിച്ചു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത് എന്ന നിലപാടിൽ അവൾ ഉറച്ചുനിന്നു. അശോകൻ കേരളാ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. എന്നാൽ ജനുവരി 19 ന് അഖില കോടതിയിൽ നേരിട്ടു ഹാജരായി, താൻ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിച്ചു.
താൻ ഇപ്പോൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഹാദിയ എന്നൊരു പുതിയ പേര് സ്വീകരിച്ചിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു. -''എന്റെ സുഹൃത്തുക്കളുടെ പ്രാർത്ഥനകളും നല്ല സ്വഭാവവും എന്നെ വല്ലാതെ ആകർഷിച്ചു. ഇസ്ലാമിക പുസ്തകങ്ങളുടെ നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള അനേകം വീഡിയോകളും കണ്ടതോടെ ഞാനും അതിൽ ആകൃഷ്ടയായി. ഒരു വിശ്വാസത്തിൽനിന്നു മാറ്റൊന്നിലേയ്ക്കുള്ള മാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെതന്നെ കഴിഞ്ഞ മൂന്നു വർഷങ്ങളായി ഞാൻ ഇസ്ലാം മതവിശ്വാസിയായി തുടരുകയാണ്. എന്റെ ഇസ്ലാമിക രീതിയിലുള്ള പ്രാർത്ഥനയും ജീവിതവും പിതാവിന് അനിഷ്ടമുണ്ടാക്കിയതായി മനസ്സിലായതിനാൽ ഞാൻ 2016 ജനുവരി 2 നു വീടുവിട്ടിറങ്ങുകയായിരുന്നു''- ഇങ്ങനെയാണ് ഹാദിയ മൊഴി നൽകിയത്. പക്ഷേ നിഷ്പക്ഷമായി ഈ വിഷയം പഠിക്കുമ്പോൾ അഖിലയുടെ അച്ഛൻ പറയുന്നതുപോലെ, കൃത്യമായ ബ്രയിൻ വാഷിങ്ങിന്റെ അജണ്ട പ്രകടമാണ്.
സത്യസരണിയിൽ സംഭവിച്ചത്
വീടുവിട്ടിറങ്ങിയ അഖില നേരേ പോയത് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിലുള്ള തന്റെ സുഹൃത്തുക്കളായ ജസീനയുടെയും ഫസീനായുടേയും വീട്ടിലേക്കായിരുന്നു. അവരുടെ പിതാവായ അബൂബക്കർ അഖിലയെ ഒരു മതസ്ഥാപനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവർക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അഖിലയെ പിന്നീട് കോഴിക്കോടുള്ള തർബിയത്തുൽ ഇസ്ലാം സഭ എന്ന ഇസ്ലാമിക പഠനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ അവർ ആവശ്യപ്പെട്ടതുപ്രകാരം താൻ സ്വയം ഇസ്ലാം മതം സ്വീകരിച്ചതാണെന്നുള്ള ഒരു സത്യവാങ്മൂലം നൽകി. അബൂബക്കറുടെ വീട്ടിൽ താമസിച്ച് ഇവിടെ ഹാജരായി പഠനം നടത്തണമെന്നു നിഷ്‌കർഷിക്കപ്പെട്ടു. അഖിലയുടെ വാക്കുകളനുസരിച്ച്, താമസിയാതെ അബൂബക്കർ അദ്ദേഹത്തിന്റെ വസതിയിൽ അവർ കഴിയുന്നതിനു വൈമനസ്യ പ്രകടിപ്പിച്ചു. ഇതോടെ മലപ്പുറത്ത് മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിവർത്തന കേന്ദ്രമായ 'സത്യസരണി' എന്ന മൂന്നാമത്തെ സ്ഥാപനത്തെ സമീപിക്കയായിരുന്നു.
സത്യസരണിക്കാർ അഖിലയെ കണ്ടു സംസാരിക്കുന്നതിനായി ഒരു സാമൂഹ്യ പ്രവർത്തകയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗവുമായിരുന്ന സൈനബയെ അവരുടെ അടുത്തേയ്ക്ക് അയച്ചു. ഇതിനുശേഷം അവൾ സൈനബയോടൊത്തു താമസം തുടങ്ങി. അനധികൃതവും നിർബന്ധിതവുമായ അനേകം മതപരിവർത്തനങ്ങളിൽ സത്യസരണി നേരത്തെതന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഖിലയുടെ പിതാവ് അശോകൻ ആരോപിക്കുന്നു.
പക്ഷേ അഖില തിരിച്ചാണ് മൊഴി നൽകയിയത്. കേസിൽ നിർബന്ധിത തടവിലാണെന്നു പറഞ്ഞ വ്യക്തി തന്റെ സ്വന്തം ഇച്ഛാശക്തിക്കനുസരിച്ചാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നു കോടതിക്കു ബോദ്ധ്യമായിനാൽ ഹർജി തള്ളുകയാണെന്ന് ജഡ്ജിമാരായ സി.കെ. അബ്ദുൽ റഹിം, ഷാജി പി. ചാലി എന്നിവർ വ്യക്തമാക്കി. അതുപോലെതന്നെ പരാതിക്കാരനും കുടുംബാംഗങ്ങൾക്കും ആ സ്ഥാപനം നിഷ്‌കർക്കുന്ന സന്ദർശനസമയം ഏതാണോ അതനുസരിച്ച് അഖിലയെ സന്ദർശിക്കാവുന്നതുമാണെന്നു കോടതി പറയുകയും ചെയ്തു.
രാജ്യത്തുനിന്ന് പുറത്തേക്ക് കടത്തുമോ?
ഹേബിയസ് കോർപ്പസ് ഹർജി കേരളാ ഹൈക്കോടതി തള്ളിയതിന് ഏകദേശം ആറുമാസത്തിനുശേഷം അഖിലയുടെ പിതാവ് മറ്റൊരു പരാതി നൽകിയിരുന്നു. ഇപ്രാവശ്യത്തെ പരാതിയിൽ അഖിലയെ രാജ്യത്ത് നിന്ന് പുറത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിനും, ഒരു മുസ്ലിം യുവാവുമായി അവരെ തിരക്കിട്ടു വിവാഹം കഴിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
അഖിലയെ സുക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ടെന്നും അവരെ രാജ്യത്തു നിന്ന് പുറത്തേയ്ക്കു കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനുശേഷം അഖില സൈനബയുടെ വീട്ടിൽ നിന്ന് മാറിയിട്ടുണ്ടെന്ന് പൊലീസ് നിരീക്ഷിച്ചു കണ്ടെത്തി. അതേസമയം, അഖിലയും സൈനബയും കോടതിയെ സമീപിക്കുകയും അവരുടെ കേസ് ഉടനടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിചാരണയുടെ സമയത്ത്, സൈനബ തന്റെ സംരക്ഷകയാണെന്നും താൻ തന്റെ മാതാപിതാക്കളുടെ അടുത്തേയ്ക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അഖില കോടതിയെ ബോധിപ്പിച്ചു. ഈ സമയം അവരുടെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചതിനേത്തുടർന്ന് അഖിലയെ എറണാകുളത്തുള്ള ഒരു വനിതാ ഹോസ്റ്റലിലേയ്ക്കയച്ചു.
സെപ്റ്റംബർ മാസത്തിൽ തനിക്ക് ഇഷ്ടമുള്ള ഒരു സ്ഥലത്ത് താമസിക്കാൻ അനുവദിക്കണമെന്നും കോടതിയോട് അഖില അഭ്യർത്ഥിച്ചു. തനിക്ക് പാസപോർട്ട് ഇല്ലെന്നും അവൾ കോടതിയിൽ പറഞ്ഞു. പരാതിയിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അവരെ സിറിയയിലേക്ക് ആടുമെയ്‌ക്കാൻ കൊണ്ടുപോകാൻ യാതൊരു സാധ്യതയുമില്ലെന്ന് അവളുടെ അഭിഭാഷകനും വാദിച്ചു. കോടതി അഖിലയെ സൈനബയുടെ കൂടെ അയക്കുകയും വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറുന്നുണ്ടെങ്കിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി.യെ വിവരം അറിയിക്കേണ്ടതാണെന്നും ആവശ്യപ്പെട്ടിരുന്നു.
സൈനബയോടൊത്ത് ജീവിക്കുന്ന അഖിലയെക്കുറിച്ച് നവംബർ മാസത്തിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വരുമാന സ്രോതസ്സ് തേടുകയും ചെയ്തു. ഒരു ഡോക്ടർ ട്രെയിനി എന്ന നിലയിൽ താൻ സ്വയംപര്യാപ്തതയിലെത്തിയിട്ടുണ്ടെന്നും തനിക്ക് 2,000 രൂപ പ്രതിമാസ വരുമാനമുള്ളതായി അഖില ബോധിപ്പിച്ചു. എന്നാൽ അവൾ ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും പ്രാക്ടീസ് ചെയ്യാൻ തക്ക യോഗ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 19 ലെ അടുത്ത വിചാരണയിൽ കോടതി അവരുടെ കോഴ്സ് പൂർത്തിയാക്കുവാനും കോളേജ് ഹോസ്റ്റലിലേക്ക് മാറിത്താമസിക്കുവാനും ആവശ്യപ്പെട്ടു. അഖില കോടതിയുടെ നിർദ്ദേശം അനുസരിച്ചു. അവരുടെ പഠനം പുനരാരംഭിക്കുന്നതിനായി അഖിലയുടെ പിതാവിനോട് ഡിസംബർ 21 ന് അവരുടെ സർട്ടിഫിക്കറ്റുകളുമായി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
പൊടുന്നനെയുള്ള വിവാഹം
കേസിന്റെ നടപടികൾ ഇങ്ങനെ നടന്നുകൊണ്ടിരിക്കെയാണ് പൊടുന്നനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, ഹാദിയയുടെ വിവാഹം നടക്കുന്നത്. ഡിസംബർ 21 ന് ഹാദിയ കോടതിയിൽ ഹാജരാവുകയും ഡിസംബർ 19 ന് ഇസ്ലാം മത നിയമപ്രകാരം ഷിഫിൻ ജഹാൻ എന്നയാളെ വിവാഹം കഴിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. വിവാഹത്തിന്റെ കാര്യം നേരത്തേ കോടതിയെ ബോധ്യപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടാണെന്ന് കോടതിയിൽ ചോദിച്ചു. ഡിസംബർ 19 ന് കോടതിയിൽ കേസിന്റെ വിചാരണ നടന്ന അതേ ദിവസം തന്നെയാണ് വിവാഹം നടന്നിരിക്കുന്നതെന്നു കോടതിക്കു ബോധ്യപ്പെട്ടു. വിവാഹം നടന്ന രീതിയെക്കുറിച്ച് കോടതി പല സംശയങ്ങളും ഉയർത്തി. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാർ അജ്ഞരായിരുന്നു.
ഹാദിയയുടെ അഭിഭാഷകന്റെ വാക്കുകളിൽ ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സൈനബയുടെ വീട്ടിൽവച്ചാണ് വിവാഹം നടന്നത്. പുത്തൂർ ജുമാമസ്ജിദ് ഖാസിയാണ് ചടങ്ങുകൾ നടത്തിയത്. ഇപ്പോൾ നടന്നിരിക്കുന്ന സംഭവങ്ങൾ രാജ്യത്തിനു പുറത്തേയ്ക്ക് അവരെ കടത്തിക്കൊണ്ടു പോകാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമല്ലേയെന്നു സംശയിക്കാമെന്നും അവരെ വിവാഹം ചെയ്തതായി പറയപ്പെടുന്ന ആളുടെ വ്യക്തിത്വത്തെക്കുറിച്ചോ, മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചോ കോടതിക്കു യാതൊരു ധാരണയുമില്ല എന്ന കാര്യങ്ങളിലും കോടതി ഉത്ക്കണ്ഠ രേഖപ്പെടുത്തി.ജഡ്ജിമാരായ കെ സുരേന്ദ്രമോഹൻ, എബ്രഹാം മാത്യു എന്നിവരുൾപ്പെട്ട ബെഞ്ച് ഏതാനും ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. എന്തുകൊണ്ടാണ് സൈനബയുടെ വീട്ടിൽവച്ചു വിവാഹം നടന്നത്, വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകിയ സംഘടന ഏതാണ്? അത് രജിസ്റ്റർ ചെയ്തതാണോ, അഖിലയുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് അറിയാതെയിരുന്നതെന്തുകൊണ്ട് തുടങ്ങിയ ചോദ്യത്തിനൊന്നും മറുപടി കൃത്യമായ മറുപടി പറയാൻ ഇവർക്കായില്ല.
അതിനിടെ മറ്റൊരു നിർബന്ധിത മതപരിവർത്തനത്തിൽ സൈനബ ഉൾപ്പെട്ടിരുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്ന് മതപരിവർത്തനം ചെയ്യപ്പെട്ട യുവതിയും ഒരു മുസ്ലിം യുവാവിനെയാണ് വിവാഹം കഴിച്ചത്. അതോടെ കോടതിയും ആകെ മാറി. ഇന്ത്യൻ പാരമ്പര്യപ്രകാരം, അവിവാഹിതയായ മകളുടെ സംരക്ഷണം അവളുടെ വിവാഹം യഥായോഗ്യമായി നടത്തപ്പെടുന്നതുവരെ അവരുടെ മാതാപിതാക്കൾക്കാണെന്നും കോടതി നിരീക്ഷിച്ചു. എറണാകുളത്തുള്ള എസ്എൻവി സദനം എന്ന വനിതാ ഹോസ്റ്റലിലേയ്ക്ക് അവരെ അയയ്ക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു. ഷഫിനുമായുള്ള അഖിലയുടെ വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനുശേഷം ഷഫിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പെരിന്തൽമണ്ണ ഡെപ്യൂട്ടി എസ്‌പി.യോട് ആവശ്യപ്പെട്ടു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ യുടെ സജീവ അംഗമാണ് ഷിഫീൻ ജഹാൻ എന്നു കണ്ടെത്തിയിരുന്നു. ഷിഫിന് സത്യസരണിയുമായി ബന്ധമുണ്ടെന്നും 2017 ജനുവരിയിൽ ഒരു ക്രിമിനൽ കേസിൽ അദ്ദേഹം കുറ്റക്കാരനായിരുന്നുവെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, 2016 ഏപ്രിൽ മാസത്തിൽത്തന്നെ വിവാഹിതയാകാൻ ആഗ്രഹമുണ്ടെന്നു കാണിച്ച് ''വേ റ്റു നിക്കാഹ്'' എന്ന ഒരു വിവാഹ രജിസ്ട്രേഷൻ സൈറ്റിൽ അഖിലയുടെ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഷെഫിന്റെ വിവാഹാലോചന ഈ സൈറ്റിലൂടെയായിരിക്കണം എത്തിയത് എന്നു കരുതപ്പെടുന്നു.
2017 മെയ് മാസം 24 ന് അഖില ഹാദിയയുടെ വിവാഹം ഒരു തട്ടിപ്പാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പിണിയാൾ മാത്രമാണ് ജഹാനെന്നും കോടതി നിരീക്ഷിച്ചു. കോടതി വിവാഹം റദ്ദാക്കുകയും അഖിലയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ തിരികെ നൽകുകയും ചെയ്തു. ഇത് വൻ വിവാദമായി. മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ ഹർത്താലും, ജഡ്ജിമാർക്ക് എതിരെ പ്രതിഷേധ പ്രകടനവും ഉണ്ടായി. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരം കാര്യങ്ങൾ.
സുപ്രീം കോടതിയിൽ ജയം
കേരളാ ഹൈക്കോടതി ഈ വിവാഹം റദ്ദു ചെയ്ത് രണ്ടു മാസത്തിനു ശേഷം ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ഒരു പ്രത്യേക പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു. കപിൽ സിബൽ, ഇന്ദിരാ ജെയ്സിങ് എന്നിവർ ഷെഫിൻ ജഹാനുവേണ്ടി സുപ്രീംകോടതിയിൽ ശക്തമായ വാദം നടത്തി. ഹാദിയ ഒരു ചെറിയ കുട്ടിയല്ലെന്ന് സിബൽ വാദിച്ചു. എന്നാൽ, അവൾ വിവാഹം ചെയ്ത ഷഫിനിനെ അവൾക്കറിയാമോ എന്ന് കോടതി തിരിച്ചു ചോദിച്ചു. അവരുടെ വിവാഹം ഒരു മാട്രിമോണിയൽ സൈറ്റിലൂടെ ക്രമീകരിക്കപ്പെട്ടതാണെന്ന് സിബൽ വാദിച്ചു. കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 16 ന് സുപ്രീംകോടതി ഈ കേസിൽ ഒരു എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹാദിയയെ 2017 നവംബർ 27-ന് സുപ്രീം കോടതി കേൾക്കുകയും അവർ തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും, താൻ അന്യായമായ തടങ്കലിലായിരുന്നുവെന്നും കോടതിയിൽ ഹാദിയ വ്യക്തമാക്കി. കോടതി ഷിഫിന്റെയോ അശോകന്റെയോ കൂടെ വിടാതെ, ഹാദിയയുടെ പഠനം തുടരാനുള്ള സംവിധാനമൊരുക്കുകയാണ് ചെയ്തത്. തുടർന്ന് സേലത്ത് കോളേജ് അധികൃതരുടെ രക്ഷാധികാരത്തിൽ പഠനം തുടർന്നു.2018 മാർച്ച് 08 ന് പുറപ്പെടുവിച്ച ഇടക്കാലവിധിയിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി, ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും, മറ്റ് ആരോപണങ്ങൾ വേറെത്തന്നെ അന്വേഷിക്കാമെന്നും വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. ഹാദിയത്ത്, ഷിഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് തെറ്റു സംഭവിച്ചതിൽ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കുകയുണ്ടായി.
മകളെ വിറ്റുകാശാക്കിയെന്ന് മാതാവ്
പക്ഷേ ഇപ്പോഴും ഹാദിയ എന്ന അഖിലയുടെ മാതാപിതാക്കളുടെ കണ്ണീർ തോർന്നിട്ടില്ല. ഈ രണ്ടാം വിവാഹവും ദുരൂഹമാണെന്നണ് അവർ ആരോപിക്കുന്നത്. ഇത് കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്ന് പിതാവ് അശോകൻ അശോകൻ ആവശ്യപ്പെട്ടു. മകളുടെ ഈ പോക്ക് അപകടത്തിലേക്കാണെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
തന്റെ മകളെ വിറ്റ് ചിലർ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.
''ഹാർട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോൾ മകൾ തന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ മകൾ തന്നെ കാണാൻ വരുമല്ലോ എന്നോർത്ത് എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോൾ അഖില പറഞ്ഞത് ഞാൻ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിൻ വാഷ് ചെയ്യാൻ എപ്പോഴും ആരൊക്കെയോ ഉണ്ട്. '- വിതുമ്പലോടെ പൊന്നമ്മ പറയുന്നു.
എന്നാൽ തന്റെ മാതാപിതാക്കൾ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കയാശണന്നാണ് ഹാദിയ ഇപ്പോഴും പറയുന്നത്. -''ഇസ്ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തിൽ നല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.''-ഹാദിയ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിലും ഇപ്പോഴും ഹാദിയ കേസ് നിറഞ്ഞുനിൽക്കയാണ്.ഹാദിയ ആദ്യ ഭർത്താവായ ഷെഫീൻ ജഹാനുമായി വിവാഹബന്ധം വേർപ്പെടുത്തിയെന്നും രണ്ടാമത് മറ്റൊരു മുസ്ലിമിനെ വിവാഹം ചെയ്‌തെന്നുമുള്ള വാർത്ത ആദ്യമായി ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ക്രിസ്തീയ സംഘടന കാസയുടെ നേതാവ് കെവിൻ പീറ്റർ വെളിപ്പെടുത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഖാലിദ് ദസ്തഗീർ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാർത്ത.
ഇതാണോ റിയൽ കേരളാ സ്റ്റോറി
'ദ കേരളാ സ്റ്റോറി' എന്ന സിനിമ പറയുന്നതുപോലെ ആയിരിക്കണക്കിന് പേർ ഒന്നുമില്ലെങ്കിലും കേരളത്തിൽനിന്ന് ചില പെൺകുട്ടികൾ ഇങ്ങനെ പഠിക്കാനായി പോയി, ഇസ്ലാമിലേക്ക് മാറി വിവാഹം കഴിച്ച് സിറിയയിലും അഫ്ഗാനിലും എത്തിയിട്ടുണ്ട്. നിമിഷാ ഫാത്തിമയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും എല്ലാം ഇതിന്റെ ഇരകളാണ്. ഐഎസ് വിധകകളായി അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാൻ സർക്കാരിന്റെ നിർദ്ദേശം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണ്. അഫ്ഗാനിൽ വെച്ച് ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എസ്. ഭീകരനായിരുന്ന ബെക്സൻ വിൻസെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിൻ വിൻസെന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെർലിൻ ജേക്കബ് പാലത്ത്. ഭർത്താവ് ബെസ്റ്റിൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ് ഭീകരൻ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുൻ ഭാര്യമാരിലൊരാൾ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവർത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയിൽ.
കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പൊലീസ് രേഖകൾ പറയുന്നു. പെൺകുട്ടിയെ കാസർകോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് നിമിഷയുടെ മതപരിവർത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് 2015 നവംബറിൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥികളും ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നോക്കുക ഹാദിയയുടെ അതേ മോഡസ് ഓപ്പറൻഡി. അതുകൊണ്ടുതന്നെയാണ് ഇത്തരം മതംമാറ്റ സംഭവങ്ങളിൽ കർശനമായ അന്വേഷണം വേണമെന്ന്, നിഷ്പക്ഷർ ആവശ്യപ്പെടുന്നത്. ഹാദിയയെ സമാധനമായി ജീവിക്കാൻ വിടുക. പക്ഷേ അപ്പോഴും രാജ്യസുരക്ഷയെ ബാധിക്കുന്നു, ഈ കോളജ് മതംമാറ്റങ്ങൾക്കെതിരെ സമഗ്രമായ അന്വേഷണം വേണ്ടതാണ്.'
വാൽക്കഷ്ണം: 'ഇൻകമിങ്ങ് ഫ്രീ ഔട്ട് ഗോയിങ്ങിന് ചാർജ് ചെയ്യും' എന്ന രീതിയിലാണ്, ഇസ്ലാമിക മതമൗലികവാദികളുടെ കാര്യങ്ങൾ. ഇതുപോലെ മതപരിവർത്തനത്തിന് വിധേയയാക്കപ്പെട്ട തൃശൂർ സ്വദേശിനി അനഘ എന്ന കുട്ടിയുടെ അവസ്ഥനോക്കുക. '2013- 14 കാലഘട്ടത്തിൽ എംബിബിഎസ് പഠനത്തിനായി, എറണാകുളത്ത് പോയപ്പോഴാണ് അവൾ ഇസ്ലാമിലേക്ക് ആകൃഷ്ടയായത്. ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് തന്നെ മാറ്റിയത് എന്ന് അവളും പറയുന്നു. ഹാദിയക്കുള്ള അതേ അവസ്ഥ. എന്നാൽ രണ്ടുവർഷത്തിനുശേഷം അനഘ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നു. അതിന്റെ പേരിൽ അവർ ഇസ്ലാമിക മൗലികവാദികളിൽനിന്ന് നിരവധി ഭീഷണികൾ ഏറ്റുവാങ്ങി. അപ്പോൾ എവിടെയാണ് ഇസ്ലാമിസ്റ്റുകൾ പറയുന്ന മത സ്വാതന്ത്ര്യവും ജനാധിപത്യവും!