- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
ചില സമസ്യകൾ അങ്ങനെയാണ്. എത്രമാത്രം ഗുണിച്ചും ഹരിച്ചും നോക്കിയാലും ഉത്തരം കിട്ടില്ല. അതുപോലെ ഒന്നാണ്, 2008 നവംബറിൽ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവായ, ഹേമന്ദ് കർക്കറെ എന്ന ധീരനായ ഐപസിസ് ഓഫീസറുടെ മരണത്തിലെ ദുരൂഹതകളും. ഭീകരാക്രമണം കഴിഞ്ഞ് വർഷങ്ങൾ 16 കഴിഞ്ഞു. അതിൽ പിടികൂടിയ ഏക പ്രതി അജ്മൽ കസബിനെ തൂക്കിക്കൊന്നു. കർക്കെറയുടെ മരണത്തിന്റെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ അഹോരാത്രം, പരിശ്രമിച്ചിരുന്ന ഭാര്യ കവിതാ കർക്കറെയും, കാലയവനികക്കുള്ളിൽ മറിഞ്ഞു. പക്ഷേ 2024-ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോലും ഹേമന്ദ് കർക്കറെ എന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥൻ ചർച്ചാവിഷയമാവുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ നടത്തിയ പ്രസ്താവനയാണ്, മാധ്യമങ്ങൾ മറന്ന വിവാദത്തെ വീണ്ടും ലൈം ലൈറ്റിലേക്ക് കൊണ്ടുവന്നത്. മുംബൈ ഭീകരക്രാമണത്തിനിടെ പൊലീസ് ഓഫീസർ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടത് ഭീകരൻ അജ്മൽ കസബിന്റെ വെടിയേറ്റ് അല്ല എന്നാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കൂടിയായ വഡേട്ടിവാർ പറഞ്ഞത്. കർകറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള ഒരു പൊലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വിജയ് വഡേത്തിവാറിന്റെ ആരോപണം. ഇതിനെതിരെ സ്വാഭാവികമായും ബിജെപി രംഗത്തെത്തി. ആരോപണവും പ്രത്യാരോപണവുമായി രംഗം കൊഴുത്തു.
അതിനിടെ വിജയ് വഡേത്തിവാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരരും രംഗത്തെത്തി. വഡേത്തിവാറിന്റെ ആരോപണം ഗൗരവതരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരൂർ പറഞ്ഞു. വരെ ഗൗരവതരമാണ് ഈ വിഷയം. വഡേത്തിവാർ ഉന്നയിച്ച ആരോപണം ഏറെക്കാലമായി പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നതാണ്. അജ്മൽ കസബിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ടകളല്ല കർക്കറെയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തതെന്നും അത് ഒരു പൊലീസ് റിവോൾവറിൽനിന്നുള്ളതാണെന്നും മുൻ ഐജി എസ്.എം മുഷ്രിഫ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്, ശശി തരൂർ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും തരൂർ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ മുംബൈ നോർത്ത് സെൻട്രൽ സ്ഥാനാർത്ഥിയും അഭിഭാഷകനുമായ ഉജ്ജ്വൽ നിഗത്തിനെതിരായ ആരോപണത്തിലും തരൂർ വിജയ് വഡേത്തിവാറിന്റെ ആരോപണത്തെ പിന്തുണച്ചു. മുംബൈ ഭീകരാക്രമണത്തിൽ പിടിയിലായ ഭീകരൻ അജ്മൽ കസബിന് ജയിലിൽ ബിരിയാണി നൽകിയിരുന്നു എന്ന ഉജ്ജ്വൽ നിഗത്തിന്റെ ആരോപണം. നീതീകരിക്കാനാകാത്ത ഇത്തരം ആരോപണങ്ങൾ ഉജ്ജ്വൽ നിഗത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ തെളിവാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.
ഇതോടെ ബിജെപിയും അതിശക്തമായി തിരിച്ചടിച്ചു. കാർക്കറെയുടെ വധത്തിലുള്ള പങ്ക് പാക്കിസ്ഥാൻ നിഷേധിച്ചിട്ടില്ലെന്നും വഡേത്തിവാർ രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ഉജ്ജ്വൽ നിഗം അടക്കമുള്ളവർ ആരോപിക്കുന്നു. ഫലത്തിൽ ഇതും, ബിജെപിക്ക് വീണുകിട്ടിയ വടിയായി. മുംബൈ ഭീകരാക്രമണം വീണ്ടും ചർച്ചയായതോടെ, തീവ്ര ദേശീയത ആളിക്കത്തച്ച് വോട്ടുപിടിക്കാനുള്ള ശ്രമത്തിലായി സംഘപരിവാർ ക്യാമ്പ്. എന്തായലും മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ വിഷയമായി ഹേമന്ദ് കർക്കറേ മാറിക്കഴിഞ്ഞു.
ബ്രാഹ്മണ കുടുംബത്തിൽനിന്ന് ഐപിഎസിലേക്ക്
മഹാരാഷ്ട്രയിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് കർക്കറെയുടെ ജനനം. ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കയായിരുന്നു. വാർധയിലെ ചിത്രഞ്ജൻ ദാസ് മുനിസിപ്പൽ പ്രൈമറി സ്‌കൂളിൽ നിന്ന് പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കർക്കറെ, നാഗ്പൂരിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് മിഡിൽ സ്‌കൂളും ഹൈസ്‌കൂൾ വിദ്യാഭ്യാസവും നേടി. 1975-ൽ നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരം ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിലും പിന്നീട് ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിലും ജോലി ചെയ്തു.
തുടർന്നാണ് അദ്ദേഹം ഐപിഎസിന് ശ്രമിക്കുന്നത്. അപ്പോഴേക്കും നല്ല ശമ്പളമുള്ള ജോലികൾ ഒരു എഞ്ചിനീയർ എന്ന നിലയിൽ പലയിടത്തുനിന്നും അദ്ദേഹത്തിന് ഓഫർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആഗ്രഹത്താലാണ് അദ്ദേഹം ഐപിഎസിന് ശ്രമിച്ചത് എന്നാണ് ഭാര്യ കവിത എഴുതിയത്. 1982 -ബാച്ചിലെ ഐപിസ് ഓഫീസറായാണ് ഹേമന്ദ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.
2008 ജനുവരിയിൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ എടിഎസ് മേധാവിയാകുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിലെ ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് (അഡ്‌മിനിസ്‌ട്രേഷൻ) ആയിരുന്നു. അതിനുമുമ്പ് റോയുടെ ഏജന്റായി ഏഴ് വർഷം ഓസ്ട്രിയയിൽ സേവനമനുഷ്ഠിച്ചു. ഇങ്ങനെ അതി കഠിനമായ പരിശീലനവും അനുഭവവും ഉള്ള പൊലീസ് ഓഫീസറായിരുന്നു ഹേമന്ദ്.
.മുംബൈ പൊലീസിലെ മുതിർന്ന മുൻ ഓഫീസർ വൈ.സി. പവാറിന്റെ അഭിപ്രായത്തിൽ പൊലീസ് വൃന്ദങ്ങളിൽ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കർക്കറെ അറിയപ്പെട്ടിരുന്നത്. മുൻ മുംബൈ പൊലീസ് കമ്മീഷണർ ജൂലിയോ റബിറേ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ഒരു ലേഖനത്തിൽ ഹേമന്ദ് കർക്കറെയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: 'മഹാരാഷ്ട്രയിൽ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പൊലീസ് ഓഫീസർമാരിൽ ഒരാളാണ് കാർക്കറെ'. അഴിമതിയുടെ ഒരു ചെറിയ ആരോപണംപോലും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടില്ല. കോളേജ് പ്രൊഫസറായ കവിതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് രണ്ടുപെൺമക്കളും ഒരു ആൺകുട്ടിയും പിറന്നു.
മലേഗാവ് അന്വേഷണത്തിൽ ഞെട്ടൽ
ഇന്ത്യയിൽ ഹിന്ദുത്വ ഭീകരത ആദ്യമായി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കറെ. മഹാരാഷ്ട്രയിലെ ഭീകര വാദ വിരുദ്ധ സ്‌ക്വാഡിന്റ തലവനായിരുന്നു അദ്ദേഹം. 2008 സെപ്റ്റംബർ 20 ന് ഗുജറാത്തിലെ മൊദാസയിലും മഹാരാഷ്ട്രയിലെ മലേഗാവിലും ഉണ്ടായ ബോംബ്സ്ഫോടന പരമ്പരയിൽ എട്ടാളുകൾ മരണപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടാത്ത നിരവധി ബോംബുകൾ ഗുജറാത്തിലെ അഹമദാബാദിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ തലവൻ എന്ന നിലയിൽ ഹേമന്ത് കർക്കറെയാണ് മലേഗാവ് സ്ഫോടനപരമ്പരയുടെ അന്വേഷണത്തെ നയിച്ചത്. ഹിന്ദുത്വ തീവ്രവാദികളാണ് ഈ സ്ഫോടനത്തിന് പിന്നിലെന്ന് ശക്തമായ ആരോപണം ഉയരുകയുണ്ടായി.
2008 ഒക്ടോബറിൽ വിശദമായ അന്വേഷണത്തിന് ഒടുവിൽ സംഘ്പരിവാറുമായി ബന്ധമുള്ള 11 പേരെ അറസ്റ്റ് ചെയ്തു. അതിൽ പ്രഗ്യാ സിങ് താക്കുറും, സൈനിക ഉദ്യോഗസ്ഥരായിരുന്ന മേജർ രമേശ് ഉപാധ്യായയും, ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിതും ഉൾപ്പെട്ടിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ മറവിലായിരുന്നു ഇവരുടെപ്രവർത്തനം.
ഹിന്ദുത്വശക്തികൾക്ക് സൈന്യത്തിലുള്ള ബന്ധവും അതോടെ പുറത്തുവന്നു. മലേഗാവിനു മുമ്പ് ഏതു സ്‌ഫോടനം നടന്നാലും അതിന്റെ ഉത്തരവാദിത്തം മുസ്ലിം സംഘടനകളുടെ പേരിൽ ചുമത്തുകയായിരന്നു പതിവ്. എന്നാൽ തെങ്കിലും പ്രത്യേക വിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമാക്കിയല്ല താൻ കേസ് അന്വേഷിക്കുന്നതെന്ന് കാർക്കറെ വ്യക്തമാക്കിയിരുന്നു.
എന്തായാലും ഈ അറസ്റ്റിനെതിരെ സംഘ്പരിവാരം രംഗത്തെത്തി. സൈനികരുടെ മനോവീര്യം തകർക്കുകയാണ് ഹേമന്ത് കർക്കരെ ചെയ്തതെന്നായിരുന്നു അന്ന് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിംകളെ പ്രിണപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കർ കടുത്ത സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഈ അറസ്റ്റ് എന്ന് ബിജെപിയും ശിവസേനയും മറ്റു ചില ഹിന്ദുത്വ സംഘടനകളും ആരോപിച്ചു. പിന്നീട് ഈ കേസ് തേഞ്ഞുമാഞ്ഞുപോയി. കേസ് എസ്ഐടി ആന്വേഷിച്ചതോടെ ഹിന്ദുത്വ തീവ്രവാദം ആവിയായി. ആരോപിതരരെ കോടതി കുറ്റവിമുക്തരാക്കി.
കർക്കറെ കൊല്ലപ്പെടുന്നു
2008 നവംബർ 26 മുംബൈ ഒരിക്കലും മറക്കാത്ത ദിനമാണ്. അന്നാണ് കറാച്ചിയിൽ നിന്ന് സ്പീഡ് ബോട്ടിൽ നഗരത്തിലെത്തിയ 10 പാക്കിസ്ഥാൻ ഭീകരർ അതിവേഗം ഈ നഗരത്തെ ആക്രമിച്ചത്. ധീരനായ കർക്കറെ ഈ വാർത്ത കേട്ടതോടെ സടകുടഞ്ഞ് എഴുനേറ്റു. ഇതുസംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് ഇങ്ങനെയാണ്.
ദാദറിലെ തന്റെ വസതിയിൽ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഛത്രപതി ശിവജി ടെർമിനസിൽ (സി.എസ്.ടി) ഭീകരാക്രമണം നടക്കുന്നതായുള്ള ഒരു ഫോൺ കോൾ ഹേമന്ദിന് വരുന്നത്. ഉടനെ ടെലിവിഷൻ ഓൺ ചെയ്ത് വാർത്ത ശ്രദ്ധിച്ച അദ്ദേഹം തന്റെ ഡ്രൈവറേയും അംഗരക്ഷകനേയും കൂട്ടി സി.എസ്.ടി. യിലേക്ക് പുറപ്പെട്ടു. അവിടെന്ന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഒന്നാം പ്ലാറ്ഫോമിലേക്ക് കുതിച്ചു. ഇത് ടെലിവിഷനിൽ ലൈവായി കാണിച്ചക്കുന്നുണ്ട്. പക്ഷേ അവിടെ വിജനമായിരുന്നു. ഭീകരർ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനടുത്തുള്ള കാമ ഹോസ്പിറ്റൽ ഭാഗത്തേക്ക് നീങ്ങിയതായുള്ള വിവരമാണ് പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ വെച്ച് അഡീഷണൽ കമ്മീഷണർ അശോക് കാംതെ, മുതിർന്ന ഇൻസ്‌പെക്ടർ വിജയ് സലാസ്‌ക്കർ എന്നിവരുമായി കർകരെ സംസാരിച്ചു.
ഭീകരരുമായുള്ള ഈ എറ്റുമുട്ടൽ ദുഷ്‌കരമായതാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. കാരണം ഭീകരരുടേ കൈയിൽ അത്യാധുനിക യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉണ്ട് എന്നത് മാത്രമല്ല അവർ നല്ല പരിശീലനം സിദ്ധിച്ചവരുമാണ്. ഈ മൂന്ന് ഓഫീസർമാരും ഏതാനും കോൺസ്റ്റബിൾമാരും കൂടി കാമ ഹോസ്പിറ്റലിന്റെ പിന്നിലൂടെ പോയി. കാംതെ ഭീകരർക്ക് നേരെ വെടിയുതിർത്തു. ഭീകരർ ഗ്രനേഡ് കൊണ്ടാണ് തിരിച്ചടിച്ചത് . കാമയുടെ പിന്നിൽ നിന്ന് പ്രത്യാക്രമണം നടത്തുന്നതിന് പകരം മുൻഭാഗത്തുകൂടി നീങ്ങുന്നതായിരിക്കും നല്ലതെന്ന് കാംതെ അഭിപ്രായപ്പെട്ടു. അതു പ്രകാരം കുറച്ച് കോൺസറ്റ്ബിൾമാർ പിൻവശത്ത് തന്നെ നിലയുറപ്പിക്കുകയും ബാക്കിയുള്ളവർ അഡീഷണൽ പൊലീസ് കമ്മീഷണറുടേ ക്വാളിസ് ജീപ്പിൽ കാമയുടെ മുൻവശത്തുള്ള പ്രവേശന കവാടത്തിലേക്ക് പോയി.
പോവുന്നതിനിടയിൽ ഡ്രൈവറോട് തന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കണമെന്ന് സലാസ്‌ക്കർ ആവശ്യപ്പെട്ടു. ഈ സമയത്ത് ഭീകരർ ഒരു ചുവന്ന കാറിനു പുറകിൽ പതിയിരുന്ന് ആക്രമണം തുടങ്ങിയതായി ഒരു വയർലസ്സ് സന്ദേശത്തിലൂടെ ഇവർക്ക് വിവരം ലഭിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് തിരിഞ്ഞ് കോർപറേഷൻ ബാങ്ക് എ.ടി.എം ന് അടുത്തുള്ള രംഗ് ഭവനിലേക്ക് ചുവന്ന കാറിനെ അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ ഭീകരർ ഓടുന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞത്. കാംതെയും സലാസ്‌ക്കറും ഭീകരർക്ക് നേരെ നിറയൊഴിച്ചു.
കൈക്ക് വെടിയേറ്റ ഭീകരന്റെ എ കെ 47 തോക്ക് താഴെ വീണു. മുംബൈ ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടിയ ഏക ഭീകരനായ അജ്മൽ കസബ് ആയിരുന്നു അയാൾ. വണ്ടിയിൽ നിന്ന് ഇറങ്ങാൻ മുതിരുമ്പോഴേക്കും മറ്റൊരു ഭീകരനായ ഇബ്രാഹിം ഖാൻ ഇവർക്കെതിരെ തുരുതുരെ വെടിയുതിർത്തു. അസിസ്റ്റന്റെ പൊലീസ് ജാദവ് ഒഴികെ മറ്റു മൂന്നു പേരും മരണമടഞ്ഞു. ഹേമന്ത് കാർകരെ, അശോക് കാംതെ, വിജയ് സലാസ്‌ക്കർ എന്നിവരും മറ്റു ചില പൊലീസ് കോൺസറ്റ്ബിൾമാരും, ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് വിളിപ്പാടെകലെ സെന്റ് സേവ്യേർസ് കോളേജിന്റെയും രംഗ് ഭവന്റെയും ഇടയിലുള്ള ഇടുങ്ങിയ വഴിയിൽ ഭീകരരുമായി ധീരമായി പൊരുതി ജീവൻ വെടിഞ്ഞു. ഏറ്റമുട്ടൽ വിദഗ്ധൻ എന്ന് അറിയപ്പെടുന്ന വിജയ് സലാസ്‌ക്കർ അടക്കമുള്ളവർ മുംബൈ പൊലീസിന്റെ നട്ടെല്ല് ആയിരുന്നു. ഒറ്റ ദിനം കൊണ്ടാണ് ആ ത്രിമൂർത്തികൾ ഇല്ലാതായത്.
ഹു കിൽഡ് കർക്കറെ?
ഹേമന്ദിന് ഏറ്റെ വെടി എവിടെനിന്നാണ് വന്നതെന്ന സംബന്ധിച്ച് വ്യക്തതയുണ്ടായില്ല. മഹാരാഷ്ട്രയിലെ മുതിർന്ന പൊലീസ് ഉദ്യോസ്ഥനായിരുന്ന മുൻ ഐജി എസ്.എം മുഷ്രിഫ് എഴുതിയ പുസ്തകം 'ഹു കിൽഡ് കർക്കരെ ദി റിയൽ ഫേസ് ഓഫ് ടെററിസം ഇൻ ഇന്ത്യ' വലിയ വിവാദമാകുകയും ചെയ്തു. ഹിന്ദുത്വ ഭീകര വാദികൾക്കെതിരായ അന്വേഷണത്തെ അട്ടിമറിക്കുന്നതിന് നടത്തിയ ഗൂഢാലോചനയാണ് കർക്കറെയെ കൊലപ്പെടുത്തിയതെന്നായിരുന്നു പുസ്തകം ആരോപിക്കുന്നത്.
നേരത്തെ നാഗ്പൂരിലെ ദാവന്തെ നാഷനൽ കോളജിലെ ചടങ്ങിൽ സംസാരിക്കുമ്പോഴും വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വെളിപ്പെടുത്തൽ മുഷ്‌റിഫ് നടത്തിയിരുന്നു."മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച പ്രധാൻ കമ്മിറ്റി റിപ്പോർട്ട് അപൂർണമാണ്. രാജ്യത്തെ സവർണ വർഗീയവാദികളുടെ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവന്ന കാർക്കരെയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റാൻ നേരത്തെ നീക്കങ്ങൾ നടന്നിരുന്നു. കർക്കറെയെ ഇല്ലാതാക്കി തങ്ങളുടെ സ്വന്തക്കാരനായ കെപി രഘുവംശിയെ എടിഎസ് തലപ്പത്തുകൊണ്ടുവരാൻ ഐബിയിലെ സവർണ മേധാവിത്വം ശ്രമം നടത്തിയിരുന്നു.താജ്, ട്രൈഡന്റ് ഹോട്ടലുകളിലും സിഎസ്ടിയിലും നടന്ന ആക്രമണങ്ങൾക്കു സമാന്തരമായാണ് കാമ ആശുപത്രിക്കു സമീപത്ത് കർക്കറെ അടക്കമുള്ള ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണം നടന്നത്. സി എസ് ടിയിലും കാമ ആശുപത്രിക്കു പുറത്തുള്ള രംഗ്ഭവൻ വീഥിയിലും ഒരേസമയത്ത് വെടിവെപ്പ് നടന്നതിനു ദൃക്‌സാക്ഷികളടക്കം ധാരാളം തെളിവുകളുണ്ട്. സിഎസ്ടിയിൽ ആക്രമണം നടത്തിയ സംഘമാണ് കർക്കറെയെ കൊന്നതെന്നാണ് ഔദ്യോഗികഭാഷ്യം. അതിനൊരു സാധ്യതയും ഞാൻ കാണുന്നില്ല.
"കാമ ആശുപത്രിയിലെത്തിയവർ മറാത്തിയിലാണ് സംസാരിച്ചതെന്ന് സാക്ഷിമൊഴിയുണ്ട്. ഇതിന്റെ പതിനൊന്നോളം തെളിവുകൾ എന്റെ പക്കലുണ്ട്. സവർണ ഭീകരതയുമായി ബന്ധപ്പെട്ടു വൻ കേന്ദ്രങ്ങളുടെ പേരുകൾ പുറത്തുവരുന്നത് തടയുകയായിരുന്നു ഐ ബിയുടെ ലക്ഷ്യം. പ്രധാൻ കമ്മിറ്റിയുമായി ഐബി സഹകരിച്ചിട്ടില്ല. പൊലീസ് കൺട്രോൾ റൂം വഴിയുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖയും കമ്മിറ്റിക്കു ലഭിച്ചിട്ടില്ല" - മുഷ്റിഫ് ആരോപിച്ചിരുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ?
കർക്കറെ ബുള്ളറ്റ് പ്രൂഫ് ധരിക്കുന്നത് ടെലിവിഷൻ ചാനലിലൂടെ ലോകം കണ്ടതാണ്. എന്നാൽ മരണത്തിനുശേഷം അത് എവിടെ പോയെന്ന് ആർക്കും അറിയില്ലായിരുന്നു. കർക്കെറയുടെ ഭാര്യ കവിത നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അത് പൊലീസ് കണ്ടെത്തിയതായി അറിയിക്കുന്നത്. കണ്ടുകിട്ടിയ ബുള്ളറ്റ് പ്രൂഫ് കാലഹരണപ്പെട്ടതായിരുന്നു. സാധാരണ ബുള്ളറ്റ് പ്രൂഫ് കഴുത്തുമുതൽ അരക്കെട്ട് വരെ മൂടുന്നതാണ്. എന്നാൽ, കർക്കറെയുടെ ബുള്ളറ്റ് പ്രൂഫ് കുപ്പായം നെഞ്ചിനു മാത്രമേ പ്രതിരോധം തീർത്തിട്ടുള്ളു. എങ്ങനെയാണ് കർക്കറെയെ പോലെ അതീവ ശ്രദ്ധാലുവായ ഉദ്യോഗസ്ഥൻ അങ്ങനെയൊന്ന് ധരിക്കുന്നത് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ബുള്ളറ്റ് പ്രൂഫ് കാണാതായതും വിവാദമായി. ആശുപത്രി ജീവനക്കാരൻ താൻ ബുള്ളറ്റ് പ്രൂഫ് കുപ്പയിൽ നിക്ഷേപിക്കുകയാണെന്ന് പറഞ്ഞു. പക്ഷേ കോടതിയിൽ ഇത് നിഷേധിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കവിത സംഘടിപ്പിച്ചത് വിവരാവകാശ നിയമമനുസരിച്ചാണ്. ആ റിപ്പോർട്ട് പ്രകാരം കഴുത്തിനും ചുമലിനുമിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. മൊത്തം അഞ്ചു മുറിവുകളാണ് അദ്ദേഹത്തിന്റെ കഴുത്തിനു ചുറ്റുമുണ്ടായിരുന്നത്. ഇത്രയും കൃത്യമായി അവിടെയാണ് വെടിവെയ്‌ക്കേണ്ടതെന്ന് ആർക്കാണ് അറിയാൻ കഴിയുന്നത് എന്ന കവിതയുടെ ചോദ്യം പ്രസക്തമായിരുന്നു. ശരീരത്തിൽ നിന്ന് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്ന രണ്ടു വെടിയുണ്ടകൾക്ക് എന്തു പറ്റിയെന്നറിയാനും കവിത ശ്രമിച്ചിരുന്നു. ഒരു പൊലീസ് റിപ്പോർട്ടിലും അതിനെക്കുറിച്ച് പറയുന്നില്ല. "ആ വെടിയുണ്ടകൾ ലഭിച്ചാൽ ഏതു തോക്കാണ് ഉപയോഗിച്ചിരുന്നതെന്ന് അറിയാൻ കഴിയും. അതിനെ ആരാണ് ഭയക്കുന്നത് ? "- കവിത നേരത്തെ ഈ ചോദ്യം ചോദിച്ചിരുന്നു.
കൊല്ലപ്പെട്ട എ സി പി അശോക് കാംതെയുടെ ഭാര്യ വിനീത കാംതെയും, കവിതക്ക് ഒപ്പം ശക്തമായ നിയമപോരാട്ടങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ആരാണ് തന്റെ ഭർത്താവിനെ ഗാമാ ആശുപത്രിയിലേക്ക് പോകാൻ ഉത്തരവിട്ട ഉദ്യോഗസ്ഥൻ എന്നതറിയാൻ വിനിത വിവരാവകാശനിയമത്തെ ആശ്രയിച്ചു. കൂടാതെ സംഭവസ്ഥലം സന്ദർശിക്കുകയും ആക്രമണസമയത്ത് അവിടെയുണ്ടായിരുന്നവരുമായി ആശയവിനിമയവും നടത്തി. പൊലീസ് അന്വേഷണത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന് അതോടെ അവർക്ക് ഉറപ്പായി. കൺട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന രാകേഷ് മരിയയാണ് സംഭവസ്ഥലത്തേക്ക് പോകുന്നതിന് നിർദ്ദേശം നൽകിയതെന്നാണ് വിനീത "അവസാന വെടിയുണ്ടയിലേക്ക് ' എന്ന തന്റെ പുസ്തകത്തിൽ പറയുന്നത്.
അതിനു തൊട്ടുമുമ്പ് മുംബൈ പൊലീസ് കമീഷണർ കാംതെയോട് ഭീകരവാദികൾ കടുത്ത ആക്രമണം നടത്തിയ ട്രൈഡന്റ്ഹോട്ടലിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടിരുന്നത്. എങ്ങനെയാണ് പെട്ടെന്ന് നിർദ്ദേശം മാറിയതെന്നാണ് വിനീത അന്വേഷിക്കുന്നത്. കാംതെയെ വെടിവെച്ചത് ഇസ്മയിൽ എന്ന ഭീകരനാണെന്നാണ് മുംബൈ കേസിൽ വിധിപറഞ്ഞ കോടതി കണ്ടെത്തിയത്. എന്നാൽ കാർക്കറെയെ കൊന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. മൂന്നു പ്രധാന ഉദ്യോഗസ്ഥന്മാർ എന്തുകൊണ്ട് ഹോട്ടൽ ട്രൈഡന്റിലേക്കോ മറ്റോ പോകാതെ ഗാമാ ആശുപത്രിയിലേക്ക് പോയി ? ആരാണ് ആ നിർദ്ദേശം നൽകിയത് ? സാധാരണ നടപടിക്രമങ്ങളിൽനിന്നും വ്യത്യസ്തമായി എങ്ങനെ മൂന്നു പ്രധാന ഉദ്യോഗസ്ഥന്മാർ ഒരു വണ്ടിയിൽ സഞ്ചരിച്ചു? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്. വളരെയടുത്തുനിന്നാണ് ഇവർക്കുനേരെ വെടിയുതിർത്തത് എന്ന കാര്യത്തിൽ ഇപ്പോൾ സംശയമില്ല. സംഭവത്തിലെ ഏക ദൃക്സാക്ഷി പൊലീസുകാരനായ അരുൺ ജാദവാണ്. വെടിയേറ്റ് പരിക്കുപറ്റിയ ജാദവിനെ കോടതി രൂക്ഷമായി ശാസിച്ചു. പലതവണ തന്റെ മൊഴിയിൽ അരുൺ ജാദവ് മാറ്റം വരുത്തിയതിനെയാണ് കോടതി വിമർശിച്ചത്.
കണ്ണുകൾ ദാനം ചെയ്ത കവിത
കർക്കറെയെ അതുവരെ പരസ്യമായി വിമർശിച്ച ഹിന്ദുത്വ വാദികൾ, കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തെ വാഴ്‌ത്തി. എന്നാൽ നരേന്ദ്ര മോദിയടക്കമുള്ള സംഘ്പരിവാർ നേതാക്കളുടെ ഈ മാറ്റം അംഗീകരിക്കാൻ ഭാര്യ കവിത കർക്കറെ തയ്യാറായില്ല. നഷ്ടപരിഹാരമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഒരു കോടി രൂപ അവർ നിഷേധിച്ചു. തന്നെ കാണാൻ ശ്രമിച്ച മോദിയെ കാണാൻ പോലും അവർ കൂട്ടാക്കിയില്ല. അതേ സമയം മഹാരാഷ്ട്ര സർക്കാറിന്റെ നഷ്ടപരിഹാര തുക കവിത സ്വീകരിക്കുകയും ചെയ്തു. എന്നാൽ 2012 ജൂൺ നാലിനു മുംബൈയിൽ നടന്ന പരിപാടിയിൽ കവിതാ കാർക്കറെ നരേന്ദ്ര മോദിയിൽ നിന്ന് മൊമന്റോ സ്വീകരിച്ചത് പത്രങ്ങളിൽ വാർത്തയായിരുന്നു. 2009 ജനുവരി 26ന് ഭാരത സർക്കാർ അശോക് ചക്ര നൽകി കർക്കറെയെ മരണാനന്തരം ആദരിച്ചു.
തന്റെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ, ഇന്ത്യ മുഴുവൻ ഓടി നടന്ന് പ്രവർത്തിച്ചത് കവിത കർക്കറെയാണ്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയാണ് തനിക്ക് സംഭവിച്ച അനാഥത്വത്തിന് കാരണമെന്ന് അവർ പറഞ്ഞു. പക്ഷേ ഈ മരണമുയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അവർ ആരേയും അനുവദിച്ചില്ല. കൊല്ലപ്പെടും മുമ്പ് കർക്കറെ തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞതായുള്ള കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവനയെ കവിത തള്ളിക്കളഞ്ഞു. ഭർത്താവിന്റെ മരണമുണ്ടാക്കിയ സഹതാപതരംഗം മുതലാക്കി രാഷ്ട്രീയത്തിലിറങ്ങാനുള്ള നിർദ്ദേശങ്ങളും കവിത അംഗീകരിച്ചിരുന്നില്ല. പിടിക്കപ്പെട്ട അജ്മൽ കസബിന് വധശിക്ഷ നൽകണമെന്ന് പരസ്യമായി നിലപാട് അവർ എടുത്തു. ഭീകരവാദികളുടെ ഭീഷണി പോലും വകവയ്ക്കാതെയാണ് കസബിന്റെ വധശിക്ഷയ്ക്കായി കവിത വാദിച്ചത്.
പക്ഷേ 2015-ൽ 57ാംമത്തെ വയസ്സിൽ കവിതയെയും മരണം കീഴടക്കി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്ത്യശ്വാസം വലിച്ചപ്പോഴും, അവർ മൂന്നു പേർക്ക് പുതുജീവനേകി. അമ്മയുടെ അവയവങ്ങൾ ദാനം ചെയ്യാൻ മക്കൾ മുൻകൈ എടുത്തു. കവിതയുടെ വൃക്കകളും കരളുമാണ് ചികിത്സയിലുള്ള മൂന്ന് പേർക്ക് ദാനം ചെയ്തത്. ഇതിനു പുറമേ ഐ ബാങ്കിന് ഇരുകണ്ണുകളും ദാനം ചെയ്ത് രണ്ടു പേർക്ക് കാഴ്ചയും നൽകി. കവിത മരിച്ചിട്ട് 9 വർഷങ്ങൾ കഴിഞ്ഞു.പക്ഷേ ഭർത്താവിന് നീതി തേടിക്കൊണ്ട് ഭാര്യ ഉയർത്തിയ ചോദ്യങ്ങൾ ഇന്നും അന്തരീക്ഷത്തിൽ നിൽക്കയാണ്. ഈ തിരിഞ്ഞെടുപ്പിലും മഹാരാഷ്ട്രയിൽ ഹേമന്ദ് കർക്കറെ സജീവമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടോയിരിക്കുന്നു.
വാൽക്കഷ്ണം: മുംബൈ തീവ്രവാദ ആക്രമണത്തിനിടക്ക് ഹേമന്ത് കർക്കറെ വെടിയേറ്റ് മരിച്ചത് തന്റെ ശാപം മൂലമാണെന്ന് മലേഗൗൺ സ്‌ഫോടന കേസിലെ പ്രതിയും ബിജെപി നേതാവുമായ പ്രഗ്യാ സിങ് താക്കുർ നേരത്തെ പറഞ്ഞിരുന്നു. "ഞാൻ അയാളോട് പറഞ്ഞിരുന്നു, താൻ നശിച്ചു പോകുമെന്ന്, രണ്ടു മാസത്തിനകം ഇല്ലാതെയായി.അയാൾ രാജ്യദ്രോഹി ആണ്. എന്റ മതത്തിന് എതിരാണ്"- ഇങ്ങനെയായിരുന്നു അധിക്ഷേപം. പക്ഷേ ഇന്ന് ബിജെപിക്ക് കർക്കറെ ഇന്ത്യയുടെ വീരപുത്രനാണ്!