- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പിന് പെട്രോളടിക്കാന്‍ പണമില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുക 10-ാം തീയതിക്കുള്ളില്‍; ഒരുലക്ഷം കോടിയിലെത്തിയ കടക്കെണി; ഇപ്പോള്‍ സൗജന്യങ്ങള്‍ പിന്‍വലിക്കുന്നു; പാപ്പരായി ഹിമവാന്റെ നാട്; കടത്തില്‍മേല്‍ കടംപെരുകുന്ന കേരളവും ഹിമാചലിന്റെ വഴിയിലേക്കോ?
പൊലീസ് ജീപ്പിന് പെട്രോളടിക്കാന്‍ പണമില്ല
''സര്‍ക്കാറിന്റെ കൈയില്‍ അഞ്ചിന്റെ പൈസയില്ല''- 2022-ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത്, അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് പറഞ്ഞത്, പിന്നീട് പലപ്പോഴും മിമിക്രിക്കാര്‍ ആവര്‍ത്തിച്ചു. പൈസയെ 'പൈശയെന്നാക്കി' ആന്റണിയുടെ സംസാരശൈലിയെയും ട്രോളി അവര്‍ ഈ വാചകം ആഘോഷിച്ചു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കേരളം അന്ന് കടന്നുപോയത്. ശമ്പളവും പെന്‍ഷനും മുടങ്ങി, പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചു, ട്രഷറി പൂട്ടി. അങ്ങനെ അന്നുവരെ കാണാത്ത അപൂര്‍വ നടപടികള്‍ക്കെല്ലാം അന്ന് കേരളം സാക്ഷിയായി. അതിന്മുമ്പ്, 96-ല്‍ നായനാര്‍ മുഖ്യമന്ത്രിയും, ടി ശിവദാസമേനോന്‍ ധനകാര്യമന്ത്രിയാവുകയും ചെയ്ത ഭരണത്തിന്റെ അവസാന കാലത്തും, ട്രഷറി പൂട്ടിപ്പോയതടക്കമുള്ള പ്രശ്നമുണ്ടായിരുന്നു.
പക്ഷേ വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വീണ്ടും ഒരു മുഖ്യമന്ത്രി സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിച്ചിരിക്കുകയാണ്. കേരളം ഇപ്പോള്‍ കടന്നുപോകുന്നത് കടത്തിലൂടെയാണ്. കടംവാങ്ങി കൂട്ടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ കേരളത്തിനൊരു കൂട്ടാളിയുണ്ട്. തിരുവനന്തപുരത്ത്നിന്ന് 3,214 കിലോമീറ്റര്‍ അകലെയുള്ള ഹിമാചല്‍ പ്രദേശാണ് കടംവാങ്ങി നട്ടം തിരിയുന്നത്. പാപ്പരായിക്കൊണ്ടിരിക്കുന്ന ഈ സര്‍ക്കാറിന്റെ അവസ്ഥ, കടം പെരുകുന്ന കേരളത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഹിമാചല്‍ കേരളത്തിനും ഒരു പാഠമാണ്.
ഒരുലക്ഷം കോടിയിലെത്തിയ കടക്കെണി
ഹിമാചല്‍ പ്രദേശ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മൂടെ മനസ്സിലേക്ക് ഓടിയെത്തുക, മഞ്ഞിന്റെയും കുളിരിന്റെയും ഓര്‍മ്മകളാണ്. ഷിംല, കുളു, മണാലി എന്നീ മനാഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും, ചുവന്ന ആപ്പിളിന്റെ ഓര്‍മ്മകളാണ് ആ പേര് ആവാഹിച്ചെടുക്കുന്നത്. പടിഞ്ഞാറന്‍ ഹിമാലയന്‍ താഴ്വരയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികള്‍ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോരമേഖലകളിലുള്‍പ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളില്‍ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചല്‍ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും, പിന്നീട് ഇത് ഒരു കേന്ദ്രഭരണ പ്രദേശമായി മാറുകയും ചെയ്തു. 1966-ല്‍ അയല്‍പ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങള്‍ ഹിമാചലില്‍ ലയിപ്പിച്ചു. 1971-ല്‍ പൂര്‍ണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനും ഗ്രാമപ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ജലവൈദ്യുതി, വിനോദസഞ്ചാരം എന്നിവയാണ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നത്. ഏതാണ്ട് സാര്‍വത്രികമായി വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്ന ഈ മലയോര സംസ്ഥാനത്ത്, 2016 -ലെ കണക്കനുസരിച്ച് 99.5 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ട്. 2016- ല്‍ സംസ്ഥാനത്തെ ഇന്ത്യയുടെ രണ്ടാമത്തെ തുറന്ന മലിനീകരണ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. 2017 -ലെ സിഎംഎസ് - ഇന്ത്യ അഴിമതി പഠന സര്‍വേ പ്രകാരം ഹിമാചല്‍ പ്രദേശാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.
കണക്കുകള്‍ നോക്കുമ്പോള്‍ കാര്യങ്ങള്‍ ഭദ്രമാണെങ്കിലും യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല. ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരിച്ച ഈ സംസ്ഥാനം കടക്കെണിയിലേക്കാണ് നീങ്ങുന്നത്. . 2018-ല്‍ ഹിമാചലിന്റെ പൊതുകടം 47,906 കോടിരൂപയായിരുന്നു. എന്നാല്‍ 2023-ല്‍ എത്തിയപ്പോള്‍ അത് 76,650 കോടിരൂപയും 2024-ല്‍ അത് 86,589 കോടിയുമായി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കടം ഒരുലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍!
തിരിച്ചടിയായ സൗജന്യ രാഷ്ട്രീയം
ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ട നിലയിലാണ്. രണ്ടുലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 സെപ്റ്റമ്പര്‍ മുതല്‍ കാലം തെറ്റിയാണ് ശമ്പളം നല്‍കുന്നത്. 5ാം തീയതി മുതല്‍ 10ാം തീയതിക്കുള്ളില്‍ കിട്ടിയാല്‍ ആയി എന്നതാണ് അവസ്ഥ. 1.5 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കും സമാനമാണ് അവസ്ഥ. കടംവാങ്ങിയും മറ്റുമാണ് സംസ്ഥാനത്തിന്റെ ദൈനം ദിനകാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്.
വോട്ടര്‍മാരെ ആകര്‍ഷിക്കാനായി നടത്തിയ സൗജന്യ പ്രഖ്യാപനങ്ങളാണ് സര്‍ക്കാറിന്റെ നട്ടെല്ലോടിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2022-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, 68-ല്‍, 40 സീറ്റ് നേടിയാണ് സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കയായിരുന്നു. ഭരണം പിടിക്കാനായി കോണ്‍ഗ്രസ് വരിക്കോരി പ്രഖ്യാപിച്ച സൗജന്യങ്ങള്‍ നടപ്പാക്കിയത്, ഹിമാവാന്റെ നാടിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാക്കി. വനിതകള്‍ക്കായി പ്രതിമാസം 1,500 രൂപ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, വെള്ളം സൗജന്യം, വനിതകള്‍ക്ക് ബസ്യാത്രാ സൗജന്യം, പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് തിരിച്ചുപോകല്‍ എന്നിവയെല്ലാം കോണ്‍ഗ്രസ് വാഗ്ദാനങ്ങളായിരുന്നു. ഇതെല്ലാം നടപ്പായതോടെ, ഖജനാവ് കാലിയാവാന്‍ തുടങ്ങി.
ബജറ്റിന്റെ മൊത്ത വിഹിതത്തിന്റെ 67 ശതമാനം തുകയും, ശമ്പളം പെന്‍ഷന്‍ വായ്പ്പകളുടെ പലിശ എന്നിവക്കായി മാറ്റിവെക്കേണ്ടി വന്നു. ഇപ്പോള്‍ സൗജന്യങ്ങള്‍ പലതും വെട്ടിക്കുറിച്ച് പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി സബ്സിഡി ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി. വനിതകള്‍ക്ക് ബസുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു സൗജന്യം എടുത്തുകളഞ്ഞ് പകുതി ചാര്‍ജ് ഈടാക്കാന്‍ തുടങ്ങി. 50,00രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് വെള്ളത്തിന് പ്രതിമാസം 100 രൂപവെച്ച് ഈടാക്കി തുടങ്ങി.
2024 സെപ്റ്റമ്പറില്‍, ഹിമാചല്‍ പ്രദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റില്ല. മന്ത്രിമാര്‍ക്ക് പുറമേ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍ എന്നിവരും ശമ്പളം വാങ്ങില്ല. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു തന്നെയാണ് ഇക്കാര്യം നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
ടി.എയും ഡി.എയും കൈപ്പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയില്‍ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയ തുകയാണ്. പക്ഷേ, പ്രതീകാത്മകമായാണ് തങ്ങളിത് ചെയ്യുന്നത്. പങ്കുചേരാന്‍ എല്ലാ എം.എല്‍.എമാരോടും അഭ്യര്‍ഥിക്കുകയാണെന്നും സുഖു കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷം പരിഹസിക്കയാണ് ചെയ്തത്. രണഘടനപരമല്ലാത്ത ചീഫ് പാര്‍ലമെന്ററി സെക്രട്ടറി പോസ്റ്റുകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ക്യാബിനറ്റ്, ചെയര്‍മാന്‍ പദവികള്‍ ഒട്ടേറെ പേര്‍ക്ക് നല്‍കി. അവര്‍ക്കുവേണ്ടി ഒരുപാട് സൗകര്യങ്ങളും ചെയ്തു. അങ്ങനെ ഈ കടക്കെണി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നാണ് പതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയുമായ ജയറാം ഠാക്കൂര്‍ പറഞ്ഞത്.
പൊലീസ് വണ്ടിക്ക് പെട്രോളില്ലാക്കാലം
പക്ഷേ കേരളത്തലേതുപോലെ കേന്ദ്രത്തിലെ മോദി സര്‍ക്കാറിനെ പഴിക്കയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപിയെ തോല്‍പ്പിച്ച്, കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയതോടെ, ചിറ്റമ്മനയം പുറത്തെടുത്ത്, കേന്ദ്രം തങ്ങളെ വരിഞ്ഞുമുറുക്കയാണെന്നാണ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറയുന്നത്. ബിജെപി ഭരിക്കുന്ന കാലത്തുതന്നെ സംസ്ഥാനത്തിന്റെ ധനസ്ഥിതി,
അപകടരമായ രീതിയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുടിശ്ശിക കടം, മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 37 ശതമാനത്തില്‍ നിന്ന് 2024-25 ല്‍ 42.5 ശതമാനമായി ഉയര്‍ന്നിരുന്നു. ധനക്കമ്മി 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമായി. അതായത് ഇരട്ടിയിലധികം. ഇപ്പോള്‍ കുറേ സൗജന്യങ്ങള്‍ പിന്‍വലിച്ചതോടെ, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4.8 ശതമാനമായി കുറക്കാമെന്നാണ് പ്രതീക്ഷ.
ശമ്പളത്തിന്റെയും പെന്‍ഷനുകളുടെയും വര്‍ദ്ധിച്ച ഭാരം സംസ്ഥാനത്തിന്റെ താങ്ങാന്‍ കഴിയുന്നില്ല. ശമ്പളം ഇപ്പോള്‍ മൊത്തം ചെലവിന്റെ 30.2 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 27.2 ശതമാനമായിരുന്നുവെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നു. പെന്‍ഷനുകളും സമാനമായി വര്‍ദ്ധിച്ചു. അതേസമയം, പലിശ പേയ്‌മെന്റുകളും വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം വിവിധ മേഖലകളില്‍ ഫണ്ട് വെട്ടിക്കുറയ്ക്കലിന് കാരണമായി. നഗരവികസനത്തിനായുള്ള ചെലവ് 32 ശതമാനം കുറച്ചു. സാമൂഹികക്ഷേമം, കൃഷി, ജലവിതരണം എന്നിവയ്ക്കുള്ള ചെലവ് യഥാക്രമം 15 ശതമാനം, ഒമ്പത് ശതമാനം, 13 ശതമാനം എന്നിങ്ങനെ കുറച്ചിട്ടുണ്ട്.
എന്നാല്‍ ഗ്രാസ്റൂട്ടിലേക്ക് നോക്കുമ്പോള്‍ ഇതിലും വലിയ പ്രതിസന്ധിയാണ്, സംസ്ഥാനം നേരിടുന്നത്. ഒരുപരിധിവരെ ഇത് ശ്രീലങ്കക്ക് സമാനമാണെന്നും പറയുന്നു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫണ്ടില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടക്കുന്നില്ല. വാഹനങ്ങള്‍ കട്ടപ്പുറത്താണ്. പൊലീസ് വാഹനങ്ങള്‍ക്കുപോലും പെട്രോള്‍ ഒപ്പിച്ച് പോവുകയാണ്. ഇതെല്ലാം സര്‍ക്കാറിനെതിരെ ജനരോഷം ഉയര്‍ത്തുന്നുണ്ട്. പക്ഷേ ജനങ്ങളുടെ കുടെയാണെന്ന ഒരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായ സുഖ്വിന്ദര്‍ സിങ് സുഖു എന്ന രാഷ്ട്രീയ ചാണക്യന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക ദുരുപയോഗത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ആഹ്വാനം ചെയ്യുകയാണ്.-''ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ ഖജനാവ് എങ്ങനെ കൊള്ളയടിച്ചുവെന്ന് ഞങ്ങള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കി, ഞങ്ങള്‍ അത് തുടരുകയാണ് ചെയ്യുന്നത്''- ഇപ്പോള്‍ കടക്കെണി വന്നതോടെ സുഖു ബിജെപിയെയും കൂട്ടു പ്രതിയാക്കുന്നു.
അത് ശരിയാണ് താനും. ഈ കടങ്ങള്‍ ഒന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. മാറിമാറി ഭരിച്ചവര്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. മാത്രമല്ല, സംസ്ഥാനത്തില്‍ ഒരു അധിക വിഭവസമാഹരണം നടത്താനുള്ള പദ്ധതികളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല. ടൂറിസം എന്ന ഒറ്റ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാല്‍ തന്നെ, ഹിമാലചിനെ സ്വിറ്റ്സര്‍ലണ്ടിന് സമാനമാക്കാം. പക്ഷേ അതിനുള്ള പദ്ധതികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സുഖ്വിന്ദര്‍ എന്ന വന്‍മരം വീഴുമോ?
കിട്ടിക്കൊണ്ടിരിക്കുന്ന സൗജന്യങ്ങള്‍ ഇല്ലാതായതോടെ ഹിമാചലില്‍ സുഖ്വീന്ദര്‍ സിംഗ് സുഖു എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ ജനവികാരമുണ്ടെന്നും, ഇന്ത്യ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2022-ല്‍ അദ്ദേഹം മുഖ്യമന്ത്രിയായതുതന്നെ അപ്രതീക്ഷിതമായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടി കെട്ടിപ്പടുത്ത വീരഭദ്രസിങുമായി നിരന്തരം കലഹിച്ച ചരിത്രമാണ് സുഖ്വിന്ദറിന്. മണ്ഡിയില്‍ നിന്ന് എം.പിയായ വീരഭദ്രസിങ്ങിന്റെ ഭാര്യയും പി.സി.സി. അധ്യക്ഷയുമായ പ്രതിഭാ സിങ് അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ലോക്‌സഭയിലേക്കും ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്കും ഓരോ ഉപതിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസിന് അഭിമുഖീകരിക്കണമായിരുന്നു.
എന്നാല്‍, നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം പേരും സുഖ്വീന്ദറിനൊപ്പമായിരുന്നു. ഒരോ എം.എല്‍.എമാരേയും നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണ് ഹൈക്കമാന്‍ഡും സുഖ്വീന്ദറിനൊപ്പമെന്ന നിലപാട് എടുക്കുന്നത്. എന്‍.എസ്.യു. സംസ്ഥാന അധ്യക്ഷസ്ഥാനം മുതല്‍ പി.സി.സി. അധ്യക്ഷസ്ഥാനം വരെ വഹിച്ച മുതിര്‍ന്ന നേതാവെന്ന പരിഗണനയും സുഖ്വീന്ദറിന് ലഭിച്ചു. 2013 മുതല്‍ 2019 വരെ നീണ്ടകാലം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധംവും തുണയായി.
ഹിമാചല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഫയര്‍ബ്രാന്‍ഡ് എന്നാണ് അഭിഭാഷകന്‍ കൂടിയായ സുഖ്വീന്ദറിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്നു സുഖ്വിന്റെ പിതാവ്. പഠനകാലത്ത് ഛോട്ടാ ഷിംലയില്‍ പാല്‍ വില്‍പ്പന കൗണ്ടര്‍ നടത്തിയ പഴയകാല കഥയും സുഖ്വീന്ദറിന് പറയാനുണ്ട്.ഠാക്കൂര്‍ സമുദായത്തില്‍ നിന്നുള്ള സുഖ്വീന്ദറിനെ മുഖ്യമന്ത്രിയാക്കുമ്പോള്‍, ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കി ജാതി രാഷ്ട്രീയത്തിന്റെ സന്തുലിതാവസ്ഥ കോണ്‍ഗ്രസ് ഉറപ്പുവരുത്തിയിരുന്നു.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എ മാരാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞതോടെ പ്രശ്നമുണ്ടായി. കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറി. അതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിംഘ്വി തോറ്റു. ഇതോടെ സര്‍ക്കാര്‍ തുലാസിലായി. എന്നാല്‍ ഈ 6പേരയും സ്പീക്കര്‍ അയോഗ്യരാക്കി.
കഴിഞ്ഞ വര്‍ഷം അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് കരുത്തുകാട്ടി. 6-ല്‍ നാല് സീറ്റുകളും ജയിച്ചുകൊണ്ട് സുഖ്വീന്ദര്‍ വീണ്ടും തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. പക്ഷേ ഇപ്പോഴും പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു ഹിമാചലിലെ വിമത നീക്കത്തിന് പിന്നില്‍. അതിനിടെയാണ് കൂനില്‍മ്മേല്‍ കുരുവെന്നപോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകളും പുറത്തുവരുന്നത്. ഇതോടെ നേതൃമാറ്റത്തിനുള്ള സാധ്യതകളും ഹിമാചലില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
ഹിമാചലിന്റെ വഴിയെ കേരളവും?
ഹിമാചല്‍ പ്രദേശില്‍നിന്ന് കേരളത്തിനും ഒരുപാട് പഠിക്കാനുണ്ട്്. കടവും കടത്തില്‍മ്മേല്‍ കടവുമായി, ഒരു ഭരണം മുന്നോട്ട് കൊണ്ടുപോവുകയാണ് കേരളവും ചെയ്യുന്നത്. ശമ്പളവും പെന്‍ഷനും കൊടുത്ത് കഴിഞ്ഞാല്‍ നിത്യചെലവിനുപോലും വഴിയില്ല. ഹിമാചലിന്റെ അതേ പാറ്റേണ്‍ തന്നെയാണ് ഇവിടെയും. രണ്ടിടത്തും അധിക വിഭവസമാഹരണത്തിന് പുതിയ വഴികള്‍ ഇല്ല. ബഡായികളും ്തള്ളുകളുംമാത്രാണ്. അവിടെ കോണ്‍ഗ്രസ്, ഇവിടെ കമ്യൂണിസ്റ്റ് എന്ന വ്യത്യാസമേയുള്ളൂ!
കേരളത്തിലും സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരനിലേക്ക് എത്തുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്‍ക്കും കൂലി നല്‍കാനാകാത്ത സ്ഥിതിയും നെല്‍ക്കര്‍ഷകര്‍ ഉള്‍പ്പടെ പല കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന് പണം നല്‍കാനാവാത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്, കേരളത്തില്‍ പലവട്ടം. ട്രഷറിയില്‍ ധനവകുപ്പ് അറിയാതെ ബില്ലുകള്‍ പാസാക്കരുതെന്നാണ് വാക്കാലുള്ള നിര്‍ദേശം. നേരത്തെ ലൈസന്‍സും ആര്‍ സിയും വിതരണം ചെയ്യുന്നത് മുടങ്ങിയതിനു കാരണവും സാമ്പത്തിക പ്രതിസന്ധി തന്നെ. വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില കൂട്ടണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ്. സപ്ലൈകോയിലാവട്ടെ അവശ്യസാധനങ്ങള്‍ ഒന്നുമില്ലതാനും.
ഹിമാചലിനെപ്പോലെ കേരളവും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. കേന്ദ്രത്തിന്റെ നടപടികളാണെന്ന് പ്രശ്നമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആവര്‍ത്തിക്ുകന്നത്. ജിഎസ്ടി എര്‍പ്പെടുത്തിയത് നികുതി വരുമാനത്തെ ബാധിച്ചു. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19000 കോടി രൂപ കേന്ദ്രം നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ 8400 കോടി രൂപയുടെ കുറവ് വന്നു. ജി എസ് ടി നഷ്ടപരിഹാരമായി ലഭിച്ചുകൊണ്ടിരുന്ന 12000 കോടി രൂപ ഇല്ലാതായി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ വസ്തുകള്‍ ഇല്ലാതെയില്ല. പക്ഷേ 2016-നുശേഷം ഇങ്ങനെ കടം കുതിച്ച് കയറിയതിന്റെ ഉത്തരവാദിത്വം, സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ലേ.
കേരളത്തിന്റെ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട്. 2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു. 2022-223 സാമ്പത്തികവര്‍ഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെന്‍ഷന്‍ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവര്‍ത്തിച്ചു.2023-ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചിരുന്നു. പക്ഷേ ഈ റിപ്പോര്‍ട്ട് സംസ്ഥാനം തള്ളുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചതും വാര്‍ത്തയായിരുന്നു. കൊല്ലം എം പി എന്‍ കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണിത്.2016-ല്‍ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. ഭരണഘടന അനുച്ഛേദം 293 (3) പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദനീയമായ കടമെടുപ്പ് പരിധി കേരളത്തിനും നല്‍കിയിട്ടുണ്ട്. ധനകാര്യ കമീഷന്‍ ശിപാര്‍ശ പ്രകാരമുള്ള കടമെടുപ്പിന് കേരളത്തിനും അവകാശമുണ്ട്. കേരളത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് കടമെടുപ്പ് പരിധി നിയമവ്യവസ്ഥക്കപ്പുറം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചിരുന്നു.
കോവിഡും, നിപ്പയും, പ്രളയവുമൊക്കെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ആഘാതമേല്‍പ്പിച്ചുവെന്നതൊക്കെ സത്യമാണ്. പക്ഷേ അത് മറികടക്കാനുള്ള ഭാവനാപൂര്‍ണമായ വഴികള്‍ നമുക്കില്ലാതെപോയി. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഹിമാചലിന്റെ അതേ വഴിയിലൂടെയാണ് കേരളവും. കര്‍ശനമായ ഫിനാന്‍സ് മാനേജ്മെന്റ് നടപ്പാക്കിയില്ലെങ്കില്‍ നമ്മുടെ കാര്യവും കട്ടപ്പൊയാവുമെന്ന് ഉറപ്പാണ്.
വാല്‍ക്ക്ഷണം: എന്തിനും കേരളാ മോഡല്‍ എന്ന് പറഞ്ഞ് തള്ളുന്ന രീതി നമുക്കുണ്ടല്ലോ. അതുകൊണ്ടുതന്നെ ഈ കടക്കെണിയെയും, സാമ്പത്തിക പ്രതിസന്ധിയെയും, അതിജീവനത്തിന്റെ കേരളാ മോഡല്‍ എന്ന് പറഞ്ഞ് പൊക്കി വിട്ടേക്കാം!