ലോക പ്രശസ്ത ചലച്ചിത്ര സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ ഓട്ടോ ബയോഗ്രഫിക്കൽ മൂവിയായ 'ദ ഫാബെൽമാൻസിൽ' ഒരു നടുക്കുന്ന രംഗമുണ്ട്. ''എടാ നീയൊക്കെയല്ലേ ഞങ്ങടെ യേശുവിനെ കൊന്നതെന്ന്' ആക്രോശിച്ച് ക്രിസ്ത്യൻ സഹപാഠികൾ സ്‌ക്കുൾ വിദ്യാർത്ഥിയായ സ്പിൽബർഗിന്റെ മൂക്കിനിടിക്കുന്നു. ഇത് കെട്ടുകഥയല്ല, യഹുദൻ ആയതുകൊണ്ട് മാത്രം ഒരു സമൂഹം, ലോകമെമ്പാടു അനുഭവിച്ച വേദനയാണ്. ഈ സംഭവം പലയിടത്തും സ്പിൽബർഗ് പറഞ്ഞിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവവും ആയിരുന്നില്ല. ഒരു പാട് ജൂതന്മ്മാരുടെ അനുഭവമാണ്. തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത പ്രശ്നത്തിന്റെ പേരിൽ, കേവലം മതവൈരാഗ്യം വെച്ചുകൊണ്ട് നൂറ്റാണ്ടുകളായി പീഡനം എറ്റുവാങ്ങുക എന്നത്. പണ്ട്, ഒരിടത്ത് ഒരു മോഷണം നടന്നാൽ ആദ്യം സംശയം ജൂതനെയാണ്. കൊല നടന്നാൽ ആദ്യം പൊലീസ് എത്തുക ജൂതന്റെ വീട്ടിലാണ്. യഹൂദനെ വെറുതെ തല്ലിക്കൊന്നാൽ പോലും ആർക്കും ചോദ്യം ചെയ്യാൻ വയ്യാത്ത അവസ്ഥ.


ഹിറ്റ്ലറിനും എത്രയോ മുമ്പ് റോമക്കാരും പിന്നീട് തുർക്കികളും അതിന് ശേഷം കിഴക്കൻ യൂറോപ്യരും ജൂതരെ വേട്ടയാടി. യൂറോപ്യൻ ക്രെസ്തവതയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു യഹൂദർ. പോളണ്ടും ഹംഗറിയും സെർബിയയും മാത്രമല്ല പരിഷ്‌കൃത ഫ്രാൻസും ഇംഗ്ലണ്ടും ഇറ്റലിയും സാറിസ്റ്റ് റഷ്യയും ജൂതനെ പീഡിപ്പിക്കുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. കാൾ മാർക്സ് മാത്രമല്ല റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ട്രോട്സ്‌കി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളിൽ പലരും യഹൂദരായിരുന്നു. എന്നിട്ടും സോഷ്യലിസ്റ്റ് റഷ്യയിൽ പോലും ജൂതർക്ക് സമാധാനം കിട്ടാക്കനിയായിരുന്നു. ഷേക്സ്പിയറെ പോലെയുള്ള വിശ്വസാഹിത്യകാരന്മാർ വെനീസിലെ വ്യാപാരി പോലെയുള്ള കൃതികൾ എഴുതി ജൂതവിദ്വേഷം പെരുപ്പിച്ചു.

അതിനുശേഷം ഇസ്ലാമും. ഇസ്ലാമിക സാഹിത്യങ്ങളിലും നിരവധിയാണ് ജൂതനെതിരായ പരാമർശങ്ങൾ. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ക്രിസ്റ്റിയാനിറ്റി ഏറെ നവീകരിക്കപെട്ടു. അവർ ജൂതനോടുള്ള പകയും വെറുപ്പും കളഞ്ഞു. പക്ഷേ പൊളിറ്റിക്കൽ ഇസ്ലാം ഒട്ടും നവീകരിക്കപ്പെട്ടിട്ടില്ല. അവർ ജൂതനോട് ആ മുഹമ്മദൻ പക ഉള്ളിൽ സൂക്ഷിച്ചു. ഇപ്പോൾ ഫലസ്തീൻ പ്രശ്നത്തിലേക്ക് വന്നാൽ അത് പരിഹിക്കുന്നത് എറ്റവും വലിയ വിഘാതമായി നിൽക്കുന്ന ഈ മതപ്പക തന്നെയാണ്. പക്ഷേ കേരളത്തിലടക്കം തിരിച്ച് എല്ലാറ്റിനും യൂഹൂദനെ കുറ്റപ്പെടുത്തുന്ന നരേറ്റീവുകളാണ് എവിടെയുമുള്ളത്. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ, പ്രബുദ്ധനെന്ന് പറയുന്ന മലയാളിക്ക് പേടിയാണെന്ന് തോനുന്നു.

കേവലം ഒരതിർത്തി പ്രശ്നം മാത്രമായിരുന്നു ഇസ്രയേൽ-ഫലസ്തീൻ പ്രശ്നമെങ്കിൽ അതെന്നോ പരിഹരിക്കപ്പെടുമായിരുന്നു. പ്രധാന വില്ലൻ മതമായതുകൊണ്ട് മാത്രമാണ് അതിന്നും നീറിയും പുകഞ്ഞും പൊട്ടിത്തെറിച്ചും ചോരമണക്കുന്ന ഒരദ്ധ്യായമായി അവശേഷിക്കുന്നത്. ഇസ്രയേൽ-ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഏകപക്ഷീയമായ നുണകളും അർദ്ധസത്യങ്ങളുമാണ്. ഇവിടുത്തെ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് പോലെ 'എങ്ങാണ്ട് നിന്നോ വന്ന ജൂതന്മാർക്ക് ഫലസ്തീനികൾ കയറിക്കിടക്കാൻ ഇത്തിരി സ്ഥലം കൊടുത്തപ്പോൾ, സ്ഥലം കൊടുത്തവർക്ക് നേരെ ജൂതന്മാർ നടത്തിക്കൊണ്ടിരിക്കുന്ന കുതിരകയറ്റ'മല്ല ഈ പ്രശ്നം.

'ക്രിസ്തു ഘാതകർക്ക് ' കൊടിയ പീഡനം

ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹം മുഴുവൻ ഉത്തരവാദികളാണെന്ന് ആ മതക്കാർ വളരെയേറെക്കാലം വിശ്വസിച്ചിരുന്നു. ഇതിന്റെ ഫലമായി ലോകമെമ്പാടും അവർ ഏറെ പീഡിപ്പിക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ജൂതരെ ഇകഴ്‌ത്താനും പീഡിപ്പിക്കാനും താഴ്‌ത്തിക്കെട്ടാനും കൂട്ടക്കൊല നടത്താനുമെല്ലാം ഇക്കാര്യം ക്രിസ്ത്യാനികൾ ഉപയോഗിച്ചു. കുരിശുയുദ്ധങ്ങളിലും, സ്പെയിനിലെ മതവിചാരണകളിലും, എല്ലാം ജനക്കൂട്ടത്തെ ജൂതർക്കെതിരെ തിരിക്കാനുള്ള ഉപായമായിരുന്നു ഈ കൊടിയ ആരോപണം. സയൻസ്, സാഹിത്യം, സാമ്പത്തിക ശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം, മനഃശാസ്ത്രം, തത്വചിന്ത, ബിസിനസ് വ്യവസായം എന്നിങ്ങനെ കൈവെച്ച ഏല്ലാ മേഖലകളിലും വിജയക്കൊടി നാട്ടിയ ജനതയോടുള്ള അസൂയയും കൂടിയാണ് ക്രിസ്തുവിന്റെ ഘാതകർ എന്ന അസംബന്ധ ആരോപണമുയർത്തി ജൂതരെ കൊല്ലാക്കൊല ചെയ്യുവാൻ യൂറോപ്യൻ ക്രെസ്തവരെ പ്രേരിപ്പിച്ചതെന്ന് പിന്നീട് പല പഠനങ്ങളും വന്നു.

പക്ഷേ കാലം കഴിഞ്ഞപ്പോൾ സഭ തിരുത്തി. കത്തോലിക്ക സഭയുടെ 1962 മുതൽ 1965 വരെ പോപ്പ് പോൾ ആറാമന്റെ കീഴിൽ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നോസ്ട്ര എയ്‌റ്റേറ്റിൽ ക്രിസ്തുവിന്റെ കുരിശുമരണത്തിന് ജൂതസമൂഹത്തിനുമുഴുവൻ പാപഭാരം ഉണ്ടെന്നുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഈ വിശ്വാസത്തിനു കാരണമായ പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 27ാം അധ്യായത്തിലെ 24-25 വാചകങ്ങളെ പ്രത്യേകമായി എടുത്തുപറയാതെ, ഒരു വിവേചനവുമില്ലാതെ, അന്നു ജീവിച്ചിരുന്നതോ, അല്ലെങ്കിൽ ഇന്നുള്ളതോ ആയ മുഴുവൻ ജൂതന്മാർക്കു നേരെയോ ആ കുറ്റാരോപണം നടത്താൻ സാധ്യമല്ലെന്ന് പോപ്പ് പ്രസ്താവിച്ചു

ഒരു ഫ്രഞ്ച് ജൂതനും ചരിത്രകാരനും ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടവനുമായ ജൂൾസ് ഐസക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കത്തോലിക്ക സഭയുടെ ജൂതവിരുദ്ധനിലപാടുകൾ തിരുത്തിക്കുറിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. 1960 -ൽ ഇദ്ദേഹം, പോപ്പ് ജോൺ പോൾ 23ാമനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഈ വിശ്വാസത്തെ തള്ളിക്കളയാനുള്ള പ്രസ്താവന ഇറക്കാനുള്ള കാര്യങ്ങൾ നീങ്ങിയത്.
അങ്ങനെ രണ്ടാം വത്തിക്കാൻ കൗൺസലിൽ മറ്റുപലതിന്റെയും കൂടെ ക്രിസ്തുവിന്റെ കുരിശുമരണത്തിൽ ജൂതന്മാർക്ക് എല്ലാവർക്കും കൂട്ടായ കുറ്റബോധം ഉണ്ടെന്ന, വേണമെന്ന വിശ്വാസത്തെ തള്ളിക്കളഞ്ഞു. 1998 നവംബർ 16 -ന് അമേരിക്കയിലെ ഒരു സഭയും പുതിയനിയമത്തിലെ കാര്യങ്ങൾ ഇന്നത്തെ ജൂതന്മാരെ പീഡിപ്പിക്കാനായി ഉപയോഗിക്കരുതെന്നും, ക്രിസ്തുവിന്റെ മരണത്തിന്റെ കുറ്റക്കാരായി ജൂതമതത്തെയോ ജൂതരെയോ കാണരെതെന്നും പ്രസ്താവിച്ചു. 2011 -ലെ തന്റെ പുസ്തകത്തിൽ മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന വാക്കായ ഓക്ലോസ് എന്നതിനെ ജനക്കൂട്ടം എന്ന അർത്ഥത്തിലല്ലാതെ ജൂതജനത എന്നു കാണരുതെന്ന് പോപ് ബെനഡിക്റ്റ് 16ാമാനും പറയുന്നുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യനികൾ യഹുദരുമായി സൗഹൃദത്തിൽ പോകുന്നൂ.

പക്ഷേ ഇസ്ലാം അതിന് തയ്യാറായിരുന്നില്ല. യഹൂദരുടെ പല ആചാരങ്ങളും അനുകരിച്ചുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ രൂപംകൊണ്ട ഇസ്ലാമിന്റെ പരമോന്നത നേതാവും ജൂതനെ തീർത്തുകളയാൻ ആഹ്വാനം ചെയ്തു. അതോടെ അറേബ്യയിലും അവർ കൂട്ടക്കുരുതിക്ക് വിധേയമായി. അതുകൊണ്ടാണ് നൂറ്റാണ്ടുകൾ ജൂതരുടെ വാസഭൂമിയായിരുന്ന അറേബ്യയിൽ ഇന്ന് മരുന്നിന് പോലും ഒരു യഹൂദനെ കണ്ടുകിട്ടാത്തത്. ഇന്നും ഇസ്ലാമിക സാഹിത്യത്തിലെ ജൂതവെറി തന്നെയാണ് ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രധാന തടസ്സവും.

ഹിറ്റ്ലർ നടത്തിയ ജൂതവേട്ട

ജൂതർ നേരിട്ട ഏറ്റവും വലിയ വേട്ട ഹിറ്റ്ലറുടെ ഭാഗത്തുനിന്നാണ്. 1939 നും 1945 നുമിടയിൽ 60 ലക്ഷം ജൂതരാണ് കൊന്നൊടുക്കപ്പെട്ടത്. തന്റെ ആത്മകഥയായ മെയിൻ കാഫിൽ ജർമ്മനിയിലെ രോഗാണുക്കൾ എന്നാണ് ഹിറ്റ്ലർ ജൂതരെ വിശേഷിപ്പിച്ചത്. ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതരെ തുടച്ചുനീക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയത് ജർമൻ നാസികൾ ഒറ്റയ്ക്കായിരുന്നില്ല. അതിന് അവർക്ക് സ്വാധീനമുണ്ടായിരുന്ന ജറുസലേമിലെ ഗ്രാൻഡ് മുഫ്തിയടക്കമുള്ള മുസ്ലിം മത തേതാക്കളുടെ പിന്തുണയും ഉണ്ടായിരുന്നു.

1933 -ൽ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ തൊണ്ണൂറു ലക്ഷമായിരുന്നു. അവരുടെ കഷ്ടകാലത്തിന് രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ സിംഹഭാഗവും കഴിഞ്ഞിരുന്നത്. 1945 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമ്മൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു.

ജർമ്മൻ ആര്യവംശശുദ്ധിക്ക് കടുത്ത ഭീഷണിയാണ് ജൂതർ എന്നാണ് നാസികൾ കരുതിയിരുന്നത്. അവർക്ക് അധികാരം കിട്ടിയ അടുത്ത ദിവസം മുതൽ തന്നെ, നാസികൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് യഹൂദരെ അകറ്റിനിർത്തുന്ന നടപടികൾ തുടങ്ങി. അവരുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു, അവർക്ക് അന്യായമായ നികുതികൾ ഏർപ്പെടുത്തി, സാമൂഹികമായ പല വിലക്കുകളും കൊണ്ടുവന്നു. ജൂതരെ പലതരത്തിലും ബുദ്ധിമുട്ടിച്ച നാസികൾ അവരിൽ പലരെയും ജർമനി വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. രണ്ടാം ലോകമഹായുദ്ധം വന്നപ്പോൾ ജർമൻ നാസിപാർട്ടിക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അന്തിമപരിഹാരം നടപ്പിൽ വരുത്താൻ അവസരമുണ്ടായി. എന്തെന്നോ? ജൂതരെ കണ്ടിടത്തുവെച്ച് കൊന്നുതള്ളുക.

അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെട്ട 1933 -ലാണ് നാസികൾ ജർമനിയിൽ പൂർണമായ അർത്ഥത്തിൽ സർവാധികാരത്തിലേറുന്നത്. തങ്ങളേക്കാൾ വംശീയമായി താഴെക്കിടയിൽ നിന്നിരുന്നവർ എന്ന് ഹിറ്റ്ലർക്ക് തോന്നിയ ജർമൻകാരിൽ ഭൂരിഭാഗത്തിനെയും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. അവരിൽ യഹൂദർ മാത്രമല്ല ഉണ്ടായിരുന്നത്. റോമൻ ജിപ്സികൾ, അംഗവൈകല്യം ബാധിച്ചവർ, മാനസികമായ വളർച്ചയില്ലാത്തവർ, സ്ലാവിക് ജനത, റഷ്യൻ യുദ്ധത്തടവുകാർ, ആഫ്രിക്കൻ അമേരിക്കക്കാർ, കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, യഹോവാസാക്ഷികൾ, സ്വവർഗാനുരാഗികൾ, യാചകർ, വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, മദ്യാസക്തർ അങ്ങനെ പലതരത്തിൽ തങ്ങൾക്ക് കണ്ണിനു പിടിക്കാത്ത ഏതൊരു കൂട്ടരെയും അവർ കൊന്നുതള്ളി. രണ്ടരലക്ഷത്തോളം റോമൻ ജിപ്സികളെ അവർ കൊന്നു.

1941 സെപ്റ്റംബറിൽ ഓഷ്വിറ്റ്സ് ക്യാംപിൽ മാത്രം 30 ലക്ഷം ജൂതരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്. ശവക്കൂനകൾ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മെയ്‌ 14-നും ജൂലൈ എട്ടിനുമിടയിൽ 48 തീവണ്ടികളിലായി 4,37,402 ഹംഗേറിയൻ യഹൂദരെയാണ് ഈ ക്യാംപിൽ കൂട്ടക്കൊല നടത്തിയത്. നരകവാതിൽ എന്നായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്.വെടിവെച്ചുമാത്രം നാസികൾ പതിനഞ്ചു ലക്ഷം ജൂതരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.

1941 അവസാനത്തോടെ ജൂതരെ കൂട്ടത്തോടെ കൊല്ലാൻ താരതമ്യേന ചെലവുകുറഞ്ഞൊരു മാർഗം നാസി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. അതായിരുന്നു ഗ്യാസ് ചേംബർ എന്ന സാങ്കേതിക വിദ്യ. വായുപ്രവേശമാർഗ്ഗമില്ലാത്ത ഒരു അറയ്ക്കുള്ളിലേക്ക് ആളുകളെ തള്ളിക്കയറ്റി വാതിലടക്കുക. എന്നിട്ട് അതിനുള്ളിലേക്ക് വിഷവാതകം പമ്പുചെയ്തു കയറ്റുക. നിമിഷങ്ങൾക്കകം ആളുകൾ വീർപ്പുമുട്ടിയും വിഷവാതകം ശ്വസിച്ചും ചത്തുമലയ്ക്കും. മുപ്പതു ലക്ഷത്തോളം പേരാണ് ഇങ്ങനെ ഗ്യാസ് ചേമ്പറുകളിൽ പിടഞ്ഞു മരിച്ചത്. കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ട ബാക്കി ജൂതർ അവിടത്തെ കൊടിയപീഡനങ്ങൾ കൊണ്ടും, പോഷകാഹാരക്കുറവുകൊണ്ടും, അമിതമായ ജോലിഭാരം കൊണ്ടും ഒക്കെ മരണപ്പെടുകയായിരുന്നു. 1945 മെയ് 7 -ന് അഡോൾഫ് ഹിറ്റ്‌ലറിന്റെ ജർമനി സഖ്യസേനയ്ക്ക് മുന്നിൽ നിരുപാധികം ആയുധം വെച്ച് കീഴടങ്ങും വരെ അവർ ഈ അക്രമങ്ങൾ തുടർന്നു.

കൊല്ലുക മാത്രമായിരുന്നില്ല നാസികൾ ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടത്തിയിരുന്നത്. അതിക്രൂരമായ പല പരീക്ഷണങ്ങൾക്കും തടവുകാർ വിധേയരാക്കപ്പെട്ടു. കടുത്ത തണുപ്പ്, ചൂട്, വൈദുത ഷോക്ക് തുടങ്ങിയ പലതും കൊണ്ടുള്ള പല ക്രൂരപരീക്ഷണങ്ങൾക്കും ഈ തടവുകാർ നിർബന്ധിതരായി. കുട്ടികളടക്കം പലരും മെഡിക്കൽ രംഗത്തെ പല പരീക്ഷണങ്ങൾക്കും ഗിനിപ്പന്നികളെപ്പോലെ കിടന്നുകൊടുക്കേണ്ടി വന്നു. അവരിൽ പലരും പരീക്ഷണങ്ങൾക്കിടെ മരിച്ചു. പരീക്ഷണം നടത്താനുള്ള ഉപകരണങ്ങളായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിലെ കുട്ടികൾ. ഒരാളിൽ തന്നെ നാലും അഞ്ചും ശസ്ത്രക്രിയകൾ ചെയ്തിരുന്നു

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രണ്ടരക്ഷത്തോളം ജൂതർ നാസികൾ ഉപേക്ഷിച്ചിട്ടുപോയ താത്കാലിക ജയിലുകളിൽ തന്നെ താമസമാക്കി. സഖ്യകക്ഷികൾ അവർക്കാവശ്യമായ സഹായം നൽകി. 1948 -നും 1951-നുമിടയിൽ പല ജൂതരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്തു. 1,36,000 ജൂതർ ആ കാലയളവിൽ ഇസ്രയേലിലേക്ക് കുടിയേറിപ്പാർത്തു. അവശേഷിക്കുന്നതിൽ പലരും യൂറോപ്പിന്റെ മറ്റുപല ഭാഗങ്ങളിലേക്കും, അമേരിക്കയിലേക്കും മാറിത്താമസിച്ചു. അവസാനത്തെ ദുരിതാശ്വാസ ക്യാമ്പ് അടക്കുന്നത് 1957 -ലാണ്.

ഹെർസലിന്റെ സ്വപ്ന രാജ്യം

തിയോഡർ ഹെർസൽ എന്ന സയണിസ്റ്റാണ്, യഹൂദർക്കായി രാജ്യം വേണമെന്ന ഉറച്ച തീരുമാനത്തിൽ ഇറങ്ങി തിരിച്ചത്. ഓസ്ട്രേലിയയിൽ വേരുകളുള്ള യഹൂദനായ മാധ്യമപ്രവർത്തകൻ തിയോഡർ ഹെർസൽ ഇതിനായി അന്താരാഷ്ട്ര തലത്തിൽ മുന്നേറ്റം സംഘടിപ്പിക്കുന്നത് 1896 ലാണ്.പുരാതന ഇസ്രയേലിൽ ജൂത രാഷ്ട്രം രൂപീകരിക്കണമെന്ന് 1799 ൽ നെപ്പോളിയനും ആഗ്രഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഹംഗറിയിൽ ജനിച്ച ഹെർസൽ ജോലിയുമായി ബന്ധപ്പെട്ട് ഫ്രാൻസിലേക്ക് കുടിയേറിയതോടെയാണ് ഫ്രഞ്ച് വിപ്ലവം നടന്ന രാജ്യത്ത് എത്രമാത്രം വംശീയത നിലനിൽക്കുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നത്. ഫ്രാൻസിൽ ജൂതർ നേരിടുന്നതുകൊടിയ അടിച്ചമർത്തലെന്ന തിരിച്ചറിവിൽ നിന്നാണ് ജൂതരാഷ്ട്രം എന്ന ആശയം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നത്.

സ്വന്തമായൊരു രാജ്യത്തല്ലാതെ ജൂതർക്ക് അതിജീവനം സാധ്യമല്ലെന്ന് ഹെർസൽ ലോകത്താകമാനമുള്ള ജൂതരെ ബോധിപ്പിക്കുന്നു. ഇതിനായി ഹെർസൽ 100 പേജുള്ള ലഘുലേഖ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. പല ഭാഷകളിലേക്ക് തർജ്ജമ ചെയ്തു. യൂറോപ്പിൽ പല ഭാഗത്തായി ചിതറിക്കിടന്ന ജൂതരെ ഒരുമിപ്പിക്കാൻ യോ?ഗങ്ങൾ സംഘടിപ്പിച്ചു. അങ്ങനെ യൂറോപ്പിൽ നിന്ന് ജൂതർ ഇന്നത്തെ ഇസ്രയേൽ - ഫലസ്തീൻ ഭൂമിയിലേക്ക് പലായനം ചെയ്തു. എന്നാൽ ഹെർസലിന് മുമ്പും അവിടെ 20000 ഓളം ജൂതർ താമസിച്ചിരുന്നു. ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ പലായനം ചെയ്ത് ഫലസ്തീനിലെത്തിയവരുടെ എണ്ണം എട്ടിരട്ടിയായി.

ജൂത രാഷ്ട്രം വേണമെന്ന ആശയം സ്വാംശീകരിക്കുന്ന ആദ്യ ആളല്ല ഹെർസൽ. യാഥാസ്ഥിതിക ജൂത വിഭാഗങ്ങൾ ഇസ്രയേൽ രാജാവായ ദാവീതിന്റെ രാജ്യമായ ജറുസലേമിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹിച്ചിരുന്നവരാണ്. ഇസ്രയേലിന്റെ ദൈവമായ യഹോവ കഴിയുന്നത് സയൻ കുന്നുകളിലാണെന്നാണ് ഇവരുടെ വിശ്വാസം. ഇതിനാലാണ് ഇസ്രയേലിന്റെ ദേശീയ ആശയം സയണിസമെന്നും പുരാതന ഇസ്രയേലിലേക്കുള്ള മടക്കത്തെ സയണിസ്റ്റ് മൂവ്മെന്റ് എന്നും വിളിക്കുന്നത്. പുരാതന ഇസ്രയേലിൽ ജൂത രാഷ്ട്രം രൂപീകരിക്കണമെന്ന് 1799 ൽ നെപ്പോളിയനും ആഗ്രഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

1896 ൽ ഇന്നത്തെ ഇസ്താംബൂളിലേക്ക് (പുരാതന കോൺസ്റ്റാന്റിനോപ്പിൾ) തിരിച്ച ഹെർസലിന്റെ പ്രതീക്ഷ, ഒട്ടോമൻ സുൽത്താനെ കണ്ട് ജൂതരാഷ്ട്രത്തെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു. ഈ യാത്രയിൽ ജൂതർ താമസിക്കുന്ന സോഫിയ, ബൾഗേറിയ എന്നിവിടങ്ങളിൽ വച്ച് നൂറ് കണക്കിന് ജൂതർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തും തങ്ങളുടെ നേതാവായി അംഗീകരിച്ചും രംഗത്തെത്തി. 11 ദിവസം കോൺസ്റ്റാന്റിനോപ്പിളിൽ കഴിഞ്ഞിട്ടും അദ്ദേഹത്തിന് സുൽത്താനെ കാണാനായില്ല. പിന്നീട് ലണ്ടനിലെത്തിയ ഹെർസലിനെ എല്ലാ ജൂത നേതാക്കളും സ്വാഗതം ചെയ്തില്ല. ഹെർസലിന്റെ പല നിലപാടുകളും ഇവർക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. സയണിസത്തിൽ തന്നെ പല വകഭേദങ്ങളുണ്ടായിരുന്നു. ഇതോടെയാണ് എല്ലാ രാജ്യങ്ങളിലെയും ജൂതരെ ചേർത്ത് സയണിസ്റ്റ് കോൺഗ്രസ് നടത്താൻ ഹെർസൽ തീരുമാനിച്ചത്.

1897ൽ സ്വിറ്റ്സർലന്റിലെ ബേസലിൽ ആദ്യ സയണിസ്റ്റ് കോൺഗ്രസ് ചേർന്നു. ഇതിന്റെ ആദ്യ പ്രസിഡന്റായി ഹെർസൽ. ഈ യോഗം വലിയ വിജയമാക്കാൻ ഹെർസലിന് സാധിച്ചു. ഹെർസലിന്റെ ജൂതെൻസ്ഥാൻ എന്ന പുസ്തകം സയണിസ്റ്റ് മൂവ്മെന്റിന്റെ സുപ്രധാന പ്രസിദ്ധീകരണമാണ്. സയണിസ്റ്റ് കോൺഗ്രസിന്റെ വിജയത്തിന് ശേഷം ഹെർസൽ തന്റെ ഡയറിയിൽ ഇങ്ങനെയെഴുതി,

ഞാൻ ജൂത രാഷ്ട്രം കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇത് ഉറക്കെ പറഞ്ഞാൽ ഞാൻ ലോകത്തിന് മുന്നിൽ പരിഹാസ്യനാകും. ചിലപ്പോൾ അഞ്ച് വർഷം കഴിഞ്ഞ്, അല്ലെങ്കിൽ 50 വർഷം കഴിഞ്ഞ് എല്ലാവർക്കും അത് മനസ്സിലാകും.  കൃത്യം 50 വർഷത്തിന് ശേഷം 1947 ൽ ഐക്യരാഷ്ട്ര സഭ ഫലസ്തീനിൽ ജൂതരാഷ്ട്രം രൂപീകരിക്കാനുള്ള നിർദ്ദേശം നല്കി. ആറ് മാസത്തിന് ശേഷം ടെൽ അവീവിൽ വച്ച് ഇസ്രയേൽ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന് പ്രഖ്യാപിച്ചു.

ഒന്നാം ലോക മഹായുദ്ധത്തോടെ ഒട്ടോമൻ സാമ്രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന് മുന്നിൽ തകർന്നടിയുകയും, സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന ഫലസ്തീൻ ബ്രിട്ടന്റെ അതീനതയിലാവുകയും ചെയ്തത് ഇസ്രയേൽ രൂപീകരണത്തിന് ആക്കം കൂട്ടി. ഈ സമയത്ത് തന്നെയാണ് ലോകത്താകെ ജൂത സമൂഹം ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിട്ടുകൊണ്ടിരുന്നത്. അഡോൾ ഹിറ്റ്ലറുടെ നാസി പട്ടാളത്തിന്റെ ജൂതകൂട്ടക്കൊല അടക്കം ഫലസ്തീനിലേക്കുള്ള ജൂതരുടെ പലായനം വേഗത്തിലാക്കി.

പിന്നീട് 1901 മെയിൽ ഒട്ടോമൻ സുൽത്താനെ കണ്ട് ഹെർസൽ പദ്ധതി അവതരിപ്പിച്ചെങ്കിലും അദ്ദേഹം തള്ളി. പല ശ്രമങ്ങൾ പാഴായതോടെ, ഫലസ്തീനിന് പകരം കെനിയയിൽ ജൂത കോളനി എന്ന ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച പദ്ധതി ഹെർസൽ ആറാം സയണിസ്റ്റ് കോൺഗ്രസിൽ മുന്നോട്ട് വച്ചു. എന്നാൽ ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല, റഷ്യയിൽ നിന്നുള്ളവർ ഇതിനെ ശക്തമായി എതിർത്തു. ഏഴാം സയണിസ്റ്റ് കോൺഗ്രസിൽ ഈ പദ്ധതി പൂർണ്ണമായും തള്ളി. ഇതോടെ തകർന്ന ഹെർസൽ 1904 ജൂലൈ 3 ന് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു.പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നം 44 വർഷത്തിനുശേഷം സാക്ഷാത്ക്കരിക്കപ്പെട്ടു.

ഇസ്രയേൽ പിറക്കുന്നു

യൂറോപ്പിൽ ജീവിതം അസാധ്യമായപ്പോൾ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഏതെങ്കിലും പ്രദേശം തേടിയുള്ള അന്വേഷണമാണ്, ബൈബിളിലെ പഴയ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചുപോകാൻ ജൂതരെ നിർബന്ധിതരാക്കിയത്. പാശ്ചാത്യ സമ്പന്നതയിൽ നിന്ന് ഒന്നിനും കൊള്ളാത്ത ചുട്ടുപഴുത്ത മരുഭൂമിയിലേക്ക് ജൂതർ കുടിയേറിയത് സ്വസ്ഥമായൊരു ഭാവി, അടുത്ത തലമുറയ്ക്കെങ്കിലും ലഭിക്കുമെന്ന് സ്വപ്നം കണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ വംശഹത്യ ജൂതരോടുള്ള യൂറോപ്യൻ സമീപനത്തിൽ മാറ്റം വരുത്തിയെങ്കിലും ഫലസ്തീനിലെ പാഴ്മരൂഭൂമി തന്നെയാണ് വെള്ളക്കാരന്റ ക്രൈസ്തവ നാടുകളേക്കാൾ ഭേദമെന്ന തിരിച്ചറിവാണ് അന്ന് ബ്രിട്ടീഷ് മാൻഡേറ്റായിരുന്ന ഫലസ്തീനിലേക്ക് പലായനം ചെയ്യുവാൻ യഹുദരെ പ്രേരിപ്പിച്ചത്.

പാലും തേനും ഒഴുകുന്ന കാനാൻ ദേശമെന്നൊക്കെ ബൈബിളിൽ കണ്ടമാനം തള്ളിയിട്ടുണ്ടെങ്കിലും മനുഷ്യവാസത്തിന് ഒട്ടും യോജിച്ചതല്ലായിരുന്നു പുസ്തകത്തിലെ വാഗ്ദത്ത ഭൂമി. ദീർഘകാലം ഓട്ടോമൻ ഭരണത്തിന്റെ കീഴിലായിരുന്നതിനാൽ അറബി മുസ്ലീങ്ങളായിരുന്നു അന്ന് ഫലസ്തിനിൽ കൂടുതൽ. തദ്ദേശീയരായ ജൂതരുടെ എണ്ണം തീരെ കുറവായിരുന്നു. ജീവന് ഭീഷണിയുള്ള യൂറോപ്പിലെ സമൃദ്ധിയേക്കാൾ ഭേദം ജറുസലേം ദേവാലയവും വിലാപത്തിന്റെ മതിലും സ്ഥിതിചെയ്യുന്ന പാലസ്തിനായിരിക്കുമെന്ന് വിശ്വസിച്ച് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ജൂതർ ഇന്നത്തെ ഇസ്രയേലിലേക്ക് കുടിയേറി.

യഹൂദനെ കാണുന്നിടത്തുവച്ച് കൊന്നുകളയുക എന്ന മതവചനം അവിടെയും വില്ലനായി. ഫലസ്തീൻ മുസ്ലീങ്ങളും ജൂതരും തമ്മിൽ സംഘർഷം പതിവായി. ജൂതരുടെ അധിനിവേശത്തെ യൂറോപ്യൻ കോളനിവത്കരണമായാണ് ഫലസ്തീനിലെ അറബ് വംശജർ കണ്ടത്. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. ഇതേ സമയത്തുതന്നെ ലോകത്താകമാനമുള്ള കോളനികളിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരുന്ന ബ്രിട്ടന് ഈ ആക്രമണങ്ങളെ ചെറുക്കാനാകാതെയായി. 1947 ൽ വോട്ടെടുപ്പിലൂടെ ഐക്യരാഷ്ട്ര സഭ ഫലസ്തീനെ രണ്ട് രാഷ്ടമാക്കി. 6,50,000 ജൂതർ ചേർന്ന് ഇസ്രയേലും ഇതിലിരട്ടിയിലധികം വരുന്ന അറബ് ജനത ഫലസ്തീൻ രാഷ്ട്രമായും മാറി.

ബ്രിട്ടൻ ഫലസ്തീൻ ഉപേക്ഷിച്ച് പോയപ്പോൾ ജൂതർക്കും മുസ്ലീങ്ങൾക്കുമായി മൂന്ന് സെക്ടറുകൾ ചേർത്ത് രണ്ട് പ്രത്യേക രാജ്യങ്ങൾ രൂപീകരിച്ചാണ് പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭ ശ്രമിച്ചത്. ജറുസലേം യുഎൻ മേൽനോട്ടത്തിലാക്കാനും തീരുമാനം കൊണ്ടു. അന്നത്തെ വൻശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഈ വിഭജനത്തെ പിന്തുണച്ചു. സ്വന്തമായൊരു രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കാരിക്കാനായി ജൂതർ ദ്വിരാഷ്ട്ര ഫോർമുലയെ ഒരുമടിയുമില്ലാതെ അംഗീകരിച്ചപ്പോൾ, അറബ് രാജ്യങ്ങൾ ഒന്നടങ്കം ഇതിനെ അതിശക്തമായി എതിർത്തു. ജൂതരാഷ്ട്രം എന്ന ആശയം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇസ്ലാമിക ലോകം കട്ടായം പറഞ്ഞു. പക്ഷേ 1948 മെയ് 14ന് ഇസ്രയേൽ രാജ്യം നിലവിൽ വന്നു.


എല്ലാവരെയും ഞെട്ടിച്ച ഇസ്രയേൽ

അതായത് ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ദുരന്തങ്ങളാണ് ഇസ്രയേലിന്റെ പിറവിക്ക് കാരണം. അല്ലാതെ കേരളത്തിൽ പ്രചരിക്കപ്പെടുന്നതുപോലെ അവർ അധിനിവേശ ശക്തികളല്ല. അന്ന് യുഎൻ നിർദ്ദേശം അംഗീകരിക്കയാണെങ്കിൽ ഇന്ന് ഫലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാവുമായിരുന്നു. പക്ഷ 1948ൽ പിറന്നുവീണ ആ കുഞ്ഞൻ രാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിക്കാനാണ് തൊട്ടുടുത്തുള്ള അറബ് രാജ്യങ്ങൾ തുനിഞ്ഞത്.

രാജ്യം പിറന്നതിന്റ പിറ്റേദിവസം അതായത് മെയ് 15ന് ഈജിപ്ത്,സിറിയ ജോർദാൻ, സൗദി അറേബ്യ, യമൻ, ലബനൻ എന്നി രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു. യുദ്ധത്തിൽ എല്ലാവരെയും ഞെട്ടിച്ച് ഇസ്രയേൽ വിജയിച്ചു. സംഘർഷങ്ങളുടെ നീണ്ട പരമ്പരയ്ക്ക് നാന്ദി കുറിച്ചാണ് ഒന്നാമത്തെ അറബ് - ഇസ്രയേൽ വാർ അവസാനിച്ചത്. പിന്നീട് 67ൽ 10 ഇസ്ലാമിക രാജ്യങ്ങൾ ഒറ്റെക്കെട്ടായി ആക്രമിച്ചിട്ടും അവരെ പപ്പടം പോലെ ഇസ്രയേൽ പൊടിച്ചത്, വെറും ആറുദിവസം കൊണ്ടാണ്. അങ്ങനെ യുദ്ധത്തിലുടെ രക്തം ചിന്തിയാണ് ഗസ്സയും, വെസ്റ്റ്ബാങ്കും പിടിച്ചത്. തങ്ങളുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്നവർക്ക് അവർ അത് വിട്ടുകൊടുക്കാറുമുണ്ട്. യുദ്ധത്തിൽ പിടിച്ച ഗോലൻ കുന്നുകൾ അവർ സിറിയക്ക് വിട്ടുകൊടുത്തിട്ടുണ്ട്. സിനായ് പെനിസുല ഈജിപ്തിനും വിട്ടുകൊടുത്തു. സമാധനം തരുന്നവർക്ക് അവർ ഭൂമി വിട്ടുകൊടുക്കുും. എന്നാൽ ഹമാസ് ഇസ്രയേലുമായി യാതൊരു സന്ധിക്കും ഒരുക്കമല്ല. അവർക്ക് ആ ജൂതരാഷ്ട്രത്തെ മുച്ചൂടും മുടിക്കണം. പിന്നെ ഇസ്രയേൽ വിട്ടുകൊടുക്കുമോ?

ഒരോയുന്ധം കഴിയുമ്പോഴും ഫലസ്തീനിന്റെ വിസ്തൃതി കുറഞ്ഞു. ഈ യുദ്ധങ്ങളൊന്നും കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇസ്രയേൽ അങ്ങോട്ട് കയറി ചെയ്തല്ല. ഇങ്ങോട്ട് മുട്ടി ഉണ്ടാക്കിയതാണ്. എന്നിട്ടും ഇസ്രയേൽ അധിവിനിവേശ ശക്തികൾ ആവുന്നു. മരണഭീതിയുള്ള ജനതയാണ് അവർ. അതിനാൽ തന്നെ അവർ ശക്തമായ സൈന്യവും, ലോകത്തിലെ ഏറ്റവും മികവുറ്റ ചാരസംഘനയുമുണ്ടാക്കി നാടുകാത്തു. ബില്യൺ കണക്കിന് ഡോളറുകൾ ചെലവിട്ട് അയേൺ ഡോം ഉണ്ടാക്കി നാടുകാത്തു. പുല്ലുമുളക്കാത്ത നാടിനെ, ശാസ്ത്രത്തിന്റെ സഹായത്തോടെ പൊന്ന് വിളയുന്ന നാടാക്കി. ആ അർത്ഥത്തിൽ ശരിക്കും ഒരു ലോകമഹാത്ഭുതം തന്നെയാണ്, വെറും 95ലക്ഷം ജനസംഖ്യയുള്ള ഈ കുഞ്ഞൻ രാഷ്ട്രം!

ഇസ്രയേൽ ജൂതരുടെ ജന്മഭൂമി ആയിരുന്നു, പിന്നീട് അവിടെ അറബികളുടെ നാടായി. ആരാണ് ഫലസ്തീന്റെ യഥാർത്ഥ അവകാശികൾ എന്ന ചോദ്യത്തിനൊന്നും ഇന്ന് ഒരു പ്രസക്തിയുമില്ല. അവിടെ ഇപ്പോൾ അറബികളും ജൂതരുമുണ്ട്. രണ്ട് കൂട്ടർക്കും അവിടെ ജീവിക്കണം. ഇസ്രയേലിന്റെ അസ്തിത്വം ഇസ്ലാമിക ലോകം അംഗീകരിച്ച് അനാക്രമണ സന്ധി ഒപ്പുവച്ചാൽ സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാകും. പക്ഷേ ഹമാസിനെപ്പോലെ ഭീകരസംഘടനകൾ അതിന് തയ്യാറല്ല.

എന്നാൽ ഈയടുത്ത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിധം യുഎഇ, മൊറോക്കോ, ബഹ്റൈൻ, സൗദി തുടങ്ങിയ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കൈകോർത്ത് തുടങ്ങിയത് കാലങ്ങളായുള്ള മതപരമായ മസിലുപിടുത്തം കുറഞ്ഞുവരുന്നതിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു.മതപരമായ വെറുപ്പുകൾക്കപ്പുറം സൗഹാർദ്ദപരമായ പുഞ്ചിരികൾ വിടരുന്നത് ലോകം കണ്ട് തുടങ്ങുകയായിരുന്നു. അതിനിടയിലേക്കാണിപ്പോൾ ഹമാസ് എന്ന തീവ്രവാദസംഘം ഇരച്ചുകയറിയത്. അവർക്കറിയാം സൗദിയുമായിക്കൂടി ഇസ്രയേൽ അടുത്താൽ തങ്ങളുടെ കാര്യം പോക്കാണെന്ന്. ഹമാസിന്റെ പ്രശ്നം ഫലസ്തീൻ പ്രശ്നം പരിഹരിക്കയല്ല, ആളിക്കത്തിക്കയാണ്.

വാൽക്കഷ്ണം: മൂൻ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു.' ഞങ്ങൾക്ക് രാജ്യമില്ല എന്ന് വെക്കുക, ഈ ആയുധങ്ങളും, ചാരസംഘടനയും ഒന്നുമില്ല എന്ന് വെക്കുക. എന്നാലും ഞങ്ങൾക്ക് സ്വസ്ഥതത കിട്ടമോ. ഹിറ്റ്ലറിനോട് ഞങ്ങൾ എന്താണ് ചെയ്തത്. ഞങ്ങൾക്കറിയം ഒന്നും ചെയ്തില്ലെങ്കിലും ആക്രമിക്കപ്പെടുമെന്ന്. ഇപ്പോൾ ആയുധങ്ങളും ബോംബുമാണ് ഞങ്ങൾക്ക് സമാധാനം തരുന്നത്'- എത്ര കൃത്യമായ നിരീക്ഷണം.