ന്യാഹസോയോ, കംസാ-അനിദായു............ കേരളത്തിലെ കുട്ടികള്‍, ഹലോ ഹായ്, താങ്ക് യൂ എന്നതിന് പകരം കൊറിയന്‍ ഭാഷയില്‍ ഉപചാരവാക്കുകള്‍ കൈമാറിയപ്പോള്‍, അതിനായി വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയപ്പോള്‍ അന്തം വിട്ടവര്‍ അധ്യാപകരും രക്ഷിതാക്കളും മാത്രമല്ല, നമ്മുടെ സാമൂഹിക നിരീക്ഷകര്‍ കൂടിയാണ്. ദക്ഷിണ കൊറിയയെന്നത് ഇന്നത്തെ കൗമാരക്കാര്‍ക്കിടയില്‍ ശരിക്കും ഒരു തരംഗം തന്നെയായിരിക്കയാണ്. 70കളിലെ ഹിപ്പി തരംഗമൊക്കെപ്പോലെ!

അവിടെുത്തെ കെ-പോപിനെയും കെ-കള്‍ച്ചറിനെയുമെല്ലാം ലോകമെമ്പാടുമുള്ള യുവാക്കള്‍ പ്രണയിക്കുന്നൂ. ബി.ടി.എസിനെയും ബ്ലാക്ക് പിങ്കിനെയും ഹൃദയത്തിലേറ്റന്നു. കിം കി ഡുക്കിന്റെ സിനിമകളില്‍ തുടങ്ങി കൊറിയന്‍ വെബ് സീരീസ് അഡിക്ഷനില്‍ വരെ അത് എത്തിനില്‍ക്കുന്നു. ( ഒരിക്കല്‍ ഒരു ഐഎഫ്എഫ്കെയില്‍ തിരുവനന്തപുരത്ത് എത്തിയ കിം കി ഡുക്ക് ഒന്ന് പുറത്തിറങ്ങി നടന്നപ്പോള്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. തിരിച്ച് പൊലീസ് വാനിലാണ് ആ വിശ്രുത സംവിധായകനെ ഹോട്ടലില്‍ എത്തിച്ചത്. തനിക്ക്് ഇത്രയും ആരാധകര്‍ ലോകത്തിന്റെ ഈ കോണിലുണ്ടെന്ന് അറിഞ്ഞ് കിം കി ഡുക്ക് പോലും ഞെട്ടിയ സമയം! )

സംഗീതത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം കൊറിയന്‍ രീതിയില്‍ ഇന്ന് കേരളത്തിലും ഹിറ്റാണ്. ഒരു യുട്യൂബ് ചാനലല്‍ ഈയിടെ നടത്തിയ സര്‍വേയില്‍ കൊറിയാക്കാരെ വിവാഹം കഴിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് ചില മല്ലു ഗേള്‍സ് പറയുന്നതും വൈറല്‍ ആയിരുന്നു. കൊറിയന്‍ ഭക്ഷണമായ കിംച്ചി കൊച്ചിയില്‍ പോലും എത്തിക്കഴിഞ്ഞു. ഇത് ആഗോള വ്യാപകമായി കണ്ടവരുന്ന ഒരു ട്രെന്‍ഡ് തന്നെയാണ്. തൊട്ടടുത്ത അയല്‍ രാജ്യമായ ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഇരുട്ടിലൂടെ നീങ്ങുമ്പോള്‍, ദക്ഷിണ കൊറിയ ടെക്ക്നോളജിയുടെയും, സ്വാതന്ത്ര്യത്തിന്റെയും, സംസ്‌ക്കാരത്തിന്റെയും കേന്ദ്രമായി മാറി. ആചാരമര്യാദകളുള്ള, മുതിര്‍ന്നവരെയും സ്ത്രീകളെയും ബഹുമാനിക്കുന്ന സംസ്‌കാരസമ്പന്നമായ രാജ്യം എന്നായിരുന്ന ദക്ഷിണ കൊറിയയുടെ പൊതു ഇമേജ്.

എന്നാല്‍ ഇപ്പോള്‍ ആ പൊതുബോധത്തിന് കോട്ടം തട്ടുന്ന ചില വാര്‍ത്തകളാണ്, ലോകത്തെ ജനാധിപത്യപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍നിന്ന് പുറത്തുവരുന്നത്. രാജ്യത്ത് അടിയന്തര പട്ടാളം നിയമം പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രസിഡന്റ് യുന്‍ സുക് യോള്‍ നടത്തിയ ശ്രമം അമ്പരിപ്പിക്കുന്നതായിരുന്നു. ഡിസംബര്‍ രണ്ടിന് ദക്ഷിണകൊറിയന്‍ സമയം രാത്രി 11-ന്, ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് യുന്‍ സുക് യോള്‍ അടിയന്തരപട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ (ഡി.പി.കെ.) രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ കാര്യങ്ങള്‍ നേരേയാക്കാന്‍ പട്ടാളനിയമം പ്രഖ്യാപിക്കുന്നുവെന്നാണ് പ്രസിഡന്റിന്റെ വാദം.

1987-നുശേഷം ആദ്യമായി ദക്ഷിണകൊറിയയില്‍ പട്ടാളനിയമം വരുന്നത്. പക്ഷേ സ്വതന്ത്ര്യദാഹികളായ തെക്കന്‍ കൊറിയക്കാര്‍, വടക്കന്‍ കൊറിയന്‍ മോഡലിലുള്ള ജനാധിപത്യ അട്ടിമറിയെ ഒന്നിച്ച് എതിര്‍ത്തു. ഇതോടെ പ്രസിഡന്റിന്റെ അധികാരപോവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്.



വടക്ക് ഇരുട്ട്, തെക്ക് വെളിച്ചം

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യത്യാസം കാണിക്കാനായി പലരും എടുത്തുകാണിക്കുന്നത്, ഒരു സാറ്റലെറ്റ് രാത്രി ചിത്രമാണ്. ദക്ഷിണകൊറിയ കോടിക്കണക്കിന് വൈദ്യൂത ദീപങ്ങളാല്‍ വെട്ടിത്തിളക്കുമ്പോള്‍, ഉത്തരകൊറിയയില്‍ തലസ്ഥാനമായ പോങ്യാങിലെ ചെറിയ പ്രകാശം ഒഴിച്ചാല്‍ മുഴുവന്‍ അന്ധകാരമാണ്! സാംസങ്, ഹ്യുണ്ടായ്, എല്‍ജി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ദക്ഷിണ കൊറിയയെ ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ സമ്പന്നമാക്കുമ്പോള്‍, കമ്യുണിസ്റ്റ് ഏകാധിപതികള്‍ ഉത്തര കൊറിയയെ പട്ടിണി രാഷ്ട്രമാക്കി.



ഇന്ന് സിനിമയുടെ സംഗീതത്തിന്റെയും കലകളുടെ ഹബ്ബ് കൂടിയാണ് ദക്ഷിണ കൊറിയ. ഓള്‍ഡ് ബോയ് പോലെ, പാരസൈറ്റ് പോലെ ലോകം കീഴടക്കിയ ഒരുപാട് സിനിമകളും വെബ് സീരീസും ദക്ഷിണ കൊറിയയില്‍നിന്ന് ഉണ്ടാവുന്നു. ഗന്നം സ്റ്റൈല്‍ ഒക്കെ ഉണ്ടാക്കിയ തരംഗം നമ്മള്‍ കണ്ടതാണ്. കെ-പോപിനെ പ്രണയിക്കുന്നവര്‍ക്കായി ദക്ഷിണ കൊറിയ കെ-കള്‍ച്ചര്‍ ട്രെയിനിങ് വിസ പോലും പുറത്തിറക്കിയിരുന്നു. സംഗീതത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം കൊറിയന്‍ രീതിയില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണിത്. ബി.ടി.എസ് തരംഗം ലോകവ്യാപകമായി ആഞ്ഞടിച്ചതോടെ ദക്ഷിണ കൊറിയയിലേക്ക് പോകാനും കെ-കള്‍ച്ചറിന്റെ ഭാഗമാവാനും നിരവധി വിദേശികള്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.1 കോടി വിദേശികളാണ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്.




ലോകത്തെ ഏറ്റവും കഠിനമായ പരീക്ഷയെന്ന് വിലയിരുത്തപ്പെടുന്നത്, ദക്ഷിണ കൊറിയയിലെ സുനെങ് ടെസ്റ്റ് ആണത്. കോളേജ് സ്‌കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് എന്നും ഈ പരീക്ഷ അറിയപ്പെടുന്നുണ്ട്. എട്ട് മണിക്കൂര്‍ നീളുന്ന ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്‌സ്, ഇഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ് അല്ലെങ്കില്‍ സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷകള്‍ നടത്തുക. ഇത് ജയിച്ച ഒരാള്‍ക്ക് ലോകത്തെ ഏത് കമ്പനിയിലും കണ്ണുപൂട്ടി ജോലി കിട്ടും!

പ്രസ് ഫ്രീഡം ഇന്‍ഡക്്സിലും, ഫ്രീഡം ഓഫ് സ്പീച്ചിലും താരതമേന്യ നല്ല റേറ്റിംഗാണ് ഈ രാജ്യത്തിന്. ജിഡിപിയില്‍ ലോകത്തില്‍ പത്താം സ്ഥാനം. കയറ്റുമതിയില്‍ എട്ടാം സ്ഥാനം. കൊറിയന്‍ എയര്‍പോര്‍ട്ട് ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ മികച്ച നാലു എയര്‍പോര്‍ട്ടില്‍ ഒന്നാണ്. വിദ്യാഭ്യാസത്തില്‍ ലോകത്തു മുന്‍നിരയിലാണ് ഈ രാജ്യം.

ഇപ്പറഞ്ഞ ഒന്നും ഉത്തര കൊറിയയില്‍ ഇല്ല. അവിടുത്തെ ജനങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ കഴിയില്ല എന്ന് മാത്രമല്ല, ഒരു ഹോളിവുഡ് സിനിമ കാണാണോ, എന്തിന് ഇഷ്ടമുള്ള രീതിയില്‍ മുടിവെട്ടാനോപോലും സ്വാതന്ത്ര്യമില്ല. ഇന്റര്‍നെറ്റ് ഇല്ലാത്ത രാജ്യത്തെക്കുറിച്ച് ഈ നുറ്റാണ്ടില്‍ ചിന്തിക്കാനാവുമാ? ടീവിയില്‍ ജനങ്ങള്‍ എന്ത് പരിപാടി കാണണം എന്ന് സര്‍ക്കര്‍ തീരുമാനിക്കും . പ്രധാന പ്രൈം ടൈം പരിപാടികള്‍ സര്‍ക്കാരിനെ പുകഴ്ത്തുന്ന പ്രോപ്പഗന്‍ണ്ടയാണ്. പക്ഷേ ഉത്തര കൊറിയയില്‍ ഒരുസാധനം ധാരാളമുണ്ട്. ആണവായുധങ്ങളും മിസൈലും! അതുകൊണ്ടുതന്നെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് മുന്നില്‍ ട്രംപിനുപോലും അല്‍പ്പം ബഹുമാനമുണ്ട്. ഇന്നും ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ പേടി, ഉത്തര കൊറിയയില്‍നിന്ന് എത്താന്‍ സാധ്യതയുള്ള മിസൈലുകള്‍ തന്നെയാണ്. ആ ഉത്തര കൊറിയന്‍ ഭീതി മൂപ്പിച്ചാണ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റും പട്ടാള നിയമം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയത്.

ക്യാപിറ്റലിസത്തിലുടെ വളര്‍ന്നു

ചോരയുടെ ചരിത്രമാണ് ശരിക്കും കൊറിയയുടെത്. ജപ്പാന്‍ അധിനിവേശ കാലത്തൊക്കെ പതിനായിരക്കണക്കിന് കൊറിയക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ തോല്‍വിയോടെയാണ് കൊറിയ സ്വതന്ത്രമാവുന്ന്. രാജ്യത്തിന്റെ ദക്ഷിണ ഭാഗം അമേരിക്കയും, ഉത്തര ഭാഗം സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയായിരുന്നു. ഏകീകൃത കൊറിയ എന്നതായിരുന്നു ജനങ്ങളുടെ ആഗ്രഹമെങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനും അതിന് ഒപ്പം നിന്നില്ല. ജപ്പാനീസ് അധിനിവേശത്തിനെതിരെ പോരാടിയ വിപ്ലവകാരികളെ ഏകോപിപ്പിച്ച് കിം മില്‍ സങ്ങിന്റെ നേതൃത്വത്തില്‍ ഒരു ഭരണം കൊണ്ടുവരാനായിരുന്നു സോവിയറ്റ് താല്‍പ്പര്യം. എന്നാല്‍ കൊറിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാകുന്നത് അമേരിക്കയ്ക്ക് അംഗീകരിക്കാന്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ വടക്ക് കിം മില്‍ സങ്ങും, തെക്ക് സിങ്മാന്‍ റീ യും സ്ഥാനമേറ്റു. പക്ഷേ പ്രശ്നം അവസാനിച്ചില്ല.

ഏകീകൃത കൊറിയയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്നുള്ള അവകാശദാദം, 1950 -ലെ കൊറിയന്‍ യുദ്ധത്തിലേക്കു നയിച്ചു. താരതമ്യേന ശക്തമായ സൈന്യമുള്ള ഉത്തര കൊറിയന്‍ സൈന്യത്തോട് ചെറുത്തു നില്‍ക്കാനാവാതെ ദക്ഷിണ കൊറിയ പിന്‍വലിഞ്ഞു. ഈ സമയം, ലോകമഹായുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നുപോയ യൂറോപ്പിനെ പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. എന്നാലും കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമാവുന്നത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല യുഎസിന്. പക്ഷെ സോവിയറ്റ് യൂണിയന്‍ പോലൊരു ആണവശക്തിയെ നേരിട്ട് മുട്ടാന്‍ അവര്‍ക്ക് ആകുമായിരുന്നുമില്ല. അതിനാല്‍ യുഎന്‍ സേനാ നടപടി എന്ന പേരില്‍ ഈ വിഷയത്തില്‍ ഇടപെടുകയാണ് അമേരിക്ക ചെയ്തത്. യുഎന്‍ സേനയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും അമേരിക്കന്‍ സേനയില്‍ നിന്നുമായിരുന്നു. ഇവര്‍ ശക്തമായി തിരിച്ചടിച്ചതോടെ ഉത്തര കൊറിയക്ക് പിന്‍വാങ്ങേണ്ടി വന്നു.

യുഎന്‍ സേനയുടെ തിരിച്ചടി തങ്ങളുടെ അതിര്‍ത്തിയും ഭേദിക്കും എന്നു ഭയപ്പെട്ട ചൈന ഉത്തര കൊറിയയുടെ കൂടെ ചേര്‍ന്ന് യുദ്ധം ചെയ്തു. എന്നാല്‍ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ചൈനയുടെയും ഉത്തരകൊറിയയുടെയും യുദ്ധവിമാനങ്ങള്‍ ദുര്‍ബലമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയെ പരോക്ഷമായി സഹായിക്കാന്‍ സോവിയറ്റ് യൂണിയനും എത്തി. അങ്ങനെ ചൈനയുടെയും സോവിയറ്റ് യൂണിയന്‍ന്റെയും സഹകരണത്തിന്റെ ഫലമായി നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഉത്തര കൊറിയ വീണ്ടെടുത്തു. രണ്ടു വര്‍ഷത്തോളം പിന്നെയും യുദ്ധം നീണ്ടുനിന്നു. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നില്ല. ശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍ വെടി നിര്‍ത്തല്‍ തീരുമാനിക്കുകയും ഉത്തര ദക്ഷിണ കൊറിയകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും ഇരുവശങ്ങളിലും സൈന്യശക്തികളെ വിന്യസിക്കുകയും ചെയ്തു. ഇന്നും ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സൈനിക വിന്യസം ഈ അതിര്‍ത്തികളിലാണ്.




ചൈനയില്‍ നിന്നും സോവിയറ്റ് യൂണിയനില്‍ന്നും സാമ്പത്തിക സഹായം കിട്ടിക്കൊണ്ടിരുന്ന ഉത്തര കൊറിയ, ആദ്യകാലത്ത് ദക്ഷിണ കൊറിയയെക്കാള്‍ സമ്പന്നമായിരുന്നു. പക്ഷേ വിദ്യാഭ്യാസത്തിലൂടെയും, ക്യാപറ്റിലിസത്തിലുടെയും, ഗ്ലോബല്‍ മാര്‍ക്കറ്റിലുടെയും ദക്ഷിണ കൊറിയ വളര്‍ന്നു. ലോകത്തിലെ ഏറ്റവും നല്ല കമ്പനികള്‍ അവിടെയുണ്ടായി. ഏറ്റവും നല്ല കലാകാരന്‍മ്മാര്‍ ഉണ്ടായി.

പതിട്ടാണ്ടുകള്‍ക്ക് ശേഷം ഇന്ന് ദക്ഷിണകൊറിയ ലോകത്തിലെ 12ാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. പക്ഷേ കമ്യൂണിസമെന്ന അടഞ്ഞ ആശയത്തിലുടെ ഉത്തര കൊറിയ, ആയുധങ്ങള്‍ മാത്രമുള്ള ഒരു ഭീകര രാഷ്ട്രമായി മാറി. ദക്ഷിണ കൊറിയയുടെ ഈ വളര്‍ച്ചക്ക് ഏറ്റവും അടിസ്ഥാനമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്ന കാര്യം അവിടുത്തെ സ്വാതന്ത്ര്യമായിരുന്നു. തുറന്ന വിപണിയായിരുന്നു. അവിടെ പട്ടാള നിയമം നടപ്പാക്കി, ഉത്തര കൊറിയന്‍ മോഡലിനാണ് പുതിയ പ്രസിഡന്റ് ശ്രമിച്ചത്.

ചീറ്റിപ്പോയ പട്ടാള നിയമം

ഒരു രാജ്യം ഒന്നിച്ച് എതിര്‍ത്ത് പ്രസിഡന്റിനെ തോല്‍പ്പിക്കുക. ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരിക. വലിയ ചെറുത്തുനില്‍പ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍നിന്ന് പുറത്തുവരുന്നത്. ഡിസംബര്‍ രണ്ടിന് രാത്രി പ്രസിഡന്റ് യുന്‍ സുക് യോള്‍ അടിയന്തരപട്ടാളനിയമം പ്രഖ്യാപിച്ചതോടെ, ആര്‍മി പാര്‍ലമെന്റിന്റെ കാവലേറ്റെടുത്തു. രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈന്യം പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടച്ചു. എന്നാല്‍, സംഘര്‍ഷാവസ്ഥ നീണ്ടത് 6 മണിക്കൂര്‍ മാത്രമായിരുന്നു. പ്രസിഡന്റിന്റെ തീരുമാനം ദേശീയ അസംബ്ലി തള്ളി. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. പല എം പിമാരും പാര്‍ലിമെന്റിന്റെ മതിലുചാടിയെന്നോണമാണ് വോട്ടിങ്ങിന് എത്തിയത്. ഇതോടെ പിറ്റേന്ന് പുലര്‍ച്ചെ നാലരയോടെ പട്ടാളനിയമം പിന്‍വലിക്കപ്പെട്ടു.

ദക്ഷിണ കൊറിയയിലെ കലാകാരന്‍മ്മാര്‍ അടക്കമുള്ളവര്‍ പട്ടാള നിയമത്തിനെതിരെ തിരിഞ്ഞു. വിദ്യാര്‍ത്ഥികള്‍ രാത്രിക്ക് രാത്രി സ്വാതന്ത്ര്യ ഗാനമുണ്ടാക്കി. ഇതെല്ലാം രാഷ്ട്രീയക്കാരെയും വലിയ തോതില്‍ സ്വാധീനിച്ചു. ദക്ഷിണകൊറിയന്‍ ജനതയുടെ അതിശക്തമായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്, മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡി.പി.കെയാണ്. പട്ടാളത്തെ മറികടന്ന് പാര്‍ലിമെന്റില്‍ കയറാന്‍ നേതൃത്വം കൊടുത്ത ഡി.പി.കെ. നേതാവ് ലീ ജെ മ്യുങ്ങ് ദേശീയ ഹീറോ ആവുകയും ചെയ്തു.




ദക്ഷിണകൊറിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയിലെ 300 എം.പി.മാരില്‍, ഭരണപക്ഷത്തെ പത്തുപേരുള്‍പ്പെടെ 190 പേര്‍ പ്രഖ്യാപനത്തിനെതിരേ വോട്ടുചെയ്തു. ഭൂരിപക്ഷം എതിര്‍ത്താല്‍ പട്ടാളനിയമം പിന്‍വലിക്കണമെന്നാണ് ഭരണഘടനാചട്ടം. യുന്‍ സുക് യോളിന് നിയമം പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തിന് സായുധഭീഷണിയുണ്ടാവുകയോ ജനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സിവിലിയന്‍ സര്‍ക്കാരിനു കഴിയാതെവരുകയോ ചെയ്യുന്നസാഹചര്യത്തില്‍ പട്ടാളനിയമം പ്രഖ്യാപിക്കാം എന്നാണ് ദക്ഷിണകൊറിയന്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇത്തരം ഒരുഭീഷണിയും ഇല്ലാതിരിക്കെയാണ് ആര്‍മി റൂള്‍ കൊണ്ടുവന്നത്.

പ്രതിപക്ഷം യുന്നിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയംകൊണ്ടുവന്നു. പക്ഷേ, പട്ടാളനിയമപ്രഖ്യാപനത്തെ എതിര്‍ത്തെങ്കിലും ഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പി.പി.പി.) ഇംപീച്ച്‌മെന്റിനെ ആദ്യം അനുകൂലിച്ചില്ല. പ്രതിപക്ഷം വിട്ടുകൊടുത്തില്ല. വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. ഇത്തവണ പി.പി.പി.യിലെ 12 പേര്‍ പ്രതിപക്ഷത്തിനൊപ്പം നിന്നു. 85-നെതിരേ 204 വോട്ടിന് പ്രമേയം പാസായി. പ്രസിഡന്റിന്റെ അധികാരം തത്കാലത്തേക്ക് പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിനു കൈമാറി.

യുന്നിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു

ഇപ്പോള്‍ ഫലത്തില്‍ പ്രസിഡന്റ് യുന്‍ നിഷ്‌ക്കാസിതനാണ്. അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും പൂട്ടുവീണിരിക്കയാണ്. പട്ടാളനിയമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന നേതാക്കളിലൊരാളായ ദക്ഷിണകൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂന്‍ ആത്മഹത്യക്ക് ശ്രമിച്ചതും വാര്‍ത്തയായി. ഒരു തടങ്കല്‍ കേന്ദ്രത്തിലാണ് കിം യോങ് ഹ്യൂന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റും നടന്നു. അധികൃതര്‍ ഇടപെട്ടാണ് മുന്‍ മന്ത്രിയുടെ ആത്മഹത്യാശ്രമം തടഞ്ഞത്. പട്ടാളനിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ പോലീസ്, അന്വേഷണം ഊര്‍ജിതമാക്കിയിരിക്കേയാണ്, തന്റെ ഓഫീസിലെ കുളിമുറിയില്‍ ഹ്യൂന്‍ ആത്മഹത്യശ്രമം നടത്തിയത്. ഇപ്പോള്‍ പട്ടാള നിയമം വന്നതിനെക്കുറിച്ചും പൊലീസും ദേശീയ സുരക്ഷാ ഏജന്‍സികളും അന്വേഷിക്കയാണ്.

പക്ഷേ, യുന്നിനെ പുര്‍ണ്ണമായും അധികാരത്തില്‍നിന്നു നീക്കുന്നതിന്റെ ആദ്യപടിയേ ആയിട്ടുള്ള എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇനി ശ്രദ്ധയത്രയും ഭരണഘടനാകോടതിയിലാണ്. യുന്നിനെ അധികാരത്തില്‍നിന്നു പുറത്താക്കണോ അതോ ഇംപീച്ച്‌മെന്റ് തള്ളി അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഭരണഘടനാകോടതിയാണ്. അതിന് 180 ദിവസമുണ്ട്. കോടതി നീക്കുകയോ യുന്‍ രാജിവെക്കുകയോ ചെയ്താല്‍ 60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കണം. കോടതി ഇംപീച്ച്‌മെന്റ് അംഗീകരിച്ചാല്‍ ഈ വിധിനേരിടുന്ന രണ്ടാം ദക്ഷിണകൊറിയന്‍ പ്രസിഡന്റാകും യുന്‍.

അഴിമതിക്കും അധികാരദുര്‍വിനിയോഗത്തിനും 2017-ല്‍ പുറത്തായ പാര്‍ക്ക് ഗ്വെന്‍ ഹൈയാണ് ആദ്യത്തെയാള്‍. അന്ന് രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ യുന്‍ സുക് യോളായിരുന്നു എന്നത് വൈരുധ്യം. എന്നാല്‍, റോ മുന്‍ ഹ്യുന്‍ എന്ന മറ്റൊരു പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് രണ്ടുമാസത്തെ ആലോചനയ്ക്കുശേഷം ഭരണഘടനാകോടതി തള്ളിക്കളഞ്ഞ ചരിത്രമുണ്ട്. 2004-ലായിരുന്നു അത്. പ്രസിഡന്റ് പാലിക്കേണ്ട രാഷ്ട്രീയനിഷ്പക്ഷത റോ പാലിച്ചില്ല എന്നതായിരുന്നു ഇംപീച്ച്‌മെന്റിനു കാരണം. ഭരണഘടനാകോടതിവിധിയോടെ അധികാരത്തില്‍ തിരിച്ചെത്തിയ റോ ഭരണകാലം മുഴുവന്‍ തികച്ചാണ് പടിയിറങ്ങിയത്.



അഭിഭാഷകനായിത്തുടങ്ങി പ്രോസിക്യൂട്ടര്‍ ജനറല്‍ പദവിയില്‍വരെയെത്തിയ യുന്‍, പ്രസിഡന്റാകുംവരെ മറ്റു രാഷ്ട്രീയപദവികളൊന്നും വഹിച്ചിട്ടില്ലായിരുന്നു. 2021 മാര്‍ച്ചില്‍ അദ്ദേഹം പ്രോസിക്യൂട്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. 2022 മാര്‍ച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഡി.പി.കെ. സ്ഥാനാര്‍ഥിയായ ലീയെ നേരിയ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ച് പ്രസിഡന്റായി. വലതുപക്ഷക്കാരനും യാഥാസ്ഥിതികനുമായ യുന്നിന്റെ പ്രതിച്ഛായ പെട്ടെന്നു മങ്ങി. യുന്നിന്റെകീഴില്‍ ഉത്തര-ദക്ഷിണ കൊറിയ സംഘര്‍ഷം മൂര്‍ച്ഛിച്ചു. സ്ത്രീവിരുദ്ധനെന്ന് അറിയപ്പെടുന്ന യുന്നിന്റെ ഭാര്യയെ ചുറ്റിപ്പറ്റിയും ആരോപണങ്ങളുയര്‍ന്നു. അടുത്തവര്‍ഷത്തെ ബജറ്റുതുകയെച്ചൊല്ലി പ്രതിപക്ഷവുമായി ഭിന്നത ഉടലെടുത്തു. ഇതെല്ലാം കത്തിനില്‍ക്കുമ്പോഴായിരുന്നു പട്ടാളനിയമപ്രഖ്യാപനം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ഒരിക്കല്‍പ്പോലും യുന്നിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടിയില്ല. ഇക്കൊല്ലം ഏപ്രിലില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡി.പി.കെ.യാണ് വന്‍വിജയം നേടിയത്. അതും യുന്നിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. അഞ്ചുവര്‍ഷമാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കാലാവധി. ഇനിയും മൂന്നുവര്‍ഷം യുന്നിനു ബാക്കിയുണ്ട്. അപ്പോഴാണ് പട്ടാള നിയമത്തിന്റെപേരില്‍ അടിതെറ്റിവീണത്.

പിന്നില്‍ ഉത്തര കൊറിയന്‍ മോഡല്‍

തന്റെ അഴിമതികള്‍ എന്നെങ്കിലും പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, ഉത്തര കൊറിയന്‍ മോഡലില്‍ ഒരു ഏകാധിപതിയാവാന്‍ യുന്‍ ശ്രമിച്ച കളികളാണ് സ്വാതന്ത്ര്യദാഹികളായ ഒരു ജനത പൊളിച്ചത്. ഇന്നും ദക്ഷിണ കൊറിയയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഉത്തര കൊറിയ ശ്രമിക്കുന്നുണ്ട്. മൂവായിരം, നാലായിരം കിലോമീറ്റര്‍ ചെന്നെത്തുവാന്‍ കഴിയുന്ന ആണവ വാഹക മിസൈലുകളുള്ള ആ രാജ്യത്തെ ഭീതിയോടെ തന്നെയാണ്, ഓരോ ദക്ഷിണ കൊറിയക്കാരനും കാണുന്നത്. അപ്പോള്‍ പ്രതിപക്ഷം, നോര്‍ത്ത് കൊറിയന്‍ അനുകൂലികളാണ് എന്ന് പറഞ്ഞാല്‍ ആ വികാരം ക്ലച്ച് പിടിക്കമെന്നാണ് പ്രസിഡന്റ് യു എന്‍ കരുതിയത്.

ഇന്നും പലരീതിയില്‍ ദക്ഷിണ കൊറിയയെ ഉപദ്രവിക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം, ദക്ഷിണ കൊറിയയ്ക്ക് നേരെ ഉത്തര കൊറിയ 'നോയിസ് ബോംബിങ്' നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഉഗ്രമായ ശബ്ദങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തി വിട്ടായിരുന്നു ഈ പുത്തന്‍ ആക്രമണം. അസഹനീയമായ ഒച്ച കാരണം അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദൈനംദിനജീവിതം തടസ്സപ്പെട്ടു. രാത്രിയില്‍ ഉറങ്ങാനോ പകല്‍ സമാധാനമായിരിക്കാനോ ഇവര്‍ക്ക് കഴിഞ്ഞില്ല. ഉത്തര കൊറിയയുടെ ലൗഡ് സ്പീക്കറുകള്‍ ഇരുപത്തിനാല് മണിക്കൂറും ചെന്നായ്ക്കളുടെ ഓരിയിടല്‍, വെടിക്കോപ്പുകളുടെ ശബ്ദം തുടങ്ങിയവയൊക്കെ സംപ്രേഷണം ചെയ്താണ് ബുദ്ധിമുട്ടുണ്ടാക്കിയത്.


നേരത്തെ കിമ്മിനെതിരെ, ലഘുലേഖകള്‍ ബലൂണിലുടെ ദക്ഷിണ കൊറിയ അതിര്‍ത്തി കടത്തിവിട്ടുവെന്ന് ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഇതിന് മറുപാടിയായി, മാലിന്യം നിറച്ച് ബലൂണുകള്‍ ക്ഷിണ കൊറിയയിലേക്ക് അയക്കുകയാണ് ഉത്തര കൊറിയ ചെയ്തത്! പ്ലാസ്റ്റിക്, പേപ്പര്‍, സിഗരറ്റ് കുറ്റികള്‍ തുടങ്ങിയവയും മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളും നിറച്ച ഹീലിയം ബലൂണുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനങ്ങളില്‍ മാലിന്യസഞ്ചി കൃത്യമായി ഇറക്കാനുള്ള ജി.പി.എസ്. സാങ്കേതികവിദ്യ ഈ ബലൂണുകളിലുണ്ട്.

ഇപ്പോഴും കൊറിയന്‍ അതിര്‍ത്തികളില്‍ ഇടക്കിടെ സംഘര്‍ഷവും ഉണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷം, രാജ്യത്തിന്റെ വടക്കന്‍ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തിരുന്നു. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകര്‍ന്നിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചാര ഡ്രോണുകള്‍ ഉത്തര കൊറിയയില്‍ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.എന്നാല്‍ ദക്ഷിണ കൊറിയ ഡ്രോണുകളെ അയച്ചതായുള്ള വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ് ദക്ഷിണ കൊറിയയുമായുള്ള അതിര്‍ത്തികള്‍ ഉത്തര കൊറിയ സ്ഥിരമായി അടച്ചിരിക്കയാണ്.

ഇങ്ങനെ ഇപ്പോഴും യുദ്ധവെറിയും, സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്ന ഒരു അവസരത്തിലാണ്, ഉത്തര കൊറിയന്‍ അനുകൂലികള്‍ എന്ന് പ്രതിപക്ഷത്തെ ചാപ്പയടിച്ച്, പതുക്കെ ഏകാധിപതിയാവാം എന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ശ്രമിച്ചത്. അതാവട്ടെ അയാളുടെ രാഷ്ട്രീയ വാഴ്ചയുടെ അന്ത്യവുമായി. വടക്കന്‍ കൊറിയ അല്ല തെക്കന്‍ കൊറിയ എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.

വാല്‍ക്കഷ്ണം: ഇന്ത്യയും പാക്കിസ്ഥാനുംപോലെ ഒരേ സമയത്ത് സ്വതന്ത്ര്യം കിട്ടിയ രണ്ടു രാജ്യങ്ങള്‍. ഒന്ന് ഭൂമിയിലെ സ്വര്‍ഗമായി, മറ്റേത് നരകവും. കമ്യൂണിസവും ക്യാപിറ്റലിസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടവര്‍ക്ക് വേറെ എവിടെയും പോവേണ്ട. രണ്ട് രാജ്യങ്ങളുടെയും രാത്രികാല സാറ്റലെറ്റ് ചിത്രം മാത്രം നോക്കിയാല്‍ മതി.