രേ സമയത്ത് അയാൾ സൃഷ്ടിയും സംഹാരവുമായിരുന്നു. ഒരു കൈ കൊണ്ട് തല്ലുമ്പോഴും മറുകൈ കൊണ്ട് തലോടാൻ മറക്കാത്തതായിരുന്നു അയാളുടെ നയതന്ത്രം. ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയായ പല തീരുമാനങ്ങളും എടുത്ത അതേ വ്യക്തി തന്നെ, ഓടിനടന്നുള്ള ചർച്ചകളിലുടെ നേതാക്കളെ ഒരു മേശക്ക് ചുറ്റം ഇരുത്തി, പല യുദ്ധങ്ങളും അവസാനിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് മനുഷ്യജീവനുകളും രക്ഷിച്ചു. യഹൂദനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ചെറുപ്പകാലത്ത് അതിക്രൂരമായി നിന്ദിക്കപ്പെട്ട അയാൾ, പിന്നീട് അമേരിക്കിയുടെ താക്കോൽ പൊസിഷനിൽ എത്തിയപ്പോൾ, സ്വകാര്യ സംഭാഷണങ്ങളിൽ പലർക്കുമെതിരെ വംശവെറിയുള്ള വാക്കുകൾ ഉപയോഗിച്ച് വില്ലനായി. യുഎസ് പ്രസിഡന്റ് ആവാതിരുന്നിട്ടുകൂടി, പ്രസിഡന്റിനേക്കാൾ വലിയ ലോക നേതാവായി.

ആ നയതന്ത്ര അത്ഭുതത്തിന്റെ പേരാണ് യു.എസ് മുൻ സുരക്ഷാ ഉപദേഷ്ടാവായ ഹെന്റി എ. കിസിഞ്ജർ. കഴിഞ്ഞ ദിവസം, നൂറാമത്തെ വയസ്സിൽ മരിക്കുമ്പോഴും ഈ നൊബേൽസമ്മാന ജേതാവ്, നായകനാണോ അതോ വില്ലനാണോ എന്ന് ചർച്ച തുടരുകയാണ്. മാരത്തോൺ ചർച്ചകൾക്ക് പേരു കേട്ട വ്യക്തിയായിരുന്നു കിസിഞ്ജർ. അതുകൊണ്ടുതന്നെ, രാവേറെ നീളുന്ന ചർച്ചകൾക്കും സമവായങ്ങൾക്കും നേതൃത്വം കൊടുക്കുന്നവർ ഒക്കെ കിസിഞ്ജറിന്റെ പേരിനൊപ്പം അറിയപ്പെട്ടു. ബ്രിട്ടീഷ് കിസിഞ്ജറും, സ്വീഡീഷ് കിസിഞ്ജറും, ബ്രസീലിയൻ കിസിഞ്ജറും, ഇന്ത്യൻ കിസിഞ്ജനും, എന്തിന് കേരളാ കിസിഞ്ജറുമായും പലരും അറിയപ്പെട്ടു. ( 80കളിൽ മുന്നണി രാഷ്ട്രീയ സമവായ ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ആർഎസ്‌പി നേതാവ് ബേബി ജോൺ ആണ്, കേരളാ കിസിഞ്ജറായി അറിയപ്പെട്ടത്!)

ചരിത്രം പരിശോധിക്കുമ്പോവൾ നല്ലതും ചീത്തയും കാണും. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ശരിക്കും അതിശയകരമായ ഒരു ജീവിതമായിരുന്നു ഹെന്റി ആൽഫ്രഡ് കിസിഞ്ജറിന്റെത്. നാസികളുടെ അവഹേളനങ്ങളും പീഡനങ്ങളും ഏറ്റവാങ്ങിയ ബാലനിൽനിന്ന്, ലോകത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന കരുത്തനായ മനുഷ്യനിലേക്കുള്ള വളർച്ച അതിശയകരമായ ഒരു കഥയാണ്!

നാസി പീഡനത്തിന്റെ ദുരിതബാല്യം

1923 മെയ് 27-ന് ജർമ്മനിയിലെ ബവേറിയയിലെ ഫൂർത്തിൽ, വീട്ടമ്മയായ പോളയുടെയും, അദ്ധ്യാപകനായ ലൂയിസ് കിസിഞ്ജറിന്റെയും മകനായാണ് ഹെന്റി ജനിച്ചത്. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനും ഉണ്ടായിരുന്നു, വാൾട്ടർ. ജർമ്മനിയിലെ ഒരു പേരുകേട്ട ബിസിസസ് കുംടുംബമായിരുന്നു അവരുടേത്.

ജർമനിയിലെ അറിയപ്പെടുന്ന ക്ലബുകൾക്ക് വേണ്ടി ഫുട്‌ബോൾ കളിച്ചുനടന്ന കുട്ടിക്കാലമായിരുന്നു കിസിഞ്ജർക്കുണ്ടായിരുന്നത്. പക്ഷേ തന്റെ ഒമ്പതാം വയസ്സിൽ അഡോൾഫ് ഹിറ്റ്‌ലർ ജർമൻ ചാൻസലറാവുന്നതോടെയാണ് ജൂതന്മാരുടെ കഷ്ടകാലം തുടങ്ങുന്നത്. നാസി ഭരണത്തിന് കീഴിൽ ഹിറ്റ്ലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മർദനമേറ്റ കഥകൾ കിസിഞ്ജർ പറയാറുണ്ടായിരുന്നു. ജൂതന്മാർക്ക് ഫുട്‌ബോൾ മത്സരങ്ങൾ കാണാനുള്ള അനുമതിയുണ്ടായിരുന്നില്ല. കളിയോടുള്ള അടങ്ങാത്ത ആവേശം കാരണം സ്റ്റേഡിയത്തിൽ ഒളിഞ്ഞുനോക്കിയതിന് ആ ബാലന് നിരന്തരം മർദനമേറ്റു. നാസികളുടെ യഹൂദ വിരുദ്ധ നിയമങ്ങളുടെ ഫലമായി, അവന് ജിംനേഷ്യത്തിൽ പ്രവേശനം നേടാനായില്ല. പീഡനം നാൾക്കുനാൾ വർധിച്ചുവന്നു. പിതാവിനെ അദ്ധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. രാജ്യത്തെ അറിയപ്പെടുന്ന ഹൈസ്‌കൂളിൽ ജൂതന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ ഹെന്റിയുടെ 15-ാം വയസിൽ ആ കുടുംബം അമേരിക്കയിലേക്ക് പലായനം ചെയ്തു.

ജർമനിയിൽ സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബമായിരുന്നെങ്കിൽ, അമേരിക്കയിലെത്തിയതോടെ ഏതൊരു അഭയാർഥി കുടുംബത്തേയുമെന്ന പോലെ അവരും പട്ടിണിക്കാരായി. പഠിക്കാൻ മിടുക്കനായിരുന്ന കിസിഞ്ജർക്ക് ന്യൂയോർക്കിലെ ജോർജ് വാഷിങ്ടൺ ഹൈസ്‌കൂളിൽ പ്രവേശനം ലഭിച്ചിരുന്നു. പക്ഷേ ഹൈസ്‌കൂളിലെ ഒന്നാം വർഷത്തിനുശേഷം അവൻ പകൽ സമയത്ത് ഒരു ഷേവിങ് ബ്രഷ് ഫാക്ടറിയിൽ ജോലി നോക്കേണ്ടി വന്നു. പകൽ ജോലിയും, രാത്രി പഠിത്തവും. അങ്ങനെയാണ് ആ കുട്ടി 1940-ൽ ഹൈസ്‌കൂൾ ബിരുദം നേടിയയത്. എന്നിട്ടും അവന് നല്ല മാർക്കുണ്ടായിരുന്നു. അങ്ങനെ ന്യൂയോർക്കിലെ തന്നെ സിറ്റി കോളേജിൽ അക്കൗണ്ടൻസി പഠിച്ചു. 1943-ൽ അമേരിക്കൻ പൗരത്വം കിട്ടിയ കിസിഞ്ജർ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. അതും തന്റെ ജീവിതത്തിൽ അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ചുവെന്ന് കിസിഞ്ജർ പിന്നീട് എഴുതിയിട്ടുണ്ട്.

സൈനികനിൽനിന്ന് നയതന്ത്രഞ്ജനിലേക്ക്

അന്നത്തെ സൈനിക സേവനം ശരിക്കും ക്ലേശകരമായിരുന്നു. 20ാം വയസ്സിൽ യു.എസ് സൈന്യം അവനെ പെൻസിൽവാനിയയിലെ കോളേജിൽ എഞ്ചിനീയറിങ് പഠിക്കാൻ അയച്ചു. പക്ഷേ പഠനം തുടങ്ങുന്നതിന് മുമ്പ് 84 -ാമത്തെ ഇൻഫൻട്രി ഡിവിഷനിലേക്ക് സ്ഥലം മാറ്റമായി. അവിടെ, ജർമ്മനിയിൽ നിന്നുള്ള ഒരു സഹ കുടിയേറ്റക്കാരനായ ഫ്രിറ്റ്സ് ക്രേമറെ അദ്ദേഹം പരിചയപ്പെട്ടു. കിസിഞൻജറിന്റെ ജർമ്മൻ ഭാഷയിലുള്ള പ്രാവീണ്യവും, ബുദ്ധിയും ശ്രദ്ധിച്ച ഇദ്ദേഹം, ഡിവിഷന്റെ മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിലേക്ക് നിയമിക്കാൻ ശിപാർശ ചെയ്തു. പിന്നീട് അപകടകരമായ രഹസ്യാന്വേഷണ ചുമതലകൾക്കായും അദ്ദേഹം നിയോഗിപ്പെട്ടു.

ജർമ്മനിയിലേക്കുള്ള അമേരിക്കൻ മുന്നേറ്റം നടക്കുന്ന സമയം ആയിരുന്നു അത്. ഡിവിഷന്റെ ഇന്റലിജൻസ് സ്റ്റാഫിൽ ജർമ്മൻ സംസാരിക്കുന്നവരുടെ അഭാവം ഉണ്ടായിരുന്നു. പക്ഷേ ഭാഷ ഇവിടെ കിസിൻജറെ തുണച്ചു. ഏറ്റവും താഴ്ന്ന സൈനിക റാങ്കുണ്ടായിട്ടും അദ്ദേഹത്തിന് ഉന്നന്നതകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. പിന്നീട് കൗണ്ടർ ഇന്റലിജൻസ് കോർപ്‌സിലേക്ക് (സിഐസി) നിയമിതതനായി. അവിടെ അദ്ദേഹം സെർജന്റ് റാങ്കിലുള്ള ഒരു സിഐസി സ്പെഷ്യൽ ഏജന്റായി. കഠിനാധ്വാനിയും, ബുദ്ധിമാനുമായ ആ ചെറുപ്പക്കാരൻ വളരെ പെട്ടെന്ന് സൈന്യത്തിന്റെ സൽപ്പേര് നേടി.

ഗസ്റ്റപ്പോ ഉദ്യോഗസ്ഥരെയും മറ്റ് അട്ടിമറിക്കാരെയും കണ്ടെത്തുന്നതിന് ഹാനോവറിലെ ഒരു ടീമിന്റെ ചുമതല അദ്ദേഹത്തിന് നൽകി. ആ സേവനത്തിൽ അദ്ദേഹം സ്റ്റാർ നേടി. 1945 ജൂണിൽ, കിസിൻജറെ, ഡിറ്റാച്ച്മെന്റിന്റെ കമാൻഡന്റാക്കി . സമ്പൂർണ്ണ അധികാരവും അറസ്റ്റിനുള്ള അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും, പ്രാദേശിക ജനങ്ങൾക്കെതിരെ അതൊന്നും അദ്ദേഹം ദുരുപയോഗം ചെയ്തില്ല.പട്ടാളത്തിലെഅനുഭവങ്ങങൾ 'എന്നെ ഒരു പൂർണ്ണ അമേരിക്കക്കാരനാക്കിയെന്നാണ്' കിസിൻഞ്ജർ പിന്നീട് അനുസ്മരിച്ചത്.

അഞ്ചു വർഷത്തിന് ശേഷം ജോലി മതിയാക്കി, ജർമനിയിൽ തിരിച്ചെത്തി. ഫ്രാൻസിൽ റൈഫിൾമാനായും പിന്നീട് ജർമനിയിൽ ജി-2 ഇന്റലിജൻസ് ഓഫീസറായും സൈന്യത്തിനായി പ്രവർത്തിച്ചു. പിന്നീട്, ഇതിലെല്ലാം മടുപ്പ് തോന്നിയ കിസിഞ്ജർ രാഷ്ട്രീയ ചരിത്രത്തിൽ തന്റെ പഠനം തുടരാൻ ആഗ്രഹിച്ചു. 1947-ൽ അമേരിക്കയിൽ തിരിച്ചെത്തി, 1954-ഓടെ ഹാർവാർഡ് സർവകലാശാലയിൽ പിഎച്ച്.ഡി. പൂർത്തിയാക്കി. ഓസ്ട്രിയൻ നയതന്ത്രജ്ഞനായ ക്ലമെൻസ് വോൺ മെറ്റേണിച്ചിന്റെ രീതികളെക്കുറിച്ചായിരുന്നു പഠനം. പിൽകാലത്ത്, ഹെന്റി കിസിഞ്ജറുടെ ഓരോ തീരുമാനങ്ങളേയും മെറ്റേണിച്ച് സ്വാധീനിച്ചുവെന്നാണ് പറയപ്പെടുന്നത്.

ഹാർവാർഡ് സർവകലാശാലയിൽ അദ്ധ്യാപനവും പുസ്തകമെഴുത്തുമായി പിന്നീട് ജീവിതം. അദ്ദേഹം എഴുതിയ പ്രബന്ധങ്ങൾ വ്യാപകമായി വായിക്കപ്പെട്ടു. രാഷ്ട്രീയ ഉപശാലകളിൽ അത് ഗൗരവേമേറിയ ചർച്ചയായി. ഇതിനിടെയിൽ തന്നെ ജോൺ എഫ്. കെന്നഡിയും ലിൻഡൻ ജോൺസണും അമേരിക്കൻ പ്രസിഡന്റുമാരായിരുന്നപ്പോൾ വിദേശകാര്യങ്ങളിൽ പ്രത്യേക ഉപദേഷ്ടാവുമായി. തുടർന്നാണ് 1969-ൽ ഹാർവാർഡിലെ ജോലി ഉപേക്ഷിച്ച്, റിച്ചാർഡ് നിക്‌സന്റെ ക്ഷണം സ്വീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനം ഏറ്റടെുക്കുന്നത്. 75 വരെ സ്ഥാനത്തുതുടർന്നു. പിന്നീട് 1973- 77 വരെ വിദേശകാര്യ സെക്രട്ടറിയുമായി.

നിക്‌സന് പിറകിലെ ബുദ്ധി കേന്ദ്രം

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റിച്ചാർഡ് മിൽഹൗസ് നിക്സന്റെ രാഷ്ട്രീയ ബുദ്ധി കേന്ദ്രം ശരിക്കും ഹെന്റി കിസിഞ്ജർ ആയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്കയുടെ പ്രസിഡന്റായ സമയമാണ് കിസിഞ്ജറുടെയും പ്രതാപ കാലം. ഭരണാധികാരിയെന്ന നിലയിൽ നിക്‌സനുണ്ടായിരുന്ന കുറവുകളെല്ലാം നികത്തിയിരുന്നത് കിസിഞ്ജർ ആയിരുന്നു. നിക്‌സന്റെ ദൗർബല്യമേഖലയായിരുന്ന ബൗദ്ധിക ഔന്നത്യം, കിസിഞ്ജർ തന്റെ അക്കാദമിക് പാണ്ഡിത്യത്തിലൂടെ പരിഹരിച്ചു. നിക്‌സൻ ലക്ഷണമൊത്ത പരമ്പരാഗത അമേരിക്കക്കാരനായിരുന്നപ്പോൾ, കിസിഞ്ജർ വിശ്വപൗരനായിരുന്നു. നിക്‌സനെപ്പോലെ താൻ രാഷ്ട്രീയത്തിൽ ശക്തനല്ലെന്ന് അവകാശപ്പെടുമായിരുന്നെങ്കിലും ഒരു പക്ഷേ, നിക്‌സ്നോളമോ അതിനേക്കാളേറെയോ രാഷ്ട്രീയക്കാരനായിരുന്നു കിസിഞ്ജർ.

റിച്ചാർഡ് നിക്സന്റെ പിൻഗാമിയായ ജെറാൾഡ് ഫോഡിന് കീഴിലം കിസിൻജർ വിദേശകാര്യസെക്രട്ടറിയായി പ്രവർത്തിച്ചു. നിക്സന്റെ ഭരണകാലത്ത് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരൻ എന്ന കീർത്തിയും കിസിൻജർക്ക് സ്വന്തം.  ഒരു വിഭാഗം നയതന്ത്രജ്ഞതയുടെ സമാനതകളില്ലാത്ത ഒരേയൊരു രാജാവായി ചിത്രീകരിക്കുമ്പോൾ, തങ്ങളുടെ അതിർത്തിക്കുള്ളിൽ ജീവനറ്റുവീണ ശരീരങ്ങളുടെ ചോരപ്പാടുള്ള കൈകളുടെ ഉടമയെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. കിസിൻജർക്ക് നോബേൽ സമ്മാനം നേടിക്കൊടുന്ന വിയറ്റ്നാം യുദ്ധവും സമാധാനാവും തന്നെ ഇതിന് നല്ല ഉദാഹരണമാണ്.

നോബേൽ സമ്മാന കമ്മിറ്റിയുടെ വൈബ്‌സൈറ്റിൽ ഹെന്റി കിസിഞ്ജറെ കുറിച്ചുള്ള ചെറു ജീവചരിത്രത്തിൽ കൗതുകകരമായ ഒരു വിശദീകരണമുണ്ട്. അതിങ്ങനെയാണ്:- 'ബോംബുകൾ വർഷിക്കാൻ ഉത്തരവിട്ടയാൾതന്നെ അതേസമയത്ത് വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു'.


വിയറ്റ്നാമിലെ കാലനും കാരണ്യവാനും

1959 മുതൽ 1975 വരെ നീണ്ടുനിന്ന യുദ്ധം പ്രത്യക്ഷത്തിൽ ഉത്തര വിയറ്റ്‌നാമും ദക്ഷിണ വിയറ്റ്‌നാമും തമ്മിലുള്ളതായിരുന്നുവെങ്കിലും, അമേരിക്കയെ സംബന്ധിച്ച അത് കമ്മ്യൂണിസ്റ്റുകൾക്കെതിരായ യുദ്ധമായിരുന്നു. കമ്മ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്‌നാമിനെ പിന്തുണച്ചപ്പോൾ, ദക്ഷിണ വിയറ്റ്‌നാമിനൊപ്പമായിരുന്നു അമേരിക്ക. 1973-ഓടെയാണ് പാരീസ് ഉടമ്പടി പ്രകാരം യുദ്ധത്തിൽനിന്ന് പിന്മാറാൻ അമേരിക്ക തീരുമാനിക്കുന്നത്. തുടർന്ന് '75-ൽ കമ്മ്യൂണിസ്റ്റുകൾ ദക്ഷിണ വിയറ്റ്‌നാം പിടിച്ചടക്കുകയും വൈകാതെ തന്നെ ഇരു വിയറ്റ്‌നാമുകളും ഏകീകരിക്കപ്പെടുകയും ചെയ്തു.

1968-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിയറ്റ്‌നാം യുദ്ധം പ്രധാനചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. അമേരിക്കയുടെ ആത്മാഭിമാനം കാത്തുസൂക്ഷിച്ച് സമാധാനം കൊണ്ടുവരുമെന്ന് നിക്‌സൺ പ്രചാരണം നടത്തി. ദക്ഷിണ വിയറ്റ്‌നാമിനെ സ്വതന്ത്രമാക്കി യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു നിക്‌സണിന്റെ ലക്ഷ്യം. അമേരിക്കൻ ഉപാധികൾ അംഗീകരിച്ചുള്ള നയതന്ത്രപരമായ തീർപ്പിന് ഉത്തര വിയറ്റ്‌നാം സന്നദ്ധമായില്ലെങ്കിൽ ആണവായുധങ്ങൾ പോലും ഉപയോഗിക്കും എന്ന പ്രതീതിയുണ്ടാക്കിയായിരുന്നു നിക്‌സണിന്റെ പ്രചാരണം. യുദ്ധം അമേരിക്കൻ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടാക്കിയെങ്കിലും പെട്ടെന്ന് ദക്ഷിണ വിയറ്റ്‌നാമിൽനിന്ന് സൈന്യത്തെ പിൻവലിച്ചാൽ അത് അമേരിക്ക പേടിച്ചുപിന്മാറുന്നതാണെന്ന് വിലയിരുത്തപ്പെടുമെന്നതിനാൽ അത്തരമൊരു നീക്കത്തിന് നിക്‌സൺ ഭരണകൂടം തയ്യാറായിരുന്നില്ല. ഉത്തര വിയറ്റ്‌നാമുമായി രഹസ്യചർച്ചകളിലൂടെ യുദ്ധത്തിന് വിരാമമിടാനായിരുന്നു കിസിഞ്ജർക്ക് നിക്‌സൺ നൽകിയ നിർദ്ദേശം.

അത്തരം രഹസ്യ സന്ധിസംഭാഷണങ്ങളുടെ എല്ലാകാലത്തേയും അതികായനായ നയതന്ത്രജ്ഞനായി ഇന്നും കിസിഞ്ജർ വിലയിരുത്തപ്പെടുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനേയും വിദേശകാര്യ സംവിധാനങ്ങളേയും പൂർണ്ണമായും ഇരുട്ടിൽ നിർത്തിയായിരുന്നു കിസിഞ്ജറുടെ നീക്കങ്ങൾ. യുദ്ധമവസാനിച്ചാൽ തന്നെ അതിന്റെ ക്രെഡിറ്റ് രാജ്യത്തിനോ പ്രതിരോധവകുപ്പിനോ ലഭിക്കരുതെന്ന ഉദ്ദേശവും നിക്‌സണിനുണ്ടായിരുന്നു. എന്നാൽ, നിക്‌സണേയും മറികടന്ന് അതിന്റെ എല്ലാ നല്ലപേരും ചെന്നുവീണത് കിസിഞ്ജർക്കായിരുന്നുവെന്നത് വൈപരീത്യം.

മാരത്തോൺ ചർച്ചകൾ

ഉത്തര വിയറ്റ്‌നാമിലെ ജനറലായിരുന്ന ലെ ദുക് തോയുമായി 68 തവണയാണ് യുദ്ധത്തിൽനിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് കിസിഞ്ജർ ചർച്ച നടത്തിയത്. ഇതിൽ പലതും നിക്‌സൺ പോലും അറിഞ്ഞിരുന്നില്ലത്രേ. 'സമാധാനം കൊണ്ടുവന്നതിന്റെ' ക്രെഡിറ്റ് ലഭിക്കാൻ വിയറ്റ്‌നാമിലെ സൈഗണിനു പകരം ചർച്ചകൾക്ക് വേദി തിരഞ്ഞെടുത്തത് പാരീസ്. ഇതിന്റെ തുടർച്ചയായായാണ് 1973 ജനുവരി 27-ന് ഇരുപക്ഷവും പാരീസ് സാമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്. '69 മുതൽ പരിഗണനയിലുണ്ടായിരുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ കിസിഞ്ജറും നിക്‌സണും ചേർന്ന് നാലു വർഷം വൈകിപ്പിച്ചുവെന്ന ആക്ഷേപമാണ് പക്ഷേ, അവർക്കതിന് ലഭിച്ചത്.

വിയറ്റ്‌നാം യുദ്ധകാലത്ത് അതിനടുത്ത രാജ്യങ്ങളായ കംബോഡിയയിലും ലാവോസിലും തുടർച്ചയായ ബോംബ് ആക്രമണങ്ങളുണ്ടായി. യുദ്ധത്തിൽ പക്ഷപാതരഹിതമായ നിലപാട് സ്വീകരിച്ച കംബോഡിയയുടേയും ലാവോസിന്റേയും അതിർത്തികൾ വഴി ഉത്തര വിയറ്റ്‌നാം പക്ഷം ആയുധക്കടത്ത് നടത്തി. ഇതിനെ പ്രതിരോധിക്കാൻ കിസിഞ്ജർ കണ്ടെത്തിയ വഴിയായിരുന്നു കംബോഡിയയിലെ ബോംബാക്രമണം. ഓപ്പറേഷൻ മെനു എന്നറിയപ്പെട്ട നീക്കം അമേരിക്കൻ കോൺഗ്രസിൽനിന്ന് പോലും കിസിഞ്ജറും നിക്‌സണും മറച്ചുവെച്ചു.

1969-നും '70-നും ഇടയിൽ 3,875 ബോംബ് ആക്രമണങ്ങൾക്ക് കിസിഞ്ജർ അനുമതി നൽകിയെന്നാണ് പെന്റഗൺ തന്നെ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അമേരിക്കൻ ബോംബാക്രമണത്തിൽ ഒന്നര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയിൽ സാധാരണ പൗരന്മാർക്ക് ജീവൻ നഷ്ടമായെന്നും ഔദ്യോഗിക രേഖകൾ. ദക്ഷിണവിയറ്റ്‌നാമിനെ ലക്ഷ്യമിട്ടെന്ന വ്യാജേന പറന്നുയരുന്ന ബോംബർ വിമാനങ്ങൾ വഴിതിരിച്ചുവിട്ടായിരുന്നു കംബോഡിയയിലെ പല ബേസ് ഏരിയകളിലും ബോംബ് വർഷിച്ചത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സ്‌നാക്ക്, ഡിന്നർ, സപ്പർ, ഡെസേർട്ട് എന്നിങ്ങനെയായിരുന്നു ഓപ്പറേഷനുകൾക്ക് കിസിഞ്ജർ നൽകിയ പേരുകൾ.

കംബോഡിയയിലെ ബോംബിങ് വളരെ രഹസ്യമാക്കി, കോഡ് ഭാഷയിലുള്ള ആശയകൈമാറ്റത്തിലൂടെ, പല തലത്തിലുള്ള സംവിധാനങ്ങളിലൂടെയായിരുന്നു നടപ്പാക്കിയതെങ്കിലും വിവരം ചോർന്നു. ന്യൂയോർക്ക് ടൈംസിൽ അതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെ വാർത്ത ചോർത്തി നൽകിയവരെ കണ്ടെത്താൻ ദേശീയ സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ ഫോൺ ചോർത്താൻ കിസിഞ്ജർ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്ക് നർദേശം നൽകി. ഈ വിവരവും വാട്ടർഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്നതും 1973 സമാധാന ഉടമ്പടിക്ക് രണ്ടു വർഷങ്ങൾക്ക് ശേഷം വിയറ്റ്‌നാമിൽ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതും കിസിഞ്ജർക്ക് വലിയ തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രഞ്ജൻ എന്ന് അറിയപ്പെട്ടപ്പോഴും വിയറ്റ്‌നാം യുദ്ധത്തിലെ പരാജയം തീരാകളങ്കമായി.

യോം കിപ്പുർ യുദ്ധത്തിലെ ഹീറോ

1973ൽ അറബ്രാഷ്ട്രങ്ങൾ ഇസ്രയേലിനെ ആക്രമിച്ച യോം കിപ്പുർ യുദ്ധത്തിൽ സമാധാനം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കിസിഞ്ജർക്ക് അവകാശപ്പെട്ടതാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ കിസിഞ്ജർക്ക് സമാധാനശ്രമങ്ങളുമായി മൂൻകൈ എടുത്തത്. കയ്റോയിലും ഡമാസ്‌കസിലും ടെൽ അവീവിലും അദ്ദേഹം മാറിമാറി പറന്നെത്തി. ആ 'ഷട്ടിൽ ഡിപ്ലൊമസി'യുടെ ഫലമായിരുന്നു വെടിനിർത്തലെന്ന് നിരീക്ഷണങ്ങളുണ്ട്. ഇസ്രയേലിന്റെയും അറബ് രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളിൽ പല തവണ പറന്നെത്തി അവരുടെ നേതാക്കളുമായി കിസിഞ്ജർ നടത്തിയ ചർച്ചകളാണ് ഷട്ടിൽ ഡിപ്ളോമസി എന്നറിയപ്പെടാൻ തുടങ്ങിയത്.

കിസിഞ്ജറെ സംബന്ധിച്ച്, ഈ യുദ്ധത്തിൽ ഇസ്രയേലിന്റെ തോൽവി അചിന്തനീയമായിരുന്നു. അറബ് കൂട്ടുകെട്ടിനുള്ള സോവിയറ്റ് പിന്തുണയായിരുന്നു അതിനു കാരണം. ഇസ്രയേലിന്റെ തോൽവി പശ്ചിമേഷ്യയിലെ യു.എസ്. താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ഭയന്നു. എന്നാൽ, അറബ് സഖ്യം ഇസ്രയേലിനു കീഴടങ്ങുന്നതിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. വിജയം ഇസ്രയേലിനെ യു.എസ്. ചൊൽപ്പടിയിൽ നിർത്താതിരിക്കുമോ എന്ന ആശങ്കയായിരുന്നു കാരണം. 'രണ്ടു പക്ഷവും ജയിക്കുന്നത് എനിക്കു പേടിസ്വപ്നമാണെ'ന്ന് യു.എസിലെ സോവിയറ്റ് സ്ഥാനപതി അനറ്റൊലി ദോബ്രിനിനോട് കിസിഞ്ജർ പറഞ്ഞതിന്റെ രേഖകൾ 'ഫോറിൻ പോളിസി' മാസിക പിന്നീട് പ്രസിദ്ധീകരിച്ചു. അതേ ചിന്താഗതിയായിരുന്നു ദോബ്രിനിനും.

ഒടുവിൽ ഐക്യരാഷ്ട്രസഭ ഇടപെട്ട്, ഒക്ടോബർ 22-ന് വെടിനിർത്തലുണ്ടായി. ആ വെടിനിർത്തലിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതിന് യുദ്ധത്തിലെ കക്ഷികൾ പരസ്പരം പഴിച്ചു. രണ്ടുദിവസത്തിനുശേഷം വീണ്ടും വെടിനിർത്തലുണ്ടായി. അത് അന്തിമമായിരുന്നു. അങ്ങനെ 1973 ഒക്ടോബർ 26-ന് യുദ്ധം അവസാനിച്ചു.
മധ്യപൂർവദേശത്തെ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള വാതിൽ കിസിഞ്ജറുടെ ഷട്ടിൽ ഡിപ്ളോമസിയോടെ അമേരിക്കയുടെ മുന്നിൽ തുറക്കപ്പെട്ടു. പിന്നീട് യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മധ്യസ്ഥതയിൽ സാദാത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാഹം ബെഗിനും തമ്മിൽ ചർച്ച നടന്നു. ഈജിപ്ത്-ഇസ്രയേൽ സമാധാന ഉടമ്പടിയിൽ 1979ൽ അവർ ഒപ്പുവച്ചതോടെ ഇസ്രയേലിനെ ഈജിപ്ത് ഒരു രാഷ്ട്രമായി അംഗീകരിക്കുകയും അതുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.അതുവരെ ഒരു അറബ് രാജ്യവും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല.

പിന്നീട് പല രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കാൻ തയ്യാറായി.
അങ്ങനെ കിസിഞ്ജറുടെ മാരത്തോൺ ചർച്ചകളുടെ ഫലമായി ഒരു പരിധിവരെയെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം വന്നു. അതുപോലെ ചിലയിൽ നടത്തിയ അട്ടിമറികൾ, ചൈനയെ ചെറുക്കാൻ നടത്തിയ ഇടപെടലുകൾ... അങ്ങനെ ഒരുപാട് കാര്യങ്ങൾ കിസിഞ്ജറിന്റെ ഡയറിയിലുണ്ട്.

കടുത്ത ഇന്ത്യാവിരുദ്ധൻ

കടുത്ത ഇന്ത്യാവിരുദ്ധനാണ് കിസിഞ്ജർ എന്നതും പലതവണ വിവാദമായതാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ നിക്സൺ ഭരണകൂടവും കിസിഞ്ജറും പാക്കിസ്ഥാനൊപ്പം നിലകൊണ്ടതും ഇന്ത്യക്കെതിരേ നീക്കങ്ങൾ നടത്തിയതും ചരിത്രമാണ്. ഇന്ത്യയുമായി അടുപ്പമുള്ള സോവിയറ്റ് യൂണിയൻ ദക്ഷിണേഷ്യയിൽ പിടിമുറുക്കാതിരിക്കാൻ പാക്കിസ്ഥാനൊപ്പം നിൽക്കണം എന്നായിരുന്നു അമേരിക്കൻ നിലപാട്. ചൈനയുമായി രാഷ്ട്രീയ- വ്യാപാര ബന്ധത്തിന് ശ്രമിക്കുന്ന നിക്സണും കിസിഞ്ജറും ഈ ബന്ധത്തിന് പാക്കിസ്ഥാനെ ഇടനിലക്കാരായി ഉപയോഗിക്കുക കൂടി ചെയ്തിരുന്ന കാലത്താണ് യുദ്ധമുണ്ടാവുന്നത്. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കൻ പാക്കിസ്ഥാനിൽ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകൾ അറിഞ്ഞിട്ടും കിസിഞ്ജറും നിക്സണും ചേർന്ന് അത് ലോകത്തിന് മുന്നിൽനിന്ന് മറച്ചുവെച്ചു.

യുദ്ധം ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇന്ത്യൻ അതിർത്തികളിലേക്ക് ചൈനീസ് പട്ടാളത്തെ അയക്കാൻ നിക്സൺ ആവശ്യപ്പെട്ടു. എന്നാൽ, ചൈനീസ് കടന്നുകയറ്റം, യുദ്ധമുഖത്തേക്ക് സോവിയറ്റ് യൂണിയനെയും വിളിച്ചുവരുത്തുമെന്നറിയാമായിരുന്ന കിസിഞ്ജർ 'ഇന്ദിരയെ പേടിപ്പിക്കാൻ' ബംഗാൾ ഉൾക്കടലിലേക്ക് ഒരു നാവിക കപ്പൽ അയക്കാനാണ് ആവശ്യപ്പെട്ടത്. ചൈനയുടെ കപ്പലിനെ തടയാൻ സോവിയറ്റ് യൂണിയൻ രംഗത്തെത്തിയതോടെ അവിടയും കിസിഞ്ജർ തന്ത്രം പരാജയപ്പെട്ടതും ചരിത്രം.ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കിയ ചരിത്രം കൂടി, 1971-ലെ പാക്കിസ്ഥാന്റെ തോൽവിയോടെ കിസിഞ്ജറിനുണ്ടായിരുന്നു.

ഇന്ത്യയോടുള്ള കനത്ത പുച്ഛത്തിന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള കടുത്ത അനിഷ്ടത്തിന്റേയും പേരിലും അദ്ദേഹം വിവാദ നായകനായി. ഒന്നാന്തരം മുഖസ്തുതിക്കാർ, അധികാരത്തിലുള്ളവരുടെ കാലു നക്കാൻ മിടുക്കന്മാർ എന്ന കിസിഞ്ജറുടെ അഭിപ്രായപ്രകടനം വലിയ വിമർശനം ഏറ്റുവാങ്ങി. 1971 ജൂൺ 17-ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന യോഗത്തിലായിരുന്നു കിസിഞ്ജറുടെ അഭിപ്രായപ്രകടനം. സംഭാഷണങ്ങൾ അടങ്ങിയ ടേപ്പുകൾ രഹസ്യപ്പട്ടികയിൽനിന്ന് നീക്കിയതിനെത്തുടർന്ന് യു.എസ്. മാധ്യമങ്ങൾ അവ പുറത്തുവിട്ടിരുന്നു.

യോഗത്തിൽ, ഇന്ത്യയ്ക്കാരെ ദരിദ്രവാസികളെന്നും സൗന്ദര്യമില്ലാത്തവരെന്നും ആണും പെണ്ണുമല്ലാത്തവരെന്നും നിക്‌സൺ അധിക്ഷേപിക്കുന്നുണ്ട്. പുറത്തുവന്ന
ടേപ്പിൽ 50-ാം മിനിറ്റോട് അടുക്കുമ്പോൾ നിക്‌സൻ ഇങ്ങനെ പറയുന്നു: 'ഒരു സംശയവും വേണ്ട, ലോകത്തിലെ ഏറ്റവും ഭംഗിയില്ലാത്ത സ്ത്രീകൾ ഇന്ത്യയിലേതാണ്. ആഫ്രിക്കയിലെ കറുത്തവർഗക്കാരോ എന്ന് അപ്പോൾ ആളുകൾ ചോദിക്കും. പക്ഷേ, അവർക്കൊരു ഓജസ്സുണ്ട്, മൃഗസദൃശമായ ഒരു വശ്യതയുണ്ട്. പക്ഷേ, ഈ ഇന്ത്യക്കാർ കഷ്ടമാണ്'. 'അവർ മികച്ച മുഖസ്തുതിക്കാരാണ്. മുഖസ്തുതിയിൽ അവർ മിടുക്കരാണ്. സൂക്ഷ്മമായ മുഖസ്തുതിയിൽ വിദഗ്ദ്ധർ. അങ്ങനെയാണ് അവർ 600 വർഷം അതിജീവിച്ചത്. അവർ ആളുകളെ ഊറ്റിയെടുക്കുന്നു. പ്രധാന സ്ഥാനങ്ങളിലുള്ളവരെ അവർ ഊറ്റി ജീവിക്കുന്നു, അതാണ് അവരുടെ പ്രധാന കഴിവ്' എന്ന് നിക്‌സന് മറുപടിയായി കിസിഞ്ജർ പറയുന്നു. ഇത് വൻവിവാദമായി. പക്ഷേ പരാമർശങ്ങളിൽ പിന്നീട് കിസിഞ്ജർ ഖേദമറിയിച്ചിരുന്നു. പിൽക്കാലത്ത് കിസിഞ്ജർ ഇന്ത്യയെ പലതവണ പൊക്കിപ്പറഞ്ഞുവെന്നതും വേറെ കാര്യം.

ഒടുവിൽ അണ്വായുധങ്ങൾക്കെതിരെ

അധികാരം എല്ലായിപ്പോഴും എല്ലാവർക്കും ഒപ്പം നിൽക്കില്ലല്ലോ. വാട്ടർഗേറ്റ് വിവാദത്തെത്തുടർന്ന് നിക്സൺ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതോടെ കിസിഞ്ജറുടെ സ്വാധീനവും കുറഞ്ഞു. പുതിയ പ്രസിഡന്റ്, ജെറാൾഡ് ഫോഡിന്റെ വിദേശകാര്യ സെക്രട്ടറിയായെങ്കിലും നേരത്തെയുണ്ടായിരുന്ന സ്വാധീനം കിസിഞ്ജർക്ക് നഷ്ടപ്പെട്ടു തുടങ്ങി. 1976-ൽ ജിമ്മി കാർട്ടർ പ്രസിഡന്റായതോടെ കിസിഞ്ജറും അധികാരത്തിന് പുറത്തായി. എങ്കിലും പലപ്പോഴും അമേരിക്കൻ ഭരണകൂടത്തിന്റെ പല സുപ്രധാന നയരൂപീകരണ സമിതികളിലും അദ്ദേഹം ഭാഗമായി.

ഔദ്യോഗികമായി ഇനി അമേരിക്കയുടെ നയതന്ത്ര തലപ്പെത്ത് എത്താൻ കഴിയില്ല എന്ന് കിസിഞ്ജർക്കും നന്നായി അറിയാമായിരുന്നു. എന്നാലും, ഒരു റിട്ടയേഡ് ലൈഫിന് അദ്ദേഹം തയ്യാറായില്ല. പല സർവകലാശാലകളിലും അദ്ധ്യാപകനായി. 1982-ൽ കിസിഞ്ജർ അസോസിയേറ്റ്സ് എന്ന പേരിൽ കൺസൾട്ടിങ് സ്ഥാപനം തുടങ്ങി. പിന്നീട് മാധ്യമസ്ഥാപനങ്ങളടക്കം പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയായി. 2000-ത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് അബ്ദുറഹ്മാൻ വാഹിദ് കിസിഞ്ജറെ തന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചു. 2002-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അന്വേഷിക്കാൻ ജോർജ് ബുഷ് ഏർപ്പെടുത്തിയ കമ്മിഷന്റെ അധ്യക്ഷനായി. പക്ഷേ ഒരുമാസത്തിനുള്ളിൽ തന്നെ സ്ഥാനം രാജിവെച്ചു.

70 വയസ്സിനുശേഷം അതിശയകരമായ മാറ്റമാണ് അദ്ദേഹത്തിൽ കണ്ടത്. നിരവധി യുദ്ധങ്ങൾക്ക് കാരണക്കാരൻ എന്ന് പഴികേട്ട അദ്ദേഹം പുർണ്ണമായി സമാധാനത്തിന്റെ പാതയിലേക്ക് വന്നു. വില്ല്യം പെറി, സാം നൺ, ജോർജ് ഷുൾട്‌സ് എന്നിവർക്കൊപ്പം ചേർന്ന്, ആണവായുധരഹിത ലോകത്തിനായി വാദിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം പ്രവർത്തിച്ചു. 2008- ൽ പൊതുസേവനത്തിന് നൽകിയ സംഭാവനകളുടെ പേരിൽ അമേരിക്ക പാട്രിയോട്ട് അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നതു മുതൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരിലും കിസിഞ്ജർ വാർത്തകളിൽനിറഞ്ഞു. ട്രംപിനേക്കാൾ അമേരിക്കയിൽ ഹിലരി ക്ലിന്റൺ യു.എസ്. പ്രസിഡന്റാവണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ ആഗ്രഹിച്ചിരുന്നതായി കിസിഞ്ജറുടെ പ്രസ്താവനയും ചർച്ച ചെയ്യപ്പെട്ടു. പഠനങ്ങളും ലേഖനങ്ങളും തീസിസുകളും ഓർമക്കുറിപ്പുകളുമായി ഏതാണ്ട് 20 പുസ്തകങ്ങൾ കിസിഞ്ജറുടേതായി പുറത്തുവന്നിട്ടുണ്ട്. ഈ നൂറാം വയസ്സിലും അദ്ദേഹം ഒരു പുസ്തക രചനയുടെ തിരിക്കലായിരുന്നു.

വാൽക്കഷ്ണം: വാർധക്യകാലത്തുപോലും ഒരു ദിവസവും അദ്ദേഹം ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. ദിവസവും ലോകത്തിലെ ഓരോ കാര്യങ്ങളും പഠിക്കാൻ കിസിഞ്ജർ സമയം കണ്ടെത്തി. രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും, ലോകം കണ്ട ഏറ്റവും മിടുക്കനായ നയതന്ത്രഞ്ജൻ പറയുന്നത് സമാധാനത്തെക്കുറിച്ചാണ്. തീർത്തും സമാധാനവാദിയായാണ് അദ്ദേഹം മരിക്കുന്നതും.