- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാല വാര്‍ധക്യം വന്ന് മെലിഞ്ഞുണങ്ങിയുള്ള മരണമാണോ നമ്മുടെ ചില താരങ്ങളെ കാത്തിരിക്കുന്നത്! മണ്ണില്ലാതെ പോഷക ലായനിയില്‍ വളരുന്ന ലഹരി; വില കിലോയ്ക്ക് ഒരു കോടി വരെ; തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും; മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥ
മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥ
മലയാളത്തിലെ നാലഞ്ചുനടന്‍മ്മാര്‍ അടുത്തുതന്നെ മെലിഞ്ഞുണങ്ങി, പല്ലും അസ്ഥികളും പൊടിഞ്ഞ് മരിച്ചുവീഴും! കഴിഞ്ഞ കുറച്ചുകാലമായി ഇത് കേള്‍ക്കുന്നുണ്ട്. ഈയിടെ സിനിമാ മേഖലയില്‍നിന്നുള്ള ഒരു യുട്യൂബര്‍ ഇക്കാര്യം എടുത്തുപറഞ്ഞപ്പോഴും ആരും നടുങ്ങിയില്ല. കാരണം, മലയാള സിനിമയിലേക്കും നാര്‍ക്കോട്ടിക്ക് മാഫിയക്ക് എന്‍ട്രി കിട്ടിയെന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സൈസും പൊലീസും ചോദ്യം ചെയ്യുകയും ഇവര്‍ രാസലഹരിയടക്കം ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 'ആലപ്പുഴ ജിംഖാന' എന്ന സിനിമ തീയേറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അതിന്റെ ഡയറക്ടര്‍ ഖാലിദ് റഹ്‌മാനും, 'തമാശ' എന്ന സിനിമയുടെ സംവിധായകന്‍ അഷ്റഫ് ഹംസയും അകത്താവുന്നത്. അവരുടെ കൈയിനിന്ന് പിടിച്ചത് ഹൈബ്രിഡ് കഞ്ചാവാണ്.
ഇതോടെയാണ് ഹൈബ്രിഡ് കഞ്ചാവ് എന്ന വാക്ക് കേരളത്തിലും എറെ ചര്‍ച്ചയായത്. കഞ്ചാവിനെക്കുറിച്ചും, എംഡിഎംഎയെക്കുറിച്ചും ഏറെ ചര്‍ച്ചചെയ്യുന്ന നമുക്ക് അത്രയേറെ അറിയാത്ത ഒരു സാധനമാണിത്. മാത്രമല്ല, രാസലഹരിപോലെ അപകടകരമല്ല ഇത്, ഉന്‍മേഷദായനിയാണ് തുടങ്ങിയ ന്യായീകരണ വാദങ്ങളും പല ഭാഗത്തുനിന്നും നിറയുന്നുണ്ട്. പക്ഷേ സത്യം അതൊന്നുമല്ല. കേരളം അഭിമുഖീകരിക്കാന്‍ പോവുന്ന അതിഭീകരമായ ഒരു വിപത്താണിത്.
എന്താണ് ഹൈബ്രിഡ് കഞ്ചാവ് ?
എന്താണ് ഹൈബ്രിഡ് കഞ്ചാവ് എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് ആദ്യം കഞ്ചാവ് എന്താണെന്ന് കൃത്യമായി അറിയണം. കഞ്ചാവ് എന്നത് കനാബിസ് സസ്യത്തില്‍ നിന്നുള്ള ഒരു നൈസര്‍ഗ്ഗിക പദാര്‍ത്ഥമാണ്. ഇതിന്റെ ഇലകള്‍, കായങ്ങള്‍, വിത്തുകള്‍, പുഷ്പങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പലതരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നത്. കഞ്ചാവ്, ഭാംഗ്, ചരസ് എന്നിങ്ങനെയുള്ള പേരുകളില്‍ ചികിത്സക്കും, മതാചാരങ്ങള്‍ക്കും, ഉല്ലാസത്തിനുമായി ഇത് ആളുകള്‍ പ്രാചീനകാലം മുതലേ ഉപയോഗിച്ചു വരുന്നുണ്ട്.
കഞ്ചാവ് ചെടിയെ ഗഞ്ചിക എന്നാണ് സംസ്‌കൃതത്തില്‍ വിളിക്കുന്നത്. നേപ്പാളില്‍ ഇത് ഗഞ്ച് എന്നും. ഇവയില്‍ നിന്നാണ്, മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്. കഞ്ചാവ് ചെടിയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, വീഡ്, ജോയിന്റ്, മരിജുവാന എന്നിങ്ങനെയും വിളിക്കുന്നു. പരാഗണം നടത്താത്ത പെണ്‍ സസ്യങ്ങളെ ഹാഷിഷ് എന്ന് വിളിക്കുന്നു. ഹാഷിഷ് വേര്‍തിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന ഒരു ഒലിയോറെസിന്‍ ആണ് ഹാഷിഷ് ഓയില്‍. ചെടിയുടെ പൂക്കളിലും നാമ്പുളിലും ഉണ്ടാകുന്ന കറയ്ക്കാണ് വീര്യം കൂടുതല്‍. ചെടിയുടെ ഉണങ്ങിയ ഇലകളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഭാംഗ് ഉത്തരേന്ത്യയില്‍ പാനീയമായി ഉപയോഗിക്കുന്നുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് എന്നത് ലളിതമായി പറഞ്ഞാല്‍ രണ്ട് വ്യത്യസ്ത തരം കഞ്ചാവ് ചെടികള്‍ തമ്മിലുള്ള ഒരു ക്രോസ് ആണ്. പ്രധാനമായും കഞ്ചാവ് സറ്റൈവയും കഞ്ചാവ് ഇന്‍ഡിക്കയും തമ്മിലാണ് ഈ ക്രോസിംഗ് നടത്തുന്നത് . സറ്റൈവ ഊര്‍ജ്ജസ്വലവും ഉന്മേഷദായകവുമായ ഫലം നല്‍കുന്നു. എന്നാല്‍ ഇന്‍ഡിക്ക വിശ്രമവും ശാന്തവും നല്‍കുന്നു. ഈ രണ്ടും സംയോജിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് ചെടികള്‍ ഉണ്ടാക്കുന്നുത്.
ഇത് ഒരു മേല്‍ത്തരം ലഹരിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഹൈബ്രിഡ് കഞ്ചാവ് സൃഷ്ടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം വീര്യം കൂടുക എന്നതാണ്. സാധാരണ കഞ്ചാവിന്റെ പതിന്‍മടങ്ങ് കിക്കുള്ളതാണ് ഹൈബ്രിഡ്. ഇതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ചിലപ്പോള്‍ വൈദ്യപരമായ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്. പ്രശസ്തമായ ചില ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് ബ്ലൂ ഡ്രീം. ഇത് ഒരു ബാലന്‍സ്ഡ് ഹൈബ്രിഡാണ്. അധികം മയക്കം വരുത്താതെ വിശ്രമത്തിന് വളരെ പ്രചാരമുള്ളതാണ്. ഗേള്‍ സ്‌കൗട്ട് കുക്കീസ് എന്ന ഇന്‍ഡിക്ക-ഡോമിനന്റ്, സന്തോഷത്തിനും സര്‍ഗ്ഗാത്മകതയ്ക്കും പേരുകേട്ടതാണെന്നാണ് പറയുന്നത്. പൈനാപ്പിള്‍ എക്സ്പ്രസ് എന്ന സറ്റൈവ-ഡോമിനന്റ്, ഉന്മേഷദായകവും ഊര്‍ജ്ജസ്വലവുമായ ഫലമുണ്ടാക്കുന്നുവെന്ന് പറയുന്നു. പക്ഷേ സ്ഥിരമായി ഉപയോഗിച്ചാല്‍ ഇതൊന്നുമല്ല ഫലം.
അകാലവാര്‍ധക്യം വന്ന് മരണം
ഹൈബ്രിഡ് കഞ്ചാവില്‍ ലഹരിയുടെ അംശം കൂടുതലായിരിക്കും. കൂടുതല്‍ ഊര്‍ജം നല്‍കി തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോള്‍. അത് മണിക്കൂറുകളോളം നില്‍നില്‍ക്കുകയും ചെയ്യും. ചിലര്‍ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേര്‍ക്കാറുണ്ടത്രേ. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയിക്കുന്നത്.
കേന്ദ്ര നാഡീ വ്യൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് കഞ്ചാവിനെ മദ്യത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരില്‍ ഉന്മേഷം കൂടുതലായിരിക്കും. മാത്രമല്ല ഇവരുടെ കേള്‍വിശക്തി അതി കൂര്‍മമാകും. വിശപ്പും കാര്യമായി വര്‍ദ്ധിക്കും. ഇവര്‍ക്ക് ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും . എന്നാല്‍ ഇതെല്ലാം താല്‍ക്കാലികമാണ്. നിരന്തരമുള്ള ഉപയോഗം മനുഷ്യന്റെ എല്ലാ കഴിവുകളും ഇല്ലാതാക്കും. നിങ്ങളെ ചണ്ടിയാക്കും!
ഈ ഹൈബ്രിഡിന്റെ ശാന്തത, ഉന്‍മേഷം എന്നൊക്കെപ്പറയുന്നത് വെറും തോന്നല്‍ മാത്രമാണ്. ഇത് ഉപയോഗിച്ച് തുടങ്ങിയാല്‍ നിങ്ങള്‍ അധികകാലം കഴിയും മുമ്പ് അടിമകളാവും എന്ന് ഉറപ്പാണ്. പിന്നെ ശരീരം മെലിഞ്ഞ്, മാനസിക പ്രശ്ങ്ങളുമായി, കിളിപോയ അവസ്ഥയിലാവും നിങ്ങള്‍. ( മലയാളത്തിലെ ചില നടന്‍മ്മാരുടെ അഭിമുഖങ്ങളിലെ കിളിപോയ കളി എന്തിന്റെ സൂചനയാണെന്ന് ഇത് ചേര്‍ത്ത് വായിക്കുമ്പോഴേ അറിയൂ) ഹൈബ്രിഡ് കഞ്ചാവ് ക്രിയേറ്റിവിറ്റി വര്‍ധിപ്പിക്കുമെന്നത് വെറും കപടവാദമാണെന്നാണ്, മനോരോഗ വിദഗ്ധര്‍ ഡോ ജോസ്റ്റിയന്‍ ഫ്രാന്‍സിസ് പറയുന്നത്. സത്യത്തില്‍ സകല ക്രിയേറ്റിവിറ്റിയും നശിപ്പിച്ച് നിങ്ങളെ ചണ്ടിയാക്കുകയാണ് അത് ചെയ്യുന്നത്. കഞ്ചാവ് ചെറിയതോതില്‍പോലും നിരന്തരം ഉപയോഗിച്ചാല്‍, ഓര്‍മ്മശക്തിയും ബുദ്ധിയും കുറയാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ഉപയോഗം മനോരോഗങ്ങള്‍ക്കും കാരണം ആവാം. അപ്പോള്‍ ക്രിയേറ്റിവിറ്റി കൂട്ടാനാണ് മലയാള സിനിമക്കാര്‍ ഇത് ഉപയോഗിക്കുന്നത് എന്ന വാദത്തിലൊന്നും യാതൊരു കഴമ്പുമില്ല.
ശരീരഭാരം ക്രമാതീതമായി കുറയുയാണ് ഹൈബ്രഡ് അഡിക്റ്റുകളുടെ എറ്റവും വലിയ ലക്ഷണം. എല്ലുകളുടെ ബലം കുറയുകയും പൊടിയുന്നതിനും കാരണമാകും. ഹൈബ്രഡ് കഞ്ചാവിന്റെ കഞ്ചാവിന്റെ ഉപയോഗം വേഗത്തില്‍ പ്രായം തോന്നിക്കുകയും ഓര്‍മശക്തി ഇല്ലാതാക്കുകയും ചെയ്യും. തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും. തലച്ചോറിനും പ്രായം കൂടുന്നത് രക്തയോട്ടം കുറഞ്ഞ് ഹൃദയാഘാതത്തിനും കാരണമാക്കും! ( മമ്മൂട്ടിയും ലാലേട്ടനുമൊക്കെ ഇപ്പോഴും പ്രായത്തെ പിടിച്ചു നിര്‍ത്തുന്നത് അവര്‍ ഇത്തരം ലഹരികളില്‍നിന്ന് അകന്ന് നില്‍ക്കുന്നതുകൊണ്ട് മാത്രമാണ്)
കിലോക്ക് വില ഒരു കോടി!
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ പഴുതുകളാണ് രാജ്യത്ത് കഞ്ചാവ് പ്രതിരോധത്തില്‍ നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ഒരു കിലോ ഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ കഞ്ചാവിനും ഹൈബ്രിഡ് കഞ്ചാവിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതിനാല്‍, 999 ഗ്രാം വരെ ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്ന ആള്‍ക്കും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അര ഗ്രാം എംഡിഎംഎ കൈവശം വെച്ചാല്‍ പോലും അകത്താവും. ഇതും കാരിയേഴസിനെ ഹൈബ്രിഡിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു കാരണമാണ്.
ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രോ കഞ്ചാവിന് കിലോക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയെന്നാണ് കസ്റ്റസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവാരം അത്രയില്ലാത്തതിന് പോലും, കിലോഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും. അതുകൊണ്ടുതന്നെ ഇത് ഒരു ആഗോള അടിസ്ഥാനത്തിലുള്ള ഒരു വ്യവസായമായി മാറുകയാണ്.
ഇന്ത്യയില്‍ കഞ്ചാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ ചടങ്ങുകള്‍, ഔഷധ ആവശ്യങ്ങള്‍, വിനോദം എന്നിവയ്‌ക്കെല്ലാം കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഭാംഗ്, ഗഞ്ച, ചരസ് എന്നിവയെല്ലാം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു . എന്നാല്‍ 1985-ല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള 'മയക്കുമരുന്നിനെതിരായ യുദ്ധ'ത്തിന്റെ ആഗോള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, ഇന്ത്യ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പാസാക്കിയത്. രസകരമായ ഒരു കാര്യം ലോകത്തു മുഴുവന്‍ രാജ്യങ്ങളിലും കഞ്ചാവ് നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ അമേരിക്കന്‍ ഐക്യനാടുകളില്‍, 24 സംസ്ഥാനങ്ങളില്‍ വിനോദ ആവശ്യത്തിനും, 38 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ആവശ്യത്തിനും ഇപ്പോള്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്നതാണ്. പക്ഷേ ഇതുവെച്ച് നമുക്ക് കഞ്ചാവ് എന്ന വിപത്തിനെ നോര്‍മലൈസ് ചെയ്യാന്‍ കഴിയില്ല. വിദേശരാജ്യങ്ങളിലെ സാമൂഹിക സാഹചര്യമല്ല നമ്മുടേത് എന്ന് വ്യക്തമാണെല്ലോ.
തായ്ലന്‍ഡില്‍ നിന്ന് വരുന്ന വിപത്ത്
തായ്ലന്‍ഡ് ആണ് ഹൈബ്രിഡ് കഞ്ചാവിന്റെ ആവാസ കേന്ദ്രം എന്നണ് പറയുന്നത്. കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് 2018- ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് ഹൈബ്രിഡ് വിപണിയും പച്ചപിടിച്ചത്.
കഞ്ചാവ് നിയമവിധേയമാക്കിയതിനൊപ്പം അതൊരു വ്യാവസായമാക്കി മാറ്റാനുള്ള വകുപ്പുകളും തായ്ലന്‍ഡില്‍ നിയമത്തില്‍ ഉള്‍ച്ചേര്‍ത്തു. വീടുകളില്‍ കഞ്ചാവ് വളര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്തു. ഇതിന് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നടപ്പിലാക്കി. പിന്നീട് തായ്‌ലാന്‍ഡ് കണ്ടത് കഞ്ചാവ് ഡിസ്പെന്‍സറികളുടെ ഒരു സ്ഫോടനം തന്നെയാണ്. രാജ്യത്ത് ആറ് മാസത്തിനകം പന്ത്രണ്ടായിരത്തിലധികം കഞ്ചാവ് ഡിസ്പെന്‍സറികള്‍ തുറന്നു. രാജ്യം കഞ്ചാവ് ടൂറിസത്തിന്റെ കേന്ദ്രമായി മാറി. കഞ്ചാവ് വ്യവസായത്തിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കും വന്‍ തോതില്‍ പണമിറക്കാന്‍ സംരംഭകരെത്തി. സാധാരണ പെട്ടിക്കടകള്‍ മുതല്‍ ആഡംബര കഞ്ചാവ് ലോഞ്ചുകള്‍ വരെയുള്ളവ രാജ്യത്ത് തുറന്നു. ഹോട്ടലുകളിലും ബാറുകളിലുമെല്ലാം കഞ്ചാവ് ലഭ്യമായി. ഇതോടെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളക്കടത്തായി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.
ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിറുത്തി നിശ്ചിത സമയപരിധിക്കുള്ളില്‍ വിളവെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. ഇപ്പോള്‍ മലേഷ്യയിലും ഇത് വ്യാപകമായി കൃഷിചെയ്യുന്നത്. ജനിതക മോഡിഫിക്കേഷനിലൂടെ ഗന്ധം, ലഹരി പോലുള്ള സ്വഭാവത്തിലും മാറ്റം വരുത്താനാകും.
കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും, ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും പറയുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലില്‍ ഇതിന്റെ ഗന്ധം നിറയാറുണ്ടെന്ന് കൊച്ചി വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
ഭാവിയില്‍ കേരളത്തിലും ഈ കൃഷി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഹൈഡ്രോപോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും. ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം തടയുന്നതിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
സ്വര്‍ണ്ണക്കടത്തുസംഘം ഹൈബ്രിഡിലേക്കോ?
കേരളത്തെ സംബന്ധിച്ച് മറ്റൊരു ഭീതികൂടി ഈ ഹൈബ്രിഡ് കഞ്ചാവ് കേസുകളുടെ വ്യാപനം സൂചന നല്‍കുന്നുണ്ട്. സ്വര്‍ണത്തില്‍ ലാഭം കുറഞ്ഞതോടെ ഗോള്‍ഡ് മാഫിയ വന്‍ലാഭമുള്ള ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റുന്നു എന്നതിന്റെ സൂചന പുറത്തുവരുന്നുണ്ട്. കേരളം 'ഹൈബ്രിഡ്' ഹബ്ബാ'യി മാറാന്‍ പോകുന്നു എന്നാണ് കസ്റ്റംസില്‍നിന്ന് കിട്ടയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 'മാതൃഭൂമി' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൈബ്രിഡ് കഞ്ചാവ്, തായ്ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തിച്ച്, മയക്കുമരുന്ന് കൈവശം വെച്ചാല്‍ വധശിക്ഷവരെ ലഭിക്കുന്ന യുഎഇയിലേക്ക് അടക്കം കടത്തുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൊച്ചി വിമാനത്താവളം വഴി റാസല്‍ ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പുതിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. റാസല്‍ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പനാണ് (35) പിടിയിലായത്. 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ 5.5 കോടി രൂപ വിലവരും. ഇന്ത്യയിലേക്ക് കടത്തുന്നതല്ലാതെ ഇന്ത്യക്ക് പുറത്തേക്കുള്ള ഹൈബ്രിഡ് കഞ്ചാവുകടത്ത് പിടിക്കപ്പെടുന്നത് ആദ്യമായാണ്. എമിഗ്രേഷന്‍ കഴിഞ്ഞശേഷം വിമാനത്തില്‍ റാസല്‍ഖൈമയിലേക്ക് പറക്കാനൊരുങ്ങിയ പ്രതിയെയാണ് പിടികൂടിയത്. ട്രോളി ബാഗില്‍ പലഹാരപ്പൊതികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. പത്തിരട്ടി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കാരിയര്‍മാര്‍ ആകുന്നവര്‍ക്ക് വിമാനടിക്കറ്റോ വിസിറ്റിങ് വിസയോ ആയിരിക്കും കമ്മിഷന്‍. ഇവിടെ മലപ്പുറം സ്വദേശിക്കും വിസിറ്റിങ് വിസയായിരുന്നു വാഗ്ദാനം. ഇയാള്‍ ജോലിയന്വേഷിച്ചാണ് യുഎഇയിലേക്ക് പോകാനൊരുങ്ങിയത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയിരുന്നു. ഇതോടെ സ്വര്‍ണക്കടത്തില്‍ ഒരു കിലോയ്ക്ക് ആറുലക്ഷം രൂപയ്ക്ക് മുകളില്‍ വരെ ലാഭം കിട്ടിയിരുന്നത് ഒരു ലക്ഷം വരെയായി കുറഞ്ഞു. കാരിയര്‍മാര്‍ക്കുള്ള കമ്മിഷനും വിമാനടിക്കറ്റിനുമുള്ള പണവും കഴിഞ്ഞാല്‍ ഇതില്‍ ലാഭമില്ലാത്ത അവസ്ഥ വന്നു. അതോടെയാണ് പുതിയ മാറ്റം. കിലോയ്ക്ക് ഒരു കോടി രൂപയാണ് ഹൈബ്രിഡിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയെന്നതും കടത്തിന് പ്രചോദനമാവുന്നു. അതായത്, മുളയിലേ നുള്ളിയില്ലെങ്കില്‍, കേരളം അഭിമുഖീകരിക്കാന്‍ പോവുന്ന വലിയൊരു ക്രമസമാധാന പ്രശ്നമായും, ഒരു പുതിയ മാഫിയായും ഇത് വളരുമെന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: ഇപ്പോള്‍ റാപ്പര്‍ വേടന്‍ കൂടി അകത്തായതോടെ കഞ്ചാവുകേസുകളില്‍പോലും ജാതിയും മതവും തിരുകുന്ന അവസ്ഥയാണ് കാണുന്നത്. വേടന്‍ ദളിത് വേട്ടയുടെ ഇര, ഖാലിദ് റഹ്‌മാന്‍ മുസ്ലീം വേട്ടയുടെ ഇര, എന്നെല്ലാം പറഞ്ഞ് സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍ കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? ആരു ചെയ്താലും, ജാതിയും മതവും നോക്കാതെ, ' നാര്‍ക്കോട്ടികസ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് ഉറക്കെ പറയാന്‍ നമുക്ക് കഴിയണം.