- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
ഇളയരാജ! കാക്കയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസംപോലും കടന്നുപോവില്ല എന്ന് പറഞ്ഞതുപോലെ, തമിഴ്‌നാട്ടുകാർക്ക് ഇളയരാജയുടെ സംഗീതം കേൾക്കാതെ ഒരു ദിനവും കടന്നുപോവില്ല. ആയിരത്തിലധികം സിനിമകൾ, അവയിലെ പതിനായിരത്തോളം പാട്ടുകൾ. ഒരു ഇളയരാജ ഗാനം കേൾക്കാതെ ഒരു തമിഴ് ഗ്രാമവും ഉണരുന്നില്ല, അതില്ലാതെ തമിഴകത്തിന്റെ ഒരു ദിനവും അവസാനിക്കുന്നില്ല. സിനിമയിൽ നിന്ന് അവർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതാണ് ആ ഇമ്പം. നാല് ദേശീയ അവാർഡുകളും പത്മ പുരസ്‌കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകരങ്ങളും അദ്ദേഹം നേടി.
ഈ രീതിയിൽ പ്രശ്സതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഇളയരാജക്കെതിരെ ഇന്നലെയുമുണ്ടായി ശക്തമായ ഒരു കോടതി പരമാർശം. 'ഇളയരാജ എല്ലാവർക്കും മുകളിലാണെന്നു കരുതേണ്ടെന്നാണ്' മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാനിർമ്മാതാക്കളിൽനിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ ഹർജി സമർപ്പിച്ചത്. ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും വാദിച്ചു. എന്നാൽ, സംഗീതത്തിനുമേൽ ഈണം നൽകിയയാൾക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകൻ വാദിച്ചു. ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂർണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്നും നിരീക്ഷിച്ച കോടതി, വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു. കോടതിയിൽനിന്നുണ്ടായ തിരിച്ചടി ഒറ്റപ്പെട്ടതല്ല, ഇളയരാജയുടെ ജീവിതം എടുത്തുനോക്കിയാൽ അറിയാം അത് എന്നും വിവാദ കലുഷിതമാണ്.
ജാതകം തിരുത്താൻ ശ്രമിച്ച ബാലൻ
1943 ജൂൺ രണ്ടിന് തേനി ജില്ലയിലെ പണ്ണായിപുരം ഗ്രാമത്തിൽ, രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. ചെറുപ്പം മുതൽ പാട്ടിനെ സ്നേഹിച്ച രാസയ്യയെ സംഗീതഗുരു ധനരാജ് മാസ്റ്റർ രാജയെന്ന് വിളിച്ചു. സഹോദരൻ വരദരാജന്റെ സംഗീതട്രൂപ്പിൽ വർഷങ്ങളോളം തുടർന്ന രാജ പിന്നീട് ഇളയരാജയായി. ഗ്രാമ ജ്യോത്സ്യന്മാരായിരുന്ന പഴനിസ്വാമി, സന്താനം എന്നിവർ 'ഇവൻ എട്ടാം ക്ലാസിനപ്പുറം പഠിക്കില്ല' എന്നു പ്രവചിച്ചിരുന്നു. ഇളയരാജയ്ക്കാകട്ടെ വളരെ നന്നായി പഠിക്കണമെന്നും ബിരുദങ്ങൾ നേടണമെന്നുമായിരുന്നു ആഗ്രഹം. 'നിങ്ങളുടെ പ്രവചനം തെറ്റും. ഞാൻ പഠിച്ച് ഉന്നതനിലയിൽ എത്തും.' ജ്യോത്സ്യന്മാരുടെ മുഖത്തുനോക്കി ബാലനായ താൻ ഇങ്ങനെ വെല്ലുവിളിച്ചിരുന്നു എന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നു.
പണ്ണൈപ്പുരത്ത് സ്‌കൂൾ ഇല്ലായിരുന്നു. സമീപഗ്രാമമായ കോമ്പൈയിലേക്കു മൈലുകൾ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. 1956 ൽ എട്ടാം ക്ലാസ് നല്ല രീതിയിൽ പാസായി. കോമ്പൈയിലെ സ്‌കൂളിൽ തുടർപഠനത്തിനു സാഹചര്യമില്ല. തേവാരം എന്ന സ്ഥലത്തേ ഹൈസ്‌കൂൾ ഉള്ളൂ. അവിടെ ചേർത്തു പഠിപ്പിക്കാൻ അമ്മയോടു പറഞ്ഞു. പക്ഷേ, അവിടത്തെ ഫീസിനും മറ്റു ചെലവുകൾക്കുമുള്ള പണമില്ലെന്ന് അമ്മ കൈമലർത്തി.
ചേട്ടന്റെ ട്രൂപ്പ്, പൊളിഞ്ഞതിനെത്തുടർന്നുള്ള വൻകടബാധ്യതയിലായിരുന്നു അക്കാലത്ത് കുടുംബം. പക്ഷേ, തന്റെ ലക്ഷ്യത്തിൽ നിന്നു പിന്മാറാൻ ഇളയരാജ തയാറായില്ല. വൈഗ അണക്കെട്ട് നിർമ്മാണം നടക്കുന്ന കാലമായിരുന്നു അത്. അവിടെയുള്ള ബന്ധുവീട്ടിൽ പോയി നിന്ന് അണക്കെട്ട് പണിയിൽ ജോലിക്കാരനായി ചേർന്നു. ചെറിയ പ്രായത്തിൽ കഠിനമായ നിർമ്മാണ ജോലി ചെയ്യുമ്പോഴും അതിൽനിന്നു കിട്ടുന്ന പണം കൊണ്ട് പിറ്റേ വർഷം ഹൈസ്‌കൂളിൽ ചേരുന്നതായിരുന്നു സ്വപ്നം. ലക്ഷ്യം മുന്നിൽക്കണ്ട് കഠിനമായി ജോലി ചെയ്തു. ഒരു നാണയം പോലും വെറുതേ കളഞ്ഞില്ല. വിചാരിച്ച പോലെ തന്നെ നടന്നു. ആ പണം കൊണ്ട് പിറ്റേ വർഷം തേവാരത്ത് ഹൈസ്‌കൂളിൽ ചേർന്നു. 'അന്നു ഞാൻ അനുഭവിച്ച ആനന്ദം അവാച്യമായിരുന്നു.' -ഇളയരാജ എഴുതുന്നു. 'എട്ടാം ക്ലാസിനപ്പുറം പോവില്ല' എന്നു പ്രവചിച്ച രണ്ട് ജ്യോത്സ്യരെയും വഴിയിൽക്കാണുമ്പോഴൊക്കെ പരിഹസിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ജ്യേഷ്ഠൻ വരദരാജൻ തെക്കൻ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. തൃശ്ശിനാപ്പള്ളിയിലെ ഒരു സംഗീത പരിപാടി ഏറ്റിരുന്ന സമയത്ത് അദ്ദേഹം രോഗബാധിതനായി. വരില്ല എന്ന് അറിയിച്ചിരുന്നെങ്കിലും സംഘാടകൻ കാറുമായി വീട്ടിലെത്തി. വരദരാജന് പോകാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ അമ്മ പറഞ്ഞു. 'സഹായത്തിനു രാജായെയും കൂട്ടിക്കോ, ഇടയ്ക്ക് അവൻ പാടട്ടെ, അപ്പോൾ നിനക്ക് വിശ്രമിക്കാമല്ലോ...' അമ്മയുടെ ഈ വാക്കുകൾ ഒരു വലിയ സംഗീതജീവിതത്തിനു നാന്ദിയായിരുന്നെന്ന് എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഇളയരാജയ്ക്കു മനസ്സിലായത്. പരിപാടി വൻവിജയമായിരുന്നു. ബാലനായ രാജ സ്ത്രീശബ്ദത്തിലാണു പാടിയത്. അതുകൊണ്ട് ചേട്ടനും അനുജനും ചേർന്ന് ഡ്യൂയറ്റുകൾ പാടി ജനത്തെ കയ്യിലെടുത്തു. പിന്നീട് മൂന്നു ദിവസം കൂടിയേ സ്‌കൂളിൽ പോകാൻ കഴിഞ്ഞുള്ളൂ. സ്ഥിരമായി കൂടെക്കൂടിക്കൊള്ളാൻ ചേട്ടൻ നിർദ്ദേശിച്ചു. ആദ്യപരിപാടിയിൽ ജനങ്ങളിൽ നിന്നു ലഭിച്ച വലിയ കരഘോഷവും പ്രശംസയും രാജയുടെ മനസ്സിലും സന്തോഷം വിതച്ചിരുന്നു. അങ്ങനെ സ്‌കൂളിൽപ്പോക്ക് എന്നന്നേക്കുമായി നിലച്ചു. 'ജാതകവും വിധിയുമെല്ലാം സത്യമാണെന്ന് ഞാൻ അംഗീകരിച്ചു.' അദ്ദേഹം ആത്മകഥയിൽ എഴുതുന്നു.
കാലം പെട്ടെന്നു കടന്നുപോയി. രാജയുടെ ശബ്ദം മാറി. അതു പൗരുഷമായി. ചേട്ടനുമായി ചേർന്ന് യുഗ്മഗാനങ്ങൾ പാടാൻ കഴിയാതായി. രാജയെ ഒഴിവാക്കി അനുജൻ അമരനെ ഗാനമേളകൾക്കു കൊണ്ടുപോവാൻ തുടങ്ങി. അതോടെ രാജ ഒറ്റപ്പെട്ടു. സ്‌കൂളുമില്ല, പാട്ടുമില്ല. അങ്ങനെയാണ് ചേട്ടന്റെ ഹാർമോണിയത്തിൽ ശ്രദ്ധ ഉടക്കിയത്. അത് ആരും തൊടാൻ പാടില്ലെന്നാണു കൽപന. തൊട്ടെന്നറിഞ്ഞാൽ കൈ പിന്നോട്ട് പിടിച്ചുകെട്ടി ചൂരലിനു കടുത്ത പ്രഹരമാണു ശിക്ഷ. എങ്കിലും ചേട്ടനില്ലാത്ത പകൽ സമയം അതെടുത്ത് വായിക്കാൻ തുടങ്ങി. ഒരുനാൾ ചേട്ടൻ വന്നതറിയാതെ രാജ സ്വയം ഹാർമോണിയം വായനയിൽ മുഴുകിപോയി. കള്ളൻ കയ്യോടെ പിടിക്കപ്പെട്ടു. വൻശിക്ഷ പ്രതീക്ഷിച്ചു പേടിച്ചു വിറച്ചു നിൽക്കുമ്പോൾ... അതാ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറയുന്നു. 'നന്നായി വായിക്കുന്നു, കൂടെപോന്നോളൂ...' ഇന്നു നാം കാണുന്ന ഇളയരാജയുടെ ജനനം അവിടെയായിരുന്നു.
ചരിത്രമായ അന്നക്കിളി
പിന്നീട് അദ്ദേഹം വെസ്റ്റേൺ അടക്കമുള്ള സംഗീത ശാഖകൾ പഠിച്ചു. കോടമ്പാക്കത്ത് സിനിമയിൽ കമ്പോസിങ്് സഹായിയായി കയറി. സംഗീതരംഗത്തേക്ക് കടന്നതിന് ശേഷം മേഖലയിലെ പ്രമുഖരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഇളയരാജയുടെ കരിയറിന് ഏറെ സഹായകരമായി തീർന്നു. എം എസ് വിശ്വനാഥൻ, സലിൽ ചൗധരി, ജി കെ വെങ്കടേഷ് തുടങ്ങിയ പ്രശസ്തരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ആദ്യമായി സിനിമയിൽ അവതരിപ്പിച്ചത്. അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിൽ വെള്ളിത്തിരയിൽ കാൽവെക്കുമ്പോൾ പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു.
എം എസ് വിശ്വനാഥൻ അടങ്ങുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തനായി സ്വന്തം നാടിന്റെ ഗന്ധവും താളവും പാട്ടിലേക്ക് പകർത്തി പുതിയ സംഗീതസംസ്‌കാരത്തിന് തുടക്കമിട്ടു ഇളയരാജ. നാടൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി കോർത്തിണക്കിയ രാജ സ്റ്റൈൽ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമായി സഞ്ചരിച്ചു. തമിഴ് സിനിമ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി കണക്കാക്കുന്ന അന്നൈക്കിളിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് രാജയുടെ ഗാനങ്ങൾ തന്നെയായിരുന്നു. ചിത്രത്തിലെ 'മച്ചാന പാർതിങ്കലാ' എന്ന ഗാനം സിനിമാലോകത്തേക്കുള്ള രാജയുടെ വരവറിയിച്ച ഗാനങ്ങളിലൊന്ന് തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടിക്കടി സൂപ്പർ ഹിറ്റുകൾ. രജിനീകാന്ത്, കമൽ ചിത്രങ്ങളിൽ ഇളയരാജ തകർത്തു. മലയാളക്കരയിലും രാജ ഹിറ്റ് മഴ പെയ്യിച്ചു.
അതോടെ സംഗീത രംഗത്തെ സൂപ്പർസ്റ്റാറായി അദ്ദേഹം മാറി. ഒരു സമയത്ത് വർഷം 40 സിനിമകൾ വരെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങി. ടൈറ്റിലിൽ ഇളയരാജ എന്ന് പേര് തെളിയുമ്പോൾ സൂപ്പർ സ്റ്റാറുകൾക്ക് കിട്ടിയ അതേ കയ്യടിയാണ് ഇന്നും മുഴങ്ങിക്കേൾക്കുന്നത്. പാട്ടുകൾ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും ഇളയരാജയ്ക്ക് എതിരാളികളുണ്ടായില്ല. സംഗീതം ജീവിതം തന്നെയാണ് അദ്ദേഹത്തിന്. സിനിമാസംഗീതത്തിന് പുറത്ത് അദ്ദേഹം നടത്തിയ ചില ശ്രമങ്ങളും സംഗീതപ്രേമികളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 13 ദിവസം കൊണ്ട് ഒരുക്കി ലണ്ടനിൽ അവതരിപ്പിച്ച സിംഫണിയാണ് അതിലൊന്ന്. ലോക റെക്കോർഡ് ആയിരുന്നു അത്. ദളപതിയിലെ പാട്ടിന് ബിബിസി നൽകിയ അംഗീകാരവും ആഗോളവേദിയിൽ ഇളയരാജയെ ഇന്ത്യൻ സംഗീതത്തിന്റെ മുഖമാക്കി. രജനീകാന്തിനും കമൽഹാസനും കിട്ടാത്ത താരപരിവേഷമാണ് തമിഴ് സിനിമയിൽ ഇളയരാജക്ക് കിട്ടിയത്.
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി
ഇന്ന് സന്യാസിയെപ്പോലെ ജീവിക്കുന്ന, ഇളയരാജ ഒരുകാലത്ത് മറ്റ് എല്ലാവരെയും പോലെ അടിപൊളി വസ്ത്രങ്ങൾ ധരിക്കുകയും, മദ്യപാന സദസ്സുകളിൽവരെ പങ്കെടുക്കുകയും ചെയ്ത ആളാണ്. ഇളയരാജ മദ്യപാനം നിർത്തിയതിനെക്കുറിച്ച് പ്രചരിച്ച ഒരു രസകരമായ കഥ ഇങ്ങനെയാണ്. അത് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയതാണ്. ആദ്യകാലത്ത്, തനിക്ക് അടുപ്പമുള്ള നടന്മാരുമായും സുഹൃത്ത് ഭാരതിരാജയുമായും പാർട്ടിയിൽ പങ്കെടുക്കുന്നത് ഇളയരാജയ്ക്ക് ശീലമായിരുന്നു. ഒരിക്കൽ രജനീകാന്ത്, ഭാരതിരാജയ്ക്കും ഇളയരാജയ്ക്കും വേണ്ടി ഒരു പാർട്ടി ഒരുക്കി.അന്ന് ഭാരതിരാജ അമിതമായി മദ്യപിക്കുന്നു. അന്ന് വളരെ വൈകിയാണ് രജനി വന്നത്. ഉടനെ ഭാരതിരാജ ചോദിച്ചു, എന്തിനാണ് വൈകി വന്നതെന്ന്. അതിൽ അവർ തമ്മിൽ വാക്കേറ്റമായി. ഭാരതിരാജ, രജനിയെ തല്ലി. ആ സംഭവം മുതൽ, ഇനി മദ്യപിക്കില്ലെന്ന് ഇളയരാജ തീരുമാനിച്ചതത്രേ!
പിന്നീട് അതെല്ലാം മറന്ന് ഇവരെല്ലാം സുഹൃത്തുക്കളായി. പക്ഷേ രജനിയുമായി ഇളയരാജക്ക് പിൽക്കാലത്തും പ്രശ്നമുണ്ടായി. ഇളയരാജയെ വിവാദങ്ങളുടെ രാജാവ് എന്നാണ് 90കളിൽ തമിഴ്പത്രങ്ങൾ എഴുതിയത്. 1993-ൽ രജനികാന്ത് എഴുതി അഭിനയിച്ച ചിത്രമാണ് വള്ളി. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ ഇളയരാജയാണെന്നാണ് ഇന്നും പറയപ്പെടുന്നത് . എന്നാൽ യഥാർത്ഥത്തിൽ ആ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഇളയരാജയുടെ മകൻ കാർത്തിക് രാജയാണ് . ഇക്കാര്യം നന്നായി അറിയാവുന്ന രജനികാന്ത് ഒരിക്കൽ ഒരു ചടങ്ങിൽ അത് പരസ്യമായി പറഞ്ഞു. ഇളയരാജയുള്ള വേദിയിൽവെച്ച് അദ്ദേഹം സംസാരിക്കുന്നതിന് മുമ്പാണ് രജനി ഇക്കാര്യം വേദിയിൽ വെളിപ്പെടുത്തിയത്. രജനികാന്ത് പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഇളയരാജ അമ്പരുന്നു. വള്ളി എന്ന ചിത്രത്തിലെ 'എന്നുള്ളേ എന്നുള്ളേ' എന്ന ഗാനം തമിഴിൽ അത്ര പ്രശ്തമായിരുന്നു.
പക്ഷേ തുടർച്ചയായ വിജയങ്ങൾ ഇളയരാജയെ ശരിക്കും അഹങ്കാരിയാക്കി. തനിക്കുശേഷം പ്രളയം എന്ന മാനസികാവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. ഇസൈജ്ഞാനിയെന്നാണു ഇളയ രാജ അറിയപ്പെടുന്നത്. സംഗീതത്തിൽ എല്ലാമറിയുന്നയാൾ എന്നർഥം. പക്ഷേ തമിഴകത്തുനിന്നുതന്നെ തന്നെ വെല്ലുന്ന ഒരാൾ ജനിക്കുമെന്ന് അദ്ദേഹം കരുതിയില്ല.
മണിരത്നത്തെ അപമാനിച്ചത് വിനയായി
തമിഴിൽ ഇളയരാജാ തരംഗം അവസാനിക്കുവാനും, റഹ്മാൻ തരംഗം വരാനും നിമിത്തമായതും, ഇസൈജ്ഞാനിയുടെ ഈ അഹങ്കാരം തന്നെയായിരുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ എഴുതുന്നത് ഇങ്ങനെയാണ്. -"91-ൽ ദളപതി എന്ന സൂപ്പർ ഹിറ്റിന്റെ കീർത്തിയിൽ ഇളയരാജ കഴിയുന്ന കാലം. മണിരത്നത്തിന്റെ അടുത്ത പടത്തിന്റെ ആലോചന നടക്കുന്നു.കെ ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അന്ന് രജനികാന്തിനേക്കാളും മാർക്കറ്റ് വാല്യൂ ഇളയരാജക്കാണ്. മണിരത്നം പുതിയ പടത്തിന്റെ സംഗീതവിഭാഗത്തിന്റെ ചുമതല ഏല്പിക്കുന്നതിനെ പറ്റി സംസാരിച്ച് ഉറപ്പിക്കുന്നതിനായി ഇളയരാജയുടെ വീട്ടിലെത്തി.
തമിഴ്സിനിമയിലെ ഒരേയൊരു രാജാധിരാജ താനാണെന്ന ഗർവിന്റെയും ധാർഷ്ട്യത്തിന്റെയും കൊടുമുടിയിൽ സിംഹാസനം വലിച്ചിട്ടിരിക്കുകയായിരുന്ന ഇളയരാജ അപ്പോൾ ആരോടോ സംസാരിക്കുകയായിരുന്നു. അനുവാദം തേടാതെ മണിരത്നം കയറിവന്നത് ഇളയരാജയ്ക്ക് പിടിച്ചില്ല.കടക്കൂ പുറത്ത് എന്ന് അട്ടഹസിച്ച രാജ, പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ പോയി നില്ക്കാൻ മണിരത്നത്തിനോട് ആജ്ഞാപിച്ചു. താൻ എപ്പോൾ വിളിക്കുന്നുവോ, അപ്പോൾ മാത്രം വന്നാൽ മതിയെന്നും ഉത്തരവിട്ടു.
അപമാനിക്കപ്പെട്ടിട്ടും മണിരത്നം മരത്തണലിൽ പോയി കാത്തുനിന്നു. ഈ വിവരം എങ്ങനെയോ അറിഞ്ഞ കെ ബാലചന്ദർ ഉടൻ കാറുമായി വന്ന് മണിരത്നത്തെ കൂട്ടിക്കൊണ്ടുപോയി."നീയും ഒരു കലാകാരൻ അയാളും ഒരു കലാകാരൻ. ഒരു ആർട്ടിസ്റ്റ് മറ്റൊരു ആർട്ടിസ്റ്റിനോട് ഒരിക്കലും ഇങ്ങനെ പെരുമാറാൻ പാടില്ല. ഇളരാജയുടെ മ്യൂസിക് നമ്മുടെ പടത്തിന് വേണ്ട. പുതിയൊരാളെ കണ്ടെത്താം.'-ബാലചന്ദർ മണിരത്നത്തെ ആശ്വസിപ്പിച്ചു.
വ്രണിതരായ മണിരത്നവും കെ ബാലചന്ദറും കൂടി അന്വേഷിച്ച് അന്വേഷിച്ച് അവസാനം ഒരു പയ്യനെ തപ്പിയെടുത്തു. മീശ പോലും കുരുത്തിട്ടില്ലായിരുന്ന നാണം കുണുങ്ങിയായ അവന്റെ ഈണമായിരുന്നു ചിന്ന ചിന്ന ആസൈ. എ ആർ റഹ്മാൻ എന്ന സംഗീതസൂര്യൻ തമിഴകത്തിന്റെ ചക്രവാളത്തിൽ ഉദയം കൊണ്ടത് അങ്ങനെയായിരുന്നു. ഒരൊറ്റ കടക്കൂപുറത്ത് ആക്രോശത്തിന്റെ പ്രതിപ്രവർത്തനമായി ഒരു മഹാപ്രതിഭ അവതാരമെടുത്തു. റോജയിലൂടെ റഹ്മാനൊപ്പം മണിരത്നവും പാൻ ഇന്ത്യൻ സ്റ്റാറായി മാറി. "- സജീവ് ചൂണ്ടിക്കാട്ടുന്നു. റഹ്മാൻ തരംഗം വന്നതോടെ ഒരിക്കലും ഇളയരാജക്ക് പഴയ പ്രതാപത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മലയാളത്തിൽ യേശുദാസ്, പ്രിയദർശനെ അപമാനിച്ചതാണ്, എം ജി ശ്രീകുമാർ എന്ന ഗായകനെ ഉണ്ടാക്കിയത് എന്ന് പറയുന്നതുപോലെയുള്ള സംഭവമാണ് തമിഴിലും നടന്നത്.
എസ്‌പിബിയുമായും യുദ്ധം
എന്നും വിവാദ കുതുകിയാണ് ഇളയരാജ. ക്ഷിപ്രകോപിയും, ക്ഷിപ്ര പ്രസാദിയും. സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരുമായുള്ള ഇളയരാജയുടെ ബന്ധവും അത്ര സ്മൂത്ത് അല്ല. "ഇന്ന് ഒരു സിനിമയ്ക്കു അതിലെ സന്ദർഭങ്ങൾക്കനുസരിച്ച് സംഗീതസംവിധാനം ചെയ്യാൻ അറിയുന്നവരില്ല എന്ന്"- ഇളയരാജ പറഞ്ഞത് വലിയ വിർമശനത്തിന് ഇടയാക്കിയിരുന്നു.
വിവാദങ്ങൾ ഒരു വിധത്തിൽ അവസാനിച്ചപ്പോൾ, പ്രമുഖ സംഗീത സംവിധായകനും സിനിമാ സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ ഒരു രസികൻ ട്വീറ്റുമായി വീണ്ടും രംഗത്തെത്തി. 'ക്ഷമിക്കണം...എനിക്കിനി സംഗീത സംവിധാന രംഗത്തേക്കു തിരിച്ചു വരാൻ വയ്യ' എന്നാണ് വിഷയത്തിൽ ഇളയരാജയോടുള്ള പതികരണമായി ഗംഗൈ അമരൻ ട്വീറ്റു ചെയ്തത്. തമാശാരൂപത്തിൽ പുറത്തു വന്ന ട്വീറ്റിനു ശേഷം ഇളയരാജ ഫാൻസ് അദ്ദേഹത്തെ വെറുതെ വിട്ടില്ല. ഒടുവിൽ തന്റെ സഹോദരനോട് താനിങ്ങനെ തന്നെയാണ് സംസാരിക്കാറുള്ളതെന്നും ഒരു സൗഹൃദപരമായ ട്വീറ്റാണ് താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ഗംഗൈമാരൻ വീണ്ടും രംഗത്തെത്തി. സഹോദരൻ തന്റേതാണെന്നും ട്രോളുന്നവരുടേതല്ലെന്നും അദ്ദേഹം വിമർശിച്ചവരെ പരിഹസിക്കുന്നുണ്ട്.
ഇതിനു മുമ്പും ഇളയരാജയെ പരസ്യമായി വിമർശിച്ച് ഗംഗൈ അമരൻ രംഗത്തു വന്നിരുന്നു. 'താരൈ തപ്പട്ടൈ' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം ഇളയരാജ നിരസിച്ചതിനെതിരെ ആഞ്ഞടിച്ചത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. ഇളയരാജയുടെ ഗാനങ്ങളുടെ പകർപ്പാവകാശത്തിന്റെ പേരിൽ എസ് പി ബാലസുബ്രമണ്യത്തിനു നിയമപരമായി നോട്ടീസ് അയച്ചതിനെതിരെയും ഗംഗൈ അമരൻ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇളയരാജയും, എസ്‌പി ബാലഹുബ്രമണ്യവും. എന്നാൽ പാട്ടിന്റെ പകർപ്പവകാശത്തെചൊല്ലി അവർ തെറ്റി.എസ്‌പി ബാലസുബ്രഹ്മണ്യം, തന്റെ അനുവാദമില്ലാതെ പഴയ ഗാനങ്ങൾ ആലപിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്് വിവാദമായിരുന്നു. എന്നാൽ ഈ കേസ് പിന്നീട് ഒത്തുതീർന്നു. പിന്നീട് എസ്‌പിബി കോവിഡ് ബാധിച്ച് മരണക്കിടക്കയിലായപ്പോൾ, ഇളയരാജ കണ്ഠമിടറിയാണ് പ്രാർത്ഥനയുമായി എത്തിയത്. എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാൻ പറയുന്ന ഒരു വീഡിയോയും ഇളയരാജ പുറത്തുവിട്ടിരുന്നു.
മകൻ ഇസ്ലാം സ്വീകരിച്ചതും വിവാദത്തിൽ
ഇളയരാജയുടെ മൂന്ന് മക്കളും സംഗീതഞ്ജരാണ്. കാർത്തിക് രാജയും, യുവാൻ ശങ്കർ രാജയും, മകൾ ഭവതാരിണിയും സംഗീതലോകത്ത് തന്നെയാണ്. ഇതിൽ ഈയിടെ മരിച്ചത് സംഗീത ലോകത്തിന്റെ തന്റെ നൊമ്പരമായി. ഇക്കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു ഗായിക കൂടിയായ, ഭവതാരിണിയുടെ മരണം.
അർബുദബാധയെത്തുടർന്ന് ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.1976ൽ ചെന്നൈയിലായിരുന്നു ഭവതാരിണിയുടെ ജനനം. ബാല്യകാലത്തു തന്നെ അച്ഛന്റെ കൈപിടിച്ച് ശാസ്ത്രീയ സംഗീതലോകത്തിലേക്ക് കടന്നു. 'രാസയ്യ' എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പാടി പിന്നണി ഗാനരംഗത്ത് ചുവടുവെപ്പ്. തുടർന്ന് മലയാളികളടക്കം ഇഷ്ടപ്പെടുന്ന ശബ്ദമായി മാറി.
'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവർ സഹോദരങ്ങളാണ്. 'ഭാരതി'യിലെ 'മയിൽ പോലെ പൊണ്ണ് ഒന്ന്' എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്.'രാസയ്യ' എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.2002-ൽ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി.മകളും ഗായികയുമായ ഭവതാരിണിയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇളയരാജ കുറച്ച വാക്കകൾ ഏവരെയും നൊമ്പരപ്പെടുത്തി. കുറിച്ചു, 'അൻപ് മകളേ' (പ്രിയപ്പെട്ട മകളെ). മക്കളോടുള്ള മുഴുവൻ വാത്സല്യവും ആ ചിത്രത്തിലും വാക്കുകളിലും ഉണ്ടായിരുന്നു. ആരാധകരുടെ കണ്ണുകളിലും ചിത്രം ഈറനണിയിച്ചു. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ നിരവധി ആളുകളാണ് അനുശോചനവുമായി എത്തുന്നത്.
തികഞ്ഞ മുകാംബിക ഭക്തനും ഹിന്ദുമത പ്രചാരകനുമായ ഇളയരാജയുടെ മകൻ ഇസ്ലാമിലേക്ക് മതം മാറിയതും വിവാദമായിരുന്നു. 2014-ലാണു യുവാൻ ശങ്കർ രാജ ഇസ്ലാമിലേക്കു മാറിയതായി പ്രഖ്യാപിച്ചത്. തൊട്ടുപിറകെ 2015-ൽ സഫ്റൂൺ നിസാർ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതോടെ കാമുകിയെ സ്വന്തമാക്കാനാണു യുവാന്റെ മതം മാറ്റെന്ന ആക്ഷേപം ഉയർന്നു. 2020 ൽ സമൂഹമാധ്യമ ലൈവിനിടെ ഒരു ആരാധകൻ ഇക്കാര്യം യുവാനോടു നേരിട്ടു ചോദിച്ചു. അന്നാണ് ആദ്യമായി യുവാൻ മതം മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്. നീണ്ട നാളത്തെ യാത്രയാണു തന്റെ ഇസ്ലാമിലേക്കുള്ള മാറ്റമെന്നായിരുന്നു ഒറ്റവരിയിലുള്ള മറുപടി. പിറകെ കാര്യങ്ങൾ വിശദീകരിച്ചു. 2011-ൽ അമ്മ മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി. ആകെ തകർന്നിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയിൽ നിന്നു കൊണ്ടുവന്ന മുസല്ല(പ്രാർത്ഥന പരവതാനി) സമ്മാനമായി നൽകിയത്. വല്ലാതെ തകർന്നിരിക്കുന്ന സമയങ്ങളിൽ ഈ മുസല്ലയിൽ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു. അമ്മയില്ലാത്ത ലോകത്ത്, ഒറ്റപ്പെട്ട്, മാനസികമായി തകർന്ന നിലയിൽ നിൽക്കുമ്പോൾ താങ്ങായാണു ഇസ്ലാമിനെ കൂട്ടുപിടിച്ചതെന്നായിരുന്നു യുവാന്റെ വിശദീകരണം. എന്നാൽ മകന്റെ മതംമാറ്റം രാജക്ക് പിടിച്ചില്ല. ഇവരുവരും ഇപ്പോൾ അത്ര നല്ല സുഖത്തിലല്ല.
റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ
പക്ഷേ എ ആർ റഹ്മാൻ എന്നയാൾ വളർന്നുവന്നതിനുശേഷം തെന്നിന്ത്യൻ സംഗീതത്തിന്റെ അവസാനവാക്ക് എന്ന രീതിയിലുള്ള രാജാ തരംഗം നിലച്ചു. ഇന്ന് റഹ്മാൻ കഴിഞ്ഞാൽ അനിരുദ്ധ് രവിചന്ദ്രറിനാണ് രണ്ടാംസ്ഥാനം. സജീവ് ആല അതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു. -"ഒരു കാലത്ത് മലയാളത്തിലെ എല്ലാ സംഗീത സംവിധായകരുടെയും മ്യുസിക്ക് അറേഞ്ചറായിരുന്ന ആർ കെ ശേഖറിന്റെ മകൻ ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾക്കിടാവിനെ കൂടുതൽ മനോഹരമാക്കി മുത്തുവിലെ സൂപ്പർ ഹിറ്റ് ഗാനമാക്കി. ദിൽസേയിലെ ലതാ മങ്കേഷ്‌കർ ദിയാ ജലേയിലുമുണ്ട് പുഞ്ചിരിതഞ്ചി കൊഞ്ചിക്കുന്ന മലയാളമധുരം. വിണ്ണൈത്താണ്ടി വരുവായിൽ റഹ്മാൻ മലയാളത്തെ ഓമനപ്പെണ്ണാക്കി.
ഇളയരാജയുടെ ഈഗോയും തലക്കനവുമായി ഒത്തുപോകാൻ കഴിയാതെ ഫീൽഡ് ഔട്ടായ കവി വൈരമുത്തു റഹ്മാന്റെ നവസംഗീതത്തെ മുഗ്ദ്ധകല്പനകളാൽ അണിയിച്ചൊരുക്കി. ജുറാസിക് പാർക്കിലും സുഖമാന ജോഡികൾ ജാസ് മ്യൂസിക് പാടി നടക്കുമെന്ന് എഴുതി വാലിയും റഹ്മാനോടൊത്ത് ചേർന്നു. ഹിന്ദിയിൽ മെഹബൂബ്, പി കെ മിശ്ര, ഗുൽസാർ, ആനന്ദ് ബക്ഷി തുടങ്ങിയവരും റഹ്മാനായി പുതുകാവ്യഭാഷ തീർത്തു.
പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ മുഴുവൻ അംഗീകരിക്കപ്പെട്ട് തുടങ്ങിയത് റഹ്മാന്റെ വരവോടെയാണ്. കാസറ്റുകളിൽ വാദ്യകലാകാരന്മാരുടെ പേരുകൾ വന്നു. എച്ച്. ശ്രീധർ എന്ന സൗണ്ട് എഞ്ചിനീയർ വാഴ്‌ത്തപ്പെട്ടു. കോറസ് എന്ന മുഖമില്ലാപ്പേര് റഹ്മാൻ 'ഹാർമണി' എന്നാക്കി മാറ്റി. അവരുടെയെല്ലാം പേരുകൾ കാസറ്റിലും സിഡിയിലും തെളിഞ്ഞു. യേശുദാസ് എസ്‌പിബി, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലേ,ജാനകി, ചിത്ര, തുടങ്ങിയ പ്രതിഭകൾക്ക് അവരുടെ സ്ഥാനത്തിനനുസരണമായ ഈണങ്ങൾ സൃഷ്ടിച്ച റഹ്മാൻ ഓരോ പടത്തിലും ഒരു പുതുമുഖത്തെയെങ്കിലും അവതരിപ്പിച്ചു.
ഒരു വർഷം 50- 60 പടങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിരുന്നു. എന്നാൽ കേവലം നാലോ അഞ്ചോ ചിത്രങ്ങൾക്ക് മാത്രമാണ് റഹ്മാൻ മ്യൂസിക് ചെയ്തത്. അതോടെ സംഗീതസംവിധാനത്തിലും പുതിയ ടാലന്റുകൾ കടന്നുവന്നു. ആ മാറ്റത്തിന്റെ ഉല്പന്നമാണ് പുതിയ സെൻസേഷനായ അനിരുദ്ധ് പോലും.
പത്തുവർഷം ഇളയരാജയുടെ കീബോർഡ് പ്ളെയറായിരുന്നു റഹ്മാൻ. 500ൽ പരം പടങ്ങളിൽ അവർ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ റഹ്മാന്റെ സംഗീതത്തെയും വളർച്ചയേയും അംഗീകരിക്കാൻ ഇന്നേവരെ ഇസൈജ്ഞാനി തയ്യാറായിട്ടില്ല. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹം റഹ്മാനെതിരെ ഒളിയമ്പുകൾ എയ്യുന്നു.
ഓസ്‌കാർ അവാർഡ് നേടിയപ്പോൾ റഹ്മാനെ ആദരിക്കാനായി ചെന്നെയിൽ നടന്ന പരിപാടിയുടെ വേദിയിൽ വച്ച് പോലും ഇളയരാജ പരോക്ഷമായി വിമർശനം നടത്തി സ്വയം ചെറുതായി.പലയിടത്തുനിന്നും എടുത്ത് ഒട്ടിച്ചുണ്ടാക്കിയതാണ് റഹ്മാൻ സംഗീതം എന്നുപറഞ്ഞു നടക്കുന്ന ഇളയരാജ താനാണ് താൻ മാത്രമാണ് ഒറിജിനൽ കംപോസർ എന്ന് വിളംബരം ചെയ്ത് അപഹാസ്യനാകുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും ഒന്നും റഹ്മാനെ സ്പർശിച്ചിട്ടേയില്ല. അദ്ദേഹം ഇപ്പോൾ ഒരു അന്താരാഷ്ട്ര ബ്രാൻഡായി വളർന്നുകഴിഞ്ഞു. റോജ റിലീസായിട്ട് 31 വർഷങ്ങൾ കഴിഞ്ഞിട്ടും റഹ്മാന്റെ സൂര്യശോഭയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.
സംഗീതപരിപാടിക്കിടെ ദാഹിച്ചു വലഞ്ഞ ഓർക്കസ്ട്ര കലാകാരന് ഒരു കുപ്പി വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റി ജീവനക്കാരനെ ഇളയരാജ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചു. ആ പാവം സാഷ്ടാംഗം വീണ് മാപ്പുപറയുന്നത് കണ്ടപ്പോൾ കടുത്ത രാജാഫാൻസ് പോലും രോഷാകുലരായിട്ടുണ്ടാവും.
ഇളയരാജ രമണിമഹർഷിയുടെ ഉപാസകനാണ്. മൂകാംബിക ഭക്തനാണ്. പക്ഷേ വാക്കിലും പ്രവൃത്തിയിലും അഹംഭാവവും ധാർഷ്ട്യവും തുറിച്ചുനില്ക്കുന്നു. അതേസമയം നേട്ടങ്ങളുടെ കൊടുമുടികൾ ഒന്നൊന്നായി കീഴടക്കിയിട്ടും മെലഡിയുടെ ലാളിത്യമുള്ള ജീവിതദർശനം റഹ്മാനെ മുന്നോട്ടേക്ക് നയിക്കുന്നു."- സജീവ് ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴിതാ, ഞാനാണ് സംഗീതം എന്ന ഭാവം ഇത്രയും തിരിച്ചടികൾ ഉണ്ടായിട്ടും ഇളയരാജ കൈവിട്ടിട്ടില്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണാണ്, താൻ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം തന്റെതുമാത്രമാണെന്ന വാദം കോടതിയിൽ ഉന്നയിച്ച് അദ്ദേഹം അപഹാസ്യനായത്.
വാൽക്കഷ്ണം: എന്തൊക്കെ വിമർശിച്ചാലും വിരൽത്തുമ്പിൽ സംഗീതം ഒഴുകിയെത്തുന്ന മാന്ത്രികനാണ് ഇളയരാജ. സിറ്റുവേഷൻ പറഞ്ഞുടൻ അഞ്ച് മിനിറ്റുകൊണ്ട് ട്യൂൺ ചെയ്തതാണ് അഥർവത്തിലെ 'പുഴയോരത്ത് പൂത്തോണിയെത്തീല' ഗാനമെന്ന് ഡെന്നീസ് ജോസഫ് സഫാരീ ടീവിയിൽ പറഞ്ഞത് ഓർക്കണം. പക്ഷേ അഹങ്കാരവും ധാർഷ്ട്യവും അദ്ദേഹത്തിന്റെ പ്രതിഭക്ക് വിനയാവുന്നു.