- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കോടീശ്വരികളായ സുന്ദരികളെ തഴഞ്ഞ് ആധ്യാത്മിക പ്രഭാഷകയെ മൂന്നാം ഭാര്യയാക്കിയത് വോട്ട് മുന്നിൽ കണ്ട്; മൂൻ ക്രിക്കറ്റ് ക്യാപ്റ്റൻ അധികാരത്തിലേറിയത് അഴിമതിക്കെതിരെ ശബ്ദിച്ച്; 2019ൽ ലോകത്തിന്റെ പ്രതീക്ഷയായ നേതാക്കളുടെ ലിസ്റ്റിൽ; ഇപ്പോൾ 60ഓളം അഴിമതിക്കേസുകൾ; പാക്കിസ്ഥാനെ പ്രവാചകകാലത്തെ മദീനയാക്കാൻ വന്ന ഇമ്രാൻ അകത്താവുമ്പോൾ!
സുഖമരണം കിട്ടിയ മുഗൾ രാജാക്കന്മാർ ഇല്ല എന്ന് പറയുന്നതുപോലെയാണ് നമ്മുടെ പാക് ഭരണധികാരികളുടെയും അവസ്ഥ. അധികാരം ഒഴിഞ്ഞാൽ കാരാഗ്രഹമോ കഴുമരമോ ആണ് അവരെ കാത്തിരിക്കുന്നത്. മുഗൾ രാജാക്കന്മാരിൽ കുറേയധികംപേർക്ക് സ്വന്തം മക്കൾ തന്നെയാണ്, കാലന്മാർ ആയതെങ്കിൽ പാക് ഭരണാധികാരികൾക്ക് ഭീഷണിയാവാറുള്ളത് തൊട്ടുടത്ത ഭരണാധികാരികളാണ്. തൂക്കികൊല്ലപ്പെട്ട സുൽഫിക്കൽ അലി ഭൂട്ടോ തൊട്ട് ഇപ്പോഴും പ്രവാസിയായി കഴിയുന്ന നവാസ് ഷരീഫ് വരെയുള്ള നേതാക്കളുടെ അനുഭവം അതാണ്. ഇന്ത്യയിൽനിന്ന് ഭിന്നമായി ഇപ്പോഴും ജനാധിപത്യം പിച്ചവെക്കുന്ന നാടാണ് ജിന്നയുടെ വിശുദ്ധഭൂമി. എപ്പോഴാണ് പട്ടാളം ഭരണം പിടിക്കുന്നതതെന്നും, ഏത് ഭരണാധികാരിയാണ് അകത്താവുകയെന്നും അർക്കും അറിയില്ല.
അഴിമതി മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു മൂൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ഇമ്രാൻഖാൻ. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാനിലെത്തിച്ച ഇമ്രാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ, തങ്ങളുടെ രക്ഷകനാകുമെന്ന് സ്വപ്നം കണ്ട സാധാരണക്കാർ ഒട്ടനവധിയാണ്. ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോൾ 72 റൺസുമായി ടീമിന്റെ ടോപ് സ്കോററായ ക്യാപ്റ്റൻ ഓരോ പാക്കിസ്ഥാനിയുടെയും നെഞ്ചിലുണ്ട്. അതേ ഇമ്രാൻ തെഹ്രികെ ഇൻസാഫ് പാർട്ടിയുണ്ടാക്കി 1996 ഏപ്രിൽ മുതൽ രാഷ്ട്രീയ ക്രീസിലും സജീവമാണ്. അമ്മയുടെ പേരിൽ ആരംഭിച്ച കാൻസർ സെന്റർ ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ഇമ്രാന്റെ ജനപ്രീതി ഉയർത്തി.
അതുവരെ ആർത്തിമൂത്ത കൊള്ളക്കാർക്ക് സമാനമായ നേതാക്കളെയാണ് പാക്കിസ്ഥാനികൾ കണ്ടിരുന്നത്. അധികാരത്തിൽ വന്നാൽ പാക്കിസ്ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും വാഗ്ദാനത്തെ ജനം നെഞ്ചിലേറ്റി. ഓക്സ്ഫഡിലെ പഠനകാലത്ത് പ്ലേബോയ് ഇമേജ് വീണ ഇമ്രാന്റെ വിവാഹങ്ങളിൽ പോലും ഈ മാറ്റം പ്രകടമായിരുന്നു. ആദ്യ ഭാര്യ ജെമീമ ലണ്ടനിലെ കോടീശ്വരി, രണ്ടാഭാര്യ റെഹംഖാൻ ടെലിവിഷൻ അവതാരക, മൂന്നാം ഭാര്യ ആധ്യാത്മിക പ്രഭാഷക ബുഷറ മനേകയും. കൃത്യമായ ഇമേജ് മാറ്റം സൃഷ്ടിക്കാൻ തന്നെയായിരുന്നു ഇമ്രാന്റെ മുന്നാം വിവാഹം. (ഇപ്പോൾ ഈ അറസ്റ്റിന്റെ സമയത്തും മൂന്നാഭവര്യ അദ്ദേഹത്തിന്റെ കുടെയുണ്ട്.) .
രാഷ്ട്രീയ പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിച്ച ഇമ്രാൻ രാഷ്രീയക്കാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു. വിദേശത്തു പഠിച്ചു വളർന്നു ക്രിക്കറ്റ് കളിക്കാരാനായി ജീവിച്ച തനിക്കു അഴിമതി നടത്തേണ്ട കാര്യമില്ലെന്നും, പുതിയൊരു പാക്കിസ്ഥാനാണ് സ്വപ്നമെന്നുമുള്ള ഇമ്രാൻഖാന്റെ പ്രഖ്യാപനം ജനം ഏറ്റെടുത്തു. 22 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ 2018 ഓഗസ്റ്റ് 13 ഇമ്രാൻ പ്രധാനമന്ത്രിയായി. 2019ൽ ലോകത്തിന്റെ പ്രതീക്ഷയായ നേതാക്കളുടെ ലിസ്റ്റിൽ ഇമ്രാനും സ്ഥാനം പിടിച്ചു.
പക്ഷേ ഒറ്റക്ക് ഭരിപക്ഷമില്ലെന്നതായിരുന്നു പിന്നീടുള്ള പ്രതിസന്ധി. പണപ്പെരുപ്പവും വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധിയും പിന്നീട് ഇമ്രാന്റെ ജനപ്രീതിയിടിച്ചു. ഐ എസ് ഐ തലവന്റെ നിയമനത്തിൽ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വവയുമായി തെറ്റിയതോടെ സൈന്യത്തിന്റെ അപ്രീതിയും നേടി. അങ്ങനെ അനിവാര്യമായ പതനം ഒഴിവാക്കാനാവാതെ ഇമ്രാൻഖാനും കഴിഞ്ഞവർഷം പടിയിറങ്ങി.
60ഓളം അഴിമതിക്കേസുകൾ
പക്ഷേ അധികാരത്തിൽനിന്ന് പുറത്തായിട്ടും പാക്കിസ്ഥാനിലെ ശക്തനായ നേതാവായി അദ്ദേഹം തുടർന്നിരുന്നു. എന്നാൽ ചരിത്രം ആവർത്തിച്ചു. ഷഹബാസ് സർക്കാർ, ഇമ്രാൻഖാന്റെ അഴിമതിക്കഥകൾ ഒന്നൊയി പുറത്തുവിട്ടതോടെ ലോകം നടുങ്ങി.
ഇപ്പോൾ ഇമ്രാന്റെ പേരിലുള്ളത് 60ലധികം അഴിമതി കേസുകളാണ്. അതിൽ ഒന്നിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
അഴിമതി കേസുകൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടിലിബിലിറ്റി ബ്യൂറോയുടെ (എൻ.ഐ.ബി) വാറന്റ് പ്രകാരം, റെയിഞ്ചേഴ്സ് ഉദ്യോഗസ്ഥർ ഇമ്രാനെ അറസ്റ്റ് ചെയ്തത് ഒരു കേസിൽ കോടതിയിൽ വാദം കേൾക്കാനെത്തിയപ്പോഴാണ്. ഇമ്രാന് എതിരെയുള്ള വിവിധ കേസുകളിൽ ജാമ്യം തേടിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം ഹൈക്കോടതിയിലെത്തുന്ന വഴിയിൽ കാർ തടഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ശിക്ഷിക്കപ്പെട്ടാൽ പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് ഇമ്രാൻഖാനെ കോടതി തടയും. വരുന്ന നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൻ തിരിച്ചടിയാണ് ഇമ്രാന് ഉണ്ടായിരിക്കുന്നത്.
അൽ ഖാദിർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസിൽ മുമ്പ് പലതവണ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് പലപ്പോഴും ഇമ്രാൻ രക്ഷപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഇതിനെ തുടർന്ന് ഇസ്ലാമാബാദിൽ നിന്നുള്ള പൊലീസ് സംഘം ലാഹോറിൽ ഇമ്രാന്റെ വീട്ടിലെത്തുകയും അത് വലിയ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നെ കോടതി ഇടപെട്ടാണ് പൊലീസിനെ പിൻവലിച്ചത്.
അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ പിന്നീട് കോടതിയെ സമീപിച്ചു. അതിൽ മാർച്ച് 13ന് ഹാജരാവാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റിനിടെ ഇമ്രാൻഖാനെ ക്രൂരമായി മർദ്ദിച്ചുവെന്ന് പി.ടി.ഐ പ്രവർത്തകർ ആരോപിച്ചു. അറസ്റ്റിനെതിരെ പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം പൊലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം, ചായകുടിക്കാൻ പോലും വരുമാനമില്ലാതെ നട്ടം തിരിയുന്ന ഒരു രാജ്യത്താണ് ഇതുപോലെ കലാപം ഉണ്ടാവുന്നത്.
സമ്മാനങ്ങൾ വിറ്റ് കടുങ്ങി
പച്ചമലയാളത്തിൽ പറഞ്ഞാൽ 'നക്കിത്തരം' എന്ന് പറയാവുന്ന കാര്യമാണ് ഇമ്രാനെ കുടുക്കിയ തോഷഖാന കേസ്. അതായത് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന് വിദേശരാജ്യങ്ങളിൽനിന്നടക്കം കിട്ടുന്ന സമ്മാനങ്ങൾ, രാജ്യത്തിന്റെ പ്രോപ്പർട്ടിയായി സൂക്ഷിക്കാതെ എടുത്ത് പുട്ടടിച്ചതാണ് കേസ്. നോക്കണം, നല്ല മദീന മോഡൽ തന്നെ!
പാക്കിസ്ഥാനിൽ 1974-ൽ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കുന്നത്. ഭരണാധികാരികൾ, നിയമ നിർമ്മാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്. ഈ നിയമം ബാധകമാകുന്ന ആളുകൾ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനിൽ അറിയിക്കേണ്ടത് നിർബന്ധമാണ്. ഒപ്പം അവർക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയിൽ ഏൽപ്പിക്കുകയും വേണം. ഇതിൽ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാക്കിസ്ഥാനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങൾ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാൻ കഴിയും. അതും സമ്മാനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം അടച്ച് മാത്രമാണ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാനും സാധിക്കുക.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സ്വന്തം നിലയ്ക്കു വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്. 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും, പാക്കിസ്ഥാൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്തത്. 2018-ൽ ഇമ്രാൻ ഖാൻ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവർത്തകൻ നൽകിയ അപേക്ഷയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പാക്കിസ്ഥാൻ ഇൻഫർമേഷൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതിനെ എതിർത്തു. സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന ന്യായീകരണം ചൂണ്ടിക്കാട്ടിയാണ് അന്ന് പി.ടി.ഐ. നിയന്ത്രണത്തിലുണ്ടായിരുന്ന പാക് സർക്കാർ ആവശ്യം നിരസിച്ചത്.
വാച്ചുകളും പേനയും മോതിരവും വിറ്റു
ഇമ്രാൻ ഖാന്റെ തോഷഖാന വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർക്കാർ വിസമ്മതിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകൻ ഫെഡറൽ ഇൻഫർമേഷൻ കമ്മീഷനിൽ പരാതി നൽകി. വിവരാവകാശ നിയമപ്രകാരം ഇത് നൽകണമെന്ന് കമ്മീഷൻ ക്യാബിനറ്റ് വിഭാഗത്തിന് നിർദ്ദേശം നൽകി. എന്നാൽ, ഇമ്രാൻ ഖാൻ സർക്കാർ ഇത് നടപ്പാക്കിയില്ല. ഇതോടെ ഫെഡറൽ ഇൻഫർമേഷൻ കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ചവരുത്തിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു.
കേസിൽ വാദം കേട്ട ഹൈക്കോടതി, ഇമ്രാൻ ഖാന്റെ തോഷഖാന വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് 2022 ഏപ്രിലിൽ സർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും നീക്കങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇമ്രാൻ ഖാൻ അധികാരത്തിൽനിന്ന് പുറത്തായി. പാക്കിസ്ഥാനിൽ ഭരണമാറ്റം നടക്കുന്നതിനിടയിലാണ് ഇമ്രാൻ ഖാന്റെ തോഷഖാന നടപടിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയത്.
പക്ഷേ കഥയുടെ അടുത്തഭാഗം നടക്കുന്നത് ഇമ്രാൻ
സ്ഥാനഭ്രഷ്ടനായതിനുശേഷമാണ്.പാക്കിസ്ഥാനിൽ എല്ലാ വർഷവും സഭാംഗങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് (ഇ.സി.പി.) ആസ്തി-ബാധ്യതാക്കണക്കുകൾ സമർപ്പിക്കേണ്ടതുണ്ട്. തുടർന്ന് ഇ.സി.പിക്ക് അയച്ച കത്തിൽ സമ്മാനങ്ങൾ വിറ്റതായി ഇമ്രാൻ സമ്മതിച്ചു. സെപ്റ്റംബർ എട്ടിന് ഇ.സി.പിക്ക് നൽകിയ കത്തിലാണ്, പ്രധാനമന്ത്രി എന്ന നിലയിൽ വിവിധ രാഷ്ട്രത്തലവന്മാരിൽനിന്ന് തനിക്ക് ലഭിച്ച നാല് സമ്മാനങ്ങൾ വിറ്റതായി ഇമ്രാൻ സമ്മതിച്ചത്. എന്നാൽ, അവയുടെ മൂല്യത്തിന്റെ ഒരു ശതമാനം നൽകി സർക്കാരിൽനിന്ന് വാങ്ങിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വില കൂടിയ വാച്ചുകളും പേനയും മോതിരവും ഉൾപ്പെടുന്നതായിരുന്നു ആ സമ്മാനങ്ങൾ. തോഷഖാനയിൽനിന്ന് 2.15 കോടി രൂപയ്ക്ക് വാങ്ങിയ സമ്മാനങ്ങൾ വിറ്റത് വഴി ഏകദേശം 5.8 കോടി രൂപ ലഭിച്ചതായും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
തങ്ങളുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തെളിവുകൾ ഭരണകക്ഷിയായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ അംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഹാജരാക്കി. പാക്കിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63, സെക്ഷൻ രണ്ട്, മൂന്ന്, ആർട്ടിക്കിൾ 62 ഒന്ന് (എഫ്) എന്നിവ പ്രകാരം ഇമ്രാനെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. സമ്മാനങ്ങൾ വിറ്റതിന്റെ പേരിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2022 ഒക്ടോബർ 21-ന് ഇമ്രാൻ ഖാനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ അസംബ്ലിയിൽനിന്ന് അയോഗ്യനാക്കി. അഞ്ചു വർഷത്തേക്ക് പാർലമെന്റ് അംഗമാകുന്നതും വിലക്കി. അഴിമതി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. കമ്മിഷന്റെ തീരുമാനത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അന്ന് തന്നെ ഇമ്രാൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അഞ്ചംഗ കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇമ്രാൻ ഖാൻ കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസ് നടക്കുന്നതിനിടെയാണ് അടുത്ത കേസിൽ അറസ്റ്റ് ഉണ്ടാവുന്നത്.
എന്താണ് അൽ ഖാദിർ ട്രസ്റ്റ് കേസ്?
ഇമ്രാൻഖാനെതിരെ നിലവിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അൽ ഖാദിർ ട്രസ്റ്റ് കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഇമ്രാൻ ഇസ്ലമാബാദ് ഹൈക്കോടതി വളപ്പിൽ വച്ച് അറസ്റ്റിലായത്. അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയും, തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാക്കളും ചേർന്ന് കോടിക്കണക്കിന് രൂപയും, സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയായ ബഹ്രിയ ടൗണിൽ നിന്ന് ഭൂമിയും കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. അനധികൃത ഇടപാടിലൂടെ ദേശീയ ഖജനാവിന് 190 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ്, പഞ്ചാബിലെ ഝലം ജില്ലയിലെ സോഹാവ തഹ്സിലിൽ അൽ ഖാദിർ സർവകലാശാല സ്ഥാപിക്കാൻ ഇമ്രാൻ പദ്ധതിയിട്ടത്. ഇതിനായി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയും, അടുത്ത അനുയായികളായ സുൽഫിക്കർ ബുഖാരിയും ബാബർ അവാനും ചേർന്ന് അൽ ഖാദിർ പ്രോജക്ട് ട്രസ്റ്റിനും രൂപം നൽകി. ബാനി ഗാല ഹൗസ്, ഇസ്ലമാബാദ് എന്നാണ് രേഖകളിൽ ട്രസ്റ്റിന്റെ വിലാസമായി കാണിച്ചിരിക്കുന്നത്.
സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'ബഹ്രിയ ടൗണിൽ' നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിനായി 2019 -ൽ ബുഷ്റ ബീവി ഒരു മെമോറണ്ടം ഒപ്പ് വച്ചു. കരാർ പ്രകാരം ബഹ്റിയ ടൗണിൽ നിന്ന് 458 കനാൽ (57.25 ഏക്കർ) 4 മാർല (2.5 സെന്റ്) 58 ചതുരശ്ര അടി ഭൂമി ട്രസ്റ്റിന് ലഭിച്ചു. എന്നാൽ സംഭാവനയായി ലഭിച്ച ഭൂമിയിൽ നിന്ന് 240 കനാൽ (30 ഏക്കർ) ബുഷ്റയുടെ അടുത്ത സുഹൃത്തായ ഫറാ ഗോഗിയുടെ പേരിലേക്ക് ഇമ്രാൻ വകമാറ്റിയതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല പറഞ്ഞു. ഭൂമിയുടെ മൂല്യം കുറച്ചുകാണിച്ചതിനും സർവകലാശാലയുടെ പേരിൽ വിഹിതം സ്വീകരിച്ചതിനും പുറമെ വിഷയം അടിച്ചമർത്താൻ ഇമ്രാൻ ശ്രമിച്ചുവെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
റിയൽ എസ്റ്റേറ്റ് വ്യവസായിയായ മാലിക് റിയാസിന് ,ഇമ്രാൻ ഖാൻ ഏകദേശം 190 ദശലക്ഷം പൗണ്ട് നൽകിയെന്ന് പാക്കിസ്ഥാൻ മുൻ ധനമന്ത്രി മിഫ്താ ഇസ്മായിലിന്റെ ആരോപണം. ട്രസ്റ്റിന് മാലിക് റിയാസും നൂറുകണക്കിന് ഏക്കർ ഭൂമി സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ അൽ-ഖാദിർ യൂണിവേഴ്സിറ്റി എന്ന പേരിൽ നിർമ്മാണത്തിലിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനായി 2021-ൽ ട്രസ്റ്റിന് ദശലക്ഷക്കണക്കിന് സംഭാവനകൾ ലഭിച്ചതായും റിപോർട്ടുകൾ പുറത്തു വന്നു. ഏകദേശം 8.52 മില്യൺ പാക്കിസ്ഥാൻ രൂപ ചെലവായതായി ട്രസ്റ്റിന്റെ രേഖകൾ പറയുമ്പോൾ 180 മില്യൺ പാക്കിസ്ഥാൻ രൂപ ട്രസ്റ്റിന് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് അഴിമതി പുറത്തുവരുന്നത്. സ്ഥാപനം ട്രസ്റ്റായിരിക്കെ എന്തിനാണ് വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നതെന്ന ചോദ്യവും മാധ്യമങ്ങൾ ഉയർത്തുന്നു.
എന്തിനും കമ്മീഷൻ!
കേസിൽ ഹാജരാകുന്നതിനായി ഇമ്രാൻ ഖാന് നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാനെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഖജനാവിനുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ഇമ്രാന്റെ പാർട്ടിക്കാർ വൻ പ്രതിഷേധം അഴിച്ചിവിട്ടിരിക്കയാണ്. പക്ഷേ എന്തിനും വൻതുക കമ്മീഷൻ പറ്റുന്ന അഴിമതി രാജ് തന്നെയാണ് ഇമ്രാന്റെ ഭരണത്തിലും നടന്നതെന്ന് പാക്കിസ്ഥാനിലെ, പൊതുവെ നിഷ്പക്ഷപത്രമായി കരുതുന്ന 'ദ ഡോൺ' വിലയിരുത്തുന്നു. 2020ൽ അഴിമതി ആരോപണത്തെതുടർന്ന് വാർത്താവിതരണ പ്രക്ഷേപണവകുപ്പുമന്ത്രി അസീം സലീം ബാജ്വ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാവ് കൂടിയായ അസീം സലീം വിദേശത്തും സ്വദേശത്തുമായി വൻതോതിൽ സ്വത്ത് വാങ്ങിക്കൂട്ടിയിരുന്നു. ഇതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നപ്പോഴാണ് മന്ത്രി രാജിവെച്ചത്.
വിദേശത്തുമാത്രമായി 73 കമ്പനികൾ ബാജ് വായുടെ ഉടമസ്ഥതയിലുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇതിലേറെയും അമേരിക്കയിലും ബ്രിട്ടനിലുമാണ്. ഇമ്രാന്റെ നിർദ്ദേശ പ്രകാരം പാക് സൈന്യത്തെയും ചൈനയെയും ചേർത്തുനിർത്തുന്ന സുപ്രധാന വ്യക്തിയാണ് മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ബാജ് വാ. ചൈന പാക്കിസ്ഥാനിലൂടെ നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയെന്ന പേരിലുള്ള ഹൈവേ നിർമ്മാണത്തിലും തുറമുഖത്തിന്റെ പ്രവർത്തനത്തിലും സർക്കാറിന്റെ ഇടനിലക്കാരനാണ് ബാജ്വ. ഈ ഇടപാടിൽപോലും ഇമ്രാൻഖാൻ സർക്കാർ കമ്മീഷനിടിച്ചതായി ആരോപണം ഉയർന്നിരുന്നു.
വധശ്രമത്തെ അതിജീവിക്കുന്നു
പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പടിയിറങ്ങിയ ശേഷം ഇമ്രാൻഖാൻ നടത്തിയത് വൻ പ്രക്ഷോഭങ്ങളും റാലികളുമായിരുന്നു. പാക്കിസ്ഥാനിലെ ഭരണകൂടത്തിനും സൈനികമേധാവിത്വത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ടു പോയത്. ജനലക്ഷങ്ങളായിരുന്നു ഖാന്റെ ഓരോ റാലിയിലും ഉണ്ടായിരുന്നത്. ഇതിനിടയിലാണ് ഇമ്രാനെതിരെ വധശ്രമവും ഉണ്ടായിരിക്കുന്നത്. ഇതും അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഉയർത്തി.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളും, സൈന്യവും, വധശ്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു രംഗത്തുവരുമ്പോൾ ഇവരിലേക്ക് തന്നെയാണ് പിടിഐ പാർട്ടി ആരോപണത്തിന്റെ മുന തിരിച്ചത്. ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ലോറി പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിലെ അല്ലാവാല ചൗക്കിലെത്തിയപ്പോഴാണ് അക്രമി വെടിവച്ചത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതുകൊണ്ടാണു വധിക്കാൻ ശ്രമം നടത്തിയതെന്നുമാണ് അക്രമിയുടെ മൊഴി. റാലി തുടങ്ങിയപ്പോൾ മുതൽ ആക്രമണം പദ്ധതിയിട്ടിരുന്നെന്നും പറഞ്ഞു.
വധശ്രമത്തിനു പിന്നാലെ കറാച്ചിയിലും ക്വറ്റയിലും ഉൾപ്പെടെ പാക്കിസ്ഥാനിലെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ക്വറ്റയിൽ എയർപോർട്ട് റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം. കറാച്ചിയിയിലെ തെരുവുകളിൽ പ്രതിഷേധം വ്യാപിച്ചു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ 3 പേരുണ്ടെന്ന് ഇമ്രാൻ ഖാൻ സംശയിക്കുന്നതായി പിടിഐ നേതാക്കൾ പറഞ്ഞു. പാക്ക് പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തര മന്ത്രി റാണ സനാവുല്ലവും, ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനും വധശ്രമത്തിൽ പങ്കുണ്ടെന്ന് ഇമ്രാൻ പറഞ്ഞതായി പിടിഐ സെക്രട്ടറി ജനറൽ അസദ് ഉമർ അറിയിച്ചത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലെ അക്രമങ്ങൾ പടർത്തി.
ഇസ്ലാമാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ഗുജ്റൻവാല ജില്ലയിലെ വസീറാബാദ്. ഈ ടൗണിലെതന്നെ മറ്റൊരു മേഖലയിൽ ഇമ്രാന്റെ പ്രസംഗം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അവിടെ റാലിയെ അഭിസംബോധന ചെയ്യാതെ ഇമ്രാൻ ജനക്കൂട്ടത്തോട് തന്നെ അനുഗമിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന കറുത്ത എസ്.യു.വിയിൽനിന്നിറങ്ങിയ ഇമ്രാൻ കണ്ടെയ്നർ ട്രക്കിനു മുകളിലേക്കു കയറി. അപ്പോൾ ഇമ്രാന്റെ ഇടതുഭാഗത്തുനിന്നാണ് പിസ്റ്റൾ ഉപയോഗിച്ച് അക്രമി വെടിയുതിർത്തത്. വൻജനാവലി ചുറ്റുമുണ്ടായിരുന്നതിനാൽ സമീപമെത്തി നിറയൊഴിക്കാൻ അക്രമിക്കു സാധിച്ചില്ല. ഇത് ഇമ്രാനു രക്ഷയായി. ലക്ഷ്യം തെറ്റിയ വെടിവയ്പ്പിൽ ഇമ്രാനൊപ്പം സമീപത്തുണ്ടായിരുന്ന നേതാക്കൾക്കും പ്രവർത്തകർക്കും പരുക്കേറ്റു. ചിതറിയോടിയ പ്രവർത്തകർക്കിടയിലുണ്ടായിരുന്ന യുവാവാണ് അക്രമിയെ കീഴ്പ്പെടുത്താൻ മുന്നിലുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഇങ്ങനെ ഹീറോ പരിവേഷത്തിൽ ജീവിക്കുമ്പോഴാണ് ഇമ്രാൻഖാന്റെ അറസ്റ്റ് ഉണ്ടാവുന്നത്. അതിന്റെ പേരിൽ പാക്കിസ്ഥാൻ കത്തുകയാണ്. പക്ഷേ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്ന രീതിയിൽ ഇമ്രാനെ എഴുതിത്ത്ത്തള്ളാനും കഴിയില്ല. ഒറ്റത്തവണ അധികാരം കിട്ടിയാൽ തേച്ചുമാച്ച് കളയാവുന്നതേയുള്ളൂ ഈ കേസുകൾ. പാക്കിസ്ഥാനിലെ രാഷ്ട്രീയം എന്നാൽ അങ്ങനെയാണ്!
വാൽക്കഷ്ണം: ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ ഇന്ന് അത് പാക്കിസ്ഥാൻ ആയിരിക്കും. സാമ്പത്തിക പ്രതിസന്ധിമൂലം ജനം ഒരു റൊട്ടിക്ക് അഞ്ചൂറ് രൂപ കൊടുക്കേണ്ട അവസ്ഥയിലാണ്. അതിനിടയിലാണ് അടിക്കടിയുണ്ടാകുന്ന പ്രക്ഷോഭങ്ങളും കലാപങ്ങളും. അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിലും ഇടയിലാണ് ആ ജനത.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ