മോസ്‌ക്കോ റോഡ്! ഈ റോഡ് വെട്ടുന്നത് മണ്ണിലല്ല മനുഷ്യന്റെ തലയിലാണ്. പൊലീസ്, 50കളിൽ കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്ത രീതിയാണ് ഇത്. അതായത് തലയിലെ ഓരോ മുടിയിഴയും, ചവണകൊണ്ട് പിടിച്ച്വലിച്ച് പിഴുതെറിഞ്ഞ്, നെറ്റിയുടെ തുടക്കം മുതൽ മൂർധാവ് വരെ റോഡുവെട്ടുക! പ്രാണൻ പിടച്ചുപോകുന്ന ഈ കൊടിയ പീഡനം അനുഭവിച്ച കേരളത്തിലെ അപൂർവം കമ്യുണിസ്റ്റുകാരിൽ ഒരാളാണ്, എം എം ലോറൻസ് എന്ന ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന സിപിഎം നേതാവ്. 94ാം വയസ്സിലും, വെയിലാറാത്ത സമര സായ്ഹാനം.

ഈ ജീവിത സായാഹ്നത്തിലും ലോറൻസ് പലതവണ വാർത്തകളിൽനിറഞ്ഞു. വി എസ് പുന്നപ്ര വയലാർ സമര നായകനല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. ഏറ്റവും ഒടുവിലായി ബാലചന്ദ്രൻ ചുള്ളിക്കാട് ലോറൻസിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എഴുതിയ 'തോട്ടി' എന്ന കവിതയും വിവാദമായി. തോട്ടിത്തൊഴിലാളികൾ തൊട്ട് ഐടിക്കാരെവരെ സംഘടിപ്പിച്ച് കേരളത്തിൽ ട്രേഡ് യൂണിയൻ വിപ്ലവം സൃഷ്ടിച്ച ഈ നേതാവ് വീണ്ടും വാർത്തകളിൽനിറയുന്നത്, തന്റെ അത്മകഥയുടെ പേരിലാണ്. ലോറൻസിന്റെ ആത്മകഥയായ 'ഓർമച്ചെപ്പ് തുറക്കുമ്പോൾ' എന്ന പുസ്തകം ഫലത്തിൽ വി എസ് അച്യുതാനന്ദന് എതിരായ കുറ്റപത്രമാണ്.

ഒരു കോക്കസിനെ സൃഷ്ടിച്ചുകൊണ്ട് എങ്ങനെയാണ് വി എസ് സിപിഎമ്മിൽ വിഭാഗീയ സൃഷ്ടിച്ചതെന്ന് ഈ പുസ്തകം കൃത്യമായി പറയുന്നുണ്ട്. പക്ഷേ വിവാദങ്ങൾകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ടതല്ല എം എം ലോറൻസിന്റെ ജീവിതം. ഐതിഹാസികമാണ് ആ സമരം ജീവിതം.

എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ പതിനഞ്ചിനാണ് ലോറൻസിന്റെ ജനനം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാൾ മാർക്സിനെക്കുറിച്ചുള്ള ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനിയായ സഹോദരൻ എബ്രഹാം മാടമാക്കൽ നൽകുമ്പോഴാണ് പതിനൊന്നുകാരനായ ലോറൻസ് മാർക്സിസത്തെക്കുറിച്ച് അറിയുന്നത്. പിന്നെ ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രയാണമായിരുന്നു. പതിനെട്ടാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. തുടർന്നങ്ങോട്ട് എഴ് പതിറ്റാണ്ടുകൾ നീണ്ട പാർട്ടി പ്രവർത്ത കാലം.

ചരിത്രമായ ഇടപ്പള്ളി ആക്രമണം

കമ്യൂണിസ്റ്റ് പാർട്ടിയുടെ ജ്വലിക്കുന്ന ഏടായ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക നേതാണ് ലോറൻസ്. പക്ഷേ ഇന്ന് പാർട്ടിപോലും ആ ചരിത്രം അത്ര ഓർക്കുന്നില്ല. 1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാർ തയാറായിരുന്നില്ല. പകരം, വിമോചനത്തിന് ആയുധമേന്താമെന്നായി പുതിയ നയം. അക്രമങ്ങൾക്ക് ഇരയാകുന്ന ഗ്രാമങ്ങളിലെ സഖാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട കൊൽക്കത്ത തീസിസ്. അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി ടി രണദിവെയുടെ നേതൃത്വത്തിലാണ് സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ ആഹ്വാനമുണ്ടായത്. ഇതിന്റെ ബാക്കിപത്രമായിരുന്നു ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിജയിക്കാതെ പോയ ആക്രണം.

1950 ഫെബ്രുവരി 28ന് ദേശീയ തലത്തിൽ പ്രഖ്യാപിക്കപ്പെട്ട റെയിൽവേ പണിമുടക്ക് വിജയിപ്പിക്കുന്നതിനായിരുന്നു എംഎം ലോറൻസ് ഉൾപ്പെടെയുള്ളവർ ഇടപ്പള്ളിയിൽ ഒത്തുകൂടിയത്. രണ്ടു സഖാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അവരെ മോചിപ്പിക്കണമെന്നും ഇടപ്പള്ളിയിൽ ചേർന്ന യോഗത്തിനു നേതൃത്വം നൽകിയ കെ സി മാത്യു പ്രഖ്യാപിച്ചു. ഇതു ശരിയല്ലെന്നു തോന്നിയിട്ടും എതിർക്കാതിരുന്നത്, പേടിച്ചിട്ടാണെന്നു പറയാതിരിക്കാനായിരുന്നു എന്നാണ് ആക്രണമത്തെക്കുറിച്ച് പിന്നീട് എം എം ലോറൻസ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അന്ന് ആക്രമണത്തിന് ഒപ്പമുണ്ടായിരുന്ന വിശ്വനാഥ മേനോനോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

പുലർച്ചെ രണ്ടു മണിക്കു ജാഥയായാണ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിട്ടത്. മാത്യു അറ്റാക്ക് പറഞ്ഞാൽ ആക്രമണം, റിട്രീറ്റ് പറഞ്ഞാൽ പിൻവാങ്ങൽ. ഇതാണു പദ്ധതി. അറ്റാക്ക് കേട്ടതും സഖാക്കൾ സ്റ്റേഷനിലേക്കു പാഞ്ഞു കയറി. തയാറാക്കി കൊണ്ടുവന്ന കൈബോംബ് പ്രയോഗിച്ചെങ്കിലും പൊട്ടിയില്ല. ഒരു പൊലീസുകാരന്റെ ബയണറ്റു കൊണ്ടുള്ള കുത്തേറ്റ് ഒരു സഖാവിനു പരുക്കേറ്റു. ഇതിനിടെ ചിലർ ആ പൊലീസുകാരനെ അടിച്ചിട്ടു. മറ്റൊരു പൊലീസുകാരനും തല്ലുകൊണ്ടു വീണു. ബാക്കിയുള്ള പൊലീസുകാർ ഓടി രക്ഷപ്പെട്ടു. തല്ലുകൊണ്ടു വീണ രണ്ടു കോൺസ്റ്റബിൾമാരെയും ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ബഹളം കേട്ട് നോക്കിയെങ്കിലും എന്തോ പ്രശ്നമാണെന്നു കണ്ടു പിൻവാങ്ങി. എത്ര ശ്രമിച്ചിട്ടും സമരക്കാർ വിചാരിച്ചതു പോലെ ലോക്കപ്പ് തുറക്കാനോ അതിലുള്ളവരെ രക്ഷപ്പെടുത്താനോ സാധിച്ചില്ല. അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു.

17 പേർ പങ്കെടുത്ത പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ആദ്യം അറസ്റ്റിലായത് സംഭവം അറിഞ്ഞിട്ടു പോലുമില്ലാത്ത പയ്യപ്പള്ളി ബാലനും കെ. രാജനുമെല്ലാം. അറസ്റ്റിലായവർക്കു നേരിടേണ്ടി വന്നതു ക്രൂര മർദനം. സ്റ്റേഷൻ ആക്രമണത്തിനു ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും നിരവധിപ്പേരെ ഹാജരാക്കി പൊലീസ്. എല്ലാം കള്ളസാക്ഷികൾ. അറസ്റ്റിലായവരിൽ ഏറെയും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ലാത്തവർ. അതുകൊണ്ടു തന്നെ ശിക്ഷിക്കപ്പെട്ടതും നിരപരാധികൾ. ഒടുവിൽ പൊലീസിന്റെ മൊഴി രേഖപ്പെടുത്തലിൽ വന്ന പാകപ്പിഴകളുടെ സാധ്യതകൾ മുതലെടുത്ത് മികച്ച അഭിഭാഷകർ സുപ്രീം കോടതി വരെ പോയാണ് ലോറൻസ് ഉൾപ്പടെയുള്ളവർ ജയിൽ മോചിതരായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായ ലോറൻസ് 22 മാസം ജയിലിൽ കിടന്നത്. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു. അടിയന്തരാസ്ഥയിലും കൊടിയ പീഡനം അനുഭവിച്ചു.

വിഭാഗീയതയിൽ പണികിട്ടുന്നു

എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖവ്യവസായ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികളെയുമെല്ലാം അദ്ദേഹം സംഘടിപ്പിച്ചു. ഒരു മികച്ച ട്രേഡ് യൂണിയനിസ്റ്റും സംഘാടകനുമായ ലോറൻസിനെ മാറ്റിക്കൊണ്ട് കൊച്ചിയുടെ ചരിത്രം എഴുതാൻ കഴിയില്ല. സിഐടിയുവിന്റെ നേതൃത്വത്തിൽനിന്നുകൊണ്ട് അദ്ദേഹം ഐടി മേഖലയിൽ ട്രേഡ് യൂണിയനും നേതൃത്വം കൊടുത്തു. കേരളത്തിൽ ഇൻഫോപാർക്കുളും, ഐടി പാർക്കുകളും വന്നകാലത്ത്, ഈ പുതിയ മേഖലയിലും ചൂഷണങ്ങൾ അനവധിയുണ്ടാവുമെന്നും. ട്രേഡ് യൂണിയൻ വേണ്ട ്എന്ന ആശയം പാടില്ലെന്നും ലോറൻസ് ശക്തിയുക്തം വാദിച്ചു. വൈകാതെ അദ്ദേഹം കേരളത്തിലെ തന്നെ സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായി മാറി.

തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും ലോറൻസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 1969-ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തിന് സ്ഥാനം കൈവിട്ടുപോയത്. 1970-ലും 2006-ലും എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ൽ ഇടുക്കി പാർലമെന്റ് സീറ്റിൽനിന്ന് വിജയിച്ചു. 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു.പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി. പാർട്ടിക്കുള്ളിൽ ശക്തനായി നിലനിൽക്കുമ്പോൾത്തന്നെ ഒരു വ്യാഴവട്ടം ഇടതുമുന്നണി കൺവീനറായി.

പിന്നെ പാർട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ ചുഴിയിൽ വീണ് ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സേവ് സിപിഎം.ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അച്ചടക്കമുള്ള പ്രവർത്തകനായിനിന്ന് പിന്നെയും അദ്ദേഹം പടികൾ കയറി. സിഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായി. വീണ്ടും സിപിഎം.സംസ്ഥാനകമ്മിറ്റി അംഗമായി. അങ്ങനെ പൊരുതാൻ അറിയുന്ന ആളായിരുന്നു ലോറൻസ്.

പക്ഷേ തനിക്ക് ഈ പ്രശ്നങ്ങൾ മൊത്തം ഉണ്ടായത് വി എസ് അച്യുതാനന്ദൻ എന്ന ഒറ്റയാൾ മൂലമാണെന്ന് ലോറൻ സതന്റെ ആത്മകഥയിൽ പറയുന്നു. വി എസ് അച്യുതാനന്ദൻ എന്ന ബിംബത്തെ പൊളിച്ചടുക്കയാണ് ലോറൻസിന്റെ ആത്മകഥയായ 'ഓർമച്ചെപ്പ് തുറക്കുമ്പോൾ'.

'ഇഎംഎസിനെ തകർക്കാൻ വി എസ് ശ്രമിച്ചു'

ഇ എം എസിനെതിരെ പോലും കടുത്ത വൈരനിര്യാതന ബുദ്ധി കാണിച്ച വി എസ് അച്യുതാനന്ദന്റെ ചിത്രമാണ് എം എം ലോറൻസിന്റെ ആത്മകഥ വായിക്കുമ്പോൾ വെളിവാവുന്നത്. ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കേരള രാഷ്ട്രീയത്തിലെ സാന്നിധ്യം അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസിന് അസ്വസ്ഥത സൃഷ്ടിച്ചെന്നു ലോറൻസ് പറയുന്നു.

ഇഎംഎസ് പതിവായി എകെജി സെന്ററിലെത്തുന്നത് വിഎസിന് ഇഷ്ടപ്പെട്ടില്ല. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ട് ഒരേ ട്രെയിനിൽ വന്നിറങ്ങിയപ്പോൾ, ഇഎംഎസിന് കൂടുതൽ മുദ്രാവാക്യം വിളികൾ കിട്ടിയതും വിഎസിനെ അസ്വസ്ഥനാക്കി. അന്ന് പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബസവ പുന്നയ്യയ്ക്കു രേഖാമൂലം വി എസ് പലതവണ പരാതി കൊടുത്തു.

1991ൽ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഇ എംഎസിനെതിരെ സംസാരിക്കാൻ വി എസിന്റെ അടുത്തയാളായ എ പി വർക്കി ചിലയാളുകളെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ, സൂര്യൻ ചൂടും പ്രകാശവും കുറഞ്ഞു കരിക്കട്ടയാകുന്നതു പോലെ ഇഎംഎസ് മാറുമെന്ന് വി എസ് വിഭാഗത്തിലെ ഒരു നേതാവ് പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിച്ചു. തനിക്ക് എതിരെന്നു തോന്നുവരെ തിരഞ്ഞു പിടിച്ചു പ്രതികാരം ചെയ്യാൻ വി എസ് ശ്രമിച്ചു.
വ്യക്തിപ്രഭാവം വർധിപ്പിക്കാൻ വി എസ് പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഇതു കമ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ലെന്നും സംഘടനാ തത്വങ്ങൾക്കും വിരുദ്ധമായിരുന്നുവെന്നും ആത്മകഥയിലുണ്ട്.

1991 ൽ വി എസ് അച്യുതാനന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കമുണ്ടായി. പകരം നായനാരാണ് വന്നത്. എന്നാൽ വി എസ് ഒഴിയാൻ തെയ്യാറായില്ല. നായനാർ മൽസരിച്ചു ജയിച്ചു. 1994ൽ കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ തന്നെ തോൽപ്പിച്ച് നയനാരെ വിജയിപ്പിച്ചവരെ തെരെഞ്ഞെടുപ്പ് പിടിച്ചു വെട്ടി നിരത്തി. 1998 ലെ പാലക്കാട് സമ്മേളനത്തിൽ ഇ എം എസ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് 17ാം സ്ഥാനക്കാരനായിട്ടാണ്. 37 പേരാണ് അന്ന് ഇ എം എസിന്റെ പേർ വെട്ടിയത്.

തന്നോട് വിയോജിപ്പുള്ളവരോട് ആജന്മ്മ വൈര്യം ഉള്ളവരെപ്പോലെയായിരുന്നു വി എസിന്റെ പെരുമാറ്റം. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എ പി കുര്യനോട് വി എസിന് വലിയ ശത്രുതയായിരുന്നു. കാൻസർ മൂലം അദ്ദേഹം മരിച്ചപ്പോൾ അനുശോചന യോഗത്തിൽ കഷണ്ടിക്കും കാൻസറിനും മരുന്നില്ലന്ന് വരെ വി എസ് പ്രസംഗിച്ചുകളഞ്ഞുവെന്നും ലോറൻസ് പറയുന്നു.

വീൽ ചെയറിൽ ചടയനെ ഇറക്കി

തനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വർക്കിയെ അക്കാലത്ത് വി എസ്. അച്യുതാനന്ദൻ വിഭാഗീയത ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നുവെന്നും ലോറനസ് ആത്മകഥയിൽ പറയുന്നു. പാർട്ടി കോൺഗ്രസിൽ ഇ.കെ. നായനാർ ഇക്കാരം തുറന്നു പറഞ്ഞിരുന്നു. വ്യക്തിപ്രഭാവം വർധിപ്പിക്കാൻ വി എസ്. പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചു. ഇവരിൽ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. ആദ്യമായി വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയിൽ ആ കനൽ മുഴുവനായി കെട്ടടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സിപിഎം. കേന്ദ്രകമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കാൻ, വി എസ്. അച്യുതാനന്ദൻ അർബുദരോഗബാധിതനായിരുന്ന അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനെ നിർബന്ധിച്ച് ഡൽഹിക്ക് കൊണ്ടുപോയെന്ന് എം.എം. ലോറൻസ് എഴുതുന്നുണ്ട്. വീൽച്ചെയറിലായിരുന്നു ചടയൻ. വോട്ടിങ് നടന്നപ്പോൾ ടി.കെ. രാമകൃഷ്ണൻ മാത്രമാണ് തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞതെന്നും ലോറൻസ് ഓർക്കുന്നു. 1998-ൽ പാലക്കാട് സംസ്ഥാന സമ്മേളനത്തിനുശേഷം എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഉടനെ ഒഴിയണമെന്ന് ചിലർ പറഞ്ഞു. ഇല്ലെങ്കിൽ അവർ മാറ്റും. അതിനായുള്ള കളികൾ നടക്കുന്നുണ്ടെന്നാണ് പറഞ്ഞത്. അതിനുള്ള നീക്കങ്ങൾ തുടങ്ങുംമുമ്പുതന്നെ താൻ പത്രസമ്മേളനം വിളിച്ച് കൺവീനർ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി തന്നെ എറണാകുളം ഏരിയാ കമ്മിറ്റിയിലേക്കാണ് നിയോഗിച്ചത്. തന്നെ മാനസികമായി തളർത്താമെന്നായിരുന്നു ചിലർ വിചാരിച്ചത്. താൻ ഏരിയാകമ്മിറ്റിയിൽ പങ്കെടുക്കാതെ പാർട്ടിയിൽനിന്ന് ഒഴിവായിപ്പോകുമെന്നായിരുന്നു അവർ ധരിച്ചത്. എന്നാൽ, താൻ ഏരിയാ കമ്മിറ്റിയിൽ പങ്കെടുത്തു. എറണാകുളം ഏരിയാ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ താൻവരുന്നതിന്റെ ചിത്രം പിറ്റേന്ന് 'മാതൃഭൂമി' പത്രത്തിൽവന്നു. അത് താൻ കൊടുത്തതാണെന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. പിന്നീട് കണ്ണൂർ സംസ്ഥാനസമ്മേളന ഭാഗമായി ജില്ലാകമ്മിറ്റിയിലേക്ക് എത്തി. 2004-ൽ മലപ്പുറം ജില്ലാസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരിച്ചെത്തി. അന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ വോട്ടുലഭിച്ചവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നു.

പിന്നീട് ആലപ്പുഴ സമ്മേളനത്തിൽ പുതിയവർക്കുവേണ്ടി മുതിർന്നവർ ഒഴിയണമെന്ന തീരുമാനം വന്നു. താൻ അത് അനുസരിച്ചു. എന്നാൽ വി എസ്. അച്യുതാനന്ദൻ ഒരു അച്ചടക്കവുമില്ലാതെ പ്രതിഷേധിച്ച് വേദിവിട്ട് ഇറങ്ങിപ്പോയ സമ്മേളനംകൂടിയായിരുന്നു അതെന്നും ലോറൻസ് പറയുന്നു.വി എസ്.അച്യുതാനന്ദൻ പുന്നപ്രവയലാർ സമരനായകനല്ലെന്ന് നേരത്തെുള്ള തന്റെ നിലപാട് എം.എം.ലോറൻസ് ആത്മകഥയിലും അവർത്തിക്കുന്നുണ്ട്. തന്നെ പൊലീസ് തെരയുന്നുണ്ടെന്ന് പറഞ്ഞ് പുന്നപ്ര വയലാർ സമരത്തിൽനിന്ന് മുങ്ങിആളാണ് വി എസ് എന്നാണ് ലോറൻസ് പറയുന്നത്.-''വിഎസിന്റെ കാലിൽ പൊലീസ് ബയണറ്റിട്ടു കുത്തിയെന്നൊക്കെയാണു പറയുന്നത്. സമരകാലത്തു വി എസ് തയ്യൽത്തൊഴിലാളിയായിരുന്നു. സമരം നടക്കുന്നുവെന്നറിഞ്ഞു പിന്നീട് അദ്ദേഹം അങ്ങോട്ടെത്തുകയായിരുന്നു. വിഎസിന്റെ നൂറാം പിറന്നാളിന്റെ കാര്യമൊക്കെയറിഞ്ഞു. പക്ഷേ, ആളത്ര നല്ലതല്ല''- ഈയിടെയും ലോറൻസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത് അങ്ങനെയാണ്.

പാർട്ടിക്കുവേണ്ടി മക്കളെ തള്ളിപ്പറഞ്ഞു

2018ൽ ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും കൊമ്പുകോർക്കുന്നതിനിടെ എം എം ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ബിജെപിയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതതും വലിയ വാർത്തയായിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കടുത്ത് തന്നെ കസേര നൽകി ബിജെപി വലിയ സ്വീകരണമാണ് ഈ പ്ലസ് ടൂ കാരന് നൽകിയത്. മിലൻ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങൾ മനസിലാക്കാനാണ് വന്നതെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.

എന്നാൽ കൊച്ചുമകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിൽ എംഎം ലോറൻസ് അതൃപ്തി അറിയിച്ചു. എന്നാൽ മകന് ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് ലോറൻസിന്റെ മകൾ ആശ പ്രതികരിച്ചത്. ബിജെപിയിൽ ചേരണമെന്ന് മകൻ ആഗ്രഹം പ്രകടപ്പിച്ചാൽ തങ്ങൾ തടയില്ലെന്നായിരുന്നു ആശയുടെ പ്രതികരണം. ഇതിന് പിന്നാലെ സിപിഎം നേതാക്കൾ തന്നോട് പ്രതികാരം ചെയ്യാൻ ശ്രമം നടത്തുന്നതായി ആശ പറഞ്ഞിരുന്നു.

മിലൻ ബിജെപി സമരത്തിൽ പങ്കെടുത്തത് മുതൽ സിഡ്കോയിലേയും സിപിഎമ്മിലേയും ഉന്നതർ ശത്രുതാ മനോഭാവത്തോടെയായിരുന്നു പെരുമാറിയിരുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ മാനേജ്മെന്റ് നീക്കം നടത്തി. താൻ കുത്തിയിരുപ്പ് സമരം നടത്തിയതോടെ അവർ പിന്മാറുകയായിരുന്നുവെന്ന് ആശ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ ഗവൺർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വൈകാതെ ആശ സിപിഎമ്മിന്റെ കടുത്ത വിമർശകയായി. അതിന്റെ പേരിൽ അവരുടെ ജോലിയും നഷ്ടമായി. ഇക്കാര്യം ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലുടെ ആശ അറിയിച്ചിരുന്നു. '' ജീവിതമാർഗം അടഞ്ഞ തനിക്കുവേണ്ടി ഇടപെട്ടത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം വ്യവസായമന്ത്രി ഇ പി ജയരാജനെ വിളിച്ചപ്പോൾ അദ്ദേഹം പുച്ഛിക്കുകയും തന്നെക്കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്''- ആശ പറഞ്ഞു.

ഇത്തരം വിവാദങ്ങൾ കൊടുമ്പിരി കൊണ്ടതോടെ എം എം ലോറൻസിനും മകളെ തള്ളിപ്പറയേണ്ടി വന്നു. ഈ മകൾ എന്റെ നല്ലതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് ലോറൻസ് പോസ്റ്റിട്ടു. സംഘ പരിവാറിനൊപ്പം നിൽക്കുന്ന ആശയുടെ ദുർപ്രചരണങ്ങളെ വിശ്വസിക്കരുത്ഴ തന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ നടത്തുകയാണെന്നും ലോറൻസിന്റെ കുറിപ്പിൽ പറയുന്നു.

''നാലു മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. ''- ലോറൻസ് പറഞ്ഞു.

ലോറൻസിന്റെ മകൻ അഡ്വ. എം.എൽ. എബ്രഹാം (അബി) നേരത്തെ ബിജെപിയിൽ ചേർന്നതും വിവാദമായിരുന്നു. എ.കെ. ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ, എന്തുകൊണ്ട് ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നില്ല എന്ന് വാർത്ത വന്നിരുന്നു. ഇതിലും ലോറൻസിന്റെ പ്രതികരണം ഇങ്ങനെയാണ്. '' ബിജെപിയിൽ ചേർന്ന തന്റെ മകൻ അബി പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. അബി ബിജെപിയിൽ ചേർന്നതിനെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു. അതിനുശേഷം അബി വന്നു കണ്ടിരുന്നു. തെറ്റ് പറ്റിയതാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലമാണ് അപ്രകാരം ഉണ്ടായതെന്നും ബിജെപിയുടെ ആശയഗതികളോടോ പ്രവർത്തന പരിപാടികളോടോ യോജിപ്പുമില്ലെന്നും പറഞ്ഞിരുന്നു. ഞാൻ ബിജെപിയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും അവർ എന്നോട് പറഞ്ഞിരുന്നു''- ഇങ്ങനെയാണ് ലോറനസ് പ്രതികരിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പാർട്ടിക്കൂറ്. ഈ ജീവിത സായാഹ്നത്തിലും സ്വന്തം മക്കളേക്കാൾ പ്രിയം അദ്ദേഹത്തിന് പാർട്ടിതന്നെയാണ്.

ഒടുവിൽ തോട്ടി കവിത വിവാദം

ഇപ്പോൾ അസുഖബാധിതായി വിശ്രമ ജീവിതം നയിക്കുന്ന, എം എം ലോറൻസ് ഒടുവിൽ വാർത്തയിൽ ഇടം പിടിച്ചത്, ബാലചന്ദ്രൻ ചൂള്ളിക്കാടിന്റ 'തോട്ടി' എന്ന മാതൃഭൂമി ആഴ്്ചപ്പതിപ്പിൽ വന്ന കവിതയിലുടെയാണ്. ആദ്യകാല തോട്ടിപ്പണിക്കാരുടെ യൂണിയൻ നേതാവ് എം.എം.ലോറൻസിനുള്ള സമർപ്പണമായാണ് കവിയ അവതരിപ്പിച്ചത്. പക്ഷേ കവിതയുടെ കാമ്പല്ല ആമുഖമായി 'ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയൻ സംഘടിപ്പിച്ച സഖാവ് എം എം ലോറൻസിന് ' എന്ന് എഴുതിയതാണ് വിവാദത്തിനു കരാണം. തോട്ടിപ്പണിക്കാരുടെ യൂണിയൻ ആദ്യമായി സംഘടിപ്പിച്ചത് ലോറൻസ് ആയിരുന്നില്ലെന്ന് പറഞ്ഞ് പലരും ഇത് സോഷ്യൽ മീഡിയയിൽ വിവാദമാക്കി.

1929 ജൂൺ പതിനഞ്ചിനാണ് ലോറൻസിന്റെ ജനനം. അതിനും ഒരു കൊല്ലം മുൻപേ 1928ൽ കൊൽക്കത്തയിൽ സോഷ്യലിസ്റ്റ് നേതാവ് പ്രഭാവതി ഭാസ് ഗുപ്തയുടെ നേതൃത്വത്തിൽ തോട്ടിപ്പണിക്കാരുടെ സമരം നടന്നിരുന്നു.തോട്ടിത്തൊഴിലാളികളുടെ മാതാവ്എന്നാണ് പ്രഭാവതി ദാസ് ഗുപ്ത അറിയപ്പെട്ടിരുന്നത്.കേരളത്തിലെ കാര്യമെടുത്താലും ലോറൻസ് അല്ല ആദ്യ 'തോട്ടി' സംഘാടകൻ. സ്വാതന്ത്രസമര സേനാനി ജൂബാ രാമകൃഷ്ണപിള്ള കേരളത്തിൽ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു സംഘടനയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് വിമർശകരുടെ വാദം.

ഇത് ശരിയാണെങ്കിലും, ആർക്കും വേണ്ടാത്ത കേരളത്തിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചതിൽ എം എം ലോറൻസിന് വലിയ പങ്കുണ്ട്. പണ്ട് കൊച്ചിയുടെ കുപ്പത്തൊട്ടിയായിരുന്നു കലൂർ. തോട്ടികൾ മലം വാരികൊണ്ടിടുന്ന സ്ഥലം. യൂറോപ്യൻ കക്കൂസുകൾ വരുന്നതിന് മുമ്പുള്ള ആ കാലത്ത് സമൂഹം നികൃഷ്ടജീവികളായി കണ്ട, തോട്ടികളെ കൊച്ചിയിൽ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കായി പൊരുതുകയും ചെയ്തത് ലോറൻസ് ആയിരുന്നു.

കവിത വിവാദമായതോടെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എം എം ലോറൻസിനെ കാണാൻ എത്തിയതും വാർത്തയായി.സീനിയർ ഗവ.പ്ലീഡറായ മകൻ അഡ്വ. സജി ലോറൻസിന്റെ വീട്ടിൽ വാർധക്യത്തിന്റെ സഹജമായ ചില്ലറ അവശതകളോടെ കഴിയുന്ന ലോറൻസിനെ കാണാൻ എത്തിയ ചുള്ളിക്കാട്,് 'കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു' എന്നു തുടങ്ങുന്ന വരികൾ ചൊല്ലി.

'ഞാൻ..ബാലചന്ദ്രൻ..'എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോൾ 'അറിയാം' എന്നായിരുന്നു വീൽചെയറിലിരുന്ന് ലോറൻസിന്റെ മറുപടി. സിഐ.സി.സി.ബുക്സ് സ്റ്റാളിൽവച്ച് ബാലചന്ദ്രനെ ആദ്യമായി കണ്ടത് അദ്ദേഹം ഓർത്തെടുത്തു. പിന്നെ സംഭാഷണം കവിതയിലേക്കും കൊച്ചിയുടെ ഇന്നലെകളിലേക്കും തോട്ടിത്തൊഴിലാളികളുടെ കഥയിലേക്കും കടന്നു. പറയുന്ന കാര്യങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും ലോറൻസിന്റെ ഓർമകൾക്കിപ്പോഴും സമരതീക്ഷ്ണത. അതിൽ ഒരു കാലം മുദ്രാവാക്യം വിളിച്ചുനില്കുന്നു. 'തിരുവനന്തപുരത്തുനിന്ന് ഒരു പാർട്ടിപ്രവർത്തകനാണ് കവിത വന്ന കാര്യം വിളിച്ചറിയിച്ചത്. അന്ന് ആഴ്ചപ്പതിപ്പിന്റെ കോപ്പി കിട്ടിയിരുന്നില്ല. പിന്നെ മകൻ വായിച്ചു കേൾപ്പിച്ചു.'-ലോറൻസ് പറഞ്ഞു. ഒതുക്കമുള്ള കവിത എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ഒടുവിൽ ലോറൻസിന് മുന്നിലിരുന്ന് ബാലചന്ദ്രൻ കവിത ചൊല്ലിയപ്പോൾ കൊച്ചിയിലെ തോട്ടികളുടെ ഭൂതകാലം ഒരിക്കൽക്കൂടി ഉയിർത്തു.'

ഫലത്തിൽ ലോറൻസ് എന്ന സമര സഖാവിന്റെ ഐതിഹാസികമായ ജീവിതത്തിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട് തന്നെയാണ് ആ കവിത. ഇപ്പോൾ സമരോസ്തുകമായ ജീവിതത്തിന്റെ ചരിത്രം ആത്മകഥയായും പുറത്തിറങ്ങുമ്പോൾ വിവാദങ്ങളും ആഞ്ഞടിക്കയാണ്.

വാൽക്കഷ്ണം: കോൺഗ്രസിനെപ്പോലെ ഗ്രൂപ്പിസമുള്ള പാർട്ടിയല്ല സിപിഎം എന്നാണ് അവർ അവകാശപ്പെടാറുള്ളത്. എന്നാൽ ലോറൻസിന്റെ ആത്മകഥയിലുടെ കടന്നുപോയാൽ അറിയാം, കോൺഗ്രസിനേക്കാൾ വലിയ ഗ്രൂപ്പിസമാണ് അവിടെ നടക്കുന്നത്. പക്ഷേ അതും അവർക്ക് ഒരു പ്രത്യയശാസ്ത്ര പോരാട്ടമായി കാണിച്ച്, വിഭാഗീയത എന്നൊക്കെ മേമ്പൊടിയിട്ട് അവതരിപ്പിക്കാൻ കഴിയുമെന്ന് മാത്രം.