ണ്ണൂർ ജില്ലയിലെ പിണറായിൽ മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളിയുടെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനിച്ച വിജയൻ എന്ന പട്ടിണിയും പരിവട്ടങ്ങളിലുടെയും കടന്നുവന്ന നേതാവിന്റെ ബന്ധുക്കൾക്ക് ഇന്ന് എത്ര ആസ്തിയുണ്ട്! കേരളത്തിലെ ഒരു മാധ്യമവും ആ കണക്കെടുക്കില്ല. മകൾ വീണ വിജയന്റെ ഐ ടി കമ്പനി തൊട്ട് മകൻ വിവേക് കിരണിന്റെ ഭാര്യാപിതാവ് വരെ ഇപ്പോൾ ഭരണത്തണലിൽ കോടികൾ സമ്പാദിക്കുന്നുവെന്നത് പ്രതിപക്ഷം മാത്രം ഉന്നയിക്കുന്ന ആരോപണമല്ല. സാഹചര്യ തെളിവുകൾ അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല പിണറായിയും, വീണയും, താനും ഒന്നിച്ചിരുന്നാണ് ദുബൈയിലടക്കം വീണയുടെ ഐടി കമ്പനിയുടെ പുതിയ സാധ്യതകൾ പരിശോധിച്ചതും പദ്ധതിയുണ്ടാക്കിയതും എന്നത് അടക്കമുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ ആരും മാനഷ്ടക്കേസ് കൊടുത്തിട്ടുമില്ല. രണ്ടാം പിണറായി സർക്കാർ രണ്ടും വർഷം പിന്നിട്ട്, മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, അവിടെ എറ്റവും പ്രധാന വിഷയമായി വരുന്നത് മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതിത്വവും തന്നെയാണ്.

കർണ്ണാടകയിൽ തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയ, ബിജെപി സർക്കാറിനെ, 40 പേർസെന്റ് സർക്കാർ എന്നാണ്, കോൺഗ്രസ് വിശേഷിപ്പിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെക്കും കൂട്ടർക്കും, 40 ശതമാനം കമ്മീഷൻ കൊടുക്കാതെ കർണ്ണാടകയിൽ ഒരുപരിപാടി പോലും നടന്നിരുന്നില്ല. പേ ടി എം എന്നതിന് പകരം പേ സി എം എന്ന് ആപ്പുണ്ടാക്കി, ബൊമ്മെയുടെ പടം വച്ചാണ് അവിടെ കോൺഗ്രസ് പ്രചാരണം നടത്തിയത്. എന്നാൽ ഇവിടെ അതുമാറ്റി 80 പേർസെന്റ് സർക്കാർ എന്ന രീതിയിലേക്ക് പ്രചാരണം നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

ഇത് അതിശയോക്തിയല്ലെന്ന് എഐ ക്യാമറാ വിവാദം മാത്രം എടുത്താൽ അറിയാം. മതിപ്പുവിലയുടെ മൂന്നിരിട്ടി ചെലവിട്ടാണ് ഈ സാധനങ്ങൾ കേരളത്തിൽ എത്തുന്നത്. അതിന്റെ ഗുണഭോക്താക്കൾ ആവുന്നതും മുഖ്യമന്ത്രിയുടെ കുടുംബമാണ്. രണ്ടുവർഷം പിന്നിടുന്ന രണ്ടാ പിണറായി ഭരണത്തിന്റെ യഥാർത്ഥ പ്രോഗസ് കാർഡ് അഴിമതിയുടെ ഉയർച്ചതന്നെയാണ്. സകലമേഖലകളിലും അഴിമതിയും സ്വജനപക്ഷ പാതിത്വവും. ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണം, എന്ന ആപ്തവാക്യത്തിന്റെ പ്രായോഗിത ആവുകയാണോ സത്യത്തിൽ പിണറായിസം.

ഭരണത്തുടർച്ചയിൽ അഹങ്കാരമായോ?

ഇഎംഎസും, നായനാരും, വിഎസും അടക്കമുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിനും കിട്ടാത്ത ചരിത്ര നേട്ടമാണ് പിണറായി വിജയന് ഭരണത്തുടർച്ചയിലൂടെ കിട്ടിയത്.
കിറ്റും, പ്രളയവും, കോവിഡുമൊക്കെയാണ് ഗുഡ് ഗവേണൻസ് എന്ന ഒരു പ്രതീതിയുണ്ടാക്കാൻ ഒന്നാം പിണറായി സർക്കാറിന് കഴിഞ്ഞു. സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണ കൊടുങ്കാറ്റ് അതിജീവിച്ചായിരുന്നു ആ വിജയം. പക്ഷെ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിന്റെ ഹാംഗ് ഓവർ സർക്കാറിന് മാറിയിട്ടില്ല. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമർശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്. കേരള ചരിത്രത്തിൽ ഇന്നേ വരെ ഒരു കമ്യുണിസ്റ്റ് മുഖ്യമന്ത്രിയും, ഇതുപോലെ ആരോപണം നേരിട്ടിട്ടുണ്ടാവില്ല. മകൾക്ക് സാരി വാങ്ങിക്കാൻ പണമില്ലാതെ, തുണിക്കടക്കാരന് കത്തെഴുതിയ ഇഎംഎസിന്റെ പാരമ്പര്യമൊക്കെ എന്നേ പാർട്ടി മറന്നിരിക്കുന്നു.

ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് ക്രുദ്ധനായും, മറുവശത്ത് മൗനം തുടർന്നുമുള്ള പിണറായിയുടെ പ്രതിരോധം നേരിടുന്നത് വൻ വിമർശനമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങൾ. മകന്റെ ഭാര്യാപിതാവിന്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോൾ റോഡിലെ ക്യാമറ വിവാദത്തിന്റെ ഫോക്കസ്. എന്നിട്ടും അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയില്ലാത്തത് സർക്കാറിനെ സംശയ നിഴലിലാക്കുന്നു.

രണ്ട് വർഷം കേരളം ചർച്ച ചെയ്ത പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. പ്രതിഷേധങ്ങളെ വകമാറ്റി അതിവേഗപാതയൊരുക്കാൻ ശ്രമിച്ച സർക്കാറിനെ കെ റെയിലിൽ ജനങ്ങൾ തന്നെ മുട്ടുക്കുത്തിച്ചു. ക്യാപ്റ്റനിറങ്ങിയാൽ എതിരാളികളുടെ കുത്തകമണ്ഡലം പോലും പിടിക്കാമെന്ന ഇടത് ആത്മവിശ്വാസം തൃക്കാക്കരയിൽ തകർന്നു. കരുതലിന്റെ പേരിലായിരുന്നു പിണറായിക്ക് ഭരണത്തുടർച്ച കിട്ടിയത്. പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിന്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങൾക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാർ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ വിവാദങ്ങങ്ങളും പ്രതിസന്ധികളും മറികടക്കലാണ് പിണറായി സർക്കാറിന് മുന്നിലെ വെല്ലുവിളി.

രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിന്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്. പക്ഷേ ഈ നേട്ടങ്ങളുടെയെല്ലാം ശോഭ അഴിമതി കെടുത്തി.

എ ഐ ക്യാമറ അഴിമതി

ഏറ്റവും ഒടുവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയ 232 കോടിരൂപയുടെ എഐ കാമറ വിവാദത്തിലടക്കം ഇടപാടുകൾ മുഴുവൻ നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു. ഇടപാടുകൾ സംബന്ധിച്ച് പ്രതിപക്ഷം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴാണ് ഏതാനും രേഖകളെങ്കിലും പുറത്തുവിടാൻ സർക്കാർ തയ്യാറായത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മുൻനിർത്തി പ്രധാന കരാർ നേടിയെടുത്ത ശേഷം ഉപകരാറുകൾ സിപിഎമ്മിന് വേണ്ടപ്പെട്ടവർക്ക് മറിച്ചുനൽകിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. ഉപകരാർ നേടിയ ഒരു കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ കുടുംബത്തെ പരാമർശിച്ച് പ്രതിപക്ഷം ആക്ഷേപമുയർത്തുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുയർന്ന സ്വർണം, ഡോളർ കടത്ത് കേസുകളിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഓഫിസിനും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും നേരിടേണ്ടി വരാത്ത ആരോപണവുമായിരുന്നു. ദീർഘമായ മൗനം അവലംബിച്ചാണ് ഇത്തരം ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷനേടുന്നതെന്നത്. പക്ഷേ എറ്റവും വിചിത്രം ഇത് പിണറായിയുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ധൈര്യംപോലും സിപിഐക്കോ, മറ്റ് ഘടകക്ഷിനേതാക്കൾക്കോ ഇല്ല. ഭരണം ഒരേ ഒരു വ്യക്തിയുടെ കുടുംബ കാര്യമായി മാറുന്നു.

ബ്രഹ്മപുരത്ത് കണ്ടത് കഴിവുകേട്

തീയിൽനിന്നും പുകയിൽനിന്നും തന്റെ ജനത്തെ രക്ഷിക്കാൻ കഴിയാത്ത ഒരു ഭരണാധികാരിക്ക് പിന്നെ എന്ത് ഇരട്ടച്ചങ്കുണ്ടെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. കൊച്ചി നഗരത്തിലെയും സമീപ നഗരസഭകളിലെയും മാലിന്യം സംഭരിക്കുന്ന ബ്രഹ്മപുരം പ്ലാന്റിലുണ്ടായ 13 ദിവസം നീണ്ടുനിന്ന തീപിടിത്തമാണ് സർക്കാരിന് വലിയ തോതിൽ ക്ഷീണമുണ്ടാക്കി. മാലിന്യ നീക്കത്തിന് കരാറെടുത്ത കമ്പനി മാലിന്യമലയിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. കൊച്ചിയെയും സമീപ പ്രദേശങ്ങളെയുമാകെ വിഷപ്പുകയിൽ ആഴ്‌ത്തിയ സംഭവത്തിൽ മാലിന്യ നീക്കത്തിന് കരാറെടുത്ത സോണ്ട കമ്പനി മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ ബന്ധുവിന്റേതാണെന്ന ആരോപണവും വലിയ ചർച്ചയായി. ഈ സർക്കാർ കൊടുക്കുന്ന എത് കരാറിൽ നോക്കിയാലും ഇത്തരം തരികിടകൾ കാണാം.

മാലിന്യം നീക്കുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത കമ്പനിക്ക് 54 കോടി രൂപയുടെ ബയോ മൈനിങ് കരാർ എങ്ങനെ ലഭിച്ചുവെന്നതിന് ആർക്കും മറുപടിയില്ല. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട 22 കോടി രൂപയ്ക്ക് ഉപകരാർ നൽകിയ ശേഷം 32 കോടി രൂപ തട്ടിയെടുക്കുകയും ഇതിന് സർക്കാർ ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് മറ്റൊരു ആരോപണം.മാലിന്യനീക്കത്തിനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതിനാലാണ് കമ്പനി കൂമ്പാരത്തിന് തീക്കൊളുത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തി. മാത്രമല്ല സിപിഎം ഭരിക്കുന്ന കൊല്ലം കോർപറേഷൻ സോണ്ട കമ്പനിയുമായുള്ള കരാർ സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയെന്ന വാർത്തയും സർക്കാരിന് തിരിച്ചടിയായി.

അതിനിടെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ വിവാദങ്ങളെ തുടർന്ന് സുപ്രധാന പദ്ധതികളിൽനിന്നും സോണ്ട ഇൻഫ്രാടെക്കിന്റെ സംസ്ഥാന സർക്കാർ മാറ്റിയിട്ടുണ്ട്. മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുമെന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് പറഞ്ഞത് ഇതുവരെ നടപ്പായിട്ടില്ല. ഈ കരാറും എടുത്ത് സോണ്ട കമ്പനിയാണ്. കരാറിന്റെ കാലാവധി കഴിയാറായിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉണ്ടായിട്ടില്ല. കൂടാതെ മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായി നിരവധി പ്രശ്‌നങ്ങളിലേക്കും വഴിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് സോണ്ടയെ മാറ്റാൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബിപിസിഎല്ലിനാണ് മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പ്പാദിപ്പിക്കുന്ന കരാർ സംസ്ഥാന സർക്കാർ കൈമാറിയിരിക്കുന്നത്

ചീറ്റിപ്പോയ കെ റെയിൽ

അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കെ റെയിലും ചീറ്റിപ്പോയി.
കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ റെയിൽ 63,940.67 കോടി മുതൽ മുടക്കിലാണ് നിർമ്മിക്കുന്നതെന്നായിരുന്നു സർക്കാർ കണക്ക്. 530 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാന്റേർഡ് ഗേജ് ലൈൻ നിർമ്മിച്ച് സംസ്ഥാനത്തിന്റെ വടക്കും തെക്കും അറ്റങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. അതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുങ്ങുമെന്നായിരുന്നു അവകാശവാദം.

എന്നാൽ ഈ കണക്കുകളെയൊക്കെ ഖണ്ഡിച്ചുകൊണ്ട്, സാമ്പത്തിക വിദഗ്ദ്ധർ, പരിസ്ഥിതി വിദഗ്ദ്ധർ, സാങ്കേതിക വിദഗ്രുമായ നിരവധി പേർ രംഗത്ത് എത്തി. ഇത് കേരളത്തെ പൂർണ്ണമായും കടക്കെണിയിൽ കുരുക്കുന്ന പ്രൊജക്റ്റ് ആണെന്ന ആരോപണത്തിന് കൃത്യമായ വിശദീകരണം നൽകാൻ കെ റെയിലിന് ആയില്ല. കേരളമെമ്പാടും, കെ റെയിലിന്റെ മഞ്ഞക്കുറ്റികൾ പിഴുത് തോട്ടിൽ എറിയുക ഫാഷനാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയതോടെ, സിപിഎമ്മിനും കാര്യങ്ങൾ പിടികിട്ടി.

കേന്ദ്രമാവട്ടെ കെ റെയിലിന് അനുമതി കൊടുത്തിട്ടുമില്ല. ഇപ്പോഴും കെ റെയിൽ ഉപേക്ഷിച്ചുവെന്ന് പറയാൻ പിണറായി സർക്കാർ തയ്യാറാവുന്നില്ല. കേന്ദ്രം അനുമതി തരും, തടസ്സം നീങ്ങും എന്ന പ്രതീക്ഷയിലാണ് അവർ. പക്ഷേ ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത് മഞ്ഞക്കല്ല് വീണ പ്രദേശങ്ങളിലെ ജനങ്ങൾ ആണ്. അവർക്ക് ഒരു ബാങ്ക്ലോൺ പോലും എടുക്കാൻ കഴിയുന്നില്ല.

കട്ടപ്പുറത്തേക്ക് കെഎസ്ആർടിസി

ഈയിടെ വിശ്വസഞ്ചാരിയും ആസുത്രണബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര, ഒരു ചോദ്യം ചോദിച്ചു. കേരളത്തിന്റെ സഞ്ചാരത്തിന്റെ ജീവനാഡിയായ, ്ഈ കൊച്ചുനാടിനെ അങ്ങോളം ഇങ്ങോളം ബന്ധിപ്പിക്കുന്ന, കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് എന്താണ്, ലാഭത്തിലാക്കാൻ കഴിയുക എന്നത്.

ശരിയാണ്, കെഎസ്ആർടിസി ഇപ്പോഴും, മുടന്തിയാണ് മുന്നോട്ടുപോകുന്നത്. ഒരു ഇടതുസർക്കാരിന് കീഴിൽ ശമ്പളം ഗഡുക്കളായി തൊഴിലാളികൾക്ക് നൽകുന്ന ആദ്യ സംഭവവും ഉണ്ടായി. രണ്ട് ലക്ഷം കോടി ചെലവുള്ള സിൽവർ ലൈനിനുവേണ്ടി അരയും തലയും മുറുക്കിയ സർക്കാരിന് പൊതുഗതാഗത സംവിധാനത്തെ കെടുകാര്യസ്ഥതയിൽ നിന്ന് കരകയറ്റാനാവുന്നുമില്ല. കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾക്കാകട്ടെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയാണ്. ചുമതലയുള്ള മന്ത്രിയുടെ പ്രസ്താവനകൾ തൊഴിലാളികൾക്ക് അങ്ങേയറ്റം പ്രകോപനപരമാണെന്ന വിമർശനം ഉയർത്തുന്നത് കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകളാണ്. യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധമാകട്ടെ അതീവ ഗുരുതര സ്ഥിതിയിലുമാണ്.

പലതണ കോടത വിധിയുണ്ടായിട്ടും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിക്കുന്നവരെ, സ്ഥലംമാറ്റുന്നത് അടക്കമുള്ള പ്രാകൃത നടപടികളാണ്, കെഎസ്ആർടിസി മാനേജ്മെന്റ് പിന്തുടരുന്നത്.പക്ഷേ മന്ത്രി ആന്റണി രാജു അടക്കമുള്ളവർ പറയുന്നത് കെഎസ്ആർടിസിയെ രക്ഷിക്കമെന്നാണ്. ''സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർവീസുകളുടെ എണ്ണംകൂട്ടിയും വരുമാനം വർധിപ്പിച്ചും ചെലവുകുറച്ചും കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നൽകുന്നതു സംബന്ധിച്ച് ഈ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമെടുക്കും.''- ഇങ്ങനെയാണ് ഗതാഗത മന്ത്രി നിയസഭയിൽ പറയുന്നത്. പക്ഷേ ഒരു കാര്യവും നടക്കുന്നില്ല.

കടക്കണി എന്ന യാഥാർത്ഥ്യം

കടം, കടത്തിൽമ്മേൽ കടം, അതിൽമേൽ കടം, എന്നിങ്ങനെ കടബാധ്യതകൾ കുമിഞ്ഞ് കുടുകയാണ് കേരളത്തിലിപ്പോൾ. 1957 ൽ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കിൽ 2022 ൽ അത് 3.3 ലക്ഷം കോടിയായി ഉയർന്നു കഴിഞ്ഞു. കേരളം വൻ കടക്കെണിയിലാണെന്ന്. കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിന്റെ അഥവാ ജി എസ് ഡി പിയുടെ 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ്. ജി എസ് ഡി പിയുടെ അമ്പത് ശതമാനത്തിലധികം കടം വാങ്ങിയ പഞ്ചാബും അതുപോലെ ധനക്കമ്മിയിൽ ആറു ശതമാനത്തിന് അടുത്തു നിൽക്കുന്ന രാജസ്ഥാനും റിസർവ് ബാങ്കിന്റെ കടുത്ത വിമർശനത്തിന് പാത്രമായിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.

റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെൻഷൻ എന്നിവയക്ക് മാറ്റിവയ്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം ലോട്ടറി എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും. മറ്റ് റവന്യു വരുമാന മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല

കിഫ്ബി പോലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ വഴി വികസനപ്രവർത്തനങ്ങൾക്ക് വിദേശ സാമ്പത്തിക ഏജൻസികളിൽ നിന്ന് നമ്മൾ എടുക്കുന്ന കടം എടുക്കുന്ന പണം പിന്നീട് വലിയ ബാധ്യതയാണ് ഉണ്ടാക്കുക . കേരളത്തിന്റെ വായ്പ പരിധി എന്നത് മുപ്പത്തിമൂവായിരം കോടി രൂപയാണ്. ഇത് കവിഞ്ഞപ്പോൾ ആണ് കേരളാ ഇൻഫ്രാസ്ട്രക്ചർ ഡവല്പ്‌മെന്റ് ബോർഡ് എന്ന് പേരിൽ നിയമസഭയോട് ഒരു ബാധ്യതയുമില്ലാതെ വികസനത്തിന് പണം സമാഹരിക്കാനെന്ന പേരിൽ ഒരു സെപ്ഷ്യൽ പർപ്പസ് വെഹിക്കിൾ തുടങ്ങിയത്.

അറുപതിനായിം കോടിരൂപയുടെ ധനസമാഹരണമാണ് കിഫ്ബി വഴി ല്ക്ഷ്യമിട്ടതെങ്കിലും കേവലം 4700 കോടി രൂപയുടെ വായ്പയെ ഇതുവഴിലഭിച്ചുള്ളു. അതിൽ തന്നെ ഏതാണ്ട് 500 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടന്നിട്ടുമുള്ളു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയിൽ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ എതിർത്ത് നിയമസഭയിൽ തന്നെ നിയമം പാസ്സാക്കിയ മന്ത്രിസഭയാണ് ഈ മന്ത്രിസഭയെന്ന് കൂടി നമ്മൾ ഓർക്കണം.

വികസന മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കേണ്ട തുകകളിൽ 25 ലക്ഷത്തിലധികമുള്ള തുക വിതരണം ചെയ്യേണ്ടതില്ല എന്നാണ് സർക്കാർ ട്രഷറികൾക്ക് നിർദ്ദേശം കൊടുത്തിരിക്കുന്നത്.ഇതിനിടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുൻപ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വൻതോതിൽ ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത്. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഈ ശമ്പളം നല്കണമെങ്കിൽ അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്നുപോലും സർക്കാർ ചിന്തിച്ചിട്ടില്ല. നാലായിരം കോടിയുടെ കേന്ദ്ര സഹായം ലഭിച്ചതുകൊണ്ട് മാത്രമാണ് ജൂൺ മാസത്തിൽ ശമ്പളം കൊടുക്കാൻ കഴിഞ്ഞത്്.ഒരു മാസം കേരളത്തിന് ശമ്പളം കൊടുക്കാൻ ഏകദേശം 2500 കോടി രൂപയലധികം വേണമെമെന്നാണ് കണക്ക്.

കിഫ്ബിയെന്ന വെള്ളാന

ഇങ്ങനെ കടം കുമിഞ്ഞ് കൂടിയപ്പോൾ, വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ പരിധിവെച്ചപ്പോൾ അത് മറികടക്കാൻ തോമസ് ഐസക്ക് കൊണ്ടുവന്ന പരിപാടിയാണ് കിഫ്ബിയെന്ന വെള്ളാന. ഐസക്കിന്റെ ബ്രെയിൻ ചൈൽഡ് ആണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പണം കടമെടുക്കുന്നതിനുള്ള ബജറ്റ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

പക്ഷേ കേരളത്തിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) കിഫ്ബിയിൽ മുന്നറിയിപ്പ് മണി മുഴക്കിയിരുന്നു. പക്ഷേ അന്ന് അത് ആരും ഗൗരവത്തിൽ എടുത്തില്ല. കേരളത്തിന്റെ വായ്പ പരിധി എന്നത് മുപ്പത്തിമൂവായിരം കോടി രൂപയാണ്. ഇത് കവിഞ്ഞപ്പോൾ ആണ് കിഫ്ബി തുടങ്ങിയത്. പക്ഷേ അതും ഇപ്പോൾ ഒരു വെള്ളാനയായി മാറിയെന്ന് പഠനങ്ങളാണ് പുറത്തുവരുന്നത്. അറുപതിനായിം കോടിരൂപയുടെ ധനസമാഹരണമാണ് കിഫ്ബി വഴി ല്ക്ഷ്യമിട്ടതെങ്കിലും കേവലം 4700 കോടി രൂപയുടെ വായ്പയേ ലഭിച്ചുള്ളു. അതിൽ തന്നെ ഏതാണ്ട് 500 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടന്നിട്ടുമുള്ളു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയിൽ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ എതിർത്ത് നിയമം പാസ്സാക്കിയതും ഓർക്കേണ്ടതുണ്ട്. തുടർന്നുണ്ടായ മസാലാ ബോണ്ട് വിവാദവും, ഇഡി കേസും എല്ലാം കേരളം ഏറെ ചർച്ച ചെയ്തതാണ്.
.
പദ്ധതികൾ അതിവേഗം നീങ്ങുമെന്ന ധാരണയിൽ കിഫ്ബി കിട്ടാവുന്ന ഇടങ്ങളിൽ നിന്നൊക്കെ പണം കടമെടുക്കാൻ ശ്രമിച്ചു. 12,000 കോടിയോളം രൂപയാണ് പലയിടത്തു നിന്നായി സമാഹരിച്ചത്. എന്നാൽ, എന്തു പദ്ധതി കൊണ്ടുവന്നാലും നമ്മുടെ സർക്കാർ വകുപ്പുകൾ പഴയ വേഗത്തിലേ നീങ്ങൂവെന്ന കാര്യം ഓർത്തില്ല. ഗുണനിലവാരം പാലിക്കാത്തതിനാൽ ഒട്ടേറെ പദ്ധതികൾ കിഫ്ബിക്കു തടഞ്ഞുവയ്ക്കേണ്ടിയും വന്നു. അങ്ങനെ വലിയ പലിശ നൽകി കൊണ്ടുവന്ന പണം കിഫ്ബിയുടെ പക്കൽ ചെലവാകാതെയിരുന്നു. അതു ബാങ്കിൽ താൽക്കാലികമായി നിക്ഷേപിച്ചെങ്കിലും കടമെടുത്തതിനു കൊടുക്കേണ്ട അത്രയും പലിശ നിക്ഷേപത്തിൽനിന്നു കിട്ടില്ലല്ലോ. അങ്ങനെ കിഫ്ബിയും നമ്മെ പലിശക്കെണിയിലാക്കി. ലക്ഷ്യമിട്ടതിന്റെ ഏഴ് അയലത്ത് എത്താൻ ഈ പദ്ധതികൊണ്ടും കഴിഞ്ഞില്ല.

ഇതാണ് കേരളത്തിന്റെ പൊതു അവസ്ഥ. രക്ഷകനായി അവതരിപ്പിക്കപ്പെട്ട എല്ലാ പദ്ധതികളും നമ്മെ തിരിച്ചുകൊത്തുന്നു. ബിവറേജസ് കോർപ്പറേഷൻ പോലും നഷ്ടത്തിലായ ഒരു സംസ്ഥാനത്ത് ഇനി എന്താണ് ലാഭമാവുക.

കേരളാ മോഡൽ ആരോഗ്യം

സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരുപാട് സംഭവ പരമ്പരകളാണ് ഈ രണ്ടുവർഷം കൊണ്ട് ഉണ്ടായത്. കൊട്ടിഘോഷിച്ച കേരളാ മോഡൽ ആരോഗ്യ സംവിധാനമെന്ന പ്രചാരണത്തിനും വലിയ തിരിച്ചടിയുണ്ടായി. പരിചരണത്തിനിടെ രോഗിയുടെ കുത്തേറ്റ് സംസ്ഥാനത്ത് ഒരു ഡോക്ടർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇക്കഴിഞ്ഞ മെയ് 10 ന് ഉണ്ടായത്. കേരളത്തിലെ ആരോഗ്യ രംഗത്ത് ഡോക്ടർമാർ നേരിടുന്ന അരക്ഷിതാവസ്ഥ വെളിച്ചത്തുകൊണ്ടുവന്ന സംഭവം കൂടിയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിന്റെ ദാരുണ മരണം. ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയ്ക്കുള്ള വേറെയും ഉദാഹരണങ്ങൾ ഇക്കാലയളവിലുണ്ടായി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം അടുത്തിടെയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനാൽ മൂന്നാം നിലയിൽ നിന്ന് മൃതദേഹം താഴേക്ക് ചുമന്നിറക്കേണ്ട ദുര്യോഗവുമുണ്ടായി.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഹെൽത്ത് കാർഡ് പണം വാങ്ങി പരിശോധനകളില്ലാതെ ഡോക്ടർമാർ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ദയനീയ ചിത്രം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതും സർക്കാരിന് നാണക്കേടായി.

മാധ്യമ സ്വാതന്ത്ര്യം തകർക്കുന്നു

മുണ്ടുടുത്ത മോദിയെന്ന പേര് അന്വർഥമാക്കുന്ന രീതിയിൽ മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ പിണറായി സർക്കാർ, കടന്നുകയറയതിന്റെ പല ഉദാഹരണങ്ങളും ഇപ്പോൾ കാണുന്നുണ്ട്. നിയമസഭയിൽപോലും ആ ഫാസിസം നാം കണ്ടു. പ്രതിപക്ഷത്തിന്റെ അവകാശമായ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കില്ലെന്ന സർക്കാർ നിലപാട് ഭരണ-പ്രതിപക്ഷ സംഘർഷത്തിന് നിയമസഭാതലം വേദിയാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ മാറ്റി. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചെന്ന് കാണിച്ച് പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസിൽ നടത്തിയ പൊലീസ് റെയ്ഡും, അവതാരകൻ വിനു വി ജോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും ശുദ്ധ പൊളിറ്റിക്കൽ ഗുണ്ടായിസം തന്നെയായിരുന്നു. സെക്രട്ടേറിയറ്റിനുള്ളിലേക്ക് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിലക്കേർപ്പെടുത്തിയ നടപടിയിൽ വൻ വിമർശനമുയർന്നിട്ടും ഇതിൽ നിന്ന് പിന്നോട്ടുപോകാൻ സർക്കാർ തയ്യാറായിട്ടില്ല.

ഏറ്റവും ഒടുവിലായി എലത്തൂർ ട്രെയിൻ അക്രമണകേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്ത് മാതൃഭൂമി ചാനൽ സംഘത്തിനെതിരെ കേസെടുത്ത പിണറായി സർക്കാർ മാധ്യമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കയാണ്. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ, ക്യാമറമാൻ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുന്ന സാഹചര്യവും ഉണ്ടായി. നോക്കുക എത്ര ഭീകരമാണ് അവസ്ഥ. ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മാധ്യമ സ്വാതന്ത്ര്യം എവിടെയാണ്.

പിണറായി, കേരള മഹാരാജാവ്!

ഈ 7 വർഷത്തെ പിണറായി ഭരണംകൊണ്ട് ഉണ്ടായ എറ്റവും വലിയ മാറ്റം, പിണറായിയുടെ തിരുവായ്ക്ക് എതിർവായില്ല എന്നതാണ്. മന്ത്രിസഭയെപ്പോലും ഹെഡ്‌മാസ്്റ്ററും കുട്ടികളും എന്നാണ് പറയുന്നത്. എതിർത്ത് ഒരു അഭിപ്രായം പറയാൻ പോലും ആർക്കും ധൈര്യമില്ല. പാർട്ടിയിലും പിണറായിയെ ചോദ്യം ചെയ്യാൻ ആരുമില്ല. സകല അധികാരങ്ങളും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചിരിക്കയാണ്.

പൊതുജനങ്ങളുടെ സുഗമയാത്ര തടസപ്പെടുത്തി ഡസൻകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള മുഖ്യമന്ത്രിയുടെ യാത്രയും, സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സർക്കാരിന്റെ ധൂർത്തും വൻ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. ഈ യാത്രകണ്ടാൽ അറിയാം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയല്ല, ഒരു മഹാരാജാവാണ് കടന്നുപോകുന്നത് എന്ന് തോന്നും. ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറക് പിണറായി സർക്കാർ അരിഞ്ഞത് ഏവരെയും ഞെട്ടിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ലോകായുക്ത ഓർഡിനൻസ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങൾ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. 22 വർഷം മുമ്പ് നായനാർ മുഖ്യമന്ത്രിയും ഇ. ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സർക്കാർ കഴുത്തുഞെരിച്ച് കൊന്നത്.

അതുപോലെ തന്നെ നോക്കുക, ദുരിതാശ്വാസ ഫണ്ടിലെ പണം എടുത്ത് തങ്ങൾക്ക് തോന്നിയപോലെയാണ് നൽകുന്നത്. ഉഴവുർ വിജയന്റെ മകനും, അന്തരിച്ച ചെങ്ങന്നുർ എംഎൽഎ രാമചന്ദ്രൻ നായരുടെ ബന്ധുക്കൾക്കുമൊക്കെ ഇതിൽനിന്ന് പണം നൽകിയിത് വിവാദമായി. മുഖ്യമന്ത്രി ഓർക്കിന്നില്ല, പ്രളയകാലത്ത് തന്റെ എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനനെ പോലെയുള്ള ആളുകളെ. അവരുടെ കണ്ണീരും വിയർപ്പുമാണ് ഈ സർക്കാർ. ദുരിതശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറെ വിഷമിച്ച ജനാർദ്ദനൻ ഒരു അഭിമുഖം കൊടുത്തിരുന്നു. ഇന്ന് അയാൾ ഈ ലോകത്ത് ഇല്ല. അത്തരം മനുഷ്യസ്നേഹികളാണ് ഈ നാടിനെ പടുത്തുയർത്തിയത് എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകുന്നു. ദുരിതാശ്വാസ നിധി വഴിവിട്ട് ചെലവഴിച്ച കേസിൽ ഇപ്പോൾ ലോകായുക്ത നടത്തുന്ന ഉരുണ്ടുകളികൾ നോക്കുക. അവസാനം മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിനും ഈ ലോകായുക്തമാർ എത്തിയ കാര്യവും വൻ വിവാദമായി.

നിങ്ങൾ അഴിമതി നടത്തിക്കോ, ഞാൻ കൂടെയുണ്ട് എന്ന തെറ്റായ സന്ദേശമാണ് ഇപ്പോൾ പിണറായി വിജയൻ നൽകുന്നത് എന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് പറയാൻ കഴിയില്ല. ഇത് തിരുത്തിയില്ലെങ്കിൽ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്് മുഖ്യമന്ത്രി പേര് ദോഷമായിരിക്കും, പിണറായി വിജയനെ കാത്തിരിക്കുന്നത്. രണ്ടുവർഷത്തെ അനുഭവം നൽകുന്ന പാഠം അതാണ്.

വാൽക്കഷ്ണം: കെ സുധാകരൻ ഇന്ന് പറഞ്ഞതാണ്. ''അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നൊരു ട്രോൾ കണ്ടു ഞാൻ. എത്ര യാഥാർഥ്യമാണത്. അതൊരു തമാശയിലാണ് ട്രോൾ വന്നതെങ്കിലും യാഥാർഥ്യമല്ലേയത്? അരിക്കൊമ്പൻ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പൻ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയൻ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം''.