ഖാവ്! ആ മുന്നക്ഷരത്തിൽ കേരളത്തിൽ ഒരാളേ അറിയപ്പെടുന്നുള്ളൂ. അത് വെറും 42ാം വയസ്സിനിടെ, ഒരു പുരുഷായുസ്സിൽ ചെയ്യാവുന്ന സകല സമരങ്ങളും ഏറ്റെടുത്ത് നടത്തിയ ഒരു മനുഷ്യസ്നേഹിയെയാണ്. അതാണ് സഖാവ് പി കൃഷ്ണപിള്ള.

അസാധാരണമായ മനുഷ്യസ്നേഹിയും പോരാളിയുമായ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു അദ്ദേഹം. ഒന്നു പരിചയപ്പെടുന്ന ആരെയും നിമിഷനേരം കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന മാസ്മര ശക്തിയുണ്ടായിരുന്നു സഖാവിന് എന്നാണ്, കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആദ്യ സെക്രട്ടറിയായ കൃഷ്ണപ്പിള്ളയെക്കുറിച്ച് സുഹൃത്തുക്കൾ പറയാറുള്ളത്.

ആത്മാർത്ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ അദ്ദേഹത്തിന്റെ പുഞ്ചിരിയും പെരുമാറ്റവും ആരുടെയും ഹൃദയം കവരുന്നതായിരുന്നു. കൈകൾ പുറകിൽ കെട്ടി നെഞ്ചു വിരിച്ച് തലയുയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെയുള്ള ആ നടത്തം ആരെയും ആരാധകരാക്കി മാറ്റുന്നതായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരെ, അസമത്വങ്ങൾക്കെതിരെയുമെല്ലാം നിർഭയമായി ആ വിപ്ലവകാരി ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു. ദരിദ്രരെയും പാവങ്ങളെയുമൊക്കെ നിസ്വാർത്ഥമായി സ്നേഹിച്ചു. അടിച്ചമർത്തപ്പെട്ട നിരാശ്രയരായ മനുഷ്യർ അനുഭവിക്കുന്ന കൊടിയ യാതനകൾ അവസാനിപ്പിക്കുവാനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

കർഷകരും തൊഴിലാളികളും മറ്റു ദുർബല വിഭാഗങ്ങളും ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ മുഴുവൻ സംഘടിപ്പിച്ചുകൊണ്ട് പി കൃഷ്ണപിള്ള നടത്തിയ ധീരമായ പോരാട്ടങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തത് അതിക്രൂരമായ മർദനങ്ങളും ദീർഘകാലത്തെ കാരാഗൃഹവാസവുമായിരുന്നു. അതിലൊന്നും തളരാതെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അധ്വാനിക്കുന്ന നിസ്വരായ ജനവിഭാഗങ്ങൾക്കുവേണ്ടി ശക്തമായി നിലകൊണ്ടു. കേരളചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ആ നേതാവ് ഈ 75ാം ചരമവാർഷികത്തിലും, ശരിക്കും ഒരു വിപ്ലവ നക്ഷത്രമായി തിളങ്ങി നിൽക്കയാണ്.

ഉറ്റവരുടെ മരണം വേട്ടയാടിയ ബാല്യം

അടിക്കടിയുള്ള ഉറ്റവരുടെ മരണങ്ങൾമൂലം, കണ്ണീരൊഴിയാത്ത ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റെത്. 1906ൽ കോട്ടയം ജില്ലയിലെ വൈക്കത്തെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ, മയിലേഴത്തു മണ്ണംപിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണ് കൃഷ്ണപിള്ള ജനിച്ചത്. ഒമ്പത് സഹോദരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ മൂത്ത രണ്ടു സഹോദരിമാരും, അനിയൻ നാണപ്പനും ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്രായത്തിൽ തന്നെ മരിച്ചു. തുച്ഛമായ ശമ്പളം പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. കൃഷ്ണന് 13 വയസ്സായപ്പോൾ അമ്മ മരണമടഞ്ഞു, അതിനടുത്ത വർഷം അച്ഛനും മരിച്ചു. താമസിയാതെ മുത്തച്ഛനും!

പൊലീസുകാരനായ അമ്മാവന്റേയും, മൂത്ത സഹോദരിമാരുടേയും പരിരക്ഷണയിലാണ് കൃഷ്ണനും അനുജൻ നാണപ്പനും വളർന്നത്. ബാല്യകാലം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. അഞ്ചാം തരംവരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം ചില തമിഴ് നാടകസംഘങ്ങളോടൊപ്പവും അദ്ദേഹം പ്രവർത്തിച്ച. 1921 ൽ ഇളയസഹോദരിയായ ഗൗരിയമ്മയുടെ ഭർത്താവിന്റെ കൂടെ ആലപ്പുഴയിൽ താമസിച്ച് ഒരു കയർ ഫാക്ടറിയിൽ ജോലിക്കു ചേർന്നു. പിന്നീട് എങ്ങോട്ടോ പോയി. നാഗർകോവിലിലായിരുന്നെന്നാണ് പറയുന്നത്. 1922-ൽ വൈക്കത്ത് തിരിച്ചെത്തി. ഒരു ചെറിയ കാപ്പിക്കട തുടങ്ങി. അത് വിജയിക്കാതെവന്നതോടെ ഒരു കാപ്പിക്കടയിലും സൈക്കിൾക്കടയിലും ജോലിക്കുനിന്നു.

വൈക്കത്ത് ആയിടയ്ക്ക് ഒരു ഹിന്ദി വിദ്യാലയം തുടങ്ങിയപ്പോൾ പഠിക്കാൻ ചേർന്നു. 1922- ലെ ചൗരിചൗരാ സംഭവത്തിന്റെ ബാക്കിപത്രമായി രാജ്യമൊട്ടാകെ നടന്നുവന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നിറുത്തിവെക്കുവാൻ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അടുത്തറിയാൻ വേണ്ടിയായിരിക്കാം കൃഷ്ണപിള്ള ഹിന്ദി ഭാഷ പഠിക്കാൻ തുനിഞ്ഞതെന്നാണ് പറയുന്നത്. അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരേ 1924-ൽനടന്ന വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻപോകുന്നത് പതിവായിരുന്നു. കൃഷ്പിള്ളയെ ആ സമരം ആവേശം കൊള്ളിച്ചു. അന്ന് വെറും 18 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.

30 രൂപ ശമ്പളമുള്ള അദ്ധ്യാപകൻ

1927 ൽ തറവാടു ഭാഗം വച്ചു കഴിഞ്ഞശേഷം കൃഷ്ണപിള്ള ഉത്തരേന്ത്യയിലേക്കു ഒരു യാത്ര പോയി. ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിലാണ് അദ്ദേഹം ചെന്നെത്തിയത്. അവിടെ രണ്ടുകൊല്ലത്തോളം താമസിക്കുന്നതിനിടയിൽ ഹിന്ദി പ്രചാര സഭയുടെ സാഹിത്യവിശാരദ് എന്ന പരീക്ഷ പാസായി. ഇംഗ്ലീഷിലെ ബി.എ. ബിരുദത്തിനു തുല്യമായ പരീക്ഷയാണിത്.ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യാനും പഠിച്ചു. പിന്നീട് തിരിച്ചെത്തിയത് തൃപ്പൂണിത്തുറയിൽ. അവിടെ 30 രൂപ ശമ്പളത്തിൽ ഹിന്ദിപ്രചാരക് ജോലി ലഭിച്ചു.

ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീജ്ജ്വാലയിൽ വെന്തെരിയുമ്പോൾ അതിൽ നിന്നും മാറി നിൽക്കുവാൻ കൃഷ്ണപിള്ളക്കായില്ല. മലബാറിലേക്ക് പോയി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കുചേരാൻ അദ്ദേഹം തീരുമാനിച്ചു. തിരുവിതാംകൂറിലെ ബ്രിട്ടീഷുകാരുടെ അടിമകളായ നാട്ടുരാജാക്കന്മാർക്കെതിരേ സമരം ചെയ്യുന്നതിലും തനിക്കിഷ്ടം മലബാറാണെന്നായിരുന്നു ഇതിനേക്കുറിച്ചു ചോദിച്ച സുഹൃത്തുക്കളോട് കൃഷ്ണപിള്ള പറഞ്ഞിരുന്നത്. സിവിൽ നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹം തന്റെ ഹിന്ദി പ്രചാരകന്റെ ജോലി ഉപേക്ഷിച്ചു.


ചരിത്രം കുറിച്ച ഉപ്പുസത്യാഗ്രഹം

1930ലെ ഉപ്പുസത്യാഗ്രഹത്തിലെ ഉശിരൻ പ്രകടനത്തോടെയാണ് അന്ന് വെറും 24 വയസ്സുള്ള അയാൾ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടത്. 1930 നവംബർ 11, കോഴിക്കോട് കടപ്പുറം. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹ ആഹ്വാനം ഏറ്റെടുത്ത് ഒരു സമരം നടക്കുകയാണ്. 1930 മാർച്ച് 12-നായിരുന്നു ഗാന്ധിജിയുടെ ദണ്ഡിയാത്ര. അതേദിവസം കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് കെ. കേളപ്പന്റെ നേതൃത്വത്തിൽ 28 പേരുടെ ഉപ്പുസത്യാഗ്രഹജാഥ പോയി. ഇതിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് ഒട്ടേറെപ്പേർ കോഴിക്കോട്ടെത്തി. 23 വൊളന്റിയർമാരെ തിരഞ്ഞെടുത്തതിൽ തൃപ്പൂണിത്തുറയിൽനിന്നെത്തിയ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. നന്നായി ഹിന്ദി അറിയാവുന്നയാൾ. ജോലി രാജിവെച്ച് വന്നതാണ്. പയ്യന്നൂരെത്തിയ സംഘം ഉപ്പുകുറുക്കി നിയമം ലംഘിച്ചു. കടലിൽനിന്ന് ഉപ്പുവെള്ളം കോരിക്കൊണ്ട് വരുന്നതിലും തീയും വെയിലുമേറ്റ് അത് കുറുക്കുന്നതിലും ആ ചെറുപ്പക്കാരൻ മുന്നിൽനിന്നു. ഉപ്പുവെള്ളം നിറച്ച ചട്ടികൾക്കടിയിൽ തീ കൂട്ടിയപ്പോഴേക്കും പൊലീസിന്റെ കൊടിയ മർദനം തുടങ്ങി.

ദേശീയപതാക പിടിച്ച് സമരക്കാർക്കിടയിൽ ആ ചെറുപ്പക്കാരൻ അക്ഷോഭ്യനായിനിന്ന് ലാത്തിയടിയേറ്റുവാങ്ങി. വീണുപോയപ്പോൾ കൊടിയുടെ കമ്പ് മാറോട് ചേർത്തുപിടിച്ചു. ഇതോടെ ബൂട്ടുകൾ ദേഹമാസകലം പതിഞ്ഞു. കളക്ടറുടെ ഓഫീസുവരെ സമരക്കാരെ വലിച്ചിഴച്ചു. അപ്പോഴും അയാൾ ദേശീയപതാക വിട്ടിരുന്നില്ല. തന്നെ അറസ്റ്റുചെയ്തിരിക്കുന്നുവെന്ന് തുക്ടി സായിപ്പ് പറഞ്ഞപ്പോഴാണ് കൊടി വിട്ടുകൊടുത്തത്. അറസ്റ്റുചെയ്താൽ കൊടി വിട്ടുകൊടുക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളതായിരുന്നു കാരണം. ഇതോടെ ആളുകൾ അന്വേഷിച്ചുതുടങ്ങി. ആരാണാ യുവാവ് വൈകാതെ മലയാളികൾ മുഴുവൻ ആ പേരറിഞ്ഞു-പി. കൃഷ്ണപിള്ള. കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ കൊടുങ്കാറ്റുപോലെ വന്ന നേതാവ്.

അറസ്റ്റുചെയ്യപ്പെട്ട് കണ്ണൂർ ജയിലിലാണെത്തിയത്. രാഷ്ട്രീയത്തടവുകാർക്ക് ക്രൂരമർദനമായിരുന്നു സമ്മാനം. കഠിനമായി ജോലിചെയ്യിക്കും. പുഴുനിറഞ്ഞ ഭക്ഷണം. ജയിൽവാസക്കാലത്ത് മറ്റുള്ളവരെ ഹിന്ദിപഠിപ്പിക്കുന്നത് ശീലമാക്കി. അപ്പോഴേക്കും സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ രാജ്യമെങ്ങും വ്യാപിച്ചിരുന്നൂ.

ഗുരുവായൂരിലെ ഹീറോ

പക്ഷേ കൃഷ്ണപ്പിള്ളക്ക് ശരിക്കും ഹീറോ പരിവേഷം കിട്ടിയത് ഗുരുവായൂർ സത്യാഗ്രഹത്തിലൂടെയാണ്. 1931-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൃഷ്ണപിള്ള കോൺഗ്രസ്സിനോടുള്ള അഭിപ്രായവ്യത്യാസം ഉള്ളിൽവെച്ചുകൊണ്ടു തന്നെ അവരുടെ സമരപരിപാടികളിൽ മുഴുകി. വിദേശ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പിക്കറ്റുചെയ്യുക, സമരത്തിലേക്ക് കൂടുതൽ ആളുകളെ സംഘടിപ്പിക്കുന്ന എന്നീ പരിപാടികളിൽ മുന്നിട്ടിറങ്ങി. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മലബാറിലേക്ക് തിരിച്ചുപോരേണ്ടി വന്നു, കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനായി കോൺഗ്രസ്സ് തയ്യാറെടുപ്പുകൾ നടത്തുന്ന സമയം ആയിരുന്നു അത്. വടകര കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ച് എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്കെല്ലാം തന്നെ പ്രവേശനം നൽകണം എന്ന ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ഇതേ തുടർന്ന് കെ. കേളപ്പൻ ഗാന്ധിജിയെ ചെന്നു കണ്ട് ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനുള്ള അനുവാദം വാങ്ങുകയും നവംബർ 1 ന് സമരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

സമരത്തിന്റെ താത്വിക വശത്തോട് യോജിച്ചില്ലെങ്കിലും, ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഒരു സമരമെന്ന നിലയിൽ കൃഷ്ണപിള്ളയും ഇതിൽ ഭാഗഭാക്കായി. പല പ്രമുഖ നേതാക്കളും സത്യാഗ്രത്തിനു പിന്തുണയുമായി ഗുരുവായൂരെത്തി. കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവരുടെ പ്രസംഗങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ദിവസങ്ങൾ കഴിയവെ സമരച്ചൂട് കുറഞ്ഞു വന്നു. സമരക്കാരിൽ ഒരു തളർച്ച അനുഭവപ്പെടുകയുണ്ടായി. സമരം ബലഹീനമാകുന്നതു കണ്ട കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്രസോപാനത്തിൽ തൂക്കിയിരുന്ന മണി അടിച്ചു തൊഴുതു.

ഈ മണി മുഴക്കുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമായിരുന്നു. ഇത് അവിടുത്തെ ആളുകളെ കോപാകുലരാക്കി. അവർ കൂട്ടം ചേർന്ന് കൃഷ്ണപിള്ളയെ മർദ്ദിച്ചു. കൃഷ്ണപിള്ള പക്ഷേ ഇതെല്ലാം നിസ്സാരമായി തള്ളിക്കളയുകയും പിറ്റേ ദിവസവും ഈ മണി മുഴക്കുകയും ചെയ്തു. ഇതു കണ്ട ക്ഷേത്രം ഭാരവാഹികൾ കൃഷ്ണപിള്ളയെ വീണ്ടും മർദ്ദിച്ചു. എത്രനേരം മണിയടിച്ചോ അത്രയും നേരം കാവൽക്കാർ പുറത്ത് വടികൊണ്ട് അടിച്ചുകൊണ്ടിരുന്നു. അപ്പോഴും ചിരിച്ചുകൊണ്ട് ഒരു വാചകം കൃഷ്ണപിള്ള ആവർത്തിക്കുകയായിരുന്നു: 'ഉശിരുള്ള നായർ മണിയടിക്കട്ടെ, എച്ചിൽപെറുക്കി നായർ അവരുടെ പുറത്തടിക്കട്ടെ.'- ശരിക്കും ചരിത്രം കുറിച്ച ഒരു ഡയലോഗ് ആയിരുന്നു അത്. ഈ മണി അടി സംഭവത്തെത്തുടർന്ന് കൃഷ്ണപിള്ള ക്ഷേത്രത്തിൽ കയറുന്നത് ദേവസ്വം വിലക്കി, ഇതിനെതിരേ കൃഷ്ണപിള്ള പിക്കറ്റിങ് ആരംഭിച്ചു. എന്നാൽ ഒത്തു തീർപ്പിനായി ക്ഷേത്രം ഭാരവാഹികൾ ഒരാഴ്ചത്തെ സമയം ചോദിക്കുകയും സത്യാഗ്രഹികൾ അതനുവദിക്കുകയും ചെയ്തു.

കൃഷ്ണപിള്ളയുടെ ഇത്തരം നടപടികൾ സത്യാഗ്രഹികളിൽ പുത്തനുണർവു പകർന്നു നൽകി. എന്നിരിക്കിലും മേൽജാതിക്കാരുടെ ഭാഗത്തു നിന്നുള്ള മർദ്ദന നടപടികൾ അവസാനിച്ചിരുന്നില്ല. ഡിസംബർ 28 ന് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. ഇത് സമരത്തിന്റെ രീതി തന്നെ മാറ്റി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരാനുകൂലികൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചുധ36പ. ഈ നടപടിയോടെ ഗുരുവായൂർ ക്ഷേത്രം അധികൃതർ തൽക്കാലത്തേക്ക് അടച്ചിട്ടു. 1932 ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നുവെങ്കിലും, സമരത്തിന് വീര്യം പകരാൻ കൃഷ്ണപിള്ള പുറത്തുണ്ടായിരുന്നില്ല. ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ ഗൗരവതരമായ വിഷയങ്ങളിലേക്ക് തന്റെ പ്രയത്നങ്ങൾ എത്തിക്കാനായി അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി ജനിക്കുന്നു

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെതന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത്. ആദ്യം ഒരു ഗാന്ധിയനായും പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റായും. 1930 -കളുടെ ആദ്യപാദത്തിൽതന്നെ ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടു പടർന്നു പിടിച്ച തീവ്രവാദ, വിപ്ലവരാഷ്ട്രീയത്തിനു സാക്ഷിയായിരുന്നു കൃഷ്ണപിള്ള. 1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇഎംഎസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ ജനറൽ സെക്രട്ടറി.

അക്കാലത്ത് വടക്കൻ കേരളത്തിൽനടന്ന ചെറുതും വലുതുമായ എല്ലാ സമരങ്ങളിലും കൃഷ്ണപിള്ളയുടെ പങ്കുണ്ട്. 1936-ൽ ആലപ്പുഴയിൽ കയർഫാക്ടറി തൊഴിലാളികൾ പണിമുടക്കുപ്രഖ്യാപിച്ചു. തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് തീരുമാനമെടുത്തത്. ഒരാഴ്ച തികയുംമുമ്പ് നേതാക്കളെല്ലാം അറസ്റ്റിലായി. ഇതറിഞ്ഞ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയ തൊഴിലാളികൾ ക്രൂരമായി മർദിക്കപ്പെട്ടു. ബാവ എന്ന സഖാവ് മർദനമേറ്റുമരിച്ചു. ഇതറിഞ്ഞാണ് കൃഷ്ണപിള്ള ആലപ്പുഴയിലെത്തിയതും ഇവിടത്തെ പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടായതും. 1934-ൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ധാരയിൽപ്പെട്ടവർ ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോഴിക്കോട്ട് രൂപവത്കരിച്ചു. കേളപ്പനും എ.കെ.ജി.യും ഇ.എം.എസും മൊയാരത്ത് ശങ്കരനും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൃഷ്ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വൈകാതെ ആലപ്പുഴയിലും സംഘടിത തൊഴിലാളിസമരം അരങ്ങേറി. ലാത്തിയടിയും വെടിവെപ്പുമൊക്കെയുണ്ടായി. സമരങ്ങൾ നാടുകളെ പ്രകമ്പനം കൊള്ളിച്ചു.

പക്ഷേ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ആശയപരമായ ഭിന്നിപ്പുണ്ടായി. മാർക്സിസത്തിൽ വിശ്വസിക്കുന്നവരും, വലതുപക്ഷ സോഷ്യലിസ്റ്റുകളും രണ്ടുചേരിയായി. ഇതിന്റെ സ്വാഭാവിക പരിണാമമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനനം. 1937-ൽ കോഴിക്കോടിനടുത്ത് തിരുവണ്ണൂരിൽവെച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപംകൊണ്ടതായി ടി.വി.കെ. എഴുതിയ കൃഷ്ണപിള്ളയുടെ ജീവചരിത്രഗ്രന്ഥമായ 'സഖാവി'ൽ പറയുന്നു. രഹസ്യഗ്രൂപ്പിന്റെ നേതാവ് കൃഷ്ണപിള്ളയായിരുന്നു. 1939 സെപ്റ്റംബർ മൂന്നിന് തുടങ്ങിയ രണ്ടാം ലോകയുദ്ധത്തോടുള്ള സമീപനത്തിൽ പാർട്ടികൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായി. ഇതോടെ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണം അനിവാര്യതയായി. 1939 ഒക്ടോബറിൽ തലശ്ശേരിക്കടുത്ത് പിണറായിയിലെ പാറപ്പുറം എന്ന സ്ഥലത്ത് പാർട്ടി രൂപംകൊണ്ടു. 1943 മാർച്ചിൽ കോഴിക്കോട്ടുനടന്ന ആദ്യസമ്മേളനത്തിൽ കൃഷ്ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അപ്പോഴേക്കും സഖാവ് എന്ന മൂന്നക്ഷരത്തിൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയിരുന്നു. 'സഖാവ്' എന്നുമാത്രം പറഞ്ഞാൽ അതു കൃഷ്ണപിള്ളയെ ഉദ്ദേശിച്ചാവും. ആ വാക്കിന്റെ പര്യായമായി കൃഷ്ണപിള്ള മാറിയിരുന്നു. മരിക്കുമ്പോഴും അദ്ദേഹം തന്നെയായിരുന്നു പാർട്ടി സെക്രട്ടറി.

അസുഖകരമായ ദാമ്പത്യം

പുറമേക്ക് ചിരിക്കുന്ന ഊർജസ്വലനായ നേതാവ് ആയിരുന്നെങ്കിലും ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഒളിപ്പിച്ചുവെച്ച വ്യക്തിയായിരുന്നു സഖാവ് കൃഷ്ണപ്പിള്ള. അദ്ദേഹത്തിന്റെ ദാമ്പത്യജീവിതമൊന്നും സുഖകരമായിരുന്നില്ല എന്നാണ്, ചരിത്രകാരന്മാർ പറയുന്നത്. 1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച് അദ്ദേഹം പൊലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വെച്ച് പൊലീസുകാരൻ വഴി ഹിന്ദി പുസ്തകങ്ങൾ പുറത്തു നിന്നും വരുത്തി വായിക്കുമായിരുന്നു. അയ്യപ്പൻ പിള്ള എന്ന ഈ പൊലീസുകാരൻ ഹിന്ദി പുസ്തകങ്ങൾ വാങ്ങിയിരുന്നത് തന്റെ അയൽവാസിയായിരുന്ന തങ്കമ്മ എന്ന പെൺകുട്ടിയിൽ നിന്നുമാണ്. കൃഷ്ണപിള്ളക്കു വായിക്കാൻ കൊടുത്തിരുന്ന ഈ പുസ്തകങ്ങളിലൂടെയാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ അദ്ദേഹം പരിചയപ്പെടുന്നത്.

ജയിലിൽ നിന്നും കൃഷ്ണപിള്ള അയച്ചു കത്തുകളിൽ രാഷ്ട്രീയകാര്യങ്ങളായിരുന്നു എന്ന് തങ്കമ്മ ഓർക്കുന്നു. പുറത്തു നടക്കുന്ന കാര്യങ്ങൾ തന്നിലൂടെ അറിയാനും, തന്നെ രാഷ്ട്രീയം പഠിപ്പിക്കാനും ശ്രമിക്കുകയായിരുന്നു സഖാവ് എന്ന് തങ്കമ്മ തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവാഹം പാർട്ടിയിലെ നേതാക്കളും, തങ്കമ്മയുടെ പിതാവും എതിർത്തിരുന്നു. രാഷ്ട്രീയവിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ പെൺകുട്ടി എന്നായിരുന്നു പാർട്ടി തങ്കമ്മയിൽ കണ്ടെത്തിയ കുറവ് എങ്കിൽ, ജയിൽ വാസമനുഭവിച്ച ഒരാളാണ് വരൻ എന്നതായിരുന്നു തങ്കമ്മയുടെ മാതാപിതാക്കൾ കൃഷ്ണപിള്ളയിൽ കണ്ടെത്തിയ കുറ്റം. തങ്കമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാതാപിതാക്കൾ കൃഷ്ണപിള്ളയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

കൃഷ്ണപിള്ളയുമായുള്ള തങ്കമ്മയുടെ ജീവിതം അസുഖകരമായിരുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായത് ഒരു ചാപിള്ളയാണ്. കൃഷ്ണപിള്ള ഒളിവിൽ കഴിയുമ്പോൾ തങ്കമ്മ തീർത്തും ഏകയായിരുന്നു. കൃഷ്ണപിള്ളയുടെ മരണത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ തങ്കമ്മ ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ടായി. ഇവരിലൊരാളായിരുന്നു അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ. പിന്നീട് മൂന്ന് മക്കളുടെയും വിവാഹവും കഴിഞ്ഞ് പേരമക്കളെയും കണ്ടശേഷമാണ് തങ്കമ്മ അന്തരിച്ചത്.

ഒളിവ് ജീവിതത്തിനിടെ മരണം

കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ഭരണകൂടം വേട്ടയാടാൻ തുടങ്ങിയതോടെ കൃഷ്ണപ്പിള്ളക്കും ഒളിവുജീവിതം വേണ്ടിവന്നു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിക്കടുത്തെ കണ്ണാർക്കാടിലെ ചെല്ലിക്കണ്ടത്ത് എന്ന വീട്ടിലാണ് പാർട്ടി കൃഷ്ണപിള്ളയെ ഒളിവിൽ പാർപ്പിച്ചത്. കർഷകത്തൊഴിലാളികളുടെ അന്നത്തെ അവസ്ഥ അനുസരിച്ചുള്ള ഒരു ചെറിയ ഓലവീടായിരുന്നു അത്. 1948 ഓഗസ്റ്റ് രണ്ടാംവാരമാണ് മുഹമ്മയ്ക്കുസമീപം കണ്ണർകാട്ടെ ചെല്ലിക്കണ്ടത്തിൽ നാണപ്പന്റെ വീട്ടിൽ കൃഷ്ണപ്പിള്ള, സഖാവ് രാമൻ എന്ന പേരിൽ എത്തുന്നത്. ഓഗസ്റ്റ് 19-ന് അവിടെനിന്ന് മറ്റൊരിടത്തേക്ക് മാറേണ്ടതായിരുന്നു. അത് അദ്ദേഹംതന്നെയാണ് മാറ്റിവെച്ചത്. അന്നാണ് പാർട്ടിയെ നടുക്കിയ ആ സംഭവമുണ്ടായത്. പാർട്ടിക്കമ്മിറ്റിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു കൃഷ്ണപിള്ള. തലക്കെട്ടിൽ ഇങ്ങനെ എഴുതി. 'വിമർശനമുണ്ട്, സ്വയംവിമർശനമില്ല.' ഇതിനിടെ അൽപ്പനേരം കിടന്നു. ഓലക്കീറുകൾകൊണ്ട് മറച്ച കുടിലാണ്. ചുറ്റും ചതുപ്പും പൊന്തക്കാടുകളുമുള്ള പ്രദേശം. എങ്ങനെയോ വന്ന പാമ്പ് സഖാവിന്റെ വലതുകൈയിൽ കടിച്ചു.

നാണപ്പന്റെ വൃദ്ധയായ അമ്മമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൈയിൽ കെട്ടിട്ടും ചുണ്ണാമ്പുതേച്ചുമൊക്കെയാണ് ആ വൃദ്ധമാതാവ് പ്രാഥമികശുശ്രൂഷ നടത്തിയത്. വിവരമറിഞ്ഞ് നേതാക്കൾ ഓടിയെത്തി. വിഷഹാരിക്കായി ആളുപോയി. പക്ഷേ, മിനിട്ടുകൾ കഴിയുംതോറും സഖാവ് അവശനായിക്കൊണ്ടിരുന്നു. മരണം മുന്നിലെത്തിയെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവിടെയെത്തിയ സി.കെ. മാധവനോട് കൃഷ്ണപിള്ള പറഞ്ഞു: ''സംഭവിക്കേണ്ടത് സംഭവിച്ചു. എല്ലായിടത്തും വിവരമറിയിച്ചേക്കുക.'' തുടർന്ന് പൂർത്തിയാകാത്ത റിപ്പോർട്ട് അദ്ദേഹം വീണ്ടുമെടുത്തു. കൈകൾ വിറച്ചുതുടങ്ങിയിരുന്നു. ശ്വാസംനിലയ്ക്കുംമുമ്പ് അവസാനവരികൾ കുറിക്കുകയാണ് സഖാവ്.

കടലാസിൽ ഇത്രയുംകൂടി എഴുതിയത്രെ. 'എന്റെ കണ്ണിൽ ഇരുട്ടുകയറുകയാണ്. ശരീരമാകെ തളരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്!' ആ മരണക്കുറിപ്പിൽനിന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് 'സഖാക്കളേ മുന്നോട്ട്' എന്ന മുദ്രവാക്യം കിട്ടിയതെന്നും ചരിത്രം.

അതുകഴിഞ്ഞപ്പോൾ പേന താഴെവീണു. തുടർന്ന് അദ്ദേഹം സി.കെ. മാധവന്റെ മടിയിലേക്ക് ചാഞ്ഞു. അല്പനേരംകഴിഞ്ഞ് ഒന്നുപിടഞ്ഞു. ഒമ്പതുവർഷത്തിനുശേഷം തന്റെ പാർട്ടി അധികാരത്തിൽവരുന്നത് കാണാൻ കാത്തുനിൽക്കാതെ സഖാവ് പോയി. കേവലം 42-ാം വയസ്സിൽ.

സ്വന്തം പാർട്ടിക്കാർ ചായയിൽ വിഷം കൊടുത്തോ?

അതേസമയം കൃഷ്ണപ്പിള്ളയുടെ മരണം സംബന്ധിച്ച് ഒരുപാട് വിവാദങ്ങൾ അക്കാലത്തും പിന്നീടും ഉണ്ടായി. ഫാദർ വടക്കന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി നടത്തിയ പൊതുയോഗങ്ങളിൽ ടി.വി. ശാർങധരൻ സ്ഥിരമായി പ്രസംഗിച്ചിരുന്നത്, ഗ്രൂപ്പ് വഴക്ക് മൂത്ത് പാർട്ടിക്കാർ ചായയിൽ വിഷംചേർത്ത് കൃഷ്ണപിള്ളയെ കൊന്നു എന്നായിരുന്നു. കേരളകൗമുദിയുടെ 1956ലെ വിശേഷാൽ പ്രതിയിൽ കേശവദേവ് കൃഷ്ണപിള്ളയെപ്പറ്റി ഒരു കഥയെഴുതി. 'ചിരിക്കുന്ന അഗ്നിപർവതം' എന്ന ആ കഥ അവസാനിപ്പിക്കുമ്പോൾ കേശവദേവ് 'കൃഷ്ണപിള്ളയുടെ മരണത്തെപ്പറ്റി കേൾക്കുന്ന ആരോപണം ഭോഷ്‌ക് എന്നു പറഞ്ഞുതള്ളാവുന്നതാണോ' എന്ന സംശയം ഉന്നയിക്കുന്നുണ്ട്.

പക്ഷേ ഈ വിവാദം ആളിക്കത്തിച്ചത് പ്രശസ്ത മാധ്യമ പ്രവർത്തകനായ കെ എം ചുമ്മാർ ആണ്. 'കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്' ലേഖന പരമ്പര അദ്ദേഹം 1983ൽ വീക്ഷണം പത്രത്തിൽ എഴുതി. പിന്നീട് അദ്ദേഹം അത് പുസ്തകമാക്കി. ആ പുസ്തകം ഇപ്പോഴും കിട്ടാനുമുണ്ട്. കൃഷ്ണപിള്ളയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച് സിപിഐക്കാരും സിപിഎമ്മുകാരുമായ എഴുത്തുകാർനൽകിയ വിവരണത്തിലെ പരസ്പര വിരുദ്ധങ്ങളായ വിശദീകരണങ്ങൾ എടുത്തുകാട്ടുകയാണ് ചുമ്മാർ. അതിൽ പ്രധാനം സഖാവ് അവസാനമായി എഴുതിയെന്നു പറയുന്ന റിപ്പോർട്ടും മരണക്കുറിപ്പുമാണ്. പലരും പലതരത്തിലാണ് അത് ഉദ്ധരിച്ചിട്ടുള്ളത്.

എല്ലാത്തിനുമുപരി, ചരിത്രപ്രധാനമായ ആ റിപ്പോർട്ട് അതിന്റെ കൈയക്ഷരത്തോടെ എടുത്തുകാണിക്കുന്നില്ല. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അത് സൂക്ഷിച്ചിട്ടില്ലേ, എന്ന് ചുമ്മാർ ചോദിച്ചിരുന്നു. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് ചുമ്മാർ വിശ്വസിക്കുന്നില്ല. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യചെയ്തതോ, അല്ലെങ്കിൽ വിഷം കൊടുത്തു കൊന്നതോ ആവാമെന്നതായിരുന്നു ചുമ്മാറിന്റെ നിഗമനം. ഇതിലേക്കത്തെിയ രണ്ടു കാരണങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഒന്ന്, കൃഷ്ണപിള്ളയുടെ കുടുംബജീവിതത്തിലുണ്ടായ താളപ്പിഴ. രണ്ട്, പാർട്ടിയിലെ വിഭാഗീയത.

തന്റെ ലേഖനപരമ്പരയിലൂടെ വീക്ഷണം പത്രം കള്ളക്കഥ പ്രചരിപ്പിക്കുകയാണ് എന്ന് പി. ഗോവിന്ദപിള്ള പിന്നീട് പ്രസംഗിച്ചപ്പോൾ 'ഗോവിന്ദപിള്ള മറുപടി പറയുമോ' എന്നൊരു ലേഖനവും ചുമ്മാർ എഴുതിയിരുന്നു. അതിന് ഗോവിന്ദപിള്ളയോ കമ്യൂണിസ്റ്റ് പാർട്ടിയോ മറുപടി പറഞ്ഞിട്ടില്ലെന്നാണ് ചുമ്മാർ ഒടുവിൽ പറഞ്ഞത്.

കൃഷ്ണപിള്ള സ്മാരകം തകർത്താതാര്?

കൃഷ്ണപ്പിള്ളയുടെ മരണം നടന്ന ചെല്ലിക്കണ്ടത്ത് വീട് സിപിഎം അതുപോലെ സംരക്ഷിച്ചുവരികയായിരുന്നു. എന്നാൽ 2013 ഒക്ടോബർ 31ന് പുലർച്ചെ 2 മണിയോടെ ഇവിടെയുള്ള പ്രതിമ തച്ചുതകർക്കപ്പെടുകയും ഓലപ്പുര അഗ്നിക്കിരയാക്കുകയും ചെയ്തത് കേരളത്തെ ഞെട്ടിച്ചു. പ്രതിമയുടെ ഇടത്തേകണ്ണ് കുത്തിപ്പൊട്ടിക്കുയും ചെയ്തിരുന്നു. ആദ്യം രാഷ്ട്രീയ എതിരാളികൾക്ക് നേരെയാണ് അന്വേഷണം പോയതെങ്കിലും, വൈകാതെ സിപിഎം വിഭാഗീയതാണ് സംഭവത്തിന് പിന്നിൽ എന്നായി പൊലീസ് ഭാഷ്യം. കൃഷ്ണപിള്ളയുടെ മരണത്തിനുപിന്നിലും സിപിഎം വിഭാഗീയതയുടെ ആരോപണം വന്നുവെന്നത് ചരിത്രത്തിന്റെ കാവ്യനീതി.

മൂന്നു ഘട്ടങ്ങളിലായി നടന്ന അന്വേഷണത്തിനൊടുവിൽ സിപിഎം. പ്രവർത്തകരായ ലതീഷ് ചന്ദ്രൻ, സാബു, ദീപു, പ്രമോദ്, രാജേഷ് എന്നിവർ പ്രതികളായി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ചന്ദ്രൻ അടക്കമുള്ളവർ പ്രതിയായിരുന്ന കേസ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിപിഎമ്മിന് വലിയ ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ പൊലീസ് ഭാഷ്യം അതേപടി വിശ്വസിച്ച പാർട്ടി നേതൃത്വം ആരോപിതർക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചു. എന്നാൽ, തങ്ങളല്ല ഈ നീചകൃത്യം ചെയ്തത് എന്ന് പ്രതികൾ ആണയിട്ട് പറഞ്ഞു. അവരുടെ മൊബൈൽ ടവർ ലെക്കേഷൻ പോലും പൊലീസ് പരിശോധിച്ചില്ല എന്നും ആരോപണമുണ്ട്. കൂട്ടത്തിലുള്ളവർ ഈ ദ്രോഹം ചെയ്തുവെന്ന് വിശ്വസിക്കാൻ സാധാരണ പാർട്ടി പ്രവർത്തകരിൽ പലരും തയ്യാറായില്ല. അവർ ഒറ്റയ്ക്കും തെറ്റയ്ക്കും അന്വേഷണം നടത്തിക്കൊണ്ടിരുന്നു. പക്ഷേ പ്രതികൾ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അതിനിടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കലശിവെളി കോളനിയിലെ അഖിൽ എന്ന ആർഎസ്എസ്സുകാരൻ അവിചാരിതമായി നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു. സ്മാരകം അക്രമിച്ചത് ആർഎസ്എസ്സുകാരാണെന്നും അവർ സംഭവത്തിനു ശേഷം അഖിലിന്റെ വീട്ടിൽ അഭയം തേടിയെത്തിയിരുന്നുവെന്നും ആയിരുന്നു ഇത്. പക്ഷേ ഈ വഴിക്കൊന്നും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. പക്ഷേ സ്മാരകം തകർത്ത കേസിലെ അഞ്ച് പ്രതികളേയും പിന്നീട് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഇപ്പോഴും കൃഷ്ണപിള്ളയുടെ മരണം പോലെ ദൂരൂഹമാണ്, ആ മരണം നടന്ന് വീട് ആര് കത്തിച്ചുവെന്നതും!

വാൽക്കഷ്ണം: പ്രശസ്ത കാഥികൻ വി. സാംബശിവന്റെ കഥാപ്രസംഗത്തിൽ ഒരിക്കൽ അദ്ദേഹം പ്രയോഗിച്ച ഒരു പൊടിക്കൈ ഉണ്ട്. 'അതാവരുന്നു, ഓലവാതിലിന്നിടയിലൂടെ... അതാവരുന്നു, കൃഷ്ണപിള്ളയെ കടിച്ച പാമ്പ്, അല്ല ഓന്ത്, ഓന്ത്. കൃഷ്ണപിള്ളയെ കടിച്ച ഓന്ത്. ഈ ഓന്തിന്റെ മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവല്ലോ. 80കളിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മുഖമാണല്ളോ ദൈവമേ ഈ ഓന്തിന്!'സാംബശിവൻ അന്ന് ആരെയാണ് ഉദ്ദേശിച്ചതെന്ന് കഥ കേട്ടവർക്ക് മനസ്സിലായിക്കാണും.