- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഗാന്ധിജിയെപ്പോലും നിർത്തിയത് തീണ്ടാപ്പാടകലെ; നീച ജന്മങ്ങൾക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ അർഹതയില്ലെന്ന് പ്രഖ്യാപനം; ഗാന്ധിജി മടങ്ങിയപ്പോൾ ശുദ്ധി കലശം; സമരക്കാരെ ഗുണ്ടകളെ ഇറക്കി തല്ലിക്കൊന്നു; ആ ഇണ്ടംതുരുത്തി മന ഇന്ന് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്; കാലം 'പ്രതികാരം ചെയ്ത' വൈക്കം സത്യാഗ്രഹത്തിന്റെ കഥ
പുളിക്കണത് എന്ന് പറയുന്നതിന് പകരം ഉപ്പ് എന്ന് പറഞ്ഞതിന് അവർണ്ണനെ തല്ലിക്കൊല്ലുന്ന കാലം, താഴ്ന്ന ജാതിക്കാർ പഠിക്കാൻ വരുന്നതിന്റെ പേരിൽ സ്‌കൂളിന് തീവെക്കുന്ന കാലം, വിവാഹം കഴിക്കാനും കുട്ടിക്ക് പേരിടാനും അയിത്ത ജാതിക്കാരന് ജന്മിയുടെ അനുവാദം വേണ്ടിയിരുന്ന കാലം, പട്ടിക്കും പുച്ചക്കും നടക്കാനുള്ള വഴിയിലുടെ മനുഷ്യന് നടക്കാൻ കഴിയാതിരുന്ന കാലം .....
നൂറുവർഷം മുമ്പത്തെ കേരളം എന്നുപറയുന്നത്, ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനുമപ്പുറം, ജാതി- മത ഭ്രാന്തന്മാരുടെ കോട്ടയായിരുന്നു. പഴയകാലം എത്ര മനോഹരമായിരിന്നു എന്ന് ഇന്ന് സോഷ്യൽ മീഡിയിൽ ഫ്യൂഡൽ നൊസ്റ്റാൾജിയ എഴുതി വിടുന്നവർ ഓർക്കുന്നില്ല, മാറുമറയ്ക്കാനായി, വഴി നടക്കാനായി, വിധവാ വിവാഹത്തിനായി ഒക്കെ പോരാടേണ്ടി വന്ന കേരളീയ സമൂഹത്തെ. കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിലെ ഏറ്റവും നിർണ്ണായകമായ ഒരോടാണ് വൈക്കം സത്യാഗ്രഹം. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റമുള്ള പ്രദേശത്തെ നിരത്തുകൾ എല്ലാമനുഷ്യർക്കും തുറന്നു കിട്ടുന്നതിനായി ഒരു ജനത നടത്തിയ, പോരാട്ടം നൂറാംവർഷത്തിലേക്ക് കടക്കയാണ്.
അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. 1924 മാർച്ച് 30 ന് തുടങ്ങിയ സത്യാഗ്രഹം, അടുത്തവർഷം നവംമ്പറിലാണ് അവസാനിച്ചത്. കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, എ.കെ. പിള്ള, വേലായുധമേനോൻ, കൃഷ്ണസ്വാമി അയ്യർ, കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവാരായിരുന്നു നേതൃത്വം. 603 ദിവസം നീണ്ടുനിന്ന സമരത്തിനിടെ ആശീർവാദം നൽകാൻ ഗാന്ധിജിയും ശ്രീനാരായണഗുരുവും എത്തി. കേശവമേനോനെയും ടി.കെ. മാധവനെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതോടെ സമരം ദേശീയശ്രദ്ധ നേടി. പ്രമുഖ നേതാക്കൾ ജയിലായപ്പോൾ, തമിഴകത്തുനിന്ന് സാക്ഷൽ പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ വൈക്കത്ത് എത്തി സമരം നയിച്ചു.
ഒടുവിൽ നിരന്തരമായ സമരങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾചെയ്യാൻ അധികാരികൾ സന്നദ്ധമായി. ക്ഷേത്രത്തിന്റെ മൂന്നുവശത്തുമുള്ള നിരത്തുകളിൽ അവർണ്ണർക്കുള്ള നിരോധനം പിൻവലിച്ചു. പക്ഷേ, കിഴക്കേനടയും അതിനോടുചേരുന്ന വടക്കേനടയും തെക്കേനടയും അവർണർക്ക് പ്രവേശിക്കാൻ പാടില്ലാത്തവിധം നിയന്ത്രിക്കപ്പെട്ടു. നിരോധനാജ്ഞ പിൻവലിക്കപ്പെടുകയും വേലിക്കെട്ടുകൾ പൊളിച്ചുനീക്കുകയും ചെയ്തു. അതോടെ 1925 നവംബറിൽ സത്യാഗ്രഹം അവസാനിച്ചു.
സത്യാഗ്രഹം പൂർണവിജയമായിരുന്നില്ലെങ്കിലും അയിത്തോച്ചാടനശ്രമങ്ങളുടെ ഭാഗധേയം നിർണയിക്കുവാൻ അതിന് കഴിഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികൾ നാട്ടിൻപുറങ്ങളിലേക്കെത്തിക്കാനും സത്യാഗ്രഹത്തിന്റെ ശക്തി ജനങ്ങൾക്ക് ബോധ്യപ്പെടുത്തുവാനും വൈക്കം സമരം നിമിത്തമായി. ഇന്ന് കേരളം ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്തിന്റെ ചില കാവ്യനീതികളും ചർച്ചയാവുകയാണ്.
ചോരയിൽ കുതിർന്ന ചരിത്രം
ക്ഷേത്രപ്രവേശനത്തിനും വഴി നടക്കാനുമുള്ള സ്വാതന്ത്ര്യത്തിന് ചോരയുടെ ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബാലരാമവർമ തിരുവിതാംകൂർ രാജാവായിരിക്കെ, ഏകദേശം ഇരുനൂറോളം വരുന്ന ഈഴവ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ തീയതി നിശ്ചയിച്ചു. ക്ഷേത്രാധികാരികൾ ഈ വിവരം രാജാവിനെ അറിയിച്ചു. വേണ്ടത് ചെയ്യാമെന്ന് രാജാവ് അവർക്ക് ഉറപ്പ് നൽകി. ക്ഷേത്രപ്രവേശനം നടത്തുവാൻ നിശ്ചയിച്ചിരുന്ന ദിവസം (1806ൽ )രാജാവിന്റെ കുതിരപ്പടയാളികൾ, ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്ന യുവാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊന്നൊണ് പറയുന്നത്. ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ടു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായി കണക്കാക്കപ്പെട്ട അന്നത്തെ ദളവായുമായി ബന്ധപ്പെടുത്തി ആ കുളം നിന്ന സ്ഥലത്തെ അന്നുമുതൽ ദളവാക്കുളം എന്ന് വിളിച്ചു വന്നു. ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ്സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. ഈ സംഭവത്തിന് പൂർണ്ണമായും ചരിത്രത്തിന്റെ പിന്തുണയില്ല. പക്ഷേ ജാതിക്കൊലകളുടെ നീണ്ട ചരിത്രം കേരളത്തിന് പറയാനുണ്ട് എന്നത് സത്യമാണ്.
1865ൽ തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും സവർണ്ണ- അവർണ്ണ ഭേദമന്യേ ആർക്കും ഉപയോഗിക്കാം എന്ന ഉത്തരവ് തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചു. എന്നാൽ ഇത് ഹൈക്കോടതിയുടെ മുമ്പാകെ പരിഗണനക്കു വന്നപ്പോൾ, കോടതി, വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചു. സർക്കാരിന്റെ ഈ ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. അതുകൊണ്ടാണ്, യാത്രാനുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി 65 വർഷത്തിനു ശേഷവും ആ വഴികൾ അവർണ്ണർക്ക് അപ്രാപ്യമായി തുടർന്നത്. മാത്രമല്ല ആ വീഥികളിൽ ഒരു കൂട്ടം പൊലീസുകാരെ കാവലിന് ഉണ്ടായിരുന്നു. ജാതി ചോദിച്ചാണ് റോഡിലൂടെ നടക്കാൻ അനുവദിക്കുക. അവർണ്ണർ ആരെങ്കിലും റോഡിൽ കയറിയാൽ പൊലീസ് അടിച്ചോടിക്കും!
എറ്റവും ലജ്ജാകരം വഴിയിൽ പലയിടത്തും അസവർണ്ണർക്കുള്ള നടപ്പ് നിരോധനം രേഖപ്പെടുത്തിയ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു എന്നതാണ്. അഹിന്ദുക്കളായ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വിലക്ക് ബാധകമായിരുന്നില്ല. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണ്ണയാത്രക്കാർക്ക് രണ്ടുമൂന്നു മൈൽ ദൈർഘ്യം കൂടുതലുള്ള വഴിയേ ചുറ്റി വളഞ്ഞു യാത്രചെയ്യേണ്ടി വന്നു. കാളവണ്ടിയിൽ യാത്രചെയ്യുകയായിരുന്ന പുലയസമുദായ നേതാവ് അയ്യങ്കാളി വണ്ടിയിൽ നിന്നിറങ്ങി വളഞ്ഞ വഴിയേ നടന്നു പോകാൻ നിർബ്ബന്ധിതനായിരുന്നു. മറ്റൊരിക്കൽ ശ്രീ നാരായണ ഗുരു യാത്ര ചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം വച്ച് തടയുകയും തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി പറഞ്ഞ് മടുത്തതോടെയാണ്, ടി കെ മാധവന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ സമ്മതത്തോടെ സത്യാഗ്രഹം തുടങ്ങുന്നത്.
ഗാന്ധിജി ഇരുന്നിടത്തും ശുദ്ധികലശം
കേരളത്തിലെ ഭ്രാന്തലായ സമാനമായ അയിത്താചരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വൈക്കം മഹാദേവ ക്ഷ്രേത്രത്തിന്റെ ഊരായ്മക്കാർ ആയിരുന്നു ഇണ്ടംതുരുത്തി മനക്കാരുടെ മനസ്ഥിതി. വൈക്കത്തെ ഏറ്റവും പ്രബലമായ നാടുവാഴി കുടുംബമായിരുന്നു ഇവർ. മനയുടെ നൂറ് കോൽ അകലെ മാറി നിന്ന് പത്ത് നിമിഷം നോക്കാൻ താഴ്ന്ന ജാതിക്കാർ ഭയപ്പെടുമായിരുന്നവെന്നാണ് ചരിത്ര പുസ്തകങ്ങളിൽ പറയുന്നത്. ചേരുമേൽ ജനം എന്നറിയപെട്ടിരുന്ന അൻപതോളം ഇല്ലങ്ങളുടെ മേൽക്കോയ്മ ഉണ്ടായിരുന്ന ആഢ്യ ബ്രാഹ്മണ കുടുംബം കൂടിയായിരുന്നു ഇണ്ടംതുരുത്തി മന.
വൈക്കം സത്യാഗ്രഹത്തെ നഖശിഖാന്തം എതിർത്തിരുന്ന സവർണ്ണ പക്ഷത്തിന്റെ നേതൃത്വം, ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരി കാരണവർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു. 1925 മാർച്ച് ഒൻപതിന് ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയത് നാടിനെ ഇളക്കി മറിച്ചു. ക്ഷേത്ര പ്രവേശനവുമായി ബന്ധപെട്ട് നീലകണ്ഠൻ നമ്പൂതിരിപ്പാടുമായി ചർച്ചക്ക് ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാൽ ആരെയും കാണാൻ താൻ ഒരിക്കലും അങ്ങോട്ടേക്ക് വരില്ലെന്നും, തന്നെ ആർക്കെങ്കിലും കാണണമെങ്കിൽ പൂമുഖത്ത് വന്ന് നിൽക്കുകയാണ് പതിവ് എന്ന് കാരണവർ അറിയിച്ചു. തുടർന്ന് ഗാന്ധിജിയും സംഘവും മനയിൽ എത്തി. എന്നാൽ ഗാന്ധിയെ മനയിലേക്ക് കയറ്റാൻ ഇല്ലത്തെ നമ്പൂതിരിമാർ സമ്മതിച്ചില്ല, ഗാന്ധിജിക്കായി പൂമുഖത്ത് പ്രത്യേകം ഉമ്മറത്തിണ്ണയും പന്തലും കെട്ടി പ്രത്യേകം ഇരിപ്പിടങ്ങൾ തയ്യാറാക്കി. ഗാന്ധിജിയും കൂടെയുള്ളവരും പന്തലിൽ ഇരുന്നു. ഇണ്ടംതുരുത്തി നമ്പ്യാതിരി മനയ്ക്കകത്തും.
തീണ്ടാപ്പാട് ഉറപ്പിച്ചശേഷം ചർച്ച ആരംഭിച്ചു. ആവശ്യങ്ങൾ ഗാന്ധിജി അറിയച്ചെങ്കിലും കീഴാളനാവുകയെന്നത് കർമഫലമെന്നായിരുന്നു മറുപടി. നമ്പ്യാതിരി അമ്പിനും വില്ലിനും അടുക്കില്ല എന്ന് മനസിലായ ഗാന്ധിജി മൂന്നു മണിക്കൂർ നേരത്തെ ചർച്ചക്കൊടുവിൽ നിരാശനായി മടങ്ങി. ഗാന്ധി മടങ്ങിയ ഉടനെ ഗാന്ധി ഇരുന്ന പന്തലും പരിസരവും ശുദ്ധി കലശവും നടത്തിയെന്നാണ് പറയുന്നത്. അത്രക്ക് ഭീകരമായിരുന്നു അന്നത്തെ ജാതിബോധം!
വിലക്ക് വിധിയെന്ന് ഇണ്ടംതുരുത്തി
ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരിയുമായുള്ള മൂന്ന് മണിക്കുർ നീണ്ട ചർച്ചയിൽ ഗാന്ധിജി ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും പിൽക്കാലത്ത് ചർച്ചയിൽ പങ്കെടുത്തവരുടെ വിവരണങ്ങളിൽ നിന്ന് ചരിത്രകാരന്മാർ നിഗമനത്തിലെത്തി. ഹിന്ദു മത നിയമങ്ങളും വർണ്ണാശ്രമ വ്യവസ്ഥയും ചൂണ്ടിക്കാട്ടി അയിത്തത്തെ നീലകണ്ഠൻ നമ്പൂതിരി ന്യായീകരിച്ചപ്പോൾ ഗാന്ധിജിക്ക് ഉത്തരം മുട്ടുകയായിരുന്നു.
അവർണ്ണരുടെ അവസ്ഥ, അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു ഇണ്ടം തുരുത്തിയുടെ നിലപാട്. അവരുടെ സംഭാഷണത്തിലെ ആ ഭാഗം ഈവിധമായിരുന്നുവെന്ന് ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്ന, ദിവാൻ പേഷ്‌ക്കാർ എം വി സുബ്രഹ്മണ്യ അയ്യർ അടക്കമുള്ളവർ എഴുതിയിട്ടുണ്ട്.
ഗാന്ധിജി: സംശയിക്കേണ്ടവരോ ശത്രുക്കളോ അല്ല അവർ....അവർ കൊള്ളക്കാരോ കള്ളന്മാരോ മദ്യപാനികളോ ദുർനടപ്പുകാരോ ആണെങ്കിലും എനിക്കു മനസ്സിലാക്കാനാവും. പക്ഷേ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈയൊരു തടസ്സമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല....ഇതിനു നിങ്ങളുടെ ഉത്തരം എന്താണെന്നറിയാൻ എനിക്കാഗ്രഹമുണ്ട്.
ഇണ്ടംതുരത്തി: ഹിന്ദുമത ശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ മഹാത്മജി വിശ്വസിക്കുന്നുണ്ടോ?
ഗാന്ധിജി: ഉണ്ട്.
ഇണ്ടംതുരുത്തി : താങ്കൾ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഗാന്ധിജി: ഉണ്ട്.
ഇണ്ടംതുരുത്തി: ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻജന്മങ്ങളിലെ പാപങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാരവിധികളനുസരിച്ച്, അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാളും ഹീനരാണ്.
ഗാന്ധിജി: കവർച്ചക്കാരോടും മദ്യപാനികളോടുമെന്നതിനെക്കാൾ മോശമായി ഇവരോടു നിങ്ങൾ പെരുമാറുന്നതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇണ്ടംതുരുത്തി: കള്ളനേയും മദ്യപാനിയെയും അവരുടെ ദുഷ്ചെയ്തികളിൽ നിന്ന് പിന്മാറ്റാൻ, പക്ഷേ, നിയമപരിചരണം കൊണ്ട് കഴിഞ്ഞേക്കാം. ഇവരെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ യാതൊരു മാർഗ്ഗവുമില്ല തന്നെ.
ഗാന്ധിജി: അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നു പോകണമെന്നു മാത്രം.
ഇണ്ടംതുരുത്തി: കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.
വൈക്കത്ത് നിലവിലിരിക്കുന്ന തരം വിലക്ക് ഹിന്ദുസംഹിതകളിലൊന്നും വിധിച്ചിട്ടില്ലാത്തതാണെന്ന് ഗാന്ധിജി വാദിച്ചു. ഈ വിലക്ക് ആദി ശങ്കരൻ ഏർപ്പെടുത്തിയതാണെന്നായിരുന്നു എതിർപക്ഷത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ, നിഷ്പക്ഷനായ ഒരു ഹിന്ദു പണ്ഡിതൻ ശങ്കരന്റെ സ്മൃതികൾ പരിശോധിക്കണമെന്നും അവയിൽ ഇത്തരം വിലക്ക് പറഞ്ഞിട്ടില്ലെങ്കിൽ അത് പിൻവലിക്കണമെന്നും ഗാന്ധിജി നിർദ്ദേശിച്ചു. സവർണ്ണരുടെ ഇടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ട്, വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിനെ ഭൂരിപക്ഷം അനുകൂലിക്കുന്നുവെന്ന് കണ്ടാൽ, അത് അംഗീകരിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ മറ്റൊരു നിർദ്ദേശം.
യാഥാസ്ഥിതികർ നിയോഗിക്കുന്ന ഒരു പണ്ഡിതനും, സത്യാഗ്രഹികൾക്കു വേണ്ടി താൻ നിയോഗിക്കുന്ന മറ്റൊരു പണ്ഡിതനും തമ്മിൽ തിരുവിതാംകൂറിലെ ദിവാന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മൂന്നാമതൊരു നിർദ്ദേശവും ഗാന്ധിജി മുന്നോട്ടു വച്ചു. എന്നാൽ യാഥാസ്ഥിതികർക്ക് ഈ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമായില്ല. അതിനാൽ ഗാന്ധിജി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി. സത്യാഗ്രഹം തുടർന്നു. ഒപ്പം സത്യാഗ്രഹിക്കുനേരെയുള്ള ആക്രമണങ്ങളും.
അയിത്തവും ആചാരം
പ്രതാപിയും കുശാഗ്രബുദ്ധിക്കാരനുമായ ഇണ്ടംതിരുത്തി നീലകണ്ഠൻ നമ്പൂതിരി ജാഥയെ പൊളിക്കാൻ നിരവധി നീക്കങ്ങൾ നടത്തി. മജിസ്ട്രേട്ട്, പൊലീസ് ഇൻസ്പെക്ടർ തഹസീൽദാർ എന്നിവർക്കൊപ്പം ചില കോൺഗ്രസ് നേതാക്കളെയും അവരുടെ താവളത്തിലെത്തി കണ്ടു. ജാഥ കുറേ ദിവസം കഴിഞ്ഞായാൽ അനുവദിക്കാമെന്നും, ഉടനേ അത് നടത്തുന്നത് സാമുദായിക സൗഹാർദ്ദം തകർക്കാൻ ഇടയാക്കുമെന്നും അവർ വാദിച്ചു. ഈ ആവശ്യത്തിന് വഴങ്ങി, കോൺഗ്രസ് ജാഥയുടെ തിയതി 1924 മാർച്ച് 30 എന്ന് നിശ്ചയിച്ചു.
അതിനിടെ അയിത്തം കാലങ്ങളായി നിലനിന്നു വരുന്ന ഒരാചാരമാണെന്നു വാദിച്ച ഇണ്ടംതുരുത്തിയും കൂട്ടരും, അത് സംരക്ഷിക്കാനുള്ള 'കടമ' നിർവഹിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. ഈ ആചാരത്തെ തകർക്കാൻ കോൺഗ്രസ്സ് ഒരു പ്രക്ഷോഭത്തിലൂടെ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. പിന്നീട്, മജിസ്ട്രേട്ട്, വർഗ്ഗീയ കലഹം ഒഴിവാക്കാനെന്ന ന്യായം പറഞ്ഞ്, ജാഥക്കെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതോടെ സമരസമിതിയും അടവ് മാറ്റി, ജാഥക്ക് പകരം എല്ലാ ദിവസവും, വിഭിന്ന ജാതിക്കാരായ മൂന്നു പേരുടെ ഒരു സംഘത്തെ വിലക്കുള്ള വഴികളിലേക്ക് അയക്കാൻ തീരുമാനിച്ചു. ആദ്യ ദിവസം പുലയനായ കുഞ്ഞാപ്പിയും, ഈഴവനായ ബാഹുലേയനും, നായരായ ഗോവിന്ദപ്പണിക്കരുമാണ് പോയത്. കാര്യപരിപാടിയുടെ കേന്ദ്രമായി ക്ഷേത്രത്തിൽ നിന്ന് ഒരു ഫർലോങ്ങ് മാത്രം അകലെ ഒരു സത്യാഗ്രഹാശ്രമവും സ്ഥാപിതമായി.
ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പൊലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ച ശേഷം സവർണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയും. ഇതിന് മറുപടിയായി അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽപെട്ട സത്യാഗ്രഹി മറുപടി പറയും. ഇത് മൂവരുടേയും അറസ്റ്റിലാണ് കലാശിക്കുക. വൈകുന്നേരങ്ങളിൽ അറസ്റ്റിലും ജയിൽശിക്ഷയിലും പ്രതിഷേധിച്ച് പൊതുസമ്മേളനവും സംഘടിക്കപ്പെട്ടു. എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു.
രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള
നിയമപരമായ വഴികൾ അടഞ്ഞതോടെ, ക്രൂരമായ മർദങ്ങൾ അഴിച്ചുവിട്ട് സമരത്തെ പൊളിക്കുക എന്നതായിരുന്നു ഇണ്ടൻതുരുത്തി നമ്പ്യാതിരിയുടെ നീക്കം. ഗുണ്ടകളെ വാടകക്ക് എടുത്തായിരുന്നു മർദനം. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിയിട്ട് തല്ലിച്ചതച്ചു. കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായനി തളിച്ചു. ഇടപെടരുതെന്ന് രഹസ്യ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പൊലീസ് നോക്കി നിൽക്കുകയേ ചെയ്തുള്ളു. പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ തേവനേയും മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിനേയും പച്ചചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ചു.
തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ മർദ്ദിച്ചു കൊന്നു. ഇദ്ദേഹമാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ രക്തസാക്ഷി. വൈക്കം സത്യാഗ്രഹത്തിന്റെ ബലമത്രയും അതിന്റെ ചിട്ടയായ ആസൂത്രണവും സമരഭടന്മാരുടെ ആവേശവുമായിരുന്നു. അതിന് നെടുംതൂണായി നിൽക്കുന്നവരെ ഇല്ലാതാക്കുക എന്ന ഹീനതന്ത്രത്തിന് ഇരയായവരിൽ പ്രമുഖനായിരുന്നു ചിറ്റേടത്ത് ശങ്കുപ്പിള്ള. സത്യാഗ്രഹത്തിന്റെ ആദ്യ രക്തസാക്ഷിയായി ശങ്കുപ്പിള്ളയെ ചരിത്രം വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞിട്ടില്ല. തെള്ളിയൂർ ഗോപാലകൃഷ്ണൻ എഴുതിയ 'ചിറ്റേടത്ത് ശങ്കുപ്പിള്ള ആദ്യ രാഷ്ട്രീയരക്തസാക്ഷിയുടെ കഥ' എന്ന പുസ്തകമാണ് ജീവിത വെളിച്ചം വീശുന്ന പ്രധാന തെളിവ്. വൈക്കം സത്യാഗ്രഹത്തിന്റെ വൊളന്റിയർ ക്യാപ്റ്റനും ഭക്ഷണശാലയുടെ ചുമതലയുമുണ്ടായിരുന്ന ശങ്കുപ്പിള്ള 38-ാം വയസ്സിലാണ് എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സവർണ്ണർ ഏർപ്പാടുചെയ്ത ഗുണ്ടകൾ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
പക്ഷേ ഈ സംഭവം ദേശീയ വ്യാപകമായി വിലയ പ്രതിഷേധങ്ങൾ ഉയർത്തി. നേരത്തെ ബാരിക്കേഡ് ചാടിക്കടുക്കുന്നത്പോലും ശരിയല്ല എന്ന് പറഞ്ഞ ഗാന്ധിജിപോലും ശക്തമായി ഈ നരഹത്യകൾക്ക് എതിരെ എഴുതി. നിഷ്ടൂരത കയ്യുംകെട്ടി നോക്കി നിൽക്കാൻ കോൺഗ്ഗ്രസ്സിനാവില്ലെന്ന് തിരുവിതാംകൂറിലെ അധികാരികളെ സബഹുമാനം പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നെന്നും, പ്രതിബദ്ധരായ സത്യാഗ്രഹികളുടെമേൽ ഗുണ്ടകളെ അഴിച്ചുവിടുന്നത്, അഖിലേന്ത്യാ തലത്തിൽ ജനാഭിപ്രായം അവർക്കനുകൂലമായി തിരിയാനേ സഹായിക്കൂ എന്നും ഗാന്ധി 'യങ്ങ്-ഇന്ത്യ'യിൽ എഴുതി.
കേരള ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വെള്ളപ്പൊക്കം ( '99-ലെ വെള്ളപ്പൊക്കം') ഉണ്ടായത് വൈക്കം സത്യാഗ്രഹത്തിന്റെ നാളുകളിൽ ആയിരുന്നു. റോഡുകളും പരിസരവുമെല്ലാം പ്രളയത്തിൽ മുങ്ങിയപ്പോഴും സത്യഗ്രഹികൾ പിന്മാറിയില്ല. മണിക്കുറുകളോളം വെള്ളത്തിൽനിന്ന് അവർ സമരത്തിൽ പങ്കെടുത്തു.
ചരിത്രമെഴുതി മന്നവും
അവർണ്ണർക്കായി നടത്തിയ സമരത്തിൽ സവർണ്ണരുടെ നിർലോഭമായ പിന്തുണ കിട്ടുന്ന അപൂർവ കാഴ്ചയും വൈക്കം സത്യാഗ്രഹത്തിൽ കണ്ടു. അതിൽ എൻഎസ്എസ് നേതാവ് മന്നത്ത്് പത്മനാഭന്റ പേര് എടുത്തുപറയേണ്ടതാണ്. തീണ്ടൽ, തൊടീൽ തുടങ്ങി എല്ലാ അയിത്താചാരങ്ങളും ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു, മന്നത്തിന്.
വൈക്കം സത്യാഗ്രഹവിജയത്തിന് സവർണരുടെ പിന്തുണവേണമെന്ന് ടി.കെ. മാധവൻ ഉറച്ചുവിശ്വസിച്ചിരുന്നു. പുരോഗനവാദിയായ മന്നത്തിന്റെ നേതൃത്വത്തിൽ സംഘടിച്ചുകഴിഞ്ഞ നായന്മാരുടെ പിന്തുണയുണ്ടായാൽ വലിയ നേട്ടമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഇക്കാര്യത്തിന് ബന്ധപ്പെട്ടപ്പോൾ മന്നത്തിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അനാചാരങ്ങളുടെ അർഥശൂന്യതയും അനീതിയും സവർണരെ ബോധ്യപ്പെടുത്തി എതിർപ്പ് നീക്കുക എന്നതായിരുന്നു മന്നത്തിന്റെ ചുമലിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വം. പ്രസംഗംകൊണ്ട് എവിടെയും പ്രകമ്പനം സൃഷ്ടിക്കാൻ കെൽപ്പുണ്ടായിരുന്ന മന്നം രംഗത്തിറങ്ങിയതോടെ പെട്ടെന്ന് മാറ്റം പ്രകടമായി.
വൈക്കത്തിനടുത്ത് ഇരുമ്പൂഴിക്കരയിൽ വെച്ച് കെ. മാധവൻ നായരുടെ അധ്യക്ഷതയിൽ വിപുലമായ ഒരു നായർ സമ്മേളനം നടത്തി. അതിൽ, അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മന്നം പ്രസംഗിച്ചത് ജനങ്ങളുടെ മനസ്സിൽ വലിയ ചലനമുണ്ടാക്കി. എം.എൻ. നായർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് സത്യാഗ്രഹപ്പന്തലിൽ നായരീഴവ സമ്മേളനം നടന്നത്. എൻ.എസ്.എസ്. പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയാണ് അതിൽ അധ്യക്ഷത വഹിച്ചത്. 1998-ൽ നായർ സർവീസ് സൊസൈറ്റി വൈക്കത്ത് മന്നത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചു.
മഹാത്മജിയുടെ ഉപദേശാനുസരണം വൈക്കത്തുനിന്ന് കാൽനടയായി തിരുവനന്തപുരത്തേക്ക് സവർണജാഥ ആരംഭിച്ചത് 1924 നവംബർ ഒന്നിനാണ്. മന്നത്ത് പത്മനാഭനായിരുന്നു ജാഥാനായകൻ. ഖദർവസ്ത്രം ധരിച്ച് നഗ്നപാദരായി നീങ്ങിയ ജാഥാംഗങ്ങൾ വലിയ ആവേശമുയർത്തി. നാടുനീളെ സ്വീകരണങ്ങൾ, യോഗങ്ങൾ, പ്രസംഗങ്ങൾ. വർക്കലയിൽവെച്ച് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകൾ നേടി, ജാഥ 11-ാം നാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള മനസ്സാക്ഷിയിൽ വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായ വലിയൊരുതരംഗം പ്രകടമായിരുന്നു. നാഗർകോവിലിൽനിന്ന് ഇ.എം. നായിഡുവിന്റെ നേതൃത്വത്തിൽ മറ്റൊരു ജാഥയും പുറപ്പെട്ട് സവർണജാഥയോട് ചേർന്നു. നവംബർ 12-ന് റാണി സേതുലക്ഷ്മീബായിക്ക് 20,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു.
അവശവിഭാഗങ്ങൾക്ക് വഴിനടക്കാനും ആരാധന നടത്താനും അവകാശം നൽകുന്നതിൽ സവർണവിഭാഗങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ മന്നത്തിന്റെ വാഗ് വിലാസവും അദ്ദേഹം നയിച്ച സവർണജാഥയും ഏറെ സഹായിച്ചു. വൈകാതെ നിയമസഭയിൽ എൻ. കുമാരൻ സഞ്ചാരസ്വാതന്ത്ര്യത്തിനായി അവതരിപ്പിച്ച അടിയന്തരപ്രമേയം ഒറ്റ വോട്ടിന് പരാജയപ്പെട്ടു. പക്ഷേ മുഴുവൻ നായർ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. അത് മന്നം ഉണ്ടാക്കിയ മാറ്റമായിരുന്നു. സമൂഹനന്മയ്ക്കായി മനസ്സുകളെ മാറ്റിത്തീർക്കാൻ മന്നത്തിനുണ്ടായിരുന്ന പാടവത്തിന് സാക്ഷ്യമാണ്, വൈക്കം സത്യാഗ്രഹവിജയവും.
ഇണ്ടൻതുരത്തി ക്ഷയിക്കുന്നു
കാലം മാറിയപ്പോൾ ഇണ്ടംതുരത്തി മനയുടെ പ്രതാപവും ക്ഷയിച്ചു. 1957ലെ കമ്യൂണിസ്റ്റ് ഗവൺമെന്റ് കൊണ്ടു വന്ന ഭൂപരിഷ്‌കരണ നടപടികൾ അടക്കം ഈ മനയിൽ വൻ പ്രതിസന്ധികൾ ഉണ്ടായി. ഒരുപാട് ഭൂമി വിട്ട് നൽകേണ്ടിവന്നത് അവരെ സാമ്പത്തികമായി തകർത്തു. ബന്ധുക്കൾ തമ്മിലുള്ള കലഹവും കെട്ടുറപ്പിനെ ബാധിച്ചു. നീലകണ്ഠൻ നമ്പൂതിരിയുടെ കാലശേഷം അവകാശിയായ വാസുദേവൻ തിരുമേനി മകളുടെ വിവാഹത്തിന് മറ്റ് വഴികളില്ലാതെ ഇല്ലം വിൽക്കാൻ തീരുമാനിച്ചു.
പലരും വന്ന് വില പറഞ്ഞു. ഇല്ലം വിൽക്കുന്ന വാർത്ത ഡോ. വർഗ്ഗീസ് മൂത്തേടൻ വഴി, വൈക്കത്തെ സിപിഐ നേതാവായ സി.കെ വിശ്വനാഥന്റെ ചെവിയിലെത്തി. (മൂന്മന്ത്രിയും രാജ്യസഭാംഗവുമായ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പിതാവാണ് സി കെ വിശ്വനാഥൻ) ചെത്തു തൊഴിലാളി യൂണിയൻ (സിപിഐ) യോഗം ചേർന്ന് മന വാങ്ങാൻ തീരുമാനമെടുത്തു. എറണാകുളം അരമനയിലെ ബിഷപ്പും ആ സമയം മന വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒട്ടേറെ നേരത്തെ കൂടിയാലോചനക്ക് ശേഷം അവസരം യൂണിയന് നൽകാൻ ബിഷപ്പും തീരുമാനിച്ചു.
അങ്ങനെ ചരിത്രനിയോഗം പോലെ വൈക്കത്തെ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് സി കെ വിശ്വനാഥൻ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു വേണ്ടി വിലപറഞ്ഞു. അപ്പോഴും സാമ്പത്തികം വലിയ പ്രശ്നം തന്നെയായിരുന്നു. എങ്കിലും പലരോടായി പണം കടം വാങ്ങി യൂണിയന്റെ പേരിൽ മനയും മനയിരിക്കുന്ന രണ്ടേക്കർ ഭൂമിയും വാങ്ങി. അവർണ്ണ ജാതിക്കാരന് മുന്നിൽ വന്നു നിന്ന് നോക്കാൻ പോലും അവകാശമില്ലാതിരുന്ന ഇണ്ടംതുരുത്തി മന അങ്ങനെ സഖാവ് സികെയിലൂടെ തൊഴിലാളികളുടെ കൈയിലെത്തി. 1964ൽ ഇണ്ടം തുരുത്തി മന ചെത്തു തൊഴിലാളി യൂണിയൻ ഓഫീസായി മാറി. 2009ൽപഴമ നഷ്ടപെടാതെ മന പുതുക്കി പണിഞ്ഞു. രണ്ടു നിലകളുള്ള മനയുടെ പഴയ ഘടനയിൽ ഒരു മാറ്റവും വരുത്താതെ, നാലുകെട്ടും അറകളും മറ്റും അതേപടി നിലനിർത്തിയാണ് പുനർനിർമ്മാണം നടത്തിയിരിക്കുന്നത്. ചെത്തു തൊഴിലാളികളിൽ നിന്ന് സമാഹരിച്ച 45 ലക്ഷം രൂപ കൊണ്ടായിരുന്നു പുനർനിർമ്മാണം. വൈക്കം സത്യാഗ്രഹ സമരത്തിന്റെ ചരിത്രം പഠിക്കാൻ എത്തുന്നവർക്ക് അതിനുള്ള സൗകര്യവും മനയിൽ ഒരുക്കിയിട്ടുണ്ട്.
സഖാവ് സികെയെ അടക്കം ചെയ്തതും ഇതേ മണ്ണിലാണ്. ചെത്തുതൊഴിലാളി യൂണിയന്റെ ആദ്യകാല സെക്രട്ടറി എം വാസുദേവൻ, വൈക്കത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ദാമോദരൻ എന്നിവരെ സംസ്‌കരിച്ചിരിക്കുന്നതും മനയുടെ പരിസരത്താണ്.
ഈയിടെ ഇണ്ടം തുരുത്തി മന പിടിച്ചെടുത്ത് സർക്കാർ നിയന്ത്രണത്തിൽ കൊണ്ട് വന്ന് സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇന്ന് കാലത്തിന്റെ കാവ്യനീതിയെന്നും ചരിത്രത്തിന്റെ പ്രതികാരം എന്ന പേരിലൊക്കെയാണ് ഇണ്ടംതുരുത്തി മനയുടെ മാറ്റം സോഷ്യൽ മീഡിയിൽ ആഘോഷിക്കപ്പെടുന്നത്.
വാൽക്കഷ്ണം: കേരളീയ നവോത്ഥാനത്തിൽ എറ്റവും ലേറ്റായി വന്നവരാണ് കമ്യുണിസ്റ്റുകൾ. വൈക്കം സത്യാഗ്രഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം 1925 ഡിസംബർ 26ന് കാൺപൂരിൽവച്ചാണ് സിപിഐ ഉണ്ടാകുന്നത് തന്നെ. പക്ഷേ അന്ന് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ബ്ലോക്ക് ആയി നിന്നിരുന്ന കമ്യുണിസ്റ്റുകൾ വൈക്കം സമരത്തിലും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് സൈബർ സഖാക്കൾ തള്ളിമറക്കുന്നത് കണ്ടാൽ തോന്നുക, കേരള നവോത്ഥാനത്തിന്റെ മൊത്തം കുത്തക അവർക്കാണെന്നാണ്! കേളപ്പനും, മന്നത്ത് പത്മനാഭനുമെല്ലാം ഇന്ന് അവർക്ക് വെറും മൂരാച്ചികൾ മാത്രം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ