'ഭീകര പ്രസ്ഥാനം എന്ന ആക്ഷേപം എങ്ങും കേൾപ്പിച്ചിട്ടില്ലാത്ത പിഎൽഒ അവിടെ ഉണ്ടല്ലോ '- സിപിഎം നേതാവ് എം സ്വരാജ് ഈയിടെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതിനെ ചൊല്ലി, കേരളത്തിലെ സോഷ്യൽ മീഡിയയിലും വിവാദങ്ങളും ചർച്ചകളും തുടരുകയാണ്. ഇത് സ്വരാജിന്റെ മാത്രം അഭിപ്രായല്ല. ഹമാസ് എന്ന തീവ്രവാദി സംഘടനയുടെ ഏകപക്ഷീയമായ ആക്രമണം മൂലം 1,300ലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ഗസ്സ കത്തുമ്പോൾ കേരളത്തിൽ നിറയുന്നത് മുഴുവൻ ഏകപക്ഷീയമായ നരേറ്റീവുകൾ ആണ്.

ഇടതുപക്ഷം നേതാക്കളും അണികളും ഒരുപോലെ പിന്തുണ കൊടുക്കുന്നത് ഫലസ്തീനാണ്. ശരിയാണ്, ഗസ്സയിലെ കൂട്ടക്കൊലകൾ കരളലിയിപ്പിക്കുന്നത് തന്നെയാണ്. അത് ശക്തമായി എതിർക്കപ്പെടേണ്ടതാണ്. പക്ഷേ ഇസ്രയേൽ മാത്രമാണോ ഈ സംഭവത്തിലെ വില്ലൻ?

48ൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഈ രാജ്യത്തെ പിറന്നുവീണപ്പോൾ തന്നെ കൊന്നൊടുക്കാനല്ലേ, ചുറ്റുമുള്ള ഇസ്ലാമിക രാജ്യങ്ങൾ ശ്രമിച്ചത്. എന്നിട്ടും ആ കുഞ്ഞൻ ഇസ്രയേൽ അതിജീവിച്ചു. ഇസ്ലാമിക സാഹിത്യത്തിൽ ജൂതനെതിരെയുള്ള നിരവധി വാക്കുകൾ ആശയമാക്കിയെടുത്ത്, അവനെ ഒരുകാലത്തും, ജീവിക്കാൻ വിടില്ല എന്ന തീരുമാനവുമായി 11 ഇസ്ലാമിക രാഷ്ട്രങ്ങൾ 67ൽ ഒന്നിച്ച് ആക്രമിച്ചിട്ടും, അവരെ ചുരുട്ടിക്കെട്ടാൽ ഇസ്രയേലിന് വെറും 6 ദിവസമാണ് വേണ്ടി വന്നത്. ഒരിക്കലും ആദ്യം ആക്രമിക്കുന്ന രീതി ഇസ്രയേലിന് ഇല്ല. മാത്രമല്ല ഇത് വെറുമൊരു ഭൂമിത്തകർക്കം മാത്രമല്ല. മതപരമായ വിഷയമാണ്. എന്നിട്ടും കേരളത്തിൽ ഇടതുപക്ഷം ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഇപ്പോൾ അതുപോലെ ഒരു മുട്ടൻ നുണയാണ് യാസിർ അറഫാത്ത്, അദ്ദേഹത്തിന്റെ സംഘടനയായ പിഎൽഒയും മാടപ്രാവുകൾ ആയിരുന്നുവെന്നത്. തുടക്കത്തിൽ അതിതീവ്രമായ നിലപാട് ഉണ്ടായിരുന്ന യാസർ അറഫാത്ത് ക്രമേണ തീവ്രവാദം വെടിയുകയും, ഇസ്രയേലുമായി കരാറിൽ എത്തുകയും, നൊബേൽ സമ്മാനം വരെ നേടുകയും ചെയ്തിരുന്നു. പക്ഷേ സമാധാനത്തിലേക്ക് വന്നതോടെ അയാൾ സ്വന്തം നാട്ടിൽ അസ്വീകര്യനായി. കാരണം ഹമാസ് അടക്കമുള്ള സംഘടനകളുടെ ലക്ഷ്യം ഫലസ്തീൻ വിമോചനം അല്ല ഇസ്രയേലിന്റെ നാശമാണ്. ഒടുവിൽ ദുരൂഹമായി മരിക്കയുമാണ്. മൊസാദ് കൊന്നതാണെന്നും, അല്ല ഹമാസ് തന്നെ തീർത്തതാണെന്നുമുള്ള വിവാദങ്ങൾ ഇന്നും നിലനിൽക്കയാണ്.

തീവ്രവാദത്തിൽ തുടക്കം

യാസർ അറഫാത്തിന്റെ മുഴുവൻ പേര്, മുഹമ്മദ് അബ്ദുൽ റഹ്മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്വ അൽ-ഹുസൈനി എന്നാണ്. ഈജിപ്റ്റിലെ കൈറോവിൽ ഫലസ്തീനിയൻ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി 24-7-1929-ൽ ജനിച്ചു. പിതാവ് അബ്ദുൽ റഊഫ് അൽ-ഖുദ്വ അൽ-ഹുസൈനി ഫലസ്തീനിലെ ഗസ്സാ സ്വദേശിയാണ്. മാതാവ് സൗഹ അബുൽ സഊദ് ജറുസലേം കാരിയാണ്. അറഫാത്തിന് നാല് വയസ്സുള്ളപ്പോൾ മാതാവും 1952-ൽ പിതാവും മരണപ്പെട്ടു. അമ്മാവനൊപ്പം ജറുസലേമിലായിരുന്നു യാസറിന്റെ ബാല്യം. ബ്രിട്ടീഷുകാർക്കും ജൂതർക്കുമെതിരെ പോരാടുന്ന ഫലസ്തീൻകാർക്ക് ആയുധം എത്തിച്ചു നൽകിയാണ് യാസർ രാഷ്ട്രീയ പ്രവർത്തനമാരംഭിക്കുന്നത്.

വളരെ ചെറുപ്പത്തിലെ തന്നെ ജൂതവിരോധവും, ബ്രിട്ടീഷ് വിരോധവും അറഫാത്തിന്റെ മസ്തിഷ്‌ക്കത്തിൽ കുത്തിവെക്കപ്പെട്ടിരുന്നു എന്നാണ് ലാനൽ പോളി ബിബിസിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. അതോടൊപ്പം മാർക്സിത്തോടും അറഫാത്തിന് വലിയ ആരാധനയായിരുന്നു. ഇതെല്ലാം ചേർന്നാണ് അദ്ദേഹം തീവ്രവാദത്തിലേക്ക് നീങ്ങിയത്.

അറഫാത്ത് കിങ് ഫുആദ് സർവകലാശാലയിൽ 1944-ൽ ബിരുധത്തിനു ചേരുകയും 1950-ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹം വ്യക്തിപരമായി ജൂദായിസം, സയണിസം എന്നിവയെക്കുറിച്ച് പഠനം നടത്തി. 1948ൽ ബ്രിട്ടീഷുകാർ ഫലസ്തീനിനെ വിഭജിച്ച് ഇസ്രയേൽ ഉണ്ടാക്കുകയും ലോകത്തുടനീളം നിന്നുള്ള ജൂതരെ ആ നാട്ടിലെത്തിക്കുവാനും തുടങ്ങി. ഇതേ തുടർന്ന് അറബ്-ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതിനകം തികഞ്ഞ അറബ് ദേശീയവാദിയായി മാറിയ അറഫാത്ത് കോളേജ് വിടുകയും അറബ്-ഇസ്രയേൽ യുദ്ധത്തിൽ മുസ്ലിം ബ്രദർഹുഡിന് ഒപ്പം നിന്ന് പോരാടുകയും ചെയ്തു. യുദ്ധം ഇസ്രയേലിന് അനുകൂലമായപ്പോൾ അറഫാത്ത് കൈറോവിലേക്ക് മടങ്ങുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. സിവിൽ എഞ്ചിനിയറായിരുന്ന അറഫാത്ത് 1952 മുതൽ 1956 വരെ ജനറൽ യൂണിയൻ ഓഫ് ഫലസ്തീൻ സ്റ്റുഡന്റ്സിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1956 ആഗസ്റ്റിൽ പ്രാഗിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കുകയും ഫലസ്തീനിയൻ ശിരോവസ്ത്രം അണിഞ്ഞുതുടങ്ങുകയും ചെയ്തു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി എടുത്ത ശേഷം ഈജിപ്ഷ്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് ആയി.

പിഎൽഒ ഉണ്ടാവുന്നു

1956 ലെ സൂയസ് കനാൽ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ്-ഇസ്രയേൽ യുദ്ധമുണ്ടാവുകയും ഇസ്രയേൽ സിനായ് പ്രവിശ്യയും സൂയസ് കനാലും പിടിച്ചടക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ പ്രവർത്തിച്ചുകോണ്ടിരുന്ന അറഫാത്ത് ഫലസ്തീൻ അഭയാർത്ഥികളുമായി ചേർന്ന് 1958-ൽ ഫത്ത എന്ന സംഘടനക്ക് രൂപം നൽകി. ഇസ്രയേലിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു 1964-ൽ അറഫാത്ത് കുവൈറ്റ് വിട്ടു. ഇസ്രയേലിനെതിരെ ചെറിയ ചെറിയ ആക്രമണങ്ങൾ സംഘടിപ്പിച്ചു.

ഫലസ്തീൻ വിമോചനം ലക്ഷ്യം വച്ച് 1964-ൽ അറബ് ലീഗ് പിന്തുണയോടെ ഉണ്ടാക്കിയ സംഘടനയാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി. എൽ. ഒ) മിതവാദ സംഘടനയായിട്ടായിരുന്നു തുടക്കം. പക്ഷേ 67ലെ യുദ്ധത്തിന്റെ പരാജയത്തിനുശേഷം ഈ സംഘടന തീവ്രവാദത്തിലേക്ക് നീങ്ങി. ഫലസ്തീൻ വിമോചനമല്ല, ഇസ്രയേലിനെ അവസാനിപ്പിക്കു എന്നതായി പിൽക്കാലത്ത് അവരുടെ അജണ്ട.

പിഎൽഒ എന്ന സംഘടന ഒരു ഭരണ സംവിധാനത്തിന്റെ സ്വഭാവം കൈക്കൊള്ളുകയും ഫലസ്തീനിന്റെ ഔദ്യോഗിക വക്താക്കൾ എന്ന പദവി ലഭിക്കുകയും ചെയ്തു. 100-ലധികം രാജ്യങ്ങളുമായി പിഎൽ ഒ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും, ഐക്യ രാഷ്ട്ര സഭയിൽ നിരീക്ഷക പദവി ലഭിക്കുകയും ചെയ്തു. പിഎൽ ഒ വിനെ ആദ്യമായി അംഗീകരിച്ച പശ്ചിമേഷ്യക്കു പുറത്തുള്ള രാജ്യം ഇന്ത്യയാണ്. അഹമ്മദ് ഷുകൈരിക്കും യഹ്യ ഹമ്മുദക്കും ശേഷം 1969-ൽ യാസർ അറഫാത്ത് പിഎൽഒ വിന്റെ ചെയർമാനായി. അറബ് ലീഗിന്റെ നിഴലിലായിരുന്ന പി എൽ ഒ അതോടെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.

1967 ൽ നാസറിന്റെ ഈജിപ്തിന്റെ നേതൃത്വത്തിൽ ജോർദാർ അടക്കമുള്ള 11 അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിക്കാൻ ചെല്ലുന്നു. ഇസ്രയേൽ ആറുദിവസം കൊണ്ട് യുദ്ധം ജയിക്കുന്നു. നാസർ ഒതുങ്ങുന്നു. ജോർദാന്റെ കയ്യിൽ ഇരുന്ന വെസ്റ്റ് ബാങ്ക് കൂടെ ഇസ്രയേലിന്റെ കൈയിൽ ആകുന്നു. ഇസ്രയലിനെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപുറപ്പെട്ടില്ല എങ്കിൽ വെസ്റ്റ് ബാങ്ക് ജോർദാന്റെ കയ്യിൽ തന്നെ ഇരുന്നേനെ. പക്ഷേ ലക്ഷ്യം സമാധാനം അല്ലല്ലോ. അങ്ങനെ യാസർ അറാഫത്തും പിൽഒയും കൂടെ വെസ്റ്റ് ബാങ്കിൽ നിന്ന് ജോർദാനിനുള്ളിലേക്ക് മാറുന്നു.

ജോർദാനെതിരയും അട്ടിമറി ശ്രമം

സമാധാനം ആണ് ലക്ഷ്യം എങ്കിൽ അവിടെ മര്യാദയ്ക്ക് ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്. ഇല്ല. 70കളിൽ അവിടെ ഇരുന്ന് ഇസ്രായലിനെ ആക്രമിക്കാനാണ് അറാഫത്തും കൂട്ടരും പദ്ധതിയിട്ടത്. അതോടെ ഇസ്രയേൽ തിരിച്ച് അടിച്ചു. ഒരുഘട്ടത്തിൽ ജോർദാനും പിൽഒയും കൂടെ ചേർന്ന് നിന്ന് ഇസ്രയേലിനെ നേരിടുന്നു. ഈ യുദ്ധം ഇസ്രയേലിനും കനത്ത നഷ്ടം ഉണ്ടായി എങ്കിലും പിൽഒ കൂടുതൽ ഉള്ളിലേക്ക് ജോർദാൻ ജനവാസ മേഖലകളിലേക്ക് നീങ്ങുന്നു. അവിടെ ഇരുന്ന് പിൽഒ നടത്തുന്ന ഗറില്ല ആക്രമണങ്ങൾക്ക് തിരിച്ചടി വരുമ്പോൾ തങ്ങൾക്കാണ് പ്രശ്നം എന്ന് മനസിലാക്കുന്ന ജോർദാൻ നിവാസികളും പിൽഒയും തമ്മിൽ അസ്വരാസ്യങൾ ഉടലെടുക്കുന്നു.

ഇനിയാണ് കളി മാറുന്നത്. എന്തായാലും ഇസ്രയേലിനെ കാര്യമായി ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്നാൽ ജോർദാൻ അങ്ങു എടുത്താല്ലോ എന്ന് പിഎൽഒ ക്ക് ഒരു തോന്നൽ. ജോർദാനിൽ സ്വന്തമായി ചെക്ക്പോസ്റ്റ് ഒക്കെ ഉണ്ടാക്കി പിഎൽഒ, ടാക്സ് പിരിവ് തുടങ്ങുന്നു.അത് മാത്രമല്ല ജോർദാൻ രാജാവ് ഹുസൈൻ സമാധാനപരമായി ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ തുടങ്ങുന്നു എന്ന് ആരോപിച്ച് വിപ്ലവം തലക്കു പിടിച്ച പിഎൽഒ, ആഭ്യന്തര യുദ്ധം നടത്തി ഹുസൈനെ തന്നെ പുറത്താക്കാൻ തീരുമാനിക്കുന്നു. അലോചിക്കുക. സമാധാന ജീവിതം ആണ് ലക്ഷ്യം എങ്കിൽ ജോർദാനിൽ ഒരു ആഭ്യന്തര യുദ്ധം നടത്തേണ്ട എന്ത് കാര്യം ആണ് ഇവർക്കുള്ളത്.?

ഹുസൈൻ ആദ്യം ഒന്നു പരുങ്ങി. ലോകം മുഴുവൻ ഹുസൈനും ജോർദാനും തോൽക്കും എന്നു കരുതി. ഹുസൈന് എതിരെ വധശ്രമങ്ങൾ നടന്നു.പക്ഷേ ഹുസൈൻ വിജയിച്ചു. സിറിയയും പിൽഒയുടെ കൂടെ ചേരുന്നു. പക്ഷേ ജോർദാൻ ആഭ്യന്തര യുദ്ധത്തിൽ വിജയിക്കുകയും അറാഫത്തിനെയും കൂട്ടരെയും ഇറക്കി വിടുകയും ചെയ്യുന്നു.

മാർക്സിസം ചാലിച്ച ഇസ്ലാമിക സംഘടന

പിഎൽഒ ഒരു പരിപൂർണ മതസംഘടന ആയിരുന്നില്ല. അവരുടെ രക്തത്തിൽ കൂടുതൽ ഉള്ളത് മാർക്സിസവും ലെനിനിസവും ഫലസ്തീൻ ദേശീയതയയും ആയിരുന്നു. പിഎൽഒ പല വിഭാഗങ്ങളുടെയും ആശയം മാർക്സിസം ആണ് . സോവിയറ്റിലെ ബോൾഷവിക്കുകളുടെ സായുധ സമരം പോലെ ആണ് അവർ അവരുടെ പ്രവർത്തനങ്ങളെ കാണുന്നത്. ചെഗുവരെയും മാവോയും കാസ്ട്രോയും ഒക്കെ ആണ് അവരുടെ ഹീറോസ് .ഫലസ്തീൻ നാഷണലിസം , പാൻ അറേബ്യനിസം ഒക്കെ പോലെ പി്എൽഒ യുടെ ജനിതകത്തിൽ ഉള്ള ഈ പ്രത്യയശാസ്ത്ര ബന്ധമാണ് ലോകത്ത് മുഴുവൻ ഉള്ള ഇടത് കക്ഷികൾ കാണിക്കുന്ന ഇസ്രയേൽ വിരുദ്ധതയ്ക്ക് ഒരു കാരണം

പക്ഷേ ബ്ലാക്ക് സെപ്റ്റംബർ എന്ന് അറിയപെടുന്ന ഭീകരതക്ക് ഇടയാക്കിയതും ഇതേ മാർക്സിസ്റ്റ് ബന്ധമാണ്. ബ്ലാക്ക് സെപ്റ്റംബറിൽ പിഎൽഒയിൽ അംഗമായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പായ പിഎഫ്എൽപി ഒരേ സമയം നാല് വിദേശ എയർക്രാഫ്റ്റുകൾ ഹൈജാക്ക് ചെയ്തു. ബാക്കി ഭീകരരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ആയിരുന്നു ഇത്. അത് പോലെ പിഎൽഒ ഡെപ്യൂട്ടി ആയിരുന്ന സലാ കലാഫ് നേത്യത്വം കൊടുത്ത ബ്ലാക്ക് സെപ്റ്റംബർ എന്ന ഓർഗനൈസേഷൻ ആണ് മ്യൂണിക്കിൽ ഇസ്രയേൽ അത്‌ലറ്റുകളെ കൊലപെടുത്തിയത്.അവിടെ നിന്ന് ഇറങ്ങി പിൽഒ ലിബിയയ്ക്ക് പോയി. അവിടെ പോയി സമാധാനത്തിൽ ജീവിച്ചാലും പ്രശ്നമില്ലായിരുന്നു. എവിടെ. ലക്ഷ്യം വീണ്ടും ഇസ്രയേലും വിപ്ലവവും. പുറകിൽ നിന്ന് കളിക്കാൻ അറേബ്യൻ രാജ്യങ്ങൾ. ഭീകര വാദം തുടർന്നു.

രൂപം കൊണ്ട നാൾ മുതൽ ഹമാസിന്റെ കയ്യിൽ നിന്ന് തല്ലു വാങ്ങുന്നത് വരെ ഭീകര വാദം തന്നെയായിരുന്നു പിഎൽഒ യുടെ പരിപാടി. കൂടുതൽ ആക്രമണം നടത്തുന്ന ഗ്രൂപ്പിന് കൂടുതൽ ഫണ്ടിങ്. കൂടുതൽ ജനപ്രീതി. ലക്ഷ്യം ഒരിക്കലും സമാധാനമോ ഫലസ്തീൻ ജനങ്ങളുടെ പുരോഗതിയോ ആയിരുന്നില്ല. പകരം സായുധ വിപ്ലവും ഇസ്രയലിന്റെ ഉന്മൂലനവും. പക്ഷേ വിജയിച്ചില്ല. ഗത്യന്തരമില്ലാതെ സമ്മർദ്ദത്തിൽ സമാധാന ഉടമ്പടികൾ ഒപ്പുവെച്ചു. അപ്പോഴാണ് ഹമാസ് ക്ലച്ച് പിടിക്കുന്നത്. 94 മുതൽ ഫലസ്തീൻ അഥോറിറ്റി കൈവശം വന്നു. എന്നിട്ടോ അവിടെയും ഒരുപാട് അഴിമതിയുടെ വാർത്തകളാണ് ഉണ്ടായത്.

1970-ൽ ജോർദ്ദാൻ പി.എൽ.ഒ. യെ പുറന്തള്ളി തുടർന്ന് ലെബനനിലും ടുണീഷ്യയിലും താവളമുറപ്പിച്ചു.ഇസ്രയേലിന്റെ ആക്രമണങ്ങളെയും കൊലപാതക ശ്രമങ്ങളെയും അതിജീവിച്ച് അറഫാത്ത് പോരാട്ടം തുടർന്നു. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിച്ച് രാജ്യമില്ലാത്ത സൈന്യാധിപനായി അദ്ദേഹം ഫലസ്തീൻകാരുടെ അനിഷേധ്യ നേതാവായി.എൺപതുകളുടെ ഒടുവിൽ അറഫാത്തിന്റെയും പി.എൽ.ഒ. യുടെയും മുഖം മാറുവാൻ തുടങ്ങി. അറഫാത്ത് സമാധാനത്തിന്റെ ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. ആയുധമുപയോഗിച്ച് ഇസ്രയേലിനെ കീഴ്പ്പെടുത്തുവാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയായിരുന്നു ഇത്. 1988-ൽ അദ്ദേഹം ഇസ്രയേലിലെ അംഗീകകരിച്ചു.1990-ൽ സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണത്തെ പിന്തുണച്ചത് അദ്ദേഹത്തിന് വിനയായി.ഗൾഫ് രാജ്യങ്ങളുമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട പി.എൽ.ഒ നേതാവ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നിർബന്ധിതമായി. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വിധേയമായി ഇസ്രയേൽ പ്രധാനമന്ത്രി ഇസഹാക്ക് റബീനുമായി 1993-ൽ അറഫാത്ത് സമാധാന കരാറിൽ ഒപ്പുവച്ചു.ഓസ് ലോ കരാർ അറഫാത്തിനും റബീനും നൊബെൽ സമ്മാനം നേടിക്കൊടുത്തു.

ഇതോടെ ഇരുഭാഗത്തെയും തീവ്രവാദികൾ പിണങ്ങി. റബീൻ ഇസ്രയേൽ തീവ്രവാദിയുടെ നോക്കിനിരയായി. ഫലസ്തീൻ നാഷണൽ അഥോറിറ്റി എന്ന സംവിധാനത്തിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ട അറഫാത്തിന് ഫലസ്തീനു വേണ്ടി ഒന്നും ചെയ്യാനായില്ല.ചാവേറാക്രമണത്തിനിറങ്ങി സ്വയം മരിക്കുന്ന അണികളെ തടയുവാനും കഴിഞ്ഞില്ല. ഈ പദവിയിൽ മരണം വരെ തുടർന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ പി.എൽ.ഒ വിന്റെ ബാനറിൽ തന്നെയായിരുന്നു.

അറേബ്യൻ സ്റ്റാലിൻ ആയിരുന്നു ഈജിപ്തിലെ നാസർ . നാസറിന്റെ പാൻ അറേബ്യ എന്ന ലക്ഷ്യത്തിലെ കരട് ആയിരുന്നു ഇസ്രയേൽ. ഇസ്രയേലിനെ ഇല്ലാതാക്കി പാൻ അറേബ്യ ഉണ്ടാക്കാൻ ആണ് നാസർ ആക്രമണം പ്ലാൻ ചെയ്തത്. ഇതിന് നാസറിന് മാനസികവും സൈനികവും ആയ എല്ലാ പിന്തുണയും നൽകിയത് റഷ്യ ആണ്. നാസറും ഒരു ഗംഭീര സോഷ്യലിസ്റ്റ് ആയിരുന്നു. ഈ അന്തർധാര ലോകം മുഴുവൻ ഉള്ള ഇടത് കക്ഷികളിലേക്ക് വ്യാപിച്ചു . നാസറിന്റെയും പിൽഒ യുടെയും ശ്രമങ്ങൾ പരാജയപെടുകയും അതേ സമയം ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ ഇസ്ലാമിക് വിപ്ലവം വിജയിക്കുകയും ചെയ്തപ്പോൾ അതിന്റെ ആവേശത്താർ നാസറിന്റെ അനുയായി ഫാത്തി അൽ ഷക്യാക്വി ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നൊരു സംഘടന രൂപീകരിച്ചു. ഇറാനിലെ ഷായെ പോലുള്ള ശക്തരെ വരെ അട്ടിമറിക്കാം എങ്കിൽ നിച്ഛയദാർഡ്യം ഉള്ള പോരാളികളുടെ ജിഹാദിന് എല്ലാ തടസങ്ങളെയും നേരിടാൻ കഴിയും എന്ന് ഷക്വാക്വി കരുതി.മിഡിൽ ഈസ്റ്റിൽ മുഴുവൻ ശക്തി പ്രാപിച്ച ഇസ്ലാമിസം ഫലസ്തീനിലും എത്തി. 1967 നും 1987 നും ഇടയ്ക്ക് വെസ്റ്റ് ബാങ്കിലും ഗസ്സയിലും പള്ളികളുടെ എണ്ണം മൂന്ന് ഇരട്ടി വർദ്ധിച്ചു.

ഹമാസ് പിൽഒയെ ഒതുക്കുന്നു

മതസാഹിത്യം അനുസരിച്ച് വാള് കൊണ്ട് സാമ്രാജ്യം സ്ഥാപിക്കുന്നതും ജിഹാദും ജൂത വിരോധവും എല്ലാം പ്രധാന സോഫ്റ്റ്‌വയറുകൾ ആണ്. .ഈ മത തീയിൽ നിന്നാണ് ഹമാസ് ഉണ്ടാകുന്നത്. ഫലസ്തീനിലെ മറ്റു മിലിറ്റന്റ് ഓർഗനൈസേഷനെക്കാൾ മെച്ചം ആണ് തങ്ങൾ എന്ന് കാണിക്കാൻ ഹമാസ് നിരന്തരം സൂയിസഡ് ബോംബുകളുമായി ഇസ്രയൽ ആക്രമണം തുടങ്ങി.
ഹമാസിന്റെ ഒരു നേതാവ് കലേദ് മിഷലിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു. ' ഹമാസ് ഒരു ലോക്കൽ സംഘടന അല്ല. അറബ്, ഇസ്ലാമിക് , അന്തർദേശീയ ലക്ഷ്യങ്ങൾ ഉള്ള ഒരു സംഘടന ആണ് 'ഹമാസിന്റെ ഫൗണ്ടിങ് ഡോക്യുമന്റിൽ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം സംഘടന ആയ മുസ്ലിം ബ്രദർഹുഡിന്റെ ഫലസ്തീൻ വിഭാഗം ആണ് ഹമാസ് . ഇസ്ലാമിക വിശ്വാസത്തിന്റെയും നിയമത്തിന്റെയും ആഴത്തിൽ ഉള്ള അറിവും കൃത്യമായ മനസിലാക്കലും സംസ്‌കാരത്തിലും പ്രവർത്തിയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും എക്കണോമിയിലും സമൂഹത്തിലും നിയമത്തിലും വിദ്യാഭ്യാസത്തിലും അ വിശ്വാസ പ്രമാണം സ്വീകരിക്കുന്നവരും ആണ് ഹമാസ്. '
ഇസ്രയലിനെ തകർക്കാൻ ആയി സൂയിസഡ് ബോംബർ ആയവരുടെ കുടുംബത്തിന് വെൽഫയറും പെൻഷനും ഒക്കെ കൊടുത്താണ് ഹമാസ് ജനപ്രീതി വർദ്ധിപ്പിച്ചത്.

ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്. പിൽഒയുമായി ആയി ഹമാസിനുള്ള പ്രശ്നം അവർ ഇസ്രയലിനെ വേണ്ട രീതിയിൽ ആക്രമിക്കുന്നില്ല എന്നതായിരുന്നില്ല. പകരം ഇസ്രയലിനെ നശിപ്പിച്ച ശേഷം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനെ പറ്റി ജഘഛ പറയുന്നില്ല എന്നതായിരുന്നു. ഹമാസിന്റെ ഔദ്യോഗിക മുദ്രവാക്യം ഇതാണ് ' അള്ളാ ആണ് ലക്ഷ്യം , പ്രവാചകൻ ആണ് മോഡൽ, ഖുർ ആൻ ആണ് ഭരണ ഘടന , ജിഹാദ് ആണ് വഴി . അള്ളാക്കു വേണ്ടി മരിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം ' ഫലസ്തീൻ മുഴുവൻ അള്ളായുടെ ബാനർ ഉയർത്തുക ആണ് അവരുടെ ലക്ഷ്യം. അന്ത്യനാൾ വരെ ഒരു മുസ്ലിം രാജ്യമായി ഫലസ്തീൻ മാറണം എന്നാണ് അവരുടെ ഫൗണ്ടിങ് ഡോക്യുമെന്റിലെ മറ്റൊരു ലക്ഷ്യം. മതം വിതറി ഹമാസ് ശക്തി പ്രാപിച്ചപ്പോൾ പിഎൽഒയും മറ്റു സംഘടനകളും പോലും അവരുടെ( മതത്തിന്റെ ) വഴി അനുകരിക്കാൻ തുടങ്ങി. കൂടുതൽ ആക്രമണം ആര് നടത്തുന്നു എന്നതായി ബഞ്ച്മാർക്ക്.

അത് പോലെ ,ഹമാസും മറ്റ് സംഘടനകളും തമ്മിൽ വരെ പോരാട്ടങ്ങൾ ഉണ്ടായി. ഹമാസ് അതിൽ വിജയം കണ്ടു. 2007 മുതൽ ഗസ്സ ഹമാസ് നിയന്ത്രണത്തിൽ ആയി. ജഘഛ യും മറ്റ് സംഘടനകളെയും വധിക്കാനും ഉന്മൂലനം ചെയ്യാനും ഹമാസ് ഒരു മടിയും കാണിച്ചില്ല.
മറ്റ് മതസ്ഥർക്കും മത രഹിതർക്കും ഹോമോസെക്ഷ്വൽസിനും സ്ത്രീകൾക്കും ഒക്കെ ഗസ്സയിൽ അതിനകം തന്നെ ജീവിതം ദുരിതമായിരുന്നു. ഹമാസിന്റെ ഇസ്ലാമൈസേഷൻ ഈ പീഠനങ്ങൾ വേറൊരു തലത്തിലേക്ക് കൊണ്ടു പോയി.' സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു . ശരിയാ കോടതികൾ നിലവിൽ വന്നു. സ്ത്രീകൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ എഴുതിയാൽ ഈ പോസ്റ്റ് ഒരു പാട് നീണ്ടു പോകും. ഏത് മതരാജ്യത്തും സംഭവിക്കുന്നത് തന്നെ.


ഗസ്സയിലെ അധികാരം കിട്ടിയ ശേഷം ഇസ്രയലിന് നേരെ ഹമാസിന്റെ ജിഹാദ് ആക്രമണം പതിൻ മടങ്ങ് വർദ്ധിച്ചു . നിരന്തരം റോക്കറ്റുകൾ ഇസ്രയലിന് നേരെ പാഞ്ഞു ചെന്നു. അതിന് ഇസ്രയൽ തിരിച്ചടിക്കുന്നത് അനുഭവിക്കുന്നത് പാവം ഫലസ്തീനികളും. ഹമാസിന്റെ പ്രതിരോധം തന്നെ ഈ പാവങ്ങളുടെ മനുഷ്യ കവചം ആണ്.

എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ അഭിലാഷ് കൃഷ്ണൻ ഇങ്ങനെ എഴുതുന്നു. ''ഗസ്സയിലെയും ഇസ്രയലിലും ജനങ്ങളോട് സമാനതയില്ലാത്ത ക്രൂരത ആണ് ഹമാസ് നടത്തുന്നത്. നിരവധി നിരപരാധികൾ മരിച്ചു വീണു. എന്തിന് ? ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയോ. അല്ലേ. പകരം ഇസ്രയലിന്റ തകർച്ചക്കും മതരാഷ്ട്ര രൂപീകരണത്തിനും വേണ്ടിയാണിത്. സെക്കുലിറസം നശിപ്പിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഈ തീവ്രവാദി സംഘടനയെ ആണ് ഇവിടുത്തെ ' പുരോഗമന ' പാർട്ടികൾ പൊക്കി കൊണ്ട് നടക്കുന്നത്. സ്വരാജ് പറഞ്ഞപോലെ ഹമാസ് തീവ്രവാദി സംഘടന ആണോ എന്ന ചോദ്യം മുതലാളിത്തത്തിന്റെ അല്ല മനുഷ്യത്വത്തിന്റെതാണ്.''- അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.

കൊന്നത് ഹമാസോ, ഇസ്രയേലോ?

ഫലസ്തീൻ- ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി സന്ധിസംഭാഷണങ്ങൾ നടത്തിയത് അറഫാത്തിനെ മേഖലയിൽ അസ്വീകാര്യനാക്കി. 1991-ൽ മാഡ്രിഡിലും, 1993-ൽ ഓസ്ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്ലാമിസ്റ്റുകളും മറ്റു ഫലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രയേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു.ഓസ്ലോ കരാറിനെ തുടർന്ന് ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചുവെങ്കിലും വഞ്ചകൻ എന്ന പേരാണ് ഹമാസ് അദ്ദേഹത്തിന് നേരെ ഉയർത്തിയത്. അവസാനകാലം ആയപ്പോഴേക്കും അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഹമാസ് ഉയർത്തി. ഇസ്രയേലേിന് ആവട്ടെ അറഫാത്ത് ഇരട്ട നിലപാട് എടുക്കയാണെന്നും, രഹസ്യമായി ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കയാണെന്നും സംശയിച്ചു.

2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രയേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കി. അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസിൽ കൊണ്ടുപോവുകയും, അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. എന്നാൽ ഇസ്രയേൽ അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ഇതേതുടർന്ന് അൽ ജസീറ ടിവി ചാനലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ രക്തവും വസ്ത്രവും മറ്റും സ്വിറ്റ്സർലൻഡിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിൽ അദ്ദേഹം അവസാനം ഉപയോഗിച്ച വസ്ത്രത്തിൽ, പ്രത്യേകിച്ച് ശിരോവസ്ത്രമായ കഫിയയിൽ, റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം-210 അമിത അളവിൽ കണ്ടെത്തി. നേരത്തേ ഈ ആരോപണം ഉണ്ടായിരുന്നെങ്കിലും 2012നാണ് സ്വിസ് അന്വേഷണസംഘം ഇത് സ്ഥിതീകരിച്ചത്.

ഇതേ തുടർന്ന് കൂടൂതൽ പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ കബർ തുറന്ന് പരിശോധന നടത്താൻ തീരുമാനമായി. 2012 നവംബർ 27 ന് അദ്ദേഹത്തിന്റെ ഖബർ തുറന്ന് പരിശോധന നടത്തി. പക്ഷേ ഇതിലും കൃത്യമായ തെളിവുകൾ കിട്ടിയില്ല. പലരും പറയുന്നത് ഹമാസ് ആണ് അറഫാത്തിന്റെ കൊലക്ക് പിന്നിലെന്നാണ്. കാരണം പല്ലുകൊഴിഞ്ഞ അറഫാത്തിനെ വധിച്ചിട്ട് ഇസ്രയേലിന് യാതൊരു കാര്യവുമില്ല. എന്നാൽ ഇസ്രയേലിലെ മുച്ചൂടും മുടിക്കുക എന്ന ലക്ഷ്യത്തൽനിന്ന് അകന്നുപോയ അറഫാത്തിനോട് ഹമാസിന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു താനും.


എന്തുകൊണ്ട് ഇടത് പിന്തുണക്കുന്നു

ചുരക്കിപ്പറഞ്ഞാൽ യാസർ അറാഫത്ത് അടക്കമുള്ള നേതാക്കളിൽ തീവ്രവാദത്തിന്റെയും മത ഭീകരതയുടെയും അംശങ്ങൾ ഏറിയും കുറഞ്ഞുമുണ്ട്. ഇത് മനസ്സിലാക്കാതെ ഏകപക്ഷീയമായി ഒരു വിഭാഗത്തെ മാത്രം പിന്തുണക്കയാണ് കേരളത്തിലെ ഇടതുപക്ഷം ചെയ്യുന്നത്. സ്വരാജും, ബേബിയും മറ്റ് ഇടത് നേതാക്കളും ഇസ്രയൽ വിരുദ്ധരും ഹമാസ് അനുഭാവികളും ആകുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുതാന്നെയാണ്. ഇവിടെ മാത്രമല്ല ലോകത്തെവിടെയും പൊളിറ്റിക്കൽ ലഫ്റ്റിന് ഇതേ സ്റ്റാൻഡ് ആണ്. അതിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി പ്രൊഫസർമാരും ബ്രിട്ടനിലെ ന്യൂസ്പേപ്പറും ഇസ്രയലിലെ കമ്യുണിസ്റ്റ് പാർട്ടികളും വരെ ഉണ്ട്.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായി അഭിലാഷ് കൃഷ്ണൺ ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു. ''ഏത് വിഷയത്തിലും വസ്തുതയും നീതിയും ന്യായവും ഒക്കെ പരിശോധിക്കുന്നതിന് പകരം അണ്ടർ ഡോഗിനെ സപ്പോർട്ട് ചെയ്യുക എന്നതാണ് പൊളിറ്റിക്കൽ ലഫ്റ്റിന്റെ നയം. ഇവിടെ ഫലസ്തീൻ അവർക്ക് അണ്ടർ ഡോഗ് ആണ്. ഉള്ളവനും ഇല്ലാത്തവനും ആയി ആണ് അവർ ഇസ്രയേൽ - ഫലസ്തീൻ പ്രശ്നത്തെ കാണുന്നത്. ഇസ്രയൽ എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുന്ന രാജ്യം. ഫലസ്തീൻ എന്നാൽ പരാജിതർ . പരാജിതർക്ക് ആയിരം റോക്കറ്റ് വിടാം , ബോംബെറിയാം. കാരണം അവർ പരാജയപെട്ടവർ ആണ്. വിജയിച്ചവന് പരാജയപെട്ടവനെ ചൂഷണം ചെയ്യാതെ വിജയിക്കാൻ ആവില്ല എന്നാണ് ലെഫ്റ്റിന്റെ മനസിലാക്കൽ. യഥാർത്ഥത്തിൽ ഇസ്രയേലിന്റെ വിജയ കാരണം അതല്ല എന്നതാണ് സത്യം. മിഡിൽ ഈസ്റ്റിലെ ഏക സെക്കുലർ ഡെമോക്രസി ആണവർ. സ്ത്രീകൾക്കും, ഹോമോസെക്ഷ്യൽസിനും , മറ്റ് മതസ്ഥർക്കും, മതരഹിതർക്കും മീഡിൽ ഈസ്റ്റിലെ മറ്റെലാ രാജ്യങ്ങളിലും ദുരിത ജീവിതം ആകുമ്പോൾ ഇസ്രയേലിൽ ഒരു വിഭാഗവും അടിച്ചമർത്തപെടുന്നില്ല. ഇസ്രയേിലിൽ ഇരുന്ന് ഇസ്രയലിന്റെ നടപടികളെ വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം അവിടെ ഉണ്ട്. മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇരുന്ന് അവിടുത്തെ മതത്തെയോ രാജാവിനെയോ ഗവർൺമന്റിനെയോ വിമർശിക്കുന്നത് ഓർക്കുക . സ്ത്രീ അര പുരുഷൻ ആണ് മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എങ്കിൽ ഇസ്രയേലിൽ വളരെ പണ്ട് തന്നെ ഒരു സ്ത്രീ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തിന്റെ യും വ്യക്തി അവകാശങ്ങളുടെയും പരിണിത ഫലമാണ് അവരുടെ പുരോഗതി .

അത് പോലെ വളരെക്കാലം യൂറോപ്പിലും പിന്നീട് ചുറ്റുമുള്ള അറബ് ശക്തികളുടെയും ശത്രുത കാരണം രക്ഷപെടണം എങ്കിൽ സമ്പത്തിലെ പുരോഗതി വേണം എന്നത് ഹാർഡ് വർക്ക് ചെയ്യാൻ അവരെ പ്രേരിപ്പിച്ചിരുന്നു. ഇതും അവരുടെ വിജയത്തിന് കാരണം ആണ്. 1948 ലും 1967 ലും അറബ് രാജ്യങ്ങൾ ഇസ്രയലിനെ ആക്രമിക്കുമ്പോൾ ഇസ്രയലിലെ ജൂതരെ കടലിൽ എറിഞ്ഞ് ഇസ്രയേൽ തകർക്കാം എന്നായിരുന്നു പ്ലാൻ . യുദ്ധത്തിൽ അമ്പേ പരാജയപെട്ടപ്പോൾ പുതുതായി സൃഷ്ടിച്ചെടുത്ത ഒന്നാണ് ഇസ്രയേൽ എന്ന ഗോലിയാത്തും ഫലസ്തീൻ എന്ന ഡേവിഡും''- അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് എവിടെയും മനുഷ്യർ വീണുപോവുമ്പോൾ നമുക്ക് വിഷമം വരണം. അവിടെ എന്റെ പാർട്ടിക്കാരൻ മരിക്കുമ്പോൾ, അല്ലെങ്കിൽ എന്റെ മതക്കാരൻ മരിക്കുമ്പോൾ മാത്രമേ എനിക്ക് കണ്ണീര് വരൂ എന്നത്, അങ്ങേയറ്റം മേച്ഛമായ ചിന്തയാണ്. പ്രബുദ്ധമെന്ന് പറയുന്ന കേരളം കടന്നുപോകുന്നത് ആ മേഛതയിലുടെയാണെന്നത് ഞെട്ടിപ്പിക്കുന്നയതാണ്!

വാൽക്കഷ്ണം: ഇസ്ലാമിനെപ്പോലെ പാശ്ചാത്യ മൂല്യങ്ങൾ എന്നും എതിർക്കുന്നവരാണ് ഇടത് പാർട്ടികൾ. വ്യക്തി അവകാശങ്ങൾ ,സാമ്പത്തിക സ്വാതന്ത്ര്യം, പണം എന്നതൊക്കെ വെറുതെ വെറുക്കുക്ക എന്നത് അവർക്ക് ഹോബിയാണ് . ഇസ്രയലിന്റെ ക്യാപിറ്റലിസവും അവരെ അനുകൂലിക്കുന്ന അമേരിക്കയും അവരുടെ ധാർമ്മികതയും ഇടത് കക്ഷികൾ വെറുക്കുന്നു. ഇതും ചേരുമ്പോഴാണ് നമ്മുടെ ഇടതുപക്ഷം പൂർണ്ണമായും ഇസ്രയേൽ വിരുദ്ധ ചേരിയാവുന്നത്.