- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കോടികൾ പ്രതിഫലം വാങ്ങുന്ന ടോം ക്രൂസും, ആഞ്ചലീന ജോളിയും, ജോണി ഡെപ്പുമൊക്കെ പണിമുടക്കിൽ; എ ഐ സാങ്കേതികവിദ്യ വ്യാപകമായാൽ താരങ്ങൾക്കും പണികിട്ടും; സമരം നീണ്ടാൽ നഷ്ടം പതിനായിരം കോടി; 60കളിൽ റൊണാൾഡ് റീഗൻ സിനിമ കമ്പനികളെ മുട്ടുകത്തിച്ച ചരിത്രം ആവർത്തിക്കുമോ? ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
അമേരിക്കയിലും സമരമോ! കൊടിപിടുത്തവും, മുദ്രാവാക്യം വിളിയും, സ്തംഭിപ്പിക്കലുമൊക്കെ പൊതുവെ ഇന്ത്യ അടക്കമുള്ള, വികസ്വര രാജ്യങ്ങളിലെ സ്ഥിരം കലാപരിപാടി ആണെന്നാണ് പൊതുവെയുള്ള വിമർശനം. പക്ഷേ ഇപ്പോൾ അമേരിക്കയിലെ ഹോളിവുഡിൽ നടക്കുന്ന സമരം കണ്ട് ലോകം അമ്പരക്കുകയാണ്!
മിനുട്ടുകൾക്ക് പോലും കോടികൾ വിലയുള്ള ഹോളിവുഡ് സൂപ്പർതാരങ്ങൾ തൊട്ട് ക്യാമറാ അസിസ്റ്റന്റുകൾ വരെ പങ്കെടുക്കുന്ന ഒരു സമ്പുർണ്ണ പണിമുടക്കിന്റെ ഞെട്ടലിയാണ്, ഹോളിവുഡ് എന്ന ലോക ചലച്ചിത്ര വ്യവസായത്തിന്റെ തലസ്ഥാനം. സൂപ്പർ താരങ്ങളായ ടോം ക്രൂസ്, ആഞ്ചലീന ജോളി, ജോണി ഡെപ്പ്, ഇവരൊക്കെ ഒറ്റയടിക്ക് പണിമുടക്കിയിരിക്കുകയാണ്. ഫലത്തിൽ ഹോളിവുഡ് പൂട്ടിപ്പോയ അതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നാണ്, ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്.
രണ്ട് സുപ്രധാന യൂണിയനുകളാണ് ഇവിടെ പണിമുടക്കിയത്. സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് എന്നീ സംഘടനകളാണ് അവ. പ്രമുഖ സ്റ്റുഡിയോകൾ ഇവരുമായി കരാറിലെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹോളിവുഡിലെ വമ്പൻ താരങ്ങളും എഴുത്തുകാരും സമരത്തിലാണ്. 1960ന് ശേഷം രണ്ട് യൂണിയനുകളും ഒരുമിച്ച് പണിമുടക്കുന്നത് ആദ്യമാണ്. 1960ൽ നടനും, പിന്നീട് പ്രസിഡന്റുമായ റൊണാൾഡ് റീഗനായിരുന്നു സമരത്തെ നയിച്ചത്. ഈ രണ്ട് സംഘടനകളിലുമായി 1.60 ലക്ഷം അംഗങ്ങളുണ്ട്. ലോകത്തെ തന്നെ വമ്പൻ താരങ്ങളാണ് സംഘടനയിലുള്ളത്. സംഘടനയുടെ കാർഡ് മെമ്പർമാരാണ് ടോം ക്രൂസ്, ആഞ്ചലീന ജോളി, ജോണി ഡെപ്പ് എന്നിവർ. ഇതിഹാസ താരം മെറിൽ സ്ട്രിപ്പ്, ബെൻ സ്റ്റില്ലർ, കോളിൻ ഫെറൽ എന്നിവർ പരസ്യമായി തന്നെ പണിമുടക്കിനെ പിന്തുണച്ചിരിക്കുകയാണ്. സംഘടന പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അഭിനയം, പാട്ട്, നൃത്തം, ആക്ഷൻ, പപ്പീറ്ററിങ് അല്ലെങ്കിൽ മോഷൻ ക്യാപ്ചർ കലാകാരന്മാർ എന്നിവരെല്ലാം സമരത്തിൽ പങ്കെടുക്കും.
പ്രതിഫലം വർധിപ്പിക്കുകയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഇതിനുപുറമേ കലാകാരന്മാരെ മാറ്റിനിർത്തി നിർമ്മിത ബുദ്ധിയുടെ സഹായം തേടരുതെന്ന ആവശ്യവും സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു. കൂടാതെ സെൽഫ്- ടേപ്പ്ഡ് ഓഡിഷനുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ഓഡിഷനുകൾക്കായി സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അയച്ചുകൊടുക്കുന്ന രീതിയാണ് സെൽഫ്- ടേപ്പ്ഡ് ഓഡിഷൻ.
സമരം തുടരുകയാണെങ്കിൽ അത് ആഗോളവ്യാപകമായി സിനിമാ വ്യവസായത്തെ ബാധിക്കും. ഇന്ന് ഒടിടി തൊട്ട് ടൂറിസം വരെയുള്ള നിരവധി മേഖലകളുമായി ചേർന്ന പോവുന്നതാണ് ഹോളിവുഡ് സിനിമാ വ്യവസായം. അതുകൊണ്ടുതന്നെ സമരം നീണ്ടാൽ മൊത്തം പതിനായിരം കോടി ഡോളറിന് മുകളിൽ നഷ്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ നടന്മാർക്കും എഴുത്തുകാർക്കും മുന്നിൽ വഴങ്ങേണ്ടന്ന തീരുമാനത്തിലാണ് സിനിമാ കമ്പനികൾ.
തുടങ്ങിയത് എഴുത്തുകാരുടെ സമരം
2017 ൽ സമാനമായി രീതിയിൽ വലിയൊരു പണിമുടക്കിന് ഹോളിവുഡ് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് 200 കോടി ഡോളർ, എഴുത്തുകാരുടെ നൂറുദിവസം നീണ്ടുനിന്ന സമരത്തിൽ നഷ്ടമായെന്നാണ് കണക്ക്. നേരത്ത നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ വൻ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഹോളിവുഡിലെ എഴുത്തുകാരുടെ അവസരം വർദ്ധിച്ചിരുന്നു. എന്നാൽ അടുത്തകാലത്തുണ്ടായ പ്രതിസന്ധി എല്ലാം തകിടം മറിക്കുകയായിരുന്നു. ചെലവ് വെട്ടികുറയ്ക്കുന്നതിന്റെ ഭാഗമായി പല സ്റ്റുഡിയോകളും ആദ്യം വെട്ടിക്കുറച്ച ശമ്പളം എഴുത്തുകാരുടെതാണ് എന്നാണ് അവരുടെ സംഘടനയും ആരോപണം.
രണ്ടുമാസം മുമ്പ ഹോളിവുഡിലെ എഴുത്തുകാർ തുടങ്ങിയ സമരമാണ് ഇപ്പോൾ കത്തിപ്പടർന്ന് നടന്മാർ അടക്കമുള്ളവരിലേക്ക് വ്യാപിച്ചത്. സിനിമ, ടിവി തിരക്കഥാകൃത്തുക്കളായ ആയിരക്കണക്കിന് പേരാണ് സമരം ആരംഭിച്ചത്. തൊഴിൽ സമയം ക്രമീകരിക്കുക, ശമ്പള വർദ്ധനവ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഹോളിവുഡിലെ തിരക്കഥകൃത്തുകൾ ഉയർത്തുന്നത്. ഈ സമരത്തെ തുടർന്ന് ഹോളിവുഡിലെ സിനിമാ നിർമ്മാണം പ്രതിസന്ധിയിലായിരുന്നു. പക്ഷേ നേരത്തെ തന്നെ പൂർത്തിയാക്കിയ തിരക്കഥകളുമായി ഷൂട്ടിങ് തുടരുന്നുവരുണ്ട്. പക്ഷേ ഇപ്പോൾ നടന്മരും സമരത്തിലായതോടെയാണ് ശരിക്കും പെട്ടത്.
സമരം തുടരുകയാണെങ്കിൽ പ്രധാനപ്പെട്ട ചിത്രങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആവും. ദിവസങ്ങൾക്ക് മുമ്പ്, വിഖ്യാതമായ ഓപ്പൺ ഹൈമർ എന്ന ചിത്രത്തിന്റെ ലണ്ടൻ പ്രീമിയർ ചടങ്ങിനിടെ സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. താരങ്ങൾ സമരത്തിനിറങ്ങുന്നത് മൊത്തം ഇൻഡസ്ട്രിയേയും പ്രതികൂലമായി ബാധിക്കുമെന്ന് ഡിസ്നി മേധാവി ബോബ് ഐഗർ പറഞ്ഞു. ജനപ്രിയമായ നിരവധി ടോക് ഷോകളും സീരീസുകളും സംപ്രേഷണവും പ്രീപ്രൊഡക്ഷൻ ജോലികളും നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. 'സാറ്റർഡേ നൈറ്റ് ലൈവ്', നെറ്റ്ഫ്ലിക്സിലെ 'സ്ട്രേഞ്ചർ തിങ്സ്', മാക്സിലെ 'ഹാക്ക്സ്', ഫോക്സിലെ 'ഫാമിലി ഗൈ' എന്നിവ അതിൽ ചിലതുമാത്രം. പണിമുടക്കിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ കാലിഫോർണിയയിലെ ആസ്ഥാനം വെള്ളിയാഴ്ച ഇവർ ഉപരോധിച്ചു. ഇതോടെ അമേരിക്കയിലെ ബഹുഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിലച്ചു.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാർഡ്സിന്റെ തീയതി മാറ്റിയേക്കും. ചുരക്കിപ്പറഞ്ഞാൽ ആഗോള ചലച്ചിത്രലോകം ശരിക്കും സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. 113 വർഷം പിന്നിട്ട ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് ദ ഗാർഡിയൻ പത്രം എഴുതിയിട്ടുള്ളത്.
എഡിസനെ പേടിച്ച് ഉണ്ടായ ഹോളിവുഡ്
ഹോളിവുഡിന്റെ ചരിത്രവും ഏറെ രസകരമാണ്. ഒരിക്കലും ഒരു പ്ലാൻഡ് സിറ്റിയായിരുന്നില്ല അത്. തീർത്തും ആക്സ്മികമായാണ് ഹോളിവുഡ് ലോക ചലച്ചിത്ര വ്യവസായത്തിന്റെ തലസ്ഥാനമാവുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹോളിവുഡ് ചിത്രത്തിൽ പോലും ഇല്ലായിരുന്നു. അന്ന് സിട്രസ് മരങ്ങൾക്ക് പേരുകേട്ട കാലിഫോർണിയിലെ ലോസ്അഞ്ചൽസിന് അടുത്തെ ഒരു കാർഷിക ഗ്രാമം മാത്രമായിരുന്നു അത്. അന്ന് ന്യയോർക്കിലെ ന്യൂജേഴ്സിലും പരീസിലും, ഇറ്റലിയുമായിരുന്നു ചലച്ചിത്രങ്ങൾ നിർമ്മിച്ചിരുന്നുത്. പിന്നീടുണ്ടായ പേറ്റന്റ് പോരാട്ടമാണ്, സത്യത്തിൽ ഹോളവിഡിനെ ഉണ്ടാക്കിയത്.
നാം ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങൾ വികസിപ്പിച്ചെടുത്തതിൽ ഏറെ പങ്കുള്ള ശാസ്ത്രജ്ഞനാണ് തോമസ് ആൽവ എഡിസൻ. ബൾബ് കണ്ടുപിടിച്ചുവെന്നതിന്റെ പേരിൽ നാം ചെറിയ ക്ലാസുകളിൽ ഇദ്ദേഹത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. 1891-ഓടെ കിനറ്റോസ്കോപ് എന്ന കാമറയും ശബ്ദലേഖന യന്ത്രവും അദ്ദേഹം കണ്ടുപിടിച്ചു. ഇത് സിനിമാ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1893-ൽ എഡിസൺ അമേരിക്കയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിക്കുകയും, മോഷൻ പിക്ചറുകൾക്കും പ്രൊജക്ടറുകൾക്കുമുള്ള പേറ്റന്റ് നേടിയെടുക്കയും ചെത്തു.
നിരവധി വ്യക്തികൾ സിനിമാ പ്രദർശനവുമായി മുന്നോട്ടുപോകവെ എഡിസൻ 1909ൽ ഒരു പ്രസ്താവനയിറക്കി. സിനിമ എന്ന മാധ്യമത്തിന്റെ അവകാശി താനാണെന്നും അത് അവതരിപ്പിക്കുന്നവർ ഒരു വിഹിതം തനിക്ക് തരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ എതിർത്തവരെ എഡിസന്റെ ഏജന്റുമാർ നിയമപരമായി നേരിട്ടു. അതോടെ നിർമ്മാതാക്കൾ കുടങ്ങി. അവർ എഡിസന്റെ പേറ്റന്റ് ബാധകമല്ലാത്തിടത്തേക്ക് തങ്ങളുടെ വ്യവസായം മാറ്റാൻ തീരുമാനിച്ചു.
അങ്ങനെ ഒരുസംഘം ലോസ് ആഞ്ജലസിനടുത്തുള്ള 'കെവേംഗാ' എന്ന ഗ്രാമത്തിലെത്തി. ഹോളിവുഡ് എന്നായിരുന്നു ആ ഗ്രാമത്തിലെ ഒരു കൃഷിത്തോട്ടത്തിന്റെ പേര്. അവർ അവിടെ തുടങ്ങി. അനുയോജ്യമായ കാലവസ്ഥ അടക്കമുള്ള എല്ലഘടകങ്ങളും ഇവിടെ ഒത്തുവന്നു. 1910ഓടെ ഹോളിവുഡ് അമേരിക്കൻ സിനിമയുടെ കേന്ദ്രമായി മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലെ സിനിമാ വ്യവസായങ്ങൾ തകർന്നു. അതോടെ ഫ്രഞ്ച്, ഇറ്റാലിയൻ കമ്പനികളെ മാറ്റി ഹോളിവുഡ് ലോകത്തിലെ ഏറ്റവും ജനപ്രിയ ചലച്ചിത്ര നിർമ്മാതാക്കളായി. പിന്നീട് അങ്ങോട്ട് അവർക്ക് തിരഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കഴിഞ്ഞ 113 കൊല്ലമായി, കോടികൾ ഈ നഗരത്തിലൂടെ സിനിമക്കായി ഒഴുകിപ്പോയി. ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുത്തു. ഇന്ന് ടൂറിസം മേഖലയും ഹോളിവുഡ് അമേരിക്കയ്ക്ക് കനത്ത സംഭാവന നൽകുന്നുണ്ട്. പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഓരോവർഷവും ഇവിടം കാണാനെത്തുന്നത്. അമ്പതിനായിരം കോടി ഡോളറിന്റെ ബിസിനസാണ് ഓരോ വർഷവും ഹോളിവുഡ് കേന്ദ്രീകരിച്ച് നടക്കുന്നത്. അതാണ് ഇപ്പോൾ പൂർണ്ണമായും നിലയ്ക്കാൻ പോകുന്നത്.
റീഗൻ നടത്തിയത് ഐതിഹാസിക സമരം
മുമ്പ് ഇതുപോലെ ഒരു സമരം ഹോളിവുഡ് നേരിട്ടത്, 63 വർഷങ്ങൾക്ക് മുമ്പാണ്. അന്ന് വമ്പൻ നിർമ്മാണ കമ്പനികളെ സമരം ചെയ്തു തോൽപ്പിച്ചതിന്റെ, നേതൃത്വം നൽകിയ വ്യക്തി പിന്നീട് രണ്ട് തവണ അമേരിക്ക ഭരിച്ച റൊണാൾഡ് റീഗന് അവകാശപ്പെട്ടതാണ്. റീഗൻ എന്നുകേട്ടാൽ മലയാളികളുടെ മനസ്സിൽ ഓടിയെത്തുക, യുദ്ധക്കൊതിയനായ ഒരു നേതാവിന്റെ ചിത്രം ആയിരിക്കും. പക്ഷേ അതിനുമുമ്പുള്ള കാലം അയാൾ ഒരു ജനപ്രിയ നടനായിരുന്നു. ഹോളിവുഡിനെ വിറപ്പിച്ച ആ സമരത്തിലൂടെയാണ് റീഗൻ രാഷ്ട്രീയമായി വളർന്നതും.
ഹോളിവുഡ് നിർമ്മാണ കമ്പനികൾ അഭിനേതാക്കൾക്ക് അർഹമായ വേതന വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും, അവരുടെ ആവശ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു, ആ സമരം ഉണ്ടയത്. കോടികൾ കൊണ്ട് അമ്മാനമാടുന്ന ഫിലിം കമ്പനികൾ തീർത്തും മോശമായ രീതിയിൽ, അടിമകളെയും, ആശ്രിതരെയുംപോലെ ആയിരുന്നു, നടീനടന്മാരോട് അടക്കം പെരുമാറിയത്. വേതന വർധനവും കരാർ ലംഘനങ്ങളും പതിവായതോടെയാണ്, റീഗന്റെ നേതൃത്വത്തിൽ സമരം നടന്നത്.
റൊണാൾഡ് റീഗൻ തന്റെ കരിയർ തുടങ്ങുന്നത് ഒരു ബേസ് ബോൾ മത്സരത്തിന്റെ റേഡിയോ അനൗൺസർ എന്ന നിലക്കാണ്. പിന്നീട് ഒരു പ്രാദേശിക പത്രത്തിലെ കോളമിസ്റ്റായി. ബേസ് ബോൾ ക്ലബ്ബായ ഷിക്കാഗോ കബ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ട് തയ്യാറാക്കാൻ കാലിഫോർണിക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതം വഴിമാറ്റിയത്. ലോസ് ആഞ്ചൽസിൽ വച്ച് സിനിമയിലെ ഒരു ടാലന്റ് ഏജന്റിനെ കണ്ടു മുട്ടി. അയാളാണ് റീഗണെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയിൽ സ്ക്രീൻ ടെസ്റ്റിനായി കൂട്ടിക്കൊണ്ടു പോകുന്നത്. സ്ക്രീൻ ടെസ്റ്റിൽ വിജയിച്ച ആ 26 കാരനുമായി വാർണർ ബ്രദേഴ്സ് കരാറിൽ ഏർപ്പെട്ടു. ആഴ്ച്ചയിൽ 200 ഡോളർ പ്രതിഫലം. അങ്ങനെ കായിക മേഖല വിട്ട് റൊണാൾഡ് റീഗൻ ഹോളിവുഡിന്റെ ഭാഗമായി. 1937 ൽ ഇറങ്ങിയ ലൗവ് ഈസ് ഓൺ ദ എയർ ആയിരുന്നു അഭിനയിച്ച ആദ്യ സിനിമ.
മൊത്തം 30 സിനിമകളിൽ അഭിനയിച്ചു. അധികവും ബി-ഗ്രേഡ് സിനിമകൾ. പക്ഷേ പിന്നീട് അദ്ദേഹം മോശമല്ലാത്തൊരു നടൻ എന്ന പേര് നേടിയെടുത്തു. പക്ഷേ ഒരു സഹനടൻ എന്ന മേൽവിലാസമേ അഭിനേതാവ് എന്ന നിലയിൽ ഹോളിവുഡിൽ നിന്നും കിട്ടിയുള്ളൂ.
അമേരിക്കയിലെ 'അമ്മ'
നടനായിട്ടില്ല, അമേരിക്കയിലെ 'അമ്മ'യായ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ (എസ് എ ജി) പ്രസിഡന്റ് എന്ന റോളിലാണ് റീഗൻ ഹോളിവുഡിൽ തിളങ്ങിയത്. നമ്മുടെ നാട്ടിൽ സിനിമയൊന്നുമില്ലെങ്കിലും താരസംഘടനയായ 'അമ്മ'യുടെ നേതാവ് നിന്ന് അറിയപ്പെടുന്ന നടന്മാർ ഇല്ലേ. അതുപോലെ തന്നെ! 1937 ജൂൺ 30 ന് 25 ഡോളർ കൊടുത്ത് എസ് എ ജിയുടെ അംഗത്വമെടുത്ത റീഗൻ 1941 ൽ യൂണിയന്റെ ബോർഡ് ഡയറക്ടർമാരിൽ ഒരാളായി. വൈകാതെ എസ് എ ജിയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റീഗൺ 1947 ൽ ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റായി. വെറും പത്തു വർഷത്തെ പരിചയം മാത്രം ഹോളിവുഡ് സിനിമാലോകത്തുള്ള അയാൾ ലോകപ്രശസ്തരായ താരങ്ങളുടെ നേതാവായി മാറി. ഒരു വർഷം ഭരണകാലയളവുള്ള പ്രസിഡന്റ് പദവിയിലേക്ക് തുടർച്ചയായി അഞ്ചു തവണയാണ് റീഗൻ തെരഞ്ഞെടുക്കപ്പെട്ടത്.
ആ സമയത്ത് സിനിമ ലോകം പൂർണമായി അടക്കി ഭരിച്ചിരുന്നത് ഫിലിം സ്റ്റുഡിയോകളായിരുന്നു. പാരാമൗണ്ടും, ഡിസ്നിയും ടെന്റ്വിഫസ്റ്റ് സെഞ്ച്വറി ഫോക്സും യൂണിവേഴ്സലും, വാർണർ ബ്രദേഴ്സും എംജിഎമ്മും, കൊളംബിയയും എല്ലാം ജന്മിത്വഭാവത്തിലായിരുന്നു അഭിനേതാക്കൾ അടക്കമുള്ള സിനിമ തൊഴിലാളികളെ കണ്ടിരുന്നത്. എല്ലാവരുടെയും വേതന-സേവന വ്യവസ്ഥകൾ ഈ വമ്പന്മാരുടെ തീരുമാനം പോലെയായിരുന്നു. നടന്മാർക്ക് അവരുടെ ജോലിക്ക് മാത്രം വേതനം ലഭിച്ചു. ആ സിനിമകൾ എപ്പോഴെല്ലാം എവിടെയെല്ലാം റി-റിലീസ് ചെയ്യുകയോ മറ്റ് രീതികളിൽ അവതരിപ്പിക്കപ്പെടുകയോ (ടെലിവിഷൻ സംപ്രേഷണം ഉൾപ്പെടെ) ചെയ്യുമ്പോഴും സ്റ്റുഡിയോകൾക്ക് മാത്രമായിരുന്നു സാമ്പത്തിക ലാഭം. അത് സാധ്യമല്ലെന്നും തങ്ങൾക്കും റിസിജ്യൂൽ പെയ്മെന്റ് (റോയൽറ്റിപോലെ കിട്ടേണ്ടുന്ന പ്രതിഫലം) വേണമെന്ന് അഭിനേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സ്റ്റുഡിയോകൾ ചെവിക്കൊണ്ടില്ല.
1956 മുതലാണ് ഫിലിം സ്റ്റുഡിയോകൾ ടെലിവിഷൻ സ്റ്റേഷനുകൾക്ക് സിനിമകൾ വിൽക്കാൻ തുടങ്ങിയത്. ടെലിവിഷനുകളിൽ വിറ്റും നിർമ്മാതാക്കൾ പണം സമ്പാദിക്കാൻ തുടങ്ങിയപ്പോഴും, നടന്മാർ വലിയ സാമ്പത്തിക ദുരിതം അനുഭവിക്കുകയായിരുന്നു. പുതിയ കരാറുകൾ വയ്ക്കുമ്പോൾ ടെലിവിഷൻ സംപ്രേഷണത്തിൽ നിന്നും കിട്ടുന്ന പണത്തിൽ നിന്നും തങ്ങൾക്കും അർഹമായ പങ്ക് നൽകണമെന്ന് നടന്മാർ സ്റ്റുഡിയോകളോട് നിരന്തരം ആവശ്യട്ടു കൊണ്ടിരുന്നു. 1959 ൽ അഭിനേതാക്കൾ പുതിയ തീരുമാനങ്ങളിലേക്ക് തിരിഞ്ഞു. തങ്ങൾ അഭിനയിച്ച സിനിമകൾ ടെലികാസ്റ്റ് ചെയ്താൽ, അതിനുള്ള പ്രതിഫലം നൽകുക, 1948 മുതൽ 1959 വരെ ഇറങ്ങിയ എല്ലാ സിനിമകളിൽ നിന്നും ഇത്തരത്തിലുള്ള റെസിജ്യൂൽ പേയ്മെന്റ് കിട്ടിയിരിക്കണമെന്നും നടന്മാർ ആവശ്യപ്പെട്ടു.
'പറ്റില്ല' എന്നായിരുന്നു നിർമ്മാതാക്കളുടെ ഒറ്റവാക്കാലുള്ള മറുപടി. മാത്രമല്ല, നിർമ്മാണ ചെലവുകൾ കൂടുതലായി വെട്ടിക്കുറയ്ക്കാനുമുള്ള നീക്കത്തിലായിരുന്നു അവർ. അമേരിക്കക്കാർ കൂടുതലായി ടെലിവിഷനുകളോട് അടുപ്പം കാണിച്ചതോടെ സിനിമ വ്യവസായം നഷ്ടത്തിലായെന്നായിരുന്നു അതിനുള്ള നിർമ്മാണ കമ്പനികളുടെ വാദം. അതുകൊണ്ട് നടന്മാരുമായി യാതൊരു തരത്തിലുള്ള ചർച്ചയ്ക്കും കരാറിനും തയ്യാറല്ലെന്ന കടുത്ത നിലപാട് അവരെടുത്തു. അതിനു പിന്നിൽ മറ്റൊരു കാരണവുമുണ്ടായിരുന്നു; ഇന്ന് നടന്മാരുടെ ആവശ്യം അംഗീകരിച്ചാൽ, നാളെ സംവിധായകരും എഴുത്തുകാരും ഇതേ ആവശ്യവുമായി വന്നേക്കുമെന്ന പേടി.
റീഗൻ സമരം തുടങ്ങുന്നു
എന്നാൽ അഭിനേതാക്കൾ പിൻവാങ്ങാൻ തയ്യാറായില്ല. 1959 ൽ അവർ റൊണാൾഡ് റീഗനെ വീണ്ടും എസ് എ ജിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തങ്ങൾക്കായുള്ള പോരാട്ടം റീഗനെ ഏൽപ്പിക്കുകയായിരുന്നു.
1960 ൽ റീഗൻ എസ് എ ജി യെ പ്രതിനിധീകരിച്ച് നിർമ്മാണ കമ്പനികളുമായി ചർച്ചയ്ക്ക് ശ്രമം ആരംഭിച്ചു. മറുഭാഗമാകട്ടെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഒരു ജോലിക്കാരന് ഒരു ജോലിക്കായി എന്തിനാണ് രണ്ടു തവണ കൂലി കൊടുക്കുന്നത്? ഇതായിരുന്നു നിർമ്മാതാക്കളുടെ ചോദ്യം. ഈ ചോദ്യമാണ് ചർച്ചയ്ക്കായി വരുന്ന റീഗണെ ഒഴിവാക്കാനായി ഉപയോഗിച്ചതും. അതിനോട് പുഞ്ചിരിച്ചുകൊണ്ട് റീഗൺ പറഞ്ഞത്; ചർച്ച ചെയ്യാനുള്ള അവകാശത്തിനുവേണ്ടി ചർച്ച നടത്താനാണ് ഞാൻ ശ്രമിക്കുന്നതെന്നായിരുന്നു.
സ്റ്റുഡിയോ ഭീമന്മാർ കരുതിയതിനും അപ്പുറത്തായിരുന്നു റീഗന്റെ നീക്കം. യൂണിയനിൽ അംഗമായ എല്ലാ അഭിനേതാക്കളോടും അഭിനയം നിർത്താൻ റീഗൺ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ ആവശ്യം അംഗീകരിച്ച് 1960 മാർച്ച് ഏഴാം തീയതി ഹോളിവുഡിലെ അഭിനേതാക്കൾ പണിമുടക്ക് തുടങ്ങി. 50 വർഷത്തെ ചരിത്രത്തിൽ ഹോളിവുഡ് കാണാത്തൊരു സമരം. എല്ലാ വമ്പൻ സ്റ്റുഡിയോകളുടെയും പ്രവർത്തനം സ്തംഭിച്ചു.
സമരം പത്തു ദിവസത്തോളം തുടർന്നതോടെ അഭിനേതാക്കളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന നിലയിലെത്തി. യൂണിവേഴ്സൽ പിക്ചേഴ്സ് ആയിരുന്നു ആദ്യം മുട്ടുമടക്കിയത്. പിന്നാലെ പാരാമൗണ്ടും ഡിസ്നിയും വാർണർ ബ്രദേഴ്സും എംജിഎമ്മും കൊളംബിയയും ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്സും എല്ലാവരും നിരയിൽ വന്നു. അങ്ങനെ ' ഒരിക്കലും ചർച്ച ചെയ്യില്ല' എന്നവർ പറഞ്ഞിരുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. അഞ്ചാഴ്ച്ചയോളം അങ്ങോട്ടുമിങ്ങോട്ടും നടന്ന ചർച്ചകൾക്കൊടുവിൽ ഇരു വിഭാഗങ്ങളും മൂന്ന് കരാറുകളിൽ ഒത്തുതീർപ്പിലെത്തി. 1960 മുതലുള്ള എല്ലാ സിനിമകൾക്കും അഭിനേതാക്കൾക്കും റെസ്യൂജൽ പേയ്മെന്റ് ലഭിക്കും, 1959 വരെയുള്ള സിനികൾക്ക് കിട്ടില്ല. പകരമായി യൂണിയനിൽപ്പെട്ടവരുടെ പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾക്കായി 2.25 മില്യൺ ഡോളർ എസ് എ ജിക്ക് നിർമ്മാണ കമ്പനികൾ സംഭവന നൽകും.
ഈ കരാർ 1960 ഏപ്രിൽ 18 ന് ചേർന്ന എസ് എ ജി യോഗത്തിൽ വോട്ടെടുപ്പ് നടത്തി അംഗീകരിച്ചു. 6,399 പേർ അനുകൂലിച്ചപ്പോൾ 259 പേർ എതിർത്ത് വോട്ട് ചെയ്തൂ. അങ്ങനെ സമരം അവസാനിച്ചു. അതേസമയം, കരാർ അംഗീകരിച്ചതിന്റെ പേരിൽ യൂണിയനും പ്രസിഡന്റ് റീഗണും എതിരേ മിക്കി റൂണി, ഗ്ലെൻ ഫോർഡ്, ബോബ് ഹോപ്പ് തുടങ്ങിയ അഭിനേതാക്കളുടെ നേതൃത്വത്തിൽ ഒരു വിഭാഗം ആക്ഷേപങ്ങൾ ഉയർത്തി. ' വലിയ സമ്മാനങ്ങൾ' സ്വീകരിച്ച് റീഗണും കൂട്ടരും സമരം അവസാനിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഇതരത്തിൽ പ്രതിഷേധിച്ചവർ 1950 കൾ വരെ സിനിമകളിൽ സജീവമായിരുന്നവരാണ്. കരാർ പ്രകാരം അവർക്ക് യാതൊരു സാമ്പത്തിക പ്രയോജനവും ലഭിക്കില്ലായിരുന്നു. ഇതാണവരുടെ പ്രതിഷേധത്തിന് കാരണം. മുൻപത്തേക്കാൾ ന്യായമായൊരു സാഹചര്യം നടന്മാർക്ക് കിട്ടുമെന്നായിരുന്നു റീഗന്റെ വാദം.
എതിർപ്പുകളും കുറ്റപ്പെടുത്തലുകളുമുണ്ടായെങ്കിലും അന്ന റീഗൺ മുന്നിട്ടിറങ്ങി വിജയിപ്പിച്ച സമരത്തിന്റെ അനുകൂല്യങ്ങളാണ് ഇന്നത്തെ വമ്പൻ താരങ്ങൾ അനുഭവിക്കുന്നതെന്നാണ് വാസ്തവം. 63 വർഷങ്ങൾക്ക് മുമ്പ് റൊണാൾഡ് റീഗൺ വിജയിപ്പിച്ചതുപോല ഇപ്പോഴത്തെ സമരം വിജയിക്കുമോ എന്നതാണ് അറിയേണ്ടത്.
എ ഐ എന്ന പുതിയ പാര
എന്നാൽ റീഗന്റെ കാലത്തുനിന്നതിൽനിന്ന ചലച്ചിത്രലോകം അടിമുടി മാറ്റിപ്പോയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കേട്ടുകൾവിയില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈയിടെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹഫദ്ഫാസിലിന്റെയും മുഖങ്ങൾ, ചേർത്തുവെച്ച്, ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ വിഖ്യതമായ ഗോഡ്ഫാദർ ചിത്രം പുനസൃഷ്ടിച്ചതിന്റെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നുവല്ലോ. 'ഡീപ് ഫെയ്ക് ടെക്നോളജി' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഈ കൊച്ചുകേരളത്തിൽ പോലും എത്തിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശരിക്കും കലകാരന്മാർക്ക് പാരയാവുകയാണ്. ഒരു നടനെ വേണ്ട അയാളുടെ എ ഐ മതി എന്ന കാലത്തേക്ക് മാറുന്നത് നടന്മാരും ഭീതിയോടെയാണ് കാണുന്നത്. അതിൽ നിന്നുള്ള സംരക്ഷം ആവശ്യപ്പെട്ടാണ് ഈ സമരം. ( സിപിഎമ്മിന്റെ കമ്പ്യൂട്ടർ സമരത്തെ പരിഹസിക്കുന്നവർ ഇതും കാണണം. ലോകത്ത് എവിടെയും തൊഴിൽ സംരക്ഷണം എന്നത് അതാണ് വ്യക്തികൾക്ക് പ്രധാനപ്പെട്ടത് തന്നെയാണ്)
എഴുത്തുകാരുടെയും ഒരു പ്രധാന പ്രശ്നം എ ഐയാണ്. കാരണം ഒരു കഥയുടെ വൺലൈൻ കൊടുത്താൽ അതുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കഥകൾ ഉണ്ടാക്കാൻ എ ഐക്ക് കഴിയും. ഇതോടെ സ്റ്റോറി ഡെവലപ്പേഴ്സ് അടക്കമുള്ള പലരുടെയും പണി പോവും. ഉദാഹരണമായി രണ്ടുകുട്ടികൾ ഗുഹയിൽ കുടുങ്ങി എന്ന ഒരു പ്ലോട്ട് കൊടുത്തിട്ട് അതിന്റെ സാധ്യതകൾ ചോദിച്ചാൽ, എ ഐ സമാനമായ സംഭവങ്ങളും കഥകളുമൊക്കെ എടുത്തുതരും. അതിൽനിന്ന് പുതിയ ഒരെണ്ണം ഉണ്ടാക്കാൻ വലിയ പ്രയാസമുണ്ടോ. ഭാവിയിൽ എഴുത്തുകാർ എന്ന തസ്തിക തന്നെ ഇല്ലാതാവുമെന്നും, തങ്ങൾ വെറും സ്റ്റോറി അസംബ്ലേഴ്സ് ആവുമെന്നും അവർ ഭയക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിച്ച് ഇവരുടെ സംഭാഷണങ്ങൾ വരെ സിനിമയിലും, ടിവി ഷോകളിലും ഉപയോഗിക്കുന്നുവെന്ന് യൂണിയനുകൾ പറയുന്നു. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളിൽ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്.
പണിമുടക്കിന്റെ ഭാഗമായി വമ്പൻ താരങ്ങൾ തെരുവിലിറങ്ങുമെന്നാണ് പ്രമുഖ അഭിഭാഷകൻ ജൊനാഥൻ ഹാൻഡൽ പറയുന്നത്. ടോം ക്രൂസ്, ആഞ്ജലീന ജോലെ, ജോണി ഡെപ്പ്, മെറിൽ സ്ട്രീപ്പ് ഉൾപ്പെടെയുള്ളവരെ സമര രംഗത്ത് എത്തിയതും ആവേശമാവുന്നുണ്ട്.
ശതകോടികൾ ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്ന, സഹസ്രകോടികളുടെ ആസ്തികൾ സ്വന്തമാക്കിയിരിക്കുന്ന താരങ്ങൾ വീണ്ടും പണത്തിനായി സമരം ചെയ്യുകയാണോ എന്ന ചോദ്യവുമുണ്ട്. മുൻനിര താരങ്ങൾക്ക് നിലവിൽ ഭീഷണികളൊന്നുമില്ല. അവരുടെ തൊഴിലിനോ പ്രതിഫലത്തിനോ യാതൊരു ബുദ്ധിമുട്ടും സംഭവിക്കുകയുമില്ല. എന്നിട്ടുമവർ സമരം ചെയ്യാൻ വരുന്നത് വർഗസ്നേഹത്തിന്റെ പുറത്താണ്. വൻകിട താരങ്ങളും സമരരംഗത്തുണ്ടെങ്കിൽ സ്റ്റുഡിയോകൾ വിട്ടുവീഴ്ച്ചകൾക്ക് നിർബന്ധിതരായി മാറുമെന്ന് യൂണിയനുകൾ കരുതുന്നു. അതുകൊണ്ടാണ് ഒറ്റക്കെട്ടായി അവർ സമരം ചെയ്യുന്നത്
ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്നു
അതേസമയം ഹോളിവുഡിലെ പ്രശ്നങ്ങൾ ലോകവ്യാപകമായി ബാധിക്കാനും സാധ്യതയുണ്ട്. ഹോളിവുഡിന് പിന്തുണ പ്രഖ്യാപിച്ച് ഓസ്ട്രേലിയയിൽ സമരം തുടങ്ങിക്കഴിഞ്ഞു. ഇറ്റാലിയൻ-ഫ്രഞ്ച്- ബ്രിട്ടീഷ് കമ്പനികൾ പലതും നിലവിൽ ഹോളിവുഡിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ കുഴപ്പങ്ങൾ അവിടെയും ബാധിക്കും. എന്തിന് ഇറാനിലും, ബംഗ്ലാദേശിലുമുണ്ട് ഹോളിവുഡ് അസോസിയേഷൻ. നോൺ ഗ്രാഫിക്കൽ ഭാഗങ്ങൾ നാട്ടിൽ ചിത്രീകരിച്ച് ഗ്രാഫിക്സിനായി ലോസ് ആഞ്ചൽസിലേക്ക് തിരിക്കുന്നവരും ഉണ്ട്. അതാണത്രേ ചെലവ് കുറഞ രീതിയും.
ഇന്ത്യയിലും ഇതേ അവസ്ഥയുണ്ട്. ഹോളിവുഡ് താരങ്ങൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഇന്ത്യയിലെ സിനിമാ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പല നടീനടന്മാരും ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. നടി പ്രിയങ്ക ചോപ്ര പരസ്യമായ ഹോളിവുഡ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായിരുന്നു. യൂണിയനും സഹപ്രവർത്തകർക്കുമൊപ്പമാണ് താനെന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഹോളിവുഡിൽ ചുവടുറപ്പിക്കുകയാണ് പ്രിയങ്ക ചോപ്ര. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമ്മാതാക്കളായ സിറ്റഡലിലൂടെ നിരവധി ആരാധകരേയും താരം സ്വന്തമാക്കിയിരുന്നു. ഇതുപോലെയുള്ള നിരവധി നടീനടന്മാരുടെ കരിയർ, ഹോളിവുഡ് പ്രശ്നത്തിലായാൽ കുഴപ്പത്തിലാവും.
അതുപോലെ ഇന്ത്യയുടെ തീയേറ്റുകാർക്കും വൻ തിരിച്ചടിയാണ് ഹോളിവുഡ് സമരം. അവതാർ ഉൾപ്പെടെയുള്ള സിനിമകൾ കോടികളാണ് ഇന്ത്യയിൽ നിന്ന് വാരിയത്. ഇനിയും വലിയ പ്രതീക്ഷ ഉയർത്തുന്ന അന്താരാഷ്ട്ര റിലീസുകൾ വൈകുന്നത് ഇന്ത്യൻ തീയേറ്റർ ഇൻഡസ്ട്രിക്കും കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക. പണിമുടക്കുകൾ തുടർന്നാൽ ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വൻകിട ചിത്രങ്ങളുടെ റിലീസ് വയ്ക്കും എന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഹോളിവുഡ് പ്രൊഡക്ഷനുകളും പ്രൊമോഷണൽ ടൂറുകളും ബാധിക്കപ്പെടുകയും അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു. ഇതൊക്കെ ഇന്ത്യയെയും ബാധിക്കുന്ന കാര്യാമണ്. പണിമുടക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നിർമ്മാണം നിർത്തിവച്ച വലിയ ഹോളിവുഡ് പ്രോജക്ടുകൾ ടോം ക്രൂസിന്റെ 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് പാർട്ട് 2', 'ഡെഡ്പൂൾ' എന്നിവയാണ്. ഇവയൊക്കെ ഇന്ത്യയിലും വലിയ ഓഡിയൻസിനെ ആകർഷിക്കുന്നതാണ്.
പലതും നാം ഹോളിവുഡിൽനിന്ന് കടം കൊണ്ടതാണ്. വെള്ളിയാഴ്ച റിലീസ് എന്ന രീതിപോലും. ഗോൺ വിത്ത് ദ വിന്റ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് ഈ സമ്പ്രദായത്തിന് തുടക്കംകുറിക്കുന്നത്. 1939 ഡിസംബർ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ്. അതൊരു വെള്ളിയാഴ്ചയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഈ സമ്പ്രദായം 1950കളുടെ അവസാനത്തോടെയാണ് വരുന്നത്. 1960 ൽ പുറത്തിറങ്ങിയ മുഗൾ ഇ അസമാണ് വെള്ളിയാഴ്ച ഇറങ്ങിയ ആദ്യചിത്രം. ഗോൺ വിത്ത് ദ വിന്റ് എന്ന ചിത്രത്തിന്റെ വെള്ളിയാഴ്ച റിലീസാണ് ഇവർ മാതൃകയാക്കിയത്. മുഗൾ ഇ അസം വമ്പൻ വിജയമായി. ഇതോടെ വെള്ളിയാഴ്ച സിനിമയുടെ ഭാഗ്യ ദിനവുമായി.ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിക്ക് വിശേഷപ്പെട്ട ദിവസമാണ് വെള്ളി. അതിനാൽ വെള്ളിയാഴ്ച തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്താൽ കൂടുതൽ പണവും അനുഗ്രഹവും ഉണ്ടാകുമെന്ന് വിശ്വസിച്ച നിർമ്മാതാക്കളും കുറവായിരുന്നില്ല.
അതുപോലെ ക്യാമറ, പ്രൊജക്റ്റർ, സ്ക്രീൻ തുടങ്ങിയ നൂറായിരം കാര്യങ്ങളിൽ നാം അനുകരിക്കാറുള്ളത് ഹോളിവുഡ് മാതൃകയാണ്. മാത്രമല്ല ഈ എ ഐയുടെ ഉപയോഗമൊക്കെ ഹോളിവുഡിൽ മാത്രം ഒതുങ്ങുന്നതല്ല. നാളെ നമ്മുടെ മമ്മൂട്ടിയെയും, മോഹൻലാലിനെയുമൊക്കെ പണിയില്ലാതെ വീട്ടിലിരുത്താൽ നിർമ്മിത ബുദ്ധിക്ക് കഴിയും. ഇപ്പോൾ ഇത് അമേരിക്കയിലെ പ്രശ്നമാണ്, ബൂർഷ്വാ രാജ്യം തുലയട്ടെ എന്ന് പറഞ്ഞ് മാറിയിരിക്കാൻ നമുക്കും കഴിയില്ല എന്ന് ചുരുക്കും.
വാൽക്കഷ്ണം: ലോകത്ത് എവിടെയായാലും മനഷ്യന്റെ അടിസ്ഥാന പ്രശ്നമായ ഈഗോയാണ് കാര്യങ്ങൾ ഈ രീതിയിൽ വഷളാക്കിയത് എന്നും പറയുന്നു. പാരമൗണ്ട് പിക്ച്ചേഴ്സ് അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് ഇപ്പോഴും പഴയ അടിമക്കച്ചവടക്കാരുടെ സ്വഭാവം ആണെന്നാണ് എഴുത്തുകാരുടെ സംഘടന കുറ്റപ്പെടുത്തുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ