ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വെളുപ്പിക്കാനിറങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കളി ബൂമറാങ് ആയിരിക്കുകയാണ്. വിചാരിച്ചത് പോലെ ആരും ഇന്ത്യയെ പഴിക്കുന്നില്ല. ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഭീകരർക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന് കൃത്യമായ മറുപടിയില്ലാത്തതാണ് കാരണം. ഖലിസ്ഥാനികളോടുള്ള മൃദുസമീപനം, ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഒതുങ്ങി നിൽക്കുന്നില്ല. ട്രൂഡോയുടെ പിതാവും കാനഡയുടെ 15 ാ മത് പ്രധാനമന്ത്രിയുമായിരുന്ന പിയറി ഏലിയട്ട് ട്രൂഡോയുടെ കാലത്തും, ഖലിസ്ഥാൻവാദികളോടുള്ള സോഫ്റ്റ്‌കോണർ പലപ്പോഴും ബന്ധം വഷളാക്കിയിരുന്നു.

ജസ്റ്റിൻ ട്രൂഡോ ആദ്യം ഇന്ത്യയിൽ എത്തിയത് 2018 ലാണ്. പിന്നീട് 2023 ൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനും. രണ്ടുസമയത്തും അത്ര ഊഷ്മളമായ സ്വീകരണമല്ല ട്രൂഡോയ്ക്ക് കിട്ടിയത്. ട്രൂഡോയുടെ പിതാവിന്റെ കാലത്തും കഥ വ്യത്യസ്തമായിരുന്നില്ല. 1971 ജനുവരിയിൽ പിയറി ട്രൂഡോ അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഒട്ടകപുറത്ത് സവാരി, കാളയെ ലാളിക്കൽ, ഗംഗാനദി കാണൽ, ലോക്കോമോട്ടീവ് ഫാക്ടറി സന്ദർശനം, താജ്മഹൽ സന്ദർശനം അങ്ങനെ അച്ഛൻ ട്രൂഡോയുടെ സന്ദർശനം രസകരമായി പോകുമ്പോഴും കല്ലുകടികൾ ഉണ്ടായിരുന്നു.

ഖലിസ്ഥാൻ മാത്രമല്ല ആണവ പരീക്ഷണവും കല്ലുകടിയായി

ഖലിസ്ഥാൻ പ്രശ്‌നം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലം തകർത്തത്. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയതോടെ, കാനഡ ആണവ സഹകരണം നിർത്തി വച്ചു. ആണവോർജ്ജം ഉത്പാദിപ്പിക്കാനായി, സമ്പുഷ്ട യുറേനിയം ഉപയോഗിക്കാൻ കാനഡയിലെ കാൻഡു റിയാക്ടർ അനുവദിച്ചിരുന്നു. അത് ഇന്ത്യയെ പോലെ വികസ്വര രാജ്യങ്ങൾക്ക് ഗുണകരവുമായിരുന്നു. വില കുറഞ്ഞ ആണവോർജ്ജ ഉത്പാദനത്തിനായുള്ള ഇന്ത്യയുടെ സിവിൽ ആണവ പരിപാടിയുമായി അമേരിക്കയും കാനഡയും സഹകരിച്ചിരുന്നു. പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും, ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ ആണവ സഹകരണം റദ്ദാക്കുമെന്നും പിയറി ട്രൂഡോ മുന്നറിയിപ്പ് നൽകിയിരുന്നു.

1974-ൽ, പിയറി ട്രൂഡോയുടെ സന്ദർശനത്തിന് മൂന്ന് വർഷത്തിന് ശേഷം, കനേഡിയൻ സഹകരണത്തോടെയുളാള സിറസ് റിയാക്ടറിൽ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഹോമി ജെ ബാബയുടെ നേതൃത്വത്തിൽ കാനഡയുടെ സഹകരണത്തോടെ, നിർമ്മിച്ച സിറസ് റിയാക്ടർ 1960 ജൂലൈയിലാണ് കമ്മീഷൻ ചെയ്തത്.

തങ്ങൾ സമാധാന ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണം നടത്തിയതെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വാദിച്ചെങ്കിലും വിലപ്പോയില്ല. പിയറി ട്രൂഡോ ഇന്ത്യയുടെ ആണവ പരിപാടിക്കുള്ള സഹകരണം നിർത്തി വച്ചുവെന്ന് മാത്രമല്ല, ഇന്ത്യയിലെ ആണവ റിയാക്ടറിൽ പ്രവർത്തിച്ചിരുന്ന കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങൾ മുൻനിർത്തി ആണവപരീക്ഷണം നടത്തുന്നതിനെ കാനഡയുടെയും അമേരിക്കയുടെയും കരാറുകൾ വിലക്കിയിരുന്നില്ല എന്നാണ് പിന്നീട് പുറത്തുവന്ന വിവരം.

എന്തായാലും, മഞ്ഞുരുകാൻ സമയമെടുത്തു. 2010ൽ ജി 20 ഉച്ചകോടിക്കായി കാനഡയിൽ എത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ആണവ സഹകരണ കരാർ ഒപ്പുവെച്ചതോടെയാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്.

പിയറി ട്രൂഡോയുടെ ഖലിസ്ഥാനി പ്രേമവും വിള്ളൽ വീഴ്‌ത്തി

പൊഖ്‌റാൻ ആണവപരീക്ഷണം മാത്രമല്ല, ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാൻ പിയറി ട്രൂഡോ തയ്യാറാകാത്തതും, ഇന്ത്യ-കാനഡ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്തി. കാനഡയുടെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് സിഖ്കാരുള്ളത്. എന്നാൽ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് കാനഡയിൽ സിഖ്‌വംശജർക്കുള്ളത്. സിഖ് ഭീകരരും കാനഡയിൽ അഭയം പ്രാപിച്ചരിൽ ഉണ്ടായിരുന്നു.

അത്തരത്തിലൊരാളായിരുന്നു തൽവീന്ദർ സിങ് പർമർ. പഞ്ചാബിൽ രണ്ട് പൊലീസുകാരെ വധിച്ച ശേഷമാണ് പർമർ കാനഡയിൽ അഭയം തേടിയത്. ഖലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയിൽ അംഗമായിരുന്നു പാർമർ. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് നേരെ ആക്രമണത്തിനും വർഗീയ കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്തു. പാർമറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ അഭ്യർത്ഥന നിരസിച്ചു. മാത്രമല്ല ഇന്ത്യയിൽ നിന്ന് അയച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ പോലും കാനഡ മൈൻഡ് ചെയ്തില്ല.

കനിഷ്‌ക വിമാന ബോംബാക്രമണം

19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സിഖ് സമൂഹം കനേഡിയൻ സമൂഹത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ എട്ടു ലക്ഷത്തോളം സിഖുകാർ കാനഡയിലുണ്ട്. ജനസംഖ്യയുടെ 2.1 ശതമാനത്തോളം വരുന്ന സിഖ് സമൂഹത്തിന്റെ ആന്തരികപ്രശ്‌നമായി മാത്രം വീക്ഷിച്ചുകൊണ്ട് ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണെന്നാണ് ആരോപണം. ബബ്ബർഖൽസാ ഇന്റർനാഷണലിന്റെ സ്ഥാപകനും, 'കനിഷ്‌ക'യിലെ ബോംബാക്രമണം അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയുമായ തൽവീന്ദർ പർമാറിനെ ഇന്ത്യക്കു വിട്ടുതരാൻ ഒരിക്കലും കാനഡ തയ്യാറായിരുന്നില്ല. 'അൻപതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കും' എന്ന് പരസ്യമായി പ്രഖ്യാപിച്ച പർമാറിനെ വിട്ടുതരാത്തതിൽ, 1982-ൽ ഇന്ദിരാഗാന്ധി, കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ കോമൺവെൽത്ത് അംഗത്വം കേവലം സാങ്കേതികം മാത്രമായതുകൊണ്ട് കുറ്റവാളികളെ കൈമാറാനുള്ള കോമൺവെൽത്ത് പ്രോട്ടോകോൾ ഇന്ത്യയുടെ കാര്യത്തിൽ ബാധകമല്ല എന്ന നിഷേധാത്മക നിലപാടാണ് അന്ന് പിയറി ട്രൂഡോ സ്വീകരിച്ചത്.

1985 ജൂണിൽ, ഖലിസ്ഥാൻ ഭീകരർ വിമാന ആക്രമണം നടത്താൻ സാധ്യത ഉണ്ടെന്നും, മുൻകരുതൽ കൈക്കൊള്ളണമെന്നും ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസികൾ അടിയന്തര സന്ദേശം അയച്ചിരുന്നു. എന്നാൽ, ഒരുഫലവുമുണ്ടായില്ല.1985 ജൂൺ 23 ന് അത് സംഭവിച്ചു. ടൊറന്റോയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന കനിഷ്‌ക( എയർ ഇന്ത്യ ഫ്‌ളൈറ്റ് 182) യിൽ രണ്ടു സ്യൂട്ട് കേസുകളിൽ സ്ഥാപിച്ച ബോംബ് ജീവനെടുത്തത് 329 യാത്രക്കാരുടെയാണ്.

കൊല്ലപ്പെട്ടവരിൽ ഏറിയപങ്കും കനേഡിയൻ പൗരന്മാരായിരുന്നു. കാനഡ സംരക്ഷിച്ച പാർമറിനെ 1992 ൽ പഞ്ചാവ് പൊലീസ് വകവരുത്തി. ഈ വർഷം ജൂണിൽ, കാനഡയിലെ വിവിധ സ്ഥലങ്ങളിൽ പാർമറിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

പാർമർ അടക്കം കനിഷ്‌ക ബോംബിങ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ, ഒരാൾ ഒഴിച്ച് എല്ലാവരെയും വെറുതെ വിട്ടിരുന്നു. ഇന്ദർജിത്ത് സിങ് റെയാത്തിനെ മാത്രം 15 വർഷത്തേക്ക് ജയിലിലിട്ടു. ഇന്ത്യക്ക് തൃപ്തികരമായ രീതിയിൽ നടപടി സ്വീകരിക്കാൻ പിയറി ട്രൂഡോ തയ്യാറായിരുന്നില്ല.

പിതാവിന്റെ പാത പിന്തുടർന്ന് ജസ്റ്റിൻ ട്രൂഡോ

ട്രൂഡോയുടെ പാർട്ടി കാനഡയിൽ അധികാരത്തിൽ എത്തിയത് സിഖ് സംഘടനയായ എൻഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെറും 152 സീറ്റുകൾ മാത്രമാണ് ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാർലമെന്റിൽ കേവല ഭൂരിപക്ഷം കിട്ടാൻ 170 എംപിമാർ വേണം. വീണ്ടും പ്രധാനമന്ത്രിയാകാൻ ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എൻഡിപി എന്ന പാർട്ടിയാണ്. ജഗ് മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാൻ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ് മീത് സിങ്ങിന്റെ എൻഡിപി പാർട്ടിക്കുണ്ടെന്ന് പറയപ്പെടുന്നു.

.ഖലിസ്ഥാന് വാദികൾക്ക് ഇന്ത്യയിൽ വിഘടനവാദപ്രവർത്തനങ്ങൾ നടത്താൻ പണം കാനഡയിൽ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിർക്കാൻ ഈയിടെ ജി20 സമ്മേളനത്തിന് ഇന്ത്യയിൽ എത്തിയ ട്രൂഡോയോട് ഇന്ത്യൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിന് തയ്യാറായിട്ടില്ല. അതിന് മുതിർന്നാൽ ജഗ് മീത് സിങ്ങിന്റെ എൻഡിപി പാർട്ടി പിന്തുണ പിൻവലിക്കും. അതോടെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപൊത്തും. മാത്രമല്ല അടുത്തവന്ന അഭിപ്രായസർവേകളിലും വെറും 30 ശതമാനം വോട്ട് മാത്രം കിട്ടി ട്രൂഡോ കർക്കാർ പിന്നിലാണ്.

ട്രൂഡോ വന്നതോടെ വീര്യം കൂടുന്നു

90 കളുടെ അവവാനം ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചെങ്കിലും കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. 2010ൽ ടോറൻടോയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാൻ വാദങ്ങൾ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ ശക്തമായി പിന്തുണച്ചു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിങ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയയ്ക്കേണ്ടി വന്നു. ആ സമയത്ത് ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് 2022 ൽ കനേഡിയൻ സർക്കാർ കത്തെഴുതിയിരുന്നു.

ഖലിസ്ഥാൻ വാദികൾക്കെതിരെ നടപടിയില്ല

കാനഡയിൽ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാൻ ഭീകരവാദികൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. കനേഡിയൻ സർക്കാരിൽനിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികൾക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂൾ സിങ്ങും കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ൽ വ്യാജരേഖ നിർമ്മിച്ച് ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂൾ. എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്.

കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും അതല്ലെങ്കിൽ അവർക്ക് നേരെ പ്രത്യാഘാതമുണ്ടാകുമെന്നും ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് സിങ്ങ് പന്നു ആഹ്വാനം ചെത്തിരിക്കയാണ്. പക്ഷേ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇത്തരം വംശീയ വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡയിലെ ഗുർപത് വന്ത് സിങ്ങ് പന്നു വെട്ടിലായത്. ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നേതാവാണ് പിന്നു. ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ വന്നപ്പോൾ കാനഡയുടെ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ നേതാവാണ് ഗുർ പത് വന്ത് സിങ്ങ് പന്നു.

ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ നിന്നും യാതൊരു പിന്തുണയും കിട്ടാതെ കൂടുതൽ ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാനഡയുടെ പാർലമെന്റിൽ പ്രഖ്യാപനം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്തുണ ലഭിച്ചില്ല.

ഇന്ത്യയ്‌ക്കെതിരെ പിന്തുണ തേടി ട്രൂഡോ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ എന്നീ നേതാക്കളുടെ പിന്തുണ അഭ്യർത്ഥിച്ചെങ്കിലും ആരും പരസ്യമായി ഇന്ത്യാ സർക്കാരിനെ തള്ളിപ്പറയാൻ തയ്യാറായില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തൂ യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ ഫലത്തിൽ ട്രൂഡോ ഒറ്റപ്പെട്ട അവസ്ഥയാണ്.