നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസനക്കുതിപ്പിന്റെ ഇടനാഴി! നിർദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഇപ്പോൾ ഈ ഇടനാഴി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്, ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണത്തിന് പിന്നിലെ കാരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് വലിയ വാർത്തയായിരിക്കയാണ്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരോട് ബൈഡൻ ഇത് പറഞ്ഞു. ഇത് തനിക്ക് ബോധ്യപ്പെട്ടാന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ഇതിന്റെ തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും തന്റെ മനസ് ഇത് പറയുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് രണ്ടാം തവണയാണ് ഹമാസ് ഭീകരാക്രമണത്തിന് പിന്നിലെ കാരണമായി ബൈഡൻ ഈ വിഷയം പരാമർശിക്കുന്നത്.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം ഇക്കഴിഞ്ഞ ജി 20 ന്യൂഡൽഹി ഉച്ചകോടിയിലാണ് ഉണ്ടാകുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്തമായാണ് ഇടനാഴി പ്രഖ്യാപിച്ചത്. ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും, ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഈ പുതിയ ഇടനാഴി. ഈ ഇടനാഴിയും, അതുവഴി വരുന്ന വൻ സാമ്പത്തിക മാറ്റങ്ങളുമാണോ, ഹമാസിന്റെ യഥാർത്ഥ പ്രശ്നം.

എന്താണ് പുതിയ സാമ്പത്തിക ഇടനാഴി

സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രധാന ലക്ഷ്യം. കപ്പൽ, റെയിൽ ഗതാഗത ശൃംഖല, റോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. രണ്ട് ഘട്ടങ്ങളിലായാണ് ഈ ഇടനാഴി നടപ്പാക്കാൻ ആലോചിക്കുന്നത്. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയിലൂടെ പശ്ചിമേഷ്യയിലേക്കോ മിഡിൽ ഈസ്റ്റ് യൂറോപ്പിലേക്കോ ഉള്ള ഒരു റെയിൽ പാതയും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ റെയിൽവേ റൂട്ടിൽ വൈദ്യുതിക്കും ഡിജിറ്റൽ കണക്റ്റിവിറ്റിക്കുമായി കേബിൾ സ്ഥാപിക്കാനും ക്ലീൻ ഹൈഡ്രജൻ കയറ്റുമതിക്കുള്ള പൈപ്പ് സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

പ്രാദേശിക വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും, വ്യാപാര ഇടപാടുകൾ എളുപ്പമാക്കാനും, പാരിസ്ഥിതിക, സാമൂഹിക, കാര്യങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ചെലവ്, ധനസഹായം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇതുവരെ കൂടുതൽ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, പുതിയ ഇടനാഴിയുടെ പ്രഖ്യാപന വേളയിൽ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 20 ബില്യൺ ഡോളർ പദ്ധതിക്കായി നൽകുമെന്ന് സൂചിപ്പിച്ചിരുന്നു. സൗദിയും ഇസ്രയേലും സഹകരിക്കുന്ന പദ്ധതി എന്ന നിലയിലും ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി.


ഇന്ത്യക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?

മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഉപഭൂഖണ്ഡങ്ങളിലെ കൂടുതൽ രാജ്യങ്ങളുമായി കൂടുതൽ വിപുലമായ വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള മാർഗങ്ങൾ ഇന്ത്യ അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് പാക്കിസ്ഥാന്റെ സാന്നിധ്യം മൂലം ഇന്ത്യ ചില തടസങ്ങളും നേരിട്ടിരുന്നു. ഇറാനിലൂടെ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും വിശ്വസനീയമായ ഒരു കണക്റ്റിവിറ്റി സൃഷ്ടിക്കാൻ ദീർഘനാളായി ഇന്ത്യ ശ്രമിച്ചു വരികയായിരുന്നു.

ഈ സാമ്പത്തിക ഇടനാഴി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും, രാജ്യം ഇതിനായി വൻതുക നിക്ഷേപിക്കുമെന്നുമാണ് ജി 20 ഉച്ചകോടി സമയത്ത് വാർത്തകൾ പുറുത്തുവന്നിരുന്നു. പദ്ധതിയിൽ നിന്ന് തങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കണം എന്ന കാര്യം കൂടിയാലോചനകൾക്കിടെ ഇന്ത്യൻ പ്രതിനിധികൾ ഊന്നിപ്പറഞ്ഞിരുന്നു. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും അമേരിക്കക്കും ഇടയിൽ ഒരു കപ്പൽ, റെയിൽ കണക്റ്റിവിറ്റി എന്ന ആശയം ഇക്കഴിഞ്ഞ മെയ് മാസം സൗദി അറേബ്യയിൽ യുഎസ്, സൗദി, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ വച്ചാണ് ഉരുത്തിരിഞ്ഞത്.

കിഴക്കൻ ഇടനാഴി ഇന്ത്യയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുമ്പോൾ, .
വടക്കൻ ഇടനാഴി ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നു.
ഇടനാഴിയിൽ വൈദ്യുതി കേബിൾ, ഹൈഡ്രജൻ പൈപ്പ്ലൈൻ, അതിവേഗ ഡാറ്റാ കേബിൾ എന്നിവയും ഉൾപ്പെടും. ഇന്ത്യയെ സംബന്ധിച്ച് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതുമൂലം വരുന്ന തൊഴിൽ അവസരങ്ങളാണ്. ഹൈഡ്രജൻ പൈപ്പ്ലൈൻ വരുന്നതോടെയുള്ള നിരവധി പദ്ധതികൾ ഇന്ത്യയിൽ ഇപ്പോഴേ ചർച്ചയായിട്ടുണ്ട്.

കപ്പൽ ഗതാഗതത്തിലും ഈ ഇടനാഴി ചരിത്രമാവും. ഇന്ത്യയിലെ മുന്ദ്ര (ഗുജറാത്ത്), കാൻഡ്‌ല (ഗുജറാത്ത്), ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (നവി മുംബൈ) എന്നീ തുറമുഖങ്ങളും, യുഎഇയിലെ ഫുജൈറ, ജബൽ അലി, അബുദാബി, സൗദി അറേബ്യയിലെ ദമ്മാം, റാസൽ ഖൈർ എന്നീ തുറമുഖങ്ങളും, ഒത്തുചേരും. റെയിൽവേ ലൈൻ ഫുജൈറ തുറമുഖത്തെ (യുഎഇ) ഹൈഫ തുറമുഖവുമായി (ഇസ്രയേൽ) ബന്ധിപ്പിക്കും. തുടർന്ന് ഗ്രീസിലെ പിറേയസ് തുറമുഖവും, തെക്കൻ ഇറ്റലിയിലെ മെസിന, ഫ്രാൻസിലെ മാർസെയിൽ തുടങ്ങിയവയും ഇതോടൊപ്പം ചേരും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ മുന്ദ്ര പോർട്ടിൽനിന്ന് ഒറ്റയാത്ര തിരിച്ചാൽ ഫ്രാൻസിൽ നേരെ എത്താം. ഇതോടെ ചരക്കു നീക്കം, ടൂറിസം എന്നിവയിലുടെ കോടികളുടെ വരുമാനമാണ് ഉണ്ടാവുക.

മേഖലയുടെ മുഖഛായ മാറും

ഇന്ന് ആഗോള കമ്പോളത്തിൽ ഒരു വസ്തുവിന്റെ വിലയിൽ അടക്കം കാര്യമായി ബാധിക്കുന്ന ഒന്നാണ് കടത്തുകൂലി എന്നത്. ഈ ചെലവ് ഗണ്യമായി കുറയുന്നതോടെ ചരക്കുനീക്കത്തിൽ നിശബ്ദ വിപ്ലവമാണ് ഉണ്ടാവുക എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതിയത്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽ, റോഡ് റൂട്ടുകളും യാഥാത്ഥ്യമായാൽ അത് എന്തൊരു മാറ്റം ആയിരിക്കും. കേരളത്തിൽനിന്ന് ട്രെയിൻ കയറി ഗുജറാത്തിലെത്തി അവിടെ നിന്ന് ട്രെയിൻ വഴി ദമാമിലേക്കും റാസൽ ഖൈമയിലേക്കും പോകാൻ കഴിയുന്ന ഒരുകാലം എത്ര അത്ഭുതകരമായിരിക്കും. റാസൽഖൈമ വരെ മാത്രമല്ല, ഫ്രാൻസിൽ വരെ നിങ്ങൾക്ക് ട്രെയിനിൽ പോവാം. അതാണ് ഈ ഇടനാഴി. അതുപോലെയാണ് ഈ രാജ്യങ്ങളെ ബന്ധപ്പെടുത്തി റോഡും വരുന്നത്.

''ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുക, ചെലവ് കുറയ്ക്കുക, സാമ്പത്തിക ഐക്യം വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുക എന്നിവയാണ് ഞങ്ങളുടെ പൊതുലക്ഷ്യം. ഇത് കടന്നുപോകുന്ന രാജ്യങ്ങളിൽ വലിയ വികസനം എത്തിക്കും. ആളുകളുടെ മൈഗ്രേഷൻ ത്വരിതപ്പെടുത്തും.''- ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ആമുഖത്തിൽ പറയുന്നത് അങ്ങനെയാണ്.

മാത്രമല്ല ഇതിലുടെ നാഗരികതകളുടെ ഏകീകരണമാണ് നടക്കുന്നത്. അതുപോലെ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദവും. ഒരു രാജ്യത്തിന്റെ നഷ്ടം നമ്മുടെ കൂടി നഷ്ടം ആവുമ്പോൾ പഴതുപോലെ ആരും യുദ്ധത്തിനും അക്രമത്തിനും തയ്യാറാവില്ല. ഈ ഇടനാഴി പ്രകാരം മുന്ദ്ര തുറമുഖം നിലനിൽക്കേണ്ടത്, സൗദിയുടെയും, ഇസ്രയേലിന്റെയും, ഫ്രാൻസിന്റെയും കൂടി ആവശ്യമാണ്. തിരിച്ചും. അങ്ങനെ ഒരു വിശ്വമാനവികതയുടെയും വികസനത്തിന്റെയും വിളക്കിച്ചേർക്കൽ കൂടി ഇവിടെ നടക്കുന്നുണ്ട്.

രാഷ്ട്രീയ സംഘർഷങ്ങൾ കുറക്കും

ഈ ഇടനാഴി അറേബ്യൻ ഉപദ്വീപുമായുള്ള ഇന്ത്യ ശാശ്വതമായ ബന്ധം സ്ഥാപിക്കുക്കയാണ്. ഇത് മേഖലയിലെ രാഷ്ട്രങ്ങളുമായി രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധം ഉയർത്തുന്നു. സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇൻട്രാ റീജിയണൽ കണക്റ്റിവിറ്റിയും, ഇന്റർ-റീജിയണൽ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കണമെന്ന് പല പഠനങ്ങളും എടുത്തു പറയുന്നുണ്ട്. റോഡ്, റെയിൻ, കടൽ വഴിയുള്ള കണക്റ്റിവിറ്റിയും സർവൈലൻസും അറേബ്യൻ ഉപദ്വീപിലെ രാഷ്ട്രീയ സംഘർഷങ്ങൾ കുറയ്ക്കാനും പരമാവധി സഹായിക്കും. ഈ മേഖലയിൽ 'സമാധാനത്തിനായുള്ള അടിസ്ഥാന സൗകര്യ'മായി ഇടനാഴി മാറുമെന്നാണ് വിലയിരുത്തൽ. ഇതാണ് ഹമാസ് അടക്കമുള്ള ഭീകരവാദികൾക്ക് തിരിച്ചടിയായി മാറുന്നതും. ഇതിനൊപ്പം ഒരു ട്രാൻസ്-ആഫ്രിക്കൻ ഇടനാഴി വികസിപ്പിക്കാനുള്ള യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും പദ്ധതിയുണ്ട്. അതോടെ ആഫ്രിക്കയുമായുള്ള ബന്ധവും ശക്തിപ്പെടും.

ഈ ഇടനാഴി യാഥാർത്ഥ്യമായാൽ സൂയസ് കനാൽ മാരിടൈം റൂട്ടിനെ അപേക്ഷിച്ച് യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വേഗത്തിലാക്കാൻ കഴിയും. കോടികളാണ് ഇതുവഴി ലാഭമുണ്ടാവുക. ഫലത്തിൽ സൂയസ് കനായിന്റെ പ്രധാന്യം കുറയാനും ഇത് ഇടയാക്കും. ഈജിപ്തിനൊക്കെ അങ്ങനെ ഒരു ഭയവും ഉണ്ട്. ഇടനാഴിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ, അസംസ്‌കൃത വസ്തുക്കളും ഫിനിഷ്ഡ് ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നത് എളുപ്പമാകുന്നതോടെ തൊഴിലവസരവും വർധിക്കും. വ്യാപാരം, അടിസ്ഥാന സൗകര്യങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ വളർച്ച വലിയ മാറ്റമാണ് ഉണ്ടാക്കുക.
ഇടനാഴിക്ക് സുരക്ഷിതമായ ഊർജ്ജവും വിഭവ വിതരണവും സുഗമമാക്കാൻ കഴിയും. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിന്ന്. ഊർജ ക്ഷാമമുള്ള ഇന്ത്യക്ക് ഇത് വല്ലാതെ ഗുണം ചെയ്യും.

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമ്മാണ പദ്ധതികൂടിയാണിത്. ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന റെയിൽ, റോഡ്, കടൽ റൂട്ടുകൾ ഉൾപ്പെടുന്ന ഒരു മൾട്ടി മോഡൽ ഗതാഗത ഇടനാഴി വികസിപ്പിക്കുന്നതിന് , പങ്കാളി രാജ്യങ്ങൾക്കിടയിൽ സങ്കീർണ്ണമായ ലോജിസ്റ്റിക് പ്ലാനിംഗും ഏകോപനവും വേണ്ടതുണ്ട്. ഈ ഭൂഖണ്ഡാന്തര ഇടനാഴി, വൈവിധ്യമാർന്ന താൽപ്പര്യങ്ങളും വ്യത്യസ്തമായ നിയമസംവിധാനങ്ങളും, ഭരണപരമായ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങൾക്കിടയിലൂടെയാണ് കടന്നുപോകുന്നത് എന്നോർക്കണം. നിലവിലുള്ള ഗതാഗത റൂട്ടുകളിൽ നിന്നുള്ള എതിർപ്പും മത്സരവും, നേരിടേണ്ടിവരും. പ്രത്യേകിച്ച് ഈജിപ്തിലെ സൂയസ് കനാലിൽ ഗതാഗതവും വരുമാനവും കുറയുന്നത് അവരുടെ എതിർപ്പിന് ഇടയാക്കും. റൂട്ടുകൾ ഓരോന്നും വികസിപ്പിക്കുന്നതിന് 3 ബില്യൺ മുതൽ 8 ബില്യൺ യുഎസ് ഡോളർ വരെ ചെലവാകും എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് .


ചൈനക്കും പാക്കിസ്ഥാനും തിരിച്ചടിയാവും

ഈ പദ്ധതിയെ അമേരിക്ക പ്രോൽസാഹിപ്പിക്കുന്നതിന് പിന്നിൽ ചൈനക്കും പാക്കിസ്ഥാനും തിരിച്ചടി നൽകുക എന്ന അജണ്ട കൂടിയുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായാണ് യുഎസ് ഇതിനെ കാണുന്നത്. ചൈനയുടെ വളരുന്ന സാമ്പത്തിക, രാഷ്ട്രീയ സ്വാധീനത്തെ നിയന്ത്രിക്കാൻ ഇതുമൂലം കഴിയുമെന്ന് അവർ കണുക്കൂകുട്ടുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം ഈ പുത്തൻ ഇടനാഴി തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഏൽക്കുന്ന കനത്ത തിരച്ചടിയാണ്. അതിനാൽ തന്നെ ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ചൈനയുടെ പരോക്ഷ പിന്തുണയും ചില മാധ്യമങ്ങൾ സംശയിക്കുന്നുണ്ട്.

ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് എന്നത് 150 ലധികം രാജ്യങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും നിക്ഷേപം നടത്താൻ ചൈനീസ് സർക്കാർ 2013 ൽ സ്വീകരിച്ച നടപടിയാണ്. ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായി ഇത് കണക്കാക്കപ്പെടു . ഷി യുടെ 'മേജർ കൺട്രി ഡിപ്ലോമസി' തന്ത്രത്തിന്റെ ഒരു കേന്ദ്ര ഘടകമാണ് ബിആർഐ. 2023 ഓഗസ്റ്റ് വരെ, 155 രാജ്യങ്ങൾ ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ ലോകജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനവം ഉൾപ്പെടുന്നു, കൂടാതെ ലോക ജിഡിപിയുടെ പകുതിയിലധികം വരും.

2013 സെപ്റ്റംബറിൽ കസാക്കിസ്ഥാൻ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഷി 'സിൽക്ക് റോഡ് ഇക്കണോമിക് ബെൽറ്റ്' പ്രഖ്യാപിച്ചത്. തുറമുഖങ്ങൾ, അംബരചുംബികളായ കെട്ടിടങ്ങൾ, റെയിൽപാതകൾ, റോഡുകൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, അണക്കെട്ടുകൾ, കൽക്കരി ഉപയോഗിച്ചുള്ള പവർ സ്റ്റേഷനുകൾ, റെയിൽറോഡ് ടണലുകൾ എന്നിവ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളുടെ ഉദാഹരണങ്ങളാണ്. ഇതിലുടെ ആഗോള സാമ്പത്തിക ആധിപത്യവും ചൈന ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇതുപോലെ ഒരു ബ്രഹ്മാണ്ഡ നിർമ്മാണമാണ്. ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഗുണഭോക്താവാണ് ചൈനയെപ്പോലെ പാക്കിസ്ഥാനും. അതുകൊണ്ടുതന്നെ പുതിയ പദ്ധതി അവർക്കും ദഹിച്ചിട്ടില്ല.

സൗദിയെ തെറ്റിക്കാൻ ഹമാസ്

്ചരിത്രം കുറിക്കുന്ന ഈ ഇടനാഴിക്ക് പിന്നിൽ ഏറ്റവും കൂടുതൽ സഹകരിക്കേണ്ട രാജ്യം സൗദി അറേബ്യയാണ്. ദമാമും റാസൽഖൈമയുമാണ് ഈ പദ്ധതിയിലെ ഏറ്റവും പ്രധാന നഗരങ്ങൾ. സൗദി കിരീടവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാന്റെ ശക്തമായ പിന്തുണയിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഇതിൽ ഇസ്രയേലും ഒരു പങ്കുവഹിക്കുന്നുണ്ട്. അപ്പോൾ സൗദിയെയും ഇസ്രയേലനെയും തമ്മിൽ വീണ്ടും പൂർണ്ണമായും തെറ്റിച്ചലോ. അതുതന്നെയാണ് ഹമാസിന്റെ അജണ്ടയെന്ന് പച്ചക്ക് പറയുകയാണ് ജോ ബൈഡൻ.

മധ്യപൗരസ്ത്യ ദേശത്ത് ഇപ്പോൾ ഖത്തർ ഒഴികെയുള്ള അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിനോടു പഴയ ശത്രുതയില്ല. നയതന്ത്രബന്ധം സാധാരണ നിലയിലാക്കാം എന്ന നിലയിലേക്കു സൗദി അറേബ്യ മാറി. ഇങ്ങനെ അറബ്-ഇസ്രയേൽ സൗഹൃദം വിപുലമാകുമ്പോൾ ഫലത്തിൽ ഫലസ്തീൻ ജനത കൂടുതൽ നിരാശ്രയരായി ഒറ്റപ്പെടുകയാണ്. 1948 ൽ ഇസ്രയേൽ സ്ഥാപിച്ചതുമുതൽ സൗദി അറേബ്യ ആ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കുംവരെ അംഗീകരിക്കില്ലെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാൽ സമീപകാലത്തു സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്രയേലുമായി ചില ധാരണകൾ ആവാമെന്നു പ്രസ്താവിക്കുകയുണ്ടായി.

സെപ്റ്റംബറിൽ യുഎസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ''ഇസ്രയേലുമായി സാധാരണനിലയിലുള്ള ബന്ധം ഇതാദ്യമായി യാഥാർഥ്യമാകുന്നു''. സൗദി-ഇസ്രയേൽ ബന്ധം സാധാരണനിലയിലാക്കാനായി യുഎസ് മധ്യസ്ഥതയിൽ നടന്നുവരുന്ന ഈ നയതന്ത്ര ചർച്ചകളെ ഇപ്പോഴത്തെ സംഘർഷം പ്രതികൂലമായി ബാധിച്ചേക്കുമെന്നു വിലയിരുത്തലുണ്ട്.
2020 സെപ്റ്റംബറിൽ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥയിൽ ഇസ്രയേലും യഎഇ യും സമാധാന കരാർ ഒപ്പുവെച്ചു. എബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാർ അറബ്- ഇസ്രയേൽ ബന്ധത്തിൽ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. തുടർന്ന് സൗദി അറേബ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ബഹറൈനും എബ്രഹാം ഉടമ്പടിയുടെ ഭാഗമായി. ഇസ്ലാമിക രാജ്യങ്ങളായ സുഡാനും മൊറാക്കോയും ഇസ്രേയേലുമായി സൗഹദക്കരാർ ഒപ്പിട്ടു. ഏഇഇയിലെ ഏറ്റവും വലുതും ശക്തവുമായ രാജ്യമായ സൗദി അറേബ്യയും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവെയ്ക്കുന്നതിനുള്ള നടപടികൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നുകയറി 1800ഓളം, മനുഷ്യരെ കൊന്നൊടുക്കിയത്.

ഇസ്രായലിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകൾക്കെല്ലാം കോടാനുകോടികൾ ഫണ്ടായി ലഭിക്കുന്നുണ്ട്. സൗദി അറേബ്യയായിരുന്നു ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പ്രധാന വരുമാന സ്രോതസ്. സൽമാൻ രാജകുമാരനും നെതന്യാഹുവും സമാധാനക്കരാറിലേക്ക് നീങ്ങിയാൽ ഹമാസിന്റെ മരണവ്യാപാരവും വ്യവസായവും നിൽക്കും. ഇതുതന്നെയാണ് ഇറാന്റെ പ്രശ്നവും.

ലബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്ള ഇറാന്റെ സൃഷ്ടിയാണ്. സുന്നി സൗദി അറേബ്യയും അവരുടെ സഹോദര രാജ്യങ്ങളായ യുഎഇയും ബഹറൈനും സുഡാനും മൊറാക്കോയും എല്ലാം കൂടി ഇസ്രയേലുമായി സന്ധി ആയാൽ ഗസ്സയിലെ ജനങ്ങളെ മനുഷ്യകവചം തീർത്ത്, ആഡംബര ജീവിതം നയിക്കുന്ന ഇസ്മായിൽ ഹനിയയെ പോലെയുള്ള ചോരക്കൊതിയൻ ഹമാസ് നേതാക്കളുടെ കഞ്ഞികുടി മുട്ടും. ആ സാഹചര്യം ഒഴിവാക്കാനാണ് ഖൊമൈനിയുടെ ഇറാനും ഹമാസും കൂടി ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചത്.

സ്വന്തം പൗരന്മാരുടെ ദേഹത്ത് ആരെങ്കിലും ഒരുതരി മണ്ണ് നുള്ളിയിട്ടാൽ ഏതറ്റംവരെയും പോകുന്ന രാജ്യമാണ് ഇസ്രായലെന്ന് ഹമാസിനും ഇറാനും അറിയാം. ആയിരത്തോളം ഇസ്രയേലികളെ കൊന്നൊടുക്കിയതിന് പ്രതികാരമായി സമാനതകളില്ലാത്ത ആക്രമണം ഇസ്രയേൽ ഗസ്സയ്ക്ക് നേരെ നടത്തുമെന്നും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമെന്നും ഹമാസിനും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും അറിയാം.
അതോടുകൂടി മുസ്ലീങ്ങളുടെ ആഗോളതലത്തിലുള്ള ജൂതവിരുദ്ധത ആളിക്കത്തുമെന്നും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിൻവാങ്ങുമെന്നും ഹമാസും ഇറാനും കണക്കുകൂട്ടുന്നു.
ഏഇഇയിൽ ഖത്തർ മാത്രമാണ് താലിബാൻ, അൽഖ്വയ്ദ,ഐസിസ് പോലെയുള്ള തീവ്രവാദസംഘടകളെ പിന്തുണയ്ക്കുന്ന ഏകരാജ്യം. ഹമാസ് ഇപ്പോൾ അഴിച്ചുവിട്ട മരണത്തിന്റെ കൊടുങ്കാറ്റിന് പിന്നിൽ ഖത്തറിന്റെ പരോക്ഷ പിന്തുണയും സംശയിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൂടുതൽ സമാധാന ശ്രമങ്ങളിലൂടെ ഇസ്രയേൽ ശക്തമാവുന്നത് തടയുക തന്നെയാണ് ഹമാസ് ലക്ഷ്യമിട്ടത്. ഇതോടൊപ്പം ഈ മേഖലയിൽ വികസനം വരുന്നതിനെയും ഹമാസ് ശക്തമായി എതിർക്കുന്നു. കാരണം വികസനവും ആധുനികതയും മതരാഷ്ട്ര വാദത്തിന്റെ ശത്രുക്കളാണെന്ന് ഹമാസിന് നന്നായി അറിയാം.

ഹമാസ് ഇന്താവിരുദ്ധർ ആകുന്നത് ഇങ്ങനെ?

ഹമാസ് ഭീകരവാദികൾ ആണോ പോരാളികൾ ആണോ എന്നതുപോലും കേരളത്തിൽ വലിയ ചർച്ചയാണ്്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്ക്‌പോലും ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി എന്ന് പറഞ്ഞ്, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് നടത്തിയ റാലയിൽ ഹമാസ് ഭീകരത എന്ന പരാമർശത്തിന്റെ പേരിൽ മാത്രം, ശശി തരുർ വലിയ തോതിൽ ആക്രമിക്കപ്പെടുന്ന സമയമാണിത്.

പക്ഷേ ഹമാസ് തികഞ്ഞ ഇന്ത്യാവിരുദ്ധർ ആവുന്നത് രണ്ട് കാര്യം കൊണ്ടാണ്. ഒന്ന് അത് ഇന്ത്യയും ഭയക്കേണ്ട ആഗോള ഇസ്ലാമിക ഭീകരതക്ക് ഒപ്പമാണ്. സാമ്പത്തികമായി തകരുന്നതുവരെയും, പാക്കിസ്ഥാനിൽനിന്നും ഹമാസിന് ഫണ്ടിങ്ങ് ഉണ്ടായിരിട്ടുണ്ട്. ഇന്ത്യ എറ്റവും പേടിക്കുന്ന കാശ്മീരിലെ ഹിസ്ബുൽ മുജാഹിദ്ദീനും, ജെയ്ഷേ മുഹമ്മദിനും ഫണ്ട് വരുന്നതും, ഹമാസിന് ഫണ്ട് വരുന്ന അതേ ഹഖാനി നെറ്റ്‌വർക്കിലൂടെയാണ്്. ഖത്തർ, തൂർക്കി, ഇറാൻ എന്നീ മൂന്ന് ഇസ്ലാമിക രാഷ്ട്രങ്ങളാണ്, ഇന്ന് ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ സാമ്പത്തിക നാഡിയായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മാത്രമല്ല മാനവികയുടെ മൊത്തം ശത്രുവായി അവർ മാറുകയാണ്. ഹമാസ് വളരുന്നു എന്നാൽ അതിനർത്ഥം ഇസ്ലാമിക ഭീകരതക്ക് തിടം വെക്കുന്നു എന്നുതന്നെയാണ്.

രണ്ടാമത്തെ കാര്യം, ഫലസ്തീൻ എന്ന രാജ്യം ഉണ്ടാക്കാനല്ല ഇസ്രയേലിന്റെ സമ്പൂർണ്ണനാശത്തിനാണ് ഹമാസ് പ്രവർത്തിക്കുന്നത്. ഗസ്സാക്കാരുടെ സുരക്ഷിതത്വത്തിൽ അവർക്ക് യാതൊരു ആശങ്കയുമില്ല. പരാമാവധി യഹൂദന്മാരെ വകവരുത്തി എത്രയും പെട്ടെന്ന് പൊട്ടിത്തെറിച്ച് സ്വർഗത്തിലെത്തണം എന്ന ആശയോടെയാണ് ഓരോ ഹമാസ് ചാവേറും വളർന്നുവരുന്നത് എന്ന് അതിൽനിന്ന് രക്ഷപ്പെട്ടുവന്നവർ തന്നെ പറയുന്നുണ്ട്. അപ്പോൾ ഇത്തരം മതപ്രചോദിതമായ കുറ്റകൃത്യം ചെയ്യുന്നവർ തികഞ്ഞ വികസന വിരോധികൾ കൂടിയാവും. കാരണം, ഒരു സ്ഥലം ആധുനികവത്ക്കരിക്കപ്പെട്ടാൽ അവിടെ പിന്നെ മതാന്ധതക്ക് പഴയതുപോലെ മാർക്കറ്റ് ഉണ്ടാവില്ലെന്ന് അവർക്ക് നന്നായി അറിയാം.

അതുകൊണ്ടുതന്നെയാണ്, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസന പദ്ധതി എന്ന് അറിയപ്പെടുന്ന, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി കൂടിയാണ് ഹമാസിന്റെ പ്രശ്നമെന്ന് അമേരിക്കൻ പ്രസിഡന്റ്, ജോ ബൈഡൻ അടക്കമുള്ളവർ പറയുന്നത്.

വാൽക്കഷ്ണം: ഇങ്ങനെ ഏത് രീതിയിൽനോക്കിയാലും, ഇന്ത്യക്ക് ദോഷം ചെയ്യുന്ന ഹമാസിനെയാണ് കേരളത്തിൽ, പോരാളികളായി വാഴ്‌ത്തുന്നത്. ശശി തരൂരിന്റെ ഭീകരവാദം എന്ന വാക്ക്പോലും, ഇവിടെ താങ്ങാൻ കഴിയുന്നില്ല. എത്ര ഭീകരമായ അവസ്ഥയാണ്. ഭീകരവാദികളെ അങ്ങനെ വിളിക്കാൻ പോലും കഴിയാത്ത അവസ്ഥ! നാസി ജർമ്മനി ഒക്കെ എത്ര ഭേദം!