1947 ആഗസ്റ്റിൽ ഇന്ത്യാ- പാക് വിഭജനം ഉറപ്പായിക്കഴിഞ്ഞിരിക്കെ വിചിത്രമായ ഒരു നിർദ്ദേശം മുഹമ്മദലി ജിന്ന, നെഹ്റുവിന്റെ മുമ്പാകെ വെച്ചിരുന്നുവെന്ന്, ചരിത്രകാരന്മ്മർ എഴുതിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടുന്ന പുതിയ രാജ്യത്തിന് ഇന്ത്യ എന്ന് പേരിടരുത് എന്നായിരുന്നു അത്. ജിന്നയുടെ വാദപ്രകാരം, അഭിഭക്ത ഇന്ത്യയുടെ അഞ്ചിലൊന്ന് ഉണ്ടായിരുന്നു പാക്കിസ്ഥാൻ മറ്റൊരു രാഷ്ട്രം ആവുകയാണ്. അതിനാൽ ഇന്ത്യയും പുതിയ രാഷ്ട്രം ആവണം എന്നായിരുന്നു. പാക്കിസ്ഥാനോട് സമാനമായ ഹിന്ദുസ്ഥാൻ എന്ന പേരായിരുന്നു ജിന്നയുടെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ ജിന്നയുടെ വാക്കുകൾ നെഹ്റുവിനെ അങ്ങേയറ്റം കോപാകുലനാക്കി. പുതിയ രാഷ്ട്രത്തിന്റെ പേര് എന്തായിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചുകൊള്ളാം എന്ന് തുറന്നടിച്ചുകൊണ്ട്, പാക് രാഷ്ട്രപിതാവിനെ ആട്ടി വിടുകയാണ്, ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ചെയ്തത്!

ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. ഇപ്പോഴിതാ രാജ്യത്തിന്റെ പേരുമാറ്റണം എന്ന ജിന്നയുടെ ആവശ്യം, രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കൊണ്ടുവരുന്നു. സ്ഥാനത്തും അസ്ഥാനത്തും നെഹ്റുവിനെ എതിർക്കയാണെല്ലോ മോദി സർക്കാറിന്റെ രീതി. അതുകൊണ്ടുതന്നെയാവണം നെഹ്റുവും അംബേദ്്ക്കറും കൊണ്ടുവന്നപേര് മാറ്റാൻ അവർ ശ്രമിക്കുന്നതും. സത്യത്തിൽ
രണ്ടു പേരുകളുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് നമ്മുടെ രാജ്യവും. ഭാരതം, ഇന്ത്യ എന്നീ രണ്ട് പേരുകളിൽ നമ്മുടെ രാജ്യം അറിയപ്പെടുന്നു. എന്നാൽ ഇനിയത് ഭാരതം എന്നു മാത്രമാകുമോ എന്ന ചോദ്യമാണ്ഉയർന്നിരിക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ, ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള നിർദ്ദേശം, മോദി സർക്കാർ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ജി-20 ഉച്ചകോടിക്കുള്ള രാഷ്ട്രത്തലവന്മാർക്ക് രാഷ്ട്രപതി അയച്ച ക്ഷണക്കത്തിൽ 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് എഴുതിയ വിവരം പുറത്തായതോടെയാണ് ഈ ചർച്ചകൾക്ക് പ്രസക്തിയേറുന്നുണ്ട്. 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നെഴുതുന്നതായിരുന്നു ഇതുവരെ തുടർന്നു വന്നിരുന്ന രീതി. ഇത് മാത്രമല്ല, 'ഇന്ത്യ' എന്നുള്ളതിനു പകരം 'ഭാരത്' എന്ന് ജനങ്ങൾ ഇനി മുതൽ പറയണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവതും തിങ്കളാഴ്ച പറഞ്ഞിരുന്നു. 'നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്റെ പേര് ഭാരതം എന്നാണ്. ഏത് ഭാഷയായാലും പേര് അതേപടി തുടരുകയാണ്. നമ്മുടെ രാജ്യം ഭാരതമാണ്. ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. നമ്മുടെ രാജ്യത്തെ ഭാരതം എന്നു വിളിക്കുകയും ഇക്കാര്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും വേണം'- ഭഗവത് പറഞ്ഞു. ഇതിന്റെ കുടി അടിസ്ഥാനത്തിലായിരിക്കണം ഇന്ത്യ ഒഴിവാക്കി ഭാരതമാക്കാനുള്ള നീക്കം.

ഭാരതം അഥവാ ഭാരത് എന്ന് നമ്മുടെ രാജ്യത്തിന് പുതുതായി പേരിടേണ്ട കാര്യംപോലും സത്യത്തിൽ ഇല്ല. കാരണം അത് നിലവിലുണ്ട്. രാജ്യത്തിന്റെ ഭരണഘടനയിൽ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നാണ് ആർട്ടിക്കിൾ ഒന്നിൽ എഴുതിയിരിക്കുന്നത്. അതായത് രാജ്യത്തിന് രണ്ട് പേരുകൾ ഉണ്ടെന്നു വ്യക്തം. 'ഗവൺമെന്റ് ഓഫ് ഇന്ത്യ' എന്നും 'ഭാരത സർക്കാർ' എന്നും നമ്മൾ പറയും. ഇംഗ്ലീഷിൽ 'ഭാരത്' എന്നും 'ഇന്ത്യ' എന്നും ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയിലും 'ഇന്ത്യ' എന്ന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ എന്നിട്ടും ഇന്ത്യയെ തുടച്ചുനീക്കി ഭാരതം മാത്രമാക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് പ്രതിപക്ഷ വിമർശനം.

ഹിന്ദുവെന്ന പേരിട്ടതും വിദേശികൾ

പേരുമാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന സംഘപരിവാർ ഉയർത്തുന്ന പ്രധാനവാദം ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണെന്നാണ്. അത് വൈദേശികമാണെന്നാണ്. പക്ഷേ ചരിത്രം പഠിച്ചാൽ എന്താണ് വൈദേശികം അല്ലാത്തത്. സിന്ധു നദിയുടെ കരയ്ക്ക് ഇരുവശമുള്ള പ്രദേശം എന്ന നിലയിൽ സിന്ധുവെന്നും, ഹിന്ദ് എന്നും ഇന്ദ് എന്നും, ആദ്യം ഗ്രീക്കുകാരും പിന്നീട് പേർഷ്യക്കാരും അറബികളും ഹൂണന്മാരും വിളിച്ചിരുന്നു. അതിൽ നിന്നാണ് യൂറോപ്യൻ ഭാഷകളിൽ ഇൻഡീസും, ഹിന്ദുവും, ഇന്ത്യയും രൂപം കൊണ്ടത്. ഹിന്ദുഎന്ന പേരുപോലും അങ്ങനെ നോക്കുമ്പോൾ വൈദേശികമാണ്! എന്നുവെച്ച് അത് നാം മാറ്റേണ്ട കാര്യമുണ്ടോ?

സ്വാതന്ത്ര്യസമരകാലത്ത് ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ, അൽ ഹിന്ദ് എന്നീ വാക്കുകൾ ഭാഷയ്ക്കു വഴങ്ങുന്നതനുസരിച്ച് ഉപയോഗിച്ചിരുന്നു. ഇതിൽ ഏതു പേര് രാഷ്ട്രത്തിന് നൽകണമെന്ന കാര്യത്തിൽ ചർച്ചകളും വിവാദങ്ങളുമുണ്ടായി. അൽ ഹിന്ദ് എന്നത് ഉർദുവിൽ മാത്രം ഉപയോഗിച്ചിരുന്നതായതിനാൽ പൊതുവേ സ്വീകാര്യമായില്ല. ഹിന്ദുസ്ഥാനു വേണ്ടി ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും വലിയ വിഭാഗങ്ങൾ വാദിച്ചുവെന്നതാണ് രസകരം. ഹിന്ദുക്കളുടെ നാട് എന്ന അർഥത്തിലാണ് ഹിന്ദുത്വവാദികൾ അതിനെ കണ്ടതെങ്കിൽ, മുഗൾ ചക്രവർത്തിമാരുടെ കാലത്ത് പ്രചാരം ലഭിച്ച നാമമായാണ് മുസ്ലിംകൾ അതിനെ കണ്ടത്.

മുഗൾ-ബ്രിട്ടിഷ് കാലഘട്ടത്തിലാണ് ഹിന്ദുസ്ഥാൻ എന്ന വാക്ക് ഏതാണ്ട് ഔദ്യോഗികമായിത്തന്നെ ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ 18ാം നൂറ്റാണ്ടിലെ സൈനികരാഷ്ട്രീയ രേഖകൾ പരിശോധിച്ചാൽ ഉത്തരേന്ത്യയെ ആണ് ഹിന്ദുസ്ഥാൻ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന് മനസ്സിലാകും. ദക്ഷിണം, ദക്ഷൺ, ദക്കൺ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചുവന്ന ഡെക്കൺ എന്ന വാക്കാണ് ദക്ഷിണേന്ത്യയ്ക്കായി ഭരണകൂടം ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് മറാഠകൾക്കെതിരെ വടക്കേ ഇന്ത്യയിൽ നിന്ന് ജെറൾഡ് ലേക്ക് നയിച്ച പടയെ 'ആർമി ഓഫ് ഹിന്ദുസ്ഥാൻ' എന്നും ദക്ഷിണേന്ത്യയിൽ നിന്ന് വെല്ലസ്ലി നയിച്ച പടയെ 'ആർമി ഓഫ് ദ് ഡെക്കൺ' എന്നുമാണ് വിളിച്ചിരുന്നതെന്ന് കാണാം. ഏതായാലും ഹിന്ദുസ്ഥാൻ എന്ന വാക്ക് സ്വീകാര്യമാകാതിരിക്കാൻ ഈ വ്യത്യാസം തന്നെ കാരണങ്ങളിലൊന്നായി എന്നു കരുതാം. അതിനിടയിൽ ചില പ്രവിശ്യാ രാഷ്ട്രീയ സമിതികൾ ആ പേര് അവരുടേതായി ഉപയോഗിച്ചിരുന്നു താനും.

ഭാരത്, ഭാരതവർഷം എന്നീ വാക്കുകൾ പണ്ടുമുതലേ നിലനിന്നിരുന്നതാണെങ്കിലും പൗരാണികരേഖകളിൽ കണ്ടുതുടങ്ങിയത് ഒന്നാം നൂറ്റാണ്ടു മുതലാണ്. അതിനുമുമ്പ് ആര്യാവർത്തമെന്ന വാക്കാണ് മനുസ്മൃതിയിലും മറ്റും കാണുന്നത്. ഹിമാലയത്തിനും തെക്ക് മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശമായി വിഷ്ണുപുരാണത്തിലും മാർക്കണ്ഡേയ പുരാണത്തിലും ഭാരതത്തെ നിർവചിച്ചിട്ടുണ്ട്. ഭരണഘടന രൂപീകരണസമയമായപ്പോഴേക്കും ഹിന്ദുസ്ഥാൻ പൊതുവേ തിരസ്‌ക്കരിക്കപ്പെട്ടിരുന്നു. ഭാരതും ഇന്ത്യയും തമ്മിലായിരുന്നും മത്സരം.

അംബേദ്ക്കർ നയിച്ച ചർച്ചകൾ

ഇന്ന് പലരും കരുതുന്നതുപോലെ ചുമ്മാ ഒരു പേര് രാജ്യത്തിന് ഇടുകയായിരുന്നില്ല നമ്മുടെ ഭരണഘടനാശിൽപ്പികൾ ചെയ്തത്. കൂലങ്കഷമായ ചർച്ചക്ക് ഒടുവിലാണ് ഇന്ത്യ എന്ന പേര് തീരുമാനിക്കപ്പെട്ടത്. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിനായി ഭരണഘടനാ അസംബ്ലി രൂപീകരിച്ചിരുന്നു. ഭരണഘടനാ അസംബ്ലി ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ ഉയർന്നു. 1949 നവംബർ 18 ന് ഭരണഘടനാ അസംബ്ലി അംഗമായ എച്ച് വി കാമത്ത് ഇതുസംബന്ധിച്ച സംവാദത്തിന് തുടക്കമിട്ടു. രാജ്യത്തിന് ഇന്ത്യ, ഭാരത് എന്നീ രണ്ട് പേരുകൾ നൽകിക്കൊണ്ടാണ് അംബേദ്കർ കമ്മിറ്റിയുടെ കരട് രേഖ തയ്യാറായത്. ഈ രീതിയെ അദ്ദേഹം എതിർക്കുകയായിരുന്നു. ആർട്ടിക്കിൾ-1ൽ കാമത്ത് ഭേദഗതി നിർദ്ദേശിക്കുകയായിരുന്നു. 'ഇന്ത്യ അതാണ് ഭാരതം' എന്നാണ് ആർട്ടിക്കിൾ-1ൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ രാജ്യത്തിന് ഒരു പേര് മാത്രമേ ഉണ്ടാകാവൂ എന്ന് അദ്ദേഹം നിർദ്ദേശിച്ചു. 'ഹിന്ദുസ്ഥാൻ, ഹിന്ദ്, ഭാരതഭൂമി, ഭാരതവർഷ' തുടങ്ങിയ പേരുകൾ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.

അതേസമയം പേരിനെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ കാമത്ത് മാത്രമായിരുന്നില്ല. സേട്ട് ഗോവിന്ദ് ദാസിനെപ്പോലുള്ളവരും ഉണ്ടായിരുന്നു. 'ഇന്ത്യ അതായത് ഭാരത്' എന്നത് ഒരു രാജ്യത്തിന്റെയും പേരിന്റെ മനോഹരമായ രൂപമല്ലെന്ന് അദ്ദേഹം വാദിച്ചു. പകരം 'ഭാരത്, വിദേശരാജ്യങ്ങളിൽ ഇന്ത്യ എന്നും അറിയപ്പെടുന്നു' എന്നെഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. പുരാണങ്ങളും മഹാഭാരതവുമൊക്കെ അദ്ദേഹം തന്റെ വാദത്തിന് അനുബന്ധമായി പരാമർശിക്കുകയും ചെയ്തു. ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്ങിന്റെ രചനകൾ ഉദ്ധരിച്ചുകൊണ്ട്, രാജ്യത്തിന്റെ യഥാർത്ഥ പേര് 'ഭാരത്' എന്നാണെന്ന് അദ്ദേഹം ആവർത്തിച്ചു.

'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയതെന്ന് മഹാത്മാഗാന്ധിയെ പരാമർശിച്ച് ദാസ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുകൂടിയാണ് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമശന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ ചർച്ചയ്ക്കിടെ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ഭരണഘടനാ അസംബ്ലി അംഗം കെ വി റാവു രണ്ട് പേരുകൾക്കെതിരെയും എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തി. സിന്ധു നദി പാക്കിസ്ഥാനിലായതിനാൽ പാക്കിസ്ഥാന്റെ പേര് 'ഹിന്ദുസ്ഥാൻ' എന്നായിരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ബിഎം ഗുപ്ത, ശ്രീറാം സഹായ്, കമലാപതി ത്രിപാഠി, ഹർ ഗോവിന്ദ് പന്ത് തുടങ്ങിയ അംഗങ്ങൾ രാജ്യത്തിന് ഇന്ത്യ എന്ന് പേരിടുന്നതിനെ പിന്തുണച്ചു. അന്ന് കമലാപതി ത്രിപാഠിയും ഡോ. ബിആർ.അംബേദ്കറും തമ്മിൽ രാജ്യത്തിന്റെ പേരിനെ ചൊല്ലി ചൂടേറിയ വാഗ്വാദവും നടന്നു.

ആയിരക്കണക്കിന് വർഷങ്ങളായി രാജ്യം അടിമത്തത്തിലായിരുന്നുവെന്ന് ത്രിപാഠി വ്യക്തമാക്കി. ഇപ്പോൾ ഈ സ്വതന്ത്ര രാജ്യത്തിന് അതിന്റെ പേര് വീണ്ടും ലഭിക്കുകയാണ്. ഈ സമയം അംബേദ്കർ ഇടയ്ക്കു കയറി. 'ഇതെല്ലാം ആവശ്യമാണോ?' എന്നദേഹം ചോദിച്ചു. അതേസമയം ഈ ചർച്ചകളശാന്നും കാര്യമായ ഫലം നൽകിയില്ലെന്നുള്ളതാണ് വസ്തുത. ഭേദഗതികൾക്കായി വോട്ടെടുപ്പ് നടന്നപ്പോൾ, ഈ നിർദ്ദേശങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. അവസാനം ആർട്ടിക്കിൾ 1 മാത്രം ഭേദഗതിയില്ലാതെ തുടർന്നു. അങ്ങനെ 'ഭാരതം എന്ന ഇന്ത്യ' നിലനിൽക്കുകയും ചെയ്തു.

'പീഡനം ഭാരതത്തിലില്ല, ഇന്ത്യയിൽ മാത്രം'

ഇതൊക്കെയാണെങ്കിലും ഇന്ത്യയും ഭാരതും വ്യത്യസ്തമാണെന്നാണ് സംഘപരിവാർ വാദം. ഭാരതെന്നത് ദേശത്തിന്റെ ഉദാത്ത സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ഇന്ത്യ എന്നത് ആധുനികതയുടെ കളങ്കം പേറുന്ന പദമാണെന്നും കരുതുന്നവരുണ്ട്. ഡൽഹിയിൽ 2012ൽ നാടിന്റെ മനസ്സാക്ഷിയെ നടുക്കിയ പീഡനക്കൊലപാതകം ഉണ്ടായ സമയത്ത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞത് ഇങ്ങനെയായിരുന്നു 'ഇത്തരം കുറ്റങ്ങൾ ഭാരതത്തിൽ നടക്കാറില്ല, ഇന്ത്യയിൽ വളരെയധികം നടക്കുന്നു' എന്നാണ്!

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യത്തിനെ ഏറെക്കാലം പഴക്കമുള്ളതാണ്. ബിജെപി മാത്രമല്ല, കോൺഗ്രസും ഇതിന് പിന്നിലുണ്ടായിരുന്നുവെന്നതാണ് രസകരം. 2010ലും 2012ലും കോൺഗ്രസ് എംപി ശാന്താറാം നായിക് ഈ ആവശ്യം ഉന്നയിച്ച് രണ്ട് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു. ഇതിൽ ഇന്ത്യ എന്ന വാക്ക് ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. 2015ൽ യോഗി ആദിത്യനാഥ് ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ഇതിൽ ഭരണഘടനയിലെ 'ഇന്ത്യയെന്ന ഭാരതം' എന്ന വാക്കിന് പകരം 'ഭാരതമെന്ന ഹിന്ദുസ്ഥാൻ' എന്ന പേരാണ് അദ്ദേഹം നിർദ്ദേശിച്ചത്.

രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രം നിലനിർത്തണമെന്ന ആവശ്യവും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്. 2016 മാർച്ചിൽ, രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിന് പകരം 'ഭാരതം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ആ സമയത്ത് അന്നത്തെ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. 'ഭാരതമോ ഇന്ത്യയോ... നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കൂ. ഭാരതമെന്ന് വേണ്ടവർ അങ്ങനെ വിളിക്കട്ടെ. ഇന്ത്യയെന്നു വേണ്ടവർ അങ്ങനെ വിളിക്കട്ടെന്ത

നാല് വർഷത്തിന് ശേഷം, 2020 ൽ, സമാനമായ ഒരു ഹർജി വീണ്ടും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടു. ഈ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഹർജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞിരുന്നു, 'ഭാരതം, ഇന്ത്യ എന്നീ രണ്ട് പേരുകളും ഭരണഘടനയിൽ നൽകിയിരിക്കുന്നു. ഈ രാജ്യത്തെ ഭരണഘടനയിൽ ഇന്ത്യ എന്ന പേരുണ്ട്. ഭാരതവും ഉണ്ട്''- ഇങ്ങനെയാണ് ബോബ്‌ഡെയുടെ വിധി പ്രസ്താവം. ഇതെല്ലാം കഴിഞ്ഞാട്ടാണ് ഇപ്പോൾ വീണ്ടും ഭാരതവിവാദം പൊടിതട്ടിയെടുത്തിരിക്കുന്നത്.

2022 ഡിസംബറിൽ ലോക്സഭയിൽ രാജ്യത്തിന്റെ പേര് ഭാരത് വർഷ എന്ന് മാറ്റണമെന്ന് ഗുജറാത്തിലെ ആനന്ദിൽ നിന്നുള്ള ബിജെപി അംഗം മിതേഷ് പട്ടേൽ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നൽകിയ ഇന്ത്യ എന്ന പേര് അടിമത്ത കാലത്തെ ഓർമിപ്പിക്കുന്നതാണെന്നാണ് മിതേഷ് പട്ടേൽ പറഞ്ഞത്.

ഒരു മാസം മുൻപ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഇന്ത്യക്കു പകരം ഭാരത് എന്നുപയോഗിക്കണമെന്നു ജനങ്ങളെ ഉപദേശിച്ചതാണ് നിർണ്ണായകം. പേരുമാറ്റ നിർദ്ദേശം വന്നത് കൃത്യമായ ആർഎസ്എസ് അജണ്ടയാണെന്ന് കോൺഗ്രസ് ആരോപിച്ചത് ഇതിന്റെ ചുവടുപിടിച്ചാണ്.

പേരു മാറ്റം എളുപ്പമല്ല

ഭരണഘടനയുടെ ആർട്ടിക്കിൾ 1 പറയുന്നൊരു സംഗതിയുണ്ട്. 'ഇന്ത്യ, അതാണ് ഭാരതം, അത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.' അതായത് ആർട്ടിക്കിൾ-1 'ഇന്ത്യ'യ്ക്കും 'ഭാരത'ത്തിനും അംഗീകാരം നൽകുന്നു എന്നുള്ളത് വ്യക്തം.
ഇനി രാജ്യത്തിന് 'ഇന്ത്യ' എന്ന് പേരിടണമെങ്കിൽ കേന്ദ്രസർക്കാരിന് ആർട്ടിക്കിൾ-1 ഭേദഗതി ചെയ്യാനുള്ള ബിൽ കൊണ്ടുവരേണ്ടി വരും.

ആർട്ടിക്കിൾ 368 ഭരണഘടനാ ഭേദഗതി അനുവദിക്കുന്നുണ്ട്. കേവലഭൂരിപക്ഷം അതായത് 50 ശതമാനം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ചില ഭേദഗതികൾ വരുത്താനാകും. അതേസമയം ചില ഭേദഗതികൾക്ക് 66 ശതമാനം ഭൂരിപക്ഷം അതായത് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ആർട്ടിക്കിൾ ഒന്ന് ഭേദഗതി ചെയ്യണമെങ്കിൽ കേന്ദ്ര സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നുള്ളത് വ്യക്തം.

നിലവിൽ 539 എംപിമാരാണ് ലോക്സഭയിലുള്ളത്. അതിനാൽ ആർട്ടിക്കിൾ 1 ഭേദഗതി ചെയ്യാനുള്ള ബിൽ പാസാക്കണമെങ്കിൽ 356 എംപിമാരുടെ പിന്തുണ വേണ്ടിവരും. അതുപോലെ, രാജ്യസഭയിൽ 238 എംപിമാരുണ്ട്. അവിടെ ബിൽ പാസാക്കാൻ 157 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.നിലവിലുള്ള സാഹചര്യത്തിൽ ബിജെപിക്ക് ഇത് അത്ര എളുപ്പമല്ല. രാജ്യസഭ കടക്കുക എന്നത് ബിജെപിയുടെ മുന്നിലുള്ള വലിയ കടമ്പയാണ്. മാത്രമല്ല, എൻഡിഎയുടെ മറ്റ് ഘടകകക്ഷികളും ഈ ധൃതിപിടിച്ച പേരുമാറ്റത്തെ എങ്ങനെ വിലയിരുത്തും എന്നതും വ്യക്തമല്ല. പക്ഷേ രാഷട്രീയമായി ഇത് ബിജെപിക്ക് ഗുണം ചെയ്യും. ഉത്തരേന്ത്യയിൽ ദേശീയതയിൽ ചാലിച്ച ഹൈന്ദവ വികാരം, അതിശക്തമായ ഉയർത്തിവിടാൻ പാർട്ടിക്ക് കഴിയുമെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വന്ന ശേഷം രാജ്യത്തു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളിൽ ഒന്നാണ് പേരുമാറ്റം .റോഡുകളുടെ, കെട്ടിടങ്ങളുടെ, സ്ഥാപനങ്ങളുടെ, പാർക്കുകളുടെ, റെയിൽവേ സ്റ്റേഷനുകളുടെ അങ്ങനെ പലതിന്റെയും പേരുകൾ കേന്ദ്ര സർക്കാർ മാറ്റി. കേന്ദ്രത്തിന്റെ ചുവടു പിടിച്ചു ചില സംസ്ഥാനങ്ങളും നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബ്രിട്ടീഷ് കാലത്തെ കൊളോണിയൽ പേരുകൾ മാറ്റി പുതിയ പേരുകൾ ഇടുന്ന ജോലി ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടങ്ങി വെച്ചിരുന്നു. തുടർന്നു വന്ന സർക്കാരുകളും അത് പിന്തുടർന്നു. കിങ്സ് വേ, രാജ് പഥ് ആയതും ക്വീൻസ് വേ, ജന പഥ് ആയതും അങ്ങനെയാണ്.

വൈസ്രോയിമാരുടെ പേരിൽ ഉണ്ടായിരുന്ന സ്ഥാപനങ്ങളും റോഡുകളും മഹാത്മാ ഗാന്ധി, നെഹ്റു, പട്ടേൽ, ആസാദ് തുടങ്ങിയവരുടെ പേരുകളിലേക്കു മാറ്റി. ബോംബെ മുംബൈയും കൽക്കത്ത കൊൽക്കത്തയും മദ്രാസ് ചെന്നൈയും ബാംഗ്ലൂർ ബെംഗളൂരുവും, കോയമ്പത്തൂർ കോവൈ ആയിട്ടു അധിക കാലം ആയിട്ടില്ല. ഇതൊക്കെ സഹിക്കാം. പക്ഷേ അലഹാബാദിനെ പ്രയാഗ് എന്നാക്കിയത് കുറിച്ച് കടുപ്പമായിപ്പോയി. ട്രെയിൽ യാത്രയിലൊക്കെ വഴി തെറ്റിപ്പോകുന്ന രീതിയിൽ ആ നഗരവുമായി ഒരു ബന്ധവുമില്ലാത്ത പേരിട്ടത് കുറച്ചൊന്നുമല്ല ജനത്തെ വലച്ചത്. 2022 വരെ 57 നഗരങ്ങളുടെയും 9 സംസ്ഥാനങ്ങളുടെയും പേരുകൾ മാറ്റിയതായാണ് വിവരം. അങ്ങനെ പേരുമാറ്റി പേരുമാറ്റി ഇപ്പോൾ രാജ്യത്തിന്റെ തന്നെ പേര് മാറ്റുകയാണ്.

ഇന്ത്യ സഖ്യത്തെ പേടിച്ച് ഉണ്ടാക്കിയതോ?

അതിനിടെ പുതുതായി പ്രഖ്യാപിച്ച പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ പേടിച്ചാണ് ഈ പേരുമാറ്റമെന്നും വ്യാപകമായ വിമർശനമുണ്ട്. 'ഇന്ത്യ'യെന്ന പേരിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആദ്യം കുഴപ്പം പറഞ്ഞത്. 'ഇന്ത്യ'ക്കാർ ബെംഗളൂരുവിൽ സമ്മേളിച്ചപ്പോൾ ബിജെപി ഡൽഹിയിൽ ദേശീയ ജനാധിപത്യ സഖ്യ യോഗം ചേർന്നു; 'ഇന്ത്യ' മുംബൈയിലെത്തിയപ്പോൾ കേന്ദ്രം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചു. 'ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്' എന്ന പല കാലങ്ങളിലായി പല തവണ ചർച്ച ചെയ്ത വിഷയവും എടുത്തിട്ടു. പൊതുതിരഞ്ഞെടുപ്പിലെ ഏറ്റുമുട്ടൽ 'ഇന്ത്യ'യും 'ഭാരത'വും തമ്മിലാണ് എന്ന സ്ഥിതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

മുംബൈയിൽ രാഹുൽ ഗാന്ധി പറഞ്ഞതനുസരിച്ചാണെങ്കിൽ ഏറ്റുമുട്ടൽ 'ഇന്ത്യ'യും മോദിയുടെ പ്രതിഛായയും തമ്മിലാണ്. അഴിമതിക്കാരനല്ലെന്ന മോദിയുടെ പ്രതിഛായ തകർക്കണമെന്നാണ് രാഹുലിന്റെ ആഹ്വാനം. മോദിയുടെ അദാനിസൗഹൃദം മാത്രമല്ല, 2019ൽ ഉന്നയിച്ചിട്ടു ഫലം കാണാതെപോയ റഫാൽ അഴിമതിയാരോപണവും രാഹുലിന്റെ പട്ടികയിലുണ്ട്. അജൻഡയില്ലാത്തവരാണ് 'ഇന്ത്യ'യെന്നു ബിജെപി ആരോപിക്കുമ്പോൾ, മോദി ഭരണം അവസാനിപ്പിക്കുകയെന്നതാണ് അജൻഡയെന്ന് 'ഇന്ത്യ'ക്കാർ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അജൻഡ മാത്രമേ ഇതുവരെ വ്യക്തമായിട്ടുള്ളൂ എന്നു വേണമെങ്കിൽ ബിജെപിക്കു പറയാം. മോദിയെ താഴെയിറക്കിയശേഷം എന്തെന്നത് സങ്കീർണമായ സംഗതിയാണ്. ഇന്ദിരാഗാന്ധിയെ താഴെയിറക്കിയശേഷം എന്തെന്നതിൽ ജനതാ പരിവാരത്തിനു വ്യക്തതയില്ലായിരുന്നുവെന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു.

പക്ഷേ, ജനതാക്കാലത്തെക്കാൾ ഇരട്ടിയിലധികം പാർട്ടികളുള്ള പ്രതിപക്ഷ മുന്നണി യാഥാർഥ്യബോധത്തോടെ പെരുമാറുന്നുവെന്നതിന്റെ തെളിവാണ് ഒരുമിച്ചു നിൽക്കണമെന്ന തോന്നൽ. വൈകിയാണ് അതുണ്ടായതെങ്കിലും. രാജ്യത്തെ 60 ശതമാനം ജനങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്നു രാഹുൽ ഗാന്ധി പറയുന്നത് ബിജെപിക്ക് 2019ൽ ലഭിച്ച 37.7 ശതമാനമെന്ന വോട്ടെന്ന കണക്കുവച്ചാണ്. പക്ഷേ, ബിജെപിക്കു കിട്ടാതിരുന്ന വോട്ടെല്ലാം പ്രതിപക്ഷത്തിനുള്ളതാണെന്നു കരുതുന്നതു ശരിയാവണമെന്നില്ല. പക്ഷേ എന്തൊക്കെപ്പറഞ്ഞാലും, പുതിയ പ്രതിപക്ഷ സഖ്യം ബിജെപിയെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നത് എന്നത് സത്യമാണ്.

ഇപ്പോൾ ധൃതിപിടിച്ച് രാജ്യത്തിന്റെ പേരുമാറ്റുന്നത് ഇന്ത്യാ സഖ്യത്തെ പേടിച്ചുതന്നെയാന്നെന്നാണ് ആരോപണം. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇങ്ങനെ പറയുന്നു. ''പ്രതിപക്ഷ നിരയിലെ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ബിജെപി ഇന്ത്യ എന്ന ഒറ്റപ്പേരു കൊണ്ട് തന്നെ പരിഭ്രാന്തിയിലായി. ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി, 9 വർഷത്തിനു ശേഷം നമുക്കു നൽകുന്നത് ഒരു പേരുമാറ്റം മാത്രമാണ്''. ഒരു പരിധികൂടി കടന്ന് പറയുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ' ഞങ്ങൾ പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാൽ, രാജ്യത്തിന്റെ പേര്് ബിജെപി എന്നാക്കുമോ'- സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കയാണ് കെജ്രിവാളിന്റെ ഈ പരിഹാസം. എന്നാൽ, ഭാരത് ജോഡോ യാത്ര നടത്തിയവർക്ക് ഭാരത് എന്ന പേരിനോട് എന്തിനാണ് ഇത്ര അലർജി എന്ന് ബിജെപി അധ്യക്ഷൻ ജെ ബിപി നദ്ദ ചോദിക്കുന്നു.

നോട്ട് നിരോധനം പോലെയാവുമോ?

അതിനിടെ രാജ്യത്തിന്റെ പേര് മാറ്റുന്നത് അതിഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്നും വിമർശനമുണ്ട്. പേരുമാറ്റം നിലവിൽ വന്നാൽ ആധാറും പാസ്പോർട്ടുമടക്കമുള്ള എത്ര കാര്യങ്ങളിലാണ് മാറ്റം വേണ്ടി വരിക. എത്ര കോടി രൂപയായും ഇതിനായി ചെലവിടേണ്ടിവരിക. നിലവിൽ രാജ്യത്തിന്റെ കറൻസികളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെന്നും, ആധാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയെന്നും, പാസ്പോർട്ടിൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയെന്നും, വോട്ടർ ഇലക്ഷൻ കാർഡിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നുമാണുള്ളത്. ഇതൊക്കെ മാറ്റുക എന്നത് എത്ര ശ്രമകരമായ പരിപാടിയാണ്. ബയോമെട്രിക്ക് രീതിയിൽ സെറ്റ് ചെയ്ത വെച്ചതിനാൽ ഇത്തരം രേഖകളിലെ തകരാറുകൊണ്ട് നെറ്റ്‌വർക്ക് മൊത്തം കുഴഞ്ഞു മറിയുന്നതും സാധ്യതയുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോട്ട് നിരോധത്തിന് സമാനമായ ദുരിതമാണ് പേരുമാറ്റം ഉണ്ടാക്കുന്ന എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇനി കുഴപ്പങ്ങൾ ഒന്നുമില്ലാതെ കോടികൾ ചെലവിട്ട് ഇവിയൈാക്കെ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി എന്ന് കരുതുക. എന്നിട്ട് അതുകൊണ്ട് എന്ത് ഗുണമാണ് കിട്ടുന്നത്. ചിലർക്ക് മാനസികമായ ഒരു കുളിര് ഉണ്ടാവും എന്നല്ലാതെ രാജ്യത്ത് എല്ലാം പഴയ പടിയല്ലേ പ്രവർത്തിക്കുക. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ആദ്യം ചോദിച്ചത് വില്യം ഷേക്‌സ്പിയറാണ്. റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിലാണ് ഈ ചോദ്യം വന്നത്. റോസാപ്പൂവിനെ മറ്റെന്തു പേരിട്ടു വിളിച്ചാലും അതിനു സുഗന്ധം ഉണ്ടാകുമല്ലോ എന്നാണ് നാടകത്തിൽ നായിക ജൂലിയറ്റ് പറഞ്ഞത്. പേരിലല്ലല്ലോ, ഗുണത്തിലാണ് കാര്യം. ഇന്ത്യയെന്ന് വിളിച്ചാലും ഭാരതം എന്ന് വിളിച്ചാലും നാം നാം തന്നെയാണ്. പിന്നെയെന്തിനാണ് ഇങ്ങനെ കോടികൾ മുടിക്കുന്നത് എന്ന് ചോദ്യം മാത്രം അപ്പോഴും ബാക്കിയാവുന്നു. ഏതായാലും രാജ്യം നേരിടുന്ന നിരവധി സങ്കീർണ പ്രശ്‌നങ്ങൾ ഈ പേരുമാറ്റത്തിൽ മുങ്ങിപ്പോകുമെന്നുറപ്പ്.

വാൽക്കഷ്ണം: കാലത്തിന്റെ കോമഡികൾ നോക്കണം. 2004ൽ ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഭരണഘടനയിൽ ഭാരതെന്ന പേര് ആദ്യവും ഇന്ത്യയെന്നതു രണ്ടാമതുമാക്കി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയിലെ 'ഇന്ത്യ അതായത് ഭാരത്' എന്നതു 'ഭാരത് അതായത് ഇന്ത്യ' എന്നു മാറ്റാനാണ് അന്നത്തെ മുഖ്യമന്ത്രി മുലായം സിങ് യാദവ് അവതരിപ്പിച്ച പ്രമേയം ശുപാർശ ചെയ്തത്. അന്നു പ്രതിപക്ഷമായിരുന്ന ബിജെപി പ്രമേയം പാസാക്കും മുൻപേ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകായിരുന്നു. ഇപ്പോൾ അതേ ബിജെപി രാജ്യത്തിന്റെ പേരുതന്നെ ഭാരത് ആക്കാൻ ഒരുങ്ങുന്നു!