''പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാക്കിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്. യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുക?''- യുഎഇ സന്ദർശനത്തിനിടെ അൽ അറബിയ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറയുന്ന വാക്കുകളാണിത്. ''ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്. ഇന്ത്യ ചർച്ചക്ക് തയ്യാറാവണം''- ഷഹബാസ് കൂട്ടിച്ചേർത്തു. പക്ഷേ പറഞ്ഞ് സെക്കൻഡുകൾക്കുള്ളിൽ ഈ വിഷയം വിവാദമായി. അതോടെ പാക്ക് പ്രധാനമന്ത്രിക്ക് മലക്കം മറിയേണ്ടിയും വന്നു.

ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥന അദ്ദേഹം തിരുത്തി. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ചർച്ചക്ക് തയ്യാറെന്ന ഷരീഫിന്റെ പ്രസ്താവനക്കെതിരെ ഇമ്രാൻ ഖാന്റെ പാർട്ടി രംഗത്ത് വന്നിരുന്നു. പക്ഷേ പാക്കിസ്ഥാന്റെ നാളിതുവരെയുള്ള ആഭ്യന്തര രാഷ്ട്രീയത്തിൽനിന്നുള്ള ഒരു യു ടേൺ എടുക്കയാണ് ഷരീഫിന്റെ വാക്കുകളിൽ കണ്ടത്. പാക്കിസ്ഥാനിൽ എക്കാലവും നല്ല ചെലവുള്ള സാധനമാണ് ഇന്ത്യാ വിരുദ്ധത. അതിന്റെ പേരിൽ മാത്രമാണ് അവിടെ പല നേതാക്കളും പിടിച്ച് നിന്നതും. ഭൂട്ടോയും, സിയാവുൽഹഖും, ബേനസീറുമൊക്കെ ഉദാഹരണം. പക്ഷേ ഷഹബാസ് ഷെരീഫ് അതിനിന്ന് വ്യത്യസ്തനായി ഇന്ത്യയുടെ സൗഹൃദം ആഗ്രഹിക്കുന്നു. ഇത് പക്ഷേ പാക്കിസ്ഥാന് പെട്ടന്നുണ്ടായ വിശാല മനസ്‌ക്കതകൊണ്ട് മാത്രമല്ല. അവരുടെ ഗതികേട് കൊണ്ട് കുടിയാണ്്.

പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാക്കിസ്ഥാനെ അടിമുടി ഉല്ക്കുയാണ്. ഗോതമ്പിനും അരിക്കും വേണ്ടി ജനം കൊള്ള നടത്തുന്നു എന്നൊക്കെയാണ് ഇപ്പോൾ അവിടെ നിന്ന് വാർത്തകൾ പുറത്തുവരുന്നത്. ഇനി വെറും ഒരു മാസത്തേക്ക് സാധനങ്ങൾ വാങ്ങാനുള്ള കരുതൽ ധനമാണ് രാജ്യത്തിന് ബാക്കിയുള്ളത്. ഒരേ ദിവസം സ്വാതന്ത്ര്യം കിട്ടിയവരിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ, പാക്കിസ്ഥാൻ ശ്രീലങ്കക്ക് സമാനമായ തകർച്ച നേരിടുകയാണ്. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാഠം പഠിച്ചുവെന്ന പാക്് പ്രധാനമന്ത്രിയുടെ വാക്കുകൾ ഈ അവസ്ഥവച്ചാണ് വായിക്കേണ്ടത്. ഇന്ത്യയുമായി മുട്ടിയപ്പോൾ ഒക്കെ തോറ്റ് തുന്നം പാടിയ അനുഭവമാണ് പാക്കിസ്ഥാനുള്ളത്. ഇന്ന് ആണവ ശക്തിമാത്രമല്ല, ലോകത്തിലെ അഞ്ചാമത്തെ സൈനിക ശക്തികൂടിയാണ് ഇന്ത്യ.

രാജ്യം പിറന്നു വീണത് യുദ്ധത്തിലേക്ക്

ഇസ്രയേലിനെപ്പോലെ ചോരയിൽ പിറന്നുവീണ രാജ്യമായിരുന്നു ഇന്ത്യയും. വർഗീയകലാപങ്ങളുടെ ചോരപ്പുഴ കണ്ട ഈ രാജ്യത്തിന് വൈകാതെ ആദ്യത്തെ യുദ്ധവും ഉണ്ടായി. 1947-48ലുണ്ടായ യുദ്ധത്തെ ഇന്ത്യാ പാക് യുദ്ധങ്ങളുടെ മാതാവ് എന്നുവിളിക്കാം. കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണമെന്നായിരുന്നു മുഹമ്മദലി ജിന്നയുടെ ആഗ്രഹം. എന്നാൽ, കാശ്മീർ ഭരിച്ചിരുന്ന ഹരിസിങ് രാജാവ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാൻ തയ്യാറാകാതെ സ്വതന്ത്ര നിലപാടെടുത്തു. കാശ്മീർ പിടിച്ചടക്കാൻ പാക് ഭരണാധികാരികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് 1947 ഒക്ടോബർ 22ന് പഖ്തൂൺ ഗോത്രവർഗക്കാരെ മുന്നിൽനിർത്തി കാശമീർ ആക്രമിച്ചത്. ഹരിസിങ് ഇന്ത്യാ ഗവൺമെന്റിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും കാശ്മീർ ആദ്യം ഇന്ത്യയിൽ ലയിക്കട്ടെ, എന്നിട്ട് സഹായിക്കാം എന്ന് കേന്ദ്രമന്ത്രിസഭയുടെ പ്രതിരോധ ഉപസമിതി ചെയർമാൻ മൗണ്ട് ബാറ്റൺ നിലപാടെടുത്തു.

ഒക്ടോബർ 26നാണ് ഹരിസിങ് രാജാവ് ഇന്ത്യയുമായുള്ള ലയന കരാറിൽ ഒപ്പിട്ടത്. 23ന് മുസാഫറാബാദ് കീഴടക്കിയശേഷം ബാരാമുള്ള നഗരത്തിൽ പ്രവേശിച്ച പാക് സൈന്യവും ഗോത്രവർഗക്കാരും അവിടമാകെ തകർത്തു. നവംബർ 13ന് ഇന്ത്യൻ സൈന്യം ഉറിയും 17ന് ബാരാമുള്ളയും തിരിച്ചുപിടിച്ചു. 25ന് ജമ്മുമേഖലയിലെ മിർപുർ ഇന്ത്യക്ക് നഷ്ടമായി. 26ന് കോട്‌ലി തിരിച്ചുപിടിച്ചെങ്കിലും 28ന് വീണ്ടും പാക്കിസ്ഥാന്റെ കൈയിലായി. 1948 ജനുവരിയിൽ മൗണ്ട് ബാറ്റന്റെ നിർദ്ദേശപ്രകാരം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. എങ്കിലും യുദ്ധം തുടർന്നു.

1949 ജനുവരി ഒന്നിന് ഐക്യരാഷ്ട്രസഭയുടെ വെടിനിർത്തൽ നിലവിൽ വന്നു. ഇന്ത്യ തിരിച്ചുപിടിച്ച നിരവധി സ്ഥലങ്ങൾ പാക്കിസ്ഥാന് വിട്ടുകൊടുക്കാൻ സമ്മതിച്ചായിരുന്നു വെടിനിർത്തൽ. മൗണ്ട് ബാറ്റന്റെ സമ്മർദത്തെതുടർന്നായിരുന്നു ഇത്. 78,932 ചതുരശ്ര കിലോമീറ്റർ പാക്കിസ്ഥാന്റെ കൈവശമായി. 750 കിലോമീറ്റർ ജമ്മു കശ്മീരിന്റെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ നിയന്ത്രണരേഖ വന്നു. ഗിൽജിത്, ജമ്മുമേഖലയിലെ മിർപുർ, കോട്‌ലി പ്രദേശങ്ങൾ പൂർണമായും പൂഞ്ച് ജില്ലയുടെ ഒരു ഭാഗവും പാക്കിസ്ഥാന്റെ കൈയിലായി. ജമ്മു, കത്വ, അനന്തനാഗ് ജില്ലകൾ പൂർണമായും ഇന്ത്യയുടെ കൈവശത്തിലെത്തി. സമാധാനം നിലനിർത്തുന്നതിനായ ഇന്ത്യ തങ്ങൾ പിടിച്ച പ്രദേശങ്ങൾ വിട്ടുകൊടുത്തു. എന്നാൽ പാക്കിസ്ഥാൻ സൈന്യം കൈയേറിയവ ആസാദ് കാശ്മീരായി തുടരുന്നു.

1100 ഇന്ത്യൻ സൈനികരും 1990 പാക്കിസ്ഥാൻ സൈനികരുമാണ് യുദ്ധത്തിൽ മരിച്ചത്. ഇന്ത്യയേക്കാൾ 800 പേർ അധികം മരിച്ചുവെന്ന് മാത്രമല്ല, കനത്ത നഷ്ടവും പാക്കിസ്ഥാനുണ്ടായി. പക്ഷേ ഇത് ഇപ്പോഴും സമ്മതിക്കാൻ പാക്കിസ്ഥാൻ 48ലെ യുദ്ധത്തിൽ തങ്ങൾ ജയിച്ചുവെന്നാണ് പാക്കിസ്ഥാനിലെ മിലിട്ടറി സാഹിത്യത്തിൽ ഇപ്പോഴും കാണുക.

ശാസ്ത്രി ഹീറോയായ 1965ലെ യുദ്ധം

പിന്നീട് ഇന്ത്യാ-പാക്ക് യുദ്ധം ഉണ്ടാവുന്നത് 1965ലാണ്. അന്നത്തെ സാഹചര്യത്തിൽ മാനസികമായി ഇന്ത്യ തകർന്ന് നിൽക്കയായിരുന്നു. കാരണം 62ലെ ചൈനാ യുദ്ധത്തിൽ ഏറ്റെ ദയനീയ തോൽവിമൂലം രാജ്യത്തിന്റെ അഭിമാനത്തിന് ഏറ്റ പരിക്ക് വളരെ വലുതായിരുന്നു. അതിൽ ഹൃദയം പൊട്ടിയെന്നോണമുള്ള നെഹ്റുവിന്റെ മരണവും. തുടർന്ന് പുറമേക്ക് ദുർബലൻ എന്ന് തോന്നിപ്പിക്കുന്ന ലാൽ ബഹാദുർ ശാസ്ത്രയാണ്് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. അപ്പുറത്ത് പാക്കിസ്ഥാനിലാവട്ടെ ആജാഹബാഹുവായ സൈനികക മേധാവി അയൂബ് ഖാൻ ആണ് അധികാരത്തിൽ. ശാസ്ത്രിയെ ചൂണ്ടലി എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ലാളിത്യത്തിന്റെ പ്രതിരൂപമായ പ്രധാനമന്ത്രിയായിരുന്നു ശാസ്ത്രി. അതോടെ രാഷ്ട്രീയമായും സൈനികമായും ഇന്ത്യ ദുർബലം ആണെന്നും, അടിക്കാൻ പറ്റിയ സന്ദർഭം ഇതാണെന്നും, പാക്കിസ്ഥാന് തോന്നി.

ഓപറേഷൻ ജിബ്രാൾട്ടർ എന്നാണ് പാക്കിസ്ഥാൻ ഈ പദ്ധതിക്ക് പേരിട്ടത്. നിയന്ത്രണരേഖയിലെ അഞ്ച് സ്ഥലങ്ങളിലൂടെ കശ്മീരിലേക്ക് പാക് സൈന്യം കടന്നുകയറി. ഓഗസ്റ്റ് 10ന് ശ്രീനഗറിനടുത്ത തംഗ്പുരിൽ പാക്കിസ്ഥാൻ ആക്രമണം നടത്തി. 15ന് ജമ്മുമേഖലയിലെ ചാമ്പിൽ സൈനിക ആയുധശാലയും ആക്രമിച്ചു. തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള. തിരിച്ചടിയായി പാക്കിസ്ഥാനുമായി പൂർണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ആണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള ഏറ്റവും വലിയ സേനാമുന്നേറ്റം നടന്നത്.

ഇന്ത്യയെ ദുർബലരായി കണ്ട പാക്കിസ്ഥാന് കനത്ത തിരിച്ചിടിയാണ് കിട്ടിയത്. ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും പ്രകടത്തിന്മുന്നിൽ അവർ സ്തംബ്ധരായിപ്പോയി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ തുരത്തി ഒരു വേള ലാഹോറിന് അടുത്തവരെ എത്തി. ആയിരക്കണക്കിന് പാക് സൈനികർ കൊല്ലപ്പെട്ടു. ഭാരതത്തിനും കനത്ത നാശനഷ്ടമുണ്ടായി. ഇതോടെയാണ് വെടി നിർത്തൽ ഉണ്ടായത്. ശാസ്ത്ര താൻ കരുതിയപോലെ ചുണ്ടലിയല്ല എന്ന് അയൂബ്ഖാന് ബോധ്യമായ നിമിഷം.

തുടർന്ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അമേരിക്കയും റഷ്യയും അടക്കമുള്ള ശക്തികളുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച താഷ്‌കന്റ് ഉടമ്പടിയോടെയാണ് വെടിനിർത്തൽ ഉണ്ടായത്. കാരാർ അനുസരിച്ച് ഇന്ത്യ പിടിച്ചെടുത്ത ഭാഗങ്ങൾ വിട്ടുകൊടുത്ത് ഇന്ത്യ വീണ്ടും മാന്യത കാട്ടി. പക്ഷേ ഇത് ഇന്ത്യയിൽ വലിയ ജനരോഷം ഉണ്ടാക്കി. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ, ഇക്കാരണത്താൽ ഭാര്യ സംസാരിക്കാൻപോലും കൂട്ടാക്കിയില്ല. താഷ്‌ക്കൻഡിൽ വെച്ച് വിജയശ്രീ ലാളിതനായി കരാർ ഒപ്പിട്ടതിന്റെ പിറ്റേന്നാണ് ശാസ്ത്രി മരിക്കുന്നത്. ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും ആ മരണത്തിന്റെ ദുരൂഹതകൾ ഇന്നും മാറിയിട്ടില്ല. പക്ഷേ പാക്കിസ്ഥാന്റെ അഭിമാനം പൊടിഞ്ഞുപോയ യുദ്ധമായിരുന്നു 65ലേത്.


13 ദിവസം കൊണ്ട് പുതിയ ഒരു രാജ്യം

ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാൻ ഉണ്ടായിട്ടും ബംഗാളിന്റെ കണ്ണീൽ തോർന്നിരുന്നില്ല. പാക്കിസ്ഥാനിൽ നിന്ന് കടുത്ത അവഗണയാണ് ബംഗ്ലാദേശ് എന്ന് വിളിക്കുന്ന കിഴക്കൻ പാക്കിസ്ഥാൻ നേരിട്ടത്. വൈകാതെ ആത് ആഭ്യന്തര യുദ്ധത്തിന് സമാനമായ അവസ്ഥയിലെത്തി.

ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട യുദ്ധം ഏതാണെന്ന് ചോദിച്ചാൽ, അത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ഒന്നുമല്ല. 1971ലെ ബംഗ്ലാദേശ് യുദ്ധമാണ്. ഇരച്ചുകയറിയ പാക്കിസ്ഥാൻ സൈന്യം കൊലയേക്കാൾ ഏറെ ലക്ഷ്യമിട്ടതുകൊള്ളയും ബലാത്സംഗവും ആയിരുന്നു. യഹ്യാഖാന്റെ സൈന്യം ന്യൂനപക്ഷങ്ങളായ ഹിന്ദു പരുഷന്മാരെ തെരഞ്ഞുപിടിച്ചാണ് കൊന്ന് കെട്ടിത്തൂക്കിയത്. സ്ത്രീകളെ ലൈംഗിക കളിപ്പാട്ടങ്ങളുമാക്കി. ലക്ഷക്കണക്കിന് ജനങ്ങൾ നിലവിളച്ചുകൊണ്ട് ഇന്ത്യയിലേക്ക് ഓടിയെത്തി.

ആ നിലവിളി കാണാതിരിക്കാൻ ഇന്ത്യക്കും ആയില്ല. ഇന്ദിരാഗാന്ധി ദുർഗായ നിമിഷം. ഇന്ത്യ ബംഗ്ലാദേശിലേക്ക് സേനയെ അയച്ചു. മനേക് ഷാ എന്ന യുദ്ധവീരനായ ജനറലിന്റെ മികവിൽ വെറും 13ദിവസം കൊണ്ട് പാക് പട്ടാളത്തെ തുരത്തി ഇന്ത്യൻ സൈന്യം ബംഗ്ലാദേശിനെ രക്ഷിച്ചു. ഒന്നും രണ്ടുമല്ല 93,000 പാക് പട്ടാളക്കാരാണ് അന്ന് ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ കീഴടങ്ങൽ. കഴിഞ്ഞവർഷം ലോകത്തിലെ ഏറ്റവും വലിയ സൈനിക വിജയങ്ങളെക്കുറിച്ച് ബി.ബി.സി എടുത്ത ഡോക്യുമെന്റിയിൽ രണ്ടാം സ്ഥാനം ബംഗ്ലാദേശ് യുദ്ധത്തിനായിരുന്നു. ഒന്നാമത് എത്തിയത് 1967ൽ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേനയെ വെറും ആറുദിവസം കൊണ്ട് ഇസ്രയേൽ കെട്ടുകെട്ടിച്ച യുദ്ധമായിരുന്നു!

1971ലെ ഇന്ത്യപാക്കിസ്ഥാൻ യുദ്ധത്തിൽ എല്ലാ അർഥത്തിലും ഇന്ത്യ സമ്പൂർണ വിജയം നേടി. കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങൾ വിമോചനവും സ്വതന്ത്രരാഷ്ട്രവും സ്വപ്നംകണ്ട് ഷേഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ വൻ ജനകീയ മുന്നേറ്റമൊരുക്കിയിരുന്നു. ഇത് മുക്തിബാഹിനി എന്ന ജനകീയസൈന്യം രൂപീകരിച്ച് പാക്കിസ്ഥാനുമായി നേരിട്ട് ഏറ്റുമുട്ടുന്നതിൽ കലാശിച്ചു. വൻതോതിലുണ്ടായ അഭയാർഥിപ്രവാഹവും അനുബന്ധപ്രശ്നങ്ങളും കാരണം ഇന്ത്യ ഇതിൽ ഇടപെട്ടു. മുക്തിബാഹിനിക്ക് ഇന്ത്യൻസൈന്യം പിന്തുണ നൽകി.

പടിഞ്ഞാറൻ പാക്കിസ്ഥാന് ഇന്ത്യ ആകാശമാർഗം നിഷേധിച്ചു. ശ്രീലങ്കവഴി വിമാനത്തിൽ ബംഗാൾ സമുദ്രത്തിനു മുകളിലൂടെയാണ് പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്ന് സൈന്യവും ഉദ്യോഗസ്ഥരും കിഴക്കൻ പാക്കിസ്ഥാനിലെത്തിയത്. 1971 ഡിസംബർ ഏഴുമുതൽ 17 വരെ നടന്ന യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങി. കിഴക്കൻ പാക്കിസ്ഥാൻ വിമോചിതമായി ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം പിറന്നു. ഇന്ദിര ദുർഗായ സമയം. 13 ദിവസം കൊണ്ട് ലോകഭൂപടത്തിൽ പുതിയൊരു രാജ്യമുഇന്ത്യ ലോകത്തെ ഞെട്ടിച്ച ദിവസം.


കരിയപ്പ: ഇന്ത്യയുടെ കരുത്ത്

ഇന്ത്യൻ സൈന്യത്തെ ഇത്ര സുശക്തവും സംഘടിതവുമാക്കിയതിന് പന്നിൽ നാം മറക്കാൻ കഴിയാത്ത വ്യക്തിയാണ് ഫീൽഡ് മാർഷൽ കരിയപ്പ.
സ്വാതന്ത്ര്യാനന്തരം സൈനികമായും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ ഭാഗം വെപ്പ് സംഭവിച്ചിരുന്നു. അന്ന് സൈനിക സ്വത്തുക്കളുടെ വിഭജനം ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ നടത്താൻ നിയോഗിക്കപ്പെട്ടയാൾ കരിയപ്പയായിരുന്നു. കരിയപ്പയുടെ നീതിബോധത്തിലുള്ള ഉന്നതമായ വിശ്വാസമാണ് ഇരുപക്ഷത്തിനും പരാതികളില്ലാതെ കഠിനമായ ആ ജോലിയും പൂർത്തിയാക്കാൻ സഹായിച്ചത്.

1947ൽ വിഭജനാന്തരം ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയുടെ പടിഞ്ഞാറൻ യുദ്ധമുന്നണിയെ മുന്നിൽ നിന്നു നയിച്ചത് കരിയപ്പയായിരുന്നു. ലേ ഇന്ത്യയുടെ ഭാഗമായ നിലനിർത്തിയതിലും സോജിലയും ദ്രാസും കാർഗിലും പിടിച്ചെടുത്ത് ലേയിലേക്കുള്ള ബന്ധം പുനഃസ്ഥാപിച്ചതും കരിയപ്പയിലെ ദീർഘദർശിയായിരുന്നു.

കർണാടകയിലെ കുടക് ജില്ലയിൽ 1899 ജനുവരി 28നാണ് കൊടൻഡേര മഡഗപ്പ കരിയപ്പയെന്ന കെ.എം. കരിയപ്പയുടെ ജനനം. കോളജ് വിദ്യാർത്ഥിയായിരിക്കെ തന്നെ 19ാം വയസിൽ ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ ചേർന്നു.പിന്നെ അദ്ദേഹം പടിപടിയായിവ ളർന്ന് സർവ സൈന്യാധിപൻ വരെ ആയി. ഇന്ത്യക്ക് ഫീൽഡ് മാർഷൽ കരിയപ്പ നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് തുടക്കം മുതലേ സൈന്യത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താനുള്ള നിർബന്ധ ബുദ്ധി കാണിച്ചുവെന്നതാണ്. എന്നാൽ പാക്കിസ്ഥാനിൽകാര്യങ്ങൾ തിരിച്ചായിരുന്നു..

1953 ൽ സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഇന്ത്യൻ സൈന്യം യുദ്ധത്തിനിറങ്ങുമ്പോഴെല്ലാം കരിയപ്പ പ്രചോദനവുമായി എത്തുമായിരുന്നു. 1962ലും 1965ലും 1971ലും യുദ്ധമുന്നണിയിലെ സൈനികർക്ക് വീര്യം പകരാൻ കരിയപ്പ നേരിട്ടെത്തിയിട്ടുണ്ട്. 1965ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ അദ്ദേഹത്തിന്റെ മകൻ നന്ദുവിനെ പാക്കിസ്ഥാൻ തടുവുകാരനാക്കി. വിവരങ്ങ അറിഞ്ഞ അന്നത്തെ പാക്ക് പ്രസിഡന്റ് അയൂബ് ഖാൻ തന്നെ കരിയപ്പയുമായി നേരിട്ട് ബന്ധപ്പെട്ടു.'യുദ്ധത്തടവുകാരായി പാക്കിസ്ഥാന്റെ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോൾ മാത്രം എന്റെ മകനേയും വിടുക' - അതായിരുന്നു കരിയപ്പയുടെ മറപടി. 1940കളിൽ അയൂബ്ഖാനും കരിയപ്പയും ഒന്നിച്ച് സൈനിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആ ബന്ധവും ബഹുമാനവും അയൂബ്ഖാന് അപ്പോഴും ഉണ്ടായിരുന്നു. 1965ലെ പാക്കിസ്ഥാൻ യുദ്ധത്തിൽ മകൻ പാക്ക് പട്ടാളത്തിന്റെ പിടിയിലായപ്പോഴും പതറാതിരുന്ന കരിയപ്പ യുദ്ധശേഷം അതിർത്തിയിലെ സൈനിക ക്യാംപുകൾ സന്ദർശിച്ചിരുന്നു.

രാജ്യം പരോന്നത സൈനിക ബഹുമിയായ ഫീൽഡ് മാർഷൽ പദവി 1986 ജനുവരി 15നാണ് കരിയപ്പക്ക് നൽകി ആദരിക്കുന്നത്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധകാലത്ത് ഇന്ത്യൻ സൈനിക മേധാവിയായിരുന്ന സാം മനേക്ഷായ്ക്ക് മാത്രമാണ് കരിയപ്പക്ക് പുറമേ ഫീൽഡ് മാർഷൽ പദവി ലഭിച്ചിട്ടുള്ളത്. 1993 മെയ് 15ന് തന്റെ 92ാം വയസിലാണ് കെ.എം. കരിയപ്പ വിടവാങ്ങുന്നത്. ഇന്ത്യൻ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നൽകിയ വ്യക്തിത്വമെന്ന നിലയിൽ കരിയപ്പ ഇന്നും സ്മരിക്കപ്പെടുന്നു.

സാം മനേക് ഷാ: ബംഗ്ലായുദ്ധവീരൻ

ബംഗ്ലാദേശ് യുദ്ധ വിജയത്തിൽ ഇന്ദിരക്കൊപ്പം അനുസ്മരിക്കപ്പെടണ്ടേ പേരാണ് ജനറൽ മനേക് ഷായുടേതും. 1971ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്തെ ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന മനേക് ഷാ. അഞ്ച് യുദ്ധങ്ങൾ കണ്ട, നാലുപതിറ്റാണ്ട് സൈനികസേവനം നടത്തിയ സാം ബഹാദൂർ എന്ന് വിളിപ്പേരുള്ള ഫീൽഡ് മാർഷൽ ഹോർമുസ്ജി ഫ്രാമ്ജി ജംഷഡ്ജി മനേക് ഷാ.

ഗുജറാത്ത് തീരത്തെ ചെറുപട്ടണമായ വൽസാദിൽ നിന്ന് പഞ്ചാബിലേക്ക് കുടിയേറിയ പാഴ്‌സികളായ ഡോക്ടർ ഹോർമുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി 1914 ഏപ്രിൽ 3ന് അമൃത്സറിലായിരുന്നു സാം ജനിച്ചത്. പഞ്ചാബിലും നൈനിറ്റാളിലെ ഷെർവുഡ് കോളേജിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, 15-ാം വയസ്സിൽ കേംബ്രിഡ്ജ് ബോർഡിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടിയ ശേഷം, ഗൈനക്കോളജിസ്റ്റാകാൻ തന്നെ ലണ്ടനിലേക്ക് അയയ്ക്കാൻ അദ്ദേഹം പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാൻ പ്രായമായില്ലെന്ന് പറഞ്ഞ് അച്ഛൻ സാമിന്റെ ആഗ്രഹം നിരസിച്ചു. പ്രായമാകുന്നതുവരെ പിതാവ് അവനെ അയയ്ക്കാൻ വിസമ്മതിച്ചപ്പോൾ, അതിന്റെ വാശിക്ക്, മനേക്ഷാ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) എന്റോൾ ചെയ്യുന്നതിനുള്ള പ്രവേശന പരീക്ഷ എഴുതി . അദ്ദേഹം വിജയിക്കുകയും. അങ്ങനെയാണ് അയാൾ ബ്രിട്ടീഷ് ഇന്ത്യയുടെ സൈന്യത്തിൽ ചേരുന്നത്. പിന്നെ പടിപടിയായി വളർന്ന് അദ്ദേഹം കരസേനാ മേധാവിവരെ ആയി.

1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് സൈന്യം സജ്ജമാണോയെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോൾ, അനവസരത്തിൽ ആക്രമിച്ചാൽ പരാജയമായിരിക്കും ഫലമെന്നായിരുന്നു മനേക് ഷായുടെ മറുപടി. ഒമ്പതുമാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക് ഷായുടെ പ്രശസ്തമായ ആ മറുപടി: ''ഐ ആം ആൾവേയ്സ് റെഡി സ്വീറ്റി''.മനേക് ഷായും വാക്കുപാലിച്ചു. 1971 ഡിസംബർ നാലിന് ബംഗ്ലാദേശ് യുദ്ധം തുടങ്ങി. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമ്മൂന്നാം നാൾ ധാക്കയിൽ ഇന്ത്യൻപതാക പാറിപ്പറന്നു. പാക്കിസ്ഥാനിൽനിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു. കീഴടങ്ങാൻ നിർദ്ദേശിച്ച്, പാക്കിസ്ഥാൻ സൈനികരോടുള്ള മനേക് ഷായുടെ സന്ദേശവും ഇതായിരുന്നു, ''എന്തിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തണം. നിങ്ങൾക്ക് വീടുകളിൽ തിരികെപ്പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ. ഒരു ഭടനുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുന്നതിൽ ഒരഭിമാനപ്രശ്‌നവുമില്ല. ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങൾക്ക് ലഭിക്കും''.

വിഭജന സമയത്ത് മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആർമിയുടെ 12-ാം ഫ്രണ്ടിയർ ഫോഴ്സ് റെജിമെന്റിന്റെ നാലാം ബറ്റാലിയൻ പൂർണമായും പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗമായിമാറി. പാക്കിസ്ഥാൻ ആർമിയിൽ തുടരണമെന്ന് മുഹമ്മദലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂർഖാ റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറാവുകയാണ് ചെയ്തത്. പാക്കിസ്ഥാൻ ആർമിയിലാണ് പോയിരുന്നതെങ്കിൽ എന്തുസംഭവിക്കുമായിരുന്നുവെന്ന് ഒരിക്കൽ മനേക് ഷായോട് ആരോ ചോദിച്ചു. 'എന്നാൽ, എല്ലാ യുദ്ധങ്ങളും പാക്കിസ്ഥാൻ ജയിക്കുമായിരുന്നു' എന്നായിരുന്നു മനേക് ഷായുടെ മറുപടി. പക്ഷേ ഇത് വ്യാജമാണെന്നും മനേക് ഷാ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

1973-ൽ വിരമിച്ചതിനുശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചത്. മനേക് ഷായെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിക്കാൻ ഇന്ദിരാഗാന്ധിക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എതിർപ്പുകൾ കാരണം നടന്നില്ല. ബ്രിട്ടീഷ് ഹൈക്കമ്മിഷണർ പദവി, ഗവർണർ പദവി തുടങ്ങിയവയൊക്കെ, വിരമിക്കുമ്പോൾ മനേക് ഷായെ തേടിവന്നുവെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചു. മനേക് ഷാ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും മാറിമാറിവന്ന സർക്കാരുകൾ ഫീൽഡ് മാർഷലിനോട് നീതി പുലർത്തിയില്ലെന്ന പരാതി സേനയിലെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരമിച്ച ശേഷമുള്ള 30 വർഷത്തെ ശമ്പളാനുകൂല്യങ്ങളുടെ കുടിശ്ശികയായ 1.3 കോടി രൂപയുടെ ചെക്ക് 2007 ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാം നേരിട്ട് വെല്ലിങ്ടണിലെത്തി കൈമാറുമ്പോൾ മനേക് ഷാ ശയ്യാവലംബിയായിരുന്നു. ചെക്കിൽ പണമുണ്ടാകുമോ എന്ന് നർമം വിതറാനും മറക്കാത്ത അദ്ദേഹം പിറ്റേവർഷം മരിക്കുകയും ചെയ്തു.

2008 ജൂൺ 27-ന് മനേക്ഷാ തമിഴ്‌നാട്ടിലെ ഊട്ടി വെല്ലിങ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിൽ 94-ാം വയസ്സിൽ മരണമടഞ്ഞത്. ന്യുമോണിയ ബാധിച്ച് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹവുമായുള്ള അനിഷ്ടം കാരണം ആകും ഒരു രാഷ്ട്രീയക്കാരനും അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് എത്തിയില്ല.ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചില്ല. ഊട്ടിയിലെ പാഴ്‌സി സെമിത്തേരിയിൽ മനേക് ഷാ അന്ത്യവിശ്രമം കൊള്ളുന്നു.

527 സൈനികരെ ബലി നൽകിയ കാർഗിൽ

1971നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പുർണ്ണമായും നേർക്കുനേർ വന്നില്ല. പക്ഷേ കാർഗിൽ യുദ്ധംപോലെ ചില ഭാഗിക യുദ്ധങ്ങൾ അന്നും ഉണ്ടായി.
1999ൽ കാർഗിൽ കേന്ദ്രമാക്കി നടന്ന നഴുഞ്ഞുകയറ്റം പാക് സൈനിക മേധാവിയായിരുന്ന പർവേസ് മുഷറഫ് തയ്യാറാക്കിയ ഓപ്പറേഷൻ ബദർ എന്ന പദ്ധതിയുടെ ഭാഗമായ ആക്രമണമായിരുന്നു. ശ്രീനഗർ-ലേ ദേശീയപാത പൂർണമായും കൈയടക്കുക, ടർടക് മേഖലവഴി സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പാക് പട്ടാളക്കാർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് പരിശോധിക്കാൻ ചെന്ന അഞ്ച് ഇന്ത്യൻ സൈനികരെ പാക് സേന വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കി. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. മെയ് പത്തിന് പാക്കിസ്ഥാൻ ഇന്ത്യയിൽ വൻ ഷെല്ലാക്രമണം നടത്തി. ആദ്യഘട്ടത്തിൽ പാക്കിസ്ഥാന്റെ വൻ തോതിലുള്ള ഈ നൂഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞിരുന്നില്ല. പക്ഷേ ആകാശ ക്യാമറകൾ വഴി ഇസ്രയേലാണ് ഈ വിഷയം ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തിയത്.

മെയ് 26നാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയത്. ജൂൺ ഒന്നിന് ശ്രീനഗർ ലേ ദേശീയപാതയിൽ പാക്കിസ്ഥാൻ ബോംബാക്രമണം നടത്തി. ജൂൺ ആറിന് ഇന്ത്യൻ കരസേന കനത്ത പ്രത്യാക്രമണം നടത്തി. 29ന് ടൈഗർ ഹിൽസിലെ പോയിന്റ് 5060, 5100 എന്നിവ ഇന്ത്യ തിരിച്ചുപിടിച്ചു. പോരാട്ടത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. മലയാളിയായ ക്യാപ്റ്റൻ വിക്രം, ക്യാപ്റ്റൻ അജിത് കാലിയ, ലീഡർ അഹൂജ തുടങ്ങിയവർ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് വിജയ പ്രഖ്യാപനം നടത്തി. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചതോടെ ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഈ ദിവസം ഇന്ത്യയിൽ 'കാർഗിൽ വിജയദിവസ്' എന്ന പേരിൽ ആഘോഷിക്കുന്നു.

ഇന്ത്യക്ക് 527 സൈനികരെയാണ് നഷ്ടമായതെങ്കിൽ അതിന്റെ മൂന്നിരിട്ടിയോളം സൈനികരെ പാക്കിസ്ഥാന് നഷ്ടമായി. ഒപ്പം തീരാത്ത നാണക്കേടും.
അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഫോണിൽ വിളിച്ചാരാഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്. മുഷറഫിനും രണ്ടോ മൂന്നോ വിശ്വസ്തർക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു. എന്നാൽ വാജ്‌പേയിയുടെ ലാഹോർ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

പാക്കിസ്ഥാനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാക്കിസ്ഥാൻ പട്ടാളമേധാവി പർവേസ് മുഷറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

സർജിക്കൽ സ്ട്രൈക്കുകളിലൂടെ ഞെട്ടിച്ചു

പിന്നീട് ഇന്ത്യ പാക്കിസ്ഥാനിൽ കയറി ഒരു ആക്രമണം നടത്തുന്നത് ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്താണ്. 2016 സെപ്റ്റംബർ 29ന് നിയന്ത്രണരേഖയ്ക്കപ്പുറമുള്ള തീവ്രവാദി കേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. സെപ്റ്റംബർ 18ന് ഉറിയിലെ സൈനിക ക്യാമ്പിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനുള്ള പ്രതികരണമായിരുന്നു ഇത്.

2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖകടന്ന് ആക്രമണം നടത്തി. രണ്ടാഴ്ച മുമ്പ് നടന്ന പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടത്തിയത്. പന്ത്രണ്ട് മിറാഷ് 2000 പോർ വിമാനങ്ങളിൽനിന്നായി ഏകദേശം 1000 കിലോ ബോംബുകൾ പാക്കിസ്ഥാൻ കൈവശത്തിലുള്ള ഇന്ത്യൻ നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങളിൽ വർഷിക്കപ്പെട്ടു. ആക്രമണം ഏകദേശം 21 മിനിട്ട് സമയം നീണ്ടു. വ്യോമാക്രമണത്തിൽ 250ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിലുടെ ദേശീയ ഹീറോകളായി.

പാക്കിസ്ഥാനിൽ കയറി നടത്തിയ ആ ആക്രമണം ഇമ്രാൻഖാൻ സർക്കാറിന് തീരാത്ത നാണക്കേടായി. ഇന്ത്യയുടെ എയർഫോഴ്സിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു ആ നീക്കം. ആദ്യം സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ല എന്നൊക്കെപ്പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ച് പാക്കിസ്ഥാൻ പിന്നെ തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നതോടൊയാണ് അത് അംഗീകരിച്ചത്.

പട്ടിണിയിലേക്ക് നീങ്ങുന്ന പാക്കിസ്ഥാൻ

ഇപ്പോൾ ഇന്ത്യയുമായി യുദ്ധം വേണ്ട സമാധാനം മതി എന്ന ,പാക്കിസ്ഥാന്റെ ഈ മനംമാറ്റം ഉണ്ടാവുന്നത് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ്. ഗോതമ്പ് മാവിന്റെ ക്ഷാമത്താൽ പാക്കിസ്ഥാൻ പൊറുതിമുട്ടുകയാണ്. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കമാണ് കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ എത്തിച്ചത്. കാർഷിക വിളകൾ നശിച്ചതോടെ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്ന പാക്കിസ്ഥാൻ ഇറക്കുമതിക്ക് വേണ്ടി രാജ്യങ്ങളോട് യാചിക്കേണ്ട അവസ്ഥയിലെത്തി. എന്നാൽ ജനം ഭക്ഷ്യ വിലക്കയറ്റത്തിനും, ക്ഷാമത്തിനും ഉത്തരവാദിയായി ഭരണകൂടത്തെയാണ് പഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാക്കിസ്ഥാനികളുടെ വീഡിയോകളിലെല്ലാം സർക്കാരിനോടുള്ള ദേഷ്യവും പരാതികളും മുഴച്ച് നിൽക്കുന്നുമുണ്ട്.

തീവ്രവാദ സംഘടനകളും പാക്കിസ്ഥാനെ തന്നെ തിരിഞ്ഞു കൊത്തുന്ന അവസ്ഥയാണുള്ളത്. തെഹ്രീക് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ഗുൽ ബഹാദൂർ ഗ്രൂപ്പ് തുടങ്ങിയ ഭീകരസംഘടനകൾ സർക്കാരിന്റെയും, ചാരസംഘടനയുടെയും ചൊൽപ്പടിക്ക് നിൽക്കാതെ വളരുകയായിരുന്നു. ഇവർ ഇപ്പോൾ രാജ്യത്തിനുള്ളിൽ തന്നെ യഥേഷ്ടം ഭീകരത അഴിച്ചുവിടുകയാണ്. സാധാരണക്കാരായ പൗരന്മാർ തൊട്ട് രാഷ്ട്രീയ നേതാക്കളടക്കം ഭീകരരുടെ തോക്കിനും, ചാവേർ ആക്രമണങ്ങൾക്കും ഇരയാകുകയാണ്. അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാനും പാക് ഭരണകൂടത്തിനോടു വിധേയത്വം കാണിക്കുന്നില്ല. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരപ്രവർത്തനം അടിച്ചമർത്തണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ ആയിരക്കണക്കിന് ആളുകൾ അടുത്തിടെ പ്രതിഷേധിച്ചിരുന്നു.

നേരത്തെ നവംബറിൽ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി ഇന്ത്യയുടെ വിദേശനയത്തെ പുകഴ്‌ത്തിയിരുന്നു. യുഎസിന്റെ എതിർപ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ധൈര്യവും അടക്കം ഇമ്രാൻ പരാമർശിച്ചിരുന്നു. ഇപ്പോൾ ഇമ്രാനെ പോലെ തന്നെ ഷഹബാസും നരേന്ദ്ര മോദിക്ക് കൈകൊടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്.

ഇപ്പോൾ വൈദ്യുതി ക്ഷമാം മൂലം കടകൾ നേരത്തെ അടക്കുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ. നോക്കാൻ കഴിവില്ലാതായതോടെ മൃഗശാലയിലെ സിംഹങ്ങളെ തൊട്ട് പ്രസിൻഡന്റിന്റെ വസതിയിലെ അമ്യൂല്യവസ്തുക്കൾ വരെ വിറ്റ് കഴിഞ്ഞു. ഈ അവസ്ഥയിൽ അയൽക്കാരായ ഇന്ത്യയെ അധികം വെറുപ്പിക്കാതെ നോക്കാൻ ആയിരിക്കും ഇനിയുള്ള പാക് ഭരണാധികാരികളുടെ നീക്കം. പട്ടിണി ശരിക്കും പാക്കിസ്ഥാന്റെ കണ്ണ് തുറപ്പിക്കയാണ്!

വാൽക്കഷ്ണം: റവന്യൂവരുമാനത്തിന്റെ പകുതിയോളം സൈനിക ചെലവുകൾക്ക് നീക്കി വെക്കുന്ന രാജ്യമാണ് ഇന്ത്യയും പാക്കിസ്ഥാനും. ഈ ആധുനിക ലോകത്തും ഇനിയും കീരിയും പാമ്പുമായി തുടരണമോ എന്ന ചിന്ത ഭരണാധികാരികൾക്ക് ഉണ്ടാവുന്നത് നല്ലതാണ്. നെതർലൻഡസും ബെൽജിയവും തമ്മിലുള്ള അതിർത്തിയിൽ വെറും കുമ്മായവരകൾ മാത്രമാണ് ഉള്ളതെന്നതും ഓർമ്മവേണം. അത്രയൊന്നും എത്തിയില്ലെങ്കിലും, ആയുധ മത്സരത്തിലുടെ പാപ്പരാവാതിരിക്കാനെങ്കിലും ഈ അയൽക്കാർക്ക് കഴിയട്ടെ.