- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ദ്ധനഗ്ന മാറിടവുമായി തല മറയ്ക്കാതെ വിവാഹിതയായ നേതാവിന്റെ മകള്‍; ഡിജെ പാര്‍ട്ടിക്കൊപ്പം ഹിജാബ് കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍; ശിരോവസ്ത്രം ധരിക്കാത്തവരെ മനോരോഗികളാക്കി പരിഗണിച്ച ഇസ്ലാമിക ഭരണകൂടത്തിന് ഒടുവില്‍ മനംമാറ്റം; ഇറാനിലും ഹിജാബ് നിര്ബന്ധമല്ലാതാവുമ്പോള്!
ഇറാനിലും ഹിജാബ് നിര്ബന്ധമല്ലാതാവുമ്പോള്!
കുതിരയുടെ വാല്‍ പോലെ താഴേക്ക് വീഴുന്ന പാറിപ്പറക്കുന്ന മുടിയുമായി ഒരു യുവതി, പുരുഷ സുഹൃത്തിന് പിന്നില്‍ മോട്ടോര്‍ സൈക്കിളില്‍ കയറിപ്പോവുന്നു. അധികം ദൂരെയല്ലാതെ മറ്റ് രണ്ട് യുവതികള്‍ നടപ്പാതയിലൂടെ ഒരുമിച്ച് സിഗരറ്റ് വലിച്ചു വരുന്നു. ഒരാളുടെ മുടി പുറകിലേക്ക് വീണു കിടക്കുന്നു; മറ്റൊരാള്‍ കൈമുട്ട് വരെ നീളമുള്ള സ്ലീവ് ഉള്ള അയഞ്ഞ ടീ-ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. വാഷിങ്ങ്ടണ്‍ പോസ്റ്റ് ഒരു നഗരത്തിലെ കാഴ്ചകള്‍ ഇങ്ങനെ വര്‍ണ്ണിക്കുമ്പോള്‍, നമുക്ക് അത്ഭുതം തോന്നും. ഇതില്‍ എന്താണ് ഇത്ര പ്രത്യേകത. പക്ഷേ ഇത് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഒരു സായാഹ്നമാണ്. ഇസ്ലാമിക കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാനില്‍, ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ മുടിയും, കൈകാലുകളും കാണിച്ച് സ്വതന്ത്രരായി നടക്കുന്ന കാഴ്ചയാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് കാണിച്ചുതരുന്നത്!
2022-ല്‍ ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് പറഞ്ഞ് മഹ്സ അമിനിയെന്ന യുവതിയെ മതകാര്യപൊലീസ് തല്ലിക്കൊല്ലുകയും, അതേതുടര്‍ന്ന് ഹിജാബ് തീയിലെറിഞ്ഞുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയതും ഇറാനെ ഞെട്ടിച്ചിരുന്നു. ആ പ്രക്ഷോഭത്തില്‍ നിരവധി സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ ജയിലിലായി. ശരിക്കും ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ്, ആയത്തുള അലി ഖാംനെയിയുടെ എന്ന കടല്‍ക്കിഴവന്‍ നയിക്കുന്ന ഇറാന്‍ ആ സമരത്തെ അടിച്ചമര്‍ത്തിയത്. അതിനുശേഷം ഹിജാബ് നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ജനങ്ങളെ എക്കാലവും അടിമകളാക്കി വെക്കാന്‍ കഴിയില്ല എന്ന് ഇറാന്‍ ഭരണകൂടം തിരിച്ചറിയുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം, ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളും ഉപരോധങ്ങളുമെല്ലാം ഇനിയൊരു ആഭ്യന്തര കലാപം നേരിടാനുള്ള കരുത്തില്ലാത്തവരാക്കി ഇറാനെ മാറ്റിയിരിക്കയാണ്. അതുകൊണ്ടുതന്നെ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ സൈക്കോ ഷമ്മി പറയുന്നുപോലെ 'സ്ത്രീകള്‍ക്ക് അല്‍പ്പം സ്വല്‍പ്പം സ്വാതന്ത്ര്യം അനുവദിക്കുന്ന' ഒരു മോഡേണ്‍ ഫാമിലിയാവാന്‍ ഇറാന്‍ തീരുമാനിച്ചിരിക്കയാണ്. അതുപ്രകാരം ഹിജാബ് നിയമം നിര്‍ബന്ധമാക്കേണ്ട എന്നാണ് ഇറാന്റെ പുതിയ തീരുമാനമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം, ഹിജാബ് തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസ്സ്‌കിയാന്‍ പറഞ്ഞിരുന്നു.
പക്ഷേ ഈ തീരുമാനത്തിനെതിരെ മതമൗലികവാദികളുടെ ശക്തമായ സമ്മര്‍ദമുണ്ട്. അതുകൊണ്ടുതന്നെ ഇത് എത്രകാലം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും എന്നും അറിയില്ല. പക്ഷേ ഇപ്പോള്‍ ഇറാനിലെ ഒരു നഗരത്തില്‍ ഹിജാബില്ലാതെ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ പഴയതുപോലെ ആരും തല്ലിക്കൊല്ലില്ല എന്ന് ഉറപ്പാണ്. ഇറാന്‍ പോലും മാറുകയാണ്!
വൈറലായ ഡിജെ ഹിജാബ് കത്തിക്കല്‍
ഇപ്പോള്‍ ഇറാനില്‍നിന്ന്വരുന്ന മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിജെ പാര്‍ട്ടിക്കൊപ്പം, ഇറാനില്‍ ഹിജാബ് കുട്ടിയിട്ട് കത്തിക്കുന്ന സ്ത്രീകളുടെ വീഡിയോയാണത്. രാജ്യത്തെ ഹിജാബ് നിയമത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം യുവാക്കളും യുവതികളും നടത്തിയ പരിപാടിയുടെ ദൃശ്യങ്ങളാണിത്്. ഹിജാബ് നിയമം ഇറാന്‍ ലഘൂകരിച്ചതിന്റെ ആഹ്ലാദ പ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇറാനില്‍ വിവാദ ഹിജാബ് നിയമം നിര്‍ബന്ധമല്ലാതാക്കിയെന്നും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ അവസാനിപ്പിച്ചതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാനിലെ, എക്സ്പെഡിയന്‍സി ഡിസ്റ്റേണണ്‍സ് കൗണ്‍സില്‍ അംഗമായ മുഹമ്മദ്റെസ ബഹോനറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹിജാബ് നിയമം നടപ്പാക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് അറിയിച്ചുകൊണ്ട് മുഹമ്മദ്റെസ പത്രക്കുറിപ്പ് ഇറക്കിയതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പറയുന്നു. 2024-ല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നു ഹിജാബ് ചാരിററി നിയമമാണ് ഇറാന്‍ നിര്‍ത്തിവെച്ചത് എന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. മുടി, കൈത്തണ്ട, കാലുകള്‍ എന്നിവ മറയ്ക്കാത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പിഴ, 15 വര്‍ഷംവരെ ജയില്‍ ശിക്ഷ, എന്നിവ ഉള്‍പ്പടെയുള്ള കര്‍ശനമായ ശിക്ഷകളാണ് ഈ നിയമം നിര്‍ദേശിച്ചിരുന്നത്.
പക്ഷേ ധീരരായ ഇറാന്‍ സ്ത്രീകളില്‍ പലരും ഈ നിയമം ലംഘിച്ചു. രാജ്യത്തെ പുരോഹിതരെയും ഭരണാധികാരികളെ നേരിട്ട് വെല്ലുവിളിച്ച് പൊതുസ്ഥലത്ത് തല മറയ്ക്കുന്നത് നിര്‍ത്തിയ സ്ത്രുകള്‍ നിരവധിയാണ്. അറസ്റ്റിനും തടവിനും സാധ്യതയുണ്ടെങ്കിലും, ഇറാനിയന്‍ പത്രപ്രവര്‍ത്തക സെയ്‌നബ് റഹിമി രണ്ട് വര്‍ഷത്തിലേറെയായി ഹിജാബ് ധരിക്കാറില്ല.-''സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതും മുടി അഴിച്ചുവിടുന്നതും കാണുന്നത് എനിക്ക് ഇഷ്ടമാണ്,' ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ തെരുവുകളിലെ ദൃശ്യമായ മാറ്റം വിവരിച്ചുകൊണ്ട് റഹിമി, റേഡിയോ ഫര്‍ദയോട് പറയുന്നു. ''നിങ്ങള്‍ സ്വയം പൊതിയേണ്ടതില്ലാത്തപ്പോള്‍ അത് മനോഹരമാണ്. നമ്മുടെ രാജ്യത്ത് വര്‍ഷങ്ങളായി ഇത് അനുഭവിച്ചിട്ടില്ല''- 22 കാരികൂട്ടിച്ചേര്‍ത്തു.
നഗരങ്ങളിലാണ് ഹിജാബ് നിയമത്തോടുള്ള ധിക്കാരം ഏറ്റവും കൂടുതലുള്ളത്. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ യാസുജില്‍, പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെ- 'യാസുജില്‍, ഹിജാബ് ഇല്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ശതമാനം ടെഹ്‌റാനിലേതിനേക്കാള്‍ വളരെ കുറവാണ്, പക്ഷേ നാട്ടുകാര്‍ ഈ സ്ത്രീകളെ ധീരരായ സ്ത്രീകളായി കാണുന്നു''. മാറ്റങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്ന് പല ഇറാനിയന്‍ സ്ത്രീകളും വിശ്വസിക്കുന്നു. ''ഈ മാറ്റം പഴയപടിയാക്കാനോ നിയന്ത്രിക്കാനോ കഴിയില്ല''- ഇറാനിയന്‍ സ്ത്രീകളുടെ പോരാട്ടങ്ങള്‍ രേഖപ്പെടുത്തിയ ടെഹ്‌റാന്‍ ആസ്ഥാനമായുള്ള ചലച്ചിത്ര നിര്‍മ്മാതാവ് മോജ്ഗാന്‍ ഇലന്‍ലോ റേഡിയോ ഫര്‍ദയോട് പറഞ്ഞു. ''തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശത്തിനായി പല്ലും നഖവും ഉപയോഗിച്ച് പോരാടുകയും ഇപ്പോള്‍ ആ നേട്ടം സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇറാനിയന്‍ സ്ത്രീകളുടെ ദൃഢനിശ്ചയത്താല്‍ അധികാരികള്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി''- ഇലന്‍ലോ പറയുന്നു.
'ഹിജാബില്ലാത്തവര്‍ മനോരോഗികള്‍'
സത്യത്തില്‍ ഇറാനിലെ സ്ത്രീകള്‍ പൊരുതി നേടിയതാണ് ഈ വിജയം. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനുശേഷം ഹിജാബ് നിയമം കര്‍ശനമാക്കുകയാണ് ഇറാന്‍ ചെയ്തത്. പക്ഷേ സ്ത്രീകള്‍ ഇതിനെ ചെറുത്തുനിന്നു. ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ ഇറാന്‍ മാനസിക രോഗികളായാണ് കണ്ടിരുന്നത്. ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കുന്നതിന് വേണ്ടി 'ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്ക്' എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങള്‍ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനുശേഷം രാജ്യത്ത് ആരംഭിച്ചിരുന്നു. ഇറാന്‍ വനിതാ-കുടുംബക്ഷേമ വകുപ്പ് മേധാവിയായ മെഹ്രി തലേബിയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.
ഹിജാബ് നീക്കം ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി ശാസ്ത്രീയവും മനശാസ്ത്രപരവുമായി രീതിയിലുള്ള ചികിത്സ ഈ ക്ലിനിക്കുകള്‍ വഴി നല്‍കുമെന്നാണ് മെഹ്രി തലേബി അവകാശപ്പെട്ടത്്. ക്ലിനിക്കിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള അലി ഖാംനെയിയുടെ റിപ്പോര്‍ട്ടുകള്‍ നല്‍കും. ഇതിനെതിരെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് ധരിക്കില്ലെന്ന് പറയുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് ഇറാനിലേത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചത്.
ഹിജാബ് ധരിക്കാത്തവരെ മനോരോഗികളാക്കാനുള്ള നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധമുണ്ടായി. ഹിജാബ് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന ഭരണകൂടം വൈദ്യുതി, ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെ മനപൂര്‍വ്വം മറച്ചു പിടിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിജാബിനെതിരെ പ്രതിഷേധം അറിയിച്ച് സര്‍വകലാശാല ക്യാമ്പസില്‍ 25കാരിയായ വിദ്യാര്‍ത്ഥിനി മേല്‍വസ്ത്രം അഴിച്ച് നടന്ന് പ്രതിഷേധ നടത്തിയപ്പോള്‍ അവരെ മാനസിക രോഗാശുപത്രിയിലേക്കാണ് ഇറാന്‍ അധികൃതര്‍ മാറ്റിയത്!
നിര്‍ഭയരായി സ്ത്രീകള്‍ രംഗത്ത്
പക്ഷേ ഇതുകൊണ്ട് ഒന്നും ഇറാനിലെ സ്ത്രീകള്‍ ഭയന്നില്ല. അവര്‍ കിട്ടാവുന്നിടത്തൊക്കെ ഹിജാബ് ഒഴിവാക്കി. തലമറക്കാതെ നടന്നുപോവുന്ന സ്ത്രീകളുടെ കാഴ്ചകളുമായി പതുക്കെ സമൂഹം പൊരുത്തപ്പെട്ടു. ഇനിയും സാദാചാര പൊലീസ് കളിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നും, ജനങ്ങളിലെ അസന്തുഷ്ടി ആളിപ്പടരുമെന്നും ഭരണകൂടം ഭയക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ ചെറിയ ഇളവുകള്‍ വന്നിരിക്കുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ്, ഒരു കാലത്ത് ഫാഷന്റെയും ആധുനികതയുടെയും കേന്ദ്രമായി അറിയപ്പെട്ടിരുന്ന ടെഹ്റാനിലടക്കം, സ്ത്രീകളെ ചാക്കില്‍ പൊതിയുന്ന പരിപാടി തുടങ്ങിയത്. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ തെരുവുകളില്‍ സ്വാതന്ത്ര്യ ദാഹികളായ സ്ത്രീകളുടെ ചോരപ്പുഴ ഒഴുകി.
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രശ്നമാണ്. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയെ സാദാചാര പൊലീസ് മര്‍ദിച്ച് കൊന്നതിനെ തുടര്‍ന്ന് 2022-ല്‍ ഇറാന്‍ ഇളകി മറിഞ്ഞിരുന്നു. 'സ്ത്രീകള്‍ ജീവിതം സ്വാത്രന്ത്ര്യം' എന്ന അര്‍ത്ഥം വരുന്ന 'സാന്‍, സിന്ദഗി, ആസാദി...' എന്ന മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ആയിരിക്കണക്കിന് സ്ത്രീകളാണ് അന്ന് തെരുവില്‍ ഇറങ്ങിയത്. ഈ പ്രക്ഷോഭത്തില്‍ 16നും 24നും വയസ്സില്‍ ഇടയിലുള്ള നാനൂറിലേറെ പെണ്‍കുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്്! 25000 പേര്‍ അറസ്റ്റിലായി. ഇതില്‍ ഏറെയും സ്ത്രീകള്‍. ഇതും ലോക ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഒരു പാര്‍ട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വനിതകള്‍ തെരുവില്‍ ഇറങ്ങുകയാണെങ്കില്‍ അവര്‍ എത്രമാത്രം അനുഭവിച്ചു എന്ന് നോക്കണം.
ഒരു മനുഷ്യാവകാശ പ്രശ്നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടെന്നാണ് ഇറാനിലെ ഭരണകൂടത്തിനെതിരായ സമരമായത്. ഇപ്പോള്‍ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറിയിരിക്കാണ്. 'ഞങ്ങള്‍ക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്നുവരെ ഒരുഘട്ടത്തില്‍ സമരക്കാര്‍ ഉയര്‍ത്തി. ഇറാന്റെ മത നേതാവ് ആയത്തുള്ള ഖുമേനിയുടെ വരെ ചിത്രങ്ങള്‍ നിന്നു കത്തി. ഏറെ പണിപ്പെട്ടാണ് ഇറാന്‍ ഭരണകൂടം ആ സമരത്തെ അടിച്ചൊതുക്കിയത്.പക്ഷേ അതിനുശേഷവും സ്ത്രീകള്‍ ഹിജാബിലേക്ക് ആകൃഷ്ടരായില്ല. തെരുവുകളിലും കഫേകളിലും റസ്റ്റോറന്റുകളിലും ഇസ്ലാമിക ശിരോവസ്ത്രം ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു. ഏഴ് ഇറാനിയന്‍ നഗരങ്ങളിലെ 12 സ്ത്രീകളുമായി സംസാരിച്ച് റേഡിയോ ഫര്‍ദ റിപ്പോര്‍ട്ട് ചെ്്തതാണ് ഈവിവരം.
സ്ത്രീകള്‍ ഹിജാബ് ഉപേക്ഷിക്കുന്നത് ക്രമേണയാണെന്ന് ഇറാനിയന്‍ പത്രപ്രവര്‍ത്തകയായ റഹിമി പറഞ്ഞു.2022 -ലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ അവരുടെ ബാഗിലോ തോളിലോ ഒരു ശിരോവസ്ത്രം സൂക്ഷിച്ചിരുന്നു. പൊലീസ് വന്നാല്‍ മാത്രമാണ് അവര്‍ അത് ധരിച്ചിരുന്നത്. ''ഇപ്പോള്‍ സ്ത്രീകള്‍ പൂര്‍ണ്ണമായും ശിരോവസ്ത്രം ഇല്ലാതെയാണ് പുറത്തിറങ്ങുന്നത്,' റഹിമി പറഞ്ഞു. 'അവര്‍ അത് ധരിക്കാറില്ല, അവര്‍ അത് തോളിലോ ബാഗിലോ സൂക്ഷിക്കാറില്ല.'- റഹിമി പറഞ്ഞു. പക്ഷേ ഹിജാബ്
മാറ്റം വരുത്തിയിട്ടും, അധികാരികളുടെ പ്രതികാര നടപടി ഭയന്ന് ഗണ്യമായ എണ്ണം സ്ത്രീകള്‍ ഇപ്പോഴും ശിരോവസ്ത്രം ധരിക്കുന്നുവെന്ന് റഹിമി കൂട്ടിച്ചേര്‍ക്കുന്നു.
അര്‍ദ്ധ നഗ്നയായി നേതാവിന്റെ മകള്‍
കാരണവര്‍ക്ക് അടുപ്പിലും ആവാം എന്ന് പറഞ്ഞതുപോലെയാണ്, അഴിമതിയും സ്വജനപക്ഷപാതിത്വവും ഏറെയുള്ള ഇറാനിലെ കാര്യം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിയുടെ ഉപദേഷ്ടാവിന്റെ മകള്‍ അര്‍ദ്ധ നഗ്ന മാറിടവുമായി ഹിജാബില്ലാതെ വിവാഹിതയായതും വലിയ വാര്‍ത്തയായി. ഹിജാബിനെതിരേ സമരം നടത്തിയ, 450 സ്ത്രീകളേ വധിച്ച ഖാമംനയിയുടെ ഉപദേശകനും സമരക്കാരേ കൊല്ലാന്‍ കൂട്ടു നില്ക്കുകയും ചെയ്ത അലി ഷംഖാനിയുടെ മകളുടെ വിവാഹമാണ് വിവാദമായത്. വധു സ്ട്രാപ്ലെസ് വിവാഹ ഗൗണ്‍ ധരിച്ചിരുന്നു. 2024-ല്‍ അലി ഷംഖാനിയുടെ മകളുടെ വിവാഹത്തില്‍ നിന്നുള്ളതാണ് ചോദ്യം ചെയ്യപ്പെടുന്ന വീഡിയോ. ഇറാനിലെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളും ഖമേനിയുടെ വിശ്വസ്തനുമാണ് ഷംഖാനി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് വാദിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ അക്രമാസക്തമായ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തിട്ടുള്ള അദ്ദേഹം ഖാംനയിയുടെ വിശ്വസ്തനാണ്.
ഇറാനിലെ എക്സ്പെഡിയന്‍സി കൗണ്‍സില്‍ അംഗമായ അഡ്മിറല്‍ ഷംഖാനി, തന്റെ മകളെ ടെഹ്‌റാനിലെ ആഡംബര എസ്പിനാസ് പാലസ് ഹോട്ടലിലെ ഒരു വിവാഹ ഹാളിലേക്ക് ഇടനാഴിയിലൂടെ കൊണ്ടുപോകുന്നത് സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരിച്ച പഴയ വീഡിയോയില്‍ കാണാം. വധു ഫാത്തിമ, താഴ്ന്ന കട്ട്, സ്ട്രാപ്പ്‌ലെസ് വസ്ത്രം ധരിച്ച്, തല മറയ്ക്കുന്ന ഒരു മൂടുപടം ധരിച്ചാണ് കാണപ്പെടുന്നത്.ഷംഖാനിയുടെ ഭാര്യയും സമാനമായി വെളിപ്പെടുന്ന നീല ലെയ്‌സ് സായാഹ്ന ഗൗണ്‍ ധരിച്ച് നഗ്നമായ പുറംഭാഗവും വശങ്ങളും ധരിച്ചിരിക്കുന്നു. അവര്‍ ശിരോവസ്ത്രവും ധരിച്ചിട്ടില്ല. വീഡിയോയിലെ മറ്റ് നിരവധി സ്ത്രീകളും ഹിജാബ് ധരിക്കാത്തതായി കാണാം. ഖമേനി ഭരണകൂടം ''വെടിയുണ്ടകള്‍, ബാറ്റണുകള്‍, ജയിലുകള്‍ എന്നിവ ഉപയോഗിച്ച് എല്ലാവരുടെയും മേല്‍ ഇസ്ലാമിക മൂല്യങ്ങള്‍'' നടപ്പിലാക്കുന്നതിനാല്‍ വീഡിയോ ദശലക്ഷക്കണക്കിന് ഇറാനികളെ രോഷാകുലരാക്കിയെന്ന് ആക്ടിവിസ്റ്റ് മാസിഹ് വിമര്‍ശിച്ചു.
''ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് കൊട്ടാരസമാനമായ ഒരു വേദിയില്‍ തന്റെ മകളുടെ വിവാഹം ആഘോഷിക്കുകയായിരുന്നു. മഹ്‌സ അമിനിയെ മുടി കാണിച്ചതിന് കൊന്ന, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലിലടച്ച, പെണ്‍കുട്ടികളെ വാനുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ 80,000സദാചാര പോലീസിനെ നിയമിച്ച അതേ ഭരണകൂടം സ്വയം ഒരു ആഢംബര പാര്‍ട്ടി നടത്തുന്നു. ഇത് കാപട്യമല്ല, വ്യവസ്ഥിതിയാണ്. സ്വന്തം പെണ്‍മക്കള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് പരേഡ് നടത്തുമ്പോള്‍ അവര്‍ എളിമ പ്രസംഗിക്കുന്നു. സന്ദേശം കൂടുതല്‍ വ്യക്തമല്ല: നിയമങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, അവര്‍ക്കുള്ളതല്ല,''- മാസിഹ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലും ഇറാന്‍ ഇതിന്റെ പേരില്‍ വലിയതോതില്‍ പരിഹസിക്കപ്പെട്ടു.
കാരണഭൂതനായി ഇസ്രയേലും!
ഇപ്പോള്‍ ഇറാനില്‍വന്നിരിക്കുന്ന ഈ മൃദു ഹിജാബ് സമീപനത്തിന് പിന്നില്‍ കൃത്യമായ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ കൂടിയുണ്ടെന്നാണ് വിലയിരുത്തല്‍. ഒന്നാമത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറാന്‍ കടുന്നുപോവുന്നത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍, ആ പ്രതിസന്ധി വര്‍ധിപ്പിക്കയാണ്. 1979-ലെ രാജവാഴ്ച വിരുദ്ധ വിപ്ലവത്തിന്റെ വാഗ്ദാനമായ നീതിയും സമത്വവും ഇന്നും എവിടെയും എത്തിയിട്ടില്ല. പകരം പണപ്പെരുപ്പം, വരുമാന അസമത്വം, യുദ്ധം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം എന്നിവയിലേക്കാണ് ഇറാനിലെ ഷിയാ ഭരണകൂടം ആ രാജ്യത്തെ കൊണ്ടുപോയത്.
ജനസംഖ്യയുടെ ഭൂരിഭാഗവും ദാരിദ്ര്യത്തിലേക്ക് വഴുതിവീണു. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ ജനസംഖ്യയുടെ 60% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ആരോഗ്യ-വൈദ്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇറാനില്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 16% പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. പ്രോട്ടീന്‍ ഡെഫിഷ്യന്‍സിയുള്ള 8 ലക്ഷത്തോളം കുട്ടികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇറാനിലെ 11% കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്നും 5% പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. എന്നിട്ടും സ്വന്തം ജനതയെ രക്ഷിക്കാനല്ല, ശതകോടികള്‍ ചെലവിട്ടുള്ള അണുബോംബ് നിര്‍മ്മാണത്തിനാണ്, അവര്‍ ലക്ഷ്യംവെക്കുന്നത്.
വര്‍ധിക്കുന്ന സൈനിക ചെലവാണ് ഇറാന്റെ മറ്റൊരു പ്രശ്നം. 2021- ല്‍ ഏറ്റവും കൂടുതല്‍ സൈനിക ചെലവിടുന്ന 14-ാമത്തെ രാജ്യമായി ഇറാന്‍ മാറിയിരുന്നു. തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക പ്രോക്സി ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായി വിഭവങ്ങളുടെ ഒരു പ്രധാന ഭാഗം നീക്കിവയ്ക്കുന്നുണ്ട്. ലബനിലെ ഹിസ്ബുള്ള, ഹൂത്തി വിമതര്‍, ഹമാസ് തുടങ്ങിയവര്‍ക്ക് ഫണ്ട് ചെയ്യാനും ഇറാന് മടിയില്ല. സ്വന്തം ജനത പട്ടിണി കിടക്കുമ്പോഴാണ് ഈ തീവ്രവാദ ഫണ്ടിങ്ങ് എന്നോര്‍ക്കണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി വധശിക്ഷകള്‍ നടപ്പിലാക്കുന്ന രാജ്യം കൂടിയാണ് ഇറാന്‍.അഭിപ്രായ സ്വാതന്ത്ര്യം ലോകത്ത് ഏറ്റവും കുറവുള്ള നാടും. രാഷ്ട്രീയ വിമതരെ അടിച്ചമര്‍ത്തുന്നതിനായും രാജ്യത്തിന്റെ സമ്പത്ത് വലിയ രീതിയില്‍ ചെലവിടുന്നു.
ഇത്തരത്തിലുള്ള കാരണങ്ങളാല്‍ ഇറാനില്‍ അസംതൃപ്തരായ ജനങ്ങളുടെ എണ്ണം വളരെ വലുതാണ്. അതിനെല്ലാം പിന്നാലെയാണ് ഇസ്രയേലും അമേരിക്കയും ഉയര്‍ത്തുന്ന ഭീഷണി. മാസങ്ങള്‍ക്ക് മുമ്പ് യുഎസും ഇസ്രയേലും, ഇറാനിലെ ആണവ നിലയങ്ങള്‍ ആക്രമിച്ചത്, ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇറാനില്‍ ഒരു ഭരണമാറ്റം ഉണ്ടാക്കാനായി ഇസ്രയേല്‍ ഫണ്ട് ചെയ്യുന്നുവെന്നും വാര്‍ത്തകളുണ്ട്. ഇങ്ങനെ നാലുപാടുനിന്നുമുള്ള സമ്മര്‍ദ സാഹചര്യങ്ങളെ തുടര്‍ന്നാണ്, ഹിജാബ് അടക്കമുള്ള കാര്യങ്ങളില്‍ അല്‍പ്പം അയവുവരുത്താന്‍ ഇറാന്‍ നിര്‍ബന്ധിതമായത് എന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ പറയുന്നത്.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടപ്പോഴും, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ കണ്ണീരനുശോചന പ്രവാഹങ്ങള്‍ ആയിരുന്നു. പക്ഷേ ഇറാനില്‍ ചിലര്‍ റെയ്‌സിയുടെ മരണം ആഘോഷിക്കയായിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഹ്സ അമിനിയുടെ ജന്മനാടായ, കുര്‍ദിഷ് സിറ്റി സാക്വസില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതായത് കടുത്ത അസംതൃപ്തി ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട് എന്ന് വ്യക്തമാണ്. അത് മറികടക്കാനാണ് ഇപ്പോള്‍ അല്‍പ്പസ്വല്‍പ്പം സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കാമെന്ന നിലപാടിലേക്ക് ഇറാന്‍ എത്തിയത്. പക്ഷേ, ഇന്ന് ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിലെ നേതൃത്വപദവി ആഗ്രഹിക്കുന്ന രാജ്യമാണ് ഇറാന്‍ എന്നത് മറക്കാന്‍ കഴിയില്ല. ആണവശക്തിയും, ആരോടും കിടപിടിക്കുന്ന സൈനിക ശക്തിയുമാണ് ഈ രാജ്യം. ശരിക്കും മതം പുളക്കുന്ന ഒരു രാജ്യം. അവിടെ എത്രകാലം കാറ്റും വെളിച്ചവും നിലനില്‍ക്കുമെന്ന് കണ്ട് അറിയേണ്ടി വരും.
വാല്‍ക്കഷ്ണം: നോക്കുക, തീവ്ര ഇസ്ലാമിസത്തിന്റെ കളിത്തൊട്ടിലായ ഇറാനില്‍പോലും നിര്‍ബന്ധമല്ല ഹിജാബ് എന്ന നിലവന്നിരിക്കയാണ്. അപ്പോഴാണ് നാം ഈ കൊച്ചുകേരളത്തില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി പ്രശ്നങ്ങള്‍ തുടങ്ങുന്നത്!




