- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വര്ഷം 366 കോടി പ്രതിഫലം വാങ്ങിയ നടന്; ഇപ്പോള് ഒറ്റ സിനിമക്ക് നഷ്ടം 290 കോടി; പ്രിയന് രക്ഷകനാവുമോ? ബോളിവുഡിലെ 'ബഡാ ഖില്ലാഡിക്ക്' പിഴച്ചതെവിടെ?
ഉദയനാണ് താരം എന്ന സിനിമയില് സൂപ്പര് സ്റ്റാര് സരോജ് കുമാറിനോട്, ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസി പറയുന്ന ഒരു ഡയലോഗ് ഇല്ലേ." താനൊരു സൂപ്പര് സ്റ്റാര് ആയതുകൊണ്ട് എട്ടുപടം പൊട്ടിയാലും ഒന്ന് വിജയിച്ചാല് രക്ഷപ്പെടാമെന്ന്". ബോളിവുഡില് അത് സംഭവിച്ചുകൊണ്ടിരിക്കയാണ്. തുടര്ച്ചയായി പടങ്ങള് പൊട്ടിയിട്ടും ഇവിടെ ഒരു നടന് സൂപ്പര് സ്റ്റാറായി തുടരുകയാണ്. അതാണ് ബോളിവുഡിലെ 'ഖില്ലാഡിയോക്കാ ഖില്ലാഡി എന്നും സബ്സെ ബഡാ ഖില്ലാഡി' എന്നും അറിയപ്പെടുന്ന സാക്ഷാല് അക്ഷയ് കുമാര്!
സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര് ചിത്രങ്ങളും വന് പരാജയമായിരുന്നു. രാം സേതു, ബച്ചന് പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, സെല്ഫി, ബഡേ മിയാന് ഛോട്ടേ മിയാന് തുടങ്ങിയ ചിത്രങ്ങള് ബോക്സ് ഓഫീസില് യാതൊരുവിധ ചലനവും സൃഷ്ടിച്ചില്ല. ഓ മൈ ഗോഡ് എന്ന അമിത് റായ് ചിത്രം മാത്രമാണ് വിജയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തത്. 2023 ആഗസ്റ്റില് ഇറങ്ങിയ ഓ മൈ ഗോഡിന് മുമ്പുള്ള അക്ഷയ് ചിത്രങ്ങളും തുടര്ച്ചയായ പരാജയങ്ങള് ആയിരുന്നു. 2021 നവംബറില് ഇറങ്ങിയ സൂര്യവംശിയായിരുന്നു ഇതിന് മുമ്പ് വിജയിച്ച അക്ഷയ് ചിത്രം.
ഷാറൂഖ് ഖാനെയും, ആമിര്ഖാനെയും, സല്മാന്ഖാനെയും, അഭിഷേക് ബച്ചനെയൊന്നും പോലെ സെലക്റ്റീവ് ആവുന്ന നടനല്ല അക്ഷയ്. ഒരു വര്ഷം നാലും അഞ്ചും സിനിമകള് ചെയ്യും. അതില് കുറേപടങ്ങള് ഫ്ളോപ്പ് ആവുകയും ചെയ്യും. പക്ഷേ എത്ര പടങ്ങള് പൊട്ടിയാലും അക്ഷയുടെ താരപദവിക്ക് ഒരു ഇളക്കുമില്ല. പരസ്യങ്ങളിലുടെയും, ടെലിവിഷന്- സ്റ്റേജ് ഷോകളിലുടെയും, ബ്രാന്ഡ് ഹോസ്റ്റിങ്ങിലുടെയുമൊക്കെ ഇന്നും ഹിന്ദി സിനിമാ വിപണിയുടെ സൂപ്പര് സ്റ്റാര് തന്നെയാണ് അദ്ദേഹം.
ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്റി ഉണ്ടായിരുന്ന താരമായിരുന്നു അക്ഷയ് കുമാര്. ഇന്ത്യയില് എറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന നടന്. ഏറ്റവും കൂടുതല് നികുതി കൊടുക്കുന്ന നടന്. പരസ്യ ചിത്രത്തിലെ അഭിനയത്തിന് ഒറ്റ ദിവസം മൂന്ന് കോടിരൂപവരെ വാങ്ങുന്ന നടന്. തികഞ്ഞ ദേശീയവാദി, ഒന്നാന്തരം മനുഷ്യസ്നേഹി. അക്ഷയ്ക്ക് വിശേഷണങ്ങള് ഏറെയാണ്.
ബോളിവുഡില് ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്റസ്ട്രിയില് അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല് കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്ച്ച നേരിട്ടത് അക്ഷയ് കുമാര് ചിത്രങ്ങള് ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര് വന് വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര് ചിത്രങ്ങള് ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില് ബോക്സോഫീസില് പരാജയപ്പെടുകയാണ്. ബോളിവുഡിലെ 'സബ്സെ ബഡാ ഖിലാഡിക്ക്' എവിടെയാണ് പിഴച്ചത്? ഹിന്ദിസിനിമാ മേഖലയിലെ സജീവ ചര്ച്ചയും അതുതന്നെയാണ്.
290 കോടി നഷ്ടമായ ബഡേ മിയാന്!
അക്ഷയ് ആരാധകര്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു, നമ്മുടെ പൃഥിരാജ് വില്ലനായി എത്തിയ 'ബഡേ മിയാന് ഛോട്ടെ മിയാന്' എന്ന ചിത്രം. തുടര്ച്ചയായ പരാജയത്തിനിന്ന് അത് നടനെ കരകയറ്റുമെന്ന് മാധ്യമങ്ങള് എഴുതി. 2024 ഏപ്രിലില് ഇറങ്ങിയ ചിത്രം, ബോളിവുഡിലെ അടുത്തിടെ ഇറങ്ങിയതില് ഏറ്റവും വലിയ പരാജയമായി. അക്ഷയ് കുമാര്, ടൈഗര് ഷറോഫ് എന്നിവര് പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫിസില് എട്ടുനിലയില് പൊട്ടി. 350 കോടി മുതല് മുടക്കില് ഒരുക്കിയ ചിത്രം കളക്റ്റ് ചെയ്തത് 60 കോടിയില് താഴെ മാത്രമാണ്. ഒറ്റ ചിത്രമുണ്ടാക്കിയ നഷ്ടം 290 കോടിയാണെന്നത് അവിശ്വസനീയമാണ്!
സിനിമ പരാജയപ്പെട്ടതോടെ ചിത്രത്തിന്റെ നിര്മാതാക്കളായ പൂജ എന്റര്ടെയ്ന്മെന്റ് കടക്കെണിയിലായെന്നാണ് റിപ്പോര്ട്ടുകള്. 250 കോടി രൂപയുടെ കടം വീട്ടാനായി മുംബൈയിലെ ഓഫിസ് കെട്ടിടം വിറ്റിരിക്കുകയാണ് നിര്മാതാക്കള്. കൂടാതെ സാമ്പത്തിക പ്രശ്നത്തെ തുടര്ന്ന് 80 ശതമാനത്തോളം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ഇപ്പോള് മുംബൈയില് രണ്ട് നില ഫ്ളാറ്റിലേക്ക് മാറ്റിയിരിക്കുകയാണ് പൂജ എന്റര്ടെയ്ന്മെന്റ്സ്.
വഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള നിര്മാണക്കമ്പനി കുറച്ചുനാളായി പ്രതിസന്ധി ഘട്ടത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. കോവിഡിന് ശേഷം നിര്മാണകമ്പനിക്ക് വിജയം തിരിച്ചുപിടിക്കാനായില്ല. റിലീസ് ചെയ്ത ബെല് ബോട്ടം, മിഷന് റാണിഗഞ്ച് , ഗണപത് എല്ലാം തകര്ന്നടിഞ്ഞു. ഇതില് ബെല്ബോട്ടവു, മിഷന് റാണിഗഞ്ചും അക്ഷയ് സിനിമകളാണ്< കൂടാതെ ടൈഗര് ഷറോഫിനെ നായകനാക്കിയുള്ള ചിത്രം പാതിയില് നിന്നതും തിരിച്ചടിയായി. ഇത് കൂടാതെ ബഡേ മിയാന്റെ വമ്പന് തകര്ച്ചകൂടിയായതോടെ കമ്പനി കടുത്ത കടക്കെണിയിലായി.
ഇതിനുശേഷം, അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ റിലീസായ സര്ഫിറയും ബോക്സോഫീസില് വന് ദുരന്തമായി മാറി. നടന് സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്ഡ് നേടിയ 'സൂരറൈ പൊട്ര്' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് സര്ഫിറ. കരിയറില് നിരവധി ഉയര്ച്ച താഴ്ച്ചകള് അക്ഷയ് കുമാര് നേരിട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ 15 വര്ഷത്തിനിടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില് ഏറ്റവും മോശം ഓപ്പണിങ് ആണ് സര്ഫിറയുടേതെന്നാണ് റിപ്പോര്ട്ടുകള്. 2.50 കോടി ആയിരുന്നു ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്. അടുത്തിടെ ഇറങ്ങിയവയില് 3 കോടിക്ക് താഴെ ഓപണിംഗ് നേടുന്ന നാലാമത്തെ അക്ഷയ് കുമാര് ചിത്രമാണ് സര്ഫിറ. 100 കോടിക്കടുത്ത് ബജറ്റില് ഒരുക്കിയ ചിത്രം 12 ദിവസം തികയുമ്പോള് ഇന്ത്യന് ബോക്സോഫീസില് വെറും 21.5 കോടി രൂപ മാത്രമാണ് നേടിയതെന്ന് ഇന്ഡസ്ട്രി ട്രാക്കര് സാക്നില്ക് പറയുന്നത്. ഇതോടെയാണ് അക്ഷയ്കുമാറിന് എന്തുപറ്റിയെന്ന ചര്ച്ച ഹോല്ുഡില് സജീവമായത്.
കണ്ടുകണ്ട് പ്രേക്ഷകര്ക്ക് മടുത്തോ?
അതേസമയം ഈ വര്ഷം രണ്ട് ചിത്രങ്ങള് കൂടി അക്ഷയ് കുമാറിന്റേതായി വരാനുണ്ട്. ഖേല് ഖേല് മേം, സ്കൈ ഫോഴ്സ് എന്നിവയാണ് അവ. ബോളിവുഡില് ഒരു വര്ഷം ഏറ്റവുമധികം ചിത്രങ്ങള് ചെയ്യുന്ന താരം അദ്ദേഹമാണ്. അക്ഷയ് കുമാര് എക്കാലവും ഈ രീതിയില് തന്നെയാണ് പ്രവര്ത്തിച്ചിരുന്നതെങ്കിലും ഇന്ന് കാര്യങ്ങള് മാറിയിരിക്കുന്നെന്ന് ട്രേഡ് അനലിസ്റ്റ് തരണ് ആദര്ശ് പറയുന്നു.- 'ഇന്ന് സിനിമകള് ലാര്ജര് ദാന് ലൈഫ് ആയിരിക്കണം. തുടര് പരാജയങ്ങള് ഉണ്ടാവുമ്പോള് ഭൂരിഭാഗവും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയിലൂടെ തിരിച്ചുവരികയാണ് വേണ്ടത്. അത്തരം പരാജയങ്ങള് ഉണ്ടായപ്പോഴാണ് ഷാരൂഖ് ഖാന് ഒരു ഇടവേള എടുത്തത്. എന്നാല് തിരിച്ചുവരവില് പഠാനും ജവാനും അദ്ദേഹം നല്കി. ഇന്നത്തെ കാലത്ത് വലിയ വിജയം ഉണ്ടാവണമെങ്കില് സിംഗിള് സ്ക്രീനുകള്ക്കൊപ്പം രണ്ടാം നിര, മൂന്നാം നിര തിയറ്ററുകളിലും ചിത്രം ഓടണം. ഒരു പാന് ഇന്ത്യന് സ്വീകാര്യതയും നേടണം'-തരണ് ആദര്ശ് ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
'ഒരു വര്ഷം ഇത്രയധികം റിലീസുകള് എന്നത് ജനപ്രീതി കുറയ്ക്കുന്ന ഘടകമാണ്. പോരാത്തതിന് നിരവധി പരസ്യചിത്രങ്ങളിലൂടെയും ജനം അക്ഷയ് കുമാറിനെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്'- വിതരണക്കാരനായ രാജ് ബെന്സാല് പറയുന്നു. ഷാരൂഖ് ഖാന് എടുത്തതുപോലെ ഒരു ഇടവേളയാണ് അക്ഷയ് കുമാര് എടുക്കേണ്ടതെന്ന് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ അതുല് മോഹന് പറയുന്നു. 'ആ ഇടവേളയില് ഒരു വന് തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കാം എന്നതാണ് അക്ഷയ് കുമാര് ആലോചിക്കേണ്ടത്. ഒരു ചിത്രം വിജയിച്ചാല് പോലും അദ്ദേഹം ഗെയിമിലേക്ക് തിരിച്ചെത്തും'- അതുല് മോഹന് പറയുന്നു. പക്ഷേ അക്ഷയ് അതിനൊന്നും തയ്യാറായിരുന്നില്ല. സംവിധായകനെ വിശ്വസിച്ച് പലപ്പോഴും ചാടിക്കയറി ഡേറ്റ് കൊടുക്കയാണ് അക്ഷയ് ചെയ്യുന്നത് എന്ന് വിമര്ശനമുണ്ട്. അക്ഷയ് എന്ന നടന് അഭിനയിക്കാന് അറിയില്ല എന്നൊന്നും ആരും പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷന് മോശമാണ്. അതാണ് പ്രധാന പ്രശ്നവും.
ഒറ്റ പരസ്യചിത്രത്തിന് 3 കോടി
ഏറ്റവും കൂടുതല് ടെലിവിഷന് പരസ്യങ്ങളില് പ്രത്യക്ഷപ്പെട്ട താരവും അക്ഷയ്കുമാറാണ്. ആഢംബര കാറുകള് തൊട്ട് കക്കൂസ് കഴുകുന്ന ലോഷനുവരെ അദ്ദേഹം മോഡലാവും. ഈ രീതിയില് നിരന്തരമായി മിനി സ്ക്രീനില് പ്രത്യക്ഷപ്പെടുന്നത്് മൂലമുള്ള, ചിര പരിചിതത്വവും, അദ്ദേഹത്തിന്റെ സിനിമകള്ക്ക് തിരിച്ചടിയാവുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇന്ത്യയുടെ എറ്റവും വലിയ ഫാഷന് ബ്രാന്ഡുമാണ് അക്ഷയ്. നിലവില് ഇന്ത്യയില് 30-ലധികം ബ്രാന്ഡുകള്ക്ക് അദ്ദേഹം പരസ്യം ചെയ്യുന്നു. ഒരു ദിവസത്തെ ബ്രാന്ഡ് എന്ഡോഴ്സ്മെന്റ് ഷൂട്ടിന് 2-3 കോടിയിലധികം അദ്ദേഹം ഈടാക്കുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് മാത്രമാണ് ഇതുപോലെ പരസ്യമാര്ക്കറ്റ് ഉള്ളത്.
366 കോടി രൂപ ഒരു വര്ഷം പ്രതിഫലം വാങ്ങി സര്വകലാ റെക്കോര്ഡിട്ട ഒരു നടനാണ് അദ്ദേഹം. 2020-ല് ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില് 52-ാം സ്ഥാനത്താണ് നടന്. അന്ന് 366 കോടിയാണ് നടന്റെ പ്രതിഫലമായി കാണിച്ചരുന്നത്.ആമസോണ് ലൈവ് സ്ട്രീമിങ്ങിലൂടെയും അക്ഷയ് കോടികള് വാരുന്നുണ്ട്. ഇന്ന് ചൈനയിലും മലേഷ്യയിലും റഷ്യയിലുമൊക്കെയായി ലോകമെമ്പാടും ആരാധകര് ഉള്ള താരമാണ് അക്ഷയ.് ആ അന്താരാഷ്ട്ര വിപണിമൂല്യം അദ്ദേഹത്തിന് ഓവര്സീസ് റൈറ്റായി ലഭിക്കുന്നുണ്ട്. അതും കൂട്ടുമ്പോഴാണ് ഒരു ഇന്ത്യന് താരത്തിന് ലഭിക്കാത്ത സ്വപ്നതുല്യമായ പ്രതിഫലം അദ്ദേഹത്തിന് കിട്ടുന്നത്. പക്ഷേ യാതൊരു അഹങ്കാരവുമില്ലാത്ത തികഞ്ഞ മനുഷ്യസ്നേഹിയാണ് അക്ഷയ്. ഈ കോവിഡ് അടക്കമുള്ള എത് ദുരിതകാലത്തും രാജ്യത്തെ കൈയയച്ച് സഹായിക്കാന് അദ്ദേഹത്തിന് മടിയില്ല.
നിരവധി പേര്ക്ക് മാതൃകയാണ് അക്ഷയ് കുമാര്. ഫിറ്റ്നസിന്റെ കാര്യത്തില് ഒരു വിട്ടുവീഴ്ചയും പുലര്ത്താറില്ല. ഈ 56ാം വയസ്സിലും തന്റെ പ്രായത്തിലുള്ള മിക്ക നടന്മാരേക്കാളും ഫിറ്റാണ്. നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യും. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. അതിസാഹസിക രംഗങ്ങളില് ഒഴികെ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. പലപ്പോഴും വൈകിയുള്ള പാര്ട്ടികള് ഒഴിവാക്കുന്ന ഏക ബോളിവുഡ് നടനാണ് അക്ഷയ്. രാജ്യത്ത് ഏറ്റവും കൂടുതല് നികുതി അടക്കുന്ന നടന് കൂടിയാണ് അദ്ദേഹം.
വന്ന വഴി മറക്കാത്ത നടന്
അക്ഷയ്കുമാറിനെ ജനങ്ങള് സ്നേഹിക്കുന്നത്് അദ്ദേഹത്തിന്റെ ലാളിത്യം കൊണ്ടും വന്ന വഴി മറക്കാത്ത പ്രകൃതവും കൊണ്ടാണ്. ഒരു ഹോട്ടല് വെയിറ്ററില്നിന്നാണ് അയാള് ഈ താരസിംഹാസനത്തില് എത്തിയത്. രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരില് പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തില് 1967 സെപ്റ്റമ്പര് 9നാണ് അക്ഷയ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് ഒരുെൈ സനിക ഉദ്യോഗസ്ഥനായിരുന്നു. പഠനത്തില് താല്പ്പര്യമില്ലാതിരുന്ന ഈ പയ്യന്് ചെറുപ്പത്തിലേ മാര്ഷ്യല് ആര്ടസിലായിരുന്നു താല്പ്പര്യം. അങ്ങനെ അവന്റെ ആഗ്രഹപ്രകാരം മാര്ഷ്യല് ആര്ട്സ് പഠിച്ചോട്ടെ എന്നായി പിതാവ്. അങ്ങനെയാണ് അക്ഷയ് ചെറുപ്രായത്തില് തന്നെ തായ്ലന്ഡില് എത്തുന്നത്. ബാങ്കോക്കില് 5 വര്ഷമാണ് അയാള് തായ്ബോക്സിങ് പഠിച്ചത്. ജപ്പാനിലെ പ്രശസ്തമായ സിക്ത്ത് ഗ്രേഡ് കരാട്ടെ ബ്ലാക്ക് ബെല്റ്റും നേടി. ഈ സമയം ഉപജീവനത്തിനായി അദ്ദേഹം പലതരം ജോലികള് ചെയ്തുകൊണ്ടിരുന്നു. വെയിറ്ററായി പല ഹോട്ടലുകളിലും ജോലി ചെയ്ത കഥ അക്ഷയ് തന്നെ പറഞ്ഞിട്ടുണ്ട്.
നാട്ടിലെത്തിയ അദ്ദേഹം മാര്ഷ്യല് ആര്ടസ് അധ്യാപകന്റെ തടക്കമുള്ള വിവിധ ജോലികള് നോക്കി. തന്റെടത്തു കരാട്ടെ പഠിക്കാന് വന്ന ഒരു കുട്ടിയുടെ പിതാവാണ് മോഡലിങ്ങിലേക്ക് ക്ഷണിക്കുന്നത്.പിന്നെ മോഡല് എന്ന നിലിയില് പേരെടുക്കാനായിരുന്നു ശ്രമം. ആ ശ്രമങ്ങള് സനിമയിലെത്തിച്ചു. ദീദര് എന്ന ചിത്രത്തില് നായകനായി അരേങ്ങറ്റം. പക്ഷേ ചിത്രം ആവറേജില് ഒതുങ്ങി. പിന്നെയും കാത്തിരുപ്പ്്. ചെറിയ ചെറിയ റോളുകള് മാത്രമാണ് കിട്ടിയത്. അതും ആക്ഷന് വേഷങ്ങള്. അങ്ങനെ പത്തുവര്ഷം കഴിഞ്ഞു. അങ്ങനെയിരിക്കെ വീണ്ടും ഒരു സിനിമയില് വീണ്ടും നായകനായി. അത് സൂപ്പര് ഹിറ്റായി. അതാണ് 92ല് ഇറങ്ങിയ ഖിലാഡി. ആ പേര് പിന്നെ അക്ഷയിന്റെ കുടെപ്പിറപ്പായി. ഡ്യൂപ്പില്ലാതെ തീപാറുന്ന ആക്ഷന് ചെയ്യുന്ന ആ നടന് വളെര പെട്ടുന്ന് തരംഗമായി. പിന്നെ കില്ലാഡ് സീരീസ് എഴൂസിനിമകള് ചെയ്തു. എല്ലാം വമ്പന് ഹിറ്റുകള്. ഈ സിനിമകളുടെ വിജയത്തിന് ശേഷമാണ് അക്ഷയ്ക്ക് 'ഖിലാഡി കുമാര്' എന്ന പേര് ലഭിച്ചത്. പിന്നീട് ഹാസ്യരംഗങ്ങളിലും അദ്ദേഹം തിളങ്ങി.
മെം ഖിലാഡി തൂ അനാഡി, മോഹറ, സബ്സെ ബഡാ ഖിലാഡി, ഖിലാഡിയൊം ക ഖിലാഡി, ദില് തൊ പാഗല് ഹെ, മി. അന്റ് മിസ്സിസ്സ് ഖിലാഡി, ജാന്വര്, സംഘര്ഷ്തുടങ്ങിയ ചിത്രങ്ങള് തുടര്ച്ചയായി ഹിറ്റായതോടെ 90കളുടെ അവസാനം എത്തുമ്പോഴേക്കും അക്ഷയ് സൂപ്പര് സ്റ്റാറായി മാറി.പിന്നീട് എയര്ലിഫ്റ്റ്, റുസ്തം എന്നീ സിനിമകള്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്ഡ് നേടി. മികച്ച കൊമേഡിയനും വില്ലനുമുള്ള അവാര്ഡുകള് അദ്ദേഹത്തെ തേടിതെത്തിയിട്ടുണ്ട്.
'പടം പൊട്ടുമ്പോള് ചിലര് സന്തോഷിക്കുന്നു'
തികഞ്ഞ മോദി ഫാന്, കറകളഞ്ഞ ദേശീയവാദിയുമാണ് അക്ഷയ്. പക്ഷേ തന്റെ രാഷ്ട്രീയം പരസ്യപ്പെടുത്തിയതും അദ്ദേഹത്തിന് ഹേറ്റേഴ്സിനെ സമ്പാദിച്ചുകൊടുത്തു. അഭിമുഖം കൊടുക്കുന്നതില് അങ്ങേയറ്റം പിശുക്കനായ മോദി, 2019ല് അക്ഷയ് കുമാറിന് മുന്നില് അഭിമുഖത്തിന് ഇരുന്നുകൊടുത്തതും വലിയ വാര്ത്തയായി. ഈ അഭിമുഖം പുറത്തുവന്നതോടെ, നടന് ബിജെപിയില് ചേരുമെന്നും, തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും പ്രചാരണം വന്നിരുന്നു. എന്നാല് തെരഞ്ഞെടുപ്പില് താന് മത്സരിക്കുന്നില്ലെന്ന് പിന്നീട് താരം തന്നെ ട്വീറ്റ് ചെയ്തിരുന്നു.
സംഘപരിവാര് സഹായാത്രികനാണെന്ന് നിരന്തരം വിമര്ശിക്കപ്പെടുമ്പോഴും പലപ്പോഴും തീവ്ര ഹിന്ദുത്വ സംഘടനകളുടെ നിശിത വിമര്ശനങ്ങള്ക്കും അക്ഷയ് പാത്രമായിട്ടുണ്ട്. നേരത്തെ പ്രഥീരാജ് ചൗഹാന് എന്ന അദ്ദേഹത്തിന്റെ സിനിമയും ഏറെ വിവാമായിരുന്നു. അതിനുനേരെയും ചില പരിവാര് സംഘടനകളും ജാതി സംഘടനകളും വാളെടുത്തിരുന്നു. 'ഓ മൈ ഗോഡ്-2' ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപണം ഉയര്ന്നിരുന്നു. അന്ന് അക്ഷയ് കുമാറിനെ തല്ലുകയോ അദ്ദേഹത്തിന്റെ മേല് തുപ്പുകയോ ചെയ്യുന്നവര്ക്ക് 10 ലക്ഷം രൂപ സമ്മാനമാണ് ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടന പ്രഖ്യാപിച്ചത്. പക്ഷേ എന്നിട്ടും തനി സംഘിയായി അക്ഷയ് ചിത്രീകരിക്കപ്പെട്ടു. ഈ രാഷ്ട്രീയ കാരണങ്ങള് കൊണ്ടും അദ്ദേഹത്തിന്റെ ചിത്രം പൊട്ടിയാല് സന്തോഷിക്കുന്ന ഒരു വിഭാഗം രൂപപ്പെട്ടു.
ഒരു അഭിമുഖത്തില് അക്ഷയ് ഇങ്ങനെ പറയുന്നു. " എന്റെ നാലഞ്ച് പടങ്ങള് പരാജയപ്പെട്ടാല് ഇന്ഡസ്ട്രിയിലെ ചില ആളുകള് തന്നെ അത് കണ്ട് സന്തോഷിക്കും. താനത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം പരാജയപ്പെട്ടു എന്നു പറഞ്ഞ് അവര് ചിരിക്കാറുമുണ്ട്' എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. താനീ പറഞ്ഞ ആളുകള് സിനിമാരംഗത്തുളളവരാണെന്നും അക്ഷയ് കുമാര് വ്യക്തമാക്കി. 'സിനിമകള് ഓടാത്തത് പല തവണ ഞാന് കണ്ടിട്ടുണ്ട്. എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകള് നല്ല പ്രകടനം കാഴ്ച്ചവെയ്ക്കണം എന്നതാണ് പ്രധാനം. അത് അച്ഛന് തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഉപദേശം നല്കാന് നിരവധി പേരുണ്ടാകും. എപ്പോഴും ഒരു നിര്മ്മാതാവിന്റെ ആളായി ഇരിക്കുക. നിര്മ്മാതാവിന്റെ വേദന നമ്മുടെത് കൂടിയാകണം' എന്നും അക്ഷയ് കുമാര് കൂട്ടിച്ചേര്ത്തു.
'തീര്ച്ചയായും പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നല്ല. നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് കൂടുതല് കഠിനാധ്വാനം ചെയ്യുക, തിരുത്തലുകള് നടത്തുക, നിങ്ങളുടെ അടുത്ത സിനിമയ്ക്ക് വേണ്ടി സ്വയം സമര്പ്പിക്കുക എന്നതാണ്. അങ്ങനെയാണ് ഞാന് എന്റെ ഊര്ജ്ജം പരാജയത്തിന് ശേഷം വീണ്ടെടുക്കുകയും അടുത്തതിലേക്ക് നീങ്ങാന് ശ്രമിക്കുകയും ചെയ്യുന്നത്. നമ്മുടെ ശ്രദ്ധയും ഊര്ജ്ജവും വേണ്ട സ്ഥലത്ത് കേന്ദ്രീകരിക്കണം' -അക്ഷയ് പറയുന്നു.
പ്രിയദര്ശന് രക്ഷിക്കാനാവുമോ?
അക്ഷന് ഹീറോയില് മാത്രം ഒതുങ്ങുന്ന അക്ഷയ്കുമാറിന്െ കോമഡിയും വഴങ്ങുന്ന രീതിയിലേക്ക് മാറ്റി ഇന്ന് കാണുന്ന മെഗാതാരമാക്കി മാറ്റിയതില് മലയാളത്തിന്റെ പ്രിയ സംവിധായകന് പ്രിയദര്ശനം അഭിമാനിക്കാം. പ്രിയദര്ശന് മോഹന്ലാലിനെ വെച്ച് എടുത്ത കിലുക്കും, വന്ദനം, വെള്ളാനകളുടെ നാട്, താളവട്ടം തുടങ്ങിയ ഒട്ടനവധി റീമേക്കുകളിലും ആ വേഷം ചെയ്തത് അക്ഷയ് ആയിരുന്നു. അത് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുമുണ്ട്. 'മലയാളത്തില് മോഹലാലിനെവെച്ച് പ്രിയദര്ശന് ചെയ്ത മാജിക്ക് ഹിന്ദിയില് അദ്ദേഹം എന്നെ വെച്ച് ചെയ്തു'- അക്ഷയ് ഒരു അഭിമുഖത്തില് പറയുന്നു. പ്രിയദര്ശന്റെ സംവിധാനത്തില് 2007ല് പുറത്തെത്തിയ 'ഭൂല് ഭുലയ്യ' സൂപ്പര് ഹിറ്റായിരന്നു. ഒമ്പതോളം മലയാളം ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളില് അക്ഷയ് കുമാര് നായകനായി എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരുഇടവേളക്ക് ശേഷം അക്ഷയ് കുമാറും സംവിധായകന് പ്രിയദര്ശനും വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്ത്തകള് പുറത്തുവരികയാണ്. ഏക്താ കപൂറാണ് ചിത്രം നിര്മിക്കുന്നത്. കോമഡി ഹൊറര്- ഫാന്റസി ചിത്രമാണ് അണിയറയില് ഒരുങ്ങുന്നത്. പ്രിയദര്ശനാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
'രാമക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യു-സീരീസ് പൂര്ത്തിയായി. അക്ഷയ് കുമാറിനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു ചിത്രം ആരംഭിക്കാന് പോകുകയാണ്. ബ്ലോക്ബസ്റ്റര് ചിത്രമായ 'ഭൂല് ഭുലയ്യ' പോലെയുള്ള ചിത്രമല്ല ഇതെന്നും ഫാന്റസി, ബ്ലാക്ക് മാജിക് പശ്ചാത്തലത്തില്, ഇന്ത്യയിലെ പഴയ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ളതായിരിക്കും.അക്ഷയ്ക്കൊപ്പം സഹകരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇമോഷന്സ് നന്നായി കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. ഒരു നല്ല സിനിമ ചെയ്യാന് കാത്തിരിക്കുകയായിരുന്നു. ഇത് തീര്ച്ചയായും? അത്തരമൊരു ചിത്രമാകുമെന്നാണ് കരുതുന്നത്'- പ്രിയദര്ശന് കൂട്ടിച്ചേര്ത്തു
14 വര്ഷങ്ങള്ക്ക് ശേഷമാണ് അക്ഷയ് കുമാറും- പ്രിയദര്ശനം ഒന്നിക്കുന്നത്. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദന ദാന് എന്നിങ്ങനെ നിരവധി ഹിറ്റ് കോമഡി ചിത്രങ്ങള് അക്ഷയ്- പ്രിയദര്ശന് കൂട്ടുകെട്ടില് പുറത്തിറങ്ങിയിട്ടുണ്ട്. 2010-ല് പുറത്തിറങ്ങിയ ഖട്ടാ മീതയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നല്ല ഒരു സ്ക്രിപ്റ്റ് ഇല്ലാത്തതാണ് അക്ഷയ് ചിത്രങ്ങളുടെ പേരായ്മായി പൊതുവെ എല്ലാവരും പറയുന്നത്. പ്രിയന് മാജിക്കിലുടെ അത് പരിഹരിക്കാന് കഴിയുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഹിന്ദി സിനിമയില്നിന്ന് അക്ഷയ് അങ്ങനെയൊന്നും ഔട്ടാവില്ല. സിനിമക്ക് അപ്പുറം പരസ്യത്തിന്റെയും, വിപണിയുടെയും താരമാണ് അയാള്. സിനിമക്ക് അക്ഷയിനെയാണ് വേണ്ടത്. അല്ലാതെ തിരിച്ചല്ല.
എന്തൊക്കെപ്പറഞ്ഞാലും അക്ഷയ് കുമാറിന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റ് സമ്മതിക്കണം. സിനിമയും, പരസ്യവും, ടിവി ഷോയും, സ്റ്റേജ് ഷോയുമൊക്കെയായി വര്ഷത്തില് 365 ദിവസും അയാള് എന്ജോയ് ചെയ്ത് ജോലി ചെയ്യും. ഒരു പടം പൊട്ടിയതിന്റെ യാതൊരു ചൊരുക്കും കാണിക്കാതെ ചിരിയും കളിയുമായി കൊച്ചുകുട്ടികളുടെ മട്ടില് സെറ്റിനെ പ്രകാശപൂരിതമാക്കും. വ്യക്തിജീവിതത്തിലെ ഈ ഹൃദ്യമായ പെരുമാറ്റം തന്നെയാവണം, അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്നതും.
വാല്ക്കഷ്ണം: മലയാളത്തിലും ഏറെ ഫാന്സുള്ള നടനാണ് അക്ഷയ്. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത അക്ഷയ്, ഇനി 'ഗുഹാ കാ ഖില്ലാഡി' എന്ന പേരില് മഞ്ഞുമ്മല് ബോയ്സ് റീമേക്ക് ചെയ്യുമെന്നും ട്രോളുകള് ഉയരുന്നുണ്ട്!