- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒരു സുപ്രഭാതത്തിൽ കുടുംബത്തെ ഒന്നടങ്കം കണാതാവുന്നു; അഫ്ഗാനിലെത്തിയവരിൽ ഡോക്ടറും എഞ്ചിനീയറും അടക്കമുള്ളവർ; പെൺകുട്ടികളെ മതം മാറ്റിയും ജിഹാദികളാക്കി; അന്ന് ദേശാഭിമാനി പോലും എഴുതിയത് 550 യുവാക്കളെ രക്ഷിച്ചുവെന്ന്; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്, 3,200 സ്ലീപ്പർ സെല്ലുകൾ; വെറും മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
ഒരു സുപ്രഭാതത്തിൽ ഒരു കുടുംബത്തെ ഒന്നടങ്കം കണാതാവുക! 2012 മുതൽ 16വരെയുള്ള കാലത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ പലഭാഗത്തും കണ്ട ഒരു 'പ്രതിഭാസം' ആയിരുന്നു അത്. എങ്ങോട്ട് പോയി എന്ന് ആർക്കും ഒരു പിടിയുമില്ല. തീർത്ഥാടനത്തിന് പോയി എന്നൊക്കെയാണ് നാട്ടുകാർ ആദ്യം കരുതിയത്. പിന്നെയാണ് അവർ പറയുന്നത്, ഇവർ ലോകം ഭയക്കുന്ന ഐസിസ് എന്ന തീവ്രവാദ സംഘടനയിൽ ചേരാൻ പോയതാണെന്ന്!
അത്ഭുതകരമായ സ്വഭാവ വ്യതിയാനങ്ങളാണ് ഇവരിൽ പലർക്കും ഉണ്ടായിരുന്നത്.
ചെറുപ്പം മുതലേ പഠിക്കാൻ മിടുക്കയായായിരുന്നു അയാൾ. നന്നായി പഠിച്ച് ഡോക്ടർ ആവുകയും ചെയ്തു. പക്ഷേ ഇടക്കാലത്ത് അയാളുടെ ജീവിതം ആകെമാറി. സദാ പ്രാർത്ഥനയിലേക്ക് കടന്നു. കൂട്ടുകെട്ടുകൾ എല്ലാം ഉപേക്ഷിച്ചു. സ്വന്തം വീട്ടിൽ നിന്ന് ഇദ്ദേഹം ഭക്ഷണം കഴിക്കായായി. കാരണം മുംബൈയിൽ ഹോട്ടൽ നടത്തുന്ന പിതാവ് അനിസ്ലാമിക രീതിയിലാണ് പണം സമ്പാദിക്കുന്നതെന്നാണ് അയാളുടെ വിശ്വാസം. അങ്ങനെയായിരുന്നു, കണ്ണൂർ സ്വദേശിയായ ഡോ ഇജാസിന്റെ ജീവിതം. അങ്ങനെ ഡോക്ടർ കുടിവെള്ളംപോലും സ്വന്തം വീട്ടിൽനിന്ന് എടുക്കാതെയായി. ക്രമേണെ അയാൾ സമൂഹത്തിൽനിന്ന് ഉൾവലിച്ചു. പിന്നെ പെട്ടന്ന് ഒരു ദിവസം കാണാതായി. അയാൾ മാത്രമായിരുന്നു, ഭാര്യയും സഹോദരനുമടക്കം അഞ്ചു പേരയാണ് കാണാതായത്. വർഷങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം അഫ്ഗാനിലാണെന്ന് വിവരം കിട്ടിയത്. ഏറ്റവും ഒടുവിൽ കൊല്ലപ്പെടുവെന്നും.
അതുപോലെ കോഴിക്കോട് മൂഴിക്കൽ സ്വദേശി ഷജീർ അബുദുല്ല. എൻഐടിയിൽ പഠിച്ച് റാങ്കിനടുത്ത് മാർക്ക് വാങ്ങിയ അദ്ദേഹവും, പ്രവാചകചര്യക്കുനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞ് ഐസിസിൽ ചേരാൻ അഫ്ഗാനിലെത്തി പൊട്ടിത്തെറിച്ചു മരിച്ചു.
അക്കാലത്ത് പൊലീസും മതസംഘടനകളുമൊക്കെ മലയാളികളുടെ ഈ ഐസിസ് പ്രേമത്തിനെതിരെ വലിയ കാമ്പയിൽ നടത്തിയിരുന്നു. സുന്നി സംഘടനകൾ മുജാഹിദുകളെ പ്രതിക്കൂട്ടിലാക്കിയകാലം. ഭീകരവാദം വീട്ടുമുറ്റത്തെത്തിയെന്ന് കരുതി, മലയാളികൾ ഭയന്നിരുന്ന കാലം. പൊലീസും സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുമൊക്കെ ഈ വിപത്തിനെതിരെ കാമ്പയിൽ നടത്തിയിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള 'ഡീ റാഡിക്കലൈസേഷൻ' പദ്ധതിയുടെഭാഗമായി 550 യുവാക്കളെ തീവ്രവാദത്തിൽനിന്ന് രക്ഷിച്ചുവെന്ന് എഴുതിയത് സാക്ഷാൽ ദേശാഭിമാനിയാണ്.
ഇത് 2016കാലത്ത് നടന്ന കാര്യമാണ്. വെറും ഏഴു വർഷംകൊണ്ട് മലയാളി എന്തെല്ലാം മറന്നുപോയിരിക്കുന്നു. ഇന്ന് 'ദ കേരളാ സ്റ്റോറി' സിനിമ വലിയ തോതിൽ ചർച്ചയായതോടെ, വെറും 3പേർ മാത്രം ഐസിസിലേക്ക് പോയ ഒരു കഥയായി അത് ചുരുങ്ങുന്നു. തീർച്ചയായും 32,000 പേർ കേരളത്തിൽനിന്ന് ഐസിസിലേക്ക് പോയി എന്ന് സിനിമ പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ( സിനിമയുടെ നിർമ്മാതാക്കൾ അങ്ങനെ അവകാശപ്പെടുന്നില്ല എന്നും വാർത്തകൾ വന്നിട്ടുണ്ട്) . പക്ഷേ വെറും മൂന്നോ നാലോ പേർ മാത്രമാണ് ഈ സംഭവങ്ങളിൽ ഉൾപ്പെട്ടത് എന്ന് കരുതി ലഘൂകരിക്കുന്നതും തെറ്റാണ്. കേരളത്തിലെ ഇസ്ലാമോ- ഇടതുപക്ഷം ഇപ്പോൾ പറയുന്നതുപോലെ വെറുമൊരു കെട്ടുകഥയല്ല, കേരളം ഞെട്ടിയ സംഭവമാണ്.
കേരളത്തിൽനിന്ന് ജിഹാദിനുപോയവർ
2017-2019 കാലയളവിൽ മാത്രം കേരളത്തിൽ നിന്നും 149 പേർ ഐസിസിൽ ചേർന്ന് രാജ്യം വിട്ടുപോയി എന്നാണ് എൻഐഎ ഫയലുകളിൽ പറയുന്നത്. കാസർഗോഡ്്, കണ്ണൂർ , മലപ്പുറം, കൊല്ലം, ഇടുക്കി, പാലക്കാട്, എറണാകുളം ഇവിടെങ്ങളിൽ നിന്നാണ്് ഇവർ നാടുവിട്ടത്. മിഡിൽ ഈസ്റ്റിൽ നിന്ന് സിറിയ , അഫ്ഗാനിസ്ഥാൻ ഇവിടെങ്ങളിലെ ഐസിസ് ക്യാമ്പിലേക്കാണ്, ഇവർ പോയതത്. ഇതിൽ 32 പേർ വിവിധ രാജ്യങ്ങളിൽ വച്ചു് അറസ്റ്റ് ചെയ്യപ്പെട്ടു. ബാക്കിയുള്ളവരിൽ ഏറെയും കൊല്ലപ്പെട്ടു.
എൻഐഎയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 250 പേരെങ്കിലും, പ്രബുദ്ധമെന്ന് നാം കരുതുന്ന ഈ കൊച്ചുകേരളത്തിൽനിന്ന്, ഐസിസിൽ എത്തിയിട്ടുണ്ട്. 2014ന് മുമ്പു ഐഎസുമായി ബന്ധപ്പെട്ട് 127 പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അതിൽ 17 പേർ മലയാളികൾ ആയിരുന്നു. 2016 ൽ അബ്ദുൾ റഷീദ് അബ്ദുള്ള എന്ന കാസർകോട്ടുകാരന്റെ നേതൃത്വത്തിൽ 21 മലയാളികൾ അഫ്ഗാനിസ്ഥാനിത്തെി ഐസിസിൽ ചേർന്നിരുന്നു. ഇതിൽ നാല് ദമ്പതികൾ ഉണ്ടായിരുന്നു. അതിലെ സ്ത്രീകളെല്ലാം ഇസ്ളാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരായിരുന്നു. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫേലിയ എന്നിവരായിരുന്നു അവർ. ഇസ്ളാം മതം സ്വീകരിച്ചവരും അതിൽ ഉണ്ടായിരുന്നൂ, ബെസ്റ്റിൻ വിൻസന്റു്, ബെക്സ്റ്റ് (നിമിഷ ഫാത്തിമയുടെ ഭർത്താവ്് ) എന്നിവർ ആയിരുന്നു അവർ. ഇതോടെയാണ് ഐസിസ് റിക്രൂട്ടമെന്റ് പൊതു ചർച്ചയാവുന്നത്.
എൻഐഎയുടെ റിപ്പോർട്ടിൽ പറയുന്ന മറ്റ് ഐസിസ് കേസുകൾ ഇങ്ങനെയാണ്.
മുംബൈ വഴി സജീർ അബ്ദുള്ള മംഗലശ്ശേരി, അബ്ദുൾ റഷീദ് അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ 21 പേർ അഫ്ഗാനിസ്ഥാനിൽ എത്തി. ഇവരിൽ പലരും കൊല്ലപ്പെട്ടു.
കാസർകോട്ടുകാരൻ ഹബ്ബീബ് റഹ്മാന്റെ നേതൃത്വത്തിൽ 2016-ൽ അബുബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവർ അടക്കമുള്ള ഒരു 14 അംഗം സംഘം മിഡിൽ ഈസ്റ്റിൽ നിന്ന് ഐഎസിൽ ചേരാൻ സിറിയ ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോയി. ഇതിൽ ചിലർ 2019 -ലെ ശ്രീലങ്കൻ സ്ഫോടനത്തിന്റെ ഗൂഢാലോചനയിലും പങ്കാളികളായിരുന്നു. ആ സ്ഫോടനത്തിൽ 269 പേർ മരിച്ചത്.
2016-ൽ കണ്ണൂർകാരായ മിഥിലാജ്, അബ്ദുൾ റസാഖ് കെ.വി, റാഷിദ് എം.വി, മനാഫ് റഹ്മാൻ, ഹംസ യു.കെ എന്നീ 5 പേർ ഐസിസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിൽ ആയിരുന്നു. 2017 -ൽ നസീദുൽ നസീദുൽ ഹംസഫർ എന്ന വയനാട്ടുക്കാരൻ ഭീകരന്റെ നേതൃത്വത്തിൽ 15 പേർ ഈ ഭീകര സംഘടനയിൽൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്കു് പോയി. എന്നാൽ അയാൾ അറസ്റ്റുചെയ്യപ്പെട്ടു.
വളപ്പട്ടണം കേസ്സിലെ റഷീദ് എം.വി , മനൂഫ് റഫ്മാൻ ഇവരുടെ നേതൃത്വത്തിൽ നിരവധി മലയാളി ഭീകരർ സിറിയയിലേക്ക് പോയതായി സ്ഥിരീകരിച്ചുണ്ട്.
ഷൈബു നിഹാർ ,മൻസൂർ,ഫാജിദ്, മഹദ്ദീസ്, അഷറഫ് മൗലവി, ഷഹനാദ്, സഫീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം 2017 -ൽ ഐസിസിൽ ചേരാൻ ആയി ബഹ്റിനിൽ നിന്നും സിറിയയിലേക്കു് കടക്കാൻ ശ്രമിച്ചതായി എൻഐഎ കണ്ടെത്തി. ഇതിൽ കണ്ണൂർ സ്വദേശിയായ അബ്ദുൾ മനാഫ് സിറിയയിൽ കൊലപ്പെട്ടു. കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്ന് മലയാളി ഐഎസ് ഭീകരരും കൊല്ലപ്പെട്ടു. ഈ സംഘത്തിലെ 6 പേർ കണ്ണൂർ കാരായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആയിരുന്നു. ഇതിൽ ഒരാൾ 2009 -ൽ സിപിഎം പ്രവർത്തകൻ ബിനീഷിനെ കൊലപ്പെടുത്തിയതിൽ പ്രതി ആയിരുന്നു. മൊത്തം 29 മലയാളി ഐസിസ് ഭീകരർ ആണ് ഈ സംഘം വഴി സിറിയയിലേക്ക് കടന്നതായി കണക്കാക്കുന്നു. ഇതിൽ 8 പേർക്കെതിരെ കേരളാ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അങ്ങനെ എത്രയെത്ര കേസുകൾ.
കേരളത്തിൽ 3200 സ്ളീപ്പർ സെല്ലുകൾ
അതിനേക്കാൾ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഐസിസിന് ഇപ്പോഴും പല പേരുകളിൽ കേരളത്തിൽ സ്ളീപ്പർ സെല്ലുകൾ ഉണ്ടെന്നതാണ്. എൻഐഎയുടെ റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്്. കാരണം പച്ചയായ മതമാണ് അവർ ഉപയോഗിക്കുന്നത്. ജിഹാദ് തന്നെയാണ് ആശയം. അതിനാൽ നേരിട്ട് ഐസിസിൽ ചേർന്നതിനേക്കാൾ എത്രയോ അധികം പേർക്ക് ആ ആശയത്തോട് യോജിപ്പുണ്ടാവും, തീവ്ര സലഫി ആശയങ്ങൾക്ക് വേരുള്ള നാടുതന്നെയാണ് കേരളം. സാക്കിർ നായിക്ക് തൊട്ട് എം എം അക്ബറിന്റെ പീസ് സ്കുൾവരെ ഈ വിഷയത്തിൽ പലതവണ ആരോപിതരായി.
2021 -ൽ എൻഐഎ ഷിഫാ ഹാരിസ് ,മിസ്ഫാ സിദ്ദിഖ് എന്നീ മലയാളി വനിതകളുടെ നേതൃത്വത്തിൽ ഉള്ള ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എൻഐഎ പിടിച്ചെടുക്കുക ഉണ്ടായി. അതിൽ 5000 ത്തിലധികം അംഗംങ്ങൾ ഉണ്ടായിരുന്നു്. ഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നു. അത് വെളിച്ചം വീശിയത് ഈ സ്ളീപ്പർ സെല്ലിലേക്കാണ്. കേരളത്തിൽ ഐസിസിന് സമാന്തര ടെലിഫോൺ എക്സ്ഞ്ചേഞ്ചുകൾ ഉണ്ടെന്നു് ആന്റി ടെടറിസം സൈബർ വിങ്ങ് 2021ൽ റിപ്പോർട്ടു് ചെയ്തതാണ്. തുടർന്നു് ആ വർഷം തന്നെ കോഴിക്കോടു് നിന്നും 7 സമാന്തര ടെലിഫോൺ എക്സ്ഞ്ചേഞ്ചുകൾ ആണ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത്.
കേരളത്തെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുകയും ഇവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അൽ കേരളാ, അൽ-ഹിന്ദ് എന്നീ പേരുകളാണ് അവർ കേരളത്തിനായി നിശ്ചയിച്ചിരിക്കുന്നതത്രേ. ഇന്ത്യൻ അൽഖായിദ, ഇന്ത്യൻ മുജ്ജാഹിദ്ദീൻ, അൽ -ഉമ്മ തുടങ്ങിയ ഭീകര സംഘടനകളും ഇതേലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവയാണ്. ഇതിനും കേരളത്തിൽ വേരുകൾ ഉണ്ട്. കേരളത്തിൽ ഐസിസിന് 3200-ലധികം സ്ളീപ്പർ സെല്ലുകളുണ്ടെന്ന് ,2021 -ൽ ആന്റി ടെററിസം സൈബർ വിങ്ങ് റിപ്പോർട്ടു് ചെയ്തതാണ്. ഇതിൽ പോപ്പുലർ ഫ്രണ്ടും ആരോപണ വിധേയരാണ്. അവരുടെ നിരോധനത്തിലേക്കും ഈ സംഭവം നയിച്ചുന്നു.
ജനകീയ ഡോക്ടർ ഭീകരനാവുന്നു
ഒരു ജനകീയ ഡോക്റിൽനിന്ന് ഐസിസ് ഭീകരനിലേക്ക്. 2020ലെ അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ ആക്രമണത്തിന് ചുക്കാൻ പിടിച്ച് രകാല്ലപ്പെട്ട ഡോ ഇജാസിന്റെ ജീവിതം അതാണ്. ഉയാൾ ഐഎസിന്റെ കേരള അമീർ ആയിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പ്രൊഫഷണലുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഇയാളുടേത് എന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്.
ചൈനയിൽപോയി പഠിച്ച് എംബിബിഎസും എംഡിയും നേടിയ ഇജാസ്, മെഡിക്കൽ സർവീസിൽനിന്ന് അവധിയെടുത്താൻ ഐഎസിൽ ചേർന്നത്. അധികം ആരോടും സംസാരിക്കാത്ത സൗമന്യം ശാന്തനുമായ വ്യക്തിയായിരുന്നു ഇയാൾ എന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും കാശു വാങ്ങാതെ ചികിസിക്കുന്നതിനാലും വീട്ടിൽവന്ന് പരിശോധിക്കുന്നതിനാലും അദ്ദേഹം ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി. സാക്കിർ നായിക്കിനോടുള്ള അന്ധമായ ആരാധനയാണ് ഇയാളെ വഴിതെറ്റിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ആദ്യം അഫ്ഗാനിലും ഡോക്ടറുടെ ജോലിനോക്കിയ ഇജാസ് ഐഎസ് തലവൻ ബാഗ്ദാദി മരിച്ചതോടെയാണ് ആയുധം എടുത്തത്. കുടുത്ത സാമ്പത്തിക പ്രതിസന്ധികൂടി വന്നതോടെ ഐഎസിലുള്ളവർ പോലും കീഴടങ്ങാനാണ് ആഗ്രഹിച്ചത്. എന്നാൽ തീവ്രാവാദം മനസ്സിൽ ഉറച്ചപോയ ഇജാസ് സ്വയം ചാവേറായി ഓപ്പറേഷൻ നയിക്കയായിരുന്നു.
പടന്ന കല്ലുകെട്ടിയ പുരയിൽ ഡോ. കെ.പി. ഇജാസിന്റെ ഭാര്യ റഫീന (റിഫൈല)യും അഞ്ചുവയസ്സുള്ള മകൾ ഹയാനും അഫ്ഗാൻ അധികൃതരുടെ പിടിയിലായതായി റിപ്പോർട്ട്. റഫീനയും ബിഡിഎസ് ബിരുദധകരിയാണ്. ഇജാസുമായുള്ള വിവാഹശേഷം ശ്രീലങ്കയിൽ ജോലികിട്ടി പോകുന്നുവെന്നാണ് വീട്ടുകാരോട് റഫീന പറഞ്ഞിരുന്നത്. രണ്ടുവയസ്സായിരുന്ന മകൾ ഹയാനയും അവർക്കൊപ്പം ഉണ്ടായിരുന്നു. വീടുവിടുമ്പോൾ ഗർഭിണിയായിരുന്ന റഫീന അഫ്ഗാനിലെത്തി രണ്ടാമത്തെ കുഞ്ഞിന് ജന്മംനൽകിയ വിവരം വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല.
ഡോ. കെ.പി. ഇജാസ് വെള്ളരിക്കുണ്ടിലും നീലേശ്വരത്തും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നാട്ടുകാർക്ക് പ്രിയപ്പെട്ട ഡോക്ടറായിരുന്നു. വിദേശത്തേക്ക് പോകുന്നതിനായി സർക്കാർ സർവീസിൽ നിന്ന് അവധിയെടുത്താണ് ഇജാസ് പോയത്. പടന്ന കല്ലുകുടിപ്പുരയിൽ അബ്ദുൾ റഹിമാന്റെ മകനാണ് ഇജാസ്. ബോംബെയിൽ ബിസിനസുകാരനായ അബ്ദുൾ റഹിമാന് അവിടെ ലോഡ്ജുകളടക്കം നിരവധി കെട്ടിടങ്ങളുണ്ട്.
2016 ജൂണിൽ ഇജാസുൾപ്പെടെ 21 മലയാളികളാണ് ഐ.എസിൽ ചേർന്നത്. കാസർഗോഡ് പാലക്കാട് സ്വദേശികളാണ് ഇവർ. അന്ന് ഐ.എസിന്റെ കേരള അമീർ ആയ പടന്ന വടക്കുമ്പാട്ടെ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ഇജാസ് ഉൾപ്പെടെയുള്ള 21 അംഗസംഘം അഫ്ഗാനിൽ പോയത്. ഇതിൽ എത്രപേർ ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ല.
റാഷിദ് അബ്ദുള്ളയുടെ ഭാര്യ കൊച്ചി വൈറ്റിലയിലെ സോണിയ എന്ന ആയിഷ, മകൾ സാറ, റാഷിദിന്റെ സഹോദരൻ ഷിഹാസ്, ഭാര്യയും ഡെന്റൽ ഡോക്ടറുമായ അജ്മല, ബന്ധുവായ അഫ്സാക്ക് മജീദ്, ഭാര്യ ഷംസിയ എന്നിവരാണ് പടന്നയിൽനിന്ന് ഐ.എസ് സംഘത്തിൽ ചേർന്നത്. ഇതിൽ റാഷിദ് അബ്ദുള്ള നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ഇജാസാണ് കേരള അമീറിന്റെ ചുമതല വഹിക്കുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. 2015ലാണ് ഇജാസ് ടെലിഗ്രാം ആപ്പിലുടെ ഐഎസുമായി ബന്ധം സ്ഥാപിച്ചത് എന്നാണ് പറയുന്നത്. രണ്ട് വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ ഇജാസിന്റെ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാൻ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണുള്ളത്.
ഐഎസിൽ ചേർന്ന തിരുവനന്തപുരം സ്വദേശി നിമിഷ (ഫാത്തിമ) ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയായിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജിലാണ് ഇരുവരും പഠിച്ചത്. നിമിഷ മതം മാറിയശേഷം പാലക്കാട് യാക്കരയിലെ ഈസയെ വിവാഹംചെയ്യാൻ ഒത്താശചെയ്തതും ഇജാസാണ്. ഈസയും സഹോദരൻ യഹ്യയും ക്രിസ്തുമതത്തിൽനിന്നു പരിവർത്തനം ചെയ്തവരാണ്. യഹ്യ വിവാഹംചെയ്തതും മതം മാറിയ മറിയം എന്ന മെറിനെയാണ്.
ഷജീറും താലിബാൻ ഹംസയും
കണ്ണൂർ, കാസർകോട് എന്നീ രണ്ടു ജില്ലകൾ ലക്ഷ്യമിട്ടാണ് കേരള ഐഎസിന്റെ പ്രവർത്തനം എന്നാണ് എൻഐയുടെ കണ്ടെത്തൽ. ഐഎസിന്റെ ദക്ഷിണേന്ത്യൻ കമാൻഡറായി അറിയപ്പെട്ടിരുന്ന കൊല്ലപ്പെട്ട ഷജീർ മംഗലശ്ശേരി രൂപം കൊടുത്ത ഒമർ അൽ ഹിന്ദ് എന്ന രഹസ്യ സംഘടനയാണ് ഇതിന് ചുക്കാൻ പിടിച്ചെന്നും പറയുന്നു.
കേരളത്തിൽ 'അൽസാർ-ഉൽ-ഖിലാഫ കെ.എൽ' എന്നറിയപ്പെടുന്ന ഐ.എസ് ഭരണമേഖല സ്ഥാപിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് നേരത്തെ കസ്റ്റഡിയിലായവർ വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ഇവർ പാക്കിസ്ഥാനിലെ ഐഎസ് അനുയായികളുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ, യുക്തിവാദികൾ, അഹ്മദീയ മുസ്ലിംകൾ, കൊടൈക്കനാലിലുള്ള യഹൂദർ എന്നിവരെ വധിക്കാനും സംഘം പദ്ധതി തയാറാക്കിയിരുന്നതായുംഅധികൃതർ പറയുന്നു. എൻജിനിയറിങ് ബിരുദധാരിയായ ഷജീർ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീർ. 2016-ൽ യു.എ.ഇയിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീർ കേരളത്തിലെ കൂട്ടാളികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
'ബാബ് അൽ-നൂർ' എന്നാണ് സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഷജീർ പിന്നീട് അഫ്ഘാനിസ്ഥാനിൽ നടന്ന യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2018-ൽ സിറിയയിലും ഇറാഖിലും ഐ.എസിന് വൻ തോതിൽ തിരിച്ചടി നേരിട്ടപ്പോൾ പോലും കേരളത്തിൽനിന്നു പത്തുപേർ ഭീകരസംഘടനയിൽ ചേരാൻ തയ്യാറായി എന്നതാണ് ശ്രദ്ധേയം.
ഒമർ അൽഹിന്ദ് യൂണിറ്റിന്റെ കീഴിലായാണ് കാസർഗോഡ് കണ്ണൂർ ഘടകങ്ങൾ പ്രവർത്തിക്കുന്നത്. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജൻസിനു നാലുവർഷം മുമ്പു വിവരം ലഭിച്ചതാണ്. കണ്ണൂർ ഘടകത്തിൽപ്പെട്ട 16 പേരിൽ ഭൂരിഭാഗവും സിറിയയിലായിരുന്നു. ഈ ഘടകത്തിലെ അഞ്ചുപേരെ 2017 ഒക്ടോബറിൽ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിലെ പ്രമുഖ അംഗമായ താലിബാൻ ഹംസ എന്ന യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ വണ്ടൂരിലെ ഐഎസ് കീഴ്ഘടകത്തെ കണ്ടെത്തുന്നത്. ബഹ്റിനിൽ ജഹാദി ക്ലാസുകളിൽ പങ്കെടുത്തിരുന്നെന്നു കരുതപ്പെടുന്ന ഷെയ്ബു നിഹാറിനെ അറസ്റ്റുചെയ്യുന്നതും ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
നിമിഷാ ഫാത്തിമ എവിടെ?
മതം പരിവർത്തനം നടത്തി അഫ്ഗാനിലേക്ക് പോയ നിമിഷ ഫാത്തിമ ഇന്നും എവിടെയാണ് ആർക്കും കൃത്യമായി അറിയില്ല. ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിൽ ജയിലിൽ കഴിയുന്ന, നിമിഷെയെ നാട്ടിലേക്ക് കൊണ്ടുവരണം എന്ന് 2021ൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ അത് കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. 2020ൽ അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയിൽ മലയാളിയായ നിമിഷ എന്ന ഫാത്തിമയുടെയും ഭർത്താവ് വിൻസർ് എന്ന ഈസയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവർ മടങ്ങിവരുമെന്ന് ഓർത്ത് നിഷിഷയുടെ അമ്മ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദു ആഗ്രഹിച്ചിരുന്നത്.
തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്.കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്.
ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ പോയവരിൽ പലർക്കും സമാനതകൾ ഇല്ലാത്ത പീഡനം ആണ് അനുഭവിക്കേണ്ടി വന്നതെന്നും പിന്നീട് വാർത്തകൾ വന്നു. ഐഎസുകാർ ഇവരെ ലൈംഗിക അടിമകളായി ഉപയോഗിച്ചതിന്റെയും, ഭക്ഷണം പോലും കൊടുക്കാതെ പീഡിപ്പിച്ചതിന്റെയും പല കഥകളും പുറത്തുവന്നു. ഐഎസ് വിധവകൾ എന്ന് പറയുന്നവർ ഇന്നും ലോകത്തിന്റെ നൊമ്പരമാണ്.
550 യുവാക്കളെ രക്ഷിച്ചുവെന്ന് ദേശാഭിമാനി
ഇപ്പോൾ ദ കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തിൽ ഐഎസ് ഭീഷണി ഒറ്റപ്പെട്ടതാണ് എന്ന് പറയുന്ന അതേ ദേശാഭിമാനി 2021 സെപ്റ്റമ്പർ 24ന് പ്രസിദ്ധീകരിച്ച വാർത്ത നോക്കുക. മത തീവ്രവാദ സംഘടനകളുടെ കെണിയിൽനിന്ന് ബോധവൽക്കരണത്തിലൂടെ കേരള പൊലീസ് ഇതുവരെ രക്ഷിച്ചത് 550 യുവാക്കളെ എന്നതായിരുന്നു ആ വാർത്ത.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വത്തിലുള്ള 'ഡീ റാഡിക്കലൈസേഷൻ' പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളിൽനിന്ന് മോചിപ്പിച്ചതെന്നായിരുന്നു ആനപ്പുറം റഷീദ് എഴുതിയ വാർത്തയിൽ പറഞ്ഞിരുന്നത്. കൗണ്ടർ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കൾക്ക് ബോധവൽക്കരണം നൽകിയതായാണ് ഇന്റലിജൻസ് കണക്ക് വാർത്തയിലുണ്ടായിരുന്നു. ഐഎസിലേക്ക് കണ്ണൂരിൽ നിന്നടക്കം യുവാക്കൾ പോയ കാര്യവും വാർത്തിലുണ്ട്. അന്ന് ഇത് അഭിമാന നേട്ടമായാണ് സർക്കാർ അവതരിപ്പിച്ചത്. 'ഡീ റാഡിക്കലൈസേഷൻ' പദ്ധതി വൻ വിജയം എന്ന് അഭിമാനത്തോടെ പറഞ്ഞ സർക്കാർ ഇന്ന് പക്ഷേ ചുവട് മാറ്റി. പദ്ധതിയെ പറ്റിയോ അതിന്റെ നേട്ടങ്ങളെയോ പറ്റി യാതൊന്നും പറയുന്നില്ല.
2018ലാണ് 'ഡീ റാഡിക്കലൈസേഷൻ' പദ്ധതി ആരംഭിച്ചത്.വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷിച്ച് തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായ യുവാക്കളെ കണ്ടെത്തി ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. ും കെണിയിൽപ്പെട്ട യുവാക്കളിൽ കൂടുതലും കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ്. വീടുകളിലെത്തി രഹസ്യമായാണ് ബോധവൽക്കരണം നടത്തുന്നതെന്നും വാർത്തയിൽ പറയുന്നു.എന്നാൽ കോവിഡ് കാലത്ത് നിലച്ച പ്രവർത്തനം പുനരാരംഭിക്കാൻ ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയതായും വാർത്തിയിലുണ്ട്.അതായത് കേവലം മൂന്നുപേർ അഫ്ഗാനിൽപോയ കാര്യമല്ല ഐസിസി റിക്രൂട്ട്മെന്റ് എന്ന് വ്യക്തമാണ്.
കാമ്പയിനുമായി സുന്നി സംഘടനകളും
2016-18 കാലയളവിൽ ഈ ഐഎസ് റിക്രൂട്ട്മെന്റും കുടുംബങ്ങളെ കൂട്ടത്തോടെ കാണാതാവലും പതിവായതോടെ, കാമ്പയിനുമായി സുന്നി സംഘടനകളും രംഗത്ത് എത്തിയിരുന്നു. മുജാഹിദ് ആശയക്കാരെ, പ്രത്യേകിച്ച് എം എം അക്ബറിനെയും പീസ് സ്ക്കൂളിനെയുമാണ് അവർ പ്രതിക്കൂട്ടിലാക്കിയത്.
മുസ്ലീ ലീഗിലും ഇത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് സാമൂഹിക പ്രവർത്തകനായ എം എ കുഞ്ഞുമുഹമ്മദ് ഡൂൾ ന്യൂസിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. '' ഇസ്ലാമികക്ക് സ്റ്റേറ്റിലേക്ക് എന്ന് കരുതുന്ന യുവാക്കളുടെ തിരോധാനം, മുസ്ലിം ലീഗിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലീ ലീഗിന്റെ ബുദ്ധികേന്ദ്രവും കേരളത്തിലെ വോട്ടുബാങ്കുമായ മുജാഹിദുകളിൽ (സലഫികൾ) പെട്ടവരാണ് തിരോധാനം ചെയ്യപ്പെട്ടിട്ടുള്ളത്. കടുത്ത മുസ്ലീലീഗ് പക്ഷപാതിത്വമുള്ള ടി പി അബ്ദുല്ലക്കോയ മദനി നേതൃത്വം നൽകുന്ന ഔദ്യോഗിക മുജാഹിദുകൾക്ക് ഒപ്പം സഞ്ചരിച്ചവരാണ്, ഐസിസിലേക്ക് തിരോധാനം ചെയ്യപ്പെട്ടവർ. സാക്കിർ നായിക്കിന്റ കേരള പതിപ്പായ, എം എം അക്ബറും, ഔദ്യോഗിക മുജാഹിദിനൊപ്പം ചേർന്ന് നടക്കുന്നയാളാണ്. മുസ്ലിംലീഗിന് ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ, മുസ്ലിം ലീഗ് തന്നെയായ വിഭാഗങ്ങളിൽനിന്ന്, ഐസിസിലേക്ക് റിക്രൂട്ട്മെന്റ് ഉണ്ടായി എന്ന വാർത്ത പാർട്ടിക്ക് ഞെട്ടൽ ഉണ്ടാക്കി. തീവ്രവാദം ആരോപണം നേരിടുന്ന മുജാഹിദുകളുടെ പ്രതിരോധിക്കേണ്ട അനിവാര്യഘട്ടം പാർട്ടിക്ക് വന്നുചേർന്നു. സലഫിസം ശക്തമായ തീവ്രവാദ ആരോപണത്തിന് വിധേയമാവുമ്പോൾ, മുസ്ലിം ലീഗ് ദുർബല പ്രതിരോധവുമായി ചകിതമാവുന്ന സ്ഥിതിയാണ് കാണുന്നത്.
മുജാഹിദ് നേതാക്കൾ കടുത്ത വിമർശനങ്ങൾക്ക് പാത്രമാവുമ്പോൾ, അവർക്ക് പ്രതിരോധം തീർക്കാൻ മറ്റ് മുസ്ലിം സംഘടനകളെ കൂടി അണിചേർക്കാനുള്ള ശ്രമം ലീഗ് നടത്തുന്നുണ്ടെങ്കിലും, അത് വിജയിക്കാത്ത സ്ഥിതിയാണ്. അബുദുന്നാസർ മദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വൈകി മാത്രം,സംസാരിച്ച മുസ്ലിം ലീഗ് സാക്കിർ നായിക്കിന്റെ മനുഷ്യാവകാശത്തിനുവേണ്ടി അതിവേഗം രംഗത്തുവന്നതും, പാർട്ടിയിലെ സലഫി സ്വാധീനം വ്യക്തമാക്കുന്നതാണ്. ഐസിസ് റിക്രൂട്ട്മെന്റിന്റ പശ്ചാത്തലത്തിൽ യൂത്ത്ലീഗ് നടത്തിയ ചർച്ചാ സമ്മേളത്തിന്റെ തലക്കെട്ടിൽപോലും, തീവ്രവാദം എന്ന പേര് കടന്നുവരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. 'യുവാക്കളുടെ തിരോധാനവും കേരളത്തിന്റെ ആശങ്കയും' എന്നായിരുന്നു തലക്കെട്ട്.
ഈ പരിപാടിയുടെ നോട്ടീസിൽ പേരുണ്ടായിട്ടും കെ എം ഷാജി പങ്കെടുത്തില്ല. പങ്കെടുത്ത എം കെ മുനീർ ആവട്ടെ, ഈ ഐസിസ് റിക്രൂട്ട്മെന്റിനെക്കുറിച്ചോ, മുജാഹിദുകളുടെ വഴിതെറ്റലിനെക്കുറിച്ചോ, പരാമർശിക്കാൻ പോലും കൂട്ടാക്കിയില്ല. ഇത്തരംഘട്ടങ്ങളിൽ തീവ്രവാദ വിരുദ്ധ പോരാളികളായി മാധ്യമങ്ങൾക്ക് മുന്നിൽ ചാടി വീഴാറുള്ള ഇരുകൂട്ടരും എവിടെയോപോയി ഒളിച്ച അവസ്ഥയിലാണ്. ഷാജിയുടെയും മുനീറിന്റെയും സലഫി പശ്ചാത്തലമാണ്, മുജാഹിദുകളിലെ വിശ്വാസ/ പ്രയോഗ വ്യതിചലനത്തിനെതിരെ ഇരുവരെയും നിശബ്ദരാക്കുന്നത്എന്ന് പകൽ പോലെ വ്യക്തമാണ്.''- എം എ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
നോക്കുക, മുസ്ലിം ലീഗ് പോലും കുഴങ്ങിപ്പോയ പ്രശ്നമാണിത്. മാത്രമല്ല സുന്നി സംഘടനയായ സമസ്ത ഇക്കാര്യത്തിൽ ശക്തമായ കാമ്പയിൻ നടത്തിയിരുന്നു. ഇതും ലീഗിനെ വെട്ടിലാക്കി. ചുരുക്കിപ്പറഞ്ഞാൽ സമുദായ സംഘടനകളിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്ക് അടക്കം, ഐസിസിന്റെ പേരിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായ സംസ്ഥാനമാണ് കേരളം. എന്നിട്ടും 'ദ കേരളാ സ്റ്റോറി' എന്ന സിനിമ വന്നപ്പോൾ ഇവിടുത്തെ മുഖ്യധാരാ പാർട്ടികളും സംഘടനകളും എല്ലാം ഒന്നിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായത്.
വാൽക്കഷ്ണം: ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്. ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ