- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹിമവാന്റെ മടിത്തട്ടിലെ അതീവ പരിസ്ഥിതി ദൂർബല പ്രദേശം; ഒരു മരം പോലും മുറിക്കരുത്, പാറ പൊട്ടിക്കരുത് എന്ന നിർദ്ദേശം കാറ്റിൽ പറന്നു; വീടുകളിലും റോഡുകളിലുമെല്ലാം വിള്ളൽ; അണക്കെട്ടിനെ പഴിച്ച് നാട്ടുകാർ; ചൈനയുടെ അട്ടിമറിയെന്നും അഭ്യൂഹം; ദേവഭൂമി പ്രേതഭൂമിയാവുമോ; ബദരീനാഥ് തീർത്ഥാടനത്തിന്റെ ഭാവിയെന്ത്? ജോഷിമഠിൽ സംഭവിക്കുന്നത്
'ഇവിടെ മരണം എങ്ങനെയും വരാം. നിങ്ങളുടെ കൺമുന്നിൽവെച്ച് തൊട്ടുമുന്നിലുള്ള വാഹനം കൊക്കയിലേക്ക് പോകാം. അല്ലെങ്കിൽ ഓക്സിജൻ കിട്ടാതെ ഒരു യാത്രക്കാരൻ പിടിഞ്ഞ് മരിക്കാം. അതുമല്ലെങ്കിൽ ഒരു മഞ്ഞുമല ഇടിഞ്ഞുവീണ് നിങ്ങളടക്കം ഇല്ലാതാവാം.'' അഞ്ചുവർഷം മുമ്പ് നാഷണൽ ജിയോഗ്രാഫിക്ക് ചാനൽ, ലോകത്തിലെ ഏറ്റവും സുന്ദരവും എന്നാൽ അതീവ അപകടകരവുമായ 25 പ്രദേശങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തപ്പോൾ, അതിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ഏക സ്ഥലമായ, ഉത്തരാഖണ്ഡിലെ ബദരീനാഥിനെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെയാണ്. ഹിമവാന്റെ മടിത്തട്ടിലെ മഹാവിഷ്ണുക്ഷേത്രമായ ബദരീനാഥ് എത്രയോ കാലമായി സഞ്ചാരികളെ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുന്നു. അപകടങ്ങൾക്കും മരണങ്ങൾക്കും ഒന്നും, സമുദ്രനിരപ്പിൽനിന്ന് പതിനായിരത്തോളം അടി ഉയരത്തിലുള്ള, അളകനന്ദ നദി കളകളാരവം മൂഴക്കി ഒഴുകുന്ന, മേഘവും ഹിമവാനും മുത്തം കൊടുക്കുന്ന ഈ കാൽപ്പനിക ഭൂമിയിൽ എത്തുവാനുള്ള മനുഷ്യന്റെ സാഹസിക യാത്രകളെ തടയാൻ കഴിഞ്ഞിട്ടില്ല.
പക്ഷേ ഇപ്പോൾ ബദരീനാഥ് അല്ല വാർത്തകളിൽ നിറയുന്നത്. ദേവഭൂമി എന്ന് അറിയപ്പെടുന്ന ഈ സുന്ദര പ്രദേശത്തിലേക്കുള്ള യാത്രയിലെ കവാടമായ ജോഷിമഠ് ആണ്. ലോകത്തിലെ അത്യപൂർവമായ ഒരു ഭൗമ പ്രതിഭാസമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ ഭൂമിക്ക് വിള്ളൽ വന്നിരിക്കയാണ്. സകല വീടുകളും വിണ്ടുകയറി തകരുന്നു. അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നാട്ടിൽ ഭൂഗർഭ ഉറവപൊട്ടുന്നു. പട്ടണത്തിലെ പലവീടുകളും പാർപ്പിടയോഗ്യമല്ലാതായി തീർന്നിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ അടിയന്തിരമായി മാറ്റി പാർപ്പിക്കയാണ്.
ജോഷിമഠിലെ 600ലേറെ വീടുകൾ അപകടനിലയിലാണെന്നാണ് റിപ്പോർട്ട്. കൂടാതെ റോഡുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തര നടപടികൾ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ചിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രമുൾപ്പെടെ തകർന്നുവീണത് ജനങ്ങളെ കൂടുതൽ ആശങ്കാകുലരാക്കിയിരുന്നു. അതിനിടെ ഇതേ കുറിച്ച് പഠനം നടത്താനായി കേന്ദ്രം വിദഗ്ധസംഘത്തെ നിയോഗിച്ചു. ഐഎടി റൂർഖി, ഐഎസ്ആർഒ, എൻഡിആർഫ്, പൊലീസ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ബിബിസിയും സിഎൻഎന്നും അടക്കമുള്ള ലോകമാധ്യമങ്ങളിൽവരെ ഈ സംഭവം വാർത്തയായി.
ദേവഭൂമിയിലേക്കുള്ള കവാടത്തിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് ഭീതിയുടെ വാർത്തകൾ മാത്രമാണ്. എന്താണ് ഇതിന് കാരണം. ഇത് ഒരു മനുഷ്യനിർമ്മിത ദുരന്തമാണോ? ചൈനയടക്കമുള്ള ശത്രുക്കളുടെ അട്ടിമറിയാണോ, ഭൂമിക്കടിയിൽ പണ്ട് നടന്ന ഭൂകമ്പത്തിന്റെ പ്രതിഫലനമാണോ? ചർച്ചകളും അഭ്യൂഹങ്ങളും കൊഴുക്കുകയാണ്. ആർക്കും കൃത്യമായി ഉത്തരം ഇല്ലെങ്കിലും.
ദുരന്തം പതിയിരിക്കുന്ന ബദരി
ജോഷിമഠ് എന്ന പേര് മലയാളികളായ സഞ്ചാരികൾക്കിടയിൽ പോലും പ്രശസ്തമായത് തീർച്ചയായും ബദരീനാഥിന്റെ ബേസ് ക്യാമ്പ് എന്ന നിലയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ബദരീനാഥിനെക്കുറിച്ച് പറയാതെ ജോഷിമഠിന്റെ ചരിത്രം പുർത്തിയാവുകയില്ല. ഹിമാലയത്തിന്റെ താഴ്വരയിലാണ് ബദരീനാഥ ക്ഷേത്രം നിലകൊള്ളുന്നത്. ഉത്താരാഖണ്ഡിലെ ബദരീനാഥ്, ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ പുരി എന്നിവ ചാർധാം ക്ഷേത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ ചാർധാം തീർത്ഥാടനം വർധിച്ചതോടെയാണ് ബദരിയും ജനപ്രിയമായത്.
ഏതൊരു സഞ്ചാരിയുടെയും വൈകാരിക അനുഭൂതികളെ തൊട്ടുണർത്തുന്ന സാഹസിക യാത്രയാണ് ബദരിയിലേക്കുള്ളത്. മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ബദരീനാഥിന്റെ ഏറ്റവും വലിയ ദൃശ്യഭംഗി. ബദരീനാഥ് എന്ന പേരിൽ തന്നെ മഹാവിഷ്ണു കുടികൊള്ളുന്നു. ആദി ശങ്കരനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. ഇതുവഴി ഒഴുകുന്ന അളകനന്ദയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചതാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർ അന്നു നിയമിച്ച നമ്പൂതിരി കുടുംബങ്ങളിലെ പിൻ തലമുറക്കാർക്കു തന്നെയാണ് ഈ ക്ഷേത്രത്തിൽ ഇന്നും പൂജ കഴിക്കാനുള്ള അവകാശം. ബദരീനാഥിലെ മുഖ്യ പൂജാരി റാവൽ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴത്തെ റാവൽ കണ്ണൂർ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരി ആണ്. (അല്ലു അർജുന്റെ ബദരീനാഥ് എന്ന ഹിറ്റായ ചിത്രത്തിൽ ഈ ക്ഷേത്രത്തിന്റെ പൂജകളും സവിശേഷതകളുമൊക്കെ കാണിക്കുന്നുണ്ട്)
പ്രകൃതി ഏതു നിമിഷവും ഇടയാമെന്നതിനാൽ ഇങ്ങോട്ടുള്ള യാത്ര അത്രമേൽ അപകടകരവുമാണ്. ഒരു വശം പർവതത്തിന്റെ ഉയരങ്ങളാണെങ്കിൽ മറുവശം ആഴമേറിയ കൊക്കയും. പക്ഷേ കടന്നു പോകേണ്ടത് ഒട്ടുമേ വീതിയില്ലാത്ത മെലിഞ്ഞ വഴികളും. പക്ഷേ ചെന്നെത്തിയാൽ, ഇത്രയും ദൂരം സാഹസപ്പെട്ടു കയറി വന്നതിന്റെ ദുരിതങ്ങൾ മറക്കും. നയന സുന്ദരകാഴ്ചകളാൽ ഹൃദയം നിറഞ്ഞു കവിയും. ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ മാത്രമേ ഇവിടെ യാത്രക്കാരെ അനുവദിക്കാറുള്ളൂ, കാരണം ബാക്കിയുള്ള സമയം അതികഠിനമായ മഞ്ഞു വീഴ്ചയാണ്. ബദരീനാഥ് ക്ഷേത്രം പോലും ഈ ആറു മാസത്തേക്കു മാത്രമേ തുറക്കാറുള്ളൂ.
മഴക്കാലം ഇവിടെ ദുരിത കാലമാണ്, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ തുടങ്ങി വർഷാവർഷം ഇവിടെയുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കുറവില്ല. പക്ഷേ ഓരോ വർഷവും ബദരീനാഥിന്റെ മണ്ണിലെത്തുന്നവർ അനവധിയാണ്. മരണമെത്തിയാൽ പോലും അതൊരു പുണ്യമായി കരുതുന്നവർ, പ്രകൃതിയുടെ മടിത്തട്ടിൽ കിടക്കുമ്പോൾ സ്വയം ഇല്ലാതായിപ്പോയാലും സാരമില്ലെന്നു വിശ്വസിക്കുന്നവർ. ഇവിടെ ഏറ്റവുമധികം പേർ അപകടത്തിൽ പെടുന്നതിന് കാരണം പ്രാണവായുവിന്റെ അഭാവമാണ്. ഉയരത്തിലേക്ക് പോകുന്തോറും ഉള്ളിലേക്കെടുക്കുന്ന പ്രാണവായുവിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ തൊട്ടു മുന്നിൽ കാണുന്നൊരാൾ മിനിറ്റുകൾക്കകം മരിച്ചാലും അതിന്റെ കാരണം അന്വേഷിച്ചു ഒരുപാട് അലയേണ്ടതില്ല. അതുപോലെ മഞ്ഞുമല ഇടിഞ്ഞും അപകടം ഉണ്ടാവാം. അതായത് മരണങ്ങളും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും ഒന്നും ഉത്തരാഖണ്ഡുകാരെ സംബന്ധിച്ച് പുതുമയുള്ളതല്ല എന്ന് ചുരുക്കം.
ജോഷിമഠ് എന്ന കവാടം
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സമുദ്ര നിരപ്പിൽനിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ജോഷിമഠ് അഥവാ ജ്യോതിർമഠ്. ഹിമാലയം കീഴടക്കാനെത്തുന്ന മിക്കവരുടേയും ബേസ് ക്യാംപ് കൂടിയാണ് ഈ പട്ടണം. ശ്രീശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതും ഇവിടെയാണ്.
ബദരിനാഥിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയായ എൻഎച്ച് 58 ൽ ജോഷിമഠ് വഴിയാണ്. അതിനാൽ വേനൽക്കാലത്തെ സീസണിൽ ന്യൂഡൽഹിയിൽ നിന്ന് ഹരിദ്വാർ, ഋഷികേശ് വഴി തീർത്ഥാടകരെ കൊണ്ടുപോകുന്ന എല്ലാ ബസുകളും വാഹനങ്ങളും ജോഷിമഠ്ത്തിലൂടെ കടന്നുപോകും. ഹിമാലയൻ മലകയറ്റം പര്യവേഷണങ്ങൾ, ട്രെക്കിങ് പാതകൾ, എന്നിവകൊണ്ടും പ്രശസ്തമാണ് ഇവിടം. തീർത്ഥാടകരും, ആത്മീയ അന്വേഷകരും മാത്രമല്ല, ടൂറിസ്റ്റുകളും, സാഹസികരും, ശാസ്ത്ര കുതുകികളുമൊക്കെ ധാരാളമായി എത്തുന്ന പ്രദേശം. ഹരിദ്വാർ, ഋഷികേശ് എന്നിവടങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിൻ മാർഗം എത്താം. അതായത് ഉത്തരാഖണ്ഡിന്റെ ടൂറിസ്റ്റ്- പിൽഗ്രിം സർക്യൂട്ടിന്റെ സെന്റാണ് ജോഷി മഠ്. അതാണ് സർക്കാറിനെ ഏറെ ചിന്തിപ്പിക്കുന്നത്. കാര്യമായ വ്യവസായങ്ങൾ ഒന്നുമില്ലാത്ത ഉത്താരഖണ്ഡ് പിടിച്ചു നിൽക്കുന്നത് ടൂറിസത്തിലൂടെയാണ്. ഇപ്പോൾ ജോഷിമഠിലെ വിള്ളൽ ഭീതി ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെകൂടിയാണ് തകർക്കുന്നത്.
ഒരുപാട് പ്രധാന സ്ഥലങ്ങൾ ഇവിടെയുമുണ്ട്. നരസിംഹ ക്ഷേത്രം തന്നെ ഇതിൽ പ്രധാനം. നരസിംഹ അവതാരരൂപത്തിൽ മഹാവിഷ്ണുവിന്റെ പുരാതന ക്ഷേത്രമാണിത്. ശങ്കരാചാര്യർ സ്ഥാപിച്ചതായി കരുതപ്പെടുന്ന നരസിംഹ വിഗ്രഹവുമുണ്ട്. എല്ലാ വർഷവും ശൈത്യകാലത്ത് ബദരീനാഥ് ക്ഷേത്രം അടച്ചിരിക്കുമ്പോൾ, ബദ്രി പ്രഭുവിന്റെ ഒരു വിഗ്രഹം നരസിംഹ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ആറുമാസം ആരാധിക്കുന്നു. ശങ്കരാചാര്യ മഠമാണ് മറ്റൊരു ആകർഷണം. മഠത്തിൽ ബദരിനാരായണന്റെയും രാജരാജേശ്വരി ദേവിയുടെയും ക്ഷേത്രങ്ങളുണ്ട്. ശങ്കരാചാര്യൻ തപസ്സു ചെയ്തതെന്ന് കരുതുന്ന പുണ്യ ഗുഹയും ഇവിടെയുണ്ട്. ഭവിഷ്യ കേദാർ ക്ഷേത്രവും തീർത്ഥാടകർക്ക് പ്രധാനമാണ്. ജോഷിമഠ്ത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള തപോവനത്തിൽ ചൂടുവെള്ള ഉറവകളുണ്ട്. ധൗലിഗംഗ നദിയുടെ മനോഹരമായ കാഴ്ചയും ഇവിടേക്ക് സഞ്ചാരികളെ കൂട്ടുന്നു. ആറു കിലോമീറ്റർ അകലെ ഋഷികേശ് ഹൈവേയിലേക്ക് മനോഹരമായ ഭവാനി ക്ഷേത്രവും ജോഷി മഠിന്റെ ആകർഷണങ്ങളാണ്.
ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്വേയും ഇവിടെയാണ്. ജോഷിമഠിൽനിന്ന് ഓലിയിലേക്ക് പോകാനുള്ള ഒരു റോപ്വേ യാത്രയ്ക്ക് 700 രൂപയാണ് ചെലവ്. പക്ഷേ ഈ റോപ്പ് വേയുടെയും അണക്കെട്ടിന്റെയും പേരിലൊക്കെ നടന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളാണ്, ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്ന് പരിസ്ഥിതി പ്രവർത്തകരും ഒരു വിഭാഗം നാട്ടുകാരും പറയുന്നു.
വീടും റോഡുമൊക്കെ വിണ്ടു കീറുന്നു
ഒരുവർഷം മുമ്പാണ്, ജോഷിമഠിലെ താമസക്കാർ തങ്ങളുടെ വീടുകൾക്ക് വന്നുകൊണ്ടിരിക്കുന്ന ചെറിയ വിള്ളൽ ശ്രദ്ധിക്കുന്നത്. ആദ്യം ആരും അത് അത്രകാര്യമാക്കിയില്ല. കാണക്കാണെ അത് വലുതായി. പിന്നെ അവർ നോക്കുമ്പോൾ റോഡിലും, പറമ്പിലുമൊക്കെ ഈ വിള്ളൽ ഉണ്ട്.
രണ്ട് വാർഡുകളിൽ കണ്ടു തുടങ്ങിയ പ്രശ്നം പത്തിലേറെ വാർഡുകളിൽ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. അപ്പോഴാണ് മറ്റുള്ളരും അവരവരുടെ വീടുകൾ ശ്രദ്ധിക്കുന്നത്. നോക്കുമ്പോൾ വിള്ളൽ എല്ലായിടത്തുമുണ്ട്. പക്ഷേ രണ്ടാഴ്ചക്കിടെയാണ് പ്രശ്നം ഇത്രയും രൂക്ഷമായത്. ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷമായി. കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികൾ വിശദമാക്കുന്നത്. അതുപോലെ ജോഷി മഠിന് സമീപ പ്രദേശങ്ങളിലേക്കും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്.
ഭൂമിക്കടിയിൽ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്കും ഭൂമി ഇടിഞ്ഞ് താഴുന്നതും പലയിടത്തുമുണ്ടായി. അതിശൈത്യം ഇത്തരം പ്രതിഭാസങ്ങളുടെ ആക്കം കൂട്ടിയെന്നും ജോഷിമഠിലുള്ളവർ പറയുന്നു. ഭൂഗർഭപാളികളിലെ വെള്ളം ഒഴുകിയിറങ്ങിയതാവാം നിലവിലെ പ്രതിഭാസത്തിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ എൻടിപിസിയുടെ വൈദ്യുത പദ്ധതിക്കുള്ള തുരങ്ക നിർമ്മാണമാണ് നിലവിലെ പ്രശ്നങ്ങളും കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പ്രശ്നം പരിസ്ഥിതിയെ മറന്നതോ?
ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ജോഷിമഠ് അതീവ പരിസ്ഥിതിലോല പ്രദേശമാണ്.
നാലുപാട് മലകളാൽ ചുറ്റപ്പെട്ട ഒരു പരിസ്ഥിതി ദുർബലപ്രദേശത്ത് യാതൊരു മാനദണ്ഡവുമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാലുള്ള ദുരന്തമാണ്് ജോഷി മഠ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചില പരിസ്ഥിതി വാദികൾ പറയുന്നുണ്ട്. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് ഇവിടം. ഹിമാലയൻ മലനിരകളിൽ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറയുംകൊണ്ടാണ് പ്രദേശം രൂപപ്പെട്ടിട്ടുള്ളത്. 1976ൽ കേന്ദ്ര സർക്കാർ നിയോഗിച്ച മിശ്ര കമ്മിറ്റി ജോഷിമഠിൽ അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ച സ്ഥലം കൂടിയാണ് ഇവിടം. ജോഷിമഠിൽ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച ശേഷം മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കാവൂ എന്നായിരുന്നു അന്നത്തെ മിശ്ര കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ആദ്യ ശുപാർശ. അതു നടപ്പായില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് ജോഷിമഠിൽ കാണുന്ന നിർമ്മാണങ്ങൾ.
മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്ത് ഒരു മരം പോലും മുറിക്കരുത്, പാറകൾ പൊട്ടിക്കരുത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 47 വർഷം മുൻപുള്ള കമ്മിറ്റി നൽകിയ ശുപാർശകൾ ഫലപ്രദമായി നടപ്പാക്കാൻ ആരും മുൻകയ്യെടുത്തില്ലെന്നു വ്യക്തം. ഇപ്പോൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വീണ്ടും കമ്മിറ്റികളെ വച്ചിരിക്കുന്നു. അവ നൽകുന്ന റിപ്പോർട്ടുകളുടെ ഭാവിയും എന്തായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.
ജോഷിമഠിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയാണ് സ്കീയിങ്ങിനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഔലി. ഇതെല്ലാം കൊണ്ടുതന്നെ ജോഷിമഠ് സഞ്ചാരികളുടെ ഇടത്താവളമാണ്. സഞ്ചാരികൾക്കായുള്ള ഹോട്ടലുകൾ കൂണുപോലെ ഇവിടെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഭൂമിക്കു മേൽ സാരമായ ആഘാതമേൽപ്പിച്ചിട്ടുണ്ട്. ഈ ചെറു പട്ടണത്തിനു താങ്ങാവുന്നതിലും അപ്പുറത്തേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നത്. വനമേഖലയിലെ പലയിടങ്ങളും കയ്യേറിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വൈദ്യുത പ്ലാന്റുകൾക്കായി നദികൾക്കു കുറുകെ അണക്കെട്ടുകളും തടയണകളും ഇവിടെ വ്യാപകമായി നിർമ്മിച്ചിരിക്കുന്നു.
ഇപ്പോൾ, ജോഷിമഠിൽ മണ്ണ് താഴുന്നതിന്റെ യഥാർഥ കാരണം സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെങ്കിലും എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയാണ് അതിനു കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തുരങ്ക നിർമ്മാണമാണ് ഭൂമി ഇടിയാനും അതുവഴി വീടുകളിൽ വിള്ളൽ വീഴാനും കാരണമെന്ന് അവർ പറയുന്നു. നാട്ടുകാരുടെ വാദം അംഗീകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ഒരു പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ യാതൊരു പ്രത്യേകതയും പരിഗണിക്കാതെയാണ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടന്നത് എന്നതിൽ തർക്കമില്ല.
വിവാദങ്ങളെ തുടർന്ന് ചാർധാം ഓൾ വെതർ റോഡ്, എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവച്ചു.ഏഷ്യയിലെ ഏറ്റവും വലിയ റോപ്വേയായ ഓലിയുടെ പ്രവർത്തനവും നിർത്തിയിരിക്കയാണ്. ചുരക്കിപ്പറഞ്ഞാൽ ഒരു പ്രദേശത്തിന്റെ വികസനം സമ്പൂർണ്ണമായി നിലച്ചിരിക്കയാണ്.
ഒരു ഭൂകമ്പത്തിന്റെ ബാക്കി പത്രം
ഭൂകമ്പ സാധ്യത ഏറെയുള്ള അഞ്ചാം വിഭാഗത്തിലാണ് (സീസ്മിക് സോൺ 5) ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. വ്യാപക നാശനഷ്ടമുണ്ടാക്കാൻ കെൽപുള്ള ഭൂമികുലുക്കത്തിനു സാധ്യതയുള്ള പ്രദേശമാണിത്. ഒരു നൂറ്റാണ്ടു മുൻപ് ഹിമാലയൻ മലനിരകളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറക്കഷ്ണങ്ങളും കൊണ്ടുണ്ടായ പ്രദേശമാണു ജോഷിമഠ് എന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടർ കാലാചന്ദ് സെയ്ൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഉറച്ച മണ്ണല്ല ജോഷിമഠിലേത്. ഹിമാലയൻ നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തേയ്മാനം സംഭവിച്ചതും ഉള്ളിലേക്ക് വെള്ളം കടന്നതും പാറകളെ ദുർബലമാക്കി. മലനിരകളിലെ ചെറു ചലനങ്ങളിൽ പോലും പിടിവിട്ട് പാറകൾ വീഴാൻ ഇതു വഴിയൊരുക്കുന്നു. ഇതിനു പുറമെ നദികളിൽ കാലാകാലങ്ങളിലുണ്ടായ മിന്നൽ പ്രളയങ്ങളും ചമോലിയിലെയും ജോഷിമഠിലെയും മണ്ണിളക്കിയെന്ന് കാലാചന്ദ് സെയിൻ ചൂണ്ടിക്കാട്ടുന്നു.
ഒരു നൂറ്റാണ്ട് മുമ്പുണ്ടായ ഭൂകമ്പത്തിന്റെ ബാക്കിപത്രമായി പ്രദേശത്ത് ഉരുൾപൊട്ടലുണ്ടാവുകയും അതിന്റെ അവശിഷ്ടങ്ങൾ പ്രദേശത്തിന്റെ അടിത്തറ ദുർബലമാക്കുകയും ചെയ്തിട്ടുണ്ടാവാം. ഭൂമിക്കടിയിലെ പാറകൾക്കും മറ്റും കാലക്രമേണ സ്വാഭാവികമായി സംഭവിക്കാവുന്ന ബലക്ഷയത്തേക്കാളുപരി ഭൂചലനങ്ങൾ മൂലമുള്ള ബലക്ഷയം പ്രദേശത്തുണ്ടായിട്ടുണ്ടാവാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജോഷീമഠ് സ്ഥിതിചെയ്യുന്നത് ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾക്ക് മീതെയാണെന്ന് ഹിമാലയൻ ഗസറ്റിയറിൽ 1886-ൽ തന്നെ ഗ്രന്ഥകർത്താവ് ഇ.ടി. അറ്റ്കിൻസൺ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെയിൻ പറയുന്നു. പുരാതനവും താണുപോകുന്നതുമായ മേഖലയിലാണ് ജോഷീമഠ് സ്ഥിചെയ്യുന്നതെന്ന് 1976 ലെ മിശ്ര കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതായും സെയിൻ കൂട്ടിച്ചേർത്തു. ആഴം കുറയുന്ന ഹിമാലയൻ നദികളും കനത്തമഴയും പ്രദേശത്തിന്റെ പ്രത്യേകതകളാണെങ്കിലും റിഷിഗംഗയിലും ദൗലിഗംഗയിലും കഴിഞ്ഞകൊല്ലമുണ്ടായ മിന്നൽപ്രളയങ്ങളും വിള്ളൽ പ്രതിഭാസത്തിന് ആക്കം കൂട്ടി.
തീർത്ഥാടനകേന്ദ്രങ്ങായ ബദ്രിനാഥ്, ഹേംകുണ്ട് സാഹിബ് എന്നിവടങ്ങളിലേക്കുള്ള പ്രവേശനമാർഗമായതിനാൽ സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമുണ്ടാകുന്ന വർധനവും ഏഷ്യയിലെ ഏറ്റവും ർൈഘ്യമേറിയ ഓലിയിലെ കേബിൾ കാറിന് വേണ്ടി ദീർഘകാലം തുടർന്ന നിർമ്മാണപ്രവർത്തനങ്ങളും പ്രദേശത്തെ സമ്മർദത്തിലാക്കിയിട്ടുണ്ടാവാമെന്ന് സെയിൻ അഭിപ്രായപ്പെട്ടു. ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും സന്ദർശകരുടേയും എണ്ണം ദിനംപ്രതി വർധിക്കുന്നതും കാരണമാകുന്നതായി സെയിൻ കൂട്ടിച്ചേർത്തു. ശാസ്ത്രീയമായി അംഗീകരിക്കാവുന്നത് ഇത്തരം നിഗമനങ്ങളെ മാത്രമാണ.
ചൈനയുടെ ഇടപെടലും അട്ടിമറിയും
ഏത് ദുരന്തത്തിന് പിന്നിലും ചില ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിക്കുക സ്വാഭവികമാണ്. അത്തരത്തിലൊന്നാണ്, ഇത് ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ പദ്ധതിയാണെന്നത്. 2021 ഫെബ്രുവരിൽ നൂറോളം പേർ മരിച്ച, ചമോലിയിലെ മഞ്ഞുമല ദുരന്തത്തിലും സമാനമായ ആരോപണം ഉണ്ടായിരുന്നു. അന്ന് ഹിമാലയത്തിലെ മഞ്ഞുമല തകർന്നാണ് പ്രളയം ഉണ്ടായത്. അതിന് പിന്നിൽ ചൈനയുടെ ഇടപെടൽ ആണെന്നായിരുന്നു അഭൂഹം. ഹിമാലയത്തിൽ ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈന അതീവ അസ്വസ്ഥരായിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മഞ്ഞുമല തകർത്തത്െൈ ചയാണോ, എന്ന് ഡിആർഡിഒയുടെ ഡിഫൻസ് ജിയോഇൻഫർമാറ്റിക് റിസർച് എസ്റ്റാബ്ലിഷ്മെന്റിലെ (ഡിജിആർഇ) പ്രത്യേക സംഘം പഠിച്ചിരുന്നു.
മലമുകളിലെ പോരാട്ടവേദികളിൽ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. ഇന്ത്യയുടെ സുപ്രധാനമായ പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്ഫോടനം ചൈന നടത്തിയതാണോ എന്നായിരുന്നു അഭ്യൂഹം. അപ്രതീക്ഷിത പ്രളയത്തിൽ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിരുന്നു.
ഡിആർഡിഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റും (എസ്എഎസ്ഇ) ഇക്കാര്യം പഠിച്ചിരുന്നു. ദുരന്തത്തിൽ എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് പദ്ധതിക്കടക്കം കോടികളുടെ നഷ്ടം ഉണ്ടായി. നുറോളം ജീവനുകളും നഷ്ടമായി. അതുകൊണ്ടൊക്കെയാണ് ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ നീക്കം ആണോ ഇതെന്ന് സംശയം ജനിച്ചത്. എന്നാൽ അന്വേഷണത്തിൽ ചൈനയെ സംശയിക്കത്തക്ക തെളിവുകൾ കിട്ടിയില്ല. മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് ഇന്ത്യൻ വിദഗ്ധരും നൽകിയത്. ഇപ്പോൾ ജോഷിമഠിൽ വിള്ളൽ വന്നതും, നിരന്തരമായി ചൈന ഹിമാനികൾ ഇടിച്ച് കൃത്രിമമായി വെള്ളപ്പൊക്കം ഉണ്ടാക്കിയതിന്റെ ഭാഗമാണെന്ന് ഉത്തരാഖണ്ഡിലെ സോഷ്യൽ മീഡിയയിൽ ചർച്ച വന്നിട്ടുണ്ട്. പക്ഷേ അത് ബിജെപിയുടെ വെറും പ്രൊപ്പഗൻഡ മാത്രമാണെന്നാണ്, നിഷ്പക്ഷരായ ആളുകൾ പറയുന്നത്.
ചിപ്കോ തിരിച്ചുവരുമോ?
പരിസ്ഥിതിയെ മറന്നു നടത്തിയ പ്രവൃത്തികളുടെ ഫലമാണ് ജോഷിമഠ് ഇന്ന് അനുഭവിക്കുന്നതെന്നു പറയുന്ന നാട്ടുകാർ ചിപ്കോ പ്രസ്ഥാനം പോലെ ഒന്ന് വീണ്ടും വേണമെന്ന കടുത്ത നിലപാട് കൂടി മാധ്യമങ്ങൾക്ക് മുന്നിൽ തുറക്കുന്നുണ്ട്.
ജോഷിമഠിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റെയ്നി ഗ്രാമത്തിൽ 1974ലാണു ചിപ്കോ പ്രസ്ഥാനം പിറവിയെടുത്തത്. തന്നെ വെടിവച്ചു കൊന്നശേഷമേ മരങ്ങളെ തൊടാനാവൂ എന്ന് ഉറക്കെവിളിച്ചു പറഞ്ഞ് ചിപ്കോ പ്രസ്ഥാനം നയിച്ച തന്റേടിയായ ഗൗരാ ദേവിയുടെ ഗ്രാമം.
1974 മാർച്ചിൽ അന്ന് അവിഭക്ത യുപിയുടെ ഭാഗമായിരുന്ന റേനിയിലെ മരങ്ങൾ മുറിക്കാൻ സ്വകാര്യ കമ്പനിക്ക് പ്രാദേശിക ഭരണകൂടം അനുമതി നൽകി. ഗ്രാമവാസികളിൽനിന്നു പ്രതിഷേധമുണ്ടാകുന്നത് തടയാൻ അവിടുത്തെ പുരുഷന്മാരെ അധികൃതർ തന്ത്രപരമായി നീക്കി. ഗ്രാമവാസികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചുവെന്നും അതു കൈപ്പറ്റാൻ പുരുഷന്മാർ ചമോലി ജില്ലാ ആസ്ഥാനത്തെത്തണമെന്നും ഭരണകൂടം അറിയിച്ചു. പുരുഷന്മാർ ചമോലിയിലേക്കു പോയ ദിവസം മരംവെട്ടുകാർ റേനിയിലെത്തി. തോക്കുകളേന്തി കമ്പനിയുടെ സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ ഗൗരാ ദേവി 27 സ്ത്രീകളെ സംഘടിച്ച് കമ്പനി അധികൃതരെ സമീപിച്ചു. ഒരുകാരണവശാലും മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. സ്ത്രീകളെ വെടിവച്ചു വീഴ്ത്തിയ ശേഷമാണെങ്കിലും മരങ്ങൾ മുറിക്കുമെന്ന് അധികൃതർ ഭീഷണി മുഴക്കി.
കരുത്തുറ്റതും സുന്ദരവുമായ പ്രതിഷേധം പിന്നാലെ, അവിടെ അരങ്ങേറി. സ്ത്രീകൾ കൈകൾ കോർത്തുപിടിച്ച്, മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു. അധികൃതർ വേരറുക്കാനെത്തിയ ഓരോ മരത്തിനു ചുറ്റും അവർ സ്നേഹവലയമൊരുക്കി. അന്നു രാത്രി മുഴുവൻ ഉറക്കമിളച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു. മരങ്ങളെ തൊടാൻ ഞങ്ങളുടെ ജീവനെടുക്കണമെന്നു ഗൗര ആക്രോശിച്ചു. ഇത് ഞങ്ങളുടെ ഝാൻസി റാണിയെന്ന് ഗൗരയെ നോക്കി ഒപ്പമുള്ള സ്ത്രീകൾ വിളിച്ചു. അങ്ങനെ ഉണ്ടായതാണ ചിപ്കോ പ്രസ്ഥാനം. അതുപോലെ കടുത്ത പരിസ്ഥിതിവാദം ഉയർത്തുന്ന ഒരു പ്രസ്ഥാനം വളർന്നുവരണം എന്നാണ്, പുതിയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടുകാർ പറയുന്നത്.
ദേവഭൂമി പ്രേതഭൂമിയാവുമോ?
ഇപ്പോൾ ജോഷിമഠിൽനിന്ന് ഉയരുന്നത് പലായനത്തിന്റെയും പുനരധിവാസത്തിന്റെയും വാർത്തകളാണ്. ജോഷിമഠ് തഹസിൽദാർ ഓഫിസിനു മുന്നിൽ കഴിഞ്ഞ ദിവസവും ജനം പ്രതിഷേധം തുടർന്നു. താമസിക്കുന്ന കെട്ടിടം തകർന്ന് വീഴുമോയെന്ന ഭീതി നിമിത്തം നിരവധിപ്പേരാണ് മേഖലയിൽ ഇതിനോടകം വീട് ഉപേക്ഷിച്ച് പോയിട്ടുള്ളത്. ആത്മരക്ഷാർത്ഥം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലേക്ക് മാറുകയാണ് നാട്ടുകാർ. ഇനി ജോഷിമഠിലേക്ക് തിരികെ വരാനാവുമോയെന്നോ എന്ന ആശങ്ക ഇവരിൽ വ്യാപകമാണ്. ടൂറിസ്റ്റുകളും നാട്ടുകാരും ഒഴിഞ്ഞുപോകുന്നതോടെ ദേവഭൂമി, പ്രേതഭൂമി ആവുകയാണ്.
സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാറിനും, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കും നിർണ്ണായകമാണ് ജോഷി മഠ് പുനരധിവാസം. ഇപ്പോൾ തന്നെ സർക്കാറിനെതിരെ ജനവികാരം ഉയർന്നു കഴിഞ്ഞു. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ഒരു സർക്കാറിന് അധികാരത്തുടർച്ചയുണ്ടാവുന്നത്. ഇവിടെ അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. 2022 ആ ചരിത്രത്തെയാണ് ബിജെപി തിരുത്തിയെഴുതിയത്. പക്ഷേ അപ്പോഴും ഒരു പ്രശ്നം വന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തോറ്റുപോയി. തുടർന്ന് പുഷ്കറിന് വിജയിക്കാനായി ബിജെപിയുടെ ചാംപവത് എംഎൽഎ കൈലാഷ് ഗെഹ്ടോരി രാജി വെക്കുകയായിരുന്നു. അവിടെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാണ് പുഷ്കർ സിങ് ധാമി നിയമസഭാ അംഗത്വം നിലനിർത്തിയത്. കേരളത്തിലെ തൃക്കാക്കരക്കൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ധാമി വിജയിച്ചത്.
ഒരുവിധം നല്ല രീതിയിൽ മുന്നോട്ട് പോവുകയായിരുന്ന ധാമി സർക്കാറിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന രീതിയിയാണ് ജോഷിമഠിലെ കാര്യങ്ങൾ നീങ്ങുന്നത്. ജനരോഷമടക്കാൻ പുനരധിവസിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാരുള്ളത്. ഇതുവരെ 81 കുടുംബങ്ങളെയാണ് ജോഷിമഠിൽ നിന്ന് പുനരധിവസിപ്പിച്ചത്. ഹോട്ടലുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ താൽക്കാലിക ഇടങ്ങളിലേക്കാണ് ഈ മാറ്റിപ്പാർപ്പിക്കലുകൾ നടക്കുന്നത്. 2,65,000 രൂപയാണ് ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നൽകിയത്. ആരും ഭയക്കേണ്ടതില്ല എന്നൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, ഏത് നിമിഷവും എന്ത് അപകടവും സംഭവിക്കാം എന്ന ഭീതി തന്നെയാണ്, ഇവിടെ നിലനിൽക്കുന്നത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഈ ദുരന്തത്തെ എങ്ങനെ നേരിടും എന്ന നിലയിലായിരുക്കും ധാമി സർക്കാറിന്റെ ഇനിയുള്ള നിലനിൽപ്പ് തന്നെ. ഇന്ത്യയുടെ തീർത്ഥാടക- ടൂറിസം ഇൻഡസ്ട്രിക്കും കടുത്ത തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ.
വാൽക്കഷ്ണം: പരിസ്ഥിതി ലോല പ്രദേശം എന്ന വാക്കൊക്കെ ഒറ്റയടിക്ക് എഴുതിത്ത്ത്ത്ത്തള്ളാനുള്ളതല്ല എന്ന് ജോഷിമഠിലെ അനുഭവങ്ങൾ കേരളത്തെയും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ടത്തെയൊക്കെ സംരക്ഷിക്കാൻ നാം എന്തുചെയ്യുന്നുവെന്നതും, ബഫർസോൺ ചർച്ചകളുടെ സമയത്ത് ഓർക്കേണ്ടതാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ