'സെക്സ് ആൻഡ് സീക്രട്ട്സ്'! സൈനിക രഹസ്യങ്ങൾ ചോർത്തി അമേരിക്കയെ അടക്കം ഞെട്ടിച്ച വിക്കിലീക്സിന്റെ സ്ഥാപകനും, ലോകത്തിന്റെ നമ്പർ വൺ എത്തിക്കൽ ഹാക്കറുമായ ജൂലിയൻ അസാൻജിന്റെ ജീവിതത്തെക്കുറിച്ച്, സൺ മാഗസിൻ എഴുതിയ തലക്കെട്ട് ഇങ്ങനെയാണ്. ലോകം രഹസ്യമാക്കിയ പല സംഭവങ്ങളും വെളിപ്പെടുത്തുന്ന ജുലിയൻ അസാൻജിന്റെ ജീവിതവും അടിമുടി രഹസ്യങ്ങൾ നിറഞ്ഞതാണ്. ചെറുപ്രായത്തിൽ തന്നെ സ്ത്രീകളോടും, ഹാക്കിങ്ങിനോടുമായിരുന്നു അദ്ദേഹത്തിന് പ്രണയം. ഏത് തടവറയിൽ കൊണ്ടിട്ടാലും അയാൾ അവിടെ വെച്ച്, രണ്ടുകാര്യങ്ങൾ ചെയ്യുമെന്നാണ് സൺ മാഗസിൻ പറയുന്നുത്. അവിടെയിരുന്നുകൊണ്ടും അയാൾ ആ തടവറയിലെ രഹസ്യങ്ങൾ ചോർത്തും. രണ്ട് ജയിൽ വാർഡനോ, സൂപ്രണ്ടായോ ഒരു വനിതയുണ്ടെങ്കിൽ അവളുമായി പ്രണയത്തിലുമാവും!

ശരിക്കും ലൗ ആക്ഷൻ ഡ്രാമ, എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ്. അമേരിക്കൻ സർക്കാരിന്റെയും സൈന്യത്തിന്റെയും സുപ്രധാന രേഖകൾ ചോർത്തിയതിനെ തുടർന്ന് വിവാദ നായകനായ ജൂലിയൻ അസാൻജിന്റെ ജീവിതം. 16ാം വയസിൽ പെന്റഗണിന്റെ സൈറ്റ് ഹാക്ക് ചെയ്ത പ്രതിഭ, ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ, ഏഴുവർഷത്തോളം നീണ്ട ഒളിജീവിതം, അഞ്ച് വർഷത്തെ ജയിൽവാസം, 14 വർഷം നീണ്ട നിയമയുദ്ധം... സംഭവബഹുലമായ കാലഘട്ടം പിന്നിട്ട് അസാൻജ് ഇപ്പോൾ സ്വതന്ത്രനാവുകയാണ്. അമേരിക്കൻ ചാരവൃത്തിക്കേസിൽ കുറ്റം സമ്മതിക്കാൻ തയ്യാറായതോടെ അദ്ദേഹത്തിന് ജാമ്യം കിട്ടിയത്. ഇതോടെ ഏറെക്കാലം നീണ്ട ജയിൽവാസവും തൽക്കാലം അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ ജന്മനാട്ടിലെത്തിയ ഈ ഈ 53കാരന് ലോകത്തിലെ യുവാക്കളുടെ മനസ്സിലൊക്കെ ശരിക്കും ഹീറോ പരിവേഷമാണ്. അസാധാരണം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.

18ാം വയസ്സിൽ പിതാവ്

ഓസ്ട്രേലിയയിലെ ടൗൺസ്വില്ലെയിൽ 1971 ജൂലൈയിലാണ് അസാൻജിന്റെ ജനനം. അസാൻജ് എന്ന സർ നെയിംപോലും, അദ്ദേഹത്തിന് കിട്ടുന്നത് സ്വന്തം പിതാവിൽനിന്നല്ല, രണ്ടാനച്ഛനിൽനിന്നായിരുന്നു. തന്റെ ബാല്യം കയ്‌പ്പേറിയ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതതെന്ന് അസാൻജ് പറയാറുണ്ട്. ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ ടൗൺസ്വില്ലെയിൽ വിഷ്വൽ ആർട്ടിസ്റ്റായ ക്രിസ്റ്റീന അന്ന ഹൗക്വിൻസാണ് അമ്മ. ആക്്റ്റീവിസ്റ്റും യുദ്ധവിരുദ്ധ പ്രവർത്തകനും ബിൽഡറുമായ ജോൺ ഷിപ്ടണാണ് പിതാവ്. തന്റെ റെബൽ സ്വഭാവം പിതാവിൽനിന്ന് കിട്ടിയതാണെന്നാണ് ജൂലിയൻ അസാൻജ് ഒരിക്കൽ പറഞ്ഞത്.

ജൂലിയൻ ജനിക്കുന്നതിന് മുമ്പ് തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അവന് ഒരു വയസുള്ളപ്പോൾ മാതാവ് ക്രിസ്റ്റീന, ബ്രെറ്റ് അസാൻജിനെ വിവാഹം കഴിച്ചു. ക്രിസ്റ്റീനയുടെ ചെറിയ നാടകകമ്പനിയിൽ നടനായിരുന്നു ബ്രെറ്റ്. പക്ഷേ പിൽക്കാലത്ത് ജൂലിയൻ തന്റെ യഥാർത്ഥ പിതാവിനെ കണ്ടുമുട്ടി. ബ്രെറ്റുമായുള്ള ക്രിസ്റ്റീനയുടെ വിവാഹബന്ധവും താളംതെറ്റി. ഇതിനിടെ കുടുംബം ഒരു നഗരത്തിൽനിന്ന് മറ്റൊന്നിലേക്ക് പറിച്ചുനട്ടുകൊണ്ടിരുന്നു. മുപ്പതിലധികം ഓസ്‌ട്രേലിയൻ നഗരങ്ങളിലാണ് ജൂലിയൻ ബാല്യകാലം ചെലവഴിച്ചത്. അതോടെ അവന്റെ വിദ്യാഭ്യാസവും താളംതെറ്റി. ഹോം സ്‌കൂളിങ്ങും കറസ്പോണ്ടൻസ് കോഴ്സുകളും സംയോജിപ്പിച്ചാണ് ജൂലിയൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പഠനത്തിൽ വലിയ താൽപ്പര്യമെന്നും അസാൻജിന് ഇല്ലായിരുന്നു. പക്ഷേ കമ്പ്യൂട്ടറുകളോടുള്ള കമ്പം അവന് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. 16-ാം വയസിൽതന്നെ ജൂലിയൻ അസാൻജ് ഒരു വിദഗ്ധനായ ഹാക്കറായി പേരെടുത്തു. 'മെൻഡാക്‌സ്' എന്ന വ്യാജപേര് ഉപയോഗിച്ച് അവൻ നാസയിലും പെന്റഗണിലുമുള്ളത് ഉൾപ്പെടെ നിരവധി സുരക്ഷിത സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറി. ഹാക്കിങ്ങിൽ ഭ്രമംകേറിയ കാലത്ത് മറ്റ് രണ്ട് സുഹൃത്തുക്കളെ ഒപ്പംകൂട്ടി ഒരു കമ്പനി ജൂലിയൻ തുടങ്ങി. പക്ഷേ ഹാക്കിങ് പിടിക്കപ്പെട്ടു. പൊലീസ് അദ്ദേഹത്തിന്റെ അമ്മയുടെ വീട് റെയ്ഡ് ചെയ്യുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അന്ന് പൊലീസ് വാണിങ്് നൽകി വിടുകയാണ് ഉണ്ടായത്. അന്ന് തന്നെ മോഷണക്കേസിൽവരെ പൊലീസ് പെടുത്താൻ നോക്കിയ കഥ അസാൻജ് പിന്നീട് പറഞ്ഞിട്ടുണ്ട്.

കൗമാരത്തിന്റെ മധ്യത്തിൽ, അവൻ തന്റെ അമ്മയ്ക്കും അർധസഹോദരനുമൊപ്പം മെൽബണിൽ താമസമാക്കി. ജൂലിയന്റെ പ്രണയജീവിതവും ആ കാലത്തുതന്നെ തുടങ്ങി. 17-ാം വയസ്സിൽ കാമുകിക്കൊപ്പം അയാൾ താമസം തുടങ്ങി. രണ്ട് വയസ് ഇളപ്പമുള്ള തെരേസ എന്ന പെൺകുട്ടിയുമായായിരുന്നു പ്രണയം. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും 1989-ൽ ദമ്പതികൾക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. പിന്നീട് ഈ ബന്ധം വേർപിരിഞ്ഞെങ്കിലും കുട്ടിയുടെ അവകാശത്തിന് വേണ്ടി അസാൻജ് ഏറെക്കാലം നിയമ പോരാട്ടം നടത്തി. 1994-ൽ സെൻട്രൽ ക്വീൻസ്ലൻഡ് യൂണിവേഴ്സിറ്റിയിലും പിന്നീട് 2003-ൽ മെൽബൺ യൂണിവേഴ്സിറ്റിയിലും പ്രോഗ്രാമിങ്, ഗണിതം, ഭൗതികശാസ്ത്രം എന്നിവ പഠിച്ചിരുന്നെങ്കിലും അസാൻജ്, ബിരുദം പൂർത്തിയാക്കിയില്ല. ഡിഗ്രികൾക്കായി പഠിക്കുന്നതിൽ അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല.

എത്തിക്കൽ ഹാക്കറായി വളരുന്നു

16ാം വയസ്സിൽ പെന്റഗണിന്റെ സൈറ്റ് ഹാക്ക് ചെയ്ത ആൾക്കുണ്ടോ മറ്റുള്ളവരുടെത് ഹാക്ക് ചെയ്യാൻ പ്രയാസം. ഇതിനിടെ 1991-ൽ ഓസ്ട്രേലിയൻ അധികാരികൾ അദ്ദേഹത്തിനെതിരെ വിവിധ സൈബർ കുറ്റകൃത്യങ്ങൾ ചുമത്തി. പലതിലും അദ്ദേഹം കുറ്റം സമ്മതിച്ചതിനാൽ ചെറിയ പിഴ മാത്രമേ ലഭിച്ചുള്ളൂ. ജൂലിയന്റെ പ്രവർത്തനങ്ങൾ യുവാക്കളുടെ അന്വേഷണാത്മകതയുടെ ഫലമാണെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്ദേഹം ഓസ്‌ട്രേലിയയിലെ ഏറ്റവും സമർത്ഥനായ ഹാക്കറായി പേരെടുത്തു. പക്ഷേ, ഹാക്ക് ചെയ്യുന്ന സിസ്റ്റം അദ്ദേഹം ഒരിക്കലും തകർത്തിരുന്നില്ല, മാത്രമല്ല ലഭിക്കുന്ന വിവരങ്ങൾ അദ്ദേഹം പൊതുജനങ്ങൾക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രസിദ്ധനായ എത്തിക്കൽ ഹാക്കർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്.

2006- ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. രഹസ്യരേഖകൾ പ്രസിദ്ധീകരിക്കുന്നതിനായി ഒരിടം എന്ന നിലയിലാണ് ഇത് തുടങ്ങിയത. 2006-ൽ തുടക്കം കുറിച്ച വിക്കീലീക്‌സ് പിന്നാലെ ലീക്ക്ഡ് രേഖകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ഗവൺമെന്റ് ഉദ്യോഗസ്ഥരെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സോമാലിയൻ വിമതനേതാവിന്റെ സന്ദേശമായിരുന്നു വിക്കിലീക്സ് വെബ്സൈറ്റിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. പക്ഷേ, രേഖകളുടെ ആധികാരികത സ്ഥിരീകരിച്ചിരുന്നില്ല. പിന്നാലെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈന്യത്തിന്റെ തടങ്കൽ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ, ബ്രിട്ടീഷ് നാഷണൽ പാർട്ടിയുടെ രഹസ്യ അംഗത്വപട്ടിക, എന്നിവ ഉൾപ്പെടെ രേഖകൾ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചു. പക്ഷേ 2010 വരെ വിക്കീലീക്‌സ് അധികമാരും ശ്രദ്ധിച്ചില്ല. 2010-ൽ അമേരിക്കൻ സൈന്യത്തിന്റെ ചില രഹസ്യ രേഖകളും വീഡിയോകളും പുറത്ത് വിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ ആകർഷിച്ചു തുടങ്ങുന്നത്. ഇറാഖ് യുദ്ധസമയത്ത് യു.എസ്. സൈന്യം രണ്ട് മാധ്യമപ്രവർത്തകരടക്കം 11 പേരെ വെടിവെച്ചുവീഴ്‌ത്തുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ട് അസാൻജ് അമേരിക്കയെ ഞെട്ടിച്ചു.

പൂട്ടാനുറച്ച് അമേരിക്ക

അമേരിക്ക തീരുമാനിട്ടിട്ടും പൂട്ടാൻ കഴിയാത്ത, ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിട്ടാണ് അസാൻജ് വിലയിരുത്തപ്പെടുന്നത്. വിക്കിലീക്സ് യു.എസ്. ആർമി ഇന്റലിജൻസ് അനലിസ്റ്റ് ബ്രാഡ്ലി മാനിങ് നിന്ന് ലഭിച്ച അരലക്ഷത്തോളം രേഖകൾ പുറത്തുവിട്ടു. പ്രധാനമായും ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുഎസ് യുദ്ധങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു രേഖകൾ. അഫ്ഗാൻ അധിനിവേശവുമായി ബന്ധപ്പെട്ട ലക്ഷക്കണത്തിന് അമേരിക്കൻ രഹസ്യ രേഖകളും അസാൻജ് പുറത്ത് വിട്ടിരുന്നു.

2007ൽ അമേരിക്ക ഇറാഖിലെ ബാഗ്ദാദിൽ നടത്തിയ ഹെലികോപ്ടർ ആക്രമണത്തിന്റെ വീഡിയോ വിക്കിലീക്സ് പുറത്ത് വിട്ടിരുന്നു. 2010ൽ 90000ത്തിലധികം അമേരിക്കൻ സൈനികരേഖകൾ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാൻ അധിനിവേശവുമായി ബന്ധപ്പെട്ട ലക്ഷക്കണത്തിന് അമേരിക്കൻ രഹസ്യ രേഖകളും അസാൻജ് പുറത്ത് വിട്ടിരുന്നു. ഇതെല്ലാം ലോകത്തെ ഞെട്ടിച്ചു. ചോർച്ച യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബരാക് ഒബാമയുടെ ഭരണകൂടം വിമർശിച്ചു. ആ വർഷം നവംബറിൽ, വിക്കിലീക്‌സ് ഏകദേശം 2.5 ലക്ഷത്തോളം രഹസ്യ യു.എസ്. നയതന്ത്ര രേഖകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 2007 മുതൽ 2010 വരെയുള്ളതായിരുന്നു ഈ രേഖകൾ. സുഹൃദ് രാജ്യങ്ങളുടെ രഹസ്യം ചോർത്താൻ അമേരിക്ക ശ്രമം നടത്തിയെന്ന വിക്കീലീക്‌സ് വെളിപ്പെടുത്തൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. ഇന്ത്യയെ അടക്കം ബാധിക്കുന്ന രേഖകൾ വിക്കീലീക്‌സ് പുറത്തുവിട്ടതിലുണ്ടായിരുന്നു. ഇതോടെ അമേരിക്കയും സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.

2016ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റന്റെ പ്രചരണ ക്യാമ്പെയിൻ ചെയർമാന്റെ നിരവധി ഇ-മെയിലുകളും വിക്കിലീക്സ് പുറത്ത് വിട്ടിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെയും ഡൊണാൾഡ് ട്രംപിനെയും വിജയിപ്പിക്കാൻ റഷ്യയുടെ സഹായത്തോടെ അസാൻജ് ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തൽ മൂലം അസാൻജിനെ പൂട്ടാൻ അമേരിക്ക കച്ചകെട്ടിയിറങ്ങി.
14 വർഷം നീണ്ട നിയമയുദ്ധങ്ങളിലേക്കാണ് ഈ വെളിപ്പെടുത്തലുകൾ നയിച്ചത്.

ലൈംഗികാതിക്രമം വിവാദത്തിൽ

പണ്ടുതൊട്ടേ ലൈംഗിക വിഷയങ്ങളിൽ വിവാദപുരുഷനായ അസാൻജിന് പണികിട്ടുന്നതും അങ്ങനെ തന്നെയാണ്. വിക്കിലീക്‌സ് വെളിപ്പെടുത്തലുകൾ വിവാദമായകാലത്താണ് ജൂലിയൻ അസാൻജിനെതിരേ ലൈംഗികാതിക്രമ ആരോപണം ഉയരുന്നത്. സ്വീഡനിലെ രണ്ട് ലൈംഗികാതിക്രമക്കേസുകളിൽ അദ്ദേഹം പ്രതിയായി. വിക്കിലീക്‌സിലെ തന്നെ വളണ്ടിയർമാരായിരുന്ന രണ്ട് സ്ത്രീകളാണ് അസാൻജിനെതിരെ റേപ്പ് അടക്കമുള്ള ആരോപണം ഉന്നിയിച്ചിരുന്നത്. ഇതോടെ സ്വീഡിഷ് പ്രോസിക്യൂട്ടർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോപണം അസാൻജ് നിഷേധിച്ചു. കേസിൽ അന്വേഷണം നടക്കുന്നതിനിടയിൽ, അറസ്റ്റ് വാറണ്ട് പിൻവലിച്ച ഘട്ടത്തിൽ 2010 സെപ്റ്റംബറിൽ അസാൻജ് സ്വീഡനിൽ നിന്ന് ബ്രിട്ടണിലേക്ക് കടന്നു. പക്ഷേ ഈ കേസ് വ്യാജമായിരുന്നുവെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഈ രണ്ടു സ്ത്രീകളുമായും അസാൻജിന് പ്രണയം ആയിരുന്നുവെന്നും, പിന്നീട് വെളിപ്പെടുത്തലുണ്ടായി. രണ്ടു സ്ത്രീകളെയും ഒരേ സമയം 'വഞ്ചിച്ച' കാര്യം പിന്നീട് അവർ തന്നെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണത്രേ അത് കേസ് ആയത്. ഈ സമയത്ത് തക്കം പാർത്തിരുന്ന ജൂലിയന്റെ ശത്രുക്കൾ സ്ത്രീകളെ സ്വാധീനിച്ചുവെന്നും, കേസിനുപോവാൻ അമേരിക്ക വൻ തുക കൊടുത്തുവെന്നുമൊക്കെ ആരോപണം ഉണ്ട്.

ആ വർഷം ഓക്ടോബറിലാണ് ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ലക്ഷക്കണക്കിന് രേഖകൾ വിക്കീലീക്‌സ് പുറത്തുവിടുന്നത്. പിന്നാലെ യു.എസ് നയതന്ത്രരേഖകളും പുറത്തുവന്നു. 2010 നവംബറിൽ അസാൻജിനെ അറസ്റ്റ് ചെയ്യാൻ സ്വീഡനിലെ കോടതി ഉത്തരവിട്ടു. ബ്രിട്ടനിൽ അസാൻജ് അറസ്റ്റിലായെങ്കിലും പിന്നാലെ ജാമ്യം ലഭിച്ചു. പിറ്റേവർഷം ഫെബ്രുവരിയിൽ സ്വീഡന് കൈമാറാൻ ബ്രിട്ടീഷ് കോടതി വിധിച്ചുവെങ്കിലും അദ്ദേഹം അപ്പീലുമായി മുന്നോട്ട് പോയി. 2012 ജൂണിൽ അസാൻജിന്റെ അന്തിമ അപ്പീൽ ബ്രിട്ടീഷ് കോടതി തള്ളി. യുകെ കോടതിവിധി പ്രതികൂലമായതോടെ അസാൻ്ജ് ഇക്വഡോർ എംബസിയിൽ അഭയം തേടി. കോടതിയുടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുകൊണ്ടായിരുന്നു അഭയംതേടിയത്. ഓഗസ്റ്റിൽ രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ ഇക്വഡോർ അംഗീകരിച്ചു.

സ്വീഡനിലേക്കുള്ള നാടുകടത്തൽ ഒഴിവാക്കാൻ 2012-ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയംതേടിയ ജൂലിയൻ അസാൻജ് ഏഴുവർഷമാണ് ഇവിടെക്കഴിഞ്ഞിഞ്ഞത്. മധ്യലണ്ടനിലെ ഇക്വഡോർ എംബസിയുടെ ഒരു ചെറിയ ഓഫീസ് മുറി അദ്ദേഹത്തിന് വേണ്ടി കിടപ്പുമുറിയാക്കി മാറ്റുകയായിരുന്നു. ഒരു കട്ടിലും കമ്പ്യൂട്ടറും അടക്കമുള്ള സൗകര്യങ്ങൾ ആ മുറിയിലുണ്ടായിരുന്നു. സ്വീഡൻ യു.എസിന് കൈമാറുമെന്ന ഭയത്തെത്തുടർന്നായിരുന്നു അദ്ദേഹം അവിടെ തന്നെ തുടർന്നത്. എംബസി വിട്ടാൽ അസാൻജിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ 2015-ൽ അസാഞ്ജിനെതിരായ ആരോപണങ്ങളിൽ ചിലത് സ്വീഡിഷ് പ്രസിക്യൂട്ടർ ഒഴിവാക്കി. പക്ഷേ, ലൈംഗികാതിക്രമക്കേസിൽ അന്വേഷണം തുടർന്നു. ആ വർഷം ഒക്ടോബറിൽ എംബസിക്ക് പുറത്തുള്ള കാവൽ ലണ്ടൻ പൊലീസ് അവസാനിപ്പിച്ചു. അസാഞ്ജിനെ പിടികൂടാനായി മൂന്ന് വർഷം നീണ്ട ദൗത്യമാണ് പൊലീസ് അവസാനിപ്പിച്ചത്. 2017 മെയ്‌ മാസത്തിൽ സ്വീഡിൽ പ്രൊസിക്യുട്ടർമാർ അ അന്വേഷണം ഉപേക്ഷിച്ചു. എക്വഡോർ എംബസിയിൽ തുടരവേ അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തീരുമാനം. 2019-ൽ ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിക്കുകയും അദ്ദേഹത്തെ എംബസിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അസാൻജുമായുള്ള ബന്ധം മോശമായതോടെയാണ് അഭയം നൽകൽ എക്വഡോർ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജാമ്യം ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ 50 അഴ്ചത്തേക്ക് ശിക്ഷിച്ചു.

ഹൈടെക്ക് തീവ്രവാദി

വിക്കിലീക്സിലെ പ്രസിദ്ധീകരണങ്ങൾ അമേരിക്കൻ സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കി എന്നതാണ് വാസ്തവം. വിക്കിലീക്സ് പുറത്ത് വിട്ട ലക്ഷകണക്കിന് രഹസ്യ രേഖകൾ യു എസ് സൈന്യത്തിന്റെ വ്യത്യസ്തവും രക്തരൂക്ഷിതമായതുമായ മുഖം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. യുദ്ധമുഖങ്ങളിൽ നടക്കുന്ന ക്രൂരതയുടെ യാഥാർഥ്യങ്ങളും ഒപ്പം കൊല്ലപ്പെട്ട സാധാരണക്കാരുടെ യഥാർത്ഥ കണക്കുകളും ഇവ ലോകത്തോട് വിളിച്ച് പറഞ്ഞു. 2010-ൽ അസാൻജിനെ മുൻ വൈസ് പ്രസിഡന്റും നിലവിലെ യുഎസ് പ്രസിഡന്റുമായ ജോ ബൈഡൻ "ഹൈടെക് തീവ്രവാദി" എന്നാണ് വിശേഷിപ്പിച്ചത്.

മാധ്യമ ലോകത്തിന്റെ പിന്തുണ അസാൻജിന് ഒപ്പമാണ്. തന്റെ പത്രപ്രവർത്തനത്തിന് നിരവധി മാധ്യമ അവാർഡുകൾ ജൂലിയൻ അസാൻജ് നേടിയിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്സും, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സും പറയുന്നത് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന് ഇത്തരം വെളിപ്പെടുത്തലുകളെ നേരിടാൻ കഴിയണം എന്നാണ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് ,യൂറോപ്യൻ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, എന്നീ രണ്ട് സംഘടനകൾ അടുത്തിടെ നടത്തിയ ഒരു സംയുക്ത പ്രസ്താവനയിൽ ജൂലിയൻ അസാൻജിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നുവെന്നാണ് വ്യക്തമാക്കിയത്.

ജൂലിയനെതിരെയുള്ള യുഎസ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഒപ്പം തന്നെ ഓസ്‌ട്രേലിയൻ പൗരനായ ജൂലിയൻ അസാൻജിനെ മോചിപ്പിക്കണം എന്നാവശ്യപെടുന്ന പ്രമേയം ഓസ്‌ട്രേലിയൻ പാർലമെന്റ്, പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ പിന്തുണയോടെ പാസാക്കിയിരുന്നു. ജൂലിയൻ അസാൻജ് കേസ് മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കുന്നതാണ്, എന്ന് ആംനസ്റ്റി ഇന്റർനാഷണൽ ജർമ്മനിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ക്രിസ്റ്റ്യൻ മിഹ്ര് പറഞ്ഞിരുന്നു. ജൂലിയൻ ഒരു തരത്തിലും കുറ്റക്കാരനാകുന്നില്ല, വിക്കിലീക്സ് മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും അതൊരു കുറ്റകൃത്യമല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലിയൻ അസാജിനെതിരെയുള്ള പീഡനങ്ങൾ ജർമ്മനിയിലും വൻ വിവാദമായിരുന്നു. ഒരു അഭിമുഖത്തിൽ ഗ്രീൻ പാർട്ടി പാർലമെന്റേറിയൻ മാക്സ് ലക്സ് ജൂലിയൻ അസാൻജിനെ ഒരു രാഷ്ട്രീയ തടവുകാരനായി പരാമർശിച്ചിരുന്നു. ജൂലിയൻ അഞ്ച് വർഷത്തോളമായിെേ നരിടുന്നതുകൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്നും ഇത്തരത്തിൽ അദ്ദേഹത്തെ തടവിൽ പാർപ്പിക്കുന്നതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ല ഇതെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് വർഷം മുമ്പ്, ജർമ്മൻ പാർലമെന്റിലെ 80 അംഗങ്ങൾ ജൂലിയനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റിന് തുറന്ന കത്തെഴുതിയിരുന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളും അദ്ദേഹത്തിന് ഒപ്പം നിന്നു. ഈ അന്താരാഷ്ട്ര സമ്മർദമാണ് ഒടുവിൽ ഫലം കണ്ടത്.

ഒളിവുജീവിതത്തിനിടെ പ്രണയം

എവിടെപോയാലും പ്രണയത്തിൽ ചെന്നുചാടുക എന്ന പരിപാടി അസാൻജ് ഒളിവുജീവിതത്തിലും ആവർത്തിച്ചു. അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുന്ന വേളയിൽ അദ്ദേഹം അഭിഭാഷക സ്റ്റെല്ല മോറിസുമായി പ്രണയത്തിലായി. നിയമോപദേശത്തനിനായി വന്ന അഭിഭാഷകയുമായി പ്രണയം മൂത്തതോടെ ടോയ്ലറ്റിൽവെച്ചുപോലും അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അതീവരഹസ്യമായിരുന്നു ഈ ബന്ധം. ഇതിൽ രണ്ട് കുട്ടികളും പിറന്നു. 2016-ലാണ് അസാഞ്ജിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളും അസാൻജ് ജയിലിൽ വെച്ച് കണ്ടിട്ടുമുണ്ട്. പക്ഷേ, ഈ വിവരങ്ങളെല്ലാം സ്റ്റെല്ല അതീവരഹസ്യമാക്കിവെച്ചു.

മക്കളുടേയും അസാൻജിന്റെയും സുരക്ഷയെ കരുതിയാണ് അവർ ഇതെല്ലാം രഹസ്യമാക്കിയത്. രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റൈല്ലാ മോറിസ് കോവിഡ് കാലത്താണ് വിവരം പുറത്തുവിട്ടത്. ജയിലിൽ കൊറോണ വൈറസ് പടർന്നാൽ അസാൻജിന്റെ ജീവൻ അപകടത്തിലാകുമെന്ന് പറഞ്ഞാണ് അവർ തങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയത്. പിന്നാലെ 2022 മാർച്ചിൽ പിന്നാലെ അസാൻജ് സ്റ്റെല്ല മോറിസിനെ വിവാഹം കഴിച്ചു. അദ്ദേഹം തെക്കുകിഴക്കൻ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലിൽ കഴിയവേ, സന്ദർശക സമയത്തായിരുന്നു വിവാഹം. അങ്ങനെ ജയിൽ ഒരു വിവാഹത്തിനും വേദിയായി.

കോവിഡ് ബാധയെ തുടർന്ന് ചില തടവുകാരെ ബ്രിട്ടീഷ് സർക്കാർ താൽക്കാലികമായി മോചിപ്പിക്കുമ്പോൾ, ഈ ആനുകൂല്യം അസാൻ്ജിന് നൽകണമെന്നാണ് സെറ്റല്ല ആവശ്യപ്പെട്ടിരുന്നു. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാൻജ് ജാമ്യം നേടാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്ത് വന്നിരിക്കുന്നത്.

ഏകദേശം 62 മാസം അദ്ദേഹം ഇതിനോടകം ജയിൽശിക്ഷ അനുഭവിച്ച് കഴിഞ്ഞു. തന്റെ മാനസികാരോഗ്യം ബുദ്ധിമുട്ടിലാണെന്നും തനിക്കെതിരായ കേസ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും കോടതിയിൽ അസാൻജ് വാദിച്ചിരുന്നു.നിലവിൽ അമേരിക്കൻ അധികൃതരുമായുള്ള ഒരു ഉടമ്പടി പ്രകാരമാണ് അസാൻ്ജിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കുറ്റം സമ്മതിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോമൺവെൽത്ത് സംസ്ഥാനമായ നോർത്തേൺ മരിയാന ദ്വീപുകളിലെ യുഎസ് കോടതിയിൽ വച്ചാണ് അസാൻജ് കുറ്റസമ്മതം നടത്തുവാൻ പോവുന്നത്.

വിക്കിലീക്ക്സ് പാർട്ടിയാവുമോ?

ഇപ്പോൾ യുഎസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് അസാൻജ് പുറത്തിറങ്ങുന്നത്. 1917-ലെ ചാരവൃത്തിനിയമപ്രകാരമാണ് യു.എസ്. ഫെഡറൽ കോടതി 2019-ൽ അസാൻജിനുമേൽ കുറ്റങ്ങൾ ചുമത്തുന്നത്. പ്രാഥമികമായി 18 കുറ്റങ്ങളാണ് ചുമത്തിയത്. 175 വർഷം തടവുശിക്ഷ ലഭിക്കാവുന്നവയായിരുന്നു ഇവ. ഇവയിൽ സൈനിക രേഖകൾ കൈക്കലാക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റം മാത്രമാണ് യു.എസുമായുള്ള ധാരണപ്രകാരം അസാൻജ് ഏറ്റുപറഞ്ഞിരിക്കുന്നത്. യു.എസ്. സൈന്യത്തിൽ ജോലിചെയ്തിരുന്ന ചെൽസി മാനിങ്ങാണ് അസാൻജിന് രേഖകൾ ചോർത്തിക്കൊടുത്തത്. ഈ കേസിൽ തടവിലായ ചെൽസിയെ 2017-ൽ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വെറുതെവിട്ടിരുന്നു. ഒരു കുറ്റം സമ്മതിക്കുന്നതിന് പകരമാണ് അസാൻജിനെ മോചിപ്പിച്ചത്. 62 മാസത്തെ തടവുശിക്ഷയാണ് ഇതിന് ലഭിക്കാനിടയുള്ള ശിക്ഷ. അത്രയുംകാലം ബ്രിട്ടീഷ് ജയിലിൽ കഴിഞ്ഞതിനാലാണ് അദ്ദേഹത്തിന് ശിക്ഷ ഇളവ് നൽകുന്നത്.

സൈപനിലുള്ള ജില്ലാ കോടതിയിലെത്തി അദ്ദേഹം കുറ്റസമ്മതക്കരാറിൽ ഒപ്പിട്ടു. കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞതോടെ കോടതി അദ്ദേഹത്തെ സ്വതന്ത്രനാക്കി. പിന്നാലെ അദ്ദേഹം ചാർട്ടർ ചെയ്ത വിമാനത്തിൽ സ്വദേശമായ ഓസ്ട്രേലിയയിലെത്തി. ഭാര്യ സ്റ്റെല്ല മോറിസും മക്കളും അദ്ദേഹത്തിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയിലെത്തിയിരുന്നു. തലസ്ഥാനമായ കാൻബെറയിൽ ഇറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്പോണും സ്വീകരിച്ചു. ഇതെല്ലാമാണെങ്കിലും അസാൻജിന്റെ ഭാവി പരിപാടികൾ എന്താണെന്ന് വ്യക്തമല്ല.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. അത്രപെട്ടന്ന് ഒന്നും ഇയാളെ നിശബ്ദനാക്കാൻ കഴിയില്ല. അതിനിടെ അസാൻജ് രാഷ്ട്രീയത്തിൽ സജീവമാവുമെന്നും കേൾക്കുന്നുണ്ട്. 2013- ലെ ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിക്ടോറിയയിലെ ഓസ്‌ട്രേലിയൻ സെനറ്റിനായി അസാൻജ് നിൽക്കുകയും, അതിനായി വിക്കിലീക്‌സ് പാർട്ടി ആരംഭിച്ചെങ്കിലും ജയിക്കാനായില്ല. ഇത്തവണ വിക്കിലീക്സ് പാർട്ടി പുനരാരംഭിച്ച് അദ്ദേഹം രാഷ്ട്രീയത്തിലും അരക്കെ നോക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഗോളവ്യാപകമായി, ഒരു പുതിയ ലോകക്രമം കൊതിക്കുന്ന ചെറുപ്പക്കാരുടെ വലിയ പിന്തുണ അസാൻജിന് ഉണ്ടെന്നത് തള്ളിക്കളയാൻ ആവില്ല.

വാൽക്കഷ്ണം: അമേരിക്കൽ രാഷ്ട്രീയത്തിൽ തൊട്ട് കേരളരാഷ്ട്രീയത്തിൽവരെ ചലനം സൃഷ്ടിച്ച ഒരു സാധനം വിക്കിലീക്സ്പോലെ വേറയുണ്ടാവില്ല. സിപിഎമ്മിനെക്കുറിച്ചും, മുസ്ലിം ലീഗിനെക്കുറിച്ചും, എന്തിന് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അമേരിക്കൻ റിപ്പോർട്ടുകൾ ചോർന്നത് ഓർമ്മയില്ലേ! എം കെ മുനീർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും, പ്രമുഖ മാധ്യമ പ്രവർത്തകരുടെയുമൊക്കെ പേരുകൾ ആ രേഖയിൽ ഉണ്ടായിരുന്നു.