- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജുകാലത്ത് ശാഖയില്‍ പോയിരുന്ന ആര്എസ്എസുകാരന്; ഇപ്പോള്‍ കടുത്ത സംഘ വിരുദ്ധന്‍; ഐഎഎസ് വലിച്ചറിഞ്ഞത് മോദി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്; കോവിഡുകാലത്ത് ചാക്ക് ചുമന്ന കളക്ടര്‍; ഉത്തരേന്ത്യയിലും ജനകീയന്‍; ഒടുവില്‍ കോണ്‍ഗ്രസില്‍; കണ്ണന് ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍
കണ്ണന് ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍
മിസോറാമില്‍ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു വാഗ്ദാനം നടത്താറുണ്ടത്രേ. ' മുമ്പ് ഇവിടെ കളക്ടര്‍ ആയിരുന്നു, ജനങ്ങളുടെ പ്രിയപ്പെട്ട കണ്ണന്‍ സാറിനെ തിരിച്ചുകൊണ്ടുവരാം' എന്നാണത്രേ അത്! അത്രക്ക് ജനകീയനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ എന്ന കോട്ടയം കൂരോപ്പട സ്വദേശീയായ സിവില്‍ സര്‍വീസുകാരന്‍. ഐഎഎസ് എന്ന മൂന്നക്ഷരം അദ്ദേഹത്തിന് ജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. എല്ലാ സുഖസൗകര്യങ്ങളുമുള്ള കൊട്ടാരം, സത്യാന്വേഷണത്തിന്റെ ഭാഗമായി വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥ രാജകുമാരനെപ്പോലെ ഒരു ജന്‍മം. അതാണ് കണ്ണന്‍ ഗോപിനാഥന്‍ എന്ന 39കാരന്‍!
കേന്ദ്രസര്‍ക്കാറിന്റെ കശ്മീര്‍ നയത്തില്‍ പ്രതിഷേധിച്ച് 2019-ല്‍ ജില്ലാ കളക്ടര്‍ സ്ഥാനം രാജിവെച്ച ഈ മലയാളി, പിന്നെ സംഘപരിവാറിനെതിരെ രാജ്യം കണ്ട പ്രക്ഷോഭങ്ങളുടെ തീപ്പന്തമായി മാറി. പൗരത്വ ഭേദഗതി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുകള്‍ വന്നു. പക്ഷേ അദ്ദേഹം ചേരികളിലും, തെരുവുകളിലും സന്ദര്‍ശിച്ച് നിരന്തരം പാവങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടിരുന്നു.
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ പ്രതികരിക്കുന്ന ഒരു ശരാശരി ഇന്ത്യാക്കാരന്റെ ശബ്ദമായിരുന്നു അന്ന് അദ്ദേഹം. അരവിന്ദ് കെജ്രിവാളിനെപ്പോലെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്നുമൊക്കെ പ്രചാരണം വന്നു. വ്യവസ്ഥിതി മാറണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരുടെ ഹീറോയായി അയാള്‍ മാറി. പക്ഷേ കഴിഞ്ഞ കുറേക്കാലമായി അദ്ദേഹത്തെക്കുറിച്ച് അധികം കേള്‍ക്കാനുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴിതാ കണ്ണന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കയാണ്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലില്‍നിന്ന് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമ്പോള്‍ അത് സംഘപരിവാറിനെതിരായ പുതിയ പടയൊരുക്കത്തിന്റെ കേളികൊട്ടായി മാറുകയാണ്.
പൂര്‍ണമായും ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന ഓപ്പറേഷനൊടുവിലാണ് കണ്ണന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത്. തനിക്കു പിന്നാലെ സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശശികാന്ത് സെന്തിലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു കണ്ണന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ട് തട്ടിപ്പ് ക്യാംപെയ്ന്‍ എന്നിവയില്‍ അടക്കം കണ്ണനെ പ്രയോജനപ്പെടുത്താം എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വി ഡി സതീശന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കണ്ണന്‍ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും, യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സിവില്‍ സര്‍വീസ് പരിചയം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവ കണ്ണന്‍ ഗോപിനാഥനെ ഒരു മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനാക്കി മാറ്റുമെന്നും അവര്‍ വിലയിരുത്തി. അതിനിടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണന്‍ കേരളത്തില്‍നിന്ന് മത്സരിക്കുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തിടലക്കം നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ മാറ്റം കൂടിയാവും അത്.
കോളജുകാലത്ത് ആര്‍എസ്എസ്
ഇന്ന് സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായ കണ്ണന്‍ കോളജ് കാലത്ത് ആര്‍എസ്്എസ് ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. അത് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണുണ്ട്. കെ.എന്‍. ഗോപിനാഥന്‍ നായരുടെയും വി.ആര്‍. കുമാരിയുടെയും മകനായി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് കണ്ണന്റെ ജനനം. പിതാവ് കേരള സര്‍ക്കാറില്‍ യു ഡി ക്ലര്‍ക്കായിരുന്നു.അദ്ദേഹം ജോലിചെയ്തിരുന്നു പാലക്കാട്ടായിരുന്നു കണ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കോട്ടയത്തും.
ചെറുപ്പത്തിലേ പഠിക്കാന്‍ മിടുമിടുക്കനായിരുന്നു, കണ്ണന്‍. 2001 - ലെ കേരള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ സംസ്ഥാനതല ജോയിന്റ് ടോപ്പറായിരുന്നു കണ്ണന്‍. തുടര്‍ന്നാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ മെസ്രയിലുള്ള ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ എഞ്ചിനീയറിംഗ് അദ്ദേഹം സ്വര്‍ണ്ണ മെഡലോടെയാണ് പുര്‍ത്തിയാക്കിയത്.
താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ആര്‍എസ്എസുകാരനായിരുന്നുവെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു 'കോളേജ് കാലത്ത് ആര്‍എസ്എസ് വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചി വരെ പോയിട്ടുണ്ട്. പക്ഷേ അവരുടേ ദേശസങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നു''- അദ്ദേഹം തുറന്നടിക്കുന്നു.
പഠനശേഷം, നോയിഡയില്‍ ഒരു ഇലട്രോണിക്ക്സ് കമ്പനിയില്‍ അദ്ദേഹം തന്റെ കരിയര്‍ തുടങ്ങി. ആ സമയത്തും സാമുഹിക പ്രവര്‍ത്തനം ശക്തമായിട്ടുണ്ട്. ഈ കാലയളവില്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യ ഡെവലപ്‌മെന്റ് നോയിഡ ചാപ്റ്ററിലെ ഒരു വളണ്ടിയര്‍ എന്ന നിലയില്‍ ഒരു ചേരിയിലെ കുട്ടികളെ പഠിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടു. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലും സജീവ പങ്കാളിയായിരുന്നു. നോയിഡയിലെ സന്നദ്ധസേവന ദിനങ്ങളില്‍ കണ്ടുമുട്ടിയ ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ഹിമാനി പഥക്കിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 22-ാം വയസ്സിലായിരുന്നു ആ വിവാഹം.
പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിന് അകത്ത് കയറണം എന്ന ആശയം ഭാര്യയുടേതായിരുന്നു. അവള്‍ സിവില്‍ സര്‍വീസ് കോച്ചിങിന് പോവുന്നത് കണ്ടാണ് കണ്ണനും പോയത്. പിന്നീട് പ്രിലിമനറി കിട്ടിയപ്പോള്‍, കണ്ണന്‍ ജോലി രാജിവെച്ച് പഠനം തുടങ്ങി. അങ്ങനെ ഭാര്യയുടെ ചെലവില്‍ പഠിച്ചാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്ന് കണ്ണന്‍ അഭിമാനത്തോടെ പറയുന്നുണ്ട്. ( ജോലി രാജിവെച്ചപ്പോള്‍, 'ഇനി എങ്ങനെ ജീവിക്കും' എന്ന ചോദ്യത്തിനും, കണ്ണന്‍ പറഞ്ഞത്, 'ഇങ്ങനെ നിങ്ങള്‍ ഒരു ഭര്‍തൃമതിയായ സ്ത്രീയോട് ചോദിക്കുമോ' എന്നാണ്. ജീവിത പങ്കാളി എന്നതിന്റെ അര്‍ത്ഥവും മറ്റെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു)
ചാക്ക് ചുമക്കുന്ന കളക്ടര്‍
2018-ലെ പ്രളയകാലത്തായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ കേരളത്തില്‍ ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. താന്‍ ഉത്തരേന്ത്യയില്‍ ഐഎഎസ് പദവി വഹിക്കുന്ന ആളാണെന്ന് വെളിപ്പെടുത്താതെ, ലീവെടുത്ത് കേരളത്തിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെടുകയായിരുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തിരിച്ചറിയുന്നതുവരെ എട്ട് ദിവസം വെള്ളപ്പൊക്ക ബാധിത കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജോലി ചെയ്തു. മറ്റുള്ള വോളന്റിയര്‍മാര്‍ക്കൊപ്പം ചാക്ക് ചുമന്ന് ലോറികളില്‍ നിറയ്ക്കാന്‍ സഹായിച്ച കണ്ണന്‍ ഗോപിനാഥന്റെ ചിത്രങ്ങളും വൈറലായി. എന്നാല്‍ ഇത് വെറും ഷോ ആയിരുന്നില്ല. കണ്ണന്‍ ഗോപിനാഥന്‍ ആദ്യം പോസ്്റ്റിങ് കിട്ടിയ മിസോറാമിലും, ദാദ്രാനഗര്‍ ഹവേലിയിലുമൊക്കെ നിസ്വാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്.
2012-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്ന ഈ ചെറുപ്പക്കാരന്‍ ആരും പോകാന്‍ മടിക്കുന്ന മിസോറാം ആണ് ആദ്യ ജോലിക്കായി തിരഞ്ഞെടുത്തത്. പക്ഷേ മിസോറാമുകാരുടെ കണ്ണിലുണ്ണിയായാണ് അദ്ദേഹം മടങ്ങിയത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തൊട്ട്, ഐടി മേഖലയിലേക്കുവരെ അദ്ദേഹത്തിന്റെ ശ്രദ്ധവന്നു. മിസോറാമിലെ ഹന്നാത്തിയാലിലെ വിദൂര മേഖലയില്‍ എടിഎം വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണിന് എഴുതിയ അസാധാരണമായ കത്തിലൂടെ അദ്ദേഹം വാര്‍ത്തയായി. 2017- ല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ മാറ്റമുണ്ടാക്കിയ അഞ്ച് ബ്യൂറോക്രാറ്റുകളില്‍ ഒരാളായി നോര്‍ത്ത് ഈസ്റ്റ് ടുഡേ അദ്ദേഹത്തെ വിശേഷിപ്പിച്ചു. മിസോറാമില്‍നിന്ന് അദ്ദേഹം സ്ഥലംമാറിപ്പോവുമ്പോള്‍ ആളുകള്‍ കെട്ടിപ്പിടച്ച് കരയുകയായിരുന്നു.
ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നിവിടങ്ങളിലെ പ്രധാന വകുപ്പുകളുടെ സെക്രട്ടറി എന്ന നിലയില്‍ പിന്നെ കണ്ണന്‍ ഗോപിനാഥന്‍ പ്രവര്‍ത്തിച്ചത്. നഷ്ടത്തിലായിരുന്ന ഒരു സര്‍ക്കാര്‍ വൈദ്യുതി വിതരണ സ്ഥാപനത്തെ ലാഭമാക്കുന്നതിലും, രണ്ട് പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന റിംങ് റോഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
ആധാര്‍ എന്റോള്‍മെന്റ് പിശക് മൂലം ഒരു യുവാവ് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം നടത്തിയ ട്വിറ്റര്‍ ത്രെഡ് ആ സമയത്ത് സുപ്രീം കോടതിയില്‍ ആധാര്‍ കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ നിര്‍ണ്ണായകമായി. ജനകീയ കളക്ടര്‍ എന്ന് അദ്ദേഹത്തെ മാധ്യമങ്ങള്‍ എഴുതി. സ്ഥലം മാറി അദ്ദേഹം പോവുമ്പോള്‍ നാട്ടുകാരില്‍ പലരും സൗജന്യമായി വീടും സ്ഥലവും വാഗ്ദാനം ചെയ്ത് താങ്കള്‍ ഈ നാട്ടില്‍ താമസിക്കണം എന്ന് പറയുമായിരുന്നു. ഇതിനേക്കാള്‍ വലിയ അംഗീകാരം അദ്ദേഹത്തിന് എന്താണുള്ളത്.
രാജിവെച്ച് സമരമുഖത്തേക്ക്
എന്നാല്‍ 2019-ല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനോട് പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു. ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അന്ന് പറഞ്ഞിരുന്നു.
'എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കില്‍ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019-ല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍, ഒരു ജനതയുടെ മുഴുവന്‍ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാല്‍, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നല്‍കാന്‍ എനിക്ക് സാധിക്കണം''- ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.
അഭ്യസ്ഥവിദ്യനായ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നമായ ഐ.എ.എസ് എന്ന മൂന്നക്ഷരം, കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ ആ ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയിലും തരംഗമായി. പിന്നീട് അങ്ങോട്ട് ഇന്ത്യയിലെമ്പാടും ഓടി നടന്ന്, കണ്ണന്‍ മോദിക്കും അമിത്ഷാക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ചു. നോട്ട് നിരോധനവും, കശ്മീര്‍ വിഭജനവും പൗരത്വ ഭേദഗതി നിയമം തുടങ്ങയിവക്കെതിരെ രാജ്യത്തുടനീളം സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. മുംബൈ, ആഗ്ര, പ്രയാഗ്രാജ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തെ പൊലീസ് തടഞ്ഞുവച്ചു.
പൗരത്വ നിയമ ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍, മോചനത്തിനായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിയത്. ഇതോടെയാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതമായി. തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. 'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ ഉടനെ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
അതിനിടെ കോവിഡ് കാലമായതുകൊണ്ട് ഉടനെ സര്‍വീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം അദ്ദേഹം തള്ളി. കോവിഡ്-19 പ്രതിസന്ധിയെ നേരിടാന്‍ സന്നദ്ധസേവനം നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ വീണ്ടും ഐഎഎസില്‍ ചേരില്ലെന്നും പറഞ്ഞുകൊണ്ട് ചുട്ട മറുപടിയാണ് അദ്ദേഹം കൊടുത്തത്. പക്ഷേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കണ്ണനെതിരെ കേസെടുക്കയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പീഡിപ്പിക്കാനാണ് തിരിച്ചുവിളിക്കുന്നതെന്നും പിന്നില്‍ പ്രതികാര ബുദ്ധിയാണെന്നും കണ്ണന്‍ പറഞ്ഞിരുന്ന
അതിനിടെ വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണന്‍ ഗോപിനാഥന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കണ്ണന്‍ തന്നെ അത് നിഷേധിച്ചിരുന്നു. ആദ്യത്തെ ആരവങ്ങള്‍ അടങ്ങിയയോടെ കണ്ണന്‍ ഗോപിനാഥന്‍ എന്ന വാക്ക് പലരും മറന്നുതുടങ്ങി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ല. ഐ.എ.എസ് ഉപക്ഷേിക്കാനുള്ള തീരുമാനം തെറ്റായിപ്പോയോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഉത്തരം. തനിക്കിഷ്ടപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി കണ്ണന്‍ ഇപ്പോഴും മുന്നോട്ടുപോവുന്നു. ഒപ്പം ചില സ്റ്റാര്‍ട്ടപ്പുകളും അദ്ദേഹത്തിനുണ്ട്.
ഒരു അഭിമുഖത്തില്‍ കണ്ണന്‍ ഇങ്ങനെ പറയുന്നു- 'എനിക്ക് ഒരുകാര്യത്തിലും പശ്ചാത്താപമില്ല. പഴയതിനേക്കാള്‍ സന്തോഷവാനാണ് ഞാന്‍. ഓരോ ആറുമാസംകൂടുമ്പോഴും എന്തെങ്കിലും പുതുതായി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴും പഠനവും സാമൂഹിക പ്രവര്‍ത്തനവും തുടരും. പതുക്കെയാണെങ്കിലും ഈ രാജ്യത്തും മാറ്റത്തിന്റെ വെളിച്ചമെത്തും''.
കേരളത്തില്‍ മത്സരിക്കുമോ?
പക്ഷേ ഇപ്പോള്‍ കണ്ണന്‍ ഗോപിനാഥന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസത്തെ തടയാന്‍, കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. തളര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസിനാവട്ടെ, കണ്ണനെപ്പോലെ ഒരു ഫയര്‍ബ്രാന്‍ഡ് നേതാവിന്റെ രംഗപ്രവേശം വലിയ ആശ്വാസമാവുകയുമാണ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണ് കണ്ണന് ഉള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം കണ്ണന്‍ ഗോപിനാഥന്‍ ഇങ്ങനെ പ്രതികരിക്കുന്നു- 'ഇത് പൗരന്മാരുടെ പാര്‍ട്ടിയാണ്. എന്നാല്‍ പൗരന്മാരില്‍ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാര്‍ട്ടി തീരുമാനിക്കും. 2019-ലാണ് ഞാന്‍ രാജിവെച്ചത്. സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്ന ദിശ ശരിയല്ലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. തെറ്റിനെതിരെ പോരാടേണ്ടതുണ്ടെന്നും തോന്നി. ഞാന്‍ 80-90 ജില്ലകളിലൂടെ സഞ്ചരിച്ച് ജനങ്ങളോട് സംസാരിച്ചു. നിരവധി നേതാക്കളെ കണ്ടു. രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് അപ്പോഴാണ് വ്യക്തമായത്. ഒറ്റക്ക് നിന്ന് താന്‍ ഫൈറ്റ് ചെയ്യുന്നതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പൊരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കയാണ്. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ ദേശത്തെ എതിര്‍ക്കുന്നവര്‍ ആവുന്നത് എങ്ങനെയാണ്''.
കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇങ്ങനെ പറയുന്നു- 'രാജ്യത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പംനില്‍ക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടിയ ധീരനായ ഉദ്യോഗസ്ഥനാണ് കണ്ണന്‍. വളരെ വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തോടെ നീതിക്കുവേണ്ടി പോരാടുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് കണ്ണന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്''- കെ സി പറയുന്നു. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പം നിന്ന് ദേശീയരാഷ്ട്രീയത്തിലാണ് കണ്ണന്റെ ശ്രദ്ധ. വോട്ടുചോരി വിവാദത്തിലും, രാജ്യത്തെ വര്‍ഗീയവത്ക്കരിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടക്കുമൊക്കെ എതിരെ ശക്തമായി പൊതുജന അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ ചെറുപ്പക്കാരന് കഴിയും.
അടുത്ത തവണ ലോക്സഭയിലേക്ക് കണ്ണന്‍ കേരളത്തില്‍നിന്ന് മത്സരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ എഴുതുന്നുണ്ട്. അങ്ങനെയാണെങ്കില്‍, ഭാവിയില്‍ സംസ്ഥാന രാഷ്ട്രീയത്തിലും കണ്ണന്‍ ഇഫക്ട് പ്രതിഫലിച്ചുകൂടെന്നില്ല. പഴയകാലത്തുനിന്ന് വലിയ മാറ്റമുണ്ടെങ്കിലും. ഇപ്പോഴും ഗ്രൂപ്പടിസ്ഥാനത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എന്ന് അക്ഷേപമുണ്ട്. ഈ 'ഗ്രൂപ്പോക്രസിയെ', 'മെറിറ്റോക്രസിയിലേക്ക്' മാറ്റിമറിക്കാന്‍ കണ്ണന്‍ ഗോപിനാഥനെപ്പോലുള്ളവരുടെ സാന്നിധ്യം കേരളത്തിലെ കോണ്‍ഗ്രസിനും ഗുണം ചെയ്യും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണന്‍ മത്സരിക്കയാണെങ്കില്‍ അത് ശരിക്കും ഒരു ഗെയിം ചേഞ്ചര്‍ ആയിക്കും. കേരളത്തില്‍ ഭരണമാറ്റം ഉറപ്പാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല, എന്ന പ്രവണത കേരളത്തിലുമുണ്ട്. അത്തരം സര്‍ക്കാറുകള്‍ മാറണം'' - കണ്ണന്‍ പറയുന്നു.
വാല്‍ക്കഷ്ണം: കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസ് രാജിവെച്ചത്, ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടല്ലത്രേ. ഇതും അങ്ങേയറ്റം വിചിത്രമാണ്. ഇതിനുപുറമേ നിരവധി കേസുകളും കണ്ണന്റെ പേരിലുണ്ട്. തന്നെ ഒരു ദേശദ്രോഹിയായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല.