തൃശ്ശൂർ: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. സിപിഎം ഭരിച്ചിരുന്ന ഈ ബാങ്കിൽ പണം നിക്ഷേപിച്ചു വെട്ടിലായവർ സാധാരണക്കാർ മുതൽ ധനികർ വരെ ഉണ്ടായിരുന്നു. വാരിക്കോരി ലോൺ നല്കുകയും പണം വകമാറ്റുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി ഈ ബാങ്ക് മാറിയത്. മുതിർന്ന സിപിഎം നേതാക്കൾ ആരോപണ വിധേയരായ കേസിൽ ഇഡി ഒടുവിൽ എത്തിയിരിക്കുന്നത് മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ വസതിയിലാണ്.

എ സി മൊയ്തീന്റെ ബിനാമികൾ എന്ന് ഇഡി സംശയിക്കുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തുകയാണ്. കരുവന്നൂർ തട്ടിപ്പ് കേസിൽ മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ. കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി തീരുമാനിച്ചത്. ഇതോടെ ഈ വിഷയം വരും ദിവസങ്ങളിൽ രാഷ്ട്രീയമായി മാറുമെന്നത് ഉറപ്പാണ്.

നേരത്തെ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ നേതാക്കളെയും ബാങ്ക് ഉദ്യോഗസ്ഥരെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നു. എന്നാൽ ഇതിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്നാണ്, ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ശാരദാ ചിട്ടി തട്ടിപ്പ് വിലയിരുത്തപ്പെടുന്നത്. ഒന്നും രണ്ടുമല്ല, 46,000 കോടി തട്ടിയാണ് ഇവർ തട്ടിയത്. ബംഗാൾ, അസം, ത്രിപുര മൂന്നുസംസ്ഥാനങ്ങിലെ 18000 കുടുംബങ്ങൾ ഈ സാമ്പത്തിക സൂനാമിയിൽ പെട്ട് വഴിയാധാരമായി. 1,481 പേർ ആത്മഹത്യ ചെയ്തു. നൂറുകണക്കിന് പേർ നാടുവിട്ടു. പല ബംഗാൾ ഗ്രാമങ്ങളും പാപ്പരായി. ഈ തട്ടിപ്പിന് സമാനാണ് കരുവന്നൂരിലേത് എന്ന നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.

ശരിക്കും ചെങ്കൊടിത്തണലിൽ പാവങ്ങളുടെ ചോര ഊറ്റിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ്. ഒന്നും രണ്ടുമല്ല, 300 കോടിയുടെ തട്ടിപ്പാണ് ഇവിടെ നടന്നത്. ശരദാ ചിട്ടിയുടെ കാര്യത്തിലും നടന്നത് വൻ തട്ടിപ്പുകളായിരുന്നു. മമതയും തൃണമൂലുമായിരുന്നു, ശാരദാ ചിട്ടിയുടെ ഉറപ്പെങ്കിൽ, സിപിഎം ആയിരുന്നു കരുവന്നൂരിന്റെ ബലം. രണ്ടിലും നടത്തിപ്പുകാർ വ്യാജവായ്്പ്പയെടുത്തും, തുക വകമാറ്റി ധൂർത്തിടിച്ചുമാണ് ബാങ്കിനെ തകർത്തത്. രണ്ടിലും കമ്യൂണിസ്റ്റ് സാധിധ്യം ഉണ്ട്. നക്‌സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച 'ശങ്കരാദിത്യ സെൻ' ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, നക്‌സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്‌തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

തുടർന്ന് പുതിയ വേഷത്തിൽ ജനങ്ങളുടെ ഇടയിലേക്ക്. വായ്പ, നിക്ഷേപം, ചിട്ടി തുടങ്ങിയ വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. അതായത് ശരാദ മുൻ നക്‌സലുകൾ നടത്തിയ തട്ടിപ്പാണെങ്കിൽ കരുവന്നുർ കമ്യൂണിസ്റ്റുകാർ നടത്തിയ തട്ടിപ്പും. പക്ഷേ പേടിപ്പെടുത്തുന്ന കാര്യം അതല്ല. നമ്മുടെ സഹകരണബാങ്കുകളിൽ യാതൊരു വ്യവസ്ഥയും ഇല്ല എന്നതാണ്. ആർക്കും എങ്ങനെ വേണമെങ്കിലും പണം തിരിമറി നടത്താം. ഇപ്പോൾ കരുവന്നൂരിന് സമാനമായി ഒരുപാട് സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ കഥ പുറത്തുവരികയാണ്.

കേരളത്തിലെ 164 ബാങ്കുകൾ നിക്ഷേപങ്ങൾ മച്യൂരിറ്റി എത്തിയിട്ടും തുക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു.

പൊലിഞ്ഞത് നാല് ജീവനുകൾ

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വർഷം കഴിയുന്നു. പക്ഷേ ഇനിയും കുറ്റപത്രം നൽകാനായില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്‌പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്. പലർക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാൾക്കും ഒരുപൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല. 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപം തിരികെ നൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന് ശേഷം, ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു. ആലപ്പാടൻ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദൻ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യകളുണ്ടായത്. രണ്ടുപേർ ചികിത്സ കിട്ടാതെയും മരിച്ചു. ചികിത്സയ്ക്ക് പണം പോലും ലഭിക്കാതെയാണ് അവർ മരിച്ചത്.

ബാങ്കിന്റെ തിണ്ണയിൽ നിന്നവനും ലോൺ

ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് സമാനം തന്നെ ആയിരുന്നു കരുവന്നൂർ തട്ടിപ്പും. നിക്ഷേപകരുടെ പണം വെച്ച് ധൂർത്തടിക്കുന്ന എന്നായിരുന്നു രീതി. 2021 ജൂലൈ 14നാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമെല്ലാം 2011 മുതൽ ബാങ്ക് അധികൃതർ അനധികൃത ലോണുകൾ നൽകിയത്. ഇടതുഭരണസമിതിയിലെ അംഗങ്ങളും, അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു വായ്പയായി പണം തട്ടിച്ചത്. തട്ടിപ്പ് നടത്തിയ പ്രതികൾക്ക് പെസോ ഇൻഫ്രാ സ്ട്രക്ചേഴ്സ്, സിസിഎം ട്രേഡേഴ്സ്, മൂന്നാർ ലക്സ്വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് തുടങ്ങിയ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ട് എന്ന വിവരവും പുറത്ത് വന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് പേർ മാത്രമാണ് ജയിലിൽ കഴിയുന്നത്. മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സികെ ജിൽസ്, ഇടനിലക്കാരനും ബാങ്ക് അംഗവുമായ അരുൺ, കമ്മീഷൻ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ എന്നിവരാണ് അറസ്റ്റിലായത്.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിൽ പറയുന്നത് സുജോയി ബാങ്കിൽ അംഗത്വം എടുക്കുന്നതിനായി നൽകിയ ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കി മാനേജർ എംകെ ബിജുവും സംഘവും 25 ലക്ഷം രൂപ വായ്പയെടുത്തു എന്നതായിരുന്നു. ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കി ഇതിൽ കേസെടുത്തിരുന്നു. 2016 മാർച്ചിൽ ഈ വായ്പ തിരിച്ചടച്ച് ഇതേ ഉദ്യോഗസ്ഥർ, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്തു എന്നും സിജോയിയുടെ പരാതിയിൽ പറയുന്നു. ഇങ്ങനെ ഒരുപാട് പേർ. മഴ നനയാതിരിക്കാൻ ബാങ്കിന്റെ പരിസരത്ത് കയറി നിന്നവന്റെ പേരിൽ പോലും ലോൺ ഉണ്ടെന്നാണ് കരുവന്നൂരിലെ തമാശ. പലരും ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങൾക്ക് ലോൺ ഉണ്ടെന്ന വിവരം പോലും അറിയുന്നത്.

വലിയ അബ്ക്കാരികളെയൊക്കെ വഴിവിട്ട് സഹായിക്കാനും ബാങ്ക് കൂട്ടുനിന്നു. സുഭാഷ് എന്ന അബ്ക്കാരിക്ക് 10 ലക്ഷത്തിന്റെ നൂറ് കുറിയൊക്കെയാണ് അനധികൃതമായി എടുത്തത്. ഒരേ ആധാരം വെച്ച് 25 ലക്ഷം നാലും അഞ്ചുതവണ എടുത്തു. ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ രേഖ ചമച്ചും പണം തട്ടി. എന്നിട്ട് നോക്കുക, ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും, രണ്ടു പ്രതികൾ ഒഴികെ മിക്കവരും ജാമ്യത്തിലറങ്ങി.

ലക്ഷങ്ങൾ കൈയിലുണ്ടായിട്ടും പിച്ചക്കാർ!

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്തെ കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിന് സൂര്യനെല്ലി പോലെ, വിതുര പോലെ കുപ്രസിദ്ധിയാണ് കുറേ സഖാക്കൾ സമ്മാനിച്ചത്. ലക്ഷങ്ങൾ ബാങ്കിലിട്ടിട്ടും പിച്ചക്കാരെപ്പോലെ ജീവിക്കേണ്ട ഗതികേടാണ് ഈ നാട്ടിലെ സഹകാരികൾക്ക് വന്ന് ചേർന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയയി പണം കിട്ടാതെ ഫിലോമിന എന്ന എഴുപതുകാരി മരിച്ചതോടെ ബാങ്കിനെതിരെ ജനരോഷം അണപൊട്ടി. ഫിലോമിനയുടെ മൃതദേഹവും കൊണ്ട് ബാങ്കിനുമുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തി. അപ്പോൾ അവരെ അപമാനിക്കുന്ന രീതിയിലാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. ഫിലോമിനയുടെ ചികിത്സക്കുള്ള പണം കൊടുത്തിട്ടുണ്ടെന്ന പച്ചക്കള്ളം പറയുകയാണ് അവർ ചെയ്തത്.

മന്ത്രിയുടെ വാക്കുകൾ വിവാദം കത്തിക്കാൻ ഇടയാക്കി. ഇതോടെയാണ് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായത്. അടിയന്തര ആവശ്യമായി രണ്ട് ലക്ഷം രൂപ സർക്കാർ അനുവിദിച്ചു. പിന്നാലെ 30 ലക്ഷം രൂപയും നൽകുകയുണ്ടായി. ഫിലോമിനയുടെ മരണത്തോടെ മറ്റു മരണങ്ങളും ചർച്ചയായി. എടച്ചാലി രാമൻ എന്നയാളുടെ മരണവും വിവാദം ആവുകയാണ്. 'എടച്ചാലി രാമൻ എന്റെ അമ്മയുടെ അമ്മാവനായിരുന്നു, കല്യാണം കഴിക്കാത്തതിനാൽ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്, ചാച്ചന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്, ചാച്ചന്റെ മരുന്ന് വാങ്ങാനും മറ്റ് ചെലവിനുമൊക്കയായിട്ട്, പൊറത്തിശ്ശേരി ശാഖയിലായിരുന്നു നിക്ഷേപം, കുറച്ചുനാൾ പലിശ കിട്ടി, പിന്നെ ഒന്നും കിട്ടാതായി, അതിനിടയ്ക്കാണ് ചാച്ചന് അസുഖം വരുന്നത്, തലച്ചോറുമായി ബന്ധപ്പെട്ടായിരുന്നു അസുഖം, ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു, തൃശ്ശൂര് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സർജറി ചെയ്യാനും അവർ നിർദ്ദേശിച്ചു. അത്രയും അത്യാവശ്യം വന്നപ്പോഴാണ് ബാങ്കിലേക്ക് ചെന്നത്, മൂന്ന് ലക്ഷം രൂപയ്ക്കായിട്ടാണ് അപേക്ഷ നൽകിയത്. അപേക്ഷ നൽകിയിട്ട് ഒരു മാസത്തിന് ശേഷമാണ് 50000 രൂപ തരാൻ ബാങ്ക് തയ്യാറായത്, അത് കിട്ടി മൂന്നാമത്തെ ദിവസം ചാച്ചൻ മരിച്ചു.''-കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന എടച്ചേലിൽ രാമന്റെ ബന്ധു മനോജ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.

മകന്റെ കല്യാണത്തിനായി 15 ലക്ഷം രൂപയാണ് മാപ്രാണം സ്വദേശിനി ഷൈലജ ബാങ്കിലിട്ടത്. കുറച്ച് പലിശയുണ്ടെന്നായിരുന്നു സമാധാനം. എന്നാൽ കല്യാണ സമയത്ത് കാശ് ചോദിച്ചപ്പോൾ കിട്ടിയില്ല. ആകെ കിട്ടിയത് ഒന്നരലക്ഷം രൂപ. അതുകൊണ്ട് എന്താകാനാണെന്ന് ഷൈലജ ചോദിക്കുന്നു. അറുപത് കഴിഞ്ഞ ഷൈലജയ്ക്ക് മരുന്നിന് തന്നെ മാസം നല്ല ചെലവ് വരും, വലിയ സാമ്പത്തിക ശേഷിയില്ല, ആ പൈസ കൊണ്ട് ജീവിക്കാനായിരുന്നു ഉള്ള സമ്പാദ്യം ബാങ്കിലിട്ടിരുന്നത്. പക്ഷേ എല്ലാം പോയി. ഇപ്പോൾ നാലുമാസം കൂടമ്പോൾ അയ്യായിരം രൂപ കിട്ടിയാൽ ആയി. ഇങ്ങനെ എത്രയെത്രപേർ.

മുൻ മന്ത്രി എ സി മൊയ്തീന് നേരത്തെ സംശയ നിഴലിൽ

ഇപ്പോൾ ഇഡി മുൻ മന്ത്രി എ സി മൊയ്തീനിലേക്ക് എത്തിയത് മൊഴികളുടെ അടിസ്ഥാനത്തിലാണ്. നേരത്തെ തന്നെ ഈ അഴിമതിയിൽ മൊയ്തീന് പങ്കുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഏതാനും വ്യക്തികൾ ചെയ്ത അഴിമതി മാത്രമാണെന്നും പാർട്ടിക്ക് ഒരു പങ്കുമില്ലെന്നുമാണ്, സിപിഎം പറഞ്ഞത്. വലിയ ലോണുകൾ മൊത്തം കൊടുത്തത് പാർട്ടിയുടെ അനുമതിയോടെ ആയിരുന്നു. വൻ നിക്ഷേപങ്ങൾ എത്തിയതും ഇത്തരം നേതാക്കൾ വഴിയായിരുന്നു.

തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. പാർട്ടി അറിഞ്ഞാണ് എല്ലാം നടന്നതെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

'ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂ. പൊറത്തിശ്ശേരി, മാപ്രാണം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണ്. മൊത്തം ജപ്തി ചെയ്താലും ബാങ്കിന്റെ ബാധ്യത തീരില്ല. ബാങ്ക് സൂപ്പർമാർക്കറ്റ് നടത്തുമ്പോൾത്തന്നെ ബാങ്ക് മാനേജർ ബിജു കരീം വേറെ സൂപ്പർ മാർക്കറ്റ് തുറന്നു. ഇത് ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ ബന്ധു കൂടിയായ എ സി മൊയ്തീനാണ്.'-ഇതാണ് വെളിപ്പെടുത്തൽ.

'സി.കെ.ചന്ദ്രനോടു ചോദിച്ചിട്ടാണു മകൻ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ജയിലിൽ ആയപ്പോൾ തള്ളിപ്പറയുന്നു. ഒന്നാം പ്രതിയായ മകന് ബാങ്കിൽ ആകെയുള്ള നിക്ഷേപം 1.2 ലക്ഷം രൂപയാണ്. ഇത്രയും കാലം കുടുംബം പാർട്ടിയെന്നു കരുതി നടന്ന ഞങ്ങളെ ചവച്ചുതുപ്പി. മൊയ്തീൻ പറഞ്ഞതു കേട്ടില്ലേ, ഞാൻ തട്ടിപ്പുകാരന്റെ അച്ഛൻ ആയി'' വേദനയോടെ രാമകൃഷ്ണൻ പറഞ്ഞു.

അതിനിടെ ആരോപണങ്ങൾ ചന്ദ്രൻ നിഷേധിക്കുകയാണ് ഉണ്ടായത്. 'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പങ്കില്ല. സെക്രട്ടറിയും ഡയറക്ടർ ബോർഡുമാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒന്നാം പ്രതിയുടെ അച്ഛൻ അങ്ങനെ ആരോപിച്ചാൽ ഞാൻ എന്തു പറയാനാണ്. ബോർഡിനെ എങ്ങനെയാണു പുറത്തുനിന്നു നിയന്ത്രിക്കാനാകുക.' എന്ന ചോദ്യമാണ് സി.കെ.ചന്ദ്രൻ ഉയർത്തുന്നത്. എന്നാൽ പാർട്ടിയുടെ ബാങ്കുകളിൽ ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയുമാണ് തീരുമാനം എടുക്കുന്നതെന്ന് ഏവർക്കും അറിയാം.

ആരോപണം മുൻ മന്ത്രി എസി മൊയ്തീനും നിഷേധിച്ചിരുന്നു. 'തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പൊലീസ് അന്വേഷണം നടക്കുകയല്ലേ. 2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതാണ്. പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെ.' - എന്നാണ് എ.സി.മൊയ്തീൻ എംഎൽഎ പ്രതികരിക്കുന്നത്. പക്ഷേ ഇതുപോലെ ഒരു തട്ടിപ്പ് പാർട്ടി അറിയാതെ നടക്കില്ലെന്ന് അന്നം തിന്നുന്ന ആർക്കും അറിയാം.

ഇഴഞ്ഞിഴഞ്ഞ് അന്വേഷണം, പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് തടിയൂരി മുഖ്യപ്രതികളും

അധികാരത്തിന്റെ ബലത്തിൽ കരുവന്നൂർ തട്ടിപ്പിലെ അന്വേഷണം ഇഴഞ്ഞിഴഞ്ഞാണ് മുന്നോട്ടു പോയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യപ്രതികളെ സഹകരണ വകുപ്പ് ഒഴിവാക്കുകയാണ് ഉണ്ടായത്. ഇടനിലക്കാരനായ കിരൺ, സൂപ്പർമാർക്കറ്റ് ചുമതലയുള്ള റെജി അനിൽ എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതികളാണിവരെന്ന് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രധാന പ്രതികളാണ് ഇരുവരും. കിരൺ 46 വായ്പകളിൽ നിന്ന് 33.28 കോടി രൂപ തട്ടിയെന്നായിരുന്നു റിപ്പോർട്ട്.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ 25 പേരിൽ നിന്ന് 125.84 കോടി പിടിച്ചെടുക്കാൻ കളക്ടർ വി.ആർ.കൃഷ്ണതേജ നേരത്തെ ഉത്തരവിട്ടിരുന്നു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സിപിഎം ഭരിക്കുന്ന ബാങ്കാണ്. അധികാരത്തിന്റെ ബലത്തിലാണ് കരുവന്നൂരിലെ തട്ടിപ്പു നടന്നത്. ഇപ്പോൾ ഇഡി എത്തുമ്പോൾ രാഷ്ട്രീയമായി പ്രതിരോധം തീർക്കാനാകും സിപിഎം ശ്രമം. അത് പണം നഷ്ടമായവർക്ക് എത്രകണ്ട ഗുണകരമാകും എന്നാണ് അറിയേണ്ടത്.