- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഡീസലടിക്കാൻ പണമില്ലാതെ പൊലീസ് വാഹനങ്ങൾ; ഉച്ചക്കഞ്ഞിപ്പണം കിട്ടാതെ സ്കൂളുകൾ; അന്ന് എതിർത്ത സ്വകാര്യ മൂലധനത്തിന് ഗതികെട്ടപ്പോൾ പച്ചക്കൊടി; ബാലഗോപാലിന്റെത് ഐസക്കിസത്തിൽനിന്ന് യു ടേൺ; പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
വിശ്വ പ്രസിദ്ധമായ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ ഓഫ് കാമ്പസ് കേരളത്തിലെ മൂന്നാറിൽ തുടങ്ങാനുള്ള ആലോചന വന്ന സമയം. അന്ന് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാണ്. പിണറായി പാർട്ടി സെക്രട്ടറിയും. ആഗോള കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും നമ്പർ വൺ സ്ഥാപനമാണിത്. പക്ഷേ പാർട്ടി സമ്മതിച്ചില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ കേന്ദ്രം വന്നിരുന്നെങ്കിൽ, കേരള മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകേണ്ടി വരില്ലായിരുന്നു. കേരള മുഖ്യമന്ത്രിക്ക് രാജകീയമായ ചികിത്സ ഇവിടെ കിട്ടുമായിരുന്നു. പക്ഷേ ബൂർഷ്വാപേടിയം, ക്യാപിറ്റലിസ ഭീതിയും ചേർന്ന് കേരളത്തെ വർഷങ്ങൾ പിന്നോട്ടടിപ്പിച്ചു.
പ്രഭാകരൻ കോട്ടപ്പള്ളി സഖാവിനെ ഓർമ്മയില്ലേ! കുത്തക മുതലാളിമാർ എന്ന കേട്ടാൽ ഞെട്ടിവിറക്കുന്ന, 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് പറയുന്ന 'സന്ദേശം' സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം. 1991-ൽ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ആക്ഷേപഹാസ്യ സിനിമ, സത്യത്തിൽ കാലത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും കാലത്ത്, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇടത് അനുഭാവികളിൽ ഭൂരിഭാഗവം അക്ഷരാർത്ഥത്തിൽ, ഒരു പ്രഭാകരൻ കോട്ടപ്പള്ളിയായിരുന്നു! ഗാട്ട് കരാറിലൂടെ ഇനി ഒരു തുളസിയില നുള്ളാൻപോലും കഴിയാത്ത അവസ്ഥയാണ് നമുക്ക് വന്നുചേരുകയെന്നും, അമേരിക്കയും ഐഎംഎഫുമൊക്കെ ഇന്ത്യയെ കൊള്ളയടിക്കുമെന്നുമൊക്കെയാണ് ഇവർ ആത്മാർത്ഥമായി വിശ്വസിച്ചത്.
എത്രയെത്ര സമരങ്ങളാണ് ഒരുകാരണവുമില്ലാതെ ഈ നാട്ടിൽ നടത്തിയത്. ആഗോളവൽക്കരണ - ഉദാരണവൽക്കരണ നയങ്ങൾക്കെതിരെ ഘോര സമരവും ലാത്തിചാർജും. അന്ന് ഈ സമരത്തിൽ പങ്കെടുത്ത പലരും സാമ്രാജ്യത്വ കുത്തക ആയ അമേരിക്കൻ കമ്പനികളിൽ ഇന്ന് ജോലിച്ചെയ്യുന്നു. എക്സ്പ്രസ്സ് ഹൈവേ വന്നപ്പോൾ അത് കേരളത്തിനെ രണ്ടായി മുറിക്കമെന്ന് പറഞ്ഞ് സമരം നയിച്ചു. ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ എക്പ്രസ്വേകൾ കണ്ട് എന്റ കണ്ണു തള്ളുന്നു. മൈക്രോ സോഫ്റ്റിനും ബിൽഗേറ്റ്‌സിനുമെതിരായ ശക്തമായ പ്രചാരണത്തിൽ പങ്കെടുത്തവർക്കഎ ഇന്ന് അതില്ലാതെ ജീവിക്കാൻ കഴിയുന്നില്ല.
എന്തിന് ഗൂഗിൾ മാപ്പിങ്ങിനു വേണ്ടി ഗൂഗിൾ കമ്പനി ഉദോഗസ്ഥർ കേരളത്തിൽ എത്തിയപ്പോൾ അവരെ കള്ളന്മാരാക്കി സമരം നടന്നിട്ടുണ്ട്. കൂടംകുളം ആണവ നിലയത്തിനെതിരെ എഴുതി മറിച്ചു. കടലിലെ മീനുകൾപോലും ആണവ നിലയം കൊണ്ട് ചത്തുപോവുമെന്നായിരുന്നു പ്രചാരണം. പക്ഷേ ഇപ്പോൾ കൂടംകളും വൈദ്യുതി എല്ലാവർക്കും വേണം. അതുപോലെ മൊബൈൽ ടവർ റേഡിയേഷൻ ഉണ്ടാക്കുമെന്നും, എന്തിന് ആധാർ കാർഡ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നും എഴുതി. ഇന്ന് ആധാറില്ലാതെ ജീവിക്കാൻ കഴിയില്ല.
ഈ രീതിയിലുള്ള പ്രഭാകരൻ കോട്ടപ്പള്ളി മോഡൽ അന്ധവിശ്വാസങ്ങളായിരുന്നു കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖമുദ്ര. പക്ഷേ ഇപ്പോൾ ധനമന്ത്രി കെ എം ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് നോക്കുക. സാമ്പത്തിക പ്രതിസന്ധിമൂലം സ്വകാര്യവത്ക്കരണത്തിനുള്ള എല്ലാ സാധ്യതകളും സർക്കാർ തുറന്നിടുകയാണ്. ഒരുപാട് രക്തസാക്ഷികളെ സൃഷ്ടിച്ച സാശ്രയസമരം കണ്ട കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷം തന്നെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യമൂലധനത്തിന് പരവതാനി വിരിക്കുന്നു. കാലം കമ്യൂണിസ്റ്റുകളെ പാഠം പഠിപ്പിക്കുന്നുവെന്ന് ചുരുക്കം!
അന്തംവിട്ട സാമ്പത്തിക പ്രതിസന്ധി
അതേസമയം കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത് അന്തംവിട്ട സാമ്പത്തിക പ്രതിസന്ധിയാണ്. കിട്ടുന്ന വരുമാനത്തിന്റെ 70 ശതമാനത്തോളം ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ നീക്കിവെക്കേണ്ടിവരും. മദ്യത്തിൽനിന്നും, ലോട്ടറിയിൽനിന്നുമല്ലാതെ മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ല. 1957 ൽ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കിൽ 2022 ൽ അത് 4 ലക്ഷം കോടിയായി ഉയർന്നു കഴിഞ്ഞു. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം. കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണ് വർധിച്ചു. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതു കടം 2022ൽ 3,39,939 കോടിയായി ഉയർന്നു. ഇതുവരെ ഭരിച്ചവർ എല്ലാവും ചേർന്ന് ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടിയാണ് പിണറായി സർക്കാർ ഒറ്റക്ക് ഉണ്ടാക്കിയത്. അതിന് ചുക്കാൻ പടിച്ചതാവട്ടെ തോമസ് ഐസക്കുമാണ്. കേരളത്തിൽ പിറക്കുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക് മുകളിൽ കടമുണ്ടിപ്പോൾ. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കടം 2022ൽ 3,39,939 കോടിയായി മാറി. ഇതിൽ ഐസക്കിന്റെ സംഭാവന വളരെ വലുതാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണ്.കേരളത്തിന്റെ ജിഡിപിയുടെ 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ്. റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെൻഷൻ എന്നിവയക്ക് മാറ്റിവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് ഓരോ മാസവും ശമ്പളവും പെൻഷനും മറ്റ് കടങ്ങളും പലിശയുടെ വായ്‌പ്പയും കഴിഞ്ഞാൽ ഒന്നും കൈയിലില്ലാത്ത അവസ്ഥ.കേന്ദ്ര സർക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം ലോട്ടറി എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും. മറ്റ് റവന്യു വരുമാന മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോൾ ശ്രീലങ്കൻ മോഡൽ പ്രതിസന്ധിക്ക് സമാനമായ വാർത്തകൾ കേരളത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഡീസലിടക്കാൻ പണമില്ലാതെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്താവന്നു. ഉച്ചക്കഞ്ഞിപ്പണം കിട്ടാതെ സ്‌കൂളുകളിലെ ഹെഡ്‌മാസ്റ്റർമാർ ദുരിതത്തിലാണ്. പെൻഷൻ ഇല്ലതായതോടെ മറിയക്കുട്ടിമാർ രംഗത്തെത്തുന്നു. ഏറ്റവും ഒടുവിലായി മലയാള മനോരമയിൽ വന്ന വാർത്ത സ്റ്റാമ്പ് വാങ്ങാൻ പോലും പല ഓഫീസുകളിലും പണംമില്ല എന്നതാണ്. അപ്പോൾ നമ്മുടെ ധനമന്ത്രി എന്തുചെയ്യും!
ബാലഗോപാലിന്റെത് യു ടേൺ
ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ വികസന സങ്കൽപത്തിൽനിന്നുള്ള യു ടേണാണ് രണ്ടാം മന്ത്രസഭയിൽ ബാലഗോപാൽ നടത്തുന്നത്. വായ്പയിലൂടെ വികസനം എന്ന സമീപനമായിരുന്നു ഐസക്കിന്റേത്. ഇന്നത്തെ വികസനത്തിന് ഭാവിയിൽ വന്നുചേരാവുന്ന മൂലധനം ഉപയോഗപ്പെടുത്തുന്നതായിരുന്നു ഐസക്കിന്റെ രീതി. കിഫ്ബിയെ ഇതിനുള്ള നിർവഹണോപാധിയായി അദ്ദേഹം ഉപയോഗപ്പെടുത്തി. സാമ്പത്തിക ഞെരുക്കം വികസന പദ്ധതികൾക്കു തടസ്സമാകാതിരിക്കാൻ ഇതു സഹായകമാവുകയും ചെയ്തു.
തെറ്റായൊരു ആശയമാണ് ഒന്നാം പിണറായി സർക്കാറിൽ ഐസക്ക് ഉണ്ടാക്കിയത്. കേരളത്തിന്റെ ഇൻഫ്രസ്ട്രക്ച്ചർ നിർമ്മിച്ചു കഴിഞ്ഞാൽ വികസനം പിറകേ വന്നുകൊള്ളും എന്നായിരുന്നു അത്. പക്ഷേ ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ സർക്കാറിന്റെ കൈയിൽ മറ്റൊന്നിമില്ല. അപ്പോൾ എന്തു ചെയ്യും. കടമെടുക്കുക. വായ്പയാണ് എല്ലാറ്റിനും പരിഹാരമെന്ന സമീപനമാണ് തോമസ് ഐസക് മുന്നോട്ടുവച്ചത്. അതിനെ എതിർത്തവരെയൊക്കെ അദ്ദേഹം പരിഹസിച്ചു. പൊതുവിഭവ സമാഹരണത്തിന് ധാരാളം മാർഗങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഫീസുകൾ വർധിപ്പിക്കുക, വസ്തു നികുതി, വൈദ്യുതി തീരുവ നിരക്ക്, മൈനുകളുടെയും ക്വാറികളുടെയും റോയൽറ്റി വർധിപ്പിക്കുക, സർക്കാർ ഭൂമികളിലെ പാട്ടത്തുക വർധിപ്പിക്കുക തുടങ്ങിയ പലവിധ മാർഗങ്ങളൊന്നും സ്വീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല
''സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. ആർബിഐയിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. മോണറ്റൈസ് ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറൽ റിസർവ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തണം''- ഒരു ചാനൽ ചർച്ചയിൽ ഐസക്ക് ഇങ്ങനെ പറഞ്ഞതുകേട്ട് ഞെട്ടിയവർ ഏറെയാണ്.
കേരള സർക്കാരിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോർപറേഷൻ 608.17 കോടി രൂപ നഷ്ടമാണ് ഉണ്ടാക്കിയത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നാമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആർ ടി സിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി രണ്ടാമതാണ്. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ് എഫ് ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ ലാഭം. നോക്കുക, ബെവ്ക്കോപോലും ലാഭത്തിൽ ആയില്ലെങ്കിൽ പിന്നെ കേരളത്തിൽ എന്താണ് ലാഭത്തിൽ അവുക. ബെവ്ക്കോ നഷ്ടത്തിലായത് വിറ്റുവരവ് ഇല്ലാഞ്ഞിട്ടില്ല അതിനെ വെച്ച് വീണ്ടും വായ്‌പ്പയെടുത്തതുകൊണ്ടാണെന്ന് വേറ കാര്യം.
ഈ ഒരു സാഹചര്യത്തിലാണ് ബാലഗോപാലിന് ആകെ ചുവടുമാറ്റേണ്ടി വന്നത്.
ഇതോടൊപ്പം കേന്ദ്രസർക്കാർ വായ്പാനിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കിഫ്ബി മാതൃകയുമായി മുന്നോട്ടുപോകാനാവാത്ത സാഹചര്യമായി. കിഫ്ബി ഒരു വെള്ളാനയാണെന്ന് ഭാഗികമായി ഭരണനേതൃത്വവും ശരിവെക്കയാണ്. അതോടെയാണ് ബാലഗോപാൽ പുതിയ ധനാഗമ മാർഗങ്ങളിൽ കണ്ണുവയ്ക്കുന്ന
ചൈനമോഡൽ സ്വകാര്യമുലധനമോ?
കഴിഞ്ഞ ബജറ്റുകഴിഞ്ഞതോടെ ഏറെ ചർച്ചയായ കാര്യമാണ് കേരളത്തിന്റെ പ്ലാൻ ബി. കേന്ദ്രാവഗണന തുടർന്നാൽ വികസനം മുന്നോട്ടു കൊണ്ടുപോവാൻ പ്ലാൻ ബി ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി ബാലഗോപാൽ പറയുന്നത്. ബജറ്റിൽ ഇങ്ങനെ പ്രഖ്യാപിച്ചെങ്കിലും അതെന്തെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഇതേപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ വിശദമായ ഒരു പദ്ധതി ആവിഷ്‌കരിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
''എന്താണ് ചെയ്യണ്ടത് എന്നതിനെ കുറിച്ച് എഴുതി പെട്ടിയിലാക്കി വെച്ചിട്ടൊന്നുമില്ല ഈ പ്ലാൻ ബി. അത് സാഹചര്യം വരുമ്പോൾ ചെയ്യേണ്ട കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതിനെയാണ് പ്ലാൻ ബി എന്ന് പറഞ്ഞത്. ഇപ്പോൾ അത് ആലോചിക്കേണ്ടതില്ല'- ധനമന്ത്രി പറയുന്നു. പക്ഷേ സ്വകാര്യ മേഖല തന്നെയാണ് പ്ലാൻ ബി എന്നാണ് ബജറ്റിലെ സൂചനകൾവെച്ച് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ മേഖലയോടുള്ള മുൻവിധികൾ മാറ്റിവയ്ക്കുമ്പോഴും, സ്വകാര്യ നിക്ഷേപകരെ സ്വീകരിക്കുന്ന രീതി കേരളത്തിനു മുൻപേയുണ്ടെന്ന് മന്ത്രി എടുത്തുപറയുന്നുണ്ട്. ചൈനീസ് മോഡലിൽ സ്വകാര്യ സംരംഭകരെ ആവോളം പ്രോൽസാഹിപ്പിക്കുന്ന നയമായിരിക്കും ഇനി പുറത്തെടുക്കുക എന്ന് ചുരുക്കം.
സ്വകാര്യ മേഖലയോടുള്ള നയപരമായ 'അയിത്തം' ഇടതു സർക്കാരുകൾ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം. എന്നും ഇടതുപക്ഷത്തെ എതിർക്കുന്ന മലയാള മനോരമപോലും ഇങ്ങനെ എഴുതുന്നു. -''ഒളിച്ചുവച്ച വാക്കുകൾ കൊണ്ടല്ല, ബജറ്റ് പ്രസംഗത്തിലുടനീളം സ്വകാര്യ നിക്ഷേപത്തെ പരസ്യമായി ശ്ലാഘിച്ചുകൊണ്ടാണ് ധനമന്ത്രി നവകേരള സൃഷ്ടിക്കായി അവരെ സ്വാഗതം ചെയ്യുന്നതെന്നതും ശ്രദ്ധിക്കണം.'' ബജറ്റ് പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ പ്രവാസി മലയാളികളെ കേരളത്തിന്റെ സവിശേഷ സമ്പത്തായാണ് മന്ത്രി വിശേഷിപ്പിച്ചത്. അവരെയടക്കം ഉപയോഗപ്പെടുത്തി വിവിധ രംഗങ്ങളിൽ മൂലധന നിക്ഷേപം നടത്തി വികസന രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താനാവുമെന്നാണ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
അടുത്ത 3 വർഷക്കാലയളവിൽ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നു ധനമന്ത്രി വ്യക്തമാക്കുന്നു.വിദ്യാഭ്യാസ രംഗത്താണ് സ്വകാര്യമേഖലയോടുള്ള സമീപനത്തിൽ പ്രകടമായ നയവ്യതിയാനം കാണുന്നത്. സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരായെടുത്ത മുൻ രാഷ്ട്രീയ നിലപാടുകളും നടത്തിയ രക്തരൂഷിത സമരങ്ങളും ഇക്കാര്യത്തിൽ ഒരു തുറന്ന സമീപനമെടുക്കാൻ ഇടതുപക്ഷ സർക്കാരിനുള്ള മാനസിക തടസ്സമായിരുന്നു. അതു കൃത്യമായും പൊളിച്ചെഴുതുകയാണ് ഈ ബജറ്റ്. സ്വകാര്യ സർവകലാശാല സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഒരു വളച്ചുകെട്ടുമില്ലാതെ ബജറ്റ് നേരിട്ടു പറയുന്നുണ്ട്. ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്നാണ് വാഗ്ദാനം.
ഉടൻ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളിൽ പ്രധാനം 25 സ്വകാര്യ വ്യവസായ പാർക്കുകളാണ്. ഇതിൽ 16 എണ്ണത്തിന് സർക്കാർ ഡവലപ്‌മെന്റ് പെർമിറ്റ് അനുവദിച്ചു കഴിഞ്ഞു. 8 എണ്ണം സർക്കാരിന്റെ പരിഗണനയിലാണ്. വരും വർഷം ഇരുപത്തഞ്ചോളം പാർക്കുകൾക്ക് അനുമതി നൽകാനാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1.4 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കാനായെന്ന ശുഭസൂചനയും മന്ത്രി നൽകുന്നു.
വിനോദസഞ്ചാരം, ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, സ്റ്റാർട്ടപ് എന്നിവ നവകേരളത്തിന്റെ പതാകവാഹകരാണെന്നാണ് ബജറ്റിൽ പറയുന്നത്. ടൂറിസം മേഖലയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹത്തെ ഉൾക്കൊള്ളാനുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നും ഐടിയുടെ കാര്യത്തിലും സർക്കാർ മുതൽമുടക്കുന്നുണ്ടെങ്കിലും അതു പര്യാപ്തമല്ലെന്നും ഈ രംഗത്ത് ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും പറയുന്നിടത്തും കണ്ണുവയ്ക്കുന്നത് സ്വകാര്യ നിക്ഷേപത്തിൽ തന്നെയാണ്. കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങളും അവർക്ക് ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം ലഭിച്ചതും നിക്ഷേപസാധ്യതയായി ചൂണ്ടിക്കാട്ടുന്നു.
വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനുള്ള സാധ്യത, നഗരങ്ങളിലെ ലീപ് സെന്ററുകൾക്കു പുറമേ മഞ്ചേരി, ബത്തേരി, ചാലക്കുടി പോലുള്ള പ്രദേശങ്ങളിലുള്ള 200 പേർ വരെ ജോലിചെയ്യുന്ന തരം ഐടി കേന്ദ്രങ്ങൾ കേരളമെങ്ങും വ്യാപിപ്പിക്കാനുള്ള സാധ്യത, ആഗോള കമ്പനിയായ സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ റസിഡൻഷ്യൽ ക്യാംപസ് സ്ഥാപിക്കുന്നത് തുടങ്ങിയവയെ ശുഭസൂചനകളായി എടുത്തുകാട്ടുമ്പോൾ, പുതിയ കാലത്തിന്റെ വ്യവസായ വികസനത്തിന് രാജ്യാന്തര കമ്പനികളിൽനിന്നടക്കമുള്ള നിക്ഷേപത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്.
പ്ലാൻ ബി എന്നാൽ പ്ലാൻ ബെവ്ക്കോയോ?
പക്ഷേ ഇതൊന്നും നടക്കാൻ പോവില്ലെന്നും ഇവിടെ എന്തു സംഭവിച്ചായും മദ്യത്തിനാണ് വിലകൂടുകയെന്നും സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്. നാടിന്റെ വികസനത്തിനാണ് ഞങ്ങൾ മദ്യപിക്കുന്നതെന്ന മദ്യപരുടെ വിശദീകരണം ട്രോളായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. ഓരോ ബജറ്റ് കഴിയുമ്പോഴും മദ്യത്തിനു വില കൂട്ടും. ഓരോ വട്ടവും ഓരോ പേരിലാണെന്നു മാത്രം. അതിൽ കുറേ ശരിയുമുണ്ട്.
കഴിഞ്ഞ ബജറ്റിൽ സംഭവിച്ചത് നോക്കുക. 2023ലെ ബാലഗോപാലിന്റെ ബജറ്റിൽ സാമൂഹിക സുരക്ഷാ സീഡ് ഫണ്ടിനെന്ന പേരിൽ, 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയ്ക്കു മുകളിലേക്കു വിലവരുന്ന മദ്യത്തിന് 40 രൂപയും സെസ് ഏർപ്പെടുത്തിയിരുന്നു. ഇത്തവണത്തെ ബജറ്റിൽ എക്സൈസ് തീരുവയുടെ വർധനയിലൂടെ 200 കോടി രൂപയുടെ അധിക വർധനയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ സെസിലൂടെ സർക്കാർ ലക്ഷ്യം വച്ചിരുന്നത് 400 കോടി രൂപയുടെ അധിക വരുമാനമാണ്. ഇതുമായി ബന്ധപ്പെട്ട് കനത്ത വിമർശനങ്ങൾ ഉണ്ടായപ്പോൾ, കേരളത്തിൽ ഏറ്റവുമധികം വിൽപന നടക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാൽ, കേരളത്തിൽ 500 രൂപയ്ക്കു താഴെ വിലയുള്ള ഫുൾ കുപ്പി (750 മില്ലി ലീറ്റർ) മദ്യം വിൽക്കുന്നില്ലെന്നതാണു യാഥാർഥ്യം.
ഇത്തവണ ഗാൽവനേജിങ്ങ് ഫീസ് എന്നപേരിയാണ് മദ്യവിലകൂട്ടിയത്. ഗാൽവനേജിന്റെ വരവിനും ചരിത്രമുണ്ട്. മദ്യം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത് 'ഗാലൻ' എന്ന അളവ് സമ്പ്രദായത്തിൽനിന്നാണ് 'ഗാൽവനേജ് ഫീ' എന്ന പ്രയോഗം നിലവിൽ വന്നത്. എക്സൈസ് തീരുവ കണക്കാക്കുന്നത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ, 'ഗാൽവനേജ് ഫീ' നിർണയിക്കുന്നത് മദ്യത്തിന്റെ അളവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനാൽതന്നെ എല്ലാത്തരത്തിലുള്ള മദ്യത്തിനും ഇത് ഒരുപോലെ ബാധകവുമാണ്. എല്ലാവർക്കും അറിയേണ്ടത് ഗാൽവനേജ് വന്നാൽ വില കൂടുമോ എന്നാണ്. മദ്യത്തിന് ലീറ്ററിന് 10 രൂപ കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ മദ്യ വില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷനും പറയുന്നു.
ബജറ്റ് പ്രസംഗത്തിൽ പറയുന്നത് അനുസരിച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീ ഇനത്തിലാണ് ലീറ്ററിന് 10 രൂപ കൂട്ടിയത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപവരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. ഇതു പ്രകാരമാണ് നിരക്ക് വർധന 10 രൂപയായി നിശ്ചയിച്ചതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, ഈ തുക ബവ്റിജസ് കോർപറേഷനാണ് സർക്കാരിന് നൽകേണ്ടി വരുന്നത്. അതിനാൽ ഈ നിരക്കു വർധനയുടെ പ്രത്യാഘാതം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് കോർപറേഷന്റെ ഭാഷ്യം. എന്താണ് സത്യം
ഗാലനേജ് ഫീ വഴി എന്തു കിട്ടും? ഇതു നോക്കൂ. 2021ൽ ഒരു ലീറ്റർ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന ഗാലനേജ് ഫീ 0.05 രൂപയായിരുന്നു. അതാണ് ഒറ്റയടിക്ക് 200 ശതമാനം വർധിപ്പിച്ച് 10 രൂപയായി ഉയർത്തിയിരിക്കുന്നത്. ഈ ഇനത്തിൽ 200 കോടിയോളം രൂപ അധിക വരുമാനം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതനുസരിച്ച് 9 ലീറ്റർ മദ്യം അടങ്ങിയ ഒരു കെയ്സ് മദ്യത്തിന് ബവ്റിജസ് കോർപറേഷൻ സർക്കാരിലേക്ക് അടയ്ക്കേണ്ടി വരുന്നത് 90 രൂപയാണ്. നിലവിൽ ഇത് 45 പൈസ മാത്രമാണ്. ഒരു വർഷം 2 കോടിയിലധികം കേസ് മദ്യമാണ് ബവ്റിജസ് കോർപറേഷൻ വങ്ങാറുള്ളത്.
അങ്ങനെ നോക്കിയാൽ ഏകദേശം 180 കോടി രൂപയാണ് പ്രതിവർഷം നികുതിയിനത്തിൽ കോർപറേഷൻ സർക്കാരിലേക്ക് അധികമായി അടയ്ക്കേണ്ടി വരിക. മദ്യത്തിൽ നിന്നുള്ള എക്സൈസ് ഡ്യൂട്ടിയും നികുതിയും ലാഭവും എല്ലാം കൂടി 14,000 കോടിയോളം രൂപയാണ് ഓരോ വർഷവും സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. ഇതിനാൽതന്നെ മദ്യ വിലയിൽ വരുത്തുന്ന ചെറിയ വർധനപോലും സർക്കാരിന്റെ വരുമാനത്തിൽ കോടികളുടെ വേലിയേറ്റം സൃഷ്ടിക്കും. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതും ഈ കോടികൾ തന്നെയാണ്.
180 കോടി രൂപ നഷ്ടപ്പെടുത്താൻ ബവ്കോ തയാറാകുമോ? സത്യത്തിൽ നികുതി വർധനയിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബവ്റിജസ് കോർപറേഷൻ മദ്യത്തിന്റെ നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയുള്ളൂ എന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ അധിക ബാധ്യത ബവ്റിജസ് കോർപറേഷൻ സ്വന്തം ചുമലിലേറ്റുമോ എന്ന് കണ്ടറിയണം. നികുതി വർധന മൂലം ഭാവിയിൽ സാമ്പത്തിക ബാധ്യത രൂക്ഷമായാൽ മദ്യ വില വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബവ്റിജസ് കോർപറേഷൻ അധികൃതർ പറയുന്നതുകൂടി കൂട്ടിവായിച്ചാൽതന്നെ ഇതിനുള്ള ഉത്തരം വ്യക്തമാണ്. അതായത് ഭാവിയിൽ മദ്യത്തിന്റെ വിലകൂടമെന്ന് ചുരുക്കം.
കിറ്റക്സിനെ ഓടിച്ചത് മറക്കരുത്
അതുപോലെ സ്വകാര്യമേഖലയെക്കുറിച്ച് വലിയവായിൽ സംസാരിക്കുന്ന ഈ സർക്കാറാണ് കിറ്റക്സ് പോലുള്ള ഒരു പ്രസ്ഥാനത്തെ തെലുങ്കാനയിലേക്ക് ഓടിച്ചത് എന്നോർക്കണം. അമേരിക്കയിൽ പിറന്ന് വീഴുന്ന കുട്ടികളിൽ നല്ലൊരു ശതമാനവും ഇടുന്നത്, കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉടുപ്പുകളാണെന്ന് പറഞ്ഞാൽ, അത് തള്ളാണെന്നായിരിക്കും ശരാശരി മലയാളി പറയുക. പക്ഷേ ഇത് ബഡായിയല്ല. അതാണ് കിഴക്കമ്പലത്തെ ചരിത്രം സൃഷ്ടിച്ച കിറ്റെക്സ് ഗാർമെന്റ്സ് കമ്പനിയുടെ നേട്ടം. ഒട്ടും വ്യവസായ സൗഹൃദമല്ലാത്ത ഒരു സംസ്ഥാനത്തിന്, ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മാതൃക. പതിനയ്യായിരത്തോളം തൊഴിലാളികൾക്ക് പ്രത്യക്ഷമായും, മറ്റ് ആയിരങ്ങൾക്ക് പരോക്ഷമായും തൊഴിൽ കൊടുക്കുന്ന, യു.എസിലേക്ക് യൂറോപ്പിലേക്കും കുഞ്ഞുടുപ്പുകൾ കയറ്റി അയക്കുന്ന ഈ സ്ഥാപനം മറ്റ് എവിടെയായിരുന്നെങ്കിലും എത് രീതിയിൽ പ്രോൽസാഹിപ്പിക്കപ്പെടുമായിരുന്നു.
നിലവിൽ ആഗോളതലത്തിൽ കുഞ്ഞുടുപ്പുകളുടെ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, 2024 ജനുവരിയോടെ സജജ്ജമാവന്നതോടെ ലോകത്തിലെ ഒന്നാമൻ ആവും. വാറംഗൽ ജില്ലയിലെ കാക്കത്തിയ ടെക്സ്റ്റെൽ പാർക്കിൽ, 200 ഏക്കറിൽ സ്ഥാപിച്ചിരുക്കുന്ന ഫാക്ടറിയിൽ പ്രതിദിനം 14 ലക്ഷം കുഞ്ഞുടുപ്പുകൾ നിർമ്മിക്കാൻ കഴിയും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയുടെ പ്രതിദിന ഉൽപ്പാദനം, 9 ലക്ഷം ബേബി ക്ലോത്തുകൾ മാത്രമാണ്. രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് കിറ്റെക്സ് നിർമ്മിച്ച് കയറ്റിയയക്കുന്നത്. വാൾമാർട്ട്, ടാർഗറ്റ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വേണ്ടിയാണ് ഇവ നിർമ്മിച്ച് നൽകുന്നത്. എറണാകുളം കിഴക്കമ്പലത്തുള്ള ഫാക്ടറിയിൽനിന്ന് പ്രതിദിനം ഏഴുലക്ഷം കുഞ്ഞുടുപ്പുകളാണ് കിറ്റെക്സ് ഇപ്പോൾ നിർമ്മിക്കുന്നത്.
പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ, മൊത്തം ശേഷി 18 ലക്ഷമായി ഉയരും. ഇതിന് പുറമെ, ഹൈദരബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ, സീതാംപൂരിൽ 250 ഏക്കറിൽ മറ്റൊരു ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണം ഒരു മാസം മുമ്പ് തുടങ്ങി. ഇതുകൂടി സജ്ജമാവുന്നതോടെ, തെലങ്കാനയിലെ രണ്ട് ഫാക്ടറികളിലും മാത്രമായി, 22-25 ലക്ഷം കുഞ്ഞുടുപ്പുകൾ നിർമ്മിക്കാനാവുമെന്നാണ് കിറ്റെക്സ് ചെയർമാനും എംഡിയുമായ, സാബു എം ജേക്കബ് പറയുന്നത്. ഇതോടെ ഈ മേഖലയിലെ നമ്പർ വൺ കമ്പനി കിറ്റെകസ് ആയി മാറും. നോക്കുക, ഇതുപോലെ ഒരു സ്ഥാപനത്തെയാണ് നമ്മുടെ സർക്കാർ ഓടിച്ചുവിട്ടത്.
അതായത് കേരളത്തിൽ നടക്കാൻ പോകുന്ന ഫ്രീ മാർക്കറ്റും, ഫ്രീ ട്രേഡും, ക്യാപിറ്റലിസവും ഒന്നുമല്ല, കോണ്രി ക്യാപിറ്റലിസമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ചൈനയിൽപോലും പാർട്ടി കാര്യമായി ഇത് ശ്രമിച്ചിട്ടില്ല. പക്ഷേ നമ്മുടെ നാട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് ഒക്കെ സർക്കാറിന്റെ നിർലോഭമായ പിന്തുണ കിട്ടുമ്പോൾ, ക്രോണി ക്യാപിറ്റസിലം വർക്ക് ചെയ്യുന്നതിന്റെ കൃത്യമായ സൂചകളാണ് അത് മുന്നോട്ടുവെക്കുന്നത്. കേരളത്തെ രക്ഷിക്കാൻ ആർക്ക് കഴിയും എന്ന് കണ്ടറിയേണ്ടതാണ്.
വാൽക്കഷ്ണം: കൂട്ടുകൃഷിക്കളത്തിലെ ചെറിയ ഉൽപ്പാദനത്തിന് പകരം, ഒരിക്കൽ വൻ തോതിലുള്ള വിളവർധന ചൈനയിലെ ഒരു പ്രത്യേക ഭാഗത്ത് ഉണ്ടായതാണ് ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോ പിങിനെ ക്യാപിറ്റലിസത്തിലേക്ക് നയിച്ചതെന്ന ഒരു കഥയുണ്ട്. കൂട്ടുകൃഷിക്ക് പകരം, സ്വകാര്യവ്യക്തികൾക്ക് കളങ്ങൾ മാറ്റിക്കൊടുത്തപ്പോൾ, വിള ഇരിട്ടിയായത് കമ്യൂണിസത്തിൽനിന്ന് റെഡ് ക്യാപിറ്റലിസത്തിലേക്ക് മാറാനുള്ള പ്രചോദനം. എന്നാൽ നമ്മുടെ സർക്കാറിനാവട്ടെ ജനം കുത്തുപാളയെടുക്കേണ്ടി വന്നു ഇത്തരം ഒരു ചിന്ത വളരാൻ!