- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
നിത്യനിദാന ചെലവുകൾക്ക് പണമില്ലാതായാൽ, ഒരു സംസ്ഥാനം എങ്ങനെ മുന്നോട്ടുപോവും. പൊലീസും, കോടതിയും, സ്‌കൂളുകളും, ആശുപത്രികളുടെയുമൊക്കെ പ്രവർത്തനം സ്തംഭിക്കാൻ പോവുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണോ, ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത്. എന്തായാലും 2023 എന്ന വർഷം കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമായ ഒരു കാലമല്ല. വർഷാവസാനം എത്തിയതോടെ ജനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. നിർമ്മാണ മേഖല സ്തംഭിച്ചു. കാർഷിക ഉൽപ്പനങ്ങൾക്ക് വിലയില്ല. പക്ഷേ കറന്റ്ചാർജും, വെള്ളക്കരവും ഉൾപ്പടെ എല്ലാം കൂടുന്നു. സർക്കാർ ജീവിനക്കാരുടെ ശമ്പളം അടക്കംമുടങ്ങുമെന്നും, ട്രഷറി അടച്ചിടുന്ന അവസ്ഥയുണ്ടാവുമെന്നും അഭ്യൂഹങ്ങൾ വരുന്നു. ഈ സമയത്താണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്ന വാക്കും ചർച്ചയിൽ വരുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനം, ഗൗരവത്തോടെ എടുത്തിരിക്കയാണ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. വിഷയത്തിൽ അദ്ദേഹം ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി കൈവിട്ടുപോയ നിലയിലാണെന്നത് കണക്കിലെടുത്തും, ഇക്കാര്യം ശരിവച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നാണ് ഗവർണ്ണക്ക് കിട്ടിയ നിവേദനം.
പൊതുപ്രവർത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ് ശശികുമാറാണ് ഗവർണർക്ക് നേരിട്ട് നിവേദനം നൽകിയത്. സംസ്ഥാനസർക്കാരിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്.ഈ നില തുടർന്നാൽ സംസ്ഥാന താൽപ്പര്യങ്ങളിൽ ഉപരി സ്വകാര്യ താൽപ്പര്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവുമ്പോൾ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളിൽ അക്രമവും കുറ്റവാസനയും ഏറാ നുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായും, താഴെപ്പറയുന്ന സാമ്പത്തിക ബാധ്യതകൾ സർക്കാരിന് മുഖ്യമായി ഉള്ളതായും നിവേദനത്തിൽ പറയുന്നു. ഈ നിവേദനത്തിൽ ഗവർണർ നിയമോപദേശവും തേടുന്നുണ്ട്. അതിനൊപ്പം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും പരിഗണിക്കും. നവകേരള സദസിന്റെ തിരക്കിലായതിനാൽ ഉടൻ റിപ്പോർട്ട് കൊടുക്കാനും സാധ്യതയില്ല. പക്ഷേ കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി, ഈ നാട് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസദ്ധിയുടെ ആഴം അറിയാൻ. അതിന് ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ല.
നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു
കേരളത്തിലെ കൺസ്ട്രക്ഷൻ മേഖല അതി ഭീകരമായി തകർന്നിരിക്കയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ അവസ്ഥ തുടരുകയാണ്. ചെറുകിട നിർമ്മാണ കമ്പനികളും, കോൺട്രാക്റ്റർമാരും തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കഴിഞ്ഞു. കോട്ടയം ജില്ലയിലെ തിടനാട് സ്വദേശിയായ സജി തോമസ് എന്ന കോൺട്രാക്റ്റർ തന്റെ അനുഭവം യുട്യൂബിലുടെ പങ്കുവെച്ചത് വൈറലാവുകയാണ്.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി കരാർ ജോലി ഏറ്റെടുത്തു നടത്തുന്ന അദ്ദേഹം ഇങ്ങനെ പറയുന്നു- '' ആറുമാസം മുമ്പുവരെ 200 ഓളം ജോലിക്കാർ എനിക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരുമില്ല. കാരണം പണിയില്ല എന്നതുതന്നെ. കേരളത്തിലെ കൺസ്ട്രക്ഷൻ മേഖല അതി ഭീകരമായി തകർന്നു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അതിദയീനയ അവസ്ഥയിലാണ്. കോവിഡിന് മുമ്പ് വരെ മൂന്നുലക്ഷം രൂപ ഇൻകം ടാക്സ് കൊടുത്തിയരുന്ന വ്യക്തിയായിരുന്നു ഞാൻ. ഇപ്പോൾ പണിയായുധങ്ങളും മറ്റ് സാധന സാമഗ്രികളും വിൽക്കുകയാണ്. പണിയാതെ ഇരുന്നിട്ട്, തൂമ്പായുടെ പിടിയിൽ പൂപ്പലായിപ്പോയി.
കാഞ്ഞിരപ്പള്ളിയിൽ സിമന്റ് കടയുടമുകൾ പറയുന്നത് , മുമ്പ് മാസത്തിൽ ആയിരം- രണ്ടായിരം ചാക്ക് സിമന്റ് എടുത്തിരുന്നവർ ഇന്ന് 40-50 ചാക്കുപോലും വാങ്ങുന്നില്ല എന്നതാണ്. മണൽ, മെറ്റൽ, കല്ല്,കമ്പി, സിമന്റ് എന്നിവക്കെല്ലാം തുക കുത്തനെ വില കൂട്ടിയിരിന്നു. ഇപ്പോൾ കുറച്ച് തരാം എന്ന് ക്രഷറുകാർ ഒക്കെ പറയുന്നുണ്ട്്. പക്ഷേ സാധനം പോവുന്നില്ല. ആർക്കിടെക്റ്റുമാർക്കും പണിയില്ല. പാലയിലെയും കോട്ടയത്തെയും പ്രമുഖ ആർക്കിട്ടക്റ്റുകൾ പറയുന്നത്, ആറുമാസമായി ഒരു വരയുമില്ല എന്നാണ്. ഇത്തരം കമ്പനികൾ അവധി വേണ്ടവർക്കെല്ലാം അവധി കൊടുത്തിരിക്കയാണ്. രണ്ടുദിവസം അവധി ചോദിച്ചാൽ രണ്ടാഴ്ച അവധി കിട്ടും. കാരണം അവിടെയൊന്നും പണിയില്ല''- സജി തോമസ് പറയുന്നു.
സമാനമായ അവസ്ഥയാണ് മലബാറിലും. നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കാതായതോടെ ലോറികളും, ജെസിബികളും അടക്കമുള്ളവയും കട്ടപ്പുറത്താണ്. ക്രഷറുകളിലും, എം സാൻഡ് സ്ഥപാനങ്ങളിലും കഴിഞ്ഞ വർഷത്തിന്റെ മുന്നിലൊന്ന് കച്ചവടംപോലുമില്ല എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. ഇതോടെ കരാറുകൾ പണി നിർത്തിയ മട്ടാണ്. ഇനി അഥവാ ചെക്ക് കിട്ടിയാൽ തന്നെ ട്രഷറിയിൽനിന്ന് അത് മാറിയെടുക്കാനും സമയം എടുക്കയാണ്. എത് നിമിഷവും ട്രഷറി അടച്ചുപൂട്ടുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടക്കം യാതൊരു പണിയും എടുക്കുന്നില്ല. ഇനി മാർച്ച് മാസത്തിന് മുന്നോടിയായി, ഫണ്ട് ലാപ്സ് ആവാതിരിക്കാൻ ധൃതിപിടിച്ചുള്ള പണിയാണ് നടക്കുക. അപ്പോൾ അത് വർക്കിന്റെ ക്വാളിറ്റിയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും.
അതിഥി തൊഴിലാളികൾ മടങ്ങുന്നു
ഒരുകാലത്ത് അതിഥിതൊഴിലാളികളുടെ പറുദീസയായിരുന്നു കേരളമെങ്കിൽ, ഇപ്പോൾ അവരും ഈ നാടിനെ കൈവിടുകയാണ്. കാരണം ഇവിടെ നിന്നിട്ട് കാര്യമില്ല. പണിയില്ല. ഇക്കഴിഞ്ഞ ദീപാവലിക്ക് നാട്ടിൽ പോയവരിൽ പകുതി ബംഗാളികളും മടങ്ങിയെത്തിയിട്ടില്ല എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഇനി കേരളത്തിലേക്ക് ഇല്ല എന്ന് പലരും വിളിച്ച് അറിയിച്ചിട്ടുണ്ട്്. ഇപ്പോൾ ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന തമിഴ്‌നാട്ടിലേക്കും, കർണ്ണാടകയിലേക്കുമാണ് അവർ പോകുന്നത്. ചിലരൊക്കെ നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുകഴിഞ്ഞു. ഡൽഹി, ഹൈദരബാദ്, വിശാഖപട്ടണം, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ തൊഴിലാളികൾ ചേക്കേറുന്നുണ്ട്.
എല്ലാദിവസവും പണിയുള്ള, നല്ല കൂലിയുള്ള സംസ്ഥാനം എന്നതിന് ഒപ്പം, വംശീയ മൂൻവിധികൾ ഇല്ലാത്ത സുരക്ഷിതമായ സാമൂഹിക അവസ്ഥയും, ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ ഉറപ്പിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ അടുത്ത കാലത്തായി ഈ ബന്ധത്തിന് കോട്ടം തട്ടി. ചില കേസുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികൾ ആയതോടെ, ക്രിമിനലുകൾ ആണെന്ന മൂൻവിധിയോടെയുള്ള സമീപനവും ചില മലയാളികളുടെ ഭാഗത്ത നിന്ന് ഉണ്ടായതും, ഇതരസംസ്ഥാന തൊഴിലാളികളെ അകറ്റുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
കേരളത്തിലെ കർഷകരുടെ അവസ്ഥയും അതി ദയനീയമാണ്. റബ്ബർ ഉള്ളവരിൽ നല്ലൊരു ശതമാനവും അത് തീർത്ത് വെട്ടാൻ കൊടുത്തിരിക്കയാണ്. തേങ്ങ- കൊപ്ര കർഷകളുടെ കാര്യവും ദയനീയമാണ്. കേരളത്തിലെ കാർഷിക മേഖലയിലും നിരവധി അതിഥി തൊഴിലാളികൾ പണിയെടുത്തിരുന്നു. ഇപ്പോൾ അവർക്കും പണിയില്ല. ഇടുക്കി ഭാഗത്തൊക്കെ, നിർമ്മാണത്തൊഴിലാളികൾ വീട്ടിലിരിക്കുമ്പോൾ ഭാര്യമാർ എസ്റ്റേറ്റുകളിൽ ജോലിക്കുപോയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ ഈ എസ്റ്റേറ്റുകളിലും രണ്ടുമാസത്തെ ശമ്പള കുടിശ്ശികയാണ്. അതായത് ഒരു രീതിയിലും ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഹോട്ടലുകൾക്ക് പൂട്ടു വീഴുന്നു
നിർമ്മാണ മേഖലയിലെ ഈ തിരിച്ചടിയും, ബംഗാൾ- ബീഹാർ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും, കേരളത്തിന്റെ പ്രാദേശിക വിപണിയെയും ബാധിച്ചിട്ടുണ്ട്. ലോട്ടറി, ഹോട്ടൽ, കൂൾബാർ, മൊബൈൽ റീചാർജ്, ഓട്ടോറിക്ഷ, പിക്കപ്പ്, തുടങ്ങിയ സകലമേഖലകളിലും മാന്ദ്യം കടന്നുവരികയാണ്. നാട്ടിൻപുറങ്ങങ്ങളിലെ ഹോട്ടലുകളിൽ പലതിനും പുട്ടുവീണു. ദേശീയപാതയിലുടെ സഞ്ചരിച്ചാൽ ഷട്ടറിട്ട് കിടക്കുന്ന ഒരുപാട് സ്ഥാപനങ്ങളെ കാണാം. കഴിഞ്ഞവർഷം പ്രതിദിനം 20,000 രൂപയുടെ കച്ചവടം നടന്ന പലഹോട്ടലുകളിലും, ഇപ്പോൾ അയ്യായിരം രൂപയുടെ കച്ചവടംപോലുമില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. കൂലിയും ചെലവും കഴിഞ്ഞ് ബാക്കി ഒന്നുമില്ലാത്ത അവസ്ഥ.
വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടലുകളും, സബ്‌സിഡി ലഭ്യമാകാത്തതുമൂലം പ്രതിസന്ധിയിലാണ്. 2020ലാണ് ജനകീയ ഹോട്ടലുകൾ സംസ്ഥാനത്ത് തുറക്കുന്നത്. വിശന്നിരിക്കുന്ന ഒരാൾക്ക് കുറഞ്ഞ നിരക്കിൽ ഒരു നേരത്തെ ഭക്ഷണം എങ്കിലും നൽകണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. 1,180 ഹോട്ടലുകൾവഴി 4,485 വനിത ജീവനക്കാരാണ് ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പൊതു വിതരണ വകുപ്പിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ, സർക്കാർ സബ്‌സിഡി ലഭ്യമാകാതെ വന്നതോടെ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റി. സബ്‌സിഡി തുക ഉടൻ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ല മിഷൻ ഉറപ്പ് നൽകിയിരുന്നത്. ഈ പ്രതീക്ഷയിൽ ജീവനക്കാരായ വീട്ടമ്മമാർ സ്വന്തം കൈയിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയിരുന്നത്.
എന്നാൽ, സബ്‌സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി. ഇതോടെ ഇത്തരം ഹോട്ടലുകൾ പലതം പൂട്ടുകയാണ്. കിലോക്ക് 60 രൂപ വിലയുള്ള അരി വാങ്ങിയാണ് അച്ചാറും തോരനും കറികളും ഉൾപ്പെടെ 20 രൂപ നിരക്കിൽ ജനകീയ ഹോട്ടലുകൾ വഴി ഊണ് നൽകുന്നത്. എന്നാൽ, ഈ 20 രൂപ നിരക്കിൽ നൽകുന്ന ഊണ് ലാഭകരമല്ല എന്നും സ്പെഷ്യലായി വാങ്ങുന്ന മീൻ വിഭവങ്ങൾ കൂടി ഉണ്ടെങ്കിലേ ലാഭം കിട്ടൂവെന്നും ജീവനക്കാർ പറയുന്നു. സാമ്പത്തിക പ്രതിസന്ധിവന്നതോടെ, ആളുകൾ മീൻ വിഭവങ്ങൾ വാങ്ങാതായി. ഇതും ഇത്തരം ഹോട്ടലുകളുടെ ലാഭത്തെ ഇല്ലാതാക്കുന്നു.
റിയൽ എസ്റ്റേറ്റ് മേഖല തകരുന്നു
അതുപോലെ കേരളത്തിലെ മറ്റൊരു പ്രധാന മേഖലയായ റിയൽ എസ്റ്റേറ്റ് മേഖലയും പൂർണ്ണമായി തകർന്നിരിക്കയാണ്. സർക്കാർ വലിയ തോതിൽ രജിസ്ട്രേഷൻ ചാർജ് വർധിപ്പിച്ചതോടെ ഭൂമിക്കച്ചവടം ഒന്നും നടക്കുന്നില്ല. ഇപ്പോൾ വില കിട്ടില്ല എന്ന തോന്നൽ വന്നതോടെ ഭൂമി വിൽക്കാനും ആളുകൾ തയ്യാറാവുന്നില്ല.
ന്യായവില 20 ശതമാനമാണ് ഈ ബഡ്ജറ്റിൽ കൂട്ടിയത്. ഇതിന് പുറമേ ഭൂമി വിലയുടെ എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും നൽകണം. അതോടെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് മുമ്പ് ആധാരം രജിസ്റ്റർ ചെയ്ത കിട്ടാൻ തിരക്കോട് തിരിക്ക് ആയിരുന്നു. 2023 മാർച്ചിലെ രജിസ്ട്രേഷൻ വരവ് 600 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. നടപ്പുസാമ്പത്തിക വർഷത്തെ ആകെ വരുമാനം 5300 കോടി കവിയുമെന്നാണ് പ്രതീക്ഷ. 2021-22-ൽ ഇത് 4431.88 കോടിയായിരുന്നു. 315 സബ് രജിസ്ട്രാർ ഓഫീസുകളിലായി ശരാശരി 80,000 രജിസ്ട്രേഷനാണ് ഒരു മാസം നടന്നിരുന്നത്. എപ്രിലിന് മുമ്പ് സബ് രജിസ്റ്റാർ ഓഫീസുകളിൽ എത്തിയ പലർക്കും ടോക്കൺ കിട്ടാതെ മടങ്ങേണ്ടിവന്നു. കുടുംബ ബന്ധാധാരങ്ങളുടെ (ഇഷ്ടദാനം) രജിസ്ട്രേഷനായിരുന്നു ഏറെയും. എപ്രിൽ ഒന്നിന് വില കൂടുന്നതിനാൽ അതിന് മുമ്പ് രേഖകൾ ശരിയാക്കാനായിരുന്നു തിരക്ക്.
എന്നാൽ എപ്രിൽ ഒന്ന് കഴിഞ്ഞതോടെ ആ ബഹളം നിലച്ചു. ഇപ്പോൾ രജിസ്ഷ്രേൻ ജീവനക്കാരും വെറുതെയിരിക്കയാണ്. കാരണം എവിടെയും ഒരു ഭൂമിക്കച്ചവടവും നടക്കുന്നില്ല. സാമ്പത്തിക മാന്ദ്യ ഭീതി വന്നതോടെ ആളുകൾ പണം ഭൂമിയിൽ ഇൻവെസ്റ്റ് ചെയ്യാനും തയ്യാറല്ല. വെറുതെ കൊടുത്താലും ആർക്കും ഭൂമി വേണ്ട എന്ന നിലയാണ് ഇപ്പോൾ ഉള്ളതെന്നാണ്, ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
ഉച്ചക്കഞ്ഞിക്ക് പണമില്ല; സപ്ലൈക്കോയിൽ ഒന്നുമില്ല
ഉച്ചക്കഞ്ഞിക്കുപോലും പണം കൊടുക്കാനില്ലാത്ത അവസ്ഥയിലാണ് നമ്മുടെ സർക്കാർ എന്നത് അതിശയോക്തിയല്ല. കഴിഞ്ഞ മൂന്നു മാസമായി ഉച്ചക്കഞ്ഞിക്കുള്ള പണം കുടിശ്ശികയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ കടക്കരനായെന്ന അദ്ധ്യാപകന്റെ പരാതി സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. അപ്പോൾ കുറച്ച് പണം അനുവദിച്ച് തടിയെടുക്കയാണ് സർക്കാർ ചെയ്തത്. പക്ഷേ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ഈ ഉച്ചക്കഞ്ഞിക്കടത്തിൽ പെട്ട് കിടക്കയാണ്. പലപ്പോഴും നാട്ടുകാരുടെയും, പിടിഎയുടെയും ശ്രമഫലമായാണ് ഈ പരിപാടി മുന്നോട്ട് പോവുന്നത് തന്നെ.
ഭക്ഷ്യധാന്യങ്ങളുടെ വില കുതിക്കുമ്പോഴും സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. മുളക്, മല്ലി, വൻപയർ, ഉഴുന്ന്, വെള്ളക്കടല, തുവരൻ പരിപ്പ്, ശബരി വെളിച്ചെണ്ണ തുടങ്ങിയവക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. പൊതുവിപണിയിൽ കിലോക്ക് 330 രൂപയുള്ള മുളകും കിലോക്ക് 180 രൂപ വിലയുള്ള മല്ലിയും സപ്ലൈകോ ഓട്ട്ലെറ്റുകളിൽ കിട്ടാനില്ല. അരകിലോ മുളക് 40 രൂപക്കും അരകിലോ മല്ലി 41 രൂപക്കുമാണ് സപ്ലൈകോ നൽകുന്നത്.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, മട്ട അരി, ജയ അരി, കുറുവ അരി, പച്ചരി എന്നിങ്ങനെ 13 ഇന ഭക്ഷ്യധാന്യങ്ങളാണ് സബ്സിഡി ഇനത്തിൽ സർക്കാർ നൽകുന്നത്. എന്നാൽ, ഇവയിൽ പകുതിയിലധികം സാധനങ്ങളും ഔട്ട്ലെറ്റുകളിൽ കിട്ടാനില്ലെന്ന് കാർഡുടമകൾ പറയുന്നു.സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും ആവശ്യാനുസരണം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. അരിക്ക് അടക്കം കഴിഞ്ഞ നാലുമാസത്തിനിടെ, 15രൂപയാണ് വർധിച്ചത്.
പൊലീസിന് ഡീസൽ അടിക്കാൻ പണില്ല!
ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ സത്യത്തിൽ കേരളം അഭിമുഖീകരിക്കുന്ന അതിഗുരതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള സൂചകമാണ്. ഒരു പെൺകുട്ടി പൊലീസ്സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ പൊലീസ് പറയുന്നത്, ഡീസൽ അടിക്കാത്തിനാൽ പൊലീസ് വണ്ടി കട്ടപ്പുറത്താണെന്നാണ്! ക്രമസമാധാനപാലനത്തിനുപോലും പോവാൻ കഴിയാത്ത വിധത്തിലുള്ള ഗുരതര അവസ്ഥയിലേക്കാണ് കേരളം പോകുന്നതെന്നത് പേടിപ്പെടുത്തുന്നതാണ്.
ഡീസലടിക്കാൻ വഴിയില്ലാതെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങളും ഷെഡ്ഡിലായത് വാർത്തയായിരുന്നു. ചാലക്കുടി സബ് ആർ.ടി. ഓഫീസിലെ രണ്ട് വാഹനങ്ങളാണ് ഓഗസ്റ്റുമുതൽ ഷെഡ്ഡിൽ കയറ്റിയിട്ടിരിക്കുന്നതാണ് വാർത്തയായത്. ജോയിന്റ് ആർ.ടി.ഒ. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, നാല് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവരാണ് ചാലക്കുടി ഓഫീസിലുള്ളത്. സ്വകാര്യ പമ്പിൽനിന്നാണ് രണ്ടു വാഹനങ്ങളിലും ഡീസലടിച്ചിരുന്നത്. ഡീസൽ നിറച്ച വകയിൽ ഇവിടെ 1.75 ലക്ഷം രൂപ കുടിശ്ശിക വന്നതോടെ പമ്പുകാർ ഓഗസ്റ്റ് മുതൽ ഡീസൽ നൽകാതായി.
ഇക്കാര്യം സർക്കാരിൽ അറിയിച്ചപ്പോൾ കുറച്ചു ഫണ്ടനുവദിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. അനുവദിച്ച ചെറിയ തുക അടച്ചിട്ടും തുടർന്ന് ഡീസൽ നൽകാൻ പമ്പുകാർ തയ്യാറായില്ല. ഇത് ചാലക്കുടിയിലെ മാത്രം അവസ്ഥയല്ല. കേരളത്തിൽല അങ്ങോളം ഇങ്ങോളമുള്ള സർക്കാർ ഓഫീസുകളിലെ പൊതു അവസ്ഥയാണ്. പലരും ഭയന്ന് പലരും അത് പുറത്തുപറയുന്നില്ല എന്ന് മാത്രമേയുള്ളൂ.
പെരുകുന്ന കടം
അടിമുടി കടത്തിലാണ് കേരള സർക്കാർ. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ നേരിട്ട് മേടിച്ചതിന്റെ പേരിൽ ആയിരം കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000കോടി രൂപയുടെയും ബാധ്യതയുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് അദ്ധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്. വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടുശിക നൽകാനുണ്ട്.
കെഎസ്ആർ്ടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല. സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ സമാഹ രിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്.പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാണെന്നും കെഎസ്ആർടിസിക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലെ കണക്ക്. സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ (എഫ്ആർബിഎം ആക്ട്) കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു നിർദ്ദേശിക്കുമ്പോൾ കേരളം 39.1 ശതമാനത്തിൽ എത്തുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്ക്. എന്നാൽ, ഇത് 3.90 ലക്ഷം കോടിയായി ഉയർന്നെന്നും റിപ്പോർട്ടിൽ ആർബിഐ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോ എന്നു നോക്കിയാണ്. എഫ്ആർബിഎം ആക്ടിൽ ആകെ കടം ജിഎസ്ഡിപിയുടെ 29% കവിയരുതെന്നു നിഷ്‌കർഷിക്കുമ്പോൾ, 2018ൽ ഈ നിയമം പരിഷ്‌കരിക്കുന്നതിനായി നിയോഗിച്ച എൻ.കെ.സിങ് സമിതി നിർദ്ദേശിച്ചത് 20 ശതമാനത്തിൽ താഴെ നിലനിർത്തണമെന്നാണ്. ഇതനുസരിച്ചു നോക്കുമ്പോൾ കേരളം ഈ പരിധിയുടെ ഇരട്ടിയോളം കടഭാരത്തിലാണിപ്പോൾ.
വരുമോ, സാമ്പത്തിക അടിയന്തരാവസ്ഥ?
ഈ രീതിയിൽ സമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസദ്ധിയിലുടെ കേരളം കടന്നുപോവുമ്പോഴും അഴിമതിക്കും, ധൂർത്തിനും യാതൊരു കുറവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനായി, ഒന്നരക്കോടിയുടെ ബസ് വാങ്ങിയതടക്കമുള്ള ധുർത്തുകൾ ഞെട്ടിക്കുന്നതാണ്! കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാർ 27 കോടിയോളം രൂപ ചെലവഴിച്ചാണ് കേരളീയം പരിപാടി നടത്തിയത്. കെടിഡിഎഫ്സിയിലെ നിക്ഷേപകരും പ്രതിസന്ധിയിലാണ്. നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുകകൾ തിരികെ നൽകാനാകുന്നില്ല. ഇതിനെല്ലാം ഉപരിയായാണ് കരുവന്നൂർ പോലുള്ള സഹകരണ ബാങ്കുകളിൽ പാർട്ടിയുടെ അറിവോടെ നടന്ന കോടികളുടെ തട്ടിപ്പുകൾ.
ദിവസങ്ങൾക്ക് മുമ്പ്, കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ നടത്തിയിരുന്നു. സ്റ്റാമ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടുകളും മറ്റും അയക്കാൻ കഴിയുന്നില്ല എന്ന് ഒരു വാർത്തയും ഈയിടെ കേട്ടിരുന്നു. ആ സമയത്തും ധുർത്തിന് യാതൊരു കുറവുമില്ലാതെ, കേന്ദ്രത്തെ പഴിച്ച് ഇരിക്കയാണ് സംസ്ഥാന സർക്കാർ. എന്നാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവട്ടെ ഇതിനെല്ലാം അക്കമിട്ട് മറുപടി നൽകി എല്ലാ സംസ്ഥാനത്തിന്റെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്നു.
പക്ഷേ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ മാത്രം ഉണ്ടാവുന്നില്ല. തോമസ് ഐസക്കിന്റെ കാലം തൊട്ടുതന്നെ കടത്തിൽമേൽ കടം എടുക്കുക എന്നല്ലാതെ ഇത് എങ്ങനെ വീട്ടുമെന്നോ, അധികവിഭവ ശേഖരണത്തിനായി എന്ത് ചെയ്യുമോ എന്ന് ഒന്നും യാതൊരു പഠനവും ഉണ്ടായിരുന്നില്ല. കേരളത്തിൽ പിറക്കുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക് മുകളിൽ കടമുണ്ടിപ്പോൾ. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കടം 2022ൽ 3,39,939 കോടിയായി മാറി. ഇതിൽ ഐസക്കിന്റെ സംഭാവന വളരെ വലുതാണ്. 1957 ൽ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കിൽ 2022 ൽ അത് 4 ലക്ഷം കോടിയായി ഉയർന്നു കഴിഞ്ഞു. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം. കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണ് വർധിച്ചു. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതു കടം 2022ൽ 3,39,939 കോടിയായി ഉയർന്നു. ഇതുവരെ ഭരിച്ചവർ എല്ലാവും ചേർന്ന് ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടിയാണ് പിണറായി സർക്കാർ ഒറ്റക്ക് ഉണ്ടാക്കിയത്.
കേരള സർക്കാരിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോർപറേഷൻ 608.17 കോടി രൂപ നഷ്ടമാണ് ഇപ്പോൾ ഉണ്ടാക്കിയത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നാമതാണ്. ബിവറേജസ് കോർപ്പറേഷൻ പോലും ലാഭമല്ലെങ്കിൽ പിന്നെ എന്താണ് ഈ നാട്ടിൽ ലാഭത്തിൽ നടത്താൻ കഴിയുക. ബിവറേജിന് വിറ്റുവരവ് ഇല്ലാത്തതല്ല പ്രശ്നം. അതിനെ വെച്ച് വൻ തോതിൽ വായ്‌പ്പ വാങ്ങിയതാണ്. വയ്പയെടുക്കാൻ കേന്ദ്ര സർക്കാർ പരിധിവെച്ചപ്പോൾ അത് മറികടക്കാൻ ഐസക്ക് കൊണ്ടുവന്ന പരിപാടിയാണ് കിഫ്ബിയെന്ന വെള്ളാന. അതിന്റെ പ്രശ്നങ്ങളും നാം അനുഭവിച്ച് വരികയാണ്.
ഇവിടെയാണ് ശ്രീലങ്കൻ മോഡൽ എന്ന വിശേഷണം ഉയർന്ന് വരിക. കടം വീട്ടാനുള്ള യാതൊരു ശ്രമങ്ങളും വർഷങ്ങളായി ശ്രീലങ്കയിൽ നടന്നിട്ടില്ല. കേരളത്തെപ്പോലെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന നാടാണ് ലങ്ക. എന്നിട്ടും അവർ കയറ്റുമതി വർധിപ്പിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. കേരളത്തിലെ യുവ തലമുറയാവട്ടെ എങ്ങനെയെങ്കിലും ഈ നാട് വിട്ടാൽ മതി എന്ന തീരുമാനത്തിലുമാണ്. ഈ അവസ്ഥയിലാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്ന ഭീതി ഉയരുന്നത്. അതിനെ മറികടക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ഇനിയും വൈകിപ്പിച്ചുകൂടാ.
വാൽക്കഷ്ണം: ഇതുപോലെ കടങ്ങൾ പെരുകിപ്പെരുകിയാണ്, ശ്രീലങ്കയിൽ ഗോതബായ രജപക്സെ എന്ന പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ജനം ഇരച്ചുകയറി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്. കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗമായതുകൊണ്ട് തൽക്കാലം നമുക്ക് അതുപോലെ ഒന്ന് ഉണ്ടാവില്ല എന്ന് ആശ്വസിക്കാം. പക്ഷേ ഗതികേടുകൊണ്ട് ആരെങ്കിലും, കേരളാ ചക്രവർത്തി പിണറായി വിജയന്റെ ക്ലിഫ് ഹൗസ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം ഇവിടുത്തെ ജനം അത്രമേൽ സഹിക്കുന്നുണ്ട്.