തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വലതു പക്ഷ മുന്നണിയെ വശം കെടുത്താനും അധികാരത്തിൽ നിന്നും താഴെ ഇറക്കാനും പലപ്പോഴും ഇടതു മുന്നണിയിലെ സിപിഎം കൊരുത്തെടുക്കുന്ന ഇരകളാണ് സ്ത്രീകളും പെൺവാണിഭ കഥകളും. ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നതല്ല, എതിരാളികളെ നാണം കെടുത്തുകയും അതുവഴി രാഷ്ട്രീയ സത്യസന്ധ്യതയുടെ മൊത്ത വിൽപനക്കാർ തങ്ങളാണ് എന്ന് സ്ഥാപിച്ചെടുക്കുകയും ആയിരുന്നു കഴിഞ്ഞ രണ്ടര പതിറ്റണ്ടിലേറെയായി കേരളത്തിൽ സിപിഎം തന്ത്രം. രണ്ടര പതിറ്റാണ്ട് മുൻപ് സൂര്യനെല്ലി കേസും പിന്നീട ഐസ് ക്രീം പാർലർ പെൺവാണിഭവും ഏറ്റവും ഒടുവിലായി സോളാർ കേസും വന്നപ്പോൾ സിപിഎം ചൂണ്ടയിട്ടത് മുതിർന്ന നേതാക്കളെ തന്നെയാണ്.

ഈ കുരുക്കിൽ ആദ്യം വീണത് പിജെ കുര്യനും പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയും ഒടുവിൽ സാക്ഷാൽ ഉമ്മൻ ചാണ്ടിയും തന്നെയായി. മാത്രമല്ല കോൺഗ്രസ് ഉരുക്കു കോട്ടകൾ ആയിരുന്ന പത്തനംതിട്ടയും ഇടുക്കിയും ഒക്കെ കൈവിട്ടുപോകാൻ സൂര്യനെല്ലി കേസ് കാരണമാകുകയും ചെയ്തു. ഐസ് ക്രീം കേസിൽ ലീഗ് പിടിച്ചു നിന്നെങ്കിലും കുഞ്ഞാലികുട്ടി ഇടറി വീഴാനും കേസ് കാരണമായി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ തകർക്കാൻ ആയില്ലെങ്കിലും കേരളമൊട്ടാകെ വലതു പക്ഷ വിരുദ്ധ തരംഗം ഉയർത്താൻ സിപിഎം നീക്കത്തിന് സാധിച്ചു.

എന്നാൽ കൊടുത്തതിന് ഇരട്ടി തിരിച്ചു കിട്ടും എന്ന കാലനീതിയാണ് ഇപ്പോൾ സിപിഎം സ്വന്തം പാർട്ടിയിൽ നേരിടുന്നത്. ഷൊർണൂർ കേന്ദ്രമാക്കി ഉയർന്ന ലൈംഗിക ആരോപണത്തെ തുടർന്ന് ഏറെക്കാലം പാർട്ടിയിൽ നിന്നും മാറി നിൽക്കേണ്ടി വന്ന മുൻ എംഎൽഎ പികെ ശശിക്ക് ഒടുവിൽ പാർട്ടി പുനരധിവാസം നൽകിയത് കെ ടി ഡി സി ചെയർമാൻ പദവിയിലാണ്. പിന്നീട് ആലപ്പുഴ ജില്ലയിൽ ഒന്നാകെ പാർട്ടി വിഭാഗിയതുടെ ഭാഗമായി ഇപ്പോൾ തുടരെ തുടരെ ലൈംഗിക ആരോപണമുയരുകയാണ്. സാമൂഹ്യ മാധ്യമ ഗ്രൂപ്പുകൾ വഴിയാണ് സിപിഎം കാർ തന്നെ ഇത്തരം ആരോപണം ഉയർത്തുന്നത്. മുൻ കാലങ്ങളിൽ എതിർ പാർട്ടികളെ താറടിക്കാൻ നടത്തിയ ശ്രമം ഇപ്പോൾ കാലം സിപിഎമ്മിന് മടക്കി നൽകുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.

എന്നാൽ സിപിഎം എതിരാളി സർക്കാരിനെ മറിച്ചിടാൻ ഏറ്റവും നല്ല ആയുധം ലൈംഗിക ആരോപണം ആണെന്ന് തിരിച്ചറിഞ്ഞത് കോൺഗ്രസുകാരിലൂടെ തന്നെയാണ്. ആർ ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന പി ടി ചാക്കോയുടെ പീച്ചി കാർ യാത്രയിൽ സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആരോപിച്ചത് എതിർ ഗ്രൂപ്പുകാർ ആയിരുന്ന കോൺഗ്രസുകാർ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ കേരളത്തിൽ അഴിമതിയേക്കാൾ വിപണി വിജയം ലൈംഗിക ആരോപണത്തിനാണ്. അഴിമതിക്കാര്യത്തിൽ രണ്ടു കൂട്ടരും മോശമല്ല എന്ന പൊതു അവബോധം ഉയർന്നതിനാൽ ആരോപണം ഉന്നയിക്കുന്നവർക്കു പോലും ലേശം ജാള്യതയോടെയേ അത് പറയാനാകൂ. ഇപ്പോൾ സോഷ്യൽ മീഡിയ നടത്തുന്ന പ്രചാരണ കാലം കൂടി ആയതിനാൽ എത്ര വലിയ തെളിവുമായി എത്തുന്ന അഴിമതി ആരോപണവും പൊട്ടാത്ത ഏറുപടക്കം പോലെയാക്കാൻ സമാന ആരോപണം നേരിട്ട എതിർപക്ഷത്തിന്റെ കാര്യം ഓർമ്മിപ്പിച്ചാൽ മാത്രം മതിയാകും.

ഇടതു പക്ഷത്തെ നേരിടാൻ ലാവ്‌ലിൻ കേസും വലതു പക്ഷത്തെ നേരിടാൻ പാം ഓയിൽ ഇറക്കുമതി കേസും തന്നെ ഇത്തരത്തിൽ ധാരാളമാകും. ഇവിടെയാണ് ഇന്നും ലൈംഗിക ആരോപണങ്ങൾക്ക് പ്രസക്തി കൂടുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയോട് കേരളം കാട്ടിയ സങ്കടക്കണ്ണീര് കണ്ട എതിർപക്ഷവും ജനത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ വലതു പക്ഷവും രണ്ടാമതൊന്ന് ആലോചിച്ചേ ഇത്തരം ആരോപണങ്ങൾക്ക് ഭാവിയിൽ മുതിരാൻ ഇടയുള്ളൂ. ഇതിനായി പാർട്ടികൾ കരുതൽ എടുക്കണമെന്ന് ഇപ്പോൾ തന്നെ വിവിധ ഇടങ്ങളിൽ നിന്നും ആവശ്യം ഉയർന്നതും നേരറിവിലേക്കുള്ള വഴി തുറന്നാൽ കേരളത്തിലെ സാമൂഹ്യ ജീവിതം കൂടിയാകും രക്ഷപ്പെടുക.

ചാരക്കേസിനേക്കാളും രാഷ്ട്രീയ കോളിളക്കമായതു സൂര്യനെല്ലി തന്നെ

ഒരു കൗമാരക്കാരി പീഡിപ്പിക്കപ്പെട്ട കേസ് എന്ന നിലയിൽ അല്ല അന്നും ഇന്നും കേരളം സൂര്യനെല്ലിയെ കാണുന്നത്. ഈ കേസിനു ശേഷവും ആയിരക്കണക്കിന് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ഉന്നത രാഷ്ട്രീയ നേതാക്കൾ തന്നെ പല കേസിലും ആരോപണ വിധേയരും ആയിട്ടുണ്ട്. കൂട്ട ബലാത്സംഗം നടന്നതാണ് കേസിനെ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമാക്കിയതെങ്കിൽ അത്തരത്തിൽ തന്നെ വേറെയും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ വിതുര കേസിലും പറവൂർ കേസിലും ഒന്നും സിപിഎം സൂര്യനെല്ലി പോലെ താൽപര്യം കാട്ടാതിരുന്നത് ഇലക്ഷൻ കാലം അല്ലാതിരുന്നതുകൊണ്ടാണോ എന്ന ചോദ്യമാണ് അവരെ തേടി എത്തുന്നത്. എന്നാൽ സൂര്യനെല്ലിയിലെ ആ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സമയമാണ് അതിനു രാഷ്ട്രീയമായി ഏറെ മൂർച്ചയുള്ള ആയുധമാക്കി മാറ്റിയത്.

കേസ് ആരംഭിക്കുന്നത് ജനുവരിയിൽ. മുഖ്യമന്ത്രി എ കെ ആന്റണി. തിരഞ്ഞെടുപ്പ് നടക്കുന്നത് മെയിൽ. അഞ്ചു മാസത്തെ കോലാഹലം കൊണ്ട് അഞ്ചു വർഷത്തെ കോൺഗ്രസ് ഭരണത്തിന്റെ വിധി എഴുതിക്കാൻ സിപിഎമ്മിന് സൂര്യനെല്ലി എന്ന വാക്ക് എഴുതിയ പോസ്റ്ററുകൾ മാത്രം മതിയായിരുന്നു. ആ പോസ്റ്ററുകൾ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തി. സോളാറിൽ ഉമ്മൻ ചാണ്ടി എന്നപോലെ സൂര്യനെല്ലിയിൽ പിജെ കുര്യന്റെ പേരാണ് ഉയർന്നു വന്നത്.

എന്നാൽ എല്ലാ ആരോപണത്തിൽ നിന്നും 2007ൽ ഹൈക്കോടതിയും പിന്നീട് അത് സുപ്രിം കോടതിയും ശരിവച്ചു. ആദ്യം കേസിൽ മുഖ്യ പ്രതി ആയിരുന്ന ധർമ്മജൻ കുര്യന് എതിരെ പൊലീസിൽ മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് അയാളും തന്റെ വാക്കുകൾ തിരുത്തി പറഞ്ഞു. എന്നാൽ മൈക്ക് വച്ച് കെട്ടി നാട്ടുകാരെ മുഴുവൻ വിശ്വസിപ്പിച്ച സിപിഎം ഇതുവരെ പിജെ കുര്യനോട് മാപ്പു പറയാൻ തയ്യാറായിട്ടില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അത് സംഭവിക്കുമായിരിക്കും. ബിജെപിക്കാരനായ അരുൺ ജെയ്റ്റ്‌ലി വാദിച്ചാണ് കുര്യനെ കോടതിയിൽ നിന്നും രക്ഷിച്ചെടുത്തത് എന്നും ഇതിനൊപ്പം കൂട്ടി വായിക്കണം.

സൂര്യനെല്ലിയിലെ ഒരു പെൺകുട്ടിയുടെ ജീവിതമാണ് തങ്ങൾ നാൽക്കവലയിൽ ഇട്ടു വീണ്ടും വീണ്ടും വ്യഭിചരിക്കുന്നത് എന്ന് പറയാൻ ഒരാളും ഉണ്ടായില്ല, മാത്രമല്ല പേരുകേട്ട വിപ്ലവകാരി അജിതയും കോട്ടയത്തെ സുജ സൂസനും ഒക്കെ മുന്നിൽ നിന്നു. അതിനു സുജക്ക് കിട്ടിയ പ്രത്യുപകാരമാണ് 2011ൽ ഉമ്മൻ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയിൽ മത്സരിക്കാൻ കിട്ടിയ അവസരം. ദോഷം പറയരുതല്ലോ, പുതുപ്പള്ളിക്കാർ കണക്കിന് കൊടുക്കുകയും ചെയ്തു. അക്കാലം വരെ ഉമ്മൻ ചാണ്ടി നേടിയതിലും വലിയ ഭൂരിപക്ഷം.

33255 വോട്ടിനു തോൽക്കേണ്ടി വന്ന സുജ അന്ന് പൊതു ജീവിതം അവസാനിപ്പിക്കേണ്ടത് ആയിരുന്നെങ്കിലും ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ മലയാളം മിഷൻ ഡയറക്ടർ കസേരയിലാണ് സൂര്യനെല്ലി 'പോരാളിയെ' കാണാനായത്. സൂര്യനെല്ലി കേസിൽ വാദം കേട്ട ജഡ്ജി ആർ ബസന്ത് ഇന്ത്യ വിഷൻ ചാനലിനോട് നടത്തിയ വെളിപ്പെടുത്തലുകളും പിന്നീട് വിവാദമായി. പെൺകുട്ടി ബലാൽ സംഘത്തിന് ഇരയാവുക ആയിരുന്നില്ല മറിച്ചു ബലപ്രയോഗമില്ലാത്ത തരത്തിൽ ഉള്ള ലൈംഗിക വേഴ്ചയാണ് നടന്നത് എന്ന സൂചനയോടെ അദ്ദേഹം നടത്തിയ പ്രസ്താവനയും വലിയ തലക്കെട്ടുകളായി. പക്ഷെ സൂര്യനെല്ലി കേസിലൂടെ അധികാരത്തിൽ എത്തിയ നായനാർ സർക്കാർ പെൺകുട്ടിക്ക് ജോലിയും കുടുംബത്തിന് വീടും നൽകി എന്നത് മാത്രമാണ് ഈ കേസിലെ രാഷ്ട്രീയ മാന്യത ആയി ചൂണ്ടിക്കാട്ടാനാകുന്നത്.

ഇരയുടെ പേരും ചിത്രവും അടക്കം വിപണനം ചെയ്യപ്പെട്ടത് ഐസ് ക്രീം കേസിൽ

കേരളം മുൻപൊരിക്കലും കാണാത്ത വിധമാണ് ഐസ് ക്രീം കേസ് വാർത്തകളിൽ ആഘോഷമാക്കപ്പെട്ടത്. മാധ്യമ പ്രവർത്തകരെ പൊലീസ് നേരിട്ട രീതിയും റിപ്പോർട്ടിങ്ങിൽ ചൂട് പകർന്ന കേസാണിത്. ഇരയായ യുവതി നേരിട്ടെത്തി ചാനലുകൾക്ക് മുന്നിൽ മൊഴികൾ നൽകിയത് കേരളത്തിലെ ദൃശ്യമാധ്യമങ്ങളും നന്നായി ഉപയോഗിക്കുക ആയിരുന്നു. സൂര്യനെല്ലി പോലെ ഐസ് ക്രീം കേസിന്റെയും ഉത്ഭവം കോൺഗ്രസ് സർക്കാരിന്റെ അവസാന നാളുകളിലാണ് / കേസ് ഏറ്റുപിടിക്കാൻ മുന്നിൽ നിന്നതു പിന്നീട് മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദൻ.

നിയമ സഭയിലും പുറത്തുമൊക്കെ കുഞ്ഞാലിക്കുട്ടിയുടെ പേര് ആവശ്യം പോലെ ചർച്ച ചെയ്തു. സ്വാഭാവികമായും കേസിൽ നിന്നും ഊരിക്കിട്ടാൻ കുഞ്ഞാലികുട്ടിയുമായി ബന്ധപ്പെട്ട ആളുകൾ യുവതിക്ക് സാമ്പത്തിക പാക്കേജുകൾ ഓഫർ ചെയ്യുകയും യുവതി തന്നെ പലവട്ടം കോഴിക്കോട് പ്രസ് ക്ലബിൽ നേരിട്ടെത്തി അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ മൊഴികൾ മാറ്റിമാറ്റി പറയുന്നതും പതിവാക്കി.

ഇതോടെ മാധ്യമങ്ങൾ അൽപം ശ്രദ്ധയോടെ റിപ്പോർട്ടിങ് നടത്തിയെങ്കിലും അതിനകം സിപിഎമ്മിന് കിട്ടാവുന്ന രാഷ്ട്രീയ ലാഭമൊക്കെ ആ കേസിൽ കിട്ടിക്കഴിഞ്ഞിരുന്നു. ആ കേസ് മലബാറിൽ മുസ്ലിം ലീഗിന്റെ പ്രഭാവത്തിന് ഏൽപ്പിച്ച പരുക്ക് തീരെ ചെറുതല്ല. കുഞ്ഞാലിക്കുട്ടി മന്ത്രിയായ ഓരോ ഘട്ടത്തിലും കേസ് കനൽ മാറി ആളിക്കത്തിച്ചത് എന്നതും സിപിഎമ്മിന് നൽകിയ ലാഭം ചെറുതല്ല. ഒടുവിൽ 2016 ൽ സുപ്രിം കോടതി കേസിൽ അന്തിമ വിധി നൽകുകയും ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെയുമാണ് ഐസ്‌ക്രീം പെൺവാണിഭ കേസ് രാഷ്ട്രീയ ചർച്ചകളിൽ നിന്നും വഴി മാറിപോയത്.

പിണറായി അധികാരത്തിൽ എത്തുമ്പോൾ കേസിൽ കുഞ്ഞാലിക്കുട്ടിയെ എതിരിട്ടു കോടതിയിൽ എത്തിയത് വിഎസും അദ്ദേഹത്തെ നേരിട്ടത് സിപിഎം സർക്കാരിന്റെ അഭിഭാഷകൻ ആണെന്നത് മറ്റൊരു രാഷ്ട്രീയ കൗതുകമായി. ഐസ് ക്രീം കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നത് ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിയമോപദേഷ്ടാവ് ആണെന്ന് വിഎസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് ഈ വിഷയത്തിൽ സിപിഎമ്മിൽ ഒരു വിഭാഗം കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ആണെന്ന് കൂടിയാണ്.

പലഘട്ടങ്ങൾ ആയാണ് ഈ കേസ് രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതും. ആദ്യ തവണ നായനാരും ആന്റണിയും മുഖ്യമന്ത്രിയായ പത്തു വർഷം ഇഴഞ്ഞു നീങ്ങിയ കേസ് പിന്നീട് അച്യുതാന്ദന് മുഖ്യമന്ത്രി ആയപ്പോൾ വീണ്ടും ചൂടായി. 1996ൽ ഉയർത്തപ്പെട്ട വിവാദത്തിനു ശേഷം നായനാരും ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായി. എന്നാൽ ആ പത്തുവർഷത്തെ അവസാന നാളുകളിൽ മറ്റൊരു തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവതിയുടെ വെളിപ്പെടുത്തൽ ഇന്ത്യ വിഷൻ ചാനലിൽ എത്തുകയും കുഞ്ഞാലികുട്ടി രാജിവയ്ക്കുകയും ആയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് വരെ ഈ വിഷയം കത്തിച്ചു നിർത്തിയ സിപിഎം അച്യുതാന്ദനെ 2006ൽ മുഖ്യമന്ത്രി കസേരയിൽ എത്തിക്കും വരെ ഐസ് ക്രീം കേസ് കേരളം ചർച്ച ചെയ്യുന്നുവെന്ന് ഉറപ്പാക്കുക ആയിരുന്നു.

അതായതു സിപിഎമ്മിന് ഒരിക്കൽ കൂടി അധികാരത്തിൽ എത്താൻ ഐസ്‌ക്രീം പെൺവാണിഭ കേസ് ഉപയോഗിക്കേണ്ടി വന്നു എന്നതാണ് ഇപ്പോൾ നിരീക്ഷിക്കാവുന്നത്. രണ്ടു ഹൈക്കോടതി ജഡ്ജിമാർക്കും അഡ്വക്കേറ്റ് ജനറലിനും ഒക്കെ ലക്ഷക്കണക്കിന് രൂപ കൈക്കൂലി നൽകിയാണ് കേസ് അട്ടിമറിച്ചത് എന്നുമൊക്കെ ഊഴമിട്ട് ആരോപണം ഉയർന്ന കേസാണ് ഒടുവിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി മടക്കിയത്. ഈ കേസിലും ഇരകളായി എത്തിയ യുവതികൾക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടായതായും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്ക് വക്തിപരമായി ഉണ്ടായ നഷ്ടത്തിന്റെ പതിന്മടങ്ങാണ് ഈ കേസ് വഴി യുഡിഎഫിന് ഉണ്ടായ രാഷ്ട്രീയ നഷ്ടം.

സോളാർ കേസിലും ലക്ഷ്യം സർക്കാർ തന്നെ

യേശുവിനെ ഒറ്റുമ്പോൾ സ്വയം രക്ഷപ്പെടുമെന്ന് യൂദാസ് കരുതിയ പോലെ ഉമ്മൻ ചാണ്ടി സ്വയം രക്ഷപ്പെടുമെന്ന് കോൺഗ്രസ് കരുതിയിരിക്കാം. ഏറ്റവും ഒടുവിലായി കേരളം കണ്ട കോൺഗ്രസ് സർക്കാരിന്റെ ആദ്യ നാളുകളിൽ തന്നെ സോളാർ കേസിനെ നേരിടേണ്ടി വരുക ആയിരുന്നു. ആരോപണം ഉയർത്തിയ വനിതാ പല മന്ത്രിമാരുടെ പേരുകൾ പറഞ്ഞു പോയ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ പേരും പറഞ്ഞു വച്ച്. എന്നാൽ ഇത് താൻ അട്ടക്കുളങ്ങര ജയിലിൽ കിടക്കുമ്പോൾ കൈരളി ചാനൽ റിപ്പോർട്ടർ വഴി കിട്ടിയ പത്തു കോടി രൂപയുടെ ഓഫറിൽ സംഭവിച്ചു പോയതാണെന്ന സൂചനയാണ് ഇവരുടെ വാക്കുകളിൽ നിന്നും തന്നെ പുറത്തു വന്നത്. ചാനൽ റിപ്പോർട്ടർ പറഞ്ഞത് സിപിഎം നേതാവ് ഇ പി ജയരാജൻ ആണ് ഓഫർ നൽകിയിരിക്കുന്നത് എന്നാണ്. ഇതടങ്ങുന്ന സോളാർ വിവാദ നായികയുടെ സംഭാഷണ ശകലങ്ങൾ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം കൂടുതലായി മലയാളികളെ തേടി ഇപ്പോൾ എത്തികൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയമായി കേരള ജനത വഞ്ചിക്കപ്പെട്ട ഒരു കേസായിരുന്നു സോളാർ എന്നതാണ് ഇപ്പോൾ ഉരുത്തിരിയുന്ന വസ്തുതകൾ. തെറ്റ് ചെയ്തിട്ടില്ലെന്നു ബോധ്യപ്പെടുത്താൻ ഉമ്മൻ ചാണ്ടി തന്നെ നിയമിച്ച കമ്മീഷന്റെ മുന്നിൽ തെളിവെടുപ്പിന് അദ്ദേഹം എത്തിയതും സിപിഎം നല്ല രാഷ്ട്രീയ ആയുധമാക്കി. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി കമ്മീഷൻ സിറ്റിങ്ങിനു ഇരുന്നു കൊടുത്തു എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. സ്വാഭാവികമായും ഉമ്മൻ ചാണ്ടിക്ക് പ്രതിരോധം ഉയർത്താൻ കോൺഗ്രസിലെ അധികാര മോഹികളായ നേതാക്കൾ തയ്യാറായില്ല എന്നതും നിരീക്ഷിക്കപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ മരണ ശേഷം സി ദിവാകരനെ പോലെയുള്ള ഇടതു നേതാക്കൾ നിയമ സഭയിൽ കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടിക്ക് പരിച ആയി മാറാതെ പോയത് അത്ഭുതപെടുത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിനെ യൂദാസ് ഒറ്റുകൊടുക്കുമ്പോൾ അത്ഭുത ശക്തിയുള്ള യേശു ക്രിസ്തു സ്വയം രക്ഷപ്പെട്ടോളും എന്നാണ് കരുതിയതെന്ന നിലയിലാണ് പല കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടി സ്വയം രക്ഷപെടും എന്ന ചിന്തയിലേക്ക് എത്തിച്ചേർന്നത് എന്നാണ് ഉപമിക്കപ്പെടുന്നത്.

ഇപ്പോൾ പൊതുസമൂഹം ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും ഇത്തരം അടിസ്ഥാന രഹിത ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്നാണ്. കാരണം കിടപ്പറക്കഥകളും ഇക്കിളി കഥകളും ഒരിക്കലും സത്യസന്ധമായി തെളിയിക്കപ്പെടണമെന്നില്ല. എന്നാൽ ആരോപണ വിധേയരുടെ വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത സത്‌പേരും കീർത്തിയുമൊക്കെ ഒരു ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനാകും.

എല്ലാവർക്കും ഉമ്മൻ ചാണ്ടിയെ പോലെ അഗ്‌നി ശുദ്ധി വരുത്തി ജനമനസ്സിൽ മടങ്ങി എത്താനായില്ല. മരണ ശേഷം ആണെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചത് വർഷങ്ങൾ കൊണ്ട് സ്വന്തവുമാക്കിയ ജനകീയ അംഗീകാരത്തിൽ കൂടിയുമാണ്. അതൊക്കെ സാധാരണക്കാരായ നേതാക്കൾക്ക് സാധിക്കണം എന്നില്ല. അതിനാൽ അടിസ്ഥാനവും തെളിവും ഇല്ലാത്ത ലൈംഗിക ആരോപണങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ സ്വയം വിലക്ക് ഏർപ്പെടുത്തിയില്ലെങ്കിൽ കേരളത്തിലെ സാമൂഹ്യ ജീവിതം കൂടുതൽ ഇരുൾ അടഞ്ഞതാകാൻ മാത്രമേ ഈ കിടപ്പറ രാഷ്ട്രീയ കഥകൾ ഉപകരിക്കപ്പെടൂ.