- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'മുല മുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പുരുഷൻ ചതിച്ചുവെന്ന്' ഹേറ്റ് കാമ്പയിൻ; ഇവിടെ അച്ഛൻ ഗർഭിണിയാവുന്നു, അമ്മ അച്ഛനാവുന്നു; ട്രാൻസ്മാൻ സഹദും ട്രാൻസ് വുമൻ സിയയും കുഞ്ഞിനായുള്ള കാത്തിരിപ്പിൽ; ഗർഭിണിയായത് ട്രാൻസ്മാൻ; ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസി ചർച്ചയാവുമ്പോൾ
'അച്ഛൻ ഗർഭിണിയാവുന്നു, അമ്മ അച്ഛനാവുന്നു'- ലോക ചരിത്രത്തിലെ തന്നെ അപൂർവമായ ഒരു ഗർഭധാരണ വാർത്തയിലുടെയാണ് കേരളം കടന്നുപോകുന്നത്. തീർത്തും അവിശ്വസനീയമെന്ന് തോന്നാവുന്ന ജീവിതമാണ് തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്മെൻ സഹദും, മലപ്പുറത്തുകാരിയായ സിയ പവൻ എന്ന ട്രാൻസ് വുമണും ലോകത്തോട് പറയുന്നത്. ഇപ്പോൾ അവർക്ക് ഒരു കുട്ടിയുണ്ടാവണം എന്ന് തോന്നിയപ്പോൾ ട്രാൻസ്്മെൻ ആയ സഹദ് ഗർഭിണിയായിരിക്കയാണ്!
ട്രാൻസ് ജെൻഡർ പോളിസിയുടെയും ജൻഡർ ന്യൂട്രാലിറ്റിയുടെയും പേരിൽ കേരളത്തിൽ ഏറെ ചർച്ചകൾ നടക്കുന്ന സമയമാണെല്ലോ ഇത്. ഈ ഭൂമിയിൽ ആണും പെണ്ണും മാത്രമല്ല, ട്രാൻസ്ജെൻഡർ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ടെന്ന് ലോകം അംഗീകരിച്ച് വരികയാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഈവിധ കാര്യങ്ങൾ ഇനിയും അത്രയൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ കൃത്യമായ സൂചനകളാണ്, ഈ ട്രാൻസ് ദമ്പതികൾക്ക്നേരയുള്ള സൈബർ ആക്രമണങ്ങളിൽനിന്ന് വ്യക്തമാവുന്നത്. 'മുലമുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പരുഷൻ ചതിച്ചുവെന്ന്' സോഷ്യൽ മീഡിയയിൽ ചിലർ സഹദിനും സിയക്കും നേരെ വിമർശനം ഉയർത്തുകയാണ്.
പ്രധാനമായും ഇസ്ലാമിക ഗ്രൂപ്പുകളാണ് ഈ പ്രചാരണത്തിന് പിന്നിൽ. ദൈവദത്തമായ ആണും പെണ്ണുമല്ലാതെ മറ്റൊരു വിഭാഗത്തെ തങ്ങൾ അംഗീകരിക്കില്ലെന്ന്, ജമാഅത്തെ ഇസ്ലാമിയും, മുജാഹിദുകളും അടക്കമുള്ളവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ട്രാൻസ്മാൻ ഗർഭം ചർച്ചയായതോടെ ഇതോടെ ജൻഡർ പോളിസികൾ എല്ലാം തെറ്റിയെന്നാണ് ഇവരുടെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ പറയുന്നത്.
ഒരു പോസ്റ്റ് ഇങ്ങനെയാണ്.''എന്റെ അഭിപ്രായത്തിൽ നവ ജന്റർ തിയറികളെ നല്ല വ്യക്തമായി തേച്ച് ഒട്ടിച്ച സംഭവമാണിത്. ട്രാൻസ്മൻ പ്രസവിക്കുന്നു..എന്നുവച്ചാൽ പുരുഷനാണെന്ന് വെറുതെ പറഞ്ഞ് നടന്ന സ്ത്രീ, സ്ത്രീയുടെ റോൾ തന്നെ ചെയ്യുന്നു, പ്രസവിക്കുന്നു. അവരുടെ ശരീരം ഇപ്പോഴും സ്ത്രീയാണ്. ട്രാൻസ് വുമൺ, അഥവാ സ്ത്രീ ആണെന്ന് വെറുതെ പറഞ്ഞ് നടന്ന പുരുഷന് പ്രസവിക്കാൻ കഴിയുന്നില്ല, അണ്ഡമോ, ഗർഭാശയമോ സ്ത്രീ ശരീരത്തിന്റെ മറ്റ് ഗുണങ്ങളോ തനിക്ക് ഇല്ലെന്ന് ആ വ്യക്തി തിരിച്ചറിയുന്നു. അങ്ങനെ താൻ ശരിക്കുള്ള പെണ്ണല്ലന്നും, നീ തന്നെ പ്രസവിച്ചോ എന്നും ട്രാൻസ് വുമണ് ശരിക്കുള്ള വുമനോട് പറയേണ്ടി വരുന്നു. അപ്പോള് ഈ ട്രാൻസ് എന്നത് തൊലിപ്പുറമേ ഉള്ളൂ എന്ന് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ ആകും? പിന്നെ ഈ കഞ്ചാവ് തിയറി ചെയ്ത ദ്രോഹങ്ങൾ മാത്രമാണ് ബാക്കിയുള്ളത്, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ആ സ്ത്രീക്ക് തന്നെ മുലയൂട്ടാമായിരുന്നു. എന്നാൽ ചില മിഥ്യയായ തോന്നലുകൾക്ക് വേണ്ടി അവർ തന്റെ ശരീര ഭാഗങ്ങളെ വെട്ടിയും കീറിയും കളഞ്ഞിരിക്കുന്നു!''- ഇങ്ങനെയാണ് ആ അധിക്ഷേപം പോകുന്നത്.
പക്ഷേ ഈ വാദങ്ങൾ ഒന്നും ശരിയല്ലെന്നാണ് ആധുനിക ശാസ്ത്രം പഠിച്ചവർ പറയുന്നത്. '' ഒരു വ്യക്തിയുടെ ജെൻഡറും സെക്സും തമ്മിൽ യാതൊരു ബന്ധവുമില്ല. ട്രാൻസ്ജെൻഡറുകൾ എന്നത് ഇൻഫെർട്ടെൽ ആയ ഒരു വിഭാഗം അല്ല. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാത്ത ഒരു ട്രാൻസ്മെനുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ ഗർഭിണിയാവും. അത് സ്വാഭാവികമാണ്. ഇവിടെ സഹദും സിയയും ബോധപൂർവം ആരെയും പറ്റിച്ചതല്ല. ഒരു കുട്ടിവേണമെന്ന അഗമ്യമായ ആഗ്രഹത്തിൽനിന്ന് അവർ എടുത്ത തീരുമാനം ആണിത്്. ഇതിൽ എവിടെയാണ് വഞ്ചനയുള്ളത്. യോനിയും ഗർഭപാത്രവും ഉള്ളപ്പോഴും അവളുടെ സെക്ഷ്വൽ ഓറിയന്റേഷൻ പുരുഷൻ ആയതിനാലാണ് ട്രാൻസ് മെൻ എന്ന് വിളിക്കുന്നത്. അങ്ങനെ ഒരാൾ ഗർഭിണിയായാൽ അത് നവ ജൻഡർ തിയറികൾ തെറ്റിയെന്ന് പറയുന്നത് എങ്ങനെയാണ്''- സോഷ്യൽ മീഡിയ ആക്റ്റീവിസറ്റ് കൂടിയായ ഡോ അനുരാഗ് മാധവ് ചോദിക്കുന്നു.
പൊള്ളുന്ന ജീവിതാനുഭവങ്ങൾ
പൊളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് ഇരുവരും കടന്ന് പോയത്. സഹദ് പറയുന്നു. 'തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. വീട് സൂനാമിയിൽ നഷ്ടമായി. വീട്ടിൽ എന്റെ ലൈംഗിക വ്യക്തിത്വം പറയാൻ ആദ്യം പേടിയായിരുന്നു. അവരെയാരെയും ഞാൻ കുറ്റം പറയില്ല. സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബമാണ് എന്റേത്. ഞാൻ പറയുന്നത് ഒന്നും അവർക്ക് പൂർണ്ണമായി മനസിലാവുന്നുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അവർക്കെന്നിൽ വിശ്വാസമുണ്ട്. ചെറുപ്പത്തിൽ ആൺകുട്ടികളെപോലെ നടക്കാനായിരുന്നു ഇഷ്ടം. വീട്ടിലൊന്നും പറയാതെയാണ് മുടി മുറിച്ചത്. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതിന് പിന്നാലെ ഏകദേശം ഒന്നര വർഷത്തോളം വീട്ടിലൊന്നും പോകുമായിരുന്നില്ല. നേരെ കോഴിക്കോട്ടെത്തി. പിന്നീട് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനായി'- ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ സഹദ് തന്റെ ജീവിതം പറയുന്നു.
സിയയുടെ അനുഭവം ഇങ്ങനെയാണ്. ''ചെറുപ്രായത്തിൽ ട്രാൻസ്‌ജെൻഡർ എന്താണെന്ന് അറിയുമായിരുന്നില്ല. മറ്റു ആൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി പെരുമാറാൻ കാരണമെന്തെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അഞ്ച് സഹോദരിമാരും രണ്ടു സഹോദരന്മാരും അടക്കം എട്ട് മക്കളായിരുന്നു എന്റെ മാതാപിതാക്കൾക്ക്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എന്റെ ഉമ്മ മരിച്ചുപോയി. അച്ഛൻ വേറെ വിവാഹം കഴിച്ചു. ആ സമയത്തൊക്കെ എന്റെ വ്യക്തിത്വത്തെ പലരും കളിയാക്കാറുണ്ടായിരുന്നു. എന്താ നിന്റെ പ്രവൃത്തിയും സംസാരവുമൊക്കെ പെണ്ണുങ്ങളെ പോലെ എന്ന ചോദ്യം പലകോണിൽ നിന്നും കേട്ടിരുന്നു. ഫോൺ ചെയ്യുമ്പോഴൊക്കെ, നിന്റെ ശബ്ദം എന്താ പെണ്ണുങ്ങളെപോലെ എന്ന് ചോദിക്കുമ്പോൾ ശബ്ദം മാറ്റി കനത്തിൽ സംസാരിക്കുമായിരുന്നു.
അന്നും ക്ലാസിക്കൽ ഡാൻസ് എന്റെ ജീവനായിരുന്നു. പലപ്പോഴും മറ്റുള്ളവർ നൃത്തം ചെയ്യുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. സ്‌കൂളിൽ പടിക്കുമ്പോൾ പരിപാടിക്ക് ആരെങ്കിലും നൃത്തം ചെയ്യുന്നത് കണ്ടാൽ വീട്ടിൽ വന്ന് അത് അനുകരിക്കുമായിരുന്നു. അന്നൊക്കെ കൂട്ടുകാരിൽ നിന്നും നല്ല രീതിയിലുള്ള കളിയാക്കലുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. അന്നൊന്നും തിരിച്ച് പറയാനോ പ്രതികരിക്കാനോ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ ഫുട്ബാളും ക്രിക്കറ്റും കളിക്കുമ്പോൾ ഞാൻ പെൺകുട്ടികൾക്കൊപ്പം കളിക്കും. അതൊക്കെ കളിയാക്കലുകൾക്ക് കാരണമായി. അപ്പോഴൊക്കെ എല്ലാം കേട്ടുകൊണ്ട് ഇരിക്കുകയോ ബാത്റൂമിൽ പോയി കരയുകയോ ചെയ്യുമായിരുന്നു. ആ ഒരു അനുഭവം എല്ലാ ട്രാൻസ് ജെന്ഡറുകൾക്കും ഏകദേശം ഒരുപോലെയായിരിക്കും. '' - സിയ പറയുന്നു.
ഒരു അപൂർവ പ്രണയ കഥ
കോഴിക്കോട് എത്തിയിട്ട് കുറേ നാൾ കഴിഞ്ഞ് ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് സഹദ് ആദ്യമായി സിയയെ കാണുന്നത്. പതുക്കെ പതുക്കെ പരിചയത്തിലായി. അമ്മയുടെ ഫോണിൽ നിന്നും നമ്പർ അടിച്ചുമാറ്റി സിയയെ വിളിച്ചു. പിന്നെ ഇഷ്ടത്തിലായി. പ്രണയം കയ്യോടെ പിടിക്കുമ്പോൾ ഏതൊരു കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കും ഉണ്ടായി. പിന്നാലെ വേറെ വഴിയില്ലാതെ സിയയെ വിളിച്ചിറക്കികൊണ്ടുവന്നു.
സിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഉമ്മ മരിക്കുന്നത്. പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടി. കോവിഡ് സമയത്ത് അഞ്ച് മാസത്തോളം ട്രാൻസ്‌ജെൻഡറുകൾക്കുള്ള ഷെൽട്ടർ ഹോമിലായിരുന്നു. അതുകഴിഞ്ഞ് അവിടെ നിന്നും ഇറങ്ങാനുള്ള സാഹചര്യം വന്നു. കമ്യൂണിറ്റിയിൽ തന്നെയുള്ള ദീപ റാണി എന്ന വ്യക്തി എന്നെ ദത്തെടുത്തു. സെക്സ് വർക്കിനൊന്നും പോകണ്ട മകളായി നോക്കികൊള്ളാമെന്നും പഠിപ്പിക്കാമെന്നും പറഞ്ഞു.
അതുപോലെതന്നെയായിരുന്നു സഹദും. സാധാരണ ഒരു അമ്മയും മകളും ജീവിക്കുന്നതുപോലെയാണ് ഞാനും എന്റെ മമ്മിയും ജീവിച്ചുകൊണ്ടിരുന്നത്. ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി. ഒരു പെൺകുട്ടിയുടെ വീട്ടിൽ പ്രണയം കയ്യോടെ പിടിക്കുംപോലെ എന്റെ വീട്ടിലും പൊക്കി. അതോടുകൂടി ആകെ പ്രശ്നത്തിലായി. ആ സാഹചര്യത്തിൽ സഹദ് എന്നെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.'' സിയ പറയുന്നു.
ലിംഗം മുറിക്കാതെ വഞ്ചിച്ചതല്ല
'മുലമുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പരുഷൻ ചതിച്ചുവെന്ന്' പറയുന്നതിലും യാതൊരു കഴമ്പുമില്ലെന്ന് സഹദിന്റെയും സിയയുടെയും ജീവിതം പഠിച്ചാൽ വ്യക്തമാവും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം ഇന്നും പൂർണമായും മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല. സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്ത്, ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവരുടെയും മനസ്സിൽ സ്വന്തം കുഞ്ഞെന്ന ആഗ്രഹം ഉദിച്ചത്.
ഇവർ ഇന്ത്യാടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''ഗർഭത്തെപ്പറ്റി ചിന്തിക്കുന്നതിന് മുൻപ് ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആദ്യ തീരുമാനം. അതിനു ഒരുപാട് നിയമ വശങ്ങൾ ഉണ്ട്. മറ്റൊരുകാര്യം കുഞ്ഞ് വളർന്നു വലുതാകുമ്പോൾ ആ കുഞ്ഞിന് തന്റെ യഥാർത്ഥ അമ്മയെയും അച്ഛനെയും തേടിപോകേണ്ടി വന്നാൽ അത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെയാണ് ഞങ്ങൾ ഞങ്ങളുടെ സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെപ്പറ്റി ചിന്തിച്ചത്. തീരുമാനം എടുത്തപ്പോൾ തന്നെ ഒട്ടേറെപേരിൽ നിന്നും കളിയാക്കലുകളും വിമർശനങ്ങളും നേരിടേണ്ടിവന്നു. അതൊന്നും തന്നെ ഞങ്ങളെ തളർത്തിയില്ല. കാരണം മറ്റൊന്നുമല്ല സ്വന്തം ചോരയിലെ കുഞ്ഞ് എന്ന ആഗ്രഹത്തിനായി രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങിയവരാണ് ഞങ്ങൾ. സോഷ്യൽമീഡിയയിൽ നിന്നുപോലും ഒട്ടേറെ പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ല.''- സഹദും സിയയും പറയുന്നു.
ഈ സമയത്ത സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. കൺസൾട്ട് ചെയ്യുന്ന സമയത്തേ ഹോർമോൺ ട്രീറ്റ്‌മെന്റ് നിർത്തിവയ്ക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ബ്രസ്റ്റ് റിമൂവൽ സർജറി ചെയ്തത് മറ്റൊരു ഡോക്ടറുടെ പരിചരണത്തിലായിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ രേഖകളോ ഫയലുകളോ കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഫുൾ ബോഡി ചെക്ക് അപ്പ് വേണ്ടിവന്നു. ഹോർമോൺ ട്രീറ്റ്മെന്റ് നിർത്തിവച്ചു. അങ്ങനെ ഒത്തിരി നാളത്തെ കഷ്ടപ്പാടിന് ശേഷമാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയത്.
ഒന്നര വർഷത്തോളമുള്ള പ്രയത്മായിരുന്നു. ഇതിനായി ആശുപത്രികളായ ആശുപത്രികളിൽ കയറി ഇറങ്ങി. ഗർഭിണിയായ ആദ്യ സമയങ്ങളിൽ രാവും പകലും ഒന്നര മണിക്കൂറുകളോളം ഡ്രിപ്പ് ഇടേണ്ടിവന്നു. സാധാരണ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഛർദിലും മറ്റുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് ഗർഭപരിചരണ ചികിത്സ നടക്കുന്നത്. ബ്രെസ്റ്റ് റിമൂവൽ കഴിഞ്ഞതിനാൽ മുലയൂട്ടൽ സാധ്യമല്ല. മുലപ്പാൽ ബാങ്കുകളിൽ നിന്നും അതിനുള്ള സൗകര്യം ഉണ്ട്. ആ ഒരു പ്രതീക്ഷയിലാണ് ഈ അപൂർവ ദമ്പതികൾ.
ആദ്യ മൂന്നുമാസം ശരിക്കും ബുദ്ധിമുട്ടി
മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സിയ എത്തിയതോടെയായിരുന്നു ഈ വിശേഷം പുറംലോകം അറിഞ്ഞത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ സിയ ഇങ്ങനെ പറയുന്നു. ''ഇത്രയും വലിയൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസിയാണല്ലോ. മോഡേണായി ചിന്തിക്കുന്നവർ അംഗീകരിക്കുമെന്ന് കരുതിയിരുന്നു. ഇത്രയും വലിയ ആസപ്റ്റൻസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും സ്‌നേഹം. ഒന്നൊന്നര വർഷത്തോളമായി ഞങ്ങൾ ഇതിന്റെ പിന്നാലെയായിരുന്നു. അഡോപ്ഷൻ ഞങ്ങൾക്കൊരു വിലങ്ങ് തടിയായിരുന്നു. പ്രഗ്നൻസിയെക്കുറിച്ച് അറിഞ്ഞാൽ ആളുകൾ എങ്ങനെ എടുക്കുമെന്ന കാര്യത്തിലൊക്കെ ആശങ്കയുണ്ടായിരുന്നു. എനിക്കൊരു അമ്മയാവണമെന്നും അവന് അച്ഛനാവണമെന്നുമുണ്ടായിരുന്നു. ഒരു സ്ത്രീയെന്ന സ്വപ്നം എന്നിൽ ഉണ്ടായത് മുതലുള്ള സ്വപ്നമായിരുന്നു അമ്മയാവുക എന്നത്. പുരുഷനെന്ന ആഗ്രഹം വന്നപ്പോൾ മുതൽ അച്ഛനാവുന്നതിനെക്കുറിച്ച് അവനും ചിന്തിച്ചിരുന്നു.
പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായപ്പോൾ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് മാസത്തോളം ഇവന് ഭയങ്കര ഛർദിയായിരുന്നു. ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യം ഡ്രിപ്പ് ഇട്ട് കിടക്കേണ്ട അവസ്ഥയായിരുന്നു. ഒരുപാട് വട്ടം ഹോസ്പിറ്റലിൽ പോവേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായും നല്ല ചെലവായിരുന്നു. ഉള്ളിലുള്ള ആളും എന്റെ പാർട്‌നറും ഇപ്പോൾ ഓക്കെയാണ്. ബേബിയെ കൈയിലോട്ട് കിട്ടുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഞങ്ങൾ. ബ്രസ്റ്റുണ്ടായിരുന്നെങ്കിൽ കുഞ്ഞിന് മുലയൂട്ടാമായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നുണ്ട്. ഇങ്ങനെയൊരു ഡിസിഷൻ ഞാൻ എടുക്കുമെന്ന് കരുതുന്നില്ലല്ലോ. ആരോടും പറയാതെ സ്വന്തം ഇഷ്ടപ്രകാരമായാണ് അവൻ ബ്രസ്റ്റ് സർജറി ചെയ്തത്. അത് പോയതുകൊണ്ട് സന്തോഷമെന്നോ സങ്കടമെന്നോ പറയാനാവില്ല.
പ്രഗ്നന്റാണെന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു. ഫോട്ടോ ഷൂട്ട് പുറത്ത് വന്നപ്പോഴാണ് എല്ലാവരും അറിഞ്ഞത്. ഇവനെ എല്ലാവരും നന്നായി കെയർ ചെയ്യുന്നുണ്ട്. ആദ്യത്തെ സ്‌കാനിങ് കഴിഞ്ഞപ്പോഴാണ് ഞങ്ങൾ കൂടെയുള്ളവരോട് പോലും ഇതേക്കുറിച്ച് പറഞ്ഞത്. ഗർഭിണികൾക്കുള്ള കൊതിയൊക്കെ ഇവനും ഉണ്ടായിരുന്നു. വിശേഷം ആയത് മുതൽ അവൻ ജോലിക്കൊന്നും പോവുന്നില്ല. ഹോർമോൺ ട്രീറ്റ്‌മെന്റ് നിർത്തിയപ്പോൾ പീരീഡ്‌സ് റെഗുലറായിരുന്നു. അവൻ പീരീഡ്‌സാവുന്നതൊന്നും ഞാൻ അറിയാറില്ല. അതൊക്കെ അവൻ തന്നെ മാനേജ് ചെയ്യാറാണ് പതിവ്. അതേക്കുറിച്ച് ചോദിക്കുന്നതൊന്നും അവനിഷ്ടമില്ല. സിസേറിയനായിരിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതൊക്കെ ആലോചിച്ച് വേണം തീരുമാനമടുക്കാനെന്നും അവർ പറഞ്ഞിരുന്നു. ''- സിയ പറയുന്നു.
അതോടൊപ്പം സഹദ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു. ''അമ്മയാവുക എന്നതൊന്നും ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല, അച്ഛനാവാനാണ് എനിക്ക് അന്നും ഇന്നും ആഗ്രഹം. അവളിലൂടെ അത് സാധിക്കാത്തതിനാൽ ഞാൻ ഗർഭം ധരിച്ചു''-സഹദ് പറയുന്നു.
അമ്മ അച്ഛനാകും, അച്ഛൻ അമ്മയും.
സഹദിന്റെ ഉദരത്തിലിപ്പോൾ എട്ടുമാസം പ്രായമുള്ള കുഞ്ഞുണ്ട്. തങ്ങളുടെ പൊന്നോമനയും കൂടെ എത്തിയാൽ, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് സാന്നിധ്യത്തിൽ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലുമാണ് ഈ ട്രാൻസ്‌ജെൻഡർ പങ്കാളികൾ. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു സഹദ്. സിയ ക്ലാസിക്കൽ ഡാൻസറുമാണ്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആ പൊന്നോമനയുടെ അമ്മ അച്ഛനാകും. അച്ഛൻ അമ്മയും.
സഹദ് ഇങ്ങനെ പറയുന്നു. ''ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അനുഭവത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കുഞ്ഞ് ചലിക്കുമ്പോഴും മറ്റും എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്. കുഞ്ഞ് അനങ്ങി തുടങ്ങിയിട്ടുണ്ട്. ആള് ഭയങ്കര ചവിട്ടാണ്. വീഡിയോസ് എടുക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴുമൊക്കെ ഭയങ്കര ചവിട്ടാണ്. ഫോട്ടോ ഗ്രാഫർ ഫോട്ടോ ക്ലിക്ക് ചെയ്യുന്ന സമയത്ത് ക്യാമറയുടെ ആ ക്ലിക്ക് ശബ്ദം കേൾക്കുമ്പോഴേ വയറിനകത്ത് കിടന്ന് ഭയങ്കര തുള്ളലാണ് ആള്. കുഞ്ഞ് എന്നെ അച്ഛാ എന്ന് വിളിക്കണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ടു മാത്രമാണ് ഗർഭിണിയാകാൻ തയാറായത് തന്നെ. കുഞ്ഞിനെ പ്രസവിച്ച് സിയയുടെ കൈകളിൽ കൊടുക്കണം എന്നിട്ട് ഒരു അച്ഛന്റെ ചുമതലകൾ നിറവേറ്റി ആ കുഞ്ഞിനെ വളർത്തി വലുതാക്കണം.
''ആണായാലും പെണ്ണായാലും കുഞ്ഞിനെ ജാതിയുടെയോ മതത്തിന്റെയോ ഒന്നിന്റെയും ഭാരം ചുമക്കാത്ത നല്ലൊരു മനുഷ്യനായി വളർത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. മാർച്ച നാലിനാണ് പ്രസവ തീയതി.'' - സഹദ് വ്യക്തമാക്കി. തങ്ങളുടെ പേരിൽ സോഷ്യൽ മീഡിയിൽ നടക്കുന്ന കോലാഹലങ്ങൾക്കൊന്നും സഹദും സിയയും കാര്യമായി മറുപടി കൊടുക്കാറില്ല. പെൺകുഞ്ഞോ അതോ ആൺകുഞ്ഞോ പ്രതീക്ഷയെന്ന ചോദ്യത്തിന് നർത്തകിയായ സിയയുടെ ഉത്തരമിങ്ങനെ. ''ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ് വളരട്ടെ''.
കോഴിക്കോട് ഉമ്മളത്തൂരിലെ വാടകവീട് കുഞ്ഞിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. പ്രസവശേഷം സഹദിന്റെ ഗർഭപാത്രം നീക്കംചെയ്യും. സഹദിന്റെ കുടുംബവും സിയയുടെ സഹോദരിയും ഭർത്താവും അനേകം സുഹൃത്തുക്കളും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. ഭരതനാട്യത്തിൽ ഡോക്ടറേറ്റ് സ്വപ്നം കാണുന്ന സിയ വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം പുനരാരംഭിച്ചിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയ വിദഗധ്നായ ഡോ നവീൻ കൃഷണൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' എവിടെയാണ് നിങ്ങളുടെ സെക്സ് ഓർഗൻസ് എന്ന് ചോദിച്ചാൽ നാണത്തോടെ കാലിനടിയിലേക്ക് നോക്കേണ്ട കാര്യമില്ല. അത് കിടക്കുന്നത് മസ്തിഷ്‌ക്കത്തിലാണ്. അതിന്റെ ഓറിന്റേഷനുകളാണ് ഒരാളെ ട്രാൻസ്മെൻ ആയും ട്രാൻസ് വുമൺ ആയും മാറ്റുന്നത്. അല്ലാതെ ഇവിടെ ആരും ആരെയും വഞ്ചിക്കുകയോ വേഷം കെട്ടുകയോ ചെയ്യുന്നില്ല. തികച്ചും സ്വാഭാവികം മാത്രമാണ്, ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവാത്ത ഒരു ട്രാൻസ്മാൻ ഗർഭിണിയാവുന്നത്. ''
എതായാലും കേരളത്തിന് ഇത് പുതിയ അറിവാണെങ്കിലും ലോകത്തിന് അങ്ങനെ അല്ല. ആണും, പെണ്ണും മാത്രമല്ല ഈ ലോകം എന്നത് നമ്മളും അറിയട്ടെ.
എന്താണ് സെക്സും ജെൻഡറും
ഇനി ട്രാൻസ് ജെൻഡറുകൾക്ക് പിന്നിലെ ശാസ്ത്രം എന്താണെന്ന് പലർക്കും അറിയില്ല. ഫേസ്‌ബുക്കിലെ ജനകീയ ആരോഗ്യ കൂട്ടയ്മയായ ഇൻഫോക്ലിനിക്കിലെ ഡോ ജിതിൻ ടി ജോസഫ് അടക്കമുള്ളർ ഇതുസംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആധുനിക ശാസ്ത്രപഠനങ്ങളാണ് അവർ ആധാരമാക്കുന്നത്.
ആൺ പെൺ സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള മനുഷ്യരെ മനസ്സിലാക്കുവാനും, അവരെ അംഗീകരിക്കാനും സമൂഹം എന്നും വിമുഖത കാണിച്ചിട്ടുണ്ട്. മത സാമൂഹിക സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകൾക്കൊപ്പമാണ് ഇതും. പലപ്പോഴും ആളുകൾ തെറ്റായി ഉപയോഗിക്കുന്ന വാക്കുകളാണ് സെക്സവും ജെൻഡറും. ഇത് ഒരേ അർഥത്തിൽ ഉപയോഗിക്കാവുന്ന വാക്കുകൾ അല്ല. ബയോളജിക്കൽ സെക്സ് എന്നത് ഒരു വ്യക്തിയുടെ ജൈവപരമായ അവസ്ഥയെ കാണിക്കുന്നു. ബയോളജിക്കൽ സെക്‌സ് ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവെ നിർവചിക്കുന്നത്. ജനിക്കുന്ന സമയത്ത് ലൈംഗിക അവയവങ്ങൾ നോക്കിയാണ് പൊതുവിൽ ഒരാളുടെ ബയോളജിക്കൽ സെക്സ് നിർണയിക്കുക.
പക്ഷേ ഒരു ന്യൂനപക്ഷം മനുഷ്യരിൽ ആണ്-പെണ്ണ് എന്നിങ്ങനെയുള്ള ടിപ്പിക്കൽ ഘടന മേൽപ്പറഞ്ഞ മൂന്നു മേഖലകളിൽ ഒന്നിൽ വരാതെയോ, മൂന്നു ലെവലിൽ ഉള്ള പ്രത്യേകതകൾ തമ്മിൽ ഇഴച്ചേർന്നു വരുകയോ ചെയ്യാം. ഇത്തരം മനുഷ്യരെ ഇന്റർസെക്‌സ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ആണോ, പെണ്ണോ, ഇന്റർസെക്സ് ആയോ ജനിക്കുന്ന ഒരു വ്യക്തി, സമൂഹത്തിൽ എന്ത് സ്ഥാനം വഹിക്കണം, എങ്ങനെ പെരുമാറണം, എന്തൊക്കെ ജോലികൾ ചെയ്യണം, എങ്ങനെ പ്രത്യക്ഷപ്പെടണം എന്നിങ്ങനെ ഓരോ സമൂഹവും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഈ സാമൂഹിക നിർമ്മിതിയാണ് ജെൻഡർ. അതുകൊണ്ട് തന്നെ ഓരോ സംസ്‌കാരത്തിലും ജെൻഡർ എന്ന കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാകാം. ഉദാഹരണമായി ബയോളജിക്കൽ സെക്സ് 'ആണായ' ഒരു വ്യക്തി, മുടി വളർത്താൻ പാടില്ല, ഷർട്ടും പാന്റും ധരിക്കണം, കായികമായ ജോലികൾ ചെയ്യണം, കുടുംബം നയിക്കണം, കരയാൻ പാടില്ല എന്നിങ്ങനെ സമൂഹം നിർമ്മിക്കുന്ന ഒരു അവസ്ഥയാണ് ജെൻഡർ.
ട്രാൻസ് അഭിനയമാണോ?
തന്റെ ജൻഡർ ഐഡൻഡിറ്റി, സമൂഹം ജനിച്ചപ്പോൾ കൽപ്പിച്ചു തന്ന ജെൻഡറിനോട് ചേർന്ന് പോകുന്നതല്ല എന്ന് തിരിച്ചറിയുകയും, തന്റെ ജൻഡർ ഐഡൻഡിറ്റി അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെ പൊതുവിൽ വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ എന്നത്. ഇതിൽ വ്യത്യസ്ത ജെൻഡർ ഐഡൻഡിറ്റി ഉള്ളവരുണ്ട്. സ്ത്രീയാണ് എന്ന് അസൈൻ ചെയ്യപ്പെട്ട, എന്നാൽ പുരുഷനായി ഐഡന്റിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ആണ് ട്രാൻസ് മെൻ. എന്നാൽ ജനിച്ചപ്പോൾ പുരുഷനാണ് എന്ന് സമൂഹം അസൈൻ ചെയ്ത, എന്നാൽ സ്ത്രീയാണ് എന്ന് സ്വയം ഐഡൻഡിഫൈ ചെയ്യുകയും അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ട്രാൻസ് വുമൺ. ജെൻഡർ ക്വീർ എന്ന വിഭാഗം വേറയുണ്ട്. തന്റെ ജൻഡർ ഐഡൻഡിറ്റി സ്ത്രീയും പുരുഷനും എന്നുള്ള ബൈനറിയുടെ ഉള്ളിൽ നിൽക്കുന്നതല്ല എന്ന് തിരിച്ചറിയുന്നവർ ആണിത്. എങ്ങനെയാണ് ജൻഡർ ഐഡൻഡിറ്റി രൂപീകരിക്കപ്പെടുന്നത് എന്നതിന് കൃത്യമായ ഒരുത്തരം നിലവിൽ ശാസ്ത്ര ലോകത്തില്ല.
ഒരാളുടെ ജനിതക പ്രത്യേകതകൾ (ഏതെങ്കിലും ഒരു ജീൻ അല്ല, മറിച്ച് പല ജീനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്), ഗർഭകാലത്ത് അയാളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ലൈംഗിക ഹോർമോണുകൾ, ഇവയുടെ സ്വാധീനത്തിൽ അയാളുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ഒരാളുടെ ജൻഡർ ഐഡൻഡിറ്റി. തലച്ചോറിലെ ഹൈപൊതലാമസ് എന്ന ഭാഗത്താണ് ഈ വ്യത്യസ്ത വളർച്ച പ്രധാനമായും ഉണ്ടാകുന്നത്. അതനുസരിച്ചാണ് ഓരോ വ്യക്തിയും സ്ത്രീയോ, പുരുഷനോ, ട്രാൻസ്ജെൻഡറോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജൻഡർ ആയോ സ്വയം തിരിച്ചറിയുന്നത്. ഇതിനെ ചെറുപ്പകാലത്ത് ഉണ്ടാകുന്ന ആളുടെ ജീവിതാനുഭവങ്ങളും സ്വാധീനിക്കാം എന്നാണ് പഠനങ്ങൾ പറയുക.
സ്ത്രീയും പുരുഷനും മാത്രമാണ് തലച്ചോറിന്റെ ശരിയായ വളർച്ചകൊണ്ട് ഉണ്ടാകുന്നത്, ബാക്കി ജൻഡറുകൾ ഇതിൽ നിന്ന് വ്യത്യസ്തമായി വളരുന്നതുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ അത് അങ്ങനെയല്ല. എല്ലാ ജൻഡർ ഐഡൻഡിറ്റിയും ഒരേ രീതിയാണ് ഉണ്ടാകുന്നത്. ഒരു കാലത്ത് സമൂഹം കൽപിച്ചു നൽകുന്ന സ്ത്രീ പുരുഷ ഐഡൻഡിറ്റിക്ക് അപ്പുറമുള്ള എല്ലാ ജൻഡർ ഐഡൻഡിറ്റിയും മാനസിക രോഗമാണ് എന്ന് കരുതിയിരുന്നു. എന്നാൽ ഇവർ അനുഭവിക്കുന്ന പല മാനസിക ബുദ്ധിമുട്ടുകൾക്കും കാരണം, തന്റെ ഐഡൻഡിറ്റി അനുസരിച്ച് ജീവിക്കാൻ സാധിക്കാത്തതും, സമൂഹം ഇവരോട് കാണിക്കുന്ന വേർതിരിവുകളും ആണെന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ജൻഡർ ഐഡൻഡിറ്റി ഡിസോർഡർ പുറത്തായി.
ചുരുക്കിപ്പറഞ്ഞാൽ ഏതൊരാളെയും പോലെ സാധാരണ മനുഷ്യരാണ് ട്രാൻസ് ജൻഡർ വ്യക്തികളും. പക്ഷേ തങ്ങളുടെ ഐഡൻഡിറ്റി അനുസരിച്ച് ജീവിക്കാനായി നൂറ്റാണ്ടുകളായി ഇവർ അനുഭവിക്കുന്ന വേർതിരിവുകളും കഷ്ടതകളും നമ്മൾക്ക് ഊഹിക്കാവുന്നതിന് അപ്പുറമാണ്. അതുകൊണ്ടുതന്നെ അവരുടെ ഒപ്പം ആയിരിക്കുക, നമ്മൾ അനുഭവിക്കുന്ന അതേ സാമൂഹിക സ്ഥിതിയിൽ അവരെയും എത്തിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. അതിനു ആദ്യം വേണ്ടത് അവരെ അറിയുക എന്നതാണ്. അതിനുള്ള ഒരു തുടക്കമായി സഹദും, സിയയും മാറുമെന്ന് പ്രതീക്ഷിക്കാം.
വാൽക്കഷ്ണം: പണ്ടുകാലത്തെ മതശാസന അനുസരിച്ച് ട്രാൻസ്ജെൻഡറുകളെ കൊന്നൊടുക്കിയ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ന് ആ കമ്യൂണിറ്റിക്ക് ഒപ്പം നിൽക്കുന്നത്. മതരാഷ്ട്രങ്ങൾ പതിവുപോലെ നൂറ്റാണ്ടുകൾ പിറകിലും. അതിനിടയിൽ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് എന്ന ബോധത്തിലേക്കെങ്കിലും മാറാൻ ഒരു ലിബറൽ ജനാധിപത്യ രാജ്യമായ നമുക്ക് കഴിയണം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ