- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
തോക്കുപിടിച്ച് തഴമ്പുള്ള നേതാവ്! കമോൻഡോയായി തുടക്കം; യുദ്ധമുഖത്തെ മിന്നൽപ്പിണർ; വിരമിച്ചതോടെ അമേരിക്കയിൽ പഠനം; തുടർന്ന് രാഷ്ട്രീയത്തിൽ; ഇന്ത്യയുടെ മിത്രം, ഇറാനിന്റെയും അറബ് രാഷ്ട്രങ്ങളുടെയും പേടി സ്വപ്നം; ലോകത്തിലെ ഏറ്റവും 'ശക്തരായ കൊച്ചുരാഷ്ട്രത്തിന്റെ' പ്രധാനമന്ത്രിയായി വീണ്ടും; നെതന്യാഹുവിന്റെ ജീവിത കഥ
ലാൽസലാം സിനിമയിൽ മോഹൻലാൽ പറയുന്ന ഒരു മാസ് ഡയലോഗില്ലേ. 'എടാ ഷുഗറും പ്രഷറുമുള്ള മുതലാളിമാരെ മാത്രമേ നീ കണ്ടിട്ടുള്ളൂ, ഇത് അധ്വാനിച്ച് തഴമ്പുള്ള മുതലാളിയാണെന്ന്'. ലോകത്തിലെ പല രാഷ്ട്രീയ നേതാക്കളെ കാണുമ്പോഴും നമുക്ക് അത് തോന്നും. എ സി റൂമുകളിൽ, ആം ചെയറിൽ ഇരുന്ന് ചിന്തിക്കുന്ന അവരിൽ എത്രപേർക്ക് രാജ്യത്തിന്റെ ഗ്രൗണ്ട് റിയാലിറ്റി അറിയാം. പക്ഷേ ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബെഞ്ചമിൻ നെതന്യാഹു എന്ന മനുഷ്യൻ അങ്ങനെ അല്ല. നമ്മുടെ നാട്ടിലെപോലെ ഷുഗറും പ്രഷറുമുള്ള, 'വിയർപ്പിന്റെ അസുഖമുള്ള' ഒരു ടിപ്പിക്കൽ നേതാവല്ല, ഈ 73കാരൻ. വളഞ്ഞിട്ട് ആക്രമിക്കുന്ന ശത്രുക്കളുടെ ഇടയിൽനിന്ന് ഇസ്രയേൽ എന്ന കൊച്ചുരാജ്യത്തെ രക്ഷിക്കാനായി, തോക്കെടുത്ത് യുദ്ധമുന്നണിയിൽ അടരാടിയ, പല തവണ മരണത്തെ മുഖാമുഖം കണ്ട, ശരിക്കും ചോരച്ചാലുകൾ നീന്തിക്കയറിയ നേതാവാണ് അയാൾ.
യുക്രൈൻ യുദ്ധം തുടങ്ങിയ സമയത്ത്, സെലൻസ്‌ക്കിയെന്ന നേതാവിന്റെ ധൈര്യത്തെ പുകഴ്‌ത്തുന്ന കൂട്ടത്തിൽ, ബ്രിട്ടീഷ് പത്രമായ ഡെയ്ലിമെയിൽ ഒരു ചോദ്യം ചോദിച്ചിരുന്നു. നമ്മളുടെ നേതാക്കളിൽ എത്രപേർ തോക്ക് കണ്ടിട്ടുണ്ട്. അതിന് സോഷ്യൽ മീഡിയ കൊടുത്ത മറുപടി ഇസ്രയേൽ നേതാക്കളെ ആയിരുന്നു. 'തോക്ക് പിടിച്ച് തഴമ്പുള്ള മനുഷ്യൻ' എന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
പക്ഷേ ഇതൊന്നും തന്റെ ക്രെഡിറ്റായിട്ടില്ല, നെതന്യാഹു പറയുക. തോക്കെടുക്കേണ്ടി വരുന്നത് ഇസ്രയേലിന്റെ ഗതികേട് ആണെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. '' ചോരയിൽ പിറന്നു വീണ ഒരു രാജ്യമാണ് ഞങ്ങൾ. ഞങ്ങൾക്ക് പോരാടാതെ നിവൃത്തിയില്ല. അയൽക്കാർ ഒരുമിച്ച് ഞങ്ങളെ പലതവണ ആക്രമിക്കുന്നത് നിങ്ങൾ കണ്ടു. ഇത്രയും ശത്രുരാജ്യങ്ങൾക്കിടയിൽ ഞങ്ങൾ ജീവിച്ചുപോകുന്നത്, ഞങ്ങളുടെ കൈയിൽ ആയുധങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ്. ''- നെതന്യാഹു ഒരിക്കൽ പറഞ്ഞു.
വിശേഷങ്ങൾ ഏറെയുള്ള രാജ്യമാണ് ഇസ്രയേൽ. പിച്ചവെക്കാൻ തുടങ്ങുന്നതിന് മുമ്പേതന്നെ, ശക്തരായ പത്ത് അയൽ രാജ്യങ്ങൾ നാലുപാടുനിന്നും ആക്രമിച്ച് തീർക്കാനായി ജിഹാദ് ആഹ്വാനവുമായി വന്നപ്പോൾ തളരാതെ പൊരുതി ജയിച്ചവർ. വമ്പൻ രാഷ്ട്രങ്ങളോടും തീവ്രവാദികളോടും ഏറ്റുമുട്ടി, ഒരു റോക്കറ്റ്പോലും വീഴാതെ സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്ന ജനത. തരിശുഭൂമിയിൽ ആത്യാധുനിക ടെക്ക്നോളജി വഴി അവർ പൊന്നു വിളയിച്ചു. ഐടി, റോബോടിക്സ് തൊട്ട് ആണാവായുധങ്ങളിലും, ചാര ശൃംഖലയിലിമൊക്കെ അവർ ഒന്നാമന്മാരായി. അനിത സാധാരണമായ അതിജീവനമായിരുന്നു, ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ആ ജനതയുടെത്. പക്ഷേ വെറും ഇരുപതിനയിരം സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഈ കൊച്ചു രാഷ്ട്രം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്.
ആ ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹുവെന്ന പഴയ സൈനിക കമാൻഡർ തിരിച്ചെത്തുമ്പോൾ ഇറാനും, അറബ്രാഷ്ട്രങ്ങൾക്കും, ഫലസ്തീനിനും ഒക്കെ ഒരു പോലെ ചങ്കിടിക്കയാണ്. ഇത്തവണ തീവ്ര വലതുപക്ഷ പാർട്ടികളെ കൂട്ടുപിടിച്ചാണ് അദ്ദേഹം അധികാരത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ യുദ്ധവും ദുരിതവുമാണോ പുതിയ നെതന്യാഹു സർക്കാർ ഉണ്ടാക്കുക എന്നാണ് എവിടെയും ഉയരുന്ന ചോദ്യം. പക്ഷേ നെതന്യാഹുവിന് ഇതിലൊന്നും ഒട്ടും ആശങ്കയില്ല. വലതുപക്ഷ കക്ഷികളെയൊക്കെ തനിക്ക് മെരുക്കാൻ കഴിയും എന്ന് കൂസലില്ലാതെയാണ് അയാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നെതനാഹ്യുവിന്റെ ജീവിതത്തിൽ ഉടനീളം ഇതേ കൂസലില്ലായ്മ പ്രകടമാണ്. ഒരു തരം ഡു ഓർ ഡൈ സ്റ്റെൽ.
യുദ്ധ ഭീതിയുടെ ബാല്യം
ഇസ്രയേൽ എന്ന യഹൂദന്മാരുടെ സ്വപ്ന രാജ്യത്ത് ജനിച്ചവരിൽ, പ്രധാനമന്ത്രിയാവാൻ ഭാഗ്യം ലഭിച്ച ഏക നേതാവാണ് നെതന്യാഹു. പ്രൊഫ. ബെൻസിയോൺ നെതന്യാഹുവിന്റെയും, ടിസിലയുടെയുടെയും മകനായി ടെൽ അവീവിൽ 1949 ഒക്ടോബർ 21-നാണ് ബഞ്ചമിൻ നെതന്യാഹു ജനിച്ചത്. 1948ൽ ഉണ്ടായ ഇസ്രയേൽ എന്ന രാഷ്ട്രത്തിന് അപ്പോൾ ഒരു വയസ്സ് മാത്രമായിരുന്നു പ്രായം. രാജ്യത്തിനൊപ്പം വളർന്ന വ്യക്തിയാണ് താനെന്നാണ്, നെതന്യാഹു പല അഭിമുഖങ്ങളിലും പറയാറ്.
പിതാവ്, ബെൻസിയോൺ, കോർണൽ യൂണിവേഴ്സിറ്റിയിലെ യഹൂദ ചരിത്ര പ്രൊഫസറും, എൻസൈക്ലോപീഡിയ ഹെബ്രൈക്കയുടെ എഡിറ്ററുമായിരുന്നു. യുദ്ധകാലത്തൊക്കെ എഴുത്തിലൂടെ യഹൂദ ജനതക്ക് വലിയ മാനസിക പിന്തുണ നൽകിയ ആളാണ് ബെൻസിയോൺ. ഒരു ജ്യേഷ്ഠനും ഒരു അനിയനുമായി സമ്പന്നമായിരുന്നു തന്റെ ബാല്യമെന്ന് നെതന്യാഹു ഓർക്കുന്നു. മൂത്തസഹോദരൻ ജൊനാഥനും ഒരു കമാൻഡോ ആയിരുന്നു. ഇളയ സഹോദരൻ ഇദ്ദോ ഒരു റേഡിയോളജിസ്റ്റും എഴുത്തുകാരനുമാണ്. മൂന്ന് സഹോദരന്മാരും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രക്തം ഒരുപാട് ഒഴുകിപ്പോയ കാലമായിരുന്നു നെതന്യാഹുവിന്റെ കുട്ടിക്കാലം. ലോകമെമ്പാടും വേട്ടയാടപ്പെട്ട യഹൂദർക്ക് സമാനതകൾ ഇല്ലാത്ത വംശഹത്യ അതിജീവിക്കേണ്ടി വന്ന സമയം ആയിരുന്നു രണ്ടാം ലോക മഹായുദ്ധം. ആ ക്രൂരതക്ക് ഒരു പ്രായശ്ചിതം എന്ന പേരിൽ കൂടിയാണ് അവർക്ക് ഒരു ഇത്തിരി മണ്ണ് സ്വന്തമായി അനുവദിക്കപ്പെടുന്നത്. ലോകമെമ്പാടും ചിതറിത്തെറിച്ച് കിടന്ന യഹൂദ സമൂഹം ആ വിശുദ്ധമണ്ണിലേക്ക് ഓടിയെത്തി. പുല്ലുപോലും മുളക്കാത്ത ഒരു നാടിനെ കഠിനമായി അധ്വാനിച്ച് അവർ സ്വർഗമാക്കി. പക്ഷേ പിറന്നുവീണ ആ കുഞ്ഞ് രാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിക്കാനായിരുന്നു അറബ് രാഷ്ട്രങ്ങൾ ശ്രമിച്ചത്. പക്ഷേ അതിശക്തമായി തിരിച്ചടിച്ച് ആ കുഞ്ഞൻ രാഷ്ട്രം ഏവരെയും ഞെട്ടിച്ചു. പത്തു അറബിരാഷ്ട്രങ്ങളെയും ഒറ്റയിടിക്ക് മൂട്ടുകുത്തിച്ചു.
'' ആ സംഘർഷങ്ങളും ഭീതിയും എന്റെ ബാല്യത്തെയും ബാധിച്ചിരുന്നു. സാധാരണ കുട്ടികൾ തോക്ക് ഉപയോഗിച്ച് കളിക്കാറുണ്ട്. ഞങ്ങൾക്ക് അത് വെറുമൊരു കളിയായിരുന്നില്ല. ഞങ്ങളുടെ അതിജീവനം ഈ ആയുധങ്ങളിലൂടെയാണെന്ന് കുട്ടികൾക്ക്പോലും നല്ല ബോധ്യമുണ്ടായിരുന്നു. ''- നെതന്യാഹു ഒരു അഭിമുഖത്തിൽ പറയുന്നു.
രക്തസാക്ഷിയായ സഹോദരൻ
ഇത്തരം സംഘർഷങ്ങൾമൂലം, സ്‌കൂൾ കാലത്തിനുശേഷം ബഞ്ചമിന്റെ ഏറ്റവും വലിയ ആഗ്രഹം സൈന്യത്തിൽ ചേരണം എന്നായിരുന്നു. മിലിട്ടറി കമാൻഡറായ സഹോദൻ ജൊനാഥൻ നെതനാഹ്യവായിരുന്നു ഇതിലേക്കുള്ള വഴികാട്ടി. പക്ഷേ ജെനാനാഥന്റെ രക്തസാക്ഷിത്വമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും നെതന്യാഹു പറയുന്നുണ്ട്. ലോക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ കമാൻഡോ ഓപ്പറേഷനായ ഓപ്പറേഷൻ എന്റബെയിലാണ് ജൊനാഥൻ കൊല്ലപ്പെടുന്നത്.
ഫലസ്തീനിയൻ തീവ്രാവാദ സംഘടനയായ പി.എഫ്.എൽ.പി, 1976 ജൂൺ 27ന് എയർ ഫ്രാൻസ് വിമാനം റാഞ്ചി, ഉഗാണ്ടയിലെ എന്റബെ എയർപ്പോർട്ടിൽ ഇറക്കിയത് ലോകത്തെ നടുക്കിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതോടെ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ ഒരു മിന്നലാക്രമണം നടത്തി. അതിന്റെ പേരാണ് ഓപ്പറേഷൻ എന്റബെ. 1976 ജൂലൈ 4നാണ് ഈ കമാൻഡോ ഓപ്പറേഷൻ അരങ്ങേറിയത്. ദൗത്യം വൻ വിജയമായി. യാത്രികർ സുരക്ഷിതമായി തിരിച്ചെത്തി. പക്ഷേ വിമാന റാഞ്ചികൾക്കൊപ്പം കാവൽക്കാരായ ഉഗാണ്ടൻ സൈനികരും, ചില ഇസ്രയേൽ കമാൻഡോകളും കൊല്ലപ്പെട്ടു. അതിൽ ഇസ്രയേലിന്റെ സൂപ്പർ കമാൻഡോ ജൊനാഥനും ഉൾപ്പെട്ടിരുന്നു. സഹോദരന്റെ മരണം വല്ലാതെ ഉലച്ചെങ്കിലും ഓരോ ദേശസ്നേഹിയെയും പോലും അത് തന്നിൽ അഭിമാനവും ഉയർത്തിയെന്ന് നെതന്യാഹു പറയുന്നു. ഇന്നും ഇസ്രയേലിന്റെ നാഷണൽ ഹീറോകളാണ് എന്റബെ ദൗത്യത്തിൽ പങ്കെടുത്തവർ.
ചോരച്ചാലുകൾ നീന്തിയ മനുഷ്യൻ
അങ്ങനെ ചോരച്ചാലുകൾ ഏറെ കണ്ട മനുഷ്യനാണ് നെതന്യാഹു. തോക്ക്പിടിച്ച് കൈ തഴമ്പിച്ച മനുഷ്യൻ. നിരവധി തവണ യുദ്ധരംഗത്ത് അദ്ദേഹത്തിന് മാരകമായി പരിക്കേറ്റിട്ടുണ്ട്. മരണം ഒഴിഞ്ഞുപോയത് തലനാരിഴക്കാണ്. (നമ്മുടെ നാട്ടിൽ യുദ്ധം പോയിട്ട്, ഒരു സംഘർഷംപോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ 'ചോരച്ചാലുകൾ നീന്തിക്കയറിയ ധീരന്മാരുടെ പ്രസ്ഥാനം' എന്ന് മുദ്രാവാക്യം വിളിക്കുന്നത് കേട്ടാൽ ഇസ്രയേലികൾ പൊട്ടിച്ചിരിച്ചുപോകും! )
ചെറുപ്പത്തിൽ കുറച്ചകാലം ആ കുടുംബം യുഎസിൽ ആയിരുന്നു. 1967ൽ ഹൈസ്‌ക്കുൾ പഠനം പൂർത്തിയാക്കിയശേഷം നെതന്യാഹു, സേനയിൽ ചേരാൻ ഇസ്രയേലിലേക്ക് മടങ്ങി. ഒരു കമാൻഡോയായി പരിശീലനം നേടിയ അദ്ദേഹം പ്രത്യേക സേനാ വിഭാഗമായ സയറെത് മത്കലിൽ അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1967-70 ലെ യുദ്ധത്തിൽ അദ്ദേഹം നിരവധി അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ പങ്കെടുത്തു. യൂണിറ്റിലെ ടീം ലീഡറായി വൈകാതെ ഉയർന്നു.
67ലെ 'സിക്സ് ഡേ വാർ' ആണ് ഇന്നും ലോകചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ യുദ്ധമായി കണക്കാക്കപ്പെടുന്നത്. പ്രതാപശാലിയായ നാസറിന്റെ നേതൃത്വത്തിൽ ഈജിപ്ത് അടക്കം പത്ത് അറബ് സഖ്യകക്ഷികൾ നാലുപാടുനിന്നു വളഞ്ഞിട്ട് ആക്രമിക്കുന്നതോടെ, ഇസ്രയേൽ എന്ന കൊച്ചു രാഷ്ട്രം തീർന്നുപോകും എന്നാണ് അമേരിക്ക അടക്കമുള്ളവർ കരുതിയത്. പക്ഷേ ഇസ്രയേൽ അവരെ കനത്ത വ്യോമാക്രമണത്തിലുടെ വെറും ആറ് ദിവസം കൊണ്ട് ചരുട്ടിക്കെട്ടി. അങ്ങനെ ഒരുപാട് ഭൂമിയും അവർ പിടിച്ചെടുത്തു. ആ യുദ്ധത്തിൽ പങ്കെടുത്ത സൈനികർ തന്നെയാണ് പിൽക്കാലത്ത് ഇസ്രയേലിന്റെ ഭരണയന്ത്രം നിയന്ത്രിച്ചവരെല്ലാം. നെതന്യാഹു അടക്കം.
മിന്നൽ വേഗത്തിലുള്ള പ്രവർത്തനത്തിലുടെ 'സൂപ്പർ കോപ്' എന്ന പേര് നെതന്യാഹു സ്വന്തമാക്കി. 1968ലെ ലെബനനിലെ ഇസ്രയേൽ റെയ്ഡ് ഇതിൽ പ്രശസ്തമാണ്. 1972 മെയ് മാസത്തിൽ ഹൈജാക്ക് ചെയ്യപ്പെട്ട ഒരു വിമാനത്തിലെ കമാൻഡോ ഒപ്പാറേഷനിടെ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. 1972ൽ അദ്ദേഹം സൈനിക സേവനത്തിൽനിന്ന് വിരമിച്ചു. പക്ഷേ രഹസ്യാന്വേഷണ വിഭാഗത്തിൽ തുടന്നു. പിന്നെ അദ്ദേഹം അമേരിക്കയിൽ പഠിക്കാൻ പോയി. പക്ഷേ അപ്പോഴാണ് വീണ്ടും യുദ്ധമെത്തിയത്. 1973 ഒക്ടോബറിലെ യോം കിപ്പൂർ എന്ന പേരിൽ പ്രസിദ്ധമായ യുദ്ധം. 1967ൽ ഉണ്ടായ കനത്ത തോൽവിയെ തുടർന്ന് ഇനി ഉടനെയൊന്നും അറബ് രാഷ്ട്രങ്ങൾ തങ്ങളെ ആക്രമിക്കാൻ വരില്ല എന്നായിരുന്ന ഇസ്രയേൽ കരുതിയത്. ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് നാസറിന്റെ മരുമകൻ അടക്കമുള്ളവരെ ചാരന്മാരാക്കിവെച്ചുകൊണ്ട് വലിയൊരു ഇന്റലിജൻസ് വിഭാഗവും ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ഉണ്ടായിരുന്നു. പക്ഷേ 73ലെ ആക്രമണം മൊസാദിന് പ്രവചിക്കാൻ ആയില്ല. സിറിയ, ഈജിപ്ത്, ലെബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായാണ് ഇസ്രയേലിനെ ആക്രമിച്ചത്.
അന്ന് വളരെക്കുറച്ച് ഇസ്രായൽ സൈനികൾ മാത്രമേ ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിന് വിളിക്കാൻ കഴിയുന്ന റിസർവ് സേനയായിരുന്നു ബാക്കിയുള്ളവർ. എന്നാൽ പൊടുന്നനേ യുദ്ധം ഉണ്ടായതിനാൽ, സേനയെ ഒരുക്കാൻ ഇസ്രയേലിന് ആയില്ല. അതുകൊണ്ടുതന്നെ ആദ്യദിവസങ്ങളിൽ അറബ് സേന ജയിച്ച് കയറി. അപ്പോഴേക്കും ഇസ്രയേൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സൈനികരെ തിരിച്ചുവിളിച്ചു. അങ്ങനെ അമേരിക്കയിൽ പഠിക്കാൻ പോയ ബെഞ്ചമിൻ നെതന്യാഹുവും തിരിച്ചെത്തി വീണ്ടും തോക്കെടുത്തു.
ഈജിപ്ഷ്യൻ സേനയ്‌ക്കെതിരെ സൂയസ് കനാലിലൂടെയുള്ള പ്രത്യേക സേന റെയ്ഡുകളിൽ അദ്ദേഹം പങ്കെടുത്തു. സിറിയൻ പ്രദേശത്തിനുള്ളിൽ കമാൻഡോ ആക്രമണത്തിന് നേതൃത്വം നൽകി. അത് വൻ വിജയം ആയിരുന്നു. മൂന്നാഴ്ച കൊണ്ട് അറബ് സേനയെ അവർ തുരത്തി. പക്ഷേ ഇസ്രയേലിനും വൻ സൈനിക നഷ്ടം ഉണ്ടായി. ആ യുദ്ധത്തിലെ ഹീറോകൾ ഒരാളായി നെതന്യാഹുവും അറിയപ്പെട്ടു. ഇസ്രായിലേനാകട്ടെ ആരാലും തോൽപ്പിക്കാൻ കഴിയാത്ത ഒരു സാത്താന്റെ ഇമേജും അറബികൾക്കിടയിൽ കിട്ടി.
രാഷ്ട്രീയത്തിലും വിജയം കൊയ്യുന്നു
73ലെ യുദ്ധ വിജയത്തിനുശേഷം അമേരിക്കയിൽ തിരിച്ചെത്തിയ നെതന്യാഹു വീണ്ടും തന്റെ പഠനം തുടർന്നു. മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ ഇക്കണോമിക് കൺസൾട്ടന്റായി പ്രവർത്തിച്ചു. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു അദ്ദേഹം. അതോടെ 1980കളിൽ അമേരിക്കൻ ടെലിവിഷൻ ചാനലുകളിൽ ഇസ്രയേലിന്റെ പുതിയമുഖമായി നെതന്യാഹു മാറി.
1980 മുതൽ 82 വരെ അദ്ദേഹം ജറുസലേമിലെ റിം ഇൻഡസ്ട്രീസിന്റെ മാർക്കറ്റിങ് ഡയറക്ടറായിരുന്നു. ഇക്കാലയളവിലാണ് നെതന്യാഹു ഇസ്രയേൽ മന്ത്രി മോഷെ അരൻസ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കുന്നത്. 1982 മുതൽ 84 വരെ അമേരിക്കയിലെ ഇസ്രയേലി എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ചു. 1984 മുതൽ 88 വരെ യുഎന്നിൽ ഇസ്രയേലിന്റെ സ്ഥിരാംഗമായി. 1988ലെ ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കിങ് ബീബി, മിസ്റ്റർ സെക്യൂരിറ്റി എന്നെല്ലാം ആരാധകരും ക്രൈം മിനിസ്റ്റർ എന്ന് വിമർശകരും വിളിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയപ്രവേശം. 1993ൽ ലികുഡ് പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രതിപക്ഷനേതാവുമായി. പ്രധാനമന്ത്രി യിത്സാക് റബിൻ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുമെത്തി. 1996-ൽ തന്റെ 46ാം വയസ്സിലാണ് നെതന്യാഹു ആദ്യമായി ഇസ്രയേൽ പ്രധാനമന്ത്രിയാവുന്നത്.
1999ലെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നെതന്യാഹു രാഷ്ട്രീയത്തിൽനിന്ന് താൽക്കാലിക വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്വകാര്യ മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ച അദ്ദേഹം 2000-ൽ തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ലികുഡ് പാർട്ടി ചെയർമാനായ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായപ്പോൾ രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി പ്രവർത്തിച്ചു. ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നടപടികൾ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുത്തത്. എന്നാൽ ഷാരോണുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടർന്ന് 2005-ൽ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ വീണ്ടും പാർട്ടിയുടെ അമരത്തേക്ക് നെതന്യാഹു എത്തി. 2009 മുതൽ വീണ്ടും 12 വർഷം അധികാരത്തിൽ. 73 വർഷത്തെ ചരിത്രമുള്ള ഇസ്രയേലിൽ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെന് ഗൂറിയനെയും മറികടന്ന് ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് എന്ന ചരിത്രവും കുറിച്ചു.
തീവ്ര വലതുപക്ഷത്തിന് ഒപ്പം
12 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ താഴെയിറക്കിയത് യെഷ് ആത്തിദ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. 2019-നും 2021-നുമിടയ്ക്ക് മൂന്നുതിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും ഭൂരിപക്ഷസർക്കാരുണ്ടാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഒടുവിൽ 2021-ൽ അസാധാരണ കൂട്ടുകെട്ടിലൂടെ യയീർ ലപീദും നഫ്താലി ബെന്നറ്റും ചേർന്ന് ഭരണം പിടിക്കുകയായിരുന്നു. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ ലപീദും നഫ്താലി ബെന്നറ്റും പ്രധാനമന്ത്രിസ്ഥാനം പങ്കിടാമെന്ന വ്യവസ്ഥയിൽ സർക്കാരുണ്ടാക്കി. ഇതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. ഇതിനിടയിൽ അഴിമതിയാരോപണങ്ങളും നെതന്യാഹുവിനെ വേട്ടയാടി. 2016-ലാണ് നെതന്യാഹുവിനെതിരേ അന്വേഷണമാരംഭിച്ചത്. 2019-ൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്നുകേസുകളിൽ പ്രതിയായി. 2020-ൽ വിചാരണനേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി.
ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ കഴിഞ്ഞ നാല് വർഷമായി രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇസ്രയേൽ കടന്നുപോയിരുന്നത്. നാല് വർഷത്തിനിടിയിൽ ഇസ്രയേലിൽ നടന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു അടുത്ത് നടന്നത്. നവംബറിലാണ് യയീർ ലപീദിന്റെ പാർട്ടിയെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നെതന്യാഹുവിന്റേത് വലതുപക്ഷ പാർട്ടിയാണെങ്കിലും കടുത്ത യാഥാസ്ഥിതിക പാർട്ടികളും തീവ്രവലതുപക്ഷ പാർട്ടികളുമാണ് ഇത്തവണ അദ്ദേഹത്തിന്റെ സഖ്യത്തിൽ.
എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടു മാസത്തോളമായി സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭാ രൂപീകരണത്തിന് സഖ്യകക്ഷികൾ കടുത്ത ഉപാധികൾ മുന്നോട്ടു വെച്ചതാണ് സർക്കാർ രൂപീകരണം വൈകിച്ചത്. ഒടുവിൽ സഖ്യകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവർക്കായി നിയമനിർമ്മാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയാണ് സർക്കാർ അധികാരത്തിലെത്തുന്നത്. ഡിസംബറിലാണ് ഇസ്രയേലിൽ സർക്കാരുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷം തന്റെ ലികുഡ് പാർട്ടിക്കുണ്ടെന്ന് പ്രസിഡന്റ് ഇസാക് ഹെർസോഗിനെ ഔദ്യോഗികമായി അറിയിച്ചത്. സർക്കാരുണ്ടാക്കാൻ നൽകിയ സമയപരിധി അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കേയാണ് നെതന്യാഹു സർക്കാരുണ്ടാക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്.
'എൽജിബിടിക്കാർക്ക് ചികിത്സയില്ല'
സഖ്യകക്ഷി മന്ത്രിമാരെ നിയമിക്കാനായി നിലവിലുള്ള നിയമത്തിൽ നെതന്യാഹുവിന് ഭേദഗതികൾ വരുത്തേണ്ടി വന്നു. പ്രധാനമായും രണ്ട് നിയമഭേദഗതികളാണ് നടപ്പാക്കിയത്. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ടുള്ളതാണ് അതിലൊന്ന്. വെസ്റ്റ് ബാങ്കിലെ യഹൂദ സെറ്റിൽമെന്റുകൾ വികസിപ്പിക്കുന്നതിന്റെ ചുമതലയ്ക്കായി പ്രതിരോധ മന്ത്രാലയത്തിൽ ഒരു രണ്ടാം മന്ത്രിയെ നിയമിക്കാനായിരുന്നു ഭേദഗതി. തീവ്ര വലതുപാർട്ടിയായ റിലീജിയസ് സയണിസത്തിന്റെ നേതാവ് ബെസാലേൽ സ്‌മോട്രിച്ചാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. നികുതിവെട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ഷാസിന്റെ നേതാവ് അര്യേഹ് ദേരിയെ മന്ത്രിയാക്കാനുള്ള അനുമതിയാണ് മറ്റൊന്ന്. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ലാത്തവർക്ക് മന്ത്രിയാകാം എന്ന നിലയിൽ ഭേദഗതി വരുത്തി ദേരിയെ മന്ത്രിയാക്കുക എന്നതായിരുന്നു ലക്ഷ്യം.
വിദ്യാഭ്യാസ വകുപ്പാണ് ദേരിക്ക് നൽകിയിരിക്കുന്നത്.
എൽജിബിടിക്യു സമൂഹത്തോട് കടുത്ത എതിർപ്പ് പുലർത്തുന്നയാളാണ് ദേരി. അതേസമയം, ദേരിയുടെ നിയമനത്തിനെതിരെ ശാസ്ത്രജ്ഞരും അക്കാദമിക്കുകളും മുൻ നയതന്ത്രജ്ഞരുമടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതെല്ലാം ഇസ്രായൽ മാധ്യമങ്ങൾ വൻ തോതിതിൽ വിമർശിച്ചിട്ടുണ്ട്.
ഇനി നെതന്യാഹു തള്ളിയ, വലതുപക്ഷക്കാരുടെ ആവശ്യങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും. ലൈംഗിക ന്യൂനപക്ഷങ്ങളെ ചികിത്സിക്കുന്നതിൽനിന്ന്, മതപരമായ വിലക്കുകൾ ചൂണ്ടിക്കാട്ടി വിട്ടു നിൽക്കാൻ ഡോക്ടർമാരെ അനുവദിക്കുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു, റീലീജയസ് സയണിസ്റ്റ് പാർട്ടി എംപിയും നെതന്യാഹു മന്ത്രിസഭയിൽ അംഗവുമായ സ്ട്രൂക്കിന്റെ ആവശ്യം. എൽജിബിടി സമൂഹത്തെ ശുശ്രൂഷിക്കാൻ മറ്റ് ഡോക്ടർമാർ ഉണ്ട് എന്നതായിരന്നു ഇവരുടെ ന്യായം. രാജ്യത്ത് വിവേചനത്തെ നിരോധിക്കുന്ന 'ആന്റിഡിസ്‌ക്രിമിനേഷൻ നിയമം' ഭേദഗതി ചെയ്ത് തങ്ങളുടെ ആവശ്യം ഉൾപ്പെടുത്തണം എന്നായിരുന്നു തീവ്രയാഥാസ്ഥിതിക പാർട്ടിക്കാരുടെ ആവശ്യം. ഇതിനോട് വ്യാപകമായ എതിർപ്പുയർന്നതോടെ ഇക്കാര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നെതന്യാഹു തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തൊഴിലില്ലാത്തതോ സൈന്യത്തിന്റെ ഭാഗമല്ലാത്തതോ ആയ അതിതീവ്ര മതയാഥാസ്ഥിതികർക്ക് നൽകുന്ന സബ്സിഡി തുക വർധിപ്പിക്കുന്ന തരത്തിൽ മറ്റ് ഭേദഗതികൾക്കും നെതന്യാഹുവിന് മേൽ സമ്മർദമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്ങേയറ്റം പിന്തിരിപ്പൻ എന്ന് ഇതുവരെ കണക്കാക്കിയിരുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇത്തവണ നെതന്യാഹുവിനൊപ്പം അധികാരം പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേൽ-ഫലസ്തീൻ ബന്ധവും ഇസ്രയേൽ- അറബ് ബന്ധവും പാശ്ചാത്യ ലോകവുമായുള്ള ബന്ധവും എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ആശങ്കകൾ ഇപ്പോഴേ ഉയർന്നിട്ടുണ്ട്.
ഇന്ത്യയുടെ സുഹൃത്ത്; ഇറാന്റെ ശത്രു
നെതന്യാഹുവിന്റെ തിരിച്ചുവരവിൽ മുട്ടടിക്കുന്നത് ശരിക്കും ഇറാനാണ്. ആ ഷിയാ രാഷ്ട്രത്തെ ഏത് വിധേനെയും പൂട്ടുമെന്ന് നേരത്തെ നിലപാട് എടുത്ത നേതാവാണ് നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവിനെപ്പോലും മൊസാദ് വധിച്ചത് ഓർമ്മയുണ്ടാവും. ഇറാനാവട്ടെ നിരന്തരമായി ഇസ്രയേലിനെ തകർക്കാൻ ശ്രമിക്കയുമാണ്. ഇറാന്റെ ആണവായുധ വികസന പരിപാടി തടയുക എന്നതായിരിക്കും ഇസ്രയേലിന്റെ പ്രധാന ദൗത്യം. ഇറാനെ സൈനികമായിത്തന്നെ നേരിടണമെന്ന് വാദിക്കുന്ന മുതിർന്ന നേതാവ് സാച്ചി ഹനേഗ്‌ബിയെയാണ് നെതന്യാഹു ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവനായി നിയമിച്ചിരിക്കുന്നത്. ഇറാന്റെ ആണവ സംവിധാനങ്ങൾ നെതന്യാഹു തകർക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഹനേഗ്‌ബി.
ഇന്ത്യ- ഇസ്രയേൽ ബന്ധത്തിന്റെ ശക്തനായ വക്താവാണ് നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും. ഒരിടവേളയ്ക്ക് ശേഷം ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു തിരിച്ചെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഒരുപടി കൂടി ശക്തിപ്പെട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഊഷ്മളമായ സ്വീകരണമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇസ്രയേൽ ഒരുക്കിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റിനും മാർപ്പാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു അംഗീകാരം നൽകാറുള്ളത്. പ്രിയ സുഹൃത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നെതന്യാഹു ഹിന്ദിയിൽ പറഞ്ഞു. ഇസ്രയേലിൽ പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ പരിപാടികളിലും നെതന്യാഹു മോദിയോടൊപ്പം അനുഗമിച്ചു.
2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഇസ്രയേൽ ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളർന്നിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖർജി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി സുഷമാസ്വരാജ് എന്നിവർ ഇസ്രയേൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യു.എൻ. പ്രമേയങ്ങളുടെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഇസ്രയേലിന് പരോക്ഷപിന്തുണ നൽകുന്ന നടപടിയായിരുന്നു അതെന്നാണ് വിലയിരുത്തപ്പെട്ടത്. അതിന്റെ തുടർച്ചയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം. 'കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു' എന്നാണ് ബെഞ്ചമിൻ നെതന്യാഹു അന്ന് പറഞ്ഞത്. നെതന്യാഹു തിരിച്ചെത്തുന്നതോടെ ഇത് കൂടുതൽ ശക്തിപ്പെട്ടേക്കും.
കാർഗിലിൽ പാക്കിസ്ഥാന്റെ കടന്നുകയറ്റം ഇന്ത്യക്ക് കാണിച്ചുകൊടുത്തത് ഇസ്രായോൽ ആണ്. മാത്രമല്ല ചൈനയുടെ ചാരക്കപ്പലിനെ നാം പ്രതിരോധിക്കുന്നതും ഇസ്രയേൽ ടെക്ക്നോളജി വച്ചാണ്. അതുപോലെ സൈനിക രംഗത്തെ നിരവധി ആയുധങ്ങളും ഇപ്പോൾ ഇസ്രയേൽ സഹകരണത്തോടെയാണ് ഇന്ത്യ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ നെതന്യാഹു വരുന്നത് ഫലത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് പറയുന്നത്.
എല്ലാം അബ്രഹാം കരാറിൽ
എന്നാൽ ഷിയാ രാഷ്ട്രത്തിനുള്ള അത്ര വിരോധം ഇപ്പോൾ സുന്നി രാഷ്ട്രങ്ങൾക്ക് ഇസ്രയേലിനോട് ഇല്ല. നെതന്യാഹു ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വിലയിരുത്തപ്പെട്ടിരുന്നത് അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ 2020ൽ നിലവിൽ വന്ന 'അബ്രഹാം ഉടമ്പടി' തന്നെയാണ് ഇതിൽ പ്രധാനം. ,ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത് നെതന്യാഹുവിന് വലിയ രാഷ്ട്രീയനേട്ടമായി.യുഎഇയുമായി വിവിധ മേഖലകളിൽ സഹകരിക്കാനും തിരിച്ച് യുഎഇ, ഇസ്രയേലിന്റെ പരമാധികാരത്തെ അംഗീകരിച്ചുമുള്ള കാരാർ അതിനുശേഷം ഉണ്ടായി. യുഎഇക്ക് പിന്നാലെ ബഹ്റൈനുമായും ഇസ്രയേൽ ഈ കരാറിൽ ഏർപ്പെട്ടു.
ഒമാൻ തുടങ്ങി ബാക്കിയുള്ള അറബ് രാജ്യങ്ങളുമായി ചർച്ച തുടരുന്നതിനിടെ മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളും കരാറിന്റെ ഭാഗമായി ഇസ്രയേലിനെ അംഗീകരിച്ചു. നെതന്യാഹുവിന്റെ മുന്നിലുള്ളത് ഇനി സൗദി അറേബ്യയാണ്. അറബ് ലോകവുമായുള്ള സഹകരണത്തിലെ ഏറ്റവും പ്രധാനം സൗദിയുമായുള്ളതാണെന്ന് നെതന്യാഹുവിന് അറിയാം. അമേരിക്കയുമായുള്ള സഹകരണത്തിൽ കൂടി മാത്രമേ സൗദി കരാർ നടപ്പാകൂ എന്നതിനാൽ നെതന്യാഹുവിന് അറിയാം. യഹൂദന്മാരും, ക്രസ്ത്യാനികളും, മുസ്ലീങ്ങളും ഒരുപോലെ ആദിപിതാവായി കണക്കാക്കുന്ന എബ്രഹാമിന്റെ പേരുതന്നെ ഈ കരാറിന് ഇട്ടത് ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. കാരണം ഇസ്രയേലിനോടുള്ള വിരോധത്തിന്റെ അടിസ്ഥാനപരമായ കാരണം മത വിരോധം തന്നെയാണെല്ലോ.
സ്നേഹിക്കുന്നവർക്ക്, ദൈവമാണ് നെതന്യാഹു. എന്നാൽ വിമർശകർക്ക് ചെകുത്താനും. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതാണ് ശൈലി. ഒന്നാന്തരം അഴിമതിക്കാരനാണെന്നും ക്രൈം പ്രൈംമിസ്റ്റർ എന്നൊക്കെ അദ്ദേഹം വിമർശിക്കപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തിൽ സ്ത്രീലമ്പടനാണെന്ന ആരോപണവുമുണ്ട്. മൂന്ന് വിവാഹങ്ങളിൽ രണ്ടും ഡിവോഴ്സായി. അസംഖ്യം പ്രണയങ്ങളും നെതന്യാഹുവിന്റെ പേരിൽ ഗോസിപ്പായി. പക്ഷേ മാധ്യമങ്ങൾ തന്റെ വ്യക്തജീവിത്തിൽ തലയിടേണ്ട എന്നാണ് നെതന്യാഹുവിന്റെ നിലപാട്.
്എന്തായാലും ഇന്ന ശാസ്ത്ര- സാങ്കേതികവിദ്യകൾകൊണ്ടും ആയുധക്കരുത്തിലും ലോകത്തിന്റെ നെറുകയിലാണ് ഇത്തിരിയുള്ള ഈ കുഞ്ഞൻ രാഷ്ട്രം. ഒരു പരിധിവരെ ലോകത്തെ നിയന്ത്രിക്കുന്നതുപോലും ഈ കൊച്ചു രാഷ്ട്രമാണ്. അവിടെ നെതന്യാഹു എടുക്കുന്ന ചെറിയ തീരുമാനങ്ങൾപോലും ഈ കൊച്ചുകേരളത്തെപോലും സ്വാധീനിക്കും. 'യുദ്ധത്തിനല്ല, അത്മരക്ഷക്കും സമാധനാനത്തിലുമാണ് തങ്ങൾ നിലകൊള്ളുന്നത്' എന്ന നെതന്യാഹുവിന്റെ വാക്കുകൾ ശരിയാകണേ എന്ന പ്രാർത്ഥനയിലാണ് ലോകത്തിലെ സമാധാന പ്രേമികൾ.
വാൽക്കഷ്ണം: ''ഈ സർക്കാരിനെ ഞാൻ നയിക്കും. മറ്റ് പാർട്ടികൾ എനിക്കൊപ്പമാണ് ചേർന്നത്, ഞാൻ അവർക്കൊപ്പമല്ല. അവരിൽ പലരും അവരുടെ കടുത്ത നിലപാടുകളിൽ അയവുവരുത്തുകയും മാറ്റം വരുത്തുകയും ചെയ്തു. കാരണം അധികാരത്തിനൊപ്പം ഉത്തരവാദിത്വവും വരുന്നു.''- നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് അത്. അതായത് തന്നോടൊപ്പം ചേരുമ്പോൾ തീവ്ര വലതുപക്ഷം നിലപാട് മയപ്പെടുത്തേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്. ഇത് എത്ര പ്രായോഗികവും ആവും എന്നും കാത്തിരുന്ന് കാണാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ