സുപ്രീകോടതിയിലെ മുതിർന്ന അഭിഭാഷകൻ, സിദ്ധാർഥ് ലൂത്രയെ സംബന്ധിച്ച് അത് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. താൻ വാദിച്ച ജയിച്ച് മറ്റ് കേസുകളെ സംബന്ധിച്ച് നോക്കുമ്പോൾ എത്രയോ ലളിതമായ ഒരു കേസും. പക്ഷേ ഇന്നലത്തെ ആ ഒരുദിവസം കഴിഞ്ഞതോടെ മലയാളികളുടെ സ്‌നേഹാദരങ്ങളാൽ ആ അഭിഭാഷകൻ വീർപ്പുമുട്ടുകയാണ്. നിർത്താതെ അടിക്കുന്ന ഫോൺ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിളിച്ച് ആംശസകളും സ്‌നേഹവും അറിയിക്കുന്ന മലയാളികൾ. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായി, അറസ്റ്റ് തടയിപ്പിച്ച സിദ്ധാർഥ് ലൂത്രയെന്ന മനുഷ്യവകാശ പ്രവർത്തകൻ കൂടിയ അഭിഭാഷകൻ, മറുനാടന്റെ വായനക്കാർക്കിടയിലും ഹീറോയാണിപ്പോൾ.

മുൻ അഡീഷണൽ സോളിസിറ്റർ ജനറലാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അംഗീകരിക്കപ്പെട്ട നിയമ വിദഗ്ധനാണ് ഇദ്ദേഹം. പിതാവ് കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.

ക്രിമിനൽ നിയമം, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവയിൽ ലുത്ര വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഡൽഹി സ്‌റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റി അംഗവും ഇന്ത്യൻ ക്രിമിനൽ ജസ്റ്റിസ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമാണ് ലൂത്ര. ഡൽഹി ലോ ടൈംസ്, ഡൽഹി റിപ്പോർട്ട് ചെയ്ത വിധിന്യായങ്ങൾ എന്നീ രണ്ട് ഇന്ത്യൻ നിയമ ജേണലുകളുടെ ഉപദേശക സമിതിയിലും അദ്ദേഹം ഇരിക്കുന്നു. നിയസംബന്ധിയായ നിരവധി ലേഖനങ്ങൾ പ്രമുഖ പത്രങ്ങളിൽ എഴുതിയിട്ടുണ്ട്. വിദേശ യൂണിവേഴ്‌സറ്റികളിൽവരെ നിരവധി ക്ലാസുകളും.

മന്മോഹൻ സിങ് ഭരണകാലത്ത് ആഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു ലൂത്ര. രാജ്യം ചർച്ച ചെയ്ത നിർഭയ ബലാത്സംഗ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ജമ്മു കാശ്മീരിലെ തീവ്രവാദ ഫണ്ട് കേസിലും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായി. അങ്ങനെ നിരവധി കേസുകളിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ അഭിഭാഷകൻ. ഈ പരിചയക്കരുത്തിനെയാണ് അസാധാരണ നിയമ പോരാട്ടത്തിന് മറുനാടനും തെരഞ്ഞെടുത്തത്. രാജ്യത്തെ എല്ലാ അഭിഭാഷക വിദ്യാർത്ഥികൾക്കും പ്രചോദനമാണ് ഈ അഡ്വക്കേറ്റിന്റെ ജീവിതം.

ഗണിതത്തിൽ നിന്ന് നിയമത്തിലേക്ക്

1966 ഫെബ്രുവരി 16ന് ഡൽഹിയിലാണ് സിദ്ധാർഥ ലൂത്രയുടെ ജനനം. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്ന പിതാവ് കെ കെ ലൂത്രയുടെ മകൻ പിറന്നിവീണത് തന്നെ വ്യവഹാരങ്ങളുടെ ലോകത്താണ്. പക്ഷേ മകൻ തന്റെ അതേ വഴിയിലേക്ക് വരണമെന്ന് ആ പിതാവിന് യാതൊരു നിർബന്ധവും ഇല്ലായിരുന്നു. ചെറുപ്പത്തിൽ സിദ്ധാർഥിന് താൽപ്പര്യം ഗണിതത്തിൽ ആയിരുന്നു. ഉത്ര ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. മിടുക്കയായിരുന്ന അദ്ദേഹത്തിന് സയൻസിലും ഏറെ താൽപ്പര്യം ഉണ്ടായിരുന്നു.

1987ൽ ഡൽഹിയിലെ ഹിന്ദു കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. പക്ഷേ ആയിടെ അദ്ദേഹത്തിന് ഗണിതത്തിലുള്ള താൽപ്പര്യം കുറഞ്ഞുവന്നു. അത് പലപ്പോഴും ബോറടിപ്പിക്കുന്നതായും വരണ്ടതായും തോന്നിയതായി ലൂത്ര ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അക്കാലത്തും, മെഡിസിൻ, എഞ്ചിനീയറിങ്, ചാർട്ടേഡ് അക്കൗണ്ടൻസി എന്നിവയായിരുന്നു ജനപ്രിയ ഓപ്ഷനുകൾ. ഏതിനും അഡ്‌മിഷൻ കിട്ടാനുള്ള മാർക്കും അവനുണ്ടായിരുന്നു. എന്നാൽ നിയമം പഠിക്കാനാണ് അദ്ദേഹം തീരുമാനിച്ചു.

ഇത് പിതാവിന്റെ വഴി പിന്തുടരാൻ വേണ്ടിയല്ല, മറിച്ച് ശരിക്കും അതിൽ താൽപ്പര്യം ഉള്ളതുകൊണ്ടായിരുന്നു. അങ്ങനെ ഡൽഹി സർവകലാശാലയിലെ പ്രശസ്തമായ കാമ്പസ് ലോ സെന്ററിൽ നിന്ന് 1990ൽ നിയമ ബിരുദം നേടി. തുടർന്ന് അദ്ദേഹം ക്രിമിനോളജിയിൽ എംഫിൽ പഠിക്കാൻ കേംബ്രിഡ്ജ് സർവകലാശാലയിൽ പോയി. പിന്നീട് വൈറ്റ്‌കോളർ തട്ടിപ്പുകേസുകളിൽ ഈ ക്രിമിനോളജി പഠനം അദ്ദേഹത്തിന് ഏറെ പ്രയോജനപ്പെട്ടുവെന്ന് പലരും എഴുതിയിട്ടുണ്ട്.

സിവിലിൽ നിന്ന് ക്രിമിനലിലേക്ക്

അക്കാലത്ത് സിദ്ധാർഥിന്റെ ആഗ്രഹം, നിയമം പ്രാക്ടീസ് ചെയ്യണമെന്നല്ല അദ്ധ്യാപകനാകണമെന്നായിരുന്നു. അത് പിന്നീട് യാഥാർത്ഥ്യമായി. താൻ പഠിച്ച കാമ്പസ് ലോ സെന്ററിൽ അടക്കം അദ്ദേഹം നിയമം പഠിപ്പിച്ചു. നിലവിൽ യുകെയിലെ നോർത്തുംബ്രിയ യൂണിവേഴ്‌സിറ്റിയിലും, വിവിധ വിദേശ ജുഡീഷ്യൽ അക്കാദമികളിലും വിസിറ്റിങ് പ്രൊഫസറാണ് സിദ്ധാർത്ഥ് ലൂത്ര. പിന്നീട് 1997ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം നിയമ അധ്യയനം കുറച്ച്, പൂർണ്ണമായും അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞത്.

പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്ന പിതാവിന്റെ നിഴലിൽ വളരാൻ സിദ്ധാർഥ് ആഗ്രഹിച്ചില്ലെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവിധ ഇംഗ്ലീഷ് ലീഗൽ ജേർണലുകളിൽവന്ന ലേഖനങ്ങൾ പറയുന്നത്. 1991ൽ മാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം പിതാവിന് കീഴിലല്ല അദ്ദേഹം ജോലി തുടങ്ങിയത്. ലളിത് ഭാസിനും അദ്ദേഹത്തിന്റെ ടീമിനും കീഴിൽ ഭാസിൻ & കമ്പനിയിലാണ് തുടക്കം. സിവിൽ, ഉപഭോക്തൃ നിയമങ്ങളിലായിരുന്നു അക്കാലത്ത് അദ്ദേഹം ഫോക്കസ് ചെയ്തത്. 1996 വരെ സിവിൽ നിയമത്തിൽ തുടർന്നു. പ്രഗൽഭനായ ഒരു ക്രമിനൽ അഭിഭാഷകന്റെ മകൻ സിവിൽ കേസുകളിൽ ഫോക്കസ് ചെയ്യുക എന്നത് അക്കാലത്ത് അത്ഭുതമായിരുന്നു.

എന്നാൽ സിവിൽ വ്യവഹാര ലോകത്തും വൻ വിജയമായിരുന്നു അദ്ദേഹം. 1996 വരെയുള്ള ആ കാലഘട്ടത്തിൽ, അദ്ദേഹം ധാരാളം കോർപ്പറേറ്റ് അഡ്‌വൈസറി വർക്ക് നേടി. കമ്പനികൾ സ്ഥാപിച്ചു, വ്യവസായ ലൈസൻസിന് അപേക്ഷിച്ചു, അത് നേടി. കോടതിയിൽ പോകുമ്പോൾ അദ്ദേഹം ഈ ജോലികളും പൂർണ്ണമായും ആസ്വദിച്ചിരുന്നു.എന്നാൽ 1996ൽ പരേതനായ പിതാവ് രോഗബാധിതനായപ്പോൾ അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങിയാണ് സിദ്ധാർഥ് ക്രിമിനൽ വ്യവഹാരലോകത്തേക്ക് എത്തുന്നത്.

വെറുമൊരു ക്രിമിനൽ അഭിഭാഷകൻ മാത്രം ആയിരുന്നില്ല അദ്ദേഹത്തിന്റെ പിതാവ് കെ കെ ലൂത്ര. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാർക്കും നീതി വാങ്ങിക്കൊടുക്കാൻ അഹോരാത്രം യത്‌നിച്ച വ്യക്തികൂടിയായിരുന്നു. ഒരിക്കലും തൊഴിലിൽ സത്യസന്ധത കൈവിടുതെന്ന പിതാവിന്റെ വാക്കുകൾ സിദ്ധാർഥും അതേപടി ഉൾക്കൊള്ളുന്നു. 1997 മെയ് മാസത്തിൽ കെ കെ ലൂത്ര അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ നിലവിലുള്ള മിക്ക ഇടപാടുകാരും ആശ്രയിച്ചത് മകനെ ആയിരുന്നു. അങ്ങനെ കാലന്തരത്തിൽ പിതാവിനെപ്പോലെ മകനെയും, ഒരു കരുത്തുറ്റ ക്രിമിനൽ അഭിഭാഷകനായി മാറി. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം നോക്കിയാൽ തീർത്തും നിയമ കുടുംബം ആണെന്ന് കാണാം. പ്രമുഖ മുതിർന്ന അഭിഭാഷകയായ ഗീതാ ലൂത്ര അദ്ദേഹത്തിന്റെ സഹോദരിയാണ്. സ്ത്രീവിവേചനങ്ങൾക്കെതിരെയും, ലിംഗനീതിക്കുവേണ്ടിയും പോരാടുന്ന കരുത്തുറ്റ ശബ്ദമാണ് ഗീതാ ലൂത്ര.

തെഹൽക്ക കേസ് ബ്രേക്കാവുന്നു

1997ൽ അദ്ദേഹം ബാംഗ്ലൂരിൽ നടന്ന ക്ലാസിക് കമ്പ്യൂട്ടർ കേസ് ആയിരുന്നു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ തുടക്കം. സുപ്രീം കോടതിയിൽപോയാണ് ഈ കേസ് ജയിച്ചത്. പക്ഷേ ഒരു ക്രമിനൽ അഭിഭാഷൻ എന്ന നിലയിൽ സിദ്ധാർഥ് ലൂത്രക്ക് ബ്രേക്ക് കിട്ടുന്നത് തെഹൽക്ക കേസിലൂടെയാണ്. 2002ൽ, ഓപ്പറേഷൻ വെസ്റ്റ് എൻഡ് സ്റ്റിങ് ഓപ്പറേഷനുശേഷം രൂപീകരിച്ച ജസ്റ്റിസ് വെങ്കടസ്വാമി കമ്മീഷനുമുമ്പാകെ തെഹൽക മാസികയെ പ്രതിനിധീകരിച്ച് സിദ്ധാർഥ്് ലുത്രയാണ് ഹാജരായത്. കമ്മീഷന്റെ നടപടിക്രമങ്ങൾക്കിടയിൽ അദ്ദേഹം അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസിനെ ക്രോസ് വിസ്താരം നടത്തി. അതിതീഷ്ണമായിരുന്നു ആ വാദങ്ങൾ എന്ന് ബാർ ആൻഡ് ബെഞ്ച് പിന്നീട് എഴുതി.

2003-04 ആയപ്പോഴേക്കും അദ്ദേഹം നിന്നു തിരയാൻ സമയമില്ലാത്ത വിലപിടിച്ച അഭിഭാഷകനായി മാറി. 2003ൽ പതിനഞ്ചോളം വക്കീലന്മാരുള്ള വലിയ ഓഫീസായി മാറി. 2004 മുതൽ 2007 വരെ മുതിർന്ന പാനൽ കൗൺസലായി ലൂത്ര ഡൽഹി ഹൈക്കോടതിയിൽ ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ചു. 2007ൽ, ഹൈക്കോടതിയിലെ ജഡ്ജിമാർ, അസാധാരണ അഭിഭാഷകർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഒരു മുതിർന്ന കൗൺസിൽ പദവി അദ്ദേഹത്തിന് നൽകി. 43ാം വയസ്സിലാണ് അദ്ദേഹം ഈ പദവിയിൽ എത്തുന്നത്. 2010ൽ ലൂത്ര ഡൽഹി ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് തന്റെ പ്രാക്ടീസ് മാറ്റി.

ജസ്റ്റിസ് സൗമിത്ര സെൻ കേസിൽ ജഡ്ജിമാരുടെ അന്വേഷണ സമിതിയെ സഹായിക്കാൻ 2009ൽ ഇന്ത്യാ ഗവൺമെന്റ് ലൂത്രയെ നിയമിച്ചു. ഇന്ത്യൻ ജുഡീഷ്യറിയെ ഞെട്ടിച്ച കേസുകളിൽ ഒന്നായിരുന്നു ജസ്റ്റിസ് സൗമിത്ര സെന്നിന് നേരെവന്ന ആരോപണം. സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (സെയിൽ) ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള പ്രശ്‌നത്തിൽ കോടതി നിയോഗിച്ച റിസീവറായ സെൻ 32 ലക്ഷം രൂപ കൈപ്പറ്റിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നത്. ജസ്റ്റിസ് സെൻ കുറ്റക്കാരനാണെന്ന് ലൂത്ര ഉൾപ്പെടെയുള്ള കമ്മിറ്റി കണ്ടെത്തിയിരുന്നു. ' അവിടെ ഞങ്ങൾ വിജയിച്ചു. രാജ്യസഭ വിധി ശരിവച്ചെങ്കിലും ലോക്‌സഭയിൽ പ്രമേയം പരിഗണിക്കുന്നതിന് മുമ്പ് അദ്ദേഹം രാജിവച്ചു.' കേസിനെ കുറിച്ച് ലൂത്ര പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. ഇതുപോലെ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നിരവധി ഏടുകളിലൂടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം കടന്നുപോയത്.

അഡീഷണൽ സോളിസിറ്റർ ജനറലാവുന്നു

അദ്ദേഹത്തിന് 43 വയസ്സുള്ളപ്പോൾ, തന്റെ ജഡ്ജി പദവിയിൽ എത്താമായിരുന്നു. പക്ഷേ അത് കുടുംബവുമായി ചർച്ചചെയ്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു ഔദ്യോഗിക പദവിയിലും ദീർഘനാൾ കുരുങ്ങിക്കിടക്കാൻ ആവില്ലെന്നാണ് സിദ്ധാർഥ് ലൂത്രയുടെ വാദം. 2012ൽ അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറലായി രണ്ട് വർഷം ജോലി ചെയ്തു. അത് വളരെ വെല്ലുവിളി നിറഞ്ഞതും തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതുമായിരുന്നതെന്ന് പിന്നീട് അദ്ദേഹം അനുസ്മരിച്ചു. മന്മോഹൻ സിങ് സർക്കാരാണ്, ലുത്രയെ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) സ്ഥാനത്തേക്ക് നിയമിച്ചത്.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിക്കാൻ നിർദ്ദേശിച്ചതാണ് അദ്ദേഹം എഎസ്ജി ആയിരുന്ന കാലത്തെ ഏറ്റവും വലിയ കേസുകളിലൊന്ന്. 2014ൽ സുപ്രീം കോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. അതോടെ രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളുടെ ജീവപര്യന്തം ഒഴിവാക്കണമെന്ന് തമിഴ്‌നാട് സർക്കാർ നിർദ്ദേശിച്ചു. അന്നത്തെ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, അന്തരിച്ച മുതിർന്ന അഭിഭാഷകൻ ഗൂലം എസ്സാജി വഹൻവതി, അന്നത്തെ സോളിസിറ്റർ ജനറൽ സീനിയർ അഭിഭാഷകൻ മോഹൻ പരാശരൻ, സിദ്ധാർഥ് ലൂത്ര എന്നിവർ കേന്ദ്രസർക്കാരിന് വേണ്ടി അതിവേഗം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.

2015 ഡിസംബറിൽ കേന്ദ്ര നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തികളുടെയും സിബിഐ അന്വേഷിക്കുന്ന കേസുകളുടെയും ശിക്ഷ ഇളവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് സ്വമേധയാ അധികാരമില്ലെന്ന് വിധി വന്നു. ചരിത്ര പ്രധാന്യമുള്ള ഈ വിധിയിലും ലൂത്രയുടെ പങ്ക് എടുത്തുപറയയേണ്ടതുണ്ട്.

വാട്‌സാപ്പിന്റെയും വക്കീൽ

എന്നാൽ ലൂത്ര ഗവേഷണം ചെയ്യുകയും നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന്, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന വൈറ്റ് കോളർ കുറ്റകൃത്യങ്ങളെക്കുറിച്ചാണ്. 'എല്ലായിടത്തും അഴിമതികൾ നടക്കുന്നു. വ്യത്യസ്ത കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യ സ്വഭാവത്തിന്റെ വിവിധ വശങ്ങളെ കൈകാര്യം ചെയ്യുന്നത് ആവേശകരമാണ്. ഇനിയുള്ളകാലം നാം പേടിക്കേണ്ടത് വൈറ്റ്‌കോളർ ക്രമിനലുകളെയാണ്''ലൂത്ര ഒരിക്കൽ പറഞ്ഞു. വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ക്രിമിനൽ നിയമം വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ ഓപ്ഷനാണെന്ന് ലൂത്ര പറയാറുണ്ട്.

2011 ഡിസംബറിൽ, ഫേസ്‌ബുക്ക്, ഗൂഗിൾ, യാഹൂ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 21 സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ, പത്രപ്രവർത്തകനായ വിനയ് റായ് ആരംഭിച്ച ക്രിമിനൽ വിചാരണയ്ക്കായി ഫേസ്‌ബുക്ക് നിയമിച്ചത് ലുത്രയെ ആണ്. ഇത് അദ്ദേഹത്തിന് വിദേശരാജ്യങ്ങളിൽപോലും കീർത്തിയുണ്ടാക്കി. വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സംബന്ധിച്ച് രണ്ട് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയിൽ 2016 സെപ്റ്റംബറിൽ സമർപ്പിച്ച ഒരു പൊതുതാൽപര്യ വ്യവഹാരത്തിൽ വാട്‌സ്ആപ്പിനെ പ്രതിനിധീകരിച്ചത് ലുത്രയാണ്. ടാറ്റ സൈറസ് മിസ്ട്രി കേസിലും കോടതിക്കകത്തും പുറത്തും അദ്ദേഹം ഇടപെട്ടിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ പ്രതിനിധീകരിച്ചതും, . ക്രിമിനൽ മാനനഷ്ട നടപടികൾ സ്‌റ്റേ ചെയ്യാനുള്ള കെജ്രിവാളിന്റെ അപ്പീൽ 2016 നവംബറിൽ സുപ്രീം കോടതി നിരസിച്ചതുമെല്ലാം ചരിത്രം. 2015ലെ കാഷ് ഫോർ വോട്ട് അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അഭിഭാഷകനായിരുന്നു ലൂത്ര. 2016 ഡിസംബർ 9ന്, ഹൈദരാബാദ് ഹൈക്കോടതി, പ്രത്യേക അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. ഇങ്ങനെ ഏറ്റെടുത്ത കേസുകളുടെ വിജയ നിരക്ക് നോക്കുമ്പോൾ 98 ശതമാനം കൃത്യതയാണ് അദ്ദേഹത്തിന് ഉള്ളത് എന്നാണ് പല ലീഗൽ ജേണലുകളും ചൂണ്ടിക്കാട്ടുന്നത്.

ചരിത്രം കുറിച്ച നിർഭയ കേസ്

നിർഭയ കൂട്ടബലാത്സംഗക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും ലുത്ര പ്രവർത്തിച്ചിരുന്നു. 2017 മെയ് 5ന് ഈ കേസിന്റെ അന്തിമ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് കുറ്റവാളികളുടെയും വധശിക്ഷ ശരിവച്ചു. ഇതും ലൂത്രക്ക് ഏറെ അഭിനന്ദനങ്ങൾ കിട്ടിയ കേസാണ്.

തന്റെ വ്യവഹാര പ്രവർത്തനങ്ങൾക്ക് പുറമേ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേൾക്കേണ്ട, രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുന്ന വിഷയത്തിൽ അമിക്കസ് ക്യൂറിയായി ലൂത്ര പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം പരിശോധിക്കണമെന്നും, രാഷ്ട്രീയക്കാർക്കെതിരായ ക്രിമിനൽ വിചാരണ വേഗത്തിലാക്കാൻ പൊലീസിനെയും സിബിഐയെയും, രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കണമെന്ന് ലൂത്ര റിപ്പോർട്ട് നൽകി. വിദേശ പബ്ലിക് ഓഫീസർമാരുടെയും പബ്ലിക് ഇന്റർനാഷണൽ ഓർഗനൈസേഷനുകളുടെ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുന്നതിലും ലൂത്ര പഠിച്ച് റിപ്പോർട്ട് നൽകി.

ഈ പഠനവും ഗവേഷണവും തന്നെയാണ് സിദ്ധാർഥ് ലൂത്ര എന്ന അഭിഭാഷകന്റെ ഏറ്റവും വലിയ പ്രത്യേകത. അല്ലാതെ വാചകക്കസർത്തുകൾകൊണ്ട് പിടിച്ചു നിൽക്കുന്ന വ്യക്തിയല്ല അദ്ദേഹം. പൊതുവെ മിതഭാഷിയുമാണ്. ഒരു കേസ് കിട്ടിയാൽ അതിന്റെ എല്ലാഅറ്റവും ചികഞ്ഞ് പോകുന്ന രീതിയിൽ ആഴത്തിലുള്ള പഠനമാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത് എന്നാണ് കുടെ ജോലി ചെയ്തവർ പറയുന്നത്. 'കാറിലും, ഊൺമേശയിലും, വീട്ടിലുമൊക്കെ അഗാധമായി ഇരുന്ന കേസ് പഠിക്കുന്ന അദ്ദേഹത്തെയാണ് ഞങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഒരു വിഷയത്തെ ആരും കാണാത്ത ആംഗിളിലേക്ക് ഉയർത്തിക്കൊണ്ടുപോവാനുള്ള അദ്ദേഹത്തിന്റെ ആ അന്വേഷണഗവേഷണ ത്വര അമ്പരിപ്പിക്കുന്നതാണ്. നിയമ വിഷയങ്ങളിൽ ചലിക്കുന്ന ഒരു വിജ്ഞാനകോശമാണ് അദ്ദേഹം'' സിദ്ധാർഥ് ലൂത്രയുടെ ഓഫീസിൽ ജോലിചെയ്ത ഒരു ജൂനിയർ അഭിഭാഷകന്റ വാക്കുകളാണിത്. 2015ൽ നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റി ലൂത്രയെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

മറുനാടൻ കേസിൽ അഭിനന്ദന പ്രവാഹം

മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരായ കേസിലും ലൂത്ര നടത്തിയത് അതേ പഠന ഗവേഷണ ബുദ്ധിയാണ്. ഏറെ തിരിക്കിനിടയിലും, കഴിഞ്ഞ ആഴ്ച ലൂത്ര കൊച്ചിയിൽ എത്തി, കേരളാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ പി വിജയഭാനുവുമായി ചർച്ച നടത്തി. ഷാജൻ സ്‌കറിയയുടെ കേസിന്റെ സാഹചര്യവും സാധ്യതയും വിജയഭാനുവെന്ന പ്രമുഖ അഭിഭാഷകനിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയായിരുന്നു ഡൽഹിയിലേക്കുള്ള ലൂത്രയുടെ മടക്കം. ഈ ഇടപെടലാണ് സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം പ്രതിഫലിച്ചത്. ഷാജൻ സ്‌കറിക്ക് മേലുള്ള എസ് എസിഎസ് ടി പീഡന നിയമം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി പറയുമ്പോൾ അത് ലൂത്രയുടെയും വിജയമാണ്. അന്തിമ വിധിയിലും ഈ നിരീക്ഷണങ്ങൾ പ്രതിഫലിക്കുമെന്നാണ് നിയമജ്ഞരുടെ വിലയിരുത്തൽ.

വിജയഭാനു എന്ന അതിപ്രഗ്തഭനായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി ഹാജരായത്. എല്ലാ പോയിന്റുകളും ഉയർത്തി അതിശക്തമായ വാദങ്ങൾ ഹൈക്കോടതിയിൽ വിജയഭാനു ഉയർത്തി. പക്ഷേ അന്തിമ വിധിയിൽ അത് പ്രതിഫലിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസുമായി സുപ്രീംകോടതിയിലേക്ക് പോയത്. അവിടേയും രാജ്യം ആദരവോടെ കാണുന്ന ലൂത്ര വക്കീലിനെ തന്നെ മറുനാടന് കൂട്ടായി കിട്ടി. ഇത് ഏറെ ഗുണകരമായി മാറുകയും ചെയ്തു.

ഇപ്പോൾ മറുനാടൻ മലയാളിയെ സ്‌നേഹിക്കുന്നവരുടെ ഫോൺ വിളികളാൽ ആശ്ചര്യപ്പെടുകയാണ് ഇദ്ദേഹം. അന്താരാഷ്ട്ര പ്രശ്‌സതിയുള്ള കേസുകൾ വാദിച്ച് ജയിച്ചപ്പോൾപോലും ലൂത്രക്ക് ഇത്രയെറെ അഭിനന്ദനങ്ങളും സ്‌നേഹ ആശംസകളും കിട്ടിയിട്ടില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അഭിഭാഷകവൃത്തിയെന്നത് വെറുമൊരു തൊഴിൽ മാത്രമല്ല. ശക്തമായ മനുഷ്യാവകാശ പ്രവർത്തനമാണ്. നീതി നിഷേധിക്കപ്പെടുന്നവർക്ക് താങ്ങായി നിൽക്കണം എന്ന് പിതാവിന്റെ വാക്കുകൾ, പ്രശ്‌സതിയുടെ കൊടുമുടിയിൽ എത്തിനിൽക്കുമ്പോഴും അദ്ദേഹം പിന്തുടരുന്നു.

2004 മുതൽ പിതാവിന്റെ സ്മരണയ്ക്കായി അദ്ദേഹം ഒരു അന്താരാഷ്ട്ര മൂട്ട് കോർട്ട് പരിപാടി നടത്തുന്നുണ്ട്. 'ആരും നിങ്ങളുടെ മേൽ വിരൽ ചൂണ്ടാൻ കഴിയാത്തവിധം നിങ്ങൾ വളരെ നല്ലവനും സമഗ്രനുമായിരിക്കണം.' സിദ്ധാർത്ഥ് ലൂത്ര നിയമലോകത്തേക്ക് യാത്ര തുടങ്ങിയപ്പോൾ പിതാവ് കെ കെ ലൂത്ര പറഞ്ഞത് ഇതാണ്. ഇത് ഇന്നും അദ്ദേഹത്തിന് വഴികാട്ടുന്ന തത്വമായി തുടരുന്നു.

വാൽക്കഷ്ണം: സുപ്രീകോടതിയിലെ ഈ പുലി വ്യക്തിജീവിതത്തിൽ തീർത്തും ശാന്തനും സൗമ്യനും വിവാദരഹിതനുമാണ്. വായനയും സംഗീതവുമാണ് ലൂത്രയുടെ ഹോബി. കറകളഞ്ഞ പ്രകൃതി സ്‌നേഹിയാണ്. ഭാര്യയും അഭിഭാഷകയാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്.