- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പ്രഫുൽ കോഡ പട്ടേൽ എന്ന് പറഞ്ഞത് പോടയെന്ന് അവതാരകൻ കേട്ടത് തരംഗമായി; നല്ല ശമ്പളമുള്ള ജോലി രാജിവെച്ചത് കലാ പ്രവർത്തനത്തിനായി; ജ്യൂസ് കട തൊട്ട് ഷെയർ ബിസിനസ് വരെ പൊളിഞ്ഞു; വെള്ളിമൂങ്ങ മോഡൽ രാഷ്ട്രീയക്കാരനായും കുറച്ചുകാലം; ആത്മഹത്യാ മുനമ്പിൽ നിന്ന് അഡാർ ഹീറോവിലേക്ക്! ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ കഥ
പ്രഫുൽ കോഡ പട്ടേൽ വിവാദം! ഒരൊറ്റ ചാനൽ ചർച്ചകൊണ്ട് ഒരു സോഷ്യൽ മീഡിയ താരം ഉണ്ടാവുക. അതായിരുന്നു ആദ്യം അഖിൽ രാജ് ആയും, പിന്നീട് അഖിൽ കോട്ടാത്തല എന്ന രാഷ്ട്രീയക്കാരനായും, പിന്നീട് ചലച്ചിത്ര സംവിധായകനായും ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 5ലെ വിജയിയായും മാറിയ അഖിൽ മാരാറിന്റെ ജീവിതം വഴിതിരിച്ച് വിട്ടത്. ലക്ഷദ്വീപ് വിഷയം തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ ജനം ടീവിയുടെ ഒരു ചർച്ചയിൽ, ലക്ഷദ്വീപ് അഡ്മിസ്ട്രറ്ററുടെ മുഴവൻ പോരായ പ്രഫൂൽ കോഡ് പട്ടേൽ എന്ന് അഖിൽ പറഞ്ഞപ്പോൾ, അവതാരകൻ കേട്ടത്, പ്രഫൂൽ പോടാ പട്ടേൽ എന്നാണ്. അത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒന്നും അനുവദിക്കുന്നില്ലെന്നായി അവതാരകൻ. അപ്പോ അഖിലിന്റെ മുറുപടി ഇങ്ങനെയായിരുന്നു. 'ഒരാളുടെ പേര് ഗോപാലൻ എന്നാണെങ്കിൽ അങ്ങനെ പറയും, രമണൻ എന്നാണെങ്കിൽ അങ്ങനെയും'.
ഈ തഗ്ഗ് മറുപടിയും, അവതാരകന്റെ കൺഫ്യൂഷനുമെല്ലാം വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ ഒരു പുതിയ താരോദമായി. അതാണ് അഖിൽ മാരാർ. 'ഒരു ത്വാതിക അവലോകനം' എന്ന സിനിമയുടെ സംവിധായകൻ. കാലം തെറ്റി ഇറങ്ങിയ സിനിമ തീയേറ്റുകളിൽ വിജയിച്ചില്ലെങ്കിലും, തഗ്ഗ് ഡയലോഗുകളും കൗണ്ടറുകളുമായി മാരാർ സോഷ്യൽ മീഡിയയിൽ എന്നും വിവാദ പുരുഷനായി നിലകൊണ്ടു. അതിനിടെ ബിഗ്ബോസ് സീസൺ ഫോറിലെ ഏറ്റവും ജനപ്രിയ മത്സരാർഥിയായ റോബിൻ രാധാകൃഷ്ണനുമായി പലതവണ അഖിൽ കൊമ്പുകോർത്തു. നടൻ ഉണ്ണിമുകന്ദനെ കൂവിത്തോൽപ്പിക്കാനായി, റോബിൻ ആളെ ഇറക്കി എന്നക്കെയുള്ള ആരോപണം അഖിൽ ഉന്നയിച്ചത് വലിയ വിവാദമായി. തിരിച്ച് അലറിക്കൊണ്ട് റോബിനും പ്രതികരിച്ചു. അതുപോലെ തന്നെ അശ്വന്ത് കോക്കിനെപ്പോലെ, സിനിമകളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന ന്യൂജൻ വ്ളോഗർമാരുമായും അഖിൽ സ്ഥിരമായി ഉടക്കി.
ഇങ്ങനെ സോഷ്യൽ മീഡിയിൽ വിവാദമുണ്ടാക്കുന്നത് ബിഗ്ബോസിൽ കയറാനാണെന്നും ചിലർ പറഞ്ഞു. അതിന് മുറുപടിയായി തനിക്ക് ഇത്രമേൽ ഇഷ്ടമില്ലാത്ത പരിപാടി വേറെയില്ലെന്നായിരുന്നു അഖിൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ''
അഞ്ച് മിനിറ്റ് പോലും ബിഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ.... അത് കാണാനും കുറെപ്പേർ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാൻ വിചാരിക്കും എന്റെ ഫോളോവേഴ്സാണെന്ന്''- അഖിൽ മാരാർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
അതെല്ലാം പഴയ കഥ. പിന്നീട് അതേ അഖിൽ തന്നെ ബിഗ്ബോസ് സീസൺ 5ൽ മത്സരിക്കാനെത്തി. തന്റെ പഴയ നിലപാട് തെറ്റായിരുന്നുവെന്നും, അയാൾ തുറന്ന് സമ്മതിച്ചു. തുടക്കത്തിൽ അയാൾക്ക് ഏറെ നെഗറ്റിവിറ്റികൾ ആയിരുന്നു. ആദ്യത്തെ രണ്ട്ആഴ്ച മറ്റ് മത്സരാർഥികൾ അഖിലിനെയിട്ട് പൊരിക്കയായിരുന്നു. പലപ്പോഴും സ്വന്തം നാക്ക് അയാൾക്ക് വിനയായി. പക്ഷേ ആദ്യത്തെ മൂന്നാഴ്ച കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ഒരു എന്റർടെയിനർ എന്ന നിലയിലും, ബന്ധങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലും, പ്രേക്ഷകർ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട് ഒരു തരംഗമായിരുന്നു. ആദ്യത്തെ അമ്പത് ദിവസം കഴിഞ്ഞപ്പോഴേക്കും വിജയി ആരാണെന്ന് ഉറപ്പിക്കപ്പെട്ടു. പല അഭിപ്രായവോട്ടെടുപ്പിലും എതിർ സ്ഥാനാർത്ഥികൾ അഖിലിന്റെ ഏഴയലത്ത് എത്തിയില്ല. ഇപ്പോഴിതാ ബിഗ്ബോസ് ടൈറ്റിൽ കിരീടം മോഹൻലാലിന്റെ കൈയിൽനിന്ന് അയാൾ ഏറ്റുവാങ്ങിയിരിക്കയാണ്.
ഇന്ന് കേരളത്തിൽ ഒരു സിനിമാ നടനേക്കാൾ ഫാൻസ് ഉള്ള വ്യക്തിയാണ് അഖിൽ. ഈ വിജയം പക്ഷേ പൊടുന്നനെ ഉണ്ടായതല്ല. മാങ്ങാബിസിനസും, സർബത്ത് കച്ചവടവും, ഷെയർ മാർക്കറ്റും, രാഷ്ട്രീയവുമൊക്കെപൊട്ടിപൊളിഞ്ഞ ആത്മഹത്യയുടെ വക്കിലെത്തിയ അവസരത്തിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് അഖിൽ.
തുടക്കം അഖിൽ രാജിൽ നിന്ന്
പേരറിയാത്തവർ എന്ന സിനിമയിൽ സഹ സംവിധായകനായും അഖിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖിൽ ബിഎസ്സി മാത്ത്സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്തു. പിന്നീട് പിഎസ്സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. പിന്നീടാണ് സിനിമയിൽ എത്തിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് തന്റെ ജീവിതം എന്നാണ് അഖിൽ മാരാർ പറയുന്നത്. ഈ മൂന്ന് ഘട്ടങ്ങളിലും തനിക്ക് മൂന്ന് പേരുകളുമായിരുന്നു എന്നും അഖിൽ ബിഗ്ബോസിൽ ജീവിതം പറയുന്ന ടാക്സിൽ പറയുന്നുണ്ട്. അഖിൽ രാജ് എന്നായിരുന്നു ആദ്യഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. രാജേന്ദ്രൻ പിള്ളയാണ് അച്ഛൻ, അമ്മ അമ്മിണിയമ്മ. ഒരു സഹോദരനുമുണ്ട്. വയലിലെ ഒരു കൊച്ചു ഓലപ്പുരയിലായിരുന്നു തന്റെ കുട്ടിക്കാലം എന്ന് അഖിൽ മാരാർ പറയുന്നു. വയലിൽ മഴക്കാലത്ത് വെള്ളം കയറുമ്പോൾ, തങ്ങൾ കൂടും കുടുക്കയുമെടുത്ത് ബന്ധുവീട്ടിലേക്ക് പോയ ദയനീയമായ കഥയൊക്കെ അഖിൽ ഇടക്ക് പറയാറുണ്ട്.
പഠനത്തിൽ മിടുക്കനായിരുന്നു താൻ എന്ന് അഖിൽ മാരാർ പറയുന്നു. അച്ഛൻ പഠിച്ച അതേ സ്കൂളിൽ തന്നെയാണ് താനും പഠിച്ചത്. അച്ഛൻ ആ സ്കുളിലെ ഏറ്റവും കുറവ് മാർക്ക് വാങ്ങിയപ്പോൾ താൻ ആ സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്കാണ് നേടിയത് എന്ന് അഖിൽ മാരാർ അഭിമാനത്തോടെ പറയുന്നു. പ്ലസ് ടുവിനും ഭേദപ്പെട്ട മാർക്ക് വാങ്ങി തന്നെയാണ് പാസായത് എന്നും അഖിൽ പറയുന്നു.
സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം വരുമാനം ഒരു പ്രശ്നമായി തുടങ്ങിയതോടെ ഡിഗ്രി ആദ്യ വർഷം മുതൽ ട്യൂഷൻ പഠിപ്പിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അത് കാരണം തന്റെ പഠനത്തിന് സമയം കിട്ടിയില്ല എന്ന് അഖിൽ മാരാർ പറയുന്നു. പഠിത്തം അവസാനിപ്പിക്കാൻ ആലോചിക്കുമ്പോഴാണ് അവിടെയുള്ള ഒരു പെൺകുട്ടിയെ പ്രണയിക്കാം എന്ന ചിന്ത ഉടലെടുത്തത്.
അങ്ങനെ താൻ തന്റെ ജൂനിയർ ആയിട്ടുള്ള പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന് അഖിൽ മാരാർ പറയുന്നു. ജാതിയിൽ വ്യത്യാസമുള്ളതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും താനത് കാര്യമാക്കിയില്ല. അതിനിടെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ലഭിച്ചു. ആയിടക്ക് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പ്രണയബന്ധത്തിൽ നിന്ന പിരിഞ്ഞിരുന്നു.അധികം വൈകാതെ ജോലി രാജിവച്ചു. വൻ തുക ശമ്പളം കിട്ടുന്ന ജോലയിൽനിന്ന് ഒഴിവാകാനുള്ള കാരണം കലാപരമായി എന്തെങ്കിലും ചെയ്യണം എന്ന താൽപ്പര്യം തന്നെ ആയിരുന്നെന്ന് അഖിൽ പറയുന്നു.
നാടകത്തിലൂടെ സിനിമാമോഹം
അഖിൽ തന്റെ ജീവിതം ഇങ്ങനെ പറയുന്നു. ''പിന്നെ തന്റെ മുന്നിൽ ഉണ്ടായിരുന്നത് സിനിമയായിരുന്നു. മുമ്പ് നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഒരു തിരക്കഥ എഴുതി ചെന്നൈയിലേക്ക് പോകുന്നത്. എന്നാൽ ജോലി ഉപേക്ഷിച്ച് തെണ്ടി തിരിഞ്ഞ് നടക്കുന്ന മകനെ ഉൾക്കൊള്ളാൻ വീട്ടുകാർക്ക് കഴിയുമായിരുന്നില്ല.
ആയിടക്ക് ആൽക്കെമിസ്റ്റ് എന്ന പേരിൽ ഒരു ജ്യൂസ് കട തുടങ്ങി. ഇതിനൊപ്പം ട്യൂഷനും എടുത്തിരുന്നു. ഇതിനിടെ അവിടെയുള്ള പിള്ളേരോട് അസിസ്റ്റന്റ് ഡയറക്ടർ ആണ് എന്നൊക്കെ പറഞ്ഞിരുന്നു. അത് പണിയായി. ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ട് എന്ന് പറഞ്ഞ് ആ പിള്ളേരിൽ ഒരുത്തൻ സ്കൂളിൽ പോയി പറഞ്ഞു. അങ്ങനെ സ്കൂളിലെ ഒരു പരിപാടിയിൽ എന്നെ ഉദ്ഘാടനത്തിന് വിളിച്ചു.
കുറച്ച് ദിവസം കഴിയുമ്പോൾ കടയിൽ നിന്ന് നാരങ്ങാവെള്ളം അടിച്ചുകൊണ്ടിരിക്കുമ്പോൾ അതേ സകൂളിലെ ബസ് എന്റെ കടയുടെ മുന്നിൽ നിർത്തി. ഇതിനെല്ലാം ശേഷം ഒരിക്കൽ കടയിൽ നിൽക്കുന്ന ഒരുത്തനെ ആരൊക്കെയോ ഇടിച്ചു എന്ന് പറഞ്ഞ് വിളിച്ചു. അന്നുവരെ ജീവിതത്തിൽ ഒരു പ്രശ്നത്തിനും പോയിട്ടില്ലാത്ത ഞാൻ ആദ്യമായി ഒരു അടിയുണ്ടാക്കുന്നത് അന്നാണ്.''- അഖിൽ പറയുന്നു.
അഖിൽ കോട്ടാത്തല എന്ന വെള്ളിമുങ്ങ
ഇതിന് ശേഷം വീണ്ടും അടിയുണ്ടായി എന്നും അത് പൊലീസ് കേസ് ആയി എന്നും അഖിൽ പറയുന്നു. ഉമ്മൻ ചാണ്ടി ഭരിക്കുന്ന കാലമാണ്. അന്ന് സ്റ്റേഷനിൽ വിളിച്ചുപറയാൻ ഒരു യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹായം തേടി. പക്ഷേ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ വളരെ സ്നേഹത്തോടെ പെരുമാറുന്നത് കണ്ട് അഖിൽ ഞെട്ടി. അടിയിൽ പൊട്ടിയ സാധനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട ചർച്ചയിലൊക്കെ എസ്ഐ നിന്നത് തന്റെ ഭാഗത്തായിരുന്നു. ''അപ്പോഴാണ് ഞാൻ രാഷ്ട്രീയക്കാരന്റെ വില അറിയുന്നത്. എല്ലാം കഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് അല്ലേ, നാളെ നിങ്ങളുടെ നേതാവ് കൊടിക്കുന്നിൽ സുരേഷ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ വരുന്നില്ലേ എന്ന് ചോദിച്ചു. ഞാൻ അത് പറഞ്ഞു. അന്ന് സ്റ്റേഷനിൽ നിന്ന് പോരാൻ നേരം എസ് ഐ എന്താണ് പേര് എന്ന് ചോദിച്ചു. അന്ന് മനസിൽ വന്ന പേരാണ് അഖിൽ കോട്ടാത്തല. അത് പറഞ്ഞു. എസ്ഐ എന്റെ നമ്പർ വാങ്ങി സേവ് ചെയ്തു. അപ്പോൾ ഞാൻ ഓർത്തു രാഷ്ട്രീയം കൊള്ളാമല്ലോ. അങ്ങനെ ശരിക്കും വെള്ളിമൂങ്ങ സിനിമയിലെ മോഡൽ രാഷ്ട്രീയമായിരുന്നു അന്ന്''- ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ തന്റെ ജീവിതം പറയുന്നു.
അങ്ങനെ കുറേക്കാലം അഖിൽ കോട്ടാത്തല എന്ന രാഷ്ട്രീയക്കാരനായി. കുറച്ച് പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം യൂത്ത് കോൺഗ്രസിൽനിന്ന് പുറത്തായി. അങ്ങനെയാണ് ബിജെപിയിൽ എത്തുന്നത്. എന്നാൽ ആ രാഷ്ട്രീയ പ്രവർത്തനവും അഖിൽ വൈകാതെ അവസാനിപ്പിച്ചു. ഇപ്പോൾ തനിക്ക് ഒരു പാർട്ടിയുമില്ല എന്നാണ് അഖിൽ പറയുന്നത്.
ഇതിനിടെ 2015 ൽ ആണ് വിവാഹം കഴിക്കുന്നത്.വിവാഹവും പ്രണയവുമെല്ലാം ഇതുപോലെ രസകരമായിരുന്നു. ''ഒരു വീടുപണി നീണ്ടുപോയതുമായി ബന്ധപ്പെട്ട് കോൺട്രാക്ടറും വീട്ടുകാരുമായി നടന്ന തർക്കത്തിൽ ഇടപെട്ടതിൽ നിന്നാണ് പ്രണയം മൊട്ടിടുന്നത്. ആ പ്രശ്നം ആ വീട്ടിലെ ഗൃഹനാഥ (ഇപ്പോൾ ഭാര്യാമാതാവ്) എന്നോട് വന്ന് പറഞ്ഞു. എന്നാൽ ഞാൻ ഇടപെടാതെ തന്നെ ആ പ്രശ്നം തീർന്നു.
ഇതോടെ അവർക്ക് തന്നെ വലിയ കാര്യമായി എന്നും അങ്ങനെയാണ് അവരുടെ മകളുമായി പ്രണയം തുടങ്ങിയത് എന്നും അഖിൽ മാരാർ പറഞ്ഞു. എന്നാൽ രണ്ട് വർഷം കഴിഞ്ഞ് എന്റെ അച്ഛൻ വിവാഹക്കാര്യം സംസാരിച്ചപ്പോൾ അവർ അത് പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് അവളോട് താൻ ഇറങ്ങി വരാൻ പറഞ്ഞെങ്കിലും ആദ്യം വന്നില്ലെന്നും എന്നാൽ വൈകാതെ കല്യാണം നടന്നു''- അഖിൽ മാരാർ പറയുന്നു.
അതിനിടെ അനിയൻ പ്രണയിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നു. ഇതോടെ തന്റെ ജീവിതം ഭാര്യവീട്ടിലായി. ഒരുപാട് ബിസിനസുകൾ ചെയ്ത് പരാജയപ്പെട്ടു എന്നും ആകെ ലാഭമുണ്ടാക്കിയ ഒരു ബിസിനസ് മാങ്ങാക്കച്ചവടമായിരുന്നു എന്നും അഖിൽ മാരാർ പറയുന്നു. ''ഒരുദിവസം വീട്ടിലെ ഒരു ചെറിയ തർക്കത്തിന്റെ ഇടയിലേക്ക് ഭാര്യ കയറിയപ്പോൾ അവളെ മാറി അടിച്ച് പോയി. ഇറങ്ങെടാ ഇവിടുന്ന് എന്നായിരുന്നു അവൾ പറഞ്ഞത്.''- അഖിൽ പറയുന്നു.
ആത്മഹത്യാ മുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്
ദുർഘടമായ ജീവിത സാഹചര്യങ്ങൾ തരണം ചെയ്തു മുന്നോട്ട് പോകുന്നതിനിടെ 2018 അവസാനം ഷെയർ മാർക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങൾ സംഭവിച്ചുവെന്ന് അഖിൽ പറയുന്നു. കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഭാര്യയേയും മക്കളെയും അവരുടെ വീട്ടുകാർ ചെലവിനു കൊടുത്ത് വളർത്തുന്ന അവസ്ഥയായി.രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് അഖിലിന്റെ ആവശ്യം ഇല്ലാതായി. കൈയിൽ അഞ്ചു പൈസ ഇല്ലാത്തതുകൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവൻ എന്ന പേരുദോഷം കൊണ്ടും അച്ഛനും അമ്മയ്ക്കും അഖിലിനെ കൊണ്ട് പണ്ടേ യാതൊരു ഗുണവുമില്ലായിരുന്നു.ചുരുക്കത്തിൽ അഖിൽ ജീവിച്ചിരുന്നതുകൊണ്ട് ആർക്കും ഒരു ഗുണമില്ലാത്ത അവസ്ഥ. അഖിലിന്റെ കാഴ്ചപ്പാടിൽ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നതുകൊണ്ട് അയാൾക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കിൽ ആർക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം അതില്ല.
അഖിലിന്റെ വാക്കുകൾ ഇങ്ങനെ: ''അഹങ്കാരിയും ആരും പറഞ്ഞാൽ കേൾക്കാത്തവനും നിഷേധിയും ആയ ഞാൻ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹം. ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മ. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛൻ.ഇവിടെ നിന്ന് എവിടെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോ എന്ന് തെറി കൂട്ടി വിളിച്ച് ഭാര്യ. ഭാര്യ വീട്ടിൽ നിന്നും ഭാര്യ തന്നെ അടിച്ചിറക്കിയ എനിക്ക് കയറി കിടക്കാൻ ആരും ഒരു വാടക വീട് പോലും തരാൻ ഇല്ലാത്ത അവസ്ഥ''.- അഖിൽ പറയുന്നു.
എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളിപ്പറയാൻ അമ്മയ്ക്കും അച്ഛനും കഴിയിയാത്തതിനാൽ ഞാൻ എന്റെ വീട്ടിൽ എത്തി. അനിയനും കുടുംബവും അവിടെ താമസിക്കുന്നതുകൊണ്ട് വീടിന് വെളിയിൽ പുറത്തെ ബാത്ത് റൂമിനോട് ചേർന്ന് ഒരു ഷെഡ് അടിച്ചു.അതിൽ താമസം ആക്കി. 6 മാസം ഈ ഷെഡിൽ ആയിരുന്നു ജീവിതം. അവിടെ നിന്നുമാണ് ഞാൻ എന്റെ ജീവിതം തിരിച്ചു പിടിക്കുന്നത് അഖിൽ മാരാർ പറയുന്നു.
മാരാരായി മാറുന്നു
അങ്ങനെ ആകെ പൊളിഞ്ഞ് നിൽക്കുന്ന സമയത്താണ്, ഒരു കൂട്ടുകാരൻ എറണാകുളത്തേക്ക് വരാൻ പറഞ്ഞത്. അതോടെ സിനിമയിൽ വീണ്ടും അസിസ്റ്റന്റ് ഡയറക്ടറായി. ആ സമയത്ത് ഒരു പ്രൊഡ്യൂസറുടെ ആവശ്യപ്രകാരം ഒരു കഥയെഴുതി. ആ പ്രോജക്റ്റ് ഓകെ ആയി ഷൂട്ടിന്റെ തീയതിയും തീരുമാനിച്ചപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ നിർമ്മാതാവ് ചിത്രം ചെയ്യേണ്ട എന്ന തീരുമാനത്തിൽ എത്തി.
എന്നാൽ 2020 ജനുവരി 1 ന് ഷൂട്ട് ആരംഭിച്ചു. അഖിൽ കോട്ടാത്തല എന്ന പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ പല രീതിയിൽ വായിക്കപ്പെടാം എന്നതുകൊണ്ട് ന്യൂമറോളജി പ്രകാരം അഖിൽ മാരാർ എന്ന പേര് നിർദ്ദേശിച്ചത് ജോയി ചേട്ടനാണ്. താൻ ജീവിതത്തിൽ ഒരാളെയും ചതിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും പരിഹസിക്കുന്നവരുടെ മുന്നിൽ നിന്ന് പതിയെ വളർന്നുകൊണ്ടേയിരിക്കണം എന്നും അഖിൽ മാരാർ ഉപദേശിക്കുന്നു.
അങ്ങനെയാണ് അഖിൽ മരാർ സംവിധാനം ചെയ്ത 'ഒരു ത്വാതിക അവലോകനം' എന്ന സിനിമയുണ്ടാവുന്നത്. സിനിമ പക്ഷേ വിജയിച്ചില്ലെങ്കിലും ഇന്റവ്യുകളിലൂടെ അഖിൽ സോഷ്യൽ മീഡിയയിലെ താരമായി. ഇപ്പോഴിതാ ബിഗ്ബോസിലൂടെ ജനങ്ങളുടെ ഹൃദയത്തിലുമെത്തി.
ടോക്സിക്ക് മത്സരാർഥിയോ?
അതേസമയം അഖിലിന് ബിഗ് ബോസ് കിരീടം നൽകിയതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ബിഗ് ബോസ് ഷോയിൽ ഉടനീളം മോശം പെരുമാറ്റം നടത്തിയ മത്സരാർഥിയാണ് അഖിൽ. മറ്റൊരു മത്സരാർഥിയായ ശോഭയെ അപമാനിച്ചതിനെതിരെ, അവതാരകനായ മോഹൻലാലിൽനിന്ന് താക്കീത് കിട്ടിയിട്ടുണ്ട്. ശോഭ സുഖിപ്പിക്കലിലൂടെയാണ് തന്റെ പ്രൊഫഷൻ മുന്നോട്ട്് കൊണ്ടുപോകുന്നത് എന്നായിരുന്നു അഖിൽ പറഞ്ഞത്. ശോഭക്കെതിരായ അഖിലിന്റെ പരാമർത്തെിൽ വനിതാ കമ്മീഷനിലും പരാതി പോയി.
ബിഗ് ബോസ് ഷോയ്ക്കിടയിൽ വെച്ച് സഹമത്സരാർഥികളായ സ്ത്രീകളെ അടിക്കാൻ പലതവണ അഖിൽ കയ്യോങ്ങിയിരുന്നു. അഖിലിനെ പോലൊരു മെയിൽ ഷോവനിസ്റ്റിനെ ബിഗ് ബോസ് വിന്നറാക്കി എന്ത് മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്നാണ് ഒരുവിഭാഗം പ്രേക്ഷകരുടെ ചോദ്യം. ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും അഖിൽ പറഞ്ഞിട്ടുണ്ട്. മലയാളമല്ല മറ്റേതെങ്കിലും ഭാഷയിൽ ആണെങ്കിൽ പോലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സോഷ്യൽ മീഡിയ വിമർശനം ഉയരുന്നിരുന്നു. പക്ഷേ ഇതിനും മോഹൻലാൽ അഖിലിനെ നന്നായി വഴക്ക് പറഞ്ഞു.
അതുപോലെ ആദ്യ ആഴ്ചതന്നെ അട്ടപ്പാടി മധുവിനെ അരിമോഷ്ടിച്ചതിനാണ് അടിച്ചുകൊന്നത് എന്നതുപോലുള്ള ഒരു ഡയലോഗിന്റെ പേരിലും അഖിൽ വിമർശിക്കപ്പെട്ടു. അതുപോലെ ഒരു വേള ബിഗ്ബോസിൽ മുണ്ടുപൊക്കിക്കാണിച്ചെന്ന വിവാദവും അദ്ദേഹത്തിന്നേരയുണ്ടായി. പക്ഷേ ഒരു ആവേശത്തിന് എന്ത് പറഞ്ഞാൽപോലും, ഉടൻ തന്നെ സോറി പറയാനും, ആ പ്രശ്നം പരിഹരിക്കാനും അഖിലിനുകഴിയും. അതുകൊണ്ടുതന്നെ അയാൾ ഒരു ടോക്സിക്ക് മത്സരാർഥിയല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. അതുപോലെ മോഹൻലാൽ അടക്കമുള്ളവർ 'മാരാർ മാരാർ,' എന്ന് ആവർത്തിച്ച് വിളിക്കുന്നത് ജാതീയത വളർത്തകയാണെന്ന് ഒരു വിഭാഗം അംബേദ്ക്കറൈറ്റുകൾ ആരോപിച്ചുരുന്നു. അങ്ങനെ ബഹുമുഖമായ വിവാദം താണ്ടിയാണ് അഖിൽ കിരീടം ചൂടിയത്.
സ്പോട്ട് കൗണ്ടർ കിങ്
ബിഗ് ബോസിലെ അഖിലിന്റെ ഗ്രാഫ് ഏറെ കൗതുകമുണർത്തുന്നതാണ്. ആദ്യ വാരം പ്രേക്ഷകരുടെ മനസ് കവർന്നത് മാരാരായിരുന്നില്ല. എന്നുമാത്രമല്ല, അഖിൽ മാരാരുടെ പ്രവർത്തികളും പെരുമാറ്റവും അകത്തും പുറത്തും ട്രോളുകൾക്കും വിമർശനങ്ങൾക്കുമെല്ലാം ഇടയാക്കുകയും ചെയ്തു. ആദ്യ ആഴ്ചയിലെ കട്ട പെറുക്കൽ ടാസ്ക്കിൽ ആദ്യം ഗോപികയുമായും പിന്നീട് റെനീഷയുമായും അഖിൽ കൊമ്പുകോർത്തു. വളരെ പെട്ടന്ന് നിയന്ത്രണം വിടുന്ന ആളെന്ന് ആദ്യ ആഴ്ചയിൽത്തന്നെ മാരാർ വീടിനകത്തും പുറത്തും കുപ്രസിദ്ധിയും നേടി. തല്ലുകൂടുമ്പോഴുള്ള നാക്കുകടിയും ഉച്ചത്തിലുള്ള ചീത്ത പറച്ചിലുമൊക്കെ ട്രോളന്മാർ ആഘോഷമാക്കി.
ഒരു കലിപ്പൻ ഇമേജ് ആണ് മാരാർക്ക് ലഭിച്ചത്. വീട്ടിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ടാർഗെറ്റ് ചെയ്ത മത്സരാർത്ഥിയും അഖിലായിരുന്നു. ജുനൈസ്, നാദിറ തുടങ്ങി പലരും അഖിലിനെതിരെ കളിക്കാൻ ആദ്യ ദിവസം മുതൽ തയാറായിനിന്നു. കൂട്ടത്തിൽ ഏറ്റവും വാക്ചാതുര്യമുള്ള ആളെന്ന നിലയിൽ കാര്യങ്ങൾ നന്നായി സംസാരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിടത്തുപോലും അഖിലിന്റെ മുൻകോപവും അകാരണമായ പൊട്ടിത്തെറിയും തിരിച്ചടികളായി.
അങ്ങനെയിരിക്കുമ്പോഴാണ് അഖിൽ മാരാരുടെ ബിബി വീട്ടിലെ തലവര തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടാകുന്നത്. വീക്കെൻഡ് എപ്പിസോഡിൽ നടന്ന ഒരു മത്സരത്തിനിടയിൽ അസ്വാരസ്യങ്ങളും തർക്കങ്ങളും വലിയൊരു പ്രശ്നത്തിലേക്ക് വഴിവച്ചു. മോഹൻലാലിന് മുന്നിൽവച്ച് അഖിൽ നൽകിയ കാപ്റ്റൻ ബാൻഡ് സാഗർ സ്വീകരിക്കാൻ തയാറായില്ല. ചെയ്ത തെറ്റിന് പരസ്യമായി മാരാർ മാപ്പ് പറഞ്ഞെങ്കിലും വ്യക്തിപരമായി ഒരിക്കൽക്കൂടി മാപ്പ് പറയണമെന്നായിരുന്നു സാഗറിന്റെ ആവശ്യം. ഇതനുസരിക്കാൻ മാരാരും തയാറാകാതെ വന്നതോടെ മോഹൻലാലിനുമുന്നിൽവച്ച് കാര്യങ്ങൾ വലിയ ബഹളത്തിലേക്ക് പോയി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഷോ വൈൻഡ് അപ്പ് ചെയ്യാതെഅദ്ദേഹം ഇറങ്ങിപ്പോയി.
ഇതോടെയാണ് അഖിൽ മാരാർ എന്ന ഷോ സ്റ്റീലർ ഉദയം കൊണ്ടത്. വീട്ടിൽ ഷിജു ഒഴികെ ബാക്കിയെല്ലാവരും അഖിലിനെതിരെ തിരിഞ്ഞു. ഒരു ഒറ്റപ്പെടൽ പ്രതീതിയുണ്ടായി. മുൻ സീസണുകളിൽ ഈ ഒറ്റപ്പെടൽ പലരും സ്ട്രാറ്റജിയായി ബോധപൂർവ്വം തെരഞ്ഞെടുത്തപ്പോൾ അഖിലിന്റെ കാര്യത്തിൽ അത് സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. പക്ഷേ ആ ഒറ്റപ്പെടൽ തന്റെ ഗെയ്മിനായി അഖിൽ മാരാർ ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും. സഹമത്സരാർത്ഥികൾക്ക് തന്നോടുള്ള പ്രശ്നങ്ങൾ അപ്പപ്പോൾ പറഞ്ഞുതീർക്കാനും അവരുമായി നല്ല ബന്ധം സൂക്ഷിക്കാനും ഏറ്റവും കൂടുതൽ മുൻകൈ എടുത്ത മത്സരാർത്ഥികൂടിയായിരുന്നു അഖിൽ.
പക്ഷേ അപ്പോഴും അഖിലിന്റെ മുൻകോപവും എടുത്തുചാട്ടവും വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു. വീക്കെൻഡ് എപ്പിസോഡുകളിൽ ഏറ്റവും കൂടുതൽ മാപ്പ് പറഞ്ഞിട്ടുള്ള മത്സരാർത്ഥി ഒരുപക്ഷേ അഖിൽ മാരാരായിരിക്കും. സത്യത്തിൽ അഖിലിന്റെ വളർച്ചയിൽ ഈ വിവാദങ്ങൾക്കും പങ്കുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്തെങ്കിലുമൊക്കെ പറഞ്ഞുപോകുന്ന സ്വഭാവക്കാരനെന്ന ഇമേജ് കൂടി വന്നതോടെ വീട്ടിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മാരാർ കുറ്റക്കാരനാവുകയാണെന്ന ചിന്ത പല പ്രേക്ഷകരിലുമുണ്ടായി. ഈ കലിപ്പൻ മുഖത്തിന് പിന്നിൽ വളരെ വളരെ കൂൾ ആയ, തമാശകൾ പറയുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന, കൗണ്ടറടിക്കുന്ന, സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന മറ്റൊരു അഖിൽ മാരാരെക്കൂടിയാണ് മുന്നോട്ടുപോകുംതോറും പ്രേക്ഷകർ കണ്ടത്. ഇതോടെ അഖിലിന്റെ ജനപ്രീതി വീണ്ടും ഉയർന്നു. സഹമത്സരാർത്ഥിയായ ശോഭയുമായുള്ള അഖിലിന്റെ വഴക്കുകളും പ്രശ്നങ്ങളും തമാശകളും ഇവരുടെ ടോം ആൻഡ് ജെറി കോംബോയ്ക്കും ഒരുപാട് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു.
എന്നാൽ അവസാന ഘട്ടത്തോടടുത്തപ്പോൾ കൂടുതൽ പക്വതയുള്ള, എടുത്തുചാട്ടം പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്ന,പുരോഗമനപരമായ പല കാര്യങ്ങളും പറയാനും മനസിലാക്കാനും പ്രവർത്തിക്കാനും തയാറാകുന്ന, തന്നിലെ വ്യക്തിയെ കൂടുതൽ മെച്ചപ്പെടുത്താൻ മനസുള്ള മറ്റൊരു മാരാരെ ആണ് പ്രേക്ഷകർ കണ്ടത്. ഇത് അഖിലിന്റെ മൈലേജ് വീണ്ടും കൂട്ടി. ഫാമിലി വീക്കിൽ ഭാര്യയും മക്കളുമെത്തിയപ്പോൾ വളരെ ഫ്രണ്ട്ലിയായും രസകരമായും അവരോടിടപെട്ട് അഖിൽ താനൊരു സൂപ്പർ ഫാമിലി മാനും ഡാഡി കൂളുമാണെന്ന് കൂടി തെളിയിച്ച് തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
ബിഗ് ബോസ് അഞ്ചാം സീസണിലെ കിരീടം വയ്ക്കാത്ത രാജാവ് എന്നാണ് അഖിൽഇപ്പോൾ പുകഴ്ത്തപ്പെടുന്നത്. കംപ്ലീറ്റ് എന്റർടൈനർ, സ്പോട്ട് കൗണ്ടർ കിങ് എന്നിങ്ങനെയുള്ള വിശേഷങ്ങൾ വേറയും. കിരീടം ചൂടിയതിനുശേഷം അഖിൽ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമാണ്. സ്വകാര്യജീവിതത്തിൽ ഏറെ അഹങ്കാരിയായ താൻ ഇനി ഈ നേട്ടങ്ങളുടെ പേരിൽ അഹങ്കാരിയാവാതിരിക്കെട്ടെ എന്ന് പറഞ്ഞ് എഴുത്തഛനെ ഉദ്ധരിച്ചാണ്, അയാൾ തന്റെ വിന്നർ പ്രസംഗം നടത്തുന്നത്. അതാണ് മരാർ. അയാളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ സ്നേഹിക്കാതിരിക്കാൻ കഴിയില്ല!
വാൽക്കഷ്ണം: ബിഗ്ബോസ് ഹിന്ദി, തമിഴ് സീസണുകൾ കാണുമ്പോൾ ഓരോ വർഷവും അതിൽ ടോക്സിസിറ്റി കൂടിക്കൂടി വരുന്നതായാണ് കാണുന്നത്. എന്നാൽ മലയാളം സീസണിൽ ഇത്തവണ വഴക്കുകളും വക്കാണങ്ങളും പറഞ്ഞ് തീർക്കുന്ന, സൗഹൃദം കൊതിക്കുന്ന മത്സരാർത്ഥികളെയാണ് കാണാൻ കഴിഞ്ഞത്. അത്രയും ആശ്വാസം.