യോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ, കേരളത്തിൽ ഇടതു-വലതുമുന്നണി നേതാക്കൾ ഒരുപോലെ പ്രതിക്കൂട്ടിൽനിർത്തുന്ന ഒരു പേരുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയ, പുരാവസ്തു ഗവേഷകനും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിനൽ ഡയറക്ടറുമായ കെ കെ മുഹമ്മദ്. ബാബറി മസ്ജിദിൽ നടത്തിയ ഖനനത്തിൽ ക്ഷേത്രാവശിഷ്ടങ്ങൾ കിട്ടിയെന്ന ഇദ്ദേഹത്തിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. അതുകൊണ്ടു തന്നെ സംഘിയാക്കിയാണ്, സോഷ്യൽ മീഡിയയിൽ അടക്കം കെ കെ മുഹമ്മദിനുനേരെ പ്രചാരണം കൊഴുക്കുന്നത്.

എന്നാൽ താൻ കണ്ടത് പറയുക മാത്രമാണ് ചെയ്തത് എന്നും, ആർക്കിയോളജി തന്റെ തൊഴിലാണെന്നുമാണ് മുഹമ്മദിന് പറയാനുള്ളത്. അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോഴും അത് സംഘപരിവാറിന്റെ ഭിക്ഷ എന്ന രീതിയിലാണ് കേരളത്തിൽ പ്രചാരണം വന്നത്. പക്ഷേ ബാബറി ഖനനം മാറ്റിനിർത്തി അദ്ദേഹത്തിന്റെ കരിയർ പരിശോധിച്ചാലും ആ ബുഹുമതിക്ക് അർഹനാണെന്ന് വ്യക്തമാണ്. 'ആർക്കിയോളജി ഒരു ശാസ്ത്രമാണ്. അത് കളവുപറയില്ല''- മുഹമ്മദ് ആവർത്തിക്കുന്നു.

കുഗ്രാമത്തിൽനിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ബീരാൻ കുട്ടി ഹാജിയുടേയും മറിയത്തിന്റെയും അഞ്ച് മക്കളിൽ രണ്ടാമനായി, 1952 ജൂലൈ 1നാണ് മുഹമ്മദ് ജനിച്ചത്. കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ് എന്നാണ് പൂർണ്ണപേര്. അക്കാലത്ത് മുസ്ലിം സമുദായം വിദ്യാഭാസപരമായി ഏറെ പിന്നാക്കമായിരുന്നു. മുഹമ്മദിന്റെ നാടായ കൊടുവള്ളിയാവട്ടെ തീർത്തും യാഥാസ്ഥികമായ പ്രദേശവും. പക്ഷേ കുടുംബം പുലർത്തിയ പുരോഗമന നിലപാട് അദ്ദേഹത്തിന് തുണയായി. പ്രാഥമിക വിദ്യാഭ്യാസം കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിലായിരുന്നു. തുടർന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് പുരാവസ്തുശാസ്ത്രത്തിൽ ഡിപ്ലോമ നേടി. അന്നത്തെ കാലത്ത് ഈ രീതിയിൽ പഠിക്കാനുള്ള അവസരം കിട്ടുന്ന മുസ്ലിം ചെറുപ്പക്കാർ തന്നെ ഏറെ കുറവായിരുന്നു.

അലിഗഡ് സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസിലും ഗോവയിലും സേവനമനുഷ്ടിച്ചതിനു ശേഷം അദ്ദേഹത്തെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു.

ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റായി ജോലി നോക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തര മേഖല ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ്, അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമ എന്നിവരുടെ ഇന്ത്യ സന്ദർശന വേളയിൽ ചരിത്രസ്മാരകങ്ങളുടെ പരിചയപ്പെടുത്തലിന് സർക്കാർ നിയോഗിച്ചത് കെ കെ മുഹമ്മദിനെയാണ്. 2012ൽ മുഹമ്മദ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജിയണൽ ഡയറക്ടറായി (നോർത്ത്) ചുമതലയേറ്റു, അതേ വർഷം തന്നെ അദ്ദേഹം വിരമിച്ചു.

'രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി'

അയോധ്യയിൽ ഇന്ന് ഉയരുന്ന രാമക്ഷേത്ത്രിന്റെ പരോക്ഷ ശിൽപ്പി കെ കെ മുഹമ്മദ് ആണെന്നാണ് പൊതുവെ പറയാറുള്ളത്. കാരണം മുഹമ്മദ് സത്യം പറഞ്ഞിട്ടില്ലയിരുന്നെങ്കിൽ കാര്യങ്ങൾ മാറിമറിയുമായിരുന്നു. ബാബറി മസ്ജിദിൽ നടത്തിയ എസ്‌കവേഷൻ പ്രവർത്തനെങ്ങളെക്കുറിച്ച് കെ കെ മുഹമ്മദ് ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ. - ''1976-77ലാണ് ബാബറി മസ്ജിദിൽ ആദ്യമായി എസ്‌കവേഷൻ നടത്തിയത്. ഡോ ബി ബി ലാലിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഞാൻ പങ്കാളിയായിരുന്നു. അന്ന് ബാബറി മസ്ജിദിലേക്ക് മറ്റുള്ളവർക്ക് പ്രവേശമില്ല. റിസർച്ചേഴ്സ് ആയതുകൊണ്ട് ഞങ്ങൾക്ക് പ്രവേശം ഉണ്ടായി. അതിൽ 12 തൂണുകൾ ഉണ്ടായിരുന്നു. അത് ക്ഷേത്രത്തിന്റെ തൂണുകൾ ആയിരുന്നു. അതിനുശേഷവും പിന്നീട് എസ്‌കവേഷൻ നടക്കുമ്പോൾ, ഈ തൂണുകൾ നിൽക്കാനുള്ള ബ്രിക്ക് ബേസുകൾ ധാരാളം കിട്ടുകയുണ്ടായി. പക്ഷേ ഇതൊരു വിവാദമാക്കണന്നെ് ബി ബി ലാലോ ആരു ആഗ്രഹിച്ചിരുന്നില്ല. അന്ന് ഇത് ഒരു വിവാദ വിഷയം ആയിരുന്നില്ല. പക്ഷേ ഇത് വിവാദമാക്കിയത്, കമ്യൂണിസ്റ്റ ചരിത്രകാരന്മാർ ആണ്. പ്രെഫ. ഇർഫാൻഹബീബും, റോമിലാ ഥാപ്പറുമൊക്കെ അതിൽ പെട്ടിട്ടുണ്ട്. അവർ പറഞ്ഞത് അവിടെ ഖനനം നടത്തിയപ്പോൾ ഇത് ക്ഷേത്രമാണെന്ന് തെളിയിക്കുന്ന ഒന്നും കിട്ടിയിട്ടില്ല എന്നാണ്.
അതിന് മറുപടിയായിട്ടാണ് പ്രൊഫ. ബിബി ലാൽ പ്രതികരിച്ചത്. 'അല്ല ഞങ്ങൾക്ക് വേറെയും ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്' എന്നത്.

അന്ന് ഞാൻ തമിഴ്‌നാട്ടിലാണ്. ഫോർട്ട് സെന്റ് ജോർജിൽ ആർക്കിയോളജിക്കൽ സർവേയിൽ ടെക്ക്നിക്കൽ സൂപ്രണ്ടായി ജോലിചെയ്യുകയാണ്. ഞാൻ പ്രസ്താവന കൊടുത്തു. -'' എസ്‌കവേഷനിൽ പങ്കെടുത്ത ഒരേ ഒരു മുസ്ലിം ഞാനാണ്. ഞാൻ ഈ തെളിവുകൾ കണ്ടിട്ടുണ്ട്. 12 തൂണുകൾ കണ്ടുവെന്നും മറ്റ് മെറ്റീരിയലുകൾ ഉണ്ടായിരുന്നെന്നും.'' - കെ കെ മുഹമ്മദ് പറയുന്നു.

-''അപ്പോൾ ഒരു വാദം വന്നു. ഒരുപക്ഷം പറയുന്നു, തെളിവുകൾ ഉണ്ട് എന്ന്. മറുപക്ഷം പറയുന്നു തെളിവുകൾ ഇല്ല എന്ന്. അങ്ങനെയാവുമ്പോൾ മറ്റൊരു എസ്‌കവേഷൻ നടത്തിക്കൂടാ എന്ന ചോദ്യം വന്നു. അതിന്റെ അടിസ്ഥാനത്തിലാണ്, 2003യിൽ വ്യാപകമായി എസ്‌കവേഷൻ നടത്തി. അങ്ങനെയാണ് 50 തൂണുകൾ കിട്ടിയത്. ഞങ്ങൾക്ക് 12 തൂണുകൾ മാത്രമാണ് കിട്ടിയത്. അതിനത്ഥം അതൊരു മഹാക്ഷേത്രം ആയിരുന്നുവെന്നാണ്. ക്ഷേത്രത്തിൽ എപ്പോഴും ഏറ്റവും മുകളിലായ അമൽഗ എന്ന പറയുന്ന ഒരു കല്ലുണ്ടായിരിക്കും. അത് നെല്ലിക്കപോലെ ആയിരിക്കും. ഈ കല്ല് ബാബറി മസ്ജിദിന്റെ അടിയിൽനിന്ന് കിട്ടുകയുണ്ടായി. ഇത് സാധാരണ ഏതെങ്കിലും ഒരു വാസസ്ഥലത്ത്നിന്ന് കിട്ടില്ല. ക്ഷേത്രമുള്ള സ്ഥലത്തുമാത്രമേ കിട്ടുകയുള്ളു.

ഇത് ഒന്നുകിൽ പൊളിഞ്ഞ് കിടന്നിരുന്ന ക്ഷേത്രമായിരിക്കും. ബാബർ വരുന്നതിന് മുമ്പേ പൊളിഞ്ഞിരിക്കണം. അല്ലെങ്കിൽ അദ്ദേഹം പൊളിച്ചിരിക്കാം. ഇത് രണ്ടും സംഭവിക്കാം. അക്കാലത്ത്, ആരാധനാലയങ്ങളെ കീഴടക്കുന്ന എന്നത് വിജയത്തിന്റെ ഒരു ഭാഗമായിട്ടാണ് അവർ ആഘോഷിക്കാറുള്ളത്. ആ നിലക്ക് ചെയ്തതാണ്. പക്ഷേ എങ്ങനെ ആണെങ്കിലും ഇത് സംഭവിച്ചു.

അതിനുശേഷമാണ് ഈ പ്രണാളി കിട്ടുന്നത്. വിഗ്രഹത്തെ കുളിപ്പിക്കുമ്പോൾ അഭിഷേക ജലം പുറത്തേക്ക് ഒഴുകുന്ന ഭാഗമാണിത്. മുതലയുടെ മുഖമുള്ള മകര പ്രണാളിയാണ് കിട്ടിയത്. ഒരു പള്ളിയാണെങ്കിൽ ഒരിക്കലും മകര പ്രണാളി ഉണ്ടാവില്ല. ഇതൊക്കെ ബാബറി മസ്ജിദിന്റെ നേരെ അടിയിൽനിന്നാണ് കിട്ടുന്നത്. മൺകട്ടകൾ കൊണ്ട് ഉണ്ടാക്കിയ 263 ബിംബങ്ങൾ കിട്ടുകയുണ്ടായി. ഒരു പള്ളിയാണെങ്കിൽ ഒരിക്കലും ബിംബങ്ങൾ കിട്ടുകയില്ല. കാരണം, ബിംബാരാധന മുസ്ലിം പള്ളിയിൽ പാടില്ല. അതിനുശേഷമാണ് വിഷ്ണുഹരി ശിലാഫലകം എന്ന 20 ലൈനുള്ള ഇൻസ്‌ക്രിപ്ഷൻസ് കിട്ടുന്നത്. അതിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, ഇത് വിഷ്ണുവിന് ഉണ്ടാക്കിയ ക്ഷേത്രമാണ് എന്ന്. ഇത്രയും തെളിവുകൾ ഉണ്ട്.

മക്കയും മദീനയും ഒരു മുസ്ലീമിന് എത്ര പ്രധാനപ്പെട്ട സ്ഥലമാണോ അതുപോലെയാണ് ഒരു ഹിന്ദുവിന് അയോധ്യയും. അവന്റെ വികാരമാണ്. മറിച്ച് ഒരു മുസ്ലീമിന് ഇത് ഒന്നുമല്ല. പ്രവാചകൻ മുഹമ്മദുമായോ, അദ്ദേഹത്തിന്റെ അനുചരന്മാരുമായോ യാതൊരു ബന്ധവുമില്ല. ഔലിയാക്കളുമായി ബന്ധമില്ല. ഒരു രാജാവുമായുള്ള ബന്ധം മാത്രം. അതിന് എന്തിന് ഇങ്ങനെ ബലം പിടിക്കണം. മുസ്ലീങ്ങൾക്ക് അല്ലാതെ തന്നെ ഒരുപാട് പ്രശ്നമുണ്ട്. ഉത്തരേന്ത്യയിൽ അവർ വളരെ പിറകിലാണ്. ദലിതർക്ക് തുല്യമായേ കണക്കാൻ കഴിയൂ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഈ അയോധ്യാ പ്രശ്നം ഉള്ളതുകൊണ്ടാണ്. ഇത് അങ്ങ് മാറ്റിക്കഴിഞ്ഞാൽ,ഒരു പുതിയ സംസ്‌ക്കാരം തന്നെ നമുക്ക് സൃഷ്ടിക്കാൻ കഴിയും. മുസ്ലീങ്ങളും- ഹിന്ദുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ തന്നെ ഒരു പുതിയ മാറ്റം സൃഷ്ടിക്കാൻ കഴിയും.''- കെ കെ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോഴും അദ്ദേഹം സംസാരികകുന്നത് മതസൗഹാദത്തെക്കുറിച്ച് മാത്രമാണ്.

ഇബാദത്ത് ഖാനയടക്കം ഒരുപാട് നേട്ടങ്ങൾ

ബാബറി മസ്ജിദ് എസ്‌കവേഷന്റെ പേരിൽ മാത്രം അറിയപ്പെടേണ്ട വ്യക്തിയല്ല കെ കെ മുഹമ്മദ്. അത് അദ്ദേഹം നടത്തിയ അനേകം ജോലികളിൽ ഒന്ന് മാത്രമാണ്. മുഗൾ ചക്രവർത്തി അക്‌ബർ, ദിൻ ഇലാഹി എന്ന മതം ആദ്യമായി വിളംബരം ചെയ്ത ഇബാദത്ത് ഖാന പര്യവേഷണം നടത്തി കണ്ടെത്തിയത് കെ കെ മുഹമ്മദിന്റെ വലിയ നേട്ടമാണ്. വടക്കേ ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി ( അക്‌ബർ ഫത്തേപ്പൂർ സിക്രിയിൽ സ്ഥാപിച്ചത് ), അശോക ചക്രവർത്തി കേസരിയയിൽ നിർമ്മിച്ച ബുദ്ധ സ്തൂപം, രാജ് ഗിറിലെ ബുദ്ധ സ്തൂപം, വൈശാലിയിലെ കൊളുവയിലെ ബുദ്ധമത പുരാവസ്തു കേന്ദ്രം, തുടങ്ങിയവയൊക്കെ ഖനനം ചെയ്ത, കണ്ടെത്താനായതും ഇദ്ദേഹത്തിന്റെയും ടീമിന്റെയും വലിയ നേട്ടമാണ്.

ദൈവശാസ്ത്രജ്ഞർക്കും വിവിധ മതങ്ങളിലെ വ്യാഖ്യതാക്കൾക്കും ഇടയിൽ സംവാദങ്ങളും ചർച്ചകളും നടത്തുന്നതിനായി 1575-ൽ മുഗൾ ചക്രവർത്തി അക്‌ബർ സ്ഥാപിച്ച സമുച്ചയമാണ് ഇബാദത്ത് ഖാന. ദിൻ-ഇ ഇലാഹി എന്നറിയപ്പെടുന്ന സംയുക്ത മതത്തിന്റെ രൂപീകരണം അക്‌ബർ ആദ്യമായി പ്രഖ്യാപിച്ചതും ഇവിടെവച്ചാണ്.

80കളിൽ, ഫത്തേപൂർ സിക്രി സന്ദർശിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെയും സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ്. അക്‌ബർനാമയിൽ നിന്നുള്ള ഒരു പെയിന്റിംഗിന്റെ സഹായത്തോടെ, കുന്ന് ഖനനം ചെയ്യാൻ അദ്ദേഹമാണ് നിർദ്ദേശിച്ചത്. ആ ഖനനത്തിലാണ്, സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ പെയിന്റിംഗുകൾ ഉൾപ്പെടെ ,കൂടുതൽ തെളിവുകൾ കിട്ടുന്നത്. നൂറ്റാണ്ടുകളായി, ഈ സമുച്ചയത്തിന്റെ സ്ഥാനം പുരാവസ്തു ഗവേഷകർക്കും ചരിത്രകാരന്മാർക്കും ഇടയിൽ വിവാദമായിരുന്നു. എന്നിരുന്നാലും ഇത് മുഹമ്മദ് കണ്ടെത്തിയ സ്ഥലമാണിതെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു.

ദന്തേവാഡ തൊട്ട് ബടേശ്വർ വരെ

ഛത്തീസ്‌ഗഡിലെ ജഗദൽപൂരിനടുത്തുള്ള ദന്തേവാഡ ജില്ലയിലെ ബർസൂർ , സാംലൂർ ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചതും ഒരു തികഞ്ഞ ഇസ്ലാമിക വിശ്വാസിയെന്ന് സ്വയം അടയാളപ്പെടുത്തുന്ന കെ കെ മുഹമ്മാണ്. മേഖലയിലെ നക്‌സൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 2003-ൽ നക്‌സൽ പ്രവർത്തകരെ കാര്യം ബോധ്യപ്പെടുത്താനും അവരുടെ സഹകരണത്തോടെ ക്ഷേത്രങ്ങളെ ഇന്നത്തെ നിലയിലേക്ക് സംരക്ഷിക്കാനും കെ.കെ.മുഹമ്മദിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മകഥയായ 'ഞാനെന്ന ഭാരതീയനിൽ' ഇക്കാര്യം വിശദമായി പറയുന്നുണ്ട്.

അതുപോലെ തന്നെ ബടേശ്വർ ക്ഷേത്ര കോംപ്ലക്സിന്റെ പുനുരുദ്ധാരത്തിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്വാളിയോറിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 200 പുരാതന ശിവ, വിഷ്ണു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ബടേശ്വർ, മൊറേന. ഖജുരാഹോയ്ക്ക് 200 വർഷം മുമ്പ് ഗുർജര-പ്രതിഹാര രാജവംശത്തിന്റെ കാലത്ത്, ഒമ്പതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. നിർഭയ് സിങ് ഗുജ്ജാറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശം, കെ കെ മുഹമ്മദിനെയാണ് പുനഃസ്ഥാപിക്കാൻ നിയോഗിച്ചത്. അവിടെയുള്ള കൊള്ളക്കാരെ ബോധ്യപ്പെടുത്തി 60 ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ കൊള്ളസംഘത്തിന്റെ കാലം കഴിഞ്ഞതോടെ ഇവിടെ അനധികൃത ഖനനലോബിയുടെ കൈയിലായി. അവർ നടത്തുന്ന ശക്തമായ സ്ഫോടനം ക്ഷേത്ര പുനരുദ്ധാരണത്തിന് ഹാനികരമായി. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരാൻ ഖനന ലോബി അനുവദിച്ചില്ലെന്നും മുഹമ്മദ് തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഖനനം നിർത്തിവയ്ക്കാൻ താൻ തന്നെ നിരവധി ശ്രമങ്ങൾ നടത്തിയെന്നും പക്ഷേ അത് ലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2008-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡൽഹി സർക്കിളിന്റെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റായി കെ.കെ.മുഹമ്മദ് നിയമിതനായി. 2010-ലെ കോമൺവെൽത്ത് ഗെയിംസിനായി 46 സ്മാരകങ്ങളിൽ അറ്റകുറ്റപ്പണികളും, സംരക്ഷണ പ്രവർത്തനവും നടത്തുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തി. കേരളത്തിലെ കോഴിക്കോട് , മലപ്പുറം ജില്ലകളിലായി നിരവധി പാറകൾ മുറിച്ച ഗുഹകൾ, കുടക്കല്ലുകൾ, സിസ്റ്റുകൾ, ഡോൾമെൻസ് എന്നിവ സ്ഥാപിക്കുകയും കുഴിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രതിമകളുടെയും കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളുടെയും പകർപ്പുകൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം നിർമ്മിക്കുക എന്ന ആശയം മുഹമ്മദാണ് ആവിഷ്‌കരിച്ചത്. ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിന് പുറകിലുള്ള സിരി ഫോർട്ട് സ്പോർട്സ് കോംപ്ലക്‌സിന് പുറത്താണ് റെപ്ലിക്ക മ്യൂസിയം എന്ന് വിളിക്കപ്പെടുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ഈ രീതിയിലുള്ള ഒരുപാട് നേട്ടങ്ങൾ ആർക്കിയോളജിക്കൽ പ്രതിഭയാണ് പക്ഷേ രാമക്ഷേത്രത്തിന്റെ കാര്യം മാത്രം എടുത്തിട്ട് ചാണകസംഘിയെന്നും മറ്റുമായി അധിക്ഷേപിക്കപ്പെടുന്നത്.

സംഘിയാക്കി കുപ്രചാരണം

പക്ഷേ സുപ്രീം കോടതിയിൽ മൊഴികൊടുക്കുകയും, മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുകയും ചെയ്തതിന്റെ പേരിൽ സംഘിയായി അദ്ദേഹം ചാപ്പയടിക്കപ്പെട്ടു. ആർക്കിയോളജിക്കൽ മേഖലയിലെ പ്രവർത്തന മികവിന് രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ചപ്പോഴും അത് സംഘപരിവാർ ബന്ധം കൊണ്ട് കിട്ടിയതാണ് എന്നാണ് ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിച്ചത്. പക്ഷേ താൻ സത്യത്തിന്റെ ഭാഗത്താണ് നിന്നത് എന്നും, താൻ കണ്ട യാഥാർത്ഥ്യം പറയുക മാത്രമാണ് ഉണ്ടായതെന്നുമാണ് കെ കെ മുഹമ്മദ് പറയുന്നത്. ആർക്കിയോളജി ഒരു ശാസ്ത്രമാണെന്നും അതിൽ മായം കാണിക്കാൻ കഴിയില്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

സുന്നി വഖഫ് ബോർഡ് ഈ വിഷയത്തിൽ ആർക്കിയോളജിയെ പൂർണമായ അർത്ഥത്തിൽ ഒരു ശാസ്ത്രമായി കണക്കാക്കാൻ പോലും വിസമ്മതിച്ചു. 'ആർക്കിയോളജി എന്നത് ഒരിക്കലും ഫിസിക്സോ കെമിസ്ട്രിയോ പോലൊരു ശാസ്ത്രമല്ല. അതിനെ വേണമെങ്കിൽ സാമൂഹ്യശാസ്ത്രം എന്ന പോലെയൊക്കെ കാണാം എന്ന് മാത്രം .' എന്നാണ് സീനിയർ അഡ്വക്കേറ്റ് ആയ മീനാക്ഷി അറോറ വഖഫ് ബോർഡിനുവേണ്ടി വാദിച്ചപ്പോൾ കോടതിയെ ബോധിപ്പിച്ചത്.

താൻ ഒരു തികഞ്ഞ ഭാരതീയനാണെന്നാണ് മുഹമ്മദ് എല്ലാ അഭിമുഖങ്ങളിലും എഴുത്തുകളിലും ആവർത്തിക്കാറുള്ളത്്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കെ കെ മുഹമ്മദ് പറയുന്നത് ഇങ്ങനെ- ''അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തോടൊപ്പം ഉയരുന്നത് ഭാരതീയനെന്ന നിലയിലുള്ള അഭിമാനവുമാണ്. അയോദ്ധ്യയിലെ മാതൃക കാശിയിലും മഥുരയിലും പിന്തുടരണം. അങ്ങനെയായാൽ അയോദ്ധ്യയിലെപ്പോലെ മാറ്റങ്ങൾ ഭാരതത്തിന്റെ വടക്കുഭാഗത്തെ സംസ്ഥാനങ്ങളിലെമ്പാടും ഉണ്ടാകും. മുസ്ലിം ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ ഉൾപ്പെടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ ഹൈന്ദവസമൂഹം മുൻപന്തിയിൽ ഉണ്ടാവും. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അത് വേഗംകൂട്ടും. മുസ്ലിം സമൂഹം ഇതൊരു സുവർണാവസരമായി കാണണം.

മുസ്ലിങ്ങൾക്ക് മക്കയും മദീനയും എന്നതുപോലെ പുണ്യമാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യയും കാശിയും മഥുരയും. രാമൻ ഭാരതത്തിന്റെ മാത്രമല്ല വൻകരയുടെയാകെ മര്യാദാപുരുഷനാണ്. രാമായണം വൻകരയെ ഏകോപിപ്പിക്കുന്ന ശക്തിയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് മാതൃകയാവുമ്പോൾ ഇത്തരം വിഷയങ്ങളിൽ തർക്കങ്ങൾ ഇനിയും നീട്ടിക്കൊണ്ടുപോകരുത്. രാജ്യത്തിന്റെ പുരോഗതിയിൽ ഭാരതീയർ ഒറ്റമനസാവണം.

ഗോവയിൽ പോർട്ടുഗീസുകാർ ഭാരതീയരോട് ക്രൂരതകാട്ടിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് മുൻഗാമികളുടെ ചെയ്തികളെ ന്യായീകരിക്കാൻ അവർ തയാറായിട്ടില്ല. ബ്രിട്ടീഷുകാരും ഈ പാത പിൻതുടർന്നു. മുഗളരുടെ ചെയ്തികൾ ഭാരതത്തിലെ മുസ്ലിങ്ങൾ ന്യായീകരിക്കരുത്. അവർ ഭാരതീയമുസ്ലിങ്ങളുടെ മുൻഗാമികളല്ല. ഈ മൂന്നു ക്ഷേത്രങ്ങളും മുസ്ലിങ്ങൾ സ്വമനസാലെ വിട്ടുകൊടുക്കുമ്പോൾ കൂടുതൽ ക്ഷേത്രങ്ങൾ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്ത് വരുകയും അരുത്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിലുള്ള ചരിത്രകാരന്മാരാണ് അയോദ്ധ്യയെ സംബന്ധിച്ച വിവാദങ്ങൾക്ക് തുടക്കമിട്ടത്. അയോദ്ധ്യയിൽ ഇപ്പോളുണ്ടായ വികസനം അമ്പരപ്പിക്കുന്നതാണ്.''- മുഹമ്മദ് പറയുന്നു.

ഈ പ്രസ്താവനയുടെ പേരിലും മുഹമ്മദ് ഏറെ വിമർശിക്കപ്പെട്ടു. ഓരോ ഭരണാധികാരികളുടെയും കാലത്ത് വെട്ടിപ്പിടിച്ച് മാറ്റിയെടുത്ത ആരാധാനാലയങ്ങൾ തിരിച്ചുകൊടുക്കാൻ തുടങ്ങിയാൽ പിന്നെ ആ പ്രശ്നം എവിടെ അവസാനിക്കും എന്നാണ് ചോദ്യം. പക്ഷേ മുഹമ്മദ് പറയുന്നത് അത്തരത്തിലുള്ള പരിഹാരങ്ങൾ ഹിന്ദു-മുസ്ലിം സൗഹാർദത്തിന് അനിവാര്യമാണെന്നാണ്. അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതിന്റെ ചടങ്ങുകൾക്കും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ പോകാൻ കഴിയില്ല എന്ന മുഹമ്മദ് പറയുന്നത്. പിന്നീട് അയോദ്ധ്യയിൽ പോകണം എന്നും അദ്ദേഹം പറയുന്നു.

വാൽക്കഷ്ണം: അയോദ്ധ്യയിൽ പള്ളിയോടൊപ്പം ഉയരുന്നത് യുപിയിലെ ഏറ്റവും വലിയ കാൻസർ ആശുപത്രികൂടിയാണ്. ഇനി ഉത്തർ പ്രദേശിലെ ആർക്കും അർബുദ ചികിത്സക്ക് പുറത്തുപോവേണ്ടി വരില്ല എന്നാണ്, അധികൃതർ പറയുന്നത്. മെഡിക്കൽ കോളജും ദന്ത മെഡിക്കൽ കോളജും എഞ്ചിനീയറിങ് കോളജും പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. ഒരേ സമയം 'ദവയുടെയും ദുആയുടേയും' (മരുന്നിന്റെയും പ്രാർത്ഥനയുടേയും) കേന്ദ്രമായിട്ടാണ് പള്ളി പ്രവർത്തിക്കുക എന്നാണ് മസ്ജിദ് വികസന സമിതി പറയുന്നത്.