- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്റ്റിറോയിഡും മദ്യപാനവും പുകവലിയുമുണ്ടായിട്ടും 73ാം വയസ്സിലും സിക്സ്പാക്ക്; ഒറ്റ സിനിമക്ക് വാങ്ങുന്നത് 30 മില്യൺ ഡോളർ; വേലക്കാരിയിൽ കുട്ടിയുണ്ടെന്ന് വെളിപ്പെടുത്തി ഞെട്ടിച്ചു; വെറുത്ത് രാഷ്ട്രീയം ഉപേക്ഷിച്ചു; പോൺ സ്റ്റാറിൽനിന്ന് സൂപ്പർ സ്റ്റാറിലേക്ക്! ഷ്വാസെനെഗർ വീണ്ടും വാർത്തകളിൽ
73 വയസ്സായിട്ടും സിക്സ്പാക്ക്. രണ്ട് ഹൃദയ ശസ്ത്രക്രിയകൾ കഴിഞ്ഞു. എന്നിട്ടും ഏത് ആക്ഷൻ രംഗങ്ങളും ഈ പ്രായത്തിലും ഈ നടൻ ചെയ്യും. വെറുമൊരു നടനായി അയാളെ ഒതുക്കാൻ കഴിയില്ല. ബോഡി ബിൽഡർ, പൊളിറ്റീഷ്യൻ, ബിസിനസ്മാൻ എങ്ങനെ കൈവെച്ചമേഖലയിലെല്ലാം വെന്നിക്കൊടി പാറിച്ച, അയാൾ ഈ പ്രായത്തിലും ഒരു സിനിമക്ക് വാങ്ങുന്നത് 30 മില്യൻ ഡോളറാണ്! അതാണ് അർനോൾഡ് ഷ്വാസെനെഗർ എന്ന, 450 മില്യൺ ഡോളറിന്റെ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തകളുടെ പട്ടികയിൽ രണ്ടുതവണ ഇടം പിടിച്ച അമേരിക്കക്കാരൻ. അതേ നമ്മുടെ ടെർമിനേറ്റർ ഷ്വാസെനെഗർ തന്നെ. കേരളത്തിലും യുവാക്കൾക്കിടയിൽ ഒരുകാലത്ത് അദ്ദേഹം തരംഗമായിരുന്നു!
ഇപ്പോൾ ഈ അമേരിക്കൻ മസിൽമാൻ വീണ്ടും വാർത്തകളിൽനിറയുന്നത്, സിനിമയുടെ പേരിലല്ല, ഒരു പുസ്തകത്തിന്റെ പേരിലാണ്. 'ബീ യൂസ്ഫുൾ: സെവൻ ടൂൾസ് ഫോർ ലൈഫ്' എന്ന അദ്ദേഹത്തിന്റെ പുസ്തകം ലോക വിപണിയിൽ ചൂടപ്പംപോലെ വിറ്റഴിയുകയാണ്. പലതരത്തിലുള്ള മോട്ടിവേഷൻ പുസ്‌കങ്ങൾ കണ്ടവരാണ് നമ്മൾ. പക്ഷേ ഈ പുസ്തകത്തിൽ തന്റെ ജീവിതത്തിലെ കഠിനാധ്വാനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് ജീവിതം മനസ്സിലാക്കിക്കയാണ്, മുൻ കാലിഫോർണിയൻ ഗവർണർ കൂടിയായ ഈ എക്സ് പൊളിറ്റീഷ്യൻ ചെയ്യുന്നത്.
മരണം മുന്നിൽ കണ്ട രംഗങ്ങൾ
ജീവിത വിജയത്തിന് കുറുക്കുവഴികൾ ഒന്നുമില്ലെന്നും കഠിനാധ്വാനമാണ് ഏറ്റവും വലുത് എന്നുമാണ്, വെറും 25ാം വയസ്സിൽ കോടീശ്വരനായ അർനോൾഡ് ഈ പുസ്തകത്തിൽ പറയുന്നത്. സിനിമക്കും, ബോഡിബിൽഡിങ്ങിനുമായി അദ്ദേഹം എടുത്ത റിസ്‌ക്കുകൾ പുസ്‌കത്തിൽ പറയുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തിന്റെ യാഥാർത്ഥ്യതയ്ക്ക് വേണ്ടി താൻ ചത്ത കഴുകനെ കടിച്ചു പറിച്ചിട്ടുണ്ടെന്ന് പുസ്തകത്തിൽ അർനോൾഡ് വെളിപ്പെടുത്തുന്നു.
'കോനൻ ദ ബാർബേറിയൻ' എന്ന ചിത്രത്തിലാണ് ഇങ്ങനൊരു രംഗം ചിത്രീകരിച്ചത്. ആ രംഗം ഒ.കെ ആക്കാനായി ചത്ത കഴുകനെ പലതവണ കടിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അർനോൾഡ് പറയുന്നത്. ജോലിയോടുള്ള ആത്മാർത്ഥത കാരണം ആ വേദനാജനകമായ പ്രവൃത്തി ചെയ്തു.
ഓരോ ടേക്കിന് ശേഷവും മദ്യം ഉപയോഗിച്ച് വായ കഴുകി എന്നും അർനോൾഡ് വ്യക്തമാക്കി. ഇത് മാത്രമല്ല, ചിത്രത്തിന്റെ തന്നെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് രംഗങ്ങൾ സ്വാഭാവികതയോടെ ചെയ്തപ്പോൾ 40 തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
സിനിമകൾ ഡ്യൂപ്പ് ഇല്ലാതെ ചെയ്യണം എന്ന് നിർബന്ധമുള്ളയാളാണ് ഷ്വാസെനെഗർ. അങ്ങനെ കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ഇഴഞ്ഞു പോകും വിധമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതനായിരുന്നു. സംവധായകർ ഡ്യൂപ്പിനെ വിളിക്കാമെന്ന് പറഞ്ഞാലും സിനിമയുടെ പെർഫക്ഷന് അത് തടസ്സമാവുമെന്ന് പറഞ്ഞ് താൻ വിലക്കുമെന്നാണ് അദ്ദേഹം എഴുതുന്നത്. ചലച്ചിത്ര ചിത്രീകരണത്തിനിടെ മരണം മുന്നിൽ കണ്ട രംഗങ്ങളും അദ്ദേഹം എഴുതുന്നുണ്ട്.
''ദ സിക്‌സ്ത് ഡേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സ്വിമ്മിങ് പൂളിൽ നീന്തുന്ന ഒരു രംഗമുണ്ടായിരുന്നു.പക്ഷേ ആ കുളത്തിന് ഒരു കവർ ഉണ്ടായിരുന്നു. നീന്താൻ തുടങ്ങിയ അതേ സ്ഥലത്തു തന്നെ എത്തിയാൽ മതിയായിരുന്നു. പക്ഷേ തനിക്ക് ശ്വാസം കിട്ടാതെയായി. എന്നാൽ ഭാഗ്യവശാൽ സ്റ്റണ്ട് ഡബിൾ ആയ ബില്ലി ലൂക്കാസ് വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു''- ഷ്വാസ്‌നെഗർ വ്യക്തമാക്കി.
ഈ പുസ്തകം പുതിയ തലമുറക്കിടയിലും വൈറൽ ആയതോടെ, അർനോൾഡിന്റെ ജീവിതവും സമൂഹമാധ്യമങ്ങൽ ചർച്ചയായിട്ടുണ്ട്. ഒന്നുമില്ലായ്മയിൽനിന്ന് പടിപടിയായി വളർന്ന്, കൈവെച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച ആ ജീവിതം, ഒരു അതിശയ കഥയാണ്.
ക്രൂരനായി നാസി പിതാവ്
അമേരിക്കക്കാർ തങ്ങളുടെ അഭിമാനമായി കാണുന്ന ഈ നടൻ സത്യത്തിൽ ജന്മം കൊണ്ട് ആ നാട്ടുകാരനല്ല. 1947 ജൂലൈ 30-ന് ഓസ്ട്രിയയിലെ താൽ എന്ന ചെറിയ ഗ്രാമത്തിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഷ്വാസെനെഗർ ജനിച്ചത്. പിതാവ് ഗുസ്താവ് ഷ്വാസെനെഗർ പ്രാദേശിക പൊലീസ് മേധാവിയായിരുന്നു, അമ്മ ഒരു വീട്ടമ്മയായിരുന്നു. മകനെ തന്നെപ്പോലെ ഒരു പൊലീസുകാരൻ ആക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം.
തന്റെ പിതാവ് തീർത്തും ക്രൂരനും കാർക്കശ്യക്കാരനുമായിരുന്നുവെന്ന് അർനോൾഡ് ഓർക്കുന്നുണ്ട്. എന്തിനും ഏതിനും മർദനമേറ്റ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റെത്. തന്റെത് ഒരു ടോക്സിക്ക് പാരന്റിങ്ങ് ആയിരുന്നുവെന്ന് തുറന്ന് പറയാൻ അർനോൾഡിന് മടിയില്ല. കർക്കശവും അച്ചടക്കവും പാലിക്കുന്ന ഒരു കുടുംബത്തിൽ, എന്തെങ്കിലും ദുഷ്പ്രവൃത്തിയോ തമാശയോ ഉണ്ടായാൽ, താൻ പിതാവിന്റെ വടിയിൽ നിന്ന് രക്ഷപ്പെടാറില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കെട്ടിയിട്ടും, മുടിപിടിച്ച് വലിച്ചുമൊക്കെ അതിക്രുരമായ രീതിയിലായിരുന്നു അച്ഛന്റെ മർദനം. ഇതൊക്കെകൊണ്ടുതന്നെയാവണം വർഷങ്ങൾക്ക് ശേഷം പിതാവ് മരിച്ചപ്പോൾ കാണാൻ പോലും അദ്ദേഹം പോയില്ല.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുടെയുമാണ് ആ കുടുംബം കടന്നുപോയത്. കുട്ടിക്കാലത്ത് അർനോൾഡിന്റെ ഏറ്റവും വലിയ ഓർമ്മകളിലൊന്ന് കുടുംബം ഒരു റഫ്രിജറേറ്റർ വാങ്ങിയതാണ്. തന്റെ പിതാവ് ഒരു നാസിയായിരുന്നുവെന്നും അർനോൾഡ് വെളിപ്പെടുത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഓസ്ട്രിയയിലെ കുപ്രസിദ്ധ നാസി പാർട്ടിയുടെ ഭാഗമായിരുന്നു തന്റെ പിതാവ്. പക്ഷേ അദ്ദേഹം നാസി അനുഭാവി ആയിരുന്നില്ല. പക്ഷേ നാസികൾക്ക് ഒപ്പം നിന്നില്ലെങ്കിൽ പണി പോവും. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പക്ഷേ മലേറിയ പിടിപെട്ടതുകൊണ്ട് അദ്ദേഹത്തെ നാസികൾ ഔദ്യോഗിക ചുമതലകളിൽ നിന്ന് മോചിപ്പിച്ചു. അമേരിക്കയിൽ വളർന്നുവരുന്ന യഹൂദവിരുദ്ധതയ്‌ക്കെതിരായ പോരാട്ടത്തിൽ അംഗമാണ് ഇന്ന് അർനോൾഡ്. അപ്പോഴാണ് അദ്ദേഹം തന്റെ പിതാവിന്റെ അനുഭവങ്ങൾ പറഞ്ഞത്.
13-ാം വയസ്സിൽ, ഷ്വാർസെനെഗറിന്റെ ഫുട്ബോൾ പരിശീലകൻ അവനെ പ്രാദേശിക ജിമ്മിൽ കൊണ്ടുപോയി ബോഡി ബിൽഡിംഗിന്റെ ലോകത്തേക്ക് കൊണ്ടുവന്നു. തന്റെ ജീവിതം ചെറിയ ഓസ്ട്രിയൻ ഗ്രാമത്തിന്റെ അതിരുകൾക്കപ്പുറമാണെന്ന് അർനോൾഡിന് അറിയാമായിരുന്നു. മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിലെ മുൻ ജേതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവൻ ഒരു പ്രൊഫഷണൽ ബോഡി ബിൽഡർ ആകാൻ ചെറുപ്പത്തിൽ തന്നെ തീരുമാനിക്കുന്നു. ഒരു വർഷത്തോളം അവൻ ഓസ്ട്രിയൻ ആർമിയുടെ ഭാഗമായിരുന്നു .പിന്നീട് ഒരു പ്രധാന ബോഡിബിൽഡിങ് ഇവന്റിൽ പങ്കെടുക്കാൻ അദ്ദേഹം ഒളിച്ചോടി. അങ്ങനെയാണ് ഓസ്ട്രിയ വിട്ട് അമേരിക്കയിൽ എത്തുന്നത്.
ലോകം കീഴടക്കിയ മസിൽ മാൻ
സ്‌കൂളിൽ ഒരു മോശം വിദ്യാർത്ഥിയായിരുന്നു അവർ. ഭാഷയിലും കമ്യുണിക്കേഷനിനിലും കുട്ടിക്ക് പ്രശ്നമുണ്ടായിരുന്നു. പിന്നീടാണ് അത് ഡിസ്ലക്സിയ എന്ന അസുഖമാണെന്ന് തെളിഞ്ഞത്. പക്ഷേ സ്പോർട്സിൽ അവൻ തിളങ്ങി. പിതാവിനും സ്പോർ്ട്സിൽ പങ്കെടുക്കുന്നത് ഇഷ്ടമായിരുന്നു.
15ാം- വയസ്സിൽ, ഷ്വാസ്‌നെഗർ തന്റെ ബോഡിബിൽഡിങ്ങ് യാത്ര ആരംഭിച്ചു. അതി കഠിനമായ അർപ്പണബോധത്തിന്റെ കാലമായിരുന്നു അത്. വർക്കൗട്ടും വ്യായമുറകളുമായി മണിക്കുറുകൾ ചെലവിട്ടു. അതിന് ഫലമുണ്ടായി. 65ൽ ജൂനിയർ മിസ്റ്റർ യൂറോപ്പ് മത്സരത്തിൽ ഷ്വാസെനെഗർ വിജയം നേടി. വെറും രണ്ട് വർഷത്തിന് ശേഷം, 20 വയസ്സുള്ളപ്പോൾ, മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ബോഡി ബിൽഡിംഗിന്റെ ലോകത്തെ താരപദവിയിലേക്കുള്ള ഉയർച്ചയുടെ തുടക്കം അവിടെയായിരുന്നു. പിന്നീട് വിസ്മയിപ്പിക്കുന്ന ഏഴ് മിസ്റ്റർ ഒളിമ്പിയ ടൈറ്റിലുകളോടെ, എക്കാലത്തെയും മികച്ച ബോഡി ബിൽഡർമാരിൽ ഒരാളായി അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.
അക്കാലത്ത് സ്റ്റിറോയിഡുകൾ നിരോധിച്ചിരുന്നില്ല. ബോഡി ബിൽഡിങ്ങിനായി താൻ സ്റ്റിറോയിഡുകൾ ഉപയോഗിച്ചിരുന്നതായി പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. - 'മത്സരത്തിനുള്ള തയ്യാറെടുപ്പിനായി കർശനമായ ഭക്ഷണക്രമത്തിലിരിക്കുമ്പോൾ പേശികളുടെ വലുപ്പം നിലനിർത്താൻ സ്റ്റിറോയിഡുകൾ എന്നെ സഹായിച്ചു.''- അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് പുകവലിയും സമാന്യം നല്ല മദ്യപാനവും ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ 60 വയസ്സിനപ്പുറം ഇയാൾ ജീവിക്കില്ല എന്ന് പറഞ്ഞ ഡോക്ടർമാരായ സുഹൃത്തുക്കൾവരെയുണ്ട്. പക്ഷേ അവർ മരിച്ചിട്ടും അർനോൾഡ് സുഖമായിരിക്കുന്നു!
ബോഡി ബിൽഡിങ്ങിൽനിന്ന് വന്ന വരുമാനം ധുർത്തടിച്ച് കളയാതെ കൃത്യമായി ബിസിനസിൽ നിക്ഷേപിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സാമ്രാജ്യത്തിന് തുടക്കമിട്ടത്. 1970-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തിയ ആദ്യകാലം മുതൽ, അദ്ദേഹം തന്റെ വരുമാനം റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംരംഭങ്ങൾ വളരെ വിജയകരമായിരുന്നു. ഈ നിക്ഷേപങ്ങളിലൂടെയാണ് ഷ്വാസ്‌നെഗർ 25-ാം വയസ്സിൽ കോടീശ്വരനായത്.
അക്കാലത്ത് നിരവധി മാഗസിനുകൾ അർനോൾഡിന്റെ കൊതിപ്പിക്കുന്ന സിക്സ്പാക്ക് ശരീര സൗന്ദര്യം കവർ ആക്കി. അപ്പോഴാണ് അദ്ദേഹത്തിന് അഭിനയമോഹം ഉദിക്കുന്നതും.
പോൺസ്റ്റാറിൽനിന്ന് സൂപ്പർ സ്റ്റാറിലേക്ക്!
പോൺ ചിത്രങ്ങളിൽ നിന്നാണ് അർണോൾഡ് സിനിമയിൽ എത്തിയത് എന്ന് കേട്ടാൽ ഇന്ന് വിശ്വസിക്കാൻ കഴിയില്ല. പക്ഷേ സംഗതി സത്യമാണ്. മിസ്റ്റർ ആദ്യകാലത്ത് നിരവധി പോണോഗ്രഫി മാഗസിനുകളിൽ മോഡൽ കൂടിയായിരുന്നു അർണോൾഡ്. പിന്നീടാണ് ഹോളിവുഡിൽ എത്തുന്നത്.
ഒരുപാട് ഓഡിഷനുകൾക്ക് ശേഷം 'ഹെർക്കുലീസ് ഇൻ ന്യൂയോർക്ക്' (1970) എന്ന സിനിമയിൽ ടൈറ്റിൽ റോൾ അവതരിപ്പിക്കാൻ അവസരം കിട്ടി. 'അർനോൾഡ് സ്ട്രോംഗ്' എന്ന സ്റ്റേജ് നാമത്തിൽ സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഉച്ചാരണം ഓസ്ട്രിയൻ സ്ളാങ്ങും കട്ടിയുള്ളതുമായതിനാൽ ഡബ്ബ് ചെയ്യുകയായിരുന്നു. ദ ലോംഗ് ഗുഡ്‌ബൈ (1973), സ്റ്റേ ഹംഗറി (1976) തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് വന്നത്. സ്റ്റേ ഹംഗറിനടൻ.റിലുടെ ആ വർഷത്തെ ന്യൂ സ്റ്റാറിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. ''തുടക്കത്തിൽ അഭിനയം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്റെ ശരീരം 'വളരെ വിചിത്രമാണ്', എനിക്ക് തമാശയുള്ള ഉച്ചാരണമുണ്ടെന്ന് ഡയറക്ടർമാർ പറയുന്നു. പേര് വളരെ ദൈർഘ്യമേറിയതാണ്, നിങ്ങൾ പേരുനൽകൂ, ഞാൻ അത് മാറ്റണമെന്ന് അവർ എന്നോട് പറഞ്ഞു. പക്ഷേ ഞാൻ മാറ്റിയില്ല'- അർനോൾഡ് അക്കാലം ഓർമ്മിക്കുന്നത് അങ്ങനെയാണ്.
പമ്പിങ് അയൺ (1977) എന്ന ബോഡിബിൽഡിങ് സിനിമയിൽ ഷ്വാർസെനെഗർ ശ്രദ്ധയാകർഷിച്ചു. പക്ഷേ 1982-ൽ പുറത്തിറങ്ങിയ ഇതിഹാസ ഫാന്റസി ചിത്രമായ 'കോനൻ ദി ബാർബേറിയൻ' എന്ന ചിത്രമാണ് അദ്ദേഹത്തെ സൂപ്പർ സ്റ്റാർ ആക്കിയത്. 1984-ൽ സയൻസ് ഫിക്ഷൻ ക്ലാസിക് 'ദ ടെർമിനേറ്റർ' അദ്ദേഹത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തി. ആദ്യ ടെർമിനേറ്ററിന്റെ സംവിധാനം ജെയിംസ് കാമറൂണായിരുന്നു. ചിത്രം ആഗോള വ്യാപകമായി തരംഗമായി. പിന്നീടുള്ള ഓരോ ടെമർമിനേറ്റർ ചിത്രങ്ങളും അഗോളവ്യാപകമായി ഷ്വാസ്നെഗർക്ക് ഫാൻസിനെ ഉണ്ടാക്കിക്കൊടുത്തു. 2019ലെത്തിയ ടെർമിനേറ്ററിന്റെ പുതിയ പതിപ്പിൽ അർണോൾഡ് അതിഥിവേഷത്തിൽ എത്തിയിരുന്നു. കോമഡി നന്നായി ചെയ്യാൻ കഴിയുന്ന അപൂർവ ആക്ഷൻ താരമെന്ന നിലയിലും അദ്ദേഹം അഭിനന്ദനം എറ്റുവാങ്ങി.
ഓസ്ട്രിയൻ ഓക്ക് എന്നായിരുന്നു മി. ഒളിമ്പിയൻ കാലത്തെ വിളിപ്പേര്. എന്നാൽ അർണീ എന്നും അർനോൾഡ് എന്നുമാണ് ഹോളിവുഡിൽ അറിയപ്പെട്ടത്. പിന്നീട ഗവർണ്ണർ ആയതോടെ ഗവർണേറ്റർ (ഗവർണർ+ടെർമിനേറ്റർ) എന്ന് തമാശരൂപേണ വിളിച്ചുവരുന്നുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ അർണോൾഡ് ഇന്നും മുന്നിലാണ്..
ഗവർണ്ണറായി തിളങ്ങി
ഒറ്റ സിനിമക്ക് 20-30 മില്ല്യൺ ഡോളർ വാങ്ങുന്ന സൂപ്പർതാരമായി തിളങ്ങുമ്പോഴാണ് അർനോൾഡ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുമായി അടുത്ത ബന്ധം അദ്ദേഹത്തിന് നേരത്തെയുണ്ടായിരുന്നു. ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത്, ഫിസിക്കൽ ഫിറ്റ്‌നസ് ആൻഡ് ന്യൂട്രീഷൻ സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിൽ ഷാസ്വനെഗർ അധ്യക്ഷനായിരുന്നു. ആരോഗ്യകരമായ ഒരു രാഷ്ട്രം എന്നതായിരുന്നു അതിന്റെ ആപ്തവാക്യം. ബുഷുമായുള്ള ഈ ബന്ധം തന്നെയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്.
2003-ൽ ഷ്വാസ്വെനെഗർ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ട്. പക്ഷേ അദ്ദേഹം അവിടെയും വിജയിച്ച് കാട്ടി. തിരഞ്ഞെടുപ്പിൽ വിജയിച്ച് കാലിഫോർണിയയുടെ 38-ാമത് ഗവർണറായി. 48.6% വോട്ടുകൾ നേടിയ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ക്രൂസ് ബുസ്റ്റമാന്റേയെക്കാൾ ബഹുദൂരം മുന്നിലെത്തി. ഇതിന് സഹായിച്ചത് രാഷ്ട്രീയ സാഹചര്യങ്ങളേക്കാൾ ഒരു നടൻ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഇമേജ് തന്നെ ആയിരുന്നു. 2003 മുതൽ 2011 വരെ ഗവർണറായിരുന്ന ഷ്വാസ്‌നെഗറിന്റെ ഭരണവും പൊതുവെ നല്ല അഭിപ്രായമാണ് ഉയർത്തിയത്. 2004 ലും 2007 ലും ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ അർനോൾഡ് അടുത്ത അമേരിക്കൻ പ്രസിഡന്റ് ആവുമെന്ന്വരെ മാധ്യമങ്ങൾ എഴുതിയിരുന്നു. എന്നാൽ റിപ്പബ്ബിക്കൻ പാർട്ടിയിലെ ആഭ്യന്തര ചേരിപ്പോരുകൾ വിനയായി. ഒരു വിഭാഗം അദ്ദേഹത്തിന്റെ ഓസ്ട്രയിൻ ജന്മം ചൂണ്ടിക്കാട്ടി പ്രശ്നമുണ്ടാക്കി. പിന്നീട് ട്രംപ് വന്നതോടെ റിപ്പബ്ലിക്കൻ പാർട്ടി പൂർണ്ണമായും വലതുപക്ഷത്തായി. ഇന്നും ട്രംപിന്റെ ഏറ്റവും വലിയ എതിരാളിയാണ് ഈ നടൻ. രാഷ്ട്രീയം തനിക്ക് വെറുത്തുപോയി എന്നാണ് ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ട്രംപിന്റെ ചെയ്തികളെ ശുദ്ധതെമ്മാടിത്തമെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.
''ഞാൻ രാഷ്ട്രീയം വെറുക്കുന്നു. ഞാൻ ഗവർണറായിരുന്നപ്പോൾ പോലും സ്വയം രാഷ്ട്രീയക്കാരനായി കണ്ടിരുന്നില്ല. ജനങ്ങളുടെ നല്ലതിനു വേണ്ടി നയങ്ങൾ ഉണ്ടാക്കുന്ന ജനങ്ങളുടെ സേവകനായിട്ടാണ് ഞാൻ സ്വയം കരുതിയത്. ഓസ്ട്രിയൻ പശ്ചാത്തലം കാരണം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവത്തതിൽ ദുഃഖമുണ്ട്- അർണോൾഡ് ഷ്വാർസ്നെഗർ പറയുന്നു.
അവിഹിതം തുറന്ന് പറഞ്ഞ് പുലിവാലിൽ
സാധാരണ തങ്ങളുടെ സ്വകാര്യജീവിതം ഒരു സെലിബ്രിറ്റിയും പുറത്തുപറയാറില്ല. പക്ഷേ അർനോൾഡ് അവിടെയും ഞെട്ടിച്ചു. കാലിഫോർണിയയിലെ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള അഭിമുഖത്തിൽ, തെറ്റുതിരുത്താൻ ഒരു അവസരം കിട്ടിയാൻ എന്തുചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വീട്ടുവേലക്കാരിയുമായി ലൈംഗിക ബന്ധമുണ്ടെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും അർനോൾഡ് വെളിപ്പെടുത്തി. ഈ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് ശേഷം താരത്തിന് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ആർനോഡിന്റെ ഭാര്യ ബന്ധം ഉപേക്ഷിച്ചു പോയി. ഇപ്പോൾ ഒറ്റക്ക് കഴിയുകയാണെങ്കിലും അഞ്ചു മക്കളുമായി തനിക്ക് നല്ല സ്‌നേഹബന്ധമാണെന്നും താരം പറയുന്നു.
മരിയ ഷ്രിവർ എന്ന സാമൂഹിക പ്രവർത്തക കൂടിയായ സംരംഭകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. മരിയ തിനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും, തന്റെ തെറ്റ് പൊറുത്ത് തിരിച്ചുവരാനായി പലതവണ കാലുപിടിച്ചുവെന്നും തുറന്നുപറയാൻ അർനോൾഡിനല്ലാതെ മറ്റാർക്കുമാവില്ല.
25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2021ൽ കോടതി വഴി അവർ വേർപിരിഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഇതിനായി താരം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത്. 1986 മുതൽ 2021 വരെ അദ്ദേഹം സ്വരൂപിച്ച പെൻഷൻ ഉൾപ്പെടെ, വിവാഹമോചനത്തിനു ശേഷമുള്ള ഷ്വാർസെനെഗറിന്റെ പകുതി സമ്പാദ്യത്തിന് മരിയ ഷ്രിവർ അർഹനാണെന്ന് ജൂറി വിധിച്ചു. വിവാഹമോചനത്തിന്റെ ഒത്തുതീർപ്പിൽ അവരുടെ സ്വത്തുക്കൾ വിഭജിക്കുകയും മക്കൾക്കായി ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഷ്രിവർ അവരുടെ കുട്ടികളുടെ സാമീപ്യം നിലനിർത്താൻ പഴയ വീടിന്റെ സമീപത്ത് ഒരു പുതിയ വീട് വാങ്ങുകയായിരുന്നു. രണ്ട് ഇളയ കുട്ടികളുടെ സംരക്ഷണം പങ്കിടാൻ ഇരുവരും സമ്മതിക്കയും ചെയ്തു.
തെരുവിൽ ഉറങ്ങിയ കോടീശ്വരൻ
കുട്ടികളുടേതുപോലെ കുറച്ച് പിടിവാശികളും ഉള്ളയാളാണ് അർനോൾഡ്.
ഒരിക്കൽ ഒഹിയോയിലെ കൊളംബസിലെ തെരുവിൽ സ്ഥാപിച്ചിട്ടുള്ള സ്വന്തം വെങ്കല പ്രതിമയ്ക്ക് കീഴിൽ അദ്ദേഹം ഒരു രാത്രി കിടന്നുറങ്ങിയത് വലിയ ചർച്ചയായി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അർണോൾഡ് ഗവർണർ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുള്ള ഈ ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. അന്ന് ഒരു മുറി എപ്പോഴും അർണോൾഡിനായി ഒഴിച്ചിട്ടിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നും അധികൃതർ വാക്ക് നൽകിയിരുന്നു.
ഉദ്ഘാടന സമയത്ത് ഹോട്ടൽ അധികൃതർ നൽകിയ ഉറപ്പ്, പിന്നീട് അർണോൾഡ് താമസിക്കാൻ എത്തിയപ്പോൾ അവർ പാലിച്ചില്ല. മുറികളൊന്നും ഒഴിവില്ലെന്നായിരുന്നു മറുപടി. മുറി ഒഴിവുണ്ടെങ്കിൽ നൽകാം എന്നായിരുന്നില്ല, എപ്പോൾ വന്നാലും താമസിക്കാൻ ഒരു മുറി ഒഴിച്ചിട്ടിരിക്കാം എന്നായിരുന്നു അവർ നൽകിയ ഉറപ്പ്. അർനോൾഡിന് വേണമെങ്കിൽ വേറെ ഹോട്ടലിൽ താമസിക്കാമായിരുന്നു. പക്ഷേ വാഗ്ദാന ലംഘനത്തിന്റെ പ്രതിഷേധം എന്നനിലയഇൽ അദ്ദേഹം തെരുവിൽ ഉറങ്ങി. -''ഗവർണർ പദവി ഉണ്ടായിരുന്നപ്പോൾ ജനങ്ങൾ എന്നെ പുകഴ്‌ത്തി. പക്ഷെ, ആ പദവി നഷ്ടമായപ്പോൾ അവർ എന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാൻ പാടില്ല.''- അർനോൾഡ് പറയുന്നു.
അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടും ഇന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അർനോൾഡ്. അതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. 97 ലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിക്കേണ്ടി വന്നത്, 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിക്കേണ്ടതായി വന്നിരുന്നു. എന്നിട്ടും അദ്ദേഹം ഫിറ്റ്സസിലും വർക്കൗട്ടലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സാമൂഹിക പ്രവർത്തനത്തിലും നടൻ സജീവമാണ്. 2019ൽ ലൊസാഞ്ചൽസിൽ നാശം വിതച്ച കാട്ടുതീ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം തെരുവിൽ ഇറങ്ങിയിരുന്നു. ഇപ്പോൾ നിരവധി ചലച്ചിത്രങ്ങളും അദ്ദേത്തെ തേടിയെത്തുന്നു. അപ്പോഴാണ് 'ബീ യൂസ്ഫുൾ: സെവൻ ടൂൾസ് ഫോർ ലൈഫ്' എന്ന പുസ്തകവും വീണ്ടും അദ്ദേഹത്തെ ചർച്ചയാക്കുന്നത്.
വാൽക്കഷ്ണം: യന്തിരൻ 2-വിൽ വില്ലനായി അർനോൾഡ് എത്തുമെന്ന വാർത്ത ഇന്ത്യൻ ചലച്ചിത്രപ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു. ഇതിനായി അദ്ദേഹം ഇന്ത്യയിൽ എത്തിയപ്പോഴും വൻ ജനാവലിയാണ് തടിച്ചുകൂടിയത്. രജനീകാന്തിനെ ഒക്കെ കണ്ടെങ്കിലും അത് നടക്കാതെപോയി. ആ പ്രോജക്റ്റിൽ അർനോൾഡ് ഉൾപ്പെട്ടിരുന്നെങ്കിൽ ഹോളിവുഡിലേക്കുള്ള ഇന്ത്യൻ സിനിമയുടെ ആക്സസ് ഒന്നുകൂടി എളുപ്പമാവുമായിരുന്നു.