- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഒറ്റ ചിത്രത്തിന് 8,000 കോടി രൂപ പ്രതിഫലം കിട്ടിയ സംവിധായകൻ! മാംസരഹിതമായ ലോകത്തിനു വേണ്ടി പ്രവർത്തിക്കുന്ന വീഗൻ; ബുഷ് ജയിച്ചപ്പോൾ വേണ്ടെന്ന് വെച്ചത് യുഎസ് പൗരത്വം; ഇന്ത്യൻ പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ആരാധകൻ; അഞ്ചു വിവാഹങ്ങളിൽ നാല് ഡിവോഴ്സുകൾ; ട്രക്ക് ഡ്രൈവറിൽ നിന്ന് ചലച്ചിത്രകാരനിലേക്ക്; ജെയിംസ് കാമറൂണിന്റെ വിചിത്ര ജീവിതം
കൊടും പനിപിടിച്ച് വിറച്ചുകിടക്കുമ്പോൾ കണ്ട ദു:സ്വപ്നങ്ങൾ ഒരാളുടെ ജീവിതം മാറ്റി മറിച്ചുവെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കും! ആദ്യം പടം പൊളിഞ്ഞ്, അടുത്ത പടത്തിന് പ്രൊഡ്യൂസർമാരെ കിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കയായിരുന്ന, ജെയിംസ് ഫ്രാൻസിസ് കാമറൂൺ എന്ന ചെറുപ്പക്കാരന് പക്ഷേ ആ ദുസ്വപ്നങ്ങൾ ചലിച്ചിത്രലോകത്തേക്കുള്ള കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി. തന്നെ ചില റോബോട്ടുകൾ ആക്രമിക്കുന്നതായ സ്വപ്നമാണ് ആ യുവാവ് കണ്ടത്. ഞെട്ടിയുണർന്ന അയാൾ ചെയ്തത് ആ സ്വപ്നം എഴുതിവെക്കുക എന്നതായിരുന്നു. അങ്ങനെ അയാൾ അതിൽനിന്ന് ഒരു കഥയും തിരക്കഥയുമുണ്ടാക്കി. പിന്നെ ഹോളിവുഡിലെ സിനിമാ കമ്പനികൾ കയറി ഇറങ്ങുകയായി ജോലി. തന്റെ തിരക്കഥ വെറും ഒരു ഡോളറിന് നിങ്ങൾക്ക് തരാം. പക്ഷേ സിനിമ സംവിധാനം ചെയ്യാൻ എന്നെ അനുവദിക്കണം. അതായിരുന്നു, കാമറൂണിന്റെ ഡിമാൻഡ്. അവസാനം ഒരു കമ്പനി അത് സമ്മതിച്ചു.
പിന്നീടുണ്ടായത് ചരിത്രം. ആ ചലച്ചിത്രം, ആഗോള കളക്ഷൻ റെക്കോർഡുകൾ തിരുത്തി. ഇന്ത്യയിലും കേരളത്തിലും പോലും പണം വാരി. നിരവധി അവാർഡുകളും നേടി. അതാണ് ടെർമിനേറ്റർ. അർണോൾഡ് ഷ്വാസ്നഗറിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം. ഇവിടെ ഒരു ദുസ്വപ്നത്തിൽനിന്നാണ് ഒരു ഹിറ്റ് ഒരുക്കിയതെങ്കിൽ ചെറുപ്പം മുതലേ, ജെയിംസ് കാമറൂണിന് സിനിമയുടെ അദ്ഭുദലോകമായിരുന്നു സ്വപ്നം.
ടൈറ്റാനിക്കിന്റെ സംവിധായകൻ എന്ന ഒറ്റവാക്കുമതി അയാളെ ലോകം അറിയാൻ. വെള്ളിത്തിര സ്വപ്നം കണ്ട് പഠനംപോലും പാതിവഴിയിൽ ഉപേക്ഷിച്ച കിറുക്കൻ. ഏലിയസിന്റെയും റോബോട്ടുകളുടെ അദ്ഭുദ ലോകം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത പ്രതിഭ, സമുദ്ര മലിനീകരണത്തിനും, പരിസ്ഥിതി മലിനീകരണത്തിനും എതിരെ ശക്തമായ കാമ്പയിൻ നടത്തുന്ന മനുഷ്യസ്നേഹി, പരിസ്ഥിതി പ്രേമം മൂത്ത് ഇനി ഇറച്ചി കഴിക്കില്ലെന്ന് പരസ്യമായി പറഞ്ഞ വീഗൻ, ബുഷിന്റെ യുദ്ധക്കൊതിയിൽ പ്രതിഷേധിച്ച് അമേരിക്കൻ പൗരത്വം വേണ്ടെന്ന് പറഞ്ഞ ധീരൻ, ലോക മറിയുന്ന സമുദ്രശാസ്ത്രജ്ഞൻ, നാസയുടെ ചൊവ്വാ പര്യവേഷണങ്ങളിലെ അംഗം......അങ്ങനെ പോവുന്ന ഒരു കാലത്ത് വെറും ട്രക്ക് ഡ്രൈവർ ആയിരുന്നു ഈ മനുഷ്യന്റെ വിശേഷണങ്ങൾ.
പക്ഷേ ഇപ്പോൾ കാമറൂൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ അവതാർ 2 എന്ന 'അവതാർ വേ ഓഫ് വാട്ടർ' കേരളത്തിലടക്കം തരംഗമാവുകയാണ്. മനുഷ്യൻ അവതാർ ആവുന്നതുപോലെ അദ്ഭുദപ്പെടുത്തെുന്ന ഒരു പരിണാമമാണ്, ജെയിസ് കാമറൂണിന്റെ ജീവിതത്തിലും സംഭവിച്ചത്.
പഠനം ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി
കാനഡയിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറുണിന്റെയും ഷിർലിയുടെയും മകനായി 1954 ഓഗസ്റ്റ് 16നാണ് ജെയിംസ് കാമറൂൺ ജനിച്ചത്. പിതാവ് ഒരു ഇലട്രിക്കൽ എഞ്ചിനീയറും അമ്മ ഒരു നഴ്സുമായിരുന്നു. ഒരു കലാകാരി കൂടിയായ അമ്മയുടെ ജീനുകൾ ആയിരിക്കണം തന്നെ സിനിമയിലേക്ക് ആകർഷിച്ചതെന്ന് കാമറൂൺ പിൽക്കാല അഭിമുഖങ്ങളിൽ തമാശ പറയുന്നുണ്ട്. പഠിക്കാൻ ചെറുപ്പം മുതലേ വലിയ താൽപ്പര്യം അവൻ കാട്ടിയയിരുന്നില്ല. ചെറുപ്പത്തിൽ ചിത്രകലയിൽ ആയിരുന്നു കുഞ്ഞു ജെയിംസിന് കമ്പം.അവൻ വരയ്ക്കുന്ന ചിത്രങ്ങൾ മികവുറ്റതായിരുന്നെങ്കിലും, അതിലെ അതിഭാവുകത്വം ആർക്കും അത്ര ദഹിച്ചിരുന്നില്ല. വിചിത്രരുപികളായ നിരവധി ജീവികളെയാണ് അവൻ വരച്ചുകൂട്ടിയത്. പറക്കുന്ന ആനയും മത്സ്യവും, നീന്തുന്ന കുതിരിയും പക്ഷികളും മെല്ലാമായി അന്ന് വരച്ച ആ വിചിത്രരൂപികളെ ആയിരിക്കണം ജെയിഒസ് പിന്നീട് അവതാറിൽ അടക്കം ചിത്രീകരിച്ചത്.
കാമറുണിന് 17 വയസ്സുള്ളപ്പോൾ 1971-ൽ അവരുടെ കുടുംബം അമേരിക്കയിലെ കാലിഫോർണിയയിലേക്ക് കുടിയേറി. കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി.
സ്റ്റാർ വാർസ് സിനിമകൾ ലോകത്തെ ത്രസിപ്പിച്ച കാലം. അന്ന് സ്റ്റാർ വാർസിന്റെ നാലാം ഭാഗമായ ന്യൂ ഹോപ് എന്ന ചിത്രം കണ്ട് 23കാരനായ ഒരു യുവാവ് മനസ്സിൽ കുറിച്ചു: 'ഇതാണ് ഇത് മാത്രമാണ് എന്റെ വഴി'. അതിനോടകം തന്നെ കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ട്രക്ക് ഡ്രൈവറായി മാറിയിരുന്നു. 1977-ൽ സ്റ്റാർ വാർസ് ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് പ്രവേശിക്കാൻ അയാൾ തീരുമാനിച്ചു.
പരാജയത്തിൽ നിന്ന് തുടക്കം
വെറും 23 വയസ്സുമാത്രം പ്രായമുള്ള കോളജ് ഡ്രോപ്പ് ഔട്ടായ, യാതൊരു സിനിമാ പരിചയവുമില്ലാത്ത യുവാവിന് ആര് എന്ത് ജോലികൊടുക്കാനാണ്. പക്ഷേ കാമറൂൺ തന്റെ അന്വേഷണങ്ങൾ തുടർന്നു. കുറേക്കാലം നടന്നപ്പോൾ അദ്ദേഹത്തിന് മനസ്സിലായി താൻ തന്നെ പ്രെഡ്യുസർ ആവാതെ ആരെയും കിട്ടില്ല എന്ന്. അങ്ങനെ സുഹൃത്തുക്കളിൽനിന്നു വീട്ടുകാരിൽനിന്നും കടം വാങ്ങിയ പണം വച്ചാണ് ആ ചെറുപ്പക്കാരൻ ആദ്യ ഷോർട്ട് ഫിലം ചെയ്യുന്നത്. സയൻസ് ഫിക്ഷൻ സിനിമയായ 'ക്സെനോജെനസിസ്' എന്ന ഹ്രസ്വ സിനിമയായിരുന്നു അത്. സിനിമ സ്വയം പഠിച്ച വ്യക്തിയാണ് കാമറൂൺ. ആദ്യമായി സർജറി ചെയ്യാൻ പോവുന്ന ഒരു ഡോകട്റെപ്പോലൊയിരുന്നു, താൻ ആദ്യ സിനിമയെ സമീപിച്ചതെന്നാണ് കാമറൂൺ പറയുന്നത്. ആ ഷോർട്ട് ഫിലിം സിനിമാലോകത്തേക്കുള്ള കവാടമായി. അതിലെ സാങ്കേതിക മേന്മയും, സബ്ജക്റ്റിലെ പ്രത്യേകതയും ശ്രദ്ധിക്കപ്പെട്ടു. അതോടെ പ്രൊഡക്ഷൻ ഡിസൈനറായി പല കമ്പനികളും അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി.
'പിരാന സെക്കന്റ് ദി സ്പാവ്നിങ്' എന്ന സിനിമയിലൂടെയാണ് ജെയിംസ് കാമറുൺ സംവിധാന രംഗത്തേക്ക് കടന്നത്. ഇതും തികച്ചും യാദൃശ്ചികമായിരുന്നു. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് ജെയിംസ് വന്നത്. പക്ഷേ നിർമ്മാതാവുമായുള്ള ഭിന്നതയെ തുടർന്ന് സംവിധായകൻ അത് ഇട്ടിട്ടുപോയി. അപ്പോൾ പകരക്കാരനായാണ് കാമറുൺ അരങ്ങേറിയത്. പക്ഷേ ചിത്രം വലിയ പരാജയമായി. അതിൽ നിന്ന് താൻ ഒരു പാഠം പഠിച്ചുവെന്ന കാമറൂൺ പിന്നീട് പറഞ്ഞു. തന്റെ കഥയും തിരിക്കഥയും മാത്രമേ സംവിധാനം ചെയ്യാൻ പാടൂവെന്നാതായിരുന്നു അത്.
ദു:സ്വപനം ടെർമിനേറ്ററായപ്പോൾ
പക്ഷേ വെറും 30ാമത്തെ വയസ്സിൽ അയാൾ ചരിത്രം സൃഷടിച്ചു. പനിച്ചുകിടക്കുമ്പോൾ കണ്ട ആ ദു:സ്വപ്നത്തെ അയാൾ സിനിമയാക്കി. 1984ൽ ദി ടെർമിനേറ്റർ എന്ന സിനിമ വന്നപ്പോൾ ലോകം ഞെട്ടി. അർണോൾഡ് ഷ്വാസ്നഗർ നായകനായ സിനിമ റോബോട്ടിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ത്യൻ സിനിമക്കൊന്നും ഇത്തരമൊരു ടെക്‌നോളജി സിനിമ സ്വപ്നം പോലും കാണാൻ പറ്റാത്ത കാലത്താണ് ടെർമിനേറ്റർ പിറവിയെടുത്തത്. തിരക്കഥാകൃത്തും സംവിധായകനും കാമറൂൺ തന്നെയായിരുന്നു. ലോകമെമ്പാടും ബോക്സ് ഓഫീസിൽ ഗംഭീര വിജയമാണ് ദി ടെർമിനേറ്റർ നേടിയത്.
പിന്നീടങ്ങോട്ട് ജയിംസ് കാമറൂൺ എന്ന സംവിധായകന്റെ കാലമായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത സിനിമകളൊക്കെയും സൂപ്പർഹിറ്റായി മാറി. ഏലിയൻസും, ടൈറ്റാനിക്കും അവതാറുമെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അന്യഗ്രഹ ജീവികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഏലിയൻസ്. നിരവധി അവാർഡുകളാണ് ഈ സിനിമ സ്വന്തമാക്കിയത്.
വിചിത്രമായ ഭാവനയായിരുന്നു കാമറൂണിന്റെ പ്രത്യേകത. അത് സമുദ്രാന്തർഭാഗത്തും അന്യഗ്രഹജീവികളിലുമൊക്കെ ആയിരുന്നു. 1994ൽ തന്നെ 80 പേജുള്ള അവതാർ സിനിമയുടെ ബ്ലൂപ്രിന്റ് പോലും തയ്യാറാക്കി. ടൈറ്റാനിക്കിനു ശേഷം 99ൽ അവതാർ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ തന്റെ മനസ്സിലുള്ള കഥാപാത്രങ്ങൾക്കും, ദൃശ്യങ്ങൾക്കും പൂർണ്ണത നൽകാൻ നിലവിലെ സാങ്കേതിക വിദ്യകൾക്ക് കഴിയില്ല എന്നതുകൊണ്ട് ചിത്രീകരണം മാറ്റിവെച്ചു. അത്രക്ക് പെർഫക്ഷനിസ്റ്റ് കൂടിയാണ് കാമറൂൺ.പിന്നീട് കാലം പുരോഗമിച്ചപ്പോൾ പുതിയ കാമറയും സാങ്കേതിക സംവിധാനവും വന്നപ്പോഴാണ് അയാൾ അവതാർ ചെയ്തത്.
അതിശക്തമായ സ്ത്രീകഥാപാത്രങ്ങളും കാമറൂൺ സിനിമകളുടെ ജീവനാഡിയായി. ടെർമിനേറ്റർ 2വിൽ സ്വയം രക്ഷിക്കാനും ചെറുത്തുനിൽക്കാനും അറിയാവുന്ന സ്ത്രീ കഥാപാത്രം അതുവരെയുള്ള ആക്ഷൻ ഹീറോ സങ്കൽപ്പങ്ങൾ തകിടംമറിച്ചു. ലിൻഡ ഹാമിൽട്ടൺ എന്ന നടിയിലൂടെ ഹീറോ പരിവേഷങ്ങൾ റീ ഡിസൈൻ ചെയ്തു. സ്ത്രീ കഥാപാത്രങ്ങൾക്ക് സ്ത്രീയെന്ന പരിധി വിധിച്ചില്ല. പുരുഷ നായകന്മാരെ എങ്ങനെയോ അതുപോലെ അവരെയും അവതരിപ്പിച്ചു. അത് പ്രേക്ഷകർ സ്വീകരിച്ചു. കഥാപാത്രത്തിന്റെ കാമ്പും അവതരണത്തിലെ നവീനതയുമായിരുന്നു ആ വിജയങ്ങളുടെ കരുത്ത്.
1989ലെ ദി ആബിസ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ക്രൂ മെമ്പേഴ്സ് തങ്ങളുടെ ടീഷർട്ടിൽ ഇങ്ങനെ എഴുതി: നിങ്ങൾക്ക് എന്നെ ഭയപ്പെടുത്താനാകില്ല, ഞാൻ ജിം കാമറൂണിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്.'' ജെയിംസ് കാമറൂൺ എന്ന സംവിധായകൻ എങ്ങനെ ഒരു ക്രൗഡ് പുള്ളർ ആയെന്നതിനുള്ള ഉത്തരം കൂടിയാണിത്. പ്രേക്ഷകർ ഇത്രമേൽ വിശ്വാസമർപ്പിച്ച മറ്റൊരു സംവിധായകനുണ്ടാകില്ല. കാലിഫോർണിയ മുതൽ കോട്ടയത്ത് വരെ ജെയിംസ് കാമറൂൺ എന്ന പേര് കേൾക്കുമ്പോൾ കൈയടി ഉയരുന്നതും അതുകൊണ്ടുതന്നെ.
ഹൃദയം കീഴടക്കിയ ടൈറ്റാനിക്ക്
ജെയിംസ് കാമറൂൺ ഒരിക്കൽ പറഞ്ഞു. തന്റെ ചിത്രങ്ങൾക്കെല്ലാം അടിസ്ഥാനം പ്രണയമാണെന്ന്. അതെ, കാമറൂൺ ചിത്രങ്ങളിൽ അസാധാരണമായ പ്രണയം കാണാം, ശരിക്കും കടലോളം ആഴമുള്ള പ്രണയം. 1997 ൽ പുറത്തുവന്ന ടൈറ്റാനിക്ക് 11 ഓസ്‌കാർ ആണ് സ്വന്തമാക്കിയത്. അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രം. 12 വർഷത്തിനു ശേഷം മറ്റൊരു കാമറൂൺ ചിത്രമായ അവതാർ തന്നെ വേണ്ടിവന്നു ആ റെക്കോർഡ് മറികടക്കാൻ. ടൈറ്റാനിക്കിനുവേണ്ടി അക്കാലത്ത് 20 കോടി മുടക്കി 3 മണിക്കൂർ ദൈർഘ്യമുള്ള സിനിമയെടുക്കാൻ 20ത്ത് സെഞ്ച്വറി ഫോക്സ് പോലൊരു കമ്പനിക്ക് ആത്മവിശ്വാസം നൽകിയത് കാമറൂൺ എന്ന പേര് മാത്രമാണ്. അതിനോടകം തന്നെ ഏലിയൻസ്, ടെർമിനേറ്റർ 2, ദി ആബിസ് തുടങ്ങിയ ചിത്രങ്ങൾ കാമറൂണിനെ ഒരുലോക ബ്രാൻഡാക്കിയിരുന്നു.ലിയനാർഡോ ഡിക്യാപ്രിയോ, കേറ്റ് വിൻസ്ലറ്റ് എന്നീ പേരുകൾ അറിയാത്തവർ ജാക്കിനെയും, റോസിനെയും അവരുടെ പ്രണയത്തെയും മനസ്സിന്റെ ആഴങ്ങളിൽ സൂക്ഷിക്കുന്നു.
മികച്ച സംവിധായകൻ, മികച്ച ഫിലിം മേക്കിങ്, മികച്ച സിനിമ എന്നിങ്ങനെ 11 ഓസ്‌ക്കാർ പുരസ്‌ക്കാരങ്ങളാണ് ടൈറ്റാനിക് നേടിയെടുത്തത്. 14 അക്കാദമി അവാർഡ് നോമിനേഷനുകളും ഈ സിനിമയിൽ നിന്നു മാത്രമുണ്ടായിരുന്നു. റിലീസ് ചെയ്ത് 22 വർഷങ്ങൾ പിന്നിടുമ്പോഴും ടൈറ്റാനിക്ക് ജനമനസ്സുകളിൽ ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അത് കാമറൂൺ മാജിക് ഒന്നുകൊണ്ട് മാത്രമാണ്.
ടൈറ്റാനിക്കിന് വേണ്ടി കാമറൂൺ നടത്തിയ ഹോം വർക്കുകളും ഇന്ന് സോഷ്യൽ മീഡിയിൽ വൈറാലാണ്്. തികഞ്ഞ സമുദ്രപ്രേമിയായ കാമറുൺ ടൈറ്റാനിക്ക് നിൽക്കുന്ന ഭാഗത്ത് സമുദ്രത്തിൽ മുങ്ങി അതിന്റെ ചിത്രങ്ങൾ എടുത്തിരുന്നു. എല്ലാം നേരിട്ട് കണ്ട് പഠിക്കുക എന്നതായിരുന്നു ഈ പെർഫക്ഷനിസ്റ്റിന്റെ രീതി. അതിനായി കപ്പലിന്റെ അതേ രീതിയിലുള്ള ഒരു മിനിയേച്ചർ ഉണ്ടാക്കിയാണ് ചിത്രീകരണം നടത്തിയത്. പ്രത്യേക ടീമിനെവെച്ച് വർഷങ്ങൾ നീളുന്ന ഗവേഷണമാണ് അദ്ദേഹം ഇതിനായി ന്ടത്തിയത്. 75 പേജുകളാണ്, ടൈറ്റാനിക്ക് ദുരന്തത്തിന് ഒരാഴ്ചക്കുശേഷം ഇറങ്ങിയ ന്യൂയോർക് ടൈംസ് പത്രം വിശദമായ വാർത്തകൾക്കായി നീക്കിവച്ചത്. അത് മുഴവൻ പഠിച്ചാണ് കാമറൂൺ സിനിമ ചെയ്യാനെത്തിയത്. കപ്പലിനകത്തേക്ക് വെള്ളം ഇരച്ചുകയറുമ്പോഴും സംഗീതാവതരണം തുടരുന്നത് സിനിമയിൽ കാണാം. യാഥാർഥത്തിൽ സംഭവിച്ചതാണ്. അവരാരും രക്ഷപ്പെട്ടതുമില്ല.
ടെറ്റാനിക്കിലെ അന്നത്തെ ആഡംബരയാത്രയ്ക്കുള്ള ഫസ്റ്റ് ക്ലാസ് പാർലർ ടിക്കറ്റിന് ന്യൂയോർക്കിലെ വില അടക്കം സകലതും കാമറൂൺ പഠിച്ചു. 4350 ഡോളർ എന്ന ഞെട്ടിപ്പിക്കുന്ന വിലയായിരുന്നു അതെന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ചെയ്ത ഷോർട്ട് ഫിലിമും വമ്പൻ ഹിറ്റായി. ഗവേഷകർക്കുപോലും അറിയാത്ത കാര്യങ്ങളാണ്, ഈ സിനിമക്കായി ജെയിംസ് ചികഞ്ഞ് എടുത്തത്.
സിനിമയേക്കൾ പ്രിയം സമുദ്രത്തെ!
തികഞ്ഞ പ്രകൃതിസ്നേഹിയും ഒപ്പം മനുഷ്യസ്നേഹിയുമാണ് കാമറൂൺ. സമുദ്രമാണ് ഈ ലോകത്ത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു. സമുദ്രമലീനകരത്തിനെതിരെ നടത്തുന്ന എല്ലാ കാമ്പയിനുകളുടെയും മുൻ പന്തിയിൽ കാമറൂണിനെ കാണാം. അതിൽ തന്നെ സമുദ്രാന്തർ ഭാഗത്താണ് അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷൻ. സമുദ്രമാണോ, സിനിമയാണോ ഏറ്റവും പ്രിയം എന്ന ചോദ്യത്തിന് സമുദ്രം എന്നാണ് അദ്ദേഹം ഒരിക്കൽ മറുപടി നൽകിയത്.
ഈയിടെയായി അദ്ദേഹം ഒരു താരം ഭ്രാന്തമായ പ്രകൃതി ആരാധകൻ ആവുന്നുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നു. 2012ലെ റിപ്പോർട്ട് അനുസരിച്ച്, കാമറൂണും കുടുംബവും പൂർണ്ണമായും സസ്യാഹാരികളായി മാറിയെന്നാണ്. 'നിങ്ങൾ കഴിക്കുന്നത് മാറ്റുന്നതിലൂടെ, മനുഷ്യ വർഗ്ഗവും പ്രകൃതി ലോകവും തമ്മിലുള്ള മുഴുവൻ കരാറും നിങ്ങൾ മാറ്റും' എന്ന് കാമറൂൺ പ്രസ്താവിക്കുന്നു. ഇന്ന് അദ്ദേഹം വീഗൻ ഡയറ്റാണ് പിന്തുടരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണവും കുറച്ച് മാംസവും ഉൽപ്പാദിപ്പിക്കുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് അവർ ആഹ്വാനം ചെയ്യുന്നു. 2006ൽ, കാമറൂണിന്റെ ഭാര്യ സ്ഥാപിച്ച് സ്‌കുൾ ആണ് യുഎസിലെ ആദ്യ വെജിറ്റേറിൻ സ്‌കുൾ. ഗ്ലോബൽ ഗ്രീൻ യുഎസ്എക്ക് വേണ്ടിയും അദ്ദേഹം പരിപാടികൾ സംഘടിപ്പിക്കുകയും ഊർജ ഉപയോഗത്തിന് സുസ്ഥിരമായ പരിഹാരങ്ങൾക്കായി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഗ്രി ബിസിനസിലേക്കും കാമറൂൺ കടന്നു. 2014ന്റെ തുടക്കത്തിൽ, കാമറൂൺ 2.7 മില്യൺ ഡോളറിന് ബ്രിട്ടീഷ് കൊളംബിയയിലെ കോർട്ടനയിലെ ബ്യൂഫോർട്ട് വൈൻയാർഡും എസ്റ്റേറ്റ് വൈനറിയും വാങ്ങിയത് ഇതിനാണ്. 2019 ജൂണിൽ, ന്യൂസിലാൻഡിൽ സസ്യാധിഷ്ഠിത മാംസം, ചീസ്, പാലുൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ പീറ്റർ ജാക്‌സണുമായി ഒരു ബിസിനസ്സ് സംരംഭം കാമറൂൺ പ്രഖ്യാപിച്ചു. ഇനിയുള്ള വർഷത്തിനുള്ളിൽ 'മാംസരഹിതമായ ഒരു ലോകത്തിലേക്കുള്ള നല്ലൊരു മാറ്റം' ആവശ്യമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ന്യൂസിലാൻഡിലെ വിദൂര സൗത്ത് വൈരാരപയിൽ 1,000 ഹെക്ടറിലധികം ഭൂമി വാങ്ങിജൈവ പഴങ്ങൾ, പരിപ്പ്, പച്ചക്കറികൾ എന്നിവയുണ്ടാക്കുന്നു. ഫോറസ്റ്റ് ഫുഡ് ഓർഗാനിക്‌സ് ഷോറുമും അവർ നടത്തുണ്ട്.
2010 ജൂണിൽ, ഡീപ് വാട്ടർ ഹൊറൈസൺ ഓയിൽ ചോർച്ചയ്ക്ക് സാധ്യമായ പരിഹാരങ്ങൾ ചർച്ച ചെയ്യാൻ കാമറൂൺ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എണ്ണക്കിണർ ചോർന്നൊലിക്കുന്നത് തടയാൻ അദ്ദേഹം തന്റെ സഹായം വാഗ്ദാനം ചെയ്തു. നാസ ഉപദേശക സമിതിയിലെ അംഗമാണ് അദ്ദേഹം. ചൊവ്വയിലേക്ക് അയച്ച ക്യൂരിയോസിറ്റിക്ക് ക്യാമറകൾ നിർമ്മിക്കാൻ ബഹിരാകാശ ഏജൻസിയുമായി കാമറൂണിനെയാണ് ചുമതലപ്പെടുത്തിത്. പക്ഷേ സമയക്കുറവ് കാരണം കാമറൂണിന്റെ സാങ്കേതിക വിദ്യയില്ലാതെ നാസ റോവർ വിക്ഷേപിച്ചു് പക്ഷേ ചൊവ്വയെക്കുറിച്ചുള്ള ഒരു പ്രോജക്റ്റിൽ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു, ചൊവ്വയുടെ കോളനിവൽക്കരണത്തിനായി ലോബിയിങ് നടത്തുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ മാർസ് സൊസൈറ്റിയിലെ അംഗമാണ് കാമറൂൺ. 2016ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റനെ കാമറൂൺ പിന്തുണച്ചിരുന്നു.
ബുഷ് ജയിച്ചപ്പോൾ അമേരിക്ക വിട്ടു
പെർഫക്ഷനിസവു കാർക്കശ്യവും വ്യക്തിജീവിതത്തിൽ കാമറൂണിന് വിനയായിട്ടുണ്ട്. അതുമൂലം ബന്ധങ്ങൾ നിലനിർത്താൻ പലപ്പോഴും അദ്ദേഹത്തിന് കഴിയുന്നില്ല.
കാമറൂൺ അഞ്ച് തവണ വിവാഹിതനായിട്ടുണ്ട്. 1978 മുതൽ 1984 വരെ നടി ഷാരോൺ വില്യംസായിരുന്നു ഭാര്യ. ആ ബന്ധത്തിൽനിന്ന് വിവാഹമോചനം നേടിയതിന് ഒരു വർഷത്തിനുശേഷം, കാമറൂൺ ചലച്ചിത്ര നിർമ്മാതാവായ ഗെയ്ൽ ആൻ ഹർഡിനെ വിവാഹം കഴിച്ചു. 1989-ൽ അവർ വിവാഹമോചനം നേടി. 1989 കാമറുൺ സംവിധായിക കാതറിൻ ബിഗെലോയെ ജീവിത സഖിയാക്കി. 1991-ൽ അവർ നിയമപരമായി പരിഞ്ഞു. തുടർന്ന് കാമറൂൺ ദി ടെർമിനേറ്റർ പരമ്പരയിലെ നടി ലിൻഡ ഹാമിൽട്ടണുമായി ബന്ധം ആരംഭിച്ചു. അവരുടെ മകൾ 1993-ൽ ജനിച്ചു. 1997-ൽ കാമറൂൺ ഹാമിൽട്ടണിനെ വിവാഹം കഴിച്ചു. കാമറൂണും നടി സുസി അമിസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം കാമറൂണും ഹാമിൽട്ടണും വേർപിരിഞ്ഞു. ഇതിന് കാമറുൺ വലിയ വിലകൊടുക്കേണ്ടിവന്നു. ഹാമിൽട്ടണിന് 50 മില്യൺ ഡോളറാണ് സെറ്റിൽമെന്റ് ലഭിത്. 2000ൽ അദ്ദേഹം തന്റെ അഞ്ചാമത്തെ ഭാര്യ ആമിസിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളും ഉണ്ട്. ഈ ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.
തികഞ്ഞ, സാമ്രാജ്യത്വ വിരോധിയാണ് കാമറൂൺ. 2004ൽ അദ്ദേഹം അമേരിക്കൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് അപേക്ഷ പിൻവലിച്ചു. ഈ നാട് ജീവിക്കാൻ കൊള്ളില്ല എന്ന കൃത്യമായ പ്രതിഷേധം ആയാണ് മാധ്യമങ്ങൾ അതിനെ വ്യാഖ്യാനിച്ചത്. അതിനുശേഷം അദ്ദേഹം ന്യൂസിലാൻഡിലാണ് താമസിക്കാൻ ഇഷ്പ്പെട്ടത്.
അവതാറിന്റെ ചിത്രീകരണത്തിന് ശേഷം, 2012-ൽ കാമറൂൺ ന്യൂസിലാൻഡിൽ ഒരു വീടും ഒരു ഫാമും വാങ്ങി. 2020 വരെ അദ്ദേഹം തന്റെ സമയം മാലിബു, കാലിഫോർണിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വിഭജിച്ചു. അതിനുശേഷം അദ്ദേഹം തന്റെ മാലിബു വീട് വിറ്റ് ന്യൂസിലൻഡിൽ സ്ഥിരമായി താമസിക്കാൻ തീരുമാനിച്ചു. 2020 ഓഗസ്റ്റിൽ അദ്ദേഹം പറഞ്ഞു, 'എന്റെ എല്ലാ ഭാവി സിനിമകളും ന്യൂസിലാൻഡിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.''- പരോക്ഷമായി അമേരിക്കക്കെതിരെയാണ് ഈ പ്രസ്താവന എന്നു വിലയിരുത്തപ്പെട്ടു. അതുപോലെ ഒരു കട്ട ദൈവ വിശ്വാസി എന്നിടത്തുന്നിന്ന് അജ്ഞേയവാദിയായി ഇപ്പോൾ താൻ മാറിയെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു. നട്ടെല്ലില്ലാത്ത നിരീശ്വരവാദം എന്നാണ് ഇതിനെ പറയുക എന്ന് പറഞ്ഞ് ചിരക്കയാണ് കാമറുൺ ചെയ്യുന്നത്.
ആഴക്കടൽ പര്യവേക്ഷണത്തിൽ കാമറൂൺ ഒരു വിദഗ്ദ്ധനാണ്. ആഴക്കടലിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങൾ വലിയ വാർത്തയായി. രണ്ട് പുതിയ സ്പീഷീസുകളെയും ഈ യാത്രയിൽ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ആഴക്കടലിൽ ഷൂട്ട് ചെയ്യാൻ കഴിയുന്ന പ്രത്യേക കാമറയും കാമറൂൺ വികസിപ്പിച്ചു. 2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള മരിയാന ട്രഞ്ചിലേയ്ക്ക് അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഡീപ്സീ ചാലഞ്ചർ'എന്ന സബ് മറൈനിൽ യാത്ര ചെയ്തും ചരിത്രമായി.
ഇന്ത്യയുടെ ആരാധകൻ
ഇന്ത്യയോട് വളരെയധികം സ്നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്്തിയാണ് കാമറൂൺ. ഇന്ത്യൻ പുരാണങ്ങളോടും ഇതിഹാസങ്ങളോടും അദ്ദേഹത്തിന് വലിയ കമ്പമാണ്. ഈ വായനക്കിടയിലാണ് അവതാർ എന്ന വാക്ക് തനിക്ക് കിട്ടിയതും, പുനർജ്ജന്മം എന്ന അർഥമുള്ള സംസ്‌കൃത വാക്ക് അതേ അർത്ഥത്തിൽ എടുത്ത് ഉപയോഗിക്കയാണ് താൻ ചെയ്തതെന്നും കാമറൂൺ ഒരിക്കൽ പറഞ്ഞു. ഇപ്പോൾ അവതാർ 2 ഇന്ത്യയിലടക്കം തരംഗമാവുകയാണ്.
2009 ൽ അവതാർ പുറത്തു വരുമ്പോൾ ചെലവ് 237 മില്യൺ യുഎസ് ഡോളറായിരുന്നു. വീണ്ടും ഇത്ര വലിയൊരു തുക മുടക്കാൻ തയാറായത് ജയിംസ് കാമറൂൺ നേടിയെടുത്ത വിശ്വാസമാണ്. റിലീസ് ദിവസം മാത്രം 77 മില്യൺ ഡോളറും, ആകെ 2.8 ബില്യൺ യുഎസ് ഡോളറുമാണ് അവതാർ ഒന്ന് വാരിക്കൂട്ടിയത്. അതുവരെ ഉണ്ടായിരുന്ന 2.2 ബില്യൺ എന്ന ടൈറ്റാനിക്കിന്റെ റെക്കോർഡ് ആണ് അന്ന് തിരുത്തിയത്. പിന്നീട് 13 വർഷമെടുത്തു ആ റെക്കോർഡ് തിരുത്തപ്പെടാൻ, അവഞ്ചേഴ്സ് എൺഡ് ഗെയിമിലൂടെ. . മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമുള്ള 2010- ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരവും അവതാറിനായിരുന്നു. രണ്ടാം ഭാഗത്തിന്റേത് മാത്രമല്ല, വരാനിരിക്കുന്ന നാല് ഭാഗങ്ങളുടെ റിലീസ് തിയതിയും കൂടി ഇപ്പോൾ കാമറൂൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നാം ഭാഗം 2023 ഡിസംബർ പതിനേഴിനും, നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ പത്തൊൻപതിനുമായിരിക്കും റിലീസ് ചെയ്യുക.
2022 സെപ്റ്റംബറിൽ അവതാറിന്റെ റീ- റിലീസിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടത്തിലേക്ക്, 2.910 ബില്യൺ ഡോളർ എന്ന റെക്കോഡിലേക്ക് അവതാർ തിരിച്ചെത്തി. ഒരു ചിത്രത്തിന്റെ റീ റിലീസിനു പോലും 30 മില്ല്യൻ നേടാനാവുന്നു എന്നത് മഹാദ്ഭുതം. അതുകൊണ്ടാണ് ഇത്രയം വലിയ മുടക്കുമുതൽ ഉണ്ടായിട്ടും അത് തിരിച്ച് പിടിക്കാൻ കഴിയും എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ വിശ്വസിക്കുന്നത്. അത് ജെയിംസ് കാമറൂൺ എന്ന വ്യക്തിയിലുള്ള വിശ്വാസം കൂടിയാണ്.
വാൽക്കഷ്ണം: പച്ചമലയാളത്തിൽ കണക്ക് പറഞ്ഞാൽ 1200 കോടി രൂപ മുടക്കി 24,000 കോടി രൂപ നേടിയ ചിത്രമായിരുന്നു അവതാർ 1. ഇപ്പോൾ അവതാർ 2വിന് 2000 കോടി രൂപയാണ് മുടക്ക്. അത് എത്രകോടി നേടുമെന്ന് കണ്ട് അറിയാം. കാമറൂണിന്റെ പ്രതഫലം എത്രയാണെന്ന് ആർക്കും അറിയില്ല. സിനിമയുടെ കളക്ഷന്റെ പേർസന്റേജ് ആണെന്നാണ് യുഎസ് പത്രങ്ങൾ പറയുന്നത്. അതുപ്രകാരം 24,000 കോടി രൂപ നേടിയ അവതാർ 1ൽ 8,000 കോടി രുപ കിട്ടിയത് കാമറുണിന് ആണത്രേ. ലോക ചരിത്രത്തിൽ ഇന്നുവരെ ഒരു സംവിധായകനും കിട്ടാത്ത പ്രതിഫലം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ