തിനായിരങ്ങളെ മ്യൂസിക്ക് കൊണ്ട് അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! നികിത ഗാന്ധി മ്യൂസിക്ക് ബാൻഡിന്റെ ലണ്ടൻ പരിപാടിക്കുശേഷം ബ്രിട്ടീഷ് പത്രങ്ങൾ എഴുതിയത് അങ്ങനെയാണ്. റാപ്പ് മ്യൂസിക്ക് തൊട്ട് നാടോടി സംഗീതംവരെ ആലപിക്കപ്പെടുന്ന നികിതയുടെ സ്റ്റേജ് ഷോകൾ ശരിക്കും ഒരു ഉത്സവക്കാഴ്ചയാണ്. ലേസർ വെടിക്കെട്ടും, തീയും, കാറ്റും, പതയുമൊക്കെയായി ആൾക്കൂട്ടത്തിന് അകത്തു കയറിയും, ട്രോളി ക്യാമറയിൽ കയറി ആകാശത്തുകുടി വട്ടം കറങ്ങിയുമൊക്കെ അവർ പാടിത്തിമർക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതാരാധകർ ആർപ്പുവിളികളോടെ ഉയർത്തിപ്പിടിച്ച ആ പേര് ഇന്ന് കേൾക്കുന്നത് ഒരു ദുരന്തത്തിന് ഒപ്പമാണ്.

കേരളത്തിലെ അവരുടെ ആദ്യ പരിപാടി തന്നെ വലിയ ദൂരന്തത്തിൽ കലാശിച്ചു.
കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലു പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല നാട്. ദുരന്തം ഈ ഗായികയെയും വല്ലാതെ വേദനിപ്പിക്കുന്നു.

''കൊച്ചിയിലെ സംഭവത്തിൽ ഹൃദയം തകർന്നുപോയി. വേദിയിലെത്താനോ പരിപാടി തുടങ്ങാനോ കഴിയും മുൻപായിരുന്നു നിർഭാഗ്യകരമായ സംഭവം. ഈ കനത്ത ദുഃഖം വിവരിക്കാൻ വാക്കുകളില്ല. വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചേരുന്നു''- ദുരന്തശേഷം നൊമ്പരത്തോടെ നികിത സമൂഹമാധ്യമങ്ങളിൽ കുറിച്ച ഈ വാക്കുകൾ ആരാധകരെയും കണ്ണീരണിയിക്കുകയാണ്.

പരിപാടിയേക്കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോയും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നേരത്തെ പങ്കുവച്ചിരുന്നു. അതിനൊപ്പം അവർ പഞ്ചാബിൽ നിന്നും കൊച്ചിയിലേക്ക് വിമാനത്തിൽ വരുന്നതിന്റേയും വിവരങ്ങൾ സ്റ്റോറിയായി ഇവർ പങ്കുവച്ചിരുന്നു.ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ദുരന്തം ഉണ്ടാകുന്നത്. കുസാറ്റിലെ സ്‌കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ടെക് ഫെസ്റ്റായ 'ധിക്ഷണ'യോട് അനുബന്ധിച്ച് നടക്കാനിരുന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. നാല് പേരാണ് മരിച്ചത്. ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഗാനസന്ധ്യയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.

നവംബർ 24 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന മൂന്ന് ദിവസത്തെ ഫെസ്റ്റിനിടെയാണ് അപകടം. രണ്ടാം വർഷ വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറാ തോമസ് എന്നീ വിദ്യാർത്ഥികളും ആൽബിൻ ജോസഫ് എന്ന പൂർവ വിദ്യാർത്ഥിയുമാണ് മരിച്ചത്. 521 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കുസാറ്റിലെ കുട്ടികളുടെ നിർബന്ധമായിരുന്നു നികിത ഗാന്ധിയെ ഇവിടെ കൊണ്ടുവരണം എന്നത്. ഇത്രയധികം ആളുകൾ ഓടിക്കുടാൻ മാത്രം ആരാണ് നികിത ഗാന്ധി എന്നാണ് പലരും ചോദിക്കുന്നത്. പഴയ തലമുറക്ക് അത്രയൊന്നും അറിയില്ലെങ്കിലും, ഇൻസ്റ്റഗ്രാമിൽ സജീവമായ പുതിയ തലമുറയെ സംബന്ധിച്ച് അവർ ചിര പരിചിതയാണ്.

ഇത് ഒരു ദന്ത ഡോക്ടർ കുടുംബം!

കുട്ടിക്കാലത്തൊന്നും ഒരു പ്രൊഫഷണൽ ഗായികമായി മാറും എന്ന് താൻ ഒരിക്കലും കരുതിയില്ല എന്നാണ് ഒരു അഭിമുഖത്തിൽ നികിത പറയുന്നത്. ഒരു ദന്ത ഡോക്ടർ കുടുംബമായിരുന്നു അവരുടേത്. 1991 ഒക്ടോബർ 1ന് കൊൽക്കത്തയിലാണ് നികിത ജനിച്ചത്. പിതാവ് ഉദേ വീർ ഗാന്ധിയും അമ്മ നിപാ ഗാന്ധിയും ദന്ത ഡോക്ടർമാർ ആയിരുന്നു. കൊൽക്കത്തയിലെ പെൺകുട്ടികൾക്കായുള്ള പ്രശസ്തമായ ലാ മാർട്ടിനിയറിൽ നിന്നാണ് നികിത, സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഞ്ചാബി- ബംഗാളി കൂടുംബമായിരുന്നു അവരുടേത്. രണ്ടു സഹോദരങ്ങളുമായി ഏറെ രസകരമായിരുന്നു തന്റെ ബാല്യം എന്നാണ് അവർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

കുട്ടിക്കാലത്തുതന്നെ നന്നായി പാടുകളും, ഡാൻസ് ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാൽ കോമ്പറ്റീഷിനിലൊന്നും പങ്കെടുത്തിരുന്നില്ല. പേരിനൊപ്പമുള്ള ഗാന്ധി എന്ന സർ നേം, എവിടെയും ചോദ്യങ്ങൾ ആകർഷിച്ചു. മഹാത്മാ ഗാന്ധിയുടെ കുടുംബമാണോ, ബന്ധുവാണോ എന്നൊക്കയാണ് ആളുകൾക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ പഞ്ചാബി ഒറിജിൻ ഉള്ള പിതാവിന്റെ കുടുംബ പേരാണ് ഗാന്ധി. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജിയുമായി അതിന് ബന്ധമൊന്നുമില്ല. അതുപോലെ ഗായിക ജോനിതാ ഗാന്ധിയുടെ സഹോദരിയാണോ എന്ന ചോദ്യവും ഈ സർനെയിം സാദ്യശ്യം മൂലം ഉണ്ടായി. ജോണിതാ ഗാന്ധി ബോളിവുഡിലും മറ്റ് വിവിധ ഭാഷകളിലും പ്രവർത്തിച്ച ഒരു കനേഡിയൻ-ഇന്ത്യൻ പിന്നണി ഗായികയാണ്. ഇവരും ബന്ധുക്കളല്ല.

മാതാപിതാക്കളുടെ പാത പിന്തുടർന്ന് ദന്തഡോക്ടറാകാൻ മോഹിച്ച് ബിഡിഎസ് പഠനത്തിനായി ചെന്നൈയിലെത്തിയത്. പക്ഷേ അവിടെ അവളെ കാത്തിരുന്നത് പാട്ടിന്റെ ലോകമായിരുന്നു.

കണ്ടെത്തിയത് എ ആർ റഹ്മാൻ

നികിത ഏകദേശം 12 വർഷത്തോളം ഒഡീസി നൃത്തവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ കൂട്ടായി സംഗീതമുണ്ടായിരുന്നെങ്കിലും താൻ ഒരിക്കലും ഒരു ഗായികയായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻപ് നികിത പറഞ്ഞിട്ടുണ്ട്. എ.ആർ.റഹ്മാനെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ മ്യൂസിക് അക്കാദമിയിൽ പഠിക്കാൻ അവസരം ലഭിച്ചതുമാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും ഗായിക പറയുന്നു. പഠനം ഉപേക്ഷിച്ച് പാട്ടുകാരിയായതിൽ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല നികിത ഗാന്ധിക്ക്.

2010ൽ ചെന്നൈയിൽ ഡെന്റൽ കോളജിൽ പഠിക്കുന്ന സമത്തുതന്നെ നികിത സംഗീതത്തിൽ വല്ലാതെ ആകൃഷ്ടായായിരുന്നു. അങ്ങനെ ചില കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ്. എ ആർ റഹ്മാന്റെ കെ എം കോളേജ് ഓഫ് മ്യൂസിക് ആൻഡ് ടെക്നോളജിയിൽ ചേർന്നത്. അത് ജീവിതം മാറ്റിമറിച്ചു. നികിതയ്ക്ക് റഹ്മാനുമായുള്ള ആദ്യ കൂട്ടുകെട്ട് ഉണ്ടാകുന്നത്, ഒരു ഇന്തോ-ജർമ്മൻ മ്യൂസിക്ക് എക്‌സ്‌ചേഞ്ച് പ്രോജക്റ്റിന്റെ സമയത്താണ്. അവിടെ ജർമ്മൻ ഓർക്കസ്ട്രയ്‌ക്കൊപ്പം ഒരു ഗായക സംഘത്തിന്റെ ഭാഗമായിരുന്നു നികിത. അന്നാണ് ആ ചടുലമായ ഗാനങ്ങൾ റഹ്മാന്റെ കണ്ണിലുടക്കിയത്.

ശേഖർ കപൂറിനൊപ്പമുള്ള 'ക്യുക്കി' എന്ന പേരിലുള്ള ഒരു പ്രോജക്റ്റിനായി റഹ്മാൻ നേരിട്ടാണ്, നികിതയെ ഓഡിഷൻ ചെയ്തത്. 2012ൽ, പ്രശസ്ത കവി കാസി നസ്‌റുൽ ഇസ്ലാം എഴുതിയ നസ്‌റുൽ ഗീതിയുടെ പുനഃക്രമീകരണമായ കോത എന്ന ബംഗാളി ആൽബം നികിത ചെയ്തു. അങ്ങനെയാണ് തടുക്കം.

അതിനുശേഷം റഹ്മാന്റെ സ്വകാര്യ സ്റ്റുഡിയോ ആൽബത്തിൽ പ്രവർത്തിക്കുകയും പ്രാദേശിക സിനിമകളിലെ ഗാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കകയും ചെത്തു. എന്നാൽ ശങ്കറിന്റെ ഐ (2015) എന്ന ചിത്രത്തിലെ 'ലാഡിയോ' എന്ന ഗാനം റഹ്മാൻ നികിതക്ക് നിൽകിയത് വഴിത്തിരിവായി. ഈ ഗാനം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് നാല് മണിക്കൂറിനുള്ളിൽ റെക്കോർഡ് ചെയ്യാൻ അവർക്ക് കഴിഞ്ഞു. തുടർന്ന് അവർ ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളും റെക്കോർഡുചെയ്തു. എല്ലാം ഭാഷയിലും ഒരോ ഗായിക പാടുന്നത്, ശരിക്കും അത്ഭുദമായിരുന്നു.

2015ൽ റഹ്മാന്റെ ഓ കാതൽ കൺമണി, അനിരുദ്ധിന്റെ തങ്ക മകൻ എന്നിവ ഉൾപ്പെടുന്നു. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ മാത്രമായി നികിത ഇതിനകം 10 ഗാനങ്ങൾ ആലപിച്ചു. എല്ലാം ഒന്നിന്ന് ഒന്ന് ഹിറ്റായി. ആ ഗായികക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ലോകം മൂഴുവൻ ആരാധകരുള്ള ബാൻഡ്

തമിഴ്, പഞ്ചാബി, തെലുങ്ക്, കന്നഡ, അറബി, ഹിന്ദി, ബംഗാളി ഭാഷകളിൽ പാട്ടുമായി നിറസാന്നിധ്യമാണ് നികിത. സംസം എന്ന ചിത്രത്തിലെ 'കടലിൻ തീരത്തെ' എന്ന പാട്ടിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നണി ഗാനശാഖയിൽ ഏറെ സജീവമാണെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണ് നികിത രാജ്യം മുഴുവൻ ആരാധകരെ നേടിയത്. വേദിയിലെ 'എനർജി പാക്ക്ഡ്' പ്രകടനം കാണാൻ നാനാദിക്കുകളിൽ നിന്ന് ആരാധകർ ഒഴുകിയെത്തി. സ്വന്തമായി സംഗീതബാൻഡുമുണ്ട് നികിതയ്ക്ക്. അഞ്ചംഗങ്ങളടങ്ങുന്ന ബാൻഡ് പാട്ടുമായി ലോകവേദികൾ കീഴടക്കി മുന്നേറുന്നു. സ്റ്റേജ് പരിപാടികളുമായി ലോകം മുഴുവൻ കറങ്ങുന്ന 32കാരിയായ നികിത പ്രതിവർഷം 40 കോടിയിലേറെയാണ് സമ്പാദിക്കുന്നതെന്നാണ് റിപ്പോർട്ട്. അഞ്ചംഗ ബാൻഡിൽ സജിത്ത് സത്യ, ജെറാർഡ് ഫെലിക്സ്, ഗോഡ്ഫ്രെ ഇമ്മാനുവൽ, ജോഷ്വ ഗോപാൽ എന്നിവരും ഉൾപ്പെടുന്നു.

ഗാനത്തേക്കൾ ചെറുപ്പക്കാർ ഇഷ്ടപ്പെടുന്നത് അവരുടെ സ്റ്റേജ് പെർഫോമൻസ് ആണ്. മൂന്നും നാലും മണിക്കുർ സ്റ്റേജ് മുഴുവൻ ഓടിക്കളിച്ചാലും ഒട്ടും ക്ഷീണിക്കില്ല. പാട്ടുകേൾക്കാനാനല്ല, നികിതയുടെ പെർഫോമെൻസ് കാണുന്നതിന് വേണ്ടിയാണ് തങ്ങൾ വരുന്നത് എന്നാണ് ആരാധകർ പറയുന്നത്. പാട്ടിനിടയിൽ ചില തമാശ നമ്പരുകളും, ഒരു ചെറിയ മാജിക്കുമൊക്കെ കാണിച്ച് അവർ യുവാക്കളെ കൈയിലെടുക്കും.

പിന്നണി ഗായിക എന്ന നിലയിലും അവർക്ക് വലിയ പ്രശ്സ്തിയുണ്ട്. ഏറ്റവും ഒടുവിൽ വിജയ് ചിത്രം ലിയോയ്ക്കു വേണ്ടി നികിത ആലപിച്ച 'മൈ ലൈഫ് ഈസ് ഇൻ ദിസ് ടൗൺ' എന്ന സോളോ ആരാധക ലക്ഷങ്ങൾ ഏറ്റെടുത്തതാണ്. ടൈഗർ 3 എന്ന ചിത്രത്തിൽ അർജിത് സിങ്ങിനൊപ്പം ആലപിച്ച യുഗ്മഗാനമാണ് ഏറ്റവുമൊടുവിലായി റെക്കോർഡ് ചെയ്തത്. ദശകോടിയിലേറെ പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ടോപ് മ്യൂസിക് വിഡിയോ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

വിദേശത്തും കീർത്തി

ഇന്ന് തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി, കന്നഡ സിനിമാ പ്രോജക്ടുകളിൽ അവർ സജീവമാണ്. തനിക്ക് പരിചയമില്ലാത്ത ഭാഷയിൽപോലും എങ്ങനെ ഇത്ര മനോഹരമായി പാടാൻ കഴിയുന്ന എന്ന ചോദ്യത്തിന് അവർ ഇങ്ങനെ മറുപടി പറയുന്നു. -''എല്ലാവരും തങ്ങൾക്ക് അറിയാത്ത ഭാഷയിലെ ആലാപനം പേടിയോടെയാണ് കാണുക. പക്ഷേ ഞാൻ അതിനെ ഒരു ചലഞ്ചായി എടുക്കുന്നു. വാക്കുകളുടെ അർത്ഥവും ഉച്ചാരണവും പഠിച്ചാണ്, അതിനെ സമീപിക്കുക. എല്ലായിപ്പോഴും കംഫോർട്ട് സോൺ ഇഷട്പ്പെടുന്ന ആളല്ല ഞാൻ.''

'രാബ്ത' എന്ന ടൈറ്റിൽ ട്രാക്കിനായി അവർ ദീപിക പദുകോണിന്റെ മുഖമായി പാടി. ജഗ്ഗ ജാസൂസ് എന്ന ചിത്രത്തിലെ അരിജിത് സിങ്ങിനൊപ്പം അവളുടെ 'ഉല്ലു കാ പത്ത' എന്ന യുഗ്മ ഗാനം ഹിറ്റാണ്. സച്ചിൻ: എ ബില്യൺ ഡ്രീംസ് , ജബ് ഹാരി മെറ്റ് സേജൽ , കേദാർനാഥ്, സൂര്യവൻഷി , ടൈഗർ 3 എന്നിവയുൾപ്പെടെ നിരവധി ഹിന്ദി സിനിമകൾക്കായി അവർ പാടിയിട്ടുണ്ട് . ലിയോ , വാരിസു , കോക്ക്പിറ്റ് , കിഷ്മിഷ് തുടങ്ങിയ സിനിമകളിലെ ബംഗാളി, തമിഴ് ഗാനങ്ങളും അവർ ആലപിച്ചിട്ടുണ്ട് . 'ആവോ കഭി ഹവേലി പേ', 'പോസ്റ്റർ ലഗ്വാ ദോ' എന്നീ ഗാനങ്ങളും ജനപ്രിയമായി.

ഒരു ഇന്ത്യൻ ഗായികക്കും കിട്ടാത്ത രീതിയില വിദേശത്തും അവർ സ്വീകരിക്കപ്പെട്ടു. 'മുഹമ്മദ് : ദ മെസഞ്ചർ ഓഫ് ഗോഡ്' എന്ന ഇറാനിയൻ ചിത്രത്തിലെ മൂന്ന് ട്രാക്കുകൾക്ക് നികിത ശബ്ദം നൽകി. ബ്രസീലിയൻ ഫുട്ബോൾ താരം പേലെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര സിനിമയായ 'പെലെ: ബർത്ത് ഓഫ് എ ലെജൻഡ്' എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി അവർ മൂന്ന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

അവാർഡുകളും അംഗീകാരങ്ങളും ഒരുപാട് കിട്ടിയിട്ടുണ്ട്. രാബ്തയുടെ ടൈറ്റിൽ ട്രാക്കിന് 2018ൽെ മികച്ച പിന്നണി ഗായികയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ജബ് ഹാരി മെറ്റ് സേജലിലെ 'ഘർ' എന്ന ഗാനത്തിനും, മേഘനാദ് ബധ് രഹസ്യയിലെ ബംഗാളി ഗാനമായ 'തോമ്ര എഖോനോ കി' എന്ന ഗാനത്തിനും ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചു.

ഉപദേശിക്കാത്ത സെലിബ്രിറ്റി

ഇതുകൊണ്ട് ഒന്നും മാത്രമല്ല, യുവാക്കളുടെ ഹൃദയത്തിൽ അവർ ഇടം പടിക്കാനുള്ള കാരണം, അവുടെ സാമൂഹിക ജീവിതത്തിലെ ഇടപെടലുകൾ ആണ്. നികിത നിരവധി സാമൂഹിക,- പരിസ്ഥിതി ക്ഷേമ പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുണ്ട്. മൃഗസ്നേഹിയായ അവർ നായ്ക്കളെ ദത്തെടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്ന പല പരിപാടികളിലും അംഗമാണ്. പഠിച്ച തൊഴിൽ എന്ന നിലയിൽ, സൗജന്യ ഡെന്റൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും അവർ മുന്നിട്ട് ഇറങ്ങുന്നു.

പക്ഷേ ഒരു കാര്യത്തിൽ അവർക്ക് നിർബന്ധമുണ്ട്്. ആരെയും, അത് ചെയ്യണം ഇത് ചെയ്യണം എന്ന് ഉപദേശിക്കരുത് എന്ന കാര്യത്തിൽ. നിങ്ങൾ ഒരോരുത്തരും സ്വയം നിങ്ങളുടെ വഴി കണ്ടെത്തണം എന്നാണ് അവർ പറയുക. എന്നും വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും അവർ പരാമവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇടക്ക് മ്യൂസിക്ക് കമ്പനികൾ ക്രിയേറ്റിവിറ്റിയിൽ ഇടപെടുന്നുവെന്ന് പറഞ്ഞുള്ള ഒരു വിവാദത്തിൽ അവരും പെട്ടു. പക്ഷേ തന്റെ വാക്കുകൾ മിസ് ക്വാട്ട് ചെയ്യപ്പെടുകയായിരുന്നുവെന്ന് അവർ പിന്നെ തിരുത്തി.

സാധാരണ ഇത്തരം മ്യുസീഷ്യന്മാർക്ക് നേരെ വരുന്ന, ഡ്രഗ്സിന്റെയും, അൽക്കഹോളിസത്തിന്റെയുമൊന്നും ആരോപണം നികിതക്കുനേര ഉയർന്നിട്ടില്ല. '' മദ്യപാനവും പുകവലിയുമൊക്കെ സ്വകാര്യമായ കാര്യമാണ്. ഞാൻ ഒരിക്കലും അതിനെ പ്രോൽസാഹിപ്പിക്കാറില്ല. സംഗീതം ലഹരിയാക്കിയവർക്ക് പിന്നെന്തിനാണ് മറ്റ് ലഹരി''? നികിത ചോദിക്കുന്നു.

താൻ കടന്നുപോയ എറ്റവും മോശം സമയം കോവിഡ് കാലമാണെന്ന് പറയുന്ന അവർ അവിടെ നിന്നും പല പാഠങ്ങളും പഠിച്ചതായി ചൂണ്ടിക്കാട്ടുന്നു. -'' കോവിഡ് സമയത്ത് ഞാൻ നൃത്തവും സംഗീതവും പ്രാകീറ്റീസ് ചെയ്തു. അങ്ങനെയാണ് ആ ഡിപ്രഷൻ മറികടന്നത്. ഏത് തൊഴിലിലും എന്നപോലെ അച്ചടക്കവും അർപ്പണബോധവും കഠിനാധ്വാനവും സംഗീത ലോകത്തും അനിവാര്യമാണ്. കഠിനാധ്വാനം എപ്പോഴും ഒന്നാമതായിരിക്കും. പ്രതിഭയേക്കാൾ കഠിനാധ്വാനം കൊണ്ട് വളർന്ന ആളാണ് ഞാൻ.''- അവർ ഒരു അഭിമുഖത്തിൽ പറയുന്നു.

കുസാറ്റ് ദുരന്തത്തിൽ വിമർശനങ്ങൾ

തന്റെ ജീവിതത്തിൽ ഏറ്റവും ദുഃഖിപ്പിച്ച സംഭവം ഏതാണെന്ന ചോദ്യത്തിന്, ഒരു അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട് നികിത. അത് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയായിരുന്നു. എം എഎസ് ധോണിയുടെ ഓട്ടോബയോഗ്രഫി ചിത്രമൊക്കെ ചെയ്ത്, പ്രശസ്തിയുടെ പടവുകൾ താണ്ടിവരവേ എന്തിനാണ് സുശാന്ത് ഇങ്ങനെ ചെയ്തത് എന്നത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന്, നികിത പറയുന്നു. ബോളിവുഡിലെ ചില ലോബികളുടെ പങ്ക്, സുശാന്തിന്റെ മരണത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രംഗത്ത് എത്തിയപ്പോൾ, പിന്തുണയുമായി നികിതയും ഒപ്പമുണ്ടായിരുന്നു.

ആ ദുരന്തത്തിനുശേഷം നികിതയെ ഏറ്റവും ഉള്ളുലച്ച ദുരന്തം ഇപ്പോൾ കൊച്ചിയിൽ സംഭവിച്ചത് ആയിരിക്കണം. കുസാറ്റ് ദുരന്തഭൂമിയായതോടെ ചിലർ നികിത ഗാന്ധിക്കെതിരെയും വിമർശന ശരങ്ങൾ തൊടുത്തുവിടുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടിയിൽ നികിത പങ്കെടുക്കാനെത്തരുതായിരുന്നെന്നാണ് ഉയരുന്ന വിമർശനങ്ങളിൽ ഏറെയും. ലോകത്ത് വിവിധയിടങ്ങളിലായി സംഗീത പരിപാടി അവതരിപ്പിച്ച് പരിചയമുള്ള പ്രഗത്ഭയായ ഗായികയ്ക്ക് തന്റെ ഷോയോടുള്ള ആളുകളുടെ പ്രതികരണം എത്തരത്തിലായിരിക്കുമെന്ന് ഏകദേശ ധാരണ ഉണ്ടാകില്ലേ എന്നും അതിനു വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് സംഘാടകരോടു സംസാരിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്നും ചിലർ ആരോപിച്ചു. കുസാറ്റിലേക്കെത്തുന്നുവെന്നറിയിച്ച് നികിത കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച പോസ്റ്ററിനു താഴെയാണ് ചിലർ വിമർശനസ്വരങ്ങളുമായി എത്തുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളോടൊന്നും നികിത ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പക്ഷേ ഈ വിമർശനങ്ങൾ വെറും ബാലിശമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. കാരണം ഒരുപരിപാടിയിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത്, ഗായികയല്ല, സംഘാടകരും പൊലീസുമാണ്. ക്രൗഡ് മാനേജ്മെന്റ് എന്ന സാധാനം, കേരളത്തിലൊന്നും ഇനിയും കാര്യമായി എത്തിയിട്ടില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, എന്ന് പറയുന്നതുപോലെയാണ്, മറിച്ചുള്ള വാദങ്ങൾ എന്നും ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

വാൽക്കഷ്ണം: ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ച് ഇനിയും നമ്മൾ ഏറെ ബോധവാന്മാർ ആവേണ്ടിയിരിക്കുന്നു. 'തൊപ്പി' എന്ന ഒരു യുട്യുബറെ കാണാൻ വേണ്ടിപോലും നൂറുകണക്കിന്, ചെറുപ്പക്കാർ അടിച്ചുകയറുന്ന ട്രാഫിക്ക് ബ്ലോക്കാവുന്ന നാടാണിത്. ഇതുപോലെ ഒരു ദാരുണമായ സംഭവം വേണ്ടിവന്നു നമ്മുടെ ചിന്ത അതിലേക്ക് എത്താനെന്നതും ലജ്ജാകരമാണ്.