2015ലെ പല സർവേകളിലും ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി കണ്ടെത്തിയത് ഇദ്ദേഹത്തെ ആയിരുന്നു. അയാളുടെ യുവത്വവും ആകർഷകവുമായ ശൈലി ഒരുപാട് പേരെ ആകർഷിച്ചു. എന്തും വെട്ടിത്തുറന്ന പറയുന്ന സ്വാഭാവം. വിനയം, നല്ല സംസാര ശൈലി, ലളിത ജീവിതം. സൈക്കിളിൽ തെരുവിലൂടെ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി. പുരുഷനായ അദ്ദേഹം അറിയപ്പെട്ടത് ഫെമിനിസ്റ്റ് പ്രൈം മിനിസ്റ്റർ എന്നായിരുന്നു. ലിംഗ സമത്വത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പറയുന്ന, കുടിയേറ്റ വിരുദ്ധതയില്ലാത്ത ആധുനിക നാഗരികതയുടെ പ്രതിനിധിയായ ആയാളെ ലോക മാധ്യമങ്ങൾ വാഴ്‌ത്തി. മാർവെൽ സീരീസ് 2016ൽ അതിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയക്കാരന്റെ മുഖം തങ്ങളുടെ കാർട്ടൂൺ പരമ്പരക്ക് ഉപയോഗിച്ചപ്പോൾ അതും ഇദ്ദേഹത്തിന്റെതായിരുന്നു. അതാണ് ഇപ്പോൾ ഇന്ത്യയോട് ഏറ്റുമുട്ടി വിവാദനായകനായ സാക്ഷാൽ ജസ്റ്റിൻ ട്രൂഡോ എന്ന കനേഡിയൻ പ്രധാനമന്ത്രി.

പക്ഷേ ഇന്ന് ആഗോളതലത്തിനും സ്വന്തം നാട്ടിലും ഒരുപോലെ ട്രൂഡോയുടെ ജനപ്രീതി ഇടിയുകയാണ്. അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ട്രൂഡോയ്ക്ക് വെറും 33 ശതമാനം പേരുടെ മാത്രം പിന്തുണയാണ് കിട്ടിയത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വെളുപ്പിക്കാനിറങ്ങിയതും, കനേഡിയൻ പ്രധാനമന്ത്രിക്ക് വിനയായി. നിജ്ജാർ വധത്തിന്പിന്നിൽ ഇന്ത്യയാണെന്ന ട്രൂഡോയടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പക്ഷേ അമേരിക്കയും, ബ്രിട്ടനും, യൂറോപ്യൻ യൂണിയനുമൊന്നും കാനഡക്ക് പിന്തുണയുമായി വന്നില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ കാനഡ ഭീകരർക്ക് ഒത്താശ ചെയ്യുന്നുവെന്ന ്ഇന്ത്യയുടെ ആരോപണത്തിന് കൃത്യമായ മറുപടി നൽകാൻ വാക്കുകൾകൊണ്ട് അമ്മാനമാടുന്ന കനേഡിയൻ പ്രധാനമന്ത്രിക്ക് അയില്ല. ട്രൂഡോയുടെ മുതിർന്ന ഉപദേഷ്ടാവടക്കം കനേഡിയൻ സർക്കാരിലെ പ്രമുഖരെല്ലാം ഖാലിസ്ഥാനികളാണ്. അവരുടെ താളത്തിനു തുള്ളുകയാണു ട്രുഡോവെന്നാണ് പൊതുവെ ഉയരുന്ന വാദം. ഇത് അന്താരാഷ്ട്രതലത്തിലും ചർച്ചയായി. കാനഡയിൽ ആവട്ടെ സിഖ് കമ്യൂണിറ്റിയോടെ ട്രൂഡോ കാണിക്കുന്ന വിധയേത്വം, വലതുപക്ഷത്തിന് ആയുധമാവുകയാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാൽ അദ്ദേഹം തോൽക്കുന്ന അവസ്ഥയാണ്. ചുരക്കിപ്പറഞ്ഞാൽ 'ദ ഗ്രേറ്റ് ഫാൾ' എന്ന് വിളിക്കാവുന്ന അവസ്ഥയാണ്, ഒരുകാലത്ത് ലോകത്തിന്റെ വെളിച്ചം ആവുമെന്ന് കരുതിയ ഈ 53കാരന് വന്നുചേർന്നത്.

മക്കൾ രാഷ്ട്രീയമല്ല, മെറിറ്റ്

കാനഡയുടെ 15 ാ മത് പ്രധാനമന്ത്രിയുമായിരുന്ന, പിയറി ഏലിയട്ട് ട്രൂഡോയുടെ മകനാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ നമ്മുടെ നാട്ടിൽ നടക്കുന്നതുപോലുള്ള മക്കൾ രാഷ്ട്രീയത്തിലുടെ വന്ന ആളല്ല അയാൾ. പിതാവിന്റെ യാതൊരു സഹായവും ഇല്ലാതെ സ്വന്തം മെറിറ്റുകൊണ്ടാണ്, ട്രൂഡോ നേതാവ് ആയത്.

കനേഡിയൻ ചരിത്രത്തിൽ പ്രധാനമന്ത്രിക്ക് സ്ഥാനത്തിരിക്കെ ഒരാൾക്ക് കുട്ടി ജനിക്കുക എന്നത് അപുർവമാണ്. ആ ഭാഗ്യം കിട്ടിയ ആളാണ് ജസ്റ്റിൻ. 1971 ജൂൺ 23-ന്, പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ ഭാര്യ മാർഗരറ്റ് ട്രൂഡോ ഗർഭിണിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കയായിരുന്നു. 1971 ഡിസംബർ 25-നാണ് ജസ്റ്റിൻ ജനിച്ചത്. ജസ്റ്റിൻ പിയറി ജെയിംസ് ട്രൂഡോ എന്നാണ് മുഴുവൻ പേര്. രണ്ട് അനിയന്മാർ അതിനുശേഷം ഉണ്ടായി. ട്രൂഡോ കുടുംബം പ്രധാനമായും സ്‌കോട്ടിഷ്, ഫ്രഞ്ച് കനേഡിയൻ വംശജരാണ്. ജസ്റ്റിൻ ട്രൂഡോയ്ക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോൾ, അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ, ഈ കുഞ്ഞ് ഒരു ദിവസം തന്റെ പിതാവിന്റെ പാത പിന്തുടരുമെന്നും, ഭാവിയിലെ നേതാവ് ആവുമെന്ന് ഒരു പാർട്ടിയിൽവെച്ച് പ്രവചിച്ചു. അത് അച്ചട്ടായി!

പിതാവ് പ്രധാനമന്ത്രിയായിരുന്നെങ്കിലും അത്രക്ക് സന്തുഷ്ടമൊന്നുമായിരുന്നില്ല ജസ്റ്റിന്റെ ബാല്യം. പിതാവും, മാതാവും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മയുടെ പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നു. 1977ൽ ജസ്റ്റിന് വെറും 6 വയസ്സുള്ളപ്പോഴാണ് അവർ വേർപിരിയുന്നത്. തുടർന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു ട്രൂഡോ വളർന്നത്. പ്രധാനമന്ത്രിയുടെ മകൻ എന്ന സെക്യൂരിറ്റി-പ്രോട്ടോകോൾ പ്രശ്നങ്ങളും, തന്റെ ബാല്യവും കൗമാരവും അനാകർഷകമാക്കിയെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നത്.

ട്രൂഡോ 1994-ൽ മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽ സാഹിത്യത്തിൽ ബാച്ചിലർ ഓഫ് ആർട്‌സ് പഠിച്ചു, തുടർന്ന് 1998-ൽ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരം ട്രൂഡോ വാൻകൂവറിൽ മാത്തമാറ്റിക്‌സ്, ഫ്രഞ്ച്, ഹ്യുമാനിറ്റീസ്, നാടകം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാൻ വർഷങ്ങളോളം ചെലവഴിച്ചു.

ന്യജൻ ഹരിത രാഷ്ട്രീയക്കാരൻ

തുടക്കത്തിൽ ഒരു രാഷ്ട്രീയക്കാരൻ ആവണം എന്ന് ആഗ്രഹിച്ച ആളല്ല ജസ്റ്റിൻ ട്രൂഡോ. അദ്ധ്യാപകൻ എന്ന നിലയിലും, ഒരു സോഷ്യൽ ആക്റ്റീവിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. ആളുകളെ കൈയിലെടുക്കാൻ കഴിയുന്ന നിലയിൽ അതി സുന്ദരമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാനഡയിലെ റിസോഴ്‌സ് ഡെവലപ്‌മെന്റിനും ഉത്തരവാദിത്തമുള്ള പരിസ്ഥിതി മാനേജ്‌മെന്റിനുമായി അദ്ദേഹം ശക്തമായ ശബ്ദം ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രീൻ പൊളിറ്റിക്സിന്റെ വകത്വായിട്ടാണ് ട്രൂഡോ അറിയപ്പെട്ടത്. 28-ആം വയസ്സിൽ തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങിൽ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.



1998-ൽ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബ്രിട്ടീഷ് കൊളംബിയയിൽ ഒരു ഹിമപാതത്തിൽ മരിച്ചു, ഈ സംഭവം ഹിമപാത സുരക്ഷയുടെ വക്താവാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 2002 നും 2005 നും ഇടയിൽ, കാനഡക്കാർക്കുള്ള ദേശീയ സന്നദ്ധ സേവന പരിപാടിയായ കാറ്റിമാവിക്കിന്റെ ചെയർമാനായി ജസ്റ്റിൻ ട്രൂഡോ സേവനമനുഷ്ഠിച്ചു. അപ്പോഴേക്കും ഒരു പ്രാസംഗികൻ, സംഘാടകൻ, എന്ന നിലയിലെല്ലാം അദ്ദേഹത്തിന് നല്ല പേരുണ്ടായിരുന്നു. അത് മുതലെടുക്കാൻ ലിബറൽ പാർട്ടിയും തീരുമാനിച്ചു. അങ്ങനെ അയാൾ രാഷ്ട്രീയത്തിലെത്തി.

2006ൽ ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ 'യുവജന നവീകരണത്തിനായുള്ള ടാസ്‌ക് ഫോഴ്‌സിന്റെ' ചെയർമാനായി. ഒരു വർഷത്തിനുശേഷം, ക്യൂബെക്കിലെ പാപ്പിനോവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ നോമിനേഷൻ നേടി അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. 2008ൽ പാർലമെന്റ് അംഗമായി. 2013-ൽ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വിജയിക്കുകയും 2015-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുകയും ചെയ്തു. അവിടെയും പാർട്ടിയെ തുണച്ചത് ട്രൂഡോയുടെ ഇമേജ് ആയിരുന്നു. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവർഗാനുരാഗ അവകാശങ്ങൾ, തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

ട്രൂഡോ തരംഗം വരുന്നു

2015 നവംബർ 4-ന് കാനഡയുടെ പ്രധാനമന്ത്രിയായി ട്രൂഡോ സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിൻ ട്രൂഡോയുടെ യുവത്വവും ആകർഷകവുമായ ശൈലിയം ലോകമെമ്പാടം തരംഗമായി. ലോകത്തിന്റെ മിക്കയിടത്തും അദ്ദേഹം അത് പര്യടനം നടത്തി. ലോക നേതാക്കളെയും, വ്യവസായികളെയും സംരംഭകരെയും കണ്ട് കാര്യങ്ങൾ പഠിച്ചു. ആമസോൺ സിഇഒ ജെഫ് ബെസോസ് ഉൾപ്പെടെയുള്ള കനത്ത വ്യവസായ സംരംഭകരെ കാണാൻ അദ്ദേഹം യുഎസിലേക്ക് പോയി. ലോക വേദിയിൽ, കനേഡിയൻ നേതാവ് സഹകരണം, നാഗരികത, സമത്വം എന്നിവയുടെ വക്താവായി മാറി.

പ്രഭാകരൻ പഴശി എന്ന കേരളത്തിലെ ഒരു എഴുത്തുകാരൻ, ട്രുഡോയെ കണ്ടകാര്യം മലയാള മനോരമയിൽ ഇങ്ങനെ എഴുതുന്നു. ''ലിബറൽ പാർട്ടി നേതാവ് കൂടിയായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഥമ ദർശനത്തിൽത്തന്നെ എന്നെ ഹഠാദാകർഷിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെപ്പോലെ പച്ചയായ ഒരു മനുഷ്യൻ എന്നു തോന്നി. തീവ്രവലതുപക്ഷം യുഎസ് മാതൃകയിൽ ട്രൂഡോക്കെതിരെ അരയും തലയും മുറുക്കിയിറങ്ങുന്നുണ്ട്. അഭയാർഥികളോടും വിദേശികളോടുമുള്ള അദ്ദേഹത്തിന്റെ മൃദുസമീപനങ്ങൾക്ക് എതിർപ്പു കൂടുന്നുണ്ട്. ഇനിയുമെത്രയോ അങ്കങ്ങൾക്കുള്ള യൗവനം കയ്യിലുള്ള ട്രൂഡോയുടെ ഭാവി നിർണ്ണയിക്കപ്പെടാൻ അധികനാളുകളില്ല. കാനഡയുടെ കൊടി ചുവപ്പാണെങ്കിലും രാഷ്ട്രീയം ചുവക്കുന്നില്ല എന്ന് പുരോഗമനവാദികൾ ആശങ്കപ്പെടുകയും ചെയ്യുന്നു.''- പ്രഭാകരൻ ചൂണ്ടിക്കാട്ടുന്നു.

2019 ഒക്ടോബർ 21-ന് ലിബറൽ പാർട്ടി വീണ്ടും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ജയിക്കുകയും ചെയ്തു. പക്ഷേ 2021ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോക്ക് ഭൂരിപക്ഷം നേടാനായില്ല. അവിടെയാണ് അദ്ദേഹത്തിന് ഖലിസ്ഥാൻ വാദികളുടെ പിന്തുണ വേണ്ടിവന്നത്.

ഖലിസ്ഥാൻ പിന്തുണയുള്ള സർക്കാർ

കാനഡയിൽ പ്രബലരാണ് വർഷങ്ങളായി അവിടെ കുടിയേറിയെത്തിയ സിഖ് സമൂഹം. ട്രൂഡോയുടെ പാർട്ടി കാനഡയിൽ അധികാരത്തിൽ എത്തിയത് സിഖ് സംഘടനയായ എൻഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെറും 152 സീറ്റുകൾ മാത്രമാണ് ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാർലമെന്റിൽ കേവല ഭൂരിപക്ഷം കിട്ടാൻ 170 എംപിമാർ വേണം. വീണ്ടും പ്രധാനമന്ത്രിയാകാൻ ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് ജഗ്മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എൻഡിപി എന്ന പാർട്ടിയാണ്. ജഗ്മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാൻ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ്മീത് സിങ്ങിന്റെ എൻഡിപി പാർട്ടിക്കുണ്ടെന്ന് പറയപ്പെടുന്നു.

ഖലിസ്ഥാന് വാദികൾക്ക് ഇന്ത്യയിൽ വിഘടനവാദപ്രവർത്തനങ്ങൾ നടത്താൻ പണം കാനഡയിൽ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിർക്കാൻ ഈയിടെ ജി 20 സമ്മേളനത്തിന് ഇന്ത്യയിൽ എത്തിയ ട്രൂഡോയോട് ഇന്ത്യൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. അതിന് മുതിർന്നാൽ ജഗ്മീത് സിങ്ങിന്റെ എൻഡിപി പാർട്ടി പിന്തുണ പിൻവലിക്കും. അതോടെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപൊത്തും. മാത്രമല്ല അടുത്തവന്ന അഭിപ്രായസർവേകളിലും വെറും 30 ശതമാനം വോട്ട് മാത്രം കിട്ടി ട്രൂഡോ കർക്കാർ പിന്നിലാണ്.

90 കളുടെ അവസാനം ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചെങ്കിലും, കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. പക്ഷേ 2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാൻ വാദങ്ങൾ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ ശക്തമായി പിന്തുണച്ചു. പഞ്ചാബ് തീവ്രവാദത്തനുള്ള ഫണ്ട് വരുന്നതും കാനഡിയിൽനിന്ന് തന്നെ ആയിരുന്നു.

കാനഡയിൽ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും, കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാൻ ഭീകരവാദികൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. കനേഡിയൻ സർക്കാരിൽ നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികൾക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരായുള്ള ഇന്ത്യ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂൾ സിങ്ങും കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ൽ വ്യാജരേഖ നിർമ്മിച്ച് ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂൾ. എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. സത്യത്തിൽ കാനഡയുടെ ആത്മാഭിമാനത്തിന് ഏറ്റ തിരിച്ചടിയായിരുന്നു ഈ കൊലകൾ. പാക്കിസ്ഥാൻ അറിയാതെ ആ രാജ്യത്ത് എത്തി ലാദനെ ഭസ്മമാക്കി കടലിൽ ഒഴുക്കിയ അമേരിക്കൻ നടപടിക്ക് സമാനമായ നീക്കം. പക്ഷേ ഇത് നടത്തിയത് 'റോ' ആണെന്ന് ഇന്ത്യ സമ്മതിച്ചിട്ടില്ല.

ട്രൂഡോയുടെ പിതാവും ഭീകരർക്ക് ഒപ്പം

ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയും ഖലിസ്ഥാൻ വാദികൾക്ക് ഒപ്പമായിരുന്നു. 1971 ജനുവരിയിൽ പിയറി ട്രൂഡോ അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഒട്ടകപുറത്ത് സവാരി, കാളയെ ലാളിക്കൽ, ഗംഗാനദി കാണൽ, ലോക്കോമോട്ടീവ് ഫാക്ടറി സന്ദർശനം, താജ്മഹൽ സന്ദർശനം അങ്ങനെ അച്ഛൻ ട്രൂഡോയുടെ സന്ദർശനം രസകരമായി പോകുമ്പോഴും കല്ലുകടികൾ ഏറെയായിരുന്നു.

ഖലിസ്ഥാൻ പ്രശ്‌നം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലം തകർത്തത്. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയതോടെ, കാനഡ ആണവ സഹകരണം നിർത്തി വച്ചു. ആണവോർജ്ജം ഉത്പാദിപ്പിക്കാനായി, സമ്പുഷ്ട യുറേനിയം ഉപയോഗിക്കാൻ കാനഡയിലെ കാൻഡു റിയാക്ടർ അനുവദിച്ചിരുന്നു. അത് ഇന്ത്യയെ പോലെ വികസ്വര രാജ്യങ്ങൾക്ക് ഗുണകരവുമായിരുന്നു. വില കുറഞ്ഞ ആണവോർജ്ജ ഉത്പാദനത്തിനായുള്ള ഇന്ത്യയുടെ സിവിൽ ആണവ പരിപാടിയുമായി അമേരിക്കയും കാനഡയും സഹകരിച്ചിരുന്നു. പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും, ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ ആണവ സഹകരണം റദ്ദാക്കുമെന്നും പിയറി ട്രൂഡോ മുന്നറിയിപ്പ് നൽകിയിരുന്നു.

1974-ൽ, പിയറി ട്രൂഡോയുടെ സന്ദർശനത്തിന് മൂന്ന് വർഷത്തിന് ശേഷം, കനേഡിയൻ സഹകരണത്തോടെയുളാള സിറസ് റിയാക്ടറിൽ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഹോമി ജെ ബാബയുടെ നേതൃത്വത്തിൽ കാനഡയുടെ സഹകരണത്തോടെ, നിർമ്മിച്ച സിറസ് റിയാക്ടർ 1960 ജൂലൈയിലാണ് കമ്മീഷൻ ചെയ്തത്.

തങ്ങൾ സമാധാന ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണം നടത്തിയതെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വാദിച്ചെങ്കിലും വിലപ്പോയില്ല. പിയറി ട്രൂഡോ ഇന്ത്യയുടെ ആണവ പരിപാടിക്കുള്ള സഹകരണം നിർത്തി വച്ചുവെന്ന് മാത്രമല്ല, ഇന്ത്യയിലെ ആണവ റിയാക്ടറിൽ പ്രവർത്തിച്ചിരുന്ന കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങൾ മുൻനിർത്തി ആണവപരീക്ഷണം നടത്തുന്നതിനെ കാനഡയുടെയും അമേരിക്കയുടെയും കരാറുകൾ വിലക്കിയിരുന്നില്ല എന്നാണ് പിന്നീട് പുറത്തുവന്ന വിവരം.

എന്തായാലും, മഞ്ഞുരുകാൻ സമയമെടുത്തു. 2010ൽ ജി 20 ഉച്ചകോടിക്കായി കാനഡയിൽ എത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ആണവ സഹകരണ കരാർ ഒപ്പുവെച്ചതോടെയാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്.

പൊഖ്‌റാൻ ആണവപരീക്ഷണം മാത്രമല്ല, ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാൻ പിയറി ട്രൂഡോ തയ്യാറാകാത്തതും, ഇന്ത്യ-കാനഡ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്തി. കാനഡയുടെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് സിഖ്കാരുള്ളത്. എന്നാൽ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് കാനഡയിൽ സിഖ്വംശജർക്കുള്ളത്. സിഖ് ഭീകരരും കാനഡയിൽ അഭയം പ്രാപിച്ചരിൽ ഉണ്ടായിരുന്നു.

അത്തരത്തിലൊരാളായിരുന്നു തൽവീന്ദർ സിങ് പർമർ. പഞ്ചാബിൽ രണ്ട് പൊലീസുകാരെ വധിച്ച ശേഷമാണ് പർമർ കാനഡയിൽ അഭയം തേടിയത്. ഖലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയിൽ അംഗമായിരുന്നു പാർമർ. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് നേരെ ആക്രമണത്തിനും വർഗീയ കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്തു. പാർമറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ അഭ്യർത്ഥന നിരസിച്ചു. മാത്രമല്ല ഇന്ത്യയിൽ നിന്ന് അയച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ പോലും കാനഡ മൈൻഡ് ചെയ്തില്ല. അതുപോലെ തന്നെ ഓപ്പറേഷൻ ബ്ലൂസ്റ്റാനിന് പ്രതികാരമായി സിഖ് ഭീകരർ നടത്തിയ കനിഷ്‌ക്ക വിമാന ആക്രമത്തിൽ 329പേരാണ് മരിച്ചത്. എന്നിട്ടും കാനഡ കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ തിരിച്ചിടികൾ ഉണ്ടാവുമ്പോൾ കാനഡ ബഹളമുണ്ടാക്കുകയാണ്.

ലാവലിൻ അടക്കം നിരവധി അഴിമതികൾ

ഗുഡ് ഗവേണൺസ് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ട്രൂഡോ പിന്നീട് നിരവധി അഴിമതി ആരോപണങ്ങളും കേട്ടു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ വരെ പ്രതിക്കൂട്ടിലാക്കിയ എസ്എൻസി ലാവ്ലിൻ കമ്പനി ട്രൂഡോക്കും പണി തന്നു. വൻ രാഷ്ട്രീയവിവാദത്തിന് കാരണമായ കേസിന് തുടക്കം കുറിച്ചത്, ലിബിയിൽ നിർമ്മാണ കരാറുകൾ ലഭിക്കാൻ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്കും, ഉദ്യോഗസ്ഥർക്കുമൊക്കെയായി 2001നും 2011നും മധ്യേ 48 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തെത്തുടർന്നാണ്. 2012ൽ എസ്എൻസി-ലാവലിൻ കമ്പനിയുടെ മോൺട്രിയോൾ ഓഫിസുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ് ഈ വിവരം പുറത്തായത്. ഈ കേസിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും എടുത്തു. ബംഗ്ലാദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളിൽ ആരോപണമുയർന്നതിനെത്തുടർന്ന് 2013ൽ ലോകബാങ്ക് ഗ്രൂപ്പ് എസ്എൻസി ലാവ്ലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവർഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു.

എന്നാൽ കാനഡയിൽ ലാവ്ലിൻ കരിമ്പട്ടികയിൽ പെടാത്തത് ട്രൂഡോയുടെ സ്വാധീനം ആണെന്നാണ് ആരോപണം. കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവ്ലിൻ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വഴിയൊരുക്കിയേക്കാം എന്നിരിക്കെ, നിയമ നടപടികളിൽനിന്ന് ഒഴിവാക്കാൻ പബ്‌ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്‌ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന ജോഡിക്കുമേൽ സമ്മർദമുണ്ടായെന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ വാർത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് ദിവസങ്ങൾക്കകം മന്ത്രി രാജിവെക്കകുകയും ചെത്തു. ഈ കേസിൽ ഇപ്പോഴും കൃത്യമായ വിശദീകരണം കിട്ടിയിട്ടില്ല.

അതിനിടെ രാജ്യത്തെ ഒരു കെട്ടിട നിർമ്മാണ കമ്പനിയെ അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ ട്രൂഡോ നിയമമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തതും ട്രൂഡോയുടെ ഇമേജ് ഉടിച്ചു. കരീബിയൻ ദ്വീപിലെ ട്രൂഡോയുടെ കുടുംബ അവധിക്കാലത്തെക്കുറിച്ചും അടക്കമുള്ള നിരവധി പരാതികൾ വാർത്തയായി. ചെറുകിട ബിസിനസ്സുകൾക്ക് പരിമിതമായ നികുതി ഇളവുകൾ നൽകുന്നതിനിടയിൽ ചില കുടുംബ ട്രസ്റ്റുകളെ ഒഴിവാക്കിയതും വിവാദമായി. ഈ അഴിമതി കഥകൾ ഒക്കെ ഫലത്തിൽ ഈ ഹരിത നേതാവിന്റെ ഇമേജ് ഇടിച്ചു.

ഇതിന്റെ എല്ലാംഭാഗമായി അഭിപ്രായ സർവേകളിലും ട്രൂഡോ വല്ലാതെ പിറകിൽ പോവുകയാണ്. അപ്പോഴാണ് വിനാശകാലേ വിപരീതബുദ്ധി എന്ന നിലയിൽ ഇന്ത്യക്കെതിരെ തിരിയാൻ ട്രൂഡോക്ക് തോന്നിയത്. അതാവട്ടെ അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം എക്സ്പോസ് ചെയ്യുന്നതിനും ഇടയാക്കി. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണ് കാനഡ എടുക്കുന്നതെന്ന് ഇതോടെ പരസ്യമായി. അന്താരാഷ്ട്രതലത്തിലു ഒറ്റപ്പെട്ട ട്രൂഡോ ഇനി എന്തുചെയ്യും? കാനഡയിലെ കൺസർവേറ്റീവുകൾ അദ്ദേഹത്തിന്റെ കസേര തെറുപ്പിക്കുമോ? എല്ലാം കാത്തിരുന്ന് കാണാം. എന്തായാലും വല്ലാത്ത പതനമാണ് ഒരു ലോക നേതാവിന് വന്നുചേർന്നിരിക്കുന്നത്.

വാൽക്കഷ്ണം: മാതൃകാദമ്പതികൾ എന്ന് അറിയപ്പെട്ടിരുന്ന ജസ്റ്റിൻ ട്രൂഡോയും സോഫി ഗ്രെഗോയറിയും ഈയിടെ പിരിഞ്ഞതും കാനഡയെ ഞെട്ടിച്ചു. പ്രണയിച്ച് വിവാഹിതരായ ഇവർ 17 വർഷത്തെ ദാമ്പത്യത്തിന്ശേഷമാണ് പിരിയുന്നത്. ട്രൂഡോയെ വളർത്തിയെടുത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തിയായാണ് മാധ്യമങ്ങൾ ഭാര്യയെ വിശേഷിപ്പിച്ചിരുന്നത്. ജസ്റ്റിൻ ട്രൂഡോയുടെ വിവാഹേതര ബന്ധങ്ങളാണ് ഇതോടെ ടാബ്ലോയിഡുകൾ ചർച്ചയാക്കുന്നത്. എന്തായാലും വ്യക്തി ജീവിത്തതിലും പൊതുജീവിതത്തിലും ട്രൂഡോക്ക് ഇപ്പോൾ കഷ്ടകാലമാണെന്നാണ് ചുരുക്കം.