ലോകത്തിലെ ആദ്യ പത്ത് ധനികരുടെ പട്ടികയിലെത്തിയ മുകേഷ് അംബാനിയുടെയും, എല്ലാം പൊട്ടിപ്പൊളിഞ്ഞ് കടക്കാരനായി കുത്തുപാളയെടുത്ത അനിയൻ അനിൽ അംബാനിയുടെയും അനുഭവം നോക്കുക. ജീവിതം പലപ്പോഴും അങ്ങനെയാണ്. തുല്യ അവസരങ്ങൾ ഉണ്ടെങ്കിലും, തുല്യ പ്രതിഭയുണ്ടായിട്ടും, റിസൾട്ട് തുല്യമാവാറില്ല എന്ന് മാത്രമല്ല, ഒന്നിന്റെ നേർ വിപരീതവും ആയിരിക്കും മറ്റൊന്ന്. ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കറിന്റെയും, അദ്ദേഹത്തോടൊപ്പം സ്‌കൂളിൽ റെക്കോർഡിട്ട് ചരിത്രം സൃഷ്ടിച്ച വിനോദ് കാംബ്ലിയുടെയും ജീവിതം നോക്കുക. സച്ചിൻ ലോകത്തിലെ ഒരു മാതിരിപ്പെട്ട എല്ലാ റെക്കോർഡുകളും തിരുത്തി, ക്രിക്കറ്റിന്റെ ദൈവമായി മാറി. ഇന്ന് സമ്പത്തുകൊണ്ടും ശതകോടീശ്വരനാണ് നമ്മുടെ മാസ്റ്റർ ബ്ലാസ്റ്റർ. സച്ചിനേക്കാൾ പ്രതിഭയുണ്ടെന്നും, ബ്രയൻ ലാറയുടെ ഇന്ത്യൻ പതിപ്പ് എന്നും ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ട, വിനോദ് കാംബ്ലി എന്ന് ജീവിക്കാൻ ഗതിയില്ലാതെ സഹായത്തിന് കേഴുകയാണ്.

സച്ചിൻ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയപ്പോൾ, കാംബ്ലിക്ക് തൊട്ടതെല്ലാം പിഴച്ചു. ആയകാലത്ത് സമ്പാദിച്ച കോടികൾ, മദ്യവും മദിരാക്ഷിയുമായി തീർന്നു. സിനിമയിൽ, ഷെയർ മാർക്കറ്റിൽ, ഓൺലൈൻ ചൂതാട്ടത്തിൽ എല്ലാറ്റിലും പൊട്ടി. ഇപ്പോൾ ബിസിസിഐ കൊടുക്കുന്നത മുപ്പതിനായിരം രൂപയുടെ പ്രതിമാസ പെൻഷൻ മാത്രമാണ് കാംബ്ലിയുടെ വരുമാനം. ജീവിതം വഴിമുട്ടിയെന്നും സഹായിക്കണം എന്നും പറഞ്ഞ് മുൻ ക്രിക്കറ്റ്താരത്തിന്റെ ഒരു അഭിമുഖം, ഏവരെയും ഞെട്ടിക്കുകയാണ്. വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ് ഈ 50കാരൻ ഇപ്പോൾ ഉള്ളത്. സച്ചിൻ ടെണ്ടുൽക്കർക്കും തന്റെ അവസ്ഥയെക്കുറിച്ച് അറിയാമെന്നും, എന്നാൽ സച്ചിൻ തന്നെ വളരെയധികം സഹായിച്ചതിനാൽ അവനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി വ്യക്തമാക്കുന്നുണ്ട്.

ഇന്ന് ഐപിഎൽ അടക്കമുള്ളവയിലുടെ കോടികൾ ഒഴുകുന്ന ക്രിക്കറ്റ് ലോകത്താണ്, ഒരു താരം ഇങ്ങനെ ജീവിക്കാനായി കേഴുന്നത്. ഇത് മാധ്യമങ്ങളിൽ വലിയ ചലനം ഉണ്ടാക്കിയെങ്കിലും, ക്രിക്കറ്റ് ലോകത്ത് വലിയ സംസാരവിഷയം ആയിട്ടില്ല. കാരണം, സച്ചിൻ അടക്കമുള്ളവർ കാംബ്ലിയെ നന്നാക്കാൻ പരാമവധി ശ്രമിച്ച് പരാജയപ്പെട്ടവർ ആണ്.

കരിയറിലെ ആദ്യ ഏഴ് ടെസ്റ്റുകൾ പിന്നിടുമ്പോൾ കാംബ്ലിയുടെ ബാറ്റിങ് ശരാശരി 113.28 ആയിരുന്നു! നാല് സെഞ്ചറി അടക്കം എട്ട് ഇന്നിങ്സുകളിൽനിന്ന് നേടിയത് 793 റൺസ്. നേടിയ സെഞ്ചറികളിൽ രണ്ടെണ്ണം ഡബിൾ. ഇതിനിടെ, തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ അതും മൂന്ന് വ്യത്യസ്ത ടീമുകൾക്കെതിരെ സെഞ്ച്വറി അടിക്കുന്നതിന്റെ റെക്കോർഡും ആ ഇരുപത്തൊന്നുകാരനു മുന്നിൽ വീണു. 21ാം വയസ്സിൽ തളിർത്ത് 24ാം വയസ്സിൽ അകാലത്തിൽ പൊഴിഞ്ഞുവീണ ടെസ്റ്റ് കരിയറിനും, 28ാം വയസ്സിൽ അവസാനിച്ച ഏകദിന കരിയറിനും അപ്പുറമാണ് വിനോദ് കാംബ്ലിയെന്ന താരത്തിന്റെ ജീവിതം. സെക്സും, സ്റ്റണ്ടും, പ്രണയവും, വഞ്ചനയും ഒക്കെയുള്ള ഒരു ബോളിവുഡ് ത്രില്ലർ പോലെയാണത്!

മുംബൈയിലെ ചേരിയിൽനിന്ന് തുടക്കം

സച്ചിനെപ്പോലെ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്ന വ്യക്തിയല്ല കാംബ്ലി. മുംബൈയിലെ ചേരിയിലെ ഒരു ദരിദ്ര കുടുംബത്തിൽ, 1972 ജനുവരി 18നാണ് അദ്ദേഹം ജനിച്ചത്. മുഴുവൻ പേര് വിനോദ് ഗണപത് കാംബ്ലി. പിതാവ് ഗണപത് എന്ന മെക്കാനിക്ക്, ഏഴ് പേരുള്ള കുടുംബത്തെ നോക്കാൻ വളരെയേറെ പാടു പെട്ടിരുന്നു .

ഗണപത് ഒരു ക്രിക്കറ്റ് ഭ്രാന്തൻ ആയതാണ് കാംബ്ലിക്ക് തുണയായത്. കടം വാങ്ങിയും സ്വർണം വിറ്റുമൊക്കെയാണ് ഗണപത് മകനെ പരിശീലിപ്പിച്ചത്. തിരക്കേറി വണ്ടികളിൽ ഭാരമേറിയ ക്രിക്കറ്റ് കിറ്റും പേറിയായിരുന്നു ആ മകന്റെ യാത്ര. കുത്തി നിറഞ്ഞ ട്രെയിനുകളിൽ കഷ്ടപ്പെട്ട് ഒരു പാട് ദൂരം യാത്ര ചെയ്ത് പരിശീലനം നടത്തിയതും, തന്റെ പിതാവിന്റെ കഷ്ടപ്പാടുകളും പറയുമ്പോൾ കാംബ്ലിയുടെ കണ്ണുകൾ നിറയുമായിരുന്നു. മുംബൈയിൽ ചേരികളിൽ കളിച്ചു വളർന്ന ബാല്യത്തിൽ, നാലു വശത്തുമുള്ള ഇരുനില കെട്ടിടങ്ങളിൽ തട്ടിയാൽ സിക്സർ ലഭിച്ചിരുന്ന പരിശീലനമാണ് പിന്നീട് സ്പിന്നർമാർക്കെതിരെ മികച്ച ഷോട്ടുകൾ കളിക്കാൻ കാംബ്ലിയെ പ്രാപ്തനാക്കിയത്. പക്ഷേ ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി വൈകാതെ തന്നെ അവനെ ലോകം അറിഞ്ഞു.

1988 ൽ സ്‌കൂൾ ക്രിക്കറ്റിൽ സെന്റ് സേവ്യേഴ്സിനെതിരെ, ശാരദാശ്രമം സ്‌കൂൾ രണ്ടു വിക്കറ്റിന് 748 റൺസടിച്ചത് പുതിയ ചരിത്രമാണ്. അച്രേക്കർ എന്ന ദ്രോണാചാര്യരുടെ പ്രിയപ്പെട്ട ശിഷ്യന്മാർ രണ്ടു പേരും ട്രിപ്പിൾ സെഞ്ചുറികൾ നേടി. 664 റൺസിന്റെ പടു കൂറ്റൻ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ലോക ക്രിക്കറ്റിൽ ഈ രണ്ടു പയ്യന്മാരും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. അന്ന് സച്ചിന് 15 വയസും വിനോദിന് 16 വയസുമായിരുന്നു. ആ മത്സരത്തിൽ 349 റൺസുമായി പുറത്താകാതെ നിന്ന കാംബ്ലി 37 റൺസിന് 6 വിക്കറ്റുകൾ കൂടി വീഴ്‌ത്തിയതോടെ എതിർ ടീം 154 ന് കൂടാരം കയറി. അങ്ങനെ കാംബ്ലി ലോക മാധ്യമങ്ങളുടെ തലക്കെട്ടായി. 2006ൽ ഹൈദരാബാദുകാരായ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു.

അന്നുമുതൽ സച്ചിനും കാംബ്ലിയും എന്ന രീതിൽ അവരെ ഒറ്റ യൂണിറ്റ് പോലെ ആയിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അതുപോലെ ഇണ പിരിയാത്ത സുഹൃത്തുക്കളും ആയിരുന്നു അവർ. പക്ഷേ കാലാന്തരത്തിൽ എല്ലാം മാറിമറിഞ്ഞു.

സിക്സർ പറത്തി തുടക്കം

പക്ഷേ ആദ്യം അവസരങ്ങൾ വന്നത് സച്ചിന് തന്നെ ആയിരുന്നു. 1988ൽ തന്നെ സച്ചിൻ രഞ്ജി ട്രോഫിയിൽ മുംബൈക്കു വേണ്ടി ഗുജറാത്തിനെതിരെ അരങ്ങേറിയപ്പോൾ, ഒരു വർഷം കഴിഞ്ഞ് അതേ എതിരാളികൾക്കെതിരെ വിനോദും അരങ്ങേറ്റം കുറിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി എല്ലാവരെയും അമ്പരപ്പിച്ച് സ്വപ്നതുല്യമായിരുന്നു തുടക്കം. 1989 ൽ സച്ചിൻ പതിനാറാം വയസിൽ പാക്കിസ്ഥാനെതിരെ ചരിത്ര അരങ്ങേറ്റം കുറിക്കുമ്പോൾ, ഗാംഗുലി, ജഡേജ, ആശിഷ് കപൂർ തുടങ്ങിയവരോടൊപ്പം ഏഷ്യാ യൂത്ത് കപ്പ് കളിക്കുകയായിരുന്നു കാംബ്ലി.

അതിൽ പ്രതിഭ തെളിയിച്ചതോടെ 1991ൽ ഭാരതത്തിന്റെ ഏകദിന ടീമിലേക്കും, 1992 ൽ ടെസ്റ്റ് ടീമിലേക്കും വിളി വന്നു. വെറും മൂന്നാമത്തെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 224 റൺസ് നേടിയ കാംബ്ലി, നാലാം ടെസ്റ്റിൽ സിംബാബ്വെക്കതിരെ 227 റണ്ണടിച്ചപ്പോൾ ക്രിക്കറ്റ് ലോകം ഞെട്ടി. അതിനു മുൻപ് തുടർച്ചയായി രണ്ട് ടെസ്റ്റിൽ ഇരട്ട സെഞ്ചുറികൾ കുറിച്ചത്, വളരെ വർഷങ്ങൾക്ക് മുൻപ് ഇതിഹാസ താരങ്ങളായ സാക്ഷാൽ ഡോൺ ബ്രാഡ്മാനും വാലി ഹാമണ്ടും മാത്രമായിരുന്നു. തീർന്നില്ല അടുത്ത മത്സരത്തിൽ ശ്രീലങ്കക്കെതിരെ വീണ്ടും സെഞ്ചുറി. അത് കൂടാതെ ആ സീരീസിൽ മറ്റൊരു സെഞ്ചുറി കൂടി നേടിയതോടെ സാക്ഷാൽ സച്ചിൻ, കാംബ്ലിയുടെ നിഴലിലായിപ്പോയി എന്നു തന്നെ പറയാം.

സച്ചിനേക്കാൾ  വലിയ പ്രതിഭ

രൂപം കൊണ്ടും ബാറ്റിങ് ശൈലികൊണ്ടും കരീബിയൻ ശൈലിയെ അനുസ്മരിപ്പിച്ചിരുന്ന കാംബ്ലിയുടേത്. ഇന്ത്യയുടെ ബ്രയൻ ലാറ എന്ന വിശേഷണം വന്നത് അക്കാലത്താണ്. കാംബ്ലിയുടെ പ്രകടനം കണ്ട ക്രിക്കറ്റ് പ്രേമികൾ മുഴുവനും ഒരേ സ്വരത്തിൽ പറഞ്ഞത് സച്ചിനെക്കാൾ എത്രയോ മുകളിലാണ് ഈ പ്രതിഭ എന്നായിരുന്നു. തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടിയ ലോകത്തെ ഒരേയൊരു ക്രിക്കറ്റർ ഇന്നും കാംബ്ലി മാത്രം.

മറ്റൊരു രസകരമായ വസ്തുത, ആകെ കളിച്ച 17 ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 69.13 ശരാശരിയിൽ റൺസ് നേടിയപ്പോൾ, രണ്ടാമിന്നിങ്സിൽ അത് വെറും 9.40 ആയിരുന്നു. അതും ഒരു റെക്കോർഡ് ആണ്. 1992 ലും 1996 ലും ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ പ്രധാന ബാറ്റ്സ്മാനായിരുന്നു കാംബ്ലി. 96 ലോകകപ്പിൽ സിംബാബ് വെക്കെതിരെ തകർച്ചയെ നേരിട്ട ഇന്ത്യൻ ഇന്നിങ്ങ്സിനെ താങ്ങി നിർത്തിയത് 106 റൺ നേടിയ കാംബ്ലി ആയിരുന്നു. അതിനു മുൻപ് ലോകകപ്പിൽ സെഞ്ചുറി നേടിയ ഇന്ത്യക്കാർ കപിൽദേവ്, ഗവാസ്‌കർ, സച്ചിൻ എന്നിവർ മാത്രമായിരുന്നു. ആ ലോകകപ്പിൽ വിൻഡീസിനെതിരായ മത്സരത്തിൽ അക്കാലത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ കർട്ലി ആംബ്രോസിനെതിരെ നേടിയ സിക്സർ ആ ടൂർണമെന്റിലെ ഏറ്റവും മികച്ച ഷോട്ട് ആയിരുന്നു.

അതിനു മുൻപ് 1993 ൽ ഇംഗ്ലണ്ടിനെതിരായ ഒരുമാച്ചിൽ സെഞ്ചുറി നേടിയപ്പോൾ ഏകദിനത്തിൽ തന്റെ ജന്മദിനത്തിൽ ഒരാൾ സെഞ്ചുറി നേടിയ ആദ്യ സന്ദർഭമായിരുന്നു അത്. 1994 ൽ ഷാർജയിൽ യഎഇക്കെതിരെ 66 പന്തിൽ നേടിയ 82 റൺസും കാംബ്ലിയുടെ മികച്ച ഒരിന്നിങ്സായിരുന്നു. ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായ ഷെയ്ൻ വോണിനെ ഒരോവറിൽ 22 റൺസടിച്ച ക്രീസിലെ ആ നർത്തകനെ എങ്ങനെ മറക്കും സച്ചിനേക്കാൾ നന്നായി വോണിനെ കൈകാര്യം ചെയ്യാൻ പറ്റിയിരുന്നു വിനോദിന് .

96 ലോകകപ്പിലെ കണ്ണീർ

1996 ലോകകപ്പിലെ അവസാന നിമിഷങ്ങൾ ഇന്ത്യക്കും, കാംബ്ലിക്ക് മറക്കാൻ പറ്റാത്ത വേദനകളാണ് സമ്മാനിച്ചത്. ലോകകപ്പ് സെമിയിൽ ശ്രീലങ്കക്കെതിരെ ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ, ഒന്നും ചെയ്യാനാകാതെ ഒരറ്റത്ത് എല്ലാത്തിനും സാക്ഷിയായി, ഒടുവിൽ ജനം അക്രമാസകതമായി കളി നിർത്തിവെച്ച് ശ്രീലങ്കയെ വിജയായി പ്രഖ്യാപിച്ചപ്പോൾ, കണ്ണീരോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കാംബ്ലിയുടെ മുഖം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഒരു നൊമ്പരമാണ്. അന്നു മുതൽ കാംബ്ലിയുടെ ശനിദശയും തുടങ്ങി എന്ന് പറയാം. പിന്നീട് കളിച്ച 35 മാച്ചിൽ ശരാശരി 19.31 മാത്രം. 1994 ലെ വിൻഡീസ് പര്യടനത്തിൽ ഷോർട്ട് ബോളുകളെ നേരിടുന്നതിൽ ദൗർബല്യം മുതലെടുത്ത കോട്നി വാൽഷിന്റെ തന്ത്രം പിന്നീട് മറ്റുള്ളവരും ഏറ്റെടുത്തു. അവസാന 13 ഇന്നിങ്സിൽ കാംബ്ലിക്ക് 50 തികക്കാൻ പറ്റിയത് വെറും രണ്ട് മാച്ചിൽ മാത്രം. അക്കാലത്ത് ശരാശരി വെറും 20 മാത്രമായി.

1996 ലോകകപ്പിനു ശേഷം ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മൺ മാരുടെ വരവോടെ 24 മാം വയസിൽ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ എന്നന്നേക്കുമായി അടഞ്ഞു. 1996നു ശേഷം ഗാംഗുലി ടീമിൽ സ്ഥാനം ഉറപ്പിച്ചതോടെ ഏകദിന ടീമിലെത്തിയത് വല്ലപ്പോഴും മാത്രം. 2000 ൽ പുത്തൻതാരങ്ങൾ ടീമിൽ എത്തി. യുവരാജ് സിംഗിന്റെ ആദ്യ ഏകദിനം കാംബ്ലിയുടെ അവസാന ഏകദിനമായി. സമകാലികരായ സച്ചിനും ദ്രാവിഡും ഗാംഗുലിയുമെല്ലാം കളിയിൽ മാത്രം ശ്രദ്ധിച്ചപ്പോൾ കാംബ്ലി, ഫാഷന്റേയും ആൾക്കഹോളിന്റേയും ഡ്രഗ്ഗുകളുടെയും പിറകെ പോയി. സച്ചിനൊപ്പം ഐപിഎൽ കളിക്കാൻ ആഗ്രഹിച്ച കാംബ്ലിയുടെ സ്വപ്നവും നടന്നില്ല. സൗത്ത് ആഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ ബോളണ്ട് പ്രൊവിഡൻസിനു വേണ്ടിയും പാഡണിഞ്ഞിരുന്ന കാംബ്ലി 2011ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു കൂടി വിരമിച്ചു.

മദ്യപിച്ച്  നഗ്നനായി ഓടിയ താരം

എന്താണ് കാംബ്ലിയെ തകർത്ത് എന്ന് നോക്കുമ്പോൾ അത് അയാളുടെ കൈയിലിരുപ്പ് തന്നെയാണെന്ന് വ്യക്തമാണ്. ചേരിയിലെ ദാരിദ്ര്യത്തിൽ വളർന്ന വിനോദിന്, ലക്ഷങ്ങൾ ക്രിക്കറ്റിലൂടെ കൈയിൽ വന്നപ്പോൾ അത് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അയാൾ മദ്യവും പാർട്ടികളമായി ജീവിതം ആഘോഷമാക്കി. പക്ഷേ അപ്പോൾ അയാൾ പ്രാക്ടീസ് മറുന്നു. ഡ്രസ്സിങ്ങ് റൂമിൽ മദ്യപിച്ച് ബഹളുമുണ്ടാക്കി വഴക്കാളിയെന്ന പേര് സമ്പാദിച്ചു.

പര്യടനങ്ങൾക്കിടെ പാർട്ടി കഴിഞ്ഞ് പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയായി മുറിയിലേയ്ക്കുള്ള മടക്കം. വന്നാൽ തന്നെ സഹതാരങ്ങളുടെ മുറിയിൽ അടിച്ച് ബഹളം വയ്ക്കുന്നത് പതിവായി. പലപ്പോഴും രാക്കൂട്ടിന് സ്ത്രീകളും എത്തി. ഒരിക്കൽ ഹോട്ടൽ വരാന്തയിലൂടെ മദ്യപിച്ച് ലക്കുകെട്ട് നഗ്‌നനായി ഓടിയെന്നു വരെ കഥകൾ പ്രചരിച്ചു. ബഹളം അസഹ്യമായതോടെ സഹമുറിയനായിരുന്ന സച്ചിൻ മറ്റൊരു മുറിയിലേയ്ക്ക് മാറി. പിന്നെ വെങ്കിടപതി രാജുവും അതുൽ ബദാദേയും മുറി പങ്കിടാൻ വിസമ്മതിച്ചു.

സിംലയിൽ നടന്ന ബിസിസിഐയുടെ ഒരു യോഗത്തിൽ അയാളെ ന്യായീകരിച്ച മുൻ മാനേജർ അജിത് വഡേക്കറോട് ഷാർജയിലെ കാംബ്ലിയുടെ പേക്കൂത്തുകൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു അന്നത്തെ അധ്യക്ഷൻ ഐ.എസ്. ഭിന്ദ്ര. കാംബ്ലിയെ തഴഞ്ഞതിനെതിരായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഭിന്ദ്ര ഡ്രസിങ് റൂം രഹസ്യങ്ങൾ യോഗത്തിൽ പരസ്യമാക്കിയത്. ലഖ്‌നൗ ഏകദിനത്തിന്റെ തലേദിവസം മദ്യപിച്ച് ലക്കുകെട്ട് ഹോട്ടലിലെത്തി പ്രതിശ്രുത വധുമായി അടികൂടിയത് തുടക്കത്തിൽ വ്യക്തിപരമായ കാര്യമാണെന്ന് കണ്ട് തള്ളിക്കളയുകയായിരുന്നു ബോർഡെന്ന് ഭിന്ദ്ര പറഞ്ഞു. എന്നാൽ, കാംബ്ലി ഇത് ശീലമാക്കി.

തനിക്ക് മുൻപേ ബദാദയെ ബാറ്റിങ്ങിനയച്ചതിന് ഡ്രസിങ് റൂമിൽ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനുമായി വൻ സംഘർഷമുണ്ടാക്കി. പത്ത് റൺസ് മാത്രമെടുത്ത് പുറത്തായശേഷം ഡ്രസ്സിങ് റൂമിലെത്തിയ കാംബ്ലി ഒന്നര മണിക്കൂർ നേരമാണ് അസറിനെതിരേ ശകാരവർഷം നടത്തിയത്. ഇനി കാംബ്ലിക്കൊപ്പം കളിക്കാനാവില്ലെന്ന് കാണിച്ച് അന്ന് അസർ മാനേജർ ജ്യേതി വാജ്‌പെയിക്ക് കത്ത് നൽകി. ഒന്നുകിൽ അയാൾ. അല്ലെങ്കിൽ ഞാൻ. രണ്ടുപേരും കൂടി ഇനി പറ്റില്ല-രൂക്ഷമായ ഭാഷയിൽ തന്നെ അസർ കുറിച്ചു. ഒടുവിൽ അസറുമായി ഏതാണ്ട് നാലു മണിക്കൂർ നേരം സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കാംബ്ലിയെ തിരിച്ചുവിളിക്കാൻ ബോർഡ് ഒരുങ്ങിയെങ്കിലും ഒടുവിൽ സച്ചിൻ ഇടപെട്ടു. ഇനി കാംബ്ലി അലമ്പുണ്ടാക്കാതെ താൻ നോക്കിക്കൊള്ളാമെന്ന് സച്ചിൻ വാക്കുകൊടുക്കുകയായിരുന്നുവെന്ന് സെക്രട്ടറി ജഗ്മോഹൻ ഡാൽമിയയും യോഗത്തിൽ അറിയിച്ചു. മേലിൽ അച്ചടക്കം പാലിച്ചുകൊള്ളാമെന്ന് വാക്കാൽ ഒരു ഉറപ്പും കൊടുത്തു കാംബ്ലി. ഇപ്പോൾ ടീമിൽ നിന്ന് തഴഞ്ഞില്ലെങ്കിൽ അയാൾ ഗുരുതരമായ അച്ചടക്കലംഘനം നേരിടേണ്ടിവരുമെന്നും അത് അയാളുടെ കരിയർ എന്നെന്നേക്കുമായി തകർക്കുമെന്നും ഭിന്ദ്ര വഡേക്കറോട് വിശദീകരിച്ചു. ടീമിൽ നിന്ന് ഒഴിവാക്കുന്നത് വഴി കാംബ്ലിയെ രക്ഷിക്കുകയാണ് ബോർഡ് ചെയ്യുന്നതെന്നും വിശദീകരിച്ചു ഭിന്ദ്ര. ടീമിൽ നിന്ന് ഇടയ്ക്കിടയ്ക്ക് തഴയപ്പെട്ടതോടെ കളിയിലെ ശ്രദ്ധ കൂടുതൽ നഷ്ടമായി. സച്ചിൻ കൂടി കൈയൊഴിഞ്ഞതോടെ നേരാംവണ്ണം വഴിനടത്താൻ ആളില്ലാതായി.

അടിപിടിയും വഴക്കുമായി ഒരു ജീവിതം

ഒരു പ്രതിഭ കൺമുന്നിൽ കൂമ്പിൽ തന്നെ കരിയുന്നതിനും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. 2009 ഓഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.കളിയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റൊരു സച്ചിനാകുമായിരുന്നു എന്നാണ് ബിസിസിഐ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്.

ഇതിനിടെ കാലിനേറ്റ പരിക്ക് കൂടിയായതോടെ ആ പതനം ഏതാണ്ട് പൂർണമായി. ടീമിൽ നിന്ന് സ്ഥിരമായി പുറത്തിരിക്കുക എന്ന വലിയ ശിക്ഷയാണ് കാംബ്ലിയെ കാത്തിരുന്നത്. തിരിച്ചുവരവിന് പരിശ്രമിക്കുന്നതിന് പകരം കൂടുതൽ മദ്യപാനത്തിലേയ്ക്ക് നടന്നുനീങ്ങുന്നാണ് പിൽക്കാലത്ത് കണ്ടത്. ബോളിവുഡും ടിവിയും രാഷ്ട്രീയവും പിഴച്ചതോടെ ഇടയ്ക്ക് പരിശീലകനാവാൻ ഒരുങ്ങി. സച്ചിന്റെ സഹായത്തോടെ ഒരു അക്കാദമിയിൽ കുറച്ചുകാലം പോയി. ഒടുവിൽ യാത്രാപ്രശ്‌നം ചൂണ്ടിക്കാട്ടി അതും നിർത്തി. കളി പോലെ ജീവിതവും കൈവിട്ടുതുടങ്ങി അക്കാലത്ത്. വഴക്കും വക്കാണവും പതിവായി.

വീട്ടുജോലിക്കാരിയെ മർദിച്ചതിനായിരുന്നു ആദ്യ കേസ്. പിന്നെ ഗായകൻ അങ്കിത് തിവാരിയുടെ അച്ഛനെ കൈയേറ്റം ചെയ്തതിനെതിരേയായിരുന്നു അടുത്ത കേസ്. ഇയ്യിടെ മദ്യപിച്ച് വാഹനമോടിച്ചെത്തി അപ്പാർട്ട്‌മെന്റിന്റെ ഗേറ്റ് ഇടിച്ചു തകർത്തതിന് വീണ്ടുമൊരു കേസായി. ഇതിനിടെ കഴിഞ്ഞ വർഷം കൈയിലുണ്ടായിരുന്ന കാശ് ഓൺലൈൻ തട്ടിപ്പുകാർ കവർന്നു.

2009 ൽ രാഷ്ട്രീയ രംഗത്ത് ഒരു കൈ നോക്കിയ കാംബ്ലി അസംബ്ലി ഇലക്ഷനിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനിടെ ഒരു ഓൺലൈൻ ബിസിനസ് ഏറ്റെടുത്ത് കുറേ പണം പോയി. വാതുവെപ്പുകളിലും ചൂതാട്ടങ്ങളിലും പെട്ടും ഒരുപാട് പണം പോയി. സച്ചിനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ കാംബ്ലി ഇടക്ക് കുറ്റം പറഞ്ഞതിനാൽ സച്ചിന് ഇർഷ്യയുണ്ട്. ഇതിഹാസ താരത്തിന്റെ വിരമിക്കൽ പാർട്ടിക്കുപോലും വിളിച്ചില്ല. അതിന്റെ പരിഭവം പ്രകടമാക്കി കാംബ്ലി പരസ്യമായി രംഗത്തും എത്തിയിരുന്നു.

കാംബ്ലിയിൽ നിന്ന് സച്ചിനിലേക്കുള്ള ദൂരം

ഇപ്പോൾ വിദ്യാർത്ഥികൾക്കുള്ള മനേജ്മെന്റ് ക്ലാസുകളിൽ പോലും പലരും സച്ചിന്റെയും കാംബ്ലിയുടെയും ഉദാഹരണം എടുത്തിടാറുണ്ട്. ''നിങ്ങൾക്കു സച്ചിനെപ്പോലെ ആകാം. വിനോദ് കാംബ്ലിയെപ്പോലെയും. ഇതിൽ ഏതു വേണമെന്നു നിങ്ങൾക്കു തീരുമാനിക്കാം''-. ഇതേപ്പറ്റി മുൻ ഇന്ത്യൻ നായകൻ കപിൽദേവ് ഒരിക്കൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെ,

കാംബ്ലി സ്വന്തം സ്വാഭാവിക പ്രതിഭയെ മാത്രം ആശ്രയിച്ചപ്പോൾ സച്ചിൻ തന്റെ തെറ്റുകളിൽ നിന്നും പോരായ്മകളിൽ നിന്നും പാഠമുൾക്കൊണ്ട് ഉയരങ്ങളിലേയ്ക്ക് കുതിച്ചു. തന്റെ സ്വാഭാവിക പ്രതിഭയിൽ കാംബ്ലി തളയ്ക്കപ്പെട്ടു. അയാൾനേരെ ചൊവ്വെ പരിശീലനം പോലും നടത്തിയില്ല. എന്നാൽ സച്ചിൻ നിരന്തര പഠനത്തിലുടെയും പരിശീലനത്തിലൂടെയും തന്റെ പ്രതിഭയെ തേച്ചുമിനുക്കി. മിന്നിത്തിളങ്ങിയ ആദ്യ ഏഴ് സെഞ്ചുറികൾക്കുശേഷം കാംബ്ലിയുടെ ബാറ്റിൽ നിന്ന് കാര്യമായി റണ്ണൊന്നുമൊഴുകിയില്ല. ഷോർട്ട് പിച്ച് പന്തുകളിലെ ബലഹീനത ബൗളർമാർ തിരിച്ചറിഞ്ഞതാണ് കാംബ്ലിയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. വിൻഡീസിന്റെ ഇന്ത്യാ പര്യടനത്തിൽ വാരിയെല്ലും കഴുത്തും തകർത്ത കോട്ണി വാൾഷിന്റെയും കേട്‌ലി ആംബ്രോസിന്റെയും വിൻസന്റ് ബെഞ്ചമിന്റെയും തീപാറുന്ന ബൗൺസറുകളാണ് ആ ബലഹീനതകൾ പുറത്തുകൊണ്ടുവന്നത്.

ഇത് തിരുത്താൻ പക്ഷേ, കാംബ്ലി മിനക്കെട്ടേയില്ല. സച്ചിനുമുണ്ടായിരുന്നു ഇതേ പോരായ്മ തുടക്കകാലത്ത്. എന്നാൽ, പിൽക്കാലത്ത് സച്ചിൻ പണിപ്പെട്ട് അത് മറികടന്നു. 1996 ലോകകപ്പിൽ സച്ചിൻ ഷെയ്ൻ വോണിനെതിരെ പതറുന്നത് നമ്മൾ കണ്ടു. പിന്നീട് ലക്ഷ്മൺ ശിവരാമകൃഷ്ണൻ അടക്കമുള്ള ലെഗ് സ്പിന്നർമാരുടെ അടുത്ത് ചെന്ന് പ്രാക്ടീസ് ചെയ്തു. അങ്ങനെ ലെഗ് സ്പിന്നിനെയും വോണിനെയും കളിക്കാൻ പഠിച്ചു. ശേഷം ചരിത്രം. ഇങ്ങനെ യാതൊരു പ്രത്യേക പരിശീലനവുമില്ലാതെ തന്നെ ഇതിന് രണ്ട് വർഷം മുൻപ് ഓസ്ട്രലേഷ്യാ കപ്പിൽ ഇതേ വോണിനെ കാംബ്ലി ഒരോവറിൽ ഇരുപത്തിരണ്ട് റൺസ് പറത്തിയ ചരിത്രവുമായി വേണം ഇതിനെ കൂട്ടിവായിക്കാൻ.

വിഷമസന്ധി ഘട്ടങ്ങളിൽ സച്ചിൻ സഹായിച്ചിട്ടില്ലെന്നും നിറത്തിന്റെയും ജാതിയുടെയും പേരിൽ ബിസിസിഐ അവഗണിച്ചിരുന്നുവെന്നും കാംബ്ലി ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിതും വൻ വിവാദമായിരുന്നു. സച്ചിന്റെ പെട്ടെന്നുള്ള ഉയർച്ചയെപ്പറ്റിയുള്ള ചോദ്യത്തിന്, ''സച്ചിൻ ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ സ്റ്റെയർകേസിലൂടെ കയറാനാണ് ശ്രമിച്ചത് എന്നായിരുന്നു'' കാംബ്ലിയുടെ മറുപടി. പക്ഷേ ഇത് ഒന്നും സത്യമല്ലെന്നാണ് ഇരുവരുടെയും പൊതുസുഹൃത്തുക്കളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സച്ചിൻ കഠിനമായി പരിശീലിക്കുമ്പോൾ, കാംബ്ലി കാമുകിമാരുമൊത്ത് ഉല്ലസിക്കുകയും, ബാറുകളിൽ കറങ്ങുകയും ആയിരുന്നു. പലതവണ, മദ്യപാനത്തെക്കറിച്ചും, ചീത്തകൂട്ടുകെട്ടുകളെക്കുറിച്ചും സച്ചിൽ ഉപദേശിച്ചിരുന്നു. ഒടുവിൽ ഒന്നും നടക്കാതായതോടെയാണ് സച്ചിൻ തന്റെ പഴയ ഇന്നിങ്ങ്സ് പാർട്നറെ ഉപേക്ഷിച്ചത്.

അടിപൊളി ജീവിതം; ഒടുവിൽ മതം മാറ്റം

എവിടെപ്പോയാലും പ്രണയത്തിൽപ്പെടുക എന്നത് കാംബ്ലിയുടെ ഒരു ബലഹീനതയാണ്. കത്തിനിൽക്കുന്ന സമയത്ത് ലോകം മുഴുവൻ കാമുകിമാർ ഉണ്ടായിരുന്നെുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സാമ്പത്തികമായി തകർന്നതോടെ ഒപ്പം ആരുമില്ലാതായി!

വിനോദ് കാംബ്ലി ആദ്യം വിവാഹം കഴിച്ചത് 1998ൽ ഒരു ഹോക്കി താരമായ നോയ്ലെയായിരുന്നു. പിന്നീട് ഈ ബന്ധം വേർപെടുത്തി. അതിനു ശേഷം മോഡലായ ആൻഡ്രിയാ ഹെവിറ്റിനെ വിവാഹം ചെയ്തു. അവളുടെ നിർബന്ധപ്രകാരമാണ് താരം ക്രിസ്തുമതത്തിലേക്ക് മാറി. ഇപ്പോൾ 50 വയസ്സുള്ള കാംബ്ലിക്ക് ഒരു മകനുണ്ട്, ജീസസ് ക്രിസ്ത്യാനോ. പക്ഷേ മതം മാറിയത് വാർത്തയായപ്പോൾ എല്ലാമതങ്ങളെയും സ്നേഹിക്കുന്ന വ്യക്തിയാണ് താൻ എന്നായിരുന്നു പ്രതികരണം. 2012 ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആഞ്ജിയോപ്ളാസ്റ്റിക്ക് വിധേയനായി. 2013 ൽ കാർ ഓടിച്ചു കൊണ്ടിരുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു.

ഇന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ നീറ്റലാണ് വിനോദ്. നമ്മുടെ ഇതിഹാസങ്ങളായ സച്ചിൻ, ഗവാസ്‌കർ, ദ്രാവിഡ്, ഗംഗുലി, സേവാഗ്, ലക്ഷ്മൺ, കോലി എല്ലാവർക്കും മുകളിലാണ് ഇന്നും കാംബ്ലിയുടെ ടെസ്റ്റ് ശരാശരി എന്നത് മാത്രം മതി ആ പ്രതിഭ എന്താണെന്നറിയാൻ. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 1000 റൺസ് എന്ന ഇന്ത്യൻ റെക്കോർഡ് ഇന്നും മറ്റൊരാൾക്കും ഭേദിക്കാൻ പറ്റിയിട്ടില്ല. പക്ഷേ, പ്രതിഭയുണ്ടായിട്ട് കാര്യമില്ല. അത് സ്ഥിരമായി പരിശീലനത്തിലുടെ, അച്ചടക്കത്തിലുടെ സ്ഫുടം ചെയ്ത് എടുക്കണമെന്ന് സച്ചിന്റെയും, വിനോദ് കാംബ്ലിയുടെയും അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പക്ഷേ കാംബ്ലിയെ രാജ്യം എത്രകണ്ട് സ്നേഹിക്കുന്നുവെന്നതിന്റെ തെളിവുകളും ഇപ്പോൾ പുറത്തുവരികയാണ്. നിരവധി പേരാണ് ജോലി ഓഫറുമായി രംഗത്ത് വരുന്നത്.

വാൽക്കഷ്ണം: ഒരാളുടെ തെറ്റുകളും പരാജയങ്ങളും മറ്റൊരാളുടെ പിരടിക്കിട്ട് രക്ഷപ്പെടുക എന്നത് ഇന്ത്യയിലെ ഒരു പതിവ് രീതിയാണ്. ഇവിടെ കാംബ്ലിയുടെ തകർച്ചക്ക് ഉത്തരവാദി അയാളുടെ കൈയിലിരിപ്പാണെന്ന് പറയുന്നതിന് പകരം, അതിൽ സച്ചിനെ വലിച്ചിഴക്കാനാണ് പലർക്കും താൽപ്പര്യം. സച്ചിൻ കാംബ്ലിയെ സഹായിക്കുന്നില്ല എന്നതാണ് അവരുടെ പരാതി. അല്ലാതെ കാംബ്ലി സ്വയം നശിച്ചതിൽ അല്ല.