- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സംഗീതലോകത്തെ തകിടം മറിച്ച ജാസി ഗിഫ്റ്റിന്റെ കഥ
1991-ലെ തമിഴകം. ദളപതിയിലുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചെയ്ത് പ്രശസ്തിയുടെ അത്യൂന്നതങ്ങളിൽ ഇളയരാജ വിരാജിക്കുന്ന കാലത്താണ്, ചിന്ന ചിന്ന ആശയുമായി ആ ചിന്നപ്പയ്യൻ വന്നത്. അന്നേവരെ കേൾക്കാത്തഒരു അദ്ഭുത പ്രപഞ്ചത്തിലേക്കാണ്, മണിരത്നത്തിന്റെ റോജ സനിമയിലുടെ എ ആർ റഹ്മാൻ നമ്മെ കൂട്ടിക്കൊണ്ടു പോയത്. ഇളയരാജ എന്ന ഇതിഹാസത്തിന്റെ സ്വാധീനമോ സ്പർശമോ ഇല്ലാത്ത പുതുപുത്തൻ സംഗീതം. ഫ്ളൂട്ട്, ഗിറ്റാർ, വയലിൻ, ഡ്രംസ് വാദ്യോപകരണങ്ങൾ പൊഴിക്കുന്ന നാദം തീർത്തും വ്യത്യസ്തം. പുതുമയെ പുണരാതിരിക്കാൻ മനുഷ്യനാവില്ല. എ ആർ റഹ്മാൻ തരംഗമായി. ജെന്റിൽമാനും കാതലനും കൂടി വന്നതോടെ ആ സംഗീതം വേൾഡ് ഹിറ്റായി. കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഖവാലിയും ഫോക്കും റോക്കും റാപ്പും ബ്ളൂസും ജാസും റെഗ്ഗേയും എന്നുവേണ്ട സംഗീതത്തിന്റെ സർവശാഖകളും റഹ്മാന്റെ സ്റ്റുഡിയോയിൽ വന്ന് പരിണാമത്തിന് വിധേയമായി.
അതേ, കെട്ടിക്കിടക്കുന്ന തമിഴ് സംഗീതലോകത്തെ ആകെ മാറ്റിമറിച്ചത് എ ആർ റഹ്മാൻ ആയിരുന്നെങ്കിൽ, മലയാളത്തിൽ ആ മാറ്റം കൊണ്ടുന്നത് ജാസി ഗിഫ്റ്റ് എന്ന അനുഗ്രഹീയ മ്യുസീഷ്യനാണ്. 2004- റാപ്പും, നാടൻപാട്ടും, മലയാളവും, ഇംഗ്ലീഷും, ഒപ്പം തബലയും തകിലും എല്ലാം ചേർത്ത് ജാസി സൃഷ്ടിച്ച ലജ്ജാവതി കടൽ കടന്ന് അമേരിക്കയിൽവരെയെത്തി. ലജ്ജാവതിയുടെ കള്ളക്കടക്കണ്ണിൽ മലാളി മയങ്ങികാലം! പരമ്പരാഗത സംഗീത സങ്കൽപ്പങ്ങൾ തച്ചുടുച്ചുകൊണ്ട് മുന്നേറാൻ മലയാള സിനിമാ സംഗീതലോകത്തിന് കരുത്ത് നൽകിയത് ഈ മനുഷ്യനാണ്. പക്ഷേ അത് ഒരിക്കലും മലയാളികൾ അംഗീകരിച്ച് തരില്ല. ശുദ്ധ സംഗീതത്തെ നശിപ്പിച്ച അവിയൽ മ്യുസീഷ്യനായിട്ടാണ് പലയിടത്തും ജാസി വിലയിരുത്തപ്പെട്ടത്.
ഒരുകാലത്ത് നിറത്തിന്റെയും, ശബ്ദത്തിന്റെയും പേരിൽ ഏറെ അപഹസിക്കട്ടെ വ്യക്തിയായിരുന്നു ജാസി. ഇപ്പോഴിതാ വീണ്ടും അദ്ദേഹം അപമാനിക്കപ്പെട്ടതിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുന്നത്. കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസിഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയിരുന്നു. ഒപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലുടെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു."സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടത്. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാൾചെയ്യുന്ന ജോലിയിൽ നിന്ന് ബലാൽക്കാരമായി പിടിച്ച് തള്ളാൻ ഇവിടെ ആർക്കും അധികാരമില്ല. ഒരു ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിൻസിപ്പാൾ മൈക്ക് തട്ടിപ്പറിച്ചത്. ഒരു കോളജ് പരിപാടിക്ക് വിളിക്കുമ്പോൾ അവിടുത്തെ മാനേജ്മെന്റുമായി എല്ലാം സംസാരിച്ച് തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് വേണ്ടത്,വേണ്ടാത്തത് എന്നൊക്കെ പറയാം.അത് പറയാനുള്ള ഒരു രീതിയുണ്ട്.
എന്നാൽ ആ ടീച്ചർ പറഞ്ഞത് ആർക്കും ദഹിക്കുന്ന രീതിയിലായിരുന്നില്ല. മൈക്ക് പിടിച്ചുവാങ്ങി കൊണ്ടുപോകുകയായിരുന്നു. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ പറായാം. അല്ലെങ്കിൽ മറ്റൊരു മനുഷ്യനോട് പെരുമാറേണ്ട ഒരു രീതിയുണ്ട്. അതിൽ ടീച്ചറുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ല. കുട്ടികൾ ആ വിഷയത്തിൽ വലിയ സമരം നടത്തി. ഈഗോ വർക്കൗട്ട് ചെയ്തതതുൾപ്പടെയുള്ള കാര്യങ്ങളായിരിക്കാം ടീച്ചർ അങ്ങനെ പെരുമാറിയതിന് പിന്നിൽ"-ജാസി ഗിഫ്റ്റ് പറയുന്നു.
സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ജാസിക്കുപകരം എം ജി ശ്രീകുമാറോ, ജയചന്ദ്രനോ, നടത്തുന്ന ഗാനമേളയാണ് അതെങ്കിൽ പ്രിൻസിപ്പൽ അങ്ങനെ ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇവിടെ ജാസിയുടെ നിറവും, സ്റ്റാറ്റസും, പ്രിവിലേജും നോക്കിയുള്ള അധിക്ഷേപമാണ് നടന്നത്. പക്ഷേ ജാസി ഗിഫ്റ്റിനെ സംബന്ധിച്ച് ഇത്തരം അധിക്ഷേപങ്ങൾ പുത്തരിയല്ല. കടുത്ത ബോഡിഷെയിമിങ്ങിനെ അതിജീവിച്ചാണ് അയാൾ വളർന്നുവന്നത്.
ഗിഫ്റ്റിന്റെ മകൻ
പലരും കരുതുന്നതുപോലെ ഗിഫ്റ്റ് എന്നത് ജാസി തന്റെ വളർച്ചക്കുതകുന്ന വിധം ഉണ്ടാക്കിയെടുത്ത ഒരു വ്യാജ പേരല്ല. അത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര താലൂക്കിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഗിഫ്റ്റ് ഇസ്രയേലിന്റെയും രാജമ്മയുടേയും മകനായി 1975 നവംബർ 27ന് ജാസിയുടെ ജനനം. മുക്കോല സെന്റ് തോമസ് സ്‌കൂൾ, മാർ ഇവാനിയോസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഒരു സംഗീത കുടുംബം ആയിരുന്നു അവരുടേത്. മുത്തച്ഛൻ എൻ ഐ ഐസക് പാസ്റ്ററും സംഗീത സംവിധായകനും ആയിരുന്നു. അതിനാൽ നന്നേ ചെറുപ്പത്തിൽ ജാസിയുടെ മനസിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗെ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ ആരാധിച്ച ജാസി പിൽക്കാലത്ത് തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന് പ്രവർത്തിച്ച് തുടങ്ങി. ഹോട്ടൽ സൗത്ത് പാർക്ക്, കോവളത്തെ ഐറ്റിഡിസി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
പണ്ട് മുതൽ സംവിധായകൻ സത്യജിത് റേയുടെ ആരാധകനായിരുന്നു താനെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്. അങ്ങനെ വളർന്ന സിനിമയുടെ അഭിനിവേശം കൊണ്ട് ഫിലിംഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും ധാരാളം സിനിമകൾ കാണുകയും ചെയ്തിരുന്നു. അങ്ങനെ കണ്ട സിനിമകൾ തന്റെ സിനിമാ സങ്കൽപത്തെയും സംഗീത ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചു.
ഒരു അഭിമുഖത്തിൽ ജാസി ഇങ്ങനെ പറയുന്നു.-"മിക്ക കോളജ് വിദ്യാർത്ഥികളെയും പോലെ സർക്കാർ ഉദ്യോഗമായിരുന്നു ലക്ഷ്യം. അന്ന് സ്വകാര്യ മേഖല ഇന്നത്തെപ്പോലെ ശക്തമായിത്തുടങ്ങിയിരുന്നില്ല. ഗാനമേളകളിലും ഹോട്ടലിലുമൊക്കെ പാടുമായിരുന്നു. എന്നെ സംഗിതത്തിന്റെ വഴിയിൽ പിടിച്ചു നിർത്തിയത് ബാലഭാസ്‌കർ, തനു ഭാസ്‌കർ, റോഷൻ, ചന്ദ്രു എന്നിവരുമായുള്ള സൗഹൃദമാണ്. ഞങ്ങളുടെയൊക്കെ സംഗീത ജീവിതം ആരംഭിക്കുന്നത് ബാലഭാസ്‌കറിലൂടെയാണ് എന്നതാണ് സത്യം. സമാന്തര സംഗീതത്തിന്റെ ആദ്യകാല വക്താക്കളിലൊരാളായിരുന്നു ബാലു.ആദ്യകാലത്തെ തരംഗിണി കസറ്റുകളിലെ ലളിത ഗാനങ്ങളാല്ലാതെ യുവത്വത്തെ കേന്ദ്രീകരിച്ച ഒരു സംഗീതം സൃഷ്ടിച്ചത് ബാലഭാസ്‌കറാണ്. അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഞങ്ങൾ എല്ലാപേരും സഞ്ചരിച്ചിരുന്നത്. ബാലഭാസ്‌കർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം."- ജാസി പറയുന്നു.
തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത് ബിഗ് ബോസ് ഫെയിം സാബുവിനെയും അയാൾ മറക്കുന്നില്ല. കോളജിൽ പഠിച്ചിരുന്ന കാലത്ത്ഒരു ആൽബം ചെയ്യണമെന്ന് സാബു നിർബന്ധിച്ചു. അത് സംവിധായകൻ ജയരാജിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് ഫോർ ദ് പീപ്പിളിലെ ഗാനങ്ങൾ പിറന്നത്.
ജയരാജ് എടുത്ത റിസ്‌ക്ക്
പൂണെ ഫിലിം ഇന്റിസ്റ്റ്യൂട്ടിൽ ക്യാമറ പഠിക്കാൻ ആഗ്രഹിച്ച ജാസിഗിഫ്റ്റിന് കാലം വിധിച്ചതാകട്ടെ സംഗീതവും. സൂര്യ ടി.വി സംപ്രേഷണം ചെയ്ത ഒരു ആൽബത്തിലൂടെ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമ രംഗത്ത് എത്തിയത്. സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ്രാജാണ് ജാസിഗിഫ്റ്റിനെ ജയരാജിന് പരിചയപ്പെടുത്തുന്നത്. ആ ഗാനങ്ങളിലെ പുതുമ തിരിച്ചറിഞ്ഞ ജയരാജ് അദ്ദേഹത്തെ നിരാശനാക്കി അയച്ചില്ല. തന്റെ ഹിന്ദി ചിത്രമായ ഭീബത്സത്തിൽ സംഗീത സംവിധായകനാക്കി. അപ്പോൾതന്നെ തന്റെ അടുത്ത ചിത്രത്തിനും കൈകൊടുത്തു. പകുതി ഹിന്ദി മലയാളം ചേർന്ന പാട്ട് കേട്ട സംവിധായകൻ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാലചന്ദ്രമേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കി എങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല.
ഇംഗ്ലിഷ്, ഹിന്ദി ആൽബം ഗാനങ്ങൾ കേരളത്തിലടക്കം വൻജനപ്രീതി നേടിയെടുത്ത രണ്ടായിരം കാലഘട്ടം. വിദേശചാനലുകളുടെ പ്രചാരമായിരുന്നു അതിനു പ്രധാനകാരണം. അതുകൊണ്ടാകാം ആ സ്വാധീനത്തിൽ നിന്നുകൊണ്ട് തന്റെ പാട്ടുകളിലും ജാസി ഗിഫ്റ്റ് തുടർച്ചയായ പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്നു. യുവത്വം ഇഷ്ടപ്പെടുന്ന ചടുലതയ്ക്കൊപ്പം ആ സംഗീതം സഞ്ചരിച്ചുകൊണ്ടിരുന്നു.
രണ്ടായിരത്തോടെ മലയാള സിനിമസംഗീതത്തിലേക്കു പശ്ചാത്യസംഗീതത്തിന്റെ സ്വാധീനം കൂടുതലായി പ്രകടമായി തുടങ്ങി. സംഗീതത്തിലും പുതിയ പുതിയ പരീക്ഷണങ്ങൾ വന്നു കൊണ്ടിരുന്നു. 2003ൽ തമിഴിൽ എ. ആർ. റഹ്മാന്റെ സംഗീതത്തിൽ വന്ന ബോയ്സ് എന്ന ചിത്രത്തിലെ ഗാനങ്ങൾ അതിന്റെ വലിയ ഉദാഹരമാണ്. എക്കാലത്തും പുതിയ ട്രെൻഡുകൾ സൃഷ്ടിച്ച റഹ്മാന്റെ ബോയ്സിലെ ഗാനങ്ങൾ മലയാളിക്കും ചുണ്ടിന് മധുരമായി. അതുകൊണ്ടാകാം സിനിമയിലും സംഗീതത്തിലും അത്തരമൊരു പരീക്ഷണം നടത്താൻ സംവിധായകൻ ജയരാജും മുന്നിട്ടിറങ്ങിയത്.
യുവത്വത്തിന്റെ സ്പന്ദനങ്ങൾ നിറയുന്ന ഗാനങ്ങളായിരിക്കണം ചിത്രത്തിൽ വേണ്ടത്, ജയരാജിന്റെ നിർദ്ദേശം ഇതുമാത്രമായിരുന്നു. ജാസി ഗിഫ്റ്റിന് പിന്നെ കൂടുതലൊന്നും ചിന്തിക്കുവാൻ ഉണ്ടായിരുന്നില്ല. ഉള്ളിലെ പാശ്ചാത്യ സംഗീതത്തിലേക്കു തന്റെ മലയാളിത്വം കൂടി കലർത്തി. ആദ്യം കുറച്ച് ഡെമ്മി ഗാനങ്ങൾ ഉണ്ടാക്കി സംവിധായകനെ കേൾപ്പിക്കുവാൻ തീരുമാനിച്ചു.
അങ്ങനെ എറണാകുളം പനമ്പള്ളിനഗറിലെ ജയരാജിന്റെ താൽക്കാലിക സങ്കേതത്തിലേക്ക് ജാസി ഗിഫ്റ്റ് ഡെമ്മി ഗാനങ്ങളുമായി യാത്രയായി. അദ്ദേഹത്തിന്റെ പുതുസംഗീത താൽപര്യങ്ങൾ എങ്ങനെയെന്നത് അറിയുക എന്നതായിരുന്നു പ്രധാനം. സംവിധായകന്റെ താൽപര്യങ്ങൾക്കനുസരിച്ച് പാട്ടിനെ പുതുക്കുവാനും തീരുമാനിച്ചു. ഉള്ളിലെ ആശങ്കകളെയൊക്കെ മറച്ചുവച്ച്് ജാസിഗിഫ്റ്റ് പാടി തുടങ്ങി. തയാറാക്കിയ മൂന്നുഗാനങ്ങളും കേട്ടതോടെ തനിക്ക് വേണ്ടത് ഇത്തരത്തിലുള്ള ഗാനങ്ങളല്ല, ഇതുതന്നെയാണെന്ന് ജയരാജും പറഞ്ഞു. അതോടെ പിറന്ന ഗാനങ്ങളാണ് ലജ്ജാവതിയും, അന്നക്കളിയും, ബെല്ലെ ബെല്ലേയുമൊക്ക.
ലജ്ജാവതി ജനിക്കുന്നു
താളത്തിനൊത്ത് ഒരു ഒപ്പിച്ചുവയ്ക്കൽ ഗാനമായിരുന്നില്ല ലജ്ജാവതി. താളത്തിന്റെ അതിർവരമ്പുകൾ കടക്കാതെ ലാളിത്യത്തിന്റെ സൗന്ദര്യം ആവോളം വിളമ്പാൻ കൈതപ്രത്തിനായി. "ട്യൂൺ പാടി കൊടുത്തപ്പോൾ തന്നെ കൈതപ്രം ആദ്യം എഴുതിയത് ലജ്ജാവതിയേ എന്നാണ്. കേട്ടപ്പോൾ എനിക്കും ഇഷ്ടം തോന്നിയെങ്കിലും പാടിവരുമ്പോൾ എങ്ങനെയായി തീരുമെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ ആ പ്രയോഗം ജയരാജ് സാറിനു നന്നായി സുഖിച്ചു. പിന്നെ കണ്ണടച്ചുതുറക്കും മുൻപായിരുന്നു അദ്ദേഹം ലജ്ജാവതിയെ എഴുതി പൂർത്തിയാക്കിയത്,"- ജാസിഗിഫ്റ്റ് പറയുന്നു.
ഇംഗ്ലിഷ് വരികളും ചേർത്തു പാട്ട് വന്നാൽ നന്നായിരിക്കുമെന്ന ആശയവും ജയരാജിന്റെയായിരുന്നു. തമിഴും ഹിന്ദിയുമൊക്കെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവിൽ എത്തിച്ചേർന്നത് ഇംഗ്ലിഷിലേക്കാണ്. ജാസിഗിഫ്റ്റ് തന്നെ ആ വരികൾ എഴുതുകയും ചെയ്തു. പിന്നീട് ആ വരികൾ മലായാളിക്ക് മലയാളം പോലെ ഒഴുകി വന്നു.
യൂത്തിനെ ലക്ഷ്യംവച്ചുള്ള പടം ആയതുകൊണ്ടുതന്നെ ചിത്രത്തിലെ ഗാനങ്ങളിൽ സംവിധായകൻ വലിയ ശ്രദ്ധ നൽകി. വിദേശ ഗായകൻ അദ്നൻ സമിക്ക് ഇന്ത്യയിലും ആരാധകർ ഏറിയ കാലവുമാണത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഒരു ഗാനം അദ്നൻ സ്വാമി പാടട്ടെ എന്നൊരാഗ്രഹം ജാസിഗിഫ്റ്റിന്റെ മനസ്സിലുദിച്ചു. അങ്ങനെ ലജ്ജാവതിയേ എന്ന ഗാനം അദ്ദേഹത്തെകൊണ്ട് പാടിക്കുവാനും തീരുമാനമായി. അന്വേഷണങ്ങക്ക് ഒടുവിൽ അദ്ദേഹത്തിന്റെ സാമ്പത്തികവും സമയവുമൊക്കെ പ്രശ്നമായതോടെ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. ഇതിനിടയിൽ ചിത്രീകരണം ആരംഭിച്ചതോടെ ജാസി ഗിഫ്റ്റ് തന്നെ ട്രാക്ക് പാടി.
"മുഴുവൻ ഗാനവമായി പാടണമെന്നതു സംബന്ധിച്ച് അപ്പോഴും തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയുടെ രണ്ടു ലൊക്കേഷനുകളിൽ ഈ ഗാനത്തിന്റെ ട്രാക്ക് പ്ലേ ചെയ്തു. അപ്പോൾ അവിടെയുണ്ടായിരുന്ന ഭരത് അടക്കമുള്ളർ ഈ ഗാനം മുഴുവൻ എടുക്കാമെന്ന അഭിപ്രായം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജയരാജും നല്ല പ്രോത്സാഹനം നൽകി. എന്നാൽ അപ്പോഴും എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അന്നത്തെ കാലം അറിയാമല്ലോ. എസ്റ്റാബ്ലിഷ്ഡ് ആയ ഗായകരാണു പാട്ടുകൾ പാടുന്നത്. അതിനിടയിലേക്കാണ് ഇങ്ങനെ ഒരു ഗാനവുമായി ഞാൻ എത്തുന്നത്. ആളുകൾ എങ്ങനെ സ്വീകരിക്കും എന്നോർത്ത് വലിയ ആശങ്കയുണ്ടായിരുന്നു. ഇംഗ്ലീഷ് പാട്ടിന്റെ കൂടെ തബലയും തകിലും വായിക്കാമോ എന്നൊക്കെ ആളുകൾ പറയുന്ന കാലത്ത് ഇങ്ങനെ പരീക്ഷണം നടത്താൻ ജയാരാജ് തയ്യാറായതു നിസാര കാര്യമല്ല. വെസ്റ്റേൺ ബാന്റിൽ ഉണ്ടായിരുന്ന കാലത്തു പഠിച്ച ചില രീതികൾ ചെയ്തു നോക്കാനുള്ള സ്പേസും കിട്ടി. ഡാൻസ് മ്യൂസിക് മലയാളത്തിന് അന്യമായി നിന്നിരുന്ന കാലമായിരുന്നു അത്."- ജാസി ഓർക്കുന്നു.
അപ്രതീക്ഷിതമായി ഗായകൻ
കൈതപ്രത്തിന്റെ ശൈലിയിൽ തന്നെയാണ് വരികൾ എഴുതിയത്. . അടിസ്ഥാനപരമായി എന്തെല്ലാം വെസ്റ്റേൺ ഘടകങ്ങൾ ഗാനത്തിൽ വന്നാലും നാടൻ വരികളിൽ നിന്നും വ്യതിചലിക്കരുതെന്ന് ജയരാജ്- ജാസി ടീം തീരുമാനിച്ചിരുന്നു. "നേറ്റിവിറ്റി നമ്മൾ കൊണ്ടു വരുന്നതു രണ്ടുകാര്യങ്ങളിലൂടെയാണ്. റിഥവും ട്യൂണും. ഈ റിഥം പാട്ടില്ലാതെ വച്ചാലും ഡാൻസ് ചെയ്യാൻ പറ്റും. ട്യൂൺ ഒരു വിധം നല്ലതാണെങ്കിൽ നമുക്ക് അതിന്റെ പുറത്ത് വെസ്റ്റേണോ ഈസ്റ്റേണോ എന്തു വേണമെങ്കിലും മിക്സ് ചെയ്യാൻ സാധിക്കും. പാട്ടിന്റെ ഇൻഗ്രീഡിയൻസിനെ പറ്റി പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ട്യൂൺ നാലുഭാഷകളിലും ഹിറ്റായിരുന്നു. അതുകൊണ്ട് തെളിയിക്കപ്പെട്ടതു ബേസിക് എലമെന്റ് ട്യൂൺ നല്ലതാണെങ്കിൽ നമുക്കു രണ്ടും ആവാം എന്നാണ്. "- ജാസി വ്യക്തമാക്കുന്നു.
ചിത്രീകരണത്തിന് ഇടയിൽ ട്രാക്ക് കേട്ട് ഇഷടം തോന്നിയ എല്ലാവരും ഇതാരാണെന്ന് ചോദിക്കുവാൻ തുടങ്ങി. ഈ ശബ്ദം തന്നെ ഉപയോഗിച്ചാൽ നന്നായിരിക്കുമെന്നായി കേട്ടവരെല്ലാം. ശബ്ദത്തിലെ പുതുമ തന്നെയായിരുന്നു എല്ലാവരുടേയും ചർച്ചാ വിഷയം. സഹപ്രവർത്തകരുടെ ആവേശം കണ്ടതോടെ ഹിറ്റുറപ്പായ ജയരാജിന് പിന്നെ ഒന്നും ചിന്തിക്കുവാനുണ്ടായിരുന്നില്ല. ജാസിഗിഫ്റ്റ് അങ്ങനെ പാട്ടുകാരനായി.
ചിത്രത്തിലെ അന്നക്കിളി എന്ന ഗാനം കാർത്തിക്കിനെകൊണ്ട് പാടിക്കുവാനായിരുന്നു തീരുമാനം. അങ്ങനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ എത്തി കുറച്ചു ഭാഗങ്ങൾ പാടിക്കുകയും ചെയ്തു. എന്നാൽ ആ പാട്ടിന്റെ റെക്കോർഡിങ് വിചാരിച്ച സമയത്ത് കഴിയാതെ വന്നതോടെ ആ ഗാനവും ജാസിഗിഫ്റ്റ് തന്നെ പാടി. ജാസിഗിഫ്റ്റിന്റെ ശബ്ദം ഒരു ട്രെൻഡായി മാറുമെന്ന് തോന്നിയതോടെ ജയരാജാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത്.
മമ്മൂട്ടിയുടെ വീട്ടിൽനിന്നാണ് ലജ്ജാവതി പാട്ട് ഹിറ്റിലേക്ക് കയറുന്നത്. അത് മറ്റൊരു രസകരമായ കഥ. ഫോർ ദ് പീപ്പിൾ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളൊക്കെ പൂർത്തിയായി റിലീസിന് കാത്തിരിക്കുന്ന സമയം. ഓഡിയോ കാസറ്റും റിലീസായിട്ടില്ല. ഒരു സ്വകാര്യ ചാനലിൽ മാത്രം ലജ്ജാവതി ഇടയ്ക്കിടെ കാണിക്കുന്നുണ്ട്. ആ ദിവസമായിരുന്നു മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണം. ടിവിയിൽ ഈ പാട്ടുകേട്ടതോടെ മൈലാഞ്ചി കല്യാണത്തിന് മാറ്റുകൂട്ടാൻ ഈ ഗാനവും കേൾപ്പിക്കണമെന്നായി മമ്മൂട്ടിയുടെ വീട്ടിലുള്ളവർക്കെല്ലാം. ഓഡിയോ കാസറ്റ് അന്വേഷിച്ചിട്ട് കിട്ടാനുമില്ല. ചിത്രത്തിന്റെ നിർമ്മാതാവ് സാബു ചെറിയാനുതന്നെ മമ്മൂട്ടിയുടെ വീട്ടിൽ നിന്നു വിളി എത്തി. അങ്ങനെ സിനിമാക്കാരും നാട്ടുകാരുമൊക്കെ ഒത്തുകൂടിയ ആ വേദിയിലൂടെ കൂടുതൽപേരിലേക്ക് ലജ്ജാവതി എത്തി. മമ്മൂട്ടിയുടെ വീട്ടിൽ കേട്ടത് നാട്ടിൽ പാട്ടായി എന്നു പറയുന്നതാകും ലജ്ജാവതിയുടെ കാര്യത്തിൽ ശരി.
'മലയാള സിനിമയിലെ പുരുഷ ശബ്ദം'
2004-ൽ റിലീസായ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. അതോടെ വിമർശനങ്ങളുടെ കൂരമ്പുകളും ഉണ്ടായി. മലയാള ഭാഷയെ വ്യഭിചരിക്കുന്നു, റാപ്പും ഇന്ത്യൻ സംഗീതവും കലർത്തി അവിയുലുണ്ടാക്കുന്നുതൊട്ട്, യുവതലമുറയെ വഴിതെറ്റിക്കുന്നു എന്നുവരെപ്പോയി ആരോപണങ്ങൾ. ജലദോഷപ്പനി ബാധിച്ചവന്റെ ശബ്ദംപോലെയെന്ന് പറഞ്ഞ് ജാസിയുടെ ശബ്ദത്തിനെതിരെ തിരിഞ്ഞവരും ഒട്ടേറെ. കുറത്ത നിറത്തിന്റെപേരിലും അയാൾ അധിക്ഷേപിക്കപ്പെട്ടു. അപ്പോഴാണ് കവി നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് 'ഏറെക്കാലത്തിനുശേഷം കേട്ട പുരുഷ ശബ്ദം'മാണ് ജാസി ഗിഫിറ്റിന്റെത് എന്ന് പറഞ്ഞ് പുകഴ്‌ത്തിയത്.
അതു ശരിയുമായിരുന്നു. യേശുദാസിനെ അനുകരിച്ചുകൊണ്ടുള്ള സ്വീറ്റ് വോയ്്സുകൾ മാത്രാണ് അക്കാലത്തുണ്ടായിരുന്നത്. അപ്പോൾ അൽപ്പം അനുനാസികത്തിലുള്ള ജാസിയുടെ ശബ്ദം തീർത്തും വേറിട്ടതായി. റഗേ സംഗീതത്തിന്റെ ചുവട് പിടിച്ച് ചിട്ടപ്പെടുത്തിയ ലജ്ജാവതിയെ... എന്ന ഗാനം വൻ തരംഗമായി മാറി. എത്തിനൊ പോപ്പ് വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത. ഒരു തരം പരുക്കൻ ശബ്ദത്തിലൂടെ സദസിനെ കയ്യിലെടുക്കുന്ന കൗശലവിദ്യ ജാസി ഗിഫ്റ്റിന് മാത്രം സ്വന്തമാണ്.
ജാസി ഗിഫ്റ്റ് പിന്നീട് മലയാള മനോരമക്ക് കൊടുത്ത അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. "ചില പാട്ടുകൾ പാടുമ്പോൾ സ്ഥിരം ട്രാക്കു വിട്ട് എന്റേതായ ഒരു ശൈലി പരീക്ഷിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ക്രമേണ എന്റേതായ ഒരു ആലാപന ശൈലി രൂപപ്പെട്ടുവന്നു. അതാണ് ലജ്ജാവതിയേ പോലെയുള്ള ഗാനങ്ങൾ സൃഷ്ടിച്ചപ്പോൾ സംഭവിച്ചത്. ആ പാട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞവരുണ്ട്. എന്തായാലും ആ പാട്ട് കാലത്തെ അതിജീവിക്കുകയും ജനപ്രിയമാവുകയും ചെയ്തതു. അന്നത്തെ വിപണയിൽ ഏറ്റവും മുന്നിലെത്താൻ ഫോർ ദ പീപ്പിളിലെ ഗാനങ്ങൾക്കു കഴിഞ്ഞു. പാട്ടുകളും പരാജയപ്പെടില്ല എന്ന ഒരു ഉറപ്പുണ്ടായിരുന്നു. എന്നാൽ ഒരു മെഗാഹിറ്റിലേക്കു പോകുമെന്നു സത്യത്തിൽ പ്രതീക്ഷിച്ചില്ല.'
പക്ഷേ കാസറ്റ് വിൽപ്പനയിൽ ലജ്ജാവതി റെക്കോർഡ് സൃഷ്ടിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ജാസി ഗിഫ്റ്റിന്റെ പാട്ടുകൾ പുറത്തിറങ്ങിയിരുന്നു. അവയും വൻ ഹിറ്റായി. ജാസിയുടെ പാട്ടുകളും സംഗീതവുമൊക്കെ തമിഴിലും തെലുങ്കിലുമൊക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് കന്നട സിനിമയിലാണ്. പിന്നെ ഇപ്പോൾ ഇരുപതുവർഷത്തിനുശേഷം ഫോർ ദ പീപ്പിളിലെ പാട്ടുകൾ ജനം ആഘോഷിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഈ ഗാനങ്ങൾ നിറഞ്ഞു നിൽക്കുന്നു.ഈ രീതിയിൽ മികസ്ഡ് ട്രെൻഡുകൾ സൃഷ്ട്ടിച്ച ജാസി ഗിഫ്റ്റിൽ നിന്നു തന്നെ 'സ്നേഹത്തുമ്പിയും' 'അരയാലില മഞ്ഞച്ചരടിലെ പൂത്താലിയും' പോലുള്ള തനി മലയാളിത്തമുള്ള പാട്ടുകളും പിറന്നു.
ലജ്ജാവതിയുടെ തരംഗം ദക്ഷിണേന്ത്യയിൽ മുഴുവൻ നിറഞ്ഞു നിന്നു. ആരാലും അറിയപ്പെടാതെ പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ കഴിഞ്ഞിരുന്ന ജാസിഗിഫ്റ്റിനെ തേടി ആളുകളെത്തി. പാട്ടിറങ്ങി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ആരെങ്കിലുമൊക്കെ വന്ന് ഏതെങ്കിലും പരിപാടികൾക്കു വിളിക്കും. വരുന്നവരുടെ ബൈക്കിനു പിന്നിൽ കയറി പോകും. ലജ്ജാവതി പാടുന്നതോടെ വലിയ സ്വീകാര്യത കിട്ടുന്നുവെന്നു മനസ്സിലായി. ബസിലൊക്കെയാണ് അന്ന് സ്ഥിരം യാത്രകൾ. ഫോർ ദ് പീപ്പിളിലെ പാട്ട് വരുന്നതോടെ എല്ലാവരും നിശബ്ദരായി ഇരുന്ന് കേൾക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്്. സ്വന്തം പാട്ടിന്റെ അനുഭവം അടുത്തറിഞ്ഞ ജാസിഗിഫ്റ്റ് പറയുന്നു.
പാട്ട് അന്യഭാഷയിലേക്കും പോയതെടെ അവിടേയും ജാസിഗിഫ്റ്റ് തന്റെ സാന്നിധ്യം അറിയിച്ചു. അക്കാലത്ത് ദക്ഷിണേന്ത്യൻ സംഗീതത്തെക്കുറിച്ചു പഠനം നടത്തിയ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ സംഘത്തെയും അതിശയിപ്പിച്ചത് ലജ്ജാവതിയുടെ തരംഗമായിരുന്നു. അതോടെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലേക്കു പ്രത്യേക ക്ഷണിതാവായി പോകാനും ഫോർ ദ് പീപ്പിളിലെ ഗാനങ്ങൾ ജാസിഗിഫ്റ്റിന് അവസരമൊരുക്കി.
ബോഡി ഷെയിമങ്ങിനെ അതിജീവിച്ചു
അതിനിടയിലും ചില മലയാളികളുടെ വൃത്തികെട്ട പൊതുബോധത്തിന് ജാസി ഇരയായിട്ടുണ്ട്. ബിഹൈൻഡ് വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോഡി ഷെയിമിങ്ങിന് വിധേയമായിട്ടുണ്ടെന്നും മലയാളികളിൽ നിന്നും വേദനിപ്പിക്കുന്ന പല പരാമർശങ്ങളും കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാവരും നമ്മുടെ പാട്ടോ മ്യൂസിക്കോ ഇഷ്ടപ്പെടണമെന്നില്ല. ആ വിശ്വാസത്തിൽ മുന്നോട്ട് പോയിട്ടും കാര്യമില്ല. ഒന്നുകിൽ നമ്മൾ ഈ മോശം കാര്യങ്ങൾ വായിക്കാതിരിക്കുക, നമ്മുടെ കാര്യങ്ങൾ മാത്രം നോക്കി പോവുക. ഒരു പാട്ട് ഇറങ്ങുമ്പോൾ അത് ഷെയർ ചെയ്യുന്നതിനേക്കാളും ഇത്തരം മോശം കമന്റുകൾ ഒരുപാട് പേര് നമുക്ക് അയച്ച് തരും. ഇത് അയച്ചു തരുന്നവർ റിയാക്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, ഒന്നും ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഞാൻ പറയാറുള്ളത്."- ജാസി പറയുന്നു.
ബോഡി ഷെയിമിങ്ങിനെപ്പറ്റി ഞാൻ പ്രത്യക്ഷത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ജാസി ഗിഫ്റ്റ് പറയുന്നു. "ഇത് നമുക്ക് മാത്രമുള്ള പ്രശ്‌നമല്ലല്ലോ, ലോകമെമ്പാടുമുള്ളതല്ലേ. അതിനെതിരെ പ്രതികരിക്കുകയോ അതിനെക്കുറിച്ച് പാട്ട് തയാറാക്കുകയോ ചെയ്ത് ബോഡിഷെയിമിങ് എന്ന കാര്യത്തിനെ കൂടുതൽ പബ്ലിസൈസ് ചെയ്യേണ്ട എന്നാണ് ഞാൻ ചിന്തിക്കുന്നത്"- അദ്ദേഹം പറയുന്നു.
2012, സെപ്റ്റംബർ 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം. വളരെ ലളിതമായി നടന്ന വിവാഹത്തിലും, അത് കഴിഞ്ഞുള്ള സത്കാരത്തിലും സിനിമാ - സംഗീത രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാൻ താത്പര്യമില്ല എന്ന് മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. അവിടെയും അദ്ദേഹം ഭയക്കുന്നത് മലയാളിയുടെ വർണവെറിയാവാം. -"വിവാഹം കഴിക്കാൻ വൈകിപ്പോയോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം കൂടെയാണ് പറയുന്നത്, കറക്ട് സമയത്ത് തന്നെയാണ് ഞാൻ വിവാഹം ചെയ്തത്. പ്രായത്തിൽ പക്വത വന്നിട്ട് വിവാഹം കഴിക്കുന്നതാണ് ഉത്തമം. ഏത് പ്രശ്‌നം വന്നാലും തരണം ചെയ്യാൻ പക്വത ആവശ്യമാണ്. "- ഒരു അഭിമുഖത്തിൽ ജാസി പറഞ്ഞത് അങ്ങനെയാണ്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആരൊക്കെ എങ്ങനെയാക്കെ തരം താഴ്‌ത്തിയാലും മലയാള സംഗീയലോകത്ത് ജാസി ഗിഫ്റ്റിന് ഒരു ഇരിപ്പിടമുണ്ട്. എന്നും ഒരേ ട്രാക്കിലുടെ ഓടിയിരുന്നു നമ്മുടെ ചലച്ചിത്ര സംഗീതത്തിൽ, റഹ്മാൻ തമിഴിൽ കൊണ്ടുന്നതുപോലുള്ള ഒരു മാറ്റം തന്നെയാണ് അദ്ദേഹം കൊണ്ടുവന്നത്.
വാൽക്കഷ്ണം: ഡോക്ടറേറ്റുള്ള അപൂർവം മ്യുസീഷ്യന്മാരിൽ ഒരാളാണ് ജാസി ഗിഫ്റ്റ്. കണ്ണൂർ സർവകലാശാലയിൽ നിന്ന് ' ദ ഫിലോസഫി ഓഫ് ഹാർമണി ആൻഡ് ബ്ലിസ് വിത്ത് റഫറൻസ് ടൂ അദ്വൈത ആൻഡ് ബുദ്ധിസം' എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. കണ്ണൂർ സർവകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസി ഗിഫ്റ്റിന്റെ മാർഗദർശി. ഈ തിരിക്കിനിടയിലും ഇതുപോലെ പഠിക്കാനും ഗവേഷണം നടത്താനും വേറെ ആർക്കുകഴിയും.